x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, യേശുവിന്‍റെ മരണം (15:33-41)

Authored by : Dr. Jacob Chanikuzhi On 05-Feb-2021

പഴയനിയമത്തില്‍ വെളിപ്പെടുത്തപ്പെട്ടിട്ടുള്ള ദൈവഹിതമനുസരിച്ച് യേശു മരിക്കുന്നു. യേശുവിന്‍റെ മരണത്തോടനുബന്ധിച്ചു അഞ്ചു പ്രത്യേക സംഭവങ്ങളാണ് മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് (1) അന്ധകാരം (2) യേശുവിന്‍റെ വിലാപം (3) യേശുവിന്‍റെ രണ്ടാം തവണയുള്ള കരച്ചില്‍ (4) ദേവാലയത്തിന്‍റെ തിരശ്ശീല കീറുന്നത് (5) ശതാധിപന്‍റെ പ്രഖ്യാപനം.

15:33, ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ എന്നാല്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണിവരെയെന്നര്‍ത്ഥം.

'ഭൂമി' എന്നതിന് ഉപയോഗിച്ചിരിക്കുന്നത് 'ഗെ' എന്ന ഗ്രീക്കു വാക്കാണ്. ഇതിന് 'നാട്' എന്നും അര്‍ത്ഥമുണ്ട്. യൂദയാ നാടുമുഴുവന്‍ അന്ധകാരം ബാധിച്ചുവെന്നാകാം സുവിശേഷകന്‍ ഉദ്ദേശിച്ചത്. 12 മണി മുതല്‍ 3 മണിവരെ ഉണ്ടായ അസ്വാഭാവികമായ അന്ധകാരത്തെക്കുറിച്ച് മൂന്നു സമാന്തര സുവിശേഷകരും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും അതിനെ വിശദീകരിച്ചിട്ടില്ല. യേശുവിനെ പരിഹസിച്ചവരുടെ മേലുള്ള ദൈവത്തിന്‍റെ ശിക്ഷാവിധിയുടെ അടയാളമായിട്ടായിരിക്കാം മര്‍ക്കോസ് ഇതിനെ മനസ്സിലാക്കിയത്. പുരാതന സങ്കല്പമനുസരിച്ച് മഹത്വ്യക്തികളുടെ  മരണത്തോടനുബന്ധിച്ച് അത്ഭുതകരമായ പ്രതിഭാസങ്ങളുണ്ടാകാറുണ്ട്. ജൂലിയസ്സ് സീസര്‍ മരിച്ചപ്പോള്‍ സൂര്യന്‍ അന്ധകാരാവൃതമായി എന്ന കഥ പ്രചാരത്തിലിരുന്നത് മര്‍ക്കോസിന്‍റെ വായനക്കാര്‍ ഓര്‍ത്തിട്ടുണ്ടാകാം. "ആ ദിവസം മധ്യാഹ്നത്തില്‍ സൂര്യന്‍ അസ്തമിക്കും; നട്ടുച്ചയ്ക്ക് ഞാന്‍ ഭൂമിയെ അന്ധകാരത്തിലാഴ്ത്തും" (ആമോ 8:9-10) എന്ന തിരുവചനങ്ങള്‍ ഇവിടെ പൂര്‍ത്തിയാകുന്നത് നാം കാണുന്നു. ഈജിപ്തിനെ ബാധിച്ച ഒമ്പതാമത്തെ ബാധ അന്ധകാരമായിരുന്നു. അതേതുടര്‍ന്നു സംഭവിക്കുന്നത് ആദ്യജാതരുടെ മരണവും (പുറ 10:22-11,9). ദൈവത്തിന്‍റെ ആദ്യജാതന്‍റെ തന്നെ മരണത്തിനുമുമ്പ് ഭൂമി അന്ധകാരാവൃതമാവുകയാണ്.   

15:34, കുരിശില്‍ കിടന്നുകൊണ്ട് യേശു പറയുന്നതായി മര്‍ക്കോസ് രേഖപ്പെടുത്തുന്ന ഏകവാക്യമാണിത്. യേശുവിന്‍റെ വാക്കുകള്‍ അറമായ ഭാഷയിലാണ് മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഹെബ്രായ രൂപമാണ് മത്തായി (27:47) നല്കിയിരിക്കുന്നത്. 22-ാം സങ്കീര്‍ത്തനത്തിന്‍റെ ആദ്യവാക്യമാണിത്. നിരപരാധിയായ മനുഷ്യന്‍ തന്‍റെ സഹനങ്ങളെ എണ്ണിപ്പറഞ്ഞു ദൈവത്തോടു വിലപിക്കുന്ന ഈ സങ്കീര്‍ത്തനം പക്ഷേ അവസാനിക്കുന്നത് ദൈവത്തിലുള്ള തന്‍റെ ശരണം പ്രഖ്യാപിച്ചുകൊണ്ടാണ്. തന്‍റെ വേദനകളും അചഞ്ചലമായ ദൈവാശ്രയബോധവും പ്രകടമാക്കിക്കൊണ്ട് യേശു കുരിശില്‍കിടന്നുകൊണ്ട് നടത്തുന്ന പ്രാര്‍ത്ഥനയായിട്ടുവേണം ഈ വാക്യത്തെ നാം കാണാന്‍. വചനമുദ്ധരിച്ചുകൊണ്ടുള്ള അവിടുത്തെ നിലവിളി സാധാരണ മരണവേദനകളില്‍നിന്ന് അതിനെ വ്യത്യസ്തമാക്കുന്നു. എന്നാല്‍, അതോടൊപ്പം തന്നെ ഈ വാക്യത്തെ മറ്റൊരു കാഴ്ചപ്പാടിലൂടെയും നമുക്കു കാണാനാവും. കുരിശില്‍ യേശു അനുഭവിക്കുന്ന ഏറ്റവും തീവ്രമായ വേദന ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടതിന്‍റെ അഥവാ ദൈവത്തില്‍നിന്നു വെട്ടിമാറ്റപ്പെട്ടതിന്‍റെ അനുഭവമാണ്. പാപത്തിന്‍റെ ഫലമാണു നരകം. അത് ദൈവത്തില്‍നിന്നു എന്നേയ്ക്കുമായി അകറ്റപ്പെടുന്ന അവസ്ഥയാണ്: മനുഷ്യപാപങ്ങള്‍ തന്‍റെമേല്‍ ഏറ്റെടുത്ത ദൈവപുത്രന്‍ ആ പാപത്തിന്‍റെ ഫലമായ നരകാനുഭവത്തിലൂടെ കടന്നുപോകുന്നതിന്‍റെ വ്യക്തമായ പ്രഖ്യാപനമാണ് യേശുവിന്‍റെ വിലാപത്തില്‍ നാം കാണുന്നത് (റോമ 5:8; 1 പത്രോ 2:24; 3:18).

15:35-36, അടുത്തു നിന്നിരുന്നവര്‍ യഥാര്‍ത്ഥത്തില്‍ യേശുവിന്‍റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണോ, അതോ യേശുവിനെ പരിഹസിക്കാനായി അവിടുത്തെ വാക്കുകള്‍ വളച്ചൊടിച്ചതാണോ എന്നു പറയാനാവില്ല. നീര്‍പ്പഞ്ഞിയില്‍ മുക്കിക്കൊടുത്ത വിനാഗിരി സാധാരണ കര്‍ഷകര്‍ ഉപയോഗിച്ചിരുന്ന വിലകുറഞ്ഞ പാനീയമായിരുന്നു. കുരിശിന്‍ കീഴില്‍ ദീര്‍ഘസമയം കാവലിരിക്കേണ്ടിയിരുന്ന പട്ടാളക്കാര്‍ തങ്ങളുടെ ആവശ്യത്തിനുവേണ്ടി കൊണ്ടുവന്നിരുന്നതാകാം ഈ പാനീയം. ഏതായാലും ആ പ്രവൃത്തിയിലൂടെ സങ്കീര്‍ത്തനം 69:21 പൂര്‍ത്തിയാവുകയായിരുന്നു, "ദാഹത്തിന് അവര്‍ എനിക്ക് വിനാഗിരി തന്നു." സങ്കീര്‍ത്തനം 69:21 ന്‍റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഈ പ്രവൃത്തി യേശുവിനോടുള്ള കരുണയുടെ ഭാഗമായിക്കാണാന്‍ കഴിയില്ല.

15:37, ഉച്ചത്തിലുള്ള നിലവിളി യേശുവിന്‍റേത് വേദനാപൂര്‍ണ്ണമായ മരണമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. അവിടുന്ന് എന്തു പറഞ്ഞുകൊണ്ടാണ് മരിച്ചതെന്ന് മര്‍ക്കോസ് വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ലൂക്കായും യോഹന്നാനും ഇതു വെളിപ്പെടുത്തുന്നുണ്ട് (ലൂക്ക 23:46; 19:30).

15:38, ദേവാലയത്തിലെ തിരശ്ശീല കീറുന്ന പ്രതീകാത്മക സംഭവം സമാന്തര സുവിശേഷകരെല്ലാം രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ അവരാരും അതിന്‍റെ അര്‍ത്ഥം വിശദീകരിക്കുന്നില്ല. ഹെബ്രായലേഖകനാണ് അത് വിശദീകരിച്ചിട്ടുള്ളത് (ഹെബ്രാ 6:19-20; 9:1-14; 10:19-22). അതനുസരിച്ച് തന്‍റെ പുത്രന്‍റെ മരണത്തിലൂടെ ദൈവം മനുഷ്യവംശത്തിന് തന്‍റെ സന്നിധിയിലേക്ക് വഴി തുറക്കുകയാണ്. ഇതുവരെയും ദൈവത്തെയും മനുഷ്യനെയും തമ്മില്‍ വേര്‍തിരിച്ചു നിറുത്തിയിരുന്ന വിരി യേശുവിന്‍റെ മരണത്തോടെ എന്നേയ്ക്കുമായി ഇല്ലാതായി. തന്‍റെ മരണത്തിലൂടെ മനുഷ്യനെ ദൈവവുമായി യേശു അനുരഞ്ജനപ്പെടുത്തി. വിരി മുകളില്‍നിന്നാണ് കീറിത്തുടങ്ങിയതെന്നത് അത് മനുഷ്യനല്ല, ദൈവം തന്നെയാണു കീറിക്കളഞ്ഞതെന്നു സൂചിപ്പിക്കുന്നു. അതിവിശുദ്ധസ്ഥലത്തെ വിശുദ്ധസ്ഥലത്തുനിന്നു വേര്‍തിരിക്കുന്ന വിരിയാണ് ഇവിടെ ഉദ്ദേശിക്കുന്നത് (പുറ 26:33). വിരി കീറപ്പെട്ട ജറുസലെം ദേവാലയം ഉപയോഗശൂന്യമാണ്. പഴയനിയമ ഉടമ്പടിയുടെ ഭാഗമായിരുന്നു ജറുസലെം ദേവാലയവും അതിലെ ആരാധനാരീതികളും. യേശുവിന്‍റെ രക്തത്തില്‍ പുതിയ ഉടമ്പടി മുദ്രവയ്ക്കപ്പെട്ടതോടെ പഴയഉടമ്പടിയുടെയും ദേവാലയത്തിന്‍റെയും അതിലെ ബലികളുടെയും കാലഘട്ടം അവസാനിച്ചുവെന്നാണ് പ്രതീകാത്മകമായ ഈ സംഭവം അര്‍ത്ഥമാക്കുന്നത്.

വിരി കീറപ്പെട്ട ദേവാലയം ഉപയോഗശൂന്യമാണ് എന്നതിനാല്‍ ഈ സംഭവം ദേവാലയത്തിന്‍റെ തകര്‍ച്ചയുടെ പ്രതീകമാണെന്നും വ്യാഖ്യാനിക്കാവുന്നതാണ്.

15:39, യേശുവിനെ കുരിശിലേറ്റുന്നതിന്‍റെ മേല്‍നോട്ടം വഹിച്ചിരുന്നയാളാണ് ശതാധിപന്‍. ഒരുപക്ഷേ യേശു ഒരു നീതിമാനായിരുന്നുവെന്നേ അയാള്‍ ഉദ്ദേശിച്ചു കാണുകയുള്ളൂ (ലൂക്ക 23:47). എന്നാല്‍ യേശുവിന്‍റെ മുമ്പില്‍നിന്നുകൊണ്ട് അയാള്‍ പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സത്യമായിരുന്നു. മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ പരമ കാഷ്ഠയാണ് ഈ ഭാഗം. യേശുവിനെ ആരായിട്ടാണോ മര്‍ക്കോസ് തന്‍റെ സുവിശേഷത്തിന്‍റെ ആരംഭത്തില്‍ അവതരിപ്പിച്ചത് - ദൈവപുത്രനായ യേശുക്രിസ്തു - (മര്‍ക്കോ 1:1) ആ സത്യം ഒരു വിജാതീയന്‍ ഏറ്റുപറയുകയാണിവിടെ. തന്‍റെ പുത്രനെക്കുറിച്ച് ദൈവംതന്നെ നല്കിയ വെളിപാട് ആദ്യമായി ഒരു മനുഷ്യന്‍ അതും ഒരു വിജാതീയന്‍ മനസ്സിലാക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. തുടര്‍ന്ന് യേശുവിന്‍റെ ദൈവത്വം  ഏറ്റുപറഞ്ഞ് അവനില്‍ വിശ്വസിക്കാനിരിക്കുന്ന വിജാതീയ വിശ്വാസികളുടെ ആദ്യഫലമാണ്  ഈ ശതാധിപന്‍. ദേവാലയത്തിലെ കീറിയ തിരശ്ശീല യേശുവിന്‍റെ ദൈവപുത്രത്വത്തിന്‍റെ യഹൂദസാക്ഷ്യമായിരുന്നെങ്കില്‍ ശതാധിപന്‍റെ പ്രഖ്യാപനം യേശുവിന്‍റെ ദൈവപുത്രത്വത്തിന്‍റെ വിജാതീയ സാക്ഷ്യമാണ്.

15:40-41, യേശുവിന്‍റെ കുരിശിന്‍റെ വഴിയില്‍ ശിമയോനുണ്ടായിരുന്നു. കുരിശു മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ആധികാരികത ഉറപ്പിക്കാന്‍ ശിഷ്യന്മാരാരും സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ട് സ്ഥലത്ത് ദൃക്സാക്ഷികളായിയുണ്ടായിരുന്ന സ്ത്രീകളാരൊക്കെയായിരുന്നുവെന്നു മര്‍ക്കോസ് വെളിപ്പെടുത്തുന്നു. മത്തായിയും ഈ മൂന്നു സ്ത്രീകളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പട്ടാളക്കാരെപ്പോലെ അവരും യേശുവിന്‍റെ മരണത്തിനു സാക്ഷികളായി. അവരുടെ സ്നേഹസാന്നിദ്ധ്യം പട്ടാളക്കാരുടെ വിദ്വേഷപ്രകടനത്തിനുള്ള മറുപടിയായിരുന്നു. ഈ മൂന്നു സ്ത്രീകളില്‍ മഗ്ദലേനമറിയമാണ് യേശുവിന്‍റെ മരണത്തിനും (15:40) സംസ്കാരത്തിനും(15:47) ഒഴിഞ്ഞ കല്ലറയ്ക്കു (16:6) മുള്ള ഏകസാക്ഷി. യോസെയുടെ അമ്മയായ മറിയത്തെ 15:47 ല്‍ നാം കാണുന്നുണ്ട്. സലോമിയെ 16:1 ലാണു ഇനി നാം കാണുക.

നിന്നെ ചുംബിക്കാനെന്നപോലവിടുന്നു തലചായ്ച്ചു; നിന്നെ സ്നേഹിക്കാനായി അവിടുന്നു ഹൃദയം തുറന്നു; നിന്നെ ആലിംഗനം ചെയ്യാനായി അവിടുന്ന് കൈകള്‍ വിരിച്ചു. ഒരിക്കല്‍ അവിടുത്തെ ശരീരത്തിന്‍റെ ഓരോ ഭാഗവും നിനക്കായി കുരിശിനോട് ചേര്‍ന്നിരുന്നതുപോലെ, നിന്‍റെ ആത്മാവിന്‍റെ ഓരോഭാഗത്തോടും ഇപ്പോള്‍ അവിടുന്ന് ചേര്‍ന്നിരിക്കട്ടെ (അഗസ്റ്റിന്‍)

കല്ലറയിലടക്കപ്പെടുമ്പോഴും പണക്കൊഴുപ്പു കാണിക്കുന്ന ധനവാന്മാര്‍ക്കുമുള്ള സന്ദേശമാണ് യേശുവിന്‍റെ ലളിതമായ മൃതസംസ്കാരം. ബലിപീഠത്തില്‍ തിരുവസ്തുക്കള്‍ പട്ടിലോ, നിറപ്പകിട്ടാര്‍ന്ന തുണികളിലോ, വയ്ക്കാതെ, വെളുത്ത തുണിയില്‍ വയ്ക്കുന്നത് വെളുത്ത കച്ചയില്‍ പൊതിഞ്ഞ് യേശുവിന്‍റെ ശരീരം സംസ്കരിച്ചതിന്‍റെ ഓര്‍മ്മയ്ക്കാണ് (അത്തനാസിയുസ്).

15:41, ഈ വാക്യം മര്‍ക്കോസില്‍ മാത്രമാണു നാം കാണുന്നത്. യേശുവിന്‍റെ എല്ലാശിഷ്യര്‍ക്കും പ്രോത്സാഹനം നല്കുന്ന ഒരു വാക്യം. പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകള്‍ക്കും, യേശുവിന്‍റെ ശിഷ്യകളായിത്തീരാമെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. ശിഷ്യകളെന്ന നിലയില്‍ അവരുടെ ഉത്തരവാദിത്വങ്ങളും അവര്‍ വഹിക്കേണ്ട ചുമതലകളും പുരുഷന്മാരുടേതില്‍നിന്നും വ്യത്യസ്തമാകാം. എങ്കിലും അവരുടെ പങ്കും സുപ്രധാനം തന്നെയാണ്.

വിചിന്തനം: നമുക്കായി പുറന്തള്ള പ്പെട്ടവന്‍: 'എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു "എന്ന യേശുവിന്‍റെ കുരിശിലെ വിലാപം ചരിത്രത്തില്‍ ആദ്യത്തേതോ അവസാനത്തേതോ അല്ല. ഉപേക്ഷിക്കപ്പെടലിന്‍റെ പല മുഖങ്ങളും ബൈബിളില്‍ നാം കാണുന്നു. തന്‍റെ ജനത്തിനെതിരേയുള്ള ദൈവത്തിന്‍റെ പരാതിയാണത് (ജറെ 15:6). ദൈവത്തിനെതിരേ ദൈവ ജനത്തിന്‍റെ പരാതിയും മറ്റൊന്നല്ല, "ദൈവം ഞങ്ങളെ പരിത്യജിച്ചിരി ക്കുന്നുچ (ന്യായാ 6:13). ജനത്തിനെതിരേ ദൈവം മുഴക്കുന്ന "ഭീഷണി" "ഉപേക്ഷിക്കു"മെന്നതാണ് (നിയമാ 31:17) നീതിമാന്മാര്‍ക്കു ദൈവം നല്‍കുന്ന വാഗ്ദാനം "ഒരിക്കലും ഉപേക്ഷിക്കില്ല" എന്നതും (സങ്കീ 37:28).

മറ്റുള്ളവരാല്‍ അന്യായമായി പരിത്യജിക്കപ്പെട്ടവരെ ദൈവം സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന കാഴ്ച ബൈബിളില്‍ സുലഭമാണ്. അതു മനസ്സിലാക്കിയാണ് സങ്കീര്‍ത്തകന്‍ ഉദ്ഘോഷിച്ചത്, "പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു" (സങ്കീ 118:22) വെന്ന്. പരിത്യജിക്കപ്പെട്ട ഒരു സ്ത്രീയുടേയും അവളുടെ കുഞ്ഞിന്‍റെയും പാടു പീഡകളാണ് ഹാഗാറിലും ഇസ്മായേലിലും നാം കാണുന്നത്. എന്നാല്‍, മരുഭൂമിയില്‍, മരണത്തിന്‍റെ വക്കില്‍ അവള്‍ക്ക് ജീവന്‍റെ വാഗ്ദാനം ലഭിക്കുകയാണ്, ഇസ്മായേലില്‍നിന്ന് ഒരു വലിയ ജനത പുറപ്പെടുമെന്ന് (ഉല്പ 21:18). സഹോദരങ്ങളാല്‍ ഉപേക്ഷിക്കപ്പെടുകയും പൊട്ടക്കിണറ്റില്‍ തള്ളപ്പെടുകയും ചെയ്ത ജോസഫ് "ഫറവോയ്ക്ക് പിതാവും, അവന്‍റെ കുടുംബത്തിന്‍റെ നാഥനും ഈജിപ്തിന്‍റെ മുഴുവന്‍ ഭരണാധികാരിയുമായി" മാറി (ഉല്പ 45:8). തങ്ങളുടെ പിതാവിന് വേശ്യയില്‍ ജനിച്ചവന്‍ എന്ന കാരണത്താല്‍ സ്വസഹോദരങ്ങളാല്‍ പടിയിറക്കപ്പെട്ട ജഫ്താ (ന്യായ 11:1-11) ഇസ്രായേലിനുമേല്‍ ന്യായാധിപനായി ഉയര്‍ത്തപ്പെട്ടു.

*മെരുങ്ങാത്ത ദൈവം: മര്‍ക്കോസ് തന്‍റെ സുവിശേഷത്തില്‍ വരച്ചു കൊണ്ടിരിക്കുന്ന "എല്ലാവരാലും നിന്ദിതനും തിരസ്കൃതനുമായ സഹന ദാസനായ മിശിഹാ"യുടെ ചിത്രം യേശു ദൈവത്താല്‍ക്കൂടി ഉപേക്ഷിക്ക പ്പെടുമ്പോള്‍ പൂര്‍ത്തിയാകുന്നു. മര്‍ക്കോസില്‍ യേശുവിന്‍റെ പീഡാനു ഭവം പ്രാര്‍ത്ഥനയോടെയാണ് ആരംഭിക്കുന്നതും അവസാനിക്കുന്നതും (14:32-42; 15:34). ഗത്സെമനിയില്‍ പുത്രനെന്നനിലയില്‍ ദൈവത്തെ "അബ്ബാ" എന്നു വിളിച്ചു പ്രാര്‍ത്ഥിച്ചെങ്കില്‍, കുരിശില്‍ നമ്മെപ്പോലെയുള്ള സാധാരണ മനുഷ്യര്‍ ദൈവത്തെ വിളിക്കുന്നതുപോലെ "എന്‍റെ ദൈവമേ" എന്നു വിളിച്ചാണ് അവന്‍ പ്രാര്‍ത്ഥിക്കുന്നത്. അതെ, യേശു തന്‍റെ പിതാവിനെ "ദൈവ"മാകാന്‍ അനുവദിക്കുകയായിരുന്നു. മനുഷ്യ ന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നവനല്ലല്ലോ ദൈവം. നമ്മള്‍ നിശ്ചയിക്കുന്ന രീതിയില്‍ത്തന്നെ ദൈവം നമ്മെ സഹായിക്കണമെന്നു ശഠിക്കുന്നത് ദൈവത്തിലുള്ള അവിശ്വാസത്തിന്‍റെ അടയാളവും ദൈവത്തെ മെരുക്കാനുള്ള ശ്രമവുമാണ്. എന്നാല്‍, യേശു ദൈവത്തെ ദൈവമായിത്തന്നെകാണുന്നു.

അനുഭവത്തെ വെല്ലുവിളിക്കുന്ന വിശ്വാസം: ദൈവം ഒരിക്കലും കൈവിടില്ലെന്നത് നമ്മുടെ വിശ്വാസമാണ്. എന്നാല്‍, ചിലപ്പോഴെങ്കിലും ദൈവംപോലും നമ്മെ കൈവിട്ടിരിക്കുന്നുവെന്നു തോന്നത്തക്ക അനുഭവമാണ് നമുക്കുണ്ടാകുന്നത്. തിക്തമായ അത്തരം അനുഭവങ്ങള്‍ ചിലരെയെങ്കിലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചേക്കാം. എന്നാല്‍, ദൈവം കൈവിട്ട അനുഭവമുണ്ടായിട്ടും യേശു തന്‍റെ വിശ്വാസം കൈവിടാന്‍ തയ്യാറായില്ല. തന്നെ കൈവിട്ട ദൈവത്തിന്‍റെ കൈകളിലേക്ക് തന്നെത്തന്നെ കൈവിടുന്ന വിശ്വാസദാര്‍ഢ്യമാണ് യേശു നമുക്ക് കാട്ടിത്തന്നത്.

Gospel of Mark Death of Jesus (15: 33-41) catholic malayalam Dr. Jacob Chanikuzhi gospel of mark Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message