വി. യോഹന്നാന്‍റെ സുവിശേഷം, 18:1-19:42, ഈശോയുടെ പീഡാനുഭവവും മരണവും
Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021
ഈശോയുടെ പീഡാനുഭവത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള യോഹന്നാന്‍റെ അവതരണം സമാന്തസുവിശേഷങ്ങളിലെ അവതരണത്തില്‍നിന്നും വ്യത്യസ്തമാണ്. സമാന്തരസുവിശേഷങ്ങളില്‍ കാണുന്ന വിവരണങ്ങളില്‍ ചിലത് യോഹന്നാന്‍ശ്ലീഹാ ഉപേക്ഷിക്കുകയും മറ്റു ചിലത് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നതായി കാണാം.
ഒഴിവാക്കിയവ:-
-ഗത്സേമനിയിലെ പ്രാര്‍ത്ഥന
-സാന്‍ഹെദ്രീന്‍ സംഘത്തിനു മുമ്പിലുള്ള വിചാരണ
-പ്രധാനപുരോഹിതനു മുമ്പിലുള്ള വിചാരണ
-ഹേറോദേസിന്‍റെ അരമനയിലുണ്ടായ പരിഹാസം
-ഈശോയുടെ കുരിശിലെ നിലവിളി
-ഈശോയോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാരുടെ സംഭവം
-ഈശോയുടെ മരണസമയത്ത് അന്ധകാരം വ്യാപിച്ചത്
-യൂദാസിന്‍റെ മരണം
ഈശോയെ പരിഹസിക്കുന്നതും എളിമപ്പെടുത്തുന്നതുമായ വിവരണങ്ങളാണ് യോഹന്നാന്‍ശ്ലീഹാ ഒഴിവാക്കിയിരിക്കുന്നതെന്ന് ഇതില്‍നിന്നും വ്യക്തമാണ്. ഈ സംഭവങ്ങള്‍ ഒഴിവാക്കിയ സുവിശേഷകന്‍, അതോടൊപ്പം ഈശോയുടെ മഹത്ത്വത്തെയും രാജത്വത്തെയും എടുത്തുകാട്ടുന്നതും ദൈവശാസ്ത്രപരവും രക്ഷാകരവുമായ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതുമായ മറ്റ് സംഭവങ്ങള്‍ എടുത്തു പറയുന്നുമുണ്ട്.
കൂട്ടിച്ചേര്‍ത്തവ:-
-ഈശോയെ ബന്ധിക്കുന്നത്
-പീലാത്തോസിന്‍റെ മുമ്പിലുള്ള നീണ്ട വിചാരണ
-ഈശോയുടെ കുരിശിനു മുകളില്‍ വയ്ക്കാനുള്ള ശീര്‍ഷകത്തെ സംബന്ധിച്ചുള്ള തര്‍ക്കം
-ഈശോയുടെ വസ്ത്രം വിഭജിച്ചെടുക്കുന്നത്
-പരി. മറിയത്തിന്‍റെയും ഈശോ സ്നേഹിച്ച ശിഷ്യന്‍റെയും കുരിശിന്‍ ചുവട്ടിലെ സാന്നിദ്ധ്യം
-ഈശോയുടെ പാര്‍ശ്വം പിളര്‍ക്കപ്പെടുന്നതും രക്തവും വെള്ളവും പുറപ്പെടുന്നതും.
ഈ സംഭവങ്ങള്‍ എടുത്തു പറയുന്നതിലൂടെ ഈശോ രാജാവാണെന്നും എല്ലാം നിയന്ത്രിക്കുന്നവനാണെന്നും പീഡാനുഭവവും മരണവുംപോലും ഈശോ സ്വയം വിട്ടുകൊടുത്തതിനാല്‍മാത്രം സംഭവിച്ചതാണെന്നും യോഹന്നാന്‍ശ്ലീഹാ വ്യക്തമാക്കുകയാണ്. അതോടൊപ്പം പീഡാനുഭവത്തിന്‍റെ രക്ഷാകരമൂല്യങ്ങളും യോഹന്നാന്‍ എടുത്തുകാണിക്കുന്നു.
പീഡാനുഭവ വിവരണത്തിലെ മുഖ്യ പ്രതിപാദ്യവിഷയങ്ങള്‍
- ഈശോയുടെ 'സമയം': 'സമയം' എന്നത് പഴയനിയമവെളിപാടുഗ്രന്ഥങ്ങളിലെ ഒരു പ്രതിപാദ്യവിഷയമാണ്. ദാനിയേലിന്‍റെ പ്രവചനഗ്രന്ഥത്തില്‍ ഇത് അന്ത്യാത്മകസമയത്തെ, അതായത്, ശത്രുക്കളുടെമേലുള്ള ദൈവജനത്തിന്‍റെ നിര്‍ണ്ണായകമായ വിജയത്തിന്‍റെ സമയത്തെ സൂചിപ്പിക്കുന്നു (ദാനി 8:17-19; 11:35). സമാന്തരസുവിശേഷങ്ങളിലെ അന്ത്യാത്മകപ്രഭാഷണങ്ങളില്‍ ഈ അന്ത്യാത്മക അര്‍ത്ഥം സൂചിപ്പിക്കപ്പെടുന്നുണ്ട് (മത്താ 24:46; മര്‍ക്കോ 13:32). സമാന്തരസുവിശേഷങ്ങളിലെ ഈ പ്രയോഗത്തെത്തുടര്‍ന്ന് 'സമയം' മെശയാനികസമയത്തെയും ഈശോയുടെ പീഡാനുഭവത്തിന്‍റെ സമയത്തെയും സൂചിപ്പിക്കുന്നതായി കാണാം (മര്‍ക്കോ 14:35,41). വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈ 'സമയം' വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമായിത്തീര്‍ന്നു. ഈശോ ഇതിനെ 'തന്‍റെ സമയ'മെന്ന് വിശേഷിപ്പിക്കുന്നു; തന്‍റെ രക്ഷാകരപ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന സമയമായി ഇതിനെ അവതരിപ്പിക്കുകയും ചെയ്യുന്നു. രക്ഷാദായകമായ സമയത്തെക്കുറിച്ചുള്ള (കായ്റോസ്) ഈശോയുടെ പരാമര്‍ശം സുവിശേഷത്തിന്‍റെ ആരംഭം മുതല്‍ കാണാം. കാനായിലെ കല്യാണവിരുന്നിലും (2:4) കൂടാരത്തിരുനാളിന്‍റെ പശ്ചാത്തലത്തിലും (7:30; 8:20) പരസ്യജീവിതത്തിന്‍റെ അന്ത്യഘട്ടത്തില്‍ വിജാതീയര്‍ അന്വേഷിച്ചു വരുമ്പോഴും (12:23) 'സമയ'ത്തെക്കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ അവിടുന്ന് നടത്തുന്നുണ്ട്. ഇത് ഈശോയുടെ മഹത്ത്വീകരണത്തിന്‍റെ സമയമാണ്; രക്ഷാകരമായ സമയമാണ്; മെശയാനിക സമയമാണ്. പീഡാനുഭവമരണോത്ഥാനങ്ങളിലൂടെ മഹത്ത്വത്തിലേക്കു പ്രവേശിക്കാനുള്ള സമയം ഇപ്പോള്‍ ആഗതമായിരിക്കുകയാണ് (13:1; 17:1).
- മനുഷ്യപുത്രന്‍റെ ഉയര്‍ത്തപ്പെടല്‍: ഇത് യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈശോയുടെ പീഡാനുഭവത്തോട് നേരിട്ടു ബന്ധപ്പെട്ട ഒരു വിഷയമാണ്. സമാന്തരസുവിശേഷങ്ങളിലെ മൂന്നു പീഡാനുഭവപ്രവചനങ്ങള്‍ (മത്താ 16:21; 17:22-23; 20:17-19) യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈശോയുടെ ഉയര്‍ത്തപ്പെടലിനെപ്പറ്റി പറയുന്ന മൂന്നു പ്രസ്താവനകള്‍ക്ക് സമാന്തരമാണ് (യോഹ 3:14; 8:28; 12:31-34). ഈ വിഷയത്തിന്‍റ ഉത്ഭവം സഹനദാസനെപ്പറ്റിയുള്ള ഏശയ്യാപ്രവാചകന്‍റെ നാലാം കീര്‍ത്തനമാണ് (ഏശ 52:13). ഏശയ്യാപ്രവാചകനിലെ സഹനദാസന്‍റെ ഉയര്‍ത്തപ്പെടല്‍ ഈശോയുടെ ഉത്ഥാനത്തിലും സ്വര്‍ഗ്ഗാരോഹണത്തിലും പൂര്‍ത്തീകരിക്കപ്പെടുന്നതായി ആദിമസഭ വിശ്വസിച്ചു (നട 2:33; 5:31). വി. പൗലോസ്ശ്ലീഹായും സഭയുടെ ഈ വിശ്വാസം സാക്ഷ്യപ്പെടുത്തുന്നു (ഫിലി 2:9-10). ഈ ഉയര്‍ത്തപ്പെടല്‍ കുരിശില്‍ യാഥാര്‍ത്ഥ്യമായതായി യോഹന്നാന്‍ശ്ലീഹാ അവതരിപ്പിക്കുന്നു: "ഞാന്‍ ഭൂമിയില്‍നിന്നുയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും. അവന്‍ ഇതു പറഞ്ഞത്, താന്‍ ഏതു വിധത്തിലുള്ള മരണമാണ് വരിക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കാനാണ്" (12:32-33). ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തെ 'ഉയര്‍ത്തപ്പെടലായി' ആദിമസഭ കാണുവാന്‍ കാരണം സ്വര്‍ഗ്ഗാരോഹണം പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്തുപവിഷ്ഠനാകുന്ന അവിടുത്തെ രാജകീയ സ്ഥാനാരോഹണമായി പരിഗണിച്ചതുകൊണ്ടാണ്. സ്വര്‍ഗ്ഗാരോഹണത്തെത്തുടര്‍ന്ന് തനിക്ക് സ്വന്തമായുള്ളവരുടെമേല്‍ ഈശോ കര്‍ത്തൃത്വം നടത്തുന്നു (നട 2:34-36; ഫിലി 2:11). ഉയര്‍ത്തപ്പെടല്‍ കുരിശില്‍ത്തന്നെ സംഭവിക്കുന്നതായി യോഹന്നാന്‍ശ്ലീഹാ പരിഗണിക്കുന്നു. അതുകൊണ്ട് കുരിശിലുള്ള ഈശോയുടെ ഉയര്‍ത്തപ്പെടല്‍ ഈ സുവിശേഷത്തില്‍ രക്ഷാകരവും (3:14-15; 8:23) രാജകീയവും (12:31-32) ആയി ചിത്രീകരിച്ചിരിക്കുന്നു. കുരിശില്‍നിന്നും ഈശോ എല്ലാ മനുഷ്യരെയും ആകര്‍ഷിക്കുകയും എല്ലാ മനുഷ്യര്‍ക്കും രക്ഷ നല്കുകയും ചെയ്യുന്നു.
- യുഗാന്തസംഭവങ്ങളുടെ മുന്നാസ്വാദനം: യുഗാന്ത്യത്തില്‍ നടക്കേണ്ട പല സംഭവങ്ങളും കുരിശില്‍ നടന്നതായി യോഹന്നാന്‍ശ്ലീഹാ പരിഗണിക്കുന്നു. ഉദാഹരണത്തിന് രക്ഷ, ശിക്ഷ, ജീവന്‍, വിധി, ചിതറിക്കിടക്കുന്ന ദൈവമക്കളുടെ ഒരുമിച്ചുകൂട്ടല്‍ തുടങ്ങിയവ. സുവിശേഷകനെ സംബന്ധിച്ചിടത്തോളം ശിക്ഷാവിധി (രക്ഷയും-ശിക്ഷയും, ജീവനും-മരണവും) പ്രകാശവും സത്യവുമായ മിശിഹായുടെ മുമ്പില്‍ ഓരോരുത്തരുമെടുക്കുന്ന വിശ്വാസത്തിന്‍റെയോ അവിശ്വാസത്തിന്‍റെയോ നിലപാടുകളെ ആശ്രയിച്ചാണിരിക്കുന്നത്; നിലപാടുകള്‍ എടുക്കുന്ന നിമിഷംതന്നെ വിധിയുടെ അനുഭവം അവനില്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നു: "അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍റെ ഏകജാതന്‍റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തെതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു" (യോഹ 3:18). സുവിശേഷകന്‍റെ കാഴ്ചപ്പാടില്‍ ഇത് ഈശോ ജീവിച്ചിരുന്ന കാലത്തുതന്നെ സംഭവിക്കുന്നു. പ്രത്യേകിച്ച് ഈശോയുടെ ഉയര്‍ത്തപ്പെടലിന്‍റെ 'സമയ'ത്തിന്‍റെ നിമിഷത്തിലും: "ഇപ്പോഴാണ് ഈ ലോകത്തിന്‍റെ ന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്‍റെ അധികാരി പുറന്തള്ളപ്പെടും. ഞാന്‍ ഭൂമിയില്‍നിന്നുയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ ഷിക്കും" (12:31-32). ചിതറിക്കിടക്കുന്ന ദൈവമക്കളുടെ ഒരുമിച്ചുകൂടലിനെപ്പറ്റിയുള്ള ജറമിയായുടെ പ്രവചനം (ജറ 31:10) പൂര്‍ത്തീകരിക്കപ്പെട്ടത് പന്തക്കുസ്താനുഭവത്തിലായിരുന്നെങ്കില്‍ (2:5-11) യോഹന്നാന്‍സുവിശേഷകനെ സംബന്ധിച്ചിടത്തോളം ഇത് ഈശോ കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍ത്തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു." (യോഹ 11:51-52; 12:32).
പീഡാനുഭവവിവരണത്തിന്‍റെ ഘടന: പീഡാനുഭവവിവരണത്തെ പ്രധാനമായും 5 ഭാഗങ്ങളായി തിരിക്കാം. ഈ അഞ്ചു ഭാഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ഏകകേന്ദ്രീകൃത (concentric) ഘടനയിലാണ്. ഗത്സേമന്‍ തോട്ടത്തില്‍ വച്ചാണ് ഈശോ ബന്ധനസ്ഥനാകുന്നതെങ്കില്‍ മറ്റൊരു തോട്ടത്തിലാണ് ഈശോയുടെ മൃതസംസ്ക്കാരം നടക്കുന്നത്. തോട്ടത്തില്‍ തുടങ്ങി തോട്ടത്തില്‍ അവസാനിക്കുന്ന പീഡാനുഭവവിവരണത്തിന്‍റെ കേന്ദ്രസംഭവം പീലാത്തോസിന്‍റെ മുമ്പിലുള്ള വിചാരണയാണ്. ആ വിചാരണയുടെ വിവരണത്തിലൂടെയാണ് ഈശോയുടെ പീഡാനുഭവത്തിന്‍റെ അര്‍ത്ഥം വിശദമാക്കാന്‍ സുവിശേഷകന്‍ ശ്രമിക്കുന്നത്.
- ഈശോയെ ബന്ധിക്കുന്നു (18:1-11)
- ഈശോ അന്നാസിന്‍റെ മുമ്പില്‍ (18:12-27)
- ഈശോ പീലാത്തോസിന്‍റെ മുമ്പില്‍ (18:28-19:16മ)
- കാല്‍വരിയിലെ രംഗം (19:16യ-37)
- ഈശോയുടെ മൃതസംസ്ക്കാരം(19:38-42)
Gospel of John 18: 1-19: 42 Jesus' suffering and death catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal
Bible Theology Church Teachings