We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021
പീഡാനുഭവവിവരണത്തിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയതും കേന്ദ്രഭാഗവുമാണ് ഇത്. പീലാത്തോസിന്‍റെ കൊട്ടാരത്തിന്‍റെ അകത്തും പുറത്തുമായി ഏഴു ചെറിയ രംഗങ്ങളായിട്ടാണ് ഈ ഭാഗം യോഹന്നാന്‍ സുവിശേഷകന്‍ ക്രമീകരിച്ചിട്ടുള്ളത്.
രംഗം 1: കൊട്ടാരത്തിനു പുറത്ത് (18:28-32) - ഈശോയുടെ കുരിശുമരണം സൂചിപ്പിക്കപ്പെടുന്നു.
രംഗം 2: കൊട്ടാരത്തിന് അകത്ത് (18:33-38മ) - ഈശോയും പീലോത്തോസും തമ്മിലുള്ള സംഭാഷണം. സംഭാഷണവിഷയം ഈശോയുടെ രാജത്വം. തന്‍റെ രാജത്വത്തിന്‍റെ സ്വഭാവം ഈശോ വിശദീകരിക്കുന്നു.
രംഗം 3: കൊട്ടാരത്തിനു പുറത്ത് (18:38യ-40) - ഈശോയുടെ രാജത്വം പ്രഖ്യാപിക്കപ്പെടുന്നു. യഹൂദര്‍ അതു തിരസ്ക്കരിക്കുന്നു.
രംഗം 4: കൊട്ടാരത്തിന് അകത്ത് (19:1-3) - ഈശോയെ പടയാളികള്‍ പരിഹസിക്കുന്നു. ഈശോയുടെ രാജത്വം പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു.
രംഗം 5: കൊട്ടാരത്തിനു പുറത്ത് (19:4-7) - "ഇതാ മനുഷ്യന്‍." ഈശോ രാജാവും വിധിയാളനുമായി പ്രഖ്യാപിക്കപ്പെടുകയും യഹൂദരാല്‍ തിരസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു.
രംഗം 6: കൊട്ടാരത്തിന് അകത്ത് (19:8-12) - ഈശോയുടെ വിധിയാളനടുത്ത വ്യക്തിത്വം വിശദീകരിക്കപ്പെടുന്നു.
രംഗം 7: കൊട്ടാരത്തിനു പുറത്ത് (19:13-16മ) - ഈശോയുടെ രാജത്വവും വിധിയാളനടുത്ത വ്യക്തിത്വവും പ്രഖ്യാപിക്കപ്പെടുന്നു. യഹൂദരാല്‍ നിര്‍ണ്ണായകമായി തിരസ്ക്കരിക്കപ്പെടുന്നു.
ഈശോയും പീലാത്തോസും യഹൂദരും ഉള്‍പ്പെട്ട ഒരു രാഷ്ട്രീയ വിചാരണയായാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഈശോയും യഹൂദരും തമ്മിലുള്ള നിര്‍ണ്ണായകമായ ഒരു ഏറ്റുമുട്ടലാണ് ഇവിടെ നടക്കുന്നത്. രാജാവും വിധിയാളനുമെന്ന ഈശോയുടെ വ്യക്തിത്വം വ്യക്തമായി പുറത്തുകൊണ്ടുവരികയും രാജാവും വിധിയാളനുമായ ഈശോയെ യഹൂദര്‍ നിര്‍ണ്ണായകമായി തിരസ്ക്കരിക്കുകയും ചെയ്യുന്ന ഒരു രംഗമായാണ് ഈ ഭാഗം സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. ഇവിടെ ഈശോയെ രാജാവും രക്ഷകനുമായി എടുത്തുകാണിക്കുന്നു.
രംഗം 1: കൊട്ടാരത്തിനു പുറത്ത് (18:28-32) ഈശോയുടെ കുരിശുമരണം സൂചിപ്പിക്കപ്പെടുന്നു: ഈശോ കുരിശില്‍ തറയ്ക്കപ്പെട്ടു മരിക്കേണ്ടതാണെന്ന വസ്തുത ആദ്യ രംഗം ഓര്‍മ്മിപ്പിക്കുന്നു. വധശിക്ഷയ്ക്കുള്ള അധികാരം യഹൂദര്‍ക്കില്ലായിരുന്നു. അത് റോമന്‍ ഭരണാധികാരികള്‍ക്കുള്ളതായിരുന്നു. മാത്രമല്ല, യഹൂദരുടെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലുന്ന പതിവാണുണ്ടായിരുന്നത് (ലേവാ 24:16; നിയമാ 17:7). ക്രൂശിക്കല്‍ റോമന്‍ വധശിക്ഷയായിരുന്നു. അതുകൊണ്ടുകൂടെയാണ് യഹൂദര്‍ ഈശോയെ വിസ്താരത്തിനായി പീലാത്തോസിന്‍റെ പക്കല്‍ കൊണ്ടുവന്നത്. യോഹന്നാന്‍റെ സുവിശേഷം പ്രതീകങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഒരു സുവിശേഷമാണ്. ഈശോയെ പീലാത്താസിന്‍റെ പക്കലേക്കു കൊണ്ടുപോയത് പുലര്‍ച്ചയായപ്പോഴാണ് (18:28) എന്ന പ്രസ്താവനയില്‍ പ്രതീകാത്മകമായ ഒരു അര്‍ത്ഥമുണ്ട്. ഈശോ ലോകത്തിന്‍റെ പ്രകാശമാണ് എന്നത് ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നു. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈശോ പ്രകാശമാണെന്നത് പലപ്രാവശ്യം പ്രഖ്യാപിക്കപ്പെടുന്നുണ്ട് (8:12; 9:4-5). ആരും കണ്ടിട്ടില്ലാത്ത ദൈവത്തെ ലോകത്തിന് കാണിച്ചു കൊടുക്കുന്നവനെന്ന നിലയിലാണ് ഈശോ ലോകത്തിന്‍റെ പ്രകാശമാകുന്നത്. തന്‍റെ ജീവിതത്തിലൂടെയാണ് താന്‍ ലോകത്തിന്‍റെ പ്രകാശമായതെന്ന് ഈശോ തന്നെ പറയുന്നുണ്ട്. ജന്മനാ അന്ധനായവനെ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തില്‍ അവിടുന്ന് പറയുന്നു: "എന്നെ അയച്ചവന്‍റെ പ്രവൃത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു. ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്" (9:4-5). ഈലോകജീവിതത്തിന്‍റെ പൂര്‍ത്തീകരണമാണ് മരണം. ജീവിച്ചിരുന്നപ്പോള്‍ തന്‍റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ജീവിതത്തിലൂടെയും സ്നേഹമാകുന്ന ദൈവത്തെ അവിടുന്ന് ലോകത്തിനു വെളിപ്പെടുത്തി. ഇപ്പോള്‍ പീലാത്തോസിന്‍റെ വിധിതീര്‍പ്പിലൂടെ ഈശോയുടെ മരണം നിശ്ചയിക്കപ്പെടും. മനുഷ്യകുലം മുഴുവനുംവേണ്ടി സ്വജീവിതം അര്‍പ്പിക്കുന്നതിലൂടെ സ്നേഹമാകുന്ന ദൈവം നിര്‍ണ്ണായകമാംവിധം ലോകത്തിന് വെളിപ്പെടുത്തപ്പെടും.
"അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേ ണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല" (18:28യ). ഈശോയുടെ കുരിശുമരണദിവസത്തെ സംബന്ധിച്ച് യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷവും സമാന്തരസുവിശേഷങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. സമാന്തരസുവിശേഷങ്ങളില്‍ ഈശോ പെസഹാതിരുനാളില്‍ ശിഷ്യരോടൊന്നിച്ച് പെസഹാഭക്ഷണം കഴിച്ചതിനുശേഷമാണ് പീഡാനുഭവത്തിലേക്കു കടന്നത്. എന്നാല്‍ യോഹന്നാന്‍ സുവിശേഷകന്‍റെ വിവരണമനുസരിച്ച് ഈശോ പീലാത്തോസിന്റെ മുമ്പില്‍ ആനയിക്കപ്പെടുമ്പോള്‍ പെസഹാഭക്ഷണം നടന്നിട്ടില്ല. ചരിത്രപരമായി ഏതു വിവരണമാണ് ശരിയായിട്ടുള്ളതെന്നത് ബൈബിള്‍ പണ്ഡിതരുടെയിടയില്‍ തര്‍ക്കവിഷയമാണ്. ഒരു കാര്യം തീര്‍ച്ചയാണ്. സുവിശേഷകന്മാരുടെ ദൈവശാസ്ത്രപരമായ ഊന്നലുകളാണ് ഈ വ്യത്യാസത്തിനടിസ്ഥാനം. സമാന്തരസുവിശേഷങ്ങള്‍ പെസഹാ അത്താഴത്തിനും പരിശുദ്ധകുര്‍ബാന സ്ഥാപനത്തിനും പ്രാധാന്യം നല്കുമ്പോള്‍ യോഹന്നാന്‍ശ്ലീഹാ ഈശോയുടെ മരണത്തിനാണ് പ്രാധാന്യം നല്കുന്നത്. പെസഹാകുഞ്ഞാടുകള്‍ ജറുസലേം ദൈവാലയത്തില്‍ കൊല്ലപ്പെടുന്ന സമയത്തുതന്നെ പുതിയ പെസഹാക്കുഞ്ഞാടായ ഈശോ കുരിശില്‍ കൊല്ലപ്പെടുന്നു എന്ന് കാണിക്കുവാനുള്ള യോഹന്നാന്‍സുവിശേഷകന്‍റെ പരിശ്രമമാണ് ഈ വ്യത്യാസത്തിനു കാരണം.
യഹൂദര്‍ ഈശോയെ പീലാത്തോസിന് ഏല്പിച്ചു കൊടുത്തത് അവിടുത്തെ ബോധപൂര്‍വ്വം കൊലപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു. വധശിക്ഷയ്ക്കര്‍ഹമായ ഒരു കുറ്റാരോപണമാണ് പീലാത്തോസിന്‍റെ മുമ്പില്‍ അവര്‍ നടത്തിയത്-'സ്വയം രാജാവാകുക'. ഇതിന് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു. പ്രധാന പുരോഹിതന്‍റെ മുമ്പില്‍ അവര്‍ ഈശോയില്‍ ആരോപിച്ചത് ദൈവദൂഷണമായിരുന്നു എന്നാല്‍ അത് പീലാത്തോസിന്‍റെ മുമ്പില്‍ വധശിക്ഷയ്ക്ക് കാരണമാകുകയില്ല എന്ന ബോദ്ധ്യത്തിലായിരിക്കണം ഈ ആരോപണവുമായി അവര്‍ പീലാത്തോസിനെ സമീപിച്ചത്. ഇവിടെ യഹൂദര്‍ സത്യം വളച്ചൊടിക്കുകയാണ്. അതുപോലെതന്നെ അവര്‍ ദൈവത്തിന്‍റെ രാജത്വത്തെ നിഷേധിക്കുകയും ചെയ്യുന്നു. 'നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമോ' എന്നു പീലാത്തോസ് ചോദിച്ചപ്പോള്‍ പുരോഹിതപ്രമുഖന്മാര്‍ പറഞ്ഞു: "സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല" (19:15). ദൈവം മാത്രമാണ് രാജാവ് എന്ന നിലപാടിലായിരുന്ന യഹൂദജനത (1 സാമു 12:12; ന്യായാ 8:23) ദൈവത്തിന്‍റെ രാജത്വം നിഷേധിക്കുന്നു. ഇതിന്‍റെയെല്ലാം കാരണം അവര്‍ക്ക് ഈശോയോടുള്ള കടുത്ത വിദ്വേഷവും വെറുപ്പുമായിരുന്നു.
മറുവശത്ത് നാം ദര്‍ശിക്കുന്നത് യഹൂദപ്രമാണികളുടെ മതനിഷ്ഠയാണ്: "അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല" (18:28). ഒരേ സമയം മതതീക്ഷ്ണതയും മനുഷ്യവിദ്വേഷവും വച്ചു പുലര്‍ത്തുന്ന സ്ഥിതിവിശേഷം! "ഈ മനുഷ്യനെതിരെ എന്താരോപണമാണ് നിങ്ങള്‍ കൊണ്ടുവരുന്നത്?" (18:29) എന്നു പീലാത്തോസ് ചോദിച്ചപ്പോള്‍, അവര്‍ പറഞ്ഞു: "ഇവന്‍ തിന്മ പ്രവര്‍ത്തിക്കുന്നവനല്ലെങ്കില്‍ ഞങ്ങള്‍ ഇവനെ നിനക്കേല്പിച്ചു തരികയില്ലായിരുന്നു" (18:30). 'നിങ്ങള്‍ത്തന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ച് വിധിച്ചുകൊള്ളുവിന്‍' എന്നു പീലാത്തോസ് പറഞ്ഞപ്പോള്‍ 'ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല' എന്നാണ് അവര്‍ മറുപടി പറഞ്ഞത് (18:31). ഈശോയെ വധിക്കണം എന്ന ഒരു ലക്ഷ്യം മാത്രമാണ് ഇവിടെ യഹൂദരില്‍ കാണുക. ഒരേ സമയം മതനിഷ്ഠയും കടുത്ത വിദ്വേഷവും വച്ചു പുലര്‍ത്തുന്ന പ്രതീതിയാണ് ഈ രംഗം നല്കുന്നത്.
രംഗം 2: കൊട്ടാരത്തിന് അകത്ത് (18:33-38മ) - ഈശോയുടെ രാജത്വത്തിന്‍റെ സ്വഭാവം: "പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് ഈശോയെ വിളിച്ച് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ?" (18:33). റോമന്‍ ഭരണകൂടത്തിന് ഭീഷണിയുയര്‍ത്തുന്ന ഒരു ആരോപണമായിരുന്നു യഹൂദര്‍ ഈശോയില്‍ ആരോപിച്ചത്. അതുകൊണ്ടാണ് പീലാത്തോസ് രാജത്വത്തെപ്പറ്റി ചോദ്യം ചെയ്യുന്നത്. പക്ഷേ, തന്‍റെ രാജ്യം ഐഹികമല്ല എന്ന് ഈശോ വ്യക്തമായി പറഞ്ഞു (18:36). അതുകൊണ്ട് അത് റോമന്‍ അധികൃതര്‍ക്ക് ഒരു ഭീഷണിയുമാകുന്നില്ല. "അവനില്‍ ഞാന്‍ ഒരു കുറ്റവും കാണുന്നില്ല" (18:38) എന്ന് പീലാത്തോസ് പറയാന്‍ കാരണവും അതുതന്നെയാണ്. ഈ പശ്ചാത്തലത്തില്‍ തന്‍റെ രാജത്വത്തിന്‍റെ സ്വഭാവം ഈശോ വ്യക്തമാക്കുകയാണ് (18:37). സത്യത്തിന് സാക്ഷ്യം നല്കുക എന്നതാണ് അവിടുത്തെ രാജത്വത്തിന്‍റെ സ്വഭാവം. 'സത്യം' എന്നത് 'വചനം' അഥവാ 'ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തല്‍' ആണ് (17:17). ഈശോ ലോകത്തിലേക്കു വന്നത് ദൈവത്തെ ലോകത്തിനു വെളിപ്പെടുത്താന്‍ വേണ്ടിയാണ് (1:18). ഈശോയിലൂടെയുള്ള ഈ വെളിപ്പെടുത്തല്‍ സ്വീകരിച്ച് അതിന് വിശ്വാസത്തിലൂടെ ക്രിയാത്മകമായി പ്രത്യുത്തരിക്കുന്നവരാണ് തന്‍റെ രാജ്യത്തിലെ അംഗങ്ങള്‍ എന്ന് ഈശോ ഇവിടെ വ്യക്തമാക്കുന്നു.
രംഗം 3: കൊട്ടാരത്തിനു പുറത്ത് (18:38യ-40) ഈശോയുടെ രാജത്വം പ്രഖ്യാപിക്കപ്പെടുന്നു: ഈശോയില്‍ ഒരു കുറ്റവും കാണുന്നില്ല എന്നും പെസഹാദിവസം ഒരു തടവുകാരനെ വിട്ടുകൊടുക്കുന്ന പതിവനുസരിച്ച് യഹൂദരുടെ രാജാവായ ഈശോയെ വിട്ടുകൊടുക്കട്ടെയോ എന്നും പീലാത്തോസ് കൊട്ടാരത്തിനു പുറത്തിറങ്ങി അവരോടു പറഞ്ഞു. ഇതിലൂടെ പീലാത്തോസ് യഹൂദരുടെ മുമ്പില്‍ ഈശോയുടെ രാജത്വം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ യഹൂദര്‍ ഈ മനുഷ്യനെ അല്ല, കൊള്ളക്കാരനായ ബറാബ്ബാസിനെ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു (18:38യ -40). ഇപ്രകാരം പീലാത്തോസിനാല്‍ പ്രഖ്യാപിക്കപ്പെട്ട ഈശോയുടെ രാജത്വം യഹൂദരാല്‍ തിരസ്ക്കരിക്കപ്പെടുന്നു. ഈശോയുടെ രാജത്വവും മെശയാനികതയും യഹൂദരുടെ പ്രതീക്ഷയ്ക്ക് അനുസൃതമായിരുന്നില്ല. ഒരു രാഷ്ട്രീയ വിമോചകനെയാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്. അതിനാലാണ് അവര്‍ ഈശോയെ തിരസ്ക്കരിച്ച് ബറാബ്ബാസിനെ മോചിപ്പിക്കുവാന്‍ ആവശ്യപ്പെട്ടത്.
ഈശോ നിരപരാധിയാണെന്ന സത്യം അറിഞ്ഞിട്ടും ആ സത്യത്തെ സ്വീകരിക്കുവാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും പീലാത്തോസ് തയ്യാറായില്ല. "സത്യത്തില്‍നിന്നുള്ളവന്‍ എന്‍റെ സ്വരം കേള്‍ക്കുന്നു" എന്ന ഈശോയുടെ വാക്കുകള്‍ പീലാത്തോസിന് ഒരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ആ വെല്ലുവിളി സ്വീകരിക്കുവാന്‍ പീലാത്തോസിനു കഴിഞ്ഞില്ല. തന്‍റെ സ്ഥാനമാനങ്ങള്‍ക്ക് കോട്ടം സംഭവിക്കാമെന്ന ആശങ്കയായിരിക്കണം പീലാത്തോസിനെ ഭരിച്ചത്. ഈശോയെയും ബറാബ്ബാസിനെയും വച്ച് വിലപേശുവാന്‍ പീലാത്തോസ് തയ്യാറായി. പെസഹാദിവസം ഒരു തടവുകാരനെ വിട്ടുകൊടുക്കുന്ന പതിവിന്‍റെ മറവില്‍ ഈശോയെ രക്ഷിക്കുവാന്‍ പീലാത്തോസ് പരിശ്രമിച്ചു. എന്നാല്‍ ആ പരിശ്രമം പരാജയപ്പെട്ടു.
ബറാബ്ബാസിന് പിന്നീട് എന്തു സംഭവിച്ചു എന്ന് യോഹന്നാന്‍ പറയുന്നില്ല. വി. മര്‍ക്കോസിന്‍റെ സുവിശേഷം ബറാബ്ബാസിന്‍റെ മോചനത്തെപ്പറ്റി പറയുന്നുണ്ട്: "പീലാത്തോസ് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ തീരുമാനിച്ചുകൊണ്ട് ബറാബ്ബാസിനെ അവര്‍ക്ക് വിട്ടുകൊടുക്കുകയും ഈശോയെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനുശേഷം ക്രൂശിക്കാന്‍ ഏല്പിച്ചു കൊടുക്കുകയും ചെയ്തു" (15:15). വിടുതലിനുശേഷം പിന്നീട് ബറാബ്ബാസിനെപ്പറ്റി ആരും ഒന്നും പറയുന്നില്ല. ഈ പശ്ചാത്തലത്തില്‍ ബറാബ്ബാസിനെപ്പറ്റി പല കഥകളും പിന്നീട് ചമയ്ക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഒന്ന് അവന്‍റെ മാനസാന്തരമാണ്. തടവില്‍നിന്നുള്ള തന്‍റെ വിമോചനം ഈശോയിലൂടെയാണ് സംഭവിച്ചത് എന്നു മനസ്സിലാക്കിയ ബറാബ്ബാസ് അവിടുത്തെ അനുധാവനം ചെയ്തു. കാല്‍വരിയില്‍ തന്‍റെ സ്ഥാനത്ത് കുരിശില്‍ തറയ്ക്കപ്പെട്ട ഈശോയുടെ മരണം അവന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു. അതിന്‍റെ ഫലമായി ബറാബ്ബാസ് തന്‍റെ ചെയ്തികളെക്കുറിച്ച് അനുതപിക്കുകയും മിശിഹായുടെ അനുഗാമികളില്‍ ഒരുവനായിത്തീരുകയും ചെയ്തു. ഇത് ശരിയോ തെറ്റോ ആയിരിക്കാം. എന്നാല്‍ ഒന്നു തീര്‍ച്ചയാണ്. ഈശോ മരിച്ചത് ബറാബ്ബാസിനുവേണ്ടിക്കൂടിയാണ്. ഇത് വി. പൗലോസിന്‍റെ പ്രസ്താവനയെ ഓര്‍മ്മിപ്പിക്കുന്ന ഒരു സംഭവമാണ്: "എന്‍റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്" (ഗലാ 2:20).
രംഗം 4: കൊട്ടാരത്തിന് അകത്ത് (19:1-3) ഈശോയുടെ രാജത്വത്തിന്‍റെ പ്രതീകാത്മക പ്രഖ്യാപനം: പീലാത്തോസിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെട്ട ഈശോ നേരിടേണ്ടി വന്ന റോമന്‍ വിചാരണയുടെ രണ്ടാം ഭാഗമാണ് 19-ാം അദ്ധ്യായത്തിന്‍റെ ആദ്യഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത് (1-16മ). ഈ ഭാഗത്ത് ഈശോ വിചാരണ ചെയ്യപ്പെടുക മാത്രമല്ല, സഹനത്തിന്‍റെ വിവിധ തലങ്ങളിലൂടെ കടന്നുപോകേണ്ടിയും വരുന്നു - ചമ്മട്ടികൊണ്ട് അടിക്കപ്പെടുന്നു; മുള്‍ക്കിരീടം അണിയിക്കപ്പെടുന്നു; പരിഹസിക്കപ്പെടുന്നു; കുരിശില്‍ തറയ്ക്കപ്പെടാന്‍ വിട്ടുകൊടുക്കപ്പെടുന്നു. ഇതിലൂടെ പഴയനിയമത്തില്‍ പ്രവചിക്കപ്പെട്ട സഹനദാസന്‍റെ ചിത്രം ഈശോയില്‍ അന്വര്‍ത്ഥമാകുന്നു. ഈശോയുടെ പീഡാനുഭവം ആദിമസഭ മനസ്സിലാക്കിയത് പഴയനിയമലിഖിതങ്ങളിലൂടെയാണ്. എമ്മാവൂസിലേക്കുപോയ ശിഷ്യന്മാര്‍ക്ക് ഉത്ഥിതനായ ഈശോ നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും വെളിച്ചത്തില്‍ തന്‍റെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും പൊരുള്‍ മനസ്സിലാക്കി കൊടുത്തത്, ആദിമസഭ ഈശോയുടെ പീഡാനുഭവത്തെ മനസ്സിലാക്കിയതിന്‍റെ ഒരു പ്രതീകമാണ്. അവിടുത്തെ പീഡാനുഭവവും മരണവും ഉയിര്‍പ്പും ശരിയായവിധം സഭ മനസ്സിലാക്കിയത് പഴയനിയമലിഖിതങ്ങളുടെ പശ്ചാത്തലത്തിലാണ്. പ്രത്യേകിച്ച്, 22-ാം സങ്കീര്‍ത്തനത്തില്‍ വിവരിക്കുന്ന നീതിമാന്‍റെയും ഏശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ അവതരിപ്പിക്കപ്പെടുന്ന സഹനദാസന്‍റെയും (50; 52:13-53) ചിത്രങ്ങളാണ് ഈശോയുടെ പീഡാനുഭവത്തെ അവതരിപ്പിക്കുവാന്‍ ആദിമസഭയ്ക്ക് നിര്‍ണ്ണായകമായത്.
പീലാത്തോസ് കൊട്ടാരത്തിനകത്തു പ്രവേശിച്ച് ഈശോയെ ചമ്മട്ടി കൊണ്ടടിക്കാന്‍ പടയാളികളെ ഏല്പിച്ചു. പടയാളികള്‍ ചമ്മട്ടി കൊണ്ടടിക്കുകയും ഒരു മുള്‍ക്കിരീടമുണ്ടാക്കി ഈശോയുടെ തലയില്‍ വയ്ക്കുകയും ചെയ്തു (19:1). അവര്‍ ഈശോയെ ചെമന്ന മേലങ്കി ധരിപ്പിക്കുകയും 'യഹൂദരുടെ രാജാവേ സ്വസ്തി' എന്നുപറഞ്ഞ് കൈകൊണ്ട് പ്രഹരിക്കുകയും ചെയ്തു. ഇവിടെ വീണ്ടും ഈശോയുടെ രാജത്വം പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുകയാണ്. അതോടൊപ്പം തിരസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു.
പീലാത്തോസിന്‍റെ കല്പനപ്രകാരം ചമ്മട്ടിയടിയേല്‍ക്കുന്ന ഈശോ ഏശയ്യായുടെ പ്രവചനത്തിലെ സഹനദാസനാണ്: "അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്ക് കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദയില്‍നിന്നും തുപ്പലില്‍നിന്നും ഞാന്‍ മുഖം തിരിച്ചില്ല" (ഏശ 50:6). ഈശോയുടെ പീഡാനുഭവം നേരില്‍ കണ്ടതുപോലെയാണ് പ്രവാചകന്‍ വിവരിക്കുന്നത്. ഇതുകൊണ്ടായിരിക്കാം ഏശയ്യാപ്രവാചകനെ 'അഞ്ചാം സുവിശേഷകന്‍' എന്നു വിളിക്കാറുള്ളത്. സഹനത്തിനും നിന്ദനത്തിനും മദ്ധ്യേ സ്നേഹം കൈവെടിയാതെ മുന്നോട്ടു നീങ്ങുന്ന ഈശോയെയാണ് നാമിവിടെ ദര്‍ശിക്കുക. അവിടുത്തെ ജീവിതവും മരണവും ഒരു സ്നേഹബലിയര്‍പ്പണമായിരുന്നു. ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹമാണ് ഈ പാപപരിഹാരബലിയര്‍പ്പിക്കാന്‍ അവിടുത്തെ പ്രേരിപ്പിച്ചത്.
ദൈവത്തോടുള്ള ഈശോയുടെ സ്നേഹമാണ് ഈ സഹനം ഏറ്റെടുക്കുവാന്‍ അവിടുത്തെ പ്രേരിപ്പിച്ചത്. ഇതിന്‍റെ സൂചനകള്‍ സഹനദാസന്‍റെ കീര്‍ത്തനത്തില്‍ നമുക്കു കാണുവാന്‍ കഴിയും: "പരിക്ഷീണന് ആശ്വാ സം നല്കുന്ന വാക്ക് ദൈവമായ കര്‍ത്താവ് ശിഷ്യനെയെന്നപോലെ എന്നെ അഭ്യസിപ്പിച്ചു. പ്രഭാതംതോറും അവിടുന്ന് എന്‍റെ കാതുകളെ ശിഷ്യനെയെന്നപോലെ ഉണര്‍ത്തുന്നു. ദൈവമായ കര്‍ത്താവ് എന്‍റെ കാതുകള്‍ തുറന്നു. ഞാന്‍ എതിര്‍ക്കുകയോ പിന്‍മാറുകയോ ചെയ്തില്ല" (എശ 50:4-5). പീഡനങ്ങളുടെ മദ്ധ്യേ ശ്രവണാത്മകപ്രാര്‍ത്ഥനാമനോഭാവത്തോടെ ദൈവഹിതത്തിന് കാതോര്‍ക്കുന്ന ഒരു നിലപാടാണ് ഈശോ പുലര്‍ത്തിയിരുന്നത്. തന്‍റെ പിതാവുമായുള്ള പുത്രനടുത്ത ബന്ധമാണ് പീഡാനുഭവവേളയിലുടനീളം ഈശോയെ നയിച്ചിരുന്നത്. കുരിശില്‍ കിടന്നുകൊണ്ടുള്ള പ്രാര്‍ത്ഥനയില്‍ ആദ്യത്തേതും അവസാനത്തേതും പിതാവിനെ സംബോധന ചെയ്തുകൊണ്ടുള്ളതാണ്: "പിതാവേ, അവരോടു ക്ഷമിക്കണമേ. അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല" (ലൂക്കാ 23:34); "പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു" (ലൂക്കാ 23:46). പിതാവിനോടുള്ള സ്നേഹത്തിന്‍റെ അനുസരണമാണ് പീഡനങ്ങളുടെ മദ്ധ്യേ ഈശോ അഭ്യസിച്ചത്.
"അവര്‍ അവന്‍റെ അടുക്കല്‍ വന്ന് യഹൂദരുടെ രാജാവേ, സ്വസ്തി! എന്നു പറഞ്ഞ് കൈകൊണ്ട് അവനെ പ്രഹരിച്ചു" (19:3). പീഡാനുഭവവേളയില്‍ ഒരു പരിഹാസവര്‍ഷംതന്നെ ഈശോയുടെമേല്‍ ഉണ്ടായി. റോമന്‍ ഗവര്‍ണ്ണരായിരുന്ന പീലാത്തോസ് ഈശോയെ പരിഹാസത്തിന് വിധേയനാക്കി. "ഹേറോദേസ് പടയാളികളോടു ചേര്‍ന്ന് അവനോട് നിന്ദ്യമായി പെരുമാറുകയും അവനെ അധിക്ഷേപിക്കുകയും ചെയ്തു. അവന്‍ ഈശോയെ പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്‍റെ അടുത്തേക്കു തിരിച്ചയച്ചു" (ലൂക്കാ 23:11). എശയ്യാപ്രവാചകനിലെ സഹനദാസന്‍റെ ചിത്രമാണ് ഇവിടെയും അന്വര്‍ത്ഥമാവുക: "അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചു കളഞ്ഞു" (എശ 53:3). സഹനദാസനായ ഈശോ ഈ പരിഹാസമെല്ലാം ക്ഷമയോടെ സഹിച്ചത് ദൈവഹിതത്തിനു വിധേയമായി മാത്രമല്ല, മനുഷ്യരുടെ പാപപരിഹാരത്തിനുവേണ്ടിക്കൂടിയാണ്. ഇതും ഏശയ്യാപ്രവാചകന്‍ വ്യക്തമാക്കുന്നുണ്ട്: "നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍ ദൈവം അവനെ പ്രഹരിക്കുകും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്പ്പിപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി അവന്‍ ക്ഷതമേല്പ്പിക്കപ്പെട്ടു. അവന്‍റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്കി. അവന്‍റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു" (ഏശ 53:4-6). സഹനദാസന്‍റെ സഹനത്തിന് വികാരിയ്ക്കടുത്ത സഹനം (ഢശരമൃശീൗെ ടൗളളലൃശിഴ) എന്നാണ് പറയുക. മറ്റൊരാള്‍ക്കു പകരം സഹിക്കുക എന്നാണ് ഇതിന്‍റെ അര്‍ത്ഥം. മനനുഷ്യരുടെ പാപങ്ങള്‍ക്കു പരിഹാരമായിട്ടാണ് ഈശോ ഈ സഹനങ്ങളിലൂടെ കടന്നു പോയത്.
ഈശോയുടെ പീഡാസഹനം മുഴുവന്‍ പിതാവിന്‍റെ സന്നിധിയിലുള്ള ഒരു പ്രാര്‍ത്ഥനയായിട്ടാണ് ഹെബ്രായലേഖനം അവതരിപ്പിക്കുന്നത്: "തന്‍റെ ഐഹികജീവിതകാലത്ത് മിശിഹാ മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ത്ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്‍റെ ദൈവഭയംമൂലം അവന്‍റെ പ്രാര്‍ത്ഥന കേട്ടു" (ഹെബ്രാ 5:7). ഇത് വെറും പ്രാര്‍ത്ഥനയല്ല; പുരോഹിതപരമായ പ്രാര്‍ത്ഥനയാണ്. ഈശോയുടെ പൗരോഹിത്യത്തെപ്പറ്റി പറയുന്ന പശ്ചാത്തലത്തിലാണ് ഈ പ്രാര്‍ത്ഥനയെപ്പറ്റി പരാമര്‍ശിക്കുന്നത്: "അവിടുന്നു വീണ്ടും പറയുന്നു: മെല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതനാണ്" (ഹെബ്രാ 5:6). "എന്തെന്നാല്‍ മെല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം അവന്‍ പ്രധാനപുരോഹിതനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടു" (ഹെബ്രാ 5:10). ഈശോയുടെ പീഡാനുഭവം മുഴുവനും നിത്യപുരോഹിതനെന്ന നിലയില്‍ ദൈവത്തിന്‍റെ മുമ്പില്‍ മനുഷ്യര്‍ക്കുവേണ്ടി അവിടുന്ന് അര്‍പ്പിച്ച പാപപരിഹാരബലിയായിരുന്നു. വി. പൗലോസ്ശ്ലീഹാ മിശിഹായുടെ ജീവിതബലിയര്‍പ്പണത്തെ പാപപരിഹാരബലിയായി വിശേഷിപ്പിക്കുന്നുണ്ട്: "വിശ്വാസംവഴി സംലബ്ധമാകുന്ന രക്തം കൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചുതന്നു" (റോമാ 3:25). പഴയനിയമത്തില്‍ ഉടമ്പടിയും കൂടാരത്തിന്‍റെ മുകള്‍ഭാഗത്ത് ബലിരക്തം ഒഴിച്ച് പുരോഹിതന്‍ പാപപരിഹാരബലിയര്‍പ്പിച്ചതുപോലെ നിത്യപുരോഹിതനായ ഈശോ മനുഷ്യരുടെ പാപങ്ങള്‍ ഏറ്റെടുത്ത് തന്‍റെ സ്വന്തം രക്തം -പീഡാനുഭവം- പിതാവിന്‍റെ മുമ്പില്‍ സമര്‍പ്പിച്ച് പാപപരിഹാരബലിയര്‍പ്പിക്കുകയാണ്. അതിലൂടെ നാം പാപത്തില്‍നിന്നും മോചിതരായി വിശുദ്ധീകരിക്കപ്പെടുന്നു.
രംഗം 5: കൊട്ടാരത്തിന് പുറത്ത് (19:4-7) - ഈശോ രാജാവും വിധിയാളനുമെന്ന പ്രഖ്യാപനം: പീലാത്തോസ് ഈശോയുമായി പുറത്തുവരുന്നു. മുള്‍ക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച് ഈശോ പുറത്തേയ്ക്കു വന്നു (19:5). രാജത്വത്തിന്‍റെ അടയാളങ്ങളാണ് കിരീടവും മേലങ്കിയും. അതോടൊപ്പം പീലാത്തോസ് ഈശോയെ കാണിച്ചുകൊണ്ടു പറയുന്നു: "ഇതാ മനുഷ്യന്‍". തന്‍റെ അധികാരത്തിനു ഭീഷണിയാകുമെന്ന് യഹൂദന്മാര്‍ പറഞ്ഞ ഈശോയുടെ നിസ്സഹായാവസ്ഥ പീലാത്തോസ് എടുത്തുകാണിക്കുകയാണ്. അതോടൊപ്പം ഈശോയുടെ നിഷ്ക്കളങ്കതയും ഇതിലൂടെ പീലാത്തോസ് പ്രഖ്യാപിക്കുകയാണ്. ഈ പ്രഖ്യാപനത്തില്‍ അറിയാതെയാണെങ്കിലും പീലാത്തോസ് പഴയനിയമത്തിലെ ഒരു പ്രഖ്യാപനം അനുസ്മരിപ്പിക്കുന്നു. സാവൂളിനെ സാമുവേലിന്‍റെ മുമ്പില്‍ കൊണ്ടുവന്നുകൊണ്ട് കര്‍ത്താവ് പറഞ്ഞ വാക്കുകള്‍ ഇവിടെ അനുസ്മരിക്കപ്പെടുന്നു: "സാവൂള്‍ സാമുവേലിന്‍റെ ദൃഷ്ടിയില്‍ പെട്ടപ്പോള്‍ കര്‍ത്താവ് സാമുവേലിനോടു പറഞ്ഞു: ഞാന്‍ നിന്നോടു പറഞ്ഞ മനുഷ്യന്‍ ഇവനാണ്. എന്‍റെ ജനത്തെ ഭരിക്കുന്നവന്‍ ഇവന്‍തന്നെ" (1 സാമു 1:17). 'ഇതാ മനുഷ്യന്‍' എന്ന പ്രഖ്യാപനം ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ കാണുന്ന മനുഷ്യപുത്രനെക്കുറിച്ചുള്ള പ്രവചനത്തെയും ഓര്‍മ്മിപ്പിക്കുന്നു: "നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു. ഇതാ വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു... എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അവനു നല്കി" (ദാനി 7:13-14). ദാനിയേല്‍ കണ്ട ഈ മനുഷ്യപുത്രന്‍ വിധിയാളനായ മിശിഹായുടെ മുന്നോടിയാണ് (മത്താ 25:31-46). അതുകൊണ്ട് പീലാത്തോസ് ഇവിടെ ഈശോയെ രാജാവും വിധിയാളനുമായി പ്രഖ്യാപിക്കുകയാണ്. എന്നാല്‍ ഇതിന് യഹൂദരുടെ ഭാഗത്തുനിന്ന് "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക" എന്ന പ്രതികരണമാണ് ലഭിച്ചത് (19:6). "അപ്പോള്‍ പീലാത്തോസ് പറഞ്ഞു: നിങ്ങള്‍ത്തന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍ ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല" (16:6). ക്രൂശിക്കല്‍ റോമന്‍ ഭരണാധികാരികളുടെ അധികാരപരിധിയില്‍ മാത്രം പെട്ടതാണെന്ന് അറിയാമായിരുന്നിട്ടും തന്‍റെ ഈ വാക്കുകളിലൂടെ പീലാത്തോസ് ഈശോയുടെ നിഷ്ക്കളങ്കത ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കുകയാണ്. തങ്ങള്‍ ഈശോയില്‍ ആരോപിച്ച രാഷ്ട്രീയ കുറ്റാരോപണം വിലപ്പോകില്ലെന്നു കണ്ടപ്പോള്‍ ഈശോയെ കൊല്ലുവാന്‍ അവര്‍ ആഗ്രഹിച്ചതിന്‍റെ യഥാര്‍ത്ഥ കാരണം യഹൂദര്‍ തുറന്നുപറയുന്നു. ഈശോ തന്നെത്തന്നെ ദൈവപുത്രനായി അവതരിപ്പിച്ചത് (യോഹ 10:36) ദൈവദൂഷണമായി അവര്‍ കരുതി (8:56-59; 10:33). ദൈവദൂഷണം പറയുന്നവരെ കല്ലെറിയണമെന്ന നിയമമാണ് (ലേവാ 24:16) അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
രംഗം 6: കൊട്ടാരത്തിന് അകത്ത് (19:8-12) - ഈശോ വിധിയാളന്‍: "ഈശോ പ്രതിവചിച്ചു: ഉന്നതത്തില്‍നിന്നു നല്കിപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്‍റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല" (19:11). തന്‍റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതിരുന്നപ്പോള്‍ തനിക്ക് ഈശോയുടെ മേലുള്ള വിധിയാളനടുത്ത അധികാരത്തെപ്പറ്റി പീലാത്തോസ് ഈശോയെ ഓര്‍മ്മിപ്പിച്ചു: "പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടേ?" (19:10). ഇതിനു മറുപടിയായി ഈശോ പറയുന്ന വാചകമാണ് മേലുദ്ധരിച്ചത്. പീലാത്തോസ് ഈശോയുടെമേല്‍ പ്രയോഗിക്കുന്ന അധികാരം തന്‍റെ പിതാവില്‍നിന്നാണ് എന്ന് ഈശോ അയാളെ ഓര്‍മ്മിപ്പിക്കുന്നു. ഇതിലൂടെ, അധികാരമെല്ലാം ദൈവത്തില്‍നിന്നാണ് (റോമാ 13:1) എന്ന പൊതുതത്വം ഈശോ പീലാത്തോസിനെ അനുസ്മരിപ്പിക്കുകയല്ല. മറിച്ച്, പീലാത്തോസിലൂടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിചാരണയുടെയും വിധിയുടെയും പിന്നില്‍ പൂര്‍ത്തിയാകുന്നത് തന്‍റെ പിതാവിന്‍റെ രക്ഷാപദ്ധതിയാണ് എന്ന് സൂചിപ്പിക്കുകയാണ്. പിതാവായ ദൈവം മനുഷ്യകുലത്തിന്‍റെ പാപപരിഹാരത്തിനായും രക്ഷയ്ക്കായും തന്‍റെ പുത്രനെ ബലിയര്‍പ്പിക്കുവാന്‍ തിരുമനസ്സായതുകൊണ്ടാണ് ഇപ്പോള്‍ പീലാത്തോസിന് ഈശോയുടെമേല്‍ ഈ അധികാരം കൈവന്നിരിക്കുന്നത് എന്നു പ്രഖ്യാപിക്കുകയാണ്. മാത്രമല്ല, ദൈവപിതാവിന്‍റെ രക്ഷാപദ്ധതിയോട് പുത്രന്‍ എന്ന നിലയില്‍ താന്‍ സഹകരിക്കുന്നതുകൊണ്ടുകൂടെയാണ് തന്‍റെമേല്‍ അധികാരം പ്രയോഗിക്കുവാന്‍ പീലാത്തോസിന് കഴിയുന്നത് എന്നും ഇവിടെ സൂചനയുണ്ട്. പിതാവും താനും നല്കിയിരിക്കുന്ന അധികാരമാണ് പീലാത്തോസ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാക്കുന്നു. ആകയാല്‍ അത്യന്തികമായി താന്‍തന്നെയാണ് വിധിയാളന്‍ എന്ന് ഈശോ പീലാത്തോസിന്റെ മുമ്പില്‍ പ്രഖ്യാപിക്കുകയാണ്. തന്‍റെ ജീവന്‍ എടുക്കാനും കൊടുക്കാനും ഈശോയ്ക്ക് അധികാരമുള്ളതുകൊണ്ട് ഈശോയുടെ വിധിയാളനടുത്ത അധികാരമാണ് ഇവിടെ പീലാത്തോസ് പ്രായോഗികമാക്കുന്നത്.
അനുസരണത്തിന്‍റെ സ്വാതന്ത്ര്യം: ഇവിടെ വ്യക്തമാകുന്ന മറ്റൊരു വസ്തുത ഈശോയില്‍ സ്വാതന്ത്ര്യവും അനുസരണവും ഒന്നുചേരുന്നു എന്നതാണ്. ഈശോ തികച്ചും സ്വതന്ത്രനായിട്ടാണ് തന്‍റെ പീഡാനുഭവത്തിലേക്കു പ്രവേശിച്ചതും അത് പൂര്‍ത്തിയാക്കുന്നതും. അവിടുന്ന് അറസ്റ്റു വരിക്കുന്ന രംഗം ഇത് വ്യക്തമാക്കുന്നുണ്ട്. ശിഷ്യരെ വിട്ടയ്ക്കുവാനും തന്നെ അറസ്റ്റു ചെയ്യുവാനും ഈശോ അനുവദിച്ചപ്പോള്‍ മാത്രമേ പടയാളികള്‍ക്ക് അവിടുത്തെ പിടിച്ചു ബന്ധിക്കുവാന്‍ കഴിഞ്ഞുള്ളു (യോഹ 18:8-12). ഇക്കാര്യത്തില്‍ താന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെപ്പറ്റി, നല്ല ഇടയനായി സ്വയം അവതരിപ്പിക്കുമ്പോള്‍, ഈശോ വ്യക്തമായി പറയുന്നുണ്ട്: "തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല. ഞാന്‍ അത് സ്വമനസ്സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്" (യോഹ 10:17-18). അതേസമയം, തന്‍റെ ജീവന്‍ സമര്‍പ്പിക്കുന്നത് ദൈവത്തിന്‍റെ ഹിതത്തിന് വിധേയപ്പെട്ടുകൊണ്ടാണെന്നും ഈശോ വ്യക്തമാക്കുന്നുണ്ട്: "ഈ കല്പന എന്‍റെ പിതാവില്‍നിന്നാണ് ലഭിച്ചത്" (യോഹ 10:18). ഈശോ സ്വതന്ത്രമായി ചെയ്യുന്ന തന്‍റെ ജീവാര്‍പ്പണം അവിടുത്തെ പിതാവിന്‍റെ കല്പനപ്രകാരമാണെങ്കില്‍, അത് ഒരേസമയം സ്വാതന്ത്ര്യത്തിന്‍റെയും അനുസരണത്തിന്‍റെയും പ്രവൃത്തിയാണ്. ദൈവഹിതവുമായി താദാത്മ്യപ്പെട്ട ഒരു മനസ്സുണ്ടെങ്കില്‍ മാത്രമേ ഇത് സാദ്ധ്യമാകുകയുള്ളു. ഈശോയുടെ ജീവിതം -മനുഷ്യാവതാരം മുതല്‍ മരണം വരെ- പിതൃപുത്രബന്ധത്തില്‍ ദൈവഹിതത്തോട് താദാത്മ്യപ്പെട്ട്, ദൈവൈക്യം പുലര്‍ത്തിയ, ഒരു ജീവിതമായിരുന്നു.
നിശബ്ദതയിലുള്ള സഹനം: പീഡാനുഭവവേളയില്‍ ഈശോ പലപ്പോഴും നിശബ്ദനാകുന്നതായി സുവിശേഷകന്മാര്‍ അവതരിപ്പിക്കുന്നു (19:9). ഇവിടെ പീലാത്തോസിന്‍റെ മുമ്പില്‍ നിശബ്ദനാകുന്ന ഈശോ പ്രധാനപുരോഹിതന്‍റെ മുമ്പിലും നിശബ്ദനാകുന്നുണ്ട്: "പ്രധാനപുരോഹിതന്‍ എഴുന്നേറ്റു നിന്ന് അവനോട് ചോദിച്ചു: നിനക്കു മറുപടിയില്ലേ? ഇവര്‍ നിനക്കെതിരെ സാക്ഷ്യപ്പെടുത്തുന്നതെന്ത്? ഈശോയാകട്ടെ നിശബ്ദനായിരുന്നു" (യോഹ 18:62-63). ഇവിടെയും സഹനദാസന്‍റെ ചിത്രം ഈശോയില്‍ അന്വര്‍ത്ഥമാകുന്നുണ്ട്: "അവന്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല. കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും, രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു" (ഏശ 53:7). നിശബ്ദതയുടെ അര്‍ത്ഥം മനസ്സിലാക്കുക പ്രയാസമാണ്. വിവിധ വികാരങ്ങള്‍ പ്രകടമാക്കുന്ന ഒന്നാണത്. സ്നേഹം, വേദന, സന്തോഷം, നന്ദി എന്നിവയും വെറുപ്പ്, അസൂയ, കോപം എന്നീ വികാരങ്ങളും നിശബ്ദതയിലൂടെ പ്രകടമാക്കാം. ഈശോയുടെ പീഡാനുഭവത്തിന്‍റെ പിന്നില്‍ ഒരു നിശബ്ദകുടുംബം തന്നെയുണ്ട്. ദൈവപിതാവ്, പരി. കന്യകാമറിയം, സ്നേഹശിഷ്യന്‍, ഭക്തസ്ത്രീകള്‍ തുടങ്ങിയവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ദൈവപദ്ധതിയുടെ രഹസ്യാത്മകതയുടെ ഒരു പ്രകാശനമായി ഈ നിശബ്ദതയെ കാണാം. ഒരുവശത്ത് മനുഷ്യനോടുള്ള ദൈവത്തിന്‍റെയും ഈശോയുടെയും രക്ഷാകരസ്നേഹം; മറുവശത്ത് ദൈവത്തിന്‍റെ രക്ഷാപദ്ധതിയോടുള്ള എല്ലാവരുടെയും സഹകരണം. സങ്കീര്‍ത്തകന്‍റെ വാക്കുകള്‍ ഇവിടെ സ്മരണാര്‍ഹമാണ്: "ചെവി കേള്‍ക്കാത്തവനെപ്പോലെയാണു ഞാന്‍. ഞാന്‍ ഒരു മറുപടിയും പറയുന്നില്ല. കര്‍ത്താവേ, അങ്ങേയ്ക്കു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങാണ് എനിക്കുത്തരമരുളേണ്ടത്" (38:14-15).
മാനുഷികമായി ചിന്തിച്ചാല്‍, ഈശോയുടെ നിശബ്ദതയ്ക്ക് ഒരു കാരണം മറുപടിയുടെ പ്രസക്തിയില്ലായ്മയാണ്. ലാസറിനെ ഉയിര്‍പ്പിച്ച അത്ഭുതത്തെത്തുടര്‍ന്ന് പ്രധാനാചാര്യനായ കയ്യാഫാസ് സാന്‍ഹെദ്രീന്‍ സംഘത്തോടൊപ്പം ഈശോയെ വധിക്കാന്‍ തീരുമാനമെടുത്തിരുന്നതാണ് (യോഹ 11:45-54). എടുത്തിരുന്ന തീരുമാനത്തെ നിയമപരമായി സാധൂകരിക്കാനുള്ള ഒരു ശ്രമം മാത്രമായിരുന്നു ചോദ്യം ചെയ്യല്‍. അതുകൊണ്ട് മറുപടി പറഞ്ഞിട്ടും കാര്യമില്ല എന്ന് ഈശോയ്ക്ക് അറിയാമായിരുന്നു. അതേസമയം, തന്‍റെ വ്യക്തിത്വത്തെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും ചോദ്യമുയര്‍ന്നപ്പോള്‍ അതിന് വ്യക്തമായ ഭാഷയില്‍ ഈശോ മറുപടി കൊടുക്കുന്നുമുണ്ട്. തന്‍റെ ദൈവപുത്രത്വത്തെക്കുറിച്ച് കയ്യാഫാസിന്‍റെ മുമ്പിലും (മത്താ 26:64), രാജത്വത്തെക്കുറിച്ച് പീലാത്തോസിന്‍റെ മുമ്പിലും (യോഹ 18:36-37) ഈശോ അസന്നിദ്ധഭാഷയില്‍ മറുപടി നല്കുന്നുണ്ട്. മാത്രമല്ല, അനീതിപരമായ വിചാരണയെ ചോദ്യം ചെയ്യുന്നുമുണ്ട് (യോഹ 18:23). അതുകൊണ്ട് ഈശോയുടെ നിശബ്ദത അര്‍ത്ഥവത്തായ ഒന്നായിരിക്കണം. പിതാവായ ദൈവത്തിന്‍റെ രക്ഷാപദ്ധതിയുടെ ഭാഗമായി തന്‍റെ സഹനങ്ങളെ കാണുവാനും സ്വീകരിക്കുവാനും ഈശോ ശ്രമിക്കുകയാണ്. തന്‍റെ പീഡകരെ ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനത്തോട് സഹകരിക്കുന്നവരായി കരുതുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുമാണ് ഈശോ ശ്രമിച്ചത് (ലൂക്കാ 23:34).
രംഗം 7: കൊട്ടാരത്തിനു പുറത്ത് (19:13-16a) - ഈശോയുടെ രാജത്വവും വിധികര്‍ത്തൃത്വവും പ്രഖ്യാപിക്കപ്പെടുന്നു.
മിശിഹായുടെ രാജത്വത്തിന്‍റെ പ്രഖ്യാപനം:"പീലാത്തോസ് ഈശോയെ പുറത്തേക്കു കൊണ്ടുവന്ന്, കല്‍ത്തളം -ഹെബ്രായഭാഷയില്‍ ഗബ്ബാത്താ- എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ന്യായാസനത്തില്‍ ഇരുന്നു. അന്ന് പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു. അവന്‍ യഹൂദരോട് പറഞ്ഞു: ഇതാ, നിങ്ങളുടെ രാജാവ്!" (19:13-15). ഈശോയുടെ നിരപരാധിത്വം മനസ്സിലാക്കിയ പീലാത്തോസ് ഈശോയെ വിട്ടയയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് സീസറുമായുള്ള തന്‍റെ നല്ല ബന്ധത്തിന് കോട്ടം വരുത്തുമെന്ന ഭയംമൂലം ആ ശ്രമത്തില്‍നിന്നും പിന്‍വാങ്ങി, ഈശോയെ കുരിശുമരണത്തിന് വിട്ടുകൊടുത്തു. ഇത് യോഹന്നാന്‍ശ്ലീഹാ വളരെ നാടകീയമായും സൂചനാത്മകമായും ഇവിടെ അവതരിപ്പിക്കുകയാണ്. പീലാത്തോസ് വിധിപ്രസ്താവന നടത്തുന്ന സ്ഥലത്ത് ഇരുന്ന്, പെസഹായുടെ ഒരുക്ക ദിവസം, ആറാം മണിക്കുറില്‍, ഈശോയുടെ രാജത്വത്തെ പ്രഖ്യാപിക്കുകയും, ഈ രാജത്വം യഹൂദന്മാരാല്‍ നിരസിക്കപ്പെടുകയും ചെയ്യുന്നു. അതേത്തുടര്‍ന്ന് ഈശോയെ കുരിശുമരണത്തിനായി വിട്ടുകൊടുക്കുന്നു. ജറുസലേം ദൈവാലയത്തില്‍ പെസഹാക്കുഞ്ഞാടുകള്‍ കൊണ്ടുവരപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സമയത്ത് പുതിയ പെസഹാക്കുഞ്ഞാടായ മിശിഹാ വധിക്കപ്പെടാന്‍ ഏല്പിക്കപ്പെടുന്നു എന്ന സൂചന ഇവിടെ വ്യക്തമായിട്ടുണ്ട്. അതോടൊപ്പം, ഈശോയുടെ രാജത്വം പ്രഖ്യാപിക്കപ്പെടുകയും, അവിടുന്ന് ദൈവജനത്താല്‍ തിരസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു എന്ന വസ്തുതയും ഇവിടെ വ്യക്തമാക്കപ്പെടുന്നുണ്ട്. "നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ?" എന്ന് പീലാത്തോസ് ചോദിക്കുമ്പോള്‍, "സീസറല്ലാതെ ഞങ്ങള്‍ക്ക് വേറെ രാജാവില്ല" എന്ന് പുരോഹിതപ്രമുഖന്മാര്‍ വിളിച്ചു പറയുന്നു (19:15). ദൈവത്തിന്‍റെ രാജത്വം മുഖമുദ്രയാക്കിയിരുന്ന ഒരു ജനതയായിരുന്നു ഇസ്രായേല്‍ജനം (ന്യായാ 8:23; 1 സാമു 8:7; 2 സാമു 7:11-16; സങ്കീ 2:7). ദൈവരാജ്യത്തിന്‍റെ സുവിശേഷവുമായി ലോകത്തിലേക്കു വന്ന മിശിഹായുടെ രാജത്വത്തെ തള്ളിപ്പറഞ്ഞ് സീസറിന്‍റെ രാജത്വം സ്വീകരിച്ചുകൊണ്ട് ഇസ്രായേല്‍ജനം ദൈവജനമല്ലാതായിത്തീരുന്നു എന്ന യാഥാര്‍ത്ഥ്യം ഇവിടെ ഉറക്കെ പ്രഖ്യാപിക്കപ്പെടുകയാണ്.
വിധിയാളനായ മനുഷ്യപുത്രന്‍: മനുഷ്യപുത്രന്‍ എന്ന നിലയില്‍ വിധിയാളന്‍ എന്ന മിശിഹായുടെ വ്യക്തിത്വവും ഇവിടെ പ്രഖ്യാപിക്കപ്പെടുന്നതായി ബൈബിള്‍ വ്യാഖ്യാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. "ഇതാ, മനുഷ്യന്‍!" (19:5) എന്ന പീലാത്തോസിന്‍റെ പ്രഖ്യാപനവും, "ഉന്നതത്തില്‍നിന്നു നല്കപ്പെട്ടില്ലായിരുന്നെങ്കില്‍ എന്‍റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല" (19:11) എന്ന ഈശോയുടെ വാക്കുകളും ഇത് സൂചിപ്പിക്കുന്നുണ്ട്. 'മനുഷ്യന്‍' എന്ന പ്രഖ്യാപനം 'മനുഷ്യപുത്രന്‍' എന്ന പ്രഖ്യാപനമായി വ്യാഖ്യാതാക്കള്‍ കരുതുന്നു. മാത്രമല്ല, കല്‍ത്തളത്തില്‍ പീലാത്തോസ് 'ഇരുന്നു' എന്നു പറയുവാന്‍ ഇവിടെ ഉപയോഗിക്കുന്ന വാക്കിന് 'ഇരുത്തി' എന്ന അര്‍ത്ഥം വരാമെന്നും വ്യാഖ്യാതാക്കള്‍ പറയുന്നു. സൂചനാത്മകമായി ചിന്തിക്കുമ്പോള്‍ വിധിയാളന്‍റെ സ്ഥാനത്ത് ഇരിക്കുന്നത് മിശിഹായാണ്. പഴയനിയമപശ്ചാത്തലത്തില്‍ മനുഷ്യപുത്രന്‍ വിധിയാളനാണ് (ദാനി 7:9-14). മനുഷ്യപുത്രനെന്ന നിലയില്‍ വിധിയാളനായ മിശിഹായെ പീലാത്തോസ് ഔദ്യോഗികമായി ഇവിടെ പ്രഖ്യാപിക്കുകയാണ്. ജീവന്‍റെയും മരണത്തിന്‍റെയും കര്‍ത്താവാണ് വിധിയാളന്‍. മരണശിക്ഷയ്ക്ക് സ്വയം വിധേയനാകുന്നതിലൂടെ മനുഷ്യകുലത്തിന് ജീവന്‍ പ്രദാനം ചെയ്യുന്നവനായും, ജീവന്‍റെയും മരണത്തിന്‍റെയും അധിനാഥന്‍ അഥവാ വിധികര്‍ത്താവായും മിശിഹാ ഇവിടെ പ്രഖ്യാപിക്കപ്പെടുന്നു.
വിചിന്തനം: ഓരോ ക്രൈസ്തവന്‍റെയും ജീവിതം ലോകത്തിന് വെളിച്ചമാകണം. വി. മത്തായിയുടെ സുവിശേഷത്തില്‍ ഈശോ ഇത് വ്യക്തമായി പറയുന്നുണ്ട്: "നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്" (5:14). യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തിലും ഈ സൂചനയുണ്ട്: "എന്നെ അയച്ചവന്‍റെ പ്രവൃത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു" (9:4) എന്നാണ് അവിടുന്ന് പറയുന്നത്. എങ്ങനെയാണ് നാം ലോകത്തിന്‍റെ പ്രകാശമാകേണ്ടതെന്നും അവിടെ സൂചനയുണ്ട്. ജീവിതകാലം മുഴുവനും ദൈവഹിതപ്രകാരമുള്ള ജീവിതവും പ്രവൃത്തികളും കാഴ്ച വച്ചുകൊണ്ടാണ് നാം ലോകത്തിന്‍റെ പ്രകാശമാകേണ്ടത്. മത്തായിശ്ലീഹായുടെ സുവിശേഷവും ഇതുതന്നെയാണ് നിര്‍ദ്ദേശിക്കുന്നത്: "അപ്രകാരം മനുഷ്യര്‍ നിങ്ങളുടെ പ്രവൃത്തികള്‍ കണ്ട് , സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ" (5:16).
മിശിഹായില്‍ വിശ്വസിക്കുന്നവരുടെ സമൂഹമായ സഭ തന്നെയാണ് മിശിഹായുടെ രാജ്യം. സഭയാകുന്ന ഈ രാജ്യത്തിന്മേല്‍ ഭരണം നടത്തുന്ന രാജാവാണ് താന്‍ എന്ന് ഈശോ വ്യക്തമാക്കുന്നു. ദൈവരാജ്യത്തിന്‍റെ കൂദാശയാകുന്ന സഭയുടെ അംഗങ്ങള്‍ സത്യമാകുന്ന മിശിഹായെ സ്വീകരിച്ചവരാണ്; സത്യത്തില്‍നിന്നുള്ളവരാണ്. ഈ രാജ്യത്തിലേക്ക് അവര്‍ പ്രവേശിക്കുന്നത് മാമ്മോദീസായിലൂടെയാണ്. മാമ്മോദീസായിലൂടെയാണല്ലോ ഒരാള്‍ സഭയുടെ വിശ്വാസത്തിലേയ്ക്ക് പ്രവേശിപ്പിക്കപ്പെടുക. ഈ വിശ്വാസത്തില്‍ പരിശീലിപ്പിക്കപ്പെട്ട് സത്യത്തിനു സാക്ഷ്യം വഹിക്കുന്നവരാകുവാന്‍ എല്ലാ ക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നു.
ദൈവത്തിന്‍റെ സ്വരം കേള്‍ക്കുവാനും അതിനനുസൃതമായി കാര്യങ്ങള്‍ ക്രമീകരിക്കുവാനും തയ്യാറാകുന്നില്ലെങ്കില്‍ നാം ലോകത്തിന്‍റേതായ പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടുമെന്നതിന് നല്ല ഉദാഹരണമാണ് പീലാത്തോസിന്‍റെ അനുഭവം. ഓരോ ക്രൈസ്തവനും മിശിഹായ്ക്കുവേണ്ടി ജീവിക്കുന്നവരായി മാറണം.
സഹനം ക്രിസ്തീയജീവിതത്തിന്‍റെ ഒരവശ്യഘടകമാണ്: "ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ സ്വയം ത്യജിച്ച് അനുദിനം തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" (ലൂക്കാ 9:23). ശിഷ്യത്വത്തില്‍ ഈശോയെ അടുത്തനുഗമിക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ പ്രസക്തമാണ്.
gospel of john jesus in front of pilte catholic malayalam Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



