x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

ആത്മാവിനാൽ പൂരിത - എലിസബത്ത്

Authored by : Dr. Michael Karimattam On 14-Nov-2022

ആത്മാവിനാൽ പൂരിത - എലിസബത്ത്

പുതിയ നിയമത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ സ്ത്രീ കഥാപാത്രമാണ് എലിസബത്ത്. ഏലിഷേബാ എന്ന പേര് ഹീബ്രുവിൽ നിന്ന് ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തപ്പോൾ എലിസബത്ത് എന്നായി. ആ ഗ്രീക്ക് രൂപമാണ് ഇംഗ്ലീഷിലേക്കും തുടർന്ന് മലയാളത്തിലേക്കും കടന്നുവന്നത്. എന്നാലും ഹീബ്രുമൂലത്തെ സൂചിപ്പിക്കുന്ന ഏലീശ്വാ, ഏലിശ്ബാ എന്നീ രൂപങ്ങളും നിലവിലുണ്ട്. “ദൈവികനിറവ്", “ദൈവം എന്റെ ഭാഗ്യം," "എന്റെ ദൈവത്തിന്റെ ശപഥം" എന്നൊക്കെ പേരു വിവർത്തനം ചെയ്യാം. ലൂക്കാ എഴുതിയ ബാല്യകാല സുവിശേഷത്തിന്റെ ആദ്യഭാഗത്ത് (ലൂക്കാ 1,5-66) നിറഞ്ഞുനില്ക്കുന്ന മികവുറ്റ ഒരു കഥാപാത്രമാണ് എലിസബത്ത്.

പുരോഹിതനായ സഖറിയായുടെ ഭാര്യ, അഹറോന്റെ പുത്രിമാരിൽ ഒരുവൾ എന്നിങ്ങനെയാണ് ലൂക്കാ സുവിശേഷകൻ എലിസബത്തിനെ പരിചയപ്പെടുത്തുന്നത്. പുരോഹിതഗോത്രത്തിൽ പിറന്ന അവൾ ലേവി പുരോഹിതനായ സഖറിയായ്ക്ക് അനുയോജ്യയായ ഭാര്യയായിരുന്നു. ഇരുവരും "ദൈവത്തിന്റെ മുമ്പിൽ നീതി നിഷ്ഠരും കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു" (ലൂക്കാ 1,6) എന്ന വിശേഷണങ്ങളിലൂടെ ആ വയോധികരുടെ സ്വഭാവ വൈശിഷ്ഠ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. അതേസമയം ഗർഭധാരണ പ്രായം കഴിഞ്ഞ എലിസബത്ത് വന്ധ്യയായിരുന്നു എന്ന് എടുത്തുപറയുകയും ചെയ്യുന്നു. വന്ധ്യത്വവും പ്രായാധിക്യവും തുടർന്നു വിവരിക്കാൻ പോകുന്ന സന്താന ഭാഗ്യത്തെ ദൈവത്തിന്റെ അത്ഭുതകരമായ പ്രത്യേക ദാനമായി അവതരിപ്പിക്കുന്നതോടൊപ്പം എലിസബത്തിനെ സാറാ, റബേക്ക, ഹന്നാ തുടങ്ങിയ പൂർവ്വ മാതാക്കളുടെ നിരയിലേക്ക് ഉയർത്തുകയും ചെയ്യുന്നു.

ദേവാലയത്തിൽ, ബലിയർപ്പണസമയത്തുണ്ടായ ദൈവദൂത ദർശനത്തിലൂടെ ലഭിച്ച സദ്വാർത്ത വിശ്വസിക്കാൻ പുരോഹിതനായ സഖറിയായ്ക്കു കഴിഞ്ഞില്ല. “ഞാൻ ഇത് എങ്ങിനെ അറിയും? ഞാൻ വൃദ്ധനാണ്, എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്” (ലൂക്കാ 1,18) എന്ന ചോദ്യത്തിലൂടെ സഖറിയാ തന്റെ വിശ്വാസരാഹിത്യം പ്രകടമാക്കി; മാത്രമല്ല, പരോക്ഷമായി ഒരടയാളം ആവശ്യപ്പെടുകയും ചെയ്തു. ഒരു ശിശുവിനുവേണ്ടി അയാൾ നിരന്തരം പ്രാർത്ഥിച്ചുവെങ്കിലും (“സഖറിയാ ഭയപ്പെടേണ്ട. നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു" ലൂക്കാ 1,13) പ്രാർത്ഥന ദൈവം കേട്ടു എന്ന് വിശ്വസിക്കാൻ കഴിയാതെ പോയ പുരോഹിതൻ വെറും യാന്ത്രികവും വിശ്വാസരഹിതവുമായ പ്രാർത്ഥനയുടെ മാതൃകയായിത്തീരുന്നു.

എന്നാൽ എലിസബത്തിന്റെ കാര്യം വ്യത്യസ്തമാണ്. അവൾക്കു ദൈവദൂതദർശനമുണ്ടായില്ല; അരുളപ്പാടുകൾ ലഭിച്ചതുമില്ല. പക്ഷേ ദൈവത്തിന്റെ ഇടപെടലുകൾ തിരിച്ചറിയാനും വിശ്വസിക്കാനും അവൾ സന്നദ്ധയായിരുന്നു. വന്ധ്യയായ തനിക്കു വാർദ്ധക്യത്തിൽ ലഭിച്ച സന്താനഭാഗ്യത്തെ ദൈവത്തിന്റെ കരുണാർദ്ര ദാനമായി അവൾ ഏറ്റുപറഞ്ഞു. തന്നെ സന്ദർശിക്കാൻ എത്തിയ ബന്ധുവായ മറിയത്തിൽ കർത്താവിന്റെ അമ്മയെ കണ്ടെത്താനും ദൈവാത്മാവിനാൽ നിറഞ്ഞ്, രക്ഷകനെ തിരച്ചറിഞ്ഞ് ഏറ്റുപറയാനും അവൾക്കു കഴിഞ്ഞു.

മക്കളിലൂടെയാണ് വ്യക്തികളുടെ ജീവിതം തുടരുന്നതും പേരു നിലനില്ക്കുന്നതും എന്നു വിശ്വസിച്ചിരുന്ന യഹൂദർക്കിടയിൽ വന്ധ്യത്വം വലിയൊരു ശാപമായി പരിഗണിക്കപ്പെട്ടിരുന്നു. മക്കളുണ്ടാവാത്തതിനു കാരണം സ്ത്രീയുടെ മാത്രം കഴിവുകേടാണെന്നു കരുതിയിരുന്ന സമൂഹത്തിൽ വന്ധ്യകൾ വലിയ പരിഹാസത്തിനും അവഗണനയ്ക്കും അവഹേളനത്തിനും ഇരയായിത്തീർന്നിരുന്നു. ഇതെല്ലാം ഏറ്റുവാങ്ങി, തകർന്ന ഹൃദയത്തിൽ ദുഃഖമെല്ലാമൊതുക്കി, നിശബ്ദയായി കഴിഞ്ഞിരുന്ന എലിസബത്തിന് താൻ ഗർഭിണിയായിരിക്കുന്നു എന്ന അറിവ് നല്കിയ ആനന്ദത്തിനതിരില്ല. ആഹ്ളാദം അണപൊട്ടിയൊഴുകിയത് ദൈവസ്തുതിയായിട്ടാണ്.. “മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ കർത്താവ് എന്നെ കടാക്ഷിച്ച്, എനിക്കിതു ചെയ്തുതന്നിരിക്കുന്നു” (ലൂക്കാ 1,25). ആഴമേറിയ വിശ്വാസവും അതിരില്ലാത്ത നന്ദിയും പ്രകടമാക്കുന്ന ഈ കൊച്ചു ഗാനമാണ് സുവിശേഷത്തിലെ ആദ്യത്തെ സ്തോത്രഗീതം.

മിശിഹായെ ഉദരത്തിൽ വഹിക്കുന്ന മറിയത്തിന്റെ സന്ദർശനമാണ് എലിസബത്തിന്റെ വ്യക്തിമാഹാത്മ്യം പ്രകടമാക്കുന്ന അടുത്ത രംഗം. എലിസബത്തും മറിയവും ചാർച്ചക്കാരായിരുന്നു എന്നല്ലാതെ ആ ബന്ധം എന്തായിരുന്നുവെന്ന് സുവിശേഷകൻ വ്യക്തമാക്കുന്നില്ല. എലിസബത്ത് മറിയത്തിന്റെ ഇളയമ്മയായിരുന്നു എന്നത് പില്കാലത്തെ സഭാപാരമ്പര്യമാണ്. “തന്റെ ഇളയമ്മയായ ഏലീശ്വായെ സന്ദർശിച്ച് മൂന്നുമാസം അവർക്കു ശുശ്രൂഷ ചെയ്തു” എന്ന് ജപമാലയുടെ സന്തോഷകരമായ രണ്ടാം രഹസ്യത്തിൽ നാം ധ്യാനിക്കാറുണ്ട്. എന്നാൽ “സുൻഗെനിസ്" (sungenis) എന്ന ഗ്രീക്കു വാക്കിന് ബന്ധു, ചാർച്ചക്കാരി - relative, kinswoman എന്നൊക്കെയേ അർത്ഥമുള്ളൂ.

ശുശ്രൂഷചെയ്യാൻ വേണ്ടിയാണ് മറിയം പോയത് എന്നത് ഒരു വ്യാഖ്യാനമാണ്. എന്നാൽ എന്തായിരുന്നു ആ ശുശ്രൂഷ? നസ്രത്തിൽനിന്ന് ഏകദേശം 130 കിലോമീറ്റർ തെക്കാണ് എലിസബത്തിന്റെ ഗ്രാമമായ അയിൻകരിം. ഇത്രദൂരം യാത്ര ചെയ്തുവന്നത് ഗർഭിണിയായ ബന്ധുവിന് ഏതെങ്കിലും തരത്തിലുള്ള ശാരീരികശുശ്രൂഷ ചെയ്യാൻ വേണ്ടിയായിരുന്നു എന്നു കരുതാൻ ന്യായം പോരാ. ആവശ്യത്തിനു വേലക്കാരും ബന്ധുക്കളുമുള്ള അവൾക്ക് ഇപ്രകാരമൊരു ശുശ്രൂഷയുടെ ആവശ്യവും കുറവാണ്, അതിനെക്കുറിച്ച് സുവിശേഷകൻ ഒന്നും പറയുന്നുമില്ല.

“മറിയം അവളോടുകൂടെ മൂന്നുമാസം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി” (ലൂക്കാ 1,56) എന്നു പറഞ്ഞു നിർത്തിയതിനുശേഷമാണ് എലിസബത്തിന്റെ പ്രസവത്തെയും ശിശുവിന്റെ നാമകരണത്തെയും കുറിച്ച് പ്രതിപാദിക്കുന്നത്. ഒരാളെക്കുറിച്ച് പറയാനുള്ളതെല്ലാം ഒരുമിച്ചു പറയുക എന്ന ലൂക്കായുടെ തനതായ പ്രതിപാദന രീതിയാവാം ഈ വിവരണത്തിനു കാരണം; ശിശുവിന്റെ ജനനത്തിനു മുമ്പേ മറിയം തിരിച്ചുപോയി എന്നു കരുതണമെന്നില്ല; യേശുവിന്റെ സ്നാനത്തിനുമുമ്പേ സ്നാപകനെ ബന്ധനസ്ഥനാക്കിയതിന്റെ വിവരണം നല്കുന്നതുപോലെ (ലൂക്കാ 3, 19-20) ഇതിനെയും കാണാനാവും. എന്നാലും മറിയത്തിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം മറ്റെന്തോ ആയിരുന്നു എന്ന അനുമാനത്തിലേക്കാണ് ഈ പ്രതിപാദനരീതി നയിക്കുന്നത്.

ദൈവപുത്രന്റെ അമ്മയാകാൻ ദൂതനിലൂടെ ലഭിച്ച ക്ഷണത്തിനു സമ്മതം നല്കിയ മറിയം ദീർഘദൂര യാത്രചെയ്ത് ബന്ധുവീട്ടിലെത്തിയത് ഒരു പക്ഷേ അല്പം ഏകാന്തതയും സംരക്ഷണവും പ്രതീക്ഷിച്ചാകാം. തികച്ചും അസാധാരണവും അസംഭവ്യവുമായ ഒരു കാര്യമാണ് ഗബ്രിയേൽ ദൂതൻ മറിയത്തെ അറിയിച്ചത്. കന്യാജനനം എന്നൊരു പ്രവചനം (ഏശ 7, 14) പരിചിതമാണെങ്കിലും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന താൻ വരനറിയാതെ ഗർഭിണിയായാൽ സംഭവിക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അജ്ഞയല്ല ആ യഹൂദ കന്യക. തനിക്കു സംഭവിച്ചിരിക്കുന്ന കാര്യങ്ങൾ ഈ ലോകത്തിൽ ആർക്കെങ്കിലും മനസ്സിലാക്കാൻ കഴിയുമെങ്കിൽ അത് ദൂതൻ തന്നെ അടയാളമായി നല്കിയ എലിസബത്തിനായിരിക്കും എന്ന് അവൾ ന്യായമായും അനുമാനിച്ചു കാണും. അടയാളം കണ്ട് വിശ്വാസം സ്ഥിരപ്പെടുത്തുക എന്നതിനേക്കാൾ, തന്നെ മനസ്സിലാക്കാനും വേണ്ട നിർദ്ദേശങ്ങളും സംരക്ഷണവും നല്കാനും കഴിവുള്ള ഏകവ്യക്തിയായ എലിസബത്തിന്റെ കൂടെ ഗർഭധാരണത്തിന്റെ ആദ്യഘട്ടമെങ്കിലും ചിലവഴിക്കാനാണ് മറിയം തീരുമാനിച്ചത്. അത് എലിസബത്തിനുവേണ്ടി എന്നതിനേക്കാൾ തനിക്കുതന്നെ വേണ്ടി ആയിരിക്കാനും സാധ്യതയുണ്ട്. എന്നാൽ സംഭവിച്ചത് അതിനേക്കാൾ ഏറെ വലിയ കാര്യങ്ങളാണ്. മറിയത്തിന്റെ ശുശ്രൂഷ യഥാർത്ഥത്തിൽ വചന ശുശ്രൂഷയായിരുന്നുവെന്ന് സുവിശേഷകൻ വിശദീകരിക്കുന്നു.

രണ്ടുകാര്യങ്ങളാണ് മറിയത്തിന്റെ സന്ദർശനം വഴി ആദ്യമേ സംഭവിക്കുന്നത്. “മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞവളായി" (ലൂക്കാ 1,41). നസ്രത്തെന്ന അജ്ഞാത ഗ്രാമത്തിൽനിന്ന് തന്നെ കാണാനെത്തിയ ബന്ധുവായ ആ യുവകന്യകയിൽ ദൈവത്തിന്റെ പ്രത്യേക സാന്നിധ്യം തിരിച്ചറിയാൻ എലിസബത്തിനു കഴിഞ്ഞു. മറിയത്തിന്റെ മകനിൽ ലോകരക്ഷകനായ കർത്താവിനെ തിരിച്ചറിയാനും ഏറ്റുപറയാനും വരം ലഭിച്ച ആദ്യവ്യക്തിയാണ് എലിസബത്ത്.

മാതാവിന്റെ ഉദരത്തിലായിരിക്കുമ്പോൾതന്നെ ശിശു പരിശുദ്ധാത്മാവിനാൽ നിറയും (ലൂക്കാ 1,15) എന്ന ദൂതന്റെ പ്രവചനം ഇവിടെ പൂർത്തിയായി. ആത്മാഭിഷേകം സ്വീകരിച്ചതിലുള്ള ആഹാരത്തിന്റെ അടയാളമായി ശിശുവിന്റെ കുതിച്ചുചാട്ടത്തെ മനസ്സിലാക്കാനാവും. അജാതശിശു മാത്രമല്ല, അമ്മയും ആത്മാവിനാൽ നിറഞ്ഞു. തന്റെ പിന്നാലെ വരുന്നവൻ ആത്മാഭിഷേകം നല്കും എന്ന് പിന്നീട് പ്രഘോഷിച്ച സ്നാപകന്റെ വചനങ്ങൾ (ലൂക്കാ 3,16) ഇവിടെ മുൻകൂറായി നിറവേറുന്നു. മറിയത്തിന്റെ ഗർഭസ്ഥശിശുവായ യേശുവിന്റെ സാന്നിധ്യമാണ് എലിസബത്തും ശിശുവും ആത്മാവിനാൽ നിറയാൻ കാരണമായത്. മറിയത്തിന്റെ വചനങ്ങൾ അതിനു വഴിയൊരുക്കി. കല്പലകളിലെഴുതിയ പഴയ ഉടമ്പനടിയിൽനിന്ന് ഹൃദയഫലകങ്ങളിൽ രേഖപ്പെടുത്തിയ പുതിയ ഉടമ്പടിയിലേക്കു നയിക്കുന്ന പാലമായി, ആത്മാഭിഷേകം സ്വീകരിച്ച എലിസബത്തും ശിശുവും നിലകൊള്ളുന്നു.

ആത്മാവിനാൽ നിറഞ്ഞ എലിസബത്ത് പ്രവാചികയായി, ഉച്ച സ്വരത്തിൽ വിളിച്ചു പറഞ്ഞു: “നീ സ്ത്രീകളിൽ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം” (ലൂക്കാ 1,42). പരിശുദ്ധകന്യകാമറിയത്തെ പുകഴ്ത്തിക്കൊണ്ട് ദൈവത്തെ സ്തുതിക്കാനായി ക്രിസ്തു വിശ്വാസികൾ നിരന്തരം ഉരുവിടാറുള്ള “നന്മനിറഞ്ഞ മറിയമേ" എന്ന പ്രാർത്ഥനയുടെ രണ്ടാം പകുതിയാണിത്. ദൈവാത്മാവിനാൽ പ്രചോദിതയായ എലിസബത്താണ് ഈ പ്രാർത്ഥനയുടെ പ്രണേതാക്കളിൽ ഒരാൾ. പ്രാർത്ഥനയുടെ ആദ്യഭാഗം ദൈവദൂതന്റെ തന്നെ വാക്കുകളാണ്. സ്ത്രീകളിൽ അനുഗൃഹീത - ദൈവത്തിന്റെ പ്രത്യേകമായ കൃപാകടാക്ഷത്താൽ മറ്റെല്ലാ സ്ത്രീകളെയുംകാൾ ഔന്നിത്യത്തിലേക്കു ഊർത്തപ്പെട്ടവളാണ് തന്റെ മുമ്പിൽ യൗവനത്തിലേക്കു കാലൂന്നിനില്ക്കുന്ന ഈ ഗ്രാമീണ കന്യക എന്ന് എലിസബത്ത് ഏറ്റുപറഞ്ഞു. അവളുടെ ഉദരഫലം എന്ന മനോഹരമായ ആലങ്കാരിക പ്രയോഗത്തിലൂടെ വിശേഷിപ്പിക്കുന്നത് സഹസ്രാബ്ദങ്ങളായി ലോകജനതകൾ മുഴുവൻ പ്രതീക്ഷിച്ചിരുന്ന രക്ഷകനും കർത്താവുമാണ് എന്ന് അവൾ തുടർന്ന് വ്യക്തമാക്കി.

“എന്റെ കർത്താവിന്റെ അമ്മ" എന്ന പദപ്രയോഗത്തിലൂടെ ക്രൈസ്തവവിശ്വാസത്തിന്റെ മറ്റൊരു സത്യം എലിസബത്ത് എടുത്തു പറയുന്നു. ഗർഭധാരണത്തിന്റെ ആദ്യദിവസങ്ങളിലാണ് മറിയം എലിസബത്തിനെ സന്ദർശിക്കുന്നത്. അവളുടെ ഉദരത്തിൽ ഭ്രൂണാവസ്ഥയിൽ വളർന്നു വികസിച്ചുകൊണ്ടിരിക്കുന്ന ശിശുവിന്റെ സാന്നിധ്യം തിരിച്ചറിയുക മാത്രമല്ല, ആ ശിശു രക്ഷകനും കർത്താവുമായ ദൈവപുത്രനാണെന്ന് അവൾ ഏറ്റു പറയുകയും ചെയ്യുന്നു. പിന്നീട് ഏറെ വിവാദങ്ങൾക്കുശേഷം 431 ൽ എഫേസൂസ് സൂനഹദോസ് മറിയത്തെ ദൈവമാതാവായി (theotokos) പ്രഖ്യാപിച്ചപ്പോൾ എലിസബത്തിന്റെ ഈ വിശ്വാസപ്രഖ്യാപനത്തെ സ്ഥിരീകരിക്കുക മാത്രമാണ് ചെയ്തത്.

മറിയത്തെ സംബന്ധിച്ച സുപ്രധാനമായ രണ്ടു സത്യങ്ങളാണ് എലിസബത്തിന്റെ കീർത്തനത്തിൽ തെളിഞ്ഞു നില്ക്കുന്നത്. 1. മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ അമ്മ എന്ന നിലയിൽ അവൾ ദൈവമാതാവാണ്; കർത്താവിന്റെ അമ്മയാണ്. 2. അവൾ വിശ്വാസത്തിന്റെ മകുടവും വിശ്വാസികൾക്കു മാതൃകയുമാണ്. “കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി" (ലൂക്കാ 1,45). മറിയം ദൈവത്തിനു നല്കിയ മറുപടിയുടെ രത്നചുരുക്കമാണിത്. അവളുടെ വ്യക്തിത്വത്തിന്റെ തനിമയും ഭാഗ്യത്തിന്റെ യഥാർത്ഥ നിദാനവും ഇവിടെ വ്യക്തമാക്കപ്പെടുന്നു. മിശിഹായുടെ അമ്മയാവുക എന്നത് ദൈവം നല്കിയ ഏറ്റം വലിയ ദാനമാണ്. അതിനു മറിയം നല്കിയ മറുപടിയാകട്ടെ സകലർക്കും അനുകരണാർഹമായ മാതൃകയും. ആരാണ് തന്റെ അമ്മ, എന്താണ് അവളുടെ മഹത്വം എന്ന് പിന്നീട് യേശു തന്നെ വ്യക്തമാക്കുമ്പോൾ (ലൂക്കാ 8,21; 11,28) എലിസബത്തിന്റെ ഈ വാക്കുകൾ കടം വാങ്ങുന്നതായി തോന്നും.

മറിയത്തിന്റെ സ്തോത്രഗീതം എന്ന പേരിൽ അറിയപ്പെടുന്ന കീർത്തനം ചില പുരാതന കയ്യെഴുത്തു പ്രതികളിൽ എലിസബത്ത് ആലപിച്ച സ്തുതിഗീതമായി അവതരിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അതിന് കൂടുതൽ സാധ്യതയുള്ളതായി കരുതുന്ന വ്യാഖ്യാതാക്കളുണ്ട്. ലൂക്കാ 1,46ൽ മറ്റു യാതൊരു മുഖവുരയുമില്ലാതെ "മറിയം പറഞ്ഞു” എന്ന രണ്ടു വാക്കുകൾ മാത്രം ഇടയിൽ തിരുകിയ രീതിയിലാണ് ഇന്നു കീർത്തനം അവതരിപ്പിച്ചിരിക്കുന്നത്. ആരംഭം മുതലേ മറിയത്തിന്റെ കീർത്തനമായിരുന്നുവെങ്കിൽ എന്തുകൊണ്ട് ചില പുരാതന കയ്യെഴുത്തു പ്രതികൾ അതിനെ എലിസബത്തിന്റെ കീർത്തനമായി ചിത്രീകരിച്ചു എന്ന് വിശദീകരിക്കുക എളുപ്പമല്ല. വന്ധ്യയും വൃദ്ധയുമായ എലിസബത്തിന്റെ അധരങ്ങളിൽ ഹന്നായുടേതിനു സമാനമായ (1 സാമു 2,1-10) ഈ കീർത്തനം കൂടുതൽ അർത്ഥവത്തായി കരുതപ്പെടാം. ലൂക്കാ 1,55 ൽ മറിയം എന്ന പേര് വീണ്ടും എടുത്തു പറയുന്നതും കീർത്തനം എലിസബത്തിന്റേതായിരുന്നു എന്നതിനു തെളിവായി എടുത്തു കാട്ടാറുണ്ട്. എന്നാലും ഇത് ചില വ്യാഖ്യാതാക്കളുടെ അടിസ്ഥാനരഹിതമായ അഭ്യൂഹമായിട്ടാണ് ഭൂരിഭാഗം പണ്ഡിതരും വിലയിരുത്തുന്നത്. തന്നെയുമല്ല, ഈ കീർത്തനം പഴയനിയമത്തിലെ പല കീർത്തനങ്ങളുടെയും ആശയങ്ങളും വാക്കുകളും സംഗ്രഹിച്ച് ആദിമ ക്രൈസ്തവ സമൂഹം നിർമ്മിച്ച ഒരു ആരാധനാ കീർത്തനമാണെന്ന അഭിപ്രായവും നിലവിലുണ്ട്. അന്തിമതീരുമാനം എന്തായാലും എലിസബത്തിന്റെ മനോഭാവവും വിശ്വാസാനുഭവവും പ്രകടമാക്കാൻ പര്യാപ്തമാണ് “മാഗ്നിഫിക്കാത്ത്" എന്ന പേരിൽ അറിയപ്പെടുന്ന സ്തോത്രഗീതം (ലൂക്കാ 1,46-55).

മകന്റെ നാമകരണവുമായി ബന്ധപ്പെട്ടാണ് എലിസബത്ത് സുവിശേഷത്തിൽ അവസാനമായി പ്രത്യക്ഷപ്പെടുന്നത് (ലൂക്കാ 1,57-66). ദൈവിക പരിപാലനയുടെ പ്രത്യക്ഷ അടയാളമായി ജനിച്ച ശിശുവിന് പിതാവിന്റെ പേരു തന്നെ നല്കാൻ ബന്ധുക്കൾ ഒരുങ്ങിയപ്പോൾ, പതിവിനു വിരുദ്ധമായി "യോഹന്നാൻ' എന്ന പേരു നല്കണമെന്ന് അമ്മയാണ് പറഞ്ഞത്. പിതാവാണ് സാധാരണ ശിശുവിനു പേരിടുക. എന്നാൽ ഇവിടെ സഖറിയാ തന്റെ അവിശ്വാസം മൂലം മൂകനായി നില്ക്കുന്നു. പിതാവിന്റെ അവകാശം മാതാവിലേക്കു മാറ്റപ്പെട്ടതുപോലെ തോന്നും. ദൈവദൂതദർശനവും സന്ദേശവും കർത്താവിൽ നിന്നു ഗ്രഹിച്ചതിനാലാവാം എലിസബത്ത് ഇപ്രകാരം ഒരു തീരുമാനമെടുത്തത്. എന്നാൽ സുവിശേഷകൻ അതു പറയുന്നില്ല. വിവരണത്തിലുടനീളം അവിശ്വാസിയായ പുരോഹിത ഭർത്താവിനെക്കാൾ വിശ്വാസവും വിനയവും നിറഞ്ഞു നില്ക്കുന്ന ഭാര്യയ്ക്കാണ് സുവിശേഷകൻ കൂടുതൽ പ്രാധന്യം നല്കുന്നത്. ഭാര്യയുടെ വാക്കുകളെ സ്ഥിരീകരിക്കുക മാത്രമേ സഖറിയാ ചെയ്യുന്നുള്ളൂ. അതോടെ അയാളുടെ നാവിന്റെ കെട്ടുകൾ അഴിഞ്ഞു; അധരങ്ങളിൽ നിന്ന് ദൈവസ്തുതികൾ ഉതിർന്നു.

ഭർത്താവിന്റെ ബലഹീനതകളിലും സംശയങ്ങളിലും കൂടെ നിന്ന് ശക്തിയും ധൈര്യവും പകരുന്ന ഉത്തമയായ ഭാര്യയാണ് എലിസബത്ത്. ഗർഭസ്ഥശിശുവിന്റെ ചലനങ്ങളിൽ ദൈവാത്മാവിന്റെ നിമന്ത്രണങ്ങൾ ശ്രവിക്കാൻ ഹൃദയമൊരുക്കി കാത്തിരിക്കുന്ന മാതാവണവൾ. തന്നെ സന്ദർശിക്കാൻ വന്ന ബന്ധുവിന്റെ ഉൽക്കണ്ഠകളും ഭയങ്ങളും അകറ്റി സംരക്ഷണം നല്കുന്ന ഉത്തമ സുഹൃത്തും ഇളയമ്മയുമാണ് എലിസബത്ത്. മറിയം എലിസബത്തിനു ശുശ്രൂഷ ചെയ്തു എന്നതിനേക്കാൾ തന്റെ ഇളയമ്മയിൽ സുരക്ഷിതത്വവും ഗർഭത്തിന്റെ ആദ്യമാസങ്ങളിൽ ശരീരത്തിനും മനസ്സിനും ആവശ്യമായ സംരക്ഷണവും കണ്ടെത്തി എന്നു പറയുന്നതല്ലേ കൂടുതൽ ശരി?

രക്ഷകന്റെ മുന്നോടിയാകാൻ വിളിക്കപ്പെട്ട സ്നാപകൻ വളർന്ന് എലിസബത്തിന്റെ സംരക്ഷണയിലാണ്; അഭ്യസിച്ചത് അവളുടെ പാഠശാലയിലാണ്. അവളുടെ ഉദരത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവിനാൽ അഭിഷിക്തനായി മുലപ്പാലിനോടൊപ്പം അടിപതറാത്ത വിശ്വാസവും ഒരിക്കലും അസ്തമിക്കാത്ത പ്രത്യാശയും ദൈവപരിപാലനയിലുള്ള ആശ്രയബോധവും അവൻ അമ്മയിൽ നിന്ന് സ്വാംശീകരിച്ചു. “ശിശു വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു. ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവൻ മരുഭൂമിയിലായിരുന്നു” (ലൂക്കാ 1,80). ലോകം കണ്ട ഏറ്റം വലിയ പ്രവാചകൻ എന്ന് യേശു തന്നെ വിശേഷിപ്പിച്ച (ലൂക്കാ 7,26, 28) തന്റെ മകൻ താപസജീവിതത്തിനായി മരുഭൂമിയിലേക്കു പോകുന്നതിന് അമ്മ തടസ്സം നിന്നില്ല. യോഹന്നാന്റെ ജനനത്തോടെ എലിസബത്ത് രംഗത്തുനിന്ന് അപ്രത്യക്ഷമാകുന്നു. യേശുവിനെ ജനമധ്യത്തിൽ അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ സ്നാപ്കൻ നിഷ്ക്രമിച്ചതുപോലെ ഏല്പിക്കപ്പെട്ട ദൗത്യം പൂർണ്ണ വിശ്വസ്തതയോടെ നിർവ്വഹിച്ചതിനുശേഷം അരങ്ങുവിടുന്ന എലിസബത്ത് എന്നും ഒരു വലിയ മാതൃകയാണ്.

ആത്മാവിനാൽ പൂരിത - എലിസബത്ത് എലിസബത്ത് സഖറിയായുടെ ഭാര്യ അഹറോന്റെ പുത്രി ഏലീശ്വാ ഏലിശ്ബാ ഏലിഷേബാ മാഗ്നിഫിക്കാത്ത് Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message