x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം,19:17-37, കാല്‍വരിയിലെ രംഗം (മത്തായി 27: 32-44; മര്‍ക്കോസ് 15:21-32; ലൂക്കാ 23:26-43)

Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021

അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായഭാഷയില്‍ ഗൊല്‍ഗോഥാ - എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. അവിടെ അവര്‍ അവനെ ക്രൂശിച്ചു" (19:17-18). കുരിശ് സ്വയം ഏറ്റുവാങ്ങി കാല്‍വരിയിലേക്കു നടന്നു നീങ്ങുന്ന ഈശോ, ആടുകള്‍ക്കുവേണ്ടി സ്വന്തം ജീവനര്‍പ്പിക്കുന്ന നല്ല ഇടയനെയാണ് നമ്മുടെ മനസ്സില്‍ കൊണ്ടുവരിക: "ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നു" (യോഹ 10:11). പിതാവു നല്കിയ കാസാ അവിടുന്ന് സ്വയം ഏറ്റുവാങ്ങിയതാണെന്ന് ബന്ധിക്കപ്പെട്ടപ്പോള്‍ ഈശോ വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ വാളൂരി പുരോഹിതഭൃത്യനെ വെട്ടിയ പത്രോസിനോട് ഈശോ പറയുന്നു: "വാള്‍ ഉറയിലിടുക. പിതാവ് എനിക്കു നല്കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?" (യോഹ 18:11).

സ്വയം കുരിശ് ഏറ്റുവാങ്ങി കാല്‍വരിയിലേക്കു പോകുന്ന ഈശോയെ സഭാപിതാക്കന്മാര്‍ പഴയനിയമത്തിലെ ഇസഹാക്കിനോട് ഉപമിക്കുന്നുണ്ട്. തന്‍റെ ഏകപുത്രനെ ദഹനബലിയായി അര്‍പ്പിക്കണം എന്ന ദൈവത്തിന്‍റെ കല്പനപ്രകാരം അബ്രാഹം മോറിയാമലയിലേക്ക് ഇസഹാക്കുമായി പോകുന്ന രംഗം ഇപ്രകാരമാണ് വിവരിക്കുന്നത്: "അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകന്‍ ഇസഹാക്കിന്‍റെ ചുമലില്‍ വച്ചു. തീയും കത്തിയും അവന്‍തന്നെ എടുത്തു. അവര്‍ ഒരുമിച്ചു മുന്നോട്ടു നടന്നു" (ഉല്‍പ 22:6). തന്‍റെ ബലിയ്ക്കായുള്ള വിറക് ചുമലില്‍ വഹിക്കുന്ന ഇസഹാക്ക്, തന്‍റെ ബലിവേദിയായ കുരിശ് ചുമലില്‍ വഹിക്കുന്ന ഈശോയുടെ മുന്‍സൂചനയാണ്. പിതാവായ ദൈവം മനുഷ്യകുലത്തോടുള്ള തന്‍റെ സ്നേഹം വെളിപ്പെടുത്തിയത് തന്‍റെ ഏകജാതനെ ബലിയര്‍പ്പിച്ചുകൊണ്ടാണല്ലോ (യോഹ 3:16). ഇത് ഈശോ കുരിശില്‍ പൂര്‍ത്തിയാക്കിയ ജീവിതബലിയര്‍പ്പണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.  

പ്രതീകാത്മകവും ദൈവശാസ്ത്രപരമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ 5 രംഗങ്ങളാണ് ഈ ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

4.1. കുരിശിലെ ശീര്‍ഷകത്തെക്കുറിച്ചുള്ള സംവാദം, യോഹന്നാന്‍ 19:19-22

4.2. തുന്നലില്ലാത്ത അങ്കി, യോഹന്നാന്‍ 19:22-25മ

4.3. പരി. മറിയവും ഈശോ സ്നേഹിച്ച ശിഷ്യനും, യോഹന്നാന്‍ 19:25യ-27

4.4. ആത്മാവിനെ സമര്‍പ്പിക്കുന്നു, യോഹന്നാന്‍ 19:28-30

4.5. പാര്‍ശ്വം പിളര്‍ക്കപ്പെടുന്നു, യോഹന്നാന്‍ 19:31-37

4.1. 19:19-22, കുരിശിലെ ശീര്‍ഷകത്തെക്കുറിച്ചുള്ള സംവാദം: കുരിശില്‍ തറച്ച് കൊല്ലപ്പെടുന്ന കുറ്റവാളികളുടെ കുരിശില്‍ അവരില്‍ ആരോപിക്കപ്പെട്ട കുറ്റം എഴുതി പ്രദര്‍ശിപ്പിക്കുന്ന പതിവ് നിലനിന്നിരുന്നു. അതിന്‍പ്രകാരമായിരിക്കണം പീലാത്തോസ് ഇതു ചെയ്തത്: "പീലാത്തോസ് ഒരു ശീര്‍ഷകം എഴുതി കുരിശിനു മുകളില്‍ വച്ചു. അത് ഇങ്ങനെയായിരുന്നു. നസറായനായ ഈശോ, യഹൂദരുടെ രാജാവ്... അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു" (19:19-20). ഈശോയുടെ രാജത്വത്തിന്‍റെ പ്രഖ്യാപനമാണ് ഇവിടെ നടക്കുക. രാജത്വം അവകാശപ്പെട്ടതിന്‍റെ പേരിലാണ് ഈശോ മരണത്തിന് വിധിക്കപ്പെട്ടത്. 'താങ്കള്‍ രാജാവാണോ?' എന്നു പീലാത്തോസ് ചോദിച്ചപ്പോള്‍ ഈശോ ഇങ്ങനെ മറുപടി നല്കി: "നീ തന്നെ പറയുന്നു ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണ് ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിന് സാക്ഷ്യം നല്കാന്‍" (യോഹ 18:37). തന്‍റെ രാജത്വം അംഗീകരിച്ചുകൊണ്ടും വിശദീകരിച്ചുകൊണ്ടുമാണ് ഈശോ പീലാത്തോസിന് മറുപടി നല്കിയത്. ഈ രാജത്വത്തിന്‍റെ പ്രഖ്യാപനമാണ് ഇവിടെ നടക്കുക. ഹെബ്രായ, ലത്തീന്‍, ഗ്രീക്ക് എന്നീ മൂന്നു ഭാഷകളില്‍ അത് എഴുതപ്പെട്ടിരുന്നു എന്ന് എടുത്തു പറയുന്നത് ഈശോയുടെ രാജത്വം സാര്‍വ്വത്രികമായി പ്രഖ്യാപിക്കപ്പെടുന്നു എന്നതിന്‍റെ സൂചനയാണ്. ലത്തീന്‍ഭാഷയും ഗ്രീക്കുഭാഷയും അന്നത്തെ പടിഞ്ഞാറിന്‍റെയും കിഴക്കിന്‍റെയും പുരാതന ഭാഷകളായിരുന്നു. ഹെബ്രായഭാഷ ഇസ്രായേലിന്‍റെ വിശുദ്ധഗ്രന്ഥങ്ങളുടെ ഭാഷയായിരുന്നു. യഹൂദരുടെയും വിജാതീയരുടെയും ഭാഷകളില്‍ സാര്‍വ്വത്രികമായി മിശിഹായുടെ രാജത്വം ഇവിടെ പ്രഖ്യാപിക്കപ്പെടുകയാണ്.

യഹൂദപുരോഹിതന്മാര്‍ ഇതിനു തടസ്സം പറഞ്ഞുവെങ്കിലും പീലാത്തോസ് തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു: "യഹൂദരുടെ പുരോഹിതപ്രമുഖന്മാര്‍ പീലാത്തോസിനോടു പറഞ്ഞു: യഹൂദരുടെ രാജാവെന്നല്ല; യഹൂദരുടെ രാജാവ് ഞാനാണ് എന്ന് അവന്‍ പറഞ്ഞു എന്നാണ് എഴുതേണ്ടത്. പീലാത്തോസ് പറഞ്ഞു:  ഞാന്‍ എഴുതിയത്  എഴുതി" (19:21-22). എന്തുകൊണ്ടാണ് പീലാത്തോസ് ഇത്ര ശക്തമായ നിലപാട് സ്വീകരിച്ചത് എന്നു നമുക്കറിഞ്ഞുകൂടാ. ഏതായാലും സുവിശേഷകന്‍റെ കാഴ്ചപ്പാടില്‍ ഇതിന് വ്യക്തമായ ഒരര്‍ത്ഥമുണ്ട്. തന്‍റെ സ്വന്തം ജനം ഈശോയുടെ രാജത്വത്തെ നിഷേധിക്കുമ്പോള്‍ വിജാതീയനായ പീലാത്തോസ് ഈശോയുടെ രാജത്വം അംഗീകരിച്ച് പ്രഖ്യാപിക്കുന്നു. 'സത്യത്തിന് സാക്ഷ്യം വഹിക്കുന്ന' ഈശോയുടെ രാജത്വം ഇവിടെ യാഥാര്‍ത്ഥ്യമാകുകയാണ്. 'സത്യം' എന്നു വച്ചാല്‍ 'വചന'മാണ് (യോഹ 17:17); ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തലാണ്. കുരിശില്‍ മനുഷ്യകുലത്തോടുള്ള ദൈവത്തിന്‍റെ സ്നേഹം അതിന്‍റെ പൂര്‍ണ്ണതയില്‍ വെളിപ്പെടുകയാണ് (യോഹ 3:14-15). അതുകൊണ്ടാണ് "ഞാന്‍ ഭൂമിയില്‍നിന്നുയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകര്‍ഷിക്കും" (യോഹ12:32) എന്ന് ഈശോ അരുളിച്ചെയ്തത്.

4.2. 19:22-25മ, തുന്നലില്ലാത്ത അങ്കി: ഈശോയെ ക്രൂശിച്ചതിനുശേഷം പടയാളികള്‍ അവന്‍റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ച് വീതംവച്ചു. തുന്നലില്ലാതെ നെയ്തുണ്ടാക്കിയ അങ്കി കീറാതെ, അത് ആരുടേതായിരിക്കണമെന്ന് കുറിയിട്ടു തീരുമാനിക്കുകയും ചെയ്തു. "പടയാളികള്‍ ഈ ശോയെ ക്രൂശിച്ചതിനുശേഷം അവന്‍റെ വസ ്ത്രങ്ങള്‍ നാലായി ഭാഗിച്ചു. ഓരോ പടയാളി ക്കും ഓരോ ഭാഗം. അവന്‍റെ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍ മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു" (19:23). തുന്നലില്ലാത്ത അങ്കി സഭയുടെ ഐക്യത്തെ സൂചിപ്പിക്കുന്ന ഒരു പ്രതീകമാണ്. 'തുന്നല്‍' എന്നതിന് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്നത് 'സ്കിസ്മാ' എന്ന വാക്കാണ്. ഈ വാക്ക് പിന്നീട് സഭയിലെ വിഭാഗീയതയെ (ശീശ്മാ) സൂചിപ്പിക്കാന്‍ ഉപയോഗിച്ചു. പഴയനിയമത്തില്‍, ഇസ്രായേലിന്‍റെ ഗോത്രങ്ങളുടെ വിഭജനം അങ്കി കീറലുമായി ബന്ധപ്പെടുത്തുന്നുണ്ട്. രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ ജറോബൊവാമും അഹിയാപ്രവാചകനും തമ്മില്‍ കണ്ടുമുട്ടുന്ന സന്ദര്‍ഭത്തിലാണത്: "ഒരു ദിവസം ജറോബൊവാം ജറുസലേമില്‍നിന്നു പോകവേ ഷീലോന്യനായ അഹിയാപ്രവാചകന്‍ അവനെ കണ്ടുമുട്ടി. അഹിയാ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ആ വെളിംപ്രദേശത്ത് അവര്‍ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളു. അഹിയാ താന്‍ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്ത് പന്ത്രണ്ടു കഷണങ്ങളായി കീറി. അവന്‍ ജറോബൊവാമിനോട് പറഞ്ഞു: പത്തു കഷണം നീ എടുത്തുകൊള്ളുക. ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ സോളമന്‍റെ കൈയ്യില്‍നിന്ന് രാജ്യമെടുത്ത് പത്തു ഗോത്രങ്ങള്‍ നിനക്കു തരും" (1 രാജാ 11:29-31). പ്രവാചകന്‍റെ അങ്കി പഴയ ദൈവജനത്തെ സൂചിപ്പിക്കുന്നതുപോലെ പുതിയനിയമ പ്രവാചകനായ ഈശോയുടെ അങ്കി പുതിയ ദൈവജനമായ സഭയെ സൂചിപ്പിക്കുന്നു. നാലായി ഭാഗിക്കപ്പെട്ട ഈശോയുടെ വസ്ത്രങ്ങള്‍ ലോകത്തിന്‍റെ നാലു കോണുകളിലേക്കും വ്യാപിക്കുന്ന വൈവിധ്യമാര്‍ന്ന സഭയെ സൂചിപ്പിക്കുന്നുവെങ്കില്‍, തുന്നലില്ലാത്ത അങ്കി വൈവിധ്യത്തില്‍ ഏകത്വം കാത്തുസൂക്ഷിക്കുന്ന സഭയുടെ ഐക്യത്തെ സൂചിപ്പിക്കുന്നു. ഈശോയുടെ മരണം ഈ ഐക്യത്തെ ലക്ഷ്യമാക്കിയുള്ളതാണ്.

തുന്നലില്ലാത്ത അങ്കി ഈശോയുടെ മരണത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്ന മാനവകുലത്തിന്‍റെ രക്ഷാകരമായ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന് സുവിശേഷകന്‍ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ്. പ്രധാനാചാര്യനായ കയ്യാഫാസിന്‍റെ പ്രവചനം ഇവിടെ പൂര്‍ത്തിയാകുന്നു എന്നാണ് സൂചന: "അവന്‍ ഇതു സ്വമേധയാ പറഞ്ഞതല്ല, പ്രത്യുത ആ വര്‍ഷത്തെ പ്രധാനപുരോഹിതന്‍ എന്ന നിലയില്‍ ജനത്തിനുവേണ്ടി ഈശോ മരിക്കേണ്ടിയിരിക്കുന്നു എന്ന് പ്രവചിക്കുകയായിരുന്നു. ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചു കൂട്ടുന്നതിനുവേണ്ടിയും" (യോഹ 11:51-52). നല്ല ഇടയനായ ഈശോയും ഈ ഐക്യത്തെപ്പറ്റി പറയുന്നുണ്ട്: "ഈ തൊഴുത്തില്‍ പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്‍റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും" (യോഹ 10:16). ശ്ലീഹന്മാരുടെ വചനം നിമിത്തം തന്നില്‍ വിശ്വസിക്കാനിരുന്ന സഭാംഗങ്ങള്‍ക്കുവേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥനയും അവരുടെ ഐക്യത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ളതായിരുന്നു (യോഹ 17:20-21).

ഈ സംഭവം തിരുവെഴുത്തിന്‍റെ പൂര്‍ത്തീകരണമായിട്ടാണ് സുവിശേഷകന്‍ അവതരിപ്പിക്കുന്നത്: "എന്‍റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു; എന്‍റെ അങ്കിക്കുവേണ്ടി അവര്‍ കാന്‍വേണ്ടിയാണ് പടയാളികള്‍ ഇപ്രകാരം ചെയ്തത്" (19:24-25). സുവിശേഷകന്‍ ഇവിടെ ഉദ്ദേശിക്കുന്ന തിരുവെഴുത്ത് 22-ാം സങ്കീര്‍ത്തനമാണ്: "അവര്‍ എന്‍റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്‍റെ അങ്കിയ്ക്കായി അവര്‍ നറുക്കിടുന്നു" (വാക്യം 18). സങ്കീര്‍ത്തകന്‍ തന്‍റെ സഹനങ്ങളുടെ മദ്ധ്യേ ദൈവത്തിന്‍റെ മുമ്പില്‍ അര്‍പ്പിക്കുന്ന വ്യക്തിപരമായ വിലാപസങ്കീര്‍ത്തനമാണ് 22-ാം സങ്കീര്‍ത്തനം. ഈ സങ്കീര്‍ത്തനം ഈശോയുടെ പീഡാനുഭവവിവരണത്തെ വളരെയധികം സ്വാധീനിച്ചിട്ടുള്ള ഒന്നാണ്. ഒരു വ്യക്തിയുടെ മരണത്തിനുശേഷം കൊലയാളികള്‍ ആ വ്യക്തിയുടെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കുന്ന പതിവുണ്ടായിരുന്നു. സങ്കീര്‍ത്തകന്‍, തന്‍റെ മരണം ഉറപ്പായാലെന്നതുപോലെയുള്ള വിലാപം ദൈവതിരുമുമ്പില്‍ ഉയര്‍ത്തുകയാണ്. ഈ സങ്കീര്‍ത്തനത്തിന്‍റെ രണ്ടാം ഭാഗം സ്തുതിപ്പുകളാണ്. തന്‍റെ വിലാപം കേള്‍ക്കുമെന്നുള്ള ഉറപ്പാണ് സ്തുതിപ്പുകളിലേക്കു കടക്കുവാന്‍ സങ്കീര്‍ത്തകനെ പ്രേരിപ്പിക്കുന്നത്. ഈശോയുടെ പീഡാനുഭവവും തന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നുള്ള ഉറപ്പോടെ പിതാവിന്‍റെ സന്നിധിയില്‍ സമര്‍പ്പിച്ച ഒരു പ്രാര്‍ത്ഥനയായിരുന്നു.

ഇവിടെ സുവിശേഷകന്‍ നല്കുന്ന മറ്റൊരു സൂചന ഈശോയുടെ പുരോഹിതനടുത്ത ബലിയര്‍പ്പണമാണ്. പുരോഹിതന്‍റെ വസ്ത്രങ്ങളെപ്പറ്റിയുളള പഴയനിമയവിവരണങ്ങളില്‍ നീണ്ട അങ്കിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട് (പുറ 28:4; 39:27; ലേവാ 16:4). ഈശോയുടെ ബലിയര്‍പ്പണം ദൈവഹിതപ്രകാരമുള്ള അവിടുത്തെ ജീവിതം-അവിടുത്തെ ശരീരം-ആയിരുന്നു (ഹെബ്രാ 10:5-10). പുരോഹിതനടുത്ത അവിടുത്തെ ബലിയര്‍പ്പണത്തിലൂടെയാണ് പാപത്തിന്‍റെ ഫലമായി ചിതറിക്കപ്പെട്ട, ദൈവസ്നേഹത്തില്‍നിന്നും സഹോദരസ്നേഹത്തില്‍നിന്നും അകറ്റപ്പെട്ട, ദൈവമക്കള്‍ വീണ്ടും സ്നേഹത്തില്‍ ഒന്നിപ്പിക്കപ്പെട്ടത്.  4.3. 19:25യ-27, പരി. മറിയവും ഈശോ സ്നേഹിച്ച ശിഷ്യനും: "ഈശോ തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയെ, ഇതാ നിന്‍റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ നിന്‍റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (19:26-27). തന്‍റെ കാലശേഷം അനാഥയാകുമായിരുന്ന തന്‍റെ അമ്മയെ ഈശോ യോഹന്നാന്‍ശ്ലീഹായെ ഭരമേല്പ്പിക്കുന്നതായും, യോഹന്നാന്‍ മറിയത്തെ തന്‍റെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ട് പോയതായും ഈ രംഗത്തെ വ്യാഖ്യാനിക്കുന്നവരുണ്ട്. അതുപോലെതന്നെ, മറിയത്തിന്‍റെ നിത്യകന്യാത്വത്തിന്‍റെ തെളിവായി ചില സഭാപിതാക്കന്മാരും ഇത് വ്യാഖ്യാനിക്കാറുണ്ട്. ഇതൊക്കെ ശരിയായിരിക്കാം. എന്നാല്‍ യോഹന്നാന്‍ സുവിശേഷകന് ഈ സംഭവവും സൂചനാത്മകമാണ്. മറിയത്തെ 'സ്ത്രീ' എന്നും യോഹന്നാനെ 'ഈശോ സ്നേഹിച്ച ശിഷ്യന്‍' എന്നും സംബോധന ചെയ്യുന്നത് ഇതിന്‍റെ അടയാളമാണ്. രണ്ടു സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഈശോ മറിയത്തെ 'സ്ത്രീ' എന്ന് സംബോധന ചെയ്യുന്നതായി യോഹന്നാന്‍ശ്ലീഹാ രേഖപ്പെടുത്തിയിട്ടുള്ളത്: കാനായിലും (2:4) കാല്‍വരിയിലും (19:26); ഒന്ന്, ഈശോയുടെ മഹത്ത്വീകരണത്തിന്‍റെ ആരംഭത്തിലും മറ്റൊന്ന്, ഈശോയുടെ മഹത്ത്വീകരണത്തിന്‍റെ അവസാനത്തിലും. തന്‍റെ രക്ഷാകരപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നവളാണ്, അഥവാ, രണ്ടാം ഹവ്വായാണ് മറിയം എന്ന് ഈശോ ഇവിടെ സൂചിപ്പിക്കുന്നു. ഇവിടെ മറിയം സഭയെ സൂചിപ്പിക്കുന്നു എന്നുംപറയാം. സഭയാണല്ലോ ഈശോയുടെ മഹത്ത്വീകരണശേഷം അവിടത്തെ രക്ഷാകരപ്രവര്‍ത്തനത്തില്‍ സഹകരിക്കേണ്ടവള്‍.

"ഈശോ തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോട് പറഞ്ഞു" (19:26) എന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'കണ്ടു പറഞ്ഞു' എന്ന പ്രയോഗം വെളിപ്പെടുത്തലിന്‍റെ ധ്വനി ഉള്‍ക്കൊള്ളുന്നതാണ്. ഈശോ യെ ആദ്യമായി ദൈവത്തിന്‍റെ കുഞ്ഞാടായി സ്നാപകന്‍ ലോകത്തിന് വെളിപ്പെടുത്തുമ്പോഴും ഇതേ ശൈലി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് (1:29). ഇവിടെ ഈശോ മറിയത്തിന്‍റെ മാതൃത്വം പരസ്യമായി പ്രഖ്യാപിക്കുകയാണ്. ഇത്രയും നാള്‍ തന്‍റെ മാത്രം അമ്മയായിരുന്ന മറിയത്തെ ഈ അവസരത്തില്‍ തന്നില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം അമ്മയായി ഈശോ നല്കുന്നു. ഇവിടെ, 'ഈശോ സ്നേഹിച്ച ശിഷ്യന്‍' ഈശോ സ്നേഹിക്കുന്ന എല്ലാ ശിഷ്യരുടെയും പ്രതിനിധിയായി നിലകൊള്ളുന്നു. ഈശോയില്‍ വിശ്വസിക്കുന്ന ഓരോരുത്തരും ഈശോ സ്നേഹിക്കുന്ന ശിഷ്യനും ശിഷ്യയുമാണ്. അതുകൊണ്ട്, സഭയെ വിശ്വാസികളുടെ അമ്മയായി ഈശോ ഇവിടെ പ്രഖ്യാപിക്കുന്നു എന്നു പറയാം.

 

അതോടൊപ്പം, സഭയെയും വിശ്വാസികളുടെ അമ്മയായി ഈശോ ഇവിടെ നല്കുന്നുണ്ട്. സഭയും മറിയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുവാന്‍ വെളിപാടുപുസ്തകം പന്ത്രണ്ടാമദ്ധ്യായം സഹായിക്കും.  ആദ്യഭാഗം സഭയോടൊപ്പം മറിയത്തിന്‍റെ പ്രസവവേദനയെ ഉയര്‍ത്തിക്കാട്ടുന്നുവെങ്കില്‍ (12:1-5), രണ്ടാം ഭാഗം മറിയത്തോടൊപ്പം സഭയുടെ പ്രസവവേദനയെ ഉയര്‍ത്തിക്കാട്ടുന്നു (12:6-18). ഈശോയ്ക്ക് ജന്മം നല്കി ഈശോയെ ദൈവപിതാവിന്‍റെ ഹിതനുസരിച്ച് വളര്‍ത്തിയ അമ്മയാണ് മറിയം. തന്നില്‍ വിശ്വസിക്കുന്നവരിലെല്ലാം മിശിഹാ രൂപം കൊള്ളുവാന്‍ സഹായിച്ചുകൊണ്ട് അവരോടൊപ്പം അവള്‍ ഉണ്ടായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. "ആ ശിഷ്യന്‍ അവളെ സ്വന്തത്തിലേക്കു സ്വീകരിച്ചു" എന്നാണ് മൂലഭാഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തന്‍റെ ജീവിതത്തില്‍ തന്‍റെ സ്വന്തം അമ്മയായി മറിയത്തെ യോഹന്നാന്‍ സ്വീകരിച്ചു എന്നാണ് ഇതിലൂടെ നാം മനസ്സിലാക്കുക.

4.4. 19:28-30, ആത്മാവിനെ സമര്‍പ്പിക്കുന്നു: "അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്ത് പൂര്‍ത്തിയാകാന്‍വേണ്ടി ഈശോ പറഞ്ഞു: എനിക്കു ദാഹിക്കുന്നു" (19:28). മരണത്തോടടുത്തപ്പോള്‍ ഈശോയ്ക്ക് ശാരീരികമായി ദാഹമുണ്ടായി എന്നത് സ്വാഭാവികമാണ്. എന്നാല്‍, 'തിരുവെഴുത്ത് പൂര്‍ത്തിയാകാന്‍വേണ്ടി' "എനിക്കു ദാഹിക്കുന്നു" എന്ന് ഈശോ പറഞ്ഞെങ്കില്‍, അത് വെറും ശാരീരികദാഹമല്ല എന്നത് ് വ്യക്തമാണ്. അതുപോലെതന്നെ, "എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് ഈശോ പറഞ്ഞു" എന്നുപറയുമ്പോള്‍ അതും ദൈവശാസ്ത്രപരമായ അര്‍ത്ഥത്തിലേയ്ക്കാണ് വിരല്‍ ചുണ്ടുന്നത്. 'എല്ലാം നിറവേറിക്കഴിഞ്ഞു' എന്നത് ഈശോയുടെ രക്ഷാകരപ്രവര്‍ത്തനത്തിന്‍റെ പൂര്‍ത്തീകരണമാണ്. തന്‍റെ പുരോഹിതപ്രാര്‍ത്ഥനയില്‍ ഈശോ ഇങ്ങനെ പറയുന്നു: "അവിടുന്ന് എന്നെ ഏല്പ്പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്ത്വപ്പെടുത്തി" (യോഹ 17:4). പിതാവായ ദൈവം ഈശോയെ ഏല്പ്പിച്ച ജോലി അവിടുത്തെ മരണത്തോടുകൂടി പൂര്‍ത്തിയാവുകയാണ്. "ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവിടുന്ന് സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു" (യോഹ 13:1). പിതാവു നല്കിയ പാനപാത്രം അവിടുന്ന് കുടിച്ചു (യോഹ 18:11). "തിരുവെഴുത്ത് പൂര്‍ത്തിയാകാന്‍വേണ്ടി" എന്ന് സുവിശേഷകന്‍ പറയുന്നത് നീതിമാന്‍റെ സഹനത്തെക്കുറിച്ച് സങ്കീര്‍ത്തനങ്ങള്‍ പറയുന്നത് മുന്നില്‍ കണ്ടുകൊണ്ടാവാം: "എന്‍റെ അണ്ണാക്ക് ഓടിന്‍റെ കഷണംപോലെ വരണ്ടിരിക്കുന്നു. എന്‍റെ നാവ് അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു" (സങ്കീ 22:15). "ഭക്ഷണമായി അവര്‍ എനിക്കു വിഷം തന്നു; ദാഹത്തിന് അവര്‍ എനിക്കു വിനാഗരി തന്നു" (സങ്കീ 69:21). ഈ സങ്കീര്‍ത്തനങ്ങളുടെ വെളിച്ചത്തിലാണ് ആദിമസഭ മിശിഹായുടെ പീഡാനുഭവത്തെ മനസ്സിലാക്കിയത്. അതുകൊണ്ട് ഇത് ഈശോയുടെ രക്ഷാകരദാഹത്തിലേക്കാണ് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.

ഈശോ ദൈവവും മനുഷ്യനുമായതുകൊണ്ട് രണ്ടു ദാഹങ്ങള്‍ ഇവിടെ സൂചിപ്പിക്കപ്പെടുന്നുണ്ട്: ദൈവത്തിനുവേണ്ടിയുള്ള മനുഷ്യന്‍റെ ദാഹവും മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്‍റെ ദാഹവും. നിത്യപുരോഹിതനെന്ന നിലയില്‍ ഈ രണ്ടു ദാഹങ്ങളും ഈശോയില്‍ സംഗമിക്കുകയാണ്. ദൈവത്തിനുവേണ്ടിയുള്ള മനുഷ്യന്‍റെ ദാഹം വി. ലിഖിതങ്ങള്‍ അനുസ്മരിപ്പിക്കുന്നുണ്ട്: "നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ ദൈവമേ, എന്‍റെ ഹൃദയം അങ്ങയെ തേടുന്നു. എന്‍റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു" (സങ്കീ 42:1-2). ഏശയ്യാപ്രവാചകന്‍റെ ഗ്രന്ഥത്തില്‍ ദൈവം മനുഷ്യനെ ക്ഷണിക്കുന്നതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍... എന്‍റെ അടുക്കല്‍ വന്ന് എന്‍റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും" (55:1-3). യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍, കൂടാരത്തിരുനാളിന്‍റെ പശ്ചാത്തലത്തില്‍ "ഈശോ എഴുന്നേറ്റുനിന്ന് ശബ്ദമുയര്‍ത്തി പറഞ്ഞു. ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍, അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ... വിശുദ്ധലിഖിതം പ്രഖ്യാപിക്കുന്നതുപോലെ, അവന്‍റെ ഹൃദയത്തില്‍നിന്ന് ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും" (യോഹ 7:37-38). മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്‍റെ ദാഹമാണ് "അവനില്‍ വിശ്വസിക്കുന്നവരാരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ 3:16) എന്ന പ്രസ്താവനയില്‍ സൂചിപ്പിക്കുക. ഈ രണ്ടു ദാഹങ്ങളും ദൈവമനുഷ്യനായ മിശിഹായുടെ ദാഹത്തില്‍ സംഗമിക്കുന്നു. ഈ ദാഹം ശമിപ്പിക്കുവാനുതകുന്ന ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനമാണ് മിശിഹായിലൂടെ പരിസമാപ്തിയിലെത്തുന്നത്.

"ഒരുപാത്രം നിറയെ വിനാഗിരി അവിടെ ഉണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ന്ന ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍വച്ച് അവന്‍റെ ചുണ്ടോടടുപ്പിച്ചു" (19:29). "എനിക്കു ദാഹിക്കുന്നു" എന്ന ഈശോയുടെ വാക്കുകള്‍ കേട്ടപ്പോള്‍ പടയാളികള്‍ ദാഹശമനിയെന്നവണ്ണം വിനാഗിരി കൊടുത്തതായും അത് ഈശോ സ്വീകരിച്ചതായുമാണ് യോഹന്നാന്‍ശ്ലീഹാ അവതരിപ്പിക്കുന്നത്. എന്നാല്‍ വി. മര്‍ക്കോസിന്‍റെ അവതരണത്തില്‍ 'മീറാ കലര്‍ത്തിയ വീഞ്ഞ് അവര്‍ അവനു കൊടുത്തു' എന്നും 'അവന്‍ അത് കുടിച്ചില്ല' എന്നും പറയുന്നു. ഇവിടെ വീണ്ടും ചരിത്രത്തെക്കാള്‍ പ്രാധാന്യം ദൈവശാസ്ത്രത്തിനാണ്. ഹിസോപ്പുചെടിയുടെ തണ്ട് അതാണ് സൂചിപ്പിക്കുന്നത്. പുറപ്പാടുപുസ്തകത്തില്‍ ആദ്യപെസഹാവിവരണത്തില്‍ പെസഹാക്കുഞ്ഞാടിന്‍റെ രക്തത്തില്‍ ഹിസോപ്പുകമ്പ് മുക്കി രണ്ടു കട്ടിളക്കാലുകളിലും മേല്‍പ്പടിയിലും തളിക്കുവാന്‍ നിര്‍ദ്ദേശമുണ്ട് (പുറ 12:22). ഇസ്രായേലിനെ ദൈവം രക്ഷിച്ചത് പെസഹാക്കുഞ്ഞാടിന്‍റെ ഈ രക്തംമൂലമാണ്. അതുകൊണ്ട് യോഹന്നാന്‍ശ്ലീഹാ ഇവിടെ ഈശോയെ പെസഹാക്കുഞ്ഞാടായി അവതരിപ്പിക്കുകയാണ്. യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ ഈശോയെ പെസഹാക്കുഞ്ഞാടായിട്ടാണ് അവതരിപ്പിക്കുന്നത്. ജറുസലേം ദേവാലയത്തില്‍ പെസഹാക്കുഞ്ഞാടുകള്‍ കൊല്ലപ്പെടുന്ന സമയത്ത് ഈശോ മരിക്കുന്നതായാണ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാര്‍ശ്വം പിളര്‍ക്കപ്പെടുന്ന സംഭവത്തില്‍ " അവന്‍റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്ന തിരുവെഴുത്ത് പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതു സംഭവിച്ചത്" (19:36) എന്നു പറയുന്നത് ഈശോയെ പെസഹാക്കുഞ്ഞാടായി ചിത്രീകരിക്കുവാനാണ്. അവിടുന്ന് പരസ്യജീവിതം ആരംഭിച്ച സന്ദര്‍ഭത്തില്‍ യോഹന്നാന്‍ സ്നാപകന്‍ ഈശോയ്ക്ക് സാക്ഷ്യംവഹിച്ചത്, "ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് (യോഹ 1:29). പെസഹാക്കുഞ്ഞാടായ മിശിഹായുടെ രക്തംമൂലമാണ് മനുഷ്യകുലം പാപത്തില്‍നിന്നും രക്ഷിക്കപ്പെട്ടത് എന്ന് ഈ സംഭവം സൂചിപ്പിക്കുന്നു.

'ഈശോ വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തലചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു" (19:30). ഈശോ അവിടുത്തെ രക്ഷാകരപ്രവര്‍ത്തനത്തിന്‍റെ പൂര്‍ത്തീകരണം ഇവിടെ പ്രഖ്യാപിക്കുകയാണ്. "എല്ലാം പൂര്‍ത്തിയായിരിക്കുന്നു" എന്നത് യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ കുരിശില്‍നിന്നുള്ള ഈശോയുടെ അന്തിമവചസ്സുകളാണ്. പിതാവു തന്നെ ഏല്പ്പിച്ച ജോലി,  തന്‍റെ മഹത്ത്വീകരണത്തിലൂടെ, ഈശോ പൂര്‍ത്തിയാക്കി. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവിടുന്ന് അവസാനംവരെ സ്നേഹിച്ചു (യോ 13:1). തീവ്രമായ സഹനങ്ങളുടെ മദ്ധ്യേ, സ്നേഹത്തില്‍നിന്നും പിന്തിരിയാതെ ഈശോ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കി. തന്‍റെ മഹത്ത്വീകരണത്തിലൂടെ ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനം പരിസമാപ്തിയിലെത്തിച്ചു. "അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു" എന്നു യോഹന്നാന്‍ശ്ലീഹാ പറയുന്നത് ഈശോയുടെ മഹത്ത്വീകരണത്തിലൂടെ പരിശുദ്ധാത്മാവിനെ മനുഷ്യകുലത്തിന് സംലഭ്യമാക്കി എന്ന സൂചന നല്കുന്ന ഒരു പ്രസ്താവനയാണ്. ഈശോയുടെ മരണത്തെയാണ് അത് അവതരിപ്പിക്കുന്നത്. എന്നാല്‍ മറ്റ് സുവിശേഷകന്മാര്‍ അവതരിപ്പിക്കുന്നതില്‍നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് യോഹന്നാന്‍ശ്ലീഹാ അത് അവതരിപ്പിക്കുന്നത്. പിതാവിന്‍റെ കരങ്ങളില്‍ ആത്മാവിനെ സമര്‍പ്പിച്ച് ജീവന്‍ വെടിയുന്ന ഈശോയെയാണ് ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്: "ഈശോ ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതുപറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു" (23:46). "ഈശോ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ജീവന്‍ വെടിഞ്ഞു" എന്നു മാത്രമേ മത്തായി-മര്‍ക്കോസ് സുവിശേഷകന്മാര്‍ പറയുന്നുള്ളു (മത്താ 27:50; മര്‍ക്കോ 15:37). എന്നാല്‍, "അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു" (19:30) എന്നു മാത്രമാണ് യോഹന്നാന്‍ശ്ലീഹാ രേഖപ്പെടുത്തിയിരിക്കുന്നത്. വി. യോഹന്നാന്‍റെ അഭിപ്രായത്തില്‍ മാനവകുലത്തിനു മുഴുവനുംവേണ്ടി ഈശോ തല ചായ്ച്ച് തന്‍റെ ആത്മാവിനെ സമര്‍പ്പിക്കുകയായിരുന്നു. തന്‍റെ രക്ഷാകര്‍മ്മം പൂര്‍ത്തിയാക്കിയ മിശിഹാ അതിന്‍റെ ഫലമെന്നോണം ആത്മാവിനെ നല്കുന്നതായാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.

വി. യോഹന്നാന്‍റെ സുവിശേഷപ്രകാരം അരൂപി നല്കപ്പെടുന്നത് ഈശോയുടെ മഹത്ത്വീകരണത്തിന്‍റെ ഫലമായിട്ടാണ്: "അവന്‍ ഇതു പറഞ്ഞത് തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെ ആത്മാവു നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍ ഈശോ അതുവരെയും മഹത്ത്വീകരിക്കപ്പെട്ടിരുന്നില്ല" (യോഹ 7:39). കൂടാരത്തിരുനാളിന്‍റെ പശ്ചാത്തലത്തില്‍ പറഞ്ഞ ഈ പ്രസ്താവന ഈശോയുടെ കുരിശുമരണത്തില്‍ അന്വര്‍ത്ഥമാകുകയാണ്. ഈശോ മഹത്ത്വീകരിക്കപ്പെട്ടതുവഴി ആത്മാവ് മനുഷ്യകുലത്തിന് നല്കപ്പെട്ടു.

4.5. 19:31-37, പാര്‍ശ്വം പിളര്‍ക്കപ്പെടുന്നു: കുരിശില്‍ തറയ്ക്കപ്പെട്ടിരുന്നവരുടെ ശരീരങ്ങള്‍ താഴെയിറക്കാന്‍വന്ന പടയാളികള്‍ ഈശോയോടുകൂടെ കുരിശില്‍ തറയ്ക്കപ്പെട്ടവരുടെ കാലുകള്‍ തകര്‍ത്തു. എന്നാല്‍ ഈശോ മരിച്ചു കഴിഞ്ഞതിനാല്‍ ഈശോയുടെ കാലുകള്‍ അവര്‍ തകര്‍ത്തില്ല. "എന്നാല്‍, പടയാളികളിലൊരുവന്‍ അവന്‍റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവും വെള്ളവും പുറപ്പെട്ടു" (19:34). തിരുവെഴുത്ത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചതെന്ന് സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. ഈശോയെ പുതിയ പെസഹാക്കുഞ്ഞാടായി അവതരിപ്പിക്കുന്ന സുവിശേഷകന്‍, പെസഹാക്കുഞ്ഞാടുകളുടെ അസ്ഥികള്‍ തകര്‍ക്കപ്പെടാതെ സൂക്ഷിക്കപ്പെടണമെന്ന പഴയനിയമകല്പന ഓര്‍മ്മിപ്പിക്കുന്നു (പുറ 12:46).

അതേസമയം, ഈശോയുടെ പാര്‍ശ്വം പിളര്‍ക്കപ്പെടുകയും അവിടെനിന്നു രക്തവും വെള്ളവും പുറപ്പെടുകയും ചെയ്തത് യോഹന്നാന്‍ശ്ലീഹാ പ്രത്യേകം സാക്ഷ്യപ്പെടുത്തുന്ന ഒരു സംഭവമാണ്: "അതുകണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്‍റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിന് താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു" (19:35). ബൈബിള്‍വ്യാഖ്യാതാക്കള്‍ ഇത് പ്രതീകാത്മകമായിട്ടാണ് വിശദീകരിക്കുന്നത്. രക്തം ഈശോയുടെ രക്ഷാകരപ്രവര്‍ത്തനത്തെയും, വെള്ളം പരിശുദ്ധാത്മാവിനെയും സൂചിപ്പിക്കുന്നു. ഈശോയുടെ രക്ഷാകരപ്രവര്‍ത്തനം പൂര്‍ത്തിയായതിലൂടെ പരിശുദ്ധാത്മാവ് സഭയ്ക്കും മനുഷ്യകുലത്തിനും സംലഭ്യമായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഇവിടെ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ്.

സഭാപിതാക്കന്മാര്‍ ഈ സംഭവത്തിന് കൂദാശാപരമായ ഒരു വ്യാഖ്യാനമാണ് നല്കുന്നത്. മണവാളനായ മിശിഹായുടെ പാര്‍ശ്വത്തില്‍നിന്നും അവിടുത്തെ മണവാട്ടിയായ സഭയും സഭയുടെ കൂദാശകളും ആവിര്‍ഭവിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു. പാപത്തില്‍ മനുഷ്യകുലത്തിന്‍റെ മാതാവായ ഒന്നാം ഹവ്വ ഒന്നാം ആദത്തിന്‍റെ പാര്‍ശ്വത്തില്‍നിന്നും പുറപ്പെട്ടു (ഉല്‍പ 2:21-22). അതുപോലെ രക്ഷാകരപ്രവര്‍ത്തനത്തില്‍ മനുഷ്യകുലത്തിന്‍റെ മാതാവായ സഭ - രണ്ടാം ഹവ്വ - രണ്ടാം ആദമായ മിശിഹായുടെ പാര്‍ശ്വത്തില്‍നിന്നും പുറപ്പെടുന്നു. സഭതന്നെ മിശിഹായുടെ കൂദാശയാണ്. കൂദാശകളിലൂടെയാണ് സഭയാകുന്ന അമ്മ മക്കളെ അരൂപിയില്‍ ജനിപ്പിച്ച് വളര്‍ത്തുന്നത്. രക്തവും വെള്ളവും പരി. കുര്‍ബാനയെയും മാമ്മോദീസായെയും യഥാക്രമം സൂചിപ്പിക്കുന്നു. മാമ്മോദീസായിലൂടെ മക്കളെ അരൂപിയില്‍ ജനിപ്പിച്ച് പരി. കുര്‍ബാനയിലൂടെ മക്കളെ അരൂപിയില്‍ വളര്‍ത്തുന്ന സഭ മിശിഹായുടെ പാര്‍ശ്വത്തില്‍നിന്നും പുറപ്പെടുന്നു എന്ന് ഈ സംഭവം സൂചിപ്പിക്കുന്നു.

"മറ്റൊരു തിരുവെഴുത്തു പറയുന്നു തങ്ങള്‍ കുത്തിമുറിവേല്പ്പിച്ചവനെ അവര്‍ നോക്കിനില്ക്കും" (19:37). ഇവിടെ അനുസ്മരിക്കുന്ന തിരുവെഴുത്ത് സഖ 12:10 ആകാനാണ് സാദ്ധ്യത: "ഞാന്‍ ദാവീദുഭവനത്തിന്‍റെയും ജറുസലേം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ത്ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്പ്പിച്ചവനെ നോക്കി ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും". ഈ പശ്ചാത്തലത്തില്‍, പാപത്തിന്‍റെ ഫലമായുണ്ടായ മൃത്യുവില്‍നിന്നും മാനവകുലത്തെ ജീവനിലേയ്ക്കു പ്രവേശിപ്പിക്കുന്നവനായി കുരിശില്‍ ഉയര്‍ത്തപ്പെട്ട ഈശോയെ അവതരിപ്പിച്ചിരിക്കുന്നു. കുരിശിലുള്ള ഉയര്‍ത്തപ്പെടല്‍ മഹത്ത്വത്തിലുള്ള ഉയര്‍ത്തപ്പെടലിന്‍റെ മുന്നോടിയാണ്. രണ്ടും ഒരേ സംഭവത്തിന്‍റെ - മഹത്ത്വീകരണത്തിന്‍റെ - രണ്ടു വശങ്ങളാണ്. ഈശോയുടെ മഹത്ത്വീകരണം രക്ഷയ്ക്കും ശിക്ഷയ്ക്കും കാരണമാകും എന്ന സൂചന ഇവിടെയുണ്ട്. മരുഭൂമിയില്‍ സര്‍പ്പദംശനമേറ്റവര്‍ മോശയുണ്ടാക്കിയുയര്‍ത്തിയ പിച്ചളസര്‍പ്പത്തെ നോക്കി ജീവനിലേയ്ക്കു തിരികെവന്ന സംഭവവും ഇവിടെ സ്മരിക്കേണ്ടതാണ്. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടണമെന്നും അവനില്‍ വിശ്വസിക്കുന്നവര്‍ ജീവന്‍ കണ്ടെത്തുമെന്നും യോഹ 3:14 ല്‍ പറയുമ്പോള്‍, 'വിശ്വസിക്കാത്തവനോ, ദൈവത്തിന്‍റെ ഏകജാതന്‍റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം നേരത്തെതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു എന്ന് യോഹ 3:18 ല്‍ പറയുന്നു. ഇങ്ങനെ, ഈശോയുടെ ഉയര്‍ത്തപ്പെടല്‍ വിശ്വാസത്തെയും വിശ്വാസമില്ലായ്മയെയും ആധാരമാക്കിയുള്ള രക്ഷയ്ക്കും ശിക്ഷയ്ക്കും നിര്‍ണ്ണായകമായിത്തീരുന്നു എന്ന് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്. അന്ത്യാത്മകവിധിയുടെ ഒരു സൂചനയും ഇതില്‍ കാണാം. വെളിപാടുപുസ്തകത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: "ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്പ്പിച്ചവരും അവനെപ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും അവനെ ദര്‍ശിക്കും" (1:7). ഈശോയുടെ മഹത്ത്വീകരണം മനുഷ്യകുലത്തിന്‍റെ രക്ഷയ്ക്കും ശിക്ഷയ്ക്കും നിര്‍ണ്ണായകമായിത്തീര്‍ന്നിരിക്കുന്നു എന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു.

സുവിശേഷത്തിലെ മറ്റൊരു സംഭവവും ഇവിടെ അനുസ്മരിക്കുന്നുണ്ട്. പരസ്യജീവിതത്തിന്‍റെ അവസാനഘട്ടത്തില്‍ ഈശോ തന്‍റെ മഹത്ത്വീകരണത്തെപ്പറ്റിയും ഉയര്‍ത്തപ്പെടലിനെപ്പറ്റിയും പരാമര്‍ശിക്കുന്ന സന്ദര്‍ഭമാണത്. തന്‍റെ മഹത്ത്വീകരത്തെപ്പറ്റിയുള്ള സ്മരണ ഈശോയുടെ ആത്മാവിനെ അസ്വസ്ഥമാക്കിയപ്പോള്‍ അവിടുന്ന് പിതാവിനോട് പ്രാര്‍ത്ഥിക്കുകയും പിതാവ് മഹത്ത്വീകരണത്തെ ഉറപ്പിച്ചുകൊണ്ട് പ്രത്യുത്തരിക്കുകയും ചെയ്തു. അപ്പോള്‍ ഈശോ പറഞ്ഞു: "ഇപ്പോഴാണ് ഈ ലോകത്തിന്‍റെ ന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്‍റെ അധികാരി പുറന്തള്ളപ്പെടും. ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകര്‍ഷിക്കും" (യോഹ 12:31-32). ഈശോയുടെ മഹത്ത്വീകരണം രക്ഷയ്ക്കും ശിക്ഷയ്ക്കും നിര്‍ണ്ണായകമാകുന്നതോടൊപ്പം, അതിലൂടെ എല്ലാ മനുഷ്യരെയും അവിടുത്തെ പക്കലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. ദൈവത്തിന്‍റെ രക്ഷാകരസ്നേഹം ഈശോയുടെ ഉയര്‍ത്തപ്പെടലില്‍ ലോകത്തിന് വെളിപ്പെടുന്നതുകൊണ്ട്, എല്ലാ മനുഷ്യരും ഈ സ്നേഹത്താല്‍ ആകര്‍ഷിക്കപ്പെടുമെന്നും ഇത് സൂചിപ്പിക്കുന്നു. "പാപത്തില്‍നിന്നും അശുദ്ധിയില്‍നിന്നും ദാവീദുഭവനത്തെയും ജറുസലേംനിവാസികളെയും കഴുകി വിശുദ്ധീകരിക്കാന്‍ അന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെടും" (13:1) എന്നുള്ള സഖറിയാപ്രവാചകന്‍റെ വാക്കുകളുടെ പൂര്‍ത്തീകരണവും ഇവിടെ സംഭവിക്കുന്നതായി യോഹന്നാന്‍ശ്ലീഹാ വ്യക്തമാക്കുന്നു.

വിചിന്തനം 19:19-22: കുരിശ് വെളിപ്പെടുത്തലാണ്. ഈശോയുടെ കുരിശിലുള്ള ഉയര്‍ത്തപ്പെടല്‍ ഒരു വെളിപ്പെടുത്തലായിരുന്നു; മനുഷ്യകുലത്തോടുള്ള ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ സ്വയം വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിലൂടെയാണ് ഈശോ തന്‍റെ രാജത്വം പ്രായോഗികമാക്കിയത്. മിശിഹായുടെ രാജ്യത്തിലെ അംഗങ്ങളാകുന്ന സഭാമക്കള്‍ ഈശോയില്‍ വെളിപ്പെടുത്തപ്പെട്ട ഈ ദൈവസ്നേഹത്തിന് തങ്ങളുടെ ജീവിതത്തിലൂടെ സാക്ഷ്യം വഹിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

 19:22-25: സഭയുടെ ഐക്യമാണ് ഈശോയുടെ രക്ഷാകരപ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യം. ഈശോയുടെ അന്ത്യപ്രാര്‍ത്ഥനയുടെ വിഷയവും അതായിരുന്നു. സഭാചരിത്രത്തില്‍ ശീശ്മകള്‍ പലപ്പോഴും സഭയുടെ കൂട്ടായ്മാ സ്വഭാവത്തിന് കളങ്കം വരുത്തിയിട്ടുണ്ട്. ഇങ്ങനെ സഭയുടെ ഐക്യം ശിഥിലമാക്കുന്ന പ്രവണതകള്‍ക്കെതിരേ സഭാമക്കള്‍ ജാഗരൂകരായിരിക്കണം. അതുപോലെതന്നെ, സഭൈക്യത്തിനുവേണ്ടിയുള്ള സഭയുടെ പരിശ്രമങ്ങളോട് സഹകരിക്കുകയും അവയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം.

19:25-27: പരി. കന്യകാമറിയവും സഭയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. മറിയം സഭയുടെ അമ്മയും മാതൃകയുമാണ്. സഭാമക്കള്‍ പരി. കന്യകാമറിയത്തെ സ്വന്തം അമ്മയായി സ്വീകരിക്കുകയും വിശ്വാസജീവിതത്തില്‍ അവളെ അനുകരിക്കുകയും ചെയ്യണം. പരി. കന്യകാമറിയത്തോടുള്ള ഭക്തി സഭാപാരമ്പര്യങ്ങള്‍ക്കനുസൃതമായി സഭാമക്കള്‍ എല്ലാവരും അഭ്യസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

19:28-30: കുരിശില്‍ കിടന്നുകൊണ്ട് 'എനിക്കു ദാഹിക്കുന്നു' എന്നു പറഞ്ഞ ഈശോയുടെ വാക്കുകള്‍ ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ജീവിതത്തിന് പ്രചോദനമാകണം. ദൈവത്തിനുവേണ്ടിയുള്ള മനുഷ്യന്‍റെ ദാഹത്തെക്കുറിച്ചും മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്‍റെ ദാഹത്തെക്കുറിച്ചമുള്ള അവബോധത്തോടെ ജീവിക്കുവാന്‍ അവ നമുക്കു പ്രേരകമാകണം. തന്‍റെ മഹത്ത്വീകരണത്തിലൂടെ മനുഷ്യകുലത്തിനായി ഈശോ സംലഭ്യമാക്കിയ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ടും ആത്മാവിലുള്ള ജീവിതം നയിച്ചുകൊണ്ടുമാണ് ഈശോയുടെ ദാഹം ശമിപ്പിക്കുവാന്‍ നമുക്കു സാധിക്കുന്നത്. സഭയിലൂടെയും സഭയുടെ കൂദാശകളിലൂടെയുമാണ് പരിശുദ്ധാത്മാവ് ഇന്ന് നമുക്കു സംലഭ്യനാകുന്നത്. അതുകൊണ്ട് സഭാകൂട്ടായ്മയില്‍ സജീവമായി പങ്കുചേര്‍ന്നുകൊണ്ട് പരിശുദ്ധാത്മാവില്‍ ജീവിക്കുവാന്‍ നാം പരിശ്രമിക്കണം.

19:31-37: രണ്ടാം ആദമായ മിശിഹായുടെ പാര്‍ശ്വത്തില്‍നിന്നും രണ്ടാം ഹവ്വയായി സഭ പുറപ്പെടുന്നു. ഒന്നാം ഹവ്വ മനുഷ്യകുലത്തെ പാപത്തില്‍ ജനിപ്പിച്ചുവെങ്കില്‍ രണ്ടാം ഹവ്വയാകുന്ന സഭ മനുഷ്യകുലത്തെ രക്ഷയിലും വിശുദ്ധിയിലും ജനിപ്പിക്കുന്നു. അതുകൊണ്ട് സഭയെ അമ്മയായി സ്വീകരിക്കുവാനും സ്നേഹിക്കുവാനും സഭാമക്കള്‍ കടപ്പെട്ടിരിക്കുന്നു. സഭയാകുന്ന അമ്മയുടെ ഗര്‍ഭപാത്രമായ മാമ്മോദീസാതൊട്ടിയില്‍ ദൈവപുത്രത്വത്തിലേക്കും ദൈവികജീവനിലേക്കും പിറന്നുവീണ സഭാമക്കള്‍ ജീവന്‍റെ അപ്പമായ പരി. കുര്‍ബാനയിലൂടെ സഭാമാതാവിനാല്‍ പരിപോഷിപ്പിക്കപ്പെടുന്നു. പരി.കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ജീവിതം നയിച്ചുകൊണ്ട് ദൈവപുത്രത്വത്തിലും ദൈവികജീവനിലും വളരുവാന്‍ സഭാമക്കള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കണം.

Gospel of John 19: 17-37 Scene on Calvary (Matthew 27: 32-44; Mark 15: 21-32; Luke 23: 26-43) catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message