We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021
ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള വ്യക്തമായ പഠിപ്പിക്കലാണ് ഈ പ്രഭാഷണം ഉള്‍ക്കൊള്ളുന്നത്. സഭാപിതാക്കന്മാരിലും ആധുനിക ബൈബിള്‍ വ്യാഖ്യാതാക്കളിലും 'ജീവന്‍റെ അപ്പം' എന്നതുകൊണ്ട് ഈശോ ഉദ്ദേശിക്കുന്നതെന്താണ് എന്നതിന് വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. ഈ പ്രഭാഷണം മുഴുവന്‍ (6:35-59) പരി. കുര്‍ബാനയെക്കുറിച്ചാണ് എന്നതാണ് കത്തോലിക്കാസഭയില്‍ ആരംഭകാലം മുതലുണ്ടായിരുന്ന പാരമ്പര്യം. മറ്റൊരു വ്യാഖ്യാനം ആദ്യഭാഗം (6:35-50) ദൈവത്തിന്‍റെ വചനത്തെക്കുറിച്ചും അഥവാ വെളിപാടിനെക്കുറിച്ചും രണ്ടാംഭാഗം (6:51-59) പരി. കുര്‍ബാനയെക്കുറിച്ചുമാണ് എന്നതാണ്. എന്നാല്‍ പരി. കുര്‍ബാനയുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ പരി. കുര്‍ബാനയുടെ രണ്ടു ഭാഗങ്ങളായി ഈ വചനഭാഗങ്ങളെ തിരിക്കാം,വചനശുശ്രൂഷയും കൂദാശാശുശ്രൂഷയും.
ആദ്യഭാഗം: 6:35-50 വരെയുള്ള ഭാഗത്ത് ജീവന്‍റെ അപ്പം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവവചനമായ ഈശോയെയാണ്. കാരണം, ഇവിടെ പ്രത്യുത്തരമായി ഈശോ ആവശ്യപ്പെടുന്നത് വിശ്വാസമാണ്. വിശ്വാസത്തിന്‍റെ പ്രാധാന്യത്തെ പലപ്രാവശ്യം ഈ ഭാഗത്ത് ഈശോ ഉറപ്പിച്ച് പറയുന്നുണ്ട് (6:35,36,40,47): "ഞാനാണ് ജീവന്‍റെ അപ്പം. എന്‍റെ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല" (6:35). 'എന്‍റെ അടുത്തു വരുക' എന്നു പറയുന്നതും വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത് (6:35,37). പിതാവിന്‍റെ ആകര്‍ഷണഫലമായാണ് ഈശോയിലേയ്ക്ക് അടുക്കുവാന്‍ സാധിക്കുന്നത് (6:44). പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് പിതാവിന്‍റെ ഇഷ്ടം. ഇവിടെ പൂര്‍ത്തിയാക്കപ്പെടുന്നുവെന്നു പറയുന്ന പ്രവചനം ദൈവത്താല്‍ പഠിപ്പിക്കപ്പെടുന്നതിനെക്കുറിച്ചാണ്: "കര്‍ത്താവ് നിന്‍റെ പുത്രരെ പഠിപ്പിക്കും. അവര്‍ ശ്രേയസ്സാര്‍ജ്ജിക്കും" എന്ന പ്രവചനത്തെ (ഏശ 54:13=യോഹ 6:45) ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോയുടെ പ്രബോധനത്തിലൂടെ പിതാവുതന്നെയാണ് പഠിപ്പിക്കുന്നത് എന്ന് അവിടുന്ന് വ്യക്തമാക്കുന്നു. ദൈവത്തിലുള്ള വിശ്വാസത്തില്‍ വളരുംതോറും ദൈവികജ്ഞാനത്തിലും വളര്‍ച്ച പ്രാപിക്കുന്നു. എന്നാല്‍ ദൈവപുത്രനില്‍ വിശ്വസിക്കാത്ത യഹൂദര്‍ക്ക് ദൈവികജ്ഞാനവും നിത്യജീവനും ലഭിക്കുന്നില്ല. ഇവിടെ ജീവന്‍റെ അപ്പമായി ഈശോ സ്വയം അവതരിപ്പിക്കുമ്പോള്‍, താന്‍ ദൈവത്തെ വെളിപ്പെടുത്തുന്ന വചനമാണെന്നും, തന്നെ സ്വീകരിക്കുന്നവര്‍ക്കാണ് ജീവന്‍ ലഭിക്കുന്നതെന്നും അവിടുന്ന് നമ്മെ അനുസ്മരിപ്പിക്കുന്നു.
ദൈവവചനത്തെ ഭക്ഷണം, അപ്പം എന്നീ പ്രതീകങ്ങളിലൂടെയാണ് ഈശോ അവതരിപ്പിക്കുന്നത്. വചനത്തിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുമ്പോഴാണ് അതിന്‍റെ മാധുര്യം ആസ്വദിക്കാനാവുന്നത്. വചനത്തിന്‍റെ ക്ഷാമം ഭൗതികമായ വിശപ്പിനെയും ദാഹത്തെയുംകാള്‍ രൂക്ഷമായിരിക്കുമെന്ന് ആമോസ് പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്യുന്നുണ്ട്: "ദേശത്ത് ഞാന്‍ ക്ഷാമം അയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്‍റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത്. അന്ന് അവര്‍ കടല്‍ മുതല്‍ കടല്‍ വരെയെയും വടക്കുമുതല്‍ കിഴക്കുവരെയും അലഞ്ഞുനടക്കും. കര്‍ത്താവിന്‍റെ വചനംതേടി അവര്‍ ഉഴലുമെങ്കിലും കണ്ടെത്തുകയില്ല" (8:11-12). ദൈവത്തിന്‍റെ വചനത്തിനുവേണ്ടിയുള്ള വിശപ്പാണ് ഈശോയില്‍ വിശ്വസിക്കാന്‍ വേദിയൊരുക്കുന്നത്. പരി. കുര്‍ബാനയാഘോഷത്തില്‍ വിശ്വാസികള്‍ക്കായി വചനത്തിന്‍റെ മേശ സഭ ഒരുക്കുന്നുണ്ട്. വചനത്താല്‍ വിശുദ്ധീകരിച്ച ഹൃദയമാണ് ദൈവത്തിനുള്ള വാസസ്ഥലമാകാന്‍ യോഗ്യമായിത്തീരുന്നത്.
രണ്ടാംഭാഗം: ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന്‍റെ രണ്ടാംഭാഗം ഈശോയുടെ കൗദാശികശരീരരക്തങ്ങളെക്കുറിച്ചുള്ള പ്രതിപാദനമാണ്. 'ശരീരം ഭക്ഷിക്കുക', 'രക്തം പാനംചെയ്യുക', എന്നീ പ്രയോഗങ്ങള്‍ ഈ ഭാഗത്ത് കൂടുതല്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ജീവന്‍റെ അപ്പമായി സ്വയം അവതരിപ്പിക്കുന്ന ഈശോ ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന പ്രത്യുത്തരം തന്നില്‍ വിശ്വസിക്കുക എന്നതിനേക്കാള്‍ തന്നെ ഭക്ഷിക്കുക എന്നതത്രേ: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല" (6:53). പ്രൊട്ടസ്റ്റന്‍റുകാരനായ ബുള്‍ട്ടുമാന്‍ പോലും ഇതംഗീകരിക്കുന്നു. എന്നാല്‍ ഈ വചനഭാഗത്തെ പിന്നീടുവന്ന കൂട്ടിച്ചേര്‍ക്കലായി അദ്ദേഹം തള്ളിക്കളയുന്നു എന്നുമാത്രം.
പരി. കുര്‍ബാനയുടെ കൂദാശാശുശ്രൂഷാഭാഗമാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. ഈശോയുടെ ശരീരം ഭക്ഷിക്കുക എന്നു പറയുമ്പോള്‍ അവിടുത്തെ കൗദാശികശരീരമാണ് വിവക്ഷ. ഉത്ഥിതനായ മിശിഹായാണ് പരി. കുര്‍ബാനയില്‍ സന്നിഹിതനായിരിക്കുന്നത്. അന്ത്യത്താഴവേളയില്‍ അപ്പമെടുത്ത് ആശീര്‍വദിച്ച് ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് 'ഇത് എന്‍റെ ശരീരമാകുന്നു' എന്ന് അവിടുന്ന് പറഞ്ഞു. 'എന്‍റെ ശരീരം ഭക്ഷിക്കുക, എന്‍റെ രക്തം പാനം ചെയ്യുക' 'എന്നെ ഭക്ഷിക്കുക' എന്നീ പദപ്രയോഗങ്ങള്‍ ഈശോയുടെ വ്യക്തിപരമായ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു. ഇതൊരു നിശ്ചലസാന്നിദ്ധ്യമല്ല, ബലിപരമായ സാന്നിദ്ധ്യമാണ് എന്ന് സൂചിപ്പിക്കാനാണ് ശരീരവും രക്തവും എന്ന് വേര്‍തിരിച്ചു പറഞ്ഞിരിക്കുന്നത്. ഈശോയുടെ മരണം ഇവിടെ മുന്‍കൂട്ടി അനുസ്മരിക്കുന്നു.
സമാന്തരസുവിശേഷങ്ങളിലേതുപോലെ പരി. കുര്‍ബാനയുടെ സ്ഥാപകവചനങ്ങള്‍ ഈ സുവിശേഷത്തില്‍ കാണാനാവില്ല. എന്നാല്‍ ഈശോയുടെ ബലിയര്‍പ്പണത്തെക്കുറിച്ചും പരി. കുര്‍ബാനയെക്കുറിച്ചുമുള്ള പ്രബോധനങ്ങളും അതിന്‍റെ ഫലങ്ങളും വ്യക്തമായി ഉള്‍ക്കൊള്ളുന്ന വചനഭാഗമാണിത്. "ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്" (6:51) എന്ന വാക്കുകള്‍ പരി. കുര്‍ബാനസ്ഥാപനത്തെ സൂചിപ്പിക്കുന്നതായി പല ബൈബിള്‍ പണ്ഡിതന്മാരും പറയുന്നുണ്ട്. ഇന്ന് ഓരോ അള്‍ത്താരയിലും വൈദികന്‍റെ കരങ്ങളിലൂടെ കര്‍ത്താവിന്‍റെ ശരീരവും രക്തവും അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യങ്ങളില്‍ വിശ്വാസികളുടെ ഭക്ഷണപാനീയങ്ങളായിത്തീരുന്നു.
മന്നായെക്കുറിച്ചുള്ള പരാമര്‍ശത്തിലും പരി. കുര്‍ബാന എന്ന യാഥാര്‍ത്ഥ്യം അന്തര്‍ലീനമാണ് (6:49). പഴയനിയമജനതയ്ക്ക് ദൈവം നല്കിയ മന്നാ പരി. കുര്‍ബാനയുടെ പ്രതീകമാണ്. മരുഭൂമിയില്‍ വച്ച് പിതാക്കന്മാര്‍ ഭക്ഷിച്ച മന്നാ നല്കിയത് ദൈവമാണ്. അത് ശാരീരിക വിശപ്പടക്കാന്‍ മാത്രമേ പ്രയോജനപ്പെട്ടുള്ളു. പുതിയ മന്നാ സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന, ലോകത്തിനു ജീവന്‍ നല്കുന്ന, ദൈവപുത്രന്‍റെ ശരീരമാണ്. സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന ജീവനുള്ള അപ്പമായ മിശിഹാ ലോകത്തിനു മുഴുവന്‍ നിത്യജീവന്‍ നല്കുന്നതിനുള്ള അച്ചാരമാണ്.
പരി. കുര്‍ബാന എന്ന യാഥാര്‍ത്ഥ്യത്തെപ്പറ്റി വിശദമാക്കിയശേഷം സുവിശേഷകന്‍, ഈ അപ്പം ഭക്ഷിക്കുന്നവര്‍ക്ക് ലഭിക്കുന്ന, അല്ലെങ്കില്‍ പരി. കുര്‍ബാനാനുഭവത്തിന്‍റെ, മൂന്നു ഫലങ്ങളെക്കുറിച്ചും പറയുന്നു. ഒന്നാമത്തേത് നിത്യജീവനാണ്. 'സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. അവന് നിത്യജീവനുണ്ട്' (6:51,54) എന്നാണ് ഈശോ അരുളിച്ചെയ്തത്. കാരണം, അവിടുത്തെ ശരീരം യഥാര്‍ത്ഥ ഭക്ഷണവും രക്തം യഥാര്‍ത്ഥ പാനീയവുമാണ് (6:55). മിശിഹായുടെ ശരീരരക്തങ്ങള്‍ സ്വീകരിക്കുന്നതിലൂടെ മിശിഹായുടെ അരൂപിയെയാണ് നാം സ്വീകരിക്കുക. "ആത്മാവാണ് ജീവന്‍ നല്കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്" (6:63). ഇവിടെ 'ശരീരം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യപ്രകൃതിയാണ്. ആത്മാവ് പ്രദാനം ചെയ്യുന്ന വിശ്വാസത്തോടെ വേണം പരി. കുര്‍ബാനയാകുന്ന യാഥാര്‍ത്ഥ്യത്തെ സമീപിക്കുവാന്‍. (യോഹ 6:63). രണ്ടാമതായി പരി. കുര്‍ബാനാനുഭവം മിശിഹായുമായുള്ള പരസ്പര ഐക്യത്തില്‍ നമ്മെ വളര്‍ത്തും: "എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു" (6:56) എന്നു പറഞ്ഞുകൊണ്ട് പരസ്പര സഹവാസം എന്ന ഫലം ഈശോ ഉയര്‍ത്തിക്കാട്ടുന്നു. മിശിഹായുമായുള്ള പരസ്പര സഹവാസം ആത്യന്തികമായി ദൈവൈക്യത്തിലേക്ക് നമ്മെ എത്തിക്കും. ഉത്ഥാനമാണ് ജീവന്‍റെ അപ്പം ഭക്ഷിക്കുന്നവന്‍ ആസ്വദിക്കുന്ന മറ്റൊരു ഫലം (6:54). പരി. കുര്‍ബാന മിശിഹായോടൊത്തുള്ള നമ്മുടെ പുനരുത്ഥാനത്തിന് അച്ചാരമായിത്തീരുന്നു.
Gospel of John 6: 35-59 Sermon on the Bread of Life catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206