x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, പടയാളികളുടെ പരിഹാസം (15:16-20)

Authored by : Dr. Jacob Chanikuzhi On 05-Feb-2021

സാന്‍ഹെദ്രിനിലെ വിചാരണ അവസാനിക്കുന്നതുപോലെ തന്നെ പീലാത്തോസിന്‍റെ വിചാരണയും പടയാളികളുടെ പരിഹാസത്തോടെയാണ് അവസാനിക്കുന്നത്. വിജാതീയരാല്‍ താന്‍ അപമാനിക്കപ്പെടുമെന്ന് യേശു പ്രവചിച്ചിരുന്നു (10:34).                                                                                                                              
അനന്തരം പടയാളികള്‍ അവനെ കൊട്ടാരത്തിന്‍റെ അതായത് പ്രത്തോറിയത്തിന്‍റെ മുറ്റത്തേക്ക് കൊണ്ടുപോയി എന്നാണ് മൂലപ്രതിയില്‍ കാണുന്നത്. റോമന്‍ ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയെ സൂചിപ്പിക്കുന്ന ലത്തീന്‍ വാക്കാണ് പ്രത്തോറിയം (മത്താ 27:27; യോഹ 18:28; 19:9; അപ്പ 23:35). പീലാത്തോസിന്‍റെ ഔദ്യോഗികവസതി കേസറിയായായിരുന്നു. എന്നാല്‍ ജറുസലെമില്‍ വരുമ്പോള്‍ ഹേറോദേസിന്‍റെ കൊട്ടാരത്തിലോ അന്തോണിയാ കൊട്ടാരത്തിലോ ആണ് പീലാത്തോസ് താമസിച്ചിരുന്നത്. അവിടെ അന്തോണിയ കൊട്ടാരമോ ഹേറോദേസിന്‍റെ കൊട്ടാരമോ ആകാമെങ്കിലും ആദ്യത്തേതിനാണു കൂടുതല്‍ സാദ്ധ്യത. കൊട്ടാരത്തിന്‍റെ മുറ്റത്താകണം (14:54-66) സൈന്യവ്യൂഹം അണിനിരന്നത്. 200 - 600 ഇടയ്ക്ക് അംഗങ്ങളുള്ള സേനാവ്യൂഹത്തെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 

                                                                                             
15:17-19, രാജകീയ വസ്ത്രത്തിന്‍റെ നിറമാണ് ചുവപ്പ്. തിളങ്ങുന്ന ചുവപ്പു മുതല്‍ കടുംനീലവരെയുള്ള നിറങ്ങളെ സൂചിപ്പിക്കുന്ന പോര്‍ഫുറാന്‍ എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ചുവപ്പുവസ്ത്രവും മുള്‍ക്കിരീടവും ആണിയിക്കുന്നത് യേശുവിന്‍റെ രാജത്വത്തെ പുച്ഛിക്കുന്നതിനും കളിയാക്കുന്നതിനും വേണ്ടിയാണ്. അറിയാതെയാണെങ്കിലും പടയാളികള്‍ യേശുവിനെ മുള്‍ക്കിരീടം ധരിപ്പിക്കുന്നത് അര്‍ത്ഥഗര്‍ഭമാണ്. മനുഷ്യപാപത്തിന്‍റെ ദൈവശിക്ഷയായ മുള്ളും മുള്‍ച്ചെടികളും (ഉല്പ 3:17-18) യേശു തന്‍റെമേല്‍ ഏറ്റെടുക്കുകയാണ്. "സീസറേ സ്വസ്തി" എന്നത് അനുകരിച്ചാണ് "യൂദന്മാരുടെ രാജാവേ സ്വസ്തി" എന്ന് ആക്ഷേപിക്കുന്നത്. യേശുവിനുമുന്നില്‍ മുട്ടുകുത്തിക്കൊണ്ട് ബഹുമാനിക്കുന്നതുപോലെ അഭിനയിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും തുപ്പിക്കൊണ്ട് നീചമായി നിന്ദിക്കുകയും ചെയ്യുന്ന ക്രൂരവിനോദമാണ് പടയാളികള്‍ നടത്തിയത്. "യഹൂദരാജാവ്" എന്നതിന്‍റെ പേരിലായിരുന്നു ഈ അപമാനങ്ങളത്രയും. അപമാനിക്കാനായി യേശുവിനെ രാജാവായി വേഷംകെട്ടിക്കുകയാണ് പടയാളികള്‍ ചെയ്തത്. അവന്‍ യഥാര്‍ത്ഥത്തില്‍ രാജാവാണെന്ന കാര്യമറിയാതെയാണ് അവര്‍ അതു ചെയ്തതെന്നുമാത്രം. തങ്ങള്‍ പോലും ഗ്രഹിക്കാത്ത ഒരു സത്യം, യേശു രാജാവാണെന്ന സത്യം, തങ്ങളുടെ പ്രവൃത്തിയിലൂടെ അവര്‍ പ്രഘോഷിക്കുകയായിരുന്നു.

                            
15:11:20, കുരിശുമരണത്തിനു ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ നഗ്നരായാണ് റോമന്‍ പടയാളികള്‍ വധസ്ഥലത്തേക്കു നടത്തിയിരുന്നത്. വഴിനീളെ അവരെ ചാട്ടയടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യേശുവിനെ ഇതിനകംതന്നെ ചാട്ടയടിയ്ക്കു വിധേയനാക്കിയിരുന്നതിനാലും ഇനിയും അടിയേല്‍ക്കാല്‍ യേശുവിനു കരുത്തുണ്ടാകില്ല എന്ന് ഒരുപക്ഷേ പടയാളികള്‍ കരുതിയിരുന്നതിനാലും അവര്‍ യേശുവിനെ സ്വന്തം വസ്ത്രം ധരിപ്പിച്ച് കുരിശില്‍ തറയ്ക്കാന്‍ കൊണ്ടുപോയി.

Gospel of Mark and the mockery of soldiers (15: 16-20) Dr. Jacob Chanikuzhi gospel of mark catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message