x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം,16:5-15, പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം

Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021

യോഹന്നാന്‍ 16:5-7, പരിശുദ്ധാത്മാവിലൂടെയുള്ള മിശിഹായുടെ സാന്നിദ്ധ്യം: ഈശോയുടെ ദൃശ്യസാന്നിദ്ധ്യം നഷ്ടപ്പെടാന്‍ പോകുന്നു എന്ന ചിന്ത ശിഷ്യരെ ദുഃഖിതരാക്കി. അവര്‍ക്ക് ഈ ലോകത്തില്‍ പീഡനവും ഞെരുക്കവും അനുഭവപ്പെടുമെന്നുള്ള മുന്നറിയിപ്പ് അവരുടെ ദുഃഖം വര്‍ദ്ധിപ്പിച്ചു. അതുകൊണ്ട് ഈശോ അവരെ ആശ്വസിപ്പിക്കുകയാണ്. തന്‍റെ ദൃശ്യസാന്നിദ്ധ്യം താല്‍ക്കാലികമായി നഷ്ടപ്പെടുന്നതുവഴി സഹായകനായ പരിശുദ്ധാത്മാവിലൂടെയുള്ള അവിടുത്തെ അദൃശ്യസാന്നിദ്ധ്യം അവര്‍ക്കു ലഭിക്കുമെന്ന് ഉറപ്പുകൊടുക്കുകയാണ്. യോഹന്നാന്‍റെ കാഴ്ചപ്പാടില്‍ പരിശുദ്ധാത്മാവ് ഈശോമിശിഹായുടെ ആത്മാവു തന്നെയാണ്. യോഹന്നാന്‍റെ പന്തക്കുസ്താ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ശിഷ്യരുടെമേല്‍ നിശ്വസിച്ചുകൊണ്ടാണ് ഈശോ അവര്‍ക്ക് പരിശുദ്ധാത്മാവിനെ കൊടുക്കുന്നത്: "അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍" (20:22). പരിശുദ്ധാത്മാവ് ഈശോയുടെ നിശ്വസനമാണ്. ശിഷ്യസമൂഹത്തിന്‍റെ അഥവാ സഭയുടെ ജീവനായി ഈശോ സഭയില്‍ വസിക്കുന്നു. സഭ മിശിഹായുടെ ശരീരമാണെങ്കില്‍ സഭയുടെ ആത്മാവ് മിശിഹായുടെ ആത്മാവാണ്. ഈശോയുടെ സഭയിലുള്ള സാന്നിദ്ധ്യമാണ് പരിശുദ്ധാത്മാവ്. ഈശോയുടെ അരൂപിക്കടുത്ത ഈ സാന്നിദ്ധ്യം സഭയ്ക്കു ലഭിക്കണമെങ്കില്‍ ഈശോ തന്‍റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മഹത്ത്വീകരിക്കപ്പെടണം. "അതുവരെയും ആത്മാവ് നല്‍കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍ ഈശോ അതുവരേയും മഹത്ത്വീകരിക്കപ്പെട്ടിരുന്നില്ല" (7:39).

പരിശുദ്ധാത്മാവിലൂടെയുള്ള മിശിഹായുടെ ഈ സാന്നിദ്ധ്യം ശിഷ്യരെ വിശ്വാസത്തില്‍ വളര്‍ത്തും; അവരുടെ വിശ്വാസജീവിതത്തെ പക്വതയിലെത്തിക്കും. ഈശോ ജീവിച്ചിരുന്നപ്പോള്‍ ഏതു പ്രശ്നങ്ങളുണ്ടായാലും അവര്‍ പരിഹാരത്തിനായി ഈശോയിലേക്കു തിരിയുമായിരുന്നു. എന്നാല്‍ അവിടുത്തെ മഹത്ത്വീകരണത്തിനുശേഷം, പ്രശ്നങ്ങളില്‍ തിരിയുവാന്‍ ഈശോയുടെ ദൃശ്യസാന്നിദ്ധ്യമില്ലാത്തതുകൊണ്ട്, അരൂപിയായി തങ്ങളില്‍ത്തന്നെ സന്നിഹിതനായിരിക്കുന്ന മിശിഹായാല്‍ നയിക്കപ്പെട്ട് പ്രശ്നങ്ങളെ സ്വയം നേരിടുവാന്‍ അവര്‍ നിര്‍ബന്ധിതരായി. അങ്ങനെ അവര്‍ വിശ്വാസത്തില്‍ പക്വത പ്രാപിക്കാന്‍ ഇടയായി. സഭയില്‍ ഇന്നും എന്നും വിശ്വാസത്തിന് വെല്ലുവിളികളുണ്ട്. ഈ വെല്ലുവിളികളെ നേരിടുവാനും പരീക്ഷണങ്ങളെ അതിജീവിച്ച് വിശ്വാസത്തില്‍ വളരുവാനും നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവിലൂടെ നമ്മില്‍ സന്നിഹിതനായിരിക്കുന്ന മിശിഹാ തന്നെയാണ്.

16:8-11, ബോദ്ധ്യപ്പെടുത്തുന്ന പരിശുദ്ധാത്മാവ്: "അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തും" (16:8). വിശ്വാസികളിലുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ലോകത്തെ ബോദ്ധ്യപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനമാണ് പരിശുദ്ധാത്മാവിന്‍റേത്. 'ബോദ്ധ്യപ്പെടുത്തുക' എന്ന് ഇവിടെ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത് മൂലഭാഷയായ ഗ്രീക്കിലെ 'ഏലെഗ്കെയിന്‍' എന്ന വാക്കാണ്. ഇത് കോടതിയില്‍ എതിരാളിയെ കുറ്റപ്പെടുത്തുന്ന അഥവാ പ്രതിക്കൂട്ടിലാക്കുന്ന ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്‍റെ നടപടിയെ സൂചിപ്പിക്കുന്ന ഒരു വാക്കാണ്. അതുകൊണ്ട് ലോകത്തിന്‍റെ മുമ്പില്‍ പരിശുദ്ധാത്മാവ് സ്വീകരിക്കുന്ന ഒരു കുറ്റപ്പെടുത്തല്‍ നടപടിയാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. 'ലോകം' എന്നത് മിശിഹായില്‍ വിശ്വസിക്കാത്ത ലോകമാണ്; തിന്മയുടെ ശക്തിയാണ്. ലോകത്തിന് പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ പറ്റാത്തതുകൊണ്ട്, വിശ്വാസികളില്‍ അഥവാ സഭയില്‍ പ്രവര്‍ത്തനനിരതമായ തിന്മയുടെ ശക്തിയെയായിരിക്കണം ഇവിടെ പരാമര്‍ശിക്കുക. വിശ്വാസികളില്‍ സന്നിഹിതമായിരിക്കുന്ന ലോകത്തെ കുറ്റപ്പെടുത്തിക്കൊണ്ട് വിശ്വാസത്തിനടുത്ത ബോദ്ധ്യങ്ങള്‍ നല്‍കി വിശ്വാസത്തിലുറപ്പിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണ് ഇവിടെ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്.

മൂന്നു വിധത്തിലുള്ള ബോദ്ധ്യങ്ങളാണ് പരിശുദ്ധാത്മാവ് വിശ്വാസികളില്‍ ഉളവാക്കുക: 1. പാപത്തെക്കുറിച്ച്, 2. നീതിയെക്കുറിച്ച്, 3. ന്യായവിധിയെക്കുറിച്ച്.

പാപത്തെക്കുറിച്ച്: "അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും.." (16:9).  യോഹന്നാന്‍റെ കാഴ്ചപ്പാടില്‍ ഒരു പാപമേയുള്ളു. അത് 'വിശ്വാസമില്ലായ്മ' അഥവാ 'സ്നേഹമില്ലായ്മ' ആണ് (8:21-24). ഈശോമിശിഹായിലൂടെയുള്ള ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തല്‍ സ്വീകരിച്ച് അനുകൂലമായി പ്രത്യുത്തരിക്കുന്നതാണ് വിശ്വാസം. ദൈവം മിശിഹായിലൂടെ സ്വയം വെളിപ്പെടുത്തിയത് സ്നേഹമായിട്ടായതുകൊണ്ട് വിശ്വസിക്കുന്നവന്‍ സ്നേഹിക്കുന്നവനായി മാറും. വിശ്വാസമില്ലായ്മ സ്നേഹമില്ലായ്മയാണ്. ഈ പാപാവസ്ഥയെക്കുറിച്ച് പരിശുദ്ധാത്മാവിന്‍റെ കുറ്റപ്പെടുത്തല്‍ വിശ്വാസികളില്‍ നടക്കുമ്പോള്‍ അത് അവരില്‍ പാപബോധം ഉളവാക്കും. ഈ പാപബോധം അവര്‍ക്ക് രക്ഷാകരമായിത്തീരുകയും ചെയ്യും.

നീതിയെക്കുറിച്ച്: "ഞാന്‍ പിതാവിന്‍റെ അടുക്കലേക്കു പോകുന്നതുകൊണ്ടും  നിങ്ങള്‍ ഇനിമേല്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും..." (16:10). 'നീതി' എന്ന വാക്ക് യോഹന്നാന്‍ശ്ലീഹാ ഉപയോഗിക്കുന്നത് 'വിശുദ്ധി' എന്ന അര്‍ത്ഥത്തിലാണ്. അദ്ദേഹത്തിന്‍റെ ഒന്നാം ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "അവന്‍ നീതിമാനാണെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍ നീതി പ്രവര്‍ത്തിക്കുന്ന ഏവനും അവനില്‍നിന്നു ജനിച്ചവനാണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം" (2:29). ദൈവത്തില്‍ നിന്നുള്ള ഈ ജനനവും പുത്രത്വവും പിന്നീട് വിശദീകരിക്കുമ്പോള്‍ അദ്ദേഹം തുടര്‍ന്നു പറയുന്നു: "ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു" (1 യോഹ 3:3). വീണ്ടും നീതിമാനായ മിശിഹായെ അവതരിപ്പിച്ചുകൊണ്ട് പറയുന്നു: "പാപങ്ങള്‍ എടുക്കാന്‍ വേണ്ടിയാണ് അവന്‍ പ്രത്യക്ഷനായതെന്ന് നിങ്ങള്‍ അറിയുന്നു. അവനില്‍ പാപമില്ല" (1 യോഹ 3:5). ഈശോയുടെ നീതി അവിടുത്തെ പാപമില്ലായ്മയാണ്; പരിശുദ്ധിയാണ്. അതോടൊപ്പം ഈ നീതി അഥവാ പരിശുദ്ധി പാപത്തിന്മേല്‍ ഈശോ വരിച്ച വിജയവും ഉള്‍ക്കൊള്ളുന്നതാണ്: "പിശാചിന്‍റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനു വേണ്ടിയാണ് ദൈവപുത്രന്‍ പ്രത്യക്ഷനായത്" (1 യോഹ 3:8) എന്ന പ്രസ്താവന ഇതു വ്യക്തമാക്കുന്നുണ്ട്. പിതാവിന്‍റെ അടുക്കലേക്കുള്ള തന്‍റെ കടന്നുപോകലിലൂടെയാണ് പാപത്തിന്മേലുള്ള വിജയം മിശിഹാ നേടിയത്. ഈ വിജയത്തിലുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള ബോദ്ധ്യവും പരിശുദ്ധാത്മാവ് വിശ്വാസികളില്‍ ഉളവാക്കും.

ന്യായവിധിയെക്കുറിച്ച്: " ഈ ലോകത്തിന്‍റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോദ്ധ്യപ്പെടുത്തും" (16:11). 'ഈ ലോകത്തിന്‍റെ അധികാരി' എന്നു വിശേഷിപ്പിക്കപ്പെടുന്നത് പൈ ശാചിക ശക്തിയാണ്. ഈശോയുടെ പീഡാനുഭവവും മരണവും ദൈവനിശ്ചയപ്രകാരമായിരുന്നെങ്കിലും മനുഷ്യചരിത്രത്തില്‍ പ്രവര്‍ ത്തനനിരതമായ പൈശാചികശക്തിയുടെ അന്തിമപോരാട്ടമായിരുന്നു അത്. അതുകൊണ്ടാണ് ഈശോ ഇങ്ങനെ പറഞ്ഞത്, "നിങ്ങളോട് ഇനിയും ഞാന്‍ അധികം സംസാരിക്കുകയില്ല. കാരണം ഈ ലോകത്തിന്‍റെ അധികാരി വരുന്നു" (14:30). എന്നാല്‍ ഈ അന്തിമപോരാട്ടത്തില്‍ ആത്യന്തികമായി വിജയം വരിച്ചത് ഈശോ തന്നെയാണ്. തന്‍റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഈശോ പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി. അങ്ങനെ പൈശാചികശക്തികള്‍ ന്യായവിധി ചെയ്യപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് ഈശോ ഇങ്ങനെ കൂട്ടിച്ചേര്‍ത്തത്: "എങ്കിലും അവന് എന്‍റെമേല്‍ അധികാരമില്ല" (14:30). ഈശോയുടെ രക്ഷാകരപ്രവൃത്തിയിലൂടെ സംഭവിച്ച തിന്മയുടെ ശക്തിയുടെ പുറന്തള്ളപ്പെടലും ശിക്ഷാവിധിയും വെളിപാടുപുസ്തകത്തില്‍ നാടകീയമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് (12:5,7-12; 20:2-10). പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ ഇതേപ്പറ്റിയുള്ള ബോദ്ധ്യത്തില്‍ ഉറച്ചുനില്‍ക്കാനും തിന്മയുടെ ശക്തികളുടെമേല്‍ വിജയം വരിക്കാനും വിശ്വാസികള്‍ക്ക് കഴിയും.

16:12-15, പ്രബോധകനായ പരിശുദ്ധാത്മാവ്: താന്‍ പറയുന്ന കാര്യങ്ങളെല്ലാം സഹായകനായ പരിശുദ്ധാത്മാവ് അനുസ്മരിപ്പിക്കുകയും എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും ചെയ്യുമെന്ന് 14-ാം അദ്ധ്യായത്തില്‍ ഈശോ വാഗ്ദാനം ചെയ്യുന്നുണ്ട് (14:26). എല്ലാവരെയും സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കു നയിക്കുക എന്നതാണ് പരിശുദ്ധാത്മാവിന്‍റെ ദൗത്യം. ഈശോമിശിഹായിലൂടെ നടന്ന വെളിപാടാണ് സത്യം. ഈ സത്യത്തിലേയ്ക്കാണ് പരിശുദ്ധാത്മാവ് ഒരുവനെ വഴി നടത്തുന്നത്. ഇത് ജീവിതത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തിയാണ്. "ഇനിയും വളരെക്കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാല്‍ അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിവില്ല. സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കു നയിക്കും" (16:12-13). ഈശോമിശിഹായ്ക്കുശേഷം പുതിയ വെളിപാടുകള്‍ ഉണ്ടാകുമെന്ന് ഇതിനര്‍ത്ഥമില്ല. ദൈവത്തിന്‍റെ സ്വയംവെളിപ്പെടുത്തലിന്‍റെ പൂര്‍ത്തീകരണം മിശിഹാ തന്നെയാണ്. എന്നാല്‍ മിശിഹായെയും അവിടുത്തെ വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും ജീവിതത്തെയും പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ അവിടുത്തെ ജീവിതകാലത്ത് ശിഷ്യര്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ട് മിശിഹായിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ദൈവവചനത്തിന്‍റെ പൊരുള്‍ ഗ്രഹിക്കുവാനും കാലോചിതമായ രീതിയില്‍ പ്രായോഗികമാക്കുവാനും സത്യാത്മാവായ പരിശുദ്ധാത്മാവ് ശിഷ്യരില്‍ - വിശ്വാസികളില്‍ - പ്രവര്‍ത്തിക്കും. അങ്ങനെ അവരെ സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കു നയിക്കും. "അവന്‍ എനിക്കുള്ളവയില്‍ നിന്നും സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും" (16:14) എന്നുള്ള വാക്കുകള്‍ ഇത് സ്ഥിരീകരിക്കുന്നു. "വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും" (16:13) എന്ന പ്രഖ്യാപനം ഭാവികാര്യങ്ങള്‍ പ്രവചിക്കുമെന്ന അര്‍ത്ഥത്തിലല്ല നാം മനസ്സിലാക്കേണ്ടത്. സഭയിലൂടെ കൈമാറപ്പെട്ടു കിട്ടുന്ന ശ്ലൈഹികവിശ്വാസം ഭാവി തലമുറകള്‍ക്ക് വേണ്ടതുപോലെ ഗ്രഹിക്കുവാന്‍ പരിശുദ്ധാത്മാവിന്‍റെ പ്രബോധനപ്രക്രിയ സഭയിലുണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

'അവന്‍ സ്വമേധയാ ആയിരിക്കുകയില്ല സംസാരിക്കുന്നത്', 'അവന്‍ കേള്‍ക്കുന്നതുമാത്രം സംസാരിക്കും', 'അവന്‍ എനിക്കുള്ളവയില്‍ നിന്നും സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും', 'അവന്‍ എന്നെ മഹത്ത്വപ്പെടുത്തും' തുടങ്ങിയ പ്രസ്താവനകള്‍ പരിശുദ്ധാത്മാവിന്‍റെ പ്രബോധനവും ഈശോയുടെ വെളിപാടും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ്. ഈശോയുടെ വെളിപാടിനെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുവാനും പ്രാവര്‍ത്തികമാക്കുവാനും സഭാജീവിതത്തില്‍ സ്വാംശീകരിക്കുവാനും സഹായിക്കുക എന്നതാണ് പരിശുദ്ധാത്മാവിന്‍റെ പ്രബോധനത്തിന്‍റെ ലക്ഷ്യം. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് തനിക്കുള്ളവയില്‍നിന്നു സ്വീകരിച്ചു പ്രഖ്യാപിക്കുമെന്നും തന്നെ മഹത്ത്വപ്പെടുത്തുമെന്നും ഈശോ പറഞ്ഞത്.

സഭയും പരിശുദ്ധാത്മാവും:യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷം രണ്ടാം ഭാഗം പരിശുദ്ധാത്മാവിനെ 'പാറക്ലേത്തോസ്' അഥവാ 'സഹായകന്‍' എന്ന പേരോടുകൂടിയാണ് അവതരിപ്പിക്കുന്നത്. വിശ്വാസികളുടെ സമൂഹമായ സഭയിലുള്ള പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും പ്രവര്‍ത്തനവുമാണ് ഈ ഭാഗത്ത് യോഹന്നാന്‍ സുവിശേഷകന്‍ വിവരിക്കുന്നത്. സഹായകനായ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാന്‍ ലോകത്തിനു സാധിക്കുകയില്ല (14:17). ഈശോയെ കാണുകയും ഈശോയില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ ഈ സഹായകനെ സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളു (14:17). അതുകൊണ്ട് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും പ്രവര്‍ത്തനവും സഭാംഗങ്ങളുടെ വിശ്വാസജീവിതത്തോട് ബന്ധപ്പെട്ടതാണ്. വിശ്വാസജീവിതത്തില്‍ സഭാംഗങ്ങള്‍ക്കു വേണ്ട സഹായമാണ് പരിശുദ്ധാത്മാവ് നല്‍കുന്നത്. ലോകത്തില്‍ ജീവിക്കുകയും ലോകത്തിന്‍റെ പരിതോവസ്ഥകളില്‍ വ്യാപരിക്കുകയും ചെയ്യുന്ന മനുഷ്യന് സത്യവിശ്വാസം ജീവിക്കുക ദുഷ്ക്കരമാണ്. ഇവിടെ അവനെ ശക്തിപ്പെടുത്താന്‍ പ്രത്യേകം നല്‍കപ്പെടുന്ന ഒന്നാണ് 'പാറക്ലേത്തോസ്' അഥവാ 'സഹായകന്‍' എന്ന നിലയിലുള്ള പരിശുദ്ധാത്മ പ്രവര്‍ത്തനം. ഈ സഹായകനെ വാഗ്ദാനം ചെയ്യുന്ന ഭാഗമാണ് യോഹ 14:15-17 വരെയുള്ള വാക്യങ്ങള്‍. പ്രധാനമായും മൂന്നു വിധത്തിലുള്ള സഹായമാണ് പരിശുദ്ധാത്മാവ് നല്കുന്നതെന്ന് 14 മുതല്‍ 16 വരെയുള്ള അദ്ധ്യായങ്ങളില്‍ സുവിശേഷകന്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നു.

പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നാമത്തേത് പഠിപ്പിക്കുക എന്നതാണ്. സഭയുടെ വിശ്വാസത്തിനാധാരമായി നിലകൊള്ളുന്നത് മിശിഹാസംഭവമാണ്. ഈ മിശിഹാസംഭവത്തിന്‍റെ അന്തഃസത്ത അതിന്‍റെ പൂര്‍ണ്ണതയില്‍ ഗ്രഹിക്കുവാന്‍ ആര്‍ക്കും ഒരിക്കലും സാദ്ധ്യമല്ല. സഭയുടെ വിശ്വാസജീവിതത്തില്‍ കാലാകാലങ്ങളില്‍ പ്രസക്തമായ രീതിയില്‍ അത് പഠിക്കുവാനും പഠിപ്പിക്കുവാനും സഹായകനായ പരിശുദ്ധാത്മാവ് സഭയില്‍ പ്രവര്‍ത്തനനിരതനാണ്. ഇതേപ്പറ്റിയാണ് യോഹ 14:26 ലും 16:12-15 ലും പറയുന്നത്. പരിശുദ്ധാത്മാവിന്‍റെ ഈ പ്രബോധനം ഈശോയിലൂടെ നല്കപ്പെട്ട പ്രബോധനത്തില്‍നിന്നും വ്യത്യസ്തമായിരിക്കുകയില്ല; അതിനു വിധേയപ്പെട്ടതും അതിനെ കൂടുതല്‍ പരിപുഷ്ടമാക്കുന്നതുമായിരിക്കും. പരിശുദ്ധാത്മാവിന്‍റെ ഈ പ്രബോധനപരമായ പ്രവര്‍ത്തനമാണ് സഭയുടെ ഔദ്യോഗിക പ്രബോധനത്തിന് ആധാരമായി നിലകൊള്ളുന്നത്.

സഹായകനെന്ന നിലയില്‍ പരിശുദ്ധാത്മാവിന്‍റെ രണ്ടാമത്തെ പ്രവര്‍ത്തനം മിശിഹായ്ക്കു സാക്ഷ്യം വഹിക്കുക എന്നതാണ്. മിശിഹായിലുള്ള വിശ്വാസം പഠിച്ചാലും ഗ്രഹിച്ചാലും മനസ്സിലാക്കിയാലും ആ വിശ്വാസം പ്രായോഗികമായി ജീവിക്കുക എളുപ്പമല്ല. സഭയില്‍ വിശ്വാസം ജീവിക്കുവാന്‍ ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ കാലാകാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കും. സഭാചരിത്രത്തില്‍ അനുഭവവേദ്യമായിട്ടുള്ള മതപീഡനങ്ങള്‍ ഉദാഹരണങ്ങളാണ്. മാത്രമല്ല, വ്യക്തിപരമായും പ്രതികൂല സാഹചര്യങ്ങളിലും സഭയുടെ വിശ്വാസം ജീവിക്കുക ബുദ്ധിമുട്ടേറിയതാവാം. ഈ പശ്ചാത്തലത്തിലാണ് പരിശുദ്ധാത്മാവിന്‍റെ സാക്ഷ്യം വഹിക്കല്‍ പ്രസക്തമായിത്തീരുന്നത്. ഇതേപ്പറ്റിയാണ് യോഹ 15:26-27 പറയുന്നത്.

സഹായകനെന്ന നിലയില്‍ പരിശുദ്ധാത്മാവിന്‍റെ മൂന്നാമത്തെ പ്രവര്‍ത്തനം ബോദ്ധ്യപ്പെടുത്തുക എന്നതാണ്. ഇതേപ്പറ്റിയാണ് യോഹ 16:7-11 പ്രതിപാദിക്കുന്നത്. വിശ്വാസത്തിന് വിരുദ്ധമായ ലോകത്തിന്‍റെ അഥവാ തിന്മയുടെ ശക്തികള്‍ സഭയില്‍ നിരന്തരമായി പ്രവര്‍ത്തനനിരതമാണ്. പലപ്പോഴും ഈ ശക്തികള്‍ക്ക് വിശ്വാസികള്‍ അടിമപ്പെട്ട് വിശ്വാസത്തില്‍നിന്നും വ്യതിചലിച്ച് പാപത്തിന് വിധേയരായെന്നും വരാം. ഈ ഒരു സ്ഥിതിവിശേഷത്തില്‍ വിശ്വാസികളെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണ് 'ബോദ്ധ്യപ്പെടുത്തല്‍' അഥവാ 'കുറ്റപ്പെടുത്തല്‍'. വിശ്വാസത്തില്‍നിന്നും വ്യതിചലിച്ച് പോകുന്നവരെ വീണ്ടും വിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടു വരാനും വിശ്വാസത്തില്‍ ഉറപ്പിക്കാനും പരിശുദ്ധാത്മാവിന്‍റെ ഈ പ്രവര്‍ത്തനം സഹായിക്കും.

പൊതുവെ പറഞ്ഞാല്‍ വിശ്വാസികളുടെ സമൂഹമായ സഭാംഗങ്ങളെ വിശ്വാസത്തില്‍ വളര്‍ത്തുവാനും ശക്തിപ്പെടുത്തുവാനും വിശ്വാസത്തില്‍നിന്നും വ്യതിചലിക്കുന്ന സാഹചര്യത്തില്‍ അവരെ തിരികെ കൊണ്ടുവരാനും നിര്‍ണ്ണായകമായിത്തീരുന്ന പ്രവര്‍ത്തനമാണ് പരിശുദ്ധാത്മാവ് സഹായകനെന്ന നിലയില്‍ സഭയില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. പരിശുദ്ധാത്മാവിന്‍റെ ഈ പ്രവര്‍ത്തനത്തെപ്പറ്റി അവബോധമുള്ളവരായിരിക്കുവാനും ആ പ്രവര്‍ത്തനത്തോടു സഹകരിക്കുവാനും സഭാംഗങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു.

വിചിന്തനം: വിശ്വാസജീവിതത്തില്‍ നിലനില്ക്കാനും വളരാനും നമ്മെ സഹായിക്കുന്നവനാണ് പരിശുദ്ധാത്മാവ്. വിശ്വാസത്തില്‍നിന്നല്ലാത്തതെല്ലാം പാപമാണെന്നും പാപത്തെ ജയിച്ച മിശിഹായുടെ ഭാഗത്താണ് നീതിയെന്നും നമ്മെ ബോദ്ധ്യപ്പെടുത്താനും പാപം ചെയ്താല്‍ അനുതപിച്ച് ദൈവസ്നേഹത്തിലേക്ക് തിരിച്ചുവരുവാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. അതുപോലെതന്നെ മിശിഹായിലൂടെ നമുക്കു പെളിപ്പെടുത്തപ്പെട്ട ദൈവികരഹസ്യങ്ങള്‍ മനസ്സിലാക്കി ദൈവത്തിന്‍റെ പദ്ധതിയോടു സഹകരിക്കുവാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. നമ്മിലുള്ള പരിശുദ്ധാത്മാവിന്‍റെ ഈ പ്രവര്‍ത്തനം തിരിച്ചറിഞ്ഞ് അരൂപിയോട് സഹകരിക്കുവാന്‍ നാം പരിശ്രമിക്കണം.

Gospel of John 16: 5-15 The work of the Holy Spirit catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message