We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021
ഈശോയുടെ അന്ത്യപ്രഭാഷണത്തിന്‍റെ ആരംഭം കുറിക്കുന്നതാണ് ഈ വചനഭാഗം. ഈശോ തന്‍റെ വേര്‍പാടിന്‍റെ വിവരം ശിഷ്യരെ അറിയിച്ചപ്പോള്‍ അവര്‍ സ്വാഭാവികമായും അസ്വസ്ഥരായി. പാപത്തിനുമേല്‍ വിജയം നേടാനായി മരണത്തിന് വിധേയനാകുന്ന ഈശോയെ ഓര്‍ത്താണ് അവര്‍ അസ്വസ്ഥതപ്പെടുന്നത്. മനുഷ്യന് എന്നും അസ്വസ്ഥതയുളവാക്കുന്ന യാഥാര്‍ ത്ഥ്യങ്ങളാണ് പാപവും മരണവും. ഈ സന്ദര്‍ഭത്തില്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ട് ഈശോ പറഞ്ഞ വാക്കുകളാണ് അന്ത്യപ്രഭാഷണം രേഖപ്പെടുത്തുന്നത്. മരണം വേര്‍പാടാണെങ്കില്‍ ഉത്ഥാനം തിരിച്ചുവരവാണ്. തന്‍റെ വേര്‍പാടില്‍ ദുഃഖിതരും അസ്വസ്ഥരുമായ ശിഷ്യര്‍ക്ക് ഉത്ഥാനത്തിലൂടെയുള്ള തന്‍റെ തിരിച്ചുവരവിനെക്കുറിച്ച് ഉറപ്പു കൊടുത്തുകൊണ്ടാണ് ഈശോ അവരെ ആശ്വസിപ്പിക്കുന്നത്. തിരിച്ചുവരുന്നതിനുള്ള ഒരു വ്യവസ്ഥ മാത്രമാണ് ഈശോയുടെവേര്‍പാട്. ഉത്ഥാനത്തിലൂടെയുള്ള തന്‍റെ തിരിച്ചുവരവ് ഏതെല്ലാം വിധത്തിലാണ് അവര്‍ക്ക് അനുഭവവേദ്യമാകേണ്ടത് എന്നു വിവരിക്കുന്ന അന്ത്യപ്രഭാഷണത്തിന്‍റെ മൂലരൂപമാണ് 14-ാം അദ്ധ്യായം വിവരിക്കുന്നത്. ഈ അദ്ധ്യായത്തിന്‍റെ അവസാനം "എഴുന്നേല്ക്കുവിന്‍, നമുക്ക് ഇവിടെ നിന്നു പോകാം" (വാക്യം 31) എന്ന വാക്കുകള്‍ പ്രഭാഷണം അവസാനിച്ചു എന്ന പ്രതീതിയാണ് നല്കുന്നത്. മരണത്തോടെ തന്‍റെ ജീവിതം അവസാനിക്കുകയില്ലെന്നും ശിഷ്യന്മാരുടെ തുടര്‍ന്നുള്ള ജീവിതത്തിലും താന്‍ സന്നിഹിതനായിരിക്കുമെന്നുമുള്ള ഉറപ്പാണ് ഈശോ അവര്‍ക്ക് നല്കുന്നത്.
"നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍. എന്നിലും വിശ്വസിക്കുവിന്‍" (14:1). ഈശോയുടെ വേര്‍പാടില്‍ അസ്വസ്ഥരായ ശിഷ്യരെ ആശ്വസിപ്പിച്ചുകൊണ്ട് ഈശോ പറയുന്ന വാക്കുകളാണ് ഇവ. തനിക്കു നല്കപ്പെട്ടവരുടെ അസ്വസ്ഥതകളെക്കുറിച്ച് ഈശോയ്ക്ക് കരുതലുണ്ടെന്നും അവരുടെ മനസ്സിന് ശാന്തിയും സമാധാനവും അരുളുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. ശിഷ്യന്മാര്‍ അസ്വസ്ഥരാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ കാര്യത്തില്‍ കരുതലുള്ളവനും അവിടെ കടന്നുചെന്ന് അവരെ ആശ്വസിപ്പിക്കുന്നവനുമായിട്ട് ഈശോയെ പരസ്യജീവിതത്തില്‍, പല സന്ദര്‍ഭങ്ങളില്‍ കാണുന്നുണ്ട്. ശിഷ്യര്‍ സഞ്ചരിച്ചിരുന്ന വഞ്ചി കൊടുങ്കാറ്റില്‍പ്പെട്ട് ഉലയുമ്പോഴും (യോഹ 6:16-21), ശിഷ്യര്‍ നിരാശരായി മീന്‍പിടിത്തത്തിലേര്‍പ്പെട്ട അവസരത്തിലും (യോഹ 21:1-14) ഈശോ അവരെ സമീപിച്ച് സമാശ്വസിപ്പിക്കുന്നതായി നാം സുവിശേഷത്തില്‍ വായിക്കുന്നു.
ഈശോയുടെ തിരിച്ചുവരവ് അനുഭവവേദ്യമാകണമെങ്കില്‍ വിശ്വാസം ആവശ്യമാണ്: "ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍" (14:1). വിശ്വാസവും സ്നേഹവുമാണ് ഈശോയുടെ തിരിച്ചുവരവ് വ്യക്തിപരമായി അനുഭവിക്കാനുള്ള വ്യവസ്ഥകള്‍.
മരണശേഷവും പലവിധത്തില്‍ അനുഭവവേദ്യമാകുന്ന തന്‍റെ സാന്നിദ്ധ്യം ഈശോ ശ്ലീഹന്മാര്‍ക്ക് വാഗ്ദാനം ചെയ്യുകയാണ്. ഈ അദ്ധ്യായം വിശകലനം ചെയ്യുമ്പോള്‍ ഏഴു വിധത്തിലുള്ള സാന്നിദ്ധ്യം ഈശോ വാഗ്ദാനം ചെയ്തിരുന്നതായാണ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നു മനസ്സിലാക്കാം.
14:2-3, യുഗാന്ത്യനാളിലെ തിരിച്ചുവരവ്: പിതാവിന്‍റെ പക്കലേക്കു കൂട്ടിക്കൊണ്ടു പോകാനായി എത്തുമെന്ന വാഗ്ദാനത്തിലൂടെ ഈശോ ശ്ലീഹന്മാരെ ആശ്വസിപ്പിക്കുന്നു: "എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്... ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടു പോകും" (14:2-3). 'എന്‍റെ പിതാവിന്‍റെ ഭവനം' എന്നു വിശേഷിപ്പിക്കുന്നത് സ്വര്‍ഗ്ഗത്തെയാണ്. യഹൂദരുടെ പാരമ്പര്യത്തിലും സ്വര്‍ഗ്ഗത്തെ പിതാവിന്‍റെ ഭവനമായാണ് വിശേഷിപ്പിക്കുന്നത്. അവിടെ അനേകം വാസസ്ഥലങ്ങളുണ്ടെന്നും അവിടെ തന്‍റെ ശിഷ്യര്‍ക്കു സ്ഥലമൊരുക്കുവാനാണ് അവിടുന്നു പോകുന്നതെന്നും, സ്ഥലമൊരുക്കി കഴിയുമ്പോള്‍ വന്ന് തന്‍റെ ശിഷ്യരെയും കൂട്ടിക്കൊണ്ടുപോയി അവരോടൊത്തായിരിക്കുമെന്നും ഈശോ ശിഷ്യര്‍ക്ക് ഉറപ്പുകൊടുക്കുകയാണ്. 'വാസസ്ഥലങ്ങള്‍' എന്നിവിടെ വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഗ്രീക്കുഭാഷയിലെ 'മോനായി' എന്ന വാക്കാണ്. ഇത് 'വസിക്കുക' എന്നര്‍ത്ഥം വരുന്ന 'മേനേയിന്‍' എന്ന ക്രിയയില്‍നിന്നും വരുന്നതാണ്. ഈശോയും ശിഷ്യരും തമ്മിലും, ദൈവപിതാവും പുത്രനും ശിഷ്യരും തമ്മിലും, ഉള്ള സഹവാസത്തെ കുറിക്കുവാന്‍ യോഹന്നാന്‍ സുവിശേഷകന്‍ ഉപയോഗിക്കുന്ന വാക്കാണ് ഇത് (യോഹ 15:1-17). ഈ അദ്ധ്യായത്തില്‍ തന്നെ 23-ാം വാക്യത്തില്‍ ശിഷ്യരിലുള്ള ദൈവിക സഹവാസത്തെ കുറിക്കുവാന്‍ ഈ പദം ഏകവചനത്തില്‍ (മോനേ) ഉപയോഗിച്ചിട്ടുണ്ട്: "എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും. അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റെ അടുത്ത്വന്ന് അവനില്‍ വാസസ്ഥലം (മോനേ) ഉറപ്പിക്കുകയും ചെയ്യും". തന്‍റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും താന്‍ മഹത്ത്വപൂര്‍ണമായ ദൈവൈക്യത്തിലേക്ക് അഥവാ സ്വര്‍ഗ്ഗത്തിലേക്ക് കടക്കുകയാണെന്നും അതുവഴി തന്‍റെ ശിഷ്യര്‍ക്കും മഹത്ത്വപൂര്‍ണമായ ദൈവൈക്യത്തിലേക്കുള്ള അഥവാ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തുറക്കുകയാണെന്നും ഈശോ ഇവിടെ പഠിപ്പിക്കുകയാണ്. ഈ പ്രത്യാശയാണ് വേര്‍പാടിന്‍റെ വേദനയില്‍ അവര്‍ക്ക് ആശ്വാസം പകരേണ്ടത്.
14:4-10, വഴിയായ ഈശോ: പിതാവിന്‍റെ പക്കലണയാനുള്ള വഴിയായി സ്വയം അവതരിപ്പിച്ചുകൊണ്ട് ഈശോ ശ്ലീഹന്മാരെ ആശ്വസിപ്പിക്കുന്നു. "ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം" (14:4) എന്ന് ഈശോ പറഞ്ഞപ്പോള്‍ തോമ്മാശ്ലീഹാ ഈശോ പോകുന്നിടവും അവിടേക്കുള്ള വഴിയും അറിഞ്ഞുകൂടാ എന്നു പ്രതികരിച്ചു. അപ്പോള്‍ ഈശോ പറഞ്ഞു: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലുടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല" (14:6). ഈശോ പിതാവിലേക്കുള്ള വഴിയായി തീര്‍ന്നത് 'സത്യവും' 'ജീവനും' ആയതുകൊണ്ടാണ്. 'സത്യം' എന്നത് 'ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തല്‍' ആയിട്ടാണ് യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷം അവതരിപ്പിക്കുക (യോഹ 18:37). പിതാവായ ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുന്നവനായതുകൊണ്ട് ഈശോ പിതാവിലേക്ക് എല്ലാവരേയും നയിക്കുന്ന വഴിയായിത്തീരുന്നു. ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവത്തെ വെളിപ്പെടുത്തിയത് അവിടുത്തെ ഏകജാതനായ ഈശോമിശിഹായാണ് (1:18). 'ജീവന്‍' ദൈവത്തിന്‍റെ ജീവനാണ്. പിതൃപുത്രബന്ധത്തില്‍ ദൈവത്തിന്‍റെ ജീവനില്‍ പങ്കുചേരുന്ന ഏകവ്യക്തി ഈശോമിശിഹായാണ്. അവിടുന്ന് ദൈവികജീവന്‍റെ ഉറവിടവുമാണ്. പിതാവിന്‍റെ ജീവന്‍ പ്രത്യക്ഷപ്പെട്ടത് ഈശോയിലൂടെയാണ്: "ജീവന്‍ വെളിപ്പെട്ടു. ഞങ്ങള്‍ അതു കണ്ടു. അതിനു സാക്ഷ്യം നല്കുകയും ചെയ്യുന്നു" (1 യോഹ 1:2). "അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു" (യോഹ 1:4-5) . ഈ ദൈവികജീവന്‍ തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് പങ്കുവച്ചു നല്‍കുവാനാണ് അവിടുന്ന് വന്നത് (യോഹ 3:36; 10:10). അങ്ങനെ പിതാവിനെ വെളിപ്പെടുത്തുന്നവന്‍ എന്ന നിലയിലും പിതാവിന്‍റെ ജീവനില്‍ പങ്കുചേര്‍ന്ന് അതില്‍ നമ്മെയും പങ്കുചേര്‍ക്കുന്നവന്‍ എന്ന നിലയിലും ഈശോ പിതാവിലേക്കുള്ള ഏകമാര്‍ഗ്ഗമായി തീര്‍ന്നിരിക്കുന്നു. 'വഴി' അഥവാ 'മാര്‍ഗ്ഗം' എന്നത് പിന്നീട് സഭയുടെ ഒരു സംജ്ഞയായിത്തീര്‍ന്നു. 'മിശിഹാമാര്‍ഗ്ഗം സ്വീകരിച്ചവര്‍' എന്ന് സഭാംഗങ്ങളെ ആദിമസഭ വിശേഷിപ്പിച്ചു (നട 9:2). ഭാരതത്തിലും മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ 'തോമ്മായുടെ മാര്‍ഗ്ഗം' അവരുടെ ക്രിസ്തീയ ജീവിതത്തിന്‍റെ പ്രത്യേകതയായി കണ്ടിരുന്നു. മിശിഹായുടെ തുടര്‍ച്ചയായ സഭയിലൂടെയാണ് ഇന്ന് പിതാവിലേക്കുള്ള വഴി തെളിക്കപ്പെടുന്നത് എന്ന് ഇത് സൂചിപ്പിക്കുന്നു.
"കര്‍ത്താവേ, ഞങ്ങള്‍ക്കു പിതാവിനെ കാണിച്ചുതരുക" എന്നു പീലിപ്പോസ് ഈശോയോട് പറഞ്ഞപ്പോള്‍, "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു" എന്ന മറുപടിയാണ് ഈശോ നല്കിയത് (യോഹ 14:8-9). അതേ തുടര്‍ന്ന് താനും പിതാവുമായുള്ള ബന്ധം ഈശോ വിശദീകരിക്കുകയാണ്: "ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല, പ്രത്യുത എന്നില്‍ വസിക്കുന്ന പിതാവ് തന്‍റെ പ്രവൃത്തികള്‍ ചെയ്യുകയാണ്" (14:10). താനും പിതാവുമായുള്ള പരസ്പര സഹവാസത്തിന്‍റെ ഫലമായി തന്‍റെ വാക്കുകള്‍ പിതാവിന്‍റെ പ്രവൃത്തികളാണെന്ന് ഈശോ പറഞ്ഞുവയ്ക്കുകയാണ്. അതുകൊണ്ട് തന്നെ കാണുന്നവന്‍ പിതാവിനെ കാണണം എന്ന് ഈശോ സൂചിപ്പിക്കുകയാണ്.
14:11-12, ഈശോയുടെ പ്രവൃത്തികള്‍ ചെയ്യുന്നവരിലുള്ള സാന്നിദ്ധ്യം: "എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും" (14:11) എന്നരുളിച്ചെയ്തുകൊണ്ട് ശിഷ്യരുടെ ഇടയിലുള്ള തന്‍റെ സാന്നിദ്ധ്യം ഈശോ വീണ്ടും ഉറപ്പിക്കുന്നു. ഈശോയുടെ സാന്നിദ്ധ്യമുള്ളതുകൊണ്ടാണ് അവിടുന്ന് ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ ശിഷ്യന്മാര്‍ക്ക് സാധിക്കുന്നത്. താന്‍ പിതാവിന്‍റെ പക്കലേയ്ക്കു പോകുന്നതുകൊണ്ട് ഇപ്പോള്‍ ചെയ്യുന്ന പ്രവൃത്തികളെക്കാള്‍ വലിയവയും ശിഷ്യന്മാര്‍ ചെയ്യുമെന്ന് ഈശോ പറയുന്നുണ്ട് (14:12). ഈശോയുടെ പ്രവൃത്തികള്‍ ജീവന്‍റെ അടയാളങ്ങളാണ്. ദൈവികജീവന്‍ നല്കുന്ന പ്രവൃത്തിയാണ് 'ഇവയെക്കാള്‍ വലിയ പ്രവൃത്തി' എന്ന് ഈശോ വിശേഷിപ്പിക്കുന്നത്. അവിടുത്തെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും രക്ഷാകരപദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ ഇത് നല്കാനാവൂ. ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവനില്‍ പങ്കുചേരാനും മറ്റുള്ളവര്‍ക്ക് അത് പങ്കുവയ്ക്കാനും സാധിക്കും. അവരിലുള്ള ഈശോയുടെ സാന്നിദ്ധ്യമാണ് ഇത് സാദ്ധ്യമാക്കുന്നത്.
14:13-14, ഈശോയുമായുള്ള ഐക്യത്തിലൂടെയുള്ള സാന്നിദ്ധ്യം: തന്‍റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും ചെയ്തുതരുമെന്ന വാഗ്ദാനം ഈശോ നല്കുന്നുണ്ട്: "നിങ്ങള്‍ എന്‍റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും പിതാവു പുത്രനില്‍ മഹത്ത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ ത്തിക്കും" (14:13). ക്രിസ്തീയ പ്രാര്‍ത്ഥനകളെല്ലാം ദൈവപിതാവിനോടാണ് സംബോധന ചെയ്യപ്പെടേണ്ടത്. "യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു" (യോഹ 4:23). ക്രിസ്തീയജീവിതം ആത്മാവിലുള്ള ജീവിതമാണ്. അരൂപിയില്‍ ജനിച്ച് അരൂപിയില്‍ വളരുന്ന ജീവിതം (യോഹ 3:5). പരിശുദ്ധാത്മാവ് പുത്രസ്വീകാരത്തിന്‍റെ ആത്മാവാണ് (റോമ 8:15-16). അതുകൊണ്ട് പിതൃപുത്രബന്ധത്തില്‍ ജീവിക്കുവാനും പ്രാര്‍ത്ഥിക്കുവാനും ആത്മാവ് നമ്മെ പ്രാപ്തരാക്കുന്നു. പുത്രനായ മിശിഹായുടെ പുത്രത്വത്തില്‍ പങ്കുചേര്‍ന്ന് പുത്രസ്വീകാര്യത്തിന്‍റെ ആത്മാവില്‍ ദൈവപിതാവുമായി പുത്രസഹജമായ ബന്ധം പുലര്‍ത്തിക്കൊണ്ട് ജീവിക്കുന്നതാണ് യഥാര്‍ത്ഥമായ ആരാധനാജീവിതം. ഇങ്ങനെയുള്ള ജീവിതത്തിന്‍റെ പ്രകാശനമാണ് പ്രാര്‍ത്ഥന. ഇങ്ങനെ ഈശോയുമായുള്ള ഐക്യത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനെയാണ് ഈശോയുടെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഈശോയുടെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്‍റെ ഫലദായകത്വത്തെപ്പറ്റി ഇവിടെ പറയുന്നതിന് സമാന്തരമായ ഒരു പ്രസ്താവന വി. യോഹന്നാന്‍റെ സുവിശേഷം 15-ാം അദ്ധ്യായത്തില്‍ നാം കാണുന്നുണ്ട്: "നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക, നിങ്ങള്‍ക്കു ലഭിക്കും" (യോഹ 15:7). അതുകൊണ്ട് ഈശോയുമായുള്ള ഐക്യമാണ് നമ്മുടെ പ്രാര്‍ത്ഥനയെ ഫലദായകമാക്കുന്നത് എന്നു വ്യക്തമാണ്. ഈശോയുടെ പുത്രത്വത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്, ദൈവത്തിന്‍റെ യഥാര്‍ത്ഥപുത്രരായി ജീവിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോഴാണ് നാം ഈശോയുമായുള്ള ഐക്യത്തില്‍ പ്രാര്‍ത്ഥിക്കുന്നതും നമ്മുടെ പ്രാര്‍ത്ഥന ഫലപ്രദമാകുന്നതും. "നിങ്ങള്‍ എന്‍റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും പിതാവു പുത്രനില്‍ മഹത്ത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും" എന്നു പറയുന്നത് ഇതിനെ സൂചിപ്പിക്കുന്നതാണ്.
14:15-17, സഹായകനായ പരിശുദ്ധാത്മാവ്: "ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേയ്ക്കും നിങ്ങളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്ക് തരികയും ചെയ്യും" (14:16). 'സഹായകന്‍' എന്നതിന്‍റെ ഗ്രീക്കുപദം 'പാരക്ലേത്തോസ്' എന്നതും സുറിയാനിപദം 'പാറക്ക്ലെത്താ' എന്നതുമാണ്. ഈശോ തന്‍റെ ഉത്ഥാനത്തിനുശേഷം ശിഷ്യന്മാര്‍ക്കു നല്കാനിരിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇത് തന്നോടുകൂടെ ആയിരുന്നവരും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനംകണ്ട് വിശ്വസിച്ചിരുന്നവരുമായ ശിഷ്യന്മാര്‍ക്കുമാത്രം നല്കപ്പെടുന്ന ഒരു പരിശുദ്ധാത്മ പ്രവര്‍ത്തനസാന്നിദ്ധ്യമാണ്. "ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍ നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു. നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും" (14:17). 'ലോകം' എന്നു പറയുന്നത് ഈശോയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം തിരിച്ചറിയാനും തല്‍ഫലമായി ഈശോയില്‍ വിശ്വസിക്കാനും കഴിയാതെപോയ ലോകമാണ്. അതുകൊണ്ട് ലോകത്തില്‍ പൊതുവെയുള്ള അരൂപിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചല്ല, മറിച്ച്, വിശ്വാസികളുടെ സമൂഹമായ സഭയിലുള്ള അരൂപിയുടെ പ്രവര്‍ത്തനസാന്നിദ്ധ്യത്തെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 'സഹായകന്‍' എന്നും 'സത്യാത്മാവ്' എന്നും വിശേഷിപ്പിക്കപ്പെടുന്നതുകൊണ്ട് ഇവിടെ സഭയിലുള്ള പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും പ്രവര്‍ത്തനവുമാണ് സൂചിപ്പിക്കുന്നത്. സഭയിലുള്ള അരൂപിയുടെ ഈ പ്രവര്‍ത്തന സാന്നിദ്ധ്യം നിത്യമായ ഒന്നാണ്: 'എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കാന്‍' (14:16). മാത്രമല്ല, അത് ഓരോരുത്തരിലും ആന്തരികമായി വസിക്കുന്ന ഒരു സാന്നിദ്ധ്യവുമാണ്: 'നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും' (14:17). വിശ്വാസികളുടെ സമൂഹമായ സഭയെ സത്യവിശ്വാസത്തില്‍നിന്നും വ്യതിചലിക്കാതെ ലോകാവസാനംവരെ കാത്തുസൂക്ഷിക്കുന്ന ഒരു പ്രവര്‍ത്തനമാണ് സഹായകനെന്ന നിലയില്‍ പരിശുദ്ധാത്മാവിന്‍റേത്.
"നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പന പാലിക്കും" (14:15). സ്നേഹമാണ് പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള വ്യവസ്ഥ. സ്നേഹം പ്രായോഗികമാകുന്നത് സ്നേഹിക്കുന്ന വ്യക്തിയുടെ കല്പന പാലിക്കുമ്പോഴാണ്. അങ്ങനെ സ്നേഹിക്കുന്നവര്‍ക്കാണ് പരിശുദ്ധാത്മാവ് വാഗ്ദാനം ചെയ്യപ്പെടുന്നത്. പരിശുദ്ധാത്മാവ് സത്യത്തിന്‍റെ ആത്മാവാണ്; സത്യം വചനമായ ഈശോയും! സത്യമാകുന്ന ഈശോയുടെ ആത്മാവാണിത്. ഈശോയില്‍ വിശ്വസിക്കുന്നവരെ തങ്ങളുടെ വിശ്വാസജീവിതത്തില്‍ സഹായിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും പ്രവര്‍ത്തനവുമാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. ഈ പരിശുദ്ധാത്മാവിലുള്ള ജീവിതമാണ് ക്രിസ്തീയ ജീവിതം അഥവാ ആദ്ധ്യാത്മിക ജീവിതം. വചനത്തെ സ്വാംശീകരിക്കുവാന്‍ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. വചനം സ്വീകരിച്ച് പ്രത്യുത്തരിക്കുന്നതാണല്ലോ വിശ്വാസം. ആത്മാവിലുള്ള ഈശോയുടെ സാന്നിദ്ധ്യമാണ് പന്തക്കുസ്തായിലുണ്ടായത്. യഥാര്‍ത്ഥത്തില്‍ ഈശോ തിരിച്ചുവന്ന അനുഭവമാണ് പന്തക്കുസ്താനുഭവം.
'സഹായകന്‍' (14:15), 'മദ്ധ്യസ്ഥന്‍' (1 യോഹ 2:1) എന്നിവയ്ക്ക് 'പാരക്ലേത്തോസ്' എന്ന ഒരു പദംതന്നെയാണ് യോഹന്നാന്‍ശ്ലീഹാ ഉപയോഗിക്കുന്നത്. അടുത്തേയ്ക്കു വിളിക്കപ്പെട്ടവന്‍ എന്നതാണിതിന്‍റെ അര്‍ത്ഥം (പാരാ=അടുത്തേയ്ക്ക്, ക്ലേത്തോസ്=വിളിക്കപ്പെട്ടവന്‍). പരിശുദ്ധാത്മാവിന് സഹായകന്‍ എന്ന സംജ്ഞ നല്കുന്നത് വി. യോഹന്നാന്‍ മാത്രമാണ്. വിശ്വാസജീവിതത്തിന് സഹായിക്കുക എന്നതാണ് സഹായകനായ പരിശുദ്ധാത്മാവിന്‍റെ ദൗത്യം. പരിശുദ്ധാത്മദാനം എല്ലാവര്‍ക്കുമായി നല്കപ്പെടുന്നതല്ല. ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമാണ് ആത്മാവ് നല്കപ്പെടുന്നത്. വിശ്വാസികളുടെ സമൂഹമായ സഭയ്ക്കു നല്കപ്പെട്ട ദാനമാണ് പരിശുദ്ധാത്മാവ്. ആത്മാവ് ഇന്ന് പ്രവര്‍ത്തിക്കുന്നത് സഭയിലും സഭയിലൂടെയുമാണ്.
ഈശോയില്‍ വിശ്വസിച്ച ശിഷ്യന്മാര്‍ക്കാണ് സഹായകനായ പരിശുദ്ധാത്മാവ് നല്കപ്പെടുന്നത്. കാരണം അവരാണ് ഈശോയില്‍ പ്രവര്‍ത്തനനിരതനായ പരിശുദ്ധാത്മാവിനെ കണ്ടത്. പരിശുദ്ധാത്മാവ് ഈശോയിലൂടെ അവര്‍ക്ക് സന്നിഹിതനായിരുന്നു (പാര്‍ ഹ്യൂമിന്‍ - നിങ്ങളുടെ അരികെ-14:17). ഉത്ഥാനശേഷം പരിശുദ്ധാത്മാവ് നിത്യം ശിഷ്യസമൂഹമായ സഭയോടൊത്തായിരിക്കും (മെത്ത് ഹ്യൂമിന്‍ - നിങ്ങളോടൊത്ത്-14:16). അവരില്‍ ആന്തരികസാന്നിദ്ധ്യത്തിലൂടെ സഹവസിക്കുകയും ചെയ്യും (എന്‍ ഹ്യൂമിന്‍ - നിങ്ങളില്‍ ആയിരിക്കും-14:17).
14:18-21, ഈശോയുമായുള്ള സഹവാസം: "ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേയ്ക്കു വരും" (14:18) എന്ന വാക്കുകളിലൂടെ ശിഷ്യന്മാരെ ആശ്വസിപ്പിക്കുന്ന ഈശോയെയാണ് പിന്നീട് കാണുക. ജീവിക്കുന്നവനായ ഈശോയെ ലോകം കാണുകയില്ല എന്ന് എടുത്തു പറയുന്നുണ്ട്. "അല്പസമയംകൂടി കഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാല്‍ നിങ്ങള്‍ എന്നെ കാണും. ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും" (14:19). വിശ്വസിക്കാത്ത മനുഷ്യര്‍ക്ക് ഉത്ഥിതനായ മിശിഹായുടെ അരൂപിക്കടുത്ത സാന്നിദ്ധ്യം അനുഭവിക്കാന്‍ സാധിക്കുകയില്ല. മരണത്തോടുകൂടെ ഈശോയുടെ ശാരീരിക സാന്നിദ്ധ്യം ലോകത്തില്‍ ഇല്ലാതാകുന്നു. ഉത്ഥാനാനന്തരമുള്ള അരൂപിക്കടുത്ത സാന്നിദ്ധ്യം വിശ്വാസത്തിലൂടെ ശിഷ്യര്‍ക്ക് അനുഭവിക്കുവാന്‍ കഴിയും. "ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും" എന്ന ഈശോയുടെ വാക്കുകള്‍ ക്രൈസ്തവജീവിതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാകുന്ന ഒന്നാണ്. ഈശോയുമായുള്ള പരസ്പരസഹവാസമാണ് ക്രൈസ്തവജീവിതത്തിന്‍റെ ആത്മാവ്.
"എന്‍റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതാവ് സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും" (14:21). പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടുമുള്ള നമ്മുടെ സഹവാസത്തിന്‍റെ വ്യവസ്ഥയെന്നോണം ആവര്‍ത്തിച്ചുപറയുന്നത് 'ഈശോയെ സ്നേഹിക്കുക' എന്നാണ് (14:5, 21,23). ഇതില്‍ നിന്നും ദൈവത്തിന്‍റെ സ്നേഹം വ്യവസ്ഥയുള്ളതാണ് എന്ന തെറ്റായ നിഗമനമുണ്ടാകാം. എന്നാല്‍ ദൈവത്തിന്‍റെ സ്നേഹം വ്യവസ്ഥയുള്ളതല്ല. വ്യവസ്ഥയില്ലാതെയാണ് ദൈവം മനുഷ്യനെ സ്നേഹിക്കുന്നത്. ദൈവത്തിന്‍റെ ഭാഗത്ത്, സ്നേഹിക്കുന്നതിന് ഒരു വ്യവസ്ഥയും വച്ചിട്ടില്ല. ഓരോ മനുഷ്യനെയും അവന്‍റെ പരിതോവസ്ഥകളെ പരിഗണിക്കാതെ, എപ്പോഴും സ്നേഹിക്കുന്നവനാണ് ദൈവം. എന്നാല്‍ മനുഷ്യന് ദൈവത്തിന്‍റെ സ്നേഹം ഒരു യാഥാര്‍ത്ഥ്യമായി അനുഭവപ്പെടണമെങ്കില്‍, അവന്‍ ദൈവത്തെ സ്നേഹിക്കുന്നവനാകണം. സത്യദൈവത്തെ സ്നേഹിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു: ഈശോയെ സ്നേഹിക്കുക. കാരണം, ഈശോ മാത്രമാണ് സത്യദൈവത്തെ വെളിപ്പെടുത്തുന്നവന്‍ (യോഹ 1:18).
14:22-24, ത്രിത്വസഹവാസം: ഈശോയുടെ വചനം പാലിക്കുന്നവരുടെ ഹൃദയം ത്രിയേകദൈവത്തിന്‍റെ വാസസ്ഥലമായി തീരുന്നു: "എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും, അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റെ അടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുയും ചെയ്യും" (14:23). വിശ്വാസിയില്‍ യാഥാര്‍ത്ഥ്യമാകുന്ന സ്വര്‍ഗ്ഗീയാനുഭവമാണ്, ത്രിത്വാത്മകരഹസ്യമാണ് ഈ വചനം ഉള്‍ക്കൊള്ളുന്നത്. ദൈവത്തിന് ഏറ്റം ഇഷ്ടമുള്ള വാസസ്ഥലം മനുഷ്യഹൃദയമാണ്. വെളിപാടുപുസ്തകത്തില്‍, ലവോദീക്യായിലെ സഭയ്ക്ക് എഴുതുന്ന കത്തില്‍ ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്: "ഇതാ ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്‍റെ സ്വരംകേട്ട് വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്‍റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും" (വെളിപാട് 3:20). ദൈവവുമായുള്ള ഹൃദയൈക്യത്തില്‍ ജീവിക്കുന്ന മനുഷ്യനാണ് ദൈവത്തിന്‍റെ വാസസ്ഥലം. ഇത് സ്വര്‍ഗ്ഗീയാനുഭവമാണ്. മനുഷ്യഹൃദയം അഥവാ മനുഷ്യജീവിതം ദൈവഭവനമായി മാറുമ്പോള്‍ അവിടെ സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാകുന്നു.
സ്നേഹിക്കാത്തവനോടുകൂടി വചനം വസിക്കുന്നില്ല (14:24). ദൈവസ്നേഹത്തിന് രണ്ടു മാനങ്ങളുണ്ട്-മനുഷ്യാവതാരത്തിലൂടെ പ്രകടമാക്കിയ ലോകത്തോടുള്ള സ്നേഹവും കൂടെയായിരുന്നുകൊണ്ട് പ്രകടമാക്കുന്ന ശിഷ്യരോടുള്ള സ്നേഹവും. കല്പന പാലിക്കുക എന്നതുകൊണ്ട് വചനം പാലിക്കുക എന്നതുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. കല്പന നൈയാമികമാനത്തെ (അനുസരണത്തെ) സൂചിപ്പിക്കുമ്പോള്‍ വചനം ആന്തരിക നിര്‍ബന്ധത്തെയാണ് അര്‍ത്ഥമാക്കുക. 'പാലിക്കുക' എന്നതിന് രണ്ടു ഗ്രീക്കുപദങ്ങളുണ്ട് 'തേരെയിന്‍' (ഉള്ളില്‍നിന്നുള്ള നിര്‍ബന്ധം), 'ഫൂലാസെയിന്‍' (ചങ്ങലയിടുക-ബാഹ്യമായ സമ്മര്‍ദ്ദം). ഇവിടെ ഉപയോഗിച്ചിരിക്കുന്നത് തേരെയിന്‍ എന്ന വാക്കാണ്. അതുകൊണ്ട് ഇവിടെ പറയുന്ന കല്പനാനുസരണം സ്നേഹത്തിന്‍റെ അനുസരണമാണ്.
14:25-26പ്രബോധകനായ പരിശുദ്ധാത്മാവ്: "എന്നാല്‍, എന്‍റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളവയെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും" (14:26). സഹായകനായ പരിശുദ്ധാത്മാവിന്‍റെ പ്രധാനപ്പെട്ട പ്രവര്‍ത്തനം 'പഠിപ്പിക്കുക' എന്നതാണ്. 'പഠിപ്പിക്കുക' 'അനുസ്മരിപ്പിക്കുക' എന്ന രണ്ടു വാക്കുകളിലൂടെയാണ് പരിശുദ്ധാത്മാവിന്‍റെ പ്രബോധനപ്രക്രിയ ഇവിടെ അവതരിപ്പിക്കുക. പരസ്യവെളിപാട് ദൈവപുത്രനായ ഈശോയില്‍ പൂര്‍ണ്ണതയില്‍ എത്തിയെങ്കിലും, ലോകാവസാനംവരെ നിലനില്‍ക്കേണ്ട സഭാജീവിതത്തില്‍ കാലാനുസൃതമായ രീതിയില്‍ ദൈവത്തിന്‍റെ ഈ വെളിപാട് അഥവാ ദൈവവചനം വ്യാഖ്യാനിക്കുവാനും മനസ്സിലാക്കുവാനും പരിശുദ്ധാത്മാവിന്‍റെ പ്രബോധനം ആവശ്യമാണ്. അതുപോലെതന്നെ, ഈശോയുടെ പ്രബോധനത്തിന്‍റെ ശരിയായ അര്‍ത്ഥം ഗ്രഹിക്കുവാന്‍ അന്ന് ശ്ലീഹന്മാര്‍ക്കു കഴിഞ്ഞിരുന്നില്ല. അതിന് പരിശുദ്ധാത്മാവ് അവരേയും അവരുടെ പിന്‍തലമുറക്കാരായ സഭാംഗങ്ങളേയും സഹായിക്കും. മിശിഹായുടെ ഉത്ഥാനത്തിനുശേഷമുള്ള പരിശുദ്ധാത്മാവിന്‍റെ ഈ പ്രവര്‍ത്തനത്തെയാണ് 'അനുസ്മരിപ്പിക്കുക' എന്നതുകൊണ്ട് ഉദ്ദേശിക്കുക. ഉത്ഥാനാനന്തരമുള്ള പരിശുദ്ധാത്മാവിന്‍റെ ഈ പ്രബോധനപ്രക്രിയയെയാണ് ഇവിടെ ഈശോ വിവരിക്കുന്നത്.
14:27, ഈശോ സമാധാനം നല്കുന്നവന്‍: ഈശോ ലോകത്തിനു നല്കിയ സമ്മാനമാണ് സമാധാനം. അസ്വസ്ഥതയില്ലാത്ത അവസ്ഥയെന്നതിനെക്കാള്‍ രക്ഷാകരമായ അനുഭവമാണ് ഈശോ നല്കുന്ന സമാധാനം. പാപത്തിന്‍റെ ഫലമായി മനുഷ്യനു നഷ്ടപ്പെട്ട സമാധാനം പുനഃസ്ഥാപിച്ചു നല്കുവാനാണ് അവിടുന്ന് ലോകത്തിലേക്കു വന്നത്. ഈശോയുടെ ജനനവേളയില്‍, "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം! ഭമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം!" (ലൂക്കാ 2:14) എന്നാണ് സ്വര്‍ഗ്ഗീയ സൈന്യവ്യൂഹം പാടിയത്. ലോകത്തോടു വിട പറയുമ്പോഴും അവിടുത്തേയ്ക്ക് നല്കാനുള്ളത് സമാധാനംതന്നെ. മരണം ആസന്നമായിരിക്കുന്നുവെന്നറിഞ്ഞ് അവിടുന്ന് അരുളിച്ചെയ്യുന്നു: "ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു" (14:17). ഉത്ഥിതനായ ഈശോ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നതും "നിങ്ങള്‍ക്ക് സമാധാനം" (യോഹ 20:20-21) എന്നാശംസിച്ചുകൊണ്ടാണ്. ഈ സമാധാനം മിശിഹായുടെ രക്ഷാകര പ്രവര്‍ത്തനത്തിന്‍റെ ആത്യന്തികഫലമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനം സാദ്ധ്യമാക്കിത്തീര്‍ത്ത മിശിഹായുടെ രക്ഷാകര പ്രവര്‍ത്തനത്തിലൂടെയാണ് ഈ സമാധാനം മനുഷ്യര്‍ക്ക് കൈവന്നത്. പാപമോചനമാണ് അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും അടിസ്ഥാനം. ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണല്ലോ ഈശോമിശിഹാ (യോഹ 1:29). അതുകൊണ്ട് തന്‍റെ വിടവാങ്ങല്‍ നിമിഷങ്ങളില്‍, തന്‍റെ ശിഷ്യര്‍ക്കു നല്‍കുവാന്‍ തനിക്കുള്ളത് 'സമാധാന' മാകുന്ന സമ്മാനമാണ് എന്ന് ഇവിടെ ഈശോ വ്യക്തമാക്കുന്നു. ഉത്ഥിതനായ ഈശോ തന്നെയാണ് സമാധാനം! പൗലോസ് ശ്ലീഹായുടെ വീക്ഷണത്തിലും ഈശോ നമ്മുടെ സമാധാനമാണ് (എഫേ 2:14). സമാധാനം കര്‍ത്താവിനോടുള്ള ഐക്യത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. പരസ്പരസഹവാസമാണ് സമാധാനത്തിന്‍റെ ഉറവിടം.
14:28-29, ദൈവഹിതനിര്‍വ്വഹണത്തില്‍ സന്തോഷിക്കുക: തന്‍റെ വേര്‍പാടില്‍ ദുഃഖിതരും അസ്വസ്ഥരുമായ ശിഷ്യരോടാണ് ഈശോ ഈ വാക്കുകള്‍ അരുളിച്ചെയ്തത്. ഈശോയോടുള്ള അവരുടെ മാനുഷികമായ അടുപ്പവും സ്നേഹവുമാണ് വേര്‍പാടിന്‍റെ വേദന അവരില്‍ ഉളവാക്കിയത്. "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട" എന്ന് അവിടുന്ന് ആവര്‍ത്തിച്ചു പറയുന്നു (യോഹ 14:1,27). മാനുഷികമായ ഈ ദുഃഖവും അസ്വസ്ഥതയും മറികടന്ന് സന്തോഷിക്കുവാന്‍ അവര്‍ക്കു കഴിയണമെന്ന് ഈശോ അവരെ ഓര്‍മ്മിപ്പിക്കുകയാണ്. ഈശോയുടെ വേര്‍പാടിലൂടെ ദൈവത്തിന്‍റെ രക്ഷാകരഹിതം പൂര്‍ത്തിയാകുന്നു എന്നതാണ് ഈ സന്തോഷത്തിനടിസ്ഥാനം. ഈശോയുടെ സഹനവും പീഡാനുഭവവും മരണവുമെല്ലാം മനുഷ്യനെ സ്നേഹിക്കുന്ന ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയുടെ ഭാഗമാണ് എന്ന് അവര്‍ മനസ്സിലാക്കണം. അത് ആത്യന്തികമായി മഹത്ത്വത്തിന് കാരണമാകും എന്ന വസ്തുതയും ഈശോ സൂചിപ്പിക്കുന്നുണ്ട്: "ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടല്ലോ" (14:28). അതുകൊണ്ട് ഈശോയുടെ വേര്‍പാട് മാനുഷികമായി ദുഃഖമുളവാക്കുന്നതാണെങ്കിലും, ആത്യന്തികമായി സന്തോഷം ഉളവാക്കുന്നതാവണം. മനുഷ്യനെ സ്നേഹിക്കുന്ന ദൈവത്തിന്‍റെ രക്ഷാപദ്ധതിയുടെ ഭാഗമായി ഇതിനെ കണ്ടുകൊണ്ട് അവര്‍ക്കു സന്തോഷിക്കുവാന്‍ കഴിയണം.
14:30, തിന്മയുടെ ശക്തി യുടെമേലുള്ള വിജയം: ഈശോ തന്‍റെ മരണത്തെക്കുറിച്ച് വ്യക്തമായി പറയുകയാണ്. അവിടുത്തെ മരണം ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയുടെ ഭാഗമാണെങ്കിലും അത് തിന്മയുടെ ശക്തിയുടെ താല്‍ക്കാലിക വിജയമാണ്. ഈശോയുടെ പീഡാനുഭവത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച യൂദാസിന്‍റെ ഒറ്റിക്കൊടുക്കല്‍, യഹൂദപ്രമാണികളാലുള്ള ബന്ധിക്കപ്പെടല്‍, യഹൂദപുരോഹിതരുടെ കള്ളസാക്ഷ്യം, പീലാത്തോസിന്‍റെ വിധിപ്രസ്താവന, പടയാളികളാലുള്ള ക്രൂശിക്കപ്പെടല്‍ തുടങ്ങിയവയെല്ലാം തിന്മയുടെ ശക്തിയുടെ പ്രവര്‍ത്തനങ്ങളാണ്. 'ഈ ലോകത്തിന്‍റെ അധികാരി' എന്നിവിടെ വിശേഷിപ്പിക്കപ്പെടുന്നത് തിന്മയുടെ ശക്തി തന്നെയാണ്. ഒരുവിധത്തില്‍ പറഞ്ഞാല്‍, ഈശോയുടെ പീഡാനുഭവം ഈ ലോകത്തിന്‍റെ അധികാരിയുടെ ആധിപത്യത്തിന്‍റെ പ്രകാശനമാണ്. എന്നാല്‍ ഈശോയുടെ ഉത്ഥാനം ഈ ലോകത്തിന്‍റെ അധികാരിക്ക് അവിടുത്തെമേല്‍ യഥാര്‍ത്ഥ അധികാരമില്ല എന്നതിനു തെളിവാണ്. പാപത്തെയും മരണത്തെയും അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ച തിന്മയുടെ ശക്തിയെയും അതിജീവിച്ചവനാണ് ഈശോ.
14:31, സ്നേഹത്തോടെ യുള്ള അനുസരണം: ഈശോയുടെ മരണം ഒരു വെളിപ്പെടുത്തലായിരുന്നു. പിതാവിനോടുള്ള അവിടുത്തെ സ്നേഹത്തിന്‍റെയും, സ്നേഹത്തില്‍നിന്നും ഉരുത്തിരിയുന്ന അനുസരണയുടെയും വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലാണ് ലോകത്തിന്‍റെ രക്ഷയ്ക്ക് നിദാനമായത്. പാപത്തിന്‍റെ പിടിയിലമര്‍ന്നിരുന്ന മനുഷ്യകുലത്തിന് രക്ഷയുടെ മാര്‍ഗ്ഗം തെളിച്ചത് ഈ വെളിപ്പെടുത്തലാണ്. മനുഷ്യരക്ഷയ്ക്കായി മിശിഹാ അര്‍പ്പിച്ച ബലി, ദൈവത്തിനു സ്വീകാര്യമായ ബലി, ദൈവസ്നേഹത്തില്‍നിന്നും ഉരുത്തിരിഞ്ഞ അവിടുത്തെ അനുസരണാജീവിതമായിരുന്നല്ലോ.
"എഴുന്നേല്ക്കുവിന്‍, നമുക്ക് ഇവിടെ നിന്നു പോകാം" (14:31) എന്ന ഈശോയുടെ വാക്കുകളോടെയാണ് ഈ അദ്ധ്യായം അവസാനിക്കുന്നത്. ഈശോയുടെ അന്ത്യപ്രഭാഷണം ഇവിടെ അവസാനിക്കുകയാണെന്നുള്ളതാണ് പണ്ഡിതമതം. 15 ഉം 16 ഉം അദ്ധ്യായങ്ങള്‍ 14-ാം അദ്ധ്യായത്തിന്‍റെ വികസിത രൂപമാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. അതനുസരിച്ച്, ഈശോയുടെ സാന്നിദ്ധ്യം വാഗ്ദാനം ചെയ്യുന്ന 14-ാം അദ്ധ്യായത്തിന്‍റെ വിപുലീകരണമാണ് പിന്നീടുള്ള രണ്ട് അദ്ധ്യായങ്ങള്‍.
വിചിന്തനം: 14:2-3, പിതാവിന്‍റെ ഭവനത്തില്‍ വാസസ്ഥലങ്ങള്‍ ഒരുക്കുന്നതിനും വീണ്ടും വന്ന് അവരെ അവിടേയ്ക്ക് കൂട്ടിക്കൊണ്ടുപോകാനുമാണ് താന്‍ പോകുന്നതെന്ന് ഈശോ ശിഷ്യരെ അറിയിക്കുന്നു. ഇത് സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശമാണ്. ദൈവം വസിക്കുന്ന സ്ഥലമാണ് സ്വര്‍ഗ്ഗം. ദൈവത്തില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയും അവിടുത്തെ വാസസ്ഥലമാണ്. അതായത്, ദൈവത്തില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയിലും സ്വര്‍ഗ്ഗത്തിന്‍റെ അനുഭവം യാഥാര്‍ത്ഥ്യമാകുന്നു. സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ത്തന്നെ ആരംഭിച്ചുകഴിഞ്ഞ ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. ത്രിത്വസഹവാസമാണ് ഇതിന്‍റെ അന്തസ്സത്ത (14:23). ഭൂമിയിലാരംഭിച്ച സ്വര്‍ഗ്ഗരാജ്യത്തിന്‍റെ പൂര്‍ണ്ണത ഈലോകജീവിതത്തിനുശേഷമാണ് അനുഭവവേദ്യമാകുന്നത്. അതായത്, സ്വര്‍ഗ്ഗരാജ്യമെന്ന യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാന്‍ കഴിയുന്നത് മരണത്തിനുശേഷം മാത്രമാണ്.
14:4-10: ഈശോ പിതാവിലേക്കുള്ള വഴിയാണ് 1:6). പലരും വഴിയാകുന്ന ഈശോയില്‍ തങ്ങിനില്ക്കുകയാണ്. ഈശോയോടുള്ള ഭക്തിപരമായ ബന്ധത്തില്‍ ഒതുങ്ങിനില്ക്കുന്ന ക്രൈസ്തവ ജീവിതമാണ് പലരും നയിക്കുന്നത്. ഈശോ വന്നതിന്‍റെ ലക്ഷ്യം പിതാവിനെ ലോകത്തിനു വെളിപ്പെടുത്തുവാനും പിതാവുമായി മനുഷ്യകുലത്തെ ബന്ധിപ്പിക്കുവാനുമാണ്. വിശുദ്ധ കുര്‍ബാനയിലെ നാലാം ഗ്ഹാന്താ പ്രാര്‍ത്ഥന ഈ വസ്തുത അനുസ്മരിപ്പിക്കുന്നുണ്ട്: "അങ്ങു മാത്രമാണ് യഥാര്‍ത്ഥ പിതാവായ ദൈവമെന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികള്‍ എല്ലാവരും അറിയട്ടെ." ഈശോയും ഈശോ ആര്‍ക്ക് വെളിപ്പെടുത്തുന്നുവോ അവരും അല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ല എന്ന് ഈശോ തന്‍റെ ഒരു പ്രാര്‍ത്ഥനയില്‍ വ്യക്തമാക്കുന്നുണ്ട് (മത്താ 11:27). തന്നിലൂടെ പിതാവ് മനുഷ്യര്‍ക്ക് വെളിപ്പെടുത്തപ്പെട്ടു എന്നതാണ് ഈശോയുടെ സുവിശേഷത്തിന്‍റെ അന്തസ്സത്തയെന്ന് ലൂക്കാസുവിശേഷകന്‍ സൂചിപ്പിക്കുന്നുണ്ട് (ലൂക്കാ 10:21-24). ഈശോയെ കാണുന്നവന്‍ പിതാവിനെ കാണുന്നവനായി മാറണം. വഴിയായ ഈശോയില്‍ തങ്ങിനില്ക്കാതെ, 'പരിശുദ്ധാത്മാവില്‍ പുത്രനിലൂടെ പിതാവിങ്കലേക്ക്' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യാത്ര ചെയ്യേണ്ടവരാണ് സഭാംഗങ്ങള്‍ ഓരോരുത്തരും.
14:13-14: മാമ്മോദീസായിലൂടെ ഈശോയുടെ ദൈവപുത്രത്വത്തില്‍ പങ്കുചേര്‍ന്ന് സ്വര്‍ഗ്ഗീയപിതാവിന്‍റെ മക്കള്‍ക്കടുത്ത ഒരു കുടുംബമായിത്തീര്‍ന്ന സമൂഹമാണല്ലോ സഭ. അതുകൊണ്ട് ഈശോയുടെ നാമത്തില്‍ അഥവാ ഈശോയുമായുള്ള ഐക്യത്തില്‍ പ്രാര്‍ത്ഥിക്കുക എന്നു പറയുന്നത് പ്രായോഗികമായിത്തീരുന്നത് സഭയോടൊത്ത് നാം പ്രാര്‍ത്ഥിക്കുമ്പോഴാണ്. ഈശോയുടെ സാന്നിദ്ധ്യം അനുഭവിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ സ്വീകാര്യമാകുന്നു. കൗദാശികജീവിതമാണ് ഈശോയുമായി നമ്മെ ഐക്യപ്പെടുത്തുന്നത്.
14:15-17: പിതാവിനോടും പുത്രനോടുമുള്ള നമ്മുടെ ഐക്യവും സഹവാസവും പ്രായോഗികമായി നമ്മില്‍ യാഥാര്‍ത്ഥ്യമാകുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. ഈശോയുടെ ജീവിതത്തില്‍ പ്രവര്‍ത്തനനിരതനായിരുന്ന ഈ പരിശുദ്ധാത്മാവ് ഓരോ ക്രൈസ്തവനിലും തങ്ങളുടെ വിശ്വാസജീവിതത്തില്‍ സഹായകനായി കുടികൊള്ളുന്നു. വ്യക്തിപരമായി മാത്രമല്ല, സമൂഹപരമായും സഭയെ മുന്നോട്ടു നയിക്കുവാന്‍ സഭയില്‍ ജീവിക്കുകയും ചെയ്യുന്നു. ലോകാവസാനംവരെ സഭയോടൊത്തുണ്ടായിരിക്കുകയും ചെയ്യും.
14:18-21: ഈശോയോടുള്ള സ്നേഹം വെറും വൈകാരികമായ ഒരു സ്നേഹമല്ല; പ്രായോഗികമായ അഥവാ പ്രവൃത്തികളില്‍ പ്രാവര്‍ത്തികമാകുന്ന ഒരു സ്നേഹമാണ്. അതുകൊണ്ടാണ് 'എന്‍റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്' എന്ന് ഈശോ പറയുന്നത്. യഥാര്‍ത്ഥസ്നേഹം മനസ്സിന്‍റെ ഐക്യമാണ്. ഈശോയുടെ കല്പനകള്‍ക്കനുസൃതമായ ഒരു ജീവിതം നയിക്കുന്നതിലൂടെയാണ് ഈശോയുമായുള്ള സ്നേഹബന്ധം യാഥാര്‍ത്ഥ്യമാകുന്നത്. ഇങ്ങനെയൊരു സ്നേഹബന്ധം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് ഈശോയേയും ഈശോയിലൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവത്തേയും കൂടുതല്‍ അറിയുവാനും അനുഭവിക്കുവാനും കാരണമായിത്തീരും: "ഞാനും അവനെ സ്നേഹിക്കുകയും എന്നെത്തന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും." ദൈവം തന്‍റെ സ്വയംവെളിപ്പെടുത്തല്‍ പരിമിതപ്പെടുത്തുന്നു എന്നല്ല ഇതിന്‍റെ അര്‍ത്ഥം. ദൈവത്തിന്‍റെ സ്നേഹത്തിനു പ്രതിസ്നേഹം നല്‍കുന്നവര്‍ക്കേ അവിടുത്തെ സ്വയം വെളിപ്പെടുത്തല്‍ അത് ആയിരിക്കുന്നതുപോലെ സ്വീകരിക്കാന്‍ കഴിയുകയുള്ളു.
14:22-24: ത്രിത്വസഹവാസം സഭയുടെ അന്തഃസത്തയാണ്. മാമ്മോദീസായില്‍ നാം ത്രിത്വസഹവാസത്തിലേക്ക് - സ്വര്‍ഗ്ഗത്തിലേക്ക് - പ്രവേശിക്കുന്നു. സഭയുടെ ഏറ്റം ഉദാത്തമായ പ്രകാശനമാകുന്ന വി. കുര്‍ബാനയില്‍ കാണുന്ന പൗളൈന്‍ ആശീര്‍വാദം (2 കോറി 13:13), സഭ ത്രിത്വസഹവാസത്തിലേക്കു പ്രവേശിച്ചവരുടെ സമൂഹമാണ് എന്നതിന്‍റെ അടയാളമാണ്. സാര്‍വ്വത്രിക സഭാകൂട്ടായ്മയിലുള്ള എല്ലാ സഭകളുടേയും ലിറ്റര്‍ജികളില്‍ ഈ ആശീര്‍വാദം കാണപ്പെടുന്നുണ്ട്. ഈ ത്രിത്വാത്മക കൂട്ടായ്മയ്ക്ക് തികച്ചും വ്യക്തിപരമായ ഒരു മാനമുണ്ട്. നമ്മുടെ ആന്തരിക ജീവിതത്തിന്‍റെ അന്തസ്സത്തയാണത്. നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തെ ദൈവത്തിന്‍റെ വാസസ്ഥലമാക്കി രൂപാന്തരപ്പെടുത്തുന്ന ഒരനുഭവമാണത്. സ്വര്‍ഗ്ഗത്തിന്‍റെ മുന്നാസ്വാദനമാണത്. ത്രിയേകദൈവവുമായുള്ള ഈ കൂട്ടായ്മയുടെ അന്ത്യാത്മകസ്ഥിതിവിശേഷമാണ് സ്വര്‍ഗ്ഗം. സഭയെ പരസ്പരം സ്നേഹിക്കുന്ന ഒരു സമൂഹമായി വളര്‍ത്തുന്ന സമൂഹപരമായ ഒരു മാനവും ഇതിനുണ്ട്. ത്രിത്വത്തിലെ മൂന്നാളുകളുടെ പരസ്പരദാനവും സമര്‍പ്പണവും സഭാംഗങ്ങളുടെ പരസ്പരസ്നേഹത്തിലും സമര്‍പ്പണത്തിലും പ്രകാശിതമാവണം.
14:25-26: സഭയുടെ പ്രഥമദൗത്യം സുവിശേഷപ്രഘോഷണവും വിശ്വാസപരിശീലനവുമാണ്. സഭയിലെ ശ്ലൈഹികശുശ്രൂഷയില്‍ പ്രഥമസ്ഥാനം വചനശുശ്രൂഷയ്ക്കാണ്. ആദിമസഭയില്‍ സഭയുടെ സാമൂഹ്യപ്രതിബദ്ധത ചര്‍ച്ചയ്ക്ക് വിഷയമായപ്പോള്‍ ശ്ലീഹന്മാരും വിശ്വാസികളുടെ സമൂഹവും ഒന്നിച്ചുകൂടി എടുത്ത തീരുമാനം ഇതുതന്നെയാണ്: "ഞങ്ങള്‍ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം" (നട 6:4). ശരിയായ രീതിയില്‍ സഭയില്‍ പ്രബോധനശുശ്രൂഷ നിര്‍വ്വഹിക്കണമെങ്കില്‍ പ്രബോധകനായ പരിശുദ്ധാത്മാവിന് പ്രബോധകരും പ്രബോധിതരും ശിഷ്യപ്പെടണം. ദൈവവചനം പ്രാര്‍ത്ഥനാപൂര്‍വ്വം പഠിക്കുകയും ധ്യാനിക്കുകയും ചെയ്ത് പരിശുദ്ധാത്മാവിന്‍റെ പ്രബോധനപ്രവര്‍ത്തനത്തോട് നിരന്തരമായി സഹകരിച്ചെങ്കില്‍മാത്രമേ സഭയില്‍ പ്രബോധനശുശ്രൂഷയും വിശ്വാസപരിശീലനവും വേണ്ടവിധം നിര്‍വ്വഹിക്കാനാവൂ.
14:27: തന്‍റെ വേര്‍പാടിന്‍റെ സന്ദര്‍ഭത്തില്‍ ഈശോ ശിഷ്യര്‍ക്ക് സമാധാനം ആശംസിക്കുന്നു. സമാധാനം തന്‍റെ രക്ഷാകരപ്രവര്‍ത്തനത്തിലൂടെ ഈശോ നമുക്കു നേടിത്തന്ന ഏറ്റം വലിയ സമ്മാനമാണ്. ഈ സമാധാനമാണ് ഈശോയുടെ രക്ഷാകരപ്രവര്‍ത്തനത്തിന്‍റെ ഓര്‍മ്മയാചരിക്കുന്ന പരി. കുര്‍ബാനയാഘോഷത്തില്‍ ആശംസിക്കപ്പെടുന്നതും നല്കപ്പെടുന്നതും. പരി. കുര്‍ബാനാനുഭവത്തിലൂടെ ഈശോയുമായുള്ള ഐക്യത്തില്‍ ഈ സമാധാനാനുഭവം നമ്മില്‍ നവീകരിക്കപ്പെടുകയും അതില്‍ നാം വളരുകയും ചെയ്യുന്നു.
14:28-29: സഹനം മനുഷ്യജീവിതത്തില്‍ സഹജമാണ്. ഇത് പലപ്പോഴും മനുഷ്യര്‍ക്ക് ദുഃഖത്തിനും അസ്വസ്ഥതയ്ക്കും കാരണമായിത്തീരുന്നു. എന്നാല്‍ അവയെ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ മനസ്സിലാക്കുവാനും നേരിടുവാനും സാധിച്ചാല്‍ ആ ദുഃഖം സന്തോഷമായി മാറും, മാറണം എന്ന് ഈശോ ഇവിടെ സൂചിപ്പിക്കുകയാണ്. ക്രൈസ്തവര്‍, മനുഷ്യരെന്ന നിലയില്‍ വിവിധസഹനങ്ങളിലൂടെ കടന്നുപോകുന്നവരും സഹനങ്ങളിലൂടെ കടന്നുപോകുന്നവരുടെ മദ്ധ്യേ ജീവിക്കുന്നവരുമാണ്. സഹനത്തെപ്പറ്റിയുള്ള ശരിയായ വീക്ഷണം, വിശ്വാസത്തില്‍നിന്നുളവാകുന്ന വീക്ഷണം, ക്രൈസ്തവര്‍ക്കുണ്ടാവണം. സഹനം ദൈവത്തിന്‍റെ രക്ഷാകരപദ്ധതി പൂര്‍ത്തിയാക്കപ്പെടുതിന്‍റെ ഭാഗമാണെന്നും അത് ആത്യന്തികമായി നമ്മുടെ മഹത്ത്വത്തിന് കാരണമാകുമെന്നുമുള്ള വിശ്വാസം അതിനെ സന്തോഷത്തോടെ നേരിടുവാന്‍ നമ്മെ സഹായിക്കും. അതോടൊപ്പം സഹനത്തിലൂടെ കടന്നുപോകുന്നവരെ വിശ്വാസത്തില്‍ ബലപ്പെടുത്തി സഹനങ്ങളെ സന്തോഷത്തോടെ നേരിടുവാന്‍ അവരെ സഹായിക്കുവാനും ക്രൈസ്തവര്‍ക്കു കടമയുണ്ട്.
14:30-31: ക്രൈസ്തവന്‍റെ ജീവിതത്തിലും ശുശ്രൂഷാതലങ്ങളിലും തിന്മയുടെ ശക്തികളുമായി ഏറ്റുമുട്ടലുകളുണ്ടാകാം. സഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ തിന്മയുടെ ശക്തികള്‍ക്കെതിരായുള്ള സമരം സഭാജീവിതത്തിന്‍റെതന്നെ ഒരു നിരന്തര പ്രതിഭാസമായിരുന്നു എന്നു കാണാം. എന്നാല്‍ ദൈവത്തിന്‍റെ സഭയ്ക്കെതിരായി നരകവാതിലുകള്‍ പ്രബലപ്പെടുകയില്ല എന്ന മിശിഹായുടെ പ്രഖ്യാപനം (മത്താ 16:18) ഇന്നും സഭയില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തങ്ങളുടെ ജീവിതത്തില്‍ വ്യക്തിപരമായും അജപാലനപരമായും തിന്മയുടെ ശക്തികളുമായി ഏറ്റുമുട്ടലുകളുണ്ടാകുമ്പോള്‍ ധൈര്യപൂര്‍വ്വം ചെറുത്തുനില്‍ക്കുവാനും വിജയം വരിക്കുവാനും ക്രൈസ്തവര്‍ക്കു കഴിയണം. ഇത് സാദ്ധ്യമാകണമെങ്കില്‍ ഉത്ഥിതനായ മിശിഹായിലുള്ള സഭയുടെ വിശ്വാസം എല്ലാവരും ആഴത്തില്‍ ജീവിക്കണം. വി. യോഹന്നാന്‍റെ ഒന്നാം ലേഖനം ഇത് സൂചിപ്പിക്കുന്നുണ്ട്: "ലോകത്തിന്മേലുള്ള വിജയം ഇതാണ്, നമ്മുടെ വിശ്വാസം. ഈശോ ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണ് ലോകത്തെ ജയിക്കുന്നത്" (5:4-5).
Gospel of John 14: 1-31 Last Sermon: Separation and Return catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206