We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021
സുവിശേഷത്തിന്‍റെ ആദ്യത്തെ പതിനെട്ടു വാക്യങ്ങള്‍ വെറുമൊരു ആമുഖം മാത്രമായി നമുക്കു കരുതാനാവില്ല. കാരണം സുവിശേഷത്തിന്‍റെ സാരസംഗ്രഹം മുഴുവന്‍ ആമുഖത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സുവിശേഷത്തിന്‍റെ പ്രധാന പ്രമേയങ്ങളായ ജീവന്‍, പ്രകാശം, സാക്ഷ്യം, വിശ്വാസം, മഹത്ത്വം എന്നിവയെല്ലാം ഇതില്‍ സമ്യക്കായി പ്രതിപാദിക്കുന്നു. അന്ധകാരം, അവിശ്വാസം എന്നിങ്ങനെയുള്ള എതിര്‍പ്രമേയങ്ങളും ഈ ഭാഗത്തുണ്ട്.
സുവിശേഷത്തിന്‍റെ ഇതരഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആമുഖവചനങ്ങള്‍ക്ക് ശൈലിയിലും അവതരണത്തിലും ഏറെ വ്യത്യാസങ്ങളുള്ളതായി കാണാം. ഇത് ആമുഖത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉണര്‍ത്തുന്നു. കാവ്യാത്മകമായ ശൈലിയാണ് ഇതിനുള്ളത്. സമാന്തരത്വവും ഏകകേന്ദ്രീകൃതഘടനയുംഇതില്‍ ഉപയോഗിച്ചിരിക്കുന്നു. അതുപോലെതന്നെ, ആമുഖത്തില്‍ കാണുന്ന ചില സുപ്രധാന ദൈവശാസ്ത്ര ആശയങ്ങള്‍ സുവിശേഷത്തിന്‍റെ ഇതരഭാഗങ്ങളുമായി പൊരുത്തപ്പെടുന്നുമില്ല. ഈശോയെ 'വചനം' എന്ന് ആമുഖത്തില്‍ മാത്രമേ വിളിക്കുന്നുള്ളു. 'കാരിസ്' (കൃപ) എന്ന പദവും സുവിശേഷത്തിന്‍റെ ഇതരഭാഗങ്ങളില്‍ കാണുന്നില്ല. എഫേസൂസിലെ സഭയുടെ ശ്ലൈഹികപാരമ്പര്യത്തില്‍ സ്വതന്ത്രഗീതമായി രൂപപ്പെട്ട ലിറ്റര്‍ജിക്കല്‍ ഗീതമായിരുന്ന ഈ ഭാഗം പിന്നീട് സുവിശേഷഭാഗത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് എന്ന് അഭിപ്രായപ്പെടുന്ന വ്യഖ്യാതാക്കളുണ്ട്.
സമാന്തരസുവിശേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രതീകാത്മകവും ദൈവശാസ്ത്രപരവുമായ ഒരു പ്രതിപാദനശൈലിയാണ് യോഹന്നാന്‍ശ്ലീഹായുടേത്. ഈ സുവിശേഷത്തിന് നല്കപ്പെട്ടിരിക്കുന്ന പ്രതീകം കഴുകന്‍റേതാണ്. മറ്റു പക്ഷികളേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ പറക്കുന്ന പക്ഷിയാണ് കഴുകന്‍. ഉന്നതമായ ദൈവശാസ്ത്ര ചിന്തകൊണ്ടാണ് യോഹന്നാന്‍ശ്ലീഹാ തന്‍റെ സുവിശേഷം ആരംഭിക്കുന്നത്. അതുപോലെ, സൂര്യനുനേരേ നോക്കാന്‍ കഴിവുള്ള പക്ഷിയാണ് കഴുകന്‍. ധ്യാനാത്മകശൈലിയിലൂടെ അപ്രാപ്യനായ ഈശോയെ നോക്കിക്കാണാന്‍, അവതരിപ്പിക്കാന്‍ സുവിശേഷകന്‍ ആമുഖത്തില്‍ ശ്രമിക്കുന്നു.
ദൈവമനുഷ്യ സമാഗമമാണ് ആമുഖത്തിന്‍റെ പ്രധാന പ്രതിപാദ്യ വിഷയം. ഈ സമാഗമം നടക്കുന്നത് മിശിഹായിലാണ്. അതുകൊണ്ട് സുവിശേഷത്തിന്‍റെ കേന്ദ്രബിന്ദു മിശിഹാസംഭവമാണ്. മിശിഹായുടെ ചരിത്രം എന്നതിനേക്കാള്‍ മിശിഹായില്‍ നടന്ന രക്ഷാകരസംഭവം എന്താണെന്നാണ് യോഹന്നാന്‍ശ്ലീഹാ വിവരിക്കുന്നത്. ദൈവം മനുഷ്യനു സ്വയം വെളിപ്പെടുത്തുന്നു. ദൈവത്തിന്‍റെ ഈ സ്വയംവെളിപ്പെടുത്തലിനു മനുഷ്യന്‍ പ്രത്യുത്തരിക്കുന്നു. മനുഷ്യരക്ഷയ്ക്ക് നിര്‍ണ്ണായകമായ ഈ കണ്ടുമുട്ടലിന്‍റെ ഉത്തമവേദി ഈശോയാണ്.
ആമുഖത്തിന്‍റെ ഘടനയും പ്രതിപാദ്യവിഷയവും
സമാനപ്രസ്താവനകള്‍ ഉള്‍ക്കൊള്ളന്ന ഏകകേന്ദ്രീകൃത (concentric) ഘടനയിലുള്ള രചനാശൈലി ഉപയോഗിച്ചാണ് ആമുഖം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആശയത്തിലേക്ക് നീങ്ങുവാന്‍ അതിന് മുമ്പും പിമ്പും സമാന്തര പ്രസ്താവനകള്‍ ഉപയോഗിക്കുന്ന രചനാശൈലിയാണിത്.
e1. 14 - നമ്മള്‍ അവന്‍റെ മഹത്വം ദര്‍ശിച്ചു
d1. 15 - യോഹന്നാന്‍ അവന് സാക്ഷ്യം നല്കി
c1. 16 - അവന്‍റെ പൂര്‍ണ്ണതയില്‍നിന്നു നാമെല്ലാം കൃപ സ്വീകരിച്ചു
b1. 17 - കൃപയും സത്യവും ഈശോമിശിഹാ വഴി ഉണ്ടായി
a1. 18 - പിതാവിന്‍റെ മടിയിലിരിക്കുന്ന പുത്രന്‍
ദൈവമനുഷ്യസമാഗമത്തിന്‍റെ നാലു വശങ്ങളാണ് ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്:
ആമുഖത്തില്‍ ഈശോയെ 'ലോഗോസ്' അഥവാ 'വചന'മായാണ് അവതരിപ്പിക്കുന്നത്. വചനമെന്ന പദത്തെ വ്യക്തിവല്‍ക്കരിച്ചുകൊണ്ടുള്ള ഒരു പ്രയോഗമാണത്. യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ കുറഞ്ഞതു നാല്പതു പ്രവശ്യമെങ്കിലും ഈ പദം ഉപയോഗിച്ചിട്ടണ്ട്. എന്നാല്‍ വ്യക്തിയായി ലോഗോസിനെ അവതരിപ്പിച്ചിരിക്കുന്നത് ഇവിടെ മാത്രമേയുള്ളു. യോഹന്നാന്‍ശ്ലീഹായുടെ മറ്റ് ലിഖിതങ്ങളും പരിശോധനാവിഷയമാക്കിയാല്‍, ഈശോയ്ക്ക് 'വചന'മെന്ന പേര് മൂന്ന് സന്ദര്‍ഭങ്ങളില്‍ മൂന്ന് വ്യത്യസ്ത അര്‍ത്ഥങ്ങളില്‍ ശ്ലീഹാ ഉപയോഗിക്കുന്നതായി മനസ്സിലാക്കാം: 1. ഈശോ ദൈവത്തെ വെളിപ്പെടുത്തുന്ന വചനമാണ്: "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു. ആദിയില്‍ അവന്‍ ദൈവത്തോടു കൂടെയായിരുന്നു" (1:1-2). 2. ഈശോ ദൈവത്തിന്‍റെ ജീവന്‍ നല്കുന്ന വചനമാണ്: " ജീവന്‍റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു. ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു; അതിനു സാക്ഷ്യം നല്കുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോടു പ്രഘോഷിക്കുന്നു" (1 യോഹ 1:1-2). 3. ഈശോ ലോകത്തെ വിധിക്കുന്ന വചനമാണ്: "അവന്‍ രക്തത്തില്‍ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവന്‍റെ നാമം ദൈവവചനം എന്നാണ്" (വെളി 19:13). മാംസമായി അവതരിച്ച ദൈവപുത്രനിലുള്ള വിശ്വാസമാണ് രക്ഷയുടെയും ശിക്ഷയുടെയും മാനദണ്ഡം. "പിതാവ് ആരേയും വിധിക്കുന്നില്ല. വിധി മുഴുവനും അവിടുന്ന് പുത്രനെ ഏല്പിച്ചിരിക്കുന്നു" (5:22). പുത്രന്‍റെ വെളിപാടിനോട് അനുകൂലമായി പ്രത്യുത്തരിക്കുന്നവര്‍ക്ക് രക്ഷയും (ജീവനും) പ്രതികൂലമായി പ്രത്യുത്തരിക്കുന്നവര്‍ക്ക് ശിക്ഷയും (മരണവും) ലഭിക്കുന്നു. കാരണം പുത്രനാണ് ദൈവത്തിന്‍റെ ഹിതം വെളിപ്പെടുത്തുന്നത്. വചനമായ ഈശോയെ ദൈവത്തെ വെളിപ്പെടുത്തുന്നവനും ജീവദാതാവും വിധിയാളനുമായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.
പഴയനിയമത്തില്‍ 'ദബാര്‍ യാഹ്വെ' എന്ന പ്രയോഗം കാണുന്നുണ്ട്. 'ദബാര്‍ യാഹ്വെ' എന്നാല്‍ 'കര്‍ത്താവിന്‍റെ വചനം' എന്നാണ്. ഇതു കേവലം സംസാരിച്ച ഒരു വചനമല്ല, മറിച്ച് ഒരു സംഭവമാണ്. ദൈവാനുഭവം ഇതുള്‍ക്കൊള്ളുന്നുണ്ട്. അതിന് അതിന്‍റേതായ ശക്തിയുണ്ട് - സൃഷ്ടിക്കുന്ന ശക്തി (ഉല്‍പ 1:1), ജീവന്‍ നല്കുന്ന ശക്തി (നിയമ 32:46-47), സൗഖ്യപ്പെടുത്തുന്ന ശക്തി (സങ്കീ 107:20). ഏശ 55:10-11 ല്‍ ഭൂമിയെ നനയ്ക്കുന്ന മഴയോടാണ് വചനത്തെ ഉപമിക്കുന്നത്. അപ്പോള്‍ പഴയനിയമത്തില്‍ത്തന്നെ 'വചന'ത്തെ വ്യക്തിവല്‍ക്കരിക്കാനുള്ള പ്രവണത കാണുന്നുണ്ട്.
പുതിയനിയമത്തില്‍ ഈശോമിശിഹായുടെ ദൃക്സാക്ഷികളെ 'വചന'ത്തിന്‍റെ ദൃക്സാക്ഷികളായിട്ടാണ് വി. ലൂക്കാ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വചനത്തിന്‍റെ ദൃക് സാക്ഷികളും ശുശ്രൂഷകരുമാണ് ശ്ലീഹന്മാര്‍ (ലൂക്കാ 1:2). ആദിമുതല്‍ വചനത്തിന്‍റെ ദൃക്സാക്ഷികളും ശുശ്രൂഷകരുമായിരുന്ന ശ്ലീഹന്മാര്‍ തങ്ങള്‍ അനുഭവിച്ചറിഞ്ഞ മിശിഹായെയാണ് ലോകത്തിന്‍റെ മുമ്പില്‍ പ്രഘോഷിച്ചത്: "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു" (1 യോഹ 1:1) എന്നാണ് യോഹന്നാന്‍ശ്ലീഹാ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈശോ ദൈവത്തിന്‍റെ സംസാരമാണ്: "പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്.എന്നാല്‍, ഈ അവസാന നാളുകളില്‍ തന്‍റെ പുത്രന്‍ വഴി അവിടുന്നു നമ്മോട് സംസാരിച്ചിരിക്കുന്നു" (ഹെബ്രാ 1:1-2). ഒരു വ്യക്തിയുടെ സംസാരം ആ വ്യക്തിയെ വെളിപ്പെടുത്തുന്നു. പിതാവായ ദൈവം തന്‍റെ പുത്രനിലൂടെ നമ്മോട് സംസാരിച്ചു. അതായത് തന്‍റെ പുത്രനിലൂടെ അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തി. യോഹന്നാന്‍റെ സുവിശേഷത്തില്‍ 'ലോഗോസ്' അഥവാ വചനം എന്നത് വെറും സംസാരമല്ല, പ്രത്യുത, ദൈവഹിതം വെളിപ്പെടുത്തലാണ് ദൈവത്തിന്‍റെ സ്വയം നല്കലാണ്.
വചനം എന്ന വാക്കിന്‍റെ വ്യത്യസ്തങ്ങളായ പ്രയോഗങ്ങള്‍ വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ കാണുവാന്‍ സാധിക്കും. "അവിടുന്ന് അയച്ചവനെ നിങ്ങള്‍ വിശ്വസിക്കാത്തതുകൊണ്ട് അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നില്ല (5:38). വചനത്തില്‍ നാം വസിക്കണം "തന്നില്‍ വിശ്വസിച്ച യഹൂദരോട് ഈശോ പറഞ്ഞു: എന്‍റെ വചനത്തില്‍ നിലനില്ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്‍റെ ശിഷ്യരാണ്" (8:31). വെളിപ്പെടുത്തപ്പട്ട വചനമാണ് ഈശോ. അവിടുന്നില്‍ നാം നിലനില്ക്കണം. "ആരെങ്കിലും എന്‍റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല" (8:51). ദൈവഹിതവും ദൈവവചനവും ഒന്നുതന്നെയാണ്. ദൈവഹിതം അഥവാ ദൈവവചനം മനുഷ്യനായി അവതരിച്ചതാണ് ഈശോ: "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍റെ മഹത്ത്വം നാം ദര്‍ശിച്ചു-കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്‍റേതുമായ മഹത്ത്വം" (യോഹ 1:14). "അവിടുത്തെ വചനം അവര്‍ക്കു ഞാന്‍ നല്കിയിരിക്കുന്നു" (17:14).
ഈശോയും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുവാന്‍ പ്രധാനമായും മൂന്നു കാര്യങ്ങള്‍ ആമുഖത്തില്‍ വിവരിക്കുന്നു:
"അവന് ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു": 'ദൈവത്തോടുകൂടെ' എന്നതില്‍ 'കൂടെ' എന്ന പ്രത്യയം ശ്രദ്ധാര്‍ഹമാണ്. ഗ്രീക്കില്‍ 'പ്രോസ് തോന്‍ ഥെയോന്‍' എന്നതും 'പാരാ തോ ഥെയോ' എന്നതും ഒന്നുതന്നെ അര്‍ത്ഥമാക്കുന്നു. യോഹന്നാന്‍ശ്ലീഹാ ഉപയോഗിച്ചിരിക്കുന്നത് ആദ്യത്തെതാണ്. അതിന് കാരണവുമുണ്ട്. നമുക്കൊരു വ്യക്തിയുടെ കൂടെ യാതൊരു ബന്ധവുമില്ലാതെയോ ശരിയായ ബന്ധത്തോടുകൂടിയോ ആയിരിക്കാം. 'പ്രോസ് തോന്‍ ഥെയോന്‍' ശരിയായ ബന്ധത്തിലായിരിക്കുന്നതിനെ അര്‍ത്ഥമാക്കുന്നു. ഒരു വ്യക്തിയെ അറിഞ്ഞ് വെളിപ്പെടുത്തത്തക്ക രീതിയില്‍ ആ വ്യക്തിയോടൊപ്പമായിരിക്കുക എന്നതാണ് യോഹന്നാന്‍ശ്ലീഹാ ഉദ്ദേശിക്കുന്നത്. ഈശോയ്ക്കു പിതാവിനെ വെളിപ്പെടുത്താന്‍ കഴിയുന്നത് പിതാവുമായി സജീവ ബന്ധത്തിലായിരിക്കുന്നതിനാലാണ്. അനാദിമുതല്‍ ദൈവത്തോടുകൂടെ ഉണ്ടായിരുന്നതിനാല്‍ ഈശോയ്ക്കു മാത്രമേ ദൈവത്തെ പൂര്‍ണ്ണമായി വെളിപ്പെടുത്താനാവൂ.
"ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന (പിതാവിന്‍റെ മടിയിലിരിക്കുന്ന) ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (1:18): പിതാവിന്‍റെ 'മടിയിലായിരുന്ന' എന്നല്ല, 'മടിയിലിരിക്കുന്ന' എന്നാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യമായിപ്പറഞ്ഞാല്‍, പിതാവിന്‍റെ മടിയിലേയ്ക്കായിരിക്കുന്ന പുത്രന്‍ എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. പിതാവും ഈശോയും തമ്മിലുള്ള ബന്ധം സജീവ സംസര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്നതാണ്. മടിത്തട്ട് പുറപ്പെടലിനെ വ്യഞ്ജിപ്പിക്കുന്നു. പുത്രന്‍ പുറപ്പെടുന്നത് പിതാവില്‍നിന്നാണ്. മനുഷ്യാവതാരത്തിലൂടെ ഈ ലോകജീവിതത്തിലേക്ക് പ്രവേശിച്ചപ്പോഴും പുത്രന്‍ പിതാവുമായി ഗാഢബന്ധത്തിലായിരുന്നു. പിതാവിനെ വെളിപ്പെടുത്താന്‍ മറ്റാരേക്കാളധികം യോഗ്യതയുള്ളത് പുത്രനാണ്. ഈശോയുടെ വെളിപ്പെടുത്തലിന്‍റെ അതുല്യതയാണ് ഇവിടെ ഉയര്‍ത്തിക്കാട്ടുന്നത്. ഈശോയില്‍ മാത്രമേ ദൈവികവെളിപാടിന്‍റെ പൂര്‍ണ്ണത കണ്ടെത്താനാവൂ.
ഈശോയുടെ മദ്ധ്യവര്‍ത്തിത്വം
ലോകത്തിന്‍റെ സൃഷ്ടിയിലും രക്ഷയിലും വിശുദ്ധീകരണത്തിലും ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള ഏകമദ്ധ്യവര്‍ത്തിയാണ് ഈശോമിശിഹാ. "സമസ്തവും അവനിലൂടെയുണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല" (1:3). അവിടുന്ന് പ്രപഞ്ചസൃഷ്ടിയിലും മനുഷ്യസൃഷ്ടിയിലും ദൈവത്തോടൊത്ത് പ്രവര്‍ത്തിച്ചു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന എഗെനെത്തോ എന്ന ഗ്രീക്കുപദത്തിന്‍റെ അര്‍ത്ഥം 'ഉണ്ടായി' എന്നാണ്. സൃഷ്ടിയില്‍ മാത്രമല്ല രക്ഷയിലും വിശുദ്ധീകരണത്തിലും അവിടുന്ന് മദ്ധ്യവര്‍ത്തിയായി എന്നാണിത് അര്‍ത്ഥമാക്കുന്നത്. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ പാലമായി വര്‍ത്തിച്ച പൂര്‍ണ്ണദൈവവും പൂര്‍ണ്ണമനുഷ്യനുമായ ഈശോ ദൈവമനുഷ്യസമാഗമവേദിയാണ്.
ഈശോ ലോകത്തിന്‍റെ ജീവന്‍
"അവനില്‍ ജീവനുണ്ടായിരുന്നു" (1:3) എന്ന വാക്യത്തിന്‍റെ ശരിയായ പരിഭാഷ 'അവനില്‍ സംഭവിച്ചത് ജീവനായിരുന്നു' എന്നതാണ്. അവനില്‍ സംഭവിച്ചതെന്താണ്? മിശിഹാസംഭവം. മിശിഹാസംഭവം തന്നെയാണ് ജീവന്‍. ജീവനെക്കുറിച്ചുള്ള അസ്തിത്വപരമായ പരാമര്‍ശമാണത്. ഈ ജീവന്‍ നമുക്കു വേണ്ടിയായിരുന്നു. ജീവന്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ നല്കി മനുഷ്യരക്ഷ സാദ്ധ്യമാക്കാനാണ് ഈശോ മാംസമെടുത്ത് മനുഷ്യനായത്.
യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ ജീവന്‍ എന്നത് പ്രധാനപ്പെട്ട ഒരു ആശയമാണ്. ഗ്രീക്കുഭാഷയില്‍, 'സോയേ' (ദൈവികജീവന്‍) എന്നത് 'സ്യൂഖേ (സ്വാഭാവികജീവന്‍) എന്നതില്‍നിന്നും വ്യത്യസ്തമാണ്. വി. പൗലോസ് വ്യക്തമായ വ്യത്യാസങ്ങള്‍ ഇല്ലാതെ ഈ രണ്ടു പദങ്ങളും ഉപയോഗിക്കുന്നുണ്ട്. 'സോയേ' എന്നത് എപ്പോഴും ദൈവികജീവനെ സൂചിപ്പിക്കുന്നു. ഈ പദം യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ 36 പ്രാവശ്യവും ഒന്നാം ലേഖനത്തില്‍ 13 പ്രാവശ്യവും വെളിപാടുഗ്രന്ഥത്തില്‍ 17 പ്രാവശ്യവും കാണുന്നു. സമാന്തരസുവിശേഷകന്മാര്‍ മൂന്നു പേരുംകൂടെ ആകെ പതിനാറു പ്രാവശ്യമേ ഇതുപയോഗിക്കുന്നുള്ളു. യോഹന്നാന്‍ശ്ലീഹാ ഊന്നല്‍ കൊടുക്കുന്നത് ജീവന്‍റെ സ്വഭാവത്തിനാണ്. ദൈവികമായ ജീവനെയാണിതു സൂചിപ്പിക്കുന്നത്. ജീവന്‍റെ ദൈര്‍ഘ്യത്തെക്കാള്‍ സ്വഭാവത്തിനാണു പ്രാധാന്യം.
ഈശോയില്‍ ഉണ്ടായിരുന്ന ജീവന്‍ ദൈവികജീവനാണ്: "എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകുവാന്‍ അവിടുന്ന് വരം നല്കിയിരിക്കുന്നു" (5:26). ദൈവത്തിന്‍റെ ജീവന്‍ പ്രദാനം ചെയ്യുന്നവനാണ് ഈശോ. ദൈവം തന്‍റെ പുത്രനായ മിശിഹായിലൂടെ മനുഷ്യര്‍ക്കു നല്കിയ ഏറ്റവം വലിയ സമ്മാനം തന്‍റെ ജീവനാണ്. മാംസത്തില്‍നിന്നു ജനിക്കുന്ന മാനുഷികജീവനല്ല, പ്രത്യുത, ആത്മാവില്‍നിന്നു ജനിക്കുന്ന ആത്മീയജീവനാണ് ഇവിടെ വിവക്ഷ (3:6)-പിതാവും പുത്രനും പങ്കിട്ടനുഭവിക്കുന്ന ദൈവികജീവന്‍. ഈ ജീവന്‍ മനുഷ്യനു നല്കുവാന്‍വേണ്ടിയാണ് ദൈവം തന്‍റെ ഏകജാതനെ ലോകത്തിലേക്ക് അയച്ചത് (യോഹ 3:16). ഈ ജീവന്‍ സമൃദ്ധിയായി മനുഷ്യര്‍ക്ക് ഉണ്ടാകുവാനാണ് ഈശോ ലോകത്തിലേക്ക് വന്നതും (യോഹ 10:10). ഈശോ ലോകത്തിന്‍റെ ജീവനായി സ്വയം വെളിപ്പെടുത്തി: "വഴിയും സത്യവും ജീവനും ഞാനാകുന്നു" (14:6). ഈ ജീവന്‍റെ അന്തഃസ്സത്ത പരിശുദ്ധാരൂപിയാണ്. ഈശോ അത് വ്യക്തമാക്കുന്നുണ്ട്: "ആത്മാവാണു ജീവന്‍ നല്കുന്നത്; മാംസം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്" (6:63). "ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്" (4:24).
ഈശോയിലുള്ള വിശ്വാസമാണ് നിത്യജീവന്‍, അഥവാ ദൈവികജീവന്‍ കരഗതമാക്കുന്നതിനുള്ള വ്യവസ്ഥ. ഈശോയിലുള്ള വിശ്വാസവും നിത്യജീവനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ അവിടുന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്: "പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്‍റെമേല്‍ ഉണ്ട്" (3:36). ഈശോയിലുള്ള വിശ്വാസത്തിലൂടെ കരഗതമാകുന്ന നിത്യജീവനിലുള്ള ഭാഗഭാഗിത്വം മാമ്മോദീസായിലൂടെയാണ് സംജാതമാകുന്നത്. നിക്കൊദേമോസുമായുള്ള സംഭാഷണത്തില്‍ ഈ യാഥാര്‍ത്ഥ്യം ഈശോ വ്യക്തമാക്കുന്നുണ്ട്: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല" (3:3). പാപത്തിന് മരിച്ച് ഈശോയില്‍ ദൈവമക്കളായുള്ള ജനനം സംഭവിക്കുന്നത് മാമ്മോദീസായിലാണ്. മാമ്മോദീസായിലൂടെ നിത്യജീവനില്‍ പങ്കാളികളായിത്തീര്‍ന്ന ദൈവമക്കള്‍ക്ക് ഈ ജീവനിലുള്ള വളര്‍ച്ച സാദ്ധ്യമാക്കുന്നത് ജീവന്‍റെ നീര്‍ച്ചാലുകളായ കൂദാശകളാണ്; കൂദാശകളുടെ കേന്ദ്രമായ പരി.കുര്‍ബാനയാണ്. ഈശോ ജീവന്‍റെ അപ്പമാണ് (6:35). ജീവന്‍റെ അപ്പമാണ് യഥാര്‍ത്ഥ പോഷണം. തിരുവചനത്തിലൂടെയും പരി.കുര്‍ബാനയിലൂടെയും ജീവന്‍റെ അപ്പമായി കടന്നുവന്നുകൊണ്ട് നിത്യജീവനിലേക്ക് വളര്‍ത്തുന്ന പോഷണമായി ഈശോ മാറുന്നു.
ഈശോ പ്രദാനം ചെയ്യുന്ന നിത്യജീവന്‍ ശാരീരികമരണത്തെ അതിജീവിക്കുന്നു. ഈലോകജീവിതത്തിന്‍റെയും മരണത്തിന്‍റെയും ലക്ഷ്യം നിത്യജീവനാണ്, ഈശോയിലുള്ള ജീവിതമാണ്: "ഈശോ പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല" (11:25-26). ശാരീരികമരണത്തിനുപോലും നശിപ്പിക്കാനാവാത്ത ഈ ജീവനെ നശിപ്പിക്കാന്‍ പാപത്തിനു കഴിയും (8:21-24). ആത്മാവിന്‍റെ മരണമാണ് പാപം.
ഈശോ ലോകത്തിന്‍റെ പ്രകാശം
ഈശോ ലോകത്തിന് വെളിച്ചമായിരുന്നു: "ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു" (1:4). പ്രകാശം യാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്തുന്നു. പ്രകാശമുള്ളപ്പോഴാണ് വസ്തുക്കളെയും വ്യക്തികളെയുമൊക്കെ വ്യക്തമായി കാണുവാന്‍ സാധിക്കുന്നത്. മനുഷ്യര്‍ക്ക് വെളിച്ചമായി വന്നവനാണ് ഈശോ. ദൈവത്തിന്‍റെ ജീവന്‍ ലോകത്തിന് വെളിപ്പെട്ടത് പ്രകാശമായ മിശിഹായിലൂടെയാണ്. ദൈവം ആരെന്നും ദൈവത്തിന്‍റെ സ്വഭാവം എന്തെ ന്നും അവിടുന്ന് വെളിപ്പെടുത്തി.
സമാന്തരസുവിശേഷങ്ങളിലെല്ലാംകൂടി 15 പ്രാവശ്യമേ വെളിച്ചം (ഗ്രീക്കില്‍ ഫോസ്) എന്ന സംജ്ഞ ഉപയോഗിക്കുന്നുള്ളു. എന്നാല്‍ യോഹന്നാന്‍ശ്ലീഹാ തന്‍റെ സുവിശേഷത്തില്‍മാത്രം 23 പ്രാവശ്യവും ഒന്നാം ലേഖനത്തില്‍ 6 പ്രാവശ്യവും വെളിപാടില്‍ 4 പ്രാവശ്യവും ഈ പദം ഉപയോഗിക്കുന്നുണ്ട്. അദ്ദേഹം ദൈവത്തിനു നല്കുന്ന നിര്‍വ്വചനംതന്നെ "ദൈവം പ്രകാശമാണ്" (1 യോഹ 1:5) എന്നാണ്. "അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും" (1 യോഹ 1:7). അവിടുത്തെ പ്രകാശത്തിലാണ് നാം സഞ്ചരിക്കേണ്ടത്. അന്ധകാരത്തില്‍നിന്നും പ്രകാശത്തിലേക്കുള്ള ഒരു ക്ഷണമായിരുന്നു ഈശോയുടെ പഠിപ്പിക്കലിന്‍റെ കാതല്‍. അന്ധനായ മനുഷ്യനെ സുഖമാക്കുന്ന സന്ദര്‍ഭത്തില്‍ അന്ധകാരത്തില്‍നിന്നും പ്രകാശത്തിലേക്കുള്ള ഒരു യാത്രയെ സൂചിപ്പിക്കുന്നുണ്ട്. ഗ്രീക്കു പിതാക്കന്മാരുടെ അഭിപ്രായത്തില്‍ പ്രകാശം എന്നത് ബൗദ്ധികമായ അറിവിന്‍റെ പ്രകാശമാണ്. ലത്തീന്‍ പിതാക്കന്മാരുടെ വ്യാഖ്യാനമുസരിച്ച് പ്രകാശം വിശുദ്ധിയുടെ പ്രകാശമാണ്. ബൈബിള്‍ പാരമ്പര്യത്തില്‍ പ്രകാശം വെളിപാടിലേക്കു വിരല്‍ ചൂണ്ടുന്നു. ഹെബ്രായലേഖനത്തില്‍ പ്രകാശത്തെ വിശ്വാസവുമായി ബന്ധിപ്പിച്ച് പറയുന്നുണ്ട്. അതിനാല്‍ത്തന്നെ പ്രകാശത്തിന് വെളിപാടുസംബന്ധിയായ സാംഗത്യമുണ്ട്.
പ്രകാശമായ മിശിഹായില്‍ വിശ്വസിക്കുന്നവന്‍ ഈശോ വെളിപ്പെടുത്തിയ പിതാവിലും വിശ്വസിക്കുന്നു. അങ്ങനെ പ്രകാശത്തിലൂടെ ജീവനിലേക്ക് അവന്‍ കടക്കുന്നു. ലോകത്തിന്‍റെ അന്ധകാരത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വന്ന ഈശോയും ഇതുതന്നെയാണ് പ്രഘോഷിച്ചത്: "ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും" (8:12). ജീവനും വെളിച്ചവും പരസ്പരബന്ധിതമാണ്. ദൈവത്തിന്‍റെ ജീവന്‍ ഈശോമിശിഹായിലാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. അങ്ങനെ ജീവന്‍ പ്രകാശമായി മാറിയിരിക്കുന്നു. ഈ പ്രകാശത്തെ - ഈശോമിശിഹായെയാണ് മനുഷ്യന്‍ അഭിമുഖീകരിക്കുന്നത്. അങ്ങനെ മനുഷ്യന്‍ ഈശോമിശിഹായിലൂടെ ദൈവത്തെ പ്രാപിക്കുന്നു.
ഈശോ: കൃപയും സത്യവും
ജീവനും പ്രകാശവുമായി ലോകത്തിന് വെളിപ്പെട്ട ഈശോയിലൂടെയാണ് കൃപയും സത്യവും ലോകത്തില്‍ ഉണ്ടായത്. "എന്തു കൊണ്ടെന്നാല്‍, നിയമം മോശ വഴി നല്കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, ഈശോമിശിഹാവഴി ഉണ്ടായി" (1:17). പഴയനിയമപശ്ചാത്തലത്തില്‍ ഈ വചനത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ദൈവം ഇസ്രായേലുമായി ചെയ്ത ഉടമ്പടിബന്ധത്തിലേയ്ക്കാണ് നമ്മുടെ ശ്രദ്ധ തിരിക്കേണ്ടത്. കൃപ എന്നതിന്‍റെ ഗ്രീക്കുപദം 'കാരിസ്' എന്നും സത്യം എന്ന വാക്കിന്‍റേത് 'അലേത്തേയിയാ' എന്നുമാണ്. ഹീബ്രുഭാഷയില്‍ 'ഹെസദ്','എമെത്' എന്നീ വാക്കുകളാണ് ഇവയ്ക്ക് പകരമായി ഉപയോഗിച്ചിരിക്കുന്നത്. 'ഹെസദ്' ദൈവത്തിന്‍റെ കരുണാപൂര്‍വ്വമായ സ്നേഹത്തെയും 'എമെത്' അവിടുത്തെ വിശ്വസ്തതയെയുമാണ് അര്‍ത്ഥമാക്കുന്നത്. ഇസ്രായേലുമായി ചെയ്ത ഉടമ്പടിബന്ധത്തില്‍ ദൈവം മോശയ്ക്ക് തന്നെത്തന്നെ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്: "കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍; തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍..." (പുറ 34:6). ദൈവത്തിന്‍റെ കരുണാപൂര്‍വ്വകമായ സ്നേഹവും മാറ്റംവരാത്ത വിശ്വസ്തതയും ഇസ്രായേല്‍ജനം അനുഭവിച്ചു. ദൈവത്തിന്‍റെ ഈ കരുണയും വിശ്വസ്തതയും മാംസരൂപം എടുത്തതാണ് 'ഈശോ'. ദൈവത്തിന്‍റെ ഈ സ്നേഹവും വിശ്വസ്തതയും ഈശോയില്‍ കൃപയും സത്യവുമായി നാം അനുഭവിക്കുന്നു. ഉടമ്പടിജനം അവിശ്വസ്തതയുടെ മുഖമൂടി അണിഞ്ഞപ്പോഴും ദൈവം തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായിരുന്നു. നഷ്ടപ്പെട്ട ആദ്യസ്നേഹത്തിന്‍റെ തീവ്രത വീണ്ടെടുക്കാന്‍ മനുഷ്യന് തനിയെ കഴിയാതെ വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെത്തന്നെ നല്കി. പിതാവിന്‍റെ നിലയ്ക്കാത്ത സ്നേഹവും മാറ്റംവരാത്ത വിശ്വസ്തതയും തന്നെയായിരുന്നു ഈശോ യിലൂടെ ലോകത്തിന് ലഭിച്ചത്. "സ്നേഹിതര്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല" (15:13) എന്നു പറഞ്ഞുകൊണ്ട് കാല്‍വരിയില്‍ സ്വയം ബലിയായി അര്‍പ്പിക്കുമ്പോള്‍ ദൈവത്തിന്‍റെ കരുണാര്‍ദ്രമായ സ്നേഹവും വിശ്വസ്തതയും ഈശോയില്‍ അതിന്‍റെ അത്യുച്ചകോടിയില്‍ വെളിവായി. മോശ വഴി നല്കപ്പെട്ട നിയമം പഴയനിയമത്തില്‍ ദൈവികവെളിപാടിന്‍റെ മാര്‍ഗ്ഗമായിരുന്നെങ്കില്‍ ഈശോയില്‍ വെളിപ്പെട്ട ദൈവത്തിന്‍റെ കൃപ - നിലയ്ക്കാത്ത സ്നേഹം - ദൈവത്തിന്‍റെ പൂര്‍ണ്ണതയിലുള്ള വെളിപ്പെടുത്തലിന്‍റെ മാര്‍ഗ്ഗമായിരുന്നു.
പഴയനിയമസംഹിതകളും ആചാരങ്ങളും ഈശോയില്‍ അതിന്‍റെ അര്‍ത്ഥം കണ്ടെത്തി. ഈശോ പഴയനിയമത്തിന്‍റെ അപൂര്‍ണ്ണതകളെ മാറ്റി പുതിയവ സ്ഥാപിച്ചു. ഈ 'മാറ്റിസ്ഥാപിക്കല്‍' യോഹന്നാന്‍ശ്ലീഹാ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. മോശ വഴി നല്കപ്പെട്ട നിയമം ഈശോ നല്കിയ കൃപയും സത്യവും വഴി മാറ്റിസ്ഥാപിക്കപ്പെട്ടു. കല്ലും മണ്ണുംകൊണ്ട് നിര്‍മ്മിച്ച ദൈവാലയത്തെ സ്വന്തം ശരീരമാകുന്ന ദൈവാലയമായി അവിടുന്ന് മാറ്റിസ്ഥാപിച്ചു (2:19-22). ചില ബാഹ്യജോലികളില്‍നിന്നും വിടുതി പ്രാപിച്ച് ബാഹ്യമായി മാത്രം സാബത്ത് ആഘോഷിച്ചിരുന്ന യഹൂദജനതയുടെ കാപട്യത്തിനെതിരായി, രക്ഷാകരജോലികള്‍ ചെയ്തുകൊണ്ട് ഈശോ സാബത്താചരണത്തെ സമ്പന്നമാക്കി (5:17). പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളില്‍ ജീവന്‍റെ അപ്പമായി അവിടുന്ന് സ്വയം വെളിപ്പെടുത്തി (6:35-39). വെള്ളത്തിന്‍റെയും വെളിച്ചത്തിന്‍റെയും കര്‍മ്മാനുഷ്ഠാനങ്ങളോടെ യഹൂദജനം കൊണ്ടാടിയിരുന്ന കൂടാരത്തിരുനാളില്‍ ജീവജലത്തിന്‍റെ ഉറവിടമായും (7:37-39) ലോകത്തിന്‍റെ പ്രകാശമായും (8:12; 9:5) അവിടുന്ന് സ്വയം പ്രഖ്യാപിച്ചു. ദൈവം വിശുദ്ധീകരിച്ച് ലോകത്തിലേക്ക് അയച്ച അഭിഷിക്തനാണ് താനെന്ന് ദൈവാലയ പ്രതിഷ്ഠാത്തിരുനാളിന്‍റെ പശ്ചാത്തലത്തില്‍ അവിടുന്ന് പ്രഖ്യാപിച്ചു (10:36).
ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള മദ്ധ്യവര്‍ത്തിയായ ഈശോ സൃഷ്ടിയുടെയെല്ലാം ആദികാരണമാണ്. ലോകത്തിന്‍റെ ജീവനും ലോകത്തിന്‍റെ പ്രകാശവും അവിടുന്നുതന്നെ. ദൈവത്തിന്‍റെ സ്നേഹവും വിശ്വസ്തതയും മാംസരൂപമെടുത്ത മിശിഹായില്‍ പഴയനിയമ യാഥാര്‍ത്ഥ്യങ്ങള്‍ പൂര്‍ത്തീകരിച്ച് മാറ്റിസ്ഥാപിക്കപ്പെട്ടു. ഈശോമിശിഹാ ദൈവികവെളിപാടിന്‍റെ പൂര്‍ണ്ണതയാണ്.
ബന്ധങ്ങളുടെ നിലനില്പിന് പ്രതികരണം അഥവാ പ്രത്യത്തരം ഒരു പ്രധാനപ്പെട്ട ഘടകമാണ്. വച്ചുനീട്ടുന്ന ദാനങ്ങളോട് അനുകൂലമായോ പ്രതികൂലമായോ പ്രത്യുത്തരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. ദൈവത്തിന്‍റെ സ്നേഹവുമായി ലോകത്തിലേക്കു വന്ന ഈശോയ്ക്കും ഈ രണ്ടുവിധത്തിലുള്ള പ്രത്യുത്തരങ്ങളാണ് ലഭിച്ചത്.
പ്രതികൂലമായ പ്രത്യുത്തരം (1:5,9-11)
പ്രതികൂലമായ പ്രത്യുത്തരം മൂന്നു വിധത്തിലാണ് ഉണ്ടായത്. ഒന്നാമത്തേത് ഇരുളും വെളിച്ചവും തമ്മിലുള്ള സംഘട്ടനത്തിലൂടെ അവതരിപ്പിക്കുന്നു. ഈശോ ദൈവത്തെ വെളിപ്പെടുത്തുന്ന പ്രകാശമായാണ് ലോകത്തിലേക്കു വന്നത്: "ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല" (യോഹ 1:5). ഇരുള്‍ തിന്മയുടെ പിടിയിലായ മനുഷ്യവംശത്തെയാണ് സൂചിപ്പിക്കുന്നത്. അന്ധകാരം പാപമാണ്, വെളിച്ചത്തിന് എതിരായ ശക്തിയാണ്. അന്ധകാരത്തിന്‍റെ ആധിപത്യത്തില്‍നിന്ന് മനുഷ്യവര്‍ഗ്ഗത്തെ വിമോചിപ്പിക്കാനാണ് ഈശോ ഈ ലോകത്തില്‍ ആഗതനായത് (കൊളോ 1:13). അന്ധകാരത്തില്‍നിന്ന് തന്‍റെ അത്ഭുതകരമായ പ്രകാശത്തിലേക്ക് ലോകത്തെ ആനയിക്കാന്‍ വന്ന ഈശോയോട് (1 പത്രോ 2:9) മനുഷ്യനിലെ തിന്മയുടെ ശക്തി ഏറ്റുമുട്ടുന്നു. ഇത് ഈശോയ്ക്ക് ലഭിച്ച പ്രതികൂലമായ പ്രത്യുത്തരമാണ്. മിശിഹായുടെ വെളിച്ചം ഇന്നും സഭയിലൂടെയും നന്മ ചെയ്യുന്നവരിലൂടെയും ലോകത്തില്‍ പ്രകാശിക്കുന്നുണ്ട്. പക്ഷേ, തിന്മയുടെ ശക്തികള്‍ ഈ നന്മയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഈ സംഘട്ടനത്തില്‍ അന്തിമവിജയം പ്രകാശത്തിനുതന്നെയായിരിക്കും.
"എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു" (1:9). ഗ്രീക്കില്‍നിന്ന് രണ്ടു രീതികളില്‍ ഈ വചനം പരിഭാഷപ്പെടുത്താറുണ്ട്. 'ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു' എന്നത് മനുഷ്യനെക്കുറിച്ചോ പ്രകാശത്തെക്കുറിച്ചോ പറയാം. എന്നാല്‍ മിശിഹായാണ് എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന വെളിച്ചം. ചരിത്രത്തില്‍ ലോകത്തിലേക്കു വന്ന മിശിഹായെക്കുറിച്ചുള്ള പരാമര്‍ശമാണ് ഈ വാക്യത്തിലുള്ളത്.
സ്വയം വെളിപ്പെടുത്തിയ ദൈവത്തെ ലോകം അറിയാത്ത അവസ്ഥയാണ് രണ്ടാമത്തെ പ്രതികൂല പ്രത്യുത്തരം. യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തിലെ 'ലോകം' (കോസ്മോസ്) എന്ന പ്രയോഗം മൂന്നു വിധത്തില്‍ മനസ്സിലാക്കാം. 1. പ്രപഞ്ചം: "ആകയാല്‍ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്ത്വത്താല്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമേ" (17:5). ഇവിടെ ലോകം എന്നത് പ്രപഞ്ചത്തെ മുഴുവന്‍ സൂചിപ്പിക്കുന്നു. 2. മനുഷ്യന്‍: "എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (3:16) എന്നു പറയുമ്പോള്‍ ലോകം മനുഷ്യവംശത്തെ മുഴുവനുമാണ് അര്‍ത്ഥമാക്കുന്നത്. 3. അവിശ്വാസികളുടെ ലോകം: ലോകം എന്ന പദം വിശ്വസിക്കാത്ത മനുഷ്യരെ (പാപലോകത്തെ) സൂചിപ്പിക്കുന്നു: "ലോകം നിങ്ങളെ ദ്വേഷിക്കുന്നവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍" (15:18). "അവന്‍ ലോകത്തിലായിരുന്നു (ലോകം=മനുഷ്യകുലം). ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു (ലോകം=പ്രപഞ്ചം). എങ്കിലും ലോകം അവനെ അറിഞ്ഞില്ല (ലോകം=അവിശ്വാസികളുടെ ലോകം)." (1:10). 'അറിഞ്ഞില്ല' എന്നത് വിശ്വസിക്കാത്ത അവസ്ഥയെ സൂചിപ്പിക്കുന്നു. ഒരു വ്യക്തിയെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ ആ വ്യക്തിയെ ആഴത്തില്‍ അറിയാനുള്ള പരിശ്രമം ഉണ്ടാകും. കൂടുതല്‍ അറിവ് കൂടുതല്‍ സ്നേഹത്തിലേക്ക് നയിക്കുന്നു. ദൈവത്തിന്‍റെ സ്നേഹം വെളിപ്പെടുത്താനായി വന്ന ഈശോയില്‍ വിശ്വസിക്കാത്തവരും അവിടുന്ന് വെളിപ്പെടുത്തിയ സത്യത്തെക്കുറിച്ചുള്ള അറിവിലേക്ക് വരാത്തവരുമായ മനുഷ്യര്‍ ഈശോയോട് പ്രതികൂലമായി പ്രത്യുത്തരിച്ചവരാണ്.
"അവന്‍ സ്വജനത്തിന്‍റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല" (1:11). പ്രതികൂലമായ പ്രത്യുത്തരത്തിന്‍റെ മൂന്നാമത്തെ വശം പ്രകടമാകുന്നത് സ്വജനത്തിന്‍റെ തിരസ്ക്കരണത്തിലൂടെയാണ്. ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനമായ യഹൂദജനം പഴയനിയമത്തിലുള്ള ദൈവികവെളിപാടുകള്‍ സ്വീകരിച്ച ജനമാണ്. ലോകം മുഴുവനും രക്ഷപ്രാപിക്കാനുള്ള ഉപകരണമായി ദൈവം തെരഞ്ഞെടുത്തത് യഹൂദജനതയെയാണ്. ഈശോയും ഒരു യഹൂദനായാണ് ജനിച്ചതും ജീവിച്ചതും. എന്നാല്‍, യഹൂദരുടെ ഭാഗത്തുനിന്നും പൊതുവേ പ്രതികൂലമായ പ്രത്യുത്തരമാണ് ഈശോയ്ക്ക് ലഭിച്ചത്. സുവിശേഷത്തിലുടനീളം പ്രത്യേകമായി 5 മുതല്‍ 10 വരെയുള്ള അദ്ധ്യായങ്ങളില്‍ യഹൂദരുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്ന ഈശോയെ കാണാം. യഹൂദരുടെ തിരസ്ക്കരണത്തിന്‍റെ പടിപടിയായുള്ള അവതരണങ്ങളും സുവിശേഷത്തില്‍ കാണാം. 1. അന്ധകാരം അവനെ എതിര്‍ക്കുന്നു (പൊതുപരാമര്‍ശം). 2. പാപലോകം അവനെ എതിര്‍ക്കുന്നു (കുറേക്കൂടി വ്യക്തമായ പരാമര്‍ശം). 3. അവന്‍റെ സ്വന്തജനം അവനെ എതിര്‍ക്കുന്നു (ഏറ്റം വ്യക്തമായ പരാമര്‍ശം). ദൈവത്തില്‍നിന്നുള്ള മഹത്ത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അഭിലഷിച്ച യഹൂദര്‍ (12:43) ഈശോയോട് പ്രതികൂലമായാണ് പ്രത്യുത്തരിച്ചത്. ദാനങ്ങളുമായി വന്ന ദൈവികവെളിപാടിന്‍റെ നേര്‍ക്ക് തങ്ങളുടെ ഹൃദയങ്ങളെ കൊട്ടിയടച്ച യഹൂദര്‍ക്ക് ഈശോ പ്രദാനം ചെയ്ത ജീവനിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
അനുകൂലമായ പ്രത്യുത്തരം (1:12-14,16)
പ്രതികൂലമായ പ്രത്യുത്തരം സ്വജനത്തില്‍നിന്നും ഉണ്ടായപ്പോഴും ഈശോ വെളിപ്പെടുത്തിയ സത്യദൈവത്തെ ഹൃദയപൂര്‍വ്വം സ്വീകരിക്കുവാന്‍ ഒരു കൂട്ടം ആളുകള്‍ തയ്യാറായിരുന്നു. പ്രതികൂലമായ പ്രത്യുത്തരത്തിനു സമാന്തരമായി മൂന്നു വിധത്തിലാണ് യോഹന്നാന്‍ശ്ലീഹാ അനുകൂലമായ പ്രത്യുത്തരം അവതരിപ്പിക്കുന്നത്. ഒന്നാമതായി, 'ഈശോ യെ സ്വീകരിച്ചവരും ഈശോയുടെ നാമത്തില്‍ വിശ്വസിച്ചവരും' (1:12) എന്നു വിശേഷിപ്പിച്ചുകൊണ്ട് അനുകൂലമായ പ്രത്യുത്തരം നല്കിയവരെ അവതരിപ്പിക്കുന്നു. ഈശോയെ സ്വന്തം ജീവിതത്തിലേക്ക് അവര്‍ സ്വാഗതം ചെയ്തു. രണ്ടാമതായി, ശ്ലീഹന്മാരും ആദിമസഭയും നല്കിയ അനുകൂലമായ പ്രത്യുത്തരം എടുത്തു പറയുന്നു: "അവന്‍റെ മഹത്ത്വം നമ്മള്‍ ദര്‍ശിച്ചു" (1:14). "അവന്‍റെ പൂര്‍ണ്ണതയില്‍നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു" (1:16) എന്നു പറഞ്ഞുകൊണ്ട് മൂന്നാമത്തെ അനുകൂലമായ പ്രത്യുത്തരം അവതരിപ്പിച്ചിരിക്കുന്നു.
ഈശോയുടെ നാമത്തില്‍ വിശ്വസിക്കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വിശ്വസിക്കുക എന്ന ക്രിയ ഈ സുവിശേഷത്തില്‍ 4 തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഒന്നാമതായി, മിശിഹായെ വിശ്വസിക്കുക (2:24). ഉദാഹരണത്തിന്, ഈശോ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ജനം ഈശോയുടെ നാമത്തില്‍ വിശ്വസിക്കുന്നു. ഇവിടെ ഈശോയും ജനങ്ങളും തമ്മിലുള്ള ബന്ധമൊന്നും വിഷയമല്ല. ഈശോ വിശ്വാസയോഗ്യനാണെന്ന് ജനം അംഗീകരിക്കുന്നു എന്നേയുള്ളു. രണ്ടാമതായി, ഒരാള്‍ ആരാണെന്ന് വിശ്വസിക്കുക. അതായത്, ഈശോ മിശിഹായാണെന്ന് വിശ്വസിക്കുക (20:30-31). ഈശോ ദൈവത്തിന്‍റെ പരിശുദ്ധനെന്ന് ജനം വിശ്വസിക്കുന്നുണ്ട് (6:69). ഇവിടെയും ബന്ധം സ്ഥാപിക്കണമെന്നില്ല. കേവലം ബൗദ്ധികമായ ഒരു വിശ്വാസമായി ഇതൊതുങ്ങാം. മൂന്നാമതായി, ഒരാളില്‍ വിശ്വസിക്കുക. കാനായിലെ അത്ഭുതം കണ്ട് ശിഷ്യന്മാര്‍ ഈശോയില്‍ വിശ്വസിക്കുന്നു. അവസാനമായി, ഒരാളുടെ നാമത്തില്‍ വിശ്വസിക്കുക. ഈശോയുടെ നാമത്തില്‍ വിശ്വസിക്കുക എന്നതുകൊണ്ട് ഈശോ എന്ന വ്യക്തിയില്‍ വിശ്വസിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്.
ഇങ്ങനെ വ്യത്യസ്തമായ രീതിയില്‍ മനസ്സിലാക്കാമെങ്കിലും 'ഒരാളില്‍ വിശ്വസിക്കുക' എന്നത് പുതിയനിയമത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പുതിയനിയമത്തില്‍ 45 പ്രാവശ്യം കാണപ്പെടുന്ന ഈ പ്രയോഗം 35 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത് യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തിലാണ്. 'ല്‍' എന്നതിന് ഗ്രീക്കില്‍ ശിീേ എന്ന് അര്‍ത്ഥം വരുന്ന 'എയിസ്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. 'ഈശോയിലേക്കു വിശ്വസിക്കുക' എന്നതാണ് വാച്യാര്‍ത്ഥ്യം. ചലനാത്മകവിശ്വാസമാണിവിടെ വിവക്ഷിക്കുന്നത്. മിശിഹായുമായി ഒരു ബന്ധം സ്ഥാപിക്കുന്ന ഒന്നാണിത്. വ്യക്തിപരമായ പ്രതിബദ്ധതയും സമര്‍പ്പണവുമാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. ഈശോയില്‍ വിശ്വസിക്കുന്ന ഒരു വ്യക്തി അവിടുത്തെ വ്യക്തിത്വത്തോട് അനുരൂപപ്പെടുകയും വ്യക്തിപരമായ പ്രതിബദ്ധതയും സമര്‍പ്പണവുംവഴി ഈശോയുടേതായിത്തീരുകയും ചെയ്യുന്നു.
"വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍റെ മഹത്ത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്‍റേതുമായ മഹത്ത്വം" (1:14). ആമുഖത്തിലെ കേന്ദ്രവാക്യമാണിത്. ഈ വാക്യം മൂന്നു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട് - 1. ഈശോയുടെ മനുഷ്യാവതാരം, 2. മനുഷ്യനായി അവതരിച്ച വചനത്തിന്‍റെ സവിശേഷതകള്‍, 3. ശ്ലൈഹികസാക്ഷ്യം. 'വചനം മാംസമായി' എന്നതിലൂടെ മനുഷ്യന്‍റെ രൂപം സ്വീകരിച്ച് ഈലോകത്തിലേക്കു വന്ന ദൈവപുത്രനായ ഈശോയുടെ മനുഷ്യാവതാരമാണ് സൂചിപ്പിക്കുന്നത്. പാപമൊഴികെ എല്ലാറ്റിലും മനുഷ്യനോട് തുല്യനായ അവിടുത്തേക്ക് മനുഷ്യന്‍റേതായ എല്ലാ പ്രത്യേകതകളും ഉണ്ടായിരുന്നു. മാംസം എന്നതിന്‍റെ ഗ്രീക്കുപദം 'സാര്‍ക്സ്' എന്നാണ്. യോഹന്നാന്‍ശ്ലീഹായും പൗലോസ്ശ്ലീഹായും വ്യത്യസ്താര്‍ത്ഥങ്ങളിലാണ് ഇതുപയോഗിക്കുന്നത്. വി. പൗലോസ് സാര്‍ക്സിനെ നിഷേധാര്‍ത്ഥത്തിലാണ് കാണുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, ആത്മാവിനെതിരായി യുദ്ധം ചെയ്യുന്ന പാപകരമായ ശരീരത്തെ സൂചിപ്പിക്കുന്നതാണ് മാംസം. അതായത്, മാംസവും ആത്മാവും രണ്ടു വിരുദ്ധ യഥാര്‍ത്ഥ്യങ്ങളാണ്. ദൈവമാണ് ആത്മാവ്; മാംസം മാനുഷികമാണ്. വി. പൗലോസിന്‍റെ വീക്ഷണത്തില്‍ അവ വിരുദ്ധങ്ങളാണെങ്കില്‍ യോഹന്നാന്‍ശ്ലീഹായുടെ കാഴ്ചപ്പാടില്‍ മാംസം മനുഷ്യസ്വഭാവത്തെ സൂചിപ്പിക്കുന്നു. ഈശോയുടെ മനുഷ്യാവതാരമാണ് ഇവിടെ വിവക്ഷ.
"വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു". 'നമ്മില്‍ വസിച്ചു' എന്നതിന്‍റെ ഗ്രീക്കുപദമായ 'എസ്കെനോസെന്‍' എന്നതിന് കൂടാരം എന്നര്‍ത്ഥം വരുന്ന ഹീബ്രുപദമായ 'ഷെക്കിനാഹ്' എന്നതുമായി അര്‍ത്ഥസാമ്യമുണ്ട്. അതായത് 'നമ്മുടെയിടയില്‍ വസിച്ചു' എന്നതുകൊണ്ട് ദൈവം മനുഷ്യനോടുകൂടെ തന്‍റെ കൂടാരമടിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇസ്രായേല്‍ക്കാരുടെയിടയിലെ ദൈവികകൂടാരത്തെക്കുറിച്ചുള്ള പരാമര്‍ശം ഇതില്‍ കാണാം. ദൈവസാന്നിദ്ധ്യം ഇന്ന് നമുക്ക് നല്കുന്ന കൂടാരമാണ് ഈശോ. ദൈവം തന്‍റെ ജനങ്ങളുടെയിടയില്‍ കൂടാരമടിച്ച യാഥാര്‍ത്ഥ്യമായിരുന്നു മനുഷ്യാവതാരം.
ചരിത്രത്തില്‍ ജീവിച്ച മനുഷ്യനും ദൈവപുത്രനുമായ ഈശോയ്ക്ക് ശിഷ്യന്മാര്‍ സാക്ഷ്യം വഹിച്ചു. ഈശോയുടെ മഹത്ത്വീകരണത്തിന്‍റെ പൂര്‍ണ്ണതയായ പീഡാസഹനമരണോത്ഥാനങ്ങളായിരുന്നു ശ്ലീഹന്മാരുടെ പ്രഘോഷണത്തിന്‍റെ കാതല്‍. ഈശോയുടെ ഉത്ഥാനത്തിലൂടെയാണ് മനുഷ്യവംശത്തിന് പുതുജീവന്‍ കൈവന്നത്. ഈശോയുടെ പൂര്‍ണ്ണതയില്‍നിന്ന് നാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചു. പഴയനിയമത്തില്‍നിന്നും വ്യത്യസ്തമായ കൃപയാണിത്. കാരണം, ദൈവപുത്രന്‍ തന്നെയാണ് ഇവിടെ കൃപയുടെ ഉറവിടം. തന്‍റെ ദൈവപുത്രത്വത്തില്‍ പങ്കുകാരാക്കിക്കൊണ്ട് ഈ കൃപയുടെ പങ്ക് നമ്മിലേക്കും അവിടുന്ന് പകര്‍ന്നു.
ഇവിടെ 'കൃപയ്ക്കുമേല്‍ കൃപ' എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഗ്രീക്കില്‍ 'കാരിന്‍ ആന്‍റി കാരിത്തോസ്' എന്ന പ്രയോഗമാണ്. ഇത് മൂന്നു വിധത്തില്‍ മനസ്സിലാക്കാം. 1. 'കൃപയ്ക്കു പകരം കൃപ'. പഴയനിയമ കൃപയ്ക്കു പകരം പുതിയനിയമ കൃപ എന്നാണ് ഇതിനര്‍ത്ഥം. 2. 'കൃപയ്ക്കുമേല്‍ കൃപ'. ഇതിന്‍റെ അര്‍ത്ഥം സമൃദ്ധിയില്‍ കൃപ ലഭിച്ചു എന്നാണ്. 3. 'കൃപയ്ക്ക് അനുസൃതമായ കൃപ'. ഈശോയില്‍ ഉണ്ടായിരുന്ന കൃപയ്ക്ക് അനുസൃതമായ കൃപയാണ് ഈശോയില്‍ വിശ്വസിച്ചവര്‍ക്ക് ലഭിച്ചത് എന്നാണ് ഇതിനര്‍ത്ഥം. ഈ മൂന്നു വിധത്തിലും ഈ പ്രസ്താവന ശരിയാണ്. ഈശോയില്‍ നമുക്കു ലഭിച്ചത് പുതിയനിയമ കൃപയാണ്. അത് സമൃദ്ധിയായി ലഭിച്ചു. ഈശോയിലുണ്ടായിരുന്ന കൃപയ്ക്കുസൃതമായ കൃപയാണ് ഈശോയില്‍ വിശ്വസിച്ചവര്‍ക്ക് ലഭിച്ചത്. മൂന്നാമത്തെ അര്‍ത്ഥമായി യോഹന്നാന്‍ സുവിശേഷകന്‍റെ കാഴ്ചപ്പാടിന് കൂടുതല്‍ അനുയോജ്യമായുള്ളത്. ഉദാഹരണത്തിന്, ഈശോ ദൈവപുത്രനായതിനാല്‍ ഈശോയില്‍ വിശ്വസിക്കുന്നവര്‍ ദൈവമക്കളായിത്തീരുന്നു (1:12). ഈശോയില്‍ ജീവന്‍റെ തികവ് ഉള്ളതിനാല്‍ ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവന്‍ ലഭിക്കുന്നു (3:36).
ദൈവപുത്രത്വത്തിലുള്ള പങ്കുചേരലാണ് അനുകൂലമായ പ്രത്യുത്തരത്തിന്‍റെ ഫലം. ഈശോയില്‍ വിശ്വസിച്ചവര്‍ക്ക് അവിടുത്തെ സ്വീകരിച്ചവര്‍ക്ക് ദൈവമക്കളാകാനുള്ള അവകാശം അവിടുന്ന് കൊടുത്തു (1:12). "കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്.ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും" (1 യോഹ 3:1). സ്വന്തം പുത്രന്‍റെ പുത്രത്വത്തില്‍ എല്ലാ മനുഷ്യമക്കളും കൂട്ടവകാശികളാവണം എന്ന് പിതാവായ ദൈവം ആഗ്രഹിച്ചു. ഈശോയില്‍ വെളിപ്പെട്ട ദൈവസ്നേഹത്തില്‍ വിശ്വസിച്ചവര്‍ക്ക് ദൈവമക്കളാകാനുള്ള കഴിവ് അവിടുന്ന് നല്കി. വിശ്വാസജീവിതത്തിലൂടെയാണ് ദൈവമക്കളാകാനുള്ള കഴിവു നേടുന്നത്. ദൈവവുമായുള്ള സ്നേഹബന്ധത്തിന്‍റെ തീവ്രതയില്‍ ജീവിക്കുമ്പോള്‍ ദൈവമക്കളാകാനുള്ള കഴിവ് ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹത്തോട് ക്രിയാത്മകമായി പ്രത്യുത്തരിക്കുന്നതുവഴിയാണ് ദൈവികജീവനിലുള്ള വളര്‍ച്ച സാധിക്കുക.
മാംസമായ വചനത്തെ സ്വീകരിച്ച് ക്രിയാത്മകമായി പ്രത്യുത്തരിച്ചവര്‍ക്ക് ദൈവം നല്കിയ ഏറ്റവും വലിയ സമ്മാനമാണ് ദൈവപുത്രത്വം. മനുഷ്യനോടുള്ള ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ അടയാളം അവനെ തന്‍റെ പുത്രത്വം നല്കിയനുഗ്രഹിക്കുക എന്നതാണ്: "കണ്ടാലും! എത്ര വലിയ സ്നേഹമാണ് പിതാവ് നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു. നാം അങ്ങനെയാണു താനും" (1 യോഹ 3:1). ഈ പുത്രത്വം വെറും ദത്തുപുത്രത്വമല്ല, യഥാര്‍ത്ഥത്തില്‍ ദൈവപിതാവിന്‍റെ ജീവനില്‍ പങ്കുചേരുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ജനനത്തിലൂടെയുള്ള പുത്രത്വമാണ്. അരൂപിയിലൂടെയുള്ള ജനനത്തിലൂടെയാണ് ഈ പുത്രത്വത്തിലേക്ക് നാം പ്രവേശിപ്പിക്കപ്പെട്ടത്. അതുകൊണ്ട് മാമ്മോദീസാ സ്വീകരിച്ചവരുടെ സമൂഹമായ സഭ ഒരു കൂടുംബമാണ്; ദൈവമക്കളുടെ കൂടുംബം. നമുക്കു ലഭിച്ച ദൈവപുത്രത്വവും അതിന്‍റെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന സാഹോദര്യവുമാണ് സഭാജീവിതത്തിന്‍റെ അന്തസ്സത്ത.
ദൈവപുത്രത്വത്തില്‍ വളര്‍ച്ചയുണ്ടാകണം. "ദൈവമക്കളാകാന്‍ കഴിവു നല്കി" എന്നതു ഈ വളര്‍ച്ചയ്ക്കുള്ള സാദ്ധ്യതയെ സൂചിപ്പിക്കുന്നു. ദൈവപിതാവിനോട് മക്കള്‍ക്കടുത്ത ബന്ധത്തിലും പരസ്പരം സാഹോദര്യത്തിലും വളര്‍ന്നുകൊണ്ടാണ് ദൈവപുത്രത്വത്തില്‍ ഓരോരുത്തരും വളരേണ്ടത്. ഇതിനു ഒരുവനെ സഹായിക്കുന്നത് ദൈവപുത്രനായ മിശിഹായിലുള്ള വിശ്വാസമാണ്.
ദൈവപുത്രത്വം ദൈവത്തില്‍നിന്നുള്ള ജനനത്തിന്‍റെ ഫലമാണെന്നും ഇവിടെ വ്യക്തമാക്കുന്നു. "അവര്‍ ജനിച്ചത് രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍ നിന്നോ പുരുഷന്‍റെ ഇച്ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍ നിന്നത്രേ" (1:13). ഈ വചനത്തിന്‍റെ ഘടനയെക്കുറിച്ച് ബൈബിള്‍ പണ്ഡിതരുടെയിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലവിലിരിക്കുന്നു. ഇവിടെ, 'അവര്‍' എന്നത് ബഹുവചനത്തില്‍ത്തന്നെയാണെങ്കില്‍ ദൈവമക്കളെയും ഏകവചനത്തിലാണെങ്കില്‍ മിശിഹായെയുമാണ് സൂചിപ്പിക്കുക. ഗ്രീക്കു കൈയ്യെഴുത്തുപ്രതികളില്‍ പ്രസ്തുത വാക്ക് ബഹുവചനരൂപത്തില്‍തന്നെയാണ്. ഇന്നു സംലഭ്യമായിരിക്കുന്ന ഗ്രീക്കു കൈയ്യെഴുത്തുപ്രതികളെല്ലാം ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടു മുതലോ അതിനു ശേഷമോ ഉള്ളവയാണ്. 'ദൈവമക്കളുടെ ജനനം' യോഹന്നാന്‍ശ്ലീഹായുടെ ലിഖിതങ്ങളില്‍ കാണപ്പെടുന്ന ഒന്നായതുകൊണ്ട് മേല്‍പ്പറഞ്ഞ ബഹുവചനത്തിലുള്ള പ്രസ്താവന ദൈവത്തില്‍നിന്നുള്ള ക്രൈസ്തവരുടെ ജനനത്തെ പരാമര്‍ശിച്ച് വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ക്രിസ്തുവര്‍ഷം 2-ാം നൂറ്റാണ്ടോളം പഴക്കമുള്ള സുറിയാനി, ലത്തീന്‍ കൈയ്യെഴുത്തുപ്രതികളില്‍ ഏകവചനത്തിലാണ് ഇത് കാണുന്നത്. ജറുസലേം ബൈബിളിലും ഏകവചനത്തിലാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുരാതന കൈയ്യെഴുത്തുപ്രതികളിലെപ്പോലെ ഏകവചനത്തിലുള്ള രൂപം തികച്ചും സ്വീകാര്യമാണ്. ഏകവചനത്തിലാകുമ്പോള്‍ പ്രസ്തുതവചനം ഈശോയുടെ കന്യകാജനനത്തെക്കുറിച്ചുള്ള പരാമര്‍ശമായി കാണാം. ഗ്രീക്കിലെ ഘടനയനുസരിച്ച് ആരുടെ നാമത്തില്‍ വിശ്വസിക്കുന്നുവോ അവന്‍ ജനിച്ചത് രക്തത്തില്‍നിന്നല്ല എന്നാണതിന്‍റെ അര്‍ത്ഥം. ഈശോ ജനിച്ചത് രക്തത്തില്‍നിന്നല്ല എന്നത് അവിടുത്തെ കന്യകാജനനത്തെയാണ് സൂചിപ്പിക്കുന്നത്. 14-ാം വാക്യത്തില്‍, "അങ്ങനെ വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു" എന്നാണ് ഗ്രീക്കു മൂലത്തില്‍. അതായത്, പരി. കന്യകാമറിയത്തില്‍നിന്നുള്ള ജനനത്തിലൂടെ ദൈവപുത്രനായ ഈശോ മനുഷ്യനായി അവതരിച്ചു.
13-ാം വാക്യത്തില്‍ 3 മാനുഷികജനനസാദ്ധ്യതകള്‍ തള്ളിക്കളയുന്നു: അവന്‍ ജനിച്ചത്:
-രക്തത്തില്‍നിന്നല്ല. ഗ്രീക്കില്‍, 'രക്തങ്ങളില്‍ നിന്നല്ല' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, സ്ത്രീ-പുരുഷ ബന്ധത്തില്‍നിന്നല്ല എന്നു സാരം.
-മാംസത്തില്‍നിന്നല്ല. അതായതു മാനുഷിക പ്രകൃതിയുടെ അഭിലാഷത്തില്‍നിന്നല്ല.
-പുരുഷന്‍റെ ഇച്ഛയില്‍നിന്നല്ല. പുരുഷന്‍റെ ഭാഗധേയം ഇവിടെ ഒഴിച്ചു നിര്‍ത്തുന്നു. എന്നാല്‍ സ്ത്രീയുടെ സമ്മതം ഒഴിച്ചുനിര്‍ത്തുന്നുമില്ല. ഇവിടെ ഉപയോഗിച്ചിരിക്കുന്ന 'ആനേര്‍ ആന്ത്രോസ്' എന്ന ഗ്രീക്കുവാക്ക് പുരുഷനു മാത്രമേ ഉപയോഗിക്കാറുള്ളു.
"അവര്‍" എന്നുള്ള ബഹുവചനം സ്വീകരിക്കുന്നതില്‍ യാതൊരു വൈഷമ്യവുമില്ല. കന്യകാജനനം ദൈവപുത്രത്വത്തിന്‍റെ പ്രകാശനമാണ്. എങ്കില്‍ ദൈവമക്കളുടെ ജനനവും ദൈവപുത്രത്വത്തിന്‍റെ പ്രകാശനമാണ്. സ്വീകരിച്ചവര്‍ക്കെല്ലാം (ഭൂതകാലം) അവന്‍റെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കെല്ലാം (ഗ്രീക്കുമൂലത്തില്‍ ഇവിടെ present participle ആണ് ഉപയോഗിച്ചിരിക്കുന്നത്, അതായത്, വിശ്വസിക്കുന്നവര്‍ക്കെല്ലാം-വര്‍ത്തമാനകാലം) ദൈവമക്കളാകാന്‍ ശക്തി നല്കി (ഭാവികാലം). മാമ്മോദീസായുടെ സമയത്തുതന്നെ ദൈവമക്കളാകാനുള്ള ശക്തി നമുക്കു ലഭിച്ചു കഴിഞ്ഞു. ലത്തീന്‍ പിതാക്കന്മാര്‍ ദൈവപുത്രത്വത്തെക്കുറിച്ച് ഒരു നിശ്ചലവിശദീകരണമാണ് നല്കുന്നത്. "നിങ്ങള്‍ ഇപ്പോള്‍ തന്നെ ദൈവത്തിന്‍റെ മക്കളാണ്. പക്ഷേ, ക്രൈസ്തവജീവിതത്തിലൂടെ ആ ദൈവപുത്രത്വം നിങ്ങള്‍ പ്രകാശിപ്പിക്കണം. നിങ്ങള്‍ ആയിരിക്കുന്നത് പ്രകടിപ്പിക്കുക" - ഇതാണ് അവര്‍ ദൈവപുത്രത്വത്തിന് നല്കുന്ന വിശദീകരണം. എന്നാല്‍ ഗ്രീക്കു പിതാക്കന്മാര്‍ ഇതിന് ഒരു ചലനാത്മക വിശദീകരണം നല്കുന്നു - 'നിങ്ങള്‍ ആയിരിക്കുന്നത് ആയിത്തീരുക'. അതായത് ഒരു വളര്‍ച്ച സംഭവിച്ചേ തീരൂ. ലോകത്തില്‍ ജനിച്ചു വീഴുന്ന ഓരോ ശിശുവും പക്വത നേടിയ മനുഷ്യനായി വളരേണ്ടതുണ്ട്. അതുപോലെ മാമ്മോദീസായില്‍ ദൈവത്തില്‍നിന്നു ജനിച്ചവനും വളര്‍ച്ച പ്രാപിക്കേണ്ടതുണ്ട്. ഈ ചലനാത്മകവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകം വിശ്വാസമാണ്. ദൈവം മനുഷ്യവംശത്തിനു നല്കിയ ഏറ്റവും വലിയ ദാനമായ ദൈവപുത്രത്വം യാന്ത്രികമായ ഒരു യാഥാര്‍ത്ഥ്യമല്ല. ദൈവത്തിന്‍റെ ദാനമായ ദൈവപുത്രത്വം സ്വീകരിച്ചുകൊണ്ട്, വിശ്വാസത്തിന്‍റെ പ്രത്യുത്തരം നല്കിക്കൊണ്ട് ഈ ദൈവപുത്രാനുഭവത്തില്‍ ഓരോ നിമിഷവും വളരാനുള്ള കടമ സഭാമക്കള്‍ക്കുണ്ട്.
1:6-8,15, സ്നാപകയോഹന്നാന്‍
ആമുഖത്തില്‍ സ്നാപകയോഹന്നാനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ആമുഖഗീതം അതിന്‍റെ മൂലരൂപത്തില്‍ യോഹന്നാന്‍മാംദാനയെക്കുറിച്ചുള്ളതായിരുന്നു എന്നും പിന്നീട് മിശിഹാവിജ്ഞാനീയപരമായി രൂപപ്പെടുത്തിയതാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ മൂലരൂപത്തില്‍ത്തന്നെ ഇത് മിശിഹായെക്കുറിച്ചുള്ളതായിരിക്കാനാണ് കൂടുതല്‍ സാധ്യത. മിശിഹായെക്കുറിച്ചാണെങ്കില്‍ എന്തുകൊണ്ട് യോഹന്നാന്‍ മാംദാനയെക്കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നു എന്ന ചോദ്യമുയരാം.
യോഹന്നാന്‍മാംദാനയെ ഈ ഭാഗത്ത് അവതരിപ്പിക്കുന്നതെന്തുകൊണ്ടാണെന്നറിയണമെങ്കില്‍ കെരിഗ്മാറ്റിക് ഘടന എന്താണെന്നു മനസ്സിലാക്കണം. ശ്ലീഹന്മാര്‍ സുവിശേഷം പ്രഘോഷിച്ചു തുടങ്ങിയപ്പോള്‍ അവരുടെ പ്രഘോഷണത്തിന്‍റെ ഉള്ളടക്കത്തിന് ഒരു പ്രത്യേക ഘടനയുണ്ടായിരുന്നു. പ്രഘോഷണത്തിനുവേണ്ടിയുള്ള അവരുടെ ഒരുക്കത്തില്‍നിന്നും രൂപീകരിച്ച ഒരു പൊതുഘടനയാണിതെന്നു പറയാം. ഈ പ്രഘോഷണഘടന ശ്ലീഹന്മാര്‍ രൂപീകരിച്ചത് പന്തക്കുസ്താക്കു മുമ്പാണ് (നട 1:3). ഈശോ അവരെ 40 ദിവസങ്ങള്‍ പഠിപ്പിക്കുകയും സുവിശേഷം പ്രഘോഷിക്കാന്‍ അവര്‍ തയ്യാറെടുക്കുകയും ചെയ്തു. നടപടിയില്‍ കാണുന്ന 5 പ്രഭാഷണങ്ങളിലും ഈ ഘടന വ്യക്തമാണ്. എല്ലാ പ്രഭാഷണങ്ങളിലും കാണുന്ന പൊതുഘടകങ്ങള്‍ ഇവയാണ്: 1. പഴയനിയമപ്രവചനങ്ങള്‍, 2. പഴയനിയമത്തെയും പുതിയനിയമത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന യോഹന്നാന്‍മാംദാനയുടെ ശുശ്രൂഷ, 3. ഈശോയുടെ പരസ്യജീവിതം, 4. പീഡാസഹനം, 5. ഉയിര്‍പ്പ്, 6. പന്തക്കുസ്താ, 7. രണ്ടാമത്തെ വരവ്. ഈ കെരിഗ്മാറ്റിക് ഘടനതന്നെ സുവിശേഷത്തിന്‍റെ ഘടനയായി മാറി. എല്ലാ സുവിശേഷങ്ങളും യോഹന്നാന്‍ മാംദാനയിലാണ് ആരംഭിക്കുന്നത്. ബാല്യകാലജീവിതവിവരണങ്ങള്‍ സുവിശേഷപ്രഘോഷണങ്ങളുടെ ആരംഭത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വി. മത്തായിയും വി. ലൂക്കായും ബാല്യകാലവിവരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ്. ഈ കെരിഗ്മാറ്റിക് ഘടന പിന്തുടരാന്‍വേണ്ടിയാകണം യോഹന്നാന്‍ മാംദാനയെ ആമുഖഗീതത്തില്‍ അവതരിപ്പിച്ചത്.
"ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്‍റെ പേര് യോഹന്നാന്‍ എന്നാണ്" (1:6). രക്ഷാപദ്ധതിയുടെ ഭാഗമായി ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണ് സ്നാപകയോഹന്നാന്‍. ദൈവത്തിന്‍റെ ഇടപെടല്‍ മൂലമാണ് സ്നാപകന്‍റെ അത്ഭുതകരമായ ജനനം സംഭവിച്ചത്. യോഹന്നാന്‍റെ ജനനത്തെക്കുറിച്ചുള്ള വിവരണത്തില്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹം ആരായിത്തീരും എന്നതിനെക്കുറിച്ചും വിവരിക്കുന്നുണ്ട്: "കര്‍ത്താവിന്‍റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും... അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും. ഇസ്രായേല്‍ മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന്‍ തിരികെ കൊണ്ടുവരും" (ലൂക്കാ 1:15-16). ഈശോയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് സ്നാപകയോഹന്നാന്‍ അവിടുത്തേയ്ക്ക് വഴിയൊരുക്കി. ഈശോയുടെ വരവില്‍ യോഹന്നാന്‍റെ സ്ഥാനം അതുല്യമാണ്. ഈശോയുടെ ഉത്ഥാനാന്തരം ശ്ലീഹന്മാര്‍ നടത്തിയ സുവിശേഷപ്രഘോഷണങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഈശോയുടെ രക്ഷാകരപ്രവര്‍ത്തനങ്ങള്‍ സ്നാപകന്‍റെ ദൗത്യത്തോടെ ആരംഭിക്കുന്നു. 'വെളിച്ച'ത്തിനു സാക്ഷ്യംവഹിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ദൗത്യം: "അവന്‍ സാക്ഷ്യത്തിനായി വന്നു - വെളിച്ചത്തിനു സാക്ഷ്യം നല്കാന്‍; അവന്‍ വഴി എല്ലാവരും വിശ്വസിക്കാന്‍. അവന്‍ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്കാന്‍ വന്നവനാണ്" (1:7-8). ലോകത്തിന്‍റെ അന്ധകാരം നീക്കുവാന്‍ വന്ന വെളിച്ചമായ ഈശോയ്ക്ക് സാക്ഷ്യം വഹിക്കുക എന്ന ദൗത്യം യോഹന്നാന്‍ വിശ്വസ്തതയോടെ നിറവേറ്റുന്നത് അടയാളങ്ങളുടെ പുസ്തകത്തിന്‍റെ ആരംഭത്തില്‍ത്തന്നെ (1:19-34) വ്യക്തമായി പ്രതിപാദിക്കുന്നു.
വിചിന്തനം: (1:1-2,18): പിതാവിന്‍റെ മടിയിലിക്കുന്ന ഏകജാതനെന്ന നിലയിലാണ് ഈശോ ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തിയത്. അവിടുത്തെ നിരന്തരമായ ദൈവൈക്യമാണ് ദൈവത്തെ വെളിപ്പെടുത്തുവാന്‍ ഈശോയെ പ്രാപ്തനാക്കിയത്. സ്വര്‍ഗ്ഗീയ പിതാവിന്‍റെ മടിയിലിരുന്ന് ആ സ്നേഹം അനുഭവിച്ചറിയുന്നതാണ് പ്രാര്‍ത്ഥനാനുഭവം അഥവാ ആബാനുഭവം. പ്രാര്‍ത്ഥനാജീവിതത്തിലൂടെ പിതാവായ ദൈവത്തിന്‍റെ സ്നേഹം അനുഭവിച്ചവര്‍ക്കു മാത്രമേ ഈ സ്നേഹം മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുവാന്‍ കഴിയൂ. ക്രിസ്തീയ പ്രാര്‍ത്ഥനാനുഭവത്തിന്‍റെ അന്തസ്സത്ത ആബാനുഭവമാണെന്ന് ഈശോ പഠിപ്പിക്കുന്നു (ലൂക്കാ 11:1-14). പ്രാര്‍ത്ഥനാജീവിതത്തിലൂടെ പിതാവായ ദൈവത്തോട് പുത്രസഹജമായ ഐക്യം പുലര്‍ത്തിക്കൊണ്ട് ജീവിക്കുവാന്‍ നമുക്ക് കഴിയണം. അപ്പോള്‍ ഈശോയെപ്പോലെ പിതാവായ ദൈവത്തെയും ദൈവസ്നേഹത്തെയും ലോകത്തിനു വെളിപ്പെടുത്തുന്ന ജീവിതം നയിക്കുവാന്‍ നമുക്ക് കഴിയും.
1:3-4,17: ദൈവം തന്‍റെ പുത്രനായ മിശിഹായിലൂടെ മനുഷ്യര്‍ക്കു നല്കിയ എറ്റവും വലിയ സമ്മാനം തന്‍റെ ജീവനാണ് - പിതാവും പുത്രനും പങ്കിട്ടനുഭവിക്കുന്ന ദൈവികജീവന്‍. ഈ ജീവന്‍ മനുഷ്യനു നല്കുവാന്‍ വേണ്ടിയാണ് ദൈവം തന്‍റെ ഏകജാതനെ ലോകത്തിലേക്ക് അയച്ചത് (യോഹ 3:16). ഈ ജീവന്‍ സമൃദ്ധിയായി മനുഷ്യര്‍ക്ക് ഉണ്ടാകുവാനാണ് ഈശോ ലോകത്തിലേക്ക് വന്നതും (യോഹ 10:10). ഈ ജീവന്‍ കാണപ്പെടുമ്പോള്‍ അതു വെളിച്ചമായിത്തീരുന്നു. ഈ ജീവന്‍റെ അന്തസത്ത അരൂപിയാണ്: "അരൂപിയാണ് ജീവന്‍ നല്കുന്നത്" (യോഹ 6:63). 'അരൂപി' അതില്‍തന്നെ അദൃശ്യമാണ്. അത് ദൃശ്യമായിത്തീരുന്നത് സ്നേഹം, സന്തോഷം, സമാധാനം തുടങ്ങിയ അരൂപിയുടെ ഫലങ്ങളിലൂടെയാണ് (ഗലാ 5:22-23). ഈ ഫലങ്ങളാണ് മനുഷ്യന്‍റെ ജീവിതത്തെ പ്രകാശമാനമാക്കുന്നത്. അതുകൊണ്ടാണ് 'ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു' എന്ന് യോഹന്നാന്‍ശ്ലീഹാ പറയുന്നത്. ജീവനും വെളിച്ചവുമായി വന്ന മിശിഹായുടെ തുടര്‍ച്ചയാണ് സഭ. അതുകൊണ്ട് സഭാംഗങ്ങളെന്ന നിലയില്‍ നാമും അരൂപിയുടെ ഫലങ്ങള്‍കൊണ്ടു നിറഞ്ഞ് ലോകത്തിന് ജീവന്‍ നല്കുന്ന വെളിച്ചമായി മാറണം.
1:5,9-11,12-14,16: ഈശോയ്ക്കു മനുഷ്യരില്‍നിന്നു ലഭിച്ച പ്രത്യുത്തരങ്ങളാണ് ഈ ഭാഗം അവതരിപ്പിക്കുന്നത്. ഇതിന്‍റെ വെളിച്ചത്തില്‍ ഇന്ന് ഈശോയ്ക്ക് മനുഷ്യരുടെ ഭാഗത്തുനിന്നു ലഭിക്കുന്ന പ്രത്യുത്തരങ്ങള്‍ വിലയിരുത്തുവാന്‍ ഈ ഭാഗം പ്രേരകമാകണം.
മിശിഹായുടെ വെളിച്ചം ഇന്നും സഭയിലൂടെയും നന്മ ചെയ്യുന്നവരിലൂടെയും ലോകത്തില്‍ പ്രകാശിക്കുന്നുണ്ട്. പക്ഷേ, തിന്മയുടെ ശക്തികള്‍ ഈ നന്മയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. എന്നിലും ഞാന്‍ ജീവിക്കുന്ന സമൂഹത്തിലും തിന്മയുടെ ശക്തികള്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്ന് ചിന്തിക്കുവാന്‍ ഇത് പ്രേരകമാകണം.
ഈശോ നന്മ പ്രവര്‍ത്തിച്ചുകൊണ്ട് കടന്നുപോയെങ്കിലും പലരും അവിടുത്തെ അറിയാതെപോയി. ഇന്ന് മിശിഹായുടെ വെളിച്ചം അറിയാത്ത എത്രയോ പേര്‍ ഈ ലോകത്തിലുണ്ട്? ദൈവത്തിന്‍റെ ജനമായ യഹൂദരുടെ ഇടയിലേക്ക് യഹൂദനായി കടന്നുവന്ന മിശിഹായെ യഹൂദര്‍തന്നെ തിരസ്ക്കരിച്ചു. ഇന്നും ദൈവത്തിന്‍റെ സ്വന്തം ജനമായ സഭാംഗങ്ങളില്‍ പലരും മിശിഹായോട് ശരിയായ പ്രതിബദ്ധത പുലര്‍ത്താതെ ജീവിക്കുന്നുണ്ട്.
സ്വജനം മിശിഹായെ തിരസ്ക്കരിച്ചപ്പോള്‍ വിജാതീയരായിരുന്ന അനേകം പേര്‍ ഈശോയെ സ്വീകരിക്കുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്തു. യഹൂദമതത്തില്‍നിന്നും വ്യത്യസ്തമായി സഭ രൂപംകൊണ്ടതുതന്നെ വിജാതീയര്‍ ഈശോയെ സ്വീകരിച്ചതുകൊണ്ടാണ്. അതേസമയം ക്രൈസ്തവജീവിതം നയിക്കുന്ന സഭാംഗങ്ങളില്‍ എത്രപേര്‍ ഈശോയെ യഥാര്‍ത്ഥത്തില്‍ ജീവിതത്തിലേക്കു സ്വാഗതം ചെയ്യുകയും ഈശോയോട് വ്യക്തിപരമായ പ്രതിബദ്ധത പുലര്‍ത്തുന്ന ജീവിതം നയിക്കുകയും ചെയ്യുന്നുണ്ടെന്നുള്ളത് ചിന്തനീയമാണ്.
മനുഷ്യാവതാരം ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിന്‍റെ ആഴം വെളിപ്പെടുത്തുന്ന ഒരു മഹാരഹസ്യമാണ്. സാധാരണയായി നാം ദൈവത്തിന്‍റെ സ്നേഹം മനസ്സിലാക്കുന്നത് മനുഷ്യനായി പിറന്നതിനുശേഷമുള്ള മിശിഹായുടെ ജീവിതത്തിലൂടെയാണ്. എന്നാല്‍ മനുഷ്യാവതാരം തന്നെ ദൈവത്തിന്‍റെ വലിയ സ്നേഹത്തിന്‍റെ വെളിപ്പെടുത്തലായിരുന്നു. മനുഷ്യനെ കാണാനും കേള്‍ക്കാനും അവനോടൊത്തായിരിക്കാനും അവന്‍റെ ജീവിതാനുഭവങ്ങളില്‍ പങ്കുചേരാനും സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി വന്ന ദൈവത്തിന്‍റെ വലിയ സ്നേഹമാണ് ഇവിടെ നാം കാണുക. മിശിഹായുടെ ശിഷ്യരായ നാം ഈ സ്നേഹം അറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യണം. ഇന്ന് മിശിഹായില്‍ വിശ്വസിക്കുന്നവരിലൂടെ വേണം ദൈവത്തിന്‍റെ ഈ സ്നേഹം മനുഷ്യര്‍ അറിയുവാന്‍. ക്രിസ്തീയസമൂഹം മനുഷ്യനോടുള്ള ദൈവത്തിന്‍റെ സ്നേഹത്തില്‍ വിശ്വസിക്കുന്നവരും ആ സ്നേഹം അനുഭവിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നവരുമാകണം. അവരുടെ ജീവിതത്തിലൂടെ ദൈവത്തിന്‍റെ സ്നേഹം മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കണം. അതിനുതകുന്ന ബോധവല്‍ക്കരണം നേടുവാന്‍ വിശ്വാസപരിശീലനത്തിലൂടെ നമുക്ക് കഴിയണം. അത് സാദ്ധ്യമാകണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍ ദൈവസ്നേഹം മാംസം ധരിക്കണം.
"അവന്‍റെ മഹത്ത്വം നമ്മള്‍ ദര്‍ശിച്ചു". മഹത്വത്തിന്‍റെ ഗ്രീക്കു പദം 'ഡോക്സാ' എന്നും ഹീബ്രുപദം 'കബോദ്' എന്നുമാണ്. ശ്ലീഹന്മാര്‍ക്കു ലഭിച്ച ദൈവാനുഭവവും അവര്‍ ഈശോയ്ക്കു നല്കിയ അനുകൂലമായ പ്രത്യുത്തരവുമാണ് ഇവിടെ സൂചിതം. പഴയനിയമത്തില്‍ ദൈവത്തിന്‍റെ മഹത്ത്വം പ്രത്യക്ഷപ്പെടുന്ന വേദികള്‍ മനുഷ്യന് രക്ഷാകരവേദികളായിരുന്നു. ഈശോയിലും ഈ രക്ഷാകരസാന്നിദ്ധ്യമാണ് മനുഷ്യര്‍ക്ക് അനുഭവവേദ്യമായത്. പിതൃപുത്രബന്ധമായിട്ടാണ് ഈ രക്ഷാകരസാന്നിദ്ധ്യം വെളിപ്പെട്ടത്. വചനം മാംസമായ ദൈവപുത്രനില്‍ ദൈവപിതാവിന്‍റെ മഹത്ത്വം പ്രത്യക്ഷമായി. ആ മഹത്ത്വം സവിശേഷതയുള്ളതാണ്. കാരണം, ഈശോയില്‍ വെളിപ്പെട്ട മഹത്ത്വം കൃപയും സത്യവും നിറഞ്ഞതാണ്. കൃപയും സത്യവും നിറഞ്ഞ ഈശോയുടെ മഹത്ത്വം ദൈവത്തിന്‍റെ ഉടമ്പടിസ്നേഹത്തിന്‍റെയും വിശ്വസ്തതയുടെയും വെളിപ്പെടുത്തലാണ്.
ശ്ലീഹന്മാരും അവരോടൊത്ത് ആദിമക്രൈസ്തവരും ഈശോയുടെ യഥാര്‍ത്ഥ മഹത്ത്വം മനസ്സിലാക്കിയവരായിരുന്നു. ഇന്നും ഈശോയുടെ യഥാര്‍ത്ഥ മഹത്ത്വം മനസ്സിലാക്കി ഈശോയോടൊപ്പം ജീവിക്കുവാന്‍ ക്രൈസ്തവര്‍ക്കു കഴിയണം. ശ്ലീഹന്മാരും ആദിമസഭയും മിശിഹായുടെ മഹത്ത്വം ദര്‍ശിക്കുക മാത്രമല്ല, അവിടുത്തെ കൃപയില്‍ പങ്കചേരുകയും ചെയ്തു. ഇന്നും മിശിഹായുടെ കൃപയില്‍ പങ്കുചേര്‍ന്നു ജീവിക്കുവാന്‍, സഭയിലൂടെയും സഭയുടെ വചനപ്രഘോഷണത്തിലൂടെയും കൂദാശാപരികര്‍മ്മങ്ങളിലൂടെയും പ്രാര്‍ത്ഥനാശുശ്രൂഷകളിലൂടെയും നാം നിരന്തരം ക്ഷണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
1:12-13: ഈശോയ്ക്ക് നല്കപ്പെട്ട അനുകൂല പ്രത്യുത്തരത്തിന്‍റെ ഫലം ദൈവപുത്രത്വവും ദൈവത്തില്‍നിന്നുള്ള ജനനവുമാണ്. നമ്മെ ദൈവികജീവനിലേക്ക് ഉയര്‍ത്തുവാനാണ് വചനമായ ഈശോ മനുഷ്യനായത്. ഈശോയുടെ മനുഷ്യാവതാരത്തിലും ജനനത്തിലും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണ് നടന്നത്. ദൈവമക്കളുടെ ജനനവും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണ്. മാമ്മോദീസായിലൂടെ ദൈവപുത്രത്വത്തിലേക്ക് അവിടുന്ന് നമ്മെ ജനിപ്പിക്കുകയും ദൈവീകദാനങ്ങളാലും കൃപകളാലും നമ്മെ നിറയ്ക്കുകയും ചെയ്യുന്നു. ദൈവമക്കളുടെ ജീവന്‍ ദൈവികജീവനാണ്. ദൈവത്തില്‍നിന്നുമാണ് അവരുടെ ജനനം. അങ്ങനെ ദൈവവുമായി പിതൃപുത്രബന്ധം സംജാതമാകുന്നു. ലോകം മുഴുവന്‍ ദൈവത്തിന്‍റെ പുത്രരായി ഉയര്‍ത്തപ്പെടുന്ന അ വസ്ഥയില്‍ മനുഷ്യരെല്ലാം സഹോദരങ്ങളാകുന്ന ഒരു ബന്ധം ഉടലെടുക്കും. ഒരേക പിതാവിന്‍റെ മക്കളായി എല്ലാവരും ഗണിക്കപ്പെടുന്ന ഒരു പുതിയ ലോകത്തിന്‍റെ നിര്‍മ്മാണത്തിനാ ണ് ഈശോ ഈ ലോകത്തിലേക്ക് വന്നത്. ദൈവം പിതാവും മനുഷ്യരെല്ലാം സഹോദരങ്ങളുമായ ഒരു നവലോകത്തിന് ഈശോയിലുള്ള വിശ്വാസമാണ് അടിസ്ഥാനമാകേണ്ടത്.
ഈ ദൈവമക്കളുടെ കുടുംബമാണ് തിരുസഭ. മിശിഹായിലൂടെ പരിശുദ്ധാത്മാവില്‍ പിതാവിനോട് ഒന്നായി ത്രിത്വാത്മക കൂട്ടായ്മയില്‍ ഒന്നായ കുടുംബമാണ് സഭ. ഈ ദൈവപുത്രാനുഭവത്തിലായിരുന്നുകൊണ്ട് ദൈവത്തെ ആരാധിക്കുന്ന സമൂഹമാണിത്. ദൈവത്തെ ആരാധിക്കുക എന്നതും ദൈവപുത്രാനുഭവത്തിലായിരിക്കുക എന്നതും അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പഴയനിയമ ഇസ്രായേല്‍ ജനത്തെ ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് വിമോചിക്കാന്‍ മോശയെ നിയോഗിക്കുന്ന ദൈവം വെളിപ്പെടുത്തുന്നതും ഈ ബന്ധമാണ്: "ഇസ്രായേല്‍ എന്‍റെ പുത്രനാണ്. എന്‍റെ ആദ്യജാതന്‍... എന്നെ ആരാധിക്കാന്‍വേണ്ടി എന്‍റെ പുത്രനെ വിട്ടയയ്ക്കുക" (പുറ 4:22-23). ദൈവപുത്രത്വവും അതിലധിഷ്ഠിതമായ സാഹോദര്യവും ജീവിക്കുന്ന ഒരു കുടുംബമാണ് സഭ. ഈ കുടുംബാഘോഷമാണ് പരി. കുര്‍ബാനയില്‍ ഒന്നുചേരുന്ന സഭാസമൂഹത്തിന്‍റെ ആരാധന.
1:6-8,15: യോഹന്നാന്‍ സ്നാപകന്‍ ഈശോയ്ക്കു സാക്ഷ്യം വഹിക്കാനായി ദൈവത്താല്‍ പ്രത്യേകം നിയോഗിക്കപ്പെട്ടവനായിരുന്നു. ഓരോ ക്രൈസ്തവനും യോഹന്നാനെപ്പോലെ ഈശോയ്ക്കു സാക്ഷ്യം വഹിക്കാനായി ലോകത്തിലേക്ക് അയയ്ക്കപ്പെട്ടവനാണ്. ഈ ദൗത്യബോധത്തോടെ ജീവിക്കുവാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണം.
Gospel of John John 1: 1-18 Introduction catholic malayalam bible st. john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206