We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021
ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള വിശദമായ പ്രഭാഷണത്തിന്‍റെ പ്രതികരണമാണ് തുടര്‍ന്നു വരുന്ന വചനഭാഗം വെളിവാക്കുന്നത്. മറ്റ് പ്രബോധനങ്ങള്‍ നല്കുമ്പോള്‍ ഉപമയും രൂപകവുമൊക്കെ ഉപയോഗിക്കുന്ന ഈശോ പരി. കുര്‍ബാനയെന്ന മഹാരഹസ്യത്തിന്‍റെ പ്രബോധനം നേരിട്ടുതന്നെ നല്കുകയാണ്. ഇത് മനുഷ്യബുദ്ധിയ്ക്ക് അഗ്രാഹ്യമാണ്. അതിനാല്‍ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ അവയെ നോക്കി കാണുവാന്‍ ഊശോ തന്‍റെ ശ്രോതാക്കളെ ക്ഷണിക്കുന്നു. ഈശോയുടെ ഈ പ്രബോധനത്തിന് പ്രതികൂലവും അനുകൂലവുമായ (നിഷേധാത്മകവും ക്രിയാത്മകവുമായ) പ്രതികരണങ്ങള്‍ ലഭിച്ചു.
വിശ്വാസത്തോടെ പ്രതികരിക്കുവാന്‍ തയ്യാറാകാത്തവര്‍ ഈ പ്രബോധനത്തോട് നിഷേധാത്മകമായ സമീപനമാണ് പുലര്‍ത്തിയത് (6:60-65). വിശ്വാസത്തോടെ പ്രത്യുത്തരം നല്കാത്തവര്‍ പിന്നീടൊരിക്കലും ഈശോയുടെ 'കൂടെ' നടന്നില്ല. അവര്‍ ഈശോയുടെ ശിഷ്യത്വം ഉപേക്ഷിച്ചുപോയി എന്നാണ് ഇതര്‍ത്ഥമാക്കുന്നത്. അവരുടെ സമീപനം വെറും മാനുഷികമായിരുന്നതുകൊണ്ടാണ് അവര്‍ക്ക് ഈ വചനം കഠിനമായിത്തോന്നിയത്. വിശ്വാസത്തോടുകൂടെ 'ജീവന്‍റെ അപ്പം' എന്ന യാഥാര്‍ത്ഥ്യത്തെ സമീപിക്കാത്തവര്‍ക്ക് അത് മനസ്സിലാക്കുവാനും സ്വീകരിക്കുവാനും സാധ്യമല്ലാതാകും.
തുടര്‍ന്നുള്ള വാക്യങ്ങളില്‍ (6:64-69) അനുകൂലമായ പ്രത്യുത്തരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തം ശ്ലീഹന്മാരുടെ വിശ്വാസത്തെ പരീക്ഷിക്കാനായുള്ള ഈശോയുടെ ചോദ്യവും അതിനു മറുപടിയായുള്ള പത്രോസ്ശ്ലീഹായുടെ ഏറ്റുപറച്ചിലും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സമാന്തരസുവിശേഷങ്ങളില്‍ വിവരിച്ചിരിക്കുന്ന പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനത്തോട് സമാനതയുള്ളതാണ് ഈ ഏറ്റുപറച്ചിലും: "കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുക്കലേക്കു പോകും? നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കലുണ്ട്. നീയാണ് ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു" (6:68-69). വിശ്വസിക്കുക, അറിയുക തുടങ്ങിയ പ്രയോഗങ്ങള്‍ ശിഷ്യത്വത്തിന്‍റെ ദൃഢതയെ സൂചിപ്പിക്കുന്നതാണ്. ജീവന്‍റെ അപ്പമായ മിശിഹായോടൊത്തുള്ള ജീവിതം ഒരു വെല്ലുവിളിതന്നെയാണ്. വെറും മാനുഷികമായ പരിശ്രമത്താല്‍ നേടിയെടുക്കാവുന്ന ഒന്നല്ല ഇത്. ദൈവത്തിന്‍റെ അരൂപിയോടുള്ള തുറവിയാല്‍ മാനുഷികചിന്തകള്‍ക്കും നിലപാടുകള്‍ക്കും അതീതമായി വിശ്വാസജീവിതം നയിക്കുന്നവര്‍ക്കേ അതു സാധ്യമാകൂ. ശിഷ്യന്മാരുടെ അനുകൂലപ്രത്യുത്തരത്തിനൊടുവില്‍, വിശ്വസിച്ച് കൂടെ നടക്കുന്നുവെന്ന് ഭാവിക്കുകയും ഹൃദയംകൊണ്ട് അനുഗമിക്കാതിരിക്കുകയും ചെയ്യുന്ന യൂദാസിന്‍റെ വഞ്ചനയെയും തന്‍റെ പീഡാനുഭവമരണത്തെയും ഈശോ അനുസ്മരിക്കുന്നുണ്ട് (6:70-71).
വിചിന്തനം: വിശപ്പടക്കാനുള്ള അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുന്നവനാണ് മനുഷ്യന്‍. അവന്‍റെ ഈ അദ്ധ്വാനത്തെക്കുറിച്ചുള്ള ഒരു കരുതല്‍ ദൈവത്തിനുണ്ട്. അപ്പത്തിനുവേണ്ടിയുള്ള മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകാന്‍ ദൈവം അവനോടൊത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവന്‍ ഈ ഭൗതികമായിട്ടുള്ള അദ്ധ്വാനം അവന്‍റെ ജീവിതലക്ഷ്യമായി കാണരുത്. ദൈവം ആത്യന്തികമായി അവന് നല്കാന്‍ ആഗ്രഹിക്കുന്നത് നിത്യജീവന്‍ നല്കുന്ന അപ്പമാണ്. നശ്വരമായ അപ്പത്തിനുവേണ്ടി എന്നതിനേക്കാള്‍ അനശ്വരമായ അപ്പത്തിനുവേണ്ടിയാണ് അവന്‍ അദ്ധ്വാനിക്കേണ്ടത്. നശ്വരമായ അപ്പത്തിനുവേണ്ടിയുള്ള അവന്‍റെ അദ്ധ്വാനത്തെ ഫലപ്രദമാക്കുന്ന ദൈവത്തിന്‍റെ പരിപാലനയെ ദൈവം നല്കുന്ന അടയാളങ്ങളായി കണ്ടുകൊണ്ട് അവയിലൂടെ അനശ്വരഅപ്പമായ ദൈവികജീവന്‍ നേടാന്‍ അവന്‍ പരിശ്രമിക്കണം.
6:16-21: കടലിനുമീതേ നടക്കുന്ന അത്ഭുതം സഭയിലുള്ള ഈശോയുടെ രക്ഷാകര സാന്നിദ്ധ്യത്തിന്‍റെ അടയാളമായി കരുതാം. ഈശോയുടെ ശാരീരികസാന്നിദ്ധ്യമില്ലാതെ ശിഷ്യന്മാര്‍ കയറിയ വഞ്ചി ലോകമാകുന്ന കടലില്‍ സ്വര്‍ഗ്ഗമാകുന്ന കരയെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം ചെയ്യുന്ന സഭയെയാണ് സൂചിപ്പിക്കുന്നത്. മലമുകളില്‍ പ്രാര്‍ത്ഥനാനിരതനായിരുന്ന ഈശോ (6:15) ഇപ്പോള്‍ പിതാവിന്‍റെ മഹത്ത്വത്തിലായിരിക്കുന്ന മിശിഹായെയും പ്രതിനിധീകരിക്കുന്നു. ലോകത്തിന്‍റേതായ പ്രശ്നങ്ങളിലും പ്രതിസന്ധികളിലുംകൂടി മുന്നേറുന്ന സഭയില്‍ ഉത്ഥിതനായ മിശിഹായിലൂടെ ദൈവത്തിന്‍റെ രക്ഷാകരമായ സാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്ന ഉറപ്പാണ് ഈ അത്ഭുതം നല്കുന്നത്.
6:22-34: ഇക്കാലത്തും അത്ഭുതങ്ങളിലൂടെ ഈ ലോകത്തിന്‍റെ നേട്ടങ്ങളുടെ പുറകേ പോകുന്ന പ്രവണതയാണ് പലര്‍ക്കുമുള്ളത്. യഥാര്‍ത്ഥജീവന്‍ സ്വന്തമാക്കണമെങ്കില്‍ നമ്മുടെ ഹൃദയത്തിന്‍റെ ദൈവികമായ അന്വേഷണം തിരിച്ചറിഞ്ഞ് അതിനെ തൃപ്തിപ്പെടുത്തുന്ന ആഹാരം തേടുന്നവരാകണം. ഇങ്ങനെ ഒരു തിരിച്ചറിവും ഒരന്വേഷണവും നമുക്കുണ്ടാകണമെങ്കില്‍ നാം വിശ്വാസജീവിതം നയിക്കണം. വിശ്വാസം നമ്മില്‍ ഉളവാക്കുന്നത് ദൈവത്തിന്‍റെ പ്രവര്‍ത്തനമാണ്: "ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി. അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക" (6:29). മാമ്മോദീസായില്‍ വിശ്വാസമെന്ന ദാനം ദൈവം നമുക്കു നല്കുന്നു. നമ്മെ വിശ്വാസികളുടെ സമൂഹത്തിലേക്ക് പ്രവേശിപ്പിച്ച്, സഭയുടെ വിശ്വാസത്തില്‍ നമ്മെ പങ്കുചേര്‍ത്തുകൊണ്ടാണ് ദൈവം ഇക്കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സഭാത്മകമായ ജീവിതത്തിലൂടെ ദൈവത്തിന്‍റെ ഈ പ്രവര്‍ത്തനത്തോട് പൂര്‍ണ്ണമായും സഹകരിച്ചുകൊണ്ടാണ് വിശ്വാസജീവിതം നയിക്കേണ്ടത്. അങ്ങനെ, വിശ്വാസത്തോടും അനശ്വരമായ അപ്പത്തിനുവേണ്ടിയുള്ള വിശപ്പോടുംകൂടെ വേണം ജീവന്‍റെ അപ്പമായ മിശിഹായെ സമീപിക്കുവാന്‍.
6:35-50: പരി. കുര്‍ബാനയാഘോഷത്തിന്‍റെ ആദ്യഭാഗം വചനശുശ്രൂഷയാണല്ലോ. അവിടെ മിശിഹായുടെ യഥാര്‍ത്ഥ സാന്നിദ്ധ്യമുണ്ട്. സഭയുടെ ലിറ്റര്‍ജിയില്‍ വി. ലിഖിതങ്ങള്‍ വായിക്കപ്പെടുമ്പോള്‍ ഉത്ഥിതനായ മിശിഹാതന്നെ നമ്മുടെ മദ്ധ്യേ കടന്നുവന്ന് സംസാരിക്കുകയാണ് എന്ന് 'മാനേ നൊബിസ്ക്കും ദോമിനെ' എന്ന അപ്പസ്തോലിക ലേഖനത്തില്‍ (നമ്പര്‍ 13) ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ പറയുന്നു. പരി. കുര്‍ബാനയിലെ വചനശുശ്രൂഷയില്‍ മിശിഹാ ജീവന്‍റെ അപ്പമായി നമുക്കു സ്വയം നല്കുകയാണ്. വിശ്വാസത്തോടും ഭക്തിയോടും ശ്രദ്ധയോടുംകൂടെ വചനശുശ്രൂഷയില്‍ പങ്കുചേരുന്നവര്‍ക്ക് അത് ജീവന്‍ നല്കുന്ന ഒരനുഭവമായിത്തീരും.
6:51-59: കാല്‍വരിയില്‍ മനുഷ്യരക്ഷയ്ക്കുവേണ്ടി മുറിയപ്പെട്ട ശരീരവും ചിന്തപ്പെട്ട രക്തവുമാണ് കൗദാശികമായി ഇന്ന് ഓരോ അള്‍ത്താരയിലും മുറിയപ്പെടുന്നതും ചിന്തപ്പെടുന്നതും. ഈ ജീവന്‍റെ അപ്പമാണ് നാം ഭക്ഷിക്കുന്നത്. ഈശോയുടെ വചനങ്ങള്‍ ഇത് വ്യക്തമാക്കുന്നു (6:51). ഈ അപ്പത്തിനുവേണ്ടിയുള്ള വിശപ്പാണ് വിശ്വാസികള്‍ക്കുണ്ടാകേണ്ടത്. എല്ലാ വിശപ്പിനും സംതൃപ്തി നല്കാന്‍ കഴിയുന്നവന്‍ ദൈവമാണ് എന്ന സത്യത്തെ വിശ്വസിക്കാനും സ്വീകരിക്കുവാനും വിശ്വാസികള്‍ക്ക് സാധിക്കണം. കാണുന്ന അത്ഭുതങ്ങളുടെ പിന്നാലെ കാര്യസാദ്ധ്യത്തിനുവേണ്ടി പായുന്നതില്‍ വിവേകവും വിവേചനവും പുലര്‍ത്തണം. എല്ലാ മാനുഷിക ആവശ്യങ്ങളും ആഗ്രഹങ്ങളും ദൈവോന്മുഖമാക്കി പകര്‍ത്തുവാന്‍ ശക്തരാക്കുന്നത് പരി. കുര്‍ബാനയാണ്. പരി. കുര്‍ബാനയില്‍ മിശിഹായുടെ ശരീരരക്തങ്ങളോടു ചേര്‍ന്ന് നമ്മുടെ ശരീരരക്തങ്ങള്‍ പിതാവായ ദൈവത്തിനര്‍പ്പിച്ചും മിശിഹായുടെ ശരീരരക്തങ്ങള്‍ ഭക്ഷിച്ചും പാനംചെയ്തും മിശിഹായോട് ഐക്യപ്പെടുന്നവര്‍ക്ക് അത് ജീവന്‍ പ്രദാനം ചെയ്യുന്ന അപ്പമായിത്തീരും.
ഈ വചനഭാഗത്തിലൂടെ, പരി. കുര്‍ബാനയുടെ പ്രാധാന്യവും കൗദാശികമായ അവിടുത്തെ സജീവസാന്നിദ്ധ്യവും വിശ്വാസത്തിന്‍റെ കണ്ണുകളോടെ നോക്കിക്കാണുവാന്‍ ഈശോ ക്ഷണിക്കുകയാണ്. അന്ന് കാല്‍വരിയില്‍ മുറിയപ്പെട്ട ശരീരവും ചിന്തപ്പെട്ട രക്തവും ഇന്ന് ഓരോ അള്‍ത്താരയിലും കൗദാശികമായി പുനരാവര്‍ത്തിക്കപ്പെടുമ്പോള്‍ വിശ്വാസത്തിന്‍റെ സമര്‍പ്പണത്തോടെ ഈ ദിവ്യരഹസ്യത്തിലേക്ക് കടന്നുചെല്ലുവാന്‍ ഈശോ ആവശ്യപ്പെടുകയാണ്. അപ്പോള്‍ പരി. കുര്‍ബാന വിശ്വാസികള്‍ക്ക് നിത്യജീവനും ഉത്ഥാനത്തിനും ദൈവത്തിലുള്ള സഹവാസത്തിനും ഉറവിടവുമായിത്തീരും.
6:60-71: ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണം അസ്വീകാര്യമായിത്തീര്‍ന്നതിനാല്‍ ശിഷ്യരില്‍ അനേകം പേര്‍ ഈശോയെ വിട്ടുപോയി. ജീവന്‍റെ അപ്പം എന്ന ദൈവികരഹസ്യത്തെ ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ പോയതിന്‍റെ കാരണം ഈ രഹസ്യത്തോടുള്ള അവരുടെ വെറും മാനുഷികമായ സമീപനമായിരുന്നു. പരി. കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ക്രിസ്തീയജീവിതം വേണ്ടവിധം നയിക്കുവാന്‍ നമുക്കു കഴിയണമെങ്കില്‍ നാം പരികര്‍മ്മം ചെയ്യുന്ന ദിവ്യരഹസ്യങ്ങളെ ഉറച്ച വിശ്വാസത്തോടും തികഞ്ഞ സ്നേഹത്തോടുംകൂടെ സമീപിക്കണം.
Gospel of John 6: 60-71 Response to Sermon catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206