x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം, 20:1-10, ശൂന്യമായ കല്ലറ (മത്തായി 28:1-10; മര്‍ക്കോസ് 16:1-8; ലൂക്കാ 24:1-12)

Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്‍റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്‍റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു" (20:1). മിശിഹായുടെ ഉത്ഥാന വിവരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശൂന്യമായ കബറിടത്തിന്‍റെ വിവരണം. ശൂന്യമായ കബറിടം മിശിഹായുടെ ഉത്ഥാനത്തിന്‍റെ അടയാളമാണ്. കാരണം മരണമില്ലാതെ ഉത്ഥാനമില്ല. മരണം സ്ഥിരീകരിക്കപ്പെടുന്നത് മൃതസംസ്ക്കാരത്തിലൂടെയാണ്. മരണം സ്ഥിരീകരിക്കപ്പെട്ടെങ്കിലേ ഉത്ഥാനം സ്ഥിരീകരിക്കപ്പെടുകയുള്ളു. ശൂന്യമായ കബറിടം എല്ലാ സുവിശേഷകന്മാരും സാക്ഷ്യപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. മര്‍ക്കോസ് സുവിശേഷകന്‍ പറയുന്നു: "എന്നാല്‍ അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നു!" (മര്‍ക്കോ 16:4). മാത്രമല്ല, "അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഇവിടെയില്ല. നോക്കൂ അവര്‍ അവനെ സംസ്ക്കരിച്ച സ്ഥലം" എന്ന ദൂതവാക്യവും വി. മര്‍ക്കോസിന്‍റെ സുവിശേഷത്തിലുണ്ട് (മര്‍ക്കോ 16:6). "അവര്‍ അകത്തു കടന്നു നോക്കിയപ്പോള്‍ കര്‍ത്താവായ ഈശോയുടെ ശരീരം കണ്ടില്ല" എന്ന് ലൂക്കാസുവിശേഷകനും പറയുന്നു (ലൂക്കാ 24:3). മത്തായിസുവിശേഷകനില്‍, ശരീരം അപ്രത്യക്ഷമായതിനെക്കുറിച്ച് യഹൂദരുടെയിടയില്‍ നിലവിലിരിക്കുന്ന ഒരു വ്യാജപ്രചാരണവുംകൂടി ചേര്‍ത്തിട്ടുണ്ട് (മത്താ 28:11-15).

ഉത്ഥാനത്തിന്‍റെ ആധികാരികസാക്ഷികള്‍: "അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്‍റെയും ഈശോ സ്നേഹിച്ചിരുന്ന മറ്റെ ശിഷ്യന്‍റെയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍ അവര്‍ അവനെ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ" (20:2). മിശിഹായുടെ ഉത്ഥാനവാര്‍ത്ത ആദ്യം അറിയിക്കപ്പെടുന്നത് പത്രോസ്ശ്ലീഹായ്ക്കും മറ്റ് ശിഷ്യന്മാര്‍ക്കുമാണ്. പിന്നീട് മഗ്ദലേനമറിയം ഉത്ഥിതനെ തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ അവളെ ഈശോ പറഞ്ഞു വിടുന്നതും ഈ വാര്‍ത്ത തന്‍റെ ശിഷ്യരെ അറിയിക്കുവാനാണ് (യോഹ 20:17). ഉത്ഥിതനായ ഈശോ ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്ന് പൗലോസ്ശ്ലീഹാ പറയുന്നതും പത്രോസ്ശ്ലീഹായ്ക്കും മറ്റ് ശിഷ്യന്മാര്‍ക്കുമാണ്: "അവന്‍ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി" (1 കൊറി 15:5). പന്ത്രണ്ടു ശ്ലീഹന്മാരാണ് മിശിഹായുടെ ഉത്ഥാനത്തിന് ആധികാരികമായി സാക്ഷ്യം നല്കുന്നവര്‍. ക്രിസ്തീയവിശ്വാസത്തിന്‍റെ ആധികാരികത, അതിന്‍റെ ശ്ലൈഹികതയിലാണ്. മിശിഹായോടൊത്തായിരുന്ന പന്ത്രണ്ടു ശ്ലീഹന്മാരാണ് അവിടുത്തെ ഉത്ഥാനത്തിന് ആധികാരികതയോടുകൂടി സാക്ഷ്യം വഹിക്കേണ്ടവര്‍. പന്ത്രണ്ടു പേരില്‍ ഒരാള്‍ (യൂദാസ്) നഷ്ടപ്പെട്ടപ്പോള്‍ പകരം തെരഞ്ഞെടുക്കപ്പെടേണ്ട വ്യക്തിയെ അവതരിപ്പിക്കുമ്പോള്‍ ഇത് വ്യക്തമായി നടപടി ഗ്രന്ഥത്തില്‍ പറയുന്നുണ്ട്: "അതിനാല്‍ കര്‍ത്താവായ ഈശോയുടെ പുനരുത്ഥാനത്തിന് ഒരാള്‍ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം. യോഹന്നാന്‍റെ സ്നാനം മുതല്‍ നമ്മില്‍നിന്നും ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാള്‍വരെ ഈശോ നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം അവന്‍" (നട 1:21-22). ഈശോയോടുകൂടി ആദ്യന്തം ജീവിച്ച് ഈശോയെ അനുഭവിച്ചറിഞ്ഞവരായിരിക്കണം ഉത്ഥാനത്തിനും ഉത്ഥിതനും ആധികാരികമായി സാക്ഷ്യം വഹിക്കുന്നവര്‍ എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.

ഇത് വെറും നൈയ്യാമികമായ ഒരു ആധികാരികതയല്ല. അനുഭവപരമായ ആധികാരികതയാണ്. ഉത്ഥിതനായ മിശിഹായെ അനുഭവിച്ചറിഞ്ഞു എന്നതാണ് പന്ത്രണ്ടുശ്ലീഹന്മാരുടെ ആധികാരികതയുടെ അടിസ്ഥാനം. മിശിഹായെ തന്നില്‍ ജീവിക്കുവാന്‍ അനുവദിച്ചുകൊണ്ടാണ് അവിടുത്തെ പ്രഘോഷിക്കേണ്ടത്. ഉത്ഥിതനായ ഈശോ ജീവദാതാവായ ആത്മാവായി മാറി (1 കൊറി 15:45). അതുകൊണ്ട് നമ്മില്‍ ഓരോരുത്തിലും ജീവിക്കുവാനും നമ്മെ ജീവിപ്പിക്കുവാനും അവിടുത്തേക്കു കഴിയും. അങ്ങനെ നമ്മില്‍ ജീവിക്കുവാന്‍ നാം അവിടുത്തെ അനുവദിക്കുമ്പോള്‍ പൗലോസ്ശ്ലീഹായെപ്പോലെ, "ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, മിശിഹായാണ് എന്നില്‍ ജീവിക്കുന്നത്" (ഗലാ 2:20) എന്നു പറയാന്‍ നമുക്ക് കഴിയും. അങ്ങനെ മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുമ്പോഴാണ് നാം മിശിഹായുടെ ഉത്ഥാനം പ്രഘോഷിക്കുക.

സ്നേഹവും വിശ്വാസവും: "പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച് ഓടി. എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി" (20:3-4). മിശിഹായുടെ ശരീരം കാണുന്നില്ല എന്നു കേട്ടതോടെ പത്രോസും ഈശോ സ്നേഹിച്ച ശിഷ്യനും കല്ലറയുടെ അടുത്തേക്ക് ഓടിയെത്തുന്നു. ഈശോയോടുള്ള സ്നേഹമാണ് ഓടിയെത്തുവാന്‍ ഇരുവരെയും പ്രേരിപ്പിച്ചത് എന്നതിനു സംശയമില്ല. "ഇരുവരും ഒരുമിച്ച് ഓടി" എന്നും "എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി" എന്നും പറയുന്നത് സ്നേഹത്തിന്‍റെ സ്വഭാവം സൂചിപ്പിക്കുന്നുണ്ട്. "മറ്റേ ശിഷ്യന്‍" "ഈശോ സ്നേഹിച്ച ശിഷ്യന്‍" എന്നറിയപ്പെടുന്ന യോഹന്നാന്‍ശ്ലീഹായാണ്. ഈശോയുമായി തനിക്കുള്ള പ്രത്യേകബന്ധത്തെ സൂചിപ്പിക്കുവാനാണ് "ഈശോ സ്നേഹിച്ച ശിഷ്യന്‍" എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഈശോയുടെ സ്നേഹം യോഹന്നാന്‍ശ്ലീഹായെ പ്രത്യേകവിധം സ്വാധീനിച്ചു എന്നാണ് ഇതിന്‍റെ സൂചന. ഒരാള്‍ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചാലും സ്നേഹം സ്വീകരിക്കുന്നവര്‍ ഒരുപോലെയല്ല പ്രതികരിക്കുന്നത്. സ്നേഹം സ്വീകരിക്കുന്നതിലും പ്രത്യുത്തരിക്കുന്നതിലും വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ട് ഈശോയുടെ സ്നേഹം മറ്റാരെക്കാളും കൂടുതല്‍ യോഹന്നാന്‍ശ്ലീഹായെ സ്വാധീനിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. അതുകൊണ്ടുതന്നെയാണ് "ഈശോ സ്നേഹിച്ച ശിഷ്യന്‍" എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഇതായിരിക്കണം കല്ലറയിലേക്ക് കൂടുതല്‍ വേഗതയില്‍ ഓടിയെത്തുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

എന്നാല്‍, യോഹന്നാന്‍ശ്ലീഹായെക്കുറിച്ച് പിന്നീടു പറയുന്ന കാര്യം കൂടുതല്‍ ദൈവശാസ്ത്രപരമായി ഈ രംഗത്തെ വ്യാഖ്യാനിക്കാന്‍ പ്രേരകമാണ്. യോഹന്നാന്‍ശ്ലീഹാ നേരത്തെ ഓടിയെത്തിയെങ്കിലും കല്ലറയില്‍ പ്രവേശിക്കാന്‍ പത്രോസ്ശ്ലീഹായെ കാത്തുനിന്നു. പത്രോസ് ആദ്യം പ്രവേശിച്ച് ശൂന്യമായ കല്ലറയും അവിടെക്കിടന്ന കച്ചയും തൂവാലയും കണ്ടെങ്കിലും വിശ്വസിച്ചതായി പറയുന്നില്ല. അതേസമയം, "മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു" (20:8) എന്നു പറയുന്നു. സ്നേഹം വിശ്വാസത്തെ എളുപ്പമുള്ളതാക്കുന്നു എന്ന ഒരു സൂചന ഇവിടെയുള്ളതായി പറയാം. ഗലീലി കടല്‍ത്തീരത്ത് ഈശോ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോള്‍ അവിടുത്തെ ആദ്യം തിരിച്ചറിഞ്ഞത് ഈശോ സ്നേഹിച്ച ശിഷ്യനാണ്: "ഈശോ സ്നേഹിച്ചിരുന്ന ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു: അത് കര്‍ത്താവാണ്" (യോഹ 21:7). ഈശോയുമായുള്ള യോഹന്നാന്‍ശ്ലീഹായുടെ സ്നേഹബന്ധം ഈശോയുടെ സാന്നിദ്ധ്യത്തെ തിരിച്ചറിയാന്‍ അദ്ദേഹത്തെ സഹായിച്ചുവെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.

അടയാളങ്ങളിലൂടെയുള്ള വിശ്വാസം: "അവന്‍റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്ത് ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു" (19:7). ശൂന്യമായ കല്ലറയില്‍ പ്രവേശിച്ച പത്രോസും യോഹന്നാനും രണ്ടു കാര്യങ്ങള്‍ കണ്ടതായിട്ടാണ് പറയുന്നത് - കച്ചയും തൂവാലയും. കല്ലറയില്‍ കണ്ട കച്ചയും തൂവാലയും ഉത്ഥിതനായ ഈശോയുടെ വ്യക്തിത്വം എന്താണെന്ന സൂചനയും നല്കുന്നുണ്ട്. ഈശോ മഹത്ത്വീകരിക്കപ്പെട്ടവനായി മാറി എന്നാണിത് വ്യക്തമാക്കുന്നത്. ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന ശരീരമല്ല ഈശോയ്ക്ക് ഇനിയുള്ളത്. ഈശോയുടെ ശരീരത്തിന് ഇനി ഇതുപോലൊരു വസ്ത്രം ആവശ്യമില്ല. ഉത്ഥിതനായ ഈശോയുടെ ശരീരം ആത്മീയശരീരമാണ് (1 കൊറി 15:44). അതുകൊണ്ട് കച്ച ഈശോ ഉത്ഥാനം ചെയ്തു എന്നതിന്‍റെ അടയാളമാണ്. 'തൂവാല തനിച്ച് ഒരിടത്ത് ചുരുട്ടി വച്ചിരിക്കുന്നത്' പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഗ്രീക്കുമൂലത്തില്‍ 'സൂദാരിയോന്‍' എന്ന വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പഴയനിയമത്തില്‍ മോശ കര്‍ത്താവിനോട് സംസാരിച്ചതിനുശേഷം ഇറങ്ങിവന്ന് ഇസ്രായേലിനോട് കാര്യങ്ങള്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ തന്‍റെ മുഖം ദിവ്യപ്രഭയാല്‍ പ്രകാശമാനമായതുകൊണ്ട് ഒരു മൂടുപടം ധരിച്ചു എന്ന് പുറപ്പാടു പുസ്തകത്തില്‍ പറയുന്നുണ്ട്. അവിടെ മൂടുപടത്തിന് ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് (പുറ 34:33-35). അതുകൊണ്ട് ഈ തൂവാല ഉത്ഥിതനായ മിശിഹായുടെ മഹത്ത്വീകരണത്തിന്‍റെ ഒരടയാളമായി കാണാവുന്നതാണ്.

ശൂന്യമായ കല്ലറയും ഈ രണ്ട് അടയാളങ്ങളും കണ്ടിട്ടാണ് പത്രോസും യോഹന്നാനും മിശിഹായുടെ ഉത്ഥാനത്തില്‍ വിശ്വസിച്ചത്. യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ അടയാളങ്ങളും വിശ്വാസവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. സുവിശേഷത്തിന്‍റെ ഉള്ളടക്കം മുഴുവനെയും വി. യോഹന്നാന്‍ വിശേഷിപ്പിക്കുന്നത് 'അടയാളങ്ങള്‍' എന്നാണ്. ഈ അടയാളങ്ങള്‍ രേഖപ്പെടുത്തിയതിന്‍റെ ഉദ്ദേശ്യം എല്ലാവരും അവയിലൂടെ മിശിഹായില്‍ വിശ്വസിക്കുന്നവരാകണം എന്നതാണ്: "ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും ഈശോ ശിഷ്യരുടെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത് ഈശോ ദൈവപുത്രനായ മിശിഹായാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്" (യോഹ 20:30-31).

പത്രോസും യോഹന്നാനും അടയാളങ്ങള്‍ കണ്ട് ഈശോയുടെ             ഉത്ഥാനത്തില്‍ വിശ്വസിച്ചു. "അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു എന്ന തിരുവെഴുത്ത് അവര്‍ അതുവരെ മനസ്സിലാക്കിയിരുന്നില്ല" (20:9). അങ്ങനെ വിശ്വാസത്തിലേക്കു കടന്നുവന്നപ്പോളാണ് ഉത്ഥാനത്തെപ്പറ്റിയുള്ള തിരുവെഴുത്ത് മനസ്സിലാക്കാന്‍ അവര്‍ക്കു കഴിവു ലഭിച്ചത് എന്ന സൂചനയാണ് ഈ വാചകത്തിലുള്ളത്. ഈ തിരുവെഴുത്ത് ഏതാണ് എന്നതിനെപ്പറ്റി ബൈബിള്‍ പണ്ഡിതരുടെയിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. തന്‍റെ പീഡാനുഭവത്തെപ്പറ്റി ഈശോ ശിഷ്യന്മാരോടു പറഞ്ഞ പ്രവചനങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നതെന്ന് ചിലരും, അതല്ല, വരാനിരിക്കുന്ന മിശിഹായെപ്പറ്റി പഴയനിയമത്തിലുള്ള പ്രവചനങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് മറ്റുചിലരും പറയുന്നുണ്ട്. ഏതായാലും തിരുവെഴുത്ത് എന്നു പറയുമ്പോള്‍ അത് ദൈവത്തിന്‍റെ രക്ഷാപദ്ധതിയെയാണ് സൂചിപ്പിക്കുന്നത്. വിശുദ്ധ ലിഖിതങ്ങളുടെ ഉള്ളടക്കംതന്നെ ദൈവത്തിന്‍റെ രക്ഷാപദ്ധതിയാണല്ലോ. ഉത്ഥിതനായ മിശിഹായിലുള്ള വിശ്വാസമാണ് തിരുലിഖിതങ്ങള്‍ മനസ്സിലാക്കാനുള്ള വഴി തുറക്കുന്നത്. "വിശുദ്ധ ലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍ തുറന്നു" എന്ന് ഉത്ഥിതനായ ഈശോയെപ്പറ്റി ലൂക്കാ സുവിശേഷകന്‍ പറയുന്നു (ലൂക്കാ 24:45). എമ്മാവൂസിലേക്കു പോയ ശിഷ്യര്‍ക്ക് വിശുദ്ധ ലിഖിതങ്ങള്‍ വ്യാഖ്യാനിച്ചുകൊടുത്തതും ഉത്ഥിതനായ മിശിഹായാണല്ലോ (ലൂക്കാ 24:27). വിശുദ്ധ ലിഖിതങ്ങള്‍ ശരിയായവിധം മനസ്സിലാക്കാനുള്ള ഏക മാര്‍ഗ്ഗം ഉത്ഥിതനായ മിശിഹായിലുള്ള വിശ്വാസമാണ്.

"അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു" എന്നു പറയുമ്പോള്‍ അത് ദൈവത്തിന്‍റെ മുന്‍കൂട്ടിയുള്ള രക്ഷാപദ്ധതിയെയാണ് സൂചിപ്പിക്കുന്നത്. ദൈവത്തിന്‍റെ ഈ രക്ഷാപദ്ധതിയോടുള്ള ഈശോയുടെ ഉള്‍ച്ചേരലാണ് ഇത് വ്യക്തമാക്കുന്നത്. തന്‍റെ പീഡാനുഭവവും മരണവും ഉത്ഥാനവും ഈ രക്ഷാപദ്ധതിയുടെ പൂര്‍ത്തീകരണമാണെന്നതാണ് ഈശോയുടെ പീഡാനുഭവ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്. അവിടുന്ന് എപ്പോഴും പിതാവിന്‍റെ ഹിതത്തോടു ചേര്‍ന്നാണ് ജീവിച്ചിരുന്നതെന്ന് യോഹന്നാന്‍റെ സുവിശേഷത്തില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട് (യോഹ 4:34; 5:19).

Gospel of John 20: 1-10 empty tomb (Matthew 28: 1-10; Mark 16: 1-8; Luke 24: 1-12) catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message