We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 10-Feb-2021
യഹൂദരുടെ തിരുനാളുകളും ബലികളും
ഒരു സമുദായത്തിന്‍റെയോ ദേശത്തിന്‍റെയോ പൊതുവായ ആഘോഷദിനങ്ങളെയാണ് വി. ഗ്രന്ഥത്തില്‍ തിരുനാളുകള്‍ എന്നു വിളിക്കുന്നത്. ഹീബ്രുഭാഷയിലെ മൊവെദ് (Moed), ഹാഗ് (Hag)എന്നീ പദങ്ങളാണ് മലയാളത്തില്‍ 'തിരുനാളുകള്‍' എന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത്.
തിരുനാളുകള്‍
പഴയനിയമത്തിലെ തിരുനാളുകള്‍
ഇസ്രായേല്‍ക്കാരുടെ തിരുനാളുകളെ പൊതുവേ നാലായി തരംതിരിക്കാം.(1) ആഴ്ചയിലൊരിക്കല്‍ ആഘോഷിക്കുന്നത് (2) മാസത്തിലൊരിക്കല്‍ ആഘോഷിക്കുന്നത്(3) വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്നത് (4) പ്രത്യേക അവസരങ്ങളില്‍ ആഘോഷിക്കുന്നത്.
1 ആഴ്ചയില്‍ ഒരിക്കല്‍ ആഘോഷിക്കുന്നത് - സാബത്ത്
സാബത്ത് എന്ന വാക്കിന് വിശ്രമം എന്നാണര്‍ത്ഥം. സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി ഏഴാംദിവസം ദൈവം വിശ്രമിച്ചതിനെ അനുസ്മരിക്കാനാണ് സാബത്താചരിച്ചിരുന്നത് (cfr. ഉല്‍പ 2:1-3). എന്നാല്‍ പുറപ്പാട് സംഭവം നടക്കുന്നതുവരെ ഇസ്രായേല്‍ക്കാര്‍ സാബത്താചരിച്ചിരുന്നില്ല (cfr. പുറ 16:23f).തിരുനാളുകളുടെ ഗണത്തിലാണ് ലേവ്യരുടെ പുസ്തകം സാബത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത് (ലേവ്യ 23:1-11). കാലക്രമത്തില്‍ ഇസ്രായേലിനെ ദൈവം ഈജിപ്തില്‍നിന്നും മോചിപ്പിച്ചതിന്‍റെ അനുസ്മരണം എന്ന നിലയിലും സാബത്താചരിച്ചു തുടങ്ങി (നിയ 5:12-15). ഇസ്രായേലും ദൈവവും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ അടയാളമായിരുന്നു സാബത്ത് (പുറ 31:17; എസെ 20:12,20)
2 മാസത്തിലൊരിക്കല്‍ ആഘോഷിക്കുന്നത് - അമാവാസി
മാസാരംഭത്തിലാണ് ഈ തിരുനാള്‍ കൊണ്ടാടിയിരുന്നത്. അന്നേദിവസം പ്രത്യേകബലികളും കാഴ്ചകളും സമര്‍പ്പിക്കേണ്ടതുണ്ട് (സംഖ്യ 28:11-15; എസ്രാ 3:5). അമാവാസി ദിനത്തില്‍ ജനങ്ങള്‍ കാഹളങ്ങള്‍ മുഴക്കിയിരുന്നു (സംഖ്യ 10:10; സങ്കീ 81:3). ദാവീദിന്‍റെ കാലത്ത് ലേവ്യരുടെ ജോലി നിര്‍ണ്ണയിച്ചപ്പോള്‍ അമാവാസി ദിനത്തില്‍ ശുശ്രൂഷ ചെയ്യാന്‍ പ്രത്യേകം ലേവായരെ നിയമിച്ചിരുന്നു (1 ദിന 23:31). നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടില്ലെങ്കിലും അമാവാസിനാളില്‍ യഹൂദര്‍ സാധാരണയായി ജോലി ചെയ്തിരുന്നില്ല (ആമോ 8:5). കാലാന്തരത്തില്‍ അമാവാസിയാഘോഷത്തിലും അനാചാരങ്ങള്‍ കടന്നുകൂടി. ഏശയ്യാ ഇതിനെതിരേ ആഞ്ഞടിക്കുന്നുണ്ട് (ഏശ 1:13,14). പ്രവാസത്തെത്തുടര്‍ന്ന് അമാവാസി ആഘോഷം താത്കാലികമായി നിന്നുപോയെങ്കിലും ഇത് പുനഃസ്ഥാപിക്കപ്പെട്ടു (നെഹെ 10:33). എസെക്കിയേലിന്‍റെ ദേവാലയദര്‍ശനത്തിലും (എസെ 45:17) പുതിയ ആകാശത്തെയും പുതിയ ഭൂമിയെയുംപറ്റി പ്രതിപാദിക്കുന്ന ഏശയ്യായുടെ ദര്‍ശനത്തിലും (ഏശ 66:22-23) ഈ തിരുനാളിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പൗലോസിന്‍റെ വീക്ഷണത്തില്‍ അമാവാസിയും സാബത്തുമൊക്കെ വരാനിരുന്ന നന്മയുടെ നിഴലുകള്‍ മാത്രമായിരുന്നു (കൊളോ 2:16).
3 വാര്‍ഷികത്തിരുനാളുകള്‍
യഹൂദരുടെ ഉത്സവദിനങ്ങളായിട്ടാണ് വാര്‍ഷികത്തിരുനാളുകള്‍ പരിഗണിക്കപ്പെട്ടിരുന്നത്. വാര്‍ഷികത്തിരുനാളുകളെ കര്‍ത്താവിന്‍റെ തിരുനാളുകള്‍ എന്നാണ് വിളിച്ചിരുന്നത് (cfr. പുറ 12:14; ലേവ്യ 23 :39,41). ഈ തിരുനാള്‍ ദിനങ്ങളില്‍ പ്രത്യേകബലികളും കാഴ്ചകളും കര്‍ത്താവിന് സമര്‍പ്പിക്കണമെന്ന് നിയമമുണ്ടായിരുന്നു. ഇസ്രായേല്‍ക്കാരുടെ ഇടയില്‍ നിലവിലിരുന്ന വാര്‍ഷികത്തിരുനാളുകള്‍ ചുവടെചേര്‍ക്കുന്നു.
അബീബ് (നിയ 16:1) എന്നും നീസാന്‍ (നെഹെ 2: 1 എസ്തേ 3:7) എന്നും അറിയപ്പെട്ടിരുന്ന ഒന്നാം മാസമാണ് പെസഹാ ആചരിച്ചിരുന്നത്.പ്രസ്തുത മാസത്തിന്‍റെ 14-ാം ദിവസം വൈകുന്നേരമാണ് പെസഹാ ഭക്ഷണം (ലേവ്യ 23:5). പെസഹാ ഭക്ഷണത്തിനുള്ള കുഞ്ഞാടിനെ നാലുദിവസം മുമ്പുതന്നെ (പത്താം തീയതി) തെരഞ്ഞെടുക്കണമായിരുന്നു (പുറ 12:3). പതിനാലാം തീയതി സൂര്യാസ്തമയസമയത്താണ് കുഞ്ഞാടിനെ ബലിയര്‍പ്പിക്കേണ്ടത്. കുഞ്ഞാടിന്‍റെരക്തം വീടിന്‍റെ വാതില്‍പ്പടിയിന്മേലും കട്ടിളക്കാലിന്മേലും തളിക്കണം (പുറ 12:7,22). കുഞ്ഞാടിനെ കൊല്ലുമ്പോള്‍ അതിന്‍റെ അസ്ഥികള്‍ ഒടിക്കരുതെന്ന് നിയമമുണ്ടായിരുന്നു (പുറ 12:46). അതിന്‍റെ മാംസം വേവിച്ച് (പുറ 12:9; 2 ദിന 35:13; നിയ 16:7). കയ്പുള്ള ഇലകളും പുളിപ്പില്ലാത്ത അപ്പവും കൂട്ടി ഭക്ഷിക്കണം (പുറ 12:8). ഭവനത്തിലുള്ള പരിച്ഛേദിതരായ എല്ലാ അംഗങ്ങളോടുമൊത്ത് തിടുക്കത്തിലാണ് പെസഹാ ഭക്ഷിക്കേണ്ടത് (പുറ 12:11).
പെസഹാ ഭക്ഷണത്തിന്‍റെ പിറ്റേന്നാണ് പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍ ആരംഭിക്കുന്നത്. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഈ തിരുനാള്‍ക്കാലത്ത് (haghamasot) പുളിപ്പില്ലാത്ത മാവുകൊണ്ടുണ്ടാക്കിയ ഭക്ഷണം മാത്രമാണ് യഹൂദര്‍ ഭക്ഷിച്ചിരുന്നത് (പുറ 34:18,19; ലേവ്യ 23:6). ഈ ഏഴുദിവസങ്ങളെ "പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍ ദിവസങ്ങള്‍" എന്നാണ് പുതിയ നിയമത്തില്‍ പരാമര്‍ശിക്കുന്നത് (ലുക്കാ 22:1). പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളിലെ ഒന്നാംദിവസവും ഏഴാംദിവസവും എല്ലാവിധത്തിലുള്ള ദാസ്യവേലകളും നിരോധിക്കപ്പെട്ടിരുന്നു. കാലക്രമത്തില്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍ അടക്കമുള്ള ദിനങ്ങളെ പെസഹാ എന്നുവിളിച്ചുതുടങ്ങി. എന്നാല്‍ ആദിമകാലത്ത് പെസഹാത്തിരുനാളും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളും വ്യത്യസ്ത തിരുനാളുകളായിട്ടാണ് ആഘോഷിച്ചിരുന്നത്.
ഈ രണ്ടു തിരുനാളുകളും വ്യത്യസ്ത പാരമ്പര്യങ്ങളില്‍ നിന്നായി ഇസ്രായേല്‍ക്കാര്‍ കടമെടുത്ത ആഘോഷങ്ങളാണെന്നു വാദിക്കുന്ന പണ്ഡിതന്മാരുണ്ട്. 'പെസഹാ' എന്നത് നാടോടികളായി കഴിഞ്ഞിരുന്ന ആട്ടിടയന്മാരുടെ ഇടയില്‍ നിലവിലുണ്ടായിരുന്ന ആഘോഷമായിരുന്നത്രേ. ഈ ഇടയന്മാര്‍ ഒരു മേച്ചില്‍പ്പുറംവിട്ട് മറ്റൊന്നിലേക്കു പോകുന്ന അവസരത്തില്‍ ഒരു കുഞ്ഞാടിനെക്കൊന്ന് ആഘോഷപൂര്‍വ്വം ഭക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ഈ ആഘോഷത്തെ പെസഹാ എന്നാണ് അവര്‍ വിളിച്ചിരുന്നത്. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളാകട്ടെ, കാനാന്യകര്‍ഷകരുടെയിടയില്‍ നിലനിന്നിരുന്ന ഒരു ആഘോഷമായിരുന്നു. മാസോത്ത് (പുളിപ്പില്ലാത്ത അപ്പം എന്നര്‍ത്ഥം) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉത്സവം ബാര്‍ളിയുടെ വിളവെടുപ്പോടനുബന്ധിച്ചാണ് ആഘോഷിച്ചിരുന്നത്. ഈ രണ്ടു തിരുനാളുകളെ ഇസ്രായേല്‍ക്കാര്‍ രക്ഷാകരമായ അര്‍ത്ഥം നല്‍കി സംയോജിപ്പിച്ചതാണെന്ന് കരുതപ്പെടുന്നു. രാജഭരണത്തിന്‍റെ കാലംവരെ ഇവ രണ്ടും വ്യത്യസ്തതിരുനാളുകളായാണ് ആചരിക്കപ്പെട്ടിരുന്നത്. ഹെസെക്കിയ, ജോസിയാ എന്നീ രാജാക്കന്മാരുടെ കാലത്ത് വിപുലമായ ആഘോഷങ്ങളോടുകൂടിയാണു പെസഹാ ആചരിച്ചിരുന്നത് (2രാജാ 23:21-23; 2ദിന 30:1ff; 35:1-99).
പെസഹാത്തിരുനാളിനോടനുബന്ധിച്ച് യഹൂദര്‍ ജറുസലേം ദേവാലയത്തിലേക്കു തീര്‍ത്ഥാടനം നടത്തിയിരുന്നു. പുതിയനിയമകാലത്ത്, പെസഹായോടനുബന്ധിച്ച് നാനാദേശങ്ങളില്‍നിന്നുള്ള യഹൂദര്‍ ജറുസലേമിലെത്തിയിരുന്നു (യോഹ 12:20; Josephus, War Vi.ix.3). പെസഹാത്തിരുനാളോടനുബന്ധിച്ച് യേശുവും ജറുസലേമില്‍ പോയിരുന്നു (ലൂക്കാ 2:42; യോഹ 2:13; 6:4). ശിഷ്യന്മാരോടൊത്ത് യേശു കഴിച്ച അന്ത്യത്താഴം സമാന്തരസുവിശേഷകന്മാരുടെ വീക്ഷണമനുസരിച്ച് പെസഹാ ഭക്ഷണമായിരുന്നു. യേശു മരിച്ചത് പെസഹാക്കാലത്താണ് (യോഹ 13:1). പത്രോസിന്‍റെ കാരാഗൃഹവാസവും അത്ഭുതകരമായ രക്ഷപ്പെടലും പെസഹാക്കാലത്തായിരുന്നു (അപ്പ 12:3). യേശുവിനെ പെസഹാക്കുഞ്ഞാടായിട്ടാണ് പൗലോസ് ചിത്രീകരിക്കുന്നത് (1 കോറി 5:7).
ഇത് ഒരു വിളവെടുപ്പുത്സവമായിട്ടാണ് ആഘോഷിച്ചുതുടങ്ങിയതെങ്കിലും കാലക്രമത്തില്‍ ഇതിന് പുതിയ വിശദീകരണം നല്‍കപ്പെട്ടു. റബ്ബിമാരുടെ വ്യാഖ്യാനമനുസരിച്ച് സീനായ് മലയില്‍വച്ച് മോശയ്ക്കു കല്‍പ്പനകള്‍ നല്‍കിയതിന്‍റെ അനുസ്മരണാര്‍ത്ഥമാണ് ഈ തിരുനാള്‍ ആഘോഷിക്കുന്നത്.ഈ തിരുനാളിന്‍റെ ആഘോഷദിനത്തെക്കുറിച്ചു ഫരിസേയരും സദുക്കായരും തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ഫരിസേയരുടെ അഭിപ്രായത്തില്‍, പെസഹാത്തിരുനാളിന്‍റെ തൊട്ടടുത്ത ദിനം മുതല്‍ (cfr. ലേവ്യ 23) ഏഴ് ആഴ്ചകള്‍ക്കുശേഷം വരുന്ന ദിവസമാണ് പന്തക്കുസ്താതിരുനാള്‍ ആചരിക്കേണ്ടത്. ഈ വീക്ഷണമനുസരിച്ച് തിരുനാള്‍ ആഴ്ചയിലെ ഏതു ദിനത്തിലുമാകാം; അതായത് സാബത്തില്‍ വേണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, സദുക്കായരുടെ വീക്ഷണത്തില്‍ സാബത്തുദിനത്തില്‍ മാത്രമേ ഈ തിരുനാള്‍ ആചരിക്കാന്‍ പാടുള്ളൂ. പെസഹാത്തിരുനാള്‍ കഴിഞ്ഞുവരുന്ന സാബത്തുദിനം മുതലുള്ള ഏഴാഴ്ചകളാണ് അവര്‍ കണക്കു കൂട്ടിയിരുന്നത്.
പുതിയ നിയമത്തില്‍ അപ്പസ്തോലന്മാരുടെമേല്‍ പരിശുദ്ധാത്മാവ് എഴുന്നള്ളിവന്നതു പന്തക്കുസ്താദിനത്തിലാണ് (അപ്പ 2:1). സഭയുടെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നതും ഈ ദിനത്തിലാണ്. പന്തക്കുസ്താത്തിരുനാള്‍വരെ എഫേസോസില്‍ കഴിയാനുള്ള ആഗ്രഹം പൗലോസ് പ്രകടിപ്പിക്കുന്നുണ്ട് (1 കോറി 16:8). ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പൗലോസ് ജറുസലേമില്‍വച്ച് ഈ തിരുനാള്‍ ആഘോഷിച്ചതായി നടപടിപുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട് (അപ്പ 20:16).
ദാരിയൂസ് രണ്ടാമന്‍റെ കാലത്ത് പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയ യഹൂദര്‍ കൂടാരത്തിരുനാള്‍ ആഘോഷിച്ചിരുന്നു (എസ്രാ 3:4). ജോഷ്വയുടെ കാലം മുതല്‍ എസ്രായുടെ കാലംവരെ ഈ തിരുനാളാഘോഷം മുടങ്ങിക്കിടക്കുകയായിരുന്നു. നിയമഗ്രന്ഥങ്ങളില്‍ അനുശാസിച്ചിരുന്ന അതേ രീതിയില്‍തന്നെയാണ് എസ്രായുടെ കാലത്ത് ഈ തിരുനാള്‍ ആചരിച്ചിരുന്നത് (നെഹെ 8:13-18). കൂടാരത്തിരുനാളാഘോഷിക്കുവാനായി സകല ജനപദങ്ങളും ജറുസലേമില്‍ വന്നെത്തുന്ന ദിനങ്ങളെക്കുറിച്ച് സഖറിയാ പ്രവചിക്കുന്നുണ്ട് (സഖ 14:16-19).
കൂടാരത്തിരുനാളില്‍ പങ്കെടുക്കുവാനായി യേശു ജറുസലേമില്‍ പോയിരുന്നു (യോഹ 7:2, 8). ജോസേഫൂസിന്‍റെ അഭിപ്രായത്തില്‍ യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ടതും പരിശുദ്ധവുമായ തിരുനാളാണിത് (Anti.vlll iv .1). മിഷ്നായിലെയും ജോസേഫൂസിന്‍റെയും (Anti. lllX.4) വിവരണമനുസരിച്ച് കൂടാരത്തിനുള്ളില്‍ സീലോഹായിലെ നീരുറവയില്‍നിന്നുള്ള ജലം തര്‍പ്പണകര്‍മ്മത്തിനായി ദേവാലയത്തില്‍ കൊണ്ടുവന്നിരുന്നു. കൂടാരത്തിരുനാളില്‍ ജീവജലത്തെക്കുറിച്ചുള്ള യേശുവിന്‍റെ പ്രബോധനത്തിന്‍റെ (യോഹ 7:37-39) പശ്ചാത്തലം ഇതാണെന്ന് കരുതപ്പെടുന്നു.
ദേവാലയത്തിലെ വിശുദ്ധിയുടെ അതിവിശുദ്ധ സ്ഥലത്ത് പ്രധാനപുരോഹിതന്‍ പ്രവേശിക്കുന്ന ഏകദിനമാണിത്. ഇതിനായി പ്രധാനപുരോഹിതനും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും മാത്രമല്ല ഇസ്രായേല്‍ ജനം മുഴുവന്‍ അന്യോന്യം അനുരഞ്ജനപ്പെടേണ്ടതുണ്ടായിരുന്നു (ലേവ്യ 16). പാപപരിഹാരദിനം ഉപവാസദിനമായിട്ടാണ് ആചരിക്കപ്പെട്ടിരുന്നത്. യാഹ്വെയുടെ പരിശുദ്ധിയെയും ഇസ്രായേലിന്‍റെ പാപാവസ്ഥയെയും അനുസ്മരിക്കുന്ന ദിനമാണിത്. പതിനഞ്ചു ബലികള്‍ ഈ ദിവസം അര്‍പ്പിക്കപ്പെട്ടിരുന്നു. ഇതില്‍ പന്ത്രണ്ടെണ്ണം ദഹനബലികളും മൂന്നെണ്ണം പാപപരിഹാര ബലികളുമാണ് (ലേവ്യ 16:5-29; സംഖ്യ 29:7-11). സംഖ്യ 28:8 പരാമര്‍ശിക്കുന്ന മുട്ടാടിന്‍റെ ബലികൂടി കണക്കിലെടുത്താല്‍ പതിനാറു ബലികളുണ്ട്.
"വിശ്രമംനല്‍കുന്ന വിശുദ്ധ സാബത്ത്" എന്നാണ് ഈ തിരുനാള്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത് (ലേവ്യ 16:31). ആചാരപ്രകാരമുള്ള ക്ഷാളനകര്‍മ്മങ്ങള്‍ക്കുശേഷം ചണംകൊണ്ടുള്ള ഔദ്യോഗിക വസ്ത്രമണിഞ്ഞ് പ്രധാന പുരോഹിതന്‍ സാക്ഷ്യകൂടാരത്തില്‍ പ്രവേശിച്ചതിനുശേഷം തന്‍റെയും തന്‍റെ കുടുംബാംഗങ്ങളുടെയും പാപപരിഹാരാര്‍ത്ഥം ഒരു കാളയെ ദഹനബലിയായും ഒരു മുട്ടാടിനെ പാപപരിഹാരബലിയായും സമര്‍പ്പിച്ചിരുന്നു (ലേവ്യ 16:4). അതിനുശേഷം സാക്ഷ്യകൂടാരത്തിന്‍റെ കവാടത്തിങ്കല്‍ വച്ച് രണ്ടുമുട്ടാടുകളെ അദ്ദേഹം തിരഞ്ഞെടുക്കും. അവയില്‍ യാഹ്വെക്കുള്ളതിനെയും അസാസേലിനുള്ളതിനെയും കുറിയിട്ട് നിര്‍ണ്ണയിക്കും. യാഹ്വെയ്ക്കുള്ള മുട്ടാടിനെ അദ്ദേഹം ദഹനബലിയായി അര്‍പ്പിക്കും. അസാസേലിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ആടിന്‍റെമേല്‍ ജനത്തിന്‍റെ പാപങ്ങള്‍ മുഴുവനും ആവാഹിച്ചതിനുശേഷം അതിനെ മരുഭൂമിയിലേക്ക് അയച്ചിരുന്നു (ലേവ്യ 16:9-10; സങ്കീ 104 :12).
അതിനുശേഷം പ്രധാനപുരോഹിതന്‍ ഒരു കാളയെ പാപപരിഹാരബലിയായി സമര്‍പ്പിക്കണം. അതിനുശേഷം കര്‍ത്താവിന്‍റെ സന്നിധിയിലെ ബലിപീഠത്തിന്‍ മേലുള്ള തീക്കനല്‍ നിറച്ച ധൂപകലശവും കുന്തിരിക്കവും കൈകളിലേന്തി അദ്ദേഹം അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കണം. താന്‍ മരിക്കാതിരിക്കാന്‍വേണ്ടി സാക്ഷ്യപേടകത്തിന്‍മേലുള്ള കൃപാസനത്തെ പുകകൊണ്ട് മറയ്ക്കുന്നതിനായി അദ്ദേഹം കുന്തിരിക്കം ധൂപകലശത്തില്‍ നിക്ഷേപിക്കണം. അനന്തരം കാളക്കുട്ടിയുടെ രക്തമെടുത്ത് കൈവിരല്‍കൊണ്ട് കൃപാസനത്തിന്മേല്‍ മുന്‍ഭാഗത്ത് ഏഴുപ്രാവശ്യം തളിക്കണം.
ഈ കര്‍മ്മങ്ങള്‍ക്കുശേഷം സമാഗമകൂടാരത്തിലെത്തി ചണവസ്ത്രം മാറ്റി പ്രധാനപുരോഹിതന്‍ തന്‍റെ സാധാരണ വസ്ത്രം ധരിക്കുന്നു. തുടര്‍ന്ന് രണ്ടു മുട്ടാടുകളെ അദ്ദേഹം ദഹനബലിയായി അര്‍പ്പിക്കുന്നു. പാപങ്ങള്‍ മോചിക്കപ്പെട്ട് താനും ജനവും ദൈവവുമായി അനുരഞ്ജിതരാകുവാന്‍ വേണ്ടിയാണ് ഈ ബലിയര്‍പ്പണം. കൂടാരത്തിനു വെളിയില്‍വച്ചാണ് ദഹനബലിയായി അര്‍പ്പിക്കുന്ന മുട്ടാടുകളെയും കാളയെയും ദഹിപ്പിച്ചിരുന്നത് (ലേവ്യ 16:27; cfr. ഹെബ്രാ 13:11). തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം, അസാസേലിനുള്ള ആടിനെ മരുഭൂമിയിലേക്കാനയിച്ചവനും ദഹനബലിക്കു സഹായിച്ചവരും തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി ശുദ്ധരാക്കപ്പെടണം.
മോശയുടെ നിയമമനുസരിച്ച് ഉപവാസം അനുഷ്ഠിക്കേണ്ട ഏകദിനമാണിത് (പുറ 30:10). ഇടക്കാലത്ത് മങ്ങിപ്പോയ ഈ ദിനത്തിന്‍റെ പ്രാധാന്യം എസ്രായുടെ കാലത്ത് വീണ്ടെടുക്കപ്പെട്ടു (നെഹെ 9:1). ഹെബ്രായ ലേഖനകര്‍ത്താവ് ജനത്തിന്‍റെ പാപങ്ങള്‍ക്ക് നിത്യമായി പരിഹാരമര്‍പ്പിച്ച പ്രധാനപുരോഹിതനായി ക്രിസ്തുവിനെ ചിത്രീകരിക്കുന്നത് ഈ തിരുനാളിന്‍റെ പശ്ചാത്തലത്തിലാണ് (ഹെബ്രാ 9:11ff).
എന്നാല്‍ വര്‍ഷാരംഭത്തില്‍ ഇപ്രകാരമൊരു തിരുനാള്‍ ഇസ്രായേല്‍ക്കാര്‍ ആചരിച്ചിരുന്നില്ല എന്നു കരുതുന്നവരുമുണ്ട്. കാരണം, പുറ 12:2 അനുസരിച്ച് ഹീബ്രുകലണ്ടറിലെ ആദ്യമാസം നീസാനാണ്. നീസാന്‍ മാസത്തിന്‍റെ ആദ്യദിനത്തില്‍ ഏതെങ്കിലും ആഘോഷം നടത്തിയിരുന്നതായി ബൈബിളില്‍ യാതൊരു പരാമര്‍ശനവുമില്ല. എന്നാല്‍, ഏഴാം മാസത്തിന്‍റെ ആരംഭദിനത്തെ വിശുദ്ധ സമ്മേളനദിനമായി ആചരിച്ചിരുന്നു (ലേവ്യ 23:23-25). അന്നേദിവസം കാഹളങ്ങള്‍ മുഴക്കുകയും ദഹനബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രസ്തുതദിവസം യഹൂദര്‍ കഠിനമായ ജോലികളൊന്നും ചെയ്തിരുന്നില്ല. (സംഖ്യ 29:1-6). എന്നാല്‍, ഇത് പുതുവത്സരദിനമായിരുന്നെന്ന് ബൈബിള്‍ പറയുന്നില്ല. ഏഴാം മാസമായ തിഷ്റി, സിവില്‍ വര്‍ഷത്തിന്‍റെ ആരംഭമായിരുന്നെന്നും ഈയര്‍ത്ഥത്തിലാണ് ഏഴാംമാസത്തിന്‍റെ ഒന്നാം ദിവസത്തില്‍ പുതുവത്സരദിനം ആഘോഷിച്ചിരുന്നതെന്നും കരുതപ്പെടുന്നു.
പ്രവാസാനന്തര കാലഘട്ടത്തിലെ തിരുനാളുകള്‍
പ്രവാസാനന്തരകാലത്ത് പഞ്ചഗ്രന്ഥിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത രണ്ട് തിരുനാളുകള്‍ കൂടി യഹൂദര്‍ ആചരിച്ചുതുടങ്ങി.
ബി.സി. 160 നുശേഷം സിറിയാക്കാരുടെമേല്‍ ഇസ്രായേല്‍ നേടിയ വിജയത്തെ അനുസ്മരിക്കുവാനായി ഈ തിരുനാള്‍ ആദാര്‍മാസം പതിമൂന്നാം തീയതി ആചരിച്ചുതുടങ്ങി (1 മക്ക 13:51-52). പുതിയനിയമത്തില്‍ ഒരു പ്രാവശ്യം ഈ തിരുനാള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് (യോഹ 10:22).
പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആഘോഷിക്കുന്ന തിരുനാളുകള്‍
പുതിയനിയമത്തിലെ തിരുനാളുകള്‍
യഹൂദരുടെയും വിജാതീയരുടേതുമായ ഒട്ടനവധി തിരുനാളുകളെക്കുറിച്ചു പുതിയനിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
രക്ഷാകരരഹസ്യങ്ങളെ തിരുനാളുകളുടെ പശ്ചാത്തലത്തില്‍ ആലങ്കാരികമായി വ്യാഖ്യാനിക്കുന്ന പതിവും പുതിയനിയമത്തിലുടനീളം കണ്ടെത്താനാവും. പൗലോസിന്‍റെ വീക്ഷണത്തില്‍, നമുക്കുവേണ്ടി കൊല്ലപ്പെട്ട പെസഹാക്കുഞ്ഞാടാണ് ക്രിസ്തു (1 കോറി 5:7ff). സാബത്തും അമാവാസിയും മറ്റു തിരുനാളുകളുമെല്ലാം വരാനിരുന്നവയുടെ നിഴലുകളായിരുന്നു (കൊളോ 2:16-17). ദൈവജനത്തിന്‍റെ വിശ്രമദിനത്തെ നിത്യവിശ്രമത്തിന്‍റെ പ്രതീകമായാണ് ഹെബ്രായലേഖന കര്‍ത്താവ് അവതരിപ്പിക്കുന്നത് (ഹെബ്രാ 4:1ff). പാപപരിഹാരദിനത്തിലെ കര്‍മ്മങ്ങളെ യേശുവിന്‍റെ ബലിയുടെ ആദിരൂപമായാണ് അദ്ദേഹം കാണുന്നത് (ഹെബ്രാ 8:1ff).
തിരുനാളുകളില്‍ പ്രമുഖസ്ഥാനവും അഭിവാദനവും തേടുന്ന ഫരിസേയരെ യേശു അപലപിക്കുന്നുണ്ട് (മത്താ 23:7; മര്‍ക്കോ 12:39; ലുക്കാ 20:46).
ബലികള്‍
ദേവീദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനായി മൃഗങ്ങളെയും ധാന്യങ്ങളെയും ആരാധനയുടെ ഭാഗമായി സമര്‍പ്പിക്കുന്നതാണ് ബലി അഥവാ യാഗം. പുരാതന സംസ്കാരങ്ങളിലെല്ലാം ബലികള്‍ ആരാധനയുടെ ഭാഗമായിരുന്നു.
ആദിമകാലം മുതല്‍ ഇസ്രായേല്‍ക്കാര്‍ ബലികളര്‍പ്പിച്ചിരുന്നു (ഉല്‍പ 4:3-4). ഇസ്രായേല്‍ സമൂഹത്തിനുവേണ്ടിയോ, ഒരു വ്യക്തിക്കുവേണ്ടിയോ ദേവാലയത്തിലെ യാഗപീഠത്തില്‍ ബലിയര്‍പ്പിച്ചിരുന്നത് യഹൂദ പുരോഹിതന്മാരായിരുന്നു. അങ്ങനെ പൗരോഹിത്യവും ബലിപീഠവും ഇസ്രായേല്‍ മതജീവിതത്തിന്‍റെ പ്രധാന ഘടകങ്ങളായി മാറി. സാധാരണഗതിയില്‍ ബലിപീഠത്തിലെ തീ കെടുത്തിയിരുന്നില്ല (ലേവ്യ 6:12-13).
ലേവ്യരുടെ പുസ്തകത്തിലെ ആദ്യ ആറ് അധ്യായങ്ങളിലെ വിവരണമനുസരിച്ച് ബലിക്ക് ആറു ഭാഗങ്ങളുണ്ട്.
മൃഗങ്ങളെ ബലിയര്‍പ്പിച്ചിരുന്ന രീതിയെ അടിസ്ഥാനമാക്കി നാലുതരം ബലികള്‍ പഴയനിയമത്തില്‍ കാണാം.
ധാന്യബലികള്‍ക്ക് (ലേവ്യ 2) നേര്‍മ്മയുള്ള മാവോ ചുട്ടെടുത്ത അടയോ പുളിപ്പില്ലാത്ത അപ്പമോ പുതിയ കതിര്‍മണികള്‍ തീയില്‍ ഉണക്കിപ്പൊടിച്ചതോ സമര്‍പ്പിച്ചിരുന്നു. ധാന്യത്തിന്‍റെ ഒരു ഭാഗം സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് ദഹിപ്പിച്ചിരുന്നു. മറ്റൊരു ഭാഗം പുരോഹിതന്മാര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. സമാധാന ബലിയോടു ചേര്‍ന്നര്‍പ്പിക്കുന്ന കൃതജ്ഞതാ ബലിക്ക് സമര്‍പ്പിക്കുന്ന ധാന്യങ്ങളില്‍ പുരോഹിതനുള്ള വിഹിതം മാറ്റിയതിനുശേഷം ജനങ്ങള്‍ക്കും ഭക്ഷിക്കാം (ലേവ്യ 7:11-14). സാധാരണ ധാന്യബലികളില്‍ എണ്ണയും ഉപ്പും അവശ്യ വസ്തുക്കളായിരുന്നു.
ചില ബലികള്‍ "നീരാജനബലി"കളായി അര്‍പ്പിച്ചിരുന്നു. ബലിപീഠത്തില്‍ ദഹിപ്പിക്കുന്നതിനും ഭക്ഷിക്കുന്നതിനും മുമ്പ് ബലിവസ്തുക്കള്‍ അതിവിശുദ്ധ സ്ഥലത്തേക്കുയര്‍ത്തി വിശുദ്ധീകരിക്കുന്നതാണ് ഈ ബലി (പുറ 29:24-28; ലേവ്യ 7:30-31; 8:25-28; 10:14-15; 14:12-13; സംഖ്യ 6:20; 18:11). നിത്യേന പ്രഭാതത്തിലും സായാഹ്നത്തിലും ദഹനബലികള്‍ ദേവാലയത്തില്‍ അര്‍പ്പിച്ചിരുന്നു (പുറ 29:38-42; സംഖ്യ 28:3-8). പരിമള ധൂപാര്‍പ്പണവും ഈ ബലികളുടെ ഭാഗമായിരുന്നു (പുറ 30:7-8). സാബത്തു ദിനങ്ങളില്‍ അധികം ബലികള്‍ അര്‍പ്പിക്കപ്പെട്ടിരുന്നു (സംഖ്യ 28:9-10). ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ടു തിരുസാന്നിധ്യ അപ്പം സാബത്തുതോറും മാറ്റി സ്ഥാപിച്ചിരുന്നു. പുരോഹിതര്‍ക്കു മാത്രമേ ഇതു ഭക്ഷിക്കുവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ (ലേവ്യ 24:5-9; മത്താ 12:3-4).
അമാവാസി, പെസഹായുടെ ഏഴു ദിനങ്ങള്‍, പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍, വിളവെടുപ്പ്, പുതുവത്സരം, പാപപരിഹാരദിനം, കൂടാരത്തിരുനാളിന്‍റെ എട്ടുദിനങ്ങള്‍ തുടങ്ങിയ ദിവസങ്ങളില്‍ പ്രത്യേക ബലികള്‍ അര്‍പ്പിക്കപ്പെട്ടിരുന്നു (സംഖ്യ 28:1-29). ഈ ദിനങ്ങളില്‍ ഒരു കോലാടിനെ പാപപരിഹാരബലിയായി അര്‍പ്പിച്ചിരുന്നു. പുറപ്പാടു സംഭവത്തിന്‍റെ ആചരണ (പുറ 12:3-13) വുമായി ബന്ധപ്പെട്ട പെസഹാക്കുഞ്ഞാട് പിന്നീട് ഇസ്രായേലിന്‍റെ ഔദ്യോഗിക പെസഹാബലിയായി രൂപാന്തരപ്പെട്ടു (രളൃ. നിയ 16:5-7). വിളവെടുപ്പു തിരുനാളില്‍ പ്രത്യേക ധാന്യബലി അര്‍പ്പിച്ചിരുന്നു (ലേവ്യ 23:15-17; സംഖ്യ 28:26). പാപപരിഹാര ദിനത്തില്‍ അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുന്ന മഹാപുരോഹിതന്‍ സുരഭിലമായ ധൂപം അര്‍പ്പിച്ചിരുന്നു (ലേവ്യ 16:2; 12-13).
ബലിനേര്‍ച്ചയും സ്വാഭീഷ്ടക്കാഴ്ചകളും നിര്‍ബന്ധിത ബലികളായിരുന്നില്ല. സ്വാഭീഷ്ടകാഴ്ചകള്‍ ഭക്ത്യാദരങ്ങളാല്‍ മാത്രം അര്‍പ്പിക്കുന്നവയും, ബലിനേര്‍ച്ച ആപത്തുകളില്‍ നേര്‍ന്ന ബലികളുമാണ് (ലേവ്യ 7:16; 22:21; cfr. 2 സാമു 15:7-8). കൃതജ്ഞതാ ബലി ബലിനേര്‍ച്ചയെയും സ്വാഭീഷ്ടകാഴ്ചയെയും (സങ്കീ 56:12-13; 50:14; 54:6-7; 116:14, 17-18) ചില സമാധാന ബലികളെയും (ലേവ്യ 7:12) സൂചിപ്പിക്കുന്നു.
പാപപരിഹാരബലിയും പ്രായശ്ചിത്തബലിയും നിര്‍ബന്ധമായും അര്‍പ്പിക്കേണ്ടതായ ചില സാഹചര്യങ്ങളുണ്ട് (ലേവ്യ 5:1-4,14-15; 6:1-5). പുരോഹിതരുടെ അഭിഷേക കര്‍മ്മവുമായി ബന്ധപ്പെട്ടും (പുറ 29:14) അമാവാസികളിലും പ്രധാനതിരുനാളുകളിലും പ്രസവശേഷമുള്ള ശുദ്ധീകരണത്തിലും (ലേവ്യ 12:6) നാസീര്‍ വ്രതക്കാരെ ശുദ്ധീകരിക്കുന്നതിനും (സംഖ്യ 6:9-11) പാപപരിഹാര ബലി ആവശ്യമായിരുന്നു. ചില ലൈംഗിക കുറ്റങ്ങള്‍ക്കും (ലേവ്യ 19:20-22) കുഷ്ഠരോഗിയുടെ ശുദ്ധീകരണത്തിനും ഇതാവശ്യമായിരുന്നു (ലേവ്യ 14:10-20).
ഇസ്രായേലിലെ ആദ്യജാതരും മൃഗങ്ങളുടെ കടിഞ്ഞൂലുകളും ദൈവത്തിനവകാശപ്പെട്ടതായിരുന്നു (പുറ 22:29-30). എന്നാല്‍ അശുദ്ധമായ മൃഗങ്ങള്‍ക്കു പകരം ആടുകളെ ബലിയര്‍പ്പിച്ച് അവയെ വീണ്ടെടുക്കാം (cfr. പുറ 13:13; 34:19; സംഖ്യ 18:15-16). ബലിയോഗ്യമായ മൃഗങ്ങളെ തിരിച്ചെടുക്കാവുന്നതല്ല. ആദ്യവിളവിന്‍റെ ആദ്യഫലം ദൈവത്തിനുള്ളതത്രേ (പുറ 23:19; സംഖ്യ 18:12-13; നിയ 18:4). ആദ്യഫലങ്ങളുടെ നീരാജനബലി പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളിലും (ലേവ്യ 23:9-14) വിളവെടുപ്പു തിരുനാളിലുമാണ് (ലേവ്യ 23:20) അര്‍പ്പിക്കേണ്ടത്.
ഇസ്രായേലിലെ ബലിയര്‍പ്പണത്തിന്‍റെ തുടക്കം മറ്റു സംസ്കാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കാനാന്‍കാരുടെ യാഗരീതികളുമായി യഹൂദരുടെ ബലിയര്‍പ്പണ രീതിക്ക് കാതലായ സാമ്യമുണ്ട്. കാനാന്യര്‍ ബാല്‍ദേവനു ബലിയര്‍പ്പിച്ചപ്പോള്‍ ഇസ്രായേല്യര്‍ യാഹ്വെയ്ക്കു ബലിയര്‍പ്പിച്ചു (cfr. 1 രാജാ 18:23-24; 2 രാജാ 5:17).
ഇസ്രായേലില്‍ പ്രചാരത്തിലിരുന്ന ബലിയര്‍പ്പണ രീതി, നരബലി മൃഗബലിയായി രൂപാന്തരപ്പെട്ടതാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് (ഉല്‍പ 22; എസെ 20:25-26). ആദ്യജാതരെ വീണ്ടെടുക്കുന്ന നിയമവും ഇതിലേക്ക് വിരല്‍ചൂണ്ടുന്നു (പുറ 13:11-15; 34:19-20). എന്നാല്‍ നിയ 12:31; 2 രാജാ. 16:3; സങ്കീ 106:34-38 എന്നീ വാക്യങ്ങള്‍ നരബലി ഒരു കാനാന്യ ആചാരമാണെന്ന് സാക്ഷിക്കുന്നു. കാനാന്യരുടെ ബലിരീതികള്‍ ഇസ്രായേല്‍ക്കാര്‍ പരിഷ്കരിച്ച് സ്വന്തമാക്കിയെന്ന് ന്യായമായും നമുക്കൂഹിക്കാം (ന്യായാ 11:30-40; 2 രാജാ 17:17; 21:6; ജറെ 7:31; 32:35; എസെ 16:20-21; 23:37,39).
ബലിയര്‍പ്പണത്തിന് പല അര്‍ത്ഥങ്ങളുണ്ട്. കോപിഷ്ഠനായ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള നൈവേദ്യമായും (1 സാമു 26:19; 2 സാമു 24:25; ജോബ് 42:7-8) ആരാധകനു പകരമായും ബലിയെ കണ്ടിരുന്നു. ബലിവസ്തുക്കള്‍ ദൈവത്തിനുള്ള ഭോജനമായും കണ്ടിരുന്നു (ലേവ്യ 3:11; 21:6; സംഖ്യ 28:2). ഈ മെസെപ്പൊട്ടോമിയന്‍ ആശയം ഇസ്രായേല്‍ നിരാകരിച്ചു (നിയ 32:37-38). അതായത് മനുഷ്യരെ ആശ്രയിക്കുന്നവനല്ല ദൈവം (സങ്കീ 50:12-13).
ആകാശവും ഭൂമിയും അതിലെ സകലവും സൃഷ്ടിച്ച ദൈവത്തിന് മനുഷ്യനര്‍പ്പിക്കുന്ന ആരാധനയാണ് ബലി. 'നല്കലിന്‍റെ' പ്രാധാന്യം എല്ലാത്തരം ബലികളിലും നമുക്കു കാണാം. ബലിയുടെ അനുഷ്ഠാനക്രമങ്ങള്‍ തന്നെ ദൈവത്തിന് മനുഷ്യര്‍ തങ്ങളെത്തന്നെ നല്‍കുന്നതിനെ സൂചിപ്പിക്കുന്നു. ദഹനബലികളിലും പാനീയ ബലികളിലും സമൂഹത്തിന്‍റെ നിലനില്‍പിനാവശ്യമായവ ദൈവത്തിനായി സമര്‍പ്പിക്കുകയാണ്. ബലിവസ്തുക്കള്‍ ഭുജിക്കുന്ന ജനം ബലി സ്വീകരിച്ച ദൈവവുമായി ഐക്യത്തിലെത്തിച്ചേരുന്നു. പില്‍ക്കാലങ്ങളില്‍ ബലികളെ പ്രവാചകന്മാര്‍ വിമര്‍ശിക്കാന്‍ കാരണം അവരുടെ ശ്രദ്ധ മുഴുവന്‍ എങ്ങനെയുള്ള മനോഭാവത്തോടെ ബലിയര്‍പ്പിക്കുന്നു എന്നതിലുപരി എന്തുമാത്രം അര്‍പ്പിക്കുന്നുവെന്നതില്‍ മാത്രം ശ്രദ്ധിച്ചു എന്നതുകൊണ്ടാണ് (ഏശ 1:11; മിക്കാ 6:7).
ബലിയര്‍പ്പണത്തിലൂടെ ദൈവം സംപ്രീതനാവുകയും (ലേവ്യ 1:9) പാപങ്ങള്‍ക്ക് അതു പരിഹാരമായി ഭവിക്കുകയും ചെയ്യുന്നു (ലേവ്യ 1:4; ഉല്പ 8:21). രക്തത്തിന്‍റെ പാപപരിഹാരം ചെയ്യാനുള്ള ശേഷിയാണ് അതിനു പ്രാധാന്യം കൊടുക്കുന്നത് (ലേവ്യ 17:11). സാധാരണഗതിയില്‍ ബലികളും കാഴ്ചകളും പാപത്തിനു പരിഹാരമേകുന്നു (1 സാമു 3:14). ചുരുക്കത്തില്‍ യാന്ത്രികമായ ഒരു പാപമോചനം നല്‍കാന്‍ ബലികള്‍ പര്യാപ്തമായിരുന്നില്ല. ബലിയര്‍പ്പിക്കുന്നവന്‍റെ ജീവിതവിശുദ്ധിയെ അടിസ്ഥാനമാക്കിയായിരുന്നു ബലിയുടെ പാപപരിഹാരശക്തി (cfr. സങ്കീ 40:6-8; 51:16-19; ജറെ 6:20; 14:12; ഹോസി 6:6).
ബലിപീഠത്തിന്‍റെ പ്രാധാന്യം
മിസ്ബയഹ് എന്ന ഹീബ്രുപദം ബൈബിളില്‍ നാനൂറുതവണയോളം ഉപയോഗിച്ചിട്ടുണ്ട്. 'യാഗത്തിനുള്ള സ്ഥലം' എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. "യാഗോദ്ദേശ്യത്തോടെ കൊല്ലുകയും മുറിക്കുകയും ചെയ്യുക" എന്ന ക്രിയാജന്യമായ വാക്കില്‍ നിന്ന് (സബഹ് - zbh) രൂപം പ്രാപിച്ചതാണിത് എന്നതുകൊണ്ട് ഈ വാക്ക് അതിപുരാതന കാലത്തെ മൃഗബലിയില്‍നിന്നും ഉരുത്തിരിഞ്ഞതാണെന്നും കരുതാം. വി. ഗ്രന്ഥത്തിലെ അനുഷ്ഠാന ക്രമങ്ങളില്‍ ഈ പദം മൃഗബലിയുമായി ബന്ധപ്പെട്ടുതന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇവ മിക്കപ്പോഴും പാപപരിഹാരത്തിനുവേണ്ടിയായിരുന്നു. എണ്ണയും ഉപ്പും കുന്തുരുക്കവും കലര്‍ത്തിയ ധാന്യങ്ങള്‍, പഴങ്ങള്‍, വീഞ്ഞ്, നാല്‍ക്കാലികള്‍, പക്ഷികള്‍ തുടങ്ങിയവയാണ് ബലിവസ്തുക്കളായി ഉപയോഗിച്ചിരുന്നത്. എല്ലാത്തരം അര്‍പ്പണങ്ങളും ദഹിപ്പിക്കലും ബലിപീഠത്തിലായിരുന്നെങ്കിലും ബലിമൃഗങ്ങളെ കൊന്നിരുന്നത് ബലിപീഠത്തോടു ചേര്‍ന്നുള്ള വേറൊരു സ്ഥലത്തായിരുന്നു.
ദമാസ്ക്കസിലെ ബലിപീഠത്തിന്‍റെ (2 രാജാ 16:10) ചുവടുപിടിച്ച്, ആഹാസ് രാജാവ് പണിതീര്‍ത്ത ബലിപീഠത്തെ പ്രതിപാദിക്കുന്ന അവസരങ്ങളില്‍ എസെക്കിയേല്‍ പ്രവാചകന്‍ ഈ പദമാണുപയോഗിക്കുന്നത് (എസെ 43:15). പഴയനിയമത്തില്‍ ബലിപീഠമെന്ന വാക്ക് കൂടുതലും കാണുന്നത് പഞ്ചഗ്രന്ഥിയിലാണ്. രാജാക്കന്മാരുടെ ഒന്നും രണ്ടും പുസ്തകം, ദിനവൃത്താന്തം രണ്ടാം പുസ്തകം, എസെക്കിയേലിന്‍റെ പുസ്തകം തുടങ്ങിയവയാണ് മറ്റുഭാഗങ്ങള്‍.
പുതിയനിയമത്തില്‍ ബലിപീഠം എന്നതിന് തുസിയാസ്തേരിയോണ്‍ എന്ന ഗ്രീക്കുപദമാണുപയോഗിച്ചിരിക്കുന്നത്. ഇരുപത്തിനാലിടങ്ങളില്‍ ഈ പദമുപയോഗിച്ചു കാണുന്നുണ്ട്. കൂടാതെ ബോമോസ് എന്ന ഗ്രീക്കു വാക്ക്, വിജാതീയ ദേവാലയഘടനയെ പരാമര്‍ശിച്ച് (അപ്പ 17:23) ബലിപീഠം എന്നാണ് തര്‍ജ്ജിമ ചെയ്തിരിക്കുന്നത്. ഉയര്‍ന്ന സ്ഥലം എന്നാണ് ഈ ഗ്രീക്കുപദത്തിന്‍റെ അര്‍ത്ഥം. 'ധൂപകലശം' എന്നര്‍ത്ഥം വരുന്ന തുമിയാതേരിയോണ്‍ എന്ന മറ്റൊരുപദവും ഉപയോഗിച്ചു കാണുന്നുണ്ട് (ഹെബ്രാ 9:4). മൃഗങ്ങളെയും ആഹാരസാധനങ്ങളെയും ബലിയര്‍പ്പിക്കുന്നതിന് ജറുസലേം ദേവാലയത്തിലും മറ്റു ദേവാലയങ്ങളിലും മാത്രമല്ല തുറസ്സായ സ്ഥലങ്ങളില്‍പോലും ബലിപീഠങ്ങള്‍ പണിയപ്പെട്ടിരുന്നു. ദേവാലയങ്ങളോട് ബന്ധമില്ലാത്ത ബലിപീഠങ്ങളും അക്കാലത്തുണ്ടായിരുന്നു (ഉല്‍പ 13:18; 33:20). ദേവാലയ സൗധങ്ങളോടു ചേര്‍ന്ന് അവയുടെ മുറ്റത്ത് ബലിപീഠങ്ങളും, 'ഉയര്‍ന്നസ്ഥലങ്ങള്‍' എന്നറിയപ്പെടുന്ന നിഗൂഢതയുള്ള ശ്രീകോവിലുകളുമുണ്ടായിരുന്നു.
പ്രധാനമായും നാലു തരം ബലിപീഠങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബൈബിളില്‍ കണ്ടെത്താന്‍ കഴിയും.
വെളിപാടു ഗ്രന്ഥത്തില്‍ ആലങ്കാരികാര്‍ത്ഥത്തിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത് (വെളി 6:9). സ്വര്‍ഗ്ഗത്തിലുളള ഈ ധൂപാര്‍പ്പണ ബലിപീഠത്തിലാണ് എല്ലാ വിശുദ്ധരുടെയും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കപ്പെട്ടിരുന്നത് (രളൃ. 8:3-4; 16:7). ഹെബ്രായലേഖനകര്‍ത്താവ് യേശുവിനെ ഒരു ബലിപീഠമായിട്ടാണ് ചിത്രീകരിക്കുന്നത് (ഹെബ്രാ 13:10). കാരണം, യേശുവിന്‍റെ ബലി സകലരുടെയും പാപങ്ങള്‍ക്കുവേണ്ടിയുള്ളതായിരുന്നു.
പുരോഹിതര്‍: ബലിയര്‍പ്പകര്‍
കൊഹെന്‍ (Kohen) എന്ന ഹീബ്രു പദമാണ് പുരോഹിതനെ സൂചിപ്പിക്കുവാന്‍ പഴയനിയമത്തില്‍ ഉപയോഗിക്കുന്നത്. ഈ പദത്തിന്‍റെ ക്രിയാരൂപത്തിന് "നില്‍ക്കുക" എന്നാണര്‍ത്ഥം. ദൈവത്തിന്‍റെ മുമ്പില്‍ ജനത്തിനുവേണ്ടി നില്‍ക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലായിരിക്കാം പുരോഹിതനെ സൂചിപ്പിക്കുവാന്‍ ഈ പദം ഉപയോഗിക്കുന്നത്. എഴുന്നൂറിലേറെ പ്രാവശ്യം ഈ പദം പഴയനിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ലേവായന്‍ എന്നത് പുരോഹിതന്‍റെ ഔദ്യോഗിക നാമമായിട്ടാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. കാലാന്തരത്തില്‍ അത് ഒരു ഗോത്രത്തിന്‍റെ പേരായി മാറി. എന്നാല്‍ ലേവി ഗോത്രത്തില്‍നിന്നുള്ള പുരോഹിതരെയാണ് ലേവായര്‍ എന്നുവിളിച്ചിരുന്നതെന്നും തന്മൂലം ഗോത്രനാമമെന്ന നിലയിലാണ് ഈ പദം ആദ്യം ഉപയോഗിച്ചുതുടങ്ങിയതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. "ലേവ്യര്‍" ("ലേവായര്‍") എന്ന പദം എണ്‍പതിലേറെത്തവണ പഴയനിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
യാഹ്വെയുടെ പുരോഹിതരെ മാത്രമല്ല, വിജാതീയ പുരോഹിതന്മാരെ സൂചിപ്പിക്കാനും കൊഹെന്‍ എന്ന പദം തന്നെയാണ് പഴയനിയമത്തില്‍ ഉപയോഗിച്ചിരിക്കുന്നത് (ഉല്‍പ 41:45; 50; 46:20; 47-26; 1 സാമു 6:2; 5:5; 2 രാജാ 10:19; ജറെ 48:7; 2 ദിന 34:4).
ഇസ്രായേല്‍ക്കാരുടെ ഇടയില്‍ ആദിമകാലത്ത് പുരോഹിതരുണ്ടായിരുന്നില്ല എന്നാണ് ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായം. കാരണം, പ്രമാണങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആദ്യനിര്‍ദ്ദേശങ്ങളിലൊന്നും (പുറ 20-23) പുരോഹിതന്മാരെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല. സീനായ് ഉടമ്പടിക്കുമുന്‍പ് പുരോഹിതന്മാര്‍ ഉണ്ടായിരുന്നില്ല എന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സാക്ഷ്യകൂടാരവും വാഗ്ദാനപേടകവും നിര്‍മ്മിക്കപ്പെട്ടപ്പോള്‍ അവയുടെ ശുശ്രൂഷകരും സംരക്ഷകരുമായി നിയമിക്കപ്പെട്ടവരാണ് പിന്നീട് പുരോഹിതന്‍മാരായി അറിയപ്പെട്ടുതുടങ്ങിയത്. മോശയുടെ സഹോദരനായ അഹറോനും കുടുംബത്തിനുമാണ് ഈ ചുമതല നല്‍കപ്പെട്ടത് (പുറ 25-40).
കാലക്രമത്തില്‍ പുരോഹിതസ്ഥാനം ലേവിഗോത്രത്തിന് അവകാശപ്പെട്ടതായിത്തീര്‍ന്നു. യാക്കോബിന് ലെയായില്‍ ജനിച്ച മൂന്നാമത്തെ പുത്രനാണ് ലേവി. ലേവിക്ക് യാക്കോബ് നല്‍കിയ ശാപത്തെ (ഉല്‍പ 34:25ളള; 49:5ളള) മോശ അനുഗ്രഹമാക്കി മാറ്റി (പുറ 32:29; നിയ 33:8,9). ലേവിയുടെ മൂന്നു പുത്രന്മാര്‍ മൂന്നു പുരോഹിതകുടുംബങ്ങളുടെ തലവന്മാരായി അറിയപ്പെടുന്നു. ഗെര്‍ഷോം, കൊഹാത്ത്, മെറാറി എന്നിവരായിരുന്നു ലേവിയുടെ മൂന്നു പുത്രന്മാര്‍. ഇവരില്‍ കോഹാത്ത് കുടുംബത്തില്‍ നിന്നുള്ളവരാണ് പുരോഹിതകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിരുന്നത്. മറ്റുരണ്ടുകുടുംബങ്ങളില്‍നിന്നുള്ളവര്‍ പുരോഹിതരുടെ സഹായികളായും വിശുദ്ധ സ്ഥലത്തിന്‍റെ സംരക്ഷകരായും സേവനം ചെയ്തുപോന്നു (സംഖ്യ 3:5ളള). നിയമാവര്‍ത്തന പാരമ്പര്യമനുസരിച്ച് ബലിപീഠത്തില്‍ ശുശ്രൂഷചെയ്യുക, ദഹനബലിയര്‍പ്പിക്കുക, നിയമം പഠിപ്പിക്കുക എന്നീ മൂന്നു ധര്‍മ്മങ്ങളാണ് പുരോഹിതന്മാര്‍ക്കുണ്ടായിരുന്നത് (നിയ 33:8-10). കാനാന്‍ദേശം വിവിധഗോത്രങ്ങള്‍ക്കായി ഭാഗിച്ചു നല്‍കിയപ്പോള്‍ ലേവി ഗോത്രത്തിന് ഓഹരിയൊന്നും ലഭിച്ചില്ല.
പൗരോഹിത്യം ഗോത്രപാരമ്പര്യവുമായി ബന്ധപ്പെട്ടതായിരുന്നെങ്കിലും ലേവ്യരല്ലാത്തവരും പുരോഹിത ശുശ്രൂഷ നടത്തിയിരുന്നു. എഫ്രായിം ഗോത്രജനായ മിക്കായുടെ പുത്രന്‍ (ന്യായ 17:5), ദാവീദിന്‍റെ പുത്രന്മാര്‍ (ന്യായ 13:19) തുടങ്ങിയവര്‍ പുരോഹിതശുശ്രൂഷ നടത്തിയിരുന്നു.
ഇസ്രായേലിനു ദൈവത്തോടുള്ള ബന്ധത്തിന്‍റെ പ്രതീകമാണ് പൗരോഹിത്യം. ഇസ്രായേലിനെ ദൈവത്തിന്‍റെ പുരോഹിതനായിട്ടാണ് പരിഗണിച്ചിരുന്നത് (പുറ 19:6; ലേവ്യ 11:44ff സംഖ്യ 15:40). ഉടമ്പടിയുടെ മധ്യസ്ഥര്‍ പുരോഹിതന്മാരായിരുന്നു. ഉടമ്പടിയും പൗരോഹിത്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് വി. ഗ്രന്ഥത്തിലുള്ളത്. "നിങ്ങള്‍ എനിക്ക് പുരോഹിതരാജ്യവും വിശുദ്ധ ജനവും" ആണെന്ന ദൈവത്തിന്‍റെ പ്രഖ്യാപനം പൗരോഹിത്യപദവി ഒരു ഗോത്രത്തിനുമാത്രമുള്ളതല്ല എന്ന് വ്യക്തമാക്കുന്നുണ്ട് (പുറ 19:5 ഏശ 61:6). ഇപ്രകാരം പൗരോഹിത്യപദവിയിലേക്കുയര്‍ത്തപ്പെട്ട ജനത്തിന്‍റെ പ്രതിനിധികളെന്ന നിലയിലാണ് ലേവ്യരെ പരിഗണിക്കേണ്ടത്. ദൈവം തന്‍റെ ജനത്തില്‍നിന്നും പ്രതീക്ഷിക്കുന്ന വിശുദ്ധിയുടെ മാതൃകയായിരിക്കാനുള്ള കടമയും പുരോഹിതനുണ്ടായിരുന്നു. ദൈവജനത്തിന്‍റെ വിശുദ്ധിക്കു സാക്ഷ്യം വഹിക്കുക എന്നതായിരുന്നു പുരോഹിതന്‍റെ പ്രഥമവും പ്രധാനവുമായ ദൗത്യം (പുറ 28:38; ലേവ്യ 10:7; സംഖ്യ 18:1). ദൈവവും ഇസ്രായേലും തമ്മിലുള്ള ഉടമ്പടിക്ക് മാധ്യസ്ഥ്യം വഹിക്കുക എന്നതായിരുന്നു രണ്ടാമത്തെ ദൗത്യം (സംഖ്യ 18:19; ജറെ 33:20-26; മലാ 2:4ff). എഫോദുപയോഗിച്ച് ദൈവഹിതം ആരായുക എന്നതും പുരോഹിതന്‍റെ ദൗത്യമായിരുന്നു (1 സാമു 23:6-12). ബലിയര്‍പ്പിക്കുക, വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുക, ദൈവത്തിന്‍റെ അരുളപ്പാടുകള്‍ വ്യാഖ്യാനിക്കുക (1 സാമു 14:18), നിയമം പഠിപ്പിക്കുക (ഹോസി 4:1-10), ന്യായവിധി നടത്തുക (പുറ 33:7-11) എന്നിവയും പുരോഹിത ധര്‍മ്മങ്ങളായിരുന്നു.
പഴയനിയമത്തിലെ പുരോഹിതന്മാരെ അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നുവിഭാഗങ്ങളായി തിരിച്ചിരുന്നു; പ്രധാന പുരോഹിതന്‍, സാധാരണ പുരോഹിതന്മാര്‍, ലേവായര്‍. ഈ മൂന്നുഗണങ്ങളും ലേവിഗോത്രത്തില്‍പ്പെട്ടവരായിരുന്നു. എന്നാല്‍ ലേവിഗോത്രത്തില്‍പ്പെട്ട എല്ലാവരും പുരോഹിതന്മാരായിരുന്നില്ല എന്ന് ഇതില്‍നിന്നു വ്യക്തമാണ്. അധികാരശ്രേണിയിലെ ഏറ്റവും താഴത്തെ തട്ടിലുണ്ടായിരുന്നവര്‍ ലേവായരായിരുന്നു. ദൈവത്തിനവകാശപ്പെട്ട കടിഞ്ഞൂല്‍ പുത്രന്മാര്‍ക്കു തുല്യമായ സ്ഥാനമാണ് അവര്‍ക്കുണ്ടായിരുന്നത് (പുറ 13:2; 22:29; 34:19-20; ലേവ്യ 27:26; സംഖ്യ 3:12; 8:14-17; 18:15; നിയ 15:19). പുരോഹിത ശുശ്രൂഷയ്ക്കായി മാറ്റിനിര്‍ത്തപ്പെട്ടിരുന്ന അഹറോന്‍വംശജര്‍ക്ക് ലേവ്യരേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണുണ്ടായിരുന്നത്. ബലിപീഠത്തില്‍ ശുശ്രൂഷ ചെയ്യാന്‍ അവര്‍ക്കു മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. പൗരോഹിത്യത്തിന്‍റെ പൂര്‍ണ്ണതയായിരുന്നു പ്രധാന പുരോഹിത സ്ഥാനം. ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളുടെയും പേരുകള്‍ അദ്ദേഹത്തിന്‍റെ ശിരോവസ്ത്രത്തില്‍ ആലേഖനം ചെയ്തിരുന്നു (പുറ 28:29). ആണ്ടിലൊരിക്കല്‍ വിശുദ്ധിയുടെ അതിവിശുദ്ധ സ്ഥലത്തു കടന്നുചെല്ലാനുള്ള അവകാശവും അദ്ദേഹത്തിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പുറ 29-ലും ലേവ്യ 8-ലും പുരോഹിതന്മാരുടെ അഭിഷേകകര്‍മ്മത്തിന്‍റെ ക്രമങ്ങള്‍ വിവരിച്ചിട്ടുണ്ട്. പ്രധാനമായും നാലു കര്‍മ്മങ്ങളാണ് ഇതിനുണ്ടായിരുന്നത് - (1) ആചാരമനുസരിച്ചുള്ള കുളി. ഇത് ഹൃദയവിശുദ്ധിയെ സൂചിപ്പിക്കുന്നു. (2) അഭിഷേകം (ലേവ്യ 8:10-11). (3) പുരോഹിത വസ്ത്രധാരണം (പുറ 28:3-5; ലേവ്യ 8:7-9). (4) നന്ദിസൂചകമായ ബലിയര്‍പ്പണം (ലേവ്യ 8:14-17, 23-32).
മുട്ടാടിന്‍റെ രക്തംകൊണ്ട് വലതുചെവിയും തള്ളവിരലും കാല്‍വിരലും ലേപനം ചെയ്താണ് അഭിഷേകകര്‍മ്മം നടത്തിയിരുന്നത്. കൂടാതെ അഭിഷേക തൈലവും ഉപയോഗിച്ചിരുന്നു (ലേവ്യ 8:22-24).
ഇസ്രായേലിന്‍റെ ചരിത്രത്തില്‍ പുരോഹിതന്മാര്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമാണുണ്ടായിരുന്നത്. മോശയുടെ കാലത്തിനുമുമ്പ് പുരോഹിതന്മാര്‍ നിലവിലുണ്ടായിരുന്നോ എന്നതിനെക്കുറിച്ച് അഭിപ്രായാന്തരങ്ങളുണ്ട്. പൂര്‍വ്വപിതാക്കന്മാരുടെ കാലത്ത് ഓരോ കുടുംബത്തിന്‍റെയും തലവന്മാരാണ് പുരോഹിതകര്‍മ്മം അനുഷ്ഠിച്ചിരുന്നത്.
1) മോശയുടെ കാലഘട്ടത്തിനുമുമ്പ് : വിജാതീയപുരോഹിതന്മാരെക്കുറിച്ചു മാത്രമേ മോശയുടെ കാലഘട്ടത്തിനുമുമ്പുള്ള വിവരണങ്ങളില്‍ പരാമര്‍ശിക്കുന്നുള്ളൂ: മെല്‍ക്കിസദെക്ക് (ഉല്‍പ 14:18), ഈജിപ്തിലെ പുരോഹിതന്മാര്‍ (41:45), മിദിയാനിലെ പുരോഹിതന്മാര്‍ (പുറ 2:16; 3:1; 14:1). പുരോഹിതധര്‍മ്മമായ ബലിയര്‍പ്പണം നടത്താന്‍ ആര്‍ക്കും അവകാശമുണ്ടായിരുന്നു എന്നുവേണം കരുതാന്‍. കായേനും ആബേലും (ഉല്‍പ 4:4) നോഹയും (8:20), അബ്രാഹവും (12:7,8), ഇസഹാക്കും (26:25), യാക്കോബും (35:3,7) നടത്തുന്ന ബലിയര്‍പ്പണങ്ങള്‍ ഈ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
2) മോശയുടെ കാലഘട്ടം: മോശയുടെ സഹോദരനായ അഹറോനും കുടുംബവുമാണ് പുരോഹിതധര്‍മ്മാനുഷ്ഠാനത്തിനായി അഭിഷേകം ചെയ്യപ്പെട്ടത് (പുറ 28; ലേവ്യ 8). അവര്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങള്‍ പ്രത്യേകമായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു (ലേവ്യ 1:4; 10:11; 24:8; 33:10). ബലിയര്‍പ്പിക്കപ്പെടുന്ന മൃഗങ്ങളുടെ മാംസത്തില്‍ ഒരോഹരി പുരോഹിതനുള്ളതായിരുന്നു. ദേവാലയത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ആദ്യഫലങ്ങളുടെ മേലും ദശാംശത്തിന്‍മേലും പുരോഹിതന്മാര്‍ക്ക് അവകാശമുണ്ടായിരുന്നു (നിയ 12:17-19; 14:22; 29; 26:12). ഭൂമിയില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന എല്ലാ വിഭവങ്ങളുടെയും ദശാംശം അവര്‍ക്ക് അവകാശപ്പെട്ടതാണ് (സംഖ്യ 18:21-24). പുരോഹിതന്മാരുടെയും വിശുദ്ധ സ്ഥലങ്ങളുടെയും സംരക്ഷണാര്‍ത്ഥം പ്രായപൂര്‍ത്തിയായ ഓരോ ഇസ്രായേല്‍ക്കാരനും അര ഷെക്കല്‍ വീതം നികുതി നല്‍കണം. പ്രത്യേക ഭൂപ്രദേശങ്ങള്‍ നല്‍കപ്പെട്ടിരുന്നെങ്കിലും ആടുമാടുകളെ മേയിക്കുവാനായി ഓരോ ഗോത്രത്തില്‍നിന്നും നിശ്ചിത നഗരങ്ങളും മേച്ചില്‍പുറങ്ങളും പുരോഹിതന്മാര്‍ക്കും ലേവായര്‍ക്കുമായി വിഭജിച്ചു നല്‍കിയിരുന്നു (ജോഷ്വ 21: 1-42; 1 ദിന 6:54-31).
3) മോശയുടെ കാലം മുതല്‍ പ്രവാസകാലംവരെ: ലേവി ഗോത്രത്തിനു ലഭിച്ച പുരോഹിതസ്ഥാനം ഇസ്രായേലിന്‍റെ ചരിത്രത്തില്‍ അഭംഗുരം പരിരക്ഷിക്കപ്പെട്ടു. ജബൂസ്യരുടെ കയ്യില്‍നിന്ന് ജറുസലേം നഗരം വീണ്ടെടുത്ത ദാവീദ് രാജാവ് ജറുസലേമിനെ വിശുദ്ധനഗരമാക്കി ഉയര്‍ത്തി. വാഗ്ദാനപേടകം ജറുസലേമില്‍ സ്ഥാപിക്കപ്പെട്ടു. ദാവീദും (2 സാമു 6:17ff) സോളമനും (1 രാജാ 8:5, 62ff) പുരോഹിതധര്‍മ്മം അനുഷ്ഠിച്ചിരുന്നതായി വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജറുസലേം ദേവാലയം സ്ഥാപിക്കപ്പെട്ടതോടുകൂടി പുരോഹിതന്മാരുടെ പ്രവര്‍ത്തനങ്ങളെല്ലാം ദേവാലയം കേന്ദ്രീകരിച്ചായി. അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ പുരോഹിതന്മാര്‍ വിവിധ വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.
രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ വടക്കന്‍ രാജ്യമായ ഇസ്രായേലിലെ ബഥേലില്‍ ജറുസലേം ദേവാലയത്തിനുസമാനമായ ആരാധനാലയം സ്ഥാപിക്കപ്പെട്ടു. ഇവിടെയും അനേകം പുരോഹിതര്‍ സേവനം ചെയ്തിരുന്നു. ദാന്‍ ഗോത്രത്തില്‍ പെട്ടവരായിരുന്നു ബഥേലിലെ പുരോഹിതര്‍ (1 രാജാ 12:31,33). ലേവ്യവംശത്തില്‍ പെടാത്ത മൂന്നു പുരോഹിതന്മാരെക്കുറിച്ച് ചരിത്രഗ്രന്ഥങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്: (1) ദാവീദിന്‍റെ പുത്രന്മാര്‍ (2 സാമു 3:18); (2) ദാവീദിന്‍റെ പുരോഹിതനായ ഈറാ (2 സാമു 20:26); (3) സോളമന്‍റെ പുരോഹിതനായിരുന്ന സാബുദ് (1 രാജാ 4:5).
മോശയുടെ കാലഘട്ടത്തിനുശേഷം പുരോഹിതവൃത്തി ലേവി ഗോത്രത്തിന്‍റെ മാത്രം കുത്തകയായി നിലനിന്നില്ല എന്ന വസ്തുതയിലേക്കാണ് ഈ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, ലേവി ഗോത്രത്തില്‍പ്പെടാത്ത പുരോഹിതന്മാരും കാലക്രമത്തില്‍ ലേവിഗോത്രജരായി അറിയപ്പെട്ടുതുടങ്ങി (cfr. നിയ 33:8-1). എഫ്രായിം ഗോത്രജനായിരുന്ന സാമുവല്‍ പുരോഹിതനായാണ് അറിയപ്പെട്ടിരുന്നത് (1:27-28; 2:11; 3:1). ദിനവൃത്താന്തകാരന്‍ സാമുവലിനെ ലേവിഗോത്രജനായാണ് ചിത്രീകരിക്കുന്നത് (1 ദിന 6:16-28).
ജോസിയാ രാജാവിന്‍റെ മതനവീകരണകാലത്ത്(ബി.സി. 621) വിവിധ ആരാധനാകേന്ദ്രങ്ങളും പൂജാവിധികളും നിര്‍ത്തലാക്കപ്പെട്ടു. ജറുസലേം ഏക ആരാധനാകേന്ദ്രമായി വീണ്ടും ശക്തി പ്രാപിച്ചു (2 രാജാ 23:1-24).ബലിയര്‍പ്പണം ജറുസലേം ദേവാലയത്തില്‍മാത്രമേ പാടുള്ളൂ എന്നും പുരോഹിതന്മാര്‍ മാത്രമേ നടത്താവൂ എന്നുമുള്ള നിയമങ്ങള്‍ ഈ കാലത്ത് നടപ്പിലാക്കപ്പെട്ടു (നിയ 12:5-7,11,13,14). എല്ലാ പുരോഹിതന്മാരെയും ലേവി ഗോത്രജരായാണ് പരിഗണിച്ചിരുന്നത് (നിയ 10:8; 18:1; 21:5; 33:8). നിയമാവര്‍ത്തനഗ്രന്ഥം ജോസിയായുടെ മതനവീകരണകാലത്താണ് കണ്ടെടുക്കപ്പെട്ടത് (2 രാജാ 22:8-13; 23:1-3). തന്മൂലം നിയമാവര്‍ത്തനഗ്രന്ഥത്തില്‍ പുരോഹിതന്മാരെക്കുറിച്ച് പരാമര്‍ശിക്കുന്ന നിയമങ്ങള്‍ ജോസി യായുടെ മതനവീകരണകാലത്ത് നിലവില്‍വന്നതാണെന്ന് അനുമാനിക്കപ്പെടുന്നു. പ്രവാസകാലംവരെ ഈ നില തുടര്‍ന്നു എന്നുകരുതാം.
4) പ്രവാസകാലം: എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്നാണ് ഈ കാലഘട്ടത്തിലെ പുരോഹിതന്മാരെക്കുറിച്ച് വിശദാംശങ്ങള്‍ ലഭിക്കുന്നത്. സാദോക്കിന്‍റെ കുടുംബത്തില്‍പ്പെട്ട പുരോഹിതന്മാര്‍ക്കായിരുന്നു പ്രവാസ കാലഘട്ടത്തില്‍ പ്രാമുഖ്യം (സോളമന്‍റെ കാലത്ത് അബിയാഥറിനു പകരം നിയമിക്കപ്പെട്ട പ്രധാന പുരോഹിതനാണ് സാദോക്ക്-1 ദിന 6:8,53; 24:3; 27:17). രക്ഷാകരയുഗത്തിലെ ദേവാലയത്തില്‍ സാദോക്കിന്‍റെ പുത്രന്മാര്‍ മാത്രമാണ് ശുശ്രൂഷ ചെയ്യുക (എസെ 43:19). രക്ഷാകരയുഗത്തില്‍ പുരോഹിതനായ രാജാവായിരിക്കും ഭരണം നടത്തുന്നത്. പുരോഹിതരുടെ വസ്ത്രത്തെക്കുറിച്ചും (44:17f) ബലിയര്‍പ്പണത്തെക്കുറിച്ചും (46:19f) വിവാഹത്തെക്കുറിച്ചും (44:23) എസെക്കിയേല്‍ പ്രതിപാദിക്കുന്നുണ്ട്. ദേവാലയത്തോടനുബന്ധിച്ചുള്ള സ്ഥലം പുരോഹിതന്മാര്‍ക്കവകാശപ്പെട്ടതാണ് (45:15; 48:13). പുരോഹിതപാരമ്പര്യത്തില്‍ എഴുതപ്പെട്ട കൃതികളുമായി എസെക്കിയേലിന്‍റെ വിവരണങ്ങള്‍ക്കു സാമ്യമുണ്ട് (ഉദാ: എസെ 23:26=ലേവ്യ 10). മരുഭൂമിയാത്രയ്ക്കിടയില്‍ അഹറോനുണ്ടായിരുന്ന സ്ഥാനമാണ് നവീകരിക്കപ്പെട്ട ദേവാലയത്തില്‍ സാദോക്കിന്‍റെ പുത്രന്മാര്‍ക്കുള്ളത് എന്നാണ് എസെക്കിയേലിന്‍റെ അഭിമതം (44:6-16). ചുരുക്കത്തില്‍ മോശയുടെ കാലത്തെ പുരോഹിത സങ്കല്‍പ്പത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഈ കാലഘട്ടത്തില്‍ ദര്‍ശിക്കാനാവുന്നത്.
5) പ്രവാസാനന്തരകാലഘട്ടം: ബാബിലോണ്‍ പ്രവാസത്തിനുശേഷം ജറുസലേം ദേവാലയം പുനരുദ്ധരിക്കപ്പെട്ടു. പുരോഹിതന്മാരുടെ നഷ്ടപ്രതാപം തിരിച്ചുകിട്ടിയ കാലമാണിത്. അഹറോന്‍റെ വംശത്തില്‍പ്പെട്ടവര്‍ക്കുമാത്രമാണ് പ്രവാസാനന്തരം പുരോഹിതപദവി നല്‍കപ്പെട്ടത്. ഈ കാലഘട്ടത്തില്‍ പുരോഹിതന്മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. പൗരോഹിത്യേതര വൃത്തികളില്‍ ഏര്‍പ്പെടാന്‍ ലേവ്യരും പുരോഹിതരും നിര്‍ബന്ധിതരായി തുടങ്ങി (നെഹെ 13:10f; cfr.10:35). പുരോഹിതരുടെ സേവനങ്ങളും കടമകളും കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ് (1 ദിന 24:34-19).
പ്രവാസാനന്തരകാലത്ത് ലേവായരും പുരോഹിതന്മാരും തമ്മിലുള്ള വ്യത്യാസം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടു. ലേവ്യര്‍ക്കും മാന്യമായ ഒരു സ്ഥാനം നല്‍കപ്പെട്ടിരുന്നു. പുരോഹിതന്മാരെക്കാള്‍ എണ്ണത്തില്‍കുറവായിരുന്നതുകൊണ്ട് ലേവ്യരുടെ പ്രാധാന്യം വര്‍ദ്ധിച്ചു (എസ്രാ 2:40-42). ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ ആവശ്യമായത്ര ലേവായര്‍ ഇല്ലാതിരുന്നതിനാല്‍ വിദൂരഗ്രാമങ്ങളില്‍നിന്നുപോലും ലേവായരെ കണ്ടെത്തി ജറുസലേമില്‍ കൊണ്ടുവന്നിരുന്നത്രേ.
യവനകാലഘട്ടത്തില്‍ സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന വിഭാഗമായാണ് പുരോഹിതന്മാര്‍ പരിഗണിക്കപ്പെട്ടിരുന്നത്. പ്രധാന പുരോഹിതന്‍ യഹൂദരുടെ ഔദ്യോഗിക വക്താവായി അറിയപ്പെട്ടു തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. യൂദയായിലെ ഏറ്റവും ശക്തമായ ഭരണകേന്ദ്രമായി ജറുസലേം ദേവാലയം മാറിയതും ഈ കാലയളവിലാണ്. ഹസ്മോണിയന്‍ രാജാക്കന്മാരുടെ ഭരണകാലത്താണ് (ബി.സി. 165-60) പുരോഹിതാധിപത്യം അതിന്‍റെ പൂര്‍ണ്ണതയിലെത്തിയത്. പലവിഭാഗങ്ങളായി പുരോഹിതന്മാര്‍ തിരിഞ്ഞതും ഈ കാലഘട്ടത്തിലെ സവിശേഷതയാണ്. യഹൂദരുടെ സര്‍വ്വാധികാര സഭയായ സാന്‍ഹെദ്രീനില്‍ ഭൂരിപക്ഷവും പുരോഹിതന്മാരായിരുന്നു.
എ.ഡി. 70-ല്‍ ജെറുസലേം ദേവാലയം തകര്‍ക്കപ്പെട്ടതോടുകൂടി പുരോഹിതന്മാരുടെ പ്രാധാന്യം അസ്തമിച്ചു. സിനഗോഗുകളിലെ റബ്ബിമാരും ഫരിസേയരുമാണ് തല്‍സ്ഥാനം കയ്യടക്കിയത്.
ഡോ. ജോസഫ് പാംപ്ലാനി
feasts-of-the-jews-and-sacrifices catholic malayalam bible Rev. Dr. Joseph Pamplany പഞ്ചഗ്രന്ഥത്തിൻറ്റെ ദൈവശാസ്ത്ര൦ no:13 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206