x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. പൗലോസിന്‍റെ ലേഖനങ്ങള്‍, തെസലോനിക്കാക്കാര്‍ക്ക് എഴുതിയ രണ്ടാംലേഖനം

Authored by : Rev. Dr. Joseph Pamplany On 08-Feb-2021

ആമുഖം

 മക്കെദോനിയായിലെ ഒരു നഗരമായ തെസലോനിക്ക, ഫിലിപ്പിക്ക് എഴുപത്തഞ്ചുമൈല്‍ പടിഞ്ഞാറ് തെര്‍മ്മായിക്ക് ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്നു. മക്കെദോനിയായിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തുറമുഖമായിരുന്നു തെസലോനിക്ക. ഇന്ന് ഈ നഗരം സലോനിക്കി (Saloniki) എന്ന പേരിലാണ് അറിയപ്പെടുന്നത്. ബി.സി. 315 ല്‍ സ്ഥാപിക്കപ്പെട്ട ഈ നഗരത്തിന് അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ സഹോദരിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഫലഭൂയിഷ്ഠമായ ഈ തുറമുഖ നഗരത്തിന് നല്ല അയല്‍ബന്ധങ്ങളുണ്ടായിരുന്നു. ഗ്രീസിലെ രണ്ടാമത്തെ ഏറ്റവും പ്രധാന നഗരമായി ഇതു മാറി. ബി.സി. 148ല്‍ മക്കെദോനിയാ റോമിന്‍റെ അധീനതയിലായപ്പോള്‍ മുതല്‍ മക്കെദോനിയാ പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു തെസലോനിക്ക.

പുതിയ നിയമകാലഘട്ടത്തില്‍ തെസലോനിക്കാ ഒരു സ്വതന്ത്ര നഗരമായിത്തീര്‍ന്നു. തന്‍റെ രണ്ടാമത്തെ പ്രേഷിത യാത്രയില്‍ പൗലോസ് ശ്ലീഹാ തെസലോനിക്കായില്‍ എത്തിച്ചേര്‍ന്നു (അപ്പ 17:1-15). ഈ നഗരത്തോടുള്ള അദ്ദേഹത്തിന്‍റെ മമത തെസലോനിക്കക്കാര്‍ക്കുള്ള ഒന്നും രണ്ടും ലേഖനങ്ങളില്‍ ദൃശ്യമാണ്. തെസലോനിക്കായിലെ വിജാതീയര്‍ പൗലോസിനെ സ്വീകരിച്ചപ്പോള്‍ യഹൂദരുടെ ഭാഗത്തുനിന്നും അദ്ദേഹത്തിനു ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്നു. യഹൂദരെ ഭയന്ന് പൗലോസും സീലാസും ബെറോയായിലേക്ക് നാടുകടക്കുകയാണുണ്ടായത്. അവിടെയും തെസലോനിക്കായിലെ യഹൂദരെത്തി ജനങ്ങളെ പൗലോസിനെതിരെ ഇളക്കിവിട്ടു. ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തിലും, തിമോത്തേയോസിനുള്ള ലേഖനത്തിലും പൗലോസ് തെസലോനിക്കായെക്കുറിച്ചു സൂചന നല്‍കുന്നു (ഫിലി 4:16; 2 തിമോ 4:10).

പുതിയ നിയമത്തിലെ പതിനാലാമത്തെ ഗ്രന്ഥമാണ് തെസലോണിക്കാക്കാര്‍ക്കുള്ള രണ്ടാംലേഖനം. പൗലോസിന്‍റെ ലേഖനങ്ങളിലും പുതിയനിയമത്തില്‍തന്നെയും ആദ്യം വിരചിതമായത് തെസലോണിക്കാക്കാര്‍ക്കുള്ള ആദ്യലേഖനമാണെന്നത് ഈ സഭയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.മാര്‍സിയന്‍ കാനനിലും മുറത്തോറിയന്‍ കാനനിലും ഈ രണ്ടു ലേഖനങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്.

ഗ്രന്ഥകര്‍ത്താവ്

പാരമ്പര്യമനുസരിച്ച് രണ്ടു ലേഖനങ്ങളും എഴുതിയത് പൗലോസ് ശ്ലീഹായാണ്. ആമുഖവും ഇത് സാക്ഷ്യപ്പെടുത്തുന്നു (1 തെസ 1:4-18; 2 തെസ 1:1). ഒന്നാം ലേഖനത്തിന്‍റെ കര്‍ത്താവ് പൗലോസാണെന്ന് ഏറെക്കുറെ എല്ലാ പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ടെങ്കിലും രണ്ടാം ലേഖനത്തിന്‍റെ കര്‍തൃത്വത്തെ സംബന്ധിച്ച് പണ്ഡിതന്മാരുടെയിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. രണ്ടിലുമുള്ള ദൈവശാസ്ത്ര കാഴ്ചപ്പാടുകളുടെ വ്യത്യാസം (1 തെസ 4:13-5:11; 2 തെസ 2:1-12) ഉപയോഗിച്ചിരിക്കുന്ന പദങ്ങളിലും ശൈലിയിലുമുള്ള വ്യത്യാസം എന്നിവയാണ് രണ്ടാം ലേഖനത്തിന്‍റെ കര്‍ത്താവ് പൗലോസല്ല എന്നുപറയുന്നതിന്‍റെ കാരണം. അതുകൊണ്ട് പൗലോസിന്‍റെ ഒരു ശിഷ്യനാകാം ഇതു രചിച്ചതെന്ന് കരുതുന്നവരുണ്ട്.

ഈ ലേഖനം പൗലോസിന്‍റെ രചനയല്ല എന്നു വാദിക്കുന്നവര്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ നിരവധിയാണ്: (1) ഇതിന്‍റെ ശൈലിയും ദൈവശാസ്ത്രവീക്ഷണവും പൗലോസിന്‍റെ കര്‍തൃത്വത്തെ നിഷേധിക്കുന്നതായി പല പണ്ഡിതരും ചൂണ്ടിക്കാട്ടുന്നു. (2) ഏറ്റവും പ്രധാന വ്യത്യാസമായി കരുതുന്നത് തെസലോണിക്കാക്കാര്‍ക്കുള്ള ഒന്നാംലേഖനത്തിലെ യുഗാന്ത്യദൈവശാസ്ത്രവീക്ഷണത്തില്‍നിന്നും (യേശുവിന്‍റെ രണ്ടാമത്തെ ആഗമനം) ഈ ലേഖനത്തിലെ യുഗാന്ത്യവീക്ഷണത്തിനുള്ള വ്യതിരിക്തതയായി ഒന്നാംലേഖനത്തില്‍ യേശുവിന്‍റെ രണ്ടാമത്തെ ആഗമനം ഉടനെയുണ്ടാകുമെന്നും അതിനാല്‍ വിശ്വാസികള്‍ നിതാന്തജാഗ്രതയിലായിരിക്കണമെന്നും പൗലോസ് വാദിക്കുന്നുണ്ട് (1 തെസ 5:4-11). കൂടാതെ ഇതിനോടകം മരിച്ച വിശ്വാസികള്‍ക്ക് യേശുവിന്‍റെ രണ്ടാമത്തെ ആഗമനത്തില്‍ മുന്‍ഗണന ലഭിക്കുമെന്നും പൗലോസ് വാദിക്കുന്നുണ്ട് (1 തെസ 4:13-18). എന്നാല്‍ രണ്ടാംലേഖനത്തില്‍ യുഗാന്ത്യത്തിന്‍റെ ക്ഷിപ്രമാനത്തിന് ഗ്രന്ഥകര്‍ത്താവ് ഊന്നല്‍ നല്‍കുന്നില്ല. യുഗാന്ത്യത്തിന്‍റെ ലക്ഷണങ്ങളെക്കുറിച്ച് പരോക്ഷമായ സൂചനകള്‍ മാത്രമേ നല്‍കുന്നുള്ളു (2 തെസ 1:5-10; 2:1-15).

(3) പൗലോസിന്‍റെ ലേഖനങ്ങളില്‍ പൊതുവായി കാണുന്ന യാത്രാവിവരണങ്ങളുടെയും ഉപസംഹാരാശംസയുടെയും ശൈലി ഈ ലേഖനത്തില്‍ വ്യത്യസ്തമാണെന്ന് കരുതുന്നവരുണ്ട്. 2 തെസ 3:7-9 ല്‍ താന്‍ നടത്തിയ മുന്‍സന്ദര്‍ശനത്തെക്കുറിച്ചുള്ള സൂചന ഗ്രന്ഥകര്‍ത്താവ് നല്‍കുന്നുണ്ടെങ്കിലും ഇത് കേവലമായ അനുകരണശ്രമത്തിന്‍റെ ഭാഗമാണെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ഗലാ 6:11-18; 1 കോറി 16:21-24 എന്നീ ഉപസംഹാരങ്ങളുടെ ഹൃദ്യത ഈ ലേഖനത്തിനില്ല എന്നുള്ളത് ഇതു പൗലോസിന്‍റെ രചനയല്ല എന്നതിനു തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

(4) പൗലോസിന്‍റെ രചനകളില്‍ പൊതുവായും, വിശിഷ്യാ തെസലോണിക്കാക്കാര്‍ക്കുള്ള ഒന്നാംലേഖനത്തിലും വിശദമായി പ്രതിപാദിക്കുന്ന കുരിശിന്‍റെ ദൈവശാസ്ത്രം ഈ ലേഖനത്തിലില്ല എന്നത് പൗലോസിന്‍റെ കര്‍തൃത്വത്തെ ചോദ്യംചെയ്യാനുള്ള ശക്തമായ തെളിവായി കരുതുന്നവരുണ്ട്. ചുരുക്കത്തില്‍ പൗലോസിന്‍റെ ലേഖനങ്ങളിലെ ശൈലിയും ദൈവശാസ്ത്രവും മാത്രമല്ല വ്യക്തിബന്ധത്തിന്‍റെ ഊഷ്മളതയും ഈ ലേഖനത്തില്‍ ദൃശ്യമല്ല എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.

എന്നാല്‍ പൗലോസിന്‍റെ രചനയായി ഈ ലേഖനത്തെ കരുതുന്നതിന് മേല്‍പറഞ്ഞ വാദഗതികള്‍ തടസ്സമല്ല. സൂഷ്മമായ അപഗ്രഥനത്തില്‍ ഒന്നാംലേഖനവുമായി ഘടനയിലും ശൈലിയിലും പദപ്രയോഗങ്ങളിലും മുഖ്യപ്രമേയത്തിലും രണ്ടാംലേഖനം സാമ്യംപുലര്‍ത്തുന്നതായി കാണാനാകും. താഴെക്കൊടുക്കുന്ന പട്ടിക ഈ വാദഗതിയെ സാധൂകരിക്കുന്നു:

  1. ആമുഖ ആശംസ (2 തെസ 1:1-9 = 1 തെസ 1:1)
  2. ആമുഖത്തിലെ കൃതജ്ഞതാപ്രകാശനം (2 തെസ 1:3-12 = 1 തെസ 1:2-10)
  3. ലേഖനമധ്യത്തില്‍ ആവര്‍ത്തിക്കുന്ന കൃതജ്ഞതാപ്രകാശനം    (2 തെസ 2:13-14 = 1 തെസ 3:11-13)
  4. വിശ്വാസസ്ഥിരതയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന    (2 തെസ 2:16-17 = 1 തെസ 3:11-13)
  5. ഉപദേശങ്ങള്‍ (2 തെസ 3:1-18 = 1 തെസ 4:1-5:28)
  6. സമാപനഭാഗത്തിന് ആമുഖമായുള്ള സമാധാനാശംസ  (2 തെസ 3:16 = 1 തെസ 5:23-26)
  7. സമാപനാശംസ (2 തെസ 3:17 = 1 തെസ 5:26-27)
  8. ആശിര്‍വാദം (2 തെസ 3:18 = 1 തെസ 5:28)
  9. ഈ ലേഖനങ്ങളിലെ പദാവലികളുടെ സാമ്യവും ശ്രദ്ധേയമാണ്. രണ്ടുലേഖനങ്ങളും യുഗാന്ത്യത്തിനുമുമ്പുള്ള പീഡകളെക്കുറിച്ച് സൂചന നല്‍കുന്നുണ്ട് (2 തെസ 1:4-10 = 1 തെസ 1:8; 2:4-16).
  10. യുഗാന്ത്യത്തെ കര്‍ത്താവുമായുള്ള സമാഗമമായിട്ടാണ് രണ്ടുലേഖനങ്ങളും ചിത്രീകരിക്കുന്നത് (2 തെസ 2:1-15 = 1 തെസ 1:10; 2:19; 4:13-18)
  11. സമൂഹത്തില്‍ അരാചകത്വം സൃഷ്ടിക്കുന്നവരെക്കുറിച്ചുള്ള (അമേസീശേ) പരാമര്‍ശം രണ്ടുലേഖനങ്ങളിലുമുണ്ട് (2 തെസ 3:6-13 = 1 തെസ 5:14)

മേല്‍പറഞ്ഞ വാദഗതികളുടെ വെളിച്ചത്തില്‍ രണ്ടു ലേഖനങ്ങളും പൗലോസുതന്നെ എഴുതിയതാണെന്ന് കരുതുന്നതില്‍ അപാകതയില്ല. ഒന്നാം ലേഖനം വിജാതീയ ക്രിസ്ത്യാനികള്‍ക്കും, രണ്ടാം ലേഖനം യഹൂദ ക്രിസ്ത്യാനികളെ ഉദ്ദേശിച്ചും എഴുതിയതാണെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ രണ്ടു ലേഖനങ്ങളും തെസലോണിക്കായിലെ സഭയ്ക്ക് പൊതുവായി എഴുതിയതാണ് എന്നുകരുതാനാണ് കൂടുതല്‍ ന്യായങ്ങളുള്ളത്. രണ്ടുലേഖനങ്ങളിലെയും വ്യത്യാസങ്ങള്‍ അവ രചിക്കപ്പെട്ട കാലങ്ങളില്‍ പ്രസ്തുത സഭാസമൂഹം നേരിട്ടിരുന്ന വ്യത്യസ്തമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ വിശദീകരിക്കാവുന്നതാണ്. ചുരുക്കത്തില്‍, രണ്ടാം ലേഖനം പൗലോസ് ശ്ലീഹായുടേതല്ലെന്ന് വാദിക്കാന്‍ ശക്തമായ തെളിവുകളൊന്നുമില്ല.

രചനാകാലം- പശ്ചാത്തലം

എ.ഡി. 50 മുതല്‍ 100 വരെയുള്ള വര്‍ഷങ്ങള്‍ ഈ ലേഖനത്തിന്‍റെ രചനാകാലങ്ങളായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ ലേഖനം പൗലോസിന്‍റേതല്ല എന്നു വാദിക്കുന്നവര്‍ പൗലോസിന്‍റെ മരണശേഷമുള്ള കാലഘട്ടമാണ് ഇതിന്‍റെ രചനാകാലമായി പരിഗണിക്കുന്നത്. എന്നാല്‍ ഈ ലേഖനത്തിന്‍റെ കര്‍ത്താവ് പൗലോസ്ശ്ലീഹാതന്നെയാണ് എന്ന നിഗമനമാണ് ഈ വ്യാഖ്യാനത്തില്‍ നാം സ്വീകരിക്കുന്നത്. അതിനാല്‍ പൗലോസിന്‍റെ ജീവിതകാലത്തുതന്നെയാണ് ഇതിന്‍റെ രചനാകാലം നിര്‍ണ്ണയിക്കേണ്ടത്.

പൗലോസ് തന്‍റെ രണ്ടാം പ്രേഷിതയാത്രയില്‍, എ.ഡി. 49-നോടടുത്ത്, തെസലോനിക്കാ സന്ദര്‍ശിച്ച്, അവിടത്തെ സിനഗോഗില്‍ മൂന്നു സാബത്തുകളില്‍ പ്രസംഗിക്കുകയും അവിടെ സഭ സ്ഥാപിക്കുകയും ചെയ്തു. സില്‍വാനോസും തിമോത്തേയോസും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരായിരുന്നു (1 തെസ 1:10; 2:1-4; 3:1-16). വിശ്വാസം സ്വീകരിച്ച തെസലോനിക്കാക്കാരില്‍ ഭൂരിഭാഗവും യഹൂദരായിരുന്നില്ല. വിജാതീയരുടെയിടയില്‍ പൗലോസിനുണ്ടായ നേട്ടത്തില്‍ യഹൂദര്‍ അസൂയാലുക്കളായി (അപ്പ 17:5). അവരുടെ എതിര്‍പ്പുമൂലം പൗലോസിനും കൂട്ടര്‍ക്കും തെസലോനിക്കാ വിടേണ്ടിവന്നു (അപ്പ 17:10). ബെറോയയില്‍ വച്ച് വിവരമറിയാന്‍ സഹപ്രവര്‍ത്തകരെ തെസലോനിക്കായിലേക്ക് അയച്ച് പൗലോസ് (17:14) ആഥന്‍സിലെത്തി (17:15). പൗലോസ് യാത്ര തുടര്‍ന്ന് കോറിന്തോസിലെത്തിയപ്പോഴേക്കും തിമോത്തേയോസും അവിടെ എത്തിച്ചേര്‍ന്നു. തെസലോനിക്കായിലെ സഭയ്ക്കുണ്ടായ വളര്‍ച്ചയെക്കുറിച്ചും യഹൂദരില്‍നിന്ന് അവര്‍ക്കനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും അദ്ദേഹം പൗലോസിനെ ധരിപ്പിച്ചു (അപ്പ 18:5; 1 തെസ 3:6). ഈ സന്ദര്‍ഭത്തില്‍ (ഏ.ഡി.51-ല്‍) കോറിന്തോസില്‍ വച്ചായിരിക്കണം പൗലോസ് തെസലോനിക്കാക്കാര്‍ക്കുള്ള ഒന്നാം ലേഖനം എഴുതിയത്. ഒന്നാംലേഖനത്തിലെ കര്‍ത്താവിന്‍റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചുള്ള സൂചനകള്‍ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കാനിടയുള്ള ആശങ്കകളെ പരിഹരിക്കാനായിട്ടാണ് പൗലോസ് രണ്ടാംലേഖനം രചിച്ചത് എന്നു കരുതപ്പെടുന്നു. ചില വ്യാജപ്രബോധകര്‍ മിശിഹായുടെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കാനായി രംഗപ്രവേശം ചെയ്തതും ഈ ലേഖനത്തിന്‍റെ രചനയ്ക്കു പ്രേരകമായിട്ടുണ്ട്. ആദ്യലേഖനം രചിച്ച് ഏറെക്കഴിയുംമുമ്പ് കോറിന്തില്‍വച്ചുതന്നെ ഈ ലേഖനവും രചിച്ചു എന്നു കരുതാം. പൗലോസും സില്‍വാനോസും തിമോത്തേയോസും ഒരുമിച്ചാണ് എഴുതിയിരിക്കുന്നതെന്നു പറഞ്ഞിട്ടുണ്ടെങ്കിലും പൗലോസ് തന്നെയാണ് ഈ ലേഖനങ്ങളുടെ കര്‍ത്താവ് (1 തെസ 3:1; 5:27; 2 തെസ 3:17).

തെസലോനിക്കാക്കാര്‍ക്കുള്ള ആദ്യത്തെ ലേഖനം ഉദ്ദേശിച്ച ഫലം ചെയ്തില്ല. കര്‍ത്താവിന്‍റെ രണ്ടാം വരവിനെപ്പറ്റിയുള്ള സംശയങ്ങള്‍ അവശേഷിച്ചു. പൗലോസിന്‍റെ സന്ദേശമാണെന്നു പറഞ്ഞ് വിശ്വാസികളെ ആശയക്കുഴപ്പത്തില്‍പെടുത്തുന്ന ചിലരും അവിടെയുണ്ടായിരുന്നു (2 തെസ 2:1-2). ക്രിസ്തുവിന്‍റെ പ്രത്യാഗമനം ആസന്നഭാവിയിലാണ് എന്ന ചിന്തയും വളരെ പ്രകടമായിരുന്നു. ഈ ധാരണകളെ തിരുത്താനാണ് പൗലോസ് രണ്ടാംലേഖനം എഴുതിയത്. ആദ്യത്തെ ലേഖനത്തിലുണ്ടായിരുന്ന സ്നേഹോഷ്മളമായ ശൈലി ഈ ലേഖനത്തിലില്ലാത്തത് തെസലോനിക്കാക്കാരോടുള്ള തന്‍റെ നീരസം പ്രകടിപ്പിക്കുന്നതിനുള്ള പൗലോസിന്‍റെ ആഖ്യാനശൈലിയുടെ ഭാഗമാണെന്നു കരുതാം.

ലേഖനത്തിന്‍റെ ഘടന

1:1-2      അഭിവാദനം

1: 3-12  പ്രശംസ, പ്രാര്‍ത്ഥന

2:1-12   ക്രിസ്തുവിന്‍റെ പുനരാഗമനത്തെക്കുറിച്ചുള്ള ഉദ്ബോധനം

2:13-3:5  സ്ഥിരതയോടെ നില്‍ക്കാനുള്ള അഭ്യര്‍ത്ഥന, യാചനാ പ്രാര്‍ത്ഥന

3:6-15   അദ്ധ്വാനശീലത്തിന്‍റെ ആവശ്യം

4:1-12   പ്രസാദകരമായ ജീവിതം

3:17-18 സമാപനാശംസ.

 

 

 

ഡോ. ജോസഫ് പാംപ്ലാനി

Epistles of Paul Second Epistle to the Thessalonians catholic malayalam st. paul Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message