We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
യൂദാസ് പന്ത്രണ്ടു പേരിലൊരുവനായിരുന്നുവെന്ന് സമാന്തരസുവിശേഷകര്‍ പലകുറി ആവര്‍ത്തിക്കുന്നുണ്ട് (വാ. 43). വായനക്കാരന് അറിയാവുന്ന ഇക്കാര്യം ആവര്‍ത്തിക്കുന്നത് യൂദാസിന്‍റെ വഞ്ചനയുടെ കാഠിന്യം വ്യക്തമാക്കുന്നതിനാണ്. യേശുവിന്‍റെ ഏറ്റവും അടുത്ത ശിഷ്യരില്‍ ഒരുവന്‍ തന്നെയാണ് അവിടുത്തോട് ഏറ്റവും കടുത്ത അവിശ്വസ്തത കാട്ടിയത്. സാന്‍ഹെദ്രിന്‍റെ അനുമതിയോടുകൂടി വന്ന ജനക്കൂട്ടത്തെ യൂദാസാണ് നയിച്ചത്. ജനക്കൂട്ടത്തില്‍ ജറുസലെം ദേവാലയം കാത്തിരുന്ന യഹൂദപോലീസും റോമന്‍ പട്ടാളക്കാരുമുണ്ടായിരുന്നു. പോലീസ് സേന വടികളും റോമന്‍ പട്ടാളക്കാര്‍ വാളുകളുമായാണെത്തിയത്.
ഒരേസമയം യൂദാസിന് പണവും അത്താഴവും നഷ്ടപ്പെട്ടു. അതാണ് ധനമോഹം വരുത്തിവയ്ക്കുന്ന വിന (ക്രിസോസ്റ്റോം).
14:44-46, സൗഹൃദത്തിന്‍റെ എല്ലാ പ്രകടനങ്ങളെയും യൂദാസു ദുരുപയോഗിക്കുകയാണ്. ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ട് ശത്രുപാളയത്തിലേക്കുപോയ യൂദാസ് ഇപ്പോള്‍ അവരോടൊപ്പമെത്തി, സ്നേഹത്തിന്‍റെ ഊഷ്മളമായ ചുബനംകൊണ്ട് ഗുരുവിനെ ഒറ്റുന്നു. ശിഷ്യന്മാര്‍ തങ്ങളുടെ റബ്ബിമാരെ ചുംബിച്ചുകൊണ്ടാണ് അഭിവാദ്യം ചെയ്തിരുന്നത്. സ്നേഹത്തിന്‍റെ ഈ അടയാളം വഞ്ചനയ്ക്കുള്ള മറയാക്കിയത് യൂദാസിന്‍റെ തെറ്റിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പെസഹാതിരുനാളില്‍ ജറുസലേം മുഴുവന്‍ ജനനിബിഡമാകും. ഈ തിരക്കിനിടയില്‍ യേശുവിനെ കണ്ടുപിടിക്കാനും തിരിച്ചറിയാനും എളുപ്പമല്ല, ഒലിവുതോട്ടത്തിലെ ഇരുട്ടില്‍ അത് തീര്‍ത്തും ബുദ്ധിമുട്ടായിരിക്കും. മാത്രവുമല്ല, യേശുവിനെ പിടിക്കാന്‍വന്ന ഔദ്യോഗിക റോമന്‍ പാട്ടാക്കാര്‍ക്ക് യേശുവിനെ തിരിച്ചറിയാനും കഴിയുമായിരുന്നിരിക്കില്ല. യൂദാസിന് യേശു എവിടെയുണ്ടാകുമെന്നു ഊഹിക്കാനും കണ്ടാലുടന്‍ തിരിച്ചറിയാനും എളുപ്പമായിരുന്നു.
എത്ര കുലീനതയോടെയാണ് യേശു തിന്മയെ സഹിച്ചത് ? തന്‍റെ ഒറ്റുകാരനെ അവിടുന്നു ചുംബിച്ചു: ചുംബനത്തെക്കാള്‍ മൃദുവായ വാക്കുകള്‍ അവനോടു പറയുകയും ചെയ്തു. നികൃഷ്ടനെന്ന് യേശു അവനെ വിളിച്ചില്ല; ഇത്ര വലിയ കാരുണ്യത്തിനു പകരമായി ഇതാണോ ചെയ്യുന്നതെന്നും ചോദിച്ചില്ല. അടുത്ത സൗഹൃദത്തിന്‍റെ അടയാളമായി യൂദാസ് എന്ന വിളിപ്പേരാണ് (വീട്ടുപേരല്ല) അവിടുന്ന് ഉപയോഗിക്കുന്നത്. അത് വിദ്വേഷത്തിന്‍റെ സ്വരമല്ല. അപരന്‍റെ തിരിച്ചുവരവിനു ശ്രമിക്കുന്നവന്‍റെ സ്വരമാണ് (അലക്സാണ്ട്രിയായിലെ ഡയനീഷ്യസ്)
എന്തുകൊണ്ടാണ് യേശു യൂദാസിനെ തിരഞ്ഞെടുത്തത്, സഭയില്‍ വ്യാജപ്രബോധകരുണ്ടായിരിക്കാം; എങ്കിലും യഥാര്‍ത്ഥ പ്രബോധനം സഭയില്‍ത്തന്നെയാണുള്ളതെന്നു പഠിപ്പിക്കാനാണത്. യൂദാസ് മരിച്ചെങ്കിലും അവന്‍റെ കസേര ഒഴിഞ്ഞല്ല കിടക്കുന്നത് (എഫ്രേം).
14:47, മര്‍ക്കോസ് പത്രോസിന്‍റെ ശിഷ്യനാകയാലാകാം പ്രധാനസേവകന്‍റെ ദൂതനെ വെട്ടിയത് പത്രോസാണെന്ന് വെളിപ്പെടുത്താത്തത് (യോന 18:10). ലൂക്കാ 22:50-51 അനുസരിച്ച് യേശു ആ മനുഷ്യനെ സുഖപ്പെടുത്തുകയും ചെയ്തു. ഒത്താരിയോണ്‍ എന്ന വാക്കു സൂചിപ്പിക്കുന്നത് ചെവിയുടെ ഒരു ഭാഗം മാത്രമാണ് ഛേദിച്ചതെന്നാണ്. പത്രോസ് വളരെയധികം ആത്മപ്രശംസ നടത്തി; വളരെക്കുറച്ചു മാത്രം പ്രാര്‍ത്ഥിച്ചു; അതുകൊണ്ട് വളരെ അക്രമാസക്തനായിത്തീരുകയും ചെയ്തു.
14:48-50, തന്നെ പിടിക്കാന്‍ വന്നവരില്‍നിന്ന് ഓടിയൊളിക്കാനോ, അവരെ ആക്രമിക്കാനോ യേശു തുനിഞ്ഞില്ല. തന്‍റെ പ്രബോധനങ്ങള്‍ രഹസ്യമാക്കിവയ്ക്കാനും അവന്‍ ശ്രമിച്ചില്ല. അവന്‍ ജനങ്ങളുമായി സ്വതന്ത്രമായി ഇടപെടുകയും ദേവാലയത്തില്‍ പരസ്യമായി പഠിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തന്‍റെ ശത്രുക്കള്‍ രാത്രിയില്‍, വടികളും, വാളുകളുമായി തന്നെ പിടിക്കാന്‍ വന്നിരിക്കുന്നത് അവരുടെ പ്രവൃത്തിയ്ക്ക് നീതീകരണമൊന്നുമില്ലാത്തതുകൊണ്ടാണെന്ന് യേശു ചൂണ്ടിക്കാണിക്കുന്നു. രാത്രിയില്‍, രഹസ്യത്തില്‍ ബലമായി, തന്നെ പിടിക്കുന്നത് അന്യായമാണെങ്കിലും അതു വി. ലിഖിതപ്രകാരമാണെന്ന് (ഏശയ്യ 53:3,7-9,12; സക്ക 13:7) യേശു കൂട്ടിച്ചേര്‍ക്കുന്നു. ആത്മരക്ഷാര്‍ത്ഥംപോലും ബലം പ്രയോഗിക്കാന്‍ യേശു തയ്യാറാകുന്നില്ലെന്നു കണ്ട ശിഷ്യന്മാര്‍ പ്രാണരക്ഷാര്‍ത്ഥം യേശുവിനെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. എല്ലാ ശിഷ്യന്മാരും ഒരുമിച്ചു പരാജയപ്പെടുന്ന ഭാഗമാണിത്.
14:51-52, മര്‍ക്കോസു മാത്രമാണ് ഈ രംഗം സുവിശേഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുവാവ് (നെയാനിക്സോസ്) 24-നും 40-നും ഇടയ്ക്കു പ്രായമുള്ളയാളാണ്. യേശുവിനെ പിടിക്കാന്‍പോയ ജനക്കൂട്ടത്തിന്‍റെ ആരവം കേട്ടായിരിക്കാം അയാള്‍ ഉറക്കത്തില്‍നിന്നു എഴുന്നേറ്റത്. കട്ടിലില്‍നിന്ന് എഴുന്നേറ്റപ്പോള്‍ ശരീരം മറയ്ക്കാന്‍ ഉപയോഗിച്ച ഒരു പുതുപ്പു മാത്രമേ അയാള്‍ ധരിച്ചിരുന്നുള്ളൂ. ഈ യുവാവു സുവിശേഷകനായ മര്‍ക്കോസുതന്നെയാണെന്നാണ് പൊതുവേയുള്ള നിഗമനം. മര്‍ക്കോസിന്‍റെ അമ്മയ്ക്കു ജറുസലേം നഗരത്തില്‍ ഒരു വീടുണ്ടായിരുന്നുതാനും (അപ്പ 12:12). ഉടുതുണിയുപേക്ഷിച്ചുപോലും അയാള്‍ക്ക് ഓടിപ്പോകേണ്ടിവന്നുവെന്നത് ശിഷ്യന്മാര്‍ എത്രയോ വലിയ അപകടത്തിലാണ് ഉള്‍പ്പെട്ടിരുന്നതെന്നു വ്യക്തമാക്കുന്നു.
വിചിന്തനം: ഒറ്റുകാശുണ്ടോ കീശയില്‍? മറ്റു ശിഷ്യന്മാരില്‍നിന്ന് എത്രയോ വ്യത്യസ്തനായിരുന്നു യൂദാസ്? മറ്റു ശിഷ്യന്മാര്‍ യേശുവിനുവേണ്ടി എന്തെങ്കിലും ചെയ്തുകൊടുക്കാനുള്ള സന്നദ്ധത കാട്ടിയപ്പോള്‍ (14:12) യൂദാസ് യേശുവിനെ ഒറ്റുകൊടുക്കാനാണ് ആലോചിച്ചത് (14:11). തനിക്ക് എന്തു നല്കാനാകുമെന്ന സ്നേഹചിന്തയല്ല തനിക്ക് എന്തുകിട്ടുമെന്ന സ്വാര്‍ത്ഥചിന്തയാണ് അവനെ ഭരിച്ചത് (മത്താ 26:15).
യേശു ഉന്നതനായ റബ്ബിയാണെന്ന്, ശക്തനായ അത്ഭുത പ്രവര്‍ത്തകനാണെന്ന്, വിശുദ്ധനായ പ്രവാചകനാണെന്ന് യൂദാസു തീര്‍ച്ചയായും അറിഞ്ഞിരുന്നതാണ്. എന്നിട്ടുമെന്തേ അടിമയുടെ വിലയായ വെറും മുപ്പതു വെള്ളിക്കാശിന് (മത്താ 26:15; പുറ 21:32; സഖ 11:12-13) യേശുവിനെ ഒറ്റാന്‍ യൂദാസ് തയ്യാറായത്? ഈ ചോദ്യം നാം നമ്മോടുതന്നെ ചോദിക്കുന്നതാണ് ഉചിതം. നാം യൂദാസില്‍നിന്നു വിഭിന്നരാണോ? ഒറ്റുകാശായ മുപ്പതു വെള്ളിക്കാശിന്‍റെ കിലുക്കം നമ്മുടെ കീശയില്‍നിന്നും മുഴങ്ങുന്നുണ്ടാവില്ലേ? നിസ്സാരനേട്ടങ്ങള്‍ക്കുവേണ്ടി നാം ദൈവത്തെ മറന്ന അവസരങ്ങളില്ലേ? മദ്യവും മയക്കുമരുന്നും നല്കുന്ന സുഖം വാങ്ങാനായി കുടുംബസമാധാനം വിറ്റുതുലയ്ക്കുന്നവര്‍ എത്രയധികമാണ്? അവിഹിത സുഖങ്ങള്‍ക്കുവേണ്ടി ഭാര്യയെയും മക്കളെയും, ജോലിയും സത്പേരും ഭാവിതന്നെയും നഷ്ടപ്പെടുത്തുന്നവര്‍ ചുരുക്കമാണോ? മൂല്യങ്ങള്‍ ബലികഴിച്ച് സ്ഥാനമാനങ്ങളും അധികാരവും സമ്പത്തുമൊക്കെ നേടാന്‍ ശ്രമിക്കുമ്പോള്‍ നാം യൂദാസില്‍നിന്നു വിഭിന്നരാണോ ? ലോകത്തിനുവേണ്ടി നാം ദൈവത്തെ കൈവെടിയുമ്പോള്‍ യൂദാസിന്‍റെ മുഖംതന്നെയാണു നമുക്കുമെന്ന് പശ്ചാത്താപത്തോടെ ഓര്‍ക്കാം.
യൂദാസിനെ വഞ്ചിച്ചതാര്?: യേശു കൊല്ലപ്പെടുമെന്ന് യൂദാസ് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്ന്, യേശു വിധിക്കപ്പെട്ടതറിഞ്ഞപ്പോള്‍ അവനുണ്ടായ ദുഃഖവും തുടര്‍ന്നു നടത്തിയ ആത്മഹത്യയുമെല്ലാം വ്യക്തമാക്കുന്നു (മത്താ 27:3-5). വാസ്തവത്തില്‍ യൂദാസിനെ വഞ്ചിച്ചതാരാണ്? സാത്താനാണോ? സാത്താന്‍ യൂദാസിന്‍റെ ഉള്ളില്‍ പ്രവേശിച്ചുവെന്ന് സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ലൂക്കാ 22:3; യോഹ 13:27). എങ്കില്‍ എങ്ങനെ? അവന്‍റെ പണക്കൊതിയിലൂടെ? യോഹന്നാന്‍ നല്കുന്ന സൂചനയതാണ് (യോഹ 12:6). താന്‍ ഏല്പിച്ചുകൊടുത്താലും യേശു എങ്ങനെയെങ്കിലും രക്ഷപെടുമെന്നും കാശ് തന്‍റെ കയ്യിലിരുന്നുകൊള്ളുമെന്നും യൂദാസു വിചാരിച്ചിട്ടുണ്ടാകുമോ? യൂദാസ് ഒരു തീവ്രവാദിയായിരുന്നുവെന്നും യേശുവിന്‍റെ സമാധാനമാര്‍ഗ്ഗങ്ങള്‍ കണ്ട് മനസു മടുത്ത യൂദാസ്, ശത്രുക്കളുടെ കയ്യില്‍ അകപ്പെടുമ്പോള്‍ യേശു ശക്തമായി പ്രതികരിക്കാന്‍ നിര്‍ബന്ധിതനായിത്തീരുമെന്ന് വിചാരിച്ച് അതിനുള്ള തന്ത്രമായിട്ടാണ് യേശുവിനെ ഒറ്റിയതെന്നു കരുതുന്നവരുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ യൂദാസിനെ വഞ്ചിച്ചത് അവന്‍റെ രാഷ്ട്രീയ മോഹങ്ങളാണ്. വാസ്തവത്തില്‍, യേശു ആരാണ്, ആരാകണം, എന്തു ചെയ്യണം, എന്തുചെയ്യും എന്നതിനെയൊക്കെ സംബന്ധിച്ച് യൂദാസിനു തനതായ കാഴ്ചപ്പാടുകളും ആഗ്രഹങ്ങളുമുണ്ടായിരുന്നു. യൂദാസിന്‍റെ സ്വന്തമായ ഈ ക്രിസ്റ്റോളജി (ക്രിസ്തുശാസ്ത്രം)തന്നെയാണ് യൂദാസിനെ വഞ്ചിച്ചതും.
gospel of mark judas betrays Dr. Jacob Chanikuzhi catholic malayalam gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206