We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021
ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെട്ടത് മഗ്ദലേന മറിയത്തിനാണെന്ന് സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. ശൂന്യമായ കല്ലറിയങ്കല്‍ വന്ന ശിഷ്യന്മാര്‍ മടങ്ങിപ്പോയിട്ടും അവള്‍ കരഞ്ഞുകൊണ്ട് അവിടെ നിന്നിരുന്നു. മഗ്ദലേനമറിയത്തിന് ഈശോയോടുള്ള സ്നേഹബന്ധം പ്രകടമാക്കുന്ന പല സൂചനകള്‍ ഈ ഉത്ഥാനവിവരണത്തില്‍ കാണാം. അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ അവള്‍ ശവകുടീരത്തിന്‍റെ സമീപത്തേക്കു വരുന്നു (20:1). ശവകുടീരത്തിന്‍റെ കല്ല് മാറ്റപ്പെട്ടിരിക്കുന്നതായി കണ്ടപ്പോള്‍ ഉടനെ ശിഷ്യരുടെ അടുക്കല്‍ ഓടിയെത്തി കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു എന്നു പറയുന്നു (20:3). കര്‍ത്താവിനെ കാണാത്തതിന്‍റെ ദുഃഖത്തില്‍ കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നില്ക്കുന്നു (20:11). "നീ എന്തിനാണു കരയുന്നത്?" എന്ന് ദൂതന്മാര്‍ ചോദിച്ചപ്പോള്‍ "എന്‍റെ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി" എന്ന് മറുപടി പറയുന്നു (20:12). തോട്ടക്കാരനാണെന്നു കരുതി ഈശോയോട്, "എവിടെ വച്ചുവെന്ന് എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം" (20:15) എന്ന് അവള്‍ പറയുന്നു. ഈ വാക്കുകളെല്ലാം മഗ്ദലേനമറിയത്തിന് ഈശോയോടുള്ള അതിയായ സ്നേഹത്തെ എടുത്തുകാണിക്കുന്നവയാണ്. പാട്ടുകളുടെ പാട്ടില്‍ മണവാട്ടി മണവാളനെ തേടുന്ന വാക്കുകളെ അനുസ്മരിപ്പിക്കുന്ന ഒരു വിവരണമാണിത്: "എന്‍റെ പ്രാണപ്രിയനെ രാത്രിയില്‍ ഞാന്‍ കിടക്കയില്‍ അന്വേഷിച്ചു. ഞാനവനെ അന്വേഷിച്ചു, കണ്ടില്ല. ഞാന്‍ അവനെ പിടിച്ചു. എന്‍റെ അമ്മയുടെ ഭവനത്തിലേക്കു കൊണ്ടുവരാതെ അവനെ ഞാന്‍ വിടില്ല" (ഉത്തമഗീതം 3:1-4). സ്നേഹത്തിന്‍റെ തീവ്രതയില്‍ ഈശോയെ തേടുന്ന മഗ്ദലേനമറിയത്തെയാണ് ഇവിടെ കാണുക.
മറിയത്തിന് പ്രത്യക്ഷപ്പെട്ട ഈശോയെ അവള്‍ തിരിച്ചറിഞ്ഞില്ല. പേര് ചൊല്ലി വിളിച്ചപ്പോഴാണ് അവള്‍ ഈശോയെ തിരിച്ചറിഞ്ഞത്. "ഈശോ അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായഭാഷയില്‍ വിളിച്ചു-ഗുരു എന്നര്‍ത്ഥം" (20:16). ഈശോ മഗ്ദലേനമറിയത്തെ പേരു വിളിച്ച് സംബോധന ചെയ്തപ്പോള്‍ അവള്‍ ഈശോയെ തിരിച്ചറിഞ്ഞു പക്ഷേ, 'റബ്ബോനി' അഥവാ 'ഗുരു' എന്നാണ് അവള്‍ ഈശോയെ അഭിസംബോധന ചെയ്യുന്നത്. ഈശോ ആയിരിക്കുന്നതുപോലെ അവിടുത്തെ തിരിച്ചറിയാനും അവിടുത്തോട് ബന്ധപ്പെടുവാനും അവള്‍ക്കു കഴിഞ്ഞില്ല എന്ന് ഇവിടെ സൂചനയുണ്ട്. ജീവിതകാലത്ത് ഈശോയുമായി അവള്‍ ഗുരുശിഷ്യബന്ധം പുലര്‍ത്തിയിരുന്നു. ഈശോ ഈ ലോകത്തില്‍ ജീവിച്ചിരുന്നപ്പോള്‍ പുലര്‍ത്തിയിരുന്നതുപോലെയുള്ള ബന്ധം ഇനിയും തുടരാവുന്ന രീതിയില്‍ അവിടുന്നു തിരിച്ചുവന്നു എന്ന് അവള്‍ വിചാരിച്ചു. ഈ തെറ്റിദ്ധാരണയെ തിരുത്തണമെന്ന് അവളോട് ഈശോ ആവശ്യപ്പെടുന്നതായി അടുത്ത വാചകത്തില്‍ സൂചനയുണ്ട്. താന്‍ മഹത്ത്വീകരിക്കപ്പെട്ടവനായിരിക്കുന്നുവെന്ന് ഈശോ അവളെ ഓര്‍മ്മിപ്പിക്കുന്നു. മഹത്ത്വീകൃതനായ ഈശോയോട് ഇനി ബന്ധം പുലര്‍ത്തേണ്ടത് വിശ്വാസത്തിലൂടെയാണ് എന്ന് സുവിശേഷകന്‍ ഇവിടെ വ്യക്തമാക്കുകയാണ്.
മഗ്ദലേനമറിയത്തിന്‍റെ കണ്ണുകള്‍ ഉത്ഥിതനായ മിശിഹായുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു എന്നു പറയുന്ന ബൈബിള്‍ പണ്ഡിതരുമുണ്ട്. അതിന്‍റെ സൂചനയായി അവര്‍ എടുത്തുകാണിക്കുന്നത് അവള്‍ ഈശോയെ 'കര്‍ത്താവ്' എന്നു വിശേഷിപ്പിക്കുന്നു എന്നതാണ് (യോഹ 20:3,12). തോട്ടക്കാരനാണെന്നു കരുതി "എന്‍റെ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി" എന്ന് ഈശോയോട് പറയുന്നത് അവളുടെ മിശിഹാനുഭവത്തിന്‍റെ അടയാളമായി പലരും കണക്കാക്കുന്നുണ്ട്. തോമ്മാശ്ലീഹായും "എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ" എന്നാണല്ലോ ഏറ്റുപറഞ്ഞത്. ഈശോയെ കര്‍ത്താവായി ഏറ്റുപറയുന്നത് ക്രിസ്തീയവിശ്വാസത്തിന്‍റെ അന്തഃസ്സത്തയായി കണക്കാക്കപ്പെടുന്നുണ്ട് (1 കൊറി 12:3).
വചനത്തിലൂടെ ഉത്ഥിതനെ തിരിച്ചറിയുക: മറിയം മഗ്ദലേന ഉത്ഥിതനായ ഈശോയെ തിരിച്ചറിഞ്ഞത് അവിടുത്തെ വചനത്തിലൂടെയാണ്. ഉത്ഥിതനായ ഈശോയെ നേരിട്ടുകണ്ട് തിരിച്ചറിയുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല. കാരണം, ബാഹ്യമായ കണ്ണുകള്‍ക്ക് അഗോചരമാണ് ഉത്ഥിതശരീരം. അതുകൊണ്ട് വിശ്വാസത്തിന്‍റെ കണ്ണുകളിലൂടെ മാത്രമേ ഉത്ഥിതനെ തിരിച്ചറിയാന്‍ കഴിയൂ. അങ്ങനെ തിരിച്ചറിയുവാന്‍ അടയാളങ്ങള്‍ വേണം. അരൂപിയായ ദൈവവുമായി ബന്ധപ്പെടാന്‍ മനുഷ്യന് അടയാളങ്ങള്‍ അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ജീവാത്മാവായി മാറിയ ഉത്ഥിതനെ തിരിച്ചറിയാനും അടയാളങ്ങള്‍ വേണം. ദൈവവുമായി ബന്ധപ്പെടാന്‍ അവിടുന്ന് മനുഷ്യന് കല്പിച്ചരുളിയ മാദ്ധ്യമമാണ് അവിടുത്തെ വചനം. ഇവിടെ ഉത്ഥിതന്‍റെ വചനം മറിയത്തിന് ഉത്ഥിതനെ തിരിച്ചറിയുവാന്‍ മാദ്ധ്യമമായിത്തീരുന്നു. എമ്മാവൂസിലേക്കുപോയ ശിഷ്യരോടൊപ്പം നടന്ന് വി. ലിഖിതങ്ങള്‍ വിശദീകരിച്ച് അവര്‍ക്ക് സ്വയം വെളിപ്പെടുത്തിയ ഉത്ഥിതനായ മിശിഹാ ഇന്നും പരി. കുര്‍ബാനയില്‍ വിശുദ്ധലിഖിതങ്ങള്‍ വായിക്കുമ്പോള്‍ അവിടെ സന്നിഹിതനായി സംസാരിക്കുന്നുണ്ട്. വിശ്വാസത്തോടെ വചനശുശ്രൂഷയില്‍ പങ്കുചേരുന്നവര്‍ക്ക് അതിലൂടെ ഉത്ഥിതനായ മിശിഹായെ കണ്ടുമുട്ടാനാവും.
മറിയത്തെ പേരു വിളിച്ച് സ്വയം വെളിപ്പെടുത്തിയ ഈശോ മറ്റൊരു വസ്തുതകൂടി അനുസ്മരിപ്പിക്കുന്നുണ്ട്. നല്ല ഇടയന്‍ തന്‍റെ ആടുകളെ പേരുചൊല്ലി വിളിക്കുകയും അങ്ങനെ ആടുകള്‍ ഇടയനെ തിരിച്ചറിയുകയും ചെയ്യുന്നു. താന്‍ നല്ല ഇടയനാകുന്നു എന്ന് അനുസ്മരിപ്പിച്ചുകൊണ്ട് ഈശോ പറയുന്നു: "ആടുകള്‍ അവന്‍റെ സ്വരം കേള്‍ക്കുന്നു. അവന്‍ തന്‍റെ ആടുകളെ പേരുചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നു" (യോഹ 10:3). അവിടുന്ന് വീണ്ടും പറയുന്നു: "എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു" (യോഹ 10:27). ഇടയനും ആടുകളും തമ്മിലുള്ള ബന്ധമാണ് പരസ്പരം അറിയുവാന്‍ സഹായിക്കുന്നത്.
"ഈശോ പറഞ്ഞു: നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍ ഞാന്‍ പിതാവിന്‍റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്‍റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്‍റെ പിതാവിന്‍റെയും നിങ്ങളുടെ പിതാവിന്‍റെയും എന്‍റെ ദൈവത്തിന്‍റെയും നിങ്ങളുടെ ദൈവത്തിന്‍റെയും അടുക്കലേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക" (20:17). "നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക" എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്ന വാക്കിന്‍റെ മൂലാര്‍ത്ഥം പരിശോധിക്കുമ്പോള്‍ "നീ ഇവിടെ തങ്ങി നില്ക്കരുത്" എന്ന സൂചനയാണുള്ളത്. താന്‍ വീണ്ടും പഴയജീവിതത്തിലേക്ക് തിരിച്ചുവന്നു എന്ന ധാരണയോടെ അവിടെ തങ്ങി നില്ക്കുന്നതിനു പകരം തന്‍റെ മഹത്ത്വീകരണത്തിലേയ്ക്ക് മറിയത്തിന്‍റെ ശ്രദ്ധയെ ഈശോ ക്ഷണിക്കുകയാണ്. ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവും ചേര്‍ന്നാണ് ഈശോയുടെ മഹത്ത്വീകരണം യാഥാര്‍ത്ഥ്യമാവുക. താന്‍ മുമ്പുണ്ടായിരുന്ന ലൗകികമായ അവസ്ഥയില്‍നിന്നും മാറിയെന്നും താനിപ്പോള്‍ മഹത്ത്വീകരിക്കപ്പെട്ട അവസ്ഥയിലാണെന്നും ഈശോ മറിയത്തെ അനുസ്മരിപ്പിക്കുകയാണ്. ഈ വസ്തുത അവള്‍ മനസ്സിലാക്കുക മാത്രമല്ല, അത് ശിഷ്യരെ അറിയിക്കുവാന്‍ നിയോഗിക്കപ്പെടുകയും ചെയ്യുകയാണ്. യോഹന്നാന്‍ശ്ലീഹായുടെ കാഴ്ചപ്പാടില്‍ മരണവും ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവും മഹത്ത്വീകരണമെന്ന ഒരു സംഭവത്തിന്‍റെ വിവിധവശങ്ങള്‍ മാത്രമാണ്. താന്‍ ജീവിച്ചിരിക്കുന്നുവെന്ന ബോദ്ധ്യം ശിഷ്യര്‍ക്കു നല്കുന്നതിന് ഉത്ഥാനശേഷം നാല്പതു ദിവസത്തേക്ക് ഈശോ ശ്രമിച്ചുവെന്നു മാത്രം (നട 1:3). അതുകൊണ്ട് നാല്പതുദിവസം കഴിഞ്ഞാണ് ഈശോ മഹത്ത്വീകരിക്കപ്പെട്ടത് എന്നര്‍ത്ഥമില്ല. മഹത്ത്വീകൃതനായ ഈശോ ആ സദ്വാര്‍ത്ത അറിയിച്ചുവെന്നു മാത്രം.
'മഹത്ത്വീകരണം' എന്നു പറയുമ്പോള്‍ ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവും മാത്രമല്ല, പന്തക്കുസ്താനുഭവവും ഉള്‍ക്കൊള്ളുന്നുണ്ട്. കാരണം യോഹന്നാന്‍സുവിശേഷകന്‍റെ വീക്ഷണത്തില്‍ പന്തക്കുസ്തായും ഈശോയുടെ മഹത്ത്വീകരണവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. കൂടാരത്തിരുനാളിന്‍റെ പശ്ചാത്തലത്തില്‍ ഈശോ ജീവജലത്തെക്കുറിച്ച് അരുളിച്ചെയ്ത വാക്കുകള്‍ യോഹന്നാന്‍ശ്ലീഹാ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: "അവന്‍ ഇതു പറഞ്ഞത് തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവ് നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍ ഈശോ അതുവരെയും മഹത്ത്വീകരിക്കപ്പെട്ടിരുന്നില്ല" (യോഹ 7:39). ഈശോയുടെ മഹത്ത്വീകരണത്തോടുകൂടി പരിശുദ്ധാത്മാവ് നല്കപ്പെട്ടു കഴിഞ്ഞു. മിശിഹായുടെ ഉത്ഥാനാനുഭവവും പരിശുദ്ധാത്മാനുഭവവും ഒന്നുതന്നെയാണ്. മിശിഹായുടെ ഉത്ഥാനത്തോടുകൂടി പരിശുദ്ധാത്മാവ് മിശിഹായുടെ ആത്മാവായി മാറി. 'യോഹന്നാന്‍റെ പന്തക്കുസ്താ' ഇത് സൂചിപ്പിക്കുന്നുണ്ട്. ഈശോ ശിഷ്യരുടെമേല്‍ നിശ്വസിച്ചുകൊണ്ടാണ് അവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്കുന്നത് (യോഹ 20:22). മറിയത്തോട് ഈശോ പറഞ്ഞ വാക്കുകളിലും ഈ സൂചനയുണ്ട്. ഇവിടെ ആദ്യമായി ഈശോ തന്‍റെ പിതാവ് ശിഷ്യരുടെ പിതാവാണെന്നും, ശിഷ്യര്‍ തന്‍റെ സഹോദരന്മാരാണെന്നും പ്രഖ്യാപിക്കുന്നു. ദൈവപുത്രനായ മിശിഹായുടെ അരൂപിയിലൂടെയാണല്ലോ ക്രൈസ്തവര്‍ അവിടുത്തെ പുത്രത്വത്തില്‍ പങ്കുചേരുന്നതും അവിടുത്തെ സഹോദരന്മാരായിത്തീരുന്നതും.
ഉത്ഥാനാനുഭവം പങ്കുവയ്ക്കുന്ന മറിയം: "മഗ്ദലേനാ മറിയം ചെന്ന് ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരെ അറിയിച്ചു" (20:18). 'കര്‍ത്താവിനെ കണ്ടു' എന്നു പറയുന്നത് ഉത്ഥിതനായ മിശിഹായെ അനുഭവിച്ചറിഞ്ഞു എന്നതിന്‍റെ അടയാളമാണ്. 'കര്‍ത്താവ്' എന്നതിന്‍റെ ഗ്രീക്കുപദം 'കീരിയോസ്' എന്നാണ്. ഇത് ഹെബ്രായഭാഷയിലുള്ള പഴയനിയമഗ്രന്ഥങ്ങളില്‍ 'യാഹ്വെ' എന്നതിന്‍റെ ഗ്രീക്കു വിവര്‍ത്തനമാണ്. പഴയനിയമത്തില്‍ ഇസ്രായേല്‍ജനം ദൈവത്തിന് നല്കിയിരുന്ന സംബോധനയാണ് ഇവിടെ ഉത്ഥിതനായ ഈശോയ്ക്കു നല്കുന്നത്. വി. തോമ്മാശ്ലീഹാ തന്‍റെ ഏറ്റം വലിയ വിശ്വാസപ്രഖ്യാപനമായി ഏറ്റുപറഞ്ഞതും "എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും" എന്നാണല്ലോ. ഉത്ഥിതനായ മിശിഹായെ കര്‍ത്താവും ദൈവവുമായി ഏറ്റുപറയുന്നതാണ് സഭയുടെ ഏറ്റവും വലിയ വിശ്വാസപ്രഖ്യാപനം. അതാണ് മഗ്ദലേനാമറിയം നടത്തുന്നത്. ഇതുതന്നെയാണ് പിന്നീട് ശിഷ്യന്മാരും പറയുന്നത്: "ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു" (യോഹ 20:25). ഈശോയുടെ പുനരുത്ഥാനത്തിന് സാക്ഷ്യംവഹിക്കുക എന്നതാണല്ലോ ശ്ലീഹന്മാരുടെ അടിസ്ഥാനപരമായ ദൗത്യം (നട 1:21).
*****
Gospel of John 20: 11-18 Jesus appears to Mary Magdalene (Mark 16: 9-11) catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206