x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

ദരിദ്രര്‍ക്കുള്ള സദ്വാര്‍ത്ത ലൂക്കായുടെ സുവിശേഷത്തില്‍

Authored by : Prof. M.V. Abraham On 05-Feb-2021

വിശുദ്ധഗ്രന്ഥസന്ദേശത്തിന് ദരിദ്രരോട് പൊതുവായി ഒരു ചായ ഉണ്ടെന്നുള്ളത് വളരെ സ്പഷ്ടമാണ്. (എല്ലാ തലങ്ങളിലും അവഗണിക്കപ്പെട്ടവരെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലാര്‍ത്ഥത്തിലാണ് 'ദരിദ്രര്‍' എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.) ഇക്കാര്യം സുവിശേഷകനായ ലൂക്കായാണ് കൂടുതല്‍ സ്പഷ്ടമാക്കിയിട്ടുള്ളത്. ക്രിസ്തുവിന്‍റെ സദ്വാര്‍ത്തയും ദരിദ്രരും തമ്മിലുള്ള ബന്ധത്തെപ്പറ്റി ലൂക്കായുടെ സുവിശേഷത്തില്‍ പറയുന്ന ഭാഗങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം. ഇതിനായി, ഈശോയുടെ പ്രവര്‍ത്തനങ്ങളുടെയും ലൂക്കായുടെ സുവിശേഷത്തിന്‍റെയും സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളെ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

ഈശോയുടെ കാലത്തെ സാമൂഹ്യപശ്ചാത്തലം

മക്കബായന്‍ ഭരണം യഹൂദര്‍ക്ക് അഭിമാനിക്കാന്‍ ഇടനല്കുന്നുണ്ടെങ്കിലും പരസ്പരതര്‍ക്കത്തിന്‍റേയും സാമൂഹികാസ്വസ്ഥതയുടേയും ഒരു കാലഘട്ടമായിരുന്നു അത്. യഹൂദസമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങളുടെ രാഷ്ട്രീയവും മതനിരപേക്ഷിതവുമായ പ്രവണതയ്ക്കെതിരേ ഫരിസേയപ്രസ്ഥാനവും എസ്സീന്‍ പ്രസ്ഥാനവും ഉടലെടുത്തു. മഹാനായ ഹേറോദിന് പലസ്തീനായില്‍ അഭിവൃദ്ധിയും ഭരണസ്ഥിരതയും കൈവരിക്കുവാന്‍ കഴിഞ്ഞെങ്കിലും, ദാരിദ്ര്യത്തെയും സാമൂഹിക-രാഷ്ട്രീയ സംഘര്‍ഷത്തെയും തുടച്ചുനീക്കാനായില്ല. ഇതിനു മുഖ്യകാരണം ഹേറോദിന്‍റെ കൊട്ടാരത്തിലെ ആര്‍ഭാടപൂര്‍ണ്ണമായ ജീവിതരീതിയായിരുന്നു. ഹേറോദിന്‍റെ മരണത്തോടെ സ്ഥിതിഗതികള്‍ കൂടുതല്‍  വഷളായി. 'തീവ്രവാ'ദികളുടെ വിപ്ലവം ഒരു വിമോചനസമരമായിത്തീര്‍ത്തുകൊണ്ട് രാജ്യത്തെ ഒരു നീണ്ട യുദ്ധത്തിലേക്ക് വലിച്ചിഴച്ചു. ആ യുദ്ധം എ.ഡി. 70-ാം ആണ്ടില്‍ ജറുസലേമിന്‍റെ നാശത്തില്‍ കലാശിക്കുകയും ചെയ്തു. എ.ഡി. 6-ാം ആണ്ടില്‍ ഗലിലേയനായ യൂദാസിന്‍റെ നേതൃത്വത്തില്‍ റോമക്കാര്‍ക്കെതിരായി സംഘടിപ്പിക്കപ്പെട്ട യഹൂദവിപ്ലവവും, തുടര്‍ന്ന് എ.ഡി. 66-70 വരെയുണ്ടായ അസ്വസ്ഥതകളും ദേശീയബോധമുണര്‍ത്തിയതോടൊപ്പം സാമൂഹ്യ-സാമ്പത്തികമണ്ഡലങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

പ്രതിരോധപ്രസ്ഥാനത്തില്‍ ചേര്‍ന്നവരില്‍ ഭൂരിപക്ഷവും തൊഴിലില്ലാത്തവരും, അവസരവാദികളും തീരെ ദരിദ്രരുമായിരുന്നു. തീവ്രവാദികളുടെ ലഹളക്ക് ഒരു പ്രധാന കാരണം കഠിനദാരിദ്ര്യമായിരുന്നു. ബി.സി. 25-ലേയും എ.ഡി. 46-48-ലേയും ക്ഷാമങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. സമൂഹത്തിലെ പണക്കാരും പാവപ്പെട്ടവരും തമ്മില്‍ നിരന്തരമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. ഉയര്‍ന്ന വൈദിക കുടുംബങ്ങളും സാന്‍ഹെദ്രീ (sanhedrin) നിലെ ധനശേഷിയുള്ള അംഗങ്ങളും ഒരു ഭാഗത്തും, പാവപ്പെട്ട പുരോഹിതരും സാധാരണ ജനങ്ങളും മറുഭാഗത്തുംനിന്ന് പരസ്പരം ശണ്ഠകൂടി. യഹൂദയുദ്ധാരംഭത്തില്‍ തീവ്രവാദികള്‍ ആദ്യം ചെയ്തത് നഗരത്തിലെ ഗ്രന്ഥരക്ഷാലയം(Arrchives) തകര്‍ക്കലായിരുന്നുവെന്ന് ചരിത്രകാരനായ ജോസേഫൂസ് എഴുതുന്നു. പാവപ്പെട്ട ജനങ്ങള്‍ പണക്കാര്‍ക്ക് കൊടുക്കാന്‍ കടപ്പെട്ടിരുന്ന പണത്തിന്‍റെ തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയായിരുന്നു ഇത്. റോമാക്കാരില്‍നിന്നു മാത്രമല്ല, തങ്ങളുടെതന്നെ മതനേതാക്കളില്‍നിന്നും, രാഷ്ട്രീയനേതാക്കളില്‍നിന്നും പാവപ്പെട്ടജനങ്ങള്‍ പീഡനമേല്‍ക്കേണ്ടിവന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഈശോ ജീവിച്ചതും മരിച്ചതും. ബഹുഭൂരിപക്ഷത്തിന്‍റെ കഠിന ദാരിദ്ര്യവും അവരെ ചൂഷണം ചെയ്യുന്ന ന്യൂനപക്ഷത്തിന്‍റെ സമൃദ്ധിയും ഈശോ മനസ്സിലാക്കി. ദരിദ്രര്‍ പ്രധാനമായും രണ്ടു ഗ്രൂപ്പില്‍പ്പെട്ടവരായിരുന്നു. അന്നന്നത്തെ ഉപജീവനമാര്‍ഗ്ഗം തേടുന്നവരും, സഹായധനത്തെ ആശ്രയിച്ചിരുന്നവരും, അടിമകളും. ദിവസക്കൂലിക്കാര്‍ (ഒരുദിനാറുകൊണ്ട് കഷ്ടിച്ച് ഉപജീവനം നടത്തിയിരുന്നവര്‍) എണ്ണത്തില്‍ വളരെക്കൂടുതലായിരുന്നു. ജോലി ഇല്ലാത്ത ദിവസങ്ങളില്‍ അപ്പത്തിനുവേണ്ടിയുള്ള അവരുടെ ബുദ്ധിമുട്ടുകള്‍, പ്രശസ്തനായ യഹൂദഗുരു ഹില്ലേല്‍ (Hillel) വിവരിക്കുന്നുണ്ട്,1 ജോലിയന്വേഷിച്ചു നില്‍ക്കുന്ന തൊഴിലാളികളുടെ ദയനീയാവസ്ഥ ആര്‍ക്കും ഊഹിക്കാവുന്നതാണ്.          (മത്താ. 20:9) "ദേശത്തെ ജനങ്ങള്‍" (am-ha-aretz) ദാരിദ്ര്യരേഖയില്‍ കഴിഞ്ഞിരുന്ന പാവപ്പെട്ട ജനങ്ങളായിരുന്നു. ചെറിയ ഉടമകളും വലിയ ഭൂവുടമകളുടെ മുമ്പില്‍ വഴിമുട്ടി പാപ്പരത്തത്തിലേക്ക് വഴുതിവീണു. സഹായധനത്തിലാശ്രയിച്ച രണ്ടാമത്തെ കൂട്ടരുടെ സ്ഥിതി ഇതിലും ദയനീയമായിരുന്നു. ജറുസലേം നിറയെ യാചകരായിരുന്നു. പഴയനഗരകവാടത്തിലോ, ക്ഷേത്രപ്രാന്തങ്ങളിലോ അവര്‍ സമ്മേളിച്ചിരുന്നു. രോഗികളും, അന്ധരും, മുടന്തരും, കുഷ്ഠരോഗികളും, നിര്‍ദ്ധനരും, അക്കൂട്ടത്തില്‍പ്പെട്ടിരുന്നു. ഈശോയുടെ ഉപമകളിലും, രോഗശാന്തികഥകളിലും ഇക്കൂട്ടരെ നാം ധാരാളമായി കണ്ടെത്തുന്നുണ്ട് (അപ്പ. പ്രവ. 3/46). തൊഴിലില്ലാത്തവരും, ഭക്ഷണവും പണവും വാഗ്ദാനം ചെയ്യുന്ന ഏതൊരു നേതാവിനെയും അനുഗമിക്കാന്‍ തയ്യാറായിരുന്ന അവസരവാദികളും അവിടെയുണ്ടായിരുന്നു. എല്ലാ നിര്‍ഭാഗ്യങ്ങള്‍ക്കും ഇരകളായവരും, ശക്തമായ പിന്തുണ ആവശ്യമുള്ളവരുമായിരുന്ന രക്ഷാകര്‍ത്താക്കളില്ലാത്തവരും വിധവകളുമായിരുന്നു മറ്റൊരുകൂട്ടം ദരിദ്രര്‍. പ്രീശര്‍ക്കും റബ്ബിമാര്‍ക്കും അവരുടെ ജോലിക്ക് പ്രതിഫലം കിട്ടാതായി-പ്രീശരും ഫരിസേയരും തങ്ങളുടെമേല്‍തന്നെ ജനങ്ങളുടെ ആതിഥേയത്വം കെട്ടിവച്ചതില്‍ അത്ഭുതമൊന്നുമില്ല. (കാണുക: ഫരിസേയരോടുള്ള ഈശോയുടെ കുറ്റാരോപണം. മത്താ. 23-ാം അധ്യായവും സമാന്തരഭാഗങ്ങളും.)

ഈശോയുടെ കാലത്തെ യഹൂദസമുദായത്തില്‍ ദരിദ്രരോട് പ്രത്യേക പരിഗണന ഉണ്ടായിരുന്നെങ്കിലും അത് അപര്യാപ്തമായിരുന്നു. മതാദ്ധ്യാപകര്‍ അവരെ അവജ്ഞയോടെയാണ് വീക്ഷിച്ചിരുന്നത്. ദൈവാലയത്തിന്‍റെ ഏറ്റവും പരിശുദ്ധമായ സ്ഥലത്ത് അവരെ പ്രവേശിപ്പിച്ചിരുന്നില്ല. നിയമത്താലും അമിതകരത്താലും അവരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ഇത്തരം പാവങ്ങളാണ് ഈശോയുടെ പ്രസംഗങ്ങളുടെ കേന്ദ്രബിന്ദു; ഇവരെയാണ് ഈശോ പ്രധാനമായും പരിഗണിച്ചത്.

ഇതില്‍ ഏത് സാമൂഹ്യനിരയിലാണ് ഈശോ ഉള്‍പ്പെട്ടിരുന്നത്? ഈശോ തന്നെത്തന്നെ താഴെക്കിടയിലുള്ളവരുമായി അനുരൂപപ്പെടുത്തിയെന്ന് ബൈബിള്‍ വ്യാഖ്യാതാവായ ജറമിയാസ് വ്യക്തമായി പ്രസ്താവിക്കുന്നു. അദ്ദേഹം പറയുന്നത്, ഈശോയുടെ ഫരിസേയ എതിരാളികള്‍ ഈശോയെ "പഠിപ്പില്ലാത്ത" (വിഡ്ഢി)വനായും നിയമംലംഘിക്കുന്നവനായും കരുതിയെന്നാണ് (യോഹ 7:15). എങ്ങനെയായാലും, വീടോ, കുടുംബമോ ഇല്ലാതിരുന്ന ഈശോയുടെ ജീവിതശൈലി കാണിക്കുന്നത്, അവിടുന്ന് സാമ്പത്തികമായും, സാമൂഹ്യപരമായും പാവങ്ങളോട് ചേര്‍ന്നുനിന്നിരുന്നുവെന്നാണ്. എന്നാല്‍ ഈ അനുമാനത്തെ മാര്‍ട്ടിന്‍ ഗുങ്കല്‍ എതിര്‍ക്കുന്നു2. ജോസഫ് ഒരു ആശാരിപ്പണിക്കാരനായിരുന്നെങ്കില്‍ ഈശോയുടെ കുടുംബം സമൂഹത്തിലെ മധ്യനിരയിലായിരുന്നു. എന്നാല്‍ ഈശോ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. ഈശോയെ ദൈവാലയത്തില്‍ ദൈവത്തിനായി സമര്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍ രണ്ടു ചെങ്ങാലികളെ ബലിയര്‍പ്പിച്ചു എന്ന വസ്തുത (ലൂക്ക 2:22-24), അവിടുന്നു പാവങ്ങളുടെ ഗണത്തിലായിരുന്നെന്ന് സമര്‍ത്ഥിക്കുന്നു. കാരണം സാധാരണയായി സാമ്പത്തികമായി വരുമാനം കുറഞ്ഞവരാണ് ചെങ്ങാലികളെ ബലിയര്‍പ്പിക്കുക. ഈശോയ്ക്കും ശിഷ്യന്മാര്‍ക്കും മറ്റുള്ളവരില്‍നിന്നുള്ള സാമ്പത്തികസഹായവും, ആതിഥേയത്വവും കൂടാതെ മറ്റു വരുമാനമാര്‍ഗ്ഗം എന്തെങ്കിലും ഉണ്ടായിരുന്നതായി കാണുന്നില്ല (ലൂക്ക 8:1-3). ഇത് അവരെ സാമ്പത്തികമായി സമൂഹത്തിലെ താഴ്ന്ന ഗണത്തിലാക്കുകയും പാവങ്ങളുടെ ജീവിതം നയിക്കാന്‍ ഇടവരുത്തുകയും ചെയ്തു. ഈശോയും ശിഷ്യന്മാരും അവരുടെ പ്രത്യേക വിളിയെപ്രതിയും, ദൈവരാജ്യത്തെപ്രതിയും പാവങ്ങളോടുകൂടിയുള്ള ജീവിതം തെരഞ്ഞെടുത്തു. ഏറ്റവും പുരാതനമായ സുവിശേഷ പാരമ്പര്യമനുസരിച്ച്, ഈശോയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവര്‍ ദരിദ്രരും, പാപികളും, യാചകരും, വേശ്യകളും രോഗികളുമാണ്. ഇവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് സാമ്പത്തികമായി വളരെ പിന്നിലായിരുന്നെങ്കിലും മിശിഹായുടെ വരവിനുവേണ്ടിയുള്ള പ്രതീക്ഷയില്‍ മുന്‍പന്തിയിലായിരുന്നു. ഇത്തരത്തിലുള്ള ആളുകളായിരുന്നു ഈശോ-പ്രസ്ഥാനത്തില്‍ (Jesus-Move-ment) ചേര്‍ന്നത്. മറ്റുള്ളവര്‍ക്ക് ഇവര്‍ ഇടര്‍ച്ചയ്ക്ക് കാരണമായെങ്കിലും ഈശോയുടെ മഹത്വത്തിന് ഇവര്‍ ഉപകരിച്ചു.

ലൂക്കായുടെ സുവിശേഷത്തില്‍ ദരിദ്രരെപ്പറ്റി പറയുന്ന പ്രധാന ഭാഗങ്ങള്‍

ലൂക്കാ 6:20-21 (മത്താ 5:3-9): ഈ ഭാഗം മത്തായിക്കും ലൂക്കായ്ക്കും പൊതുവായുള്ള 'Q' ഉറവിടത്തില്‍പ്പെടുന്നതിനാല്‍ എഴുതപ്പെട്ട സുവിശേഷങ്ങളെക്കാള്‍ പുരാതനമാണിത്. ഈ ഭാഗം ലൂക്കായുടെ സുവിശേഷഭാഗ്യങ്ങളിലുള്‍പ്പെടുന്നു. മത്തായിയുടെ സുവിശേഷത്തിലും ലൂക്കായുടെ സുവിശേഷത്തിലുമുള്ള സുവിശേഷഭാഗ്യങ്ങളുടെ രൂപവ്യത്യാസത്തിനു കാരണം അവരണ്ടും പരസ്പരാശ്രയമില്ലാതെ വാചികപാരമ്പര്യത്തില്‍ ഉടലെടുത്തു എന്നതാണ്. എന്നാല്‍, "ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍" (മത്താ. 5:3), "ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍"(ലൂക്കാ 6:20), ഇവ രണ്ടിലും ഏതാണ് കൂടുതല്‍ പുരാതനമെന്ന് ആര്‍ക്കും അറിയില്ല. സുവിശേഷഭാഗ്യങ്ങളുടെ വിപുലീകരണവും, ആന്തരീകരണവും ('ആത്മാവില്‍'എന്നു മത്താ. 5:3ലും, 'നീതിയെപ്രതി' എന്ന് 5:6ലും) ചൂണ്ടിക്കാണിക്കുന്നത്, ലൂക്കായുടെ സുവിശേഷത്തില്‍ കാണുന്നതുപോലെയുള്ള ആദിമരൂപത്തെ, മത്തായി എഡിറ്റ് ചെയ്തതാകാം. ദൈവരാജ്യത്തിലെ ജനങ്ങളുടെ പ്രത്യേകതയ്ക്കാണ് ഇരുസുവിശേഷങ്ങളും ഊന്നല്‍ നല്‍കുന്നത്.

ലൂക്കായുടെ സുവിശേഷത്തിലെ രണ്ടാമത്തെ സുവിശേഷഭാഗ്യം- "ഇപ്പോള്‍ വിശപ്പുസഹിക്കുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍, നിങ്ങള്‍ തൃപ്തരാക്കപ്പെടും" (ലൂക്കാ 6:21)-വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്നവരെ അഭിസംബോധനചെയ്തുകൊണ്ടുള്ളതാണിത്. മിശിഹാരാജ്യത്തില്‍ അവരുടെ സ്ഥിതി വ്യത്യസ്തമായിരിക്കും. ധനവാന്മാരെ ശപിക്കുന്ന ഭാഗത്ത് (ലൂക്കാ 6:24-25) ഇതു കൂടുതല്‍ വ്യക്തമാക്കുന്നു. (യുഗാന്ത്യോന്മുഖമായ ഈ വ്യത്യാസം സ്തുതിഗീതത്തിലും-ലൂക്ക 1:53-അതുപോലെ തന്നെ ധനവാന്‍റെയും ലാസറിന്‍റെയും ഉപമയിലും കാണുന്നു-ലൂക്ക 6:19-31).

ഈ സുവിശേഷഭാഗ്യങ്ങള്‍ ദരിദ്രരോടും സമൂഹത്തില്‍ സ്വാധീനമില്ലാത്തവരോടും ഈശോ അഭിസംബോധനചെയ്തതായിരിക്കണം. ദൈവരാജ്യത്തെപ്പറ്റിയുള്ള അവിടുത്തെ പ്രഖ്യാപനം ദരിദ്രരായ അവരില്‍ മിശിഹായിലുള്ള പ്രതീക്ഷ ജനിപ്പിച്ചു. ശാന്തിയും സമൃദ്ധിയും മിശിഹാരാജ്യത്തിന്‍റെ സവിശേഷതകളായി അവസാനവിരുന്നി (eschatological banquet) നെപ്പറ്റിയുള്ള വിവരണത്തില്‍ ചിത്രീകരിച്ചിരിക്കുന്നു(ലൂക്ക13:29; 14:15; 15:23 and parallels). വരാനിരിക്കുന്ന രാജ്യത്തിലെ വിരുന്നിലാകട്ടെ കൂടുതല്‍ ശാന്തിയും സന്തോഷവുമുണ്ടാകും.

16:19-26 ധനവാന്‍റെയും ലാസറിന്‍റെയും ഉപമ യുഗാന്ത്യോന്മുഖമായ വൈപരീത്യ (eschatological reversal) ത്തെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. നമുക്ക് ലഭിച്ചിരിക്കുന്നതുപോലെ ഈ ഉപമയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ധനവാനും ലാസറിനും സംഭവിച്ച ഭാഗ്യനിര്‍ഭാഗ്യങ്ങ(w.1926)ളുടെ കഥയും, മാനസാന്തരത്തിന്‍റെ കഥയും (w.2731). ലാസറിലൂടെ പാവങ്ങളുടെ ദയനീയാവസ്ഥയിലേയ്ക്കും അതിനു വിപരീതമായി ധനികരുടെ സമ്പല്‍സമൃദ്ധിയിലേയ്ക്കും ഈ ഉപമ വെളിച്ചംവീശുന്നു. ഇതും ഇതുപോലുള്ള മറ്റു പ്രസ്താവനകളും ദരിദ്രരേയും നിര്‍ദ്ധനരേയും അത്ഭുതപ്പെടുത്തി; അവര്‍ക്കിത് വിശ്വസിക്കാനായില്ല. ദരിദ്രര്‍ക്കും നിര്‍ദ്ധനര്‍ക്കും നീതി ലഭിക്കുകയും ധര്‍മ്മം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്ന ഒരു ദിവസം വരുമത്രേ! അബ്രാഹത്തിന്‍റെ വാക്കുകളിലൂടെ ദരിദ്രരുടെ കഷ്ടപ്പാടുകള്‍ ദൈവരാജ്യം കൈവശപ്പെടുത്താനുള്ള അവരുടെ അവകാശം ഉറപ്പുവരുത്താനുള്ള അവശ്യഘടകമായി ദൈവം കണക്കാക്കുന്നതുപോലെ തോന്നുന്നു. അതേസമയം, ഹൃദയശൂന്യമായ മനോഭാവവും, ധൂര്‍ത്തമായ ജീവിതവും ധനികര്‍ക്ക് ദൈവരാജ്യത്തിന്‍റെ പ്രവേശനം നിഷേധിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.

1:52-53: ലൂക്കായുടെ സുവിശേഷത്തില്‍ വൈരുദ്ധ്യം, ഉള്‍ക്കൊള്ളുന്ന ഒരു ഭാഗമാണിത്. മറിയത്തിന്‍റെ സ്തോത്രഗീതത്തിന്‍റെ ഭാഗംകൂടിയാണിത്. ധാരാളം പണ്ഡിതന്മാര്‍ ഇതിന്‍റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഈ അടുത്തകാലത്തെ പഠനങ്ങള്‍ തെളിയിക്കുന്നത്, സ്തോത്രഗീതം ഉടലെടുത്തത് മിശിഹായിലുള്ള പ്രതീക്ഷ വളരെ സജീവമായിരുന്ന ഒരു പുരാതന യഹൂദസമൂഹത്തിലാണെന്നാണ്.3 ഈ ഗീതത്തില്‍ കാണുന്ന, അനാവിമിയരുടെ ഭക്തിയും രക്ഷസാധ്യമാക്കപ്പെട്ടതിലുള്ള നന്ദിപ്രകടനവും ഒരു യഹൂദ-ക്രിസ്തീയ പശ്ചാത്തലമാണ് പ്രകടമാക്കുന്നത്.

സ്തോത്രഗീതത്തില്‍ മറിയം തന്‍റെ ജീവിതത്തിലും ദൈവഭയമുള്ളവരുടെ ജീവിതത്തിലും രക്ഷകനായ ദൈവം ചെയ്ത കാര്യങ്ങള്‍ വ്യക്തമാക്കുന്നു (50-55). പാവപ്പെട്ട ഒരു ഗ്രാമീണപെണ്‍കുട്ടിയായ തന്നെ മിശിഹായുടെ വരവിനുവേണ്ടിയുള്ള ഒരുപകരണമായി തെരഞ്ഞെടുക്കുകയും ഉയര്‍ത്തുകയും ചെയ്തതാണ് അവളുടെ നന്ദിപ്രകടനത്തിനുള്ള പ്രധാനകാരണം, (v.48). മറിയത്തിന്‍റെ ഈ ഉയര്‍ച്ച അവളുടെ കാലത്തെ സമൂഹത്തില്‍ താഴെക്കിടയില്‍ കിടന്നവരുടെയും, ദാരിദ്ര്യമനുഭവിച്ചിരുന്നവരുടെയും ഉയര്‍ച്ചയെയാണ് പ്രതീകാത്മകമായി ചിത്രീകരിക്കുന്നത് (1:52-53). ഇത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം. എന്നാല്‍ സ്തോത്രഗീതത്തിലെ വാക്കുകള്‍ മിശിഹായെപ്പറ്റിയുള്ള അക്കാലത്തെ പ്രതീക്ഷയെയാണ് പ്രതിഫലിപ്പിക്കുന്നത്. മിശിഹായുടെ ജനനത്തിനുവേണ്ടി മറിയത്തെ തിരഞ്ഞെടുത്തതുപോലെ, മിശിഹാവഴി സമൂഹത്തിലെ താഴ്ന്നവരെയും ദരിദ്രരെയും ദൈവം രക്ഷയ്ക്ക് യോഗ്യരാക്കി. സുവിശേഷഭാഗ്യങ്ങളും ധനവാന്‍റെയും ലാസറിന്‍റെയും ഉപമയും ഭാവിയുഗാന്ത്യോന്മുഖതയിലേക്ക് (Futuristic eschatology ) വിരല്‍ ചൂണ്ടുമ്പോള്‍ ഒരു സാക്ഷാത്ക്കരിക്കപ്പെട്ട യുഗാന്ത്യോന്മുഖത (realized eschatology) യാണ് സ്തോത്രഗീതം വിവക്ഷിക്കുന്നത്. അതനുസരിച്ച് ദൈവരാജ്യം (Messianic kingdom)വന്നുകഴിഞ്ഞു.

13:30 (സമാന്തരഭാഗങ്ങള്‍-മര്‍ക്കോ 10:31; മത്താ. 19:30; 20:16) "അപ്പോള്‍ മുന്‍പന്മാരാകുന്ന പിന്‍പന്മാരും പിന്‍പന്മാരാകുന്ന മുന്‍പന്മാരും ഉണ്ടായിരിക്കും". ഈ വാക്കുകള്‍ ഒരു വൈപരിത്യത്തിലേക്കാണ് വിരല്‍ചൂണ്ടുക. മര്‍ക്കോസിന്‍റെയും മത്തായിയുടെയും സുവിശേഷങ്ങളിലേപോലെ, ലൂക്കായുടെ സുവിശേഷത്തില്‍ ഈ വിപരീതപ്രയോഗം അത്ര വ്യക്തമല്ല. കാരണം, യഹൂദരുടെ അധര്‍മ്മം മൂലം വിജാതീയര്‍ ദൈവരാജ്യം അവകാശപ്പെടുത്തുമെന്ന് ഈശോ അവര്‍ക്ക് താക്കീത് കൊടുക്കുന്ന പശ്ചാത്തലത്തിലാണിത് കാണുന്നത്. ശരിയായ പശ്ചാത്തലം മര്‍ക്കോസിന്‍റെയും മത്തായിയുടെയും സുവിശേഷങ്ങളിലെയാണെന്നനുമാനിക്കാം. മര്‍ക്കോ. 10:31 ലും മത്താ 19:30 ലും, ഈശോയെ അനുഗമിക്കുന്നതിനായി പാവങ്ങളേയും, ഉണ്ടായിരുന്നതുപോലും നഷ്ടപ്പെടുത്തിയവരെയും ആശ്വസിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണിത് വരുന്നത് (മര്‍ക്കോ 10:23; മത്താ 19:23-29). മത്തായിയുടെ സുവിശേഷത്തിലെ രണ്ടാമത്തെ പരാമര്‍ശം മുന്തിരിത്തോപ്പിലെ ജോലിക്കാരുടെ ഉപമയിലാണ്. അതില്‍ ദരിദ്രര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും ചെയ്ത ജോലിയുടെ അളവനുസരിച്ചല്ലാതെ ഒരു ദിവസത്തെ മുഴുവന്‍ കൂലിയും ലഭിക്കുന്നു.

ഇതുവരെ നാം പരിശോധിച്ച എല്ലാ സുവിശേഷഭാഗങ്ങളിലും ഈ വൈരുദ്ധ്യം അതായത്, വരാനിരിക്കുന്ന ദൈവരാജ്യത്തിലെ വിധിവിപര്യയം, പൊതുവായിക്കാണാം. ദരിദ്രര്‍ തങ്ങളുടെ അവസ്ഥയില്‍ നിലനില്‍ക്കുന്നില്ല എന്നുമാത്രമല്ല ദൈവരാജ്യത്തിലെ അനുഗ്രഹങ്ങള്‍ അനുഭവിക്കുകകൂടി ചെയ്യുന്നു. ആയതിനാല്‍ ഈശോയുടെ വാക്കുകള്‍ ദരിദ്രര്‍ക്കും സമൂഹത്തില്‍ അവഗണിക്കപ്പെട്ടവര്‍ക്കും തീര്‍ച്ചയായും ഒരു സദ്വാര്‍ത്തയായി മുഴങ്ങി. സുവിശേഷത്തിനു ഒരു സാര്‍വ്വത്രിക പ്രാമാണ്യമുണ്ടെങ്കിലും, അത് സകല ജനത്തിനും വേണ്ടിയുള്ളതാണെങ്കിലും ലൂക്കാ എഴുതിയ സുവിശേഷമനുസരിച്ച് അതിന് പാവങ്ങളോട് ഒരു പ്രത്യേകപരിഗണനയുണ്ട്. എന്നാല്‍ ധനികര്‍ ദൈവരാജ്യവീക്ഷണത്തോടെ ഈശോയുടെ ദൗത്യം സ്വീകരിക്കുകയും അവിടുത്തെ വചനങ്ങള്‍ ശ്രവിക്കുകയും ചെയ്യുന്ന പക്ഷം, ഈശോയുടെ വചനങ്ങള്‍ അവര്‍ക്കും സദ്വാര്‍ത്തയാണ്. അല്ലാത്തപക്ഷം, അത് സദ്വാര്‍ത്തയേ ആകില്ല.

പാവങ്ങള്‍ക്കുവേണ്ടിയുള്ള ഈശോയുടെ പ്രവര്‍ത്തനം (ദൗത്യം)

4:16-30. ഈശോ തന്‍റെ ദൈവവിളിയെ പാവങ്ങളോട് സദ്വാര്‍ത്ത അറിയിക്കുവാനുള്ള ഒരു വിളിയായി കണക്കാക്കുന്നു. സിനഗോഗില്‍നിന്നും ഈശോ തിരസ്കൃതനാകുന്ന രംഗം മര്‍ക്കോസ് (6:1-6) രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ലൂക്കായുടെ സുവിശേഷത്തില്‍ ഈ ഭാഗത്തിന് (4:16-30) അതിന്‍റെ ഇന്നത്തെ രൂപത്തിലും ഭാവത്തിലും അതുല്യമായ സ്ഥാനമുണ്ട്. രണ്ടു സുവിശേഷങ്ങളിലേയും ഭാഗങ്ങള്‍ തമ്മില്‍ വ്യക്തമായ സാമ്യങ്ങളേറെയുണ്ടെങ്കിലും അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. പ്രത്യേകിച്ചും ലൂക്കാ ഈശോയുടെ പ്രഭാഷണത്തിന്‍റെ കേന്ദ്രമായി ഏശയ്യ 61-ാം അധ്യായം സ്വീകരിച്ചിരിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ലൂക്കാ, മര്‍ക്കോസ് നല്‍കിയ വിവരണത്തെ പുനര്‍വിചിന്തനം ചെയ്തിരിക്കുകയാണെന്ന് ചില പണ്ഡിതന്മാര്‍ പറയുമ്പോള്‍ ലൂക്കാ സ്വതന്ത്രമായ മറ്റൊരു ഉറവിടത്തെയാണ് ആശ്രയിക്കുന്നതെന്ന അഭിപ്രായമാണ് വേറേ ചില പണ്ഡിതന്മാര്‍ക്കുള്ളത്. എങ്ങനെയായാലും ഈശോയേയും അവിടുത്തെ ദൗത്യത്തെയും അവതരിപ്പിക്കുവാന്‍ ഒരു മാര്‍ഗ്ഗമായി ഈ കഥ നിര്‍ണ്ണായകമായ രീതിയില്‍ ലൂക്കാ ഉപയോഗിച്ചു എന്നുള്ളത് വളരെ വ്യക്തമാണ്. ഈശോയുടെ പ്രവര്‍ത്തനത്തിനെന്നപോലെ സഭയുടെ ദൗത്യത്തിനും ഈ 'തിരസ്ക്കരണ വിവരണം'  ഒരു മാതൃകയായിത്തീരുന്നു.

ഇതിലൂടെ ലൂക്കാ നാലു പ്രധാനകാര്യങ്ങള്‍ ഊന്നിപ്പറയുന്നു. i) ഈശോയുടെ ദൗത്യപ്രഖ്യാപനം ദൈവത്തിന്‍റെ രക്ഷാകരസമയത്തിന്‍റെ പൂര്‍ത്തീകരണം; ii) ഏശയ്യായുടെ പ്രവചനത്തില്‍നിന്നുള്ള ഉദ്ധരണിയെ കേന്ദ്രമാക്കി ഈശോയുടെ പ്രവര്‍ത്തനത്തിന്‍റെ ഉള്ളടക്കത്തെപ്പറ്റിയുള്ള ഒരു പ്രസ്താവന; iii) ഈശോയുടെ സഹനത്തേയും തിരസ്ക്കരണത്തേയുംപറ്റിയുള്ള സൂചന; iv) യഹൂദരില്‍നിന്നും വിജാതീയരിലേക്കുള്ള സുവിശേഷത്തിന്‍റെ മാര്‍ഗ്ഗത്തെപ്പറ്റിയുള്ള സൂചന.

4:16-21 ആണ് നമുക്ക് കൂടുതല്‍ പ്രധാനപ്പെട്ടത്. ഏശയ്യാ 61-ാം അധ്യായത്തില്‍നിന്നാണ് ഈ ഭാഗം ഉദ്ധരിച്ചിട്ടുള്ളത് (58:6 ഉം ഉണ്ട്). പഴയനിയമ പൂര്‍ത്തീകരണമായി പ്രത്യേകിച്ച് ഏശയ്യാ 61-ാം അധ്യായം ഒന്നുമുതലുള്ള വാക്കുകളുടെ പ്രത്യക്ഷപൂര്‍ത്തീകരണമായും ഏലിയായെയും ഏലീശായെയുംപറ്റിയുള്ള വിവരണങ്ങളുടെ സൂചകപ്രതിരൂപമായും ഈശോയുടെ ദൗത്യത്തെ കാണേണ്ട ആവശ്യകതയെ ഊന്നിപ്പറഞ്ഞുകൊണ്ടാണ് 'തിരസ്ക്കരണവിവരണം' ആരംഭിക്കുന്നതുതന്നെ. "ഈ ദിവസം" തിരുവെഴുത്തുകള്‍ പൂര്‍ത്തിയായി എന്നും "അവസാനനാളുകള്‍" തുടങ്ങിക്കഴിഞ്ഞു എന്നുമുള്ള അര്‍ത്ഥത്തില്‍ ഈശോയുടെ ദൗത്യം യുഗാന്ത്യോന്മുഖമാണ്. രക്ഷാകരയുഗം വന്നെത്തി, ദരിദ്രരോട് രക്ഷയുടെ സദ്വാര്‍ത്ത പ്രസംഗിക്കപ്പെടുന്നു.

ശരിയായ അര്‍ത്ഥത്തെ അവഗണിച്ചുകൊണ്ട് മുന്‍കാലങ്ങളില്‍ പല പണ്ഡിതരും ഈ സുവിശേഷഭാഗത്തെ (4:16-21) ആദ്ധ്യാത്മീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈശോയുടെ കാലത്തെ ദരിദ്രരെയും, മര്‍ദ്ദിതരെയുമാണ് ഈ വാക്കുകള്‍ അഭിസംബോധനചെയ്യുന്നത്. ദരിദ്രര്‍ ആരായിരുന്നു എന്നത് വേറൊരു കാര്യം. ചില വ്യാഖ്യാതാക്കളുടെ മതമനുസരിച്ച് ദരിദ്രര്‍ (poor) എന്നത് തടവുകാര്‍, അന്ധര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നിവരെ സൂചിപ്പിക്കുന്ന സംജ്ഞാനാമമാണ് 4. ഇനിയും ചിലര്‍ ദരിദ്രരെ തടവുകാര്‍ക്കും അംഗവിഹീനര്‍ക്കും സമാന്തരമായി മറ്റൊരു ഗണമായി പരിഗണിക്കുന്നു. വിപ്രവാസകാലത്ത് ഏശയ്യായുടെ പ്രവചനം (Trito lsaiah) ഇസ്രായേലിന്‍റെ തിരിച്ചുവരവ് ചിത്രീകരിക്കുവാനായി ജൂബിലിവര്‍ഷത്തെ മോശയുടെ നിയമത്തെ നിഷ്കര്‍ഷിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സാമ്പത്തികാടിസ്ഥാനത്തിലും സാമൂഹികാടിസ്ഥാനത്തിലും വേര്‍തിരിക്കപ്പെട്ട എന്നതിനല്ല ഊന്നല്‍ കൊടുത്തത്. എന്നാല്‍ കുറേക്കൂടി വിശാലാര്‍ത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചിരുന്നത്. വിപ്രവാസത്തില്‍ സഹിക്കേണ്ടിവന്ന എല്ലാവരേയും സൂചിപ്പിക്കുവാന്‍ പാവങ്ങള്‍ എന്ന പദം ഉപയോഗിച്ചു. എന്നാല്‍ ഈ നിരീക്ഷണം ഈശോയുടെ പ്രസംഗത്തിലെ പാവങ്ങള്‍ എന്നപദത്തിന്‍റെ ആദ്ധ്യാത്മിക അര്‍ത്ഥമോ രൂപകാര്‍ത്ഥമോ സമര്‍ത്ഥിക്കുന്നില്ല. ഈശോയുടെ കാലത്തെ സാധാരണക്കാരുടെ കഷ്ടാവസ്ഥ കണക്കിലെടുക്കുമ്പോള്‍, ഈശോ അര്‍ത്ഥമാക്കിയത് ആദ്ധ്യാത്മികമായ മോചനം മാത്രമല്ല. പ്രത്യുത ഒരു സമഗ്രവിമോചനമാണ് അവിടുന്ന് വിഭാവനം ചെയ്തത് എന്നുവേണം യുക്തിപൂര്‍വ്വം അനുമാനിക്കാന്‍. ഈശോ തന്‍റെ പ്രസംഗത്തില്‍ ഏശയ്യാ 58/6 ഉദ്ധരിക്കുന്നത് ഈ അനുമാനത്തെ ശക്തിപ്പെടുത്തുന്നു. ഏശയ്യാ 58-ാം അധ്യായത്തില്‍ ജനങ്ങളെ കഷ്ടപ്പെടുത്തുന്നവര്‍ക്കെതിരേയുള്ള ശക്തമായ കുറ്റാരോപണമാണ് നാം കാണുന്നത്. സര്‍വ്വോപരി ദരിദ്രരോടും, ഭവനരഹിതരോടും, നഗ്നതമറയ്ക്കാന്‍ കഴിവില്ലാത്തവരോടും, കടക്കാരോടും നീതിപൂര്‍വ്വകമായി പെരുമാറാന്‍ പ്രവാചകന്‍ ജനങ്ങളെ ഉപദേശിക്കുന്നു. "ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും, നുകത്തിന്‍റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?" ഏശയ്യ 61/1-2-നോടുകൂടി ഈശോ ഏശയ്യ 58/6 കൂട്ടിച്ചേര്‍ക്കുന്നു; അതുവഴി അവിടുത്തെ പ്രവര്‍ത്തനത്തില്‍ ജൂബിലിവര്‍ഷത്തിന്‍റെ പ്രാധാന്യത്തെ ഊന്നിപ്പറയുകയും ചെയ്യുന്നു.

ഏശയ്യായുടെ പ്രസ്താവങ്ങളില്‍, ജൂബിലി വര്‍ഷത്തെപ്പറ്റിയുള്ള പ്രതിപാദ്യം ലൂക്കാ എന്തുമാത്രം ആരോപിക്കുന്നു എന്നുള്ളത് വ്യാഖ്യാതാക്കളുടെ ഇടയില്‍ ഒരു തര്‍ക്കവിഷയമാണ്. ദൈവരാജ്യത്തെപ്പറ്റിയുള്ള ഈശോയുടെ സങ്കല്പം ജൂബിലിവര്‍ഷത്തിന്‍റെ പ്രവചനപരമായ വ്യാഖ്യാനത്തില്‍നിന്നും കടമെടുത്തിട്ടുള്ളതാണെന്ന അങ്ങേയറ്റത്തെ നിലപാടാണ് ചിലര്‍ സ്വീകരിച്ചിരിക്കുന്നത്. ഈശോ തന്‍റെ ദൗത്യം ജൂബിലിവര്‍ഷം വന്നെത്തിയെന്ന പ്രസ്താവനയോടെ ആരംഭിച്ചെന്നും അവിടുത്തെ ശ്രവിച്ചവര്‍ അപ്രകാരംതന്നെ മനസ്സിലാക്കിയെന്നും അവര്‍ വാദിക്കുന്നു. "മോശയുടെ സാബത്ത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളോട് സദൃശ്യമായ ഒരു യഥാര്‍ത്ഥ ജൂബിലിതന്നെയാണ് ഈശോ ഏ.ഡി. 26-ല്‍ പ്രഖ്യാപിച്ചത്. പാപ്പരത്വം അടിമത്തത്തിലേക്ക് നയിച്ചവരുടെ കടങ്ങള്‍ വീട്ടി അവരെ മോചിപ്പിക്കുകയും ഇസ്രായേലിന്‍റെ സാമൂഹികപ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന ഒരു ജൂബിലിയാണത്. ഈ ജൂബിലിയനുഷ്ഠാനം ഐച്ഛികമായിരുന്നില്ല. ദൈവരാജ്യത്തിന്‍റെ ആഗമനത്തെ വിളിച്ചറിയിക്കുന്ന അടയാളമാണിത്. ഈ മാര്‍ഗ്ഗം ഉപേക്ഷിച്ചവരോ, ദൈവരാജ്യത്തില്‍ പ്രവേശിക്കയില്ല". (ലൂക്കായുടെ സുവിശേഷത്തില്‍ ജൂബിലിപ്രമേയത്തെ പിന്‍താങ്ങുന്ന ഭാഗങ്ങള്‍ താഴെപ്പറയുന്നവയാണ്, ലൂക്കാ 11:4-"ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ;" അവിശ്വസ്തനായ കാര്യസ്ഥന്‍റെ ഉപമ-16:1-9).

ജൂബിലിവര്‍ഷ പ്രതിപാദ്യം അതുള്‍ക്കൊള്ളുന്ന നീതിക്കുവേണ്ടിയുള്ള മുറവിളിയോടെ ഈശോയുടെ പഠനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ അതിനെ ഈശോയുടെ ദൗത്യത്തെ വ്യാഖ്യാനിക്കാനുള്ള ഏക മാര്‍ഗ്ഗമായി കാണുകയാണെങ്കില്‍ പല പ്രശ്നങ്ങളുമുണ്ടാകും. ഒന്നാമതായി, പൂര്‍ണ്ണമായ ചരിത്രസൂക്ഷ്മതയോടെ നസറത്തു സംഭവത്തെ പുനഃസംവിധാനം ചെയ്യുക എളുപ്പമല്ല. രണ്ടാമതായി, രൂപത്തിലും ഉള്ളടക്കത്തിലും ജൂബിലിവര്‍ഷം എല്ലായ്പ്പോഴും ആചരിക്കപ്പെട്ടു എന്നതിന് വിശ്വസിക്കാവുന്ന തെളിവുകളൊന്നുമില്ല. എല്ലാറ്റിനുമുപരി, മോശയുടെ നിര്‍ബ്ബന്ധപൂര്‍വ്വമായ നിയമാനുഷ്ഠാനത്തിന്‍റെ പൂര്‍ത്തീകരണത്തില്‍ ഈശോയ്ക്ക് അവിടുത്തെ ദൗത്യം തളച്ചിടുക സാധ്യമല്ല. മറിച്ചാണെങ്കില്‍ അത് ഈശോയുടെ പ്രവര്‍ത്തനശൈലിക്ക് വിരുദ്ധവുമാണ്. എന്നാല്‍ ജൂബിലി പ്രതിപാദ്യത്തേയും അതിന്‍റെ നീതിക്കുവേണ്ടിയുള്ള മുറവിളിയേയും ലൂക്കായുടെ സുവിശേഷത്തിലെ ഈ ഭാഗത്ത് അവഗണിക്കുന്ന മറ്റൊരു കൂട്ടര്‍ എതിര്‍ അറ്റത്തു നില്‍ക്കുന്നു. ഇക്കൂട്ടര്‍ ഏശയ്യായുടെ വാക്കുകളെ പശ്ചാത്തലപ്രാധാന്യം കുറച്ചുകൊണ്ട് ഈശോയുടെ വാക്കുകളെ ആദ്ധ്യാത്മികീകരിക്കുകയോ അഹഹലഴീൃശ്വല ചെയ്യുകയോ ചെയ്യുന്നു.

ഈ പഴയനിയമഭാഗങ്ങള്‍ (ഏശയ്യ 58:6; 61:1-2) യഹൂദസാഹിത്യത്തില്‍ എപ്രകാരം വ്യാഖ്യാനിക്കപ്പെട്ടെന്നും, ലൂക്കാ അത് എപ്രകാരം മനസ്സിലാക്കിയെന്നും കാണുകയാണ് വസ്തുനിഷ്ഠമായ സമീപനം. യഹൂദസാഹിത്യത്തില്‍ ഏശയ്യ 61:1-2 ന്‍റെ അര്‍ത്ഥം പഠിച്ചറിഞ്ഞവര്‍ അതു പുതിയ യുഗത്തെ സൂചിപ്പിക്കുന്ന യുഗാന്ത്യോന്മുഖമായ അടയാളമാണെന്നു വ്യക്തമാക്കുന്നു. (James Sanders, "From lsaiah 61 to Luke 4" in Christiaism and Other Graeco Roman Cults, pp88ff; Robert Sloan, The Favoruable Year of the Load, A Study of Fubilary Theology in the Gospel of Luke ,pp.1018). ചാവുകടല്‍ ചുരുളുകളില്‍, ഈ ഭാഗം മെല്‍ക്കീസദേക്കിന്‍റെ അവസാനകാലരൂപവുമായി സംയോജിക്കപ്പെട്ടിരിക്കുന്നു; മെല്‍ക്കീസദേക്കാകട്ടെ അവസാനദിവസം ബെലിയാലി (Belial)ന്‍റെ ശക്തിക്കെതിരേ വിധി നടപ്പാക്കുകയും മെല്‍ക്കീസദേക്കിനു സ്വീകാര്യമായ വത്സരം സ്ഥപിക്കുകയും ചെയ്യും 11 Q Melch; ഏശയ്യ 61/1-3ന്‍റെ വ്യാഖ്യാനമാണ്, ഇതാകട്ടെ, ടമിറലൃന്‍റൈ അഭിപ്രായപ്രകാരം, ലേവ്യര്‍-25ഉം നിയമ. 15ഉം അധ്യായങ്ങളിലെ ജൂബിലിവര്‍ഷപ്രഖ്യാപനത്തെ യുഗാന്ത്യോന്മുഖമാക്കുന്നു-(Sanders, op. cit,p. 91), പിന്നീടുള്ള യഹൂദസാഹിത്യത്തില്‍ ഏശയ്യ 61-ലെ ജൂബിലിദര്‍ശനം, അക്ഷരാര്‍ത്ഥത്തില്‍ ഒരുതരം നൈയ്യാമിക നിര്‍ദ്ദേശമെന്നപോലെയല്ല, പ്രത്യുത പുതിയ യുഗത്തിന്‍റെ ഒരു അടയാളമോ ദര്‍ശനമോ ആയാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. അതിനാല്‍ ഈ വഴിക്കുതന്നെയാണ് ഈശോയും ആദിമസഭയും (ലൂക്കായും) ജൂബിലിവര്‍ഷത്തെ മനസ്സിലാക്കിയതും വ്യാഖ്യാനിച്ചതും എന്നു നമുക്ക് വ്യക്തമായും അനുമാനിക്കാം.

7:18-23: "പോയി യോഹന്നാനോടു പറയൂ. ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു". ഈ സുവിശേഷഭാഗത്ത് ദരിദ്രര്‍ സുവിശേഷം ശ്രവിക്കുന്ന കാര്യത്തിന് ഊന്നല്‍ കൊടുത്തിരിക്കുന്നു, മാത്രമല്ല ഇവിടെ ഏശയ്യാ 61:1-ഒരു പ്രതിധ്വനിയുമുണ്ട്. ഇത് ലൂക്കായ്ക്കു മുന്‍പുള്ള പാരമ്പര്യമാണ് മത്താ 11/2-6 ലും ഇതുണ്ട്. 'ദരിദ്രര്‍' എന്ന പദം എല്ലാത്തരം ആളുകളെയും അവരുടെ ജീവിതാവസ്ഥയേയും ഉള്‍ക്കൊള്ളുന്ന സംയുക്താര്‍ത്ഥത്തിലാണോ, അതോ ഒരു പ്രത്യേക അര്‍ത്ഥത്തിലാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് നമുക്ക് അറിയില്ല. അന്ധരും, മുടന്തരും, കുഷ്ഠരോഗികളും മറ്റുള്ളവരും 'ദരിദ്ര'രുടെ ഗണത്തിലാണ് ചേര്‍ക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത, 'ദരിദ്രര്‍' എന്ന പദം ആലങ്കാരികാര്‍ത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു; എന്നാല്‍ നീറുന്ന ജീവിതപ്രശ്നങ്ങളില്‍ കഴിയുന്ന ആളുകളെയാണ് ഈ പദം അര്‍ത്ഥമാക്കുന്നത്. ഇവരുടെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഈശോയുടെ ദൗത്യം ഉത്തരം നല്‍കുന്നു. ഇത് ദൈവരാജ്യത്തിന്‍റെ അടയാളമാണ്.

ദരിദ്രരെ കേന്ദ്രമാക്കി ഇതിലുള്ള വാക്യങ്ങള്‍ വിരുന്നിന്‍റെ പശ്ചാത്തലത്തിലാണ്. ആദ്യ വാക്യത്തില്‍, ഈശോ ആതിഥേയനോട്, വിരുന്നു കൊടുക്കുമ്പോള്‍ ധനികരെയോ നിന്നെ പകരം വിരുന്നിന് ക്ഷണിക്കാന്‍ കഴിവുള്ളവരെയോ അല്ല, പ്രത്യുത ദരിദ്രരും, വികലാംഗരും, മുടന്തരും, അന്ധരുമായവരെയാണ് ക്ഷണിക്കേണ്ടതെന്ന് ഉപദേശിക്കുന്നു. (cf. 7:22മിറ 1sa. 61:12). അതുപോലെ, മഹാവിരുന്നിന്‍റെ ഉപമ (ലൂക്കാ 14:15-24) യില്‍ രണ്ടാമതു ക്ഷണിക്കപ്പെട്ടവര്‍ ദരിദ്രരും, വികലാംഗരും, അന്ധരും, മുടന്തരുമാണെന്നു ലൂക്കാ വിവരിക്കുന്നു (v.21). ഈ സുവിശേഷഭാഗങ്ങളിലെല്ലാം സദ്വാര്‍ത്തയുടെ സ്വീകര്‍ത്താക്കള്‍ ദരിദ്രരാണ് (ഏശയ്യാ 61:1-2-ലേതെന്നതുപോലെ).

ഈശോയുടെ കാലത്തെ യഹൂദസമൂഹങ്ങളില്‍ ഏശയ്യായുടെ ഗ്രന്ഥത്തില്‍ കാണുന്ന ദരിദ്രരോടുള്ള പരിഗണന കാര്യമായെടുത്തിരുന്നില്ല. ഖുമ്റാന്‍ രേഖകളില്‍ മുടന്തരും അന്ധരും ശാരീരികമായ മറ്റ് ന്യൂനതകളുള്ളവരും സമൂഹത്തില്‍നിന്നും പുറംതള്ളപ്പെടുകയും തിരഞ്ഞെടുക്കപ്പെട്ടവരും ബെലിയാലിന്‍റെ സൈന്യവും തമ്മില്‍ നടക്കാനിരുന്ന യുഗാന്ത്യയുദ്ധത്തില്‍ പങ്കെടുക്കാന്‍ അയോഗ്യരായി കല്പിക്കപ്പെടുകയും ചെയ്തിരുന്നു. അക്കാലത്ത് റബീനിക് (Rabbinic) സാഹിത്യത്തിലും രോഗികളും ദരിദ്രരും സഹതാപപൂര്‍വ്വമല്ല വീക്ഷിക്കപ്പെട്ടത്. പലസ്തീനിയന്‍ സമൂഹത്തിലാകട്ടെ കുഷ്ഠരോഗികള്‍ക്ക് ഭ്രഷ്ട് കല്പിക്കപ്പെട്ടു. മാത്രമല്ല, അന്ധര്‍ക്കും, ചെകിടര്‍ക്കും, ഊമര്‍ക്കും, യാചകര്‍ക്കും ദൈവാലയത്തിലെ പരിശുദ്ധ സ്ഥലത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈശോയുടെ സദ്വാര്‍ത്ത ദൈവത്തിന്‍റെയും മനുഷ്യരുടെയും മുന്‍പില്‍ മാന്യമായ സ്ഥാനം ലഭിക്കാന്‍ ഇത്തരക്കാരെ സഹായിച്ചു. ലൂക്കാ 4-ാം അധ്യായത്തെ കണക്കിലെടുത്ത് ഒരു വ്യാഖ്യാതാവ് ഇപ്രകാരം എഴുതുന്നു. "ദൈവം ഈശോയില്‍ ആരംഭിച്ചത് വെറും പാപത്തില്‍നിന്നു മാത്രമുള്ള ഒരു മോചനമല്ല, എന്നാല്‍ ശാരീരികവും, സാമൂഹികവും, സാമ്പത്തികവുമായ ഒരുതരം യഥാര്‍ത്ഥ വിമോചനമാണെന്നു മനസ്സിലാക്കുവാന്‍ പഴയനിയമഭാഗങ്ങള്‍ നമ്മെ കഴിവുള്ളവരാക്കുകയും, അതിനായി നമ്മെ നിര്‍ബന്ധിക്കുകകൂടി ചെയ്യുന്നു. അതേസമയം ആത്മാവിനെയും, മനസ്സിനെയും, മനുഷ്യജീവിതത്തെയും അടിച്ചമര്‍ത്തുന്നവ പൂര്‍ണ്ണമായും ശാരീരിക പരിതഃസ്ഥിതിയോടു ബന്ധപ്പെട്ടിരിക്കുന്നുവെന്നനുമാനിക്കാന്‍ ലൂക്കാ നമ്മെ അനുവദിക്കുന്നില്ല. ഈശോയിലൂടെ ദൈവം ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം അടിസ്ഥാനപരമായി നമ്മുടെ ജീവിതത്തില്‍ പാപത്തിന്‍റെ കുടുക്കില്‍നിന്നും ആധിപത്യത്തില്‍നിന്നുമുള്ള മോചനമാണെന്നു സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു (Patrick D. Miller. "Luke 4:1641", Interpretstion xxiv (1975), (p.420).

ദരിദ്രര്‍ രാജ്യം അവകാശപ്പെടുത്തുന്നു

"ലൂക്കായില്‍, രാജ്യം ദരിദ്രരുടേതാണ്, എന്നാല്‍ ദരിദ്രരോടും കഷ്ടപ്പെടുന്നവരോടുമുള്ള നല്ല പെരുമാറ്റത്താല്‍ ധനികര്‍ രാജ്യത്തില്‍ പങ്കുകാരാകുന്നു" (Thomas Moyt, the poorin poor in Luke Acts. p . 167) ഈ ഉദ്ധരണി ലൂക്കായുടെ നിലപാടിന്‍റെ ഒരു സൂക്ഷ്മനിരീക്ഷണമാണ്. ഒരു വാഗ്ദാനവും ഒരു വെല്ലുവിളിയും അതുള്‍ക്കൊള്ളുന്നു. രാജ്യം ദരിദ്രരുടേതാണെന്നത് ദരിദ്രര്‍ക്കുള്ള വാഗ്ദാനത്തിന്‍റെയും പ്രത്യാശയുടെയും വചനമാണ് പ്രഘോഷിക്കുക. ധനികര്‍ ദരിദ്രരോടുള്ള ശരിയായ പെരുമാറ്റത്താല്‍ രാജ്യത്തില്‍ പങ്കുപറ്റുമെന്നത് ധനികര്‍ക്ക് നേരേയുള്ള രൂക്ഷമായ ഒരു വെല്ലുവിളിയുമാണ്.

ലൂക്കായില്‍, ഈശോയുടെ ദൈവം ദരിദ്രരുടേയും കഷ്ടപ്പെടുന്നവരുടേയും ദൈവമാണ്. ഈ ആശയമാണ് സ്തോത്രഗീതം മുതല്‍, ലൂക്കായുടെ സുവിശേഷത്തിലുടനീളം മാറ്റൊലിക്കൊള്ളുന്നത്. സമൂഹഭ്രഷ്ടരായവരേയും ദരിദ്രരേയും സ്വീകരിച്ചുകൊണ്ട്, ദൈവവും അവരെ സ്വീകരിക്കുന്നുവെന്ന് ഈശോ പരോക്ഷമായി അവകാശപ്പെടുന്നു. ദരിദ്രരെ അനുഗ്രഹിക്കുന്നതിലും, ധനികരെ തള്ളിപ്പറയുന്നതിലും ഈശോ ദരിദ്രര്‍ക്കുവേണ്ടി പ്രവാചകര്‍ മുഴക്കിയ ശബ്ദത്തെ പുനര്‍ജ്ജീവിപ്പിക്കുകയാണ് ചെയ്യുക. ലൂക്കായുടെ സുവിശേഷത്തിലെ യുഗാന്ത്യോന്മുഖമായ അനുഭവങ്ങള്‍ ഒരു പകപോക്കലല്ല പ്രത്യുത, നീതിപൂര്‍ണ്ണമായി നടപ്പുകുന്നതിനും ദരിദ്രരുടെ അഭ്യുന്നതിക്കുംവേണ്ടിയുള്ള നീതീകരണമാണ്. ഇപ്പോള്‍ ഈ ഉദ്ദേശം ദരിദ്രര്‍ക്ക് ഒരാശ്വാസവും, ധനികര്‍ക്കൊരു താക്കീതുമായി ഭവിക്കുന്നു.

സമ്പൂര്‍ണ്ണ നീതിയേയും യുഗാന്ത്യോന്മുഖമായ വൈപരീത്യത്തേയുംപറ്റിയുള്ള ഉത്തമബോധ്യം ഇപ്പോഴുള്ള അവസ്ഥ അതായിരിക്കുന്നതുപോലെ അംഗീകരിക്കുവാന്‍ നമ്മെ അനുവദിക്കുന്നില്ല. നീതിനിഷ്ഠമായ ഒരു സാമൂഹ്യവ്യവസ്ഥിതിക്കും ദൈവരാജ്യാഗമനം ത്വരിതപ്പെടുത്താനുംവേണ്ടി പ്രവര്‍ത്തിക്കുവാനുള്ള ഒരു തീരുമാനം ഈ ബോധ്യം നമ്മില്‍ സൃഷ്ടിക്കണം. പലപ്പോഴും ക്രിസ്ത്യാനികള്‍ നിഷ്ക്രിയത്വത്തിലേക്കോ (എസ്സീന്‍സമുദായത്തെപ്പോലെ)അല്ലെങ്കില്‍ മിലിറ്ററി പ്രവര്‍ത്തനങ്ങളിലേക്കോ (തീവ്രവാദികളെപ്പോലെ) ചെന്നെത്തുന്നു. ഇവ രണ്ടും അങ്ങേയറ്റത്തെ നിലപാടുകളാണ്. എന്നാല്‍ ഈശോ ഇവ രണ്ടും നിരസിച്ചു. ആഴമേറിയ വിശ്വാസവും ജീവനുള്ള പ്രത്യാശയും കാത്തുസൂക്ഷിക്കാന്‍ അവിടുന്നു ജനങ്ങളോടാവശ്യപ്പെട്ടു. അത്തരത്തിലുള്ള വിശ്വാസവും പ്രത്യാശയും ഒരു പുതിയ ജനസമൂഹത്തിന്‍റെ കൂട്ടായ്മ സൃഷ്ടിക്കും. അവിടെ സത്യവും നീതിയും, സമത്വവും സഹാനുഭൂതിയും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളായിരിക്കും. ഈശോയുടെ സമൂഹത്തില്‍ പ്രധാനമായും ദരിദ്രരും കഷ്ടപ്പെടുന്നവരുമായിരുന്നെങ്കില്‍ പരസ്പരം സ്നേഹത്തില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു അത്. അവര്‍ പരസ്പരം അംഗീകരിക്കുകയും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു (കൂട്ടായ്മ അതിന്‍റെ പൂര്‍ണ്ണതയില്‍). ലൂക്കായുടെ സുവിശേഷത്തിലാണ് അത്തരത്തിലുള്ള ഒരു സമൂഹത്തിന്‍റെ കരടുരേഖ നാം കാണുന്നത്; എന്നാല്‍ അത് രൂപംകൊള്ളുന്നത് ശ്ലീഹന്മാരുടെ നടപടിഗ്രന്ഥത്തിലാണ്. അനുതാപത്തിനും പാപമോചനത്തിനും മാത്രമല്ല, ഐക്യത്തിനും, സ്നേഹത്തിനും പങ്കുവയ്ക്കലിനും സേവനത്തിനുംകൂടി സാഹചര്യമൊരുക്കുന്ന ഒരു സമൂഹമാണിത്. അവരുടെ ലളിതജീവിതശൈലിയും മറ്റുള്ളവരുടെ കാര്യത്തിലുള്ള ശ്രദ്ധയും കൂട്ടായ്മയ്ക്ക് പുറത്തുള്ളവര്‍ക്ക് സദ്വാര്‍ത്തയായിത്തീര്‍ന്നു. ലൂക്കായുടെ സുവിശേഷത്തില്‍ സക്കേവൂസ് വ്യക്തിവിശ്വാസികള്‍ക്കുള്ള മാതൃകയും, ജറുസലേം, ദരിദ്രരുടെ നഗരം, ക്രിസ്തീയ സമൂഹങ്ങളുടെ മാതൃകയുമാണ്. ശിഷ്യത്വമാകട്ടെ, സമ്പത്തിനോടും, അതു കഷ്ടപ്പെടുന്നവരുമായി പങ്കുവയ്ക്കാനുമുള്ള മനോഭാവത്തോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

  1. ദരിദ്രര്‍ എന്ന പദം സംയുക്താര്‍ത്ഥത്തിലാണ് ലൂക്കായുടെ സുവിശേഷത്തിലെ ചില ഭാഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് നമ്മുടെ പഠനം വ്യക്തമാക്കുന്നു; ഈശോയുടെ കാലത്ത് സാമ്പത്തികവും സാമൂഹികവുമായി വേര്‍തിരിക്കപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങളും ദരിദ്രരായിരുന്നു. ഈശോയുടെ സന്ദേശം അവരോട് പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.                                                                     
  2. ഈശോയുടെ സന്ദേശത്തെ തീര്‍ത്തും ആദ്ധ്യാത്മികമായി വ്യാഖ്യാനിക്കുകയാണെങ്കില്‍ അത് ലൂക്കായുടെ സുവിശേഷഭാഗത്തോട് ചെയ്യുന്ന അനീതിയായിരിക്കും. ദൈവത്തില്‍നിന്ന് പാപമോചനം ലഭിക്കുമെന്ന ഉറപ്പും, അനുദിന ജീവിതാവശ്യങ്ങള്‍ നിറവേറ്റുമെന്ന വാഗ്ദാനവും സദ്വാര്‍ത്തയില്‍ ഉള്‍പ്പെട്ടിരുന്നു. ആയതിനാല്‍ അനുതാപവും അനുതാപത്തിന്‍റെ ഫലവും, പാപമോചകവചനവും ശിഷ്യത്വത്തിനടുത്ത ജീവിതവും രാജ്യത്തിന്‍റെ സുവിശേഷത്തില്‍ ഉള്‍ക്കൊള്ളുന്നു. കൃപാവരലഭ്യതയ്ക്കായുള്ള ദൈവത്തിന്‍റെ മുന്‍കൂട്ടിയുള്ള പ്രവര്‍ത്തനത്തെ ഊന്നിപ്പറയുന്നതിനോടൊപ്പംതന്നെ കൃപാവരത്താല്‍ പ്രചോദിതമായ ശിഷ്യത്വത്തിലേയ്ക്കുള്ള വിളിയേയും ലൂക്കാ ഊന്നിപ്പറയുന്നു.                                                                            
  3. സമ്പത്തിനോടും അതിന്‍റെ ശരിയായ ഉപയോഗത്തോടുമുള്ള മനോഭാവം ശിഷ്യത്വത്തെ വളരെയധികം സ്വാധീനിക്കുന്നു, പ്രത്യേകിച്ചും ദരിദ്രരുമായി അത് പങ്കുവയ്ക്കുന്നതില്‍. ക്രിസ്തീയ സമത്വവാദത്തിലേക്കുള്ള ഒരു വിളിയല്ല ഇത്, എന്നാല്‍ സ്നേഹവും പങ്കുവയ്ക്കലും മുഖമുദ്രയാക്കിയ ഒരു സമൂഹത്തില്‍ ജീവിക്കാനുള്ള വെല്ലുവിളിയാണിത്. എന്നാല്‍ ഈ പങ്കുവയ്ക്കല്‍ വിശ്വാസികളുടെ സമൂഹത്തിനപ്പുറത്തേയ്ക്കും വ്യാപിക്കുന്നു.

ദരിദ്രരോടുള്ള സഭയുടെ ദൗത്യം

ധനികരും ദരിദ്രരും, ശക്തരും ബലഹീനരും, മര്‍ദ്ദകരും മര്‍ദ്ദിതരും എന്നിങ്ങനെ വിഭജിക്കപ്പെട്ട ഒരു ലോകത്തില്‍ ദരിദ്രര്‍ സഭയുടെ ഒരു ഭാഗംതന്നെയാണ്. ലൂക്കായുടെ സുവിശേഷത്തില്‍ കാണുന്ന, ദരിദ്രരോടുള്ള സുവിശേഷപ്രഘോഷണം സഭയ്ക്ക് ദരിദ്രരുമായി താദാത്മ്യംപ്രാപിക്കാനുള്ള ഒരു വെറും വിളിയല്ല, പ്രത്യുത, ദരിദ്രരും സഭയുടെ ഒരു ഭാഗമാണെന്ന പ്രഖ്യാപനമാണത്. സഭ ഇന്ന് അവളുടെ വ്യക്തിത്വം നഷ്ടപ്പെട്ട സ്ഥിതിയിലാണ്. കാരണം, ദരിദ്രരുമായി ഒത്തുപോകുന്നില്ല; മാത്രമല്ല, സഭയില്‍ തങ്ങള്‍ക്കൊരു സ്ഥാനം ദരിദ്രര്‍ കാണുന്നുമില്ല. സഭയുടെ നവീകരണത്തിനും വിമോചനത്തിനുമുള്ള മാര്‍ഗ്ഗം ദരിദ്രരുടെ വിമോചനമാണ്. അതിനുള്ള സമരത്തിലാണ് സുവിശേഷത്തിന്‍റെ നാമവും യാഥാര്‍ത്ഥ്യവും ഏകീഭവിക്കുക. സഭ, ദരിദ്രരുടേതല്ലാത്ത ഒരു സഭയെങ്കില്‍ അവളുടെ സ്വഭാവത്തെത്തന്നെ വികൃതമാക്കുന്ന ഗൗരവമായ അപകടത്തിലേക്ക് അവളെത്തന്നെ വലിച്ചിഴയ്ക്കുകയാണ് ചെയ്യുക. ക്രിസ്തീയദാരിദ്ര്യത്തിന്‍റെ അര്‍ത്ഥവും സഭയുടെ ദൗത്യവും ദരിദ്രരോടുള്ള (പ്രഥമഗണനീയമായ) ഐക്യത്തില്‍ മാത്രമേ ദര്‍ശിക്കാനാവൂ. ഗുട്ടീരസ് പറയുന്നതുപോലെ, "ക്രിസ്തീയ ദാരിദ്ര്യം സ്നേഹത്തിന്‍റെ പ്രകടനമെന്ന നിലയില്‍, ദരിദ്രരോടുള്ള ഐക്യവും, ദാരിദ്രത്തോടുള്ള എതിര്‍പ്പുമാണ്".5 രക്ഷിക്കപ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന്‍റെ ആദ്യഫലങ്ങളെന്ന നിലയില്‍, രക്ഷയുടെ വര്‍ത്തമാനകാലം, സുവിശേഷത്തിന്‍റെ നിത്യത്വം, പ്രാപിക്കുവാന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നു. ഓരോ വര്‍ഷവും, ഒരു ജൂബിലിവര്‍ഷം, കര്‍ത്താവിന്‍റെ സ്വീകാര്യമായ വര്‍ഷം, ആയിത്തീരുന്നു. സഭ ദരിദ്രര്‍ക്ക് സുവിശേഷവും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് മോചനവും, അന്ധര്‍ക്ക് കാഴ്ചയും, എന്തുമാത്രം കൊടുക്കുന്നുവോ അത്രമാത്രം അവള്‍ തന്‍റെ ദൗത്യം നിറവേറ്റുന്നു; ക്രിസ്തുവിന്‍റെ കുരിശിലും ഉത്ഥാനത്തിലും പങ്കുപറ്റുന്നു.

 

                                                  പ്രൊഫ. എം.വി. അബ്രഹാം                                                                                         

 

 

 

 

അടിക്കുറിപ്പുകള്‍

  1. J. Jeremias, Jerusalem in the time of Jesus, p. 116.
  2. Martin Hengel Property and Riches in the early Xa. pp. 26-27
  3. R.E. Broun, The Birth of the Messiah, pp. 352-53
  4. J. Jeramias New Testament Theology, p. 113
  5. Gustavo Guticrrez, A Theology of Liberation

 

Good news for the poor In the Gospel of Luke catholic malayalam gospel of luke luke Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message