We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
നിരപരാധിയായ യേശുവിന്‍റെ സഹനം ആരംഭിച്ചുകഴിഞ്ഞു. അന്യായമായ വിചാരണയോടെയാണ് അതിന്‍റെ തുടക്കം. രണ്ടുവിചാരണകളാണ് യേശു നേരിട്ടത്. ഒന്ന് യഹൂദമതകോടതിയുടെ മുന്നിലുള്ള വിചാരണ; രണ്ടാമത്തേത്, റോമന്‍ കോടതിയ്ക്കു മുന്നിലുള്ളത്. യഹൂദരുടെ പരമോന്നത നീതിന്യായകോടതിയായ സാന്‍ഹെദ്രിന് മരണശിക്ഷ നടപ്പാക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ യേശുവിനെ വധിക്കണമെന്ന് അവര്‍ നിശ്ചയിക്കുകയും ചെയ്തു. അതുകൊണ്ടാണ് റോമന്‍ ഭരണാധികാരിയും ന്യായാധിപനുമായ പീലാത്തോസിന്‍റെ മുമ്പില്‍ യേശുവിനെ ഹാജരാക്കേണ്ടി വന്നത്. തന്‍റെ വിചാരണയുടെ ഏതാണ്ടു മുഴുവന്‍ സമയവും യേശു നിശബ്ദത പാലിക്കുകയാണു ചെയ്തത് (ഏശ 53:7).
ഇവിടെ പരാമര്‍ശിക്കപ്പെടുന്ന പ്രധാനപുരോഹിതന്‍ കയ്യാഫാസാണ് (വാ. 53). എന്നാല്‍ മര്‍ക്കോസ് അദ്ദേഹത്തിന്‍റെ പേര് ഒരിടത്തും പരാമര്‍ശിക്കുന്നില്ല. എ.ഡി. 18 ലാണ് കയ്യാഫാസിനെ റോമാക്കാര്‍ പ്രധാന പുരോഹിതനായി നിയമിച്ചത്. എ.ഡി. 26 വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു. യേശുവിന്‍റെ കാലത്ത്, ഒരാളെ വിചാരണ ചെയ്യുന്നതിന് സാന്‍ ഹെദ്രിന്‍ പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും എന്തൊക്കെയായിരുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ രേഖകളൊന്നും ലഭ്യമല്ല. മിഷ്നയില്‍ വിവരിച്ചിരിക്കുന്ന നടപടിക്രമങ്ങള്‍ യേശുവിന്‍റെ കാലത്തുണ്ടായിരുന്നുവോയെന്നും ഉറപ്പില്ല. മിഷ്നയുടെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ പോലും കയ്യാഫാസിന്‍റെ വീട്ടില്‍വച്ചു നടന്നത് സാന്‍ഹെദ്രിന്‍റെ ഔദ്യോഗിക വിചാരണയായിരിക്കാന്‍ വഴിയില്ല. കാരണം അതനുസരിച്ച് സാന്‍ഹെദ്രിന്‍റെ ഔദ്യോഗിക യോഗങ്ങള്‍ പകല്‍സമയമാണ് നടത്തേണ്ടിയിരുന്നത്. മാത്രവുമല്ല, പ്രധാനപുരോഹിതന്‍റെ ഭവനമല്ല, ദേവാലയത്തിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള പ്രത്യേകമുറിയാണ് സാന്‍ഹെദ്രിന്‍റെ ഔദ്യോഗികസമ്മേളനസ്ഥലം. തിരുനാള്‍ദിനമായ നീസാന്‍ 15-ാം തീയതി വെളുപ്പിനുമുമ്പ് വിചാരണ നടന്നതായും നാം കാണുന്നു. റോമാക്കാര്‍ വിചാരണ നടത്തിയിരുന്നത് പ്രഭാതത്തിലാണ്. റോമന്‍ കോടതിയില്‍ പ്രഭാതത്തിനുമുമ്പുതന്നെ യേശുവിന്‍റെ വിചാരണ നടത്തുന്നതിനുവേണ്ടിയാകും അതിനു മുമ്പുതന്നെ യഹൂദവിചാരണ തിരക്കിട്ട് പൂര്‍ത്തിയാക്കിയത്. സാധാരണഗതിയില്‍ ഗൗരവതരമായ കുറ്റങ്ങളുടെ വിധിപ്രഖ്യാപനം വിചാരണ ദിവസംതന്നെ നടത്താറില്ല. എന്നാല്‍ യേശുവിന്‍റെ കാര്യത്തില്‍ വിചാരണയും വിധിയും ഒരേദിവസം തന്നെ നടത്തി. ഒരുപക്ഷേ, കയ്യാഫാസിന്‍റെ ഭവനത്തില്‍ നടന്നത് കുറച്ച് യഹൂദനേതാക്കളുടെ മുന്നിലുള്ള പ്രാഥമിക വിചാരണയാകാം. സാന്‍ഹെദ്രിനിലെ 71 അംഗങ്ങളും തത്സമയം ഉണ്ടായിരുന്നു എന്നു കരുതുക ബുദ്ധിമുട്ടാണ്. ഒരുപക്ഷേ 23 പേരെങ്കിലും (സാന്‍ഹെദ്രിന്‍റെ കോറം) ഉണ്ടായിരുന്നുവെന്നാകാം അര്‍ത്ഥം. ഏതായാലും യേശുവിനെ പിടികൂടുന്നതിലും, പ്രാഥമിക വിചാരണനടത്തുന്നതിലും പീലാത്തോസിന്‍റെ മുമ്പില്‍ യേശുവിനെ ഹാജരാക്കി കുറ്റാരോപണം നടത്തുന്നതിലും സാന്‍ഹെദ്രിന്‍ അംഗങ്ങള്‍ക്കോ സാന്‍ഹെദ്രിന്‍ സംഘത്തിനുതന്നെയോ പങ്കുണ്ടായിരുന്നുവെന്ന് മര്‍ക്കോസ് വ്യക്തമാക്കുകയാണിവിടെ.
14:54, യേശുവിന്‍റെ വിചാരണയുടെ സമയത്ത് പത്രോസ് മഹാപുരോഹിതന്‍റെ വസതിയിലുണ്ടായിരുന്നു. പത്രോസ് തല്ക്കാലത്തേയ്ക്കു മാത്രമാണ് യേശുവിനെ വിട്ടോടിപ്പോയത്. പരിചാരകര്‍ എന്നത് കാവല്ക്കാരാണ്. റോമന്‍ പട്ടാളക്കാര്‍ പ്രധാനപുരോഹിതന്‍റെ ഭവനത്തിന് കാവല്‍നില്ക്കാന്‍ സാദ്ധ്യതയില്ല. അതിനാല്‍ യഹൂദ പോലീസുകാരെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
14:55-56, രാത്രിയില്‍ തിടുക്കത്തില്‍ നടത്തിയ വിചാരണയാണെങ്കിലും യേശുവിനെതിരേ സാക്ഷിപറയാന്‍ ആളുണ്ടായിരുന്നുവെന്നത് യേശുവിന്‍റെ വിചാരണയ്ക്ക് സാന്‍ഹെദ്രിന്‍ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നതിന്‍റെ അടയാളമാണ്. എന്നാല്‍ സാക്ഷികള്‍ ഓരോത്തരെയും പ്രത്യേകം പ്രത്യേകം വിസ്തരിച്ചപ്പോള്‍ അവരുടെ സാക്ഷ്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടാതിരുന്നതിനാല്‍ ആ സാക്ഷ്യങ്ങള്‍കൊണ്ട് ഫലമില്ലാതായി. ഒരു കുറ്റം തെളിയിക്കുന്നതിന് രണ്ടുപേരുടെയെങ്കിലും സാക്ഷ്യം ആവശ്യമായിരുന്നു (നിയമാ 17:6; 19:15).
14:57-59, പൊരുത്തപ്പെടാത്ത സാക്ഷിമൊഴികള്‍ക്ക് ഒരുദാഹരണമാണ് ഇവിടെ മര്‍ക്കോസ് നല്കുന്നത്. ദേവാലയങ്ങള്‍ ആക്രമിക്കുക എന്നത് മരണശിക്ഷവരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായാണ് പുരാതനകാലത്ത് കാണക്കാക്കിയിരുന്നത്. ദേവാലയ ശുദ്ധീകരണവുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം ഈശോയ്ക്കെതിരേ ഉന്നയിച്ചത്. തന്‍റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ച് യേശു പറഞ്ഞ കാര്യങ്ങള്‍ (യേശു 2:19) തെറ്റിദ്ധരിച്ചതാകാം സാക്ഷിമൊഴിക്കാധാരം.
14:60-61, യേശുവിനെതിരേ രണ്ടു സാക്ഷികളെ കിട്ടാത്തതിനാല്‍ കയ്യാഫാസ് നേരിട്ട് യേശുവിനെ ചോദ്യം ചെയ്യുന്നു. തനിക്കെതിരായി യേശുവിനെക്കൊണ്ട് എന്തെങ്കിലും പറയിപ്പിക്കാനാകുമോ എന്നാണ് കയ്യാഫാസു നോക്കുന്നത്. കയ്യാഫാസിന്‍റെ ആദ്യചോദ്യത്തിന് യേശു മറുപടി ഒന്നും പറഞ്ഞില്ല. കാരണം മറുപടി അര്‍ഹിക്കുന്ന ആരോപണങ്ങള്‍ യേശുവിനെതിരേ ഉന്നയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. തനിക്കെതിരേ വ്യാജമായ കേസുണ്ടാക്കാനുള്ള സാന്‍ഹെദ്രിന്‍റെ പരിശ്രമങ്ങളോടുള്ള ശക്തമായ അവജ്ഞയായിരുന്നു യേശുവിന്‍റെ മൗനം വിളംബരം ചെയ്തത്. തുടര്‍ന്ന് കയ്യാഫാസ് മറ്റൊരു തന്ത്രം പ്രയോഗിക്കുന്നു. യേശുവിന്‍റെ മിശിഹാത്വത്തെക്കുറിച്ചുള്ള ചോദ്യം അതിന്‍റെ ഭാഗമാണ്. "വാഴ്ത്തപ്പെട്ടവന്" എന്നത് ദൈവത്തിന്‍റെ നാമത്തിനു പകരമായി യഹൂദര്‍ ഉപയോഗിക്കുന്ന പര്യായമാണ്. "വാഴ്ത്തപ്പെട്ടവന്‍റെ പുത്രന്" എന്നാല്‍ ദൈവപുത്രന്‍ എന്നാണര്‍ത്ഥം. മിശിഹായെ (ക്രിസ്തു) ഒരു മനുഷ്യനായാണ് ഇസ്രായേല്‍ ജനം പ്രതീക്ഷിച്ചിരുന്നതെങ്കിലും അവ നെ ദൈവപുത്രന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പുതിയ നിയമകാലഘട്ടത്തില്‍ ദൈവപുത്രന്‍ എന്ന സംജ്ഞ മിശിഹായെക്കുറിക്കാന്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ചുരുക്കത്തില്‍ കയ്യാഫാസ് ഈശോയുടെ ദൈവത്വത്തെക്കുറിച്ചല്ല, മിശിഹാത്വത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
14:62, ഇതുവരെയും യേശു തന്‍റെ മിശിഹാത്വം മറച്ചുവച്ചിരിക്കുകയായിരുന്നു, കാരണം താന്‍ മിശിഹായാണെന്നു പരസ്യമായി വെളിപ്പെടുത്തുന്നത്, തന്‍റെ ശുശ്രൂഷയ്ക്കും ജീവനുതന്നെയും അപകടമുണ്ടാകുമെന്ന് അവിടുന്നറിഞ്ഞിരുന്നു (cf 1:43-44; 8:29-30; 9:9; 11:28-33; 12:12). ഇനി തന്‍റെ മിശിഹാത്വം മറച്ചുവയ്ക്കുന്നത് മിശിഹാത്വം ഉപേക്ഷിക്കുന്നതിനു തുല്യമായിരിക്കും എന്ന് അവിടുന്നു തിരിച്ചറിയുന്നു. അതുകൊണ്ട് തന്‍റെ മിശിഹാത്വം അവിടുന്നു പ്രഖ്യാപിക്കുകയാണ്. അതോടൊപ്പം തന്നെ, താന്‍ മനുഷ്യന്‍ മാത്രമായ മിശിഹായല്ലെന്നും ദൈവികതയുള്ള മനുഷ്യപുത്രനാണെന്നും അവിടുന്നു വെളിപ്പെടുത്തുന്നു. "ശക്ത" എന്നാല്‍ ദൈവത്തിന്‍റെ മറ്റൊരു പര്യായമാണ്. മിശിഹായുടെ മഹത്വീകരണത്തെയും (സങ്കീ 110:1) മഹത്വപൂര്‍ണ്ണനായ മിശിഹാനടത്തുന്ന വിധിയെക്കുറിച്ചുമുള്ള (ദാനി 7:13-14) പ്രവചനങ്ങള്‍ തന്നില്‍ പൂര്‍ത്തിയാകുകയാണെന്നും യേശു വെളിപ്പെടുത്തുന്നു. ആദ്യത്തെ പ്രവചനം, "ശക്തിയുടെ വലതുഭാഗത്ത്ڈ ഉപവിഷ്ടനായിരിക്കുന്നത് യേശുവിന്‍റെ ഉയിര്‍പ്പിനെത്തുടര്‍ന്നും. രണ്ടാമത്തേത് "വാനമേഘങ്ങളില്‍ വരുന്നത് നിങ്ങള്‍ കാണും" എന്നത് അവന്‍റെ രണ്ടാമത്തെ ആഗമനത്തിലുമാണ് പൂര്‍ത്തിയാകുന്നത്.
14:63-64, വസ്ത്രം വലിച്ചുകീറുന്നത് അമര്‍ഷത്തിന്‍റെയും ദുഃഖത്തിന്‍റെയും അടയാളമാണ് (ഉല്‍പ 37:29; ന്യായാ 14:19; 2 രാജാ 18:37). ദൈവദൂഷണത്തോട് പ്രധാനപുരോഹിതന്മാരുടെ പരമ്പരാഗത പ്രതികരണമാണിത് (അപ്പ 14:14). എന്നാല്‍ പ്രധാനപുരോഹിതന്‍ തന്‍റെ വസ്ത്രങ്ങള്‍ കീറുന്നത് പഴയനിയമം വിലക്കിയിട്ടുള്ള കാര്യമാണ് (ലേവ്യ 21:10). ദൈവനാമം ഉപയോഗിച്ചുകൊണ്ട് ദൈവത്തിനുനേരേ നടത്തുന്ന ഗൗരവമായ ആക്രമണത്തെയാണ് യഹൂദര്‍ ദൈവദൂഷണമായി കണക്കാക്കിയിരുന്നത്. കല്ലെറിഞ്ഞു കൊല്ലുക എന്നതാണ് അതിനുള്ള ശിക്ഷ (ലേവ്യ 24:14). യേശു നടത്തിയ അവകാശവാദത്തെയാണ് പ്രധാനപുരോഹിതന്‍ ദൈവദൂഷണമെന്ന് മുദ്രകുത്തുന്നത്.
14:65, യേശുവിനെ കുറ്റക്കാരനായി വിധിച്ചതോടെ, യേശുവിനെ ശാരീരികമായി ആക്രമിച്ചുകൊണ്ട് ചില സാന്‍ഹെദ്രിന്‍ അംഗങ്ങള്‍ അവനോടുള്ള ദേഷ്യം പ്രകടമാക്കി. ദേവാലയവും മഹാപുരോഹിതന്‍റെ അരമനയും കാത്തിരുന്ന യഹൂദരായ കാവല്‍സേനാംഗങ്ങളും അവരോടു ചേര്‍ന്നു. തുപ്പുന്നതും ഇടിക്കുന്നതും അവജ്ഞയും അരിശവും പ്രകടിപ്പിക്കുന്നതിനുള്ള യഹൂദരീതികളാണ് (സംഖ്യ 12:14; നിയമാ 25:9; ജോബ് 30:10; ഏശ 50:6). മിശിഹായ്ക്ക് നോക്കാതെതന്നെ ആളുകളെ തിരിച്ചറിയാന്‍ കഴിയുമെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് യേശുവിന്‍റെ മുഖം മൂടിക്കെട്ടി ഇടിച്ചിട്ട് ഇടിച്ചതാരെന്ന് പറയാന്‍ (പ്രവചിക്കുക) ആവശ്യപ്പെടുന്നത്. ഇങ്ങനെയുള്ള പീഡനങ്ങള്‍ മിശിഹാ സഹിക്കേണ്ടിവരുമെന്ന് പഴയനിയമം വെളിപ്പെടുത്തിയിട്ടുള്ളതാണ് (ഏശ 53:5; 7-8,10).
Gospel of Mark before the Sanhedrin (14: 53-65) Dr. Jacob Chanikuzhi catholic malayalam gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206