We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021
കൂടാരതിരുനാളിനോടനുബന്ധിച്ചുള്ള വെളിച്ചത്തിന്‍റെ കര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍തന്നെയാണ് ഈ അദ്ധ്യായവും മെനയപ്പെട്ടിരിക്കുന്നത്. അന്ധന് കാഴ്ച കൊടുക്കുന്ന സന്ദര്‍ഭത്തില്‍ താന്‍ ലോകത്തിന്‍റെ പ്രകാശമാണെന്ന് ഈശോ വീണ്ടും പ്രഖ്യാപിക്കുന്നുണ്ട്. ഇതിലൂടെ, ദൈവത്തെ വെളിപ്പെടുത്തുന്ന തന്‍റെ ദൗത്യം അവിടുന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ്.
ജന്മനാ അന്ധനായ ഒരുവനെ ഈശോ സുഖപ്പെടുത്തുന്ന സംഭവവും അതേത്തുടര്‍ന്നുള്ള സംഭാഷണവുമാണ് ഈ അദ്ധ്യായത്തിന്‍റെ ഉള്ളടക്കം. ശാരീരികമായി അന്ധനായിരുന്ന ഒരു മനുഷ്യന്‍ ശാരീരികമായും ആത്മീയമായും കാഴ്ചയുള്ളവനായി മാറുകയും ആത്മീയമായി കാഴ്ചയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഫരിസേയര്‍ ആത്മീയമായി അന്ധരായി മാറുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യാത്മക സംഭവമായിട്ടാണ് യോഹന്നാന്‍ സുവിശേഷകന്‍ ഈ അത്ഭുതത്തെ അവതരിപ്പിക്കുന്നത്. ലോകത്തിന്‍റെ പ്രകാശമായ മിശിഹായിലേക്ക് അന്ധനായ മനുഷ്യന്‍റെ കണ്ണുകള്‍ തുറക്കപ്പെട്ടു. അവന്‍ മിശിഹായെ തിരിച്ചറിഞ്ഞ് കര്‍ത്താവായി ഏറ്റുപറഞ്ഞ് ആരാധിച്ചു (9:38). അതേസമയം ഫരിസേയര്‍ മിശിഹായിലേക്ക് കണ്ണുകള്‍ തുറക്കാത്തവരായി അന്ധതയിലും പാപത്തിലും നിലകൊണ്ടു (9:41).
ലോകത്തിന്‍റെ പ്രകാശമായിരിക്കുക: ഇവിടെ ഈശോ ലോകത്തിന്‍റെ പ്രകാശമായി സ്വയം പ്രഖ്യാപിക്കുക മാത്രമല്ല, എങ്ങനെയാണ് ലോകത്തിന്‍റെ പ്രകാശമാവുക എന്ന് വിശദീകരിക്കുകകൂടി ചെയ്യുന്നുണ്ട്. രണ്ടു കാര്യങ്ങളാണ് ഈശോയെ ലോകത്തിന്‍റെ പ്രകാശമാക്കുന്നത്-തന്നെ അയച്ചവന്‍റെ ജോലി ചെയ്യുന്നതും അത് പകലായിരിക്കുവോളം ചെയ്യുന്നതും. പിതാവിന്‍റെ പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെയാണ് ഈശോ ലോകത്തിന്‍റെ പ്രകാശമാകുന്നത്. താന്‍ ഒരിക്കലും സ്വന്തം ഹിതം പ്രവര്‍ത്തിക്കുന്നില്ല എന്ന് ഈശോ ആവര്‍ത്തിച്ചു പറയുന്നതായി യോഹന്നാന്‍ സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട്: "പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല" (5:19). തന്‍റെ അത്ഭുതങ്ങളെ പിതാവിന്‍റെ ജോലിയായിട്ടാണ് ഈശോ വിശേഷിപ്പിക്കുന്നത്. സാബത്തില്‍ തളര്‍വാതരോഗിയെ സുഖപ്പെടുത്തിയതിനുശേഷം ഈശോ അതിനെ ന്യായീകരിക്കുന്നത് ഇപ്രകാരമാണ് "എന്‍റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്. ഞാനും പ്രവര്‍ത്തിക്കുന്നു" (5:17).
വിശ്വാസത്തിലുള്ള വളര്‍ച്ച: വിശ്വാസം വളര്‍ച്ച ഉള്‍ക്കൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. വിശ്വാസത്തിന്‍റെ വളര്‍ച്ച പടിപടിയായുള്ള ഒരു പ്രക്രിയയാണെന്ന് അന്ധനെ സുഖപ്പെടുത്തിയ സംഭവം പഠിപ്പിക്കുന്നു. അന്ധന് കാഴ്ച നല്കുന്നതിനു മുമ്പ് അതിന്‍റെ അര്‍ത്ഥവും ഈശോ വിശദീകരിക്കുന്നു (9:4-5). ഈശോ ലോകത്തിന്‍റെ പ്രകാശമാണ് എന്ന സത്യത്തിലേക്കാണ് ഈ രോഗശാന്തി വിരല്‍ ചൂണ്ടുന്നത്. ആത്മീയ അന്ധത പ്രകാശമായ മിശിഹായെ തിരിച്ചറിയുന്നതിന് തടസ്സം നില്ക്കുന്നു. ബാഹ്യമായ കണ്ണുകള്‍ക്ക് കാഴ്ച കൊടുക്കുന്നതിലൂടെ ഈശോ അന്ധന്‍റെ ആത്മീയനേത്രങ്ങളും തുറക്കുകയാണ്. തുപ്പല്‍കൊണ്ട് ചെളിയുണ്ടാക്കി പൂശുകയും അത് കഴുകുകയും ചെയ്തതിനുശേഷമാണ് അയാളുടെ ബാഹ്യ അന്ധത നീങ്ങിയത്. ആത്മീയ അന്ധത മാറി യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് കടന്നുവരാനും അയാ ള്‍ക്ക് ഒരു പ്രക്രിയയിലൂടെ കടന്നുപോകേണ്ടിയിരുന്നു. അയാള്‍ വിശ്വാസത്തില്‍ വളര്‍ച്ച പ്രാപിച്ച് ഈശോയുടെ ശിഷ്യനായി ത്തീര്‍ന്നുവെന്ന് അദ്ധ്യായത്തിന്‍റെ അന്ത്യത്തില്‍ സുവിശേഷകന്‍ വ്യക്തമാക്കുന്നു.
സൗഖ്യം ലഭിച്ചതിനുശേഷമുള്ള മറ്റുള്ളവരുടെ ഇടപെടലാണ് അയാള്‍ക്ക് വിശ്വാസത്തില്‍ വളരാന്‍ നിമിത്തമായി ഭവിച്ചത്. അയല്‍ക്കാരും അവനെ മുമ്പ് യാചകനായി കണ്ടിട്ടുള്ളവരുമാണ് ആദ്യം അവനെ ചോദ്യം ചെയ്യുന്നത് (9:8-10,12). രണ്ടാമത് ഫരിസേയര്‍ അവനെ ചോദ്യം ചെയ്യുന്നുണ്ട് (9:15,17). അതിനുശേഷം യഹൂദര്‍ അവന്‍റെ മാതാപിതാക്കളെയും (9:18-19) പിന്നീട് അവനെ രണ്ടാം പ്രാവശ്യവും ചോദ്യം ചെയ്യുന്നു (9:24-34). ഇങ്ങനെയുള്ള അവരുടെ ഇടപെടലിലൂടെ അവന്‍ വിശ്വാസത്തില്‍ വളര്‍ച്ച പ്രാപിക്കുകയാണ് ചെയ്യുന്നത്. അവന്‍റെ മറുപടികള്‍ ഈ വളര്‍ച്ച വ്യക്തമാക്കുന്നുണ്ട്. ഓരോ ഘട്ടത്തിലും അവന്‍ ഈശോയെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നു.
അവന്‍റെ ആത്മീയനേത്രങ്ങളുടെ കാഴ്ച സാവധാനം വര്‍ദ്ധിച്ചു വരുന്നു എന്നത് ഈശോയെ അഭിസംബോധന ചെയ്യാന്‍ അവന്‍ ഉപയോഗിക്കുന്ന വാക്കുകളില്‍നിന്നും മനസ്സിലാക്കാം. "ഈശോ എന്ന് പേരുള്ള മനുഷ്യന്‍" (9:11) ആയാണ് അയാള്‍ ഈശോയെ ആദ്യം മനസ്സിലാക്കിയത്. പിന്നീട് ഒരു പ്രവാചകനായും (9:17) ദൈവത്തില്‍ നിന്നുള്ളവനായും (9:33) മനുഷ്യപുത്രനായും (9:35-37) കര്‍ത്താവായും (9:38) അയാള്‍ ഈശോയെ തിരിച്ചറിയുകയും ഏറ്റുപറയുകയും ആരാധിക്കുകയും ചെയ്യുന്നു. അയാള്‍ ഒരു വിശ്വാസിയും ഈശോയുടെ ശിഷ്യനുമായി മാറി. 'മനുഷ്യപുത്രന്‍' എന്ന പേര് ഈശോ തന്നെത്തന്നെ വിശേഷിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതാണ്. ഈശോയെ കര്‍ത്താവായി അംഗീകരിച്ചപ്പോള്‍ വിശ്വാസത്തിന്‍റെ പ്രഖ്യാപനമാണ് അയാള്‍ നടത്തിയത്. 'ഈശോ കര്‍ത്താവാണ്' എന്നുള്ളതായിരുന്നു ആദിമസഭയുടെ വിശ്വാസപ്രഖ്യാപനം: "ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും ഈശോ ശപിക്കപ്പെട്ടവനാണ് എന്ന് ഒരിക്കലും പറയുകയില്ലെന്നും ഈശോ കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു" (1 കൊറി 12:3).
അന്ധനായ മനുഷ്യന്‍ പ്രകാശമായ മിശിഹായിലേക്ക് കണ്ണുതുറന്നവനും മിശിഹായെക്കുറിച്ചുള്ള അറിവില്‍ വളര്‍ന്ന് പ്രകാശമായ മിശിഹായ്ക്ക് ശക്തമായ സാക്ഷ്യം വഹിക്കുന്നവനുമായിത്തീരുന്നു. ഒട്ടും പ്രകാശമില്ലായിരുന്ന അവസ്ഥയില്‍നിന്നും പ്രകാശത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് ആ മനുഷ്യന്‍ കടന്നുവരുന്നുവെന്ന് സുവിശേഷകന്‍ എടുത്തുകാണിക്കുകയാണ്. ഇങ്ങനെ മിശിഹായെക്കുറിച്ചുള്ള അറിവിലും മിശിഹായിലുള്ള വിശ്വാസത്തിലും വളര്‍ന്ന് മിശിഹായ്ക്കു സാക്ഷ്യം വഹിക്കുവാന്‍ അയാള്‍ക്കു കഴിഞ്ഞത് മിശിഹായില്‍നിന്നും അയാള്‍ക്കു ലഭിച്ച സൗഖ്യാനുഭവത്തിലേക്ക് വിശ്വാസത്തിന്‍റെ കണ്ണുകള്‍ തുറക്കുകയും സൗഖ്യദാതാവായ മിശിഹായോട് വിശ്വസ്തത പുലര്‍ത്തുകയും ചെയ്തതുകൊണ്ടാണ്. അയല്‍ക്കാരും ഫരിസേയരും യഹൂദരും മാറിമാറി അവനെ ചോദ്യം ചെയ്തിട്ടും സിനഗഗോഗില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും അവന്‍ തന്‍റെ വിശ്വാസത്തില്‍നിന്നും വ്യതിചലിച്ചില്ല.
വിശ്വാസവും അവിശ്വാസവും: ജന്മനാ അന്ധനായിരുന്നവന്‍ വിശ്വാസമാകുന്ന ആത്മീയകാഴ്ചയുള്ളവനാവുകയും ആത്മീയകാഴ്ചയുണ്ടെന്ന് അഭിമാനിച്ചിരുന്ന ഫരിസേയര്‍ വിശ്വാസമില്ലായ്മയാകുന്ന ആത്മീയാന്ധതയിലേക്ക് നീങ്ങുകയും ചെയ്യുന്ന വൈരുദ്ധ്യാത്മകരംഗമാണ് ഇവിടെ യോഹന്നാന്‍ശ്ലീഹാ അവതരിപ്പിക്കുന്നത്. കാഴ്ച ലഭിച്ചവന്‍ വിശ്വാസത്തില്‍ പടിപടിയായി വളരുന്നതായും അതേസമയം യഹൂദരുടെ ആത്മീയ അന്ധത ഓരോ ഘട്ടത്തിലും വര്‍ദ്ധിക്കുന്നതായും കാണാം. അതായത്, അന്ധനില്‍ വിശ്വാസത്തിന്‍റെ വളര്‍ച്ചയും ഫരിസേയരില്‍ വിശ്വാസത്തിന്‍റെ തളര്‍ച്ചയുമാണ് സംഭവിക്കുന്നത്. ഇതിന് കാരണമായിത്തീര്‍ന്നത് അവരുടെ മനോഭാവത്തിന്‍റെ വ്യത്യാസമാണ്.
അന്ധനായിരുന്നവന്‍ വിനീതനും എളിമയുള്ളവനും സത്യസന്ധനും സത്യത്തോട് തുറവിയുള്ളവനും തന്‍റെ അജ്ഞതയെ അംഗീകരിക്കുന്നവനുമായിരുന്നു. അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍, അറിഞ്ഞുകൂടാ എന്ന് ഏറ്റുപറയുവാന്‍ ഉള്ള എളിമ അയാള്‍ക്കുണ്ടായിരുന്നു (9:12,25). അയാളുടെ സൗഖ്യം പ്രാപിക്കലിനോടനുബന്ധിച്ചു നടന്ന സംഭവങ്ങള്‍, നടന്നതുപോലെ എവിടെയും തുറന്നുപറയുവാനുള്ള സത്യസന്ധത അയാള്‍ കാണിച്ചു (9:15,30-35) "മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ?" എന്ന ഈശോയുടെ ചോദ്യത്തിന്, "കര്‍ത്താവേ, ഞാന്‍ അവനില്‍ വിശ്വസിക്കേണ്ടതിന് അവന്‍ ആരാണ്?" എന്നു ചോദിച്ചുകൊണ്ട് സത്യം അറിയുവാനുള്ള തുറവിയും അയാള്‍ കാണിച്ചു. ഈ മനോഭാവമാണ് അയാളെ പ്രകാശത്തില്‍നിന്ന് പ്രകാശത്തിലേക്ക്, വിശ്വാസത്തില്‍നിന്നും വിശ്വാസത്തിലേക്ക് നടന്നടുക്കുവാന്‍ സഹായിച്ചത്. വിശ്വാസത്തില്‍ വളരാന്‍ ഈ ഭാവങ്ങള്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.
എന്നാല്‍, ഫരിസേയരുടെ മനോഭാവം ഇതിന് കടകവിരുദ്ധമായഒന്നായിരുന്നു. അവര്‍ അവരുടെ അറിവില്‍ അമിത വിശ്വാസമുള്ളവരും സത്യത്തോട് തുറവിയില്ലാത്തവരും മുന്‍വിധി നടത്തുന്നവരും ആത്മാര്‍ത്ഥതയില്ലാത്തവരും അഹങ്കാരികളുമായിരുന്നു (9:34). ആദ്യം അയാള്‍ക്ക് കാഴ്ച ലഭിച്ചത് എങ്ങനെയാണെന്ന് അറിയാന്‍ ആഗ്രഹിച്ച യഹൂദര്‍, പിന്നീട് അവന്‍ അന്ധനായിരുന്നോ എന്നു പോലും സംശയിക്കുന്നു (9:18-19). "ഈ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ല, എന്തെന്നാല്‍ അവന്‍ സാബത്ത് ആചരിക്കുന്നില്ല" (9:16), "ആ മനുഷ്യന്‍ പാപിയാണെന്ന് ഞങ്ങള്‍ക്കറിയാം" (9:24) തുടങ്ങിയ പ്രസ്താവനകള്‍ തങ്ങളുടെ അറിവിനെക്കുറിച്ചുള്ള അവരുടെ അമിതബോധവും അവിവേകപൂര്‍ണ്ണമായ മുന്‍വിധിയും വ്യക്തമാക്കുന്നവയാണ്. "തികച്ചും പാപത്തില്‍ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നവോ?" എന്ന ചോദ്യവും, അവനെ സിനഗോഗില്‍നിന്നു പുറത്താക്കുന്നതും (9:34) യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് കണ്ണു തുറക്കാന്‍ മടിക്കുന്ന അവരുടെ അഹന്തയും തുറവിയില്ലായ്മയുമാണ് വെളിപ്പെടുത്തുന്നത്. ഈ നിലപാടുതന്നെയാണ് അവരുടെ വിശ്വാസത്തിന്‍റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയതും.
മാമ്മോദീസായെ സൂചിപ്പിക്കുന്ന അടയാളം: അന്ധന് കാഴ്ച നല്കുന്നതിനായി ഈശോ തുപ്പല്‍കൊണ്ട് ചെളിയുണ്ടാക്കി അവന്‍റെ കണ്ണുകളില്‍ പൂശിയിട്ട് കഴുകാനായി സീലോഹാകുളത്തിലേക്ക് പറഞ്ഞുവിടുകയാണ് (9:6-7). ഈ കര്‍മ്മങ്ങളെല്ലാം പ്രതീകങ്ങളായി കാണണം. പൂശലിലൂടെയും കഴുകലിലൂടെയും വിശ്വാസവെളിച്ചത്തിലേക്കു നയിക്കുന്ന ഈ അത്ഭുതം പ്രവേശകകൂദാശകളില്‍ ഒന്നായ മാമ്മോദീസായെ സൂചിപ്പിക്കുന്ന ഒരു അടയാളമാണ്. സഭാപാരമ്പര്യത്തില്‍ ഈ അത്ഭുതത്തെ ഇങ്ങനെയാണ് കണ്ടിരുന്നത്. സഭയുടെ മാമ്മോദീസാ കര്‍മ്മത്തില്‍ ഈ സുവിശേഷവായന ഉള്‍പ്പെടുത്തിയിരുന്നു. മാമ്മോദീസാ നല്കുമ്പോള്‍ കാര്‍മ്മികന്‍ തുപ്പല്‍കൊണ്ട് ശിശുവിന്‍റെ കണ്‍പോളകളിലും കാതുകളിലും കുരിശുവരച്ച് 'തുറക്കപ്പെടുക' എന്നു പറയുന്ന പതിവ് ഒരിക്കല്‍ ഉണ്ടായിരുന്നു എന്നതും ഇതാണ് സൂചിപ്പിക്കുന്നത്. 'പൂശുക' എന്നതിന് 'ക്രിസ്മാ'എന്ന ഗ്രീക്കുവാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മാമ്മോദീസാവേളയിലെ തൈലാഭിഷേകത്തെ സൂചിപ്പിക്കുന്ന പദമാണിത്. ചെളികൊണ്ട് പൂശി ബാഹ്യമായ കണ്ണുകള്‍ തുറന്നതിലൂടെ, ആത്മീയപ്രകാശം ലഭിക്കാനായി മാമ്മോദീസായില്‍ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടേണ്ടതിന്‍റെ ആവശ്യകതയാണ് ഇവിടെ എടുത്തു കാണിക്കുന്നത്. പരിശുദ്ധാത്മാവാണ് ആത്മീയ ഉള്‍ക്കാഴ്ചകള്‍ നല്കുന്നത്.
മാമ്മോദീസാനുഭവത്തെ 'പ്രകാശിപ്പിക്കപ്പെടല്‍' എന്ന് പുതിയനിയമത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്. മാമ്മോദീസായിലൂടെ മിശിഹായിലുള്ള വിശ്വാസത്തിലേക്ക് പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് "ദൈവത്തിന്‍റെ പ്രതിരൂപമായ മിശിഹായുടെ സുവിശേഷത്തിന്‍റെ പ്രകാശം ദൃശ്യമാകുന്നു" എന്നും, അത് "മിശിഹായുടെ മുഖത്ത് വെളിവാക്കപ്പെട്ട ദൈവതേജസ്സിനെപ്പറ്റിയുള്ള അറിവിന്‍റെ പ്രകാശ"മാണെന്നും വി. പൗലോസ് പറയുന്നു (2 കൊറി 4:4-6). ദൈവം മനുഷ്യഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന അനുഭവമാണ് വിശ്വാസാനുഭവമെന്നും ഇവിടെ പൗലോസ്ശ്ലീഹാ കൂട്ടിച്ചേര്‍ക്കുന്നുണ്ട് (2 കൊറി 4:6). അതുകൊണ്ട് മാമ്മോദീസായിലൂടെ നമുക്കു ലഭിച്ച ക്രിസ്തീയവിശ്വാസം മിശിഹായുടെ സുവിശേഷത്തിന്‍റെ പ്രകാശത്താല്‍ പ്രകാശിതരാകാനുള്ള വിളിയാണ്. ഈ വിളിയെയാണ് അന്ധനു കാഴ്ച ന്ലകുന്ന ഈ അത്ഭുതം അടയാളപ്പെടുത്തുന്നത്. 'അയക്കപ്പെട്ടവന്‍' എന്നര്‍ത്ഥം വരുന്ന 'സീലോഹാ' കുളത്തില്‍ പോയി കഴുകി കാഴ്ച പ്രാപിക്കുന്നത് ഇതിന്‍റെ സൂചനയാണ്. കാരണം, അയക്കപ്പെട്ടവന്‍ 'മിശിഹാ' തന്നെയാണ്.
പാപവും രോഗവും: പാപത്തിന്‍റെ ഫലമാണ് രോഗമെന്നും അത് തലമുറകളിലേക്ക് കൈമാറുമെന്നുമുള്ള ഒരു വിശ്വാസം യഹൂദപാരമ്പര്യത്തില്‍ നിലനിന്നിരുന്നു (9:2). എന്നാല്‍, ഈശോ ഈ പാരമ്പര്യത്തെ തള്ളിക്കളയുകയും രോഗങ്ങളുടെയും സഹനങ്ങളുടെയും അര്‍ത്ഥം ശിഷ്യന്മാര്‍ക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു: "ഇവന്‍റെയോ ഇവന്‍റെ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്" (9:3) അവന്‍ അന്ധനായി ജനിച്ചത് എന്നാണ് അവിടുന്ന് പറയുന്നത്. പാപത്തിന്‍റെ ഫലമായി രോഗമുണ്ടാകാം. എന്നാല്‍ എല്ലാ രോഗങ്ങളും പാപത്തിന്‍റെ ഫലമാണ് എന്ന നിലപാട് ശരിയല്ല. നിഷ്ക്കളങ്കരുടെ സഹനം മനുഷ്യരാശിയുടെ ആരംഭം മുതലേമനുഷ്യന്‍ നേരിടുന്ന ഒരു പ്രശ്നമാണ്, ഒരു രഹസ്യമാണ്. പഴയനിയമത്തിലെ ജോബിന്‍റെ പുസ്തകംതന്നെ ഈ രഹസ്യത്തെയാണ് അവതരിപ്പിക്കുക. മാനുഷികമായി, തൃപ്തികരമായി മറുപടി കണ്ടെത്താന്‍ കഴിയാത്ത ദൈവത്തിന്‍റെ രഹസ്യം.
ഇവിടെ ഈശോ സഹനത്തെ ദൈവമഹത്ത്വവുമായി ബന്ധിപ്പിക്കുകയാണ്. ദൈവത്തിന്‍റെ പരിപാലനയുടെ ഒരു ക്രമീകരണമാണ് മനുഷ്യന്‍റെ സഹനത്തിനു പിന്നില്‍ കാണേണ്ടത്. ദൈവത്തിന്‍റെ പ്രവൃത്തികള്‍ വെളിപ്പെടുവാന്‍ അന്ധന് കാഴ്ച കൊടുത്ത അനുഭവം ഒരു നിമിത്തമായി. രോഗശാന്തിയുടെ അനുഭവം അവന് ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ അനുഭവമായി. ആ അനുഭവം അവനെ ആഴമായി സ്പര്‍ശിച്ചു. ആ അനുഭവത്തോട് വിശ്വസ്തത പുലര്‍ത്തിയതിന്‍റെ ഫലമായി അവന് ലോകത്തിന്‍റെ പ്രകാശമായ മിശിഹായില്‍ വിശ്വസിക്കാനുള്ള കൃപ ലഭിച്ചു. തന്‍റെ മിശിഹാനുഭവത്തിന് അവന്‍ അനേകരുടെ മുമ്പില്‍ സാക്ഷ്യംവഹിച്ചു. ശിഷ്യര്‍ക്കും അയല്‍ക്കാര്‍ക്കും ഫരിസേയര്‍ക്കും അവന്‍റെ മാതാപിതാക്കന്മാര്‍ക്കും ദൈവത്തിന്‍റെ പ്രവര്‍ത്തനം കാണുവാന്‍ ഈ സംഭവം കളമൊരുക്കി. അങ്ങനെ ഈശോയുടെ വാക്കുകള്‍ അന്വര്‍ത്ഥമായി. അന്ധനായി ജനിച്ച ആ മനുഷ്യനിലൂടെ ദൈവത്തിന്‍റെ മഹത്ത്വം അനേകര്‍ക്ക് വെളിപ്പെട്ടു.
വിചിന്തനം: 9:1-5, 'പകലായിരിക്കുവോളം' എന്നു പറഞ്ഞാല്‍ ഈ ലോകജീവിതകാലത്ത് എന്നാണ് അര്‍ത്ഥം. ആര്‍ക്കും ജോലി ചെയ്യുവാന്‍ കഴിയാത്ത രാത്രി മരണത്തെ സൂചിപ്പിക്കുന്നു. ഈശോ ലോകത്തിന്‍റെ പ്രകാശമായിരിക്കുന്നതുപോലെ അവിടുത്തെ ശിഷ്യരും ലോകത്തിന്‍റെ പ്രകാശമായി തീരേണ്ടവരാണ്. പ്രകാശമായ മിശിഹാ തന്‍റെ പ്രവര്‍ത്തനത്തില്‍ ശിഷ്യന്മാരെയും പങ്കാളികളാക്കുന്നുണ്ട്: "എന്നെ അയച്ചവന്‍റെ പ്രവൃത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു" (9:4). 'പ്രകാശത്തിലായിരിക്കുക' എന്നതിന്‍റെ അര്‍ത്ഥം ദൈവത്തിന്‍റെ മക്കളായിരിക്കുക എന്നതാണ്. (1 കൊറി 4:4-6?). ദൈവത്തിന്‍റെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടാണ് മിശിഹാശിഷ്യന്‍ ലോകത്തിന്‍റെ പ്രകാശമായി തീരേണ്ടത്. ദൈവം ഭരമേല്പിച്ചിരിക്കുന്ന ജോലികളാണ് ഈ ലോകജീവിതത്തില്‍ നിറവേറ്റണ്ടത്. ശിഷ്യര്‍ ലോകത്തിന്‍റെ പ്രകാശമാണെന്നും മറ്റുള്ളവര്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്ത്വപ്പെടുത്തക്കവിധം സല്‍പ്രവൃത്തികള്‍ ചെയ്തുകൊണ്ട് അവരുടെ വെളിച്ചം പ്രകാശിക്കണമെന്നും വി. മത്തായിയുടെ സുവിശേഷത്തില്‍ ഈശോ വ്യക്തമായി പറയുന്നുണ്ട് (5:14-16).
9:2-3: ഈശോ കുരുടനു കാഴ്ച നല്കുന്ന സംഭവം, വി. യോഹന്നാന്‍റെ സുവിശേഷം അത്ഭുതങ്ങളെ വിശേഷിപ്പിക്കുന്നതുപോലെ, ഒരു അടയാളമാണ്. ലോകത്തില്‍ അനുഭവപ്പെടുന്ന സഹനങ്ങളുടെ പിന്നില്‍ ദൈവത്തിന്‍റെ കരങ്ങള്‍ ദര്‍ശിക്കുവാന്‍ നമുക്കു കഴിയണം. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരോ കാര്യവും ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണ്. ദൈവത്തിന്‍റെ പരിപാലനക്കപ്പുറം ഒന്നും സംഭവിക്കുകയില്ല. ദൈവമഹത്വമാണ് എല്ലാറ്റിന്‍റെയും ലക്ഷ്യം. എല്ലാം നന്മയ്ക്കായി തിരിച്ചുവിടുന്ന ദൈവത്തിന്‍റെ പരിപാലന, അതെല്ലാം ദൈവമഹത്ത്വത്തിന് കാരണമാക്കിത്തീര്‍ക്കും എന്ന വിശ്വാസത്തോടെ, സഹനങ്ങളെ നേരിടാന്‍ നമുക്കു കഴിയണം. അങ്ങനെ സഹനങ്ങളെ നേരിടുവാന്‍ മറ്റുള്ളവരെ നാം സഹായിക്കുകയും വേണം.
9:6-41: മാമ്മോദീസായിലൂടെയാണ് നാം വിശ്വാസത്തിലേക്കു പ്രവേശിപ്പിക്കപ്പെടുന്നത്. വിശ്വാസം ഒരു വെളിച്ചമാണ്. ഈ വെളിച്ചം ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ജീവിക്കുവാന്‍ നമ്മെ സഹായിക്കുന്നു. ഈ വിശ്വാസജീവിതത്തിന് വളര്‍ച്ചയുണ്ടാകണം. വിശ്വാസത്തിന്‍റെ വിഷയമായ ദൈവികരഹസ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുവാനും അതിനനുസൃതമായി ജീവിക്കുവാനും നമുക്കു കഴിയണം. ഈ വിശ്വാസവളര്‍ച്ച നമ്മില്‍ സംഭവിക്കണമെങ്കില്‍ അന്ധനായ മനുഷ്യന്‍റെ മനോഭാവങ്ങളായ എളിമ, തുറവി, സത്യസന്ധത തുടങ്ങിയവ നമുക്കുമുണ്ടാകണം. നേരെമറിച്ച് യഹൂദരുടെ നിലപാടുകളായ തുറവിയില്ലായ്മയും മുന്‍വിധിയും ആത്മാര്‍ത്ഥതയില്ലായ്മയും അഹങ്കാരവും നമ്മിലുണ്ടായാല്‍ വിശ്വാസവെളിച്ചം നഷ്ടമാകുകയും അവിശ്വാസത്തിന്‍റെ അന്ധകാരത്തില്‍ നിപതിക്കുകയും ചെയ്യും.
നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ദൈവികമായ ഇടപെടലുകളിലേക്ക് നമ്മുടെ വിശ്വാസത്തിന്‍റെ കണ്ണുകള്‍ തുറക്കുകയും ആ ഇടപെടലുകളെക്കുറിച്ച് മറ്റുള്ളവരുടെ മുമ്പില്‍ വിശ്വസ്തതയോടും സത്യസന്ധതയോടുംകൂടെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുമ്പോഴാണ് നാം വിശ്വാസജീവിതത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് വളരുന്നത്. വിശ്വാസത്തില്‍ വളര്‍ന്ന് മിശിഹായുടെ പ്രകാശത്താല്‍ പ്രകാശിതരായി ഈ പ്രകാശത്തിനു ഫലപ്രദമായവിധം സാക്ഷ്യം വഹിക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.
"മിശിഹായില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്ക്കുന്നു. അതിനാല്‍ മറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്‍റെ അഭിഷേകം എല്ലാക്കാര്യങ്ങളെയുംകുറിച്ച് നിങ്ങളെ പഠിപ്പിക്കും" (1 യോഹ 2:27). പരിശുദ്ധാത്മാവില്‍നിന്ന് നേരിട്ട് അറിവു നേടാമെന്നും സഭയുടെ ആവശ്യമില്ലെന്നും ഈ വചനത്തിന്‍റെ വെളിച്ചത്തില്‍ പഠിപ്പിക്കുന്ന ചിലരുണ്ട്. എന്നാല്‍ മാമ്മോദീസായിലൂടെ ഒരുവന്‍ സഭയുടെ അംഗമായി തീരുകയും അതുവഴി പരിശുദ്ധാത്മാവിലുള്ള ജീവിതത്തിലേക്കു പ്രവേശിക്കുകയുമാണ് ചെയ്യുന്നത്. കൂദാശകള്‍ പരികര്‍മ്മം ചെയ്യാനുള്ള അവകാശം സഭയ്ക്ക് മാത്രമുള്ളതാണ്. വിശ്വാസം ഒരു വ്യക്തിയുടെ നേട്ടമല്ല. ഒറ്റക്കു നിന്നുകൊണ്ട് യഥാര്‍ത്ഥ വിശ്വാസത്തില്‍ വളരാനും കഴിയില്ല. 'അവന്‍റെ അഭിഷേകം എല്ലാക്കാര്യങ്ങളെയുംകുറിച്ച് നിങ്ങളെ പഠിപ്പിക്കും' എന്നതുകൊണ്ട് സഭയുടെ വിശ്വാസം പഠിപ്പിക്കും എന്നാണ് അര്‍ത്ഥമാക്കുന്നത്. സഭയില്‍നിന്നും വേറിട്ടൊരു വിശ്വാസ ജീവിതമില്ല.
Gospel of John 9: 1-41 Jesus is the light of the world catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206