x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം, 2:13-22, ദൈവാലയ ശുദ്ധീകരണം

Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021

പെസഹാതിരുനാള്‍ അടുത്തിരുന്ന സന്ദര്‍ഭത്തില്‍ ഈശോ ജറുസലേമിലേക്കു പോകുകയും ജറുസലേം ദൈവാലയം ശുദ്ധീകരിക്കുകയും തന്‍റെ ശരീരമാകുന്ന ദൈവാലയത്തെപ്പറ്റി പ്രഖ്യാപിക്കുകയും ചെയ്യുന്ന വചനഭാഗമാണിത് (2:15). ശുദ്ധീകരണകര്‍മ്മത്തില്‍ ഈശോ തന്‍റെ പ്രവാചകദൗത്യമാണ് നിര്‍ഹിക്കുന്നത്. കാരണം അനുഷ്ഠാനങ്ങളുടെ ശുദ്ധീകരണം പ്രവാചകരുടെ ദൗത്യമാണ്. പഴയനിയമപ്രവാചകരുടെ സ്വഭാവസവിശേഷതകളോടെ ജറുസലേം ദൈവാലയം ശുദ്ധീകരിക്കുന്ന വലിയ പ്രവാചകനായാണ് ഈശോ പ്രത്യക്ഷപ്പെടുന്നത്. പഴയനിയമ ജനതയുടെ ചരിത്രത്തില്‍ പ്രവാചകന്മാരുടെ കടന്നുവരവ് ശ്രദ്ധാര്‍ഹമാണ്. ദൈവത്തിനര്‍പ്പിക്കുന്ന ബലികളും കാഴ്ചകളും ബാഹ്യതലത്തില്‍ മാത്രം തങ്ങിനിന്ന് ആന്തരിക വിശുദ്ധിക്ക് മങ്ങലേല്‍ക്കുന്ന അവസരത്തില്‍ പ്രവാചകരിലൂടെ ദൈവം സ്വന്തജനത്തോട് സംസാരിച്ചിരുന്നു. ബാഹ്യവസ്തുക്കളിലല്ല ഹൃദയപരിശുദ്ധിയില്‍ ശ്രദ്ധവയ്ക്കുവാന്‍ ദൈവം തന്‍റെ ജനത്തെ ഉദ്ബോധിപ്പിച്ചു. ആരാധനയെ ശുദ്ധീകരിക്കുക എന്നത് പ്രവാചകധര്‍മ്മമായി പഴയനിയമത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ബലിയര്‍പ്പണം ദൈവത്തിന് സ്വീകാര്യമല്ലാതാക്കിയ അധാര്‍മ്മികജീവിതത്തെ വിമര്‍ശിക്കുകയും അതില്‍നിന്നും ശുദ്ധീകരിക്കപ്പെട്ട് ദൈവത്തിനു പ്രീതികരമായി ബലിയര്‍പ്പിക്കുവാന്‍ നിരന്തരം ആഹ്വാനം ചെയ്യുകയും ചെയ്യുന്നവരായിരുന്നു പ്രവാചകര്‍ (ഏശ 1:11-17). പ്രവാചകവ്യക്തിത്വമുള്ള മിശിഹായുടെ വരവിനെക്കുറിച്ച് മലാക്കി പ്രവാചകന്‍ പ്രവചിക്കുന്നതും ഈ രീതിയിലാണ്: "നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍തന്നെ തന്‍റെ ആലയത്തിലേക്കു വരും.വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവന്‍ ഉപവിഷ്ടനാകും. ലേവീപുത്രന്മാര്‍ യുക്തമായ ബലികള്‍ കര്‍ത്താവിന് അര്‍പ്പിക്കുന്നതിനുവേണ്ടി അവിടുന്ന് അവരെ സ്വര്‍ണ്ണവും വെള്ളിയുമെന്നതുപോലെ ശുദ്ധീകരിക്കും" (മലാ 3:1-4).

ഇവിടെ, ദൈവപുത്രനാണ് ദൈവാരാധനയെയും ദൈവാലയത്തെത്തന്നെയും ശുദ്ധീകരിക്കുന്നവനായി കടന്നുവരുന്നത്. ജറുസലേം ദൈവാലയത്തോടനുബന്ധിച്ച് ബലിവസ്തുക്കളുടെ വില്പനയിലും നാണയമാറ്റത്തിലും നടന്നിരുന്ന അനീതിയോടുള്ള പ്രതികരണമാണ് ഈശോയിലുണ്ടായത്. പഴയനിയമ പ്രവാചകരുടെ പ്രതിഷേധം ഈശോയുടെ പ്രതികരണത്തിലും കാണാം. "എന്‍റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്ടാക്കളുടെ ഗുഹയോ?" (7:11) എന്ന് ജറെമിയാപ്രവാചകനിലൂടെ ദൈവം ചോദിക്കുന്നു. സഖറിയാപ്രാവാചകനിലൂടെ ദൈവത്തിന്‍റെ ആലയം കച്ചവടസ്ഥലമാക്കുന്നതിനെതിരേ അവിടുന്ന് താക്കീത് നല്കുന്നുണ്ട് (സഖ 14:21). ഇവിടെ ഈശോയും ദൈവാലയമഹത്ത്വത്തെ എടുത്ത് കാണിക്കുന്നു. യാഥാര്‍ത്ഥ ആരാധന നടക്കേണ്ട പിതാവിന്‍റെ ആലയത്തില്‍ അതിന് വിപരീതമായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ അകറ്റി ശുദ്ധീകരിക്കുകയാണ് ഈശോ ചെയ്യുന്നത്.

ഈശോയുടെ കോപം: ശാന്തശീലനും വിനീതഹൃദയനുമായ ഈശോയുടെ ജീവിതത്തില്‍ ദൈവാലയശുദ്ധീകരണം ഒരു ഒറ്റപ്പെട്ട സംഭവമായും ഈശോയുടെ സ്വഭാവത്തിനു ചേരാത്ത ഒന്നായും ചിലര്‍ ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ ഈശോയിലൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ഒരു വശമായ ദൈവകോപമാണ് ഈ രംഗം വെളിച്ചത്തുകൊണ്ടുവരുന്നത് (3:36). തന്‍റെ പരിശുദ്ധിക്ക് ചേരാത്ത പാപത്തിന്‍റെയും തിന്മയുടെയും മുമ്പിലുള്ള ദൈവത്തിന്‍റെ നിലപാട് ഇതില്‍ വെളിപ്പെടുകയാണ്. ദൈവത്തിന്‍റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കത്തക്കവിധം ഈശോയുടെ സ്നേഹത്തെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഈശോ കോപിച്ചിട്ടുള്ള മറ്റു സന്ദര്‍ഭങ്ങളുമുണ്ട്. സാബത്തില്‍ രോഗശാന്തി നല്കിയ സന്ദര്‍ഭത്തില്‍ യഹൂദരുടെ തെറ്റായ നിലപാടിലുള്ള ഈശോയുടെ പ്രതികരണം മര്‍ക്കോസ് സുവിശേഷകന്‍ ഇങ്ങനെ വിവരിക്കുന്നു: "അവരുടെ ഹൃദയകാഠിന്യത്തില്‍ ദുഃഖിച്ച് അവരെ കോപത്തോടെ നോക്കിക്കൊണ്ട് ഈശോ അവരോടു പറഞ്ഞു" (3:5).

ഈശോ പുതിയ ദൈവാലയം: മൂന്നു ദിവസംകൊണ്ട് പുനരുദ്ധരിക്കുന്ന ദൈവാലയം ഈശോയുടെ ശരീരമാണ് അഥവാ ഉത്ഥിതനായ ഈശോ തന്നെയാണ്. ഇത് ശിഷ്യന്മാര്‍ മനസ്സിലാക്കിയത് ഈശോയുടെ ഉത്ഥാനത്തിനു ശേഷമാണ്: "അവന്‍ മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തപ്പോള്‍ അവന്‍ ഇത് പറഞ്ഞിരുന്നുവെന്ന് അവന്‍റെ ശിഷ്യന്മാര്‍ ഓര്‍മ്മിക്കുകയും വിശുദ്ധലിഖിതങ്ങളും ഈശോ അരുളിച്ചെയ്ത വചനവും വിശ്വസിക്കുകയും ചെയ്തു" (2:22). ഉത്ഥിതനായ മിശിഹായിലൂടെയും മിശിഹായോടൊത്തുമാണ് യഥാര്‍ത്ഥ ആരാധന നടക്കേണ്ടത്.

പുതിയ ദൈവാലയമായ മിശിഹായില്‍ കേന്ദ്രീകൃതമായ ക്രിസ്തീയജീവിതത്തിന് മൂന്നു മാനങ്ങള്‍ ഉള്ളതായി പുതിയനിയമം സാക്ഷ്യപ്പെടുത്തുന്നുണ്ട്: 1. സഭയാകുന്ന ദൈവാലയം, 2. ക്രൈസ്തവനാകുന്ന ദൈവാലയം, 3. സ്വര്‍ഗ്ഗീയസഭയാകുന്ന ദൈവാലയം. ഉത്ഥിതനായ മിശിഹായുടെ ശരീരമാണ് സഭ, അതുകൊണ്ട് പുതിയ ദൈവാലയമായ മിശിഹായുടെ ശരീരം പ്രായോഗികമായും ദൃശ്യമായും യാഥാര്‍ത്ഥ്യമാകുന്നത് സഭയിലാണ്. പുതിയ ദൈവാലയമായ മിശിഹായുടെ ആത്മാവ് ഓരോ ക്രൈസ്തവനിലും വസിക്കുന്നതുകൊണ്ട് ഓരോ ക്രൈസ്തവനും ഒരു ദൈവാലയമാണ്. ഉത്ഥിതനായ മിശിഹാ തന്‍റെ മഹത്ത്വീകരണത്തിലൂടെയാണ് ദൈവാലയമായിത്തീരുന്നത്. അതുകൊണ്ട് ആത്യന്തികമായി മിശിഹായുടെ ശരീരമാകുന്ന ആലയം സ്വര്‍ഗ്ഗം തന്നെയാണ്. ഓരോ ക്രൈസ്തവനും, സഭ മുഴുവനായും മിശിഹായോടൊത്ത് മഹത്ത്വീകരിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗം ദൈവാലയമായി മാറുന്നു.

വിചിന്തനം: ദൈവാലയത്തിന്‍റെ പരിശുദ്ധി കാത്തുസൂക്ഷിക്കുവാനുള്ള തീക്ഷ്ണത ഒരോ ക്രൈസ്തവനും ഉണ്ടാകണം. ദൈവാലയ പരിശുദ്ധിക്കു ചേരാത്തതൊന്നും സംഭവിക്കാതിരിക്കാന്‍ ആരാധകര്‍ ശ്രദ്ധിക്കണം. ദൈവത്തിന് ബലിയര്‍പ്പിക്കുന്ന സമൂഹം ദൈവഹിതമനുസരിച്ച് ജീവിക്കുന്ന ഒരു സമൂഹമായിരിക്കണം. അതുപോലെതന്നെ, ദൈവാലയത്തോട് ബന്ധപ്പെട്ടു നടത്തുന്ന എല്ലാ ശുശ്രൂഷകളിലും കര്‍മ്മങ്ങളിലും കച്ചവടമനോഭാവത്തിന്‍റെയോ ഭൗതിക താല്പര്യങ്ങളുടെയോ സ്വാധീനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൈവാലയത്തില്‍ കടന്നു  വരുന്ന എല്ലാവര്‍ ക്കും പ്രാര്‍ത്ഥനയ്ക്കു സഹായകമാകത്തക്കവിധം ദൈവാലയവും പരിസരവും കാത്തു സൂക്ഷിക്കുകയും വേണം.

ദൈവാലയത്തിന്‍റെ പരിശുദ്ധിയ്ക്കെതിരായി പ്രവര്‍ത്തിച്ചവരോട് ഈശോ കോപത്തോടെ പ്രതികരിച്ചു. ഈശോയുടെ കോപത്തിലും ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ മുഖം കാണുവാന്‍ നമുക്കു കഴിയണം. ഒരു നല്ല പിതാവ് സ്വപുത്രനെ ശിക്ഷിച്ചു വളര്‍ത്തുന്നതുപോലെ ദൈവം തന്‍റെ സ്വന്തജനത്തെ ശിക്ഷണത്തിലൂടെ വളര്‍ത്തുന്നു എന്ന സത്യമാണ് ഇവിടെ വ്യക്തമാകുന്നത്. നല്ല ശിക്ഷണത്തില്‍ കോപത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും സ്ഥാനമുണ്ട്. കോപം വെറും വൈകാരിക പ്രതികരണമോ പ്രതികാര മനോഭാവം ഉള്‍ക്കൊള്ളുന്നതോ ആകുമ്പോഴാണ് അത് തിന്മയാകുന്നത്.

ഇന്നു നാം ദൈവത്തെ ആരാധിക്കുന്ന ഏറ്റവും വലിയ വേദി പരി. കുര്‍ബാനയാണ്. ഉത്ഥിതനായ മിശിഹായുടെ ശരീരരക്തങ്ങളാണ് പരി. കുര്‍ബാനയില്‍ പരികര്‍മ്മം ചെയ്യപ്പെടുന്നത്. മിശിഹായുടെ പീഡാനുഭവം, മരണം ഉത്ഥാനം എന്നിവയാണ് പരി. കുര്‍ബാനയില്‍ നാം അനുസ്മരിക്കുകയും അനുഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. മിശിഹായുടെ ശരീരരക്തങ്ങളാണ് നാം ഈ ബലിയര്‍പ്പണത്തില്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്. അങ്ങനെ ഉത്ഥിതനായ മിശിഹാ നമ്മുടെ ദൈവാരാധനയുടെ കേന്ദ്രമായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് അവിടുന്ന് നമ്മുടെ ദൈവാലയവുമാണ്.

മാറ്റിസ്ഥാപിക്കല്‍: രണ്ടാം അദ്ധ്യായത്തിലെ ഈ രണ്ടു സംഭവങ്ങളിലും മാറ്റിസ്ഥാപിക്കല്‍ നടക്കുന്നതായി കാണാം. വിവാഹവിരുന്നിന്‍റെ പശ്ചാത്തലത്തില്‍ അടയാളങ്ങളുടെ ആരംഭമായ കാനായിലെ സംഭവം വിവരിക്കുന്നത് പ്രതീകാത്മകമാണ്. വിവാഹം ഉടമ്പടിബന്ധം ഉള്‍ക്കൊള്ളുന്നതാണ്. പഴയനിയമത്തില്‍ ദൈവവും ഇസ്രായേലും തമ്മിലുള്ള ഉടമ്പടിബന്ധത്തെ വിശദീകരിക്കാന്‍ വിവാഹബന്ധത്തിന്‍റെ അടയാളം ഉപയോഗിച്ചിരുന്നു (ഏശ 54:1-8; 62:4-5). പുതിയ ഇസ്രായേലായ സഭയും ഈശോയും തമ്മിലുള്ള ഉടമ്പടിബന്ധത്തിന്‍റെ സൂചന ഇവിടെ കണ്ടെത്താം. ഈശോയും സഭയുമായുള്ള ബന്ധത്തെ വിവാഹബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പൗലോസ്ശ്ലീഹാ വിവരിക്കുന്നുണ്ട് (എഫേ 5:25-29). പഴയ ഉടമ്പടിയുടെ സ്ഥാനത്ത് പുതിയ ഉടമ്പടി സ്ഥാപിക്കാന്‍ പോകുന്നു എന്നാണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്.

യഹൂദരുടെ ശുദ്ധീകരണകര്‍മ്മത്തിന് ഉപയോഗിച്ചിരുന്ന കല്‍ഭരണികളില്‍ നിറച്ചിരുന്ന വെള്ളമാണ് ഈശോ വീഞ്ഞാക്കി മാറ്റിയത് (2:6). യഹൂദഭരണികളില്‍ നിറച്ചിരുന്ന വെള്ളത്തെ വീഞ്ഞാക്കിമാറ്റിയതിലൂടെ പഴയനിയമയാഥാര്‍ത്ഥ്യങ്ങള്‍ പുതിയനിയമയാഥാര്‍ത്ഥ്യങ്ങളാല്‍ മാറ്റിസ്ഥാപിക്കപ്പെടുകയാണെന്ന സൂചന നല്കുന്നു. "ആരും പുതിയവീഞ്ഞ് പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചു വയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പിളരുകയും വീഞ്ഞും തോല്‍ക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിന് പുതിയ തോല്‍ക്കുടങ്ങള്‍ വേണം" (മര്‍ക്കോ 2:22) എന്ന് പാരമ്പര്യത്തെക്കുറിച്ചുള്ള പ്രബോധനത്തില്‍ ഈശോ പറയുന്നുണ്ട്. പഴയനിയമവ്യവസ്ഥിതി അവസാനിച്ച് പുതിയനിയമവ്യവസ്ഥിതി സംജാതമാകേണ്ടതിന്‍റെ ആവശ്യകതെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഈശോയുടെ ശിഷ്യര്‍ പുതിയ പാരമ്പര്യത്തിന്‍റെ അവകാശികളാണ്. അവരെ പഴയ പാരമ്പര്യത്തിലേക്ക് ചേര്‍ക്കാനാവില്ല.

ഭരണികളില്‍ വക്കോളം നിറച്ച വെള്ളമാണ് ഈശോ വീഞ്ഞാക്കി മാറ്റിയത്. ഈശോയില്‍ നമുക്കു ലഭിച്ച ദൈവത്തിന്‍റെ കൃപയുടെയും സത്യത്തിന്‍റെയും നിറവ് അഥവാ ജീവന്‍റെ സമൃദ്ധിയാണ് ഈ അത്ഭുതം സൂചിപ്പിക്കുന്നത്. സമൃദ്ധിയില്‍ നല്കുന്ന വീഞ്ഞ് പഴയനിയമത്തിന്‍റെ അന്ത്യാത്മകസന്തോഷത്തെയും (ആമോസ് 9:13-14; ഹോസിയ 14:7) ലോകത്തിന്‍റെ രക്ഷയ്ക്കായി അഭിഷിക്തനായ മിശിഹാ നല്കുന്ന രക്ഷയുടെ ദാനത്തെയും  (മര്‍ക്കോ 2:22 ?) സൂചിപ്പിക്കുന്നു. "അവര്‍ക്കു വീഞ്ഞില്ല" എന്ന മറിയത്തിന്‍റെ വാക്കുകള്‍ യഹൂദമതത്തിന്‍റെ ശോച്യാവസ്ഥയെ സൂചിപ്പിക്കുന്നുവെങ്കില്‍, "നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ" എന്ന കലവറക്കാരന്‍റെ വാക്കുകള്‍ ഈശോ നല്കുന്ന ജീവന്‍റെ സമൃദ്ധിയെ സൂചിപ്പിക്കുന്നു.

ദൈവാലയശുദ്ധീകരണത്തിലും പുനഃസ്ഥാപനം നടക്കുന്നുണ്ട്. ദൈവാലയം ശുദ്ധീകരിക്കാനുള്ള ഈശോയുടെ അധികാരത്തെ യഹൂദര്‍ ചോദ്യം ചെയ്യുമ്പോള്‍ "നിങ്ങള്‍ ഈ ദൈവാലയം നശിപ്പിക്കുക; മൂന്നുദിവസത്തിനകം ഞാന്‍ അത് പുനരുദ്ധരിക്കും" (2:19) എന്ന മറുപടിയാണ് ഈശോ നല്കുന്നത്. കല്ലുകളാല്‍ നിര്‍മ്മിതമായ ദൈവാലയത്തിനു പകരം തന്‍റെ ശരീരമാണ് പുതിയ ദൈവാലയം എന്ന് ഈശോ ഇവിടെ പ്രഖ്യാപിക്കുകയാണ് (2:21). ഈശോ മാറ്റിസ്ഥാപിക്കുന്ന ഏറ്റം അടിസ്ഥാനപരമായ ഒരു യാഥാര്‍ത്ഥ്യമാണ് ദൈവാലയവും ആരാധനയും. ആരാധനാസ്ഥലത്തെപ്പറ്റി യഹൂദരുടെയിടയിലുണ്ടായിരുന്ന തര്‍ക്കം സമറിയാക്കാരി ഉന്നയിച്ചപ്പോള്‍, യഹൂദര്‍ ജറുസലേം ദേവാലയത്തില്‍ നടത്തുന്ന ആരാധനയുടെയും വിജാതീയര്‍ മലയില്‍ നടത്തുന്ന ആരാധനയുടെയും സ്ഥാന ത്ത് ആത്മാവിലും സത്യത്തിലുമുള്ള ആരാധനയെ ഈശോ എടുത്തുകാട്ടുന്നു (4:23). ഇത് മറ്റൊരു പുനഃസ്ഥാപനമാണ്. ദൈവാലയം ആരാധനയുടെ കേന്ദ്രമാണ്. ജറുസലേം ദൈ വാലയത്തിന്‍റെ നാശം ആ ദൈവാലയകേന്ദ്രീ കൃതമായി ആരാധനാജീവിതം നയിച്ചിരുന്ന ഇസ്രായേല്‍ജനതയുടെ നാശമാണ്, പഴയനിയമ ആരാധനവ്യവസ്ഥിതിയുടെ അന്ത്യമാണ്. ജറുസലേം ദൈവാലയം കേന്ദ്രമാക്കി നടത്തിയിരുന്ന ആരാധന ഈശോയില്‍ കേന്ദ്രീകൃതമായ ആരാധനയാല്‍ മാറ്റിസ്ഥാപിക്കപ്പെടുന്നു. അതുകൊണ്ടാണ് ജറുസലേം ദൈവാലയത്തിന്‍റെ സ്ഥാനത്ത് താന്‍ മറ്റൊരു ദൈവാലയം പണിതുയര്‍ത്തുമെന്ന് ഈശോ പറഞ്ഞത്. ഉത്ഥിതനായ മിശിഹായില്‍ രൂപംകൊള്ളുന്ന പുതിയ ആരാധനവ്യവസ്ഥിതിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഈ ആരാധനയെപ്പറ്റിയാണ് ഈശോ സമറിയാക്കാരിയോട് പറഞ്ഞത്. പരിശുദ്ധാത്മാവില്‍ പുത്രനിലൂടെ പിതാവിനെ ആരാധിക്കുന്ന ത്രിത്വാത്മകവും, മിശിഹായുടെ ശരീരമെന്ന നിലയില്‍ സഭാത്മകവുമായ ഈ പുതിയനിയമ ആരാധനവ്യവസ്ഥിതിയാണ് ഈശോ പണിയുന്ന പുതിയ ദൈവാലയം.

Gospel of John 2: 13-22 Sanctification of the temple catholic malayalam st. john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message