x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. പൗലോസിന്‍റെ ലേഖനങ്ങള്‍, തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനം

Authored by : Dr. Joseph Nalpathilchira On 08-Feb-2021

ആമുഖം

വിശുദ്ധ പൗലോസിന്‍റെ പേരില്‍ അറിയപ്പെടുന്ന ലേഖനങ്ങളില്‍ സഭാസമൂഹങ്ങള്‍ക്ക് എഴുതിയ ലേഖനങ്ങള്‍ക്കുശേഷം കാണുക വ്യക്തി കളെ അഭിസംബോധനചെയ്ത് എഴുതപ്പെട്ട നാല് ലേഖനങ്ങളാണ്. ഇവയില്‍ തിമോത്തേയോസിനുള്ള രണ്ടുലേഖനങ്ങള്‍, തീത്തോസിനുള്ള ലേഖനം എന്നിവയാണ് "അജപാലകര്‍ക്കുള്ള ലേഖനങ്ങള്‍"എന്ന പേരില്‍ അറിയപ്പെടുന്നത്. സഭയിലെ അജപാലനപരമായ പ്രവര്‍ത്തന ങ്ങളെ സംബന്ധിച്ച്, പ്രത്യേകമായി, സഭയില്‍ നല്‍കേണ്ടതായ ശരിയായ പ്രബോധനങ്ങള്‍, ശിക്ഷണക്രമങ്ങള്‍, വിവിധ സ്ഥാനങ്ങളിലേക്കു നിയമനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇവയെക്കുറിച്ചുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും ഈ മൂന്നു ലേഖനങ്ങളില്‍ പരാമര്‍ ശിക്കുന്നത്. ഇക്കാരണത്താല്‍ 18-ാം നൂറ്റാണ്ടിന്‍റെ ആരംഭംമുതല്‍ ഈ ഗ്രന്ഥങ്ങള്‍ അജപാലകര്‍ക്കുള്ള ലേഖനങ്ങള്‍ എന്ന വിശേഷണത്താല്‍ അറിയപ്പെടുവാന്‍ തുടങ്ങി. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിശുദ്ധ തോമസ് അക്വീനാസ് ഈ ലേഖനങ്ങളെ "അജപാലകര്‍ക്കുള്ള നിയമങ്ങൾ " എന്ന് വിശേഷിപ്പി ച്ചിരുന്നു.

സഭയില്‍ നടപ്പാക്കേണ്ട ശിക്ഷണ ക്രമങ്ങളെയും ഭരണസംവിധാന ങ്ങളെയും സംബന്ധിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഈ ലേഖ നങ്ങളില്‍ ഉള്ളതിനാല്‍ ഏ.ഡി 2-ാം നൂറ്റാണ്ടുമുതല്‍ ഇവ പുതിയ നിയമത്തിലെ കാനോനിക ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടിരുന്നു (Muratonian Fragment). സഭയിലെ നടപടിക്രമങ്ങളെക്കുറിച്ച് പരാമര്‍ശം നടത്തുന്നതോടൊപ്പം വിശ്വാസികളുടെ വിശ്വാസ ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങളും ഈ ലേഖനങ്ങളുടെ പ്രതിപാദ്യ വിഷയമാണ്. താഴെപറയുന്ന കാരണങ്ങളാല്‍ അജപാലകര്‍ക്കുള്ള ലേഖനങ്ങള്‍ക്ക് സഭാചരിത്രത്തില്‍ പ്രത്യേകമായി വിലകല്‍പ്പിക്കപ്പെട്ടു പോന്നിരുന്നു: സഭയിലെ ശുശ്രൂഷാ സംവിധാനങ്ങള്‍, സഭയിലെ ഭരണപരമായ സംഘടനാക്രമീകരണങ്ങള്‍ (മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്മാര്‍) തുടങ്ങിയവ നിര്‍വ്വചിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഈ ലേഖനങ്ങള്‍ ഏറെ സഹായകരമായിരുന്നു. ഇത്തരത്തിലുള്ള ഭരണസംവിധാനം സഭ ആദ്യകാലങ്ങളില്‍ നേരിട്ട പ്രതിസന്ധികളായ Marcionism, Gnosticism എന്നിവയെ നേരായ വിധത്തില്‍ തരണം ചെയ്യുന്നതിനും ഉറപ്പുള്ള ഒരു അടിത്തറയില്‍ സഭാസമൂഹങ്ങളെ പടുത്തു യര്‍ത്തുന്നതിനും സഹായിച്ചു. തെറ്റായതും വ്യാജവുമായ പ്രബോധന ങ്ങള്‍ക്കും സിദ്ധാന്ത ങ്ങള്‍ക്കും എതിരായി സത്യപ്രബോധനം നല്‍കുന്ന അളവുകോലായി ഈ ലേഖനങ്ങള്‍ പരിഗണിക്കപ്പെട്ടുപോന്നു.

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പലയിടങ്ങളിലും പരാമര്‍ശമുള്ള തിനാല്‍ ഈ ലേഖനങ്ങള്‍ വി. പൗലോസ് എഴുതിയതാണ്  എന്ന ഒരു ധാരണ നല്‍കുന്നതിന് ഏറെ സാധ്യതകള്‍ നല്‍കുന്നു. ഇതില്‍ പ്രധാന മായി ഉള്ളത് തിമോത്തേയോസിനും, തീത്തോസിനും നല്‍കുന്ന വ്യക്തിപരമായ നിര്‍ദ്ദേശങ്ങളാണ് (1 തിമോ 1, 3. 18; 5:23; 6:13. 20; 2 തിമോ, തീത്തോ 1:5; 2:1 തുടങ്ങിയവ); ഭാവിയില്‍ കണ്ടുമുട്ടുന്നതിനെ ക്കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ (1 തിമോ 2:14; 4:13; 2 തിമോ 4:9-21; തീത്തോ 3:12). ഇവയെ കൂടാതെ കാണുന്ന മറ്റു ചില കാര്യങ്ങള്‍ ഉദാ: തിമോത്തേയോസ് പൗലോസിനെ കാണുന്നതിനായി വരുമ്പോള്‍ പൗലോസ് ത്രോവാസില്‍ ഏല്‍പ്പിച്ചിട്ടുപോന്ന അദ്ദേഹത്തിന്‍റെ സ്വകാര്യ വസ്തുക്കള്‍ തിമോത്തേയോസ് കൊണ്ടു പോരണം എന്നുള്ള നിര്‍ദ്ദേശം; (2 തിമോ 4:13). മേല്‍പ്പറഞ്ഞ കാരണങ്ങള്‍ വി.പൗലോസിന് ഈ ലേഖനങ്ങളുടെ രചനയിലുള്ള പങ്കിലേയ്ക്ക് വിരല്‍ ചൂണ്ടുമെങ്കിലും പൗലോസിന്‍റെ ആധികാരികത പൊതുവേ അംഗീകരിക്കപ്പെട്ട ലേഖന ങ്ങളില്‍ കാണാന്‍ സാധിക്കാത്ത പല ആശയങ്ങളും, പദങ്ങളും  അജപാലകര്‍ക്കുള്ള ലേഖനങ്ങളില്‍ കാണുന്നുണ്ട്. അതില്‍ ഏതാനും ചിലത് താഴെപ്പറയുന്നവയാണ്:

  1. ദൈവഭക്തി (eusebeia) 1 തിമോ 2:2; 3:16; 4:78; 6:3.5.11; 2 തിമോ 3:5;    തീത്തോ 1:1-2.
  2. വിശുദ്ധജീവിതം നയിക്കുക (ദൈവഭക്തിയുള്ള ജീവിതം നയിക്കുക) (eusebos zen)  2 തിമോ 3:12; തീത്തോ 2:12.
  3. അന്യൂനമായ സിദ്ധാന്തം - 1 തിമോ 1:10; 2 തിമോ 4:2; തീത്തോ 1:9; 2:1.
  4. സത്യത്തിന്‍റെ ജ്ഞാനം - 1 തിമോ 2:4;  2 തിമോ 2:25; 3:7; തീത്തോ 1:1.
  5. സത്പ്രവൃത്തികള്‍ - 1 തിമോ 2:10; 5:10-25; 16-18; തീത്തോ 2:7-14; 3:8-14.
  6. നിഷ്കപടമായ വിശ്വാസം - 1 തിമോ 1:5; 2 തിമോ 1:5.
  7. നിര്‍മലമനഃസാക്ഷി - 1 തിമോ 3:9; 2 തിമോ 1:3.

കൂടാതെ വി.പൗലോസിന്‍റെ ആധികാരിക ലേഖനങ്ങളില്‍ കാണുന്ന പലപ്രധാന ആശയങ്ങളും ഈ മൂന്നു ലേഖനങ്ങളില്‍ കാണുന്നില്ല - ദൈവനീതി, സ്വാതന്ത്ര്യം, കുരിശ്, ദൈവപുത്രന്‍, വെളിപാട്, ക്രിസ്തുവിന്‍റെ ശരീരം, ശരീരവും ആത്മാവും തമ്മിലുള്ള എതിര്‍പ്പ് - തുടങ്ങിയവ. ഇക്കാരണങ്ങളാല്‍ വി.പൗലോസാണ് ഈ ലേഖനങ്ങളുടെ കര്‍ത്താവ് എന്നുള്ള കാര്യത്തില്‍ സംശയങ്ങള്‍ ജനിക്കുന്നു.

അതിനാല്‍ വി.പൗലോസ് അല്ല അജപാലകര്‍ക്കുള്ള ലേഖനങ്ങള്‍ എഴുതിയത് എന്നു ള്ളതാണ് പണ്ഡിതര്‍ക്കിടയില്‍ പൊതുവേ ഉള്ളതായ അഭിപ്രായം. പൗലോസിനുശേഷം ആരോ പൗലോസ് എന്ന നാമധേയ ത്തില്‍ എഴുതിയതാണ് ഈ ലേഖനങ്ങള്‍. വി പൗലോസിനുശേഷം എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍ എന്ന് 20 -ാം നൂറ്റാണ്ടുമുതല്‍ പൊതുവേ അംഗീകരിക്കപ്പെടുകയുണ്ടായി; പ്രധാനമായും നാലു കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാണിക്കപ്പെടുന്നത്:

(1) വി. പൗലോസിന്‍റെ ആധികാരിക ലേഖനങ്ങളുമായുള്ള ഭാഷാപരമായ വ്യത്യാസങ്ങള്‍

(2) പ്രതിപാദിക്കുന്ന വിഷയങ്ങളിലുള്ള വ്യത്യാസങ്ങള്‍

(3) പൗലോസിന്‍റെ ജീവചരിത്രപരമായി ഈ ലേഖനങ്ങളില്‍ കാണുന്ന പരാമര്‍ശങ്ങള്‍ (തിമോത്തേയോസിനെയും, തീത്തോസിനെയും എഫേസോസിലെയും ക്രേത്തേയിലെയും ഇടയന്മാരായി ചിത്രീകരിച്ചിരി ക്കുന്നതും അക്കാലത്തെ സഭാസംവിധാനങ്ങളും)

(4) ഈ മൂന്നു ലേഖനങ്ങളിലും സൂചിപ്പി ച്ചിരിക്കുന്ന സഭയിലെ പ്രത്യേക സാഹചര്യങ്ങള്‍ (സഭ അകത്തുനിന്നും പുറത്തുനിന്നും നേരിടുന്ന വെല്ലുവിളികള്‍).

തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനം

സഭാ നിയമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതിലുപരിയായി തിമോ ത്തേയോസിന് എഴുതിയ ഒരു കത്ത് ആയിട്ടാണ് ഈ ലേഖനത്തെ കണക്കാക്കേണ്ടത്. ഭാഷാപരമായ വിശകലനത്തില്‍നിന്നും തിമോത്തേ യോസിനെ മാത്രം പരാമര്‍ശിച്ചാണ് ലേഖനത്തിന്‍റെ വിശദാംശങ്ങള്‍ പുരോഗമിക്കുന്നത്. ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന എല്ലാവരും  തിമോത്തേയോസുമായി ബന്ധപ്പെട്ട ആളുകളാണ്. ഈ ലേഖനത്തിന്‍റെ ഘടന അപഗ്രഥിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം, സമൂഹത്തിന്‍റെ ആവശ്യത്തിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെടുന്നത് തിമോത്തേ യോസിനാണ് എന്നതാണ്.  ഈ നിര്‍ദ്ദേശങ്ങള്‍ ആവശ്യാനുസരണം അംഗങ്ങള്‍ക്ക് കൈമാറുവാന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഉദാഹരണമായി 1 തിമോ 3:14 നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ തിമോത്തേയോസ് എപ്രകാരം ദൈവഭവനത്തില്‍ പെരുമാറണം എന്നതിനെക്കുറിച്ചാണ്. ഇത് സൂചിപ്പിക്കുന്ന സഭയില്‍ നിയതമായ ഘടന സ്ഥാപിക്കുന്നതിനേക്കാളും, വിവിധങ്ങളായ നാസ്തികത്വങ്ങളെ നേരിടുന്നതിനേക്കാളും ഈ ലേഖനത്തിലൂടെ തന്‍റെ സഹായിയും സഹപ്രവര്‍ത്തകനുമായ തിമോത്തേയോസിന് ഇത്തരത്തിലുള്ള സാഹചര്യങ്ങളെ നേരിടുന്നതിനുള്ള വ്യക്തിപരവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനാണ് ലേഖനകര്‍ത്താവ് ശ്രമിക്കുന്നത്.

ഘടന: മറ്റു ലേഖനങ്ങളെപ്പോലെ ഇതിലും ഒരു കത്തില്‍ കാണുന്ന ഘടകങ്ങള്‍ ഉണ്ട്, പ്രത്യേകിച്ച് ആരംഭത്തിലും അവസാനഭാഗത്തും. ലേഖനത്തിന്‍റെ ബാക്കിയുള്ള ഭാഗത്ത് പ്രധാനമായും തിമോത്തേയോ സിനു നല്‍കുന്ന പെരുമാറ്റചട്ടങ്ങളും, സഭാസമൂഹത്തില്‍ അയാള്‍ നിര്‍വ്വഹിക്കേണ്ട ചുമതലകളും സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ്. ഇതനുസരിച്ച് ഈ ലേഖനത്തെ താഴെകാണുന്ന വിധത്തില്‍ ഘടനാ പരമായി വിഭജിക്കാവുന്നതാണ്:

1:1-2: അഭിവാദനം.

1:3-11: തെറ്റായ പഠനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ്.

1:12-17: പൗലോസിന്‍റെ കൃതജ്ഞതാ പ്രകാശനം.

1:18-20: തിമോത്തേയോസിനുള്ള നിര്‍ദ്ദേശങ്ങള്‍.

2:1-7: എല്ലാ മനുഷ്യര്‍ക്കും, അധികാരത്തില്‍ ഉള്ളവര്‍ക്കും വേണ്ടിയുള്ള  പ്രാര്‍ത്ഥന.

2:8-15: പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍.

3:1-7: മെത്രാന്‍ സ്ഥാനത്തെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍.

3:8-13: ഡീക്കന്മാരെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍. 

3:14-16: ശുശ്രൂഷയെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളുടെ സമാപനം;  ക്രിസ്തുവിജ്ഞാനീയ ഗീതം.

4:1-5: കപട പ്രബോധകരെ സംബന്ധിച്ചുള്ള പ്രഖ്യാപനം.

4:6-16: കപട പ്രബോധകരെപ്പറ്റി തിമോത്തേയോസിനു നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍.

5:1-8: പുരുഷന്മാരോടും, വിവാഹിതരായ സ്ത്രീകളോടും, വിധകളോടും പുലര്‍ത്തേണ്ട പെരുമാറ്റക്രമം.

5:9-16: വിധവകളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍.

5:17-22: ശ്രേഷ്ഠന്മാരെക്കുറിച്ചുള്ള  നിര്‍ദ്ദേശങ്ങള്‍.

5:23-25: തിമോത്തേയോസിനുള്ള വ്യക്തിപരായ നിര്‍ദ്ദേശങ്ങള്‍.

6:1-2: ഭൃത്യന്മാരെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍.

6:3-5: വ്യാജപ്രവാചകന്മാരെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍.

6:6-10: ദൈവഭക്തിയും സ്വയംപര്യാപ്തതയും

6:11-16: തിമോത്തേയോസിനു നല്‍കുന്ന അന്തിമനിര്‍ദ്ദേശങ്ങള്‍.

6:17-19: ധനവാന്മാരെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍.

6:20: വിജ്ഞാനാഭാസത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്.

6:21: അന്തിമ ആശീര്‍വാദം.

 

 

ഡോ. ജോസഫ് നാല്‍പതില്‍ച്ചിറ

Epistles of Paul First Epistle to Timothy catholic malayalam st. paul Dr. Joseph Nalpathilchira Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message