We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 10-Feb-2021
ഉടമ്പടിയും നിയമങ്ങളും
പഞ്ചഗ്രന്ഥത്തിന്‍റെ എന്നല്ല, പഴയനിയമത്തിന്‍റെ തന്നെ കേന്ദ്രമാണ് സീനായ് ഉടമ്പടി. പുറപ്പാടു പുസ്തകത്തിലെ 22 അദ്ധ്യായങ്ങളും ലേവ്യപുസ്തകത്തിലെ 27 അദ്ധ്യായങ്ങളും ഈ ഉടമ്പടിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.അബ്രാഹം,ഇസഹാക്ക്, യാക്കോബ് എന്നീ പൂര്‍വ്വപിതാക്കന്മാര്‍ക്കു ദൈവം നല്കിയ വാഗ്ദാനങ്ങളും അവരുമായി ചെയ്ത ഉടമ്പടികളും സീനായ് ഉടമ്പടിയിലേക്കു നയിക്കുന്നതായിരുന്നു. നിയമാവര്‍ത്തനഗ്രന്ഥം മുഴുവന്‍തന്നെ സീനായ് ഉടമ്പടിയുടെ വിശദീകരണമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ജോഷ്വായുടെ നേതൃത്വത്തില്‍ ഷെക്കെമില്‍വെച്ച് പുതുക്കിയത് സീനായ് ഉടമ്പടി തന്നെയാണ്. ജനത്തെ മാനസാന്തരത്തിനു ക്ഷണിച്ച പ്രവാചകന്മാര്‍ ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് കുറ്റാരോപണങ്ങളും ശിക്ഷയുടെ മുന്നറിയിപ്പുകളും അവതരിപ്പിച്ചത്. ജറെമിയാ, എസെക്കിയേല്‍ തുടങ്ങിയ പ്രവാചകന്മാര്‍ പുതിയ ഉടമ്പടിയെക്കുറിച്ചു പ്രതിപാദിച്ചപ്പോഴും ലംഘിക്കപ്പെട്ട സീനായ് ഉടമ്പടി അവരുടെ പ്രസംഗത്തിന്‍റെയും വാഗ്ദാനങ്ങളുടെയും പശ്ചാത്തലമായി നിലകൊണ്ടു. ഉടമ്പടിയോടുള്ള അവിശ്വസ്തത ബാബിലോണ്‍ പ്രവാസത്തിനു കാരണമായി വിശദീകരിക്കപ്പെട്ടു. പ്രവാസത്തില്‍നിന്നു മടങ്ങിവന്ന് സമൂലമായ മതനവീകരണത്തിനു നേതൃത്വം നല്‍കിയ എസ്രാ, നെഹെമിയാ തുടങ്ങിയ നിയമപണ്ഡിതന്മാരും പുരോഹിതന്മാരും സീനായ് ഉടമ്പടിയുടെ നിബന്ധനകളാണ് നവീകരണത്തിന്‍റെ രൂപരേഖയായി അവതരിപ്പിച്ചത്.
നോഹയുമായി ചെയ്ത ഉടമ്പടി (ഉല്‍പ 9,8-10) സൃഷ്ടപ്രപഞ്ചത്തെ മുഴുവന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ളതായിരുന്നു. അതുവഴി യാതൊരു നിബന്ധനയുമില്ലാതെ ദൈവം സൗജന്യമായി തന്‍റെ സംരക്ഷണം വാഗ്ദാനം ചെയ്തു. അബ്രാഹവുമായി ചെയ്ത ഉടമ്പടിയില്‍ (ഉല്‍പ 15, 1-21; 17, 1-14) ഒരു വ്യക്തി മാത്രമാണ് പങ്കാളിയായി നില്ക്കുന്നത്. ഛേദനാചാരം മാത്രമായിരുന്നു അതിന്‍റെ നിബന്ധന. സീനായ് ഉടമ്പടിയിലാകട്ടെ ഒരു ജനം മുഴുവന്‍ പങ്കുചേരുന്നു. വ്യക്തമായ നിബന്ധനകളും അവതരിപ്പിക്കുന്നുണ്ട്. ഈ ഉടമ്പടികളെല്ലാം യേശുവില്‍ പൂര്‍ത്തിയാകാനിരുന്ന പുതിയ ഉടമ്പടിയ്ക്കുള്ള ഒരുക്കങ്ങളായിരുന്നു.
ഈജിപ്തില്‍നിന്നു പുറപ്പെട്ട് മരുഭൂമിയിലൂടെ യാത്ര ചെയ്ത് സീനായ്മലയുടെ അടുത്തെത്തിയ വിമോചിതരായ അടിമകള്‍ മലയുടെ അടിവാരത്ത് കൂടാരമടിച്ചു. അവിടെവച്ച് അതിശക്തവും ഭയാനകവുമായ പ്രതിഭാസങ്ങളിലൂടെ ദൈവം അവര്‍ക്കു പ്രത്യക്ഷപ്പെടുകയും തന്‍റെ പദ്ധതി വെളിപ്പെടുത്തുകയും ചെയ്തു. ഉടമ്പടിയിലൂടെ തന്‍റെ ജനമായി അവരെ സ്വീകരിക്കുക എന്നതായിരുന്നു അവരെ സംബന്ധിച്ച ദൈവത്തിന്‍റെ പദ്ധതി. അതിനുവേണ്ടിയാണ് അവരെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്നത്. എന്നാല്‍ ആ പദ്ധതി സ്വീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. സ്വീകരിക്കാനുള്ള സന്നദ്ധത ജനം ഏറ്റു പറഞ്ഞു കഴിഞ്ഞപ്പോള്‍ രണ്ടു ഘട്ടങ്ങളിലായി ദൈവം തന്‍റെ നിബന്ധനകള്‍ അവതരിപ്പിച്ചു. ആ നിയമങ്ങളെ അടിസ്ഥാനമാക്കി ദൈവം അവരുമായി ഉടമ്പടി ചെയ്തു. ബലിപീഠത്തിന്മേലും ജനത്തിന്മേലും ബലിമൃഗത്തിന്‍റെ രക്തം തളിച്ചുകൊണ്ട് ഉടമ്പടി ഉറപ്പിക്കപ്പെട്ടു.
ഇവിടെ അവതരിപ്പിക്കുന്ന നിയമങ്ങളെല്ലാം സീനായ്മലയുടെ അടിവാരത്തുവച്ചു പ്രഖ്യാപിക്കപ്പെട്ടതല്ല. പലതും കാനാന്‍ദേശത്തു വാസമുറപ്പിച്ചതിനുശേഷം രൂപം പ്രാപിച്ചവയാണ്. പല നിയമങ്ങളും ചുറ്റുപാടുമുള്ള ജനതകളുടെ ഇടയില്‍ പ്രചാരത്തില്‍ ഇരുന്നവയുമാണ്. ഏതു കാലത്തു രൂപപ്പെട്ടവയാണെങ്കിലും അവയെല്ലാം സീനായ് മലയില്‍വച്ചു വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തിന്‍റെ വ്യാഖ്യാനമായിട്ടാണ് ഇസ്രായേല്‍ക്കാര്‍ കരുതിയത്. അതിനാല്‍ അവരുടെ നിയമങ്ങള്‍ മുഴുവന്‍ മോശ വഴി ദൈവം നല്കിയ ഉടമ്പടിയുടെ നിയമങ്ങളായിരുന്നു.
ഉടമ്പടി
ഉടമ്പടിയുടെ നിബന്ധനകള്‍ വിശദീകരിക്കുന്നതിനു മുമ്പ്, രണ്ടു ഘട്ടമായി ദൈവജനത്തെ ഒരുക്കുന്നതിന്‍റെ വിവരണമാണ് ഈ അദ്ധ്യായത്തില്‍ അവതരിപ്പിക്കുന്നത്. അവരുമായി ഉടമ്പടി ചെയ്യാനുള്ള തന്‍റെ താല്പര്യവും ഉടമ്പടിയുടെ ചില പ്രത്യേകതകളും ആദ്യമേ അവതരിപ്പിക്കുന്നു. ജനം സമ്മതം നല്കിക്കഴിയുമ്പോള്‍ തന്‍റെ മഹത്വവും വിശുദ്ധിയും അതിശക്തമായ പ്രതിഭാസങ്ങളിലൂടെ അവര്‍ക്കു വെളിപ്പെടുത്തുന്നു. ആരുമായാണ് തങ്ങള്‍ ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ പോകുന്നതെന്നു ജനത്തെ വ്യക്തമായി ബോധ്യപ്പെടുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം. അതിശക്തമായ ദൈവാനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഉടമ്പടി ഉറപ്പിക്കപ്പെടുന്നത്.
പല പാരമ്പര്യങ്ങളില്‍പ്പെട്ട വിവരണങ്ങള്‍ കൂട്ടി യോജിപ്പിച്ചിരിക്കുന്നതിനാല്‍ വിരസവും അര്‍ത്ഥശൂന്യവുമെന്നു തോന്നാവുന്ന അനേകം ആവര്‍ത്തനങ്ങള്‍ ഇവിടെ കാണാം. മോശ മലയിലേക്കു കയറുകയും മലയില്‍നിന്ന് ഇറങ്ങുകയും ചെയ്യുന്നതും ദൈവത്തിന്‍റെ വാക്കുകള്‍ ജനത്തോടും ജനത്തിന്‍റെ മറുപടി ദൈവത്തോടും പലതവണ ആവര്‍ത്തിക്കുന്നതും ഉദാഹരണങ്ങളാണ്. സംഭവങ്ങളുടെ ക്രമാനുഗതമായ ഒരു വിവരണമല്ല, വിശ്വാസത്താല്‍ പ്രചോദിതവും ദൈവശാസ്ത്രപരവുമായ വിചിന്തനവും വിശകലനവുമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
a. പശ്ചാത്തലം 19, 1-2 (P): യാത്രയുടെ കാലത്തെയും യാത്രാമധ്യേ വിശ്രമിച്ച താവളങ്ങളെയുംകുറിച്ചുള്ള കൃത്യമായ സൂചനകള്‍ പുരോഹിതഗ്രന്ഥകാരന്‍റേതാണ്. ഇസ്രായേല്‍ ജനം റഫിദിമില്‍ എത്തിയതായി 17, 1ല്‍ പറഞ്ഞതിന്‍റെ തുടര്‍ച്ച ഇവിടെ കാണാം. സീനായ് ഉപദ്വീപിന്‍റെ തെക്കെഅറ്റത്തു സ്ഥിതി ചെയ്യുന്ന, ഏകദേശം 2300 മീറ്റര്‍ ഉയരമുള്ള ജേബെല്‍ മൂസാ (മോശയുടെ മല)യാണ് ഇവിടെ പരാമര്‍ശിക്കുന്ന സീനായ് മല എന്ന് പൊതുവേ കരുതപ്പെടുന്നു. മോശയ്ക്കു വിളി ലഭിച്ചത് ഈ മലയില്‍ വച്ചായിരുന്നു (പുറ 3,1). വിമോചിതരായ ജനം മലയില്‍വച്ചു ദൈവത്തെ ആരാധിക്കും എന്ന അടയാളമാണ് വിളിയുടെ അവസരത്തില്‍ ദൈവം മോശയ്ക്കു നല്കിയത് (പുറ 3,12). സീനായ്മലയുടെ അടിവാരത്തില്‍ ജനം പാളയമടിച്ചതോടെ ദൈവം നല്കിയ വാഗ്ദാനത്തിന്‍റെ ആദ്യഭാഗം പൂര്‍ത്തിയായി. ഇവിടെ വച്ചുണ്ടായ ദൈവാനുഭവം ഇസ്രായേലിന്‍റെ സമൂഹമനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ദേശം മുഴുവന്‍ വലിയൊരു പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ദൈവികസാന്നിധ്യം തേടി ഏലിയാ പ്രവാചകന്‍ ഈ മലയിലേക്കാണ് പ്രയാണം ചെയ്തത് (1 രാജ 19, 8-13).
b.ഉടമ്പടിയുടെ അവതരണം 19,3-8: പഞ്ചഗ്രന്ഥത്തിനു പിന്നിലുള്ള നാലു പാരമ്പര്യങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു പ്രത്യേക സ്രോതസ്സില്‍നിന്നാണ് ഈ വിവരണം എടുത്തിട്ടുള്ളത് എന്നു കരുതപ്പെടുന്നു. ഉടമ്പടിയില്‍ പങ്കുചേരാന്‍ ദൈവം ജനത്തെ ക്ഷണിക്കുകയും ജനം ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നതാണ് ഈ വാക്യങ്ങളിലെ പ്രതിപാദ്യം. ഉടമ്പടിയുടെ പൊതുവായ സ്വഭാവം മാത്രമേ ഇവിടെ അവതരിപ്പിക്കുന്നുള്ളൂ. ദൈവത്തിനും ജനത്തിനും ഇടയ്ക്കുള്ള മധ്യവര്‍ത്തി എന്ന നിലയില്‍ മോശയ്ക്കു വലിയ പ്രാധാന്യം നല്കിയിരിക്കുന്നു.
കര്‍ത്താവ് സീനായ് മലയില്‍ വസിക്കുന്നു എന്ന പ്രതീതിയാണ് ഈ വിവരണത്തില്‍നിന്നു ലഭിക്കുന്നത്. ഈജിപ്തിലും മരുഭൂമിയിലും അവിടുന്ന് സന്നിഹിതനാണെങ്കിലും അവിടുത്തെ സാന്നിധ്യം പ്രത്യേകമാംവിധം ജനത്തിന് അനുഭവവേദ്യമായ സ്ഥലമാണ് സീനായ് മല. ഇസ്രായേല്‍ ജനത്തെ ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുക എന്ന ആദ്യദൗത്യം പൂര്‍ത്തിയാക്കിയതിനുശേഷം മലയിലേക്കു കയറി ചെല്ലുന്ന മോശയെ ദൈവം പുതിയൊരു ദൗത്യം ഏല്പിക്കുന്നു. ഇതുവരെ നടന്ന സംഭവങ്ങളുടെ അര്‍ത്ഥവും ലക്ഷ്യവും വിശദീകരിച്ചു കൊടുത്തുകൊണ്ട് ജനത്തെ രക്ഷാചരിത്രത്തിന്‍റെ അടുത്ത പടിയിലേക്കു കൈപിടിച്ചു നടത്തുക എന്നതാണ് ഈ പുതിയ ദൗത്യം. മോശ മലയിലേക്കു കയറിച്ചെന്നു എന്നും കര്‍ത്താവു മലയില്‍നിന്നു മോശയെ വിളിച്ചു എന്നും ഉള്ള 3-ാം വാക്യത്തിലെ പ്രസ്താവനകള്‍ പരസ്പര വിരുദ്ധങ്ങളായി കരുതേണ്ടതില്ല. കര്‍ത്താവിന്‍റെ മലയിലേക്കു കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം മോശയ്ക്കു കര്‍ത്താവു നല്കിയിരിക്കുന്ന പ്രത്യേക സ്ഥാനത്തിന്‍റെ തെളിവാണ്. ദൈവത്തിന്‍റെ വക്താവായി ജനത്തിന്‍റെ അടുക്കലേക്ക് അയയ്ക്കപ്പെടുമ്പോള്‍ മോശയുടെ പ്രവാചക ദൗത്യം വ്യക്തമാകുന്നു. ദൈവത്തിന്‍റെ പ്രവൃത്തികളുടെ അര്‍ത്ഥം വ്യാഖ്യാനിക്കുകയും അവിടുത്തെ തിരുഹിതം ജനത്തെ അറിയിക്കുകയുമാണ് പ്രവാചകന്‍റെ കടമ. "യാക്കോബിന്‍റെ ഭവനത്തോടു പറയുക, ഇസ്രായേലിനെ അറിയിക്കുക" എന്ന സമാന്തരവാചകങ്ങള്‍ക്ക് ഒരേ അര്‍ത്ഥമാണുള്ളത്.
ദൈവം മുന്നോട്ടു വയ്ക്കുന്ന ഉടമ്പടിയുടെ ഏകദേശരൂപമാണ് 4-6 വാക്യങ്ങളില്‍ വിവരിക്കുന്നത്. ഇത് മൂന്നു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 1. കഴിഞ്ഞ സംഭവങ്ങളുടെ അനുസ്മരണം. 2. ഭാവിയെക്കുറിച്ചുള്ള വാഗ്ദാനം. 3. വാഗ്ദാനപൂര്‍ത്തീകരണത്തിനാവശ്യമായ നിബന്ധന.
'എന്‍റെയടുക്കലേക്കു കൊണ്ടു വന്നു': ഇതുവരെ നടന്ന സംഭവങ്ങളുടെ അര്‍ത്ഥവും ലക്ഷ്യവും കൂടുതല്‍ വിശദമാക്കുന്നതാണ് ഈ വാക്യശകലം. പുറപ്പാടും മരുഭൂമിയിലൂടെയുള്ള യാത്രയും ദൈവസന്നിധിയിലേക്കു നയിക്കുന്ന പ്രയാണമായിരുന്നു. ദൈവംതന്നെയാണ് അവരെ തന്‍റെയടുക്കലേക്കു കൊണ്ടുവന്നത്. കര്‍ത്താവു ചെയ്ത വലിയ കാര്യങ്ങളെ അനുസ്മരിച്ചതിനുശേഷം ഭാവിയെ സംബന്ധിച്ച വാഗ്ദാനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു.
സ്വന്തം ജനം: "എല്ലാ ജനതകളിലുംനിന്ന് എനിക്കുള്ള പ്രത്യേക സമ്പാദ്യം ആയിരിക്കും നിങ്ങള്‍" എന്നാണ് ഹീബ്രുമൂലം. ഏറ്റം പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനം എന്ന വിവര്‍ത്തനം ഒരു വിശദീകരണമാണ്. "സെഗുല്ലാ" എന്ന ഹീബ്രുവാക്കാണ് ഇവിടെ വിശദീകരണവിഷയമാകുന്നത്. ഇടയന്മാരുടെ ജീവിതപശ്ചാത്തലത്തില്‍നിന്ന് ഈ വാക്കിന്‍റെ അര്‍ത്ഥം ഗ്രഹിക്കാനാവും. ഗോത്രത്തിന്‍റെ മുഴുവന്‍ ആടുകളെ മേയ്ക്കുന്ന ഇടയന്മാര്‍ അവയില്‍നിന്ന് തങ്ങളുടെ സ്വന്തമായവയെ "സെഗുല്ലാ" എന്നു വിളിക്കും. ആട്ടിന്‍കൂട്ടത്തില്‍നിന്ന് പ്രത്യേക ശ്രദ്ധയോടെ പോറ്റി വളര്‍ത്തുന്ന ആടുകളെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. "വലിയ വില കൊടുത്തു വാങ്ങിയത്" എന്ന അര്‍ത്ഥവും ഈ പദത്തിനുണ്ട്. ഈ ധ്വനികളാണ് "എനിക്ക് ഏറ്റം പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനം" എന്ന വിവര്‍ത്തനത്തിലൂടെ വിശദീകരിക്കുന്നത്.
ഇസ്രായേലിനെ പ്രത്യേകമായി തിരഞ്ഞെടുക്കുമ്പോഴും ദൈവം ഇതരജനതകളെ ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നില്ല. 'കാരണം ഭൂമി മുഴുവന്‍ എന്‍റേതാണ്" എന്ന പ്രസ്താവന ഈ തിരഞ്ഞെടു പ്പിന്‍റെ സ്വഭാവം വിശദമാക്കുന്നു. ലോകജനതകള്‍ എല്ലാം ദൈവത്തിന്‍റേതാണ്. അവരില്‍നിന്ന് ഒരു ജനതയെ പ്രത്യേകമായി തിരഞ്ഞെടുക്കുന്നതിനു വ്യക്തമായ ലക്ഷ്യമുണ്ട്. ആ ലക്ഷ്യമാണ് അടുത്ത രണ്ടു വിശേഷണങ്ങളിലൂടെ വിശദമാക്കുന്നത്.
പുരോഹിതരാജ്യം: ഈ വിശേഷണത്തെ രണ്ടു വിധത്തില്‍ വിശദീകരിക്കാം. 1. പുരോഹിതന്മാരാല്‍ ഭരിക്കപ്പെടുന്ന രാജ്യം. 2. പുരോഹിത ശൂശ്രൂഷ ചെയ്യുന്ന രാജ്യം. രാജ്യം എന്നതുകൊണ്ട് ഏകീകൃതഭരണത്തിന്‍ കീഴിലുള്ള ജനത എന്നാണ് അര്‍ത്ഥമാക്കുന്നത്. ആദ്യത്തെ വിശദീകരണം സ്വീകരിക്കുന്നവര്‍ ഇസ്രായേലിലെ പുരോഹിതനേതൃത്വത്തിനും അവര്‍ അര്‍പ്പിക്കുന്ന ദൈവികശുശ്രൂഷയ്ക്കും പ്രാധാന്യം നല്കുന്നു. അഭിഷിക്തമായ പുരോഹിത നേതാക്കന്മാരിലൂടെ, ബലിയര്‍പ്പണം വഴി ദൈവത്തെ ആരാധിക്കുന്ന ഒരു ജനമായിരിക്കും ഇസ്രായേല്‍ എന്ന് ഇക്കൂട്ടര്‍ കരുതുന്നു. പ്രവാസത്തിനുശേഷം ഇസ്രായേല്‍ ഇപ്രകാരമൊരു ജനതയായി തീര്‍ന്നു. എന്നാല്‍ ചുരുക്കം ചില നേതാക്കന്മാര്‍ മാത്രമല്ല ഇസ്രായേല്‍ ജനം മുഴുവനുമാണ് പുരോഹിത ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന രണ്ടാമത്തെ വിശദീകരണത്തിന് സാഹചര്യത്തില്‍നിന്ന് കൂടുതല്‍ സാധുത ലഭിക്കുന്നു. ഈ അര്‍ത്ഥത്തിലാണ് 1 പത്രോ 2,5ല്‍ പുരോഹിതജനം എന്നു ക്രിസ്തുസഭയെ വിശേഷിപ്പിക്കുന്നത്.
ദൈവത്തിനും ജനത്തിനും ഇടയില്‍ മധ്യസ്ഥനായിരിക്കുക എന്നതാണ് പുരോഹിതന്‍റെ ദൗത്യം. ജനത്തിന്‍റെ ആരാധനയും പ്രാര്‍ത്ഥനയും ബലികളും ദൈവത്തിനു സമര്‍പ്പിക്കുക, ദൈവഹിതം ജനത്തെ പഠിപ്പിക്കുക എന്ന രണ്ടു മുഖ്യകര്‍ത്തവ്യങ്ങളാണ് ഈ മാധ്യസ്ഥ്യത്തിലുള്ളത്. ലോകജനതകളുടെ മുഴുവന്‍ മധ്യസ്ഥരായി ഇസ്രായേല്‍ ജനം ഒന്നടങ്കം ദൈവസന്നിധിയില്‍ നില്ക്കണം. അവരുടെ ആരാധനയും പ്രാര്‍ത്ഥനയും ബലികളും എല്ലാം എല്ലാ ജനതകള്‍ക്കുംവേണ്ടി ആയിരിക്കണം. ലോകജനതകളെ മുഴുവന്‍ സ്വീകാര്യമായ ബലിവസ്തുവായി ദൈവത്തിനു സമര്‍പ്പിക്കണം. ദൈവഹിതം അറിയാനും അതു സ്വജീവിതത്തില്‍ അനുവര്‍ത്തിക്കാനും ലോകജനതകളെ അറിയിക്കാനുമുള്ള കടമ ഇസ്രായേല്‍ ജനത്തിനു മുഴുവനുമുണ്ട്. ദൈവത്തെ അറിയുകയാണ് യഥാര്‍ത്ഥ ജ്ഞാനം. ആ ജ്ഞാനം പകര്‍ന്നു കൊടുക്കലാണ് പുരോഹിതധര്‍മ്മം എന്ന (ഹോസി 4,6) പഠനം ഇവിടെ ശ്രദ്ധേയമത്രേ.
വിശുദ്ധ ജനം: ദൈവത്തിനായി പ്രത്യേകം മാറ്റി വയ്ക്കപ്പെട്ടതിനെയാണ് "വിശുദ്ധം" എന്നു വിശേഷിപ്പിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ സ്ഥലങ്ങളെയും വസ്തുക്കളെയും വിശുദ്ധം എന്നു വിളിക്കാറുണ്ട്. പുരോഹിതരാജ്യം എന്നതുപോലെ ഈ വിശേഷണവും ഒരു വിളിയും ദൗത്യവും സൂചിപ്പിക്കുന്നു. ദൈവം ഇസ്രായേല്‍ ജനത്തെ ഇതരജനതകളില്‍നിന്നു വേര്‍തിരിച്ച് തന്‍റെ ശുശ്രൂഷയ്ക്കായി മാറ്റി വച്ചിരിക്കുന്നു. അവിടുത്തെ വിശുദ്ധിക്ക് തങ്ങളുടെ ജീവിതത്തിലൂടെ അവര്‍ സാക്ഷ്യം വഹിക്കണം. ദൈവം വിശുദ്ധനായതിനാല്‍ അവിടുത്തെ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍ വിശുദ്ധരായിരിക്കണം എന്ന കല്പന ലേവ്യപുസ്തകത്തിലെ ഒരു പ്രധാന പ്രമേയമാണ് (ലേവ്യ 19, 2). വിശുദ്ധ ജനമായി തിരഞ്ഞെടുക്കപ്പെട്ടവരാണ് തങ്ങള്‍ എന്ന ഇസ്രായേലിന്‍റെ ദൗത്യബോധം നിയമാവര്‍ത്തന ഗ്രന്ഥത്തില്‍ അനേകം തവണ ആവര്‍ത്തിക്കുന്നുണ്ട് (നിയ 7, 6; 14, 2. 21; 26, 19).
ഇസ്രായേല്‍ജനവുമായി ദൈവം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന പ്രത്യേക ബന്ധത്തെയാണ് "ഉടമ്പടി" എന്നു വിശേഷിപ്പിക്കുന്നത്. ദൈവത്തിന്‍റെ ഭാഗത്തുനിന്ന് സൗജന്യമായ ദാനമാണ് "ഉടമ്പടി. ഇസ്രായേല്‍ ജനത്തിന്‍റെ എന്തെങ്കിലും പ്രത്യേക യോഗ്യതയെ പരിഗണിച്ചല്ല അവരെ തിരഞ്ഞെടുക്കുന്നതും അവരുമായി ഉടമ്പടി ചെയ്യാന്‍ ദൈവം തീരുമാനിച്ചതും. അവര്‍ക്കു നല്കാന്‍ പോകുന്ന പ്രത്യേകസ്ഥാനവും അവരെ ഏല്പിക്കാന്‍ പോകുന്ന ദൗത്യവും ഒരു വിധത്തിലും അവര്‍ക്ക് അര്‍ഹതപ്പെട്ടതല്ല. അതു ദൈവത്തിന്‍റെ കൃപയാണ്. എന്നാല്‍ സ്വതന്ത്രമനസ്സോടെ അവര്‍ അതു സ്വീകരിക്കണം.
ജനത്തിന്‍റെ മറുപടി: കര്‍ത്താവിന്‍റെ വാക്കുകള്‍ ജനത്തെയും ജനത്തിന്‍റെ മറുപടി കര്‍ത്താവിനെയും മോശ അറിയിക്കുന്നതായി 7-8 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഏതാണ്ട് ഇതേ വാക്കുകള്‍തന്നെ ഉടമ്പടി സ്ഥാപനത്തിനു തൊട്ടു മുമ്പ് 24, 3ല്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. ശ്രേഷ്ഠന്മാരും ജനവും ഒന്നടങ്കം കര്‍ത്താവിനോടു പരിപൂര്‍ണ്ണ വിധേയത്വം പ്രകടിപ്പിക്കുന്നു. നിരുപാധികമായ അനുസരണമാണ് അവര്‍ പ്രഖ്യാപിക്കുന്നത്.
c.ദൈവദര്‍ശനം 19, 9-25 (JE) സീനായ്മലയില്‍വെച്ച് ഇസ്രായേല്‍ ജനത്തിനുണ്ടായ ദൈവാനുഭവം അടുത്തതായി വിവരിക്കുന്നു. ഉടനെ സംഭവിക്കാന്‍ പോകുന്ന പ്രത്യക്ഷീകരണത്തിന്‍റെ സ്വഭാവവും ലക്ഷ്യവും ചുരുക്കമായി പ്രതിപാദിക്കുന്ന 9-ാം വാക്യം മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കുന്നു. 1. ദൈവം മലയില്‍ ഇറങ്ങിവരും. സീനായ്മല ദൈവത്തിന്‍റെ ഭവനമല്ല, പ്രത്യക്ഷപ്പെടാനായി തിരഞ്ഞെടുത്ത സ്ഥലം മാത്രമാണ്. അനന്തവും അഗ്രാഹ്യവുമാംവിധം സൃഷ്ടികളില്‍ നിന്നെല്ലാം വ്യത്യസ്തനും ഉന്നതനുമാണ് ദൈവം. മേഘം അവിടുത്തെ സാന്നിധ്യത്തെ സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. 2. ജനം ദൈവത്തിന്‍റെ സ്വരം കേള്‍ക്കണം. 3. മോശയെ വിശ്വസിക്കണം. ദൈവം നേരിട്ടല്ല, മോശ വഴിയാണ് ജനത്തോടു സംസാരിക്കുന്നത്. ജനത്തിന്‍റെ മുമ്പില്‍ തന്‍റെ പ്രവാചകനായി ദൈവംതന്നെ മോശയെ അംഗീകരിച്ചുറപ്പിക്കുന്നു. പ്രവാചകവചനത്തെ ദൈവവചനമായി സ്വീകരിച്ച് അനുസരിക്കേണ്ടതിന്‍റെ ആവശ്യകത ഈ വാക്യത്തില്‍ ഊന്നിപ്പറയുന്നു.
10-15 വാക്യങ്ങള്‍ ദൈവദര്‍ശനത്തിനാവശ്യമായ ഒരുക്കത്തെ വിശദീകരിക്കുന്നു. മൂന്നു കാര്യങ്ങളാണ് പ്രത്യേകമായി എടുത്തു പറയുന്നത്. 1. മലയെ സമീപിക്കരുത്. 2. വസ്ത്രങ്ങള്‍ അലക്കണം. 3. ലൈംഗികവൃത്തിയില്‍നിന്ന് ഒഴിഞ്ഞു നില്ക്കണം. മലയെ സമീപിക്കരുത് എന്ന കല്പന ദൈവത്തിന്‍റെ വിശുദ്ധിക്ക് ഊന്നല്‍ നല്‍കുന്നു. കര്‍ത്താവ് ഇറങ്ങി വരുന്നതിനാല്‍ വിശുദ്ധ സ്ഥലമായിത്തീരുന്ന മലയെ സമീപിക്കുന്നവര്‍ വധിക്കപ്പെടണം എന്ന കല്പന, ലാഘവബുദ്ധിയോടെ ആരും ദൈവസന്നിധിയിലേക്കു കടന്നു ചെല്ലരുത് എന്നു നിര്‍ദ്ദേശിക്കുന്നു (ഹീബ്രു 12, 18-22). ദൈവം മലയില്‍ ഇറങ്ങി വരുന്നത് മനുഷ്യനോടുള്ള അവിടുത്തെ സാമീപ്യത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ സമീപസ്ഥനായിരിക്കുമ്പോഴും ദൈവം എല്ലാറ്റിനും അതീതനും സൃഷ്ടികളില്‍നിന്നെല്ലാം വ്യത്യസ്തനും ആണെന്ന് ഈ കല്പന അനുസ്മരിപ്പിക്കുന്നു. ലൈംഗികവേഴ്ച അതില്‍ത്തന്നെ പാപമോ നിഷിദ്ധമോ ആയതിനാലല്ല, ദൈവസന്നിധിയില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നവര്‍ ഏകാഗ്രചിത്തരായി, വലിയ ആദരവോടെ, ദൈവത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് അനുസ്മരിപ്പിക്കാനാണ് അതില്‍നിന്ന് ഒഴിഞ്ഞു നില്ക്കാന്‍ ആവശ്യപ്പെടുന്നത് (1 സാമു 21:4; 1 കോറി 7:5).
മൂന്നാം ദിവസം എന്ന പ്രയോഗം ദൈവം മനുഷ്യന്‍റെ ചരിത്രത്തിലേയ്ക്ക് ഇറങ്ങി വന്ന് അതിനെ പുതിയ ലക്ഷ്യത്തിലേക്കു നയിക്കുന്ന സമയത്തെയാണ് സൂചിപ്പിക്കുന്നത്. (ഹോസി 6:2; ലൂക്കാ 13:32-33; മത്താ 16:21). സീനായ്മലയില്‍ സംഭവിക്കാന്‍ പോകുന്ന ദൈവത്തിന്‍റെ പ്രത്യക്ഷീകരണം ഇസ്രായേലിന്‍റെ ചരിത്രത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നതായിരിക്കും. 13-ാം വാക്യത്തില്‍ പ്രതിപാദിക്കുന്ന കാഹളധ്വനി ഉത്സവാഘോഷത്തിനും ബലിയര്‍പ്പണത്തിനുമായി വിശുദ്ധ സമ്മേളനം വിളിച്ചു കൂട്ടുന്ന കൊമ്പുവിളിയെ അനുസ്മരിപ്പിക്കുന്നു.
16-19 വാക്യങ്ങള്‍ ദൈവത്തിന്‍റെ പ്രത്യക്ഷീകരണം വിവരിക്കുന്നു. അതിശക്തമായ രണ്ടു വ്യത്യസ്ത പ്രതിഭാസങ്ങള്‍ ഈ വിവരണത്തില്‍ ദൃശ്യമാണ്. ഇടിമുഴക്കവും മേഘവും മിന്നല്‍പിണരും ഒരു കൊടുങ്കാറ്റിന്‍റെ പ്രതീതി ജനിപ്പിക്കുന്നു. കൊടുങ്കാറ്റിന്‍റെ ശീല്‍ക്കാരമാണ് കാഹളധ്വനിയായി ചിത്രീകരിക്കുന്നത്. അഗ്നിയും പുകയും ഭൂമികുലുക്കവുമാകട്ടെ, അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതിന്‍റെ ചിത്രത്തെയാണ് അനുസ്മരിപ്പിക്കുന്നത്. മനുഷ്യനില്‍ ഭയവും പരിഭ്രാന്തിയും ജനിപ്പിക്കുന്ന ഈ പ്രതിഭാസങ്ങള്‍ ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ സംഭീതരായ ജനം മോശയുടെ പിന്നില്‍ മലയടിവാരത്തു നിലയുറപ്പിക്കുന്നു. ദൈവാരാധനയ്ക്കായി സമ്മേളിച്ചിരിക്കുന്ന സമൂഹത്തിന്‍റെ ചിത്രമാണ് ഇവിടെ തെളിയുന്നത്. ദൈവത്തെ കാണാന്‍ ജനം കാത്തു നിന്നെങ്കിലും അവര്‍ കാണുന്നത് പുകയുന്ന അഗ്നിപര്‍വ്വതം മാത്രമാണ്. ദൈവം അദൃശ്യനായിത്തന്നെ കഴിയുന്നു. ദൈവത്തെ കാണാനാവില്ല, അവിടുത്തെ ശബ്ദം കേള്‍ക്കാന്‍ മാത്രമേ കഴിയൂ എന്ന് 19-ാം വാക്യത്തിലെ വിവരണം സൂചിപ്പിക്കുന്നു. പിന്നീട് സീനായ്സംഭവത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഇക്കാര്യം എടുത്തു പറയുന്നുണ്ട് (നിയ 4:11-12).
20-25 വാക്യങ്ങള്‍ ദൈവസന്നിധിയില്‍ നില്ക്കുന്നവര്‍ക്ക് ആവശ്യമായ വിശുദ്ധിയെക്കുറിച്ച് വീണ്ടും അനുസ്മരിപ്പിക്കുന്നു. പുരോഹിതന്മാ രെക്കുറിച്ചുള്ള പരാമര്‍ശം സീനായ് സംഭവത്തിന്‍റെ കാലത്തിനു നിരക്കുന്ന തല്ല. പുരോഹിതസംവിധാനം പിന്നീടാണ് ഉണ്ടായത്. അഹറോനെ മല കയറാന്‍ അനുവദിക്കുന്നത് മോശയോടൊപ്പം അയാള്‍ക്കും പ്രാധാന്യം നല്കാന്‍ വേണ്ടിയാണ്. എന്നാല്‍ മറ്റുവിവരണങ്ങളിലെല്ലാം മോശ മാത്രമാണ് മധ്യസ്ഥനായി വര്‍ത്തിക്കുന്നത്. അതിനാല്‍ അഹറോനെക്കുറിച്ചുള്ള ഈ പരാമര്‍ശം പില്ക്കാലത്തു കൂട്ടിച്ചേര്‍ത്തതായി കരുതപ്പെടുന്നു.
വിചിന്തനം: ഫറവോയുടെ ദാസ്യത്തില്‍നിന്നു മോചിപ്പിച്ച്, ഇസ്രായേലിനെ ദൈവം സ്വന്തം ജനവും പുരോഹിതരാജ്യവുമായി ഉയര്‍ത്തി. ഭൗതികശക്തികളെ സേവിക്കുന്നവര്‍ അവയുടെ അടിമകളായിത്തീരുന്നു. ദൈവത്തെ ശുശ്രൂഷിക്കുന്നവരാകട്ടെ മഹത്വമണിയുന്നു. പാപത്തിന്‍റെ ദാസ്യത്തില്‍നിന്നു മോചിപ്പിച്ച് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കു മനുഷ്യനെ ഉയര്‍ത്തിയ യേശുക്രിസ്തു സ്ഥാപിച്ച ഉടമ്പടിയുടെ നാന്ദിയും പ്രതീകവുമായിരുന്നു സീനായ് ഉടമ്പടി.
കഴുകന്‍റെ ചിറകുകളിലെന്നപോലെ ഇസ്രായേല്‍ ജനത്തെ നയിച്ച ദൈവം എല്ലാ മനുഷ്യരേയും ഇന്നും കാത്തുപാലിക്കുകയും തന്‍റെ സന്നിധിയിലേക്കു സംവഹിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവമക്കളായിത്തീരാനും അവിടുത്തെ തിരുസന്നിധിയില്‍ നിരന്തരം വസിക്കാനും നമ്മുടെ സ്വതന്ത്രമായ തീരുമാനവും സഹകരണവും ആവശ്യമാണ്. ഭാവിയെ മുഴുവന്‍ മുന്നില്‍ കാണാതെ ദൈവകരങ്ങളില്‍ സ്വയം സമര്‍പ്പിക്കാന്‍ നാം സന്നദ്ധരാകണം. നമുക്കു നന്മയായതു മാത്രമേ ദൈവം നമ്മില്‍നിന്ന് ആവശ്യപ്പെടുകയുള്ളൂ എന്ന വിശ്വാസം ഇതിനാവശ്യമാണ്. ദൈവസന്നിധിയിലേക്കു കടന്നുവരുന്നവര്‍ക്ക് ആവശ്യമായ വിശുദ്ധിയെക്കുറിച്ചുള്ള വിവരണത്തിന് ഇന്നു വലിയ പ്രസക്തിയുണ്ട്. ബാഹ്യമായ ആചാരങ്ങളെക്കാള്‍ ആന്തരികമായ വിശുദ്ധിക്കും മനോഭാവത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്. ഭയവും പരിഭ്രാന്തിയുമല്ല, നന്ദിയും സ്നേഹവും വിനയാന്വിതമായ ആദരവുമാണ് ദൈവികസാന്നിധ്യം നമ്മില്‍ ഉളവാക്കേണ്ടത് (റോമാ 8, 15; 1 യോഹ 4, 18).
ഡോ. മൈക്കിള്‍ കാരിമറ്റം
Exodus: Agreement and Laws catholic malayalam theology Dr. Michael Karimattam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206