x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം,13:1-20, ഈശോ ശിഷ്യന്മാരുടെ പാദം കഴുകുന്നു

Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021

പെസഹാതിരുനാളിന്‍റെയും അന്ത്യത്താഴത്തിന്‍റെയും പശ്ചാത്തലത്തിലാണ് പാദം കഴുകല്‍ നടക്കുന്നത് (13:1). അന്ത്യത്താഴം നടന്ന ദിവസത്തെ സംബന്ധിച്ച് യോഹന്നാനും സമാന്തരസുവിശേഷങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. യോഹന്നാന്‍സുവിശേഷകന്‍റെ വിവരണമാണ് ചരിത്രത്തോട് വിശ്വസ്തത പുലര്‍ത്തുന്നത് എന്ന് വ്യക്തമാണ്. കാരണം, സമാന്തരസുവിശേഷങ്ങളനുസരിച്ച് ഈശോയുടെ അറസ്റ്റും വിചാരണയും മരണവും ആറു മണിക്കൂറിനുള്ളില്‍ നടന്നു. എന്നാല്‍, മരണത്തിനു മുമ്പ് ഈശോ അഞ്ചു പ്രാവശ്യമെങ്കിലും വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്: 1. പ്രധാനപുരോഹിതനായ അന്നാസിന്‍റെ മുമ്പില്‍ (യോഹ 18:13,19), 2. കയ്യാഫാസിന്‍റെ മുമ്പില്‍ (യോഹ 18:24), 3. പീലാത്തോസിന്‍റെ മുമ്പില്‍ (യോഹ 18:28-38), 4. ഹേറോദേസിന്‍റെ മുമ്പില്‍ (ലൂക്കാ 23:7-11), 5. പീലാത്തോസിന്‍റെ മുമ്പില്‍ രണ്ടാം പ്രാവശ്യം (ലൂക്കാ 23:11). വിവിധ സ്ഥലങ്ങളിലായി നടത്തപ്പെട്ട ഈ വിചാരണകള്‍ ആറു മണിക്കൂറിനുള്ളില്‍ സംഭവിച്ചു എന്നു കരുതാനാവില്ല. അതുകൊണ്ടുതന്നെ, യോഹന്നാന്‍സുവിശേഷകന്‍റെ വിവരണമാണ് ചരിത്രത്തോട് കൂടുതല്‍ നീതീ പുലര്‍ത്തുന്നതും ദൈവശാസ്ത്രപരമായി കൂടുതല്‍ അര്‍ത്ഥമുള്‍ക്കൊള്ളുന്നതും.

യോഹന്നാന്‍ശ്ലീഹായും പെസഹാതിരുനാളിന്‍റെ പശ്ചാത്തലത്തിലാണ് ഈശോയുടെ അന്ത്യത്താഴം ചിത്രീകരിച്ചിരിക്കുന്നത് (13:1-2). ഖുമ്റാന്‍ കലണ്ടറാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് എന്നതാണിതിനു കാരണം. ഖുമ്റാന്‍ സമൂഹത്തിലെ ഒരംഗമായിരുന്ന യോഹന്നാന്‍ മാംദാനുടെ ശിഷ്യനായിരുന്നു യോഹന്നാന്‍സുവിശേഷകന്‍. ഈ പശ്ചാത്തലം അദ്ദേഹത്തിന്‍റെ ചിന്തകളിലും രചനയിലും തെളിഞ്ഞു നില്ക്കുന്നു. ഖുമ്റാന്‍ സാഹിത്യശൈലി സുവിശേഷരചനയിലും കണ്ടെത്താം. പാലസ്തീനിയന്‍ കലണ്ടറിനെക്കാള്‍ രണ്ടു ദിവസം മുമ്പാണ് ഖുമ്റാന്‍ കലണ്ടര്‍ അനുസരിച്ചുള്ള പെസഹാ ആഘോഷം. യോഹന്നാന്‍ശ്ലീഹായുടെ വിവരണത്തില്‍ ഖുമ്റാന്‍ കലണ്ടറനുസരിച്ചുള്ള പെസഹാ ആഘോഷമാണ് ഈശോയുടെ അന്ത്യത്താഴപശ്ചാത്തലമായത്.

ഈശോ പെസഹാക്കുഞ്ഞാട്: സമാന്തരസുവിശേഷങ്ങളുടെ വിവരണമനുസരിച്ച്  നീസാന്‍മാസം 14-ാം തിയതി, പെസഹാതിരുനാളിലായിരുന്നു ഈശോയുടെ അന്ത്യത്താഴം. പിറ്റേദിവസം ഈശോ കുരിശിലേറ്റപ്പെടുകയും ചെയ്തു. എന്നാല്‍ യോഹന്നാന്‍സുവിശേഷകന്‍റെ വിവരണനുസരിച്ച് നീസാന്‍മാസം 14-ാം തിയതി പെസഹാതിരുനാളില്‍, പെസഹാക്കുഞ്ഞാട് ദൈവാലയത്തില്‍ കൊല്ലപ്പെടുന്ന സമയത്ത് ഈശോ കുരിശില്‍ മരിച്ചു. യോഹന്നാന്‍ശ്ലീഹായുടെ ദൈവശാസ്ത്രവീക്ഷണം ഈ അവതരണത്തിന് പശ്ചാത്തലമൊരുക്കുന്നുണ്ട്. ഇവിടെ, ഈശോയാണ് പെസഹാക്കുഞ്ഞാട് എന്ന് ശ്ലീഹാ വ്യക്തമാക്കുകയാണ്. ഈശോ പെസഹാക്കുഞ്ഞാടാണെന്നു കാണിക്കുവാന്‍ മറ്റു രണ്ടു സൂചനകളും പീഡാനുഭവവിവരണത്തില്‍ നല്കുന്നുണ്ട്. പീലാത്തോസ് നിര്‍ണ്ണായകമായ വിധിപ്രസ്താവന നടത്തുന്ന സമയത്തെപ്പറ്റി സുവിശേഷം പറയുന്നു: "അന്ന് പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ എകദേശം ആറാം മണിക്കൂറുമായിരുന്നു" (19:14). അതായത് അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള ജനത്തിന്‍റെ രക്ഷാകരമായ കടന്നുപോകലിനുവേണ്ടി പെസഹാക്കുഞ്ഞാടുകള്‍ കൊല്ലപ്പെടുന്ന ദിവസവും സമയത്തുമാണ് പുതിയ പെസഹാക്കുഞ്ഞാടായ മിശിഹാ കൊല്ലപ്പെട്ടത്. ഈശോയുടെ പാര്‍ശ്വം പിളര്‍ക്കപ്പെടുന്ന സംഭവം പുറപ്പാട് 12:46 ല്‍ പെസഹാക്കുഞ്ഞാടിനെപ്പറ്റി പറയുന്ന വാക്കുകളുടെ പൂര്‍ത്തീകരണമായും അവതരിപ്പിക്കുന്നു (19:36). പുറപ്പാടു പുസ്തകത്തില്‍ പെസഹാ ആചരണത്തെക്കുറിച്ച് ഇസ്രായേല്‍ജനത്തിന് നല്കിയ നിര്‍ദ്ദേശത്തില്‍, "ആടിന്‍റെ അസ്ഥിയൊന്നും ഒടിക്കരുത്" (12:46) എന്നു പറഞ്ഞിരിക്കുന്നു. ഈശോയെ പെസഹാക്കുഞ്ഞാടായി അവതരിപ്പിക്കുന്ന യോഹന്നാന്‍ശ്ലീഹാ, കുരിശില്‍നിന്നിറക്കുന്നതിനുമുമ്പ് ഈശോയുടെ കാലുകള്‍ മാത്രം തകര്‍ത്തില്ല എന്നത് പ്രത്യേകം എടുത്തു പറയുന്നുണ്ട്: "അവന്‍റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതു സംഭവിച്ചത്" (19:36).

അതുപോലെതന്നെ ആദ്യഅദ്ധ്യായത്തില്‍ ഈശോയെ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായി സുവിശേഷകന്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നതും ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. പെസഹാക്കുഞ്ഞാടിന്‍റെ രക്തത്തിലൂടെയാണ് പഴയദൈവജനമായ ഇസ്രായേല്‍ ഈജിപ്തിന്‍റെ അടിമത്തത്തില്‍നിന്ന് രക്ഷിക്കപ്പെട്ടത്. പാപത്തിന്‍റെ അടിമത്തത്തില്‍നിന്നും വിമോചിതരായി പുതിയ ദൈവജനം രൂപംകൊള്ളുന്നത് പുതിയ പെസഹാക്കുഞ്ഞാടായ മിശിഹായുടെ രക്തത്തിലൂടെയാണ്. ഈ യാഥാര്‍ത്ഥ്യമാണ് യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷം സ്നാപകന്‍റെ സാക്ഷ്യത്തിലൂടെ അവതരിപ്പിക്കുന്നത്. പരസ്യജീവിതത്തിലേക്കു കടന്നു വന്ന ഈശോയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്നാപകന്‍ ഇപ്രകാരം പറഞ്ഞു: "ഇതാ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" (1:29). സുവിശേഷകന്മാരുടെ ദൈവശാസ്ത്രപരമായ ഊന്നലുകളാണ് ഈ വ്യത്യാസത്തിനടിസ്ഥാനം. സമാന്തരസുവിശേഷങ്ങള്‍ അന്ത്യത്താഴത്തിനും പരി. കുര്‍ബാന സ്ഥാപനത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിവരണം നല്കുമ്പോള്‍ യോഹന്നാന്‍ സുവിശേഷകന്‍ ജനങ്ങളുടെ പാപങ്ങള്‍ ഏറ്റെടുത്ത് ജീവന്‍ വെടിഞ്ഞ പെസഹാക്കുഞ്ഞാടായി ഈശോയെ അവതരിപ്പിക്കുന്നു.

പെസഹാക്കുഞ്ഞാടിന്‍റെ രക്തത്തിലൂടെയാണ് പഴയനിയമ ജനത രക്ഷിക്കപ്പെട്ടത് (പുറ 12:21-28). പഴയനിയമ ജനതയെ സംബന്ധിച്ചിടത്തോളം പെസഹാ രക്ഷയുടെ അനുഭവത്തിലേക്കുള്ള ഒരു കടന്നുപോകലായിരുന്നു. ഇതുപോലെ നമ്മെ പാപത്തിന്‍റെ അടിമത്തത്തില്‍നിന്ന് രക്ഷയുടെ അനുഭവത്തിലേക്ക് കടത്തിക്കൊണ്ടുപോകാനാണ് പെസഹാക്കുഞ്ഞാടായ ഈശോ ബലിയര്‍പ്പിക്കപ്പെട്ടത്.

ഈശോയുടെ മഹത്ത്വീകരണം: ഈശോയുടെ മഹത്ത്വീകരണം ആരംഭിക്കുന്നതിന്‍റെ സൂചന അദ്ധ്യായത്തിന്‍റെ ആദ്യവാചകത്തില്‍ത്തന്നെ വ്യക്തമാക്കിയിരിക്കുന്നു: "ഈ ലോകം വിട്ട് പിതാവിന്‍റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാതിരുനാളിനുമുമ്പ് ഈശോ അറിഞ്ഞു" (13:1). 'പെസഹാ' എന്ന വാക്കിന്‍റെ അര്‍ത്ഥം 'കടന്നുപോകല്‍' എന്നാണ്. തന്‍റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഈശോ പിതാവിന്‍റെ പക്കലേക്ക് കടന്നുപോവുകയായിരുന്നു. ഈ 'കടന്നുപോകല്‍' പഴയനിയമ പശ്ചാത്തലത്തിലുള്ള പെസഹായോട് ബന്ധപ്പെടുത്തിയാണ് ഈശോ നടത്തിയത്. ഈശോ തന്‍റെ ജീവിതം നയിച്ചിരുന്നത് 'പെസഹാ' അഥവാ 'തന്‍റെ പിതാവിന്‍റെ പക്കലേക്കുള്ള കടന്നുപോകല്‍' മുന്നില്‍ കണ്ടുകൊണ്ടാണ്. തന്‍റെ ജീവിതാന്ത്യത്തോടടുത്തുകൊണ്ടിരുന്നപ്പോള്‍ പെസഹായെക്കുറിച്ചുള്ള അനുസ്മരണം ഈശോ തുടര്‍ച്ചയായി നടത്തുന്നതായി യോഹന്നാന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു: "യഹൂദരുടെ പെസഹാതിരുനാള്‍ അടുത്തിരുന്നു" (11:55); "ബഥനിയായിലേക്ക് പെസഹായ്ക്ക് ആറുദിവസം മുമ്പ് ഈശോ വന്നു" (12:1). ഈശോ ശിഷ്യരോടൊത്ത് പങ്കുവച്ചത് പെസഹാ ഭക്ഷണമായിരുന്നു. ഈശോ പല പ്രാവശ്യം ശിഷ്യരോടൊത്ത് ഭക്ഷിച്ചിട്ടുണ്ടാവാം. രണ്ടു പ്രാവശ്യമെങ്കിലും പെസഹാ ഭക്ഷണവും കഴിച്ചിട്ടുണ്ടാവാം. എന്നാല്‍, ശിഷ്യരോടുകൂടെ അവസാന പെസഹാ ഭക്ഷിക്കുവാന്‍ ഈശോ അത്യധികം ആഗ്രഹിച്ചു: "പീഡയനുഭവിക്കുന്നതിനു മുമ്പ് നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു" (ലൂക്കാ 22:15). തന്‍റെ മരണ ഉത്ഥാനങ്ങളിലൂടെയുള്ള ഈശോയുടെ കടന്നുപോകല്‍ യാഥാര്‍ത്ഥ്യമാകുന്നതും അതിന്‍റെ ഓര്‍മ്മയാചരിക്കുന്ന കൂദാശ സ്ഥാപിക്കുന്നതുമായ പെസഹാ ആയിരുന്നു അത്. തന്‍റെ കടന്നുപോകല്‍ പീഡാനുഭവമരണ ഉത്ഥാനങ്ങളിലൂടെയാണെന്നുമുള്ള അവബോധം ഈശോ യ്ക്ക് ഉണ്ടായിരുന്നു. സഹനത്തിലൂടെ മഹത്ത്വത്തിലേക്ക് കടക്കുന്ന ഒരു കടന്നുപോകലായതുകൊണ്ട് "മഹത്ത്വീകരണം" എന്ന് ഈ കടന്നുപോകലിനെ അവിടുന്നു വിശേഷിപ്പിക്കുന്നു: "പിതാവേ, സമയമായിരിക്കുന്നു. പുത്രന്‍ അവിടുത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങ് മഹത്ത്വപ്പെടുത്തണമേ" (യോഹ 17:1). പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമുള്ള ഈശോയുടെ ഈ കടന്നുപോകലിലൂടെയാണ് മനുഷ്യകുലത്തെ മുഴുവന്‍ പിതാവിന്‍റെ പക്കലേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ അവിടുത്തേക്ക് കഴിഞ്ഞത്:  "അന്ധകാരത്തി ന്‍റെ ആധിപത്യത്തില്‍ നിന്ന് അവിടുന്ന് നമ്മെ മോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്‍റെ രാജ്യത്തിലേക്ക് നമ്മെ ആനയിക്കുകയും ചെയ്തു" (കൊളോ 1:13). തന്‍റെ പെസഹാ രഹസ്യത്തില്‍ ഉള്‍ച്ചേര്‍ന്നു ജീവിക്കുന്നവരെ അവിടുന്നു തന്നോടൊപ്പം പിതാവിന്‍റെ സന്നിധിയിലേക്ക് ആനയിക്കും.

ഈശോയുടെ പീഡാനുഭവമരണോത്ഥാനങ്ങള്‍ ദൈവസ്നേഹത്തിന്‍റെ മൂര്‍ത്തഭാവമാണ് വെളിപ്പെടുത്തുന്നത്. സുവിശേഷകന്‍റെ അഭിപ്രായത്തില്‍ ദൈവത്തെ വെളിപ്പെടുത്തുക എന്നു പറഞ്ഞാല്‍ ലോകത്തോടുള്ള-മനുഷ്യകുലത്തോടുള്ള-ദൈവത്തിന്‍റെ സ്നേഹം വെളിപ്പെടുത്തുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈശോ ലോകത്തിലേക്കു വന്നത് ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹം വെളിപ്പെടുത്തുവാനാണ്. ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹസമ്മാനമായിരുന്നല്ലോ ഈശോമിശിഹാ: "തന്‍റെ ഏകജാതനെ നല്കുവാന്‍ തക്കവിധം  ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ 3:16). 'അടയാളങ്ങളുടെ പുസ്തക'ത്തില്‍ ദൈവത്തിന്‍റെ സ്നേഹം ലോകത്തെ അറിയിക്കാനായി പരിശ്രമിക്കുന്ന ഈശോയെയാണ് കാണുന്നത്. അതിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ ഈശോയ്ക്കു ലഭിച്ചു. "ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു" (13:1) എന്ന് വീണ്ടും വ്യക്തമാക്കിക്കൊണ്ടാണ് 'മഹത്ത്വത്തിന്‍റെ പുസ്തകം' വിവരണം ആരംഭിച്ചിരിക്കുന്നത്. 'അവസാനംവരെ' എന്നതിന് 'തേലോസ്' എന്ന വാക്കാണ് ഗ്രീക്കുമൂലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 'തേലോസ്' എന്ന വാക്കിന് 'അവസാനം' എന്നും 'പൂര്‍ണ്ണത' എന്നും അര്‍ത്ഥമുണ്ട്. തന്‍റെ ജീവിതാവസാനം വരെ സ്നേഹത്തിന്‍റെ ജീവിതമാണ് ഈശോ നയിച്ചത്. ഒരു നിമിഷംപോലും ഈശോ സ്നേഹമില്ലാതെ ജീവിച്ചിട്ടില്ല. അവിടുത്തെ വാക്കുകളും പ്രവൃത്തികളും അത്ഭുതങ്ങളുമെല്ലാം ദൈവത്തിന്‍റെ സ്നേഹം വെളിപ്പെടുത്തുന്നവയായിരുന്നു. അവിടുത്തെ പീഡാനുഭവവും മരണവും ഈ സ്നേഹത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നു.

'തേലോസ്' എന്ന വാക്കിന് 'പൂര്‍ണ്ണത' എന്നും അര്‍ത്ഥമുള്ളതുകൊണ്ട് ഈശോ 'പൂര്‍ണ്ണതയില്‍ സ്നേഹിച്ചു' എന്നും പറയാം. പൂര്‍ണ്ണതയില്‍ എന്നു പറയുമ്പോള്‍ അത് ഈശോയുടെ ദൈവസഹജമായ സ്നേഹത്തെയാണ് സൂചിപ്പിക്കുക. ദൈവം പരിപൂര്‍ണ്ണനാണ്: "നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍" (മത്താ 5:48). ഇവിടെ ദൈവത്തിന്‍റെ ക്ഷമിക്കുന്ന, കരുണയുള്ള, നിലയ്ക്കാത്ത, സ്നേഹത്തെയാണ് പരാമര്‍ശിക്കുന്നത് (മത്താ 5:44-48). തന്‍റെ ശത്രുക്കളോടുപോലും കുരിശില്‍ കിടന്നുകൊണ്ട് ക്ഷമിച്ച് സ്നേഹിക്കുന്ന ഈശോയെയാണ് നാം കാണുന്നത് (ലൂക്കാ 23:34). അതുപോലെ ഒരു വ്യക്തിക്ക് കൊടുക്കാവുന്ന പരമാവധിസ്നേഹവും ഈശോയില്‍  നാം കാണുന്നുണ്ട്: "ഒരു മനുഷ്യന്‍ തന്‍റെ സ്നേഹിതര്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല" (യോഹ 15:13). 'പാദം കഴുകല്‍' ഈശോയുടെ വരാന്‍ പോകുന്ന മരണത്തിന്‍റെ, ജീവന്‍ സമര്‍പ്പിച്ചു കൊണ്ടുള്ള സ്നേഹത്തിന്‍റെ, ഒരു അടയാളമായിരുന്നു. ആ വിധത്തില്‍ പൂര്‍ണ്ണതയുള്ള സ്നേഹമാണ് ഈശോ ശിഷ്യരില്‍നിന്നും പ്രതീക്ഷിക്കുന്നത് (13:14).

പാദം കഴുകല്‍: ശിഷ്യരുടെ പാദങ്ങള്‍ കഴുകുന്നതിനു മുമ്പ് തന്‍റെ കടന്നുപോകലിനെക്കുറിച്ചുള്ള അവബോധം ഈശോ വ്യക്തമായി പ്രകടമാക്കുന്നുണ്ട്: "താന്‍ ദൈവത്തില്‍നിന്നു വരികയും ദൈവത്തിലേക്കു പോവുകയും ചെയ്യുന്നുവെന്നും ഈശോ അറിഞ്ഞു" (13:3). സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും എളിമയുടെയും മാതൃക ശിഷ്യര്‍ക്കു കാണിച്ചുകൊടുക്കാനാണ് ഈശോ അവരുടെ പാദങ്ങള്‍ കഴുകിയത്: "നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. എന്തെന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്കിയിരിക്കുന്നു" (13:14-15). സുവിശേഷകന്‍റെ വീക്ഷണത്തില്‍ ഇതൊരു അടയാളവും കൂടെയാണ്. അതായത് വരാന്‍പോകുന്ന പീഡാനുഭവമരണോത്ഥാനങ്ങളെയും അതിലൂടെ പൂര്‍ത്തിയാകാന്‍ പോകുന്ന ദൈവത്തിന്‍റെ രക്ഷാകര്‍മ്മത്തെയും പ്രഖ്യാപിക്കുന്ന ഈശോയുടെ പ്രവചനപരമായ ഒരു പ്രവൃത്തിയാണ് പാദം കഴുകല്‍ ശുശ്രൂഷ. "അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ് മേലങ്കി മാറ്റി" (13:4) എന്നും,  "പാദങ്ങള്‍ കഴുകിയതിനുശേഷം അവന്‍ മേലങ്കി ധരിച്ചു" (13:12) എന്നും പറയുന്നത് ഈശോയുടെ മരണത്തെയും ഉത്ഥാനത്തെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നുണ്ട്. ശിമയോന്‍ പത്രോസുമായുള്ള സംഭാഷണത്തില്‍ (13:6-8) ഇത് വ്യക്തമാക്കുന്നുണ്ട്.

3:6-11, പത്രോസുമായുള്ള സംഭാഷണം: ഈശോ ശിഷ്യരുടെ പാദങ്ങള്‍ കഴുകുന്നതിന്‍റെ അര്‍ത്ഥം വ്യക്തമാക്കുന്നത് ശെമയോന്‍ പത്രോസുമായുള്ള സംഭാഷണത്തിലൂടെയാണ്. തന്‍റെ പാദങ്ങള്‍ കഴുകുന്നതില്‍നിന്നും പത്രോസ് ഈശോയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ അവസരത്തില്‍ തന്‍റെ ഈ പ്രവൃത്തിക്ക് ഒരു അര്‍ത്ഥമുണ്ടെന്നും ഇപ്പോള്‍ പത്രോസും മറ്റ് ശിഷ്യന്മാരും അതറിയുന്നില്ലെന്നും "പിന്നീട്" അറിയുമെന്നും ഈശോ പറയുന്നു (13:7). ഈശോയുടെ മരണോത്ഥാനങ്ങള്‍ക്കുശേഷം പരിശുദ്ധാത്മാവിനെ സ്വീകരിച്ചപ്പോഴാണ് ഇവയുടെ അര്‍ത്ഥം ശിഷ്യന്മാര്‍ ഗ്രഹിച്ചത്.

വരാനിരിക്കുന്ന മരണത്തെയാണ് പാദം കഴുകല്‍ അടയാളപ്പെടുത്തുന്നത്. പത്രോസ് ഈശോയുടെ പാദം കഴുകലിന് തടസ്സം പറയുമ്പോള്‍ ഈശോ പറയുന്ന വാക്കുകള്‍ ചിന്തനീയങ്ങളാണ്: "ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല" (13:8). 'പങ്ക്' എന്ന പദത്തിന് മൂലരൂപത്തില്‍ ഉപയോഗിച്ചിരിക്കുന്നത് 'മേറോസ്' എന്ന ഗ്രീക്കുപദമാണ്. പൈതൃകം, പിതൃസ്വത്ത് എന്നൊക്കെ അര്‍ത്ഥം വരുന്ന ഈ പദത്തിന്‍റെ ഹീബ്രുമൂലം 'ഹെല്ലെക്' എന്ന വാക്കാണ്. 'വാഗ്ദത്തഭൂമി', 'ഇസ്രായേലിന്‍റെ പിതൃസ്വത്ത്' തുടങ്ങിയ അര്‍ത്ഥത്തിലാണ് 'ഹെല്ലെക്' എന്ന പദം പഴയനിയമത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പഴയനിയമത്തിലെ വാഗ്ദത്തഭൂമി ദൈവരാജ്യത്തിന്‍റെ, നിത്യജീവന്‍റെ ഒരു പ്രതീകമാണ് (്യേുല). അതനുസരിച്ച്, 'ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് ദൈവരാജ്യത്തില്‍, നിത്യജീവനില്‍ പങ്കില്ല' എന്നാണ് പത്രോസിനോടുള്ള ഈശോയുടെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്. ഈശോ നല്കുന്ന സ്നേഹം സ്വീകരിക്കുവാന്‍ പത്രോസ് വിസമ്മതിക്കുന്നതിന്‍റെ കാരണങ്ങള്‍ പലതാകാം. ഈശോയോടുള്ള മാനുഷികമായ സ്നേഹവും ബഹുമാനവും മൂലമാകാം. അത്രമാത്രം എളിമപ്പെടാന്‍ ഈശോയെ അനുവദിക്കുന്നതിനുള്ള വൈമനസ്യം മൂലമാകാം. അല്ലെങ്കില്‍ ഈശോയുടെ വലിയ സ്നേഹം സ്വീകരിച്ചാല്‍ പ്രതിസ്നേഹം കൊടുക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുമെന്നുള്ള ഭയം കൊണ്ടുമാകാം. പാദം കഴുകല്‍ പ്രതീകാത്മകമായി ഈശോയുടെ മരണത്തെ സൂചിപ്പിക്കുന്നതുകൊണ്ട് അവിടുത്തെ പീഡാനുഭവത്തോടും മരണത്തോടുമുള്ള പത്രോസിന്‍റെ പ്രതികരണമായും ഇത് മനസ്സിലാക്കാം. സ്വയം ശൂന്യമാക്കി കുരിശില്‍ മരിക്കാന്‍ പോകുന്നതിന്‍റെ അടയാളമെന്നോണം പാദം കഴുകിയ ഈശോയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ അവിടുത്തെ മരണത്തെയാണ് പത്രോസ്ശ്ലീഹാ ഒഴിവാക്കാന്‍ നോക്കുന്നത്. സമാന്തരസുവിശേഷങ്ങളില്‍ ഈശോ തന്‍റെ ജറുസലേമിലേക്കുള്ള യാത്രയെക്കുറിച്ചും പീഡാനുഭവത്തെക്കുറിച്ചും പ്രവചിച്ച സന്ദര്‍ഭത്തില്‍ പത്രോസ്ശ്ലീഹാ പ്രകടിപ്പിച്ച പ്രതിഷേധത്തിന്‍റെ യോഹന്നാനിക രൂപമാണ് ഈ പാദം കഴുകല്‍ സന്ദര്‍ഭത്തില്‍ കാണാനാവുക. തന്‍റെ പീഡാനുഭവത്തെപ്പറ്റി ഈശോ തുറന്നു പറഞ്ഞപ്പോള്‍, "പത്രോസ് അവനെ മാറ്റി നിര്‍ത്തിക്കൊണ്ട് തടസ്സം പറയാന്‍ തുടങ്ങി" (മര്‍ക്കോ 8:32). ആ സന്ദര്‍ഭത്തില്‍ ഈശോ പത്രോസിനെ ശാസിക്കുകയും സ്വന്തം കുരിശെടുത്ത് തന്നെ അനുഗമിക്കുവാന്‍ ശിഷ്യന്മാരെയെല്ലാം ആഹ്വാനം ചെയ്യുകയും ചെയ്തു (മര്‍ക്കോ 8:33-34). അതുപോലെ ഇവിടെയും പാദം കഴുകാന്‍ തന്നെ അനുവദിക്കണമെന്നും താന്‍ അവരുടെ പാദങ്ങള്‍ കഴുകിയതുപോലെ അവരും പരസ്പരം പാദങ്ങള്‍ കഴുകണമെന്നും ഈശോ ശിഷ്യരെ പഠിപ്പിക്കുകയാണ് (വാക്യം 14). സഹനത്തോടുള്ള മനുഷ്യസഹജമായ വിയോജിപ്പിനെ അതിജീവിച്ച് സഹനദാസനായി മാറുന്ന നിത്യപുരോഹിതനായ ഈശോയെയാണ് ഇവിടെ നാം ദര്‍ശിക്കുക. തന്നെ അനുഗമിച്ച ശിഷ്യന്മാരെ ഈശോ ആവര്‍ത്തിച്ച് പഠിപ്പിക്കുന്നതും തന്‍റെ സഹനദാസനടുത്ത വ്യക്തിത്വത്തെക്കുറിച്ചാണ് (മര്‍ക്കോ 8:31-38; 9,30-32; 10,32-34). ഈശോ ഇവിടെ പത്രോസിനെ അനുസ്മരിപ്പിക്കുന്നത് തന്‍റെ സ്വയാര്‍പ്പണത്തിലൂടെ പത്രോസിന് കരഗതമാകാനിരിക്കുന്ന നിത്യജീവനെക്കുറിച്ചാണ്. മരണത്തിലൂടെ സ്വയം ബലിയായി അര്‍പ്പിക്കുവാന്‍ തന്നെ അനുവദിക്കുന്നില്ലെങ്കില്‍ നിത്യജീവന്‍ ലഭിക്കുകയില്ല എന്ന് ഈശോ പത്രോസിനെ ഓര്‍മ്മിപ്പിക്കുകയാണ്. അതുകൊണ്ട് പാദം കഴുകല്‍ ഈശോയുടെ ബലിയര്‍പ്പണത്തെ സൂചിപ്പിക്കുന്നു. അവിടുത്തെ ശുശ്രൂഷാജീവിതമാണ് മാനവരക്ഷയ്ക്കായുള്ള അവിടുത്തെ ബലിയര്‍പ്പണം: "മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ" (മര്‍ക്കോ 10:45).

'പാദങ്ങള്‍ മാത്രമല്ല കരങ്ങളും ശിരസ്സുംകൂടി കഴുകണമേ' എന്നര്‍ത്ഥിച്ച പത്രോസ്ശ്ലീഹായ്ക്കു മറുപടിയായി, "കുളി കഴിഞ്ഞവന്‍റെ കാലുകള്‍ മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുചിയായിരിക്കും" എന്ന് ഈശോ പറയുന്നുണ്ട്. (13:10). സാമൂഹ്യപശ്ചാത്തലം ഇവിടെ പ്രതിഫലിക്കുന്നുണ്ട്. ദൂരെ നിന്നു യാത്ര ചെയ്തുവന്ന അതിഥിയെ കുളിക്കാന്‍ കുളിമുറിയിലേക്ക് ദാസന്‍ നയിക്കുക പതിവായിരുന്നു. അടുത്തുനിന്നു വരുന്നവരുടെ ചെരിപ്പ് അഴിച്ചുകൊടുക്കുകയും പാദം കഴുകുകയും ചെയ്യുമായിരുന്നു. കുളി കഴിഞ്ഞാല്‍ പിന്നെ പാദങ്ങള്‍ കഴുകേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ കുളികഴിഞ്ഞവന്‍ പാദങ്ങള്‍ കഴുകണം എന്നു പറയുന്നത് പ്രതീകാത്മകാര്‍ത്ഥത്തിലാണ്. 'പാദം കഴുകല്‍' ഈശോയുടെ മരണത്തെയും മരണത്തില്‍ പ്രകടമാകുന്ന പൂര്‍ണ്ണതയിലുള്ള അവിടുത്തെ സ്നേഹത്തെയുമാണല്ലോ സൂചിപ്പിക്കുന്നത്. 'കുളി' സാധാരണഗതിയിലുള്ള സ്നേഹത്തെയാണ് സൂചിപ്പിക്കുന്നത് എന്നു പറയാം. ഈശോയുടെ ശിഷ്യന്മാര്‍ പൊതുവേ നല്ലവരായിരുന്നു. സാമാന്യം നല്ലവണ്ണം സ്നേഹിക്കുന്നവരുമായിരുന്നു. യൂദാസ്സ്കറിയോത്താ മാത്രമേ അതിന് അപവാദമായിരുന്നുള്ളു. 'നിങ്ങള്‍ ശുദ്ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല' (13:11) എന്ന് ഈശോ പറയുന്നത് അതുകൊണ്ടാണ്. വിശ്വസിക്കാതെ ഈശോയോടൊപ്പം നടന്നിരുന്ന ഒരു വ്യക്തിയായതിനാലാണ് യൂദാസ് ശുദ്ധിയില്ലാത്തവനായത്. ഇതിന് സൂചന നമുക്കു ലഭിക്കുന്നുണ്ട്. ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള തന്‍റെ പ്രഭാഷണത്തിന് ശിഷ്യരില്‍ പലരും നിഷേധാത്മകമായി പ്രതികരിച്ചപ്പോള്‍ ഈശോ ഇങ്ങനെ പറഞ്ഞു: "എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും, തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യംമുതലേ അവന്‍ അറിഞ്ഞിരുന്നു" (യോഹ 6:64).

ഈശോയുടെ ജീവിതബലിയര്‍പ്പണം: സ്വയംശൂന്യമാക്കി ദാസന്‍റെ രൂപംധരിക്കുന്ന പ്രവൃത്തിയാണ് പാദം കഴുകല്‍. ഗുരു ശിഷ്യരുടെ പാദങ്ങള്‍ കഴുകുന്നു. "തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച്....കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി"(ഫിലി 2:7-8) യതിന്‍റെ അടയാളം. ഈശോയുടെ ഈ സ്വയംശൂന്യമാക്കലിന്‍റെ അത്യുച്ചിയാണ് കുരിശിലെ മരണത്തില്‍ സംഭവിച്ചത്. പിതാവിന്‍റെ ഹിതത്തിന് വിധേയപ്പെട്ടുകൊണ്ടുള്ള ഈശോയുടെ ജീവിതത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നു അവിടുത്തെ മരണം. "ഇതെന്‍റെ ശരീരമാകുന്നു" എന്ന് ഈശോ പറഞ്ഞപ്പോള്‍ ഈ ജീവിതബലിയര്‍പ്പണമായിരുന്നു അവിടുന്ന് അര്‍ത്ഥമാക്കിയത്. "ഇതിനാല്‍ അവന്‍ ലോകത്തേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍ അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു.... ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഞാന്‍ വന്നിരിക്കുന്നു" (ഹെബ്രാ 10:5-7). മനുഷ്യാവതാരം മുതല്‍ മരണം വരെയുള്ള അവിടുത്തെ അനുസരണാജീവിതമായിരുന്നു ഈശോയുടെ ശരീരരക്തങ്ങളാകുന്ന ബലിയര്‍പ്പണം. കുര്‍ബാനയില്‍ സ്ഥാപനവിവരണത്തിനുമുമ്പ് ചൊല്ലുന്ന 3-ാം ഗ്ഹാന്താ പ്രാര്‍ത്ഥന ഇതാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്.

Gospel of John 13: 1-20 Jesus washes the disciples' feet catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message