x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. ലൂക്കായുടെ സുവിശേഷം, ആമുഖപ്രമേയങ്ങള്‍

Authored by : Rev. Dr. Joseph Pamplany On 05-Feb-2021

ത്തായി, മര്‍ക്കോസ് സുവിശേഷങ്ങളോടുള്ള ബന്ധം നിമിത്തം സമവീക്ഷണ സുവിശേഷങ്ങളിലൊന്നായിട്ടാണ് ലൂക്കായുടെ സുവിശേഷം അറിയപ്പെടുന്നത്. നടപടി പുസ്തകം രചിച്ച ലൂക്കായുടെ "ആദ്യകൃതിയാണ്" ഈ സുവിശേഷമെന്ന് (നട 1,1) ഊഹിക്കാം. 24 അധ്യായങ്ങളും 1150 വാക്യങ്ങളുമാണ് മൂന്നാം സുവിശേഷത്തിലുള്ളത്. ദരിദ്രരുടെ സുവിശേഷം, പ്രാര്‍ത്ഥനയുടെ സുവിശേഷം, പരിശുദ്ധാത്മാവിന്‍റെ സുവിശേഷം എന്നൊക്കെ ഈ സുവിശേഷം വിളിക്കപ്പെടാറുണ്ട്. ആ പ്രമേയങ്ങള്‍ക്ക് സുവിശേഷത്തിലുള്ള മുന്‍ഗണനയാണ് അതിനു കാരണം.

സുവിശേഷകനായ ലൂക്കാ

ലൂക്കാ ഈശോയുടെ 12 പേരില്‍ ഒരാളായിരുന്നില്ല. സുവിശേഷം രചിച്ച ആളുടെ പേര് ലൂക്കാ എന്നായിരുന്നു എന്ന് അനുമാനിക്കാം. അദ്ദേഹം പുതിയ നിയമത്തില്‍തന്നെ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ലൂക്കാ തന്നെയാണോ (ഫിലെ 24; 2 തിമോ 4,11; കൊളോ 4,14) എന്ന സംശയമുണ്ട്. ഇരണേവൂസാണ് ഈ ലൂക്കാ സുവിശേഷം രചിച്ചു എന്ന് ആദ്യം എഴുതിയത് (180). "പൗലോസിന്‍റെ സഹചാരിയായിരുന്ന ലൂക്കാ അദ്ദേഹം പ്രസംഗിച്ച സുവിശേഷം രേഖപ്പെടുത്തി" എന്നാണ് ഇരണേവൂസ് എഴുതുന്നത്. നടപടിയിലെ "ഞങ്ങള്‍ പ്രസ്താവന"കളാണ് (നട 16,10-17; 20,5-15; 21,118; 27,1-28,16) ഇക്കാര്യത്തിന്‍റെ തെളിവിനായി ഇരണേവൂസ് സ്വീകരിക്കുന്നത്. മുറത്തോറിയന്‍ രേഖാശകലം (എ.ഡി. 200) ലൂക്കായുടെ കര്‍തൃത്വം അംഗീകരിക്കുന്നുണ്ട്. രക്തസാക്ഷിയായ ജസ്റ്റിനും (എ.ഡി. 150) പാഷണ്ഡിയായ മാര്‍സിയനും (എ.ഡി. 140) ലൂക്കായുടെ സുവിശേഷം പരിചിതമായിരുന്നു. പൗലോസിന്‍റെ സഹയാത്രികനായ ലൂക്കാ മൂന്നാം സുവിശേഷം രചിച്ചു എന്ന പാരമ്പര്യത്തിന് എ.ഡി. 150 മുതലെങ്കിലും ലിഖിത തെളിവുകളുണ്ട്. അദ്ദേഹം ഒരു വൈദ്യനായിരുന്നു എന്ന് കൊളോ 4,14 ല്‍ കാണുന്നു. ഒരു കൂട്ടം രചയിതാക്കളല്ല ഒരാളാണ് സുവിശേഷം രചിച്ചത് എന്നതിന് തെയോഫിലോസിനുള്ള സമര്‍പ്പണം (1,3) തെളിവായി കരുതുന്നു. "ലൂക്കായുടെ സുവിശേഷം" എന്ന തലക്കെട്ട് മൂലത്തിലുള്ളതല്ല; അതിപുരാതനമായ പാരമ്പര്യമാണ്.

മൂന്നാം സുവിശേഷത്തിന്‍റെയും നടപടിയുടെയും കര്‍ത്താവായ ലൂക്കാ പൗലോസിന്‍റെ സഹായകനായിരുന്നോ? (1) ലൂക്കായുടെയും പൗലോസിന്‍റെയും ദൈവശാസ്ത്രനിലപാടുകളുടെ വെളിച്ചത്തില്‍ അവര്‍ സഹയാത്രികരല്ലായിരുന്നു എന്ന നിലപാടിനാണ് ഇപ്പോള്‍ മുന്‍തൂക്കം. വിശ്വാസം വഴിയുള്ള നീതീകരണം, ദൈവകൃപ, സാര്‍വ്വത്രിക രക്ഷ, മനുഷ്യദര്‍ശനം, മുതലായ വിഷയങ്ങളില്‍ രണ്ടുപേരും വ്യത്യസ്ത വീക്ഷണങ്ങളാണു പുലര്‍ത്തുന്നത്. (2) മാത്രമല്ല പൗലോസിന്‍റെ ജീവചരിത്രത്തിലെ പല വിശദാംശങ്ങളും ലൂക്കായ്ക്ക് അജ്ഞാതവുമാണ്. (ഉദാ. നട 15,5-21; ഗലാ 2,9; നട 15,22-29; ഗലാ 2,10; നട 16,1-3; ഗലാ 2,3-4). (3) ലൂക്കാ പൗലോസിന് ശ്ലീഹാ എന്ന സ്ഥാനം നല്‍കുന്നില്ല (നട 14,4:14; 1 കോറി 9,1; 1 കോറി 15,9-10; ഗലാ 2,8). (4) ലൂക്കായുടെ വിവരണമനുസരിച്ച് വിജാതീയരുടെ ഇടയിലുള്ള പത്രോസിന്‍റെ പ്രേഷിത പ്രവര്‍ത്തനമാണ് പൗലോസിനു മുമ്പേയുള്ളത് (നട 10,1-11,18; ഗലാ 2,1-10). (5) സ്റ്റോയിക്ക് തത്ത്വശാസ്ത്രവുമായി പൗലോസിന് പരിചയമുണ്ടെന്ന് നടപടിയില്‍ കാണുന്നുണ്ടെങ്കിലും (നട 17,22-31) അക്കാര്യത്തിന് പൗലോസിന്‍റെ ലേഖനത്തില്‍ തെളിവുകളില്ല. ചുരുക്കത്തില്‍, ലൂക്കാ ആദിമസഭാചരിത്രത്തില്‍ പൗലോസിനുള്ള സ്ഥാനം മനസ്സിലാക്കിയിരുന്ന ഒരു  എഴുത്തുകാരനായിരുന്നു; സഹയാത്രികനായിരുന്നില്ല.

യഹൂദപാരമ്പര്യങ്ങളെല്ലാം നന്നായി അറിയാവുന്ന ആളാണ് ലൂക്കാ. അവയെ അദ്ദേഹം വിലമതിക്കുന്നതായി മനസ്സിലാക്കാം (ഉദാ. ലൂക്കാ  4,16; 24.25-27,44-47.53). ഏതെങ്കിലുമൊരു യവനനഗരത്തില്‍ ജനിച്ച യഹൂദനായിരിക്കണം ലൂക്കാ. അല്ലെങ്കില്‍ ദൈവഭയമുള്ളവരുടെ ഗണത്തില്‍പെട്ടിരുന്ന വിദ്യാസമ്പന്നനായ ഒരു വിജാതീയന്‍. ബ്രൗണിന്‍റെ അഭിപ്രായത്തില്‍ ക്രൈസ്തവനാകുന്നതിനുമുമ്പ് യഹൂദമതം സ്വീകരിച്ച ഒരു വിജാതീയനായിരുന്നു ലൂക്കാ. (3) സപ്തതിയും യഹൂദന്യായപ്രമാണവും നിയമവും പ്രവാചകരുമായുള്ള പരിചയം,  ജെറുസലെമിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവ് (ലൂക്കാ 4,16-30; നട 13,14-41) എന്നിവയൊക്കെ ഇതിനുള്ള തെളിവായി എടുക്കാം. (4) ശേമിക പദങ്ങളും ആചാരങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളും ലൂക്കാ ഒഴിവാക്കുന്നുണ്ട്. ഇതാണ് അദ്ദേഹം യവനവിദ്യാഭ്യാസം സിദ്ധിച്ച വിജാതീയ ക്രൈസ്തവനായിരുന്നു എന്നു പറയാന്‍ കാരണം.

രചനാസ്ഥലവും കാലവും

ലൂക്കായുടെ സുവിശേഷം രചിക്കപ്പെട്ട സ്ഥലം സുനിശ്ചിതമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. പാലസ്തീനായ്ക്ക് വെളിയില്‍വച്ചാണ് എന്ന കാര്യത്തില്‍ അഭിപ്രായയൈക്യമുണ്ട്. പാലസ്തീനായെ മൊത്തം സൂചിപ്പിക്കാന്‍ "യൂദയ" എന്നുപയോഗിച്ചിരിക്കുന്നത് അതിന് തെളിവാണ് (1,5; 4,44; 6,17). പാലസ്തീനായിലെ സ്ഥലങ്ങളെപ്പറ്റിയുള്ള രചയിതാവിന്‍റെ അറിവ് പരിമിതമാണ്. പുസ്തകാരംഭത്തിലെ സമര്‍പ്പണം (1,3) യവനപാരമ്പര്യമുള്ള ഒരു സമൂഹത്തെ സൂചിപ്പിക്കുന്നു. ഗ്രീക്കു ദ്വീപുകള്‍, അന്ത്യോക്യാ, എഫേസൂസ്, മാസിഡോണിയ, അക്കായിയ, ചെസാറിയ, ഏഷ്യാമൈനര്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങള്‍ ഈ സുവിശേഷത്തിന്‍റെ രചനാസ്ഥലമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. റോമില്‍വച്ചു രചിക്കപ്പെട്ടു എന്ന് ഇന്നു ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ജെറുസലെമില്‍നിന്നു തുടങ്ങി സാമ്രാജ്യ തലസ്ഥാനംവരെ വികസിക്കുന്ന പ്രേഷിതദൗത്യമാണല്ലോ ലൂക്കായുടെ വിഷയം (നട 1,8; 12,21). ലോകത്തിന്‍റെ അതിര്‍ത്തിയാണ് റോം. മാത്രമല്ല 1 ക്ലെമ 5,42ലുള്ള പരാമര്‍ശങ്ങളും റോമിലാണു രചിച്ചതെന്ന് സൂചിപ്പിക്കുന്നു.

മര്‍ക്കോസിന്‍റെ സുവിശേഷവും 'ക്യു' രേഖയും ലൂക്കാ ഉപയോഗിക്കുന്നതുകൊണ്ട് അവയ്ക്ക് ശേഷമായിരിക്കണം രചന നടന്നത്. ദേവാലയനാശവും (13,35; 19,41-44; 21,24) പൗലോസിന്‍റെ മരണവും (നട 20,25.38; 21,13) സംഭവിച്ചു കഴിഞ്ഞതായി ലൂക്കായ്ക്ക് അറിയാം. രക്ഷാചരിത്രത്തെക്കുറിച്ച് അറിയാന്‍ തല്പരനായ മൂന്നാം തലമുറയിലെ ക്രൈസ്തവരുടെ വീക്ഷണമാണ് ലൂക്കായ്ക്കുള്ളത്. അതുകൊണ്ട് എ.ഡി. 75-90 വര്‍ഷങ്ങളിലായി എഴുതപ്പെട്ടു എന്ന് ഊഹിക്കാം. നടപടി പുസ്തകത്തിനു മുമ്പായി വിരചിതമായി എന്ന കാര്യത്തില്‍ സംശയമില്ല.

സ്വീകര്‍ത്താക്കള്‍

ഒരു വിജാതീയ ക്രൈസ്തവസമൂഹത്തിനുവേണ്ടിയാണ് ലൂക്കാ തന്‍റെ സുവിശേഷം എഴുതിയതെന്ന് കരുതപ്പെടുന്നു. യഹൂദനിയമം മേലില്‍ ബാധകമല്ലെന്ന് ലൂക്കായ്ക്കറിയാം. രക്ഷാചരിത്രപരമായുള്ള ഇസ്രായേലിന്‍റെ സ്ഥാനവും അസ്തമിച്ചു (ലൂക്കാ 21,22 -24; നട 28,25-27). എന്നാല്‍ രക്ഷാചരിത്രത്തിന്‍റെ തുടക്കം ഇസ്രായേലിലാണ്. ഈശോയെ യഹൂദരുടെ പ്രതീക്ഷാപാത്രമായ മിശിഹാ ആയി അവതരിപ്പിക്കാന്‍ ലൂക്കാ ഉത്സുകനാണ്. ലൂക്കാ നല്‍കുന്ന മൂന്നു ഗീതങ്ങളിലും (മറിയം, സഖറിയ, ശിമയോന്‍) വാഗ്ദാന പൂര്‍ത്തീകരണം ഒരു പ്രധാന ആശയമാണ്. യവന-റോമന്‍ ചരിത്രരചനാ സമ്പ്രദായവുമായി ലൂക്കായ്ക്ക് പരിചയമുണ്ട് (ലൂക്കാ 1,1-4). പാലസ്തീനായുടെ ഭൂമിശാസ്ത്രത്തില്‍ അദ്ദേഹം അത്ര അഭിജ്ഞനല്ല (ഉദാ. ലൂക്കാ 17,11; 9,10-12; 4,29). ശേമിക പ്രയോഗങ്ങള്‍ ഉപേക്ഷിക്കുകയോ (ലൂക്കാ 22,40; 23,33) അവയ്ക്കു പകരം ഗ്രീക്കുപദങ്ങള്‍ നല്‍കുകയോ ചെയ്യുന്നു (ലൂക്കാ 18,41; മര്‍ക്കോ 10,51: കീരിയേ/റബ്ബുനി; ലൂക്കാ 9,33; മര്‍ക്കോ 9,5: എപ്പിസ്താത്തേസ്/റബ്ബി; ലൂക്കാ 22,42; മര്‍ക്കോ 14,36; പാത്തേര്‍/അബ്ബാ ഹോ പാത്തേര്‍; ലൂക്കാ 6,15; മര്‍ക്കോ 3,18: സെലോത്തേസ്/കാനാനിയോസ്). ഈശോയുടെ വംശാവലി ആദാമില്‍ നിന്നാരംഭിച്ചുകൊണ്ട് ഒരു സാര്‍വ്വത്രികമാനം നല്‍കുവാന്‍ ലൂക്കാ (3,38) ശ്രമിക്കുമ്പോള്‍ മത്തായി അബ്രഹാമിലും ദാവീദിലുമാണ് തുടങ്ങുന്നത്. സപ്തതിയാണ് ലൂക്കായ്ക്ക് പരിചിതമായ പഴയനിയമം. പാലസ്തീനായ്ക്ക് സ്ഥിരമായി യൂദയാ എന്ന പേരാണ് ലൂക്കാ നല്‍കുന്നത് (1,5; 4,44; 6,17; 7,17; 23,5; നട 2,9; 10,37). ഇക്കാരണങ്ങളാല്‍ വിജാതീയ ക്രൈസ്തവര്‍ കൂടുതലായി ഉണ്ടായിരുന്ന പാലസ്തീനായ്ക്കു വെളിയിലുള്ള ഒരു സമൂഹത്തിനാണു ലൂക്കാ എഴുതിയതെന്ന് പണ്ഡിതന്മാര്‍ കരുതുന്നു.

ഈ സമൂഹത്തിന്‍റെ ചില പ്രത്യേകതകള്‍ സുവിശേഷത്തില്‍നിന്ന് ഊഹിക്കാവുന്നതാണ്. (1) കര്‍ത്താവിന്‍റെ രണ്ടാം വരവ് ഉടനുണ്ടാകും എന്ന വിശ്വാസം അപ്രത്യക്ഷമായിത്തുടങ്ങി. അതേക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തള്ളിക്കളയുന്നു (17,20-21; 19,11; 21,8). ക്ഷമാപൂര്‍വ്വം കാത്തിരിക്കാനാണ് സുവിശേഷത്തിലെ നിര്‍ദ്ദേശം (8,15; 12,55; 21,34.36). (2) ധനികരും ദരിദ്രരുമുള്ള ഒരു സമൂഹമായിരുന്നു ലൂക്കായുടേത് (ലൂക്കാ 3,11; നട 2,45; 4,34-37; 17,4; 18,8). ദരിദ്രരെ വെറുത്തിരുന്ന ധനികര്‍ (ലൂക്കാ 18,9) അത്യാഗ്രഹികളായിരുന്നു (ലൂക്കാ 12,13-15; 16,14-15). അവര്‍ വിശ്വാസത്തില്‍നിന്നു നിപതിക്കാനും സാധ്യതയുണ്ടായിരുന്നു (ലൂക്കാ 8,14; 9,25). ധനസമ്പാദനത്തിന്‍റെ ധാര്‍മ്മികതയെക്കുറിച്ച് ലൂക്കായുടെ സുവിശേഷം ഉറക്കെ ചിന്തിക്കുന്നുണ്ട് (ലൂക്കാ 12,13-34; 16,1-31). "സ്വീകരിക്കുന്നതിനേക്കാള്‍ കൊടുക്കുന്നതാണ് അനുഗൃഹീതം" (നട 20,35). (3) സഭയും രാഷ്ട്രവും തമ്മില്‍ തികച്ചും സമാധാനപൂര്‍ണ്ണമായ ഒരു ബന്ധം നിലവിലുണ്ടായിരുന്നു എന്നാണ് ഊഹിക്കേണ്ടത്. പീലാത്തോസ് ഈശോയുടെ നിരപരാധിത്വത്തില്‍ വിശ്വസിച്ചിരുന്നു (ലൂക്കാ 22,4.14-15-22). പൗലോസ് റോമന്‍ പൗരനും (നട 25,18) പൗരന്‍റെ അവകാശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തയ്യാറുള്ളവനുമായിരുന്നു (നട 16,37; 22,25). റോമന്‍സേന യഹൂദരുടെ ആക്രമണത്തില്‍നിന്ന് ക്രൈസ്തവരെ രക്ഷിക്കുന്നതായി ലൂക്കാ എഴുതുന്നു (നട 19,23-40; 23,29; 25.25,26,31).

സമര്‍പ്പണം

മറ്റു സുവിശേഷങ്ങള്‍ക്കില്ലാത്ത ഒരു പ്രത്യേകതയാണ് ലൂക്കാ പുസ്തകാരംഭത്തില്‍ നടത്തുന്ന സമര്‍പ്പണം (1,3; നട 1,1). ലൂക്കാ പുസ്തകം സമര്‍പ്പിക്കുന്ന തെയോഫിലോസ് (ദൈവത്തിന്‍റെ സ്നേഹിതന്‍ എന്നര്‍ത്ഥം) ഒരു വ്യക്തിയോ ദൈവത്തെ സ്നേഹിക്കുന്ന ഏതൊരു വായനക്കാരനോ ആകാം. ഒരുപക്ഷേ സുവിശേഷം രചിക്കാനും പ്രചരിപ്പിക്കാനും പ്രേരിപ്പിച്ച ഒരു മാന്യവ്യക്തിയായി തെയോഫിലോസിനെ കാണുന്നതില്‍ തെറ്റില്ല. അതുപോലെതന്നെ, അദ്ദേഹം (സമൂഹം) പഠിച്ചിട്ടുള്ള വചനങ്ങളുടെ സത്യാത്മകത ബോധ്യപ്പെടുത്തുകയാണ് രചനയുടെ ഉദ്ദേശ്യമെന്നും ലൂക്കാ പറയുന്നു. (യോഹന്നാനും സുവിശേഷരചനയുടെ ലക്ഷ്യം വിശ്വാസത്തില്‍ ഉറപ്പിക്കുകയാണെന്നു വ്യക്തമാക്കുന്നു: യോഹ 20,30-31).  ചരിത്രപരമായ ഒരു ചട്ടക്കൂട്ടില്‍ മിശിഹാനുഭവം അവതരിപ്പിക്കുമ്പോള്‍ ശ്ലീഹന്മാരുടെ സാക്ഷ്യങ്ങളും മുന്‍ എഴുത്തുകാരുടെ കൃതികളും ലൂക്കാ ഉപയോഗിക്കുന്നുണ്ട് (1,2).

സ്രോതസ്സ്

"വചനത്തിന്‍റെ ദൃക്സാക്ഷികളും ശുശ്രൂഷകരും" നല്‍കിയിട്ടുള്ള സ്രോതസ്സുകളെ ഉപജീവിച്ചാണ് താന്‍ സുവിശേഷ രചന നടത്തുന്നതെന്ന് ലൂക്കാ ആമുഖത്തില്‍ പറയുന്നുണ്ട് (1,2). മര്‍ക്കോസിന്‍റെ സുവിശേഷമാണ് ലൂക്കായുടെ ഏറ്റവും വലിയ സ്രോതസ്സ്. ആ സുവിശേഷത്തിലെ 662 വാക്യങ്ങളില്‍ 350 എണ്ണം ലൂക്കാ ഉപയോഗിച്ചിട്ടുണ്ട്; ചിലപ്പോഴൊക്കെ ശൈലീപരമായ ചില പരിഷ്ക്കാരങ്ങളും വെട്ടിച്ചുരുക്കലുകളോടുംകൂടെ (4,37-42,19; 8,4-9,30; 18,15-24,10). മര്‍ക്കോസിന്‍റെ ചട്ടക്കൂട് ലൂക്കായും ഉപയോഗിക്കുന്നു (ഗലീലിയില്‍നിന്ന് ജെറൂസലെമിലേക്ക്). സംഭവക്രമവും മര്‍ക്കോസിന്‍റെതുപോലെതന്നെ. പക്ഷേ മര്‍ക്കോ 6,45-8,26 ലൂക്കാ സമ്പൂര്‍ണ്ണമായി വിട്ടുകളഞ്ഞിരിക്കുന്നു (ഇതാണ് ലൂക്കായുടെ വിടവ്. Lukan Gap എന്നറിയപ്പെടുന്നു). ലൂക്കായുടെ രണ്ടാമത്തെ സ്രോതസ്സ് 'ക്യു'രേഖയാണ്. അതില്‍നിന്ന് 235 വാക്യങ്ങളാണ് ലൂക്കായിലുള്ളത് (6,20-8,3; 9,51-18,14). ഈ രണ്ട് സ്രോതസ്സില്‍നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ വാക്യങ്ങള്‍ ലൂക്കാ സ്വീകരിച്ചിരിക്കുന്നത് വാചികമോ രേഖാമൂലമോ ആയ മറ്റൊരു സ്രോതസ്സില്‍നിന്നാണ്. അവ 550 വാക്യങ്ങളുണ്ട്.

ലൂക്കായുടെ സ്രോതസ്സുകള്‍

മര്‍ക്കോസ്          ക്യുസ്രോതസ്സ്      പ്രത്യേകസ്രോതസ്സ്

3,1-6,19                                                                 1,5-2,52

                       6,20-8,3                     

8,4-9,50                                            

                      9,51-18,14

18,15-24,11                                                          24,12-53

ലൂക്കായില്‍ മാത്രം കാണുന്ന പ്രത്യേക ഭാഗങ്ങള്‍

ലൂക്കായുടെ സുവിശേഷത്തില്‍ മാത്രമുള്ള ഭാഗങ്ങളെ മൂന്നു ശീര്‍ഷകങ്ങളിലായി താഴെക്കാണുന്ന വിധം ക്രമീകരിക്കാം.

  1. വിവരണങ്ങള്‍
  • 1-2 പ്രാഗ്ചരിത്രം

               4,16-30 ഈശോ നസ്രത്തിലെ സിനഗോഗില്‍

               5,1-11   അത്ഭുതകരമായ മീന്‍പിടുത്തം

               7,11-17 നായിനിലെ വിധവയുടെ മകന്‍

               7,36-50 ഈശോയും പാപിനിയായ സ്ത്രീയും

               8,1-3      ഈശോയെ അനുഗമിച്ച സ്ത്രീകള്‍

               9,52-56 ഈശോയെ സമറിയാക്കാര്‍ തിരസ്ക്കരിക്കുന്നു

               10,38-42 മറിയവും മര്‍ത്തായും

               13,10-17  സാബത്തില്‍ സുഖപ്രാപ്തി

               14,1-6   മഹോദരരോഗിക്ക് സൗഖ്യം

               17,11-19 പത്തു കുഷ്ഠരോഗികള്‍

               19,1-10 സക്കേവൂസിന്‍റെ മാനസാന്തരം

               22,15-20  അന്ത്യ അത്താഴം

               23,6-12 ഈശോ ഹേറോദേസിന്‍റെ മുമ്പില്‍

               24,36-43  ഈശോ ശിഷ്യര്‍ക്കു പ്രത്യക്ഷനാകുന്നു

               24,44-53  ഈശോയുടെ വിടവാങ്ങല്‍

  1. ഉപമകള്‍

               10,29-37 നല്ല സമറിയാക്കാരന്‍

               11,5-8   പ്രാര്‍ത്ഥനയെക്കുറിച്ച്

               12,16-21 ഭോഷനായ ധനികന്‍

               13,6-9   കായ്കളില്ലാത്ത അത്തിമരം

               14,28-32  ഗോപുരനിര്‍മ്മാണവും യുദ്ധസന്നദ്ധതയും

               15,8-10 കളഞ്ഞുപോയ നാണയം

               15,11-32 കളഞ്ഞുപോയ മകന്‍

               16,19     അവിശ്വസ്തനായ കാര്യസ്ഥന്‍

               16,19-31 ധനികനും ദരിദ്ര ലാസറും

               17,7-10 പ്രയോജനമില്ലാത്ത ദാസന്‍മാര്‍

               18,1-8   ന്യായാധിപനും വിധവയും

               18,9-14 ഫരിസേയന്‍റെയും ചുങ്കക്കാരന്‍റെയും പ്രാര്‍ത്ഥന

  1. യേശുവചനങ്ങള്‍

               3,10-14 സ്നാപകന്‍റെ പ്രസംഗം

               6,24-26 സമ്പന്നര്‍ക്കു ദുരിതം

               9,61-62 മിശിഹായെ അനുഗമിക്കുന്നതിനെപറ്റി

               10,18-20 സാത്താന്‍ ഇടിമിന്നല്‍പോലെ

               12,13-15 അത്യാഗ്രഹത്തില്‍നിന്ന് അകലുക

               12,32     ചെറിയ അജഗണമേ...

               12,35-38 ജാഗരൂകരായ ഭൃത്യരാകുക

               12,49-50 ഞാന്‍ ഭൂമിയില്‍ തീയിടുവാന്‍ വന്നിരിക്കുന്നു

               13,1-5   പശ്ചാത്താപം നാശത്തില്‍നിന്ന് രക്ഷിക്കും

               13,31-33 ആ കുറുക്കനോടു പറയുക

               17,20-21 ദൈവരാജ്യം നിങ്ങളുടെ ഇടയില്‍

               19,41-44  ഈശോ ജെറുസലെമിനെപറ്റി വിലപിക്കുന്നു

               20,34-36 സദാ ജാഗരൂകരായിരിക്കുവിന്‍

               22,െ31-32 ശീമോന്‍, ശീമോന്‍....

               22,35-38  രണ്ടു വാളുകള്‍ മതി!

               23,27-31 ജെറൂസലെം പുത്രിമാരെ...

ലൂക്കായുടെ ഭാഷയും സാഹിത്യശൈലിയും

മര്‍ക്കോസിന്‍റെ അതിലളിതമായ ശൈലിയില്‍നിന്നു വ്യത്യസ്തമായി സാഹിത്യപരമായി ഉല്‍കൃഷ്ടമായ ഗ്രീക്ക് (കൊയിനേ) ശൈലിയിലാണ് ലൂക്കാ സുവിശേഷം രചിച്ചിരിക്കുന്നത്. ക്ലാസിക്ക് ശൈലിയിലും എഴുതാനുള്ള ലൂക്കായുടെ സിദ്ധി 1,1-4ല്‍ വ്യക്തമാണ് (ഇതേ ശൈലിയിലാണ് ഹെബ്രാ 1,1-4ലുള്ളത്). അദ്ദേഹത്തിന്‍റെ സാഹിത്യസിദ്ധി കൂടുതല്‍ പ്രകാശിക്കുന്നത് നടപടിപ്പുസ്തകത്തിലാണ്. കാരണം സ്രോതസ്സുകള്‍ വളരെ കുറവുമാത്രം ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് സ്വതന്ത്രമായി എഴുതാന്‍ ലൂക്കായ്ക്കു കഴിഞ്ഞു. സുവിശേഷത്തില്‍ ഉപയോഗിച്ചിരിക്കുന്ന സ്രോതസ്സുകള്‍തന്നെ തന്‍റെ ശൈലിയിലേക്കു മാറ്റാന്‍ അദ്ദേഹം ഉത്സാഹിച്ചിട്ടുണ്ട്.

ലൂക്കാ പ്രഗത്ഭനായ ഒരു എഴുത്തുകാരനാണ്. വിശേഷിച്ചും സംഭവവിവരണങ്ങള്‍ സജീവമായ വര്‍ത്തമാനകാലശൈലിയില്‍ എഴുതാന്‍ അദ്ദേഹത്തിനു കഴിയും. സമ്പന്നമാണ് അദ്ദേഹത്തിന്‍റെ പദാവലി. ലൂക്കായുടെ പദസമ്പത്തിന്‍റെ 50 ശതമാനവും സപ്തതിയില്‍നിന്നാണു വരുന്നത്. സ്രോതസ്സുകളില്‍നിന്നുള്ള ഭാഗങ്ങള്‍ ഖണ്ഡങ്ങളായി സംശോധനം ചെയ്തു ചേര്‍ക്കുകയാണ് ലൂക്കായുടെ രീതി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍നിന്നുള്ള ഭാഗങ്ങളില്‍ ലൂക്കാ നടത്തിയിരിക്കുന്ന പരിഷ്ക്കാരങ്ങള്‍ ഒരു താരതമ്യപഠനത്തില്‍നിന്നേ മനസ്സിലാവുകയുള്ളൂ. അദ്ദേഹത്തിന്‍റെ നൈസര്‍ഗ്ഗികമായ ശൈലി പ്രഫുല്ലമാകുന്നത് മൂന്നാം സുവിശേഷത്തില്‍മാത്രം കാണുന്ന ഭാഗങ്ങളിലാണ്. ഒന്നും രണ്ടും അധ്യായങ്ങളിലെ പ്രാഗ്ചരിത്രം, എമ്മാവൂസ് വിവരണം (24,13-35) എന്നിവ പുതിയനിയമത്തിലെതന്നെ ആകര്‍ഷകമായ ഭാഗങ്ങളാണ്. ലൂക്കാമാത്രം നല്‍കുന്ന ഉപമകളും (നല്ല സമറിയാക്കാരന്‍-10,25-37; കളഞ്ഞുപോയ മകന്‍-15,11-32; ധനികനും ദരിദ്ര ലാസറും-16,19-31) നസറത്തില്‍ ഈശോയുടെ രംഗപ്രവേശം (4,16-30), പത്രോസിനുള്ള ക്ഷണം (5,1-11), മറിയവും മര്‍ത്തായും (10,38-42) എന്നിവയും ലൂക്കായുടെ സവിശേഷമായ ശൈലിക്ക് ഉദാഹരണങ്ങളാണ്.

ലൂക്കായുടെ ശൈലിയെ, ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത് സപ്തതിയാണ്.  ഉദാഹരണമാണ് 1,5-2,57. "പിന്നീട് അങ്ങനെ സംഭവിച്ചു", പ്രവാചകപുസ്തകങ്ങളില്‍നിന്നുള്ള "ദിവസങ്ങള്‍ വരാനിരിക്കുന്നു" എന്നീ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. തന്‍റെ പുരാതനമായ ശൈലിയെ സപ്തതിയുടെ (ബിബ്ലിക്കല്‍) ശൈലിയുമായി സമരസപ്പെടുത്താന്‍ ലൂക്കാ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മുഖവുരയില്‍ (1,1-9) കാണുന്ന ഉദാത്തമായ ശൈലി തുടരാന്‍ കഴിയാതെ വന്നിരിക്കുന്നത്.

പാഠവിഭജനം

ലൂക്കായുടെ സുവിശേഷത്തെ നാലുഭാഗങ്ങളായി വിഭജിക്കാം.

1,1-4 മുഖവുര

ഒന്നാം ഭാഗം

1,5-2,52 പ്രാഗ്ചരിത്രം

1,5-2,38 സ്നാപകന്‍റെയും ഈശോയുടെയും ജനനത്തിന്‍റെ വാര്‍ത്തകള്‍

1,39-56 മറിയവും ഏലിസബത്തും കണ്ടുമുട്ടുന്നു

2,1-40   ഈശോയുടെ ജനനം

2,41-52 പന്ത്രണ്ടാം വയസ്സില്‍ ഈശോ    ദേവാലയത്തില്‍

രണ്ടാം ഭാഗം                         

3,1-9,50 ഗലീലിയില്‍ ഈശോയുടെ പ്രവര്‍ത്തനങ്ങള്‍

3,1-4,30 സ്നാപകന്‍റെയും ഈശോയുടെയും രംഗപ്രവേശം

4,31-6,16 ഈശോയും ശിഷ്യന്മാരും ഒരു സംഘം

6,17-43 ഈശോയുടെ ദീര്‍ഘപ്രസംഗം   (സമതലപ്രസംഗം)

7,1-9,50 ഗലീലിയിലെ വിവിധ സംഭവങ്ങള്‍,അത്ഭുതങ്ങള്‍, ഉപമകള്‍

മൂന്നാം ഭാഗം

9,51-13,28 ഈശോ ജെറുസലെമിലേക്കുള്ള പാതയില്‍

9,51-11,13 ശിഷ്യത്വം സംബന്ധിച്ച ഉപദേശങ്ങള്‍

11,14-12,12 ഈശോയും ജനങ്ങളും-തര്‍ക്കങ്ങള്‍

2,13-14,35 ശിഷ്യത്വം സംബന്ധിച്ച ഉപദേശങ്ങള്‍

15,1-17,10 നഷ്ടപ്പെട്ടതിനെ തേടുന്ന രക്ഷകന്‍

17,11-19,28 ശിഷ്യത്വവും യുഗാന്ത്യത്തിനുള്ള കാത്തിരിപ്പും

നാലാം ഭാഗം

19,29-24,53 ഈശോ ജെറുസലെമില്‍ - പ്രഘോഷണം, പീഡാനുഭവം, ഉത്ഥാനം

19,29-21,4  നഗര പ്രവേശം, ദേവാലയ ശുദ്ധീകരണം, തര്‍ക്കം

21,5-36 യുഗാന്ത്യത്തെപറ്റിയുള്ള പ്രബോധനം

A. 22-23  പീഡാനുഭവം, കുരിശുമരണം, സംസ്ക്കാരം

24,1-12 ശൂന്യമായ കല്ലറ

24,13-49 എമ്മാവൂസ് സംഭവം

24,50-53 ഈശോയുടെ സ്വര്‍ഗ്ഗാരോഹണം

മുഖവുര (1,1-4) ഇത് ലൂക്കായുടെ സുവിശേഷത്തിന്‍റെ മാത്രം പ്രത്യേകതയാണ്. "അനേകം പേര്‍" "ദൃക്സാക്ഷികളെ" ആശ്രയിച്ച് മിശിഹാസംഭവം എഴുതുവാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ലൂക്കാ പ്രസ്താവിക്കുന്നു. അതുകൊണ്ട് "എല്ലാ കാര്യങ്ങളും ക്രമമായി" എഴുതുകയാണ് ലൂക്കായുടെ ലക്ഷ്യം. മിശിഹാ സംഭവത്തിന്‍റെ സത്യാത്മകതയെപ്പറ്റി ശ്രോതാവിന് ബോധ്യം വരുത്തുവാന്‍ തന്‍റെ രചന ഉപകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

  1. ഒന്നാം ഭാഗം (1,15-2,52): ദൈവഭക്തരും പുരോഹിതപാരമ്പര്യമുള്ളവരുമായ സഖറിയാ-ഏലീശ്വാ ദമ്പതികളുടെ മകനായി സ്നാപകയോഹന്നാന്‍ ജനിക്കും എന്ന മംഗളവാര്‍ത്ത സഖറിയായ്ക്കു ലഭിക്കുന്നു (1,5-25). വിശ്വസിക്കാന്‍ മടിച്ച അദ്ദേഹത്തിന് ശിക്ഷയായി സംസാരശേഷി നഷ്ടപ്പെട്ടു. മറിയത്തിനു ലഭിച്ച മംഗളവാര്‍ത്തയനുസരിച്ച് അവളില്‍നിന്ന് ഈശോ ഭൂജാതനാകും (1,26-38). ഈ രണ്ട് അറിയിപ്പുകളും നല്‍കുന്നത് ഗബ്രിയേല്‍ മാലാഖയാണ്. മാലാഖ മറിയത്തെ സംബോധന ചെയ്യുന്നത് "കൃപനിറഞ്ഞവളേ" എന്നാണ്. പഴയനിയമത്തിലുള്ള ചില ജനന ദൂതുകളുടെ മാതൃകയിലാണ് (ന്യായാ 13; 1 സാമു 1) ഈ ഭാഗങ്ങള്‍ വിരചിതമായതെന്നു കരുതപ്പെടുന്നു. അതുപോലെതന്നെ മറിയത്തിന്‍റെ സ്ത്രോത്രഗീതവും. ലത്തീനില്‍ ഈ സ്തോത്രഗീതത്തിന്‍റെ ആദ്യവാക്യം "മാഗ്നിഫിക്കാത്ത്" എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു (1,46-54; 1 സാമു 2,1-12). മറിയത്തിന്‍റെയും ഏലീശ്വായുടെയും കണ്ടുമുട്ടല്‍ ആഹ്ലാദനിര്‍ഭരമാണ്. യോഹന്നാന്‍റെ ജനനം യൂദായിലെ മലനാട്ടിലെങ്ങും സംസാരവിഷയമായി (1,65). യോഹന്നാന്‍ എന്ന പേരു നല്‍കുവാന്‍ ഇടയായതും സഖറിയായുടെ സംസാരശക്തി വീണ്ടുകിട്ടുന്നതുമാണ് അതിന്‍റെ കാരണം. അദ്ദേഹം ഒരു ദൈവസ്തുതിഗീതം ആലപിക്കുന്നു (ലത്തീനിലെ ആദ്യവാക്യം "ബെനദിക്ത്തുസ് ദോമിനൂസ് ദേവൂസ് ഇസ്റായേല്‍" എന്നാണ്. ചുരുക്കത്തില്‍ ബെനദിക്ത്തുസ് എന്നറിയപ്പെടുന്നു).

യോഹന്നാന്‍റെ ജനനം ഇസ്രായേലിന്‍റെ ചരിത്രത്തിലെ വലിയ സംഭവമാണെങ്കില്‍ ഈശോയുടെ ജനനം ലോകചരിത്രത്തിലെ വലിയ സംഭവമായിട്ടാണ് അവതരിപ്പിക്കുന്നത് (2,1-40). അഗസ്റ്റസ് സീസറിന്‍റെ കല്‍പനപ്രകാരം പിതൃനഗരമായ ബേത്ലഹേമില്‍ പേരെഴുതിക്കാന്‍ ജോസഫും മറിയവും യാത്രയായി. അങ്ങനെ ദാവീദിന്‍റെ പട്ടണത്തില്‍ ഈശോ ഭൂജാതനാകുന്നതിന് അവസരമൊരുങ്ങി. പാവപ്പെട്ട ആട്ടിടയന്മാര്‍ക്കാണ് ആ ജനനവാര്‍ത്ത അറിയാനും ദൈവത്തെ സ്തുതിക്കാനും ഭാഗ്യമുണ്ടായത്. യഹൂദാചാരപ്രകാരമുള്ള ശുദ്ധീകരണത്തിനും ശിശുവിനെ സമര്‍പ്പിക്കുന്നതിനുമായി അവര്‍ ജെറുസലെം ദേവാലയത്തിലെത്തി. അവിടെവച്ച് വൃദ്ധനായ ശിമയോന്‍ ശിശുവില്‍ മിശിഹായെ തിരിച്ചറിഞ്ഞ് ഒരു സ്ത്രോത്രഗീതം ആലപിച്ചു (ലത്തീനിലെ ആദ്യവാക്യം "നുങ്ക് ദിമിത്തിസ്, സേര്‍വും തുവും, ദോമിനെ"; ചുരുക്കപ്പേര് നുങ്ക് ദിമിത്തിസ്). ലൂക്കാ വിവരിക്കുന്ന പ്രാഗ്ചരിത്രത്തിന്‍റെ അവസാനം ബാലനായ ഈശോ മാതാപിതാക്കളോടൊപ്പം ദേവാലയത്തില്‍ പോകുന്നതിന്‍റെ വിവരണമാണ്. മടക്കയാത്രയില്‍ ഈശോ കൂടെയില്ലെന്നു മനസ്സിലാക്കിയ അവര്‍ അവിടുത്തെ ദേവാലയത്തില്‍ കണ്ടെത്തി. വേദപണ്ഡിതന്മാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന ഈശോ "പിതാവിന്‍റെ കാര്യത്തില്‍ വ്യാപൃതനായി"രിക്കേണ്ടവനാണ് (1,49).

  1. രണ്ടാംഭാഗം (3,1-9,50): ഒരു ചരിത്രസൂചനയോടെയാണ് ഈ ഭാഗത്തിന്‍റെ തുടക്കം. ചരിത്രപശ്ചാത്തലം വിവരിച്ചതിനുശേഷം സ്നാപകയോഹന്നാന്‍റെ പ്രസംഗത്തോടെ ഈശോയുടെ രംഗപ്രവേശനത്തിന് വഴിയൊരുക്കുന്നു. മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ വിവരണതന്തുതന്നെ ലൂക്കായും പിന്‍തുടരുകയാണ്. ആസന്നമായ വിധിയും അതില്‍നിന്നു രക്ഷനേടാനുള്ള മാനസാന്തരവുമാണ് യോഹന്നാന്‍റെ പ്രസംഗവിഷയം. ഓരോ വ്യക്തിയും നീതിപൂര്‍വ്വം പെരുമാറുകയാണ് മാനസാന്തരത്തിന്‍റെ ആദ്യപടി (3,10-14). യോഹന്നാനെ കാരാഗൃഹത്തിലടയ്ക്കുന്നതും (3,19-20) ഈശോ ജ്ഞാനസ്നാനം സ്വീകരിക്കുന്നതും (3,21-22) ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ചതിനുശേഷം ഈശോയുടെ വംശാവലി നല്‍കിയിരിക്കുന്നു (3,23-38). മരുഭൂമിയിലെ പരീക്ഷകളില്‍ (4,1-13) പിശാചിനെ തോല്പിച്ചതിനുശേഷമാണ് ഈശോ തന്‍റെ ദൗത്യം ആരംഭിക്കുന്നത്. പ്രലോഭകന്‍റെമേല്‍ ഈശോ നേടുന്ന വിജയം അവിടുത്തെ വ്യക്തിത്വവും ശക്തിയും ദ്യോതിപ്പിക്കുന്നു. നസറത്തിലെ സിനഗോഗില്‍വച്ച് ഏശ 61,1-2 ഉച്ചരിച്ചുകൊണ്ട് ആ വാക്കുകള്‍ ഇന്നു നിറവേറിയിരിക്കുന്നു എന്ന് അവിടുന്ന് പ്രഖ്യാപിക്കുകയാണ് (4,21). പക്ഷേ അവിടുന്ന് സ്വദേശത്ത് അവഗണിക്കപ്പെടുന്ന പ്രവാചകനാണ്. പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍തന്നെ അവിടുത്തെ വധിക്കാന്‍ "സിനഗോഗില്‍ ഉണ്ടായിരുന്ന ആളുകള്‍" (4,28-29) തയ്യാറായത് ഭാവിയില്‍ വരാനിരിക്കുന്ന തിരസ്ക്കാരത്തിന്‍റെ സൂചനയായി കണക്കാക്കാം.

ഈശോയും ശിഷ്യന്മാരും ഒരു സംഘമായി ഗലീലിയില്‍ പ്രേഷിതപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ലൂക്കാ ചിത്രീകരിക്കുന്നുണ്ട് (4,31-6,16). അത്ഭുതകരമായ ഒരു മീന്‍പിടുത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് പത്രോസിനെ ഈശോ വിളിക്കുന്നത് (5,1-11). ചുങ്കസ്ഥലത്തിരുന്ന ലേവിയും ഈശോയുടെ വിളി കേട്ട് അവിടുത്തെ അനുഗമിച്ചു (6,27-32). ചുങ്കക്കാരോടൊത്തുള്ള ഭക്ഷണം, ഉപവാസം, സാബത്താചരണം എന്നിവയുടെ പേരില്‍ ഈശോയും യാഥാസ്ഥിതികരായ യഹൂദനേതാക്കളും തര്‍ക്കത്തിലേര്‍പ്പെടുന്നത് മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നാം വായിച്ചതാണ്. ലൂക്കായും ആ വിവരണങ്ങള്‍ നല്‍കുന്നുണ്ട്. തുടര്‍ന്ന് ഈശോ തന്‍റെ പന്ത്രണ്ടുപേരെ തെരഞ്ഞെടുക്കുന്നത് ലൂക്കാ വിവരിക്കുന്നു.

മലയിലെ പ്രസംഗത്തിനു സമാന്തരമായി ഈശോ നല്‍കുന്ന ദീര്‍ഘമായ ഒരു പ്രഭാഷണം (സമതല പ്രഭാഷണം) അവിടുത്തെ പ്രകടനപത്രികതന്നെയാണ്. നാലു ഗണത്തില്‍പെട്ടവരാണ് ഭാഗ്യവാന്മാര്‍: ദരിദ്രര്‍, വിശക്കുന്നവര്‍, കരയുന്നവര്‍, മനുഷ്യപുത്രന്‍റെ പേരില്‍ ദ്വേഷിക്കപ്പെടുന്നവര്‍. ഇവര്‍ക്കു മറുവശത്ത് ശാപോക്തികള്‍ ഏറ്റു വാങ്ങുന്നവരുമുണ്ട് - സമ്പന്നര്‍, സംതൃപ്തര്‍, ചിരിക്കുന്നവര്‍, പ്രശംസിക്കപ്പെടുന്നവര്‍. ഈശോയുടെ വാക്കുകളില്‍ ജീവിതം പണിതുയര്‍ത്തുന്നവര്‍ ഉറപ്പുള്ള പാറമേലാണു പണിതിരിക്കുന്നത്. ഗലീലിയില്‍ ഈശോ ചെയ്ത അത്ഭുതങ്ങളും പറഞ്ഞ ഉപമകളും 7,1-9,50 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈശോ തന്നെയാണോ മിശിഹാ എന്ന സ്നാപകന്‍റെ ചോദ്യത്തിന് തന്‍റെ മെസയാനിക പ്രവര്‍ത്തനങ്ങളാണ് ഈശോ തെളിവായി നല്‍കുന്നത് (7,20-22).

  1. മൂന്നാം ഭാഗം (9,51-19,28): ഈശോയുടെ ജെറുസലെം യാത്രയുടെ ഒരു ദീര്‍ഘവിവരണമാണ് ഈ ഭാഗം. "അവന്‍ ജെറുസലെമിലേക്കു പോകാന്‍ ഉറച്ചു" എന്ന പ്രസ്താവനയോടെ ലൂക്കാ തന്‍റെ വിവരണത്തിന് മുഖവുര കുറിയ്ക്കുന്നു (9,51). ഈ യാത്രാവിവരണത്തിന്‍റെ ആദ്യഭാഗത്ത് ഈശോ ശിഷ്യന്മാര്‍ക്കു നല്‍കുന്ന ഉപദേശങ്ങളാണു കൂടുതല്‍. ശിഷ്യത്വത്തെക്കുറിച്ചും പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈശോയുമൊത്തുള്ള സഹവാസവും ഗുരുശിഷ്യബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു. പ്രേഷിതപര്യടനത്തിനുശേഷം എഴുപത്തിരണ്ടുപേര്‍ മടങ്ങി വന്നപ്പോള്‍ ഈശോ വിശ്വാസം സ്വീകരിച്ചവരുടെ ഹൃദയലാളിത്യത്തില്‍ ആഹ്ലാദിക്കുന്നുണ്ട് (10,21). നല്ല സമറിയാക്കാരന്‍റെ ഉപമപോലെതന്നെ മര്‍ത്തായുടെയും മറിയത്തിന്‍റെയും പ്രതികരണങ്ങളും വചനശ്രവണത്തിന്‍റെയും വചനം പ്രായോഗികമാക്കുന്നതിന്‍റെയും പ്രാധാന്യം അടിവരയിട്ടു പ്രഖ്യാപിക്കുന്നു. പ്രാര്‍ത്ഥനയിലും വചനശ്രവണത്തിലും ശ്രദ്ധാലുക്കളായിരിക്കേണ്ട പുരോഹിതനും ലേവായനും മരണാസന്നനായ വ്യക്തിയെ സഹായിക്കാതെ കടന്നുപോകുന്നതുപോലെതന്നെ (10,31-32) വിമര്‍ശനാര്‍ഹമാണ് കര്‍തൃവചനങ്ങള്‍ കേള്‍ക്കാതെ ബഹുകാര്യപര്യാകുലയായ മര്‍ത്തായുടെ പ്രവൃത്തിയും (10,41-42). "പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണേ" എന്ന ശിഷ്യന്മാരുടെ ആഗ്രഹം മാനിച്ച് ഈശോ അവര്‍ക്ക് "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥന നല്‍കി (11,1-4). തുടര്‍ന്ന് പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് അവിടുന്നു പഠിപ്പിച്ചു (11,5-13).

ഈശോയുടെ പ്രവര്‍ത്തനങ്ങളെ സംശയ ദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന ആളുകള്‍ അവിടുത്തെ വിമര്‍ശിക്കുവാന്‍ തക്കം പാര്‍ത്തിരുന്നു. ഈശോ പിശാചുബാധ ഒഴിപ്പിക്കുന്നത് പിശാചുക്കളുടെ തലവനെക്കൊണ്ടാണെന്നാണ് ഒരു ആരോപണം (11,15). അടയാളങ്ങളിലൂടെ ആധികാരികത ആവശ്യപ്പെടുന്ന ആളുകളെ ഈശോ കുറ്റപ്പെടുത്തുന്നുണ്ട്. യോനായുടെ അടയാളം മാത്രമേ അവര്‍ക്കു നല്‍കപ്പെടൂ (11,29). ഫരിസേയരുടെയും നിയമജ്ഞരുടെയും കാപട്യം വ്യക്തമാക്കുന്ന ഈശോ നിര്‍ഭയമായി സാക്ഷ്യം നല്‍കാന്‍ ശിഷ്യരെ ഉദ്ബോധിപ്പിക്കുന്നു. ദൈവരാജ്യത്തിന്‍റെ സാര്‍വ്വത്രികമാനം വ്യക്തമാക്കുന്ന വിശദീകരണം നല്‍കാന്‍ ഈശോ ഒരു വിരുന്നിന്‍റെ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്. ദൈവരാജ്യത്തില്‍ വലിപ്പ ചെറുപ്പഭേദമില്ലാതെ ഏവരും ഒരുപോലെ ക്ഷണിക്കപ്പെട്ടിരിക്കുന്നു (14,23).

ദൈവത്തെക്കുറിച്ചുള്ള പുതിയ ഒരു പ്രബോധനമാണ് നഷ്ടപ്പെട്ട ആടിനെ തേടുന്ന ഇടയന്‍റെ ഉപമയിലൂടെ ഈശോ നല്‍കുന്നത് (15,1-7). അതുപോലെതന്നെ നഷ്ടപ്പെട്ട നാണയവും ധൂര്‍ത്തനായ പുത്രനും. പാപികളെ അവരുടെ തിരിച്ചുവരവില്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യണം. ലൂക്കായ്ക്ക് പ്രിയപ്പെട്ട ദൈവശാസ്ത്രപരമായ ഒരാശയമാണത്. മറ്റു പല ഉപമകളും ജെറുസലെമിലേക്കുള്ള യാത്രാമദ്ധ്യേ ഈശോ പറയുന്നുണ്ട് (അവിശ്വസ്തനായ കാര്യസ്ഥന്‍-16,1-13; ധനികനും ദരിദ്രനായ ലാസറും-16,19-31; ന്യായാധിപനും വിധവയും-18,1-8; പ്രാര്‍ത്ഥിക്കുന്ന ഫരിസേയനും ചുങ്കക്കാരനും-18,9-14; പത്തുനാണയങ്ങളുടെ ഉപമ-19,11-27). ദാരിദ്ര്യം, വിശപ്പ്, അനീതി, അധികാരികളുടെ തന്നിഷ്ടം മുതലായ പല പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന ഇവ നീതിപൂര്‍വ്വകമായ ഒരു സാമൂഹ്യവ്യവസ്ഥിതി സൃഷ്ടിക്കപ്പെടുന്നതിനുവേണ്ടി വ്യാഖ്യാനിക്കപ്പെടണം.

  1. നാലാം ഭാഗം (19,29-24,53): ഈശോയുടെ ആഘോഷപൂര്‍വ്വകമായ നഗരപ്രവേശനത്തോടെയാണ് ലൂക്കാ ഈ ഭാഗം ആരംഭിക്കുന്നത്. ദേവാലയത്തിലെ കച്ചവടക്കാരെ ബഹിഷ്ക്കരിക്കുന്ന ഈശോ ശത്രുക്കളുടെ കോപം ക്ഷണിച്ചുവരുത്തി (19,47). ഈശോയുടെ അധികാരം, നികുതി, ഉത്ഥാനം, മിശിഹാ ദാവീദിന്‍റെ പുത്രനാകുന്നതെങ്ങനെ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ഈശോയുമായി യഹൂദര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. മുന്തിരിത്തോട്ടത്തിന്‍റെ ദുഷ്ടരായ കാര്യസ്ഥന്മാരില്‍നിന്ന് അവകാശം എടുത്തു മാറ്റപ്പെടുമെന്ന മുന്നറിയിപ്പും ഈ ഭാഗത്തുണ്ട് (20,16). ഈശോ യുഗാന്ത്യത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നത് ദേവാലയത്തിനകത്താണ്. ജാഗരൂകരായിരിക്കാനുള്ള ആഹ്വാനമാണ് പ്രഭാഷണത്തിന്‍റെ അന്ത്യത്തിലുള്ളത് (21,36).

പീഡാനുഭവ വിവരണത്തില്‍ ലൂക്കാ മര്‍ക്കോസിന്‍റെ ക്രമം പാലിക്കുന്നുണ്ടെങ്കിലും ഇതരസ്രോതസ്സുകളില്‍നിന്ന് പ്രത്യേകമായ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും പരിഷ്കരിക്കാനും ഉദ്യമിച്ചിട്ടുണ്ട്. ഉദാഹരണമായി പുതിയ ഉടമ്പടിയുടെ വിവരണത്തില്‍ ലൂക്കാ കൂടുതല്‍ അടുപ്പം കാണിക്കുന്നത് 1 കോറി 11,23-25 മായാണ്. പണവും വാളും കരുതാന്‍ അന്ത്യ അത്താഴത്തിന്‍റെ അവസാനമായി ഈശോ നല്‍കുന്ന ആഹ്വാനം (22,36) ലൗകികാധികാരവും ശിഷ്യസമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ വെളിച്ചത്തില്‍ വേണം വ്യാഖ്യാനിക്കാന്‍. ഗെത്സെമനിയിലെ പ്രാര്‍ത്ഥന, ബന്ധനം, പത്രോസിന്‍റെ ഗുരുനിഷേധം, വിചാരണ, വിധി, കുരിശാരോഹണം, മരണം, സംസ്ക്കാരം എന്നിവയില്‍ ലൂക്കാ ചില വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഹേറോദേസ് നടത്തുന്ന വിചാരണ, ജെറുസലെം സ്ത്രീകളെ ആശ്വസിപ്പിക്കുന്നത്, നല്ല കള്ളനുള്ള സാന്ത്വനം മുതലായവ ലൂക്കാ മാത്രമേ നല്‍കുന്നുള്ളൂ.

ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവും തമ്മില്‍ പല ദിവസങ്ങളുടെ അകലമുള്ളതായി ലൂക്കാ 24 ല്‍ നിന്നു വ്യക്തമല്ല. ശൂന്യമായ കല്ലറയില്‍ പത്രോസും പ്രവേശിക്കുന്നുണ്ട്. എമ്മാവൂസിലേക്കുള്ള യാത്രയുടെ വിവരണം ലൂക്കായുടെ വിവരണശൈലിക്ക് ഉത്തമോദാഹരണമാണ് (24,13-35). ഉത്ഥാനം ചെയ്ത നാഥന്‍ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനായി; അവരോടൊപ്പം ഭക്ഷിക്കുകയും അവര്‍ക്ക് വചനം വ്യാഖ്യാനിച്ച് നല്‍കുകയും ചെയ്തു (24,36-46). പ്രേഷിതദൗത്യം ഏല്‍പ്പിച്ച് കൊടുത്തശേഷം ശിഷ്യരോടൊപ്പം ഈശോ ബഥാനിയായിലേക്കു പോകുകയും അവിടെനിന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്തു (24,50-51). ശിഷ്യര്‍ തിരിച്ച് ജെറുസലെമിലേക്ക് പോയി. ലൂക്കായുടെ സുവിശേഷം ദേവാലയത്തിലാണ് ആരംഭിക്കുന്നത്; ഈശോയ്ക്ക് ദേവാലയവുമായുള്ള ബന്ധം ലൂക്കാ പ്രത്യേകമായി അവതരിപ്പിക്കുന്നുണ്ട്. ശിഷ്യന്മാര്‍ "ദൈവത്തെ സ്തുതിച്ചുകൊണ്ട് ദേവാലയത്തില്‍ കഴിഞ്ഞുകൂടി" എന്ന് പ്രസ്താവിച്ചുകൊണ്ട് സുവിശേഷത്തിന് തിരശ്ശീല വീഴുന്നു (24,53).

സുവിശേഷത്തിന്‍റെ പാഠം

ലൂക്കായുടെ സുവിശേഷത്തിന്‍റെ ഏറ്റവും പുരാതനമായ പാഠം ബോഡ്മെര്‍ പപ്പീറസ് (P75), സീനായ് കോഡെക്സ് (ട-ആലെഫ്), വത്തിക്കാന്‍ കോഡെക്സ് (B), പുനര്‍ലിഖിത എഫ്രേം കോഡെക്സ് (E) എന്നിവയില്‍നിന്നു ലഭ്യമാണ്. സുവിശേഷം സാഹിത്യപരമായും ഉള്ളടക്കപരമായും ഒരേയൊരു കൃതിയാണ്. ചില പുരാതന കയ്യെഴുത്തു പ്രതികളില്‍ കാണുന്ന വ്യത്യാസങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുശേഷം ഉണ്ടായിട്ടുള്ളവയും വിശദീകരിക്കാന്‍ കഴിയുന്നവയുമാണ്. അവ മൂലരചനയുടെ കെട്ടുറപ്പിനെ ഒരു വിധത്തിലും ചോദ്യംചെയ്യുന്നില്ല.

                                                            ഡോ. ജോസഫ് പാംപ്ലാനി

gospel of luke introduction catholic malayalam Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message