x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, സ്നാപകന്‍റെ മരണം (6:14-29)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

ഹേറോദേസ് (അന്തിപ്പാസ്) ബി.സി. 20 ല്‍ ജനിച്ചു. മഹാനായ ഹേറോദേസിന് സമരിയാക്കാരിയായ മല്‍ത്തേസ് എന്ന ഭാര്യയില്‍ ജനിച്ച പുത്രനാണ് അന്തിപ്പാസ്. ഹേറോദേസിന്‍റെ മരണശേഷം ബി.സി. 4 മുതല്‍ എ.ഡി 39 വരെ അദ്ദേഹം ഗലീലിയിലെ ഭരണാധികാരിയായിരുന്നു. സെഫോറിസ് തിബേരിയാസ്, എന്നീ പട്ടണങ്ങള്‍ നിര്‍മ്മിച്ചത് അന്തിപ്പാസ് ആണ്.

യോഹന്നാന്‍റെ ശിരച്ഛേദനത്തെകുറിച്ചുള്ള കഥ ശിഷ്യന്മാര്‍ പ്രേഷിത പ്രവര്‍ത്തനത്തിനു പോകുന്നതിനും (6:7-13) തിരിച്ചുവരുന്നതിനു (6:30) മിടയ്ക്ക് അവതരിപ്പിക്കുന്നതിലൂടെ (സാന്‍ഡ്വിച്ച് ടെക്നിക്) യേശുവിന്‍റെയും അവന്‍റെ മുന്നോടിയുടെയും അവന്‍റെ ശിഷ്യരുടെയുംമെല്ലാം അന്ത്യത്തിന്‍റെ സമാനതകളിലേക്ക് സുവിശേഷകന്‍ വിരല്‍ ചൂണ്ടുകയാണ്.

ഹേറോദേസ് (അന്തിപ്പാസ്) വാസ്തവത്തില്‍ രാജാവല്ലായിരുന്നു. മഹാനായ ഹേറോദേസിന്‍റെ ഭരണ സീമയിലെ നാലിലൊന്നിന്‍റെ ഭരണാധികാരിയെന്ന നിലയില്‍ ടെട്രാക്ക് മാത്രമായിരുന്നു അദ്ദേഹം. ഒരുപക്ഷേ പൊതുജനം അദ്ദേഹത്തെ രാജാവ് എന്നു വിളിച്ചിരുന്നതുകൊണ്ടാകാം മര്‍ക്കോസും അപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നത്: യേശുവിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹേറോദേസ് കേട്ടു. ശിഷ്യന്മാരുടെ പ്രേഷിതദൗത്യ നിര്‍വ്വഹണമാണ് ഇതിനു കാരണമായത്. യേശുവിന്‍റെ അത്ഭുത പ്രവൃത്തികളെ പലതരത്തിലാണ് ജനങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ചിലര്‍ യേശുവിനെ ഉത്ഥാനം ചെയ്ത സ്നാപക യോഹന്നാനായിട്ടാണു കരുതിയത്. ജീവിച്ചിരുന്നപ്പോള്‍ സ്നാപക യോഹന്നാന്‍ അത്ഭുതമൊന്നും ചെയ്തിരുന്നില്ലെങ്കിലും (യോഹ 10:41) ഉയിര്‍പ്പിക്കപ്പെട്ടതിനു ശേഷം അദ്ദേഹത്തിന് അത്ഭുതപ്രവര്‍ത്തന ശക്തി ലഭിച്ചിരിക്കുമെന്ന് അവര്‍ കരുതി. ഈ അര്‍ത്ഥത്തില്‍ സ്നാപകന്‍ യേശുവിന്‍റെ പരസ്യ ജീവിതശുശ്രൂഷയുടെ മാത്രമല്ല, ഉത്ഥാനാനന്തര ശുശ്രൂഷയുടെയും മുന്നോടിയാണ്.

6:15, യേശുവിന് മുന്നോടിയായി വരുന്നവന്‍ (നിയ 18:15-19; മലാ 3:1; 4:5) എന്ന സ്നാപക യോഹന്നാന്‍റെ വിശേഷണമാകാം യേശുവിനെ ഏലിയായായി ചിലര്‍ മനസ്സിലാക്കാന്‍ കാരണം. യേശുവിന്‍റെ പ്രസംഗങ്ങളും അത്ഭുതപ്രവര്‍ത്തികളും അവനെ ഒരു പ്രവാചകനായി പലരും കണക്കാക്കുന്നതിനു കാരണമായി. ഉയിര്‍ത്തെഴുന്നേറ്റുവന്ന യോഹന്നാനാണ് യേശു എന്ന ഹേറോദേസിന്‍റെ അഭിപ്രായം യോഹന്നാനെ കൊന്ന അദ്ദേഹത്തിന്‍റെ കുറ്റബോധത്തിന്‍റെയും പേടിയുടെയും പ്രകടനമാണ്. യോഹന്നാനെ കൊല്ലുന്നതിനുമുമ്പ് ഹേറോദേസ് യേശുവിനെക്കുറിച്ച് കേട്ടിരുന്നില്ലെന്നും ഇതു വ്യക്തമാക്കുന്നു. യോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടിരുന്നുവെന്ന ഹേറോദേസിന്‍റെ അഭിപ്രായം പുനരുത്ഥാനത്തിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസമാണ് ദ്യോതിപ്പിക്കുന്നതെന്നു ചിന്തിക്കേണ്ടതില്ല. വധിക്കപ്പെടുന്ന നീതിമാന്മാര്‍ മരണശേഷം മഹത്വീകൃതമായി തങ്ങളെ പീഡിപ്പിച്ചവരെ നേരിടുന്ന രംഗങ്ങള്‍ രക്തസാക്ഷികളെക്കുറിച്ചുള്ള യഹൂദ കഥകളില്‍ കാണാറുണ്ട്. ആ പശ്ചാത്തലത്തില്‍ യോഹന്നാന്‍ മരണശേഷംതന്നെ ഭയപ്പെടുത്താനെത്തിയിരിക്കുന്നു വെന്ന ഹേറോദേസിന്‍റെ ചിന്ത സ്വാഭാവികമാണ്.

6:17-29, യോഹന്നാന്‍റെ മരണം - ഒരു തിരിഞ്ഞുനോട്ടം: നേരത്തെതന്നെ സംഭവിച്ചുകഴിഞ്ഞിരുന്ന യോഹന്നാന്‍റെ മരണത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഈ ഭാഗത്തുള്ളത്. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ രണ്ടു പീഡാനുഭവവിവരണങ്ങളുണ്ട് എന്നു പറയാറുണ്ട്. ഒന്ന് യേശുവിന്‍റേതും രണ്ടാമത്തേത് സ്നാപകയോഹന്നാന്‍റെതും. സ്നാപകന്‍റെ ശുശ്രൂഷയേക്കാള്‍ (1:2-8) കൂടുതലായി മര്‍ക്കോസ് വിവരിക്കുന്നത് സ്നാപകന്‍റെ പീഡാനുഭവമാണ് (6:17-29).

6:17, ജോസേഫുസിലും മറ്റു ചരിത്രപുസ്തകങ്ങളിലും കാണുന്ന വിവരണങ്ങളും മര്‍ക്കോസ് നല്‍കുന്ന വിവരണവും തമ്മില്‍ ചില പൊരുത്തക്കേടുകളുണ്ട്. ചരിത്രപരമായി നോക്കുമ്പോള്‍ കാണുന്ന ചിത്രം താഴെപ്പറയും പ്രകാരമാണ്: ഹേറോദേസ് അന്തിപ്പാസിന്‍റെ ആദ്യഭാര്യ, നബെത്തെയന്‍ രാജാവായ ആരെത്തസ് നാലാമത്തെ പുത്രിയായിരുന്നു (ഈ പുത്രിയുടെ പേര് ലഭ്യമല്ല). തന്‍റെ സഹോദര ഭാര്യയായ ഹേറോദിയായില്‍ അനുരക്തനായ അന്തിപ്പാസ് തന്‍റെ ഭാര്യയെ വിവാഹമോചനം ചെയ്തു. ഹേറോദിയായെ അവളുടെ ഭര്‍ത്താവ് ജീവിച്ചിരിക്കെത്തന്നെ വിവാഹം ചെയ്തു. കുപിതനായ അരെത്തസു നാലാമന്‍ അന്തിപ്പാസിനെതിരെ യുദ്ധത്തിനൊരുങ്ങുകയും ഒടുവില്‍ അത് അന്തിപ്പാസിന്‍റെ വീഴ്ചയ്ക്കും എ.ഡി. 39-ല്‍ ഗൗളി (Gaul) ലേയ്ക്കുള്ള നടകടത്തലിനും കാരണമായിത്തീരുകയും ചെയ്തു.

ഹേറോദേസ് അന്തിപ്പാസിന്‍റെ പാതി സഹോദരനായ (half- brother) മറ്റൊരു ഹേറോദേസാണ് ഹേറോദിയായെ ആദ്യം വിവാഹം ചെയ്തിരുന്നത്. ഈ ഹേറോദേസ് മഹാനായ ഹേറോദേസിന് മറിയാം II-ല്‍ (Marimme II) ഉണ്ടായ പുത്രനാണ്. ഈ ഹേറോദിന് ഹേറോദിയായിലുണ്ടായ പുത്രിയാണ് സലോമി. സലോമി വിവാഹം ചെയ്തിരുന്നത് ഹേറോദോസ് അന്തിപ്പാസിന്‍റെ മറ്റൊരു അര്‍ദ്ധസഹോദരനായിരുന്ന ഫിലിപ്പിനെയാണ്. മഹാനായ ഹേറോദേസിന് ജെറുസലേമിലെ ക്ലിയോപാട്രയിലുണ്ടായ മകനാണ് ഫിലിപ്പ്. ഹേറോദിയ ഫിലിപ്പിന്‍റെ ഭാര്യയാണെന്ന മര്‍ക്കോസിന്‍റെ സാക്ഷ്യം ചരിത്രപരമായി ശരിയല്ല. സുവിശേഷകനോ അദ്ദേഹം തന്‍റെ രചനയ്ക്ക് ആധാരമാക്കിയ രേഖയ്ക്കോ ഉണ്ടായ പിഴവായിരിക്കാമിത്. മഹാനായ ഹേറോദേസിന് പത്തുഭാര്യമാരുണ്ടായിരുന്നുവെന്നതും അദ്ദേഹത്തിലെ പല മക്കളും ചെറുമക്കളും "ഹേറോദേസ്" എന്നാണറിയപ്പെട്ടിരുന്നതെന്നും, ഇവരില്‍ ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും വിവാഹം ചെയ്തിരുന്നുവെന്നതുമൊക്കെ പരിഗണിച്ചാല്‍ മര്‍ക്കോസിനുണ്ടായ തെറ്റിദ്ധാരണ മനസ്സിലാക്കാവുന്ന തേയുള്ളൂ.

6:18, സ്നാപക യോഹന്നാന്‍റെ കുറ്റാരോപണം സഹോദര ഭാര്യയെ പരിഗ്രഹിക്കുന്നതു വിലക്കുന്ന പഴയനിയമഭാഗങ്ങളെ  (ലേവ്യ 18:16; 20:21) അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ശക്തനായ ഭരണാധികാരിയെ തിരുത്താന്‍ തയ്യാറായ സ്നാപകന്‍റെ ധൈര്യം ചിന്തോദ്ദീപകമാണ്.

6:19-20, ഏലിയാ പ്രവാചകനെ വേട്ടയാടിയ ജസബെല്‍ രാജ്ഞി  (1രാജ 21) യുടെ തനിപ്പകര്‍പ്പായിട്ടാണ് മര്‍ക്കോസ് ഹേറോദിയായെ ചിത്രീകരിച്ചിരിക്കുന്നത്. അന്തിപ്പാസിന് ഹേറോദിയായിലുണ്ടായിരുന്ന അനുരാഗവും സ്നാപകനോടുണ്ടായിരുന്ന ആദരവും പരസ്പരം പോരടിക്കുന്നതായിരുന്നു. ഇത് അദ്ദേഹത്തിന്‍റെയുള്ളില്‍ സംഘര്‍ഷമുണ്ടാക്കി. എങ്കിലും ഈ സംഘര്‍ഷം ഉള്ളില്‍വച്ചു ജീവിക്കാന്‍ അന്തിപ്പാസ് ഒരുക്കമായിരുന്നു. എന്നാല്‍ ഹേറോദിയയ്ക്ക് അതു സാധിച്ചില്ല. അവള്‍ സ്നാപകനെ കൊന്നൊഴിവാക്കുവാന്‍ തന്നെ ആഗ്രഹിച്ചു. സ്നാപകന്‍റെ നീതിയും വിശുദ്ധിയുംമൂലം അയാള്‍ ഒരു ദൈവപുത്രനാണെന്ന് വെറും ലൗകായതികനായിരുന്ന ഹേറോദേസിനുപോലും തോന്നി. അങ്ങനെയുള്ള ഒരു ദൈവമനുഷ്യനെ ഉപദ്രവിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളോര്‍ത്ത് ഹേറോദോസ് ഭയപ്പെട്ടു. ദുഷ്ടരായ വ്യക്തികള്‍ക്കുപോലും കുറച്ചു ധാര്‍മ്മികബോധം ബാക്കിയുണ്ടാകും. സത്യത്തിനും നന്മയ്ക്കും വേണ്ടി ധൈര്യപൂര്‍വ്വം നിലകൊള്ളുന്നവരെ അത്തരക്കാര്‍പോലും ഉള്ളിന്‍റെയുള്ളില്‍ ബഹുമാനിക്കുമെന്ന് സ്നാപകനോടുള്ള ഹോറോദേസിന്‍റെ മനോഭാവം സൂചിപ്പിക്കുന്നു.

6:21-23, അതിഥികള്‍ക്കു മുന്നില്‍ നൃത്തം ചെയ്യാന്‍ അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകള്‍ തയ്യാറാവുകയില്ല. സലോമിയെ ഇവിടെ പെണ്‍കുട്ടി (കൊറാസിയോണ്‍) എന്നാണ് വിളിച്ചിരിക്കുന്നത്. മര്‍ക്കോസ് 5:42 ല്‍ 12 വയസ്സുപ്രായമുള്ള പെണ്‍കുട്ടിയെ സൂചിപ്പിക്കാനാണ് ഈ വാക്കുപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ഒരു ആഭാസക്കാരിയുടെ നൃത്തമല്ല ഒരു കൊച്ചു പെണ്‍കുട്ടിയുടെ കലാപ്രകടനമാണ് ആ വിരുന്നു ശാലയില്‍ നടന്നത്. വിരുന്നും നൃത്തവും രാജാവിന്‍റെ വാക്കുകളുമെല്ലാം അഹസ്വേരുസു രാജാവ് എസ്തേറിനോട് പറഞ്ഞതിനെ അനുസ്മരിപ്പിക്കുന്നു (എസ്തേ 5:6; 7:2). രാജ്യത്തിന്‍റെ പകുതിപോലും തരാമെന്ന ഹോറോദേസിന്‍റെ വാഗ്ദാനം വെറും വീമ്പുപറച്ചില്‍ മാത്രമാണ്. അദ്ദേഹം രാജാവല്ലാതിരുന്നതിനാലും അദ്ദേഹത്തിന്‍റെ ദേശം യഥാര്‍ത്ഥത്തില്‍ റോമിന്‍റെ അധീനതയിലായിരുന്നതിനാലും അപ്രകാരം ചെയ്യാന്‍ അയാള്‍ക്കു സാധിക്കുമായിരുന്നില്ല.

6:24-25 ഇത്തരം വിരുന്നുകളില്‍ സ്ത്രീകള്‍ പങ്കുചേരാറില്ലാത്തതു കൊണ്ടാണ് അമ്മയോട് ചോദിക്കാന്‍ അവള്‍ പോയത്. സ്നാപകനോടുള്ള പിതാവിന്‍റെ ആദരവല്ല, അമ്മയ്ക്കുണ്ടായിരുന്ന വിദ്വേഷമാണ് മകള്‍ പങ്കുവച്ചത്. വിരുന്നിനിടയ്ക്ക് തളികയില്‍ കൊണ്ടുവരുന്നത് ഓരോരോവിഭവങ്ങളാണ്. കൊന്ന് പാകം ചെയ്ത ഇറച്ചിപോലെ സ്നാപകന്‍റെ ശിരസ്സു കൊണ്ടുവരുന്നത് മരണശേഷവും സ്നാപകനെ അപമാനിക്കുന്നതിനു തുല്യമാണ്. അദ്ദേഹത്തിന്‍റെ ശവശരീരത്തോടുപോലും ആദരവു കാണിക്കാന്‍ ഹോറോദിയായുടെ വിദ്വേഷം അവളെ അനുവദിച്ചില്ല. ദുഷ്ടര്‍ വിഴുങ്ങുന്നത് നീതിമാന്മാരെയും നിഷ്കളങ്കരെയുമാണല്ലോ. അവര്‍ തഴച്ചു വളരുന്നതു നീതിമാന്മാരുടെ ജീവിതവും വസ്തുവകകളും കൊണ്ടാണെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.

6:26-28 "അതീവദുഃഖിതനായി" എന്നതിന് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന പദം പെരിലുപ്പോസ് എന്നതാണ്. ഈ പദം ഒരു തവണകൂടിയേ മര്‍ക്കോസ് ഉപയോഗിച്ചിട്ടുള്ളൂ. അത് 14:34 ല്‍ ഗത്സമേനിയിലെ യേശുവിന്‍റെ ദുഃഖത്തെ സൂചിപ്പിക്കുന്നതിനാണ്. സലോമിയുടെ അഭ്യര്‍ത്ഥന ഹേറോദേസിനെ വലിയ ദുഃഖത്തിലാഴ്ത്തി. ഹേറോദേസിന്‍റെ അഹങ്കാരവും ദുരഭിമാനവുമാണ് അദ്ദേഹത്തെ കെണിയില്‍പ്പെടുത്തിയത്. അദ്ദേഹം തന്‍റെ അവിവേകപൂര്‍ണ്ണമായ ശപഥം പിന്‍വലിക്കാന്‍ തയ്യാറായില്ല. പകരം വിശുദ്ധനും നീതിമാനുമായ സ്നാപകനെ തന്‍റെ ദുരഭിമാനത്തിന്‍റെ ബലിക്കല്ലില്‍ കുരുതികൊടുക്കുകയാണ് അയാള്‍ ചെയ്തത്.വീണ്ടുവിചാരമില്ലാത്ത ശപഥത്തിന്‍റെ മറ്റൊരു ഉദാഹരണമാണ് ന്യായാധിപനായ ജഫ്ത (ന്യായ 11:29-40).

ശപഥം പാലിക്കുന്നതിനായി കൂടുതല്‍ ഗൗരവമായ തെറ്റ് ചെയ്യുന്നതിനേക്കാള്‍ നല്ലത് ശപഥം ലംഘിക്കുന്നതാണ്. നാബാലിനെ കൊല്ലുമെന്ന് കര്‍ത്താവിനെക്കൊണ്ട് ആണയിട്ട ദാവീദ് അബിഗായിലിന്‍റെ ഉപദേശപ്രകാരം തന്‍റെ ശപഥത്തില്‍നിന്നു പിന്‍വാങ്ങി. ദാവീദിന് അതില്‍ കുറ്റബോധം തോന്നിയുമില്ല (1 രാജാ 25:2-39).

6:29, യോഹന്നാന് ആദരപൂര്‍വ്വകമായ ഒരു സംസ്കാരം ലഭിച്ചു. യഥാ യോഗ്യമായ സംസ്കാരം ഒരുവന്‍റെ മേലുള്ള ദൈവപ്രീതിയുടെ അടയാളമായിട്ടാണ് കരുതിയിരുന്നത്. യേശുവിന്‍റെയും സ്നാപകന്‍റെയും സംസ്കാരങ്ങള്‍ തമ്മില്‍ ഏതാനും സാമ്യങ്ങള്‍ നമുക്കു കാണാനാകും. ഇരുവരും ഏകരായി ശിഷ്യരുടെ അസാന്നിദ്ധ്യത്തിലാണ് മരിച്ചത്. ഹേറോദ് യോഹന്നാനെ സംസ്കരിക്കാന്‍ അദ്ദേഹത്തിന്‍റെ ശിഷ്യര്‍ക്ക് അനുവാദം നല്കി. പീലാത്തോസ് യേശുവിന്‍റെ മൃതദേഹം സംസ്ക്കരിക്കാന്‍ അരിമത്ത്യാക്കാരന്‍ ജോസഫിനെയും അനുവദിച്ചു. ഇരുവരുടെയും ശിഷ്യന്മാരാണ് അവരെ സംസ്ക്കരിച്ചത്.

സ്നാപകയോഹന്നാനെക്കുറിച്ചുള്ള യഹൂദചരിത്രകാരനായ ജോസേഫൂസിന്‍റെ വിവരണത്തില്‍ ഹേറോദേസിന്‍റെ ജന്മദിനാഘോഷത്തോടു ബന്ധപ്പെട്ടാണ് യോഹന്നാന്‍റെ മരണം സംഭവിച്ചത്. യോഹന്നാന്‍റെ വര്‍ദ്ധിച്ച ജനപിന്തുണയായിരുന്നു അദ്ദേഹത്തെ വകവരുത്താന്‍ ഹേറോദേസിനെ പ്രേരിപ്പിച്ചത് . സ്നാപകയോഹന്നാനെക്കുറിച്ചുള്ള മര്‍ക്കോസിന്‍റെ കഥയിലെ വിശദാംശങ്ങള്‍ പഴയനിയമകഥകളില്‍ നിന്നെടുത്തിട്ടുള്ളവയാകാം: ആഹാബു-ജസെബെല്‍ രാജദമ്പതികള്‍ എലിയാ പ്രവാചകനെ എതിര്‍ക്കുന്നത് ( 1 രാജാ 21); ജഫ്തായുടെ നേര്‍ച്ച (ന്യായ 11:29-40); എസ്തേറിന് രാജാവു പാതിരാജ്യം വാഗ്ദാനം ചെയ്യുന്നത് (എസ്തേര്‍ 1:1-22; 2:9; 5:3); ഹോളൊഫെര്‍ണസിനെ യൂദിത്ത് ശിരച്ഛേദം ചെയ്യുന്നത് (യൂദി 13:14-16).

Gospel of Mark Death of a Baptist (6: 14-29) the gospel of mrk caatholic malayalam Dr. Jacob Chanikuzhi Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message