x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം:1-12 കാനായിലെ വിവാഹവിരുന്ന്

Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021

എല്ലാ അത്ഭുതങ്ങളും അടയാളങ്ങളാണ്. എല്ലാ അടയാളങ്ങളും ഈശോയുടെ മഹത്ത്വീകരണത്തിന്‍റെ പ്രകാശനങ്ങളുമാണ്. ഈശോയുടെ പ്രവര്‍ത്തനങ്ങളെല്ലാം മഹത്ത്വീകരണത്തെ ലക്ഷ്യംവച്ചുള്ളതാണന്ന് യോഹന്നാന്‍ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്‍റെ രക്ഷാകരമായ സാന്നിദ്ധ്യമാണ് ഈശോയുടെ പ്രവര്‍ത്തനത്തില്‍ അനുഭവവേദ്യമാകുന്നത്.

കാനായില്‍ വിവാഹവിരുന്നില്‍വച്ച് വെള്ളം വീഞ്ഞാക്കിയ അത്ഭുതം പരിശുദ്ധ കന്യകാമറിയത്തിന്‍റെ മദ്ധ്യസ്ഥതയുടെ ശക്തി വെളിപ്പെടുത്തുന്ന ഒരത്ഭുതമായിട്ടാണ് പലരും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, കാനായിലെ സംഭവത്തിന് മരിയോളജിക്കലായും കൗദാശികദൈവശാസ്ത്രതലത്തിലുമൊക്കെ (വിവാഹമെന്ന കൂദാശ) സാംഗത്യമുണ്ടെങ്കിലും മിശിഹാവിജ്ഞാനീയപരമായ അര്‍ത്ഥമാണ് അടിസ്ഥാനപരം. അതായത്, ഈ അത്ഭുതവും മിശിഹാകേന്ദ്രീകൃതമാണ്. അത് സുവിശേഷകന്‍ വ്യക്തമാക്കുന്നുമുണ്ട്. തന്‍റെ മഹത്ത്വം വെളിപ്പെടുത്തുവാന്‍ ഈശോ പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് കാനായിലെ അത്ഭുതമെന്ന് അദ്ദേഹം വ്യക്തമായി പറയുന്നു. അത്ഭുതങ്ങളിലൂടെ പ്രകടമാക്കുവാന്‍ തുടങ്ങിയ തന്‍റെ മഹത്ത്വം ഈശോ പൂര്‍ത്തിയാക്കിയത് പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണ്.

അടയാളങ്ങളുടെ ആരംഭം: കാനായില്‍ വിവാഹവിരുന്നില്‍വച്ച് വെള്ളം വീഞ്ഞാക്കിയ അടയാളം മിശിഹാ കേന്ദ്രീകൃതമാണ്. വീഞ്ഞു തീര്‍ന്നുപോയി എന്ന് ഈശോയെ അറിയിക്കുന്നത് പരി. അമ്മയാണ്. തദവസരത്തില്‍ ഈശോയും മറിയവും തമ്മില്‍ നടത്തുന്ന സംഭാഷണത്തിലൂടെ ഈ അത്ഭുതത്തിന്‍റെ അര്‍ത്ഥമെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. "അവര്‍ക്കു വീഞ്ഞില്ല" (2:3) എന്ന് മറിയം ചൂണ്ടിക്കാണിച്ചപ്പോള്‍ "സ്ത്രീയേ, എനിക്കും നിനക്കും എന്ത്?" എന്ന ഒരു ചോദ്യമാണ് ഈശോയുടെ ഭാഗത്തുനിന്നുമുണ്ടായത്. ഇത് പലവിധത്തില്‍ വ്യാഖ്യാതാക്കള്‍ വിവര്‍ത്തനം ചെയ്യുന്നുണ്ട്. ഏറ്റം അര്‍ത്ഥവത്തായ വിധത്തില്‍ വ്യാഖ്യാനം ചെയ്യുമ്പോള്‍ "സ്ത്രീയേ, എനിക്കും നിനക്കും ഇതെന്ത്?" (2:4) എന്നായിരിക്കണം ഇതിന്‍റെ വിവര്‍ത്തനം. ഇതിന് മൂന്ന് അര്‍ത്ഥതലങ്ങള്‍ കണ്ടെത്താം. 1. മറിയത്തിന്‍റെ അപേക്ഷയെ നിരസിക്കുന്നു - അനുഗ്രഹം നല്കാനുള്ള വിമുഖത. 2. ഇടപെടലിലുള്ള ശാസനം. 3. ഇടപെടലിന്‍റെ സാംഗത്യത്തെക്കുറിച്ചുള്ള ചോദ്യം. എന്നാല്‍, മറ്റുള്ളവരെ എപ്പോഴും സഹായിക്കുന്ന, അവരുടെ ആവശ്യങ്ങള്‍ക്കു മുമ്പില്‍ നിഷ്ക്രിയനാവാത്ത ഈശോയുടെ ഭാഗത്തുനിന്നും ആദ്യത്തെ രണ്ടു പ്രതികരണങ്ങളും ഒരിക്കലും ഉണ്ടാകുകയില്ല. അതുകൊണ്ടുതന്നെ, താന്‍ ചെയ്യാന്‍ പോകുന്ന അടയാളത്തിന്‍റെ പ്രാധാന്യത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ് ഈശോ ഇങ്ങനെയൊരു ചോദ്യമുന്നയിച്ചത്. എല്ലാവരും ആദ്യ അത്ഭുതത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കണമെന്ന് ഈശോയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍വേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളെ പ്പോലെയാകാന്‍ ഈശോ ശ്രമിച്ചിരുന്നില്ല. "എനിക്കും നിനക്കും ഇതെന്ത്?" എന്ന ചോദ്യത്തിന്‍റെ വ്യംഗ്യം 'നമുക്കു രണ്ടുപേര്‍ക്കും രക്ഷയില്‍ പങ്കുണ്ട്' എന്നതാണ്.

"എന്‍റെ സമയം ഇനിയും ആയിട്ടില്ല" എന്നാണ് ഈശോ തുടര്‍ന്ന് പറയുന്നത്. 'സമയം' എന്നതിന് ഗ്രീക്കുഭാഷയില്‍ കലണ്ടര്‍സമയത്തെ, കാലാനുക്രമമായ സമയത്തെ, സൂചിപ്പിക്കുന്ന 'ക്രോണോസ്' എന്ന പദമല്ല, മറിച്ച്, 'കയ്റോസ്' എന്ന പദമാണ് സുവിശേഷകന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ലോകത്തിന്‍റെ സമയമല്ല, ദൈവത്തിന്‍റെ സമയമാണ്; മഹത്ത്വീകരണത്തിന്‍റെ സമയമാണ്; കുരിശില്‍ പൂര്‍ത്തിയാകുന്ന രക്ഷാകരകര്‍മ്മത്തിന്‍റെ പരമകാഷ്ഠയാണ്. "പിതാവേ, സമയമായിരിക്കുന്നു. പുത്രന്‍ അവിടുത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങ് മഹത്ത്വപ്പെടുത്തേണമേ" (യോഹ 17:1) എന്നാണ് തന്‍റെ പീഡാനുഭവത്തിന്‍റെ മുന്നോടിയായി ഈശോ പ്രാര്‍ത്ഥിച്ചത്. ഇതുമായി ബന്ധപ്പെട്ടുമാത്രമേ ആദ്യത്തെ അടയാളത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയൂ എന്ന് ഈശോ ഈ വാക്കുകളിലൂടെ ഓര്‍മ്മിപ്പിക്കുകയാണ്. മറിയത്തിന് ഈശോയുടെ രക്ഷാകര്‍മ്മത്തിലുള്ള ഭാഗഭാഗിത്വമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഈശോയുടെ രക്ഷാകരപ്രവര്‍ത്തനങ്ങളില്‍ അവിടുത്തോടുചേര്‍ന്ന് സഹകരിച്ചവളാണ് മറിയം. കാല്‍വരിയില്‍ പൂര്‍ത്തിയാകേണ്ട രക്ഷണീയകര്‍മ്മങ്ങളുടെ ആരംഭമാണ് കാനായില്‍ സംഭവിച്ചത്. അതിനാല്‍ ഈ അടയാളം ഈശോയ്ക്കും മറിയത്തിനും പ്രാധാന്യമുള്ളതാണ്.

മറിയം: രണ്ടാം ഹവ്വ: ഈശോ  മറിയത്തെ "സ്ത്രീയേ" എന്നാണ് അഭിസംബോധന ചെയ്യുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ളതും തെറ്റായ വ്യാഖ്യാനത്തിന് വഴിതെളിച്ചിട്ടുള്ളതുമാണ് ഈ സംബോധന. എന്നാല്‍ ഇത് ഈശോയുടെ അടയാളങ്ങളുടെ ആരംഭമായ ഈ അത്ഭുതത്തിന്‍റെ പ്രാധാന്യം വെളിവാക്കുന്നു. ഈശോ തന്‍റെ അമ്മയെ "സ്ത്രീ" എന്ന് സംബോധന ചെയ്യുന്നത് രണ്ടു സ്ഥലങ്ങളില്‍ മാത്രമാണ്-തന്‍റെ മഹത്ത്വം വെളിപ്പെടുത്തുന്ന ആദ്യത്തെ അടയാളമായ കാനായിലും മഹത്ത്വീകരണത്തിന്‍റെ പൂര്‍ത്തീകരണവേളയായ കാല്‍വരിയിലും . ആദിമാതാവായ ഹവ്വാ മനുഷ്യനെ മരണത്തിലേക്ക് നയിച്ചു. 'രണ്ടാം ഹവ്വാ'യെന്ന് സഭാപിതാക്കന്മാര്‍ വിശേഷിപ്പിക്കുന്ന ദൈവമാതാവായ മറിയം മനുഷ്യവര്‍ഗ്ഗത്തിന് ജീവന്‍റെ മാതാവായി. മനുഷ്യപാപത്തിന് ആദ്യത്തെ ഹവ്വാ ആദ്യത്തെ ആദത്തോട് സഹകരിച്ചതുപോലെ മനുഷ്യന് ജീവന്‍ നല്കുന്നതില്‍ രണ്ടാം ഹവ്വായാകുന്ന മറിയം രണ്ടാം ആദമാകുന്ന ഈശോയോട് സഹകരിക്കുന്നു. പീഡാനുഭവമരണോത്ഥാനങ്ങളിലൂടെ രക്ഷാകരപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ഈശോ കാല്‍വരിയിലെ കുരിശിന്‍ ചുവട്ടിലും മറിയത്തെ 'സ്ത്രീയേ' എന്ന് സംബോധന ചെയ്യുന്നത് ലോകത്തിനുമുഴുവന്‍ 'അമ്മ'യായി, മാതൃകയായി മറിയത്തെ നല്കുന്ന നിമിഷത്തിലാണ് (19:25-27). കാനായില്‍ തുടങ്ങി കാല്‍വരിവരെ നീണ്ട രക്ഷണീയകര്‍മ്മങ്ങളുടെ യാത്രയില്‍ മറിയവും ഈശോയെ അടുത്തനുഗമിച്ചു. ആദ്യപാപവും അതിലൂടെ മരണവും ലോകത്തില്‍ ആവിര്‍ഭവിക്കുവാന്‍ ആദത്തോടൊപ്പം ഹവ്വായും കാരണമായി. പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാനായിവന്ന രണ്ടാമാദമായ ഈശോയോടൊപ്പം അവിടുത്തെ അമ്മയുടെ സഹകരണവുമുണ്ടായിരുന്നു.

'രണ്ടാം ഹവ്വാ' എന്ന നിലയിലുള്ള മറിയത്തിന്‍റെ സ്ഥാനം, ഉല്പത്തി പുസ്തകം 3-ാം അദ്ധ്യായത്തിലെയും വെളിപാടുപുസ്തകം 12-ാം അദ്ധ്യായത്തിലെയും സ്ത്രീകളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സര്‍പ്പവും സ്ത്രീയും തമ്മിലുള്ള ശത്രുത ഉല്പത്തി പുസ്തകം അവതരിപ്പിക്കുന്നുവെങ്കില്‍ (3:15) സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങുവാന്‍ കാത്തുനില്ക്കുന്ന സര്‍പ്പത്തിന്‍റെ ആക്രമണത്തെ അതിജീവിക്കുന്ന കുഞ്ഞിനെയും അതേത്തുടര്‍ന്ന് സ്ത്രീ മരുഭൂമിയിലേക്കോടുകയും സര്‍പ്പത്തിന്‍റെ തുടര്‍ന്നുള്ള ആക്രമണത്തിനിരയാവുകയും അതില്‍നിന്നും ദൈവം അവളെ സംരക്ഷിക്കുകയും ചെയ്യുന്നസംഭവവുമാണ് വെളിപാടുപുസ്തകം അവതരിപ്പിക്കുന്നത് (12:1-18). ഉല്പത്തി പുസ്തകം ആദ്യത്തെ ഹവ്വാ പ്രതിനിധീകരിക്കുന്ന മനുഷ്യകുലത്തെ ചിത്രീകരിക്കുന്നെങ്കില്‍ വെളിപാടുപുസ്തകം രണ്ടാം ഹവ്വായായ മറിയത്തെ യും അവള്‍ പ്രതിനിധീകരിക്കുന്ന സഭയെയുമാണ് ചിത്രീകരിക്കുന്നത്.

ശിഷ്യത്വത്തിലുള്ള വളര്‍ച്ച (2:11): ഈശോ തന്‍റെ മഹത്ത്വം വെളിപ്പെടുത്തുന്നതിന് പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് കാനായിലെ അത്ഭുതം എന്നു പറഞ്ഞിട്ട്, "അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു" എന്നു കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഈശോയുടെ മഹത്ത്വം കണ്ടനുഭവിച്ചതിന്‍റെ ഫലമായി ശിഷ്യത്വത്തിലുണ്ടാകുന്ന വളര്‍ച്ചയെയാണ് സൂചിപ്പിക്കുക. ആദ്യശിഷ്യരുടെ വിളി അവതരിപ്പിക്കുന്ന വാക്യങ്ങളില്‍ (യോഹ 1:35-51) കാണുന്ന ശിഷ്യത്വത്തിന്‍റെ പൂര്‍ത്തീകരണമാണ് ഇവിടെ നടക്കുക. തന്നെ അനുഗമിച്ച ശിഷ്യര്‍ക്ക് ഈശോ നല്കിയ വാഗ്ദാനം ഇവിടെ നിറവേറുകയാണ്. "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്‍റെമേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും" (1:51). മനുഷ്യപുത്രനായ ഈശോയോടൊത്തു ജീവിച്ച ശിഷ്യന്മാര്‍ക്ക് ഈശോയുടെ മഹത്ത്വം കൂടുതല്‍ ദര്‍ശിക്കുവാനും അതിന്‍റെ ഫലമായി ഈശോയിലുള്ള വിശ്വാസത്തില്‍ വളര്‍ന്ന് തങ്ങളുടെ ശിഷ്യത്വത്തെ പൂര്‍ത്തീകരിക്കുവാനും സാധിച്ചു.

വിചിന്തനം: മനുഷ്യകുലത്തിന്‍റെ രക്ഷയില്‍ ഈശോയോട് സഹകരിച്ചവളെന്ന നിലയില്‍ നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ അതുല്യമായ സ്ഥാനമാണ് മറിയത്തിനുള്ളത്. മറിയം പ്രതിനിധീകരിക്കുന്ന സഭയ്ക്കും ക്രിസ്തീയ ജീവിതത്തില്‍ അതുപോലെതന്നെ അതുല്യമായ സ്ഥാനമാണുള്ളത്. പരി. കന്യകാമറിയത്തെക്കൂടാതെ ഒരു യഥാര്‍ത്ഥ ക്രൈസ്തവജീവിതമില്ല. അതുപോലെതന്നെ സഭാത്മകമല്ലാത്ത ഒരു ക്രൈസ്തവജീവിതവുമില്ല. പരി. മാതാവിനോടുള്ള ഭക്തിയും സഭാത്മകജീവിതവും ക്രൈസ്തവജീവിതത്തിന്‍റെ അവശ്യഘടകങ്ങളാണ്.

ഇന്ന് ഈശോയോടൊത്ത് ജീവിക്കാന്‍ നമുക്കു കഴിയുന്നത് സഭയിലൂടെയാണ്. സഭ മിശിഹായുടെ ശരീരമാണല്ലോ. അരൂപിയായ മിശിഹായെ ഇന്ന് നമുക്കു കാണാനും കേള്‍ക്കാനും അനുഭവിക്കാനും സാധിക്കുന്നത് സഭയിലൂടെയാണ്. അതുകൊണ്ട് സഭയുടെ വചനശുശ്രൂഷയിലും അപ്പംമുറിയ്ക്കല്‍ ശുശ്രൂഷയിലും കൂട്ടായ്മാജീവിതത്തിലും പ്രാര്‍ത്ഥനയിലുമൊക്കെ സജീവമായി പങ്കുചേര്‍ന്നുകൊണ്ടാണ് ഇന്ന് നമുക്ക് ഈശോയോടൊത്ത് ജീവിക്കുവാനും ഈശോയുടെ മഹത്ത്വം ദര്‍ശിക്കുവാനും അവിടുത്തെ ശിഷ്യത്വത്തില്‍ വളരാനും സാധിക്കുന്നത്.

Gospel of John: 1-12 The wedding feast at Cana catholic malayalam bible st john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message