We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021
പാദം കഴുകലിന്‍റെ അര്‍ത്ഥം ശിഷ്യര്‍ക്കു വിവരിച്ചു കൊടുത്ത ഈശോ, ശിഷ്യരിലൊരുവന്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പ്രവചിക്കുന്നു: "ഇതു പറഞ്ഞപ്പോള്‍ ഈശോ ആത്മാവില്‍ അസ്വസ്ഥനായി. അവന്‍ വ്യക്തമായി പറഞ്ഞു: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും" (13:21). 'ആത്മാവില്‍ അസ്വസ്ഥനാകുന്ന' ഈശോയെ മറ്റു രണ്ടു സന്ദര്‍ഭങ്ങളില്‍ക്കൂടി കാണാം-ലാസറിന്‍റെ കബറിടത്തിങ്കലും (യോഹ 11:33) ഗദ്സമേനിയിലും (ലൂക്കാ 22:44 = യോഹ 12:27). മരണവുമായി മനുഷ്യന്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ് ഈശോയില്‍ ഈ പ്രതികരണമുളവാക്കുന്നത്. മനുഷ്യനെ പാപത്തിന്‍റെയും പാപത്തിന്‍റെ ഫലമായി വന്നുഭവിച്ച മരണത്തിന്‍റെയും യാതനകളില്‍നിന്നും മോചിക്കുവാന്‍ അവിടുന്ന് മരണം സ്വയം ഏറ്റുവാങ്ങുന്നു. മരണവുമായി മല്ലടിക്കുന്ന മനുഷ്യന്‍റെ വേദനയില്‍ അവനോടു താദാത്മ്യപ്പെടുന്നു. കര്‍ത്താവിന്‍റെ സ്നേഹം താന്‍ സ്നേഹിക്കുന്ന വ്യക്തിയുമായി താദാത്മ്യപ്പെടുന്ന സ്നേഹമാണെന്ന് ഇതു സൂചിപ്പിക്കുന്നു. യൂദാസിന്‍റെ വഞ്ചനയില്‍ പാപത്തിന്‍റെ ഭീകരമുഖം പ്രത്യക്ഷപ്പെടുന്നു. സ്നേഹം മാത്രം നല്കിയവനെ സ്നേഹശൂന്യമായ ഹൃദയത്തോടെ മരണത്തിന് ഏല്പിക്കുന്നു. എങ്കിലും യൂദാസിന് നല്കുവാന്‍ ഈശോയ്ക്കുള്ളത് സ്നേഹം മാത്രം.
ഈശോയുടെ വലത്ത് യോഹന്നാനും ഇടത്ത് യൂദാസും ഇരിക്കുന്നതായിട്ടാണ് അപ്പം മുറിക്കല്‍രംഗം ചിത്രീകരിക്കുന്നത്. യഹൂദപാരമ്പര്യമനുസരിച്ച് അതിഥിയെ ആതിഥേയന്‍ തന്‍റെ ഇടതുവശത്ത് ഇരുത്തി ബഹുമാനിച്ചിരുന്നു. പെസഹാ അത്താഴത്തിന് ഇടതുവശത്തിരിക്കുന്ന ആളിന്‍റെ മാര്‍വ്വിലേക്ക് ചാരിയിരിക്കുന്നതും പതിവായിരുന്നു. പെസഹാചരണത്തില്‍ ഇസ്രായേല്‍ജനം ഓര്‍മ്മിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ ഒരു പ്രതീകമായി ഇതിനെ കാണാം. അടുത്തിരിക്കുന്ന രണ്ടു വ്യക്തികള്‍ക്ക് പരസ്പരം സ്നേഹം പങ്കുവയ്ക്കാനും രഹസ്യങ്ങള്‍ കൈമാറാനും ഇത് അവസരം നല്കുകയും ചെയ്യും. അപ്പക്കഷണം ഒരേ വീഞ്ഞില്‍ മുക്കി ഭക്ഷിക്കുന്നതും പ്രത്യേക സ്നേഹത്തിന്‍റെ അടയാളമായിരുന്നു (റൂത്ത് 2:14).
ശിഷ്യത്വത്തിന്‍റെ രണ്ടു ഭാവങ്ങളുടെ ഉദാഹരണങ്ങളാണ് യോഹന്നാനും യൂദാസ് സ്കറിയോത്തായും. യഥാര്‍ത്ഥ ശിഷ്യത്വത്തിന്‍റെ പ്രതീകമാണ് 'ഈശോ സ്നേഹിക്കുന്ന ശിഷ്യന്‍' എന്നറിയപ്പെടുന്ന യോഹന്നാന്‍ശ്ലീഹാ. ഈശോയിലൂടെ നല്കപ്പെട്ട ദൈവസ്നേഹം സ്വീകരിക്കുകയും അതിന് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തതിലൂടെയാണ് യോഹന്നാന്‍ശ്ലീഹാ മിശിഹാശിഷ്യത്വത്തിന്‍റെ മഹനീയ മാതൃകയായത്. അദ്ദേഹം യഥാര്‍ത്ഥ ശിഷ്യത്വത്തെ പ്രതിനിധീകരിക്കുന്നു. യഥാര്‍ത്ഥ ശിഷ്യന്‍ ഈശോയുടെ സ്നേഹത്തില്‍ നിലനില്ക്കുന്നവനാണ്: "പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങള്‍ എന്‍റെ സ്നേഹത്തില്‍ നിലനില്ക്കുവിന്‍" (യോഹ 15:9). പിതാവിന്‍റെ സ്നേഹത്തില്‍ നിലനില്ക്കുന്ന ഒരു ജീവിതമാണ് ഈശോ നയിച്ചത്. "പിതാവിന്‍റെ വക്ഷസ്സിലിരിക്കുന്ന ഏകജാതന്‍" (1:18) എന്നാണ് യോഹന്നാന്‍ സുവിശേഷകന്‍ ഈശോയെ വിശേഷിപ്പിക്കുന്നത്. "പിതാവിന്‍റെ വക്ഷസ്സിലിരിക്കുന്ന പുത്രന്‍" പിതാവുമായുള്ള പുത്രന്‍റെ ഐക്യത്തെയും സ്നേഹത്തിലുള്ള നിലനില്പിനെയും പ്രതിനിധീകരിക്കുന്നെങ്കില്‍, "പുത്രന്‍റെ വക്ഷസ്സിലിരിക്കുന്ന ശിഷ്യന്‍" പുത്രനായ മിശിഹായുമായുള്ള ശിഷ്യന്‍റെ ഐക്യത്തെയും സ്നേഹത്തിലുള്ള നിലനില്പിനെയും പ്രതിനിധീകരിക്കുന്നു.
ഈശോയുടെ ശിഷ്യത്വത്തിലേക്കു കടന്നുവന്ന യോഹന്നാന്‍ ഈശോയുടെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങള്‍ക്കും സാക്ഷിയായിരുന്നു. അന്ത്യത്താഴത്തില്‍ ഈശോയുടെ മാര്‍വ്വില്‍ ചാരിയിരുന്ന് അവിടുത്തെ ഹൃദയസ്പന്ദനങ്ങള്‍ ഒപ്പിയെടുക്കുകയും സ്നേഹം നുകരുകയും ഹൃദയവേദനകള്‍ അറിയുകയും ചെയ്തവനാണ് യോഹന്നാന്‍. ഈശോയുടെ സ്നേഹം അനുഭവിച്ചറിഞ്ഞതുകൊണ്ടുമാത്രമാണ് ഭീതിജനകമായ പീഡാനുഭവവേളയിലും കുരിശിന്‍ ചുവട്ടിലും യോഹന്നാന്‍ അവിടുത്തെ അനുഗമിച്ചത്. അവസാനതുള്ളി രക്തംവരെയും മാനവര്‍ക്കായി ചിന്തിയ ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന് അദ്ദേഹം കൊടുത്ത നിര്‍വചനം "ദൈവം സ്നേഹമാകുന്നു" എന്നാണ്. മിശിഹായെ അനുഗമിക്കുന്ന ഓരോരുത്തരും പിന്തുടരേണ്ട മാതൃകയാണ് യോഹന്നാന്‍ശ്ലീഹാ. ഇങ്ങനെയുള്ള ശിഷ്യത്വമാണ് ക്രിസ്തീയ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം. ഈശോമിശിഹായുമായുള്ള പരസ്പരസഹവാസമാണ് ശിഷ്യത്വം ക്രൈസ്തവരില്‍നിന്നും ആവശ്യപ്പെടുക: "നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ക്കും സാധിക്കുകയില്ല" (യോഹ 15:4). ഈ പരസ്പരസഹവാസം സ്നേഹബന്ധമാണ്; സ്നേഹത്തിലുള്ള നിലനില്പാണ്. ഈശോയുടെ സ്നേഹം നിരന്തരം സ്വീകരിച്ച്, ആ സ്നേഹത്തിന് നിരന്തരം പ്രത്യുത്തരം നല്കിക്കൊണ്ടുള്ള ഒരു ജീവിതമായിരിക്കണം ക്രൈസ്തവന്‍റെ ആദ്ധ്യാത്മികതയുടെ അന്തഃസത്ത.
മനുഷ്യനു നല്കിയ ദൈവസ്നേഹത്തിന്‍റെ തിരസ്ക്കരണത്തിന്‍റെ രൂപമാണ് യൂദാസ് സ്കറിയോത്താ. ദൈവസ്നേഹത്തിന് അനുകൂലമായ മറുപടികൊടുക്കാത്തതുകൊണ്ട് യൂദാസ് നിഷേധാത്മകമായ പ്രത്യുത്തരത്തിന്‍റെ പ്രതീകമായി മാറി. ദൈവസ്നേഹത്തിന്‍റെ തിരസ്ക്കരണം ആത്യന്തികമായി തിന്മയിലേക്കും നിത്യനാശത്തിലേക്കുമാണ് നയിക്കുന്നതെന്ന് യൂദാസിന്‍റെ ജീവിതം പഠിപ്പിക്കുന്നു. യൂദാസിന്‍റെ പാദങ്ങള്‍ കഴുകിക്കൊണ്ടും, "നീ ചെയ്യാനിരിക്കുന്നത് വേഗം ചെയ്യുക" (13:27) എന്നു പറഞ്ഞുകൊണ്ടും ദൈവസ്നേഹത്തിലേക്ക് അവനെ തിരിക്കാനുള്ള അവസാന ശ്രമവും ഈശോ നടത്തി. മാനസാന്തരത്തിലേക്കുള്ള ഈശോയുടെ അവസാന ആഹ്വാനവും അവന്‍ നിരസിച്ചു. ഒറ്റിക്കൊടുക്കുന്നവനാരാണെന്ന ചോദ്യത്തിനു മറുപടിയായി ഈശോ യൂദാസിന് അപ്പക്കഷണം മുക്കി കൊടുക്കുകയും അത് സ്വീകരിച്ച ഉടനേ അവന്‍ പുറത്തുപോകുകയും ചെയ്തു. "അപ്പോള്‍ രാത്രിയായിരുന്നു" (13:30) എന്ന് സുവിശേഷകന്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. പ്രകാശമായ ഈശോയില്‍ നിന്ന് വിശ്വാസമില്ലായ്മയുടെയും സ്നേഹരാഹിത്യത്തിന്‍റെയും ഇരുള്‍ നിറഞ്ഞ പാതയിലൂടെയാണ് യൂദാസ് നീങ്ങിയത്. ഈശോയില്‍നിന്നും അകലുന്നവന്‍ ഇരുളിലാണ് സഞ്ചരിക്കുന്നത്. വിശ്വസിക്കാതെയും സ്നേഹിക്കാതെയും മൂന്നു വര്‍ഷക്കാലം കൂടെ നടന്ന യൂദാസിനെപ്പോലും അവസാനംവരെ സ്നേഹിക്കുന്ന ഈശോയുടെ സ്നേഹത്തിന്‍റെ കൂദാശയുടെ പ്രതീകമായി ഈ രംഗം നമുക്ക് മനസ്സിലാക്കാം.
അപ്പംമുറിക്കല്‍: വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ വി. കുര്‍ബാനയുടെ സ്ഥാപന വിവരണമില്ല. എങ്കിലും ശിഷ്യരോടൊത്ത് പെസഹാ അത്താഴം കഴിച്ചുവെന്നും (13:1-2) അത്താഴമദ്ധ്യേ അപ്പം മുറിച്ച് പങ്കുവച്ചുവെന്നും (13:25-26) വ്യക്തമായി പറയുന്നുണ്ട്. 'അപ്പം മുറിക്കല്‍' വളരെ ഹൃദയസ്പര്‍ശിയായ വിധത്തിലാണ് യോഹന്നാന്‍ അവതരിപ്പിക്കുക. വി. കുര്‍ബാന എന്ന കൂദാശയിലൂടെയുള്ള സ്നേഹത്തിന്‍റെ പങ്കുവയ്ക്കല്‍ ഇവിടെ പ്രതീകാത്മകമായും നാടകീയമായും അവതരിപ്പിക്കുന്നു. കുരിശില്‍ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹത്തിന്‍റെ ശാശ്വതീകരണമാണ് പരി. കുര്‍ബാന. പരി. കുര്‍ബാന സ്നേഹത്തിന്‍റെ കൂദാശയാണ്.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പരി.കുര്‍ബാനയെ വിശേഷിപ്പിച്ചിരിക്കുന്നത് ദൈവത്തിന്‍റെ വിശ്വസ്നേഹമാനം വെളിപ്പെടുത്തുന്ന കൂദാശയെന്നാണ് (EE 12). ശത്രുവെന്നോ മിത്രമെന്നോ ഉള്ള വ്യത്യാസമില്ലാതെ ലോകത്തിലുള്ള എല്ലാ മനുഷ്യരെയും സ്നേഹിക്കുന്ന ദൈവത്തിന്‍റെ സ്നേഹമാണ് ഈശോയുടെ മഹത്ത്വീകരണത്തില്‍ (പീഡാനുഭവം, മരണം, ഉത്ഥാനം) വെളിപ്പെടുത്തപ്പെട്ടത്. ഈശോയുടെ മഹത്ത്വീകരണത്തിന്‍റെ അര്‍ത്ഥം വിശദീകരിക്കുന്ന അന്ത്യപ്രഭാഷണത്തിന്‍റെ ആരംഭത്തിലും അവസാനത്തിലും ഈ സ്നേഹത്തെ പരാമര്‍ശിക്കുന്നുണ്ട്. "ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു: അവസാനംവരെ സ്നേഹിച്ചു"(13:1). "അവിടുന്ന് എനിക്കു നല്കിയ സ്നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അറിയിക്കും" (17:26). ഈ സ്നേഹമാണ് പരിശുദ്ധ കുര്‍ബാനയില്‍ ശാശ്വതീകരിക്കപ്പെടുന്നത്. ഈ അപ്പം മുറിക്കലില്‍ പത്രോസും യോഹന്നാനും യൂദാസും ഒരുപോലെ സ്നേഹിക്കപ്പെടുന്നു. അപ്പക്കഷണം മുക്കി കൊടുക്കുന്നത് വി.കുര്‍ബാന സ്വീകരണത്തെ സൂചിപ്പിക്കുന്നു. ദൈവം മനുഷ്യനെ സ്നേഹിക്കുക മാത്രമല്ല തന്‍റെ സ്നേഹം മനുഷ്യഹൃദയത്തിലേക്ക് ഒഴുക്കുകയും ചെയ്യുന്നു. "നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു" (റോമാ 5:5) എന്ന പൗലോസിന്‍റെ വാക്കുകള്‍ ഇവിടെ അന്വര്‍ത്ഥമാകുന്നു. പരി. കുര്‍ബാന പരിശുദ്ധാത്മാവിനെ നമുക്കു നല്കുന്നു. പരിശുദ്ധാത്മാവ് ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ആത്മാവാണല്ലോ.
അപ്പക്കഷണം മുക്കി യൂദാസിനു കൊടുത്തുകൊണ്ടാണ് തന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണെന്ന് ഈശോ പ്രവചിച്ചത്. തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നത് യൂദാസാണെന്ന് ഈശോക്ക് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് യൂദാസിനെ ഈശോ തന്‍റെ ഇടതുവശത്ത് വിളിച്ചിരുത്തിയതും യൂദാസിന്‍റെ മാര്‍വ്വിലേക്ക് ചാരിക്കിടന്നതും. സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍ പെടുന്നതാണ് പാപികളോടുള്ള ദൈവത്തിന്‍റെ സവിശേഷ സ്നേഹം. ഈശോ പറയുന്നു: "ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്" (മത്താ 9:13). യൂദാസ് വലിയ കപടഭക്തനായിരുന്നു. വിശുദ്ധന്‍റെ പെരുമാറ്റരീതിയും പിശാചിന്‍റെ ഹൃദയവുമുള്ളവന്‍. അവന്‍ അങ്ങനെയാണെന്ന് ആദിമുതലേ ഈശോ അറിഞ്ഞിരുന്നു. ഇങ്ങനെയുള്ള യൂദാസിന് ഈശോ സ്നേഹത്തിന്‍റെ ക്ഷണം ആവര്‍ ത്തിച്ചു നല്കുകയാണ്. അവനെ പണസഞ്ചി ഏല്പിക്കുന്നു (യോഹ 12:6); മറ്റു ശിഷ്യരോടൊപ്പം പാദം കഴുകി ശുശ്രൂഷിക്കുന്നു; ഇടതുവശത്തിരുത്തി അപ്പക്കഷണം മുക്കിക്കൊടുക്കുന്നു. പാപികളെ മാറ്റിനിര്‍ത്താ തെ പ്രത്യേകം പരിഗണനയോടുകൂടി സ്നേ ഹം നല്കുന്നവനാണ് ദൈവം.
"അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു" (13:27) എന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യൂദാസിന്‍റെ ഭാഗത്തുനിന്നും ഈശോയുടെ സ്നേഹത്തിനു നല്കിയ പ്രതികൂലമായ പ്രത്യുത്തരത്തിന്‍റെ സൂചനയാണ് ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ഈശോയുടെ സ്നേഹം യൂദാസിന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചില്ല. ഈശോയിലൂടെ നല്കപ്പെട്ട ദൈവസ്നേഹത്തിനു പ്രതികരിക്കുവാന്‍ കഴിവില്ലാത്ത, പ്രതികരണശേഷി നഷ്ടപ്പെട്ട, ഒരു മാനസികാവസ്ഥയാണ് യൂദാസിലുണ്ടായത്. ഇതിനെയാണ് ഇവിടെ 'സാത്താന്‍റെ പ്രവേശന'മായി ചിത്രീകരിക്കുന്നത്. ദൈവസ്നേഹത്തിനു പ്രവര്‍ത്തിക്കാന്‍ തടസ്സമായിത്തീരുന്ന അവസ്ഥ. ഈ അവസ്ഥ സൃഷ്ടിക്കപ്പെട്ടത് ഒരൊറ്റ നിമിഷം കൊണ്ടല്ല, സാവകാശമാണ്. തുടക്കം മുതല്‍ അന്നുവരെ വിശ്വാസമില്ലാതെയാണ് യൂദാസ് ഈശോയോടൊപ്പം വ്യാപരിച്ചത്. ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണവേളയില്‍ പലരും ഈശോയെ ശ്രവിക്കുവാന്‍ ബുദ്ധിമുട്ട് കാണിച്ച സന്ദര്‍ഭത്തില്‍ സുവിശേഷം രേഖപ്പെടുത്തുന്നു: "വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മുതലേ അവന്‍ അറിഞ്ഞിരുന്നു" (യോഹ 6:64). ശിഷ്യന്മാരില്‍ വളരെപ്പേര്‍ ഈശോയെ വിട്ടുപോയപ്പോള്‍ പത്രോസ് വിശ്വാസപ്രഖ്യാപനം നടത്തിയെങ്കിലും ഈശോ പറയുന്നു: "നിങ്ങള്‍ പന്ത്രണ്ടു പേരെ ഞാന്‍ തിരഞ്ഞെടുത്തില്ലേ? എന്നാല്‍ നിങ്ങളില്‍ ഒരുവന്‍ പിശാചാണ്" (യോഹ 6:70). അത് യൂദാസിനെക്കുറിച്ചാണ് എന്ന് സുവിശേഷകന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട് (യോഹ 6:71). ആത്മാര്‍ത്ഥമായ സ്നേഹമില്ലാതെയാണ് യൂദാസ് ഈശോയോടൊപ്പം ജീവിച്ചിരുന്നത്. മറിയം ഈശോയുടെ പാദങ്ങള്‍ വിലയേറിയ സുഗന്ധദ്രവ്യങ്ങളാല്‍ പൂശിയപ്പോള്‍ ദരിദ്രരോടുള്ള സ്നേഹത്തിന്‍റെ പേരില്‍ മുതലക്കണ്ണീരൊഴുക്കിയവനാണ് യൂദാസ് (യോഹ 12:4-6). ഇങ്ങനെ വിശ്വാസവും സ്നേഹവുമില്ലാതെ തുടര്‍ച്ചയായി ഈശോയോടൊപ്പം ആയിരുന്നതുകൊണ്ടാണ് പൈശാചികമായ ഒരു ഹൃദയത്തിന്‍റെ അവസ്ഥ യൂദാസില്‍ രൂപപ്പെട്ടത്.
ഈ അവസ്ഥ ശിക്ഷാവിധിക്ക് കാരണമായിത്തീരുന്നു എന്നാണ് അവസാനത്തെ വാക്യം സൂചിപ്പിക്കുന്നത്: "ആ അപ്പക്കഷണം സ്വീകരിച്ച ഉടനേ അവന്‍ പുറത്തുപോയി. അപ്പോള്‍ രാത്രിയായിരുന്നു" (13:30). രാത്രി അന്ധകാരത്തെ സൂചിപ്പിക്കുന്നു. പ്രകാശമായ ഈശോയില്‍ നിന്നു വേര്‍പെട്ട് ശിക്ഷാവിധിക്ക് വിധേയനാകുന്ന യൂദാസിനെയാണ് ഇവിടെ നാം കാണുക. അയോഗ്യതയോടെ വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ അത് ശിക്ഷാവിധിക്ക് കാരണമാകും എന്ന് ഇത് വ്യക്തമാക്കുന്നു. രക്ഷയും ശിക്ഷയും യാഥാര്‍ത്ഥ്യമാകുന്നത് കുര്‍ബാന സ്വീകരിക്കുന്ന വ്യക്തിയെ ആശ്രയിച്ചാണ്. ദൈവം ആരെയും ശിക്ഷാവിധി ചെയ്യുന്നില്ല. അവിടുന്ന് മനുഷ്യരെ രക്ഷിക്കുന്നവന്‍ മാത്രമാണ് (യോഹ 3,17). എന്നാല്‍ ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും രക്ഷയുടെയും കൂദാശ ശിക്ഷയ്ക്ക് കാരണമാകുന്നത് സ്വീകരിക്കുന്ന ആളിന്‍റെ നിലപാടിനെ ആശ്രയിച്ചാണ്. വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രത്യുത്തരം നല്കുന്നവര്‍ക്ക് രക്ഷ യ്ക്കും അവിശ്വാസത്തിന്‍റെയും സ്നേഹരാഹിത്യത്തിന്‍റെയും പ്രത്യുത്തരം നല്കുന്നവര്‍ക്ക് ശിക്ഷാവിധിക്കും അത് കാരണമാകുന്നു: "ഇതാണ് ശിക്ഷാവിധി. പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തേക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു" (യോഹ 3:18). വി. കുര്‍ബാനയിലൂടെ നല്കപ്പെടുന്ന ദൈവസ്നേഹത്തിന്‍റെ ചൈതന്യത്താല്‍ ജീവിതത്തില്‍ മാറ്റം വരുത്താത്തവര്‍ക്കാണ് കുര്‍ബാന ശിക്ഷാവിധിക്ക് കാരണമാകുന്നത്.
Gospel of John 13: 21-30 Judas' deception (Matthew 26: 20-25; Mark 14: 17-21; Luke 22: 21-23) catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206