We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
മര്‍ക്കോസ് എഴുതിയ സുവിശേഷം
ആമുഖം
കാനോനിക സുവിശേഷങ്ങളില്‍ ഏറ്റവും ചെറുതും ഏറ്റവും ആദ്യം എഴുതപ്പെട്ടതുമായ സുവിശേഷമാണ് വി. മര്‍ക്കോസിന്‍റേത്. ദീര്‍ഘമായ ആമുഖത്തോടുകൂടിയ പീഢാനുഭവവിവരണമെന്നാണ് വി. മര്‍ക്കോസിന്‍റെ സുവിശേഷം വിശേഷിപ്പിക്കപ്പെടുന്നത്. ഈ ഗ്രന്ഥത്തിന്‍റെ 37 ശതമാനം ഭാഗവും യേശുവിന്‍റെ അവസാന ആഴ്ചയിലെ സംഭവങ്ങളാണ് വിവരിക്കുന്നത്. യേശുവിന്‍റെ പീഢാസഹനമരണ ഉത്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ആദിമസഭ നടത്തിയ പ്രഘോഷണത്തിന്‍റെ പ്രതിഫലനമാണ് ആദ്യം എഴുതപ്പെട്ട സുവിശേഷത്തിലും നാം കാണുന്നത്.
മര്‍ക്കോസ് തന്‍റെ പുസ്തകം ആരംഭിക്കുന്നത് അക്കാലത്തെ പല ജീവചരിത്ര ഗ്രന്ഥങ്ങളും ആരംഭിച്ചിരുന്നതുപോലെ കഥാനായകനെ പരിചയപ്പെടുത്തിക്കൊണ്ടാണ്: "ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം"(1:1). ഈ ആദ്യ വാചകത്തില്‍ത്തന്നെ സുവിശേഷത്തിന്‍റെ മുഖ്യപ്രമേയവും നമുക്കു കാണാം: യേശു ദൈവ പുത്രനായ മിശിഹായാണ്.
മിശിഹായുടെ മുന്നോടിയെക്കുറിച്ചുള്ള പഴയനിയമ പ്രവചനം സ്നാപകയോഹന്നാനില്‍ പൂര്‍ത്തിയായി എന്നു സുചിപ്പിച്ചുകൊണ്ടാണ് മര്‍ക്കോസ് വിവരണം ആരംഭിക്കുന്നത്. മുന്നോടിയുടെ പരസ്യ ജീവിതത്തിനുശേഷം യേശു തന്‍റെ പരസ്യജീവിതം ആരംഭിക്കുമ്പോള്‍ അധികാരമുള്ള ദൈവപുത്രനായാണ് അവന്‍ പ്രത്യക്ഷപ്പെടുന്നത് (1:16-45). വാക്കിലും പ്രവൃത്തിയിലും ശക്തനായ ദൈവപുത്രനെ എല്ലാവരും ഉടനെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് നാം കരുതും. പക്ഷേ, അവനു ലഭിക്കുന്ന പ്രതികരണം ശക്തമായ എതിര്‍പ്പിന്‍റെതാണ് (2:1-3:6). എതിര്‍ക്കപ്പെടുക മാത്രമല്ല, സമുദായ പ്രമാണിമാരാലും നാട്ടുകാരാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെടുകയും ചെയ്യുക എന്നത് ദൈവപുത്രന്‍റെ ഈ ലോകത്തിലെ ഭാഗധേയമായിരുന്നു (3:7-6:6). സ്വന്തം ശിഷ്യര്‍ക്കു മുന്നില്‍ തന്‍റെ ദൈവത്വം വെളിപ്പെടുത്തുന്ന പല അത്ഭുതങ്ങളും അവന്‍ പ്രവര്‍ത്തിച്ചിട്ടും അവര്‍ക്ക് അവന്‍റെ ദൈവത്വം മനസ്സിലാക്കാന്‍ കഴിയുന്നില്ല (6:6-8:26). ഒടുവില്‍, പത്രോസ് യേശുവിന്‍റെ മിശിഹാത്വം പ്രഖ്യാപിക്കുന്നതോടെ സുവിശേഷം വലിയൊരു വഴിത്തിരിവിലെത്തുന്നു. തന്‍റെ മിശിഹാത്വത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം - താന്‍ സഹിച്ചു മരിക്കുന്ന മിശിഹായാണെന്ന് - വ്യക്തമാക്കിക്കൊടുത്തുകൊണ്ടും തന്‍റെ ശിഷ്യരാവുക എന്നാല്‍ എന്താണര്‍ത്ഥമെന്നു വിശദീകരിച്ചുകൊണ്ടും ജറുസലേമിലേയ്ക്കു യാത്ര ചെയ്യുന്ന യേശുവിനെയാണു തുടര്‍ന്നും നാം കാണുന്നത് (8:31-10:52). തന്‍റെ പീഡാനുഭവ പ്രവചനങ്ങള്‍ക്ക് അനുബന്ധമായി ശിഷ്യത്വത്തിന്‍റെ വിലയെക്കുറിച്ച് യേശു പഠിപ്പിക്കുന്നു. ജറുസലെത്തെത്തുന്ന യേശുവിന്‍റെ പ്രവൃത്തികളും പ്രബോധനങ്ങളും വിവരിച്ചശേഷം മര്‍ക്കോസ് സഹനദാസനായ ദൈവപുത്രന്‍റെ പീഡാനുഭവശുശ്രൂഷ വിശദമായി വിവരിക്കുന്നു. യേശുവിനെപ്രതി സഹനങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുകയും, വായനക്കാരെ യേശുവിനോടുള്ള വിശ്വസ്തത പുലര്‍ത്താന്‍ ക്ഷണിക്കുകയും ചെയ്യുന്ന വിധത്തിലാണ് മര്‍ക്കോസ് തന്‍റെ വിവരണം ഉപസംഹരിക്കുന്നത്.
സുവിശേഷകന്‍
രണ്ടാമത്തെ സുവിശേഷത്തില്‍ ഒരിടത്തും അതിന്‍റെ ഗ്രന്ഥകര്‍ത്താവ് ആരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും വി. മര്‍ക്കോസാണ് രണ്ടാമത്തെ സുവിശേഷത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് എന്നത് ആദ്യനൂറ്റാണ്ടു മുതല്‍തന്നെ വിശ്വസിച്ചു പോന്നിട്ടുള്ളതും ഇതുവരെയും ഗൗരവമായി ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്തതുമായ വസ്തുതയാണ്. മര്‍ക്കോസ് യേശുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ ഒരാള്‍ അല്ലാതിരുന്നിട്ടും അദ്ദേഹത്തിന്‍റെ പേരില്‍ത്തന്നെ സുവിശേഷം അറിയപ്പെട്ടുവെന്നത് മര്‍ക്കോസുതന്നെയാണ് ഈ സുവിശേഷം എഴുതിയത് എന്നതിന്‍റെ ശക്തമായ സാക്ഷ്യമാണ്.
രണ്ടാമത്തെ സുവിശേഷത്തിന്‍റെ ഗ്രന്ഥകാരനെക്കുറിച്ചു നമുക്കു ലഭ്യമായ ആദ്യത്തെ സാക്ഷ്യം പപ്പിയാസില്‍ നിന്നുള്ളതാണ്. ഹിയെറാപ്പോളിസിലെ മെത്രാനായിരുന്നു പപ്പിയാസ് (60-130). "കര്‍ത്താവിന്‍റെ അരുളപ്പാടുകളുടെ വ്യാഖ്യാനം" എന്ന പേരില്‍ പപ്പിയാസ് എഴുതിയതും എന്നാല്‍ ഇന്ന് ലഭ്യമല്ലാത്തതുമായ ഗ്രന്ഥത്തില്‍നിന്നുള്ള ഒരു ഭാഗം എവുസേബിയുസിന്‍റെ സഭാചരിത്രത്തില്‍ (3:39-15) കാണുന്നതിപ്രകാരമാണ്: "മര്‍ക്കോസ് പത്രോസിന്‍റെ വ്യാഖ്യാതാവുകയും കര്‍ത്താവ് ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിച്ചതെല്ലാം ക്രമമായല്ലെങ്കിലും ക്യത്യമായി എഴുതിവയ്ക്കുകയും ചെയ്തു എന്ന് പ്രെസ്ബിറ്റര്‍ എപ്പോഴും പറയുമായിരുന്നു". ഇവിടെ പപ്പിയാസ് പരാമര്‍ശിക്കുന്ന "പ്രെസ്ബിറ്റര്‍" യോഹന്നാന്‍ ശ്ലീഹായാണെന്നതാണ് പൊതുമതം.
പത്രോസും പൗലോസും റോമായില്‍ സുവിശേഷം പ്രസംഗിക്കുകയും സഭ സ്ഥാപിക്കുകയും ചെയ്തു മടങ്ങിയശേഷം പത്രോസിന്‍റെ ശിഷ്യനായ മര്‍ക്കോസ് പത്രോസിന്‍റെ പ്രസംഗത്തിന്‍റെ സംക്ഷിപ്തം നമുക്ക് എഴുതി നല്കിയെന്ന് ഇറണേവുസും (130-200) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
എവുസേബിയൂസ് തന്‍റെ സഭാചരിത്രത്തില്‍ (6:14, 6-7) അലക്സാണ്ട്രിയായിലെ വി. ക്ലെമന്‍റിന്‍റെ സാക്ഷ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "പത്രോസ് റോമില്‍ സുവിശേഷം പ്രസംഗിച്ചുകഴിഞ്ഞപ്പോള്‍..... അവിടെയുണ്ടായിരുന്നവര്‍ മര്‍ക്കോസിനോട്, അവന്‍ ദീര്‍ഘകാലം പത്രോസിനെ അനുഗമിച്ചിരുന്നയാളായതുകൊണ്ടും പത്രോസ് പ്രസംഗിച്ച കാര്യങ്ങള്‍ ഓര്‍ത്തിയിരിക്കുന്നയാളായതുകൊണ്ടും, പത്രോസ് പറഞ്ഞ കാര്യങ്ങള്‍ എഴുതിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എഴുതിക്കഴിഞ്ഞപ്പോള്‍ തന്നോടാവശ്യപ്പെട്ടവര്‍ക്ക് അവന്‍ അതു നല്കി. പത്രോസ് ഇതെക്കുറിച്ച് പിന്നീടറിഞ്ഞപ്പോള്‍ അവന്‍ അതു വിലക്കുകയോ ശ്ലാഘിക്കുകയോ ചെയ്തില്ല".
മാര്‍സിയന്‍ വിരുദ്ധരേഖ മര്‍ക്കോസ് പത്രോസിന്‍റെ വ്യാഖ്യാതാവായിരുന്നെന്നും പത്രോസിന്‍റെ മരണശേഷം ഇറ്റലിയില്‍വച്ച് മര്‍ക്കോസു സുവിശേഷം എഴുതിയെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മര്‍ക്കോസെന്ന അപരനാമമുള്ള യോഹന്നാന്‍ തന്നെയാണ് സുവിശേഷകനായ മര്‍ക്കോസ് എന്നതാണ് പൊതുവെയുള്ള വിശ്വാസം. "മര്‍ക്കോസെന്ന അപരനാമമുള്ള യോഹന്നാനെ"ക്കുറിച്ചുള്ള ആദ്യപരാമര്‍ശം കാണുന്നത് അപ്പ 12:12-ലാണ്. ജയില്‍മോചിതനായശേഷം പത്രോസ് നേരെ പോകുന്നത് "മര്‍ക്കോസ് എന്ന അപരനാമമുള്ള യോഹന്നാന്‍റെ" അമ്മയായ മറിയത്തിന്‍റെ വീട്ടിലേക്കാണ്. ആ വീട് മറിയത്തിന്‍റെ പേരില്‍ അറിയപ്പെട്ടിരുന്നതുകൊണ്ട് മറിയം ഒരു വിധവയായിരുന്നെന്നും ജറുസലേം നഗരത്തിലുണ്ടായിരുന്ന വീടായിരുന്നതിനാല്‍ വളരെപ്പേര്‍ക്ക് ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കാന്‍ സൗകര്യമുണ്ടായിരുന്ന വീടായിരുന്നതിനാലും ഈ മറിയം ധനികയായ സ്ത്രീയായിരുന്നുവെന്നു കരുതപ്പെടുന്നു. ഈ വീട്ടിലെ മാളികമുറിയില്‍വച്ചാണ് യേശു അന്ത്യത്താഴം കഴിച്ചതെന്നും ഇതേ മുറിയില്‍ തന്നെയാണ് യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാര്‍ മാതാവിനോടൊപ്പം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നതെന്നും (അപ്പ 1:13-14) കരുതുന്നവരുണ്ട്. (അങ്ങനെയെങ്കില്‍ അന്ത്യത്താഴത്തിനും (മര്‍ക്കോ 14:14-15) സ്വര്‍ഗ്ഗാരോഹണത്തിനുമിടയ്ക്ക് കുടുംബനാഥന്‍ മരിച്ചുപോയി എന്നു സങ്കല്പിക്കേണ്ടിവരും. കാരണം പിന്നീട് ആ വീട്ടിലെ ഗൃഹനാഥനെക്കുറിച്ചല്ല, ഗൃഹനാഥയായ മറിയത്തെക്കുറിച്ചാണ് നാം കേള്‍ക്കുന്നത്).
മര്‍ക്കോസെന്ന അപരനാമമുള്ള യോഹന്നാനെക്കുറിച്ചുള്ള രണ്ടാമത്തെ പരാമര്‍ശം നടപടി പുസ്തകത്തില്‍ കാണുന്നത് 12:25 ലാണ്. ബാര്‍ണബാസും സാവൂളും ജറുസലേം സന്ദര്‍ശനം പൂര്‍ത്തിയാക്കിതിരിച്ചുപോരുമ്പോള്‍ മര്‍ക്കോസെന്ന അപരനാമമുള്ള യോഹന്നാനെ കൂടെക്കൊണ്ടുപോന്നുവെന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഒന്നാം പ്രേഷിതയാത്രയില്‍ പൗലോസിന്‍റെയും ബാര്‍ണബാസിന്‍റെയുമൊപ്പം മര്‍ക്കോസും ഉണ്ടായിരുന്നുവെന്നു തുടര്‍ന്നു നാം കാണുന്നു (13:13). എന്നാല്‍ പാംഫീലിയായിലെത്തിയപ്പോള്‍ മര്‍ക്കോസ് അവരെ വിട്ട് ജറുസലേമിലേക്കു തിരിച്ചുപോയി. (13:13;15:37). പിന്നീട്, പൗലോസ് തന്‍റെ രണ്ടാം പ്രേഷിതയാത്രയില്‍ മര്‍ക്കോസിനെ കൂടെക്കൂട്ടാന്‍ വിസമ്മതിച്ചതുകൊണ്ട് ബാര്‍ണബാസ് മര്‍ക്കോസിനെയുംകൂട്ടി സൈപ്രസിലേക്കു പോയി (15:39). ബാര്‍ണബാസും മര്‍ക്കോസും തമ്മിലുള്ള ബന്ധം പൗലോസു കൊളോസോസുക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്: ബാര്‍ണാബാസിന്‍റെ പിതൃവ്യപുത്രനായിരുന്നു മര്‍ക്കോസ് (കൊളോ 4,10). പൗലോസിന്‍റെ റോമിലെ ഒന്നാം കാരാഗൃഹവാസകാലത്ത് മര്‍ക്കോസ് അദ്ദേഹത്തിന്‍റെ കൂടെയുണ്ട് (ഫീലെമോന്‍ 24). തന്‍റെ രണ്ടാം കാരാഗൃഹവാസ സമയത്തു , മര്‍ക്കോസിനെ റോമിലേക്കു കൊണ്ടുവരാന്‍ പൗലോസു തിമോത്തെയോസിനോട് ആവശ്യപ്പെടുന്നുണ്ട് (2തിമോ 4:11). പത്രോസ് തന്‍റെ ഒന്നാം ലേഖനം എഴുതുമ്പോള്‍ മര്‍ക്കോസ് അദ്ദേഹത്തോടൊപ്പമുണ്ട് (1 പത്രോ 5:3).
എന്നാല്‍, ഈ യോഹന്നാന്‍ മര്‍ക്കോസ് തന്നെയാണ് രണ്ടാം സുവിശേഷത്തിന്‍റെ ഗ്രന്ഥകാരനായ മര്‍ക്കോസ് എന്ന നിലപാടിനെ ചോദ്യം ചെയ്യുന്ന പണ്ഡിതന്മാരുണ്ട്. അവര്‍ ഉന്നയിക്കുന്ന ഒന്നാമത്തെ പ്രശ്നം, യോഹന്നാന്‍ എന്ന അപരനാമമുള്ള മര്‍ക്കോസും സുവിശേഷകനായ മര്‍ക്കോസും ഒരേ ആള്‍ത്തന്നെയാണെന്ന് ആദ്യമായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് നാലാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ മാത്രമാണ്. വി.ജറോം ആണ് പ്രസ്തുത സാക്ഷ്യം നല്കിയിരിക്കുന്നത്. ഒരു പക്ഷേ, എല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു കാര്യമായതിനാലാകാം അതിനുമുമ്പ് അതേക്കുറിച്ചുള്ള സാക്ഷ്യമൊന്നും ഉണ്ടാകാതെ പോയതെന്നാണ് ഈ പ്രശ്നത്തിനു നല്കപ്പെട്ടിട്ടുള്ള ഉത്തരം.
നടപടി പുസ്തകത്തില്‍ക്കാണുന്ന യോഹന്നാന്‍ മര്‍ക്കോസാണ് സുവിശേഷകനായ മര്‍ക്കോസ് എന്നു കരുതുന്നതിനുള്ള മറ്റു ചില തടസ്സവാദങ്ങള്‍കൂടി ഉന്നയിക്കപ്പെടുന്നുണ്ട്. ഉദാഹരണമായി, യോഹന്നാന്‍ മര്‍ക്കോസ് ഒരു ജറുസലേംകാരനാണ്. ആ നിലയ്ക്ക് പാലസ്തീനായിലെ യഹൂദരുടെ ചിട്ടകളും പതിവുകളും രീതികളുമെല്ലാം അദ്ദേഹം കൃത്യമായി അറിഞ്ഞിരിക്കേണ്ടതാണ്. കൂടാതെ പാലസ്തീനായിലെ സ്ഥലങ്ങളെക്കുറിച്ചും അദ്ദേഹത്തിന് കൂടുതല്‍ ഗ്രാഹ്യമുണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം സുവിശേഷത്തില്‍ ചില പിഴവുകള്‍ നാം കാണുന്നു. മാത്രവുമല്ല, ജറുസലേത്തു നടന്ന യേശുവിന്‍റെ വിചാരണയെക്കുറിച്ചു ഒരു ജറുസലേംകാരനില്‍നിന്നു ലഭിക്കേണ്ടത്ര വിവരങ്ങളൊന്നും സുവിശേഷത്തില്‍നിന്നു നമുക്കു ലഭിക്കുന്നില്ല കൂടാതെ, സുവിശേഷകന്‍ ഉപയോഗിച്ചിരിക്കുന്നത് പഴയനിയമത്തിന്‍റെ ഗ്രീക്കു പരിഭാഷയാണെന്നതും അദ്ദേഹം ഒരു ജറുസലേംകാരനായിരിക്കാന്‍ സാദ്ധ്യതയില്ലെന്ന വസ്തുയിലേക്കാണു വിരല്‍ ചൂണ്ടുന്നത്.
ആനുകാലിക ബൈബിള്‍ പണ്ഡിതന്മാര്‍ സുവിശേഷകന്‍ ആരായിരുന്നു എന്ന ചോദ്യത്തെക്കാള്‍ സുവിശേഷകന്‍ അവതരിപ്പിച്ചിരുന്ന ദൈവശാസ്ത്രചിന്തകള്‍ക്കും തന്‍റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ സുവിശേഷകന്‍ ഉപയോഗിച്ചിരിക്കുന്ന രചനാസാങ്കേതങ്ങള്‍ക്കുമാണ് കൂടുതല്‍ ഊന്നല്‍ നല്കുന്നത്.
അനുവാചകര്‍
മര്‍ക്കോസ് ആര്‍ക്കുവേണ്ടിയിട്ടാണ് സുവിശേഷം എഴുതിയത് എന്ന് സുവിശേഷത്തില്‍ ഒരിടത്തും ക്യത്യമായി പറഞ്ഞിട്ടില്ല എങ്കിലും, ആരായിരുന്നിരിക്കാം ഈ സുവിശേഷത്തിന്‍റെ ആദ്യകാല അനുവാചകര്‍ എന്നതിനെക്കുറിച്ചുള്ള ഈ നിഗമനം കൈക്കൊള്ളുന്നതിനു നമ്മെ സഹായിക്കുന്ന ചില സൂചനകള്‍ സുവിശേഷത്തിനുള്ളില്‍ ലഭ്യമാണ്. അതിലൊന്നാണ് അരമായ വാക്കുകളുടെ അര്‍ത്ഥം പലസ്ഥലത്തും മര്‍ക്കോസ് നല്കുന്നുവെന്നത്. ഉദാഹരണം: ബൊവെനെര്‍ഗസ് (3:17); തലീത്തകും (5:41); കൊര്‍ബ്ബാന്‍ (7:11); എഫ്ഫാത്ത (7:34); ഗോല്‍ഗോഥാ (15:22). യഹൂദരുടെ പതിവുകളും രീതികളും ചില സ്ഥലങ്ങളില്‍ മര്‍ക്കോസ് വിശദീകരിച്ചു നല്കുന്നു. ഉദാ: 7:3; 14:12; 15:42. ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് മര്‍ക്കോസിന്‍റെ അനുവാചകര്‍ അരമായ ഭാഷയും യഹൂദരീതികളും അറിയാത്ത വിജാതീയ ക്രിസ്ത്യാനികള്‍ ആയിരിക്കാമെന്നാണ്. ലത്തീന്‍ വാക്കുകള്‍ ഗ്രീക്കുലിപികളില്‍ സുവിശേഷത്തില്‍ കാണുന്നത് (4:27 മോഡിയോസ്; 5:9: ലേഗിയോണ്‍; 6:37:ദെനാരിയോണ്‍; 12:14; കെന്‍സോസ്; 15:39, 44-45; കെന്തുരിയോണ്‍) വായനക്കാരെക്കുറിച്ചുള്ള മറ്റൊരു സൂചനയാണ്. വായനക്കാര്‍ ഇറ്റലിയിലുള്ളവരാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ലത്തീന്‍ പറയുന്നവര്‍ കൂടുതലും ഇറ്റലിയിലാണല്ലോ ഉണ്ടായിരുന്നത്. ചുരുക്കത്തില്‍, ഇറ്റലിയില്‍ താമസിച്ചിരുന്ന വിജാതീയ ക്രിസ്ത്യാനികളാണ് സുവിശേഷത്തിന്‍റെ വായനക്കാരെന്ന നിഗമനത്തിലേയ്ക്കാണ് ഈ സൂചനകളിലൂടെ നാമെത്തുന്നത്.
പീഡാനുഭവവിവരണത്തില്‍, യേശുവിന്‍റെ കുരിശുചുമക്കാന്‍ സഹായിച്ച ശിമയോനെ പരിചയപ്പെടുത്തുന്നത് അലക്സാണ്ടറിന്‍റെയും റൂഫസിന്‍റെയും പിതാവെന്നാണ് (15:21). അതിനര്‍ത്ഥം ഈ വ്യക്തികള്‍ വായനക്കാര്‍ക്കു പരിചിതരാണെന്നാണ്. റോമാ 16:13 അനുസരിച്ച് റൂഫസ് റോമായിലെ സഭയിലെ ഒരു പ്രമുഖഅംഗമാണ്. ഈ റൂഫസുതന്നെയാണ് മര്‍ക്കോ 15:21-ലെ റൂഫസുമെങ്കില്‍ വായനക്കാര്‍ റോമായിലെ സഭയിലെ അംഗങ്ങളാണെന്നു വരുന്നു.
രണ്ടാമത്തെ സുവിശേഷത്തിന്‍റെ ഗ്രന്ഥകാരനെ സംബന്ധിച്ച ഇറണേവൂസിന്‍റെയും അലക്സാണ്ട്രിയായിലെ ക്ലെമന്‍റിന്‍റെയും സാക്ഷ്യം നാം കണ്ടുകഴിഞ്ഞു. ആ സാക്ഷ്യങ്ങളനുസരിച്ചും പത്രോസിന്‍റെ റോമിലെ ശ്രോതാക്കള്‍ക്കു വേണ്ടിയാണ് മര്‍ക്കോസ് സുവിശേഷം രചിച്ചത്. അങ്ങനെ നോക്കുമ്പോള്‍ സുവിശേഷത്തിനകത്തെ സൂചനകളും സഭാപിതാക്കന്മാരുടെ സാക്ഷ്യവും വിരല്‍ ചൂണ്ടുന്നത് റോമിലെ ക്രിസ്ത്യാനിക്കള്‍ക്കായിട്ടാണ് സുവിശേഷം വിരചിതമായത് എന്നാണ്.
കഠിനമായ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഒരു സമൂഹത്തെ ലക്ഷ്യംവച്ചാണ് ഈ സുവിശേഷം രചിക്കപ്പെട്ടതെന്ന് ഇതിന്‍റെ ഉള്ളടക്കം വ്യക്തമാക്കുന്നു. റോമന്‍ ക്രിസ്ത്യാനികളാണ് ഈ ഗ്രന്ഥത്തിന്‍റെ പ്രധാന അനുവാചകര്‍ എന്നതിനുള്ള മറ്റൊരു തെളിവാണത്. കാരണം റോമന്‍ ചക്രവര്‍ത്തിയായ നീറോയുടെ കീഴില്‍ അറുപതുകളുടെ രണ്ടാം പകുതിയില്‍ പ്രത്യേകിച്ചും ക്രൂരമായ മതമര്‍ദ്ദനത്തിനു വിധേയരായവരാണ് റോമന്‍ ക്രിസ്ത്യാനികള്‍. സുവിശേഷത്തിന്‍റെ ഉള്ളടക്കത്തില്‍ തെളിഞ്ഞു നില്ക്കുന്ന കുരിശ്, സഹനം, പീഡകള്‍, ശക്തരായ അധികാരികളില്‍നിന്നുള്ള എതിര്‍പ്പ്, സമൂഹത്തിനകത്തുനിന്നുതന്നെയുള്ള ഒറ്റലുകള്‍, വിശ്വാസത്യാഗം എന്നിവയൊക്കെ മതമര്‍ദ്ദനകാലത്ത് റോമന്‍ ക്രൈസ്തവരുടെതന്നെ അനുഭവങ്ങളായിരുന്നു. രാത്രിയില്‍ വെട്ടംകിട്ടുന്നതിനുവേണ്ടി ക്രിസ്ത്യാനികളെ കുരിശില്‍ കെട്ടിയിട്ടിട്ട് കത്തിച്ചിരുന്നുവെന്ന് റോമന്‍ ചരിത്രകാരനായ ടാസിറ്റസും രേഖപ്പെടുത്തിയിട്ടുണ്ട്.
സഭാപിതാക്കന്മാരുടെ സാക്ഷ്യവും സുവിശേഷത്തിനകത്തെ ഉള്ളടക്കവും അറുപതുകളിലെ റോമിന്‍റെ ചരിത്രവുമെല്ലാം മര്‍ക്കോസിന്‍റെ സുവിശേഷം റോമില്‍വച്ച് റോമന്‍ ക്രൈസ്തവര്‍ക്കായി രചിക്കപ്പെട്ടതാണെന്ന വസ്തുതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. എങ്കിലും അടുത്തകാലത്ത് പ്രമുഖരായ ചില ബൈബിള്‍ പണ്ഡിതന്മാര്‍ മര്‍ക്കോസിന്‍റെ അനുവാചകരെക്കുറിച്ചും സുവിശേഷം എഴുതപ്പെട്ട സ്ഥലത്തെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സുവിശേഷം ഗലീലിയില്‍വച്ചാണ് എഴുതപ്പെട്ടതെന്ന് വില്ലി മാര്‍ക്സ്സെന്‍ അഭിപ്രായപ്പെടുന്നു. തെക്കന്‍ സിറിയയാണ് സുവിശേഷം രചിക്കപ്പെട്ടസ്ഥലമെന്ന നിലപാടാണ് ഹോവാര്‍ഡ് ക്ലാര്‍ക്ക് കീയും ഗെര്‍ഡ് തെയ്സണും സ്വീകരിച്ചിരിക്കുന്നത്. ജോയേല്‍ മാര്‍ക്കൂസിന്‍റെ അഭിപ്രായത്തില്‍ പലസ്തീനായിലെ ഏതെങ്കിലും വിജാതീയ നഗരങ്ങളില്‍വച്ചാവാം സുവിശേഷം രചിക്കപ്പെട്ടത്. ഇവരുടെ അഭിപ്രായങ്ങള്‍, സുവിശേഷത്തിലെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത ചിലവശങ്ങളെ നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുവെന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. എങ്കിലും സുവിശേഷം എഴുതപ്പെട്ട സ്ഥലത്തെക്കുറിച്ചും ആദ്യകാല അനുവാചകരെക്കുറിച്ചുമുള്ള അവരുടെ നിലപാടുകള്‍ക്ക് വ്യാപകമായ പിന്തുണ പണ്ഡിതലോകത്ത് ലഭിച്ചിട്ടില്ല.
സുവിശേഷരചനയുടെ കാലം
സുവിശേഷം എഴുതപ്പെട്ട കാലഘട്ടത്തെക്കുറിച്ച് സുവിശേഷത്തിനുള്ളില്‍ വ്യക്തമായ പരാമര്‍ശമൊന്നുമില്ലാത്തതുകൊണ്ട് സഭാപിതാക്കന്മാരുടെ സാക്ഷ്യമാണ് ഇക്കാര്യത്തില്‍ നമുക്കു സഹായമായിട്ടുള്ളത്. ഇറണേവൂസ് നല്കുന്ന സാക്ഷ്യം, പത്രോസ് പ്രസംഗിച്ച കാര്യങ്ങള്‍ പത്രോസിന്‍റെ ശിഷ്യനും വ്യാഖ്യാതാവുമായിരുന്ന മര്‍ക്കോസ്, പത്രോസ്,പൗലോസ് ശീഹ്ലന്മാരുടെ മരണശേഷം നമുക്ക് എഴുതി നല്കി എന്നാണ്. മാര്‍സിയന്‍ വിരുദ്ധരേഖയനുസരിച്ച് പത്രോസിന്‍റെ മരണശേഷമാണ് മര്‍ക്കോസ് സുവിശേഷം എഴുതിയത്. എന്നാല്‍, അലക്സാണ്ട്രിയായിലെ വി. ക്ലെമന്‍റിന്‍റെ സാക്ഷ്യമനുസരിച്ച് പത്രോസിന്‍റെ മരണത്തിനുമുമ്പുതന്നെ മര്‍ക്കോസ് തന്‍റെ ഗ്രന്ഥം പൂര്‍ത്തിയാക്കുകയും പത്രോസ് ആ വിവരം അറിയുകയും ചെയ്തിരുന്നു. സുവിശേഷം എഴുതപ്പെട്ടത് പത്രോസിന്‍റെ മരണത്തിനു മുമ്പാണോ പിമ്പാണോ എന്ന കാര്യത്തില്‍ അങ്ങനെ പരസ്പരവിരുദ്ധമായ സാക്ഷ്യമാണ് നമുക്കുള്ളത്.നീറോയുടെ മതമര്‍ദ്ദനകാലത്ത് (64-68) 65-ാമാണ്ടിനോടു ചേര്‍ന്നാണ് പത്രോസ് രക്തസാക്ഷി മകുടം ചൂടുന്നത്. അദ്ദേഹത്തിന്‍റെ മരണത്തിനു തൊട്ടുമുമ്പോ, മരണശേഷമോ എഴുതപ്പെട്ട കൃതി എന്ന നിലയില്‍ 63-നും 68-നുമിടയ്ക്കുള്ള കാലഘട്ടത്തില്‍ സുവിശേഷം എഴുതപ്പെട്ടുവെന്നാണ് കൂടുതല്‍പേരും അനുമാനിക്കുന്നത് മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ സഹനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ലഭിക്കുന്ന ഊന്നല്‍ ഈ ഗ്രന്ഥം പീഡകളുടെകാലത്തു രചിക്കപ്പെട്ട കൃതിയാണെന്നു സൂചിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ എ.ഡി. 64-68 കാലഘട്ടത്തില്‍ നീറോയുടെ മതമര്‍ദ്ദനകാലത്താകാം ഈ സുവിശേഷം രചിക്കപ്പെട്ടത്. സഭാപിതാക്കന്മാരുടെ സാക്ഷ്യത്തെ അധികരിച്ചു നാം നടത്തിയ കാലഗണനയോട് (63-68) ചേര്‍ന്നു പോകുന്നതാണ് ഈ നിരീക്ഷണവും.
സാഹിത്യരൂപങ്ങള്‍
സുവിശേഷത്തില്‍ ഉപയോഗിച്ചിരിക്കുന്ന സാഹിത്യരൂപങ്ങളെ പ്രധാനമായും വിവരണമെന്നും പ്രസംഗങ്ങളെന്നും രണ്ടായി തരംതിരിക്കാമെങ്കിലും അവ നിരവധി ഉപസാഹിത്യരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഒരു ഗ്രന്ഥത്തിലുപയോഗിച്ചിരിക്കുന്ന സാഹിത്യരൂപങ്ങളെക്കുറിച്ച് വിശദമായി പഠിക്കുന്ന രൂപനിരൂപകര്‍ (Form Critics) മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ക്കാണുന്ന ഉപസാഹിത്യരൂപങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അവയില്‍ പ്രധാനമായവയെ പരിചയപ്പെടാം.
പ്രഖ്യാപനകഥകള്‍ (pronouncement stories): ആദിമസഭയ്ക്കു പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായി തോന്നിയ യേശുവിന്‍റെ ചില പ്രഖ്യാപനങ്ങള്‍ക്കോ പ്രസ്താവനകള്‍ക്കോ ഊന്നല്‍ നല്കുന്ന ചെറുവിവരണങ്ങളാണിവ. ഉദാഹരണം: പാപമോചനത്തെക്കുറിച്ചുള്ള പ്രഖ്യാപനം (2:5-10); പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം (2:16-17); ഉപവാസത്തെക്കുറിച്ചുള്ള പ്രഖ്യാപനം (2:18-20); സാബത്തിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ (2:23-26; 3:1-6). ഇത്തരത്തിലുള്ള പത്തൊമ്പതു കഥകളാണ് ഈ സുവിശേഷത്തിലുള്ളത്.
അത്ഭുതകഥകളാണു മറ്റൊരു പ്രധാന ഉപസാഹിത്യരൂപം. പശ്ചാത്തലവര്‍ണ്ണന, അത്ഭുത പ്രവൃത്തി, അത്ഭുതത്തിന്‍റെ ഫലം എന്നിവ ക്രമാനുഗതമായി വിശദീകരിക്കുന്നതാണ് ഓരോ അത്ഭുതകഥയും, മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ പതിനേഴ് അത്ഭുതകഥകളാണുള്ളത്. അവയില്‍ ചിലത്: സിനഗോഗിലെ പിശാചുബാധിതനെ സുഖപ്പെടുത്തുന്നത് (1:23-28); പത്രോസിന്‍റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്നത് (1:29-31); കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നത് (1:40-45) എന്നിവയാണ്. പ്രഖ്യാപനകഥകളില്‍ സ്ഥലകാലങ്ങളെക്കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ വിരളമാണ്. എന്നാല്‍ അത്ഭുതകഥകള്‍ അവ എപ്പോള്‍, എവിടെ സംഭവിച്ചെന്നും അത്ഭുതത്തിന്‍റെ വിശദാംശങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും വ്യക്ത മാക്കാറുണ്ട്.
യേശു കഥകള്‍: പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ, യേശുവിനെക്കുറിച്ചുള്ള കഥകളാണിവ. യേശുവിന്‍റെ ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ചുള്ള വ്യക്തവും വിശദവുമായ വര്‍ണ്ണനകള്‍ ഈ കഥകളില്‍ നമുക്കു കാണാം. ഒരുപക്ഷേ, മര്‍ക്കോസിനു പരമ്പരാഗതമായി കൈമാറിക്കിട്ടിയ കഥകള്‍ അതേപോലെതന്നെ തന്‍റെ സുവിശേഷത്തില്‍ മര്‍ക്കോസ് ഉള്‍പ്പെടുത്തിയിരിക്കുന്നതാകാം. ഈ സുവിശേഷത്തിലെ ഇരുപത്തൊമ്പതു കഥകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഉദാ: യേശുവിന്‍റെ ജ്ഞാനസ്നാനം (1:9-11); ആദ്യശിഷ്യരെ വിളിക്കുന്നു (1:16-20) സീറോ-ഫിനീഷ്യന്‍ സ്ത്രീ (7:24-30); രൂപാന്തരീകരണം (9:2-8); ജറുസലേത്തേയ്ക്കുള്ള രാജകീയ പ്രവേശം (11:1-11).
മര്‍ക്കോസിന്‍റെ രചനകള്‍: തനിക്കു ലഭിച്ച പാരമ്പര്യങ്ങളെ അധികരിച്ച് മര്‍ക്കോസുതന്നെ രൂപംകൊടുത്ത കഥകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. എന്നാല്‍ മുമ്പുകണ്ട യേശുകഥകളിലേതുപോലുള്ള വിശദാംശങ്ങളൊന്നും ഈ രചനകളില്‍ കാണുകയില്ല, മര്‍ക്കോസിന്‍റെ രചനകളെന്നു കരുതപ്പെടുന്നവയില്‍ പലതിലും ഒരു ആമുഖത്തോടു കൂടിയ സംഭാഷണമോ, യേശുവിന്‍റെ പ്രസ്താവനയോ മാത്രമേ ഉണ്ടാകാറുള്ളൂ. ഇത്തരത്തിലുള്ള പതിനെട്ടു രചനകള്‍ ഈ സുവിശേഷത്തില്‍ നാം കാണുന്നുണ്ട്. ഉദാഹരണത്തിന്, ശിഷ്യന്മാരെ അയക്കുന്നു (6:66-13); മൂന്നാം പീഡാനുഭവപ്രവചനം (10:32-34).
സംക്ഷിപ്ത റിപ്പോട്ടുകള്‍: ഒരു പ്രത്യേക കാലയളവില്‍ യേശു ചെയ്ത പ്രവര്‍ത്തനങ്ങളുടെ ചുരുക്കം വെളിപ്പെടുത്തുന്ന വാക്യങ്ങളെയാണ് സംക്ഷിപ്തറിപ്പോര്‍ട്ടുകള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കുറെ വിവരണങ്ങള്‍ നല്കിയശേഷം അവ ഉപസംഹരിക്കുന്നതിനോ അല്ലെങ്കില്‍ പുതിയ ഗണം വിവരണങ്ങള്‍ക്ക് ആമുഖമായോ ആണ് സംക്ഷ്പിത റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ചിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന സംക്ഷിപ്ത റിപ്പോര്‍ട്ടുകളുടെ പട്ടിക ഇവ മര്‍ക്കോസിന് എത്രമാത്രം പ്രധാനപ്പെട്ടവയായിരുന്നു എന്നു സൂചിപ്പിക്കുന്നു: 1:14; 21,28,39,45; 2:1.13;3:6,4:1, 33; 6:1, 6,7,12; 30,53,56; 7:1, 24,31:8; 1,10,22, 27; 9:2, 30,33,10:1,32,46; 11:1,11,12,15,19,20,27; 13:1,3; 14:1,3,12, 26,32, 53; 15:1.
ഉപമകളും സൂക്തങ്ങളും: ഈ വിഭാഗങ്ങളില്‍പ്പെട്ട കുറേഭാഗങ്ങള്‍ മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നമുക്കു കാണാനാകും. മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ അരുളുകള്‍ Q-വിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ തമ്മില്‍ വലിയ വ്യത്യാസം കാണുന്നതുകൊണ്ട് ഇവ രണ്ടും ഒരേ ഉറവിടത്തില്‍ നിന്നെടുത്തതാണെന്നു കരുതാന്‍ വയ്യ. ഒരുപക്ഷേ, റോമന്‍സഭയില്‍ ഉണ്ടായിരുന്നതും, ബോധനത്തിനായി ഉപയോഗിച്ചിരുന്നതുമായ യേശുസൂക്തങ്ങളുടെ കലവറയില്‍നിന്നു മര്‍ക്കോസ് കടംകൊണ്ടാതാകാം സുവിശേഷത്തില്‍ക്കാണുന്ന യേശുവിന്‍റെ അരുളപ്പാടുകള്‍. ഉപമകള്‍: വിതക്കാരന്‍റെ ഉപമ (4,2-9), വിത്തിന്‍റെ ഉപമ (4:26-29); കടുകുമണിയുടെ ഉപമ (4:30-32) യേശുവിന്‍റെ അരുളുപ്പാടുകള്‍ 4:21-25; 8:34-9:1; 9:37 -50; 13:28-37.
സുവിശേഷത്തിലെ രചനാസവിശേഷതകള്‍
രണ്ടാം സുവിശേഷം എഴുതപ്പെട്ടിരിക്കുന്നത് ഉന്നത നിലവാരത്തിലുള്ള ഗ്രീക്കുഭാഷയിലാണെന്നു ഗ്രീക്കുഭാഷാപണ്ഡിതര്‍ കരുതുന്നില്ല. അവരുടെ അഭിപ്രായത്തില്‍ ഈ സുവിശേഷത്തിലെ ഭാഷ, ഗ്രീക്കു സാഹിത്യകൃതികളെ അപേക്ഷിച്ചു മാത്രമല്ല, പുതിയനിയമത്തിലെതന്നെ പുസ്തകങ്ങളായ ലൂക്കായുടെ സുവിശേഷം, അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍, യാക്കോബിന്‍റെ ലേഖനം, ഹെബ്രായര്‍ക്കുള്ള ലേഖനം, പത്രോസിന്‍റെ ലേഖനങ്ങള്‍ എന്നിവയെ അപേക്ഷിച്ചും താഴ്ന്ന നിലവാരം പുലര്‍ത്തുന്ന ഒന്നാണ്. ലളിതമായ ഗ്രീക്കില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിലെ ഭാഷയ്ക്ക് അക്കാലത്തെ സംസാരഭാഷയുമായുള്ള സാദ്യശ്യവും പണ്ഡിതര്‍ എടുത്തുകാണിക്കുന്നു എങ്കിലും വായനക്കാരനെ ഹഠാദാകര്‍ഷിക്കുന്ന ചില രചനാസവിശേഷതകള്‍ ഈ സുവിശേഷത്തിനുണ്ടെന്നത് എല്ലാവരും സമ്മതിക്കുന്ന വസ്തുതയാണ്.
മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ രചനാസവിശേഷതകളില്‍ ഏറെ ശ്രദ്ധേയമായ ഒന്ന് സുവിശേഷകന്‍ അവലംബിക്കുന്ന വിവരണശൈലിയാണ്. ചില സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ വളരെ നിസ്സാരമായ വിശദാംശങ്ങള്‍പോലും നല്കുന്നതിലൂടെ ഒരു ദൃക്സാക്ഷി വിവരണത്തിന്‍റെ പ്രതീതിയാണ് മര്‍ക്കോസ് ജനിപ്പിക്കുന്നത്. വാക്കുകള്‍കൊണ്ട് അദ്ദേഹം ചിത്രം വരയ്ക്കുന്നു. യേശുവിന്‍റെ കാലത്തെ സംഭവങ്ങള്‍ നമ്മുടെ ഭാവനയില്‍ പുനര്‍ജനിപ്പിക്കാന്‍ പര്യാപ്തമാണ് മര്‍ക്കോസിന്‍റെ വിവരണ ശൈലി. ഉദാഹരണം: ലെഗിയോണ്‍ ആവേശിച്ച മനുഷ്യന്‍ (5:1-20) അവനെ ബന്ധിക്കാനും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളും അവന്‍റെ ഭീകരതയും അവന്‍ സ്വയമേല്പിക്കുന്ന മുറിവുകളുമൊക്കെ മര്‍ക്കോസ് മാത്രമാണ് കൃത്യമായി വിവരിക്കുന്നത്. മര്‍ക്കോസിന്‍റെ വിവരണത്തിന്‍റെ പ്രത്യേകത മനസ്സിലാകണമെങ്കില്‍ ഇതേ സംഭവം മത്തായി വിവരിക്കുന്നത് എങ്ങനെയാണെന്നു വായിച്ചുനോക്കിയാല്‍ മതി (മത്താ 8:28-34). വിശദാംശങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന മര്‍ക്കോസിന്‍റെ രചനാശൈലിയുടെ മറ്റൊരു ഉദാഹരണമാണ് അപസ്മാരം പിടിപെട്ട ബാലനെ സുഖപ്പെടുത്തുന്ന സംഭവം (മര്‍ക്കോ 9:14-29). പിശാച് ആ ബാലനെ പീഡിപ്പിക്കുന്നതിന്‍റെയും വായില്‍നിന്ന് അവന്‍ നുരയും പതയും പുറപ്പെടുവിക്കുന്നതിന്‍റെയുമൊക്കെ ഒരു യഥാര്‍ത്ഥചിത്രം മര്‍ക്കോസ് വിവരിക്കുമ്പോള്‍ മത്തായി പല വിശദാംശങ്ങളും വിട്ടുകളയുന്നു (മത്താ 17:14-21). എന്‍റെ വിശ്വാസക്കുറവിനെ പരിഗണക്കണമേയെന്ന കുട്ടിയുടെ പിതാവിന്‍റെ ഹൃദയസ്പര്‍ശിയായ പ്രാര്‍ത്ഥന മര്‍ക്കോസ് മാത്രമാണു രേഖപ്പെടുത്തുന്നത്. എന്നാല്‍ മത്തായി വിട്ട്കളയുന്ന വിശദാംശങ്ങളില്‍ ചിലതാണ് അന്ത്യത്താഴ മുറിയുടെ വിവരണം (മര്‍ക്കോ 14:13), ബറാബാസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ (മര്‍ക്കോ 15:5), യേശുവിനെ പരിഹാസരാവനായുള്ള ചിത്രീകരണം (മര്‍ക്കോ 15:20) എന്നിവ.
നമ്മെപ്പോലെത്തന്നെ വികാരവിചാരങ്ങളുള്ള ഒരു പച്ചമനുഷ്യനായിട്ടാണ് യേശുവിനെയും മര്‍ക്കോസ് ചിത്രീകരിക്കുന്നത്: അനുകമ്പയുള്ള (1:41) കാര്‍ക്കശ്യം കാണിക്കുന്ന (1:43) വിസ്മയിക്കുന്ന (6:5), നെടുവീര്‍പ്പുടുന്ന (8:12) കോപിക്കുന്ന (10:14), സ്നേഹിക്കുന്ന (10:21), ശിഷ്യനെ സാത്താന്‍ എന്നു വിളിക്കുന്ന (8:33) ഒരു പച്ചമനുഷ്യന്‍. ശിഷ്യന്മാരുടെയും മാനുഷികമുഖം വരച്ചുകാണിക്കാന്‍ മര്‍ക്കോസിനു മടിയില്ല: അവര്‍ യേശുവിനെ നീരസത്തോടെ അന്വേഷിക്കുന്നവരാണ് (1:36); യേശുവിനെ തെറ്റിദ്ധരിക്കുന്നവരാണ് (3:21); വിശ്വാസമില്ലാത്തവരാണ് (4:40); കഠിനഹൃദയരാണ് (6:52); ഹൃദയം മനീഭവിച്ചവരാണ് (8:17); ഗ്രഹണശക്തിയില്ലാത്തവരാണ് (8:21); പ്രാര്‍ത്ഥനയില്ലാത്തവരാണ് (9:29); അഹങ്കാരികളാണ് (9:34); അസൂയക്കാരാണ് (9:38); കുട്ടികളെ പരിഗണിക്കാത്തവരാണ് (10:13); സ്ഥാനമോഹികളാണ് (10:37) പ്രതിസന്ധിഘട്ടത്തില്‍ ഗുരുവിനെ ഉപേക്ഷിച്ച് ഓടിപ്പോയവരാണ് (14:50); അവരില്‍ ഗുരുവിനെ ഒറ്റികൊടുത്തവനും (14:43-46) തള്ളിപ്പറഞ്ഞവനുമുണ്ട് (15:66-72); യേശുവിന്‍റെ ഉത്ഥാനത്തിനുശേഷവും അവര്‍ വിശ്വാസരഹിതരും കഠിനഹൃദയരുമായിരുന്നു.
സംഭവങ്ങളോരോന്നും വിശദമായി വിവരിക്കുന്നതുപോലെതന്നെ അവ ധ്രുതഗതിയില്‍ ഒന്നിനു പിറകെ ഒന്നായി സംഭവിക്കുന്നുവെന്ന മട്ടില്‍ വിവരിക്കുന്നതും മര്‍ക്കോസിന്‍റെ പ്രത്യേകതയാണ്. ചടുലനീക്കങ്ങളാണ് ഈ സുവിശേഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. യേശുവിന്‍റെ പ്രബോധനങ്ങളേക്കാള്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് സുവിശേഷത്തിന്‍റെ ആദ്യ ഭാഗത്തു പ്രത്യേകിച്ചും മര്‍ക്കോസ് ഊന്നല്‍ നല്കുന്നതെന്നതും ഇതോടൊപ്പം നാം കൂട്ടിവായിക്കണം യേശുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്ഷിപ്രവേഗത്തില്‍ സംഭവിക്കുന്നുവെന്നു മര്‍ക്കോസ് സൂചിപ്പിക്കുന്നത് ഉടനെ തന്നെ പെട്ടെന്ന് എന്നൊക്കെ അര്‍ത്ഥം വരുന്ന യൂത്തുസ് എന്ന വാക്ക് നിര്‍ലോപം ഉപയോഗിച്ചുകൊണ്ടാണ്. 42 തവണയാണ് മര്‍ക്കോസ് ഈ വാക്ക് ഉപയോഗിക്കുന്നത് (മത്തായിയില്‍ 7 തവണയും ലൂക്കായില്‍ ഒരു തവണയും മാത്രമാണ് ഈ വാക്ക് കാണുന്നത്).
പരസ്യജീവിതത്തിനിടയ്ക്ക് യേശു ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ശരവേഗത്തില്‍ എത്തി പ്രവര്‍ത്തനനിരതനാവുകയും ദിവസങ്ങള്‍ പാഞ്ഞുപോകുകയും ചെയ്യുകയാണെങ്കില്‍ പീഡാനുഭവവിവരണമാരംഭിക്കുന്നതോടെ അവിടത്തെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും അത് ഏതാനും ദിവസങ്ങളിലേക്കു ചുരുങ്ങുകയും (11:11-12, 19; 14:1,12,17; 15:1,42) പ്രവര്‍ത്തനരംഗം ജറുസലേം മാത്രമായി പരിമിതപ്പെടുകയും ചെയ്യുന്നു. അവിടുത്തെ ജീവിതം നിസ്സഹായമായ ഏതാനും മണിക്കൂറുകളിലേക്കു ചുരുങ്ങുന്നതാണ് ഒടുവില്‍ നാം കാണുന്നത് (15:1,25,33, 34). യേശുവിന്‍റെ ജീവിതത്തില്‍ ആദ്യം ഉണ്ടായിരുന്ന ശക്തിയും ഒടുവിലുണ്ടായ നിസ്സഹായതയും മര്‍ക്കോസ് ഏറ്റവും ക്യത്യമായും ശക്തമായും അവതരിപ്പിക്കുന്നതാണ് നാമിവിടെ കാണുന്നത്.
മര്‍ക്കോസിന്‍റെ സുവിശേഷ രചനയിലെ എടുത്തു പറയത്തക്ക മറ്റൊരു സവിശേഷതയാണ് സുവിശേഷകന്‍ ഉപയോഗിച്ചിരിക്കുന്ന സാന്‍ഡ്വിച്ച് എന്ന രചനാ സങ്കേതം. ഒരു കഥയുടെയിടയ്ക്ക് മറ്റൊരു കഥവിവരിക്കുന്ന രീതിയാണത്. ഉദാഹരണം: 3:20-21 (22-30) 31:35; 5:21 -24(25-34) 35-43; 6:7-13 (14-29) 30-32; 11:12-14 (15-19) 20-26; 14:1-2 (3-9) 10-11; 14:10-11 (12-16) 17-21 (22-25); 14:54 (55-65) 66-72. ഈ കഥകള്‍ പരസ്പരം വ്യാഖ്യാനിക്കാന്‍ സഹായിക്കുന്നതാകാം. അല്ലെങ്കില്‍ 2 കഥാപാത്രങ്ങളോ സംഭവങ്ങളോ തമ്മിലുള്ള വൈരുദ്ധ്യം വ്യക്തമാക്കുന്നതുമാകാം.
സമാനസംഭവങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ദീര്‍ഘമായ ഒരു വിവരണത്തെ ഉള്‍ക്കൊള്ളിക്കുന്ന രീതിയും മര്‍ക്കോസില്‍ നാം കാണുന്നു. ഉദാഹരണത്തിന് 8:27 മുതല്‍ 10:45 വരെയുള്ള ദീര്‍ഘമായ ഭാഗത്തിന്‍റെ ആരംഭത്തിലും (8:22-26) അവസാനത്തിലും (10:46-52) നാം കാണുന്നത് യേശു അന്ധര്‍ക്ക് കാഴ്ച നല്കുന്ന ഭാഗമാണ്. അതുപോലെതന്നെ പീഢാനുഭവവിവരണം (14:11-15:39) ആരംഭിക്കുന്നതും 14:3-9 അവസാനിക്കുന്നതും 15:40-16:8 സ്ത്രീകള്‍ അവിടുത്തേക്കു നല്കുന്ന സ്നേഹശുശ്രൂഷയുടെ വിവരണത്തോടെയാണ്.
ഒരു കാര്യം മൂന്നുതവണ ആവര്‍ത്തിക്കുക എന്നതും മര്‍ക്കോസ് ഉപയോഗിക്കുന്ന മറ്റൊരു രചനാസാങ്കേതമാണ്. ഉദാ: മൂന്നു പീഢാനുഭവ പ്രവചനങ്ങള്‍ (8:31; 9:31; 10:33-34); ഗത്സെമനിയില്‍ യേശു മൂന്നു തവണ ശിഷ്യരുടെയടുത്തേക്കു വരുന്നു (14:32-42) പത്രോസ് മൂന്നു തവണ ഗുരുവിനെ നിഷേധിക്കുന്നു (14:66-72). ഈ സംഭവങ്ങള്‍ വായനക്കാരുടെ മനസ്സില്‍ പതിപ്പിക്കുന്നതിനാണ് മര്‍ക്കോസ് ആവര്‍ത്തനമെന്ന സങ്കേതം ഉപയോഗിക്കുന്നത്.
മേല്‍പ്പറഞ്ഞ സവിശേഷതകളെല്ലാം മര്‍ക്കോസ് തന്‍റെ രചനയില്‍ സ്വന്തമായി ഉള്‍ച്ചേര്‍ത്തതാണെന്നും മര്‍ക്കോസിന്‍റെ രചനാവൈഭവമാണ് അവ വ്യക്തമാക്കുന്നതെന്നും ചില പണ്ഡിതരെങ്കിലും വിശ്വസിക്കുന്നില്ല. അവയില്‍ പലതും (ഉദാഹരണത്തിന്, വിവരണങ്ങളിലെ വിശദാംശങ്ങള്‍, യേശുവിന്‍റെയും ശിഷ്യരുടെയും മാനുഷികഭാവങ്ങളുടെ വിവരണം) മര്‍ക്കോസിനു ലഭിച്ച പാരമ്പര്യങ്ങളില്‍ത്തന്നെ ഉണ്ടായിരുന്നവയാണെന്നാണ് അവരുടെ പക്ഷം. മാത്രവുമല്ല, മര്‍ക്കോസ് സ്വന്തമായി രചിച്ചവയെന്നു കരുതപ്പെടുന്ന ഭാഗങ്ങളില്‍ (ഉദാ: അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു (3:13-19), ഉപമകളുടെ ഉദ്ദേശ്യം (4:10-12), ശിഷ്യന്മാരെ അയക്കുന്നു (6:6-13), ഹേറോദോസിന്‍റെ ഭയാശങ്ക (6,14-16) ഈ സവിശേഷതകള്‍ തുലോം കുറവാണെന്നതും തങ്ങളുടെ നിലപാടിന് ഉപോത്ബലകമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.
യേശുവിനെക്കുറിച്ചുള്ള കഥയാണ് മര്‍ക്കോസ് വിവരിക്കുന്നത്. അതിലെ രചനാസവിശേഷതകള്‍ യേശുകഥയെ കൂടുതല്‍ മനോജ്ഞവും സുഗ്രാഹ്യവുമാക്കിത്തീര്‍ക്കുന്നു. വായനക്കാരന്‍ ആ കഥയില്‍ ലയിച്ചിരിക്കുന്നവനാണ്. അതിലെ സങ്കേതങ്ങള്‍ മര്‍ക്കോസില്‍ നിന്നുതന്നെയാണോ അതോ അദ്ദേഹം ഉപയോഗിച്ച പാരമ്പര്യങ്ങളിലുണ്ടായിരുന്നതാണോ എന്നത് വായനക്കാരനെ സംബന്ധിച്ചിടത്തോളം അപ്രസ്ക്തമാണ്.
മര്‍ക്കോസിന്‍റെ ദൈവശാസ്ത്രം
ദൈവരാജ്യം
മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ ഒരു പ്രധാനപ്പെട്ട പ്രമേയമാണ് ദൈവരാജ്യം. യേശുവിന്‍റെ പ്രഘോഷണത്തിന്‍റെ കാതല്‍ ദൈവ രാജ്യമായിരുന്നു (1:15). യേശുവിന്‍റെ ഉപമകളുടെ വിഷയവും മറ്റൊന്നല്ല. യേശുവിന്‍റെ അത്ഭുതങ്ങള്‍ ദൈവരാജ്യത്തിന്‍റെ മുന്നാസ്വാദനങ്ങളും ആവിഷ്കാരങ്ങളുമായിരുന്നു. മെസിയാനിക വിരുന്നിന്‍റെ കാലിക പ്രതിഫലനങ്ങളായിരുന്നു, യേശു ചുങ്കക്കാരോടും പാപികളോടുമൊപ്പം പങ്കിട്ട വിരുന്നുകള്‍.
മര്‍ക്കോസിന്‍റെ വീക്ഷണത്തില്‍ ദൈവരാജ്യമെന്നത് പ്രഥമവും പ്രധാനവുമായി ദൈവത്തിന്‍റെ ഭരണത്തെ/വാഴ്ചയെ ആണു സൂചിപ്പിക്കുന്നത്. യേശുവിന്‍റെ വരവോടെ ആരംഭിക്കുന്നതും (ലൂക്കാ 7:18-23; 10:23; 11:20-31) എന്നാല്‍ പൂര്‍ത്തായാകാനുള്ളതുമായ ഒരു ഭാവിയാഥാര്‍ത്ഥ്യമായാണ് (14:25; ലൂക്കാ 11:2) ദൈവരാജ്യത്തെ സുവിശേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ സവിശേഷമായ ഊന്നല്‍ ദൈവരാജ്യം ഉടനെ സംസ്ഥാപിക്കപ്പെടാനിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് എന്ന ആശയ ത്തിനാണ്. ദൈവരാജ്യത്തിന്‍റെ ഭാവിമാനത്തെ ദ്യോതിപ്പിക്കുന്നതാണ് "ദൈവരാജ്യം സമീപിച്ചിരിക്കുന്നു" (1:15) എന്ന പ്രഘോഷണവും ദൈവരാജ്യത്തിന്‍റെ ശക്തമായ ആഗമനത്തെക്കുറിച്ചുള്ള 9:1-ലെ പരാമര്‍ശവും. ദൈവരാജ്യത്തെക്കുറിച്ചുള്ള മര്‍ക്കോസിലെ ഉപമകള്‍ (4:3-9; 4:26-29; 4:30-32) ദൈവരാജ്യം വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണെന്നു സൂചിപ്പിക്കുന്നവയാണെങ്കിലും ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള യേശുവിന്‍റെ പ്രബോധനങ്ങള്‍ (9:47; 10:15,23) ദൈവരാജ്യമെന്നത് ഒരു വര്‍ത്തമാന കാലയാഥാര്‍ത്ഥ്യമാണെന്ന അര്‍ത്ഥത്തിലും മനസ്സിലാക്കാനാകും. എന്നാല്‍ "ദൈവരാജ്യത്തില്‍ നവമായി പാനംചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഞാന്‍ കുടിക്കുകയില്ല"(14:22) എന്ന വാക്യവും അരിമത്തെയാക്കാരന്‍ ജോസഫ് ദൈവരാജ്യം "പ്രതീക്ഷിക്കുന്നവനാ"യിരുന്നു എന്ന പരാമര്‍ശവും ദൈവരാജ്യത്തിന്‍റെ ഭാവിമാനത്തെ അടിവരയിടുന്നതാണ്. ചെറിയ വെളിപാടെന്നറിയപ്പെടുന്ന മര്‍ക്കോസിലെ 13-ാം അധ്യായം യേശുവിന്‍റെ രണ്ടാം വരവിനു കൊടുക്കുന്ന ഊന്നലും ദൈവരാജ്യത്തിന്‍റെ യുഗാന്ത്യസ്വഭാവത്തെ സ്ഥിരീകരിക്കുന്നു.
ക്രിസ്തുവിജ്ഞാനീയം
മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ ക്രിസ്തുശാസ്ത്രം ഏറ്റവുമധികം വെളിപ്പെടുന്നത് യേശുവിനെക്കുറിക്കാന്‍ മര്‍ക്കോസ് ഉപയോഗിക്കുന്ന നാമങ്ങളിലും സ്ഥാനപ്പേരുകളിലുമാണ്. അവയെക്കുറിച്ച് ചുരുക്കമായി പ്രതി പാദിക്കാം.
ദൈവപുത്രന്‍: മര്‍ക്കോസിന്‍റെ ക്രിസ്തു വിക്ജ്ഞാനീയത്തിലെ അടിസ്ഥാന പ്രബോധനം യേശു ദൈവപുത്രനാണ് എന്നതാണ്. സുവിശേഷം ആരംഭിക്കുന്നതുതന്നെ യേശു ക്രിസ്തു ദൈവപുത്രനാ ണെന്ന സത്യം പ്രഖ്യാപിച്ചുകൊണ്ടാണ് (1:1). യേശുവിന്‍റെ മരണസമയ ത്തും ഈ സത്യം അനിഷേധ്യമാംവിധം പ്രഖ്യാപിക്കപ്പെടുന്നു, വിജാതിയ നായ ശതാധിപന്‍റെ വാക്കുകളിലൂടെ: "സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു" (15:39). മറ്റുമൂന്നു തവണകൂടി ഈ സംജ്ഞ യേശുവുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്നുണ്ട്. അതില്‍ രണ്ടു തവണയും അശുദ്ധാത്മാക്കളാണ് യേശുവിന്‍റെ ദൈവപുത്രത്വം ഏറ്റുപറയുന്നത് (3:11; 5:7). സ്വാഭാവിക തലത്തിനു മുകളിലുള്ളവര്‍ എന്ന നിലയില്‍ അശുദ്ധാത്മാക്കള്‍ക്ക് യേശുവിന്‍റെ വ്യക്തിത്വം മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് യേശുവിനെ ദൈവപുത്രനായി അവര്‍ ഏറ്റു പറയുന്നത്. എന്നാല്‍ സ്വാഭാവികതലത്തിലുള്ള ശിഷ്യന്മാരുള്‍പ്പെടെ യുള്ള മനുഷ്യര്‍ക്ക് യേശുവിന്‍റെ ദൈവപുത്രത്വം ഗ്രഹിക്കാന്‍ സാധി ക്കുന്നില്ല. 14:61-ല്‍ കയ്യാഫാസ് ഉന്നയിക്കുന്ന ചോദ്യവും യേശു ദൈവപുത്രനായ മിശിഹായാണോ എന്നതാണ്. "ഞാന്‍ തന്നെ" എന്ന യേശുവിന്‍റെ ഉത്തരം (14:62) അവിടുത്തെ ദൈവപുത്രത്വത്തിന് അടിവര യിടുന്നു. ഇവയ്ക്കു പുറമേ യേശുവിന്‍റെ ദൈവപുത്രത്വം "ദൈവപുത്രന്" എന്ന പദപ്രയോഗം കൂടാതെതന്നെ വ്യക്തമാക്കപ്പെടുന്ന മറ്റു മൂന്നു ഭാഗങ്ങളും മര്‍ക്കോസിന്‍റെ സുവിശേഷത്തിലുണ്ട്: (1) യേശുവിന്‍റെ മാമ്മോദീസാവേളയില്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് (പിതാവിന്‍റെ) സ്വരം മുഴങ്ങുന്നു: "നീ എന്‍റെ പ്രിയ പുത്രന്‍"(1:11) (2) ( രൂപാന്തരീകരണ വേളയില്‍ മേഘത്തില്‍നിന്ന് (ദൈവപിതാവിന്‍റെ) സ്വരം പുറപ്പെട്ടു: "ഇവന്‍ എന്‍റെ പ്രിയ പുത്രന്‍" (9:7) (3) മനുഷ്യപുത്രന്‍റെ ആഗമന ദിവസത്തെക്കുറിച്ച് ദൈവത്തിനല്ലാതെ "പുത്രനുപോലുമോ" അറിഞ്ഞു കൂടാ എന്ന പ്രയോഗത്തില്‍ യേശു തന്‍റെതന്നെ ദൈവപുത്രത്വത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.
മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ യേശുവിന്‍റെ ദൈവത്വം അവിടുത്തെ ആധികാരികമായ പ്രബോധനങ്ങളിലും അധികാരപൂര്‍ണ്ണമായ അത്ഭുതപ്രവര്‍ത്തനങ്ങളിലും പ്രത്യേകിച്ച് അശുദ്ധാത്മാക്കളുടെ മേലുള്ള അധികാരത്തിലും വ്യക്തമാണ്. ശക്തനായ ഈ ദൈവം പക്ഷേ, പച്ച മനുഷ്യനുമാണ്: മനുഷ്യരുടെ കാപട്യത്തിനുമുന്നില്‍ ക്രോധവും അവരുടെ ഹൃദയകാഠിന്യത്തിനുമുന്നില്‍ ദുഃഖവും അവനുണ്ടാകുന്നു (3:5); മനുഷ്യരുടെ അവിശ്വാസം അവനെ ആശ്ചര്യപ്പെടുത്തുന്നു (6:6); ശിഷ്യന്മാരുടെ നിലപാടുകള്‍ അവനെ ദേഷ്യം പിടിപ്പിക്കുന്നു (10:14); മനുഷ്യനെന്ന നിലയില്‍ അവന്‍റെ അറിവുകള്‍ക്കും പരിമിതിയുണ്ട് (13:32); തന്‍റെ ഭീകരമരണം അങ്ങനെ തീവ്രദുഃഖത്തിലാഴ്ത്തുന്നു (14:33); അനീതികളുടെ മുന്നില്‍ അവന്‍ നിശബ്ദനാണ് (14:60; 15:4). അപമാനത്തിനു മുന്നിലും അവനെത്തന്നെ (14:65; 15:16-20). പൂര്‍ണ്ണ മനുഷ്യനായ യേശു പക്ഷേ സത്യദൈവവുമാണ്. എന്നാല്‍ അവന്‍ മറഞ്ഞിരിക്കുന്ന ദൈവമാണ്. എങ്കിലും വിശ്വസിക്കുന്നവര്‍ക്ക് അവന്‍റെ ദൈവത്വം അവന്‍റെ വാക്കുകളിലും ചെയ്തികളിലും വ്യക്തിത്വത്തിലും ദര്‍ശിക്കാനാകും.
ക്രിസ്തു: "ക്രിസ്തോസ്" എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് ക്രിസ്തു എന്ന വാക്ക് വരുന്നത്. അഭിഷിക്തന്‍ എന്നര്‍ത്ഥമുള്ള മസിയാഹ് എന്ന ഹീബ്രുപദത്തിന്‍റെ പരിഭാഷയാണ് ക്രിസ്തോസ്. പഴയനിയമത്തില്‍ പുരോഹിതന്മാരും പ്രവാചകന്മാരും രാജാക്കന്മാരും അഭിഷേകം ചെയ്യപ്പെട്ടിരുന്നു. തന്‍റെ സുവിശേഷത്തിന്‍റെ ആരംഭത്തില്‍തന്നെ "ക്രിസ്തു"വെന്നത് യേശുവിന്‍റെ വ്യക്തിനാമമായിരുന്നാലെന്നപോലെ യേശുവെന്ന പേരിനോട് ചേര്‍ത്ത് മര്‍ക്കോസ് ഉപയോഗിക്കുന്നു. 8:29; 9:41; 12:35; 13:21; 14:61; 15:32 എന്നീ ഭാഗങ്ങളിലാണ് ക്രിസ്തു എന്ന വാക്കിന്‍റെ ഏറ്റവും ശ്രദ്ധേയമായ ഉപയോഗം നാം കാണുന്നത്. യേശുവിന്‍റെ പീഡാസഹനത്തിന്‍റെയും മരണത്തിന്‍റെയും പശ്ചാത്തലത്തിലാണിത്. പത്രോസ് യേശുവിന്‍റെ മിശിഹാത്വം ഏറ്റുപറയുന്ന അവസരത്തില്‍തന്നെ (8:29) യേശു തന്‍റെ പീഢാനുഭവത്തെക്കുറിച്ചുള്ള ഒന്നാമത്തെ പ്രവചനം നടത്തുന്നു. നീ ക്രിസ്തുവാണോ എന്ന് പ്രധാന പുരോഹിതന്‍ ചോദിക്കുന്നതും യേശുവിന്‍റെ വിചാരണവേളയിലാണ് (16:61). ആ ചോദ്യത്തിനുത്തരമായി യേശു തന്‍റെ മിശിഹാത്വം പ്രഖ്യാപിക്കുകയും ചെയ്യുന്നു (14:62). പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും യേശുവിനെ മിശിഹായെന്നു വിളിച്ചു പരിഹസിക്കുന്നതും യേശു കുരിശില്‍ കിടക്കുമ്പോഴാണ് (15:32). ക്രിസ്തു എന്ന പേര് യേശുവിന്‍റെ പീഢാസഹനത്തോടു ബന്ധപ്പെടുത്തി ഉപയോഗിക്കുന്നതിലൂടെ യേശുവിന്‍റെ മിശിഹാത്വത്തിന്‍റെ അവിഭാജ്യഭാഗമാണു സഹനമെന്നും കുരിശെന്ന രഹസ്യം ഒഴിവാക്കി യേശുവിന്‍റെ മിശിഹാത്വം മനസ്സിലാക്കാനാവില്ലെന്നും മര്‍ക്കോസ് പഠിപ്പിക്കുന്നു.
മിശിഹാരഹസ്യം
മര്‍ക്കോസിന്‍റെ ക്രിസ്തു വിജ്ഞാനീയത്തിന്‍റെ ഒരു പ്രധാന പ്രമേയമാണ് മിശിഹാ രഹസ്യം. വില്യം റേസെ എന്ന ജര്‍മ്മന്‍ ബൈബിള്‍ പണ്ഡിതന്‍ 1901 ല്‍ "സുവിശേഷങ്ങളിലെ മിശിഹാ രഹസ്യം" എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് ഈ സങ്കല്‍പം വ്യാപകമായി പ്രചാരത്തിലായത്. തന്‍റെ മിശിഹാത്വത്തെക്കുറിച്ച് യേശു പുലര്‍ത്തുന്ന രഹസ്യാത്മകത സുവിശേഷ പഠിതാക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. തന്‍റെ ദൈവത്വം വെളിപ്പെടുത്താന്‍ തുനിയുന്ന അശുദ്ധാത്മാക്കളെ യേശു നിശബ്ദരാക്കുന്നു (1:25-34; 3:11-12). പല അത്ഭുതങ്ങള്‍ക്കുശേഷവും അതേപ്പറ്റി ആരോടും പറയരുതെന്ന് യേശു നിഷ്കര്‍ഷിക്കുന്നുണ്ട് (1:44; 5:43; 7:36; 8:26). യേശുവിന്‍റെ മിശിഹാത്വം പത്രോസ് ഏറ്റു പറഞ്ഞയുടനെ തന്നെക്കുറിച്ച് ആരോടും പറയരുതെന്ന യേശുവിന്‍റെ നിര്‍ദ്ദേശം (8:29-30) സവിശേഷമായ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. തന്‍റെ രൂപാന്തരീകരണം കണ്ട ശിഷ്യന്മാരോടും യേശു ആവശ്യപ്പെടുന്നത് അവര്‍ കണ്ടകാര്യങ്ങള്‍ ആരോടും പറയരുതെന്നാണ് (9:9).
തന്നെക്കുറിച്ചും തന്‍റെ അത്ഭുതങ്ങളെക്കുറിച്ചും രഹസ്യാത്മകത പുലര്‍ത്താന്‍ വ്യക്തമായി നിര്‍ദ്ദേശിക്കുക മാത്രമല്ല, പൊതുജന ശ്രദ്ധയില്‍നിന്നു മാറിനില്‍ക്കാന്‍ യേശു മനഃപൂര്‍വ്വം ശ്രദ്ധിക്കുന്നതായിത്തോന്നുന്ന സന്ദര്‍ഭങ്ങളും സുവിശേഷത്തിലുണ്ട് (7:24; 9:30). കൂടാതെ, പല പ്രബോധനങ്ങളും ശിഷ്യന്മാര്‍ക്ക് സ്വകാര്യമായി നല്‍കാനും യേശു ശ്രദ്ധിക്കുന്നു (4:10-12; 7:17-23; 8:31; 9:28; 9:31; 10:33; 13:3-37). ഇതിനു റേഡെ നല്കുന്ന വിശദീകരണം ശ്രദ്ധേയമാണ്. യേശു, മിശിഹായാണെന്ന് ആദിമസഭ വിശ്വസിച്ചു. എന്നാല്‍, താന്‍ മിശിഹായാണെന്ന് യേശു തന്‍റെ ജീവിതത്തില്‍ ഒരിക്കലും അവകാശപ്പെട്ടുമില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ സുവിശേഷകന്‍ കണ്ടെത്തിയ ഉത്തരമാണ് ചരിത്ര പുരുഷനായ യേശു തന്‍റെ മിശിഹാത്വം മറച്ചുവച്ചു എന്നത്. ഈ വസ്തുത സ്ഥാപിക്കാനായി തന്നെ വെളിപ്പെടുത്തരുതെന്ന് യേശു നിര്‍ദ്ദേശിക്കുന്ന കഥകള്‍ അവര്‍ എഴുതിയുണ്ടാക്കുകയും ചെയ്തു. എന്നാല്‍, റേഡെയുടെ ഈ നിലപാടിനെ പിന്നീടുള്ള പല പണ്ഡിതന്മാരും വിമര്‍ശിക്കുകയാണുണ്ടായത്. പരസ്യജീവിതകാലത്തുതന്നെ യേശുവിനെ മിശിഹായായി പ്രഘോഷിക്കുകയില്ലായിരുന്നുവെന്നും; യേശുവിനു ലഭിച്ച കുരിശുമരണമെന്ന ശിക്ഷതന്നെ അവന്‍റെമേലുള്ള കുറ്റം അവന്‍ മിശിഹായാണെന്നവകാശപ്പെടുന്നതാണെന്ന് തെളിയിക്കുന്നുവെന്നും ഈ പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനം, കുരിശിലെ ഫലകത്തില്‍ എഴുതിവയ്ക്കപ്പെട്ട വാചകം, ജറുസലേമിലേയ്ക്കുള്ള രാജകീയ പ്രവേശം സാന്‍ഹെദ്രിന്‍റെ മുന്നിലെ വിചാരണ എന്നിവയും യേശുവിന്‍റെ മിശിഹാത്വത്തെ വ്യക്തമാക്കുന്നു എന്നതിന് സംശയമില്ല.
യേശു തന്‍റെ മിശിഹാത്വം വെളിപ്പെടുത്തിയിരുന്നെങ്കില്‍ അത് അക്കാലത്തെ പല യഹൂദവിഭാഗങ്ങളെയും റോമിനെതിരെ കലാപം നടത്താന്‍ പ്രേരിപ്പിക്കുമെന്ന് യേശു അറിഞ്ഞിരുന്നതുകൊണ്ടാണ് തന്‍റെ മിശിഹാത്വം അവിടുന്ന് വെളിപ്പെടുത്താതിരുന്നതെന്നു ചിന്തിക്കുന്നവരുമുണ്ട്. യഹൂദരുടെ മിശിഹായെ റോമാക്കാര്‍ എത്രയും വേഗം ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുമായിരുന്നു. എങ്കിലും തന്‍റെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് യേശു തന്‍റെ മിശിഹാത്വം വെളിപ്പെടുത്താതിരുന്നതെന്ന് കരുതാന്‍വയ്യ.
മിശിഹാരഹസ്യത്തിന് ഇന്ന് ഏറെപേര്‍ നല്‍കുന്നതും ഏറ്റവും സ്വീകാര്യവുമായ വിശദീകരണം മറ്റൊന്നാണ്. സുവിശേഷത്തിന്‍റെ ആരംഭം മുതല്‍ത്തന്നെ യേശുതന്നെയാണ് മിശിഹായെന്ന് വായനക്കാരനറിയാം (1:1). എന്നാല്‍, യേശു എങ്ങനെയുള്ള ഒരു മിശിഹായാണെന്നതാണ് വായനക്കാരന് മനസ്സിലാക്കാനുള്ളത്. മിശിഹായെക്കുറിച്ചുള്ള രഹസ്യം അവന്‍ സഹിക്കുന്ന ദൈവപുത്രനാണെന്നതാണ്. ഈ രഹസ്യം പൂര്‍ണ്ണമായി വെളിപ്പെടുന്നത്, "ഈ മനുഷ്യന്‍ സത്യമായും ദൈവപുത്രനായിരുന്നു"(15:39) എന്ന ശതാധിപന്‍റെ പ്രഖ്യാപനത്തിലാണ്. സഹിക്കുന്ന ദൈവപുത്രനായ മിശിഹായെക്കുറിച്ചുള്ള വെളിപാട് യഹൂദ ജനതയ്ക്ക് അസ്വീകാര്യമായിരുന്നു. മഹത്വപൂര്‍ണ്ണനായ ഒരു രാജാവായിട്ടായിരിക്കാം പത്രോസ്പോലും മിശിഹായെ പ്രതീക്ഷി ച്ചിരുന്നത്. അതുകൊണ്ടാണ് യേശുവിന്‍റെ മിശിഹാത്വം പ്രഖ്യാപിച്ച പത്രോസിനോട് തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് യേശു നിഷ്കര്‍ഷിച്ചത് (8:30). തുടര്‍ന്ന് ഒന്നാം പീഡാനുഭവപ്രവചനം നടത്തുന്നതിലൂടെ (8:31) തന്‍റെ മിശിഹാത്വത്തിന്‍റെ യഥാര്‍ത്ഥസ്വഭാവം യേശു വെളിപ്പെടുത്തുകയും ചെയ്യുന്നു. സഹിക്കുന്ന ഒരു മിശിഹായെ അവന്‍റെ കുരിശിന്‍റെവഴിയില്‍ അനുഗമിക്കാന്‍ തയ്യാറുണ്ടോ എന്നതാണ് മിശിഹാരഹസ്യം ഉന്നയിക്കുന്ന കാതലായ ചോദ്യം.
മനുഷ്യപുത്രന്‍
അപ്പ 7:56 ഒഴിവാക്കിയാല്‍, "മനുഷ്യപുത്രന്" എന്ന പദം പുതിയ നിയമത്തില്‍ സുവിശേഷങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. മര്‍ക്കോസ് ഈ പദം 14 തവണ ഉപയോഗിക്കുന്നു (2:10-28; 8:31-38; 9:9,12,31; 10:33-45; 13:26; 14:21 രണ്ടുതവണ; 14:41-62). പഴയനിയമത്തില്‍ എസക്കിയേലിന്‍റെ പുസ്തകത്തിലും (2:1,3,6,8) സങ്കീര്‍ത്തനങ്ങളിലും (8:4) മനുഷ്യപുത്രന്‍ എന്ന വാക്ക് "മനുഷ്യന്" എന്നതിനു പര്യായമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ദാനിയേല്‍ 7:13-14 ല്‍ പ്രത്യക്ഷപ്പെടുന്ന വാനമേഘങ്ങളോടുകൂടി വരുന്ന "മനുഷ്യപുത്രനെപ്പോലെ ഒരുവന്" ദൈവത്തില്‍നിന്ന് മഹത്വവും ആധിപത്യവും സ്വീകരിക്കുന്നവനാണ്. ഏനോക്കിന്‍റെ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യപുത്രനും അതിമാനുഷികശക്തിയും മഹത്വവുമുള്ളയാളാണ് (1 ഏനോക്ക് 46:1-3; 48:2; 51:3; 62:2-6).
മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ ഒമ്പതു തവണയും "മനുഷ്യപുത്രന്" ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തിലെ യഹോവയുടെ സഹനദാസന്‍റെ (ഏശയ്യാ 52:13-53:12) പ്രതിരൂപമായിട്ടാണ് കാണപ്പെടുന്നത് (8:31; 9:9,12,31; 10:33-45; 14:21 (2 തവണ),41). മൂന്നു സ്ഥലങ്ങളില്‍ മനുഷ്യപുത്രന്‍ എന്ന പ്രയോഗത്തിലൂടെ മര്‍ക്കോസ് യേശുവിനെ ദാനിയേലിന്‍റെയും ഏനോക്കിന്‍റെയും പുസ്തകങ്ങളില്‍ കാണുന്ന മഹത്വപൂര്‍ണ്ണനായ മനുഷ്യപുത്രനോട് താദാത്മ്യപ്പെടുത്തുന്നു (8:38; 13:26; 14:62).
യേശു: "യേശു"വെന്ന വ്യക്തിനാമമുപയോഗിച്ചാണ് മര്‍ക്കോസ് സുവിശേഷത്തിലെ നായകനെ കൂടുതല്‍ തവണയും പരാമര്‍ശിക്കുന്നത്. 81 തവണ "യേശു"വെന്ന പേര് സുവിശേഷത്തില്‍ നാം കാണുന്നുണ്ട്. "യേശുക്രിസ്തു"വെന്നും "കര്‍ത്താവായ യേശു" എന്നുമുള്ള പ്രയോഗങ്ങള്‍ ഓരോ തവണ മര്‍ക്കോസു നടത്തുന്നുണ്ട് (യഥാക്രമം 1:1; 16:19). നസറായന്‍ എന്ന വിശേഷണത്തോടെ യേശുവിന്‍റെ പേര് പ്രത്യക്ഷപ്പെടുന്നത് 1:24; 10:47; 14:67; 16:6 എന്നിവിടങ്ങളിലാണ്.
ദാവീദിന്‍റെ പുത്രന്‍: ദാവീദിന്‍റെ പുത്രന്‍ എന്ന മെസയാനിക പദം അന്ധനായ ബര്‍തിമേയൂസിനെ സുഖപ്പെടുത്തുന്ന സംഭവത്തില്‍ രണ്ടുതവണ യേശുവിനെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട് (10:47). നിയമജ്ഞരുമായ സംവാദത്തില്‍ മിശിഹായെ പരാമര്‍ശിച്ചുകൊണ്ട് യേശുവും ഈ വാക്ക് ഉപയോഗിക്കുന്നു. മത്തായിയുടെ സുവിശേഷത്തില്‍ മറ്റ് ആറ് അവസരങ്ങളില്‍കൂടി ദാവീദിന്‍റെ പുത്രന്‍ എന്ന് യേശു വിളിക്കപ്പെടുന്നുണ്ട്.
കര്‍ത്താവ്: കര്‍ത്താവ് എന്ന പദം ഈ സുവിശേഷത്തില്‍ പ്രധാനമായും പിതാവായ ദൈവത്തെ വിളിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത് (11:19; 12:11; 12:29-30; 12:36-37; 13:20). കര്‍ത്താവ് എന്ന വാക്ക് തന്നത്തന്നെ പരാമര്‍ശിക്കാന്‍ യേശു രണ്ടുതവണ ഉപയോഗിക്കുന്നുണ്ടെങ്കിലും (5:19; 11:3) വലിയ അര്‍ത്ഥവ്യാപ്തിയോടെയാണ് അവിടെ അവ ഉപയോഗിച്ചിരിക്കുന്നതെന്നു കരുതാനാവില്ല.
മറ്റു പേരുകള്‍: സുവിശേഷത്തില്‍ യേശു വിളിക്കപ്പെടുന്ന മറ്റു പേരുകള്‍ പ്രവാചകന്‍, മറിയത്തിന്‍റെ മകന്‍, റബ്ബി എന്നിവയാണ്. യേശു ഒരു പ്രവാചകനായാണ് പരിഗണിക്കപ്പെട്ടിരുന്നതെന്നാണ് 6:15; 8:28 എന്നീ വാക്യങ്ങള്‍ സൂചിപ്പിക്കുന്നത്. യേശു തന്നെത്തന്നെ ഒരു പ്രവാചകനായി കരുതിയിരുന്നുവെന്ന് 6:4 സൂചിപ്പിക്കുന്നു. എങ്കിലും മര്‍ക്കോസ് യേശുവിനെ വിശേഷിപ്പിക്കാന്‍ ഈ പദം ഉപയോഗിക്കുന്നില്ല. റബ്ബി, ഗുരു എന്നീ പേരുകളാലാണ് യേശു മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ കൂടുതലും അഭിസംബോധന ചെയ്യപ്പെടുന്നത്. നിയമം പഠിപ്പിക്കുന്ന അദ്ധ്യാപകരെ "റബ്ബി" എന്നാണ് യഹൂദര്‍ വിളിച്ചിരുന്നത്. മര്‍ക്കോസില്‍ ഒരു തവണ റബ്ബിയെന്നും (9:5; 11:21; 14:45) ഒരു തവണ റബ്ബോനി എന്നും (10:51) യേശു അഭിസംബോധന ചെയ്യപ്പെടുന്നു. എന്നാല്‍ "ഗുരോ" എന്ന അഭിസംബോധനയാണ് യേശുവിനു കൂടുതല്‍ ലഭിക്കുന്നത് - പതിനൊന്നു തവണ. ഒരു തവണ യേശു തന്നെത്തന്നെ "ഗുരു"വെന്ന് പരാമര്‍ശിക്കുന്നുണ്ട് (14:14).
ശിഷ്യത്വം
മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ശിഷ്യന്മാര്‍. മത്തേത്തെസ് എന്ന ഗ്രീക്കുപദമാണ് ശിഷ്യന്മാരെ കുറിക്കാന്‍ മര്‍ക്കോസ് ഉപയോഗിക്കുന്നത്. പഠിക്കുന്നവന്‍, പരിശീലനം നേടുന്നവന്‍ എന്നൊക്കെയാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. അക്കൊളുത്തയിന്‍ (= അനുഗമിക്കുക; 1:17-18; 2:14-15; 8:34; 10:21; 10,28,15,41) എന്ന ഗ്രീക്കു വാക്കിന്‍റെ അര്‍ത്ഥം സൂചിപ്പിക്കുന്നതുപോലെ ഗുരുവിനെ അനുഗമിക്കുകയാണ് ശിഷ്യന്‍ ചെയ്യേണ്ടത്. ഗുരുവിന്‍റെ ചിന്താധാരകളെയും ആത്മീയവും ധാര്‍മ്മികവുമായ നിലപാടുകളെയും പിഞ്ചെല്ലുക എന്നു മാത്രമല്ല, ഗുരുവിന്‍റെ ജീവിതരീതിതന്നെ സ്വാംശീകരിച്ചുകൊണ്ട്, ഗുരുവുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തുക എന്നും അക്കൊളുത്തയിന്‍ എന്ന ഗ്രീക്കു വാക്ക് സൂചിപ്പിക്കുന്നുണ്ട്. ശിഷ്യരെ യേശു വിളിക്കുന്നതിനു സമാനമായ സംഭവം പഴയനിയമത്തില്‍ നാം കാണുന്നത്. ഏലീയാ പ്രവാചകന്‍ ഏലീഷായെ വിളിക്കുന്നിടത്താണ് (1 രാജാ 19:19-21). യേശു ശിഷ്യബന്ധത്തിനു സമാനമാണ് മോശ - ജോഷ്വാ ബന്ധവും. യേശുവിന്‍റെ കാലത്ത് യഹൂദ റബ്ബിമാര്‍ക്ക് തങ്ങളുടെ ശിഷ്യസമൂഹമുണ്ടായിരുന്നു. സാധാരണഗതിയില്‍ ശിഷ്യര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റബ്ലിമാരെ തിരഞ്ഞെടുക്കുകയായിരുന്നു പതിവെങ്കില്‍, തനിക്കിഷ്ടപ്പെട്ടവരെ ശിഷ്യരായി തിരഞ്ഞെടുക്കുകയാണ് യേശു ചെയ്തത്.
മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ ശിഷ്യന്മാര്‍ക്ക് നല്ലതും അല്ലാത്തതുമായ പ്രത്യേകതകള്‍ കാണാനാകും യേശുവിന്‍റെ ദൗത്യം തന്നെയാണ് ശിഷ്യന്മാരും നിര്‍വ്വഹിക്കുന്നത് (3:13-19; 6:7-13). യേശുവില്‍നിന്നു സ്വകാര്യമായി പ്രബോധനം സ്വീകരിക്കാന്‍ അവസരം ലഭിച്ചവരാണവര്‍ (4:10-34; 7:1-23; 8:27-10; 45; 13:1-37). യേശുവിന്‍റെ ചില പ്രവൃത്തികള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അവര്‍ക്കു മാത്രമാണ് ഭാഗ്യമുണ്ടായത് (4:35-41; 5:37-43; 6:45-52; 92-8). അത്ഭുതകരമായി അപ്പം വര്‍ദ്ധിപ്പിക്കുന്ന സംഭവങ്ങളില്‍ അവര്‍ യേശുവിന്‍റെ സഹകാരികളായി പ്രവര്‍ത്തിക്കുന്നു. (6:30-44; 8:1-10). യേശുവിന്‍റെ അന്ത്യാത്താഴത്തില്‍ ഭാഗഭാക്കാകാനുള്ള ഭാഗ്യവും അവരുടെതുമാത്രമാണ് (14:12-26).
ശിഷ്യത്വത്തിന്‍റെ പ്രധാനപ്പെട്ട സവിശേഷതകള്‍ വ്യക്തമാക്കുന്നതാണ് ശിഷ്യന്മാരെ യേശു വിളിക്കുന്നതും അയക്കുന്നതുമായ രംഗങ്ങള്‍ (1:16-20; 3:13-19; 6:6-13): ശിഷ്യത്വത്തിന്‍റെ പിന്നില്‍ മുന്‍കയ്യെടുത്തു പ്രവര്‍ത്തിക്കുന്നത് യേശുവാണ്; അദ്ധ്വാനത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിക്കളെയാണ് യേശു വിളിക്കുന്നത്; എന്നെ അനുഗമിക്കുക എന്ന വ്യക്തമായ ആഹ്വാനമാണ് വിളിയുടെ കാതല്‍; തന്‍റെ ദൗത്യത്തില്‍ പങ്കുചേരാനുള്ള ആഹ്വാനമാണ് യേശു ശിഷ്യര്‍ക്ക് നല്കുന്നത്. യേശുവിന്‍റെ വിളിയോടുള്ള ശിഷ്യന്മാരുടെ പ്രതികരണം ഉടനടിയുള്ളതു ഉദാരപൂര്‍വ്വകവുമാണ്. എന്നും യേശുവിനോടൊപ്പമായിരിക്കുകയും എല്ലായിടത്തും യേശുവിന്‍റെ പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുക (3:13-19) എന്നതാണ് ശിഷ്യത്വത്തിന്‍റെ വെല്ലുവിളി.
മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നിരവധി ചെറിയ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ ശിഷ്യന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതായി നമുക്കു കാണാനാകും: പത്രോസിന്‍റെ അമ്മായിയമ്മ സൗഖ്യപ്രാപ്തിയ്ക്കുശേഷം എഴുന്നേറ്റ് ശുശ്രൂഷിക്കുന്നു (ദിയാക്കൊണെയി: 1:31), കുഷ്ഠരോഗി യേശുവിനെ പ്രഘോഷിക്കുന്നു (1:45); ചുങ്കക്കാരും പാപികളും യേശുവിനെ അനുഗമിക്കുന്നു (അക്കൊളുത്തെയിന്‍ 2:15); ലെഗിയോണ്‍ ആവേശിച്ചിരുന്ന മനുഷ്യന്‍ യേശുവിനെ പ്രസംഗിക്കുന്നു (5:20); കാഴ്ച കിട്ടിയ ബര്‍തിമേയൂസ് യേശുവിനെ അനുഗമിക്കുന്നു (10:52); ദരിദ്രയായ വിധവ സര്‍വ്വതും നിക്ഷേപിക്കുന്നു (12:44); അജ്ഞാതയായ സ്ത്രീ യേശുവിനെ തൈലം പൂശുന്നു (14:9); ശിമയോണ്‍ യേശുവിന്‍റെ കുരിശെടുക്കുന്നു (15:21); ശതാധിപന്‍ യേശുവിന്‍റെ ദൈവപുത്രത്വം ഏറ്റു പറയുന്നു (15:39); സ്ത്രീകള്‍ യേശുവിനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു (15:41); അരിമത്തിയാക്കാരന്‍ ജോസഫ് യേശുവിനെ സംസ്കരിക്കുന്നു (15:43-47); അതിരാവിലെ സ്ത്രീകള്‍ യേശുവിന്‍റെ കല്ലറയില്‍ എത്തുകയും ഉത്ഥാനവാര്‍ത്ത ശ്രദ്ധിക്കുകയും ചെയ്യുന്നു (16:1-8). മേല്‍സൂചിപ്പിച്ച അറിയാപ്പെടാത്തവരും അപ്രധാനരുമായ കഥാപാത്രങ്ങളാണ് പ്രമുഖരായ ശിഷ്യന്മാര്‍ ചെയ്യേണ്ടിയിരുന്ന ശുശ്രൂഷകള്‍ യേശുവിന് തക്കസമയത്ത് ചെയ്തുകൊടുക്കുന്നത്. അതായത്, മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ ശിഷ്യത്വത്തിന്‍റെ വിവിധമാതൃകള്‍ സുലഭമായി നാം കാണുന്നുവെന്നു ചുരുക്കം.
യേശുവിന്‍റെ ശിഷ്യന്മാരുടെ, പ്രത്യേകിച്ചു, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേരുടെ നിഷേധാത്മകമായ പെരുമാറ്റം മര്‍ക്കോസ് വായനക്കാരനു മുമ്പില്‍ മറനീക്കിക്കാണിക്കുന്നുണ്ട്: യേശുവിനെ ശിഷ്യര്‍ നീരസത്തോടെ അന്വേഷിച്ചു നടക്കുന്നു (1:36); യേശുവിന്‍റെ അത്ഭുതപ്രവൃത്തികള്‍ കണ്ടശേഷവും ശിഷ്യര്‍ വിശ്വാസമില്ലാത്തവരായിക്കഴിയുന്നു (4:40); ആരാണുതന്നെ സ്പര്‍ശിച്ചതെന്ന യേശുവിന്‍റെ ചോദ്യം യുക്തിയ്ക്കു നിരക്കാത്തതാണെന്ന മട്ടില്‍ ശിഷ്യര്‍ പ്രതികരിക്കുന്നു (5:31); അപ്പം വര്‍ദ്ധിപ്പിച്ച സംഭവത്തിനുശേഷവും ശിഷ്യര്‍ ധാരണാശേഷിയില്ലാത്തവരായി (6:50-52; 7:18) തുടരുന്നു. യേശു പത്രോസിനെ സാത്താന്‍ എന്നു വിളിക്കുന്നു (8:33); യേശുവിന്‍റെ മൂന്നു പീഡാനുഭവപ്രവചനങ്ങളും ശിഷ്യര്‍ ഗൗരവമായി എടുക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല എന്നു മാത്രവുമല്ല രണ്ടവസരങ്ങളിലും അവര്‍ തങ്ങളുടെ വലുപ്പത്തെയും സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ചിന്തയിലും പ്രവൃത്തിയിലും വ്യാപൃതരാവുകയും ചെയ്യുന്നു (9:32; 10:35-45). പീഡാനുഭവരംഗങ്ങളിലാണ് ശിഷ്യരുടെ പരാജയം അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തുന്നത്. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു (14:10.42); ഗത്സെമന്‍ തോട്ടത്തില്‍ യേശു പ്രാണവേദനകൊണ്ടു പിടയുമ്പോള്‍ ശിഷ്യപ്രമുഖര്‍ ഉറങ്ങിവിശ്രമിക്കുന്നു (14:33-41); യേശു പിടിക്കപ്പെടുമ്പോള്‍ എല്ലാ ശിഷ്യരും യേശുവിനെവിട്ട് ഓടിപ്പോകുന്നു (14:15); പത്രോസ് മൂന്നു തവണ യേശുവിനെ നിഷേധിച്ചുപറയുന്നു (14:66-72); കല്ലറയിലേക്കു പോയ സ്ത്രീകള്‍ അവരോടു പ്രഘോഷിക്കപ്പെട്ട ഉത്ഥാനസന്ദേശം കൈമാറാന്‍ പരാജയപ്പെടുന്നിടത്ത് ശിഷ്യരുടെ പരാജയം പൂര്‍ണ്ണമാകുന്നു.
ശിഷ്യരുടെ പരിപൂര്‍ണ്ണപരാജയം വരച്ചുകാണിക്കുന്നതിലൂടെ എന്തു സന്ദേശമാണു മര്‍ക്കോസ് കൈമാറുന്നത്? ശത്രുക്കളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും സുഹൃത്തക്കളാല്‍ കൈവിടപ്പെടുകയും ചെയ്യുന്ന യേശുവിന്‍റെ മുഖം പഴനിയമത്തിലെ നിഷ്ളങ്കന്‍റെ സഹനം നമ്മെ അനുസ്മരിപ്പിക്കുന്നു. ഉറ്റവരാല്‍ ഒറ്റപ്പെടുത്തപ്പെടുന്നതിന്‍റെ സഹനത്തിന്‍റെ, നെരിപ്പോടില്‍ വെന്തുനീറുന്ന ജറമിയായും (20:7-12) ജോബും (12:4-5; 16:20; 19:14) സങ്കീര്‍ത്തകനും (സങ്കീ 38:11-12; 41:8-9, 31:11; 8:18) സഹനദാസനും (52:13-53,12) യേശുവില്‍ സമ്മേളിക്കുകയാണ്. ശിഷ്യന്മാരുടെ ദുര്‍മാതൃക എടുത്തു കാണിക്കുക എന്നതിനെക്കാള്‍ പരിത്യക്തനായ നീതിദാസന്‍റെ സഹനത്തിന്‍റെ ആഴമാണ് മര്‍ക്കോസ് നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
നീറോ ചക്രവര്‍ത്തിയുടെ ക്രൂരമായ മതമര്‍ദ്ദനത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട സുവിശേഷമെന്ന നിലയില്‍ അതിലെ ശിഷ്യന്മാരുടെ പരാജയകഥയ്ക്ക് മറ്റൊരര്‍ത്ഥം കൂടിയുണ്ട്. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരായ പല വിശ്വാസികളും വിശ്വാസം ഉപേക്ഷിക്കുകയോ, മറ്റു വിശ്വാസികളെ അധികാരികള്‍ക്ക് ഒറ്റുകൊടുക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടാകാം. തങ്ങളുടെ വിശ്വാസത്യാഗത്തിലും വഞ്ചനയിലുമെല്ലാം മനസ്സു നുറുങ്ങിക്കഴിഞ്ഞിരുന്ന പ്രസ്തുത വിശ്വാസികള്‍ക്ക് ശിഷ്യന്മാരുടെ പാരജയകഥയും പ്രത്യേകിച്ചു പത്രോസിന്‍റെ ഗുരുനിഷേധവുമെല്ലാം നിരാശയില്‍നിന്നു കരകയറാനുള്ള പിടിവള്ളിയായിത്തോന്നിക്കാണണം. ശിഷ്യന്മാര്‍ തങ്ങളുടെ പരാജയത്തില്‍നിന്നു കരകയറി യേശുവിനുവേണ്ടി രക്തസാക്ഷിത്വം വഹിക്കാന്‍ തയ്യാറായതുപോലെ തങ്ങള്‍ക്കും സാധിക്കുമെന്ന വിശ്വാസം അവരില്‍ നിറയ്ക്കാന്‍ പര്യാപ്തമായിരുന്നു അവര്‍ മനസ്സിലാക്കിയ ശിഷ്യരുടെ ജീവിതകഥ. പത്രോസിനെ യേശു തിരികെ സ്വീകരിച്ച സംഭവം, തങ്ങളെ വഞ്ചിച്ചു വിട്ടുപോയവരെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും ക്രൈസ്തവസമൂഹത്തെയും ശക്തിപ്പെടുത്തിക്കാണണം.
സുവിശേഷത്തിന്‍റെ ഘടന
മനസ്സിലാക്കപ്പെടാത്ത ദൈവപുത്രന് 6:6-8:21
ജറുസലേമിലേക്കുള്ള ദൈവപുത്രന്‍റെ യാത്ര 8:31-10:52
ദൈവപുത്രന്‍റെ ജറുസലേം ശുശ്രൂഷ 11-13
സഹിക്കുന്ന ദൈവപുത്രന് 14-15
ഉത്ഥിതനായ ദൈവപുത്രന് 16:1-20
gospel of mark catholic malayalam Dr. Jacob Chanikuzhi mark gospel in malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206