x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം,15:7-17, അന്യാപദേശത്തിന്‍റെ വിശദീകരണം

Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021

മുന്തിരിച്ചെടിയുടെയും ശാഖകളുടെയും അന്യാപദേശത്തിലൂടെ താന്‍ പഠിപ്പിക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പിന്നീടുള്ള വാക്യങ്ങളില്‍ ഈശോ വ്യക്തമാക്കുന്നുണ്ട്. പ്രധാനമായും 4 കാര്യങ്ങളാണ് അവിടുന്ന് വിശദീകരിക്കുന്നത്. സമാനപ്രസ്താവനകള്‍ ഉള്‍ക്കൊള്ളന്ന ഏകകേന്ദ്രീകൃത ഘടനയിലുള്ള രചനാശൈലിയാണ് സുവിശേഷകന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

15:7-8,16-17, പരസ്പരസഹവാസം: 'നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്ക്കാതെ ശാഖകള്‍ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല" (15:4) എന്ന വാക്കുകളിലൂടെ ദൈവത്തില്‍ വസിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഈശോ ഉദ്ബോധിപ്പിക്കുന്നു. ഈശോയുമായുള്ള വ്യക്തിബന്ധം പരസ്പരസഹവാസം ഉള്‍ക്കൊള്ളുന്ന ഒരു ബന്ധമാണ്. ഈശോ അരൂപിയായതുകൊണ്ട് മനുഷ്യരില്‍ കടന്നുവരാനും അവരില്‍ വസിക്കാനും ഈശോയ്ക്ക് സാധിക്കും. അടച്ചിട്ടിരുന്ന വാതിലുകളിലൂടെ ശിഷ്യന്മാരുടെ മദ്ധ്യേ കടന്നുവന്ന ഈശോ ഇതാണ് പഠിപ്പിക്കുന്നത്. ഈശോ ഇന്ന് ജീവിക്കുന്നവനാണ്. പലപ്പോഴും പലരും ഈശോയെ ജീവിപ്പിക്കുന്നത് അവരുടെ ഓര്‍മ്മയിലൂടെയും ചിന്തയിലൂടെയും ഭാവനയിലൂടെയും വിചാരവികാരങ്ങളിലൂടെയുമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ച, നല്ല ആദര്‍ശങ്ങള്‍ ജീവിച്ചും പഠിപ്പിച്ചും അവസാനം മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും കടന്നുപോയ ഒരു ചരിത്രപുരുഷനായി മാത്രം ഈശോയെ കാണുന്നത് ശരിയല്ല. ഉത്ഥാനത്തിലൂടെ അവിടുന്ന് ജീവിക്കുന്ന ആത്മാവായി മാറി (1കോറി 15:45). അതുകൊണ്ട് ഈശോ ഇന്നും എന്നും ജീവിക്കുന്നവനാണ്. എപ്പോഴും എവിടെയും എല്ലാവരിലും ആയിരിക്കുന്നവനാണ്. ഈ യഥാര്‍ത്ഥ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അവബോധം ഓരോരുത്തരും വളര്‍ത്തിയെടുക്കണം.

ഈശോയുമായുള്ള വ്യക്തിബന്ധം: "ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു" (15:5). "ക്രിസ്തീയജീവിതം ഒരാദര്‍ശമോ തത്ത്വസംഹിതയോ അല്ല, ഒരു വ്യക്തിയാണ്" എന്നു പറയാറുണ്ട്. അത് ഈശോമിശിഹായാണ്. ആ വ്യക്തിയുമായുള്ള ബന്ധമാണ് ക്രിസ്തീയജീവിതത്തിന്‍റെ അടിസ്ഥാനം. ഇതാണ് മുന്തിരിച്ചെടിയുടെ ഉപമ ആദ്യമായി വ്യക്തമാക്കുന്നത്. ദൈവത്തിന്‍റെ സാക്ഷാല്‍ മുന്തിരിച്ചെടി ഈശോമിശിഹായാണ്. പഴയനിയമ ദൈവജനമാകുന്ന മുന്തിരിച്ചെടികള്‍ ദൈവം പ്രതീക്ഷിച്ചവിധം ഫലങ്ങള്‍ പുറപ്പെടുവിക്കാതെ കാട്ടുമുന്തിരിപ്പഴം പുറപ്പെടുവിച്ചു (ഏശയ്യാ 5:2). അതുകൊണ്ട് അവ തിരസ്കൃതമായി. ആ സ്ഥാനത്ത് ദൈവം പ്രതീക്ഷിക്കുന്നവിധം ഫലം പുറപ്പെടുവിക്കുന്ന യഥാര്‍ത്ഥ മുന്തിരിച്ചെടിയാകുന്ന ഈശോമിശിഹാ കടന്നുവന്നു. ഈശോയോടു ചേര്‍ന്നുനില്‍ക്കുന്ന ശാഖകളായിത്തീരുവാന്‍ പുതിയനിയമ ദൈവജനമാകുന്ന സഭാംഗങ്ങളോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.

ഫലം പുറപ്പെടുവിക്കുക എന്നതുകൊണ്ട് കുറെ സല്‍പ്രവൃത്തികള്‍ ചെയ്യുക എന്നല്ല അര്‍ത്ഥമാക്കുന്നത്. ഫലം ജീവന്‍റെ പ്രകാശനമാണ്. ഒരു ചെടി പൂവണിഞ്ഞുകായ്ക്കുമ്പോള്‍ അത് ചെടിയുടെ ജീവന്‍റെ പ്രകാശനമാണ്. ഇതുപോലെ ഈശോയുമായി പങ്കിട്ടനുഭവിക്കുന്ന ജീവന്‍റെ പ്രകാശനമാകുന്ന ഫലങ്ങളാണ് ശിഷ്യര്‍ പുറപ്പെടുവിക്കേണ്ടത്. ദൈവികജീവന്‍ ദൈവത്തിന്‍റെ അരൂപിയാണ്. "അരൂപിയാണ് ജീവന്‍ നല്കുന്നത്... നിങ്ങളോടു പറഞ്ഞ വാക്കുകള്‍ അരൂപിയും ജീവനുമാണ്" (6:63). അരൂപിയുടെ ഫലങ്ങള്‍ സ്നേഹം, സന്തോഷം, സമാധാനം തുടങ്ങിയവയാണ് (ഗലാ 5:22-23). പിതാവിന്‍റെ സ്നേഹം ഈശോ ശിഷ്യരുമായി പങ്കുവയ്ക്കുന്നതുപോലെ അവരും ഈശോയുടെ സ്നേഹം പരസ്പരം പങ്കുവയ്ക്കണം. ഈ പരസ്പര സ്നേഹത്തിന്‍റെ ജീവിതമാണ് ഇവിടെ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. സ്നേഹത്തിനു സാക്ഷ്യം വഹിക്കുന്ന ഒരു ജീവിതംനയിച്ചുകൊണ്ട് സ്നേഹത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കണം. ഈശോ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുന്ന ഒരു ജീവിതം നയിക്കുന്ന ഒരു സമൂഹമാകണം സഭ.

ഈശോയുമായുള്ള വ്യക്തിബന്ധം അവശ്യം സഭാത്മകമാണെന്നും ഇതു വ്യക്തമാക്കുന്നു. ഈ ബന്ധം വ്യക്തിപരമാണ് (Personal), എന്നാല്‍ വ്യക്തിഗതമല്ല (Individualistic); സമൂഹപരമാണ് (Communitarian) അഥവാ സഭാത്മകമാണ് (Ecclesial). സഭയെ കണക്കിലെടുക്കാതെ ഈശോയുമായി വ്യക്തിബന്ധം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതു തെറ്റാണ്. ഈശോ ഒന്നേയുള്ളു. അതുകൊണ്ട് ഈശോയോടുള്ള പ്രതിബദ്ധത ഒന്നേയുള്ളു. അതുകൊണ്ട് ഈശോയോടുള്ള പ്രതിബദ്ധത അവശ്യം ഈശോയില്‍ ഒന്നായിരിക്കുന്ന സമൂഹത്തോട് അഥവാ സഭയോടുള്ള പ്രതിബദ്ധതയായിരിക്കണം.

ദൈവത്തില്‍ വസിക്കുന്നവനില്‍ ദൈവവും വസിക്കുന്നു. ഈ പരസ്പര സഹവാസത്തിന്‍റെ ഫലങ്ങള്‍ ഇങ്ങനെ ചുരുക്കി പ്രതിപാദിക്കാം:

പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്ന ഉറപ്പ് (യോഹ 15:7,16). ദൈവവുമായുള്ള ആഴത്തിലുള്ള ബന്ധവും സഹവാസവുമാണ് നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നുള്ളതിന് ഉറപ്പ്. ഈ ആഴത്തിലുള്ള ബന്ധമാണ് പ്രാര്‍ത്ഥന ഫലപ്രാപ്തിയുള്ളതാണ് എന്നതിന് അടിസ്ഥാനം. ഈശോയ്ക്ക് പിതാവായ ദൈവവുമായുള്ള ഐക്യം ഇപ്രകാരമുള്ളതായിരുന്നു. "പിതാവിന്‍റെ മടിയിലിരിക്കുന്ന ഏകജാതന്‍" എന്നാണല്ലോ യോഹന്നാന്‍ ഈശോയെ വിശേഷിപ്പിക്കുക (1:18). പിതാവായ ദൈവവുമായി നിരന്തരം പിതൃപുത്രബന്ധത്തില്‍ സഹവസിച്ചിരുന്ന പ്രാര്‍ത്ഥനാജീവിതമായിരുന്നു ഈശോയുടേത്. പ്രാര്‍ത്ഥന ആവശ്യബോധത്തില്‍നിന്ന് എന്നുള്ളതിനേക്കാള്‍ ദൈവൈക്യത്തില്‍ നിന്നും ഉയരുന്നതാവണം. ഈശോയുമായുളള സഹവാസത്തിലൂടെ പിതാവിന്‍റെ മുഖം ധ്യാനിക്കുന്നതിലേക്ക് ഒരുവനെ നയിക്കുന്ന ഒരു അനുഭവമായിട്ടാണ് പ്രാര്‍ത്ഥനയെ ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നിര്‍വ്വചിക്കുന്നത് (NMI 32).

പ്രാര്‍ത്ഥന ആത്യന്തികമായി പ്രാര്‍ത്ഥിക്കുന്നവരെ ദൈവൈക്യത്തില്‍ വളര്‍ത്തണം. ഈശോയുടെ പ്രബോധനങ്ങളില്‍ ഇതു സൂചിപ്പിക്കുന്നുണ്ട്: "ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടും" (മത്താ 7:7). ഇത് ഒരേ കാര്യം മൂന്നു വിധത്തില്‍ പറയുകയല്ല. മൂന്നു കാര്യങ്ങള്‍ പ്രാര്‍ത്ഥനയില്‍ സംഭവിക്കുന്നു. മനുഷ്യന്‍റെ ആവശ്യങ്ങള്‍ ദൈവത്തിന്‍റെ മുന്നില്‍ അവതരിപ്പിക്കുന്നു. അവ ദൈവം സാധിച്ചുകൊടുക്കുന്നു. എന്നാല്‍ പ്രാര്‍ത്ഥന ഈയൊരുകാര്യത്തില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് പ്രാര്‍ത്ഥന. മാത്രമല്ല, ദൈവവുമായിട്ടുള്ള സ്നേഹബന്ധത്തിന്‍റെ വാതിലുകള്‍ തുറക്കപ്പടുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് പ്രാര്‍ത്ഥന.

ഈശോയുമായുള്ള സഹവാസത്തിലൂടെ ദൈവത്തില്‍ നിലനില്ക്കുന്നവന്‍ ധാരാളം ഫലം പുറപ്പെടുവിക്കുന്നതുവഴി പിതാവ് മഹത്ത്വപ്പെടുകയും അതോടൊപ്പം ശിഷ്യത്വത്തിലുള്ള വളര്‍ച്ചയുണ്ടാവുകയും ചെയ്യുന്നു. ശിഷ്യത്വത്തിലേക്കുള്ള വിളിയും തെരഞ്ഞെടുപ്പും പൂര്‍ണ്ണമായും ദൈവത്തിന്‍റെ ദാനമാണെന്ന വസ്തുതയും ഇവിടെ ഈശോ വ്യക്തമായി പഠിപ്പിക്കുന്നു.

15:9,15, സ്നേഹത്തില്‍ നിലനില്ക്കാനുള്ള ആഹ്വാനം: "പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങള്‍ എന്‍റെ സ്നേഹത്തില്‍ നിലനില്ക്കുവിന്‍" (15:9) എന്ന് ഈശോ ആഹ്വാനം ചെയ്യുന്നു. പിതാവും ഈശോയും തമ്മിലുള്ള സ്നേഹത്തിന്‍റെ ഐക്യത്തിലുള്ള പങ്കുചേരലാണ് ഈശോയുമായുള്ള ഒരുവന്‍റെ ഐക്യത്തില്‍ സംഭവിക്കുന്നത്. ഈ സ്നേഹബന്ധത്തിന് മാതൃകയായി എടുത്തുകാണിക്കുന്നത് പിതാവും പുത്രനും തമ്മിലുള്ള സ്നേഹബന്ധമാണ്. ഈ ബന്ധം പൂര്‍ണ്ണമായി സ്വയം കൊടുക്കുന്ന ആത്മദാനത്തിന്‍റെ ബന്ധമാണ്. ഈ തരത്തിലുള്ള ഒരു ബന്ധത്തില്‍ ആഴപ്പെടാന്‍ ശിഷ്യര്‍ക്കു കഴിയണം. ഈശോയ്ക്കുവേണ്ടി സ്വയം കൊടുക്കുന്ന ഒരു സ്നേഹബന്ധമാണ് ശിഷ്യര്‍ക്കു വേണ്ടത്. സ്വയം തേടുന്ന സ്നേഹത്തില്‍നിന്ന് (ഈറോസ്) സ്വയം കൊടുക്കുന്ന സ്നേഹത്തിലേക്ക് (അഗാപ്പെ) ഈ ബന്ധം വളരണം. ഇവ രണ്ടും രണ്ടല്ല. പരസ്പരപൂരകങ്ങളാണ്. സംമ്പൂര്‍ണ്ണമായി ഈശോയ്ക്ക് സമര്‍പ്പിക്കുന്ന ശിഷ്യത്വത്തിന്‍റെ ഒരു ജീവിതമാണ് അത് ഒരുവനില്‍ കരുപ്പിടിപ്പിക്കുക. ഈശോയുടെ കല്പനകള്‍ പാലിച്ചുകൊണ്ടുള്ള ജീവിതമാണ് അത്. "ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ പാലിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ  കല്പനകള്‍ പാലിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കും" (15:10). സ്നേഹം വെറും വൈകാരികതലത്തില്‍ ഒതുങ്ങി നില്ക്കുന്ന ഒരു ബന്ധമല്ല, അനുദിനം ദൈവകല്പനകളോട് വിശ്വസ്തത പുലര്‍ത്തുവാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന ഒരു ജീവിതബന്ധമാണ്.

ഈ സ്നേഹബന്ധം ഒരു സുഹൃദ്ബന്ധമായി  വളരണമെന്ന് ഈശോ ആഗ്രഹിക്കുന്നു. സുഹൃദ്ബന്ധം പരസ്പരം ഹൃദയരഹസ്യങ്ങള്‍ കൈമാറുന്ന ബന്ധമായിട്ടാണ് യോഹന്നാന്‍ ചിത്രീകരിക്കുക: "ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല; കാരണം, യജമാനന്‍ ചെയ്യുന്നത് എന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍ ഞാന്‍ നിങ്ങളെ സ്നേഹിതര്‍ എന്നു വിളിച്ചു. എന്തെന്നാല്‍ എന്‍റെ പിതാവില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു" (15:15). കേവലം സൃഷ്ടിയായ മനുഷ്യനെ സുഹൃത്തായി കരുതുന്ന സ്രഷ്ടാവിനെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. സൗഹൃദം സഹവര്‍ത്തിത്വത്തെയും തുറവിയെയും സൂചിപ്പിക്കുന്നു. പരസ്പരം ജീവിതരഹസ്യങ്ങള്‍ കൈമാറുന്ന ഒരു സു ഹൃദ്ബന്ധമായി ഈശോയോടുള്ള സ്നേഹത്തെ ശിഷ്യര്‍ വളര്‍ത്തിയെടുക്കണം. ഹൃദയരഹസ്യങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും താത്പര്യങ്ങളും പ്ലാനുകളും എല്ലാം പങ്കുവയ്ക്കുന്ന ഒരു ജീവിതപങ്കാളിത്തമാണ് ഈശോ ശിഷ്യരില്‍നിന്നും പ്രതീക്ഷിക്കുന്നത്. ശിഷ്യരുമായി പങ്കുവയ്ക്കാത്ത ഒരു രഹസ്യവും ഈശോയ്ക്കില്ലെങ്കില്‍ ഈശോയുമായി പങ്കുവയ്ക്കാന്‍ വയ്യാത്ത ഒരു രഹസ്യവും ശിഷ്യര്‍ക്കും ഉണ്ടാകാന്‍ പാടില്ല. ഒരു നല്ല സ്നേഹിതനോട് എന്നപോലെ ഈശോയുമായി എല്ലാം പങ്കുവയ്ക്കുന്ന ഒരു ബന്ധത്തില്‍ ആഴപ്പെടാന്‍ ശിഷ്യര്‍ക്ക് കഴിയണം. അങ്ങനെ ജീവിതത്തില്‍ ഈശോയുമായി സ്നേഹവും സൗഹൃദവും വളരുമ്പോള്‍ പരസ്പരമുള്ള സ്നേഹത്തിലും സൗഹൃദത്തിലും വളര്‍ച്ചയുണ്ടാകും. ഇതു ജീവിതപങ്കാളിത്തമാണ്. ജീവിതപങ്കാളികള്‍ പരസ്പരം പ്രതിനിധീകരിക്കുന്നവരാണ്. ഈശോയുടെ സാന്നിദ്ധ്യവും സ്നേഹവും മറ്റുളളവര്‍ക്ക് കൊടുക്കുവാനും ഈശോയുടെ ദൗത്യം ലോകത്തില്‍ നിര്‍വ്വഹിക്കുവാനും ശിഷ്യര്‍ക്ക് കഴിയണം. ഈശോയുമായി സ്നേഹബന്ധം സ്ഥാപിച്ച വ്യക്തികള്‍, അവരുടെ മിശിഹാനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും അവരെ മിശിഹായുടെ പക്കലേക്ക് കൊണ്ടുവരുന്നതും സുവിശേഷങ്ങളില്‍ വിവരിക്കുന്നുണ്ട്. ഈശോയുടെ ശിഷ്യത്വം സ്വീകരിച്ച ഫിലിപ്പ് തന്‍റെ കൂട്ടുകാരനായ നഥാനിയേലിനെ ഈശോയുടെ പക്കലേക്ക് കൂട്ടിക്കൊണ്ടുവന്നു (1:46-47). ഈശോയുടെ സ്വയം വെളിപ്പെടുത്തല്‍ ലഭിച്ച സമരിയാക്കാരി തന്‍റെ അനുഭവം പങ്കുവച്ച് തന്‍റെ പട്ടണവാസികളെ ഈശോയുടെ പക്കലേക്ക് ആനയിച്ചു. ഈശോയുമായി ജീവിതപങ്കാളിത്തം ലഭിക്കുവാന്‍ പ്രത്യേകം വിളിക്കപ്പെട്ടര്‍ക്ക് ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാനും ഈശോയുടെ പക്കലേക്ക് മറ്റുള്ളവരെ ആനയിക്കുവാനും കഴിയണം.

15:10,12-14, കല്പനകള്‍ പാലിക്കുക: കല്പനകള്‍ പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഈശോ, പാലിക്കേണ്ട കല്പന ഏതാണെന്നും വ്യക്തമാക്കുന്നുണ്ട്: "ഇതാണ് എന്‍റെ കല്പന. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം" (15:12). സ്നേഹിക്കുന്നവരുടെ ഹിതത്തോടും മനസ്സിനോടുമുള്ള ഐക്യമാണ് യഥാര്‍ത്ഥ ഐക്യം. ദൈവത്തിന്‍റെ ഹിതമായിരുന്നു ഈശോയുടെ ഹിതം. അതുതന്നെയായിരിക്കണം ശിഷ്യരുടെയും ഹിതം. മുന്തിരിച്ചെടിയോടു ചേര്‍ന്നു നില്ക്കുന്ന ശാഖകള്‍ ഫലം പുറപ്പെടുവിക്കുന്നു. പരസ്നേഹത്തിലൂടെയാണ് ഇത് പ്രാവര്‍ത്തികമാക്കേണ്ടത്. സ്നേഹമായിരിക്കണം ക്രൈസ്തവസമൂഹത്തിന്‍റെ മുഖമുദ്ര. മറ്റ് സമൂഹങ്ങളില്‍നിന്നുള്ള വ്യതിരിക്തത പ്രകടമാക്കേണ്ടതും ഈ സ്നേഹത്തിലൂടെയാകണം.

സ്നേഹവും അനുസരണവും തമ്മിലുള്ള ബന്ധമാണ് ഇവിടെ എടുത്തുകാണിക്കുന്നത്. പിതാവു തന്‍റെ പുത്രനെ തന്‍റെ സ്നേഹത്തില്‍ സ്വന്തമാക്കുന്നു. പുത്രന്‍ സ്വതന്ത്രമായും സന്തോഷത്തോടുകൂടിയും പിതാവു തന്നില്‍ നിന്നാവശ്യപ്പെടുന്നതെല്ലാം ചെയ്തുകൊണ്ട് പിതാവിനോടുള്ള സ്നേഹത്തിന്‍റെ പ്രതിബദ്ധത നിലനിര്‍ത്തുകയും ചെയ്യുന്നു. ഈശോയുടെ തന്നെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നു: "അവിടുന്ന് എന്നെ തനിയെ വിട്ടിരിക്കുകയല്ല, കാരണം ഞാന്‍ എപ്പോഴും അവിടുത്തേയ്ക്ക് ഇഷ്ടമുള്ളതുമാത്രം ചെയ്യുന്നു" (യോഹ 8:29). ഈ വസ്തുത എല്ലാവരും അറിയണമെന്ന് ഈശോ ആഗ്രഹിക്കുന്നു: "ഞാന്‍ പിതാവിനെ സ്നേഹിക്കുന്നുവെന്നും അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നും ലോകം അറിയണം" (യോഹ 14:31). ഇതുപോലെ തന്‍റെ ശിഷ്യരും പ്രവര്‍ത്തിക്കണമെന്ന് ഈശോ ആവശ്യപ്പെടുകയാണ്. 

15:11, യഥാര്‍ത്ഥ സന്തോഷം: ഈശോയുമായുള്ള ഒരുവന്‍റെ ഐക്യത്തിന്‍റെ ആത്യന്തികലക്ഷ്യം സന്തോഷമാണ്. ഏകകേന്ദ്രീകൃത ഘടനയില്‍ രചിച്ചിരിക്കുന്ന ഈ ഭാഗത്തിന്‍റെ (15:7-17) കേന്ദ്രവാക്യം ഇതാ ണ്: "ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എ ന്‍റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനും വേണ്ടിയാണ്" (15:11). ക്രിസ്തീയജീവിതത്തിന്‍റെ ലക്ഷ്യം ഈശോയുടെ ഈ സന്തോഷം സ്വന്തമാക്കുക എന്നതാണ്. യഥാര്‍ത്ഥ ആദ്ധ്യാത്മികതയുടെ അടയാളമാണ് സന്തോഷം. പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളിലൊന്നാണിത്.

വി. യോഹന്നാന്‍ തന്‍റെ ശ്ലൈഹികമായ മിശിഹാനുഭവവും സാക്ഷ്യവും വിവരിക്കുമ്പോള്‍ ഇതു പ്രത്യേകമായി എടുത്തു പറയുന്നുണ്ട്. ശ്ലീഹന്മാരുടെ മിശിഹാനുഭവം അവര്‍ പങ്കുവച്ചതിന്‍റെ ഫലമായി ആ അനുഭവത്തില്‍ പങ്കുചേര്‍ന്ന ക്രിസ്തീയസമൂഹം ഒന്നുചേര്‍ന്ന് സഭാകൂട്ടായ്മയ്ക്കു രൂപം കൊടുക്കുന്നു. ഈ സഭാകൂട്ടായ്മാനുഭവം ആത്യന്തികമായി ത്രിത്വൈക ദൈവവുമായുള്ള കൂട്ടായ്മാനുഭവവമാണെന്നും തല്‍ഫലമായി അവര്‍ ദിവ്യമായ ഒരു സന്തോഷത്തില്‍ പങ്കാളികളാകുന്നുവെന്നും ഇവിടെ ശ്ലീഹാ എടുത്തുപറയുന്നു: "ഞങ്ങള്‍ ഇത് എഴുതുന്നത് നമ്മുടെ സന്തോഷം പൂര്‍ത്തിയാകാനാണ്" (1 യോഹ 1:4).

വിചിന്തനം: 15:1-17, സഭയുടെ അന്ത:സത്ത മിശിഹായില്‍ നല്‍കപ്പെടുന്ന ദൈവികജീവനാണ്. മുന്തിരിച്ചെടിയാകുന്ന മിശിഹായുടെ ജീവനില്‍ പങ്കുചേരുന്നവരുടെ സമൂഹമാണ് സഭ. ഒരേ ജീവരസം മുന്തിരിച്ചെടിയാകുന്ന മിശിഹായേയും ശാഖകളാകുന്ന സഭാസമൂഹത്തേയും പരിപോഷിപ്പിക്കുന്നു. മാമ്മോദീസായില്‍ ദൈവകൃപ അഥവാ ദൈവാരൂപിയാകുന്ന ജീവരസം നമ്മിലേക്ക് ആദ്യമായി ഒഴുക്കപ്പെടുന്നു (യോഹ 3:5). പിന്നീട് പരി.കുര്‍ ബാനയില്‍ കേന്ദ്രീകൃതമായ കൂദാശാജീവിതത്തിലൂടെ ഈ ജീവരസം നിരന്തരമായി നമ്മിലേക്ക് ഒഴുക്കപ്പെടുകയും നാം ഫലം പുറപ്പെടുവിക്കുന്ന ശാഖകളായി തഴച്ചുവളരുകയും ചെയ്യുന്നു. മുന്തിരിച്ചെടിയാകുന്ന ഈശോയുമായുള്ള ഐക്യത്തിലുള്ള വളര്‍ച്ചയാണ് സഭയുടെ യഥാര്‍ത്ഥ വളര്‍ച്ചയായി നാം കാണേണ്ടത്.

ശാഖകള്‍ ചെടിയോടെന്നപോലെ നാമോരോരുത്തരും ഈശോയോട് ഒട്ടിച്ചേര്‍ന്നെങ്കിലേ ദൈവത്തിന്‍റെ യഥാര്‍ത്ഥ മുന്തിരിച്ചെടിയായി സഭ നിര്‍മ്മിക്കപ്പെടുകയുള്ളു. ഇതു സാധ്യമാകണമെങ്കില്‍ ഈശോയുമായി ഒരു വ്യക്തിബന്ധം നാം വളര്‍ത്തിയെടുക്കണം. ഈശോയിലുള്ള വിശ്വാസം ഈശോയോടുള്ള വ്യക്തിപരമായ പ്രതിബദ്ധതയായി, സമര്‍പ്പണമായി തീരണം. വിശ്വാസം കുറെ വസ്തുതകളും സത്യങ്ങളും ഏറ്റുപറയുന്നതിലോ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിലോ കടമകള്‍ നിര്‍വ്വഹിക്കുന്നതിലോ ഒതുങ്ങിനില്‍ക്കരുത്. ദൈവപുത്രനായ മിശിഹായോടുള്ള പ്രതിബദ്ധതയായി വളരണം. മിശിഹായില്‍ നമുക്ക് സ്വയം വെളിപ്പെടുത്തിയ പിതാവിനോടും പിതാവില്‍നിന്നും പുറപ്പെടുന്നവനും മിശിഹാ നമുക്കു നല്കുന്നവനുമായ പരിശുദ്ധാത്മാവിനോടുമുള്ള വ്യക്തിബന്ധമായി അതു വളരണം. ത്രിത്വൈകദൈവത്തിന്‍റെ കൂട്ടായ്മയില്‍ ഒന്നായിരിക്കുന്ന സഭയോടും പ്രതിബദ്ധത പുലര്‍ത്തുന്നതാണ് യഥാര്‍ത്ഥ വിശ്വാസം. ഈ പ്രതിബദ്ധത ഉള്‍ക്കൊള്ളുന്ന വിശ്വാസമാണ് നിഖ്യാ വിശ്വാസപ്രമാണത്തില്‍ നമ്മള്‍ ഇപ്പോഴും ഏറ്റുപറയുന്നത്: "സര്‍വ്വശക്തനും പിതാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഈശോമിശിഹായിലും ഞങ്ങള്‍ വിശ്വസിക്കുന്നു. ഏക പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു" (സീറോ മലബാര്‍ സഭയുടെ കുര്‍ബാന, റാസക്രമം). ഈശോമിശിഹായോടുള്ള വ്യക്തിബന്ധത്തിലൂടെയും പ്രതിബദ്ധതയിലൂടെ യുമാണ് ഈ ത്രിത്വാത്മക പ്രതിബദ്ധത നമ്മില്‍ യാഥാര്‍ത്ഥ്യമാകുക.

15:2,5: പരസ്പരം സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ആവശ്യമായ സഹനങ്ങള്‍ നാം ഏറ്റെടുക്കേണ്ടതായി വരും. ഈ സഹനങ്ങളാണ് ദൈവത്തിന്‍റെ വെട്ടിയൊരുക്കലുകളായിത്തീരുന്നത്. നമ്മുടെ ശരിയായ വളര്‍ച്ചയ്ക്കുവേണ്ടിയുള്ള പിതാവിന്‍റെ വെട്ടിയൊരുക്കലുകളായി നമ്മുടെ ജീവിതസഹനങ്ങളെ തിരിച്ചറിയുവാനും സ്വീകരിക്കുവാനും നമുക്ക് കഴിയണം.പലപ്പോഴും ഫലം പുറപ്പെടുവിക്കാതെ പാപത്തില്‍ കഴിയുന്ന അനുഭവമാണ് സഭാംഗങ്ങളിലും കാണുന്നത്. കര്‍ത്താവിന്‍റെ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ മുമ്പില്‍ അനുതാപത്തോടെ കരുണ യാചിക്കേണ്ട സ്ഥിതിവിശേഷമാണ് സഭയുടേത്.

15:3: വചനത്തിലൂടെ വിശുദ്ധീകരിക്കപ്പെട്ട ജീവിതത്തിന് തുടക്കം കുറിച്ചത് മാമ്മോദീസായിലാണ്. മാമ്മോദീസായിലൂടെ ലഭിച്ച വിശുദ്ധീകരണം നമ്മില്‍ നിലനില്‍ക്കണം. വചനം സ്ഥിരതയോടുകൂടി സ്വീകരിച്ച് അതിലൂടെ ദൈവഹിതത്തില്‍ നിലനിന്നെങ്കിലേ വിശുദ്ധീകരണമാകുന്ന ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ. വചനം വായിക്കുമ്പോള്‍ അത് സ്വര്‍ഗ്ഗീയപിതാവ് തന്‍റെ വത്സലമക്കളോടു സംഭാഷണം നടത്തുന്ന അവസരമാണ് എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു. വചനത്തിലൂടെ ദൈവപിതാവിന്‍റെ സ്നേഹപൂര്‍വ്വമായ സാന്നിദ്ധ്യം അനുഭവിച്ചറിയുവാന്‍ നമുക്കു കഴിയണം. ഈ അനുഭവത്തോടെ വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യണം.

15:7-8,16-17: പരി. കുര്‍ബാനയിലുള്ള യഥാര്‍ത്ഥ സാന്നിധ്യം നാം അംഗീകരിക്കുന്നു. ഈശോ കുര്‍ബാനയിലൂടെ തന്‍റെ സാന്നി ദ്ധ്യം നമുക്കു നല്കുന്നത് നമ്മില്‍ ഓരോരുത്തരിലുമുള്ള അവിടുത്തെ സാന്നിദ്ധ്യവും സഹവാസവും നവീകരിക്കുവാനും വളര്‍ത്തുവാനുമത്രേ. "ഞാന്‍ എന്‍റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആ ദിവസം നിങ്ങള്‍ അറിയും" (യോഹ 14:20). നമ്മില്‍ ഓരോരുത്തരിലുമുള്ള ഈ സഹവാസം വളര്‍ത്തുവാനാണ് വി. കുര്‍ബാനയില്‍ ഈശോ സന്നിഹിതനാകുന്നത്. ആരാധനയിലൂടെയും പരി. കുര്‍ബാന സ്വീകരണത്തിലൂടെയും ആ സാന്നിധ്യം നാം ഏറ്റുപറയുന്നു. പക്ഷേ, അത് ഒരു ഭക്താനുഷ്ഠാനമായി ഒതുങ്ങരുത്. പരി. കുര്‍ബാനയിലെ യഥാര്‍ത്ഥ സാന്നിധ്യം കൂദാശാപരമായ സാന്നിധ്യമാണ്. പരി. കുര്‍ബാനയിലുള്ള ഈശോയുടെ സാന്നിധ്യം നമ്മില്‍ ഓരോരുത്തരിലുമുള്ള അവിടുത്തെ യാഥാര്‍ത്ഥ സാന്നിധ്യം ഉണര്‍ ത്താനും ഉറപ്പിക്കാനും ഉതകുന്നതാവണം. പരി. കുര്‍ബാനയുടെ കൂദാശാനുഭവം ഈശോയുമായുള്ള പരസ്പരസഹവാസത്തില്‍ നമ്മെ വളര്‍ത്തുന്നതാവണം. "എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു" (6:56). ഈശോയുമായി എപ്പോഴും ഒന്നിച്ചുവസിക്കുന്ന, ജീവിക്കുന്ന ഒരനുഭവത്തില്‍ നാം വളരേണ്ടിയിരിക്കുന്നു.

മനസ്സുകൊണ്ടും ഹൃദയംകൊണ്ടും ബോധപൂര്‍വ്വം ഈശോയോടൊത്ത് ആയിരിക്കുവാന്‍ അനുദിനം കുറെ സമയമെങ്കിലും നാം മാറ്റിവയ്ക്കണം. വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്ക് എല്ലാദിവസവും സമയം കണ്ടെത്തണം. ഈശോയുടെ സ്നേഹസാന്നിധ്യത്തിലായിരിക്കുന്ന അനുഭവമാണ് പ്രാര്‍ത്ഥനയില്‍ നാം ഉള്‍ക്കൊള്ളേണ്ടത്. ഈശോയുടെ ജീവിതത്തില്‍ "പതിവായി പോയിരുന്നു" എന്നു പറയുന്നത് രണ്ട് സ്ഥലങ്ങളിലേക്കാണ്. ഒന്ന്, സിനഗോഗിലേക്ക് (ലൂക്കാ 4:16); രണ്ട്, ഒലിവുമലയിലേക്ക് (ലൂക്കാ 22:39). ഇവ രണ്ടും ഈശോയുടെ പ്രാര്‍ത്ഥനാവേദികളാണ്. ഒന്ന്, പൊതു പ്രാര്‍ത്ഥനാവേദി, രണ്ടാമത്തേത്, വ്യക്തിപരമായ പ്രാര്‍ത്ഥനയുടെ വേദി. ഇതു നമുക്കും മാതൃകയാവണം. പലപ്പോഴും ജീവിതത്തില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഈശോ പ്രാര്‍ത്ഥനയിലേക്ക് കടന്നിരുന്നു. പ്രാര്‍ത്ഥനയില്‍ പിതാവിന്‍റെ സ്നേഹസാന്നിദ്ധ്യത്തിലും സഹവാസത്തിലും ആയിരുന്നുകൊണ്ട്, അസ്വസ്ഥമായ മനസ്സിന് ശാന്തി കണ്ടെത്തുവാന്‍ ഈശോയ്ക്ക് കഴിഞ്ഞിരുന്നു. അതുപോലെ ഓരോ ക്രൈസ്തവനും ജീവിതവ്യഗ്രതയുടെ മദ്ധ്യേ ഇടയ്ക്കിടെ മാറിപ്പോയി ഈശോയുടെ സ്നേഹസാന്നിദ്ധ്യവും സഹവാസവും അനുഭവിച്ച് മനസ്സിന്‍റെ ശാന്തത നിലനിര്‍ത്തുവാന്‍ കഴിയണം.

15:9,15: ഈശോയുമായി സ്നേഹബന്ധം വളര്‍ത്തിയെടുക്കുവാന്‍ ഒന്നാമതായി നമ്മോടുള്ള ഈശോയുടെ സ്നേഹത്തില്‍ നാം വിശ്വസിക്കണം. ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനമാണ് ഈ വിശ്വാസം. "നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം" (1 യോഹ 4:10). മിശിഹായുടെ അഥവാ ദൈവത്തിന്‍റെ സ്നേഹത്തില്‍ വിശ്വസിച്ചാല്‍ മാത്രം പോരാ, ആ സ്നേഹം സ്വീകരിക്കുകയും അതിനോടു പ്രത്യുത്തരിക്കുകയും ചെയ്യണം. ഇത് സാദ്ധ്യമാകുന്നത് നമ്മുടെ ജീവിതാനുഭവങ്ങള്‍ പ്രാര്‍ത്ഥനാനുഭവമാക്കിത്തീര്‍ത്തുകൊണ്ടാണ്. ദൈവത്തിന്‍റെ സ്നേഹത്തിലുള്ള വിശ്വാസം അനുഭവതലത്തിലുള്ള ഒരറിവായിത്തീരണം. "ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു" (1 യോഹ 4:16). അനുഭവാത്മകമായ ഈ അറിവില്‍ വളരുവാനുള്ള മാര്‍ഗ്ഗങ്ങള്‍, നമ്മുടെ ജീവിതാനുഭവങ്ങളെ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തി പ്രാര്‍ത്ഥിക്കുക എന്നതാണ്. ഓരോ ദിവസവും പ്രാര്‍ത്ഥനയില്‍ അന്നന്നത്തെ ജീവിതാനുഭവങ്ങള്‍ അനുസ്മരിച്ച് അവയെ ദൈവത്തിന്‍റെ സ്നേഹപരിപാലനയുടെ വെളിച്ചത്തില്‍ വിലയിരുത്തി പ്രാര്‍ത്ഥിച്ചാല്‍  ഈ സ്നേഹബന്ധത്തില്‍ വളരാന്‍ നമുക്കു സാധിക്കും.

എല്ലാം ഈശോയുടെ ഇഷ്ടമാണ് എന്നുറപ്പുവരുത്തി മാത്രം ജീവിക്കുവാനും ശുശ്രൂഷ നിര്‍വ്വഹിക്കുവാനും ശിഷ്യര്‍ക്കു സാധിക്കണം. ഇതു പ്രായോഗികമായി സാധിക്കുന്നത് സഭയുമായുള്ള ജീവിതപങ്കാളിത്തത്തിലൂടെയാണ്. സഭയുടെ വിശ്വാസം സഭാംഗങ്ങള്‍ സ്വാംശീകരിക്കണം. സഭയുടെ ആവശ്യങ്ങള്‍ വിശ്വാസികളുടെ ആവശ്യങ്ങളായി അനുഭവപ്പെടണം. സഭയുടെ താത്പര്യങ്ങള്‍ നമ്മുടെ താത്പര്യങ്ങളാവണം. ജീവന്‍ നല്കി ഓരോരുത്തരെയും വ്യക്തിപരമായി സ്നേഹിച്ച ഈശോ, പ്രതിസ്നേഹം ആഗ്രഹിക്കുന്നുണ്ട്. അര്‍ഹതയില്ലാതിരുന്നിട്ടും തന്‍റെ സൗഹൃദത്തിലേക്കു കൈപിടിച്ചുയര്‍ത്തി, എല്ലാം പങ്കുവച്ച ഈശോയുടെ മുമ്പില്‍ തുറവിയോടെ വ്യാപരിക്കാന്‍ മിശിഹാനുയായികള്‍ ബാദ്ധ്യസ്ഥരാണ്.

15:10,12-14: ഈശോമിശിഹായുമായുള്ള നമ്മുടെ സ്നേഹബന്ധം പ്രായോഗികമാകേണ്ടത് അനുസരണാജീവിതത്തിലൂടെയാണ്. ഈശോയെ അനുസരിക്കുക എന്നു പറഞ്ഞാല്‍ പ്രായോഗികമായി ഈശോയുടെ തുടര്‍ച്ചയായ സഭയെയും സഭാധികാരികളെയും അനുസരിക്കുക എന്നതാണ്. അതുകൊണ്ട് സഭയോടുള്ള കൂട്ടായ്മയും പ്രതിബദ്ധതയുമാണ് ഈശോയോടുള്ള നമ്മുടെ സ്നേഹത്തിന്‍റെയും പ്രതിബദ്ധതയുടെയും അടയാളം.

15:11: ക്രിസ്തീയജീവിതം അവശ്യം സന്തോഷത്തിന്‍റെ ജീവിതമാണ്. ത്യാഗവും സഹനങ്ങളും കൂടാതെ യഥാര്‍ത്ഥ ക്രിസ്തീയജീവിതം നയിക്കാന്‍ സാദ്ധ്യമല്ല. എങ്കിലും ക്രിസ്തീയജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ നയിക്കുന്നവര്‍ ആത്യന്തികമായി സന്തോഷം അനുഭവിക്കുന്നവരായിരിക്കും. ഈ സന്തോ ഷം വെറും മാനുഷികമോ താല്‍ക്കാലികമോ അല്ല, പ്രത്യുത, ആന്തരികവും ആത്മീയവുമാണ്. അത് സ്വര്‍ഗ്ഗീയസന്തോഷത്തിന്‍റെ ഒരു മുന്നാസ്വാദനവുമായിരിക്കും.

Gospel of John 15: 7-17 Explanation of Gospel catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message