x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം, 3:3-10 വിശ്വാസത്തിന്‍റെ വ്യവസ്ഥ

Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021

ഈശോയുടെ അടുക്കലേക്കു വരുക എന്ന പ്രവൃത്തിതന്നെ അവിടുന്നിലുള്ള വിശ്വാസത്തിലേക്ക് കടന്നുവരുന്നതിനെ സൂചിപ്പിക്കുന്നു. അന്ധകാരത്തെ ഉപേക്ഷിച്ച് പ്രകാശമായ മിശിഹായെ സ്വീകരിക്കുവാന്‍ കടന്നുവന്ന നിക്കൊദേമോസും ഈശോയും തമ്മില്‍ നടന്ന സംഭാഷണത്തില്‍ യാഥാര്‍ത്ഥ വിശ്വാസത്തിന്‍റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. വിശ്വാസത്തിലേക്ക് കടന്നുവരാനുള്ള വ്യവസ്ഥ വീണ്ടുമുള്ള ജനനമാണ് (3:3-6). 'വീണ്ടും ജനിക്കണം' എന്നു പറഞ്ഞാല്‍ പുതിയ ജീവിതത്തിന് തുടക്കംകുറിക്കണം എന്നാണര്‍ത്ഥം. ജീവിതത്തിന്‍റെ ആഭിമുഖ്യങ്ങളില്‍ മാറ്റമുണ്ടാകണം. വിശ്വാസം ജീവിതബന്ധിയായിരിക്കണം.

വീണ്ടുമുള്ള ജനനം നടക്കുന്നത് ആത്മാവാലും ജലത്താലുമാണ്. മിശിഹായോടും മിശിഹായില്‍ യാഥാര്‍ത്ഥ്യമായ ദൈവരാജ്യത്തോടും ആഭിമുഖ്യം പുലര്‍ത്തുന്ന വിശ്വാസജീവിതത്തിലേക്ക് നമ്മെ പ്രവേശിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. വിശ്വാസത്തിന്‍റെ വിത്ത് മനുഷ്യഹൃദയങ്ങളില്‍ നിക്ഷേപിക്കുന്നതും നിലനിര്‍ത്തുന്നതും പരിപോഷിപ്പിക്കുന്നതും പരിശുദ്ധാത്മാവാണ്. മാനസാന്തരത്തിലൂടെ നമ്മില്‍ യാഥാര്‍ത്ഥ്യമാകുന്ന വിശ്വാസജീവിതം പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണ്. അതുകൊണ്ടാണ് അതിനെ ആത്മാവിലുള്ള ജനനം എന്നു വിശേഷിപ്പിക്കുന്നത്. വിശ്വാസം ദൈവത്തിന്‍റെ ദാനമാണ്. "എന്നെ അയച്ച എന്‍റെ പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല" (യോഹ 6:44) എന്ന് ഈശോ പറയുന്നു. നമ്മുടെ ബുദ്ധിയോ ശക്തിയോ കഴിവോ ബോധ്യമോ ഒന്നുമല്ല വിശ്വാസജീവിതത്തിലേക്ക് നമ്മെ പ്രവേശിപ്പിച്ചത്. മാമ്മോദീസായിലൂടെ പ്രവര്‍ത്തിച്ച ദൈവത്തിന്‍റെ കൃപ ഒന്നുമാത്രമാണ് ഈ പ്രവേശനം സാദ്ധ്യമാക്കിത്തീര്‍ത്തത്.

വിശ്വാസം മനുഷ്യഹൃദയത്തില്‍ അങ്കുരിപ്പിക്കുന്ന പരിശുദ്ധാത്മാവാണ് ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനം. എസക്കിയേല്‍ പ്രവാചകനിലൂടെ ഈ ദാനത്തെ ദൈവം തന്‍റെ ജനത്തിന് വാഗ്ദാനം ചെയ്തു: "ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്കും. എന്‍റെ ആത്മാവിനെ നിങ്ങളില്‍ ഞാന്‍ നിവേശിപ്പിക്കും" (36:26). ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാരൂപിയോട് വിധേയപ്പെട്ട് മിശിഹാ കാണിച്ചുതരുന്ന വെളിച്ചത്തിന്‍റെ മാര്‍ഗ്ഗത്തെ പിന്തുടരുമ്പോഴാണ് വിശ്വാസം ഒരുവനില്‍ ഫലമണിയുന്നത്. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം ഒരിക്കല്‍ തുടങ്ങി അവസാനിക്കുന്നതല്ല. നിരന്തരമായി അവിടുന്ന് നമ്മില്‍ പ്രവര്‍ത്തനനിരതനാണ്. ഈ പ്രവര്‍ത്തനത്തോട് വിധേയത്വമുള്ള ഒരു മനസ്സാണ് നമുക്കാവശ്യം. ജീവിതത്തെ സമ്പൂര്‍ണ്ണമായി പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിന് വിട്ടുകൊടുക്കുമ്പോഴാണ് ദൈവമക്കളായി നാം രൂപാന്തരപ്പെടുന്നത്; ദൈവരാജ്യത്തിന് അവകാശികളാകുന്നത്. ആത്മാവിന്‍റെ സഹായമില്ലാതെ മനുഷ്യന് വിശ്വാസത്തിലേക്കു വരുക അസാദ്ധ്യമാണ് (3:6).

ജലത്താലുള്ള ജനനം എന്നു വിശേഷിപ്പിച്ചിരിക്കുന്നത് മാമ്മോദീസായിലൂടെയുള്ള സഭാപ്രവേശനമാണ്. ജലം മാമ്മോദീസായെ സൂചിപ്പിക്കുന്നു. ആദിമസഭയില്‍ ഈശോയിലുള്ള വിശ്വാസത്തിലേക്ക് കടന്നുവരുന്നവരെ സ്നാനപ്പെടുത്തുവാന്‍ ജലം ഒരു അവശ്യഘടകമായിരുന്നു. മാമ്മോദീസായില്‍ പരിശുദ്ധാത്മാവിലൂടെ നാം ദൈവമക്കളായി ജനിക്കുന്നു. ഇതാണ് ഉന്നതത്തില്‍നിന്നുള്ള ജനനം. സഭയിലൂടെയാണ് അരൂപിയിലുള്ള ജനനവും ദൈവരാജ്യപ്രവേശനവും നടക്കുന്നത്. സഭയാണ് ഈ ലോകത്തില്‍ ദൈവരാജ്യത്തിന്‍റെ കൂദാശയായി വര്‍ത്തിക്കുന്നത്. സഭ വിശ്വാസികളുടെ സമൂഹമാണ് (നട 4:32). ശ്ലീഹന്മാരിലൂടെ കൈമാറപ്പെട്ടു കിട്ടിയ സഭയുടെ വിശ്വാസജീവിതത്തിലേക്കാണ് മാമ്മോദീസായിലൂടെ നാം പ്രവേശിപ്പിക്കപ്പെടുക. അതുകൊണ്ട് സഭയുടെ വിശ്വാസം ഏറ്റുപറയുകയും, ആ വിശ്വാസം വ്യക്തിപരമായ ജീവിതത്തില്‍ സ്വാംശീകരിക്കുകയും ചെയ്തുകൊണ്ടാണ് നാം യഥാര്‍ത്ഥ വിശ്വാസജീവിതം നയിക്കേണ്ടത്. സഭാജീവിതത്തില്‍നിന്നും മാറി ഒറ്റപ്പെട്ടുനിന്നോ, സഭയുടെ ശ്ലൈഹികവിശ്വാസം ഏറ്റുപറയാതെയോ, സ്വന്തമായ രീതിയില്‍ വിശ്വാസജീവിതം നയിക്കുന്നത് പരിശുദ്ധാത്മാവിലുള്ള ജീവിതമല്ല.

മാനസാന്തരവും ദൈവരാജ്യപ്രവേശനവും:   വിശ്വാസം ഒരു പുതിയ ജനനം ആവശ്യപ്പെടുന്നു. മനുഷ്യന്‍റെ ഭാഗത്തുനിന്നും ഈ പുതിയ ജനനം അവന്‍ അനുഭവിക്കുന്നത് നിരന്തരമായ മാനസാന്തരത്തിന്‍റെ ജീവിതത്തിലൂടെയാണ്. ജീവിതാഭിമുഖ്യത്തില്‍ എങ്ങനെയുള്ള മാറ്റമാണ് ഉണ്ടാകേണ്ടതെന്ന് ഈശോയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്: "വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യം കാണാന്‍ കഴിയുകയില്ല". ദൈവരാജ്യത്തോട് ആഭിമുഖ്യമുണ്ടാകണം. ഈശോ വന്നത് ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിച്ചുകൊണ്ടാണ്: "ദൈവരാജ്യം സമീപിച്ചിരിക്കുന്നു. മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മര്‍ക്കോ 1:14-15) എന്ന ആഹ്വാനമാണ് ഈശോ നല്കിയത്. ദൈവരാജ്യത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു ജീവിതമായിരിക്കണം വിശ്വാസജീവിതം.

ഈശോയെ അറിയുന്നവനായിട്ടാണ് നിക്കൊദേമോസ് കടന്നുവന്നത്. എന്നാല്‍ ഈശോ സംസാരിക്കുന്നത് ദൈവരാജ്യം കാണുന്നതിനെക്കുറിച്ചാണ്. ഈശോയെക്കുറിച്ചുള്ള ബൗദ്ധികമായ അറിവ് ദൈവരാജ്യത്തോടുള്ള പ്രതിബദ്ധതയായി വളരണം. പ്രായോഗികമായി ഇവ രണ്ടും ഒന്നുതന്നെ. കാരണം ഈശോയിലാണ് ദൈവരാജ്യം അതിന്‍റെ പൂര്‍ണ്ണതയില്‍ യാഥാര്‍ത്ഥത്യമായത്. ഇവിടെ മിശിഹാ എന്ന വ്യക്തിയെ ദൈവരാജ്യവമായി താദാത്മ്യപ്പെടുത്തിയിരിക്കുകയാണ്. സമാന്തരസുവിശേഷങ്ങളിലും ഇതു നാം കാണുന്നുണ്ട്. മത്താ 19:29 ല്‍ 'എന്‍റെ നാമത്തെപ്രതി' എന്നു പറയുന്നത് മര്‍ക്കോ 10:29 ല്‍ 'എന്‍റെ നാമത്തിനുവേണ്ടിയും സുവിശേഷത്തിനുവേണ്ടിയും' എന്നാണെങ്കില്‍ ലൂക്കാ 18:29 ല്‍ 'ദൈവരാജ്യത്തെപ്രതി' എന്നാണ്. യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷം ദൈവരാജ്യകേന്ദ്രീകൃതമെന്നതിനേക്കാള്‍ മിശിഹാ കേന്ദ്രീകൃതമാണ്. അതായത്, മിശിഹായെ അറിയുന്നത് ദൈവരാജ്യം സ്വീകരിക്കലാണ്.  ആത്മാവാലും ജലത്താലും വീണ്ടും ജനിച്ചാലേ ദൈവരാജ്യം കാണാനും ദൈവരാജ്യത്തില്‍ പ്രവേശിക്കാനും കഴിയൂ. ദൈവത്തിന്‍റെ സ്നേഹവും അവിടുത്തെ ഹിതവും ഭരണം നടത്തുന്ന ഒരു പുതിയ ലോകത്തിന്‍റെ-ദൈവരാജ്യത്തിന്‍റെ- സുവിശേഷവുമായാണ് ഈശോ ഈ ലോകത്തിലേക്ക് കടന്നുവന്നത്. അവിടുന്ന് പ്രസംഗിച്ചത് ദൈവരാജ്യത്തിന്‍റെ സുവിശേഷമാണ്; പ്രവര്‍ത്തിച്ചത് ദൈവരാജ്യത്തിന്‍റെ അടയാളങ്ങളാണ്; ജീവിച്ചത് ദൈവരാജ്യത്തിന്‍റെ മൂല്യങ്ങളാണ്. ഈശോയോടും അവിടുത്തെ സുവിശേഷത്തോടുമുള്ള പ്രതിബദ്ധത നിറഞ്ഞ ജീവിതമാണ് ദൈവരാജ്യനിര്‍മ്മിതിയുടെ അവശ്യഘടകം. മാമ്മോദീസായില്‍ വിശ്വാസികള്‍ സഭയിലൂടെ ദൈവരാജ്യത്തിലെ അംഗങ്ങളായി ഉയര്‍ത്തപ്പെട്ടു. ദൈവരാജ്യത്തിന്‍റെ കൂദാശയാണല്ലോ സഭ. ഈ വിശ്വാസം ജീവിതസ്പര്‍ശിയാകുമ്പോള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്ന ദൈവരാജ്യാംഗത്വമുള്ള ജീവിതമായി ക്രൈസ്തവജീവിതം വളരും.

ദൈവരാജ്യപ്രവേശനത്തിനുള്ള വ്യവസ്ഥയായി ഈശോ വരച്ചുകാട്ടുന്നതും ശരിയായ മാനസാന്തരമാണ്: "സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല" (മത്താ 18:3). മാനസാന്തരം സംഭവിച്ചില്ലെങ്കില്‍ ദൈവത്തിന്‍റെ മക്കളാകാന്‍ കഴിയുകയില്ല. വി. മത്തായിയുടെ സുവിശേഷത്തില്‍ മക്കളെപ്പോലെ ആയിത്തീരുക എന്നത് പുതിയ ജന്മത്തിന്‍റെ അടിസ്ഥാനാശയമാണ്. മാനസാന്തരപ്പെടുകയും വിശ്വസിക്കുകയും ചെയ്യേണ്ടതിനെപ്പറ്റി മര്‍ക്കോ 1:14-15 ല്‍ പറയുന്നു. 

7 മുതല്‍ 10 വരെയുള്ള വാക്യങ്ങളില്‍ വീണ്ടും ജനിച്ചവന്‍റെ സ്വഭാവത്തെ വിവരിക്കുകയാണ്. ഈശോ പറയുന്നു: "മാംസത്തില്‍നിന്നു ജനിക്കുന്നത് മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും" (3:6). "മാംസം" എന്ന പ്രയോഗം  സ്വാഭാവിക മനുഷ്യനെ അഥവാ പരിശുദ്ധാത്മാവിനാല്‍ പുനര്‍ജനിക്കാത്ത മനുഷ്യനെ ഉദ്ദേശിച്ചുള്ളതാണ്. ഇങ്ങനെയുള്ളവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശനമില്ല. ആത്മാവില്‍നിന്നു ജനിക്കുന്നവരാകട്ടെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവരാണ്. ആത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കും. ഈ സ്വാതന്ത്ര്യത്തിന്‍റെ സ്വഭാവം എന്തെന്ന് പൗലോസ്ശ്ലീഹാ വിവരിക്കുന്നു: "സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍" (ഗലാ 5:13). നിരന്തരം ഉള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രേരണകളോട് നാം എത്രമാത്രം തുറവിയുള്ളവരാണോ അത്രമാത്രം ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ നമുക്കു സാധിക്കും.

പരിശുദ്ധാത്മാവ് ഒരു വ്യക്തിയില്‍ വരുത്തുന്ന രൂപാന്തരപ്രക്രിയയെ കാറ്റിന്‍റെ പ്രവര്‍ത്തനത്തോടാണ് സുവിശേഷകന്‍ ഉപമിക്കുക. കാറ്റ് എവിടെനിന്ന് വരുന്നെന്നോ എവിടേക്ക് പോകുന്നെന്നോ ആരും അറിയുന്നില്ല. എന്നാല്‍ അതിന്‍റെ സ്വരംമാത്രം കേള്‍ക്കുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെ ബാഹ്യനയനങ്ങള്‍ക്കൊണ്ട് ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ഫലങ്ങള്‍ക്കൊണ്ട് അത് തിരിച്ചറിയാം: "ആത്മാവിന്‍റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്" (ഗലാ 5:22). പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരില്‍ ഈ ഫലങ്ങള്‍ വിളങ്ങി പ്രശോഭിക്കും.

Gospel of John 3: 3-10 The condition of faith catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message