x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം, 1:19-12:50 അടയാളങ്ങളുടെ പുസ്തകം

Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021

ആദ്യഭാഗം (1:19-12:50) അടയാളങ്ങളുടെ പുസ്തകം എന്നറിയപ്പെടുന്നു. ഈശോയുടെ പരസ്യജീവിതമാണ് ഇവിടുത്തെ പ്രതിപാദ്യവിഷയം. അവിടുത്തെ വാക്കുകളും പ്രവൃത്തികളും അദൃശ്യനായ ദൈവത്തെ ദൃശ്യമാക്കുന്നതായിരുന്നു. തന്‍റെ സുവിശേഷത്തില്‍ ഏഴ് അടയാളങ്ങളാണ് (അത്ഭുതങ്ങളാണ്) യോഹന്നാന്‍ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രതീകാത്മകമായ ഒരു അവതരണമാണ്. ഏഴ് പൂര്‍ണ്ണതയുടെ സംഖ്യയാണ്. ഈശോ പൂര്‍ണ്ണതയില്‍ പിതാവിനെ വെളിപ്പെടുത്തി എന്നതാണ് ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. വെളിപാടിന്‍റെ പൂര്‍ണ്ണത ഈശോയിലാണ്. യോഹന്നാന്‍ ഈശോയുടെ അത്ഭുതങ്ങളെ അടയാളങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അത്ഭുതങ്ങള്‍ ദൈവത്തിന്‍റെ ശക്തിയുടെ പ്രകടനങ്ങള്‍ എന്നതിലുപരി അത് ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനങ്ങളുടെ പ്രതിഫലനങ്ങളാണ് എന്നു സൂചിപ്പിക്കുവാന്‍ 'അത്ഭുതങ്ങള്‍' എന്നര്‍ത്ഥം വരുന്ന ഗ്രീക്കു വാക്കിനു പകരം 'അടയാളങ്ങള്‍' എന്നര്‍ത്ഥം വരുന്ന വാക്കാണ് യോഹന്നാന്‍ശ്ലീഹാ ഉപയോഗിച്ചിരിക്കുന്നത്. അത്ഭുതങ്ങളുടെ പിന്നാലെ പരക്കംപായുന്നതിനു പകരം അടയാളങ്ങളിലൂടെ വെളിവാകുന്ന ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നതിലേക്ക് ദൈവജനത്തിന്‍റെ വിശ്വാസം വളരേണ്ടിയിരിക്കുന്നുവെന്ന് ഈശോ പഠിപ്പിക്കുന്നുണ്ട്. അപ്പം വര്‍ദ്ധിപ്പിച്ച സംഭവത്തോടനുബന്ധിച്ച് ഈശോ ജനത്തെ ശാസിക്കുന്നത് അടയാളങ്ങളുടെ മൂല്യം കാണാതെ അവര്‍ അത്ഭുതങ്ങളുടെ പിന്നാലെ ഓടിയതിനാലാണ് (6:26). യോഹന്നാന്‍റെ സുവിശേഷത്തില്‍ അത്ഭുതങ്ങളെ ഈശോ വിശേഷിപ്പിക്കുന്നത് 'പ്രവൃത്തികള്‍' എന്നാണ്. ഈശോയുടെ അത്ഭുതങ്ങളോരോന്നും ദൈവം തന്‍റെ പുത്രനിലൂടെ പൂര്‍ത്തിയാക്കുന്ന രക്ഷയുടെ വിവിധ വശങ്ങള്‍ പ്രകടമാക്കുന്നു.

ഈശോയുടെ വെളിപ്പെടുത്തലിന് ലഭിച്ച അനുകൂലവും പ്രതികൂലവുമായ പ്രത്യുത്തരങ്ങളാണ് അടയാളങ്ങളുടെ പുസ്തകത്തിന്‍റെ മറ്റൊരു പ്രതിപാദ്യവിഷയം. ആദ്യത്തെ നാല് അദ്ധ്യായങ്ങള്‍ അനുകൂലമായ പ്രത്യുത്തരം അവതരിപ്പിക്കുന്നു. ആദ്യശിഷ്യന്മാര്‍ നല്കുന്ന അനുകൂലമായ പ്രതികരണം ഒന്നാമത്തെ അദ്ധ്യായത്തില്‍ കൊടുത്തിരിക്കുന്നു. കാനായിലെ അടയാളത്തിന്‍റെ പശ്ചാത്തലത്തില്‍ ഈശോയില്‍ വിശ്വസിച്ച ശിഷ്യന്മാരെയും (2:11) ജറുസലെമിലായിരിക്കുമ്പോള്‍ പെസഹാത്തിരുനാളിന് പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് വിശ്വസിച്ച വളരെപ്പേരെയും (2:23) അടുത്ത അദ്ധ്യായത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. യഹൂദരുടെ പ്രതിനിധിയായി നിക്കൊദേമോസിന്‍റെ ഭാഗത്തുനിന്നുമുണ്ടായ അനുകൂലമായ പ്രത്യുത്തരമാണ് മൂന്നാമത്തെ അദ്ധ്യായത്തിലുള്ളത്. വിജാതിയരില്‍നിന്നുമുള്ള അനുകൂലമായ പ്രത്യുത്തരം സമറിയാക്കാരുടെയും രാജസേവകന്‍റെയും കുടുംബത്തിന്‍റെയും വിശ്വാസത്തിലൂടെ നാലാം അദ്ധ്യായത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. അഞ്ചു മുതല്‍ പത്തു വരെയുള്ള അദ്ധ്യായങ്ങളില്‍ സ്വന്തജനമായ യഹൂദരില്‍നിന്നും ഈശോയ്ക്ക് ലഭിച്ച പ്രതികൂലമായ പ്രത്യുത്തരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആമുഖത്തില്‍ പറഞ്ഞവയുടെ പൂര്‍ത്തീകരണമാണ് ഇവിടെ കാണുന്നത് (1:11-12). ഈശോയുടെ മഹത്ത്വീകരണത്തിനുള്ള ഒരുക്കമാണ് 11,12 അദ്ധ്യായങ്ങള്‍. ലാസറിനെ ഉയിര്‍പ്പിക്കുന്ന സംഭവമാണ് ഈശോയുടെ പീഡാസഹനമരണോത്ഥാനങ്ങള്‍ക്ക് പെട്ടെന്നുള്ള കാരണമായത്.

പുനഃസ്ഥാപന പ്രമേയം (മാറ്റിസ്ഥാപിക്കല്‍)

'പുനഃസ്ഥാപനം' (മാറ്റിസ്ഥാപിക്കല്‍) അടയാളങ്ങളുടെ പുസ്തകത്തിലെ മറ്റൊരു പ്രമേയമാണ്. പഴയനിയമത്തിലെ യഹൂദയാഥാര്‍ത്ഥ്യങ്ങള്‍ പുതിയനിയമത്തില്‍ ക്രൈസ്തവയാഥാര്‍ത്ഥ്യങ്ങള്‍ക്ക് വഴിമാറുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ആമുഖത്തില്‍ അത് വ്യക്തമാക്കുന്നുണ്ട്. നിയമത്തിന്‍റെ സ്ഥാനത്ത് കൃപയും സത്യവും കടന്നുവരുന്നു, മോശയുടെ സ്ഥാനത്ത് ഈശോയും,"എന്തുകൊണ്ടെന്നാല്‍ നിയമം മോശ വഴി നല്കപ്പെട്ടു. കൃപയും സത്യവുമാകട്ടെ ഈശോമിശിഹാവഴിയുണ്ടായി" (1:17). പഴയനിയമ ദൈവജനത്തിന്‍റെ ജീവിതത്തിന് ആധാരമായിത്തീര്‍ന്നത് മോശ വഴി നല്കപ്പെട്ട നിയമമായിരുന്നെങ്കില്‍ പുതിയനിയമദൈവജനത്തിന്‍റെ ജീവനാധാരമായിത്തീര്‍ന്നത് ഈശോമിശിഹായിലൂടെ വെളിപ്പെടുത്തപ്പെട്ട കൃപയും സത്യവുമാണ്.

Gospel of John 1: 19-12: 50 Book of Signs catholic malayalam bible st. john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message