x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. പൗലോസിന്‍റെ ലേഖനങ്ങള്‍, കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാംലേഖനം

Authored by : Dr. Jose Vadakkedam On 08-Feb-2021

കോറിന്തോസും കോറിന്തോസുകാരും

തെക്കന്‍ അക്കായിയായെ ഗ്രീസിന്‍റെ ബാക്കി ഭാഗവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയിലെ ജനസാന്ദ്രമായ പട്ടണമായിരുന്നു കോറിന്തോസ്. എല്ലാ യാത്രയും അതു കരമാര്‍ഗ്ഗമായാലും കടല്‍ മാര്‍ഗ്ഗമായാലും തെക്കുവടക്കോ കിഴക്കു പടിഞ്ഞാറോ ആയാലും കോറിന്തോസിലൂടെയായിരുന്നു. കോറിന്തോസിന്‍റെ ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത അതിനെ അക്കാലത്തെ പ്രസിദ്ധിയാര്‍ന്ന നഗരവും ജനനിബിഢമായ പ്രദേശവുമാക്കിതീര്‍ത്തു. പൗലോസിന്‍റെ കാലത്തു കോറിന്തോസില്‍ സ്വതന്ത്രപൗരന്മാരായി 200,000 ആളുകളും 500,000 ത്തിനടുത്ത് അടിമകളും ഉണ്ടായിരുന്നു എന്നു മനസ്സിലാക്കുമ്പോള്‍ താരതമ്യ രൂപത്തില്‍ കാണുന്നപക്ഷം കോറിന്തോസ് അക്കാലത്തെ ന്യൂയോര്‍ക്കോ, ലോസാഞ്ചല്‍സോ, മുംബൈയോ ആയിരുന്നു!

ബ്രഹ്മാണ്ഡങ്ങളായ അമ്പലങ്ങളുടെ മാര്‍ബിള്‍ തൂണുകളും തകര്‍ന്നുവീണ ഫലകങ്ങളും ഇക്കാലത്തെ കോറിന്തോസില്‍ പഴമയുടെ ശേഷിപ്പുകളായി നില്‍ക്കുന്നു. 14000 കാണികള്‍ക്ക് ഇരുന്ന് കളികാണാന്‍ കഴിയുന്നത്ര വിശാലമായ ഒരു സ്റ്റേഡിയവും അതിന്‍റെ പകുതിയോളമുള്ള മറ്റൊരു കളിക്കളവും കോറിന്തോസിന്‍റെ സാംസ്കാരിക പ്രൗഢിയുടെ പ്രതീകമാണ്. എല്ലാ രണ്ടു വര്‍ഷത്തിലും അരങ്ങേറിയിരുന്ന ഇസ്ത്മിയന്‍ മത്സരക്കളികള്‍ ഒളിമ്പിക്സ് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു.

പുരാതനകാലത്തെ ഗ്രീസിനെയും വന്‍കരയുടെ ഏറ്റവും തെക്കായി പരന്നു കിടന്ന പലോപൊണേസ് പ്രദേശത്തെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഇടുങ്ങിയ ഇടനാഴിപോലുള്ള ഭൂപ്രദേശമായിരുന്നു കോറിന്തോസ്. യാത്രയ്ക്കും ചരക്കുകടത്തിനും അധികമാളുകളും അക്കാലത്തു കടല്‍മാര്‍ഗ്ഗമാണ് ഉപയോഗിച്ചിരുന്നത്. ചെറിയ കപ്പലുകള്‍ സാധാരണയായി കരയോടടുത്താണ് യാത്രചെയ്തിരുന്നത്. കടലിലെ പാറക്കെട്ടുകളും ചെറുദ്വീപുകളും എപ്പോഴും യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായിരുന്നു. ദുര്‍ഘടമായ കടല്‍ പാതയിലൂടെ മലേയമുനമ്പുചുറ്റി വരാന്‍ രണ്ടു മാസത്തോളം വേണ്ടിവരുമായിരുന്നു. അതിനാല്‍ എല്ലാവരുംതന്നെ കോറിന്തോസിന്‍റെ ഇരുവശങ്ങളിലുമുള്ള തുറമുഖങ്ങളില്‍ കപ്പലടുപ്പിച്ച് സാധനങ്ങളും മറ്റും ഇറക്കി മറുഭാഗത്തെ തുറമുഖത്തെത്തിച്ച് യാത്രതുടരുകയായിരുന്നു പതിവ്. കരമാര്‍ഗ്ഗം ആറുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ ലാഭിക്കുന്നത് രണ്ടു മാസത്തെ അപകടം നിറഞ്ഞ യാത്ര! കിഴക്ക് സാരോണ്‍ കടലിടുക്കിലെ കെങ്കറെ തുറമുഖവും പടിഞ്ഞാറ് കോറിന്തോസ് കടലിടുക്കില്‍ സ്ഥിതിചെയ്ത ലാഹെയം തുറമുഖവും എപ്പോഴും തിരക്കേറിയ പണിസ്ഥലങ്ങളും കച്ചവടകേന്ദ്രങ്ങളുമായി മാറിയതങ്ങനെയാണ്. ഇവരണ്ടും ചേര്‍ന്ന കോറിന്തോസ് പട്ടണം സമൃദ്ധിയിലേക്ക് കുതിച്ചതും ഇതുവഴിതന്നെ.

ആറുകിലോമീറ്റര്‍ നീളം വരുന്ന ഭൂപ്രദേശത്ത് കപ്പല്‍ യാത്രക്കു പറ്റിയവിധം കനാല്‍ നിര്‍മ്മിക്കാന്‍ ക്രിസ്തുവിനുമുമ്പ് 7-ാം നൂറ്റാണ്ടില്‍ പെരിയാണ്ടര്‍ എന്ന രാജാവ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നൂറ്റാണ്ടുകള്‍ കഴിഞ്ഞ് നീറോ ചക്രവര്‍ത്തി പണിയാരംഭിച്ചുവെങ്കിലും അതും ലക്ഷ്യം കണ്ടില്ല.. ഇന്ന് അനേകം വന്‍കപ്പലുകള്‍ കടന്നുപോകുന്ന കോറിന്തോസ് കനാല്‍ നിര്‍മ്മിക്കാന്‍ 1893 വരെ കാത്തിരിക്കേണ്ടി വന്നു!

ചെറുകപ്പലുകള്‍ മരച്ചക്രങ്ങളില്‍ ഉരുട്ടിക്കൊണ്ടു പോകുകയോ, വലിയകപ്പലുകളിലെ ചരക്കുകള്‍ ഒന്നില്‍ നിന്നിറക്കി മറുവശത്തെ തുറമുഖത്തെത്തിക്കുകയോ ആയിരുന്നു കോറിന്തോസില്‍ ഒന്നാം നൂറ്റാണ്ടിലെ ശൈലി. ഈ ജോലിക്കായി അനേകം അടിമകള്‍ കോറിന്തോസിലുണ്ടായിരുന്നു. കപ്പലിലെ ചരക്കുകള്‍ നഗരവാസികളായ ജോലിക്കാര്‍ മറുവശത്തെത്തിക്കാനെടുക്കുന്ന ദിവസങ്ങള്‍ കപ്പലില്‍ വന്നിറങ്ങിയവര്‍ക്ക് ആഘോഷത്തിന്‍റേതാണ്. കയ്യില്‍ ധാരാളം പണം; വിനോദത്തിന് ധാരാളം അവസരങ്ങള്‍, സുഭിക്ഷമായ ജീവിതശൈലി; പോരെങ്കില്‍ വിവിധ നാടുകളില്‍ നിന്നെത്തിയ വലിയ ആള്‍ക്കൂട്ടത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ സ്വതന്ത്രമായി എന്തും ചെയ്യാനുള്ള സാധ്യതകള്‍. ആഘോഷത്തിമിര്‍പ്പിന് മറ്റൊന്നും ആവശ്യമായിരുന്നില്ല.

ഒരുവശത്ത് ഗ്രീക്കു സംസ്കാരത്തിന്‍റെ നേട്ടങ്ങള്‍ അനുഭവിച്ചിരുന്ന നഗരമാണ് കോറിന്തോസ്. ഉയര്‍ന്ന സാക്ഷരത, തത്ത്വശാസ്ത്രാഭിമുഖ്യങ്ങള്‍, കളിക്കളങ്ങളും പ്രസംഗശാലകളും പഠനകേന്ദ്രങ്ങളും പങ്കിട്ട സാമൂഹികസമ്പര്‍ക്കങ്ങള്‍. അനേ കം ദേവീദേവന്മാരും അവരുടെ ആരാധനയ്ക്കായുള്ള ആലയങ്ങളും കോറിന്തോസില്‍ ആത്മീയതയുടെ വേദിയൊരുക്കി. ഏറ്റവും പേരുകേട്ട ദേവത അഫ്രോഡൈറ്റ് ആയിരുന്നു. സ്നേഹത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും ലൈംഗികതയുടെയും പ്രതീകം. ഈറോസ്, അര്‍ത്തെമിസ്, അപ്പോളോ, അഷ്ലെപിയൂസ് തുടങ്ങി പ്രധാനദേവന്മാരും ദേവതകളും കോറിന്തോസിലെ സാമൂഹികജീവിതത്തിന്‍റെ മാനങ്ങള്‍ നിശ്ചയിച്ചു. രതീദേവിയായ അഫ്രോഡൈറ്റിന്‍റെ ആലയത്തില്‍ ആയിരം വേശ്യകള്‍ പാര്‍ത്തിരുന്നു എന്നും വേശ്യാവൃത്തിയിലേര്‍പ്പെട്ട് ദേവതയെ പ്രീതിപ്പെടുത്തുന്ന ആരാധനാരീതി നിലനിന്നിരുന്നെന്നും ബി. സി. ഏഴാം നൂറ്റാണ്ടില്‍ സ്ട്രാബോ എന്ന എഴുത്തുകാരന്‍ രേഖപ്പെടുത്തുന്നുണ്ട്. പൗലോസിന്‍റെ കാലത്തെ കോറിന്തോസിന്‍റെ ചിത്രം അതായിരുന്നു എന്ന് ഇതിനര്‍ത്ഥമില്ല.

ലൂസിയൂസ് മമ്മിയൂസ് എന്ന റോമന്‍ ഭരണാധിപന്‍ ബി.സി. 146-ല്‍ കോറിന്തോസ് നഗരം നശിപ്പിച്ചു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പുരാതന കോറിന്തോസിന്‍റെ ചരിത്രം അവിടെ അവസാനിച്ചു എന്നുവേണം കരുതാന്‍. ഒരു നൂറ്റാണ്ടു കഴിഞ്ഞു ബി.സി. 44-ല്‍ ജൂലിയസ് സീസര്‍ കോറിന്തോസിനെ ഒരു റോമന്‍ കോളനിയാക്കി. തടവില്‍നിന്ന് മോചിപ്പിക്കുന്ന റോമന്‍ പൗരന്മാരെ പാര്‍പ്പിക്കാനായി നീക്കിവച്ച കോറിന്തോസ് ക്രമേണ റോമാക്കാരും ഗ്രീക്കുകാരും യഹൂദരും സ്വതന്ത്രരും അടിമകളും എല്ലാമുള്ള വലിയ നഗരമായി വളര്‍ന്നു. എല്ലാസംസ്കാരങ്ങളുടെയും നന്മയും തിന്മയും ഒരുപോലെ കോറിന്തോസിന്‍റെ ജീവിതത്തിന്‍റെ ഭാഗമായി.

കോറിന്തോസിലെ ധാര്‍മ്മികജീവിതമായിരുന്നു ഏറ്റവും കുപ്രസിദ്ധമായത്. ധാരാളം പണം വ്യയം ചെയ്യപ്പെടുകയും വിവിധ നാടുകളില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ അനുദിനം വന്നുപോകുകയും ചെയ്യുന്ന ഒരു നഗരത്തില്‍ ലൈംഗിക അധാര്‍മ്മികത കൊടികുത്തിവാണതില്‍ അത്ഭുതമില്ല. കോറിന്തോസുകാരനാകുക എന്ന വാക്കിന് നിഘണ്ടുവില്‍ 'വ്യഭിചാരവൃത്തിയിലേര്‍പ്പെടുക'چ എന്നര്‍ത്ഥം വരാന്‍ മാത്രമായിഎന്നു കാണുമ്പോള്‍ കോറിന്തോസിന്‍റെ ചരിത്രത്തിന്‍റെ ഒരു വശം വ്യക്തമാകും. 'കോറിന്തോസിനു പോകാന്‍ എല്ലാ ആണുങ്ങള്‍ക്കും കഴിയില്ല' എന്നത് അവിടെ നടക്കുന്ന മത്സരക്കളികളെ സംബന്ധിച്ച ചൊല്ലായിരുന്നെങ്കിലും അധാര്‍മ്മികതയുടെ ഒരു ചുവയും അതില്‍ കലര്‍ന്നിരുന്നു എന്ന് വിലയിരുത്തുന്നവരുമുണ്ട്.

കോറിന്തോസ് നഗരത്തിന് സംരക്ഷണമെന്നോണം ഉയര്‍ന്നു നിന്ന ആക്രോകോറിന്ത് മലയില്‍ പട്ടണത്തിലെ പ്രധാനദേവതയായ അഫ്രോഡൈറ്റിന്‍റെ ആരാധനാലയം തലയുയര്‍ത്തിനിന്നിരുന്നു. എങ്കിലും റോമന്‍ ദേവീദേവന്മാരും മറ്റു ഗ്രീക്കു ദേവീദേവന്മാരും ഓരോ ആരാധകന്‍റെയും സമൂഹത്തിന്‍റെയും താത്പര്യപ്രകാരം വണങ്ങപ്പെട്ടുപോന്നു. യഹൂദസിനഗോഗും കോറിന്തോസില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്നു എന്നു കരുതാവുന്നതാണ്. സ്ട്രാബോയുടെ കാലത്തെ കോറിന്തോസും ഒന്നാം നൂറ്റാണ്ടിലെ കോറിന്തോസും ജീവിതശൈലിയില്‍ ഒരുപോലെയായിരുന്നില്ല എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

സുവിശേഷം പ്രഘോഷിക്കാന്‍ പൗലോസ് നിയോഗിക്കപ്പെട്ട കോറിന്തോസ്, എല്ലാത്തരത്തിലും നാഗരികതയുടെ പ്രതീകമായിരുന്നു. സമ്പന്നരും ദരിദ്രരും തിങ്ങിനിറഞ്ഞ പട്ടണം. ബൗദ്ധികമായി ശക്തരായവര്‍, ഭൗതിക സമ്പത്തില്‍ നിറഞ്ഞു നിന്നവര്‍; ധാര്‍മ്മിക തലത്തില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരുന്നവര്‍; എല്ലാ മേഖലയിലും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ നേടാന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിക്കാത്തവര്‍. അനുദിനം കോറിന്തോസില്‍ വന്നുപോകുന്ന ജനങ്ങള്‍ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് നന്മയും തിന്മയും കലര്‍ന്ന ഈ വായുവാണ് സംവഹിച്ചുകൊണ്ടുപോയത്. കോറിന്തോസില്‍ പ്രഘോഷിക്കുന്ന സുവിശേഷവും ലോകാതിര്‍ത്തികള്‍വരെ പ്രസരിക്കും എന്ന് പൗലോസ് അപ്പസ്തോലന്‍ തിരിച്ചറിഞ്ഞതില്‍ അത്ഭുതപ്പെടാനില്ല.

കോറിന്തോസിലെ സഭയും പൗലോസ് ശ്ലീഹായും

അപ്പസ്തോലപ്രവര്‍ത്തനങ്ങളിലെ വിവരണത്തിനനുസരിച്ച് പൗലോസ് തന്‍റെ രണ്ടാം പ്രേഷിതയാത്രയുടെ അവസാനകാലത്താണ് കോറിന്തോസിലെത്തുന്നത്. ക്രിസ്തുവര്‍ഷം 50 കളുടെ ആരംഭത്തിലാണിത് (അപ്പ 18:1-18). ഫിലിപ്പിയ, തെസലോനിക്ക, ബെറോയ, എന്നിവിടങ്ങളില്‍ സുവിശേഷപ്രഘോഷണം നടത്തുകയും സഭയ്ക്ക് ആരംഭം കുറിക്കുകയും ചെയ്തശേഷമാണ് പൗലോസ് അക്കായിയാ പ്രദേശത്തിന്‍റെ തലസ്ഥാനമായ കോറിന്തോസിലെത്തുന്നത്. മേല്‍പറഞ്ഞ മൂന്നിടങ്ങളിലും യഹൂദരുടെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതിന്‍റെ അനുഭവങ്ങളും ആഥന്‍സില്‍ സംഭവിച്ച പരാജയങ്ങളും കോറിന്തോസിലെ തുടക്കത്തിന്, ദുര്‍ബലനും ഭയചകിതനുമായി മാത്രം (1 കോറി 2:3) സ്വയം പരിചയപ്പെടുത്താന്‍ തക്കവിധം അദ്ദേഹത്തെ തളര്‍ത്തിയിരുന്നിരിക്കണം. പൗലോസിന്‍റെ സഹപ്രവര്‍ത്തകരായിരുന്ന സീലാസും തിമോത്തെയോസും മക്കദോനിയായില്‍ അല്പകാലംകൂടി തങ്ങിയതിനാല്‍ ഒറ്റയ്ക്കാണ് പൗലോസ് കോറിന്തോസില്‍ ആരംഭം കുറിച്ചത്.

ക്ലാവൂദീയൂസ് ചക്രവര്‍ത്തിയുടെ വിളംബരമനുസരിച്ച് റോമില്‍നിന്ന് പുറത്താക്കപ്പെട്ട് കോറിന്തോസില്‍ എത്തിച്ചേര്‍ന്ന അക്വീലാ പ്രഷീല്ലാ ദമ്പതികളുമായി സഹകരിച്ച് കൂടാരപ്പണിചെയ്ത് ജീവിക്കുകയും സുവിശേഷപ്രഘോഷണം നടത്തുകയും ചെയ്ത പൗലോസ് ക്രമേണ തന്‍റെയടുത്ത് എത്തിച്ചേര്‍ന്ന സഹപ്രവര്‍ത്തകരായ സീലാസിന്‍റെയും തിമോത്തെയോസിന്‍റെയും സഹകരണത്തോടെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. പ്രതിസന്ധികള്‍ക്കു നടുവിലും തെസലോനിക്കക്കാര്‍ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്ന വാര്‍ത്ത കൂടുതല്‍ തീക്ഷ്ണതയോടെ സുവിശേഷശുശ്രൂഷചെയ്യുവാന്‍ ഈ അഞ്ചുപേര്‍ സംഘത്തിനു ധൈര്യം നല്‍കി.

പക്ഷേ കോറിന്തോസിലെ സിനഗോഗില്‍ പ്രസംഗിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് അതിനോടു ചേര്‍ന്നു താമസിച്ചിരുന്ന തിസിയൂസ് യൂസ്തൂസ് എന്ന ദൈവഭക്തനായ വിജാതീയന്‍റെ വീട്ടില്‍ താമസിച്ച് പ്രഘോഷണം തുടര്‍ന്നു. വിശ്വാസം സ്വീകരിച്ച ഇദ്ദേഹമാണ് പിന്നീട് ലേഖനങ്ങളില്‍ ഗായിയൂസ് എന്നറിയപ്പെടുന്നത് എന്നുകരുതപ്പെടുന്നു (1 കോറി 1:14; റോമാ 16:23). സിനഗോഗധികാരിയായ ക്രിസ്പൂസും വിശ്വാസം സ്വീകരിച്ചതോടെ (അപ്പ 18:7-8; 1 കോറി 1:14) സുവിശേഷപ്രഘോഷണങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു. പൗലോസ് ഏകദേശം ഒന്നരവര്‍ഷം കോറിന്തോസില്‍ താമസിച്ച് സഭയ്ക്ക് രൂപം കൊടുത്തു. ക്രിസ്പൂസിനെപ്പോലെത്തന്നെ സിനഗോഗധികാരിയായ സൊസ്തേനസും വിശ്വാസം സ്വീകരിച്ചിരിക്കാം എന്ന് അപ്പസ്തോലപ്രവര്‍ത്തനങ്ങളിലെ വിവരണങ്ങളില്‍ നിന്ന് സൂചന ലഭിക്കുന്നുണ്ട് (അപ്പ 18:17). യഹൂദര്‍ തുടര്‍ന്നും പൗലോസിനെതിരേ സംഘടിതമായ ആക്രമണം നടത്തി (അപ്പ 18:12-17).

അതിലവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോറിന്തോസിലെ സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. സഭാസ്ഥാപനം സംബന്ധിച്ച അപ്പസ്തോലപ്രവര്‍ത്തനങ്ങളിലെ വിവരണം ഇവിടെ അവസാനിക്കുന്നു.

കോറിന്തോസില്‍നിന്ന് എഫേസോസിലേക്ക് പ്രേഷിതപ്രവര്‍ത്തനത്തിനായി പോയ പൗലോസ് കോറിന്തോസുകാരുമായി വ്യക്തികള്‍ മുഖേനയും കത്തുകള്‍ വഴിയും നിരന്തരസമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഒന്നും രണ്ടും കോറിന്തോസ് ലേഖനങ്ങളിലെ പരാമര്‍ശനങ്ങളില്‍നിന്ന് ഈ ഇടപെടലുകള്‍ വ്യക്തമാകുന്നു. കോറിന്തോസിലെ പ്രശ്നത്തെ മനസ്സിലാക്കിക്കൊണ്ട് പൗലോസ് അവര്‍ക്ക് കത്തെഴുതുന്നു (1 കോറി 5:9-11 കാണുക). ഈ കത്തു നമുക്ക് ലഭ്യമല്ല. എങ്കിലും ഇതിലെ ചില പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം 1 കോറി 5:9-11 ല്‍ കാണാം. ഇതിനോടനുബന്ധിച്ച ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് കോറിന്തോസുകാര്‍ ഒരു കത്ത് പൗലോസിനെഴുതുന്നു. കോറിന്തോസില്‍ നിന്നുള്ള മൂന്നു പ്രതിനിധികളായിരിക്കാം ഇതു പൗലോസിന്‍റെ അടുത്തെത്തിക്കുന്നത് (1 കോറി 7:1; 16:17-18). ഇതോടുചേര്‍ന്നുതന്നെ കോറിന്തോസിലെ സ്ഥിതിഗതികളെക്കുറിച്ച് പലരില്‍നിന്നായി ചില കാര്യങ്ങള്‍ പൗലോസ് അറിയുന്നു (1 കോറി 1:11; 5:1; 11:18). ഇവയ്ക്കെല്ലാം മറുപടിയായാണ് ഒന്നാം കോറിന്തോസ് ലേഖനം എഴുതുന്നത്. കോറിന്തോസില്‍നിന്നു വന്ന പ്രതിനിധിസംഘത്തിന്‍റെ കൈവശം ഈ ലേഖനം കോറിന്തോസിലെത്തിച്ചു. കോറിന്തോസിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാവുകയാണ് എന്ന് മനസ്സിലാക്കിയ പൗലോസ് തിമോത്തെയോസിനെ അങ്ങോട്ടയയ്ക്കുന്നു (1 കോറി 4:17-19; 16:10-11). ആദ്യലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ (ഉദാ: 4:18-19; 9:3-4; 14:37-38) വ്യക്തമാക്കുന്നത് രണ്ടാം ലേഖനം 10-13 അദ്ധ്യായങ്ങളുടെ പശ്ചാത്തലമായ സാഹചര്യങ്ങള്‍ നേര ത്തേതന്നെ കോറിന്തോസില്‍ നിലനിന്നിരുന്നു എന്നാണ്.

എഫേസോസിലെ പ്രേഷിതശുശ്രൂഷക്കിടയിലാണ് ഒന്നാം കോറിന്തോസ് ലേഖനം എഴുതുന്നത്. തിമോത്തെയോസിനെ അയച്ചതും ഇക്കാലത്തുതന്നെ. അദ്ദേഹത്തിന്‍റെ സന്ദര്‍ശനം എന്തു ഫലമുണ്ടാക്കി എന്നു വ്യക്തമല്ല. അദ്ദേഹം തിരിച്ചുവന്ന് വാര്‍ത്തകള്‍ അറിയാന്‍ പൗലോസ് അതിയായി താത്പര്യം കാണിച്ചു (1 കോറി 16:11). അദ്ദേഹം തിരിച്ചെത്തിയശേഷമാണ് രണ്ടാം ലേഖനം എഴുതുന്നത് (2 കോറി 1:1).

തിമോത്തെയോസ് തിരിച്ചെത്തിയത് നല്ല വാര്‍ത്തയുമായി ആയിരുന്നില്ല എന്നത് വ്യക്തമാണ്. ഇത് മുന്‍കൂട്ടി അറിയിച്ചിരുന്ന പൗലോസിന്‍റെ യാത്രാപദ്ധതി (1 കോറി 16:5-9) മാറ്റാന്‍ കാരണമായി. മക്കദോനിയാവഴി കോറിന്തോസിലെത്തി അവിടെനിന്ന് ജറുസലെമിലേക്ക് യാത്ര ചെയ്യുക എന്നതു മാറ്റി നേരേ കോറിന്തോസിലേക്ക് പൗലോസ് യാത്രയായി. കോറിന്തോസില്‍ നിന്ന് മക്കദോനിയായ്ക്കു പോകുകയും അവിടെ നിന്ന് വീണ്ടും തിരിച്ച് കോറിന്തോസിലെത്തി ജറുസലെമിലേക്ക് പോകുകയും ചെയ്യുക എന്നതായിരുന്നു പൗലോസിന്‍റെ പരിപാടി (2 കോറി 1:15-16). എന്നാല്‍ അപ്രതീക്ഷിതമായ ഈ സന്ദര്‍ശനത്തില്‍ പൗലോസിനു ശുഭകരമല്ലാത്ത ഏറ്റുമുട്ടലുകള്‍ നേരിടേണ്ടി വന്നു (2 കോറി 2:5; 7:12). തന്നെ എതിരിട്ട ഒരാളെ തടയാന്‍ സഭാംഗങ്ങള്‍ ശ്രദ്ധിച്ചില്ല (2 കോറി 2:3). ഇത് അപ്പസ്തോലന്‍ പ്രതീക്ഷിച്ചതല്ല. ഇതുമൂലം തന്‍റെ യാത്രാ പദ്ധതി വീണ്ടും മാറ്റി അദ്ദേഹം എഫേസോസിലേക്കു മടങ്ങി (2 കോറി 1:23; 2:1).

എഫേസോസില്‍ തിരിച്ചെത്തിയ പൗലോസ് څകടുപ്പത്തില്‍چ ഒരു കത്തെഴുതി. څവേദനിപ്പിച്ച കത്ത്چ എന്നാണിതിനെ അപ്പസ്തോലന്‍ വിശേഷിപ്പിച്ചത് (2 കോറി 2:3-4; 7:8-16). ഈ കത്തു നമുക്ക് ലഭ്യമല്ല. ഇതിന്‍റെ ഭാഗമാണ് 2 കോറി 10:13 എന്നു ചില വ്യാഖ്യാതാക്കള്‍ കരുതുന്നുണ്ട്. ആരാണ് ഈ കത്ത് കോറിന്തോസിലെത്തിച്ചത് എന്നു വ്യക്തമല്ല. തീത്തോസായിരിക്കാം എന്നു കരുതുന്നു. കോറിന്തോസുകാരും പൗലോസും തമ്മിലുള്ള ഭിന്നതകള്‍ മാറ്റാന്‍ തീത്തോസ് ഇടപെട്ടു. അദ്ദേഹം കോറിന്തോസില്‍ പോകുകയും കാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്ത ശേഷം മടങ്ങി. മക്കദോനിയായില്‍ എത്തിയ തീത്തോസ് പൗലോസിനെ കാണുകയും കോറിന്തോസുകാര്‍ മാനസാന്തരപ്പെട്ടതും അനുരഞ്ജനപ്പെട്ടതും അറിയിക്കുകയും ചെയ്തു (2 കോറി 7:5-7:7,13:16). ഇതേത്തുടര്‍ന്ന് പൗലോസ് രണ്ടാം ലേഖനം (1-9 അദ്ധ്യായങ്ങള്‍ എന്ന് ചിലര്‍) എഴുതുകയും തീത്തോസിനെയും സുഹൃത്തുക്കളെയും കോറിന്തോസിലേക്ക് പറഞ്ഞുവിടുകയും വിശുദ്ധര്‍ക്കുള്ള ധനശേഖരണം പൂര്‍ത്തിയാക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. മൂന്നാമതൊരു സന്ദര്‍ശനം കൂടി താന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് പൗലോസ് കത്തിലൂടെ വ്യക്തമാക്കുകയും ചെയ്യുന്നു (2 കോറി 12:14; 13:1).

ഒന്നാം കോറിന്തോസ് ലേഖനം

പൗലോസിന്‍റെ ലേഖനങ്ങളുടെ പൊതുവായ ഘടന മനസ്സിലാക്കിയാല്‍ മാത്രമേ ഏതൊരു ലേഖനവും വ്യാഖ്യാനിക്കാന്‍ സാധിക്കൂ. കോറിന്തോസ് ലേഖനത്തിന്‍റെ അടിസ്ഥാനത്തില്‍ പൊതുഘടന ചുരുക്കി പ്രതിപാദിക്കാം.

1. ആമുഖം (1:1-3): ആരെഴുതി, ആര്‍ക്കെഴുതി എന്നിവയും ആശംസാവാക്യവുമാണ് ആമുഖമായി കണക്കാക്കുന്നത്.

2. നന്ദി, പ്രാര്‍ത്ഥന (1:4-9): നന്ദിയും പ്രാര്‍ത്ഥനയും ചേര്‍ന്ന രണ്ടാംഭാഗം ദൈവത്തിനും കോറിന്തോസിലെ സഭയ്ക്കും നന്ദി പ്രകാശിപ്പിക്കുന്നു. തുടര്‍ന്നു അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ലേഖനത്തിലെ പ്രധാനവിഷയങ്ങള്‍ പരോക്ഷമായി ഇവിടെ സൂചിപ്പിക്കുന്നു.

3. സന്ദേശം (1:10-16:12): മറ്റുള്ളവരില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളും എഴുത്തിലൂടെ ലഭിച്ചകാര്യങ്ങളും ഇവിടെ ഒന്നൊന്നായി ചര്‍ച്ച ചെയ്യുന്നു. പ്രധാനമായും താഴെ ചേര്‍ക്കും വിധം വിഷയങ്ങളെ ക്രമീകരിക്കാം.

  1. സഭയുടെ ഐക്യം (1:10-4:21)
  2. ധാര്‍മ്മികത (5:1-6:20)
  3. കുടുംബം (7:1:10)
  4. സമൂഹജീവിതം (8:1-11:1)
  5. സഭ ഒരുമിച്ചുചേരുമ്പോള്‍ (11:2-14:40)
  6. മരണാനന്തര ജീവിതം (15:1-58)
  7. സാധുക്കള്‍ക്കായുള്ള ധര്‍മ്മശേഖരണം (16:1-4)
  8. യാത്രാ പദ്ധതികള്‍ (16:5-12).

4. സമാപനം (16:13-24): സമാപനഭാഗത്തു അന്തിമ ഉപദേശങ്ങളും വ്യക്തിപരമായ അഭിവാദനങ്ങളും കാണാം. ഒരു അനുഗ്രഹവാക്യത്തോടെ ലേഖനം അവസാനിപ്പിക്കുന്നു.

ലേഖനങ്ങളുടെ ആരംഭവും അവസാനവും എല്ലാ ലേഖനങ്ങളിലും ഏകദേശം ഒരുപോലെതന്നെയാണ്. സന്ദേശഭാഗം ഓരോ സഭയുടെയും സാഹചര്യങ്ങള്‍ക്കും പ്രത്യേക വിഷയങ്ങള്‍ക്കുമനുസരിച്ച് വ്യത്യാസപ്പെട്ടരിക്കും. ഒന്നാം കോറിന്തോസ് ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളെ പൗലോസ് സമീപിച്ച രീതി രണ്ടു തരത്തിലാണ് എന്നു ചിലര്‍ വിലയിരുത്തുന്നു. കേട്ടറിഞ്ഞ കാര്യങ്ങളുടെ ചര്‍ച്ചകളില്‍ പൗലോസ് കാര്‍ക്കശ്യത്തോടെ തന്‍റെ നിലപാടുകള്‍ സ്ഥാപിക്കുകയും കോറിന്തോസിലെ സാഹചര്യങ്ങളെ കഠിനമായ ഭാഷയില്‍ അപലപിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളില്‍ കോറിന്തോസുകാരുമായി യാതൊരു ചര്‍ച്ചയ്ക്കും പൗലോസ് തയ്യാറാകുന്നില്ല. തന്‍റെ നിലപാടുകള്‍ അനുസരിക്കാന്‍ കല്പിക്കുകയാണ് ചെയ്യുന്നത്. മറിച്ചുള്ള നിലപാടുകള്‍ യാതൊരു വിധത്തിലും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താന്‍ അപ്പസ്തോലന്‍ താത്പര്യപ്പെടുന്നില്ല.

കത്തുമുഖേന ചോദിച്ച കാര്യങ്ങളെ സംബന്ധിച്ച മറുപടികളില്‍ കൂടുതല്‍ വിട്ടുവീഴ്ചയും കോറിന്തോസുകാരുടെ ഭാഗം കേള്‍ക്കാനുള്ള താത്പര്യവും കാണാം. അവരുടെ നിലപാടുകള്‍ അപഗ്രഥിച്ച ശേഷമാണ് പൗലോസ് തന്‍റെ തീരുമാനങ്ങള്‍ അറിയിക്കുന്നത്. കോറിന്തോസുകാര്‍ എടുത്ത നിലപാടുകളും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും ഉദ്ധരിച്ചശേഷം അവയ്ക്ക് തിരുത്തലുകള്‍ നല്‍കുന്ന രീതിയാണ് ഇവിടെ പൊതുവേ സ്വീകരിച്ചിട്ടുള്ളത്.

കോറിന്തോസിലെ സഭയ്ക്ക് പുറമേ നിന്ന് കാര്യമായ പ്രതിസന്ധികളൊന്നും ഇല്ലായിരുന്നു. പക്ഷേ ഉള്ളിലെ ഭിന്നതകള്‍ അതിരൂക്ഷമായിരുന്നു. കക്ഷിമത്സരങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നേതാക്കളുടെ പക്ഷം പിടിച്ചുള്ള വിഭാഗീയതയും സഭയുടെ ഐക്യത്തെയും സ്നേഹത്തെയും തകര്‍ത്തു. വിവിധ കാരണങ്ങളാല്‍ പലപ്പോഴായി രൂപപ്പെട്ടതാണ് ഇത്തരം ആന്തരിക പ്രശ്നങ്ങളെല്ലാം. കോറിന്തോസിലെ സമൂഹത്തിന്‍റെ പ്രത്യേകതകള്‍ മനസ്സിലാക്കുമ്പോള്‍ സഭയിലെ സാഹചര്യങ്ങള്‍ അവയുടെ സ്വാഭാവിക പരിണാമം തന്നെയാണെന്നു കാണാം. സാമൂഹികവും ജാതീയവുമായ വ്യത്യാസങ്ങളും അകല്‍ച്ചകളും കോറിന്തോസിലുണ്ടായിരുന്നു. പണക്കാരും പാവപ്പെട്ടവരും പരസ്പരം ബന്ധമില്ലാതെ വേര്‍തിരിഞ്ഞു നിന്നിരുന്നു. വിജാതീയ ആരാധനകളിലും വിരുന്നുകളിലുംനിന്ന് വിട്ടുനില്‍ക്കുകയെന്നത് വിശ്വാസ സംരക്ഷണത്തിനാവശ്യമാണെന്ന് കോറിന്തോസുകാര്‍ക്കും തോന്നിയില്ല. തങ്ങളുടെ ആത്മീയവരങ്ങള്‍ തങ്ങളെ അസാധാരണക്കാരാക്കിയിരിക്കുന്നുവെന്നും ഇനിമേല്‍ ധാര്‍മ്മികനിയമങ്ങളോ കുടുംബബന്ധങ്ങളോ ഒന്നും തങ്ങളെ ബാധിക്കില്ല എന്നും ചിലര്‍ കരുതി. വിവാഹംപോലും ആവശ്യമില്ലായെന്ന് ചിലര്‍ നിശ്ചയിച്ചു. മരിച്ചവര്‍ ഉയിര്‍ക്കുക എന്നത് യുക്തിക്കു നിരക്കുന്നതല്ല എന്നു ചിലര്‍ വാദിച്ചു. ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിന്തിക്കുകയും മറിച്ചു ചിന്തിക്കുന്നവരെ വിധിക്കുകയും പൊതുവായ ജീവിതക്രമങ്ങളെയും നിയമങ്ങളെയും ആചാരങ്ങളെയും പുച്ഛിക്കുകയും ചെയ്തു. അപ്പസ്തോലന്‍റെ അധികാരത്തെയും മറ്റുസഭകളുമായുള്ള കൂട്ടായ്മയേയുംപോലും ചില കോറിന്തോസുകാര്‍ തിരസ്കരിച്ചു. ഇത്തരത്തില്‍ വിശ്വാസ ജീവിതത്തിലും ധാര്‍മ്മികതയിലും ആടിയുലഞ്ഞ ഒരു സഭയ്ക്കാണ് സഭയുടെ സ്ഥാപകനും പിതാവുമായ പൗലോസ് തന്‍റെ കരുതല്‍ വ്യക്തമാക്കിക്കൊണ്ട് ലേഖനങ്ങള്‍ എഴുതിയത്.

 

ഡോ. ജോസ് വടക്കേടം

Epistles of Paul the first letter to the Corinthians catholic malayalam st.paul Dr. Jose Vadakkedam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message