x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം, 3:11-21 വിശ്വാസത്തിന്‍റെ ഉള്ളടക്കം

Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021

നിക്കോദേമോസുമായുള്ള സംഭാഷണത്തില്‍ (3:1-10) ഈശോ വിശ്വാസത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് വിവരിക്കുമ്പോള്‍, വിശ്വാസത്തിന്‍റെ വിഷയം അല്ലെങ്കില്‍ ഉള്ളടക്കത്തെക്കുറിച്ച് വിശദീകരിക്കുകയാണ് 3:11-21 വരെയുള്ള വചനങ്ങളില്‍. ഈശോ പറയുന്നു: "ഞങ്ങള്‍ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല" (3:11). ഇവിടെ, യഹൂദരില്‍നിന്നും വ്യത്യസ്തമായ ക്രിസ്തീയസമൂഹത്തിന്‍റെ സ്വരമാണ് ബഹുവചനം (ഞങ്ങള്‍) ഉപയോഗിച്ചിരിക്കുന്നതിലൂടെ  ഈശോ പ്രതിഫലിപ്പിക്കുന്നത്. ഭൗമികകാര്യങ്ങള്‍ അഥവാ ഭൂമിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അതായത്, മനുഷ്യനെയും അവന്‍റെ വീണ്ടുമുള്ള ജനനത്തെയും സംബന്ധിക്കുന്ന കാര്യങ്ങള്‍ മനസ്സിലാകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗീയകാര്യങ്ങള്‍ എങ്ങനെ മനസ്സിലാക്കാനാവും എന്ന് ഈശോ ചോദിക്കുന്നു. ഈശോയെ, അഥവാ മിശിഹാരഹസ്യത്തെ സംബന്ധിക്കുന്ന വെളിപാടുകളാണ് സ്വര്‍ഗ്ഗീയകാര്യങ്ങള്‍. വിശ്വാസത്തിന്‍റെ വിഷയം ഈശോയാണ്; അവിടുത്തെ രക്ഷാകരരഹസ്യങ്ങളാണ്. സ്വയംവെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ മുമ്പില്‍ ജീവിതം അടിയറവു വയ്ക്കുന്നതാണ് വിശ്വാസം.

ദൈവത്തെ പൂര്‍ണ്ണതയില്‍ ലോകത്തിന് വെളിപ്പെടുത്തിയത് ഈശോമിശിഹായാണ്. സ്വര്‍ഗ്ഗത്തിലേക്ക് കയറി, സ്വര്‍ഗ്ഗംകണ്ട് ദൈവത്തെ വെളിപ്പെടുത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ല (3:13). പിതാവിന്‍റെ മടിയിലിരിക്കുന്ന ഈശോയ്ക്കു മാത്രമേ അവിടുത്തെ സമ്പൂര്‍ണ്ണതയില്‍ വെളിപ്പെടുത്താനാവൂ. ഈ വെളിപ്പെടുത്തല്‍ മിശിഹായുടെ മനുഷ്യാവതാരത്തില്‍ ആരംഭിച്ച് പരസ്യജീവിതത്തില്‍ തുടര്‍ന്ന് ഉയര്‍ത്തപ്പെടലില്‍ അഥവാ മരണോത്ഥാനങ്ങളില്‍ പൂര്‍ത്തിയായി.

ദൈവത്തെ ലോകത്തിന് വെളിപ്പെടുത്താന്‍ വന്ന ഈശോ കുരിശില്‍ ഉയര്‍ത്തപ്പെടുന്നതുവഴിയാണ് തന്‍റെ ദൗത്യം പൂര്‍ത്തിയാക്കുന്നത്. 'ഉയര്‍ത്തപ്പെടല്‍' അവിടുത്തെ മരണത്തെയും ഉത്ഥാനത്തെയുമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ഈ ഉയര്‍ത്തപ്പെടലിനെ മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതിനോട് യോഹന്നാന്‍ശ്ലീഹാ ഉപമിക്കുന്നത്. ദൈവത്തിനെതിരായി ശബ്ദമുയര്‍ത്തിയ പഴയനിയമജനം ആഗ്നേയ സര്‍പ്പങ്ങളുടെ ദംശനമേറ്റ് മരിച്ചപ്പോള്‍ കര്‍ത്താവിന്‍റെ കല്പനയനുസരിച്ച് മോശ പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തിനിര്‍ത്തി. ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കിയപ്പോള്‍ ജീവിച്ചു (സംഖ്യ 21:4-9). ഈ സംഭവത്തെ അനുസ്മരിപ്പിച്ചുകൊണ്ടാണ് തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് താന്‍ കുരിശില്‍ മരിക്കേണ്ടിയിരിക്കുന്നു എന്ന് ഈശോ പ്രഖ്യാപിക്കുന്നത് (3:15).

സമാന്തരസുവിശേഷങ്ങളിലെ പീഡാനുഭവപ്രവചനങ്ങള്‍ക്കു സമാന്തരമായി യോഹന്നാന്‍ സുവിശേഷകനും ഈശോയുടെ ഉയര്‍ത്തപ്പെടലിനെക്കുറിച്ച് മൂന്നു പ്രാവശ്യം പ്രസ്താവിക്കുന്നുണ്ട്. ദൈവത്തിന്‍റെ സഹനദാസനെക്കുറിച്ച് എശയ്യാപ്രവാചകന്‍ വെളിപ്പെടുത്തുമ്പോള്‍ ഉയര്‍ത്തപ്പെടലിനെക്കുറിച്ച് സൂചിപ്പിക്കുന്നു: "എന്‍റെ ദാസനു ശ്രേയസ്സുണ്ടാകും. അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും" (52:13). മനുഷ്യരക്ഷയ്ക്കുവേണ്ടി ഈശോ കുരിശില്‍ ഉയര്‍ത്തപ്പെടണമെന്നത് ദൈവത്തിന്‍റെ നിശ്ചയമായിരുന്നു (നട 2:23). കുരിശുമരണംവരെ ഈശോ അനുസരണമുള്ളവനായി പിതാവിന്‍റെ നിശ്ചയത്തിന് കീഴ്വഴങ്ങി. (ഫിലി 2:9).

ആദിമസഭ ഈശോയുടെ ഉത്ഥാനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമ്പോള്‍ യോഹന്നാന്‍ സുവിശേഷകന്‍ കുരിശുമരണത്തിന് പ്രാധാന്യം നല്കുന്നു. കാരണം, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കുരിശ് വെളിപ്പെടുത്തലാണ്. സമാന്തരസുവിശേഷങ്ങള്‍ ഈശോയുടെ രാജത്വം ഉത്ഥാനത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ കുരിശില്‍ അവിടുത്തെ മഹത്വം വെളിപ്പെടുന്നതായാണ് യോഹന്നാന്‍ശ്ലീഹാ രേഖപ്പെടുത്തുന്നത്. പീഡാനുഭവവിവരണത്തില്‍ പലയിടങ്ങളിലും ഈശോയുടെ രാജത്വത്തിന്‍റെ സൂചനകള്‍ നല്കുന്നുണ്ട്. പീലാത്തോസിന്‍റെ മുമ്പില്‍ ഈശോയെ കൊണ്ടുവരുമ്പോള്‍ "പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണല്ലേ? ഈശോ പ്രതിവചിച്ചു: നീ തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്" (18:37). പീലാത്തോസ് ഈശോയെ യഹൂദരുടെ മുമ്പിലേക്ക് കൊണ്ടുവരുന്നത് "ഇതാ, നിങ്ങളുടെ രാജാവ്" (19:15) എന്നു പറഞ്ഞുകൊണ്ടാണ്. കുരിശില്‍ ഈശോയെക്കുറിച്ച് എഴുതിവച്ച ശീര്‍ഷകവും "നസറായനായ ഈശോ യഹൂദരുടെ രാജാവ്" (19:19) എന്നായിരുന്നു. കുരിശാണ് ലോകത്തെമുഴുവന്‍ ദൈവത്തിങ്കലേക്ക് ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗം. ഈശോ ഇത് മുന്‍കൂട്ടി പ്രവചിച്ചിരുന്നു: "ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും. അവന്‍ ഇതു പറഞ്ഞത് താന്‍ ഏതു വിധത്തിലുള്ള മരണമാണ് വരിക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കുവാനാണ്" (12:32-33).

കുരിശിലുള്ള ഈശോയുടെ ഉയര്‍ത്തപ്പെടല്‍ വെളിപ്പെടുത്തുന്ന ആത്യന്തികമായ സത്യം മനുഷ്യന്‍റെ നേര്‍ക്കുള്ള ദൈവത്തിന്‍റെ സ്നേഹമാണ്. തന്‍റെ പുത്രനെ ബലിയായി നല്കാന്‍ തക്കവിധം ലോകത്തെ-മനുഷ്യകുലത്തെ-സ്നേഹിച്ച പിതാവിന്‍റെ മുഖമാണ് ഈശോ കുരിശില്‍ വെളിപ്പെടുത്തിയത്: "എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അ ത്രമാത്രം സ്നേഹിച്ചു" (3:16). മനുഷ്യനുവേണ്ടി താണിറങ്ങിയ നിസ്വാര്‍ത്ഥസ്നേഹമാണ് ദൈവത്തിന്‍റേത്. ത്യാഗോജ്ജ്വലമായ സ്നേഹത്തിലൂടെ അവിടുന്ന് മനുഷ്യനെ വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്നു. ഇത് മനുഷ്യന്‍റെ എന്തെങ്കിലും മേന്മയാലോ പ്രവര്‍ത്തഫലമായോ ലഭിച്ചതല്ല. പ്രത്യുത, ദൈവത്തിന്‍റെ നിരുപാധികമായ സ്നേഹമാണ് ഇതിനു പിന്നിലുള്ളത്.  യോഹന്നാന്‍ശ്ലീഹാ തന്‍റെ ഒന്നാം ലേഖനത്തില്‍ ഇത് പ്രതിപാദിക്കുന്നുണ്ട്: "നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം" (4:10). ദൈവം തന്‍റെ പുത്രനെ ലോകത്തിലേയ്ക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല. പ്രത്യുത അവന്‍റെ രക്തത്താല്‍ ലോകം മുഴുവന്‍ രക്ഷപ്രാപിക്കാനാണ് (3:17). ദൈവം തന്‍റെ പുത്രനിലൂടെ വെളിപ്പെടുത്തിയത് അവിടുത്തെ പരമാവധി സ്നേഹമാണ്. ഈശോ വെളിപ്പെടുത്തിയ ദൈവത്തില്‍ വിശ്വസിക്കുക എന്നതുകൊണ്ട് അവിടുത്തെ സ്നേഹത്തില്‍ വിശ്വസിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്.

തന്‍റെ പുത്രനിലൂടെ പരമാവധിസ്നേഹം വെളിപ്പെടുത്തിയ ദൈവത്തിന് രണ്ടുതരത്തിലുള്ള പ്രത്യുത്തരങ്ങള്‍ ലഭിച്ചു-അനുകൂലവും പ്രതികൂലവും അല്ലെങ്കില്‍ വിശ്വാസവും അവിശ്വാസവും (3:18-21). മനുഷ്യനെ സംബന്ധിച്ചിടത്തോളം രക്ഷയ്ക്കും ശിക്ഷയ്ക്കും നിര്‍ണ്ണായകമായിത്തീരുന്നത് വിശ്വാസമാണ്. ജീവനും മരണവും നിര്‍ണ്ണയിക്കപ്പെടുന്നത് വിശ്വാസജീവിതത്തിലൂടെയാണ്. വിശ്വാസജീവിതമാണ് സ്നേഹജീവിതത്തിനടിസ്ഥാനമെങ്കില്‍ വിശ്വസിക്കാത്ത മനുഷ്യനില്‍ സ്നേഹം ഉണ്ടാവുകയില്ല. സ്നേഹം ഇല്ലാത്തിടത്ത് ജീവന്‍ ഉണ്ടാവുകയില്ല. യഥാര്‍ത്ഥജീവന്‍റെ അഥവാ നിത്യജീവന്‍റെ അന്തഃസ്സത്ത ദൈവസ്നേഹവും പരസ്നേഹവുമാണ് (ലൂക്കാ 10:25-28). വിശ്വാസമില്ലായ്മ സ്നേഹമില്ലായ്മയ്ക്കും സ്നേഹമില്ലായ്മ ജീവനില്ലായ്മയ്ക്കും കാരണമായിത്തീരുന്നു. അതുകൊണ്ടാണ് വിശ്വാസജീവിതം ജീവന് നിര്‍ണ്ണായകമായിത്തീരുന്നത്. വിശ്വാസികള്‍ക്ക് ലഭിക്കുന്ന ഫലം രക്ഷയാണ്, നിത്യജീവനാണ്. വിശ്വസിക്കാത്തവര്‍ക്കാകട്ടെ ശിക്ഷയും മരണവും.

 വിശ്വാസമാണ് രക്ഷയ്ക്കും ശിക്ഷയ്ക്കും, ജീവനും മരണത്തിനും നിര്‍ണ്ണായകമെങ്കില്‍ ഇതിനുള്ള ഉത്തരവാദിത്വവും ദൈവത്തിനല്ല മനുഷ്യനാണ്. ദൈവം മനുഷ്യനെ ശിക്ഷിക്കുന്നില്ല, ശിക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നുമില്ല. എല്ലാ മനുഷ്യരും ജീവിക്കണം, രക്ഷപ്രാപിക്കണം എന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്: "ദൈവം തന്‍റെ പുത്രനെ ലേകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല, പ്രത്യുത അവന്‍വഴി ലോകം രക്ഷപ്രാപിക്കാനാണ്" (യോഹ 3:17). ദൈവം വച്ചുനീട്ടുന്ന രക്ഷയും ജീവനും ഏറ്റുവാങ്ങുവാന്‍ മനുഷ്യന്‍ തയ്യാറാകാത്തതുകൊണ്ടാണ് മനുഷ്യന്‍ ശിക്ഷാവിധിക്ക് പാത്രീഭൂതനാകുന്നത്. ഇത് ഈശോ വ്യക്തമായി പറയുന്നുണ്ട്: "ഇതാണ് ശിക്ഷാവിധി; പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷന്‍ പ്രകാശത്തേക്കാളധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു" (3:19).

വിചിന്തനം: 'ദൈവരാജ്യം കാണുക' 'ദൈവരാജ്യത്തില്‍ പ്രവേശിക്കുക' എന്നതാണ് വിശ്വാസജീവിതം എന്ന് ഈശോ നിക്കൊദേമോസിനോടു പറയുന്നു (3:3-5). 'ദൈവരാജ്യം' എന്നു പറഞ്ഞാല്‍ 'ദൈവഭരണം' എന്നാണ് അര്‍ത്ഥമാക്കുക. ലോകവസ്തുക്കളാലോ ലോകത്തിന്‍റെ ആഭിമുഖ്യങ്ങളാലോ ഭരിക്കപ്പെടാതെ ദൈവത്താല്‍ ഭരിക്കപ്പെടുന്ന ഒരവസ്ഥ മനുഷ്യരില്‍ സംജാതമാകണം. അതാണ് യഥാര്‍ത്ഥ വിശ്വാസജീവിതം. ഈശോയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും പിതാവായ ദൈവത്തിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു. പിതാവിന്‍റെ ഹിതത്തിന് പൂര്‍ണ്ണമായും വിധേയപ്പെട്ട പുത്രനടുത്ത ഒരു ജീവിതമായിരുന്നു ഈശോയുടേത്. അതുകൊണ്ട് ഈശോയുടെ വാക്കുകളും ചെയ്തികളും അത്ഭുതങ്ങളുമെല്ലാം ദൈവരാജ്യത്തിന്‍റെ അടയാളങ്ങളായി മാറി. ഈശോയുടേതുപോലുള്ള, പൂര്‍ണ്ണമായും ദൈവഹിതത്തിനു വിധേയമായ, ജീവിതത്തിലേക്ക് നിര്‍ണ്ണായകമായ തിരിവ് അഥവാ മാനസാന്തരം ഉണ്ടായെങ്കിലേ നാം യഥാര്‍ത്ഥത്തില്‍ ഈശോയില്‍ വിശ്വസിക്കുന്നവരാവുകയുള്ളു. മാനസാന്തരമാണ് വിശ്വാസത്തിനു തുടക്കം കുറിക്കുന്നത്. മാനസാന്തരം വിശ്വാസത്തിന്‍റെ ആരംഭമാണെങ്കില്‍ വിശ്വാസം തുടര്‍മാനസാന്തരമാണ്. മിശിഹായിലേക്കു നിര്‍ണ്ണായകമായി തിരിയുന്നതാണ് മാനസാന്തരം. മാനസാന്തരമില്ലാതെ വിശ്വാസമില്ല. വിശ്വാസത്തിന്‍റെ വ്യവസ്ഥയാണ് മാനസാന്തരം. മാനസാന്തരം നിരന്തരമായ ഒരു പ്രക്രിയയാണ്. ഈ വിധത്തിലുള്ള മാനസാന്തരാനുഭവമാണ് യഥാര്‍ത്ഥ വിശ്വാസജീവിതത്തിനടിസ്ഥാനം.

'ഉന്നതത്തില്‍നിന്നുള്ള ജനനം' (3:3) എന്നും 'പരിശുദ്ധാത്മാവിലുള്ള ജനനം' (3:5) എന്നുമാണ് വിശ്വാസജീവിതത്തിലേക്കുള്ള പ്രവേശനത്തെ യോഹന്നാന്‍ശ്ലീഹാ വിശേഷിപ്പിക്കുന്നത്. ജനനത്തില്‍ മുന്‍കൈയ്യെടുക്കുന്നത് ജനിക്കുന്നവനല്ല; ജനിപ്പിക്കുന്നവനാണ്. അതുകൊണ്ട് വിശ്വാസം ദൈവത്തിന്‍റെ നേട്ടമല്ല; ദൈവത്തിന്‍റെ ദാനമാണ്. ദൈവമാണ് നമ്മെ വിശ്വാസജീവിതത്തിലേക്ക് ജനിപ്പിക്കുന്നതും വിശ്വാസത്തില്‍ വളര്‍ത്തുന്നതും. അതുകൊണ്ട് ശിശുക്കളുടെ മാമ്മോദീസാ തികച്ചും അര്‍ത്ഥവത്താണ്. ദൈവത്തിന്‍റെ ഈ പ്രവര്‍ത്തനത്തിന് പ്രത്യുത്തരം നല്കാനുള്ള പരിശീലനമാണ് മതബോധനത്തിലൂടെ നല്കപ്പെടുന്ന വിശ്വാസപരിശീലനം. 

ക്രിസ്തീയവിശ്വാസജീവിതം ദൈവഹിതത്തോടുള്ള വിധേയത്വത്തിന്‍റെയും അനുസരണത്തിന്‍റെയും ജീവിതമാണ്. ദൈവഹിതം മനുഷ്യര്‍ക്ക് വെളിവാക്കിത്തരുന്നത് പരിശുദ്ധാത്മാവാണ്. സഭയിലൂടെയാണ് ഈ വെളിപ്പെടുത്തല്‍ നടക്കുന്നത്. സഭാപ്രബോധനങ്ങളിലൂടെയും സഭാശുശ്രൂഷകരിലൂടെയും സഭയുടെ നിയമങ്ങളിലൂടെയുമെല്ലാം ദൈവഹിതം വെളിപ്പെടുന്നുണ്ട്. സഭയോട് അനുസരണമുള്ളവരായി, ദൈവഹിതാനുസരണം ജീവിതത്തെ ക്രമപ്പെടുത്തുമ്പോഴാണ് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ജീവിതം നയിക്കാന്‍ ഒരുവന് കഴിയുന്നത്. അതുകൊണ്ട് വിശ്വാസജീവിതം അവശ്യം സഭാത്മകമാണ്. വെറും വ്യക്തിഗതമായ രീതിയില്‍ പരിശുദ്ധാത്മാവിലുള്ള ജീവിതം നയിക്കുവാന്‍ ശ്രമിക്കുന്ന പലരും സഭയുടെ വിശ്വാസത്തില്‍നിന്നും വ്യതിചലിച്ചുപോകുന്നുണ്ട്. വിശ്വാസികള്‍ സഭയുടെ വിശ്വാസസ്വീകരണം, വിശ്വാസാഘോഷം, വിശ്വാസജീവിതം എന്നിവയോടു ചേര്‍ന്നുനിന്ന് തങ്ങളുടെ വിശ്വാസത്തില്‍ ഉറപ്പിക്കപ്പെടണം.

മനുഷ്യനോടുള്ള ദൈവത്തിന്‍റെ പരമാവധിസ്നേഹത്തിന് പ്രത്യുത്തരം നല്കുന്ന ജീവിതമാണ് വിശ്വാസജീവിതം. ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തില്‍ വിശ്വസിച്ച് ആ സ്നേഹത്തിന് ജീവിതത്തിലൂടെ പ്രത്യുത്തരം നല്കുമ്പോള്‍ വിശ്വാസജീവിതമെന്നത് സ്നേഹത്തിന്‍റെ ജീവിതമാകും. തന്‍റെ ഏകജാതനെ നല്കുവാന്‍ തക്കവിധം ദൈവം നമ്മെ സ്നേഹിച്ചുവെന്ന് (3:16) വിശ്വസിക്കുന്നുവെങ്കില്‍ ആ ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കാന്‍ നാം നിര്‍ബന്ധിതരാകും. അതുപോലെ, ദൈവം നമ്മെ സ്നേഹിച്ചതുപോലെതന്നെ മറ്റുള്ളവരെയും സ്നേഹിച്ചുവെന്ന് നാം വിശ്വസിക്കുന്നെങ്കില്‍ നമ്മുടെ അയല്‍ക്കാരനെ നമ്മെപ്പോലെതന്നെ സ്നേഹിക്കാന്‍ നാം നിര്‍ബന്ധിതരാകും. അങ്ങനെ, മനുഷ്യനോടുള്ള ദൈവത്തിന്‍റ  സ്നേഹത്തിലുള്ള വിശ്വാസം നമ്മെ ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നവരാക്കും. നമ്മുടെ സഹോദരസ്നേഹത്തിന്‍റെ അടിസ്ഥാനം മനുഷ്യനോടുള്ള ദൈവത്തിന്‍റെ സ്നേഹത്തിലുള്ള വിശ്വാസമായിരിക്കണം. ഈ വിശ്വാസത്തില്‍നിന്നുമാണ് ദൈവത്തോടും ദൈവം നമുക്കു നല്കുന്നവരോടുമുള്ള സ്നേഹം ഉരുത്തിരിയേണ്ടത്. അതുപോലെതന്നെ, ദൈവസ്നേഹത്തിലും പരസ്നേഹത്തിലും നാം വളരണമെങ്കില്‍ മിശിഹായില്‍ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്‍റെ സ്നേഹത്തിലുള്ള വിശ്വാസത്തില്‍ നാം ആഴപ്പെടണം.

ഈശോയുടെ വെളിപ്പെടുത്തലിന്‍റെ നേര്‍ക്ക് ഹൃദയം തുറന്ന് ജീവിതത്തെ സമര്‍പ്പിക്കുകയും ആ സ്നേഹത്തില്‍ ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്താല്‍ അവന് ലഭിക്കുന്നത് നിത്യജീവനാണ്; രക്ഷയാണ് (3:18). എന്നാല്‍ പ്രകാശമായ മിശിഹായെ നിരാകരിച്ച് അന്ധകാരത്തിന്‍റെയും തിന്മയുടെയും പ്രവര്‍ത്തനങ്ങളെ പിന്തുടരുന്നവന്‍ സ്വയം ശിക്ഷയ്ക്ക് വിധേയനാക്കുന്നു. മിശിഹായുടെ പ്രകാശം ലഭിച്ചിട്ടും അതിനനുസൃതമായി ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകാതെ സ്വന്തം താല്പര്യങ്ങള്‍ വച്ചുപുലര്‍ത്തിക്കൊണ്ടു ജീവിക്കുന്ന അനേകംപേര്‍ ഇന്ന് സഭയിലുണ്ട്. ഈ സാഹചര്യത്തില്‍ വിശ്വാസജീവിതത്തിന്‍റെ ഈ നിര്‍ണ്ണായകമായ പ്രാധാന്യത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ലോകത്തിന്‍റെ രക്ഷയെ സംബന്ധിച്ചിടത്തോളം മനുഷ്യനുള്ള ഉത്തരവാദിത്വത്തെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം ഇന്ന് സഭയില്‍ നടക്കേണ്ടതുണ്ട്.

Gospel of John 3: 11-21 Content of faith catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message