x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, കുരിശില്‍ തറയ്ക്കുന്നു (15:21-32)

Authored by : Dr. Jacob Chanikuzhi On 05-Feb-2021

കാര്യമായ വിശദീകരണങ്ങളില്ലാതെയും യേശുവിന്‍റെ ശാരീരിക വേദനകളുടെ വര്‍ണ്ണനകള്‍ കൂടാതെയും വളരെ ചുരുങ്ങിയ വാക്കുകളില്‍ ലളിതമായാണ് യേശുവിനെ കുരിശില്‍ തറയ്ക്കുന്ന സംഭവം മര്‍ക്കോസ് രേഖപ്പെടുത്തിരിക്കുന്നത്. യേശുവിന്‍റെ ശത്രുക്കള്‍ പ്രദര്‍ശിപ്പിച്ച വിദ്വേഷപ്രകടനങ്ങള്‍ സുവിശേഷത്തില്‍ കാണാമെങ്കിലും യേശുവിന്‍റെ മരണം പഴയനിയമപ്രവചനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നുവെന്ന ആശയത്തിനാണ് സുവിശേഷം ഊന്നല്‍ നല്കിയിരിക്കുന്നത്.

15:21, അലക്സാണ്ടറും റൂഫസും റോമിലെ ക്രിസ്ത്യാനികള്‍ക്ക് പരിചിതരായിരുന്നതുകൊണ്ടാകാം മര്‍ക്കോസ് അവര്‍ വഴി ശിമയോനെ പരിചയപ്പെടുത്തുന്നത് (റോമ 16:13). കിറേന എന്നത് ഇന്നത്തെ ലിബിയയാണ്. ആഫ്രിക്കയില്‍ താമസിച്ചിരുന്ന ശിമയോന്‍ ജറുസലെമില്‍ പെസഹാത്തിരുനാള്‍ കൂടാന്‍ വന്നതായിരിക്കണം. യഹൂദരുടെ ഒരു വലിയ സമൂഹം യേശുവിന്‍റെ കാലത്ത് ലിബിയയിലുണ്ടായിരുന്നു. "നാട്ടിന്‍പുറത്ത്നിന്ന്" എന്നത് "വയലില്‍നിന്ന്" എന്നും തര്‍ജ്ജമ ചെയ്യാം. ഒരുപക്ഷേ അദ്ദേഹം വയലില്‍ നിന്നു ജോലി കഴിഞ്ഞു വരികയോ അല്ലെങ്കില്‍ സന്ദര്‍ശനം കഴിഞ്ഞുവരികയോ ആയിരുന്നിരിക്കാം. യേശു ചുമന്നുകൊണ്ടിരിക്കുന്ന കുരിശ് (കുരിശിന്‍റെ കുറുകെയുള്ള കഷണം) ചുമക്കാന്‍ പട്ടാളക്കാര്‍ ശിമയോനെ നിര്‍ബന്ധിച്ചു. കുരിശു മരണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കു വിശ്വസനീയനായ ഒരു സാക്ഷിയാണ് ശിമയോന്‍. യേശുവിന്‍റെ ശിഷ്യന്മാരെല്ലാം ഓടിപ്പോയിരുന്നല്ലോ.

15:22-23, "തലയോട്ടി" എന്ന അര്‍ത്ഥമുള്ള "ഗുല്‍ഗുല്‍ത്ത" എന്ന അരമായ പദം ഗ്രീക്കു ലിപികളില്‍ എഴുതിയിരിക്കുന്നതാണ് "ഗൊല്‍ഗോഥാ" എന്ന വാക്ക്. ആ സ്ഥലത്തിന് തലയോട്ടിയുടെ ആകൃതി ഉണ്ടായിരുന്നതു കൊണ്ടോ, തിന്മയ്ക്ക് തലയോട്ടികളുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നതുകൊണ്ടോ ആകാം ഈ പേരുവന്നതെന്നു കരുതപ്പെടുന്നു. ആദത്തിന്‍റെ തല കിടന്നിരുന്ന സ്ഥലമാണിതെന്ന ഒരു പാരമ്പര്യം നിലവിലുണ്ടായിരുന്നതായി ജറോം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യേശുവിന്‍റെ കാലത്ത് ജറുസലേം നഗരത്തിനു വെളിയിലായിരുന്നു ഈ സ്ഥലം. "കാല്‍വരി" എന്ന ചിരപരിചിതമായ വാക്കു വരുന്നത് "തലയോട്ടി"ക്കുള്ള ലത്തീന്‍ പദമായ "കാല്‍വരിയാ"യില്‍ നിന്നാണ്.

15:23, "മീറ കലര്‍ത്തിയ വീഞ്ഞ്" യേശുവിന്‍റെ വേദന കുറയ്ക്കാന്‍ വേണ്ടി നല്കിയതായിരിക്കണം (സുഭാ 31:6-7). എന്നാല്‍ മനുഷ്യരക്ഷയ്ക്കു വേണ്ടിയുള്ള വേദനകള്‍ പൂര്‍ണ്ണബോധത്തോടെ സഹിക്കാന്‍ നിശ്ചയിച്ചിരുന്നതിനാല്‍ യേശു അതു കുടിച്ചില്ല. കുരിശില്‍ മയങ്ങിക്കിടന്നുകൊണ്ടല്ല അവന്‍ മനുഷ്യരക്ഷ സാധിച്ചത്.

15:24, സാദ്ധ്യമായത്ര ഹ്രസ്വവും വ്യക്തവുമായ വാക്കുകളിലാണ് മര്‍ക്കോസ് യേശുവിനെ കുരിശില്‍ തറച്ച സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. കുരിശില്‍ തറയ്ക്കുന്നതിന്‍റെ വിശദാംശങ്ങളും അതിന്‍റെ ഘോരവേദനകളും റോമായിലെ ക്രിസ്ത്യാനികള്‍ക്കു പരിചിതമായതുകൊണ്ടാകാം മര്‍ക്കോസ് വിശദാംശങ്ങള്‍ നല്‍കാന്‍ മുതിരാതിരുന്നത്. കുരിശില്‍ തറയ്ക്കപ്പെട്ടവരുടെ വസ്ത്രങ്ങള്‍ (ഉടുപ്പ്, ചെരുപ്പ്, അരക്കെട്ട്,ശിരോവസ്ത്രം, മേലങ്കി തുടങ്ങിയവ) വിധി നടപ്പാക്കാന്‍ നിയുക്തരായ പട്ടാളക്കാരുടെ അവകാശമായിരുന്നു. വസ്ത്രങ്ങള്‍ക്കുവേണ്ടി കുറിയിട്ടത് സങ്കീ 22:18 ന്‍റെ പൂര്‍ത്തീകരണമായിട്ടാകാം മര്‍ക്കോസ് വിവരിക്കുന്നത്.

15:25, യേശുവിനെ കുരിശില്‍ തറച്ച സമയത്തിന്‍റെ കാര്യത്തില്‍ മര്‍ക്കോസിന്‍റെ സുവിശേഷവും യോഹന്നാന്‍റെ സുവിശേഷവും തമ്മില്‍ പൊരുത്തക്കേടുണ്ട്. യേശുവിനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂര്‍ ആയിരുന്നുവെന്ന് മര്‍ക്കോസു സാക്ഷ്യപ്പെടുത്തുന്നു. മൂന്നാം മണിക്കൂര്‍ എന്നത് രാവിലെ ഒമ്പതു മണിയാണ്. എന്നാല്‍ യോഹന്നാന്‍റെ വിവരണമനുസരിച്ച് ഏകദേശം ആറാം മണിക്കൂറിലാണ്, അതായത് ഏകദേശം പന്ത്രണ്ടു മണി ഉച്ചയോടെയാണ് പീലാത്തോസ് യേശുവിനെ കുരിശില്‍ തറയ്ക്കാന്‍ വിട്ടുകൊടുക്കുന്നത് (യോഹ 19:14-16). ഒരുപക്ഷേ യേശുവിനെ കുരിശില്‍ തറയ്ക്കാനുള്ള ഒരുക്കമാരംഭിച്ച സമയത്തെക്കുറിച്ചാകാം മര്‍ക്കോസ് പരാമര്‍ശിക്കുന്നത്.

നിങ്ങള്‍ മൂന്നാം മണിക്കൂറില്‍ (രാവിലെ ഒമ്പതുമണി) പ്രാര്‍ത്ഥിക്കുവിന്‍; യേശുവിനെ കുരിശില്‍ തറയ്ക്കാന്‍ പീലാത്തോസ് വിധിച്ചത് അപ്പോഴാണല്ലോ. നിങ്ങള്‍ ആറാം മണിക്കൂറിലും പ്രാര്‍ത്ഥിക്കുവിന്‍; യേശു കുരിശില്‍ തറയ്ക്കപ്പെട്ടത് അപ്പോഴാണല്ലോ. ഒമ്പതാം മണിക്കൂറിലും (ഉച്ചകഴിഞ്ഞ് മൂന്നുമണി) നാം പ്രാര്‍ത്ഥിക്കാറുണ്ട്; കാരണം, ഈ ക്രൂരതകള്‍ കാണാനാകാതെ സൂര്യന്‍ ഇരുളുകയും ഭൂമി ഭയംകൊണ്ടു വിറയ്ക്കുകയും ചെയ്ത സമയമാണല്ലോ അത് (അപ്പസ്തോലിക് കോണ്‍സ്റ്റിറ്റ്യൂഷന്‍സ്).

യഥാര്‍ത്ഥത്തില്‍ പന്ത്രണ്ടുമണിക്കാണ് യേശുവിനെ കുരിശില്‍ തറച്ചത്. എങ്കിലും, അവനെ ക്രൂശിക്കുക എന്ന ജനക്കൂട്ടം മുറവിളികൂട്ടിയപ്പോള്‍ത്തന്നെ അവര്‍ അവനെ കൊന്നുകഴിഞ്ഞിരുന്നു. മൂന്നാം മണിക്കൂറില്‍ (9 മണിക്ക്) അവര്‍ ആവശ്യപ്പെട്ടതാണ് ആറാം മണിക്കൂറില്‍ (12 മണിക്ക്) പട്ടാളക്കാര്‍ ചെയ്തത്. മൂന്നാം മണിക്കൂറില്‍ ചിലര്‍ നാവുകൊണ്ട് ചെയ്തത് ഒമ്പതാം മണിക്കൂറില്‍ മറ്റു ചിലര്‍ കൈകൊണ്ടു ചെയ്തു (അഗസ്റ്റിന്‍).

15:26, യേശുവിന്‍റെമേല്‍ ആത്യന്തികമായി ചുമത്തപ്പെട്ട കുറ്റത്തിന്‍റെ സംക്ഷിപ്തമാണ് മര്‍ക്കോസ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. യേശുവിനെതിരേ ഔദ്യോഗികമായി ഉന്നയിക്കപ്പെട്ടതും ഈ ആരോപണം തന്നെയായിരുന്നു (15:2). യഹൂദമതകോടതിയില്‍ യേശുവിനെതിരേ മറ്റു രണ്ടു കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരുന്നത് - ദേവാലയം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദൈവദൂഷണം പറഞ്ഞുവെന്നും (14:58-61). രാജാവാണെന്ന് അവകാശപ്പെട്ടതിന്‍റെ പേരില്‍ യേശുവിനെ റോമാക്കാര്‍ കുരിശില്‍ തറച്ചുകൊന്നുവെന്നതാണ് ചരിത്രസത്യമെന്ന് യഹൂദരുടെരാജാവ് എന്നെഴുതിയ ഫലകം വെളിപ്പെടുത്തുന്നു.

15:27-28, യേശുവിന്‍റെ ഇടത്തും വലത്തും കുരിശില്‍ തറക്കപ്പെട്ട രണ്ടു കവര്‍ച്ചക്കാര്‍, ഒരുപക്ഷേ ബറാബ്ബാസിനെപ്പോലെ വിപ്ലവകാരികളായിരുന്നിരിക്കാം. അവരുടെ നടുവിലായി യേശുവിനെ കുരിശില്‍ തറച്ചത് യേശുവിനെ കൂടുതല്‍ കടുത്ത കുറ്റവാളിയായി അവതരിപ്പിക്കാനാകാം. "അവന്‍ ദുഷ്കര്‍മ്മികളോടുകൂടെ എണ്ണപ്പെട്ടു എന്ന തിരുവെഴുത്ത് അങ്ങനെ പൂര്‍ത്തിയായി" എന്നത് 28-ാം വാക്യമായി ചില ആദ്യകാല കയ്യെഴുത്തു പ്രതികളില്‍ കാണുന്നുണ്ട്. ലൂക്ക 22:37 ന്‍റെ സ്വാധീനത്താല്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാകാം ഈ വാക്യം. പഴയനിയമപ്രവചനങ്ങളുടെ പൂര്‍ത്തീകരണം വിരളമായേ മര്‍ക്കോസു ചൂണ്ടിക്കാണിക്കാറുള്ളൂ. യേശുവിനെ കുരിശില്‍ തറച്ചുവെന്നകാര്യം 24-27 വാക്യങ്ങളില്‍ മര്‍ ക്കോസു മൂന്നുതവണ അവതരിപ്പിക്കുന്നുണ്ട്. ഓരോ പ്രാവശ്യവും യേശുവിന്‍റെ ക്രൂശിക്കലുമായി ബന്ധപ്പെട്ട ഓരോ പുതിയ വിശദാംശവും അതോടൊപ്പം നല്കുന്നു: പടയാളികള്‍ വസ്ത്രങ്ങള്‍ വീതിച്ചെടുക്കുന്നു (24), യൂദന്മാരുടെ രാജാവ് എന്ന കുറ്റപത്രം എഴുതിവയ്ക്കുന്നു (26), രണ്ടു കവര്‍ച്ചക്കാരെയും അവനോടൊപ്പം കുരിശില്‍ തറയ്ക്കുന്നു (27).

കുരിശിലെ കോടതിമുറിയില്‍ യേശുവിനെ വിശ്വസിച്ച കള്ളന്‍ കുറ്റവിമുക്തനാക്കപ്പെട്ടു. അന്ത്യവിധിയുടെ മുന്നോടിയാണീ സംഭവം. വിധിനടത്തുന്ന ന്യായാധിപന്‍ അന്ന് ചിലരെ തന്‍റെ വലത്തുവശത്തും ചിലരെ ഇടത്തു വശത്തും നിറുത്തും; വലത്തുവശത്തെയും ഇടത്തുവശത്തെയും കള്ളന്മാരെപ്പോലെ തന്നെ (അഗസ്റ്റിന്‍).

15:29-30,  083 തുടങ്ങിയ കയ്യെഴുത്തുപ്രതികളില്‍ കുറ്റവാളികളോടൊപ്പം അവന്‍ എഴുതപ്പെട്ട. അതിനെ പൂര്‍ത്തിയായി എന്ന് 26-ാം വായനയായി കാണപ്പെടുന്നു. എന്നാല്‍ കൂടുതല്‍ പ്രധാനപ്പെട്ട 3 കയ്യെഴുത്തു പ്രതികളായ സീനാ, അലക്സാണ്ട്രിയാ, വത്തിക്കാന്‍ തുടങ്ങിയ കോദക്സുകളില്‍ ഈ വാക്യം കാണുന്നില്ല. യേശുവിനെ കുരിശില്‍ തറയ്ക്കുന്നതിനും യേശുവിന്‍റെ മരണത്തിനുമിടയ്ക്കുള്ള സമയം മുഴുവന്‍ യേശു പരിഹസിക്കപ്പെടുന്ന ചിത്രമാണ് മര്‍ക്കോസ് അവതരിപ്പിക്കുന്നത്. 3 സംഘം ആളുകളാണ് യേശുവിനെ പരിഹസിക്കുന്നത്.  "അതിലെ കടന്നുപോയവര്‍" പൊതുജനത്തിന്‍റെ പ്രതിനിധികളാണ്. 14:58ല്‍  യേശുവിനെതിരേ ഉന്നയിക്കപ്പെട്ട ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് അവരുടെ പരിഹാസം. ദേവാലയത്തെ വലിയ ബഹുമാനാദരവുകളോടെയാണ് പൊതുജനം കണ്ടിരുന്നത്. ദേവാലയം നശിപ്പിക്കുമെന്നു പറഞ്ഞവന്‍ മിശിഹാ ആയിരിക്കാന്‍ വഴിയില്ല എന്ന് അവര്‍ വിശ്വസിച്ചു. "ദുഷിച്ചുപറഞ്ഞു" വെന്നതിന് ദൈവദൂഷണം പറഞ്ഞു എന്നര്‍ത്ഥം വരുന്ന എബ്ലാസ്ഫെ മൂന്‍ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവമായ യേശുവിനെ പരിഹസിച്ചവര്‍ വാസ്തവത്തില്‍ ദൈവദൂഷണം തന്നെയാണ് നടത്തിയത്. തലകുലുക്കിക്കൊണ്ടുള്ള ദൂഷണം സങ്കീ 22:8 നെ അനുസ്മരിപ്പിക്കുന്നു.

15:31-32, യേശുവിനെ പരിഹസിച്ച രണ്ടാമത്തെ സംഘം പുരോഹിത പ്രമുഖന്മാരും നിയമജ്ഞരുമടങ്ങുന്നതാണ്. അനുഷ്ഠാനവിശുദ്ധിയും പാണ്ഡിത്യവും ഉണ്ടായിരുന്ന അവര്‍ സമൂഹത്തിലെ ഉന്നതശ്രേണിലുള്ളവരുടെ പ്രതിനിധികളാണ്. താന്‍ മിശിഹായാണെന്ന യേശുവിന്‍റെ അവകാശവാദത്തെ (14,61) അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അവരുടെ പരിഹാസം. കുരിശില്‍ നിസ്സഹായനായി കിടക്കുന്നവന്‍ മിശിഹായാകാന്‍ തരമില്ല എന്നതായിരുന്നു അവരുടെ യുക്തി. അവരുടെ കാഴ്ചപ്പാടില്‍ സകലരെയും ഭരിക്കുന്ന ശക്തനായ രാജാവാണ് മിശിഹാ. യേശുവിനെ പരിഹസിക്കുന്ന മൂന്നാമത്തെ സംഘം മറ്റു രണ്ടു കുറ്റവാളികളുടേതാണ്. സമൂഹത്തിലെ പാപികളുടെ പ്രതിനിധികളാണവര്‍. ഈ മൂന്നു സംഘങ്ങളുടെയും പരിഹാസം സൂചിപ്പിക്കുന്നത് സമൂഹത്തിലെ എല്ലാവരാലും - ഏറ്റവുമുന്നതര്‍ മുതല്‍ ഏറ്റവും താഴ്ന്നവര്‍ വരെ - പരിഹസിക്കപ്പെട്ടും തിരസ്ക്കരിക്കപ്പെട്ടുമാണ് യേശു മരിക്കുന്നതെന്നാണ്.

മത്തായിയും മര്‍ക്കോസും പറയുന്നു രണ്ടു കള്ളന്മാരും യേശുവിനെ ദുഷിച്ചു പറഞ്ഞുവെന്ന് (മത്താ 27:44; മര്‍ക്കോ 15:32). എന്നാല്‍ ലൂക്കാ പറയുന്നു, യേശുവിനെ ദുഷിച്ചു പറഞ്ഞ കള്ളനെ മറ്റേകള്ളന്‍ ശാസിച്ചു വെന്ന്. രണ്ടും ശരിയാണ്. തുടക്കത്തില്‍ രണ്ടു കള്ളന്മാരും മോശമായാണ് യേശുവിനോട് പെരുമാറിയത്. എന്നാല്‍, ഭൂമി കുലുങ്ങുന്നതും, പാറകള്‍ പിളരുന്നതും, സൂര്യന്‍ ഇരുളുന്നതുമായ അടയാളങ്ങള്‍ കണ്ടപ്പോള്‍ ഒരുവന്‍ അനുതപിച്ച് യേശുവിനെയും അവിടുത്തെ രാജ്യത്തെയും അംഗീകരിച്ചേറ്റു പറയുന്നു (ക്രിസോസ്റ്റോം).

വിചിന്തനം: കുരിശില്‍നിന്ന് ഇറങ്ങിവരുക: അതിലെ കടന്നുപോയ പൊതുജനവും, പുരോഹിത പ്രമുഖന്മാരും നിയമജ്ഞരും അടങ്ങിയ സമൂഹത്തിലെ മുകള്‍ത്തട്ടിലുള്ളവരും, അവനോടൊപ്പം ക്രൂശിക്കപ്പെട്ട പാപികളായ കള്ളന്മാരും യേശുവിനെ പരിഹസിച്ചുവെന്ന് മര്‍ക്കോസ് രേഖപ്പെടുത്തുന്നു (15:29-32). താഴെത്തട്ടിലുള്ളവരും മുകള്‍ത്തട്ടിലുള്ളവരും പൊതുജനവും നിന്ദിച്ചുവെന്നതുകൊണ്ട് സമൂഹത്തിലെ സകലരാലും യേശു പരിഹാസിതനായി എന്നാണു മര്‍ക്കോസ് സൂചിപ്പിക്കുന്നത്. എല്ലാവരും ഒന്നടങ്കം യേശുവിനോട് ആവശ്യപ്പെട്ടത് ഒന്നുമാത്രം, കുരിശില്‍നിന്നിറങ്ങിവരിക (മര്‍ക്കോ 15:30-32; മത്താ 27:44).

കുരിശില്‍ നിന്ന് ഇറങ്ങിവരാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചിലപ്പോള്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്നത് നമ്മുടെ കുടുംബാംഗങ്ങള്‍ തന്നെയോ, അടുത്ത സുഹൃത്തുക്കള്‍ തന്നയോ ആകാം; അതിന് അവര്‍ പറയുന്ന കാരണങ്ങളും ന്യായമാകാം. ഒരിക്കലും നന്നാവാത്ത ഭര്‍ത്താവുമായുള്ള വിവാഹബന്ധമെന്ന കുരിശില്‍നിന്ന്, വൃദ്ധരും തീരാരോഗികളും അസം തൃപ്തരുമായ മാതാപിതാക്കളുമൊത്തുള്ള ജീവിതമെന്ന കുരിശില്‍നിന്ന്, വഴിപിഴച്ചവരും കുടുംബദ്രോഹികളുമായ മക്കളോട് എന്നും ക്ഷമിച്ചുകൊണ്ടുള്ള സഹനജീവിതമെന്ന കുരിശില്‍നിന്ന്... നാമോരുത്തരും തറയ്ക്കപ്പെട്ടിരിക്കുന്ന കുരിശില്‍നിന്ന് ഇറങ്ങിവരാന്‍ സാധിക്കുന്നതാണ് ദൈവം കൂടെയുണ്ടെന്നുള്ളതിന്‍റെ അടയാളമെന്നു നാം വിചാരിച്ചേക്കാം. എന്നാല്‍, കുരിശില്‍ നിന്നിറങ്ങി വരുന്നവനല്ല, മറ്റുള്ളവര്‍ക്കുവേണ്ടി കുരിശില്‍ കിടക്കാന്‍ തയ്യാറുള്ളവനാണു യഥാര്‍ത്ഥദൈവപുത്രന്‍, അതാണു ദൈവികത.

കുരിശ്: മനുഷ്യന്‍റെ നിഷേധാത്മകതയോടുള്ള ദൈവത്തിന്‍റെ ഭാവാത്മക പ്രതികരണം, ഒരു കുരിശു രൂപം കാണുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന ചിന്ത യേശുവിന്‍റെ സഹനത്തെയും മരണത്തെയും കുറിച്ചുള്ളതാണ്. കണ്ണീരിന്‍റെയും ദുഃഖത്തിന്‍റെയും സഹനത്തിന്‍റെയും മരണത്തിന്‍റെയുമൊക്കെ പര്യായമാണ് കുരിശ്. യഹൂദരും വിജാതീയരുമായ മനുഷ്യവംശം അതിന്‍റെ രക്ഷകനോടു കാട്ടിയത് തികച്ചും നിഷേധാത്മകമായ സമീപനമായിരുന്നു - ഒറ്റല്‍, തള്ളിപ്പറയല്‍, ഒറ്റപ്പെടുത്തല്‍, രാത്രിയില്‍ രഹസ്യത്തിലുള്ള അറസ്റ്റ്, പോലീസിന്‍റെ മര്‍ദ്ദനം, അന്യായമായ വിചാരണ, കള്ളസാക്ഷ്യങ്ങള്‍, അനീതിനിറഞ്ഞ വിധിതീര്‍പ്പ്, ജനക്കൂട്ടത്തിന്‍റെ ക്രൂരത, വസ്ത്രാക്ഷേപം, പരിഹാസം, പീഡനവും കാരാഗൃഹവാസവും, ഏകാന്തത, വിശപ്പ്, ദാഹം, ശാരീരികവേദനയും മാനസികവ്യഥയും... ഒടുവില്‍ മരണം.

യേശു കാല്‍വരിയിലേക്കു ചുമന്നത് കുരിശിന്‍റെ കുറുകെയുള്ള കഷണമാണെന്നാണു പൊതുവേയുള്ള ചിന്ത. ആ കഷണത്തിന് ഒരു നെഗറ്റീവ് (-) ചിഹ്നത്തിന്‍റെ രൂപമാണല്ലോ ഉള്ളത്. വാസ്തവത്തില്‍ മനുഷ്യപുത്രനു ലോകം നല്കിയ നിഷേധാത്മക പ്രതികരണത്തിന്‍റെ മൂര്‍ത്തരൂപമാണ് ആ തടികഷ്ണം. യേശു തന്‍റെ തോളിലേയ്ക്ക് ഏറ്റെടുത്തതും മനുഷ്യന്‍റെ ഈ നെഗറ്റീവ് (-) പ്രതികരണം തന്നെ.

മറ്റുള്ളവര്‍ നമ്മോടു കാണിക്കുന്ന തിരസ്കരണത്തോടും നിഷേധാത്മകതയോടുമുള്ള നമ്മുടെ പ്രതികരണമെന്താണ്? ഇങ്ങോട്ടെങ്ങനെയോ അങ്ങനെതന്നെ അങ്ങോട്ടും എന്നതാണു പലപ്പോഴും നമ്മുടെ അടിസ്ഥാന പ്രമാണം. നമ്മെ സ്നേഹിക്കുന്നവരെ നാം സ്നേഹിക്കുന്നു, വെറുക്കുന്നവരെ വെറുക്കുകയും ചെയ്യുന്നു. എന്നാല്‍ യേശു പ്രതികരിച്ചതോ? ലോകത്തിന്‍റെ നിഷേധാത്മകതയോട് ഏറ്റവും ഭാവാത്മകമായാണ് അവിടുന്ന് പ്രതികരിച്ചത്. അവിടുന്ന് മരിച്ച കുരിശിന് ഏറെക്കുറെ ഒരു പോസിറ്റീവ് (+) ചിഹ്നത്തിന്‍റെ ആകൃതിയാണല്ലോ ഉള്ളത്. ലോകത്തിന്‍റെ ഹൃദയശൂന്യതയെ അവിടുന്ന് നിസ്വാര്‍ത്ഥസ്നേഹംകൊണ്ട് നേരിട്ടു. തന്നെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞവരെ അവിടുന്ന് ഹൃദയപൂര്‍വ്വം സ്വീകരിച്ചു. മനുഷ്യനു സാധിക്കുന്ന ഏറ്റവും ഭാവാത്മകമായ പ്രതികരണമാണല്ലോ സ്നേഹത്തിന്‍റേത്. കുരിശില്‍ നാം കാണുന്നത് പരമമായ സ്നേഹത്തിന്‍റെ പ്രകടനമാണ്. കാരണം, യേശു പറഞ്ഞതുപോലെ, സ്നേഹിതനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ലല്ലോ (യോഹ 15:13). നമ്മുടെ മുന്നില്‍ തൂങ്ങിക്കിടക്കുന്ന കുരിശുരൂപം, മനുഷ്യവംശത്തോടുള്ള ദൈവത്തിന്‍റെ മാറ്റമില്ലാത്ത ഭാവാത്മക സമീപനത്തെക്കുറിച്ചു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ അര്‍ത്ഥത്തില്‍ കുരിശ് നമ്മില്‍ നിറയ്ക്കുന്നത് പ്രത്യാശയുടെ വികാരവിചാരങ്ങളാണ്.

*ഭൂമിയില്‍നിന്ന് ഞാന്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും ഞാന്‍ എന്നിലേയ്ക്കാകര്‍ഷിക്കും (യോഹ 12:32) എന്ന് ഒരിക്കല്‍ യേശു പറഞ്ഞു. ഉയര്‍ത്തപ്പെടുക എന്നതുകൊണ്ട് തന്‍റെ കുരിശുമരണത്തെയാണ് അവിടുന്ന് ഉദ്ദേശിച്ചത്. വാസ്തവത്തില്‍ കുരിശില്‍ തൂക്കപ്പെട്ട മനുഷ്യന്‍ ഒരു ബീഭത്സവസ്തുവാണ്. അവന്‍ ആരെയും ആകര്‍ഷിക്കുന്നില്ലെന്നു മാത്രമല്ല, എല്ലാവരും അവനില്‍നിന്ന് ഓടിമാറുകയും ചെയ്യുന്നു. എന്നാല്‍, ഇത്രയും ഭയാനകവും അപമാനകരവുമായ കുരിശുമരണം നമ്മോടുള്ള സ്നേഹത്തെപ്രതി ഏറ്റെടുത്തതിനാല്‍ യേശുവിന്‍റെ കുരിശ് ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്‍റെ ആഴത്തിലേയ്ക്കാണു നമ്മെ നയിക്കുന്നത്. കുരിശില്‍ വെളിപ്പെട്ട ദൈവസ്നേഹമാണ് കുരിശിലേയ്ക്ക് നമ്മെ ആകര്‍ഷിക്കുന്നത്. ചുരുക്കത്തില്‍, മനുഷ്യനോടുള്ള സ്നേഹമാണ് യേശുവിനെ കുരിശിലേയ്ക്ക് ആകര്‍ഷിച്ചതെങ്കില്‍ കുരിശില്‍ കാണുന്നത് ദൈവസ്നേഹത്തിന്‍റെ ആഴമാണ് എന്ന തിരിച്ചറിവാണു കുരിശിലേയ്ക്ക് മനുഷ്യനെയും ആകര്‍ഷിക്കുന്നത്.     

 

Gospel of Mark crucified (15: 21-32) catholic malayalam gospel of mark Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message