We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
യേശുവിന്‍റെ ശിഷ്യരുടെ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇക്കുറിയും യേശുവിന് എതിര്‍പ്പ് നേരിടേണ്ടിവരുന്നത്. സാബത്ത് യഹൂദരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. അന്യരുടെ വയലില്‍നിന്ന് ശിഷ്യര്‍ കതിരുപറിച്ചു തിന്നതിന്‍റെ പേരിലല്ല അതു സാബത്തു ദിവസം ചെയ്തതിന്‍റെ പേരിലാണ് ഫരിസേയര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. വിശക്കുന്നവര്‍ക്ക് പശിയടക്കാനാവശ്യമുള്ളത് അന്യരുടെ വയലില്‍നിന്നെടുക്കുന്നത് യഹൂദരുടെ ഇടയില്‍ അനുവദിച്ചിരുന്ന കാര്യമാണ് (നിയ 23:25). എന്നാല്‍ ശിഷ്യന്മാര്‍ ചെയ്തത് സാബത്തു ലംഘനമായിട്ടാണ് ഫരിസേയര്‍ കണക്കാക്കിയത്. അവരുടെ ദൃഷ്ടിയില്‍ കൊയ്യുന്നതിനും (പറിക്കുക), മെതിക്കുന്നതിനും (കയ്യിലിട്ടു തിരുമ്മുക), പാറ്റുന്നതിനും (ഉമി ഊതിക്കളയുക) തുല്യമായ പ്രവര്‍ത്തിയാണ് ശിഷ്യന്മാര്‍ ചെയ്തുകൊണ്ടിരുന്നത്.
ഫരിസേയരുടെ വിമര്‍ശനത്തിന് മറുപടിയായി 1 സാമു 21:1-6 ല്‍ വിവരിച്ചിരിക്കുന്ന സംഭവത്തിലേക്കാണ് യേശു തന്‍റെ എതിരാളികളുടെ ശ്രദ്ധക്ഷണിക്കുന്നത്. പുരോഹിതന്മാര്‍ക്കുമാത്രം ഭക്ഷിക്കാനനുവാദമുണ്ടായിരുന്ന കാഴ്ചയപ്പം (എല്ലാസാബത്തു ദിവസവും കൂടാരത്തിനു മുന്നില്‍ വയ്ക്കേണ്ടിയിരുന്ന പന്ത്രണ്ട് അപ്പം (ലേവ്യ 24:5-8)) ദാവീദു ഭക്ഷിക്കുകയും തന്‍റെ അനുചരന്മാര്‍ക്ക് കൊടുക്കുകയും ചെയ്യുന്നു. ചെയ്യാന്‍ പാടില്ലാത്തതാണ് ദാവീദ് ചെയ്തതെങ്കിലും വിശുദ്ധഗ്രന്ഥം അദ്ദേഹത്തിന്‍റെ നടപടിയെ കുറ്റപ്പെടുത്തുന്നില്ല. ദൈവത്തിന്‍റെ അഭിഷിക്തനായിരുന്നു ദാവീദ് എന്നതായിരുന്നു അതിനു കാരണം. കര്‍ത്താവിന്‍റെ അഭിഷിക്തന്‍ എന്ന നിലയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ ദാവീദ് തന്‍റെ അനുചരന്മാര്‍ക്കായി നടത്തിയ നിയമലംഘനം അവഗണിക്കപ്പെട്ടു. ദാവീദ് ദൈവത്തിന്‍റെ അഭിഷിക്തനെങ്കിലും ഒരു മനുഷ്യന്‍ മാത്രമായിരുന്നു. ചില അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ചില നിയമങ്ങള്‍ക്കതീതനായി മാനുഷിക പരിഗണനവച്ച് അദ്ദേഹം പ്രവര്‍ത്തിച്ചു; ദൈവം അവനെ കുറ്റക്കാരനായി പരിഗണിച്ചുമില്ല. അങ്ങനെയെങ്കില്‍ ദൈവം അഭിഷേകം ചെയ്തയച്ച ദൈവപുത്രന്‍തന്നെയായ താന്‍ എത്രകണ്ട് നിയമങ്ങള്‍ക്ക് അതീതനാണെന്നാണ് യേശു സൂചിപ്പിക്കുന്നത്. യേശുവിന്‍റെ ദൈവപുത്രത്വം മനസ്സിലാക്കാത്തതുകൊണ്ടാണ് അവന്‍റെ പ്രവര്‍ത്തികള്‍ മനസ്സിലാക്കാനും ഫരിസേയര്‍ പരാജയപ്പെടുന്നത്.
1 സാമു 21:1-6 മര്‍ക്കോസിന്‍റെ കഥയില്‍നിന്ന് ഏതാനും കാര്യങ്ങളില്‍ വിഭിന്നമാണ്. പഴയനിയമവിവരണത്തില്‍ ദാവീദ് ദൈവഭവനത്തില്‍ പ്രവേശിക്കുന്നില്ല, മറ്റാരും അദ്ദേഹത്തിന്‍റെ കൂടെയുള്ളതായും കാണുന്നില്ല. ദാവീദിന് വിശന്നുവെന്നും അവിടെ നാം വായിക്കുന്നില്ല. മാത്രവുമല്ല, ദാവീദോ അനുചരന്മാരോ തിരുസാന്നിധ്യത്തിന്‍റെ അപ്പം ഭക്ഷിക്കുന്നുമില്ല. ഒരുപക്ഷേ, യേശുവിനുനേരെയുള്ള ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ മര്‍ക്കോസുതന്നെ മൂലകഥയില്‍ തിരുത്തലുകള്‍ വരുത്തിയതാവാം. 1 സാമുവല്‍ കാണുന്ന വിവരണത്തില്‍ അഹിമലെക് ആണ് പുരോഹിതന്‍. എന്നാല്‍ മര്‍ക്കോസ് അബിയാഥറിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്. ഒരുപക്ഷേ അഹിമലെക്കിന്‍റെ മകനായ അബിയാഥര്‍ കൂടുതല്‍ പ്രശസ്തനായതുകൊണ്ടാവാം അദ്ദേഹത്തിന്‍റെ പേര് മര്‍ക്കോസ് പരമര്‍ശിക്കുന്നത്. അല്ലെങ്കില്‍ മര്‍ക്കോസിന് പുരോഹിതന്‍റെ പേര് മാറിപ്പോയതുമാകാം.
ശിഷ്യന്മാരുടെ വിശപ്പ്, അവര്‍ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചതിന്‍റെ പരിണിതഫലമാണ്. വിശക്കുന്നവരോടും ദാഹിക്കുന്നവരോടും അവശരോടുമുള്ള യേശുവിന്‍റെ പരിഗണനയും നാമിവിടെ കാണുന്നു. നിയമങ്ങളുടെ മറപിടിച്ചുകൊണ്ട് ന്യായമായ മാനുഷിക ആവശ്യങ്ങളെയും മാനുഷികാവകാശങ്ങളെയും അവഗണിക്കരുതെന്നും യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. "സാബത്തു മനുഷ്യനുവേണ്ടിയാണ് മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല" എന്ന യേശുവിന്‍റെ പ്രഖ്യാപനം നിയമത്തിന്‍റെ മാനുഷിക മുഖം വ്യക്തമാക്കുന്നു. ഈ ആശയം യഹൂദര്‍ക്ക് അപരിചിതമല്ല. മനുഷ്യനന്മയ്ക്കുവേണ്ടി സാബത്താചരണത്തിന് ഒഴിവു നല്‍കിയ സംഭവങ്ങള്‍ പഴയനിയമത്തില്‍തന്നെയുണ്ട് (1 മക്ക 2:39-41; 2 മക്ക 5:19). ഇവിടെ ഒരുപക്ഷേ ശിഷ്യന്മാര്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ മരിച്ചു പോകുമെന്ന അവസ്ഥയൊന്നുമുള്ളതായി തോന്നുന്നില്ല. അതിനര്‍ത്ഥം, ന്യായമായ ഏതൊരു മാനുഷികാവശ്യങ്ങള്‍ക്കും നിയമാനുഷ്ഠാനങ്ങളെക്കാള്‍ പ്രാമുഖ്യമുണ്ടെന്നാണ്. മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്‍റെ സൃഷ്ടിപരവും രക്ഷാകരവുമായ ശക്തിപ്രകടനത്തിന്‍റെ ആഘോഷമായിരുന്നു സാബത്ത്. വിശപ്പ് ശമിപ്പിക്കുന്നത് ആ ചൈതന്യത്തിന് നിരക്കുന്ന പ്രവര്‍ത്തിതന്നെയാണ്.
ആദിമസഭയില്‍ ക്രൈസ്തവര്‍ സാബത്താചരിക്കാതിരുന്നതിന്‍റെ കാരണമെന്താണെന്ന് വിശദീകരിക്കുന്ന പുതിയനിയമഭാഗമാണിത്. ഏതൊക്കെയാണ് സാധുവായ മതാചാരങ്ങള്‍ എന്നു നിശ്ചയിക്കുവാനുള്ള അധികാരങ്ങള്‍ സാബത്തിന്‍റെയും കര്‍ത്താവായ യേശുവിനുള്ളതാണ്. എതിര്‍പ്പുകള്‍ക്ക് ഓരോ സംഭവം കഴിയുമ്പോഴും ആക്കം കൂടുന്നു. ആദ്യം പിറുപിറുത്തവര്‍ (2:2) ഒടുവില്‍ കൊല്ലാന്‍തന്നെ തീരുമാനിക്കുന്നു (3:6).
Gospel of Mark for breaking the Sabbath (2: 23-28) Dr. Jacob Chanikuzhi catholic malayalam the gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206