x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം,യോഹന്നാന്‍ 15:1-6, അന്യാപദേശം

Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021

പഴയനിയമത്തില്‍ മുന്തിരിച്ചെടിയെയും      മുന്തിരിത്തോട്ടങ്ങളെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ദൈവമായ കര്‍ത്താവിന്‍റെ മുന്തിരിത്തോപ്പാണ് ഇസ്രായേല്‍ എന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. ഇസ്രായേലിനെ മുന്തിരിച്ചെടിയും മുന്തിരിത്തോട്ടവുമായും ദൈവത്തെ കൃഷിക്കാരനുമായി സങ്കീര്‍ത്തനങ്ങളിലും പ്രവാചകഗ്രന്ഥങ്ങളിലും അവതരിപ്പിക്കുന്നുണ്ട് (സങ്കീ 80:8-15; ഏശ 27:2-6; ജെറ 5:10; ഹോസി 10:1). ദൈവജനമായ ഇസ്രായേലിനോടുള്ള ദൈവത്തിന്‍റെ സ്നേഹബന്ധത്തെ മുന്തിരിത്തോപ്പിനോടുള്ള ദൈവത്തിന്‍റെ സ്നേഹഗാനമായും (ഏശയ്യാ 5:1-7) മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ വിലാപമായും (ജറെ 2:11) പഴയനിയമം ചിത്രീകരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഈശോയുമായും അതുവഴി ദൈവവുമായുമുള്ള ബന്ധത്തെ സൂചിപ്പിക്കാന്‍ മുന്തിരിച്ചെടിയുടെയും ശാഖകളുടെയും അന്യാപദേശം ഈശോ ഉപയോഗിക്കുന്നത്.

ഈശോയുമായുള്ള സജീവബന്ധം: "എ ന്‍റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്ന് നീക്കിക്കളയുന്നു. എന്നാല്‍ ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്ന് വെട്ടിയൊരുക്കുകയും ചെയ്യുന്നു" (15:2). ഈശോയിലുള്ള വിശ്വാസവും ഈശോയോടുള്ള പ്രതിബദ്ധതയും സജീവമായിരിക്കണം. അഥവാ ഫലം പുറപ്പെടുവിക്കുന്നതായിരിക്കണം. പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജീവമാണ് (യാക്കോ 2:17). ജീവിതം ഇല്ലാത്ത വാക്കുകള്‍ പൊള്ളയാണ്. അതു വിശ്വാസമില്ലായ്മയ്ക്കു തുല്യമാണ്. വിശ്വാസമുണ്ടെങ്കില്‍ അതിനനുസൃതമായ പ്രവൃത്തികളും ഉണ്ടാകണം. ഈശോമിശിഹായിലുള്ള വിശ്വാസവും അതിനനുസൃതമായ പ്രവൃത്തികളുമാണ് നമ്മെ മിശിഹായുടെ സജീവശാഖകളാക്കുന്നത്. ഇവിടെ പ്രവൃത്തികള്‍ എന്നു പറയുന്നത് വചനാധിഷ്ഠിതമായ ജീവിതത്തില്‍നിന്നുളവാകുന്ന പ്രവൃത്തികളാണ്. "നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍റെ വചനങ്ങള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍  നിങ്ങള്‍ ധാരാളം ഫലങ്ങള്‍ പുറപ്പെടുവിക്കും" (15:7-8). ദൈവത്തിന്‍റെ കല്പനകള്‍ പാലിക്കുന്ന ജീവിതമാണ് മുന്തിരിച്ചെടിയുടെ ഫലം പുറപ്പെടുവിക്കുന്ന ശാഖയായി വര്‍ത്തിക്കുന്നതിന്‍റെ അടയാളം.

ഈശോയോടുള്ള സജീവബന്ധത്തിന്‍റെ അടയാളമായി പ്രത്യേകം ഈ ഉപമയില്‍ എടുത്തുപറയുന്നത് ഈശോയുടെ പുതിയ കല്പനാനുസരണമാണ്: "ഇതാണ് എന്‍റെ കല്പന: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം" (15:12). "ഞാന്‍ നിങ്ങളോടു കല്പിക്കുന്നു, പരസ്പരം സ്നേഹിക്കുവിന്‍" (15:17). മുന്തിരിച്ചെടിയാകുന്ന ഈശോയോട് സജീവബന്ധം പുലര്‍ത്തി ഒട്ടിനില്‍ക്കുന്ന ശാഖകളായി വര്‍ത്തിച്ചെങ്കിലേ ഈശോയുടെ സ്നേഹത്തിന്‍റെ കല്പന പാലിക്കുന്നവരായി വര്‍ത്തിക്കുവാന്‍ സാധിക്കുകയുള്ളു. ഈശോയെപ്പോലെ സ്നേഹിക്കണമെങ്കില്‍ ഈശോയുടെ ജീവചൈതന്യം അഥവാ അരൂപി ശിഷ്യരെ ശക്തിപ്പെടുത്തണം. അല്ലെങ്കില്‍ അവരിലുള്ള സ്വാര്‍ത്ഥപരവും മാനുഷികവുമായ പ്രവണതകളെ അതിജീവിച്ച് പരസ്പരം സ്നേഹിക്കുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അങ്ങനെ ഈശോയുടെ ജീവചൈതന്യത്താല്‍ പരിപോഷിപ്പിക്കപ്പെട്ടും ശക്തിപ്രാപിച്ചും പരസ്പരം സ്നേഹിക്കുമ്പോള്‍ അരൂപിയുടെ ഫലങ്ങളാകുന്ന സ്നേഹം, സന്തോഷം, സമാധാനം തുടങ്ങിയവ ശിഷ്യര്‍ക്ക് അനുഭവവേദ്യമാകും. അവര്‍ മുന്തിരിച്ചെടിയാകുന്ന മിശിഹായുടെ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന സജീവശാഖകളായി വളരുകയും ചെയ്യും.

ഇങ്ങനെ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ശാഖകളായി വര്‍ത്തിക്കുമ്പോള്‍ കൃഷിക്കാരനായ പിതാവിന്‍റെ വെട്ടിയൊരുക്കല്‍ നടക്കും. വെട്ടിയൊരുക്കല്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. പക്ഷേ, വേദനയുളവാക്കുന്നതാണ്. ഈശോ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിച്ചുകൊണ്ട് ജീവിക്കുമ്പോള്‍, സ്നേഹത്തിനു വിഘാതമായി നില്‍ക്കുന്ന സ്വന്തമായ സുഖങ്ങളും സൗകര്യങ്ങളും താത്പര്യങ്ങളും ത്യജിക്കേണ്ടതായി വരും.

വചനത്തിലൂടെയുള്ള വെട്ടിയൊരുക്കല്‍: "ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു" (യോഹ 15:3). പിതാവായ ദൈവം ഈശോയുടെ വചനത്തിലൂടെയാണ് ശിഷ്യരെ വെട്ടിയൊരുക്കുന്നത്. വെട്ടിയൊരുക്കല്‍ വിശുദ്ധീകരണമാണ്. ശിഷ്യര്‍ വചനത്താല്‍  വെട്ടിയൊരുക്കപ്പെടണം. "എന്‍റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്‍റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും" (യോഹ 8:31-32). വചനം സ്വീകരിച്ച് നിരന്തരം ആ വചനത്തില്‍ നിലനില്‍ക്കുന്നവര്‍ക്കു മാത്രമേ പാപത്തില്‍നിന്നുള്ള സ്വാതന്ത്ര്യം അനുഭവിച്ചറിയുവാന്‍ കഴിയുകയുള്ളൂ. "നമ്മള്‍ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തില്‍ നിന്നല്ല, അനശ്വരമായ ബീജത്തില്‍ നിന്നാണ്. സജീവവും സനാതനവുമായ ദൈവവചനത്തില്‍ നിന്ന്" (1 പത്രോ 1:23) എന്ന് പത്രോസ്ശ്ലീഹാ പഠിപ്പിക്കുന്നു. ദൈവവചനവും ദൈവഹിതവും ഒന്നുതന്നെയാണ്. ദൈവത്തിന്‍റെ ഹിതമാണല്ലോ തന്‍റെ വചനത്തിലൂടെ ദൈവം അറിയിക്കുക. അങ്ങനെ ദൈവഹിതം സ്വീകരിച്ചുകൊണ്ട് അനുദിനം ജീവിക്കുന്ന ജീവിതമാണ് വചനാധിഷ്ഠിതജീവിതം. അങ്ങനെ ജീവിക്കുന്നവരുടെ ജീവിതം വിശുദ്ധീകരിക്കപ്പെടും.

gospel of john catholic malayalam Rev. Msgr. Dr. Mathew Vellanickal Gospel of John John 15: 1-6 advice Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message