We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Prasad On 08-Feb-2021
ആമുഖം
ക്രൈസ്തവചിന്തയിലും ആദ്ധ്യാത്മികതയിലും റോമാക്കാര്‍ക്കെഴുതിയ ലേഖനം ചെലുത്തിയ സ്വാധീനത്തോട് തുലനം ചെയ്യാവുന്നതാണ് എഫേസോസുകാര്‍ക്കെഴുതിയ ലേഖനത്തിന്‍റെ സ്വാധീനവും. റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിന്‍റെ രീതിയിലുള്ള സങ്കീര്‍ണ്ണമായ വാദപ്രതിവാദശൈലി ഇല്ലെങ്കിലും എഫേസോസുകാര്‍ക്കെഴുതിയ ലേഖനം പൗലോസിന്‍റെ ചിന്തയുടെ ഉന്നത സോപാനങ്ങളിലെത്തി നില്ക്കുന്നു. സാര്‍വ്വത്രിക സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടും ഐക്യത്തിനുള്ള അടിസ്ഥാനങ്ങളെ അവതരിപ്പിക്കുന്നതുമൊക്കെ ഈ ലേഖനത്തിന് വേറിട്ടൊരു തനിമ പ്രദാനം ചെയ്യുന്നതോടൊപ്പം അതിനെ ആധുനിക കാലത്തിലെ സഭൈക്യപ്രസ്ഥാനത്തി ന്‍റെ നിദാനമായി മാറ്റുകയും ചെയ്യുന്നു. ചില ആധുനിക വ്യാഖ്യാതാക്കള്‍ ഈ ലേഖനത്തിന്‍റെ കര്‍ത്താവിനെ പൗലോസിന്‍റെ ഉത്തമനായ വ്യാഖ്യാതാവും നിലംതികഞ്ഞ ശിഷ്യ നുമായിട്ടാണ് വീക്ഷിക്കുന്നത്.
ചരിത്രാത്മകവിമര്‍ശന വ്യാഖ്യാനരീതിയില്‍ ലേഖനത്തെ സമീപിച്ചാല്‍ ആദ്യത്തെ ചോദ്യം കൃതിയുടെ കര്‍ത്താവിനെക്കുറിച്ചാണല്ലോ. 2-ാം നൂറ്റാണ്ടു മുതല്‍ 16-ാം നൂറ്റാണ്ടുവരെ ലേഖനത്തിന്‍റെ കര്‍തൃത്വത്തെ സംബന്ധിച്ച് യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല. പൗലോസ് തന്‍റെ പ്രവര്‍ത്തനത്തിന്‍റെ അവസാനڅഭാഗത്ത് റോമായിലെ തടവറയിലായിരുന്നപ്പോള്‍ (cf അപ്പ 28:16-31) ഈ ലേഖനം രചിച്ചു എന്നാണ് 16-ാം നൂറ്റാണ്ടുവരെ സാധാരണയായി കരുതിപ്പോന്നത്. 16-ാം നൂറ്റാണ്ടില്‍ ഈ ലേഖനത്തിന്‍റെ ശൈലി പൗലോസിന്‍റെ മുഖ്യലേഖനങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കുന്നു എന്ന് കണ്ട് ഇത് പൗലോസിന്‍റെ പേരില്‍ മറ്റാരോ എഴുതിയതായിരിക്കണം എന്ന സംശയം എറാസ്മുസ് പ്രകടിപ്പിച്ചു. 18-ാം നൂറ്റാണ്ടില്‍ ഇ. ഇവന്‍സണ്‍ എന്ന പണ്ഡിതന്‍ പൗലോസല്ല ഗ്രന്ഥകര്‍ത്താവെന്ന് കൂടുതല്‍ ശക്തമായി വാദിച്ചു. ഇന്ന് ഏതാണ്ട് എണ്‍പതുശതമാനം വ്യാഖ്യാതാക്കളും ഇത് പൗലോസിന്‍റെ സ്വന്തമല്ല എന്ന് പറയുമ്പോള്‍ ഇരുപത് ശതമാനം പൗലോസിന്‍റെ കര്‍തൃത്വത്തെ ചോദ്യം ചെയ്യുന്നില്ല. ഉദാഹരണത്തിന് ഇ. പേഴ്സിയും (1946), എം ബാര്‍ത്തും (1974), എഫ്.എഫ് ബ്രൂസും (1984) പൗലോസിന്‍റെ കര്‍തൃത്വത്തെ പിന്താങ്ങുമ്പോള്‍ എച്ച്. കോണ്‍സെല്‍മാനും (1962), ജെ. ഗ്നിക്കായും (1982), ആര്‍. ഷ്നാക്കന്‍ ബുര്‍ഗും (1982), ഏ.റ്റി. ലിങ്കനും (1990) അതിനോട് യോജിക്കുന്നില്ല. പൗലോസ്തന്നെയാണ് എന്ന് വാദിക്കുന്ന ചില വ്യാഖ്യാതാക്കള്‍ ഈ ലേഖനം പില്‍ക്കാലത്ത് പൗലോസിന്‍റെ ഒരു ശിഷ്യനാലോ, ഒരു പകര്‍ത്തിയെഴുത്തുകാരനാലോ വിപുലീകരിക്കപ്പെട്ടിട്ടുള്ളതായി കരുതുന്നു. ഉദാ. പി. ബെന്വാ (1959), എല്‍. സെര്‍ഫോ(1960).ഉള്ളടക്കത്തിന്‍റെയും ഭാഷാശൈലിയുടെയും, ദൈവശാസ്ത്ര കാഴ്ച പ്പാടുകളുടെയും അടിസ്ഥാനത്തിലാണ് പൗലോസിന്‍റെ കര്‍തൃത്വം പ്രശ്നകരമാകുന്നത്.
A. ഉള്ളടക്കം: ഗ്രന്ഥകര്‍ത്താവായി പൗലോസിന്‍റെ പേര് 1:1 ലും, 3:1-2 ലും കാണാം. അപ്പസ്തോലപ്രവര്‍ത്തനത്തിലെ വിവരണപ്രകാരം പൗലോസ് എഫേസോസില്‍ രണ്ടുവര്‍ഷം സുവിശേഷ പ്രഘോഷണം നടത്തിയ ആളാണ് (അപ്പ 19:10). എന്നാല്‍ എഫേ 1:15 പ്രകാരം എഫേസോസുകാരുടെ വിശ്വാസത്തെയും സ്നേഹത്തെയും കുറിച്ച് കെട്ടനാൾ മുതൽ പൗലോസ് അവരെ തന്‍റെ പ്രാര്‍ത്ഥനകളില്‍ വിസ്മരിച്ചിട്ടില്ല. മാത്രമല്ല പൗലോസായ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ (2:3) എന്ന് ലേഖകന്‍ പറയുന്നു. ഈ വാചകങ്ങളില്‍നിന്ന് ലേഖകനും അനുവാചകര്‍ക്കും തമ്മില്‍ പരസ്പരം കേട്ടറിവ് മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ ആള് പൗലോസായിരിക്കുവാന്‍ സാധിക്കുമോ എന്നതാണ് ചോദ്യം. തികച്ചും വ്യക്തിപരമല്ലാത്ത ഒരു ശൈലി ലേഖനത്തില്‍ ഉടനീളം അവലംബിച്ചിരിക്കുന്നതും ഈ ചോദ്യത്തിന് ആക്കം കൂട്ടുന്നു. പൗലോസ് വളരെനാള്‍ എഫേസോസില്‍ ചെലവഴിച്ചെങ്കിലും ലേഖനാവസാനത്തില്‍ ആരെയും വ്യക്തിപരമായി അഭിവാദനം ചെയ്യാത്തത് ആശ്ചര്യകരം തന്നെ.
B. ഭാഷാശൈലി: പുതിയനിയമത്തില്‍ ഒരു പ്രാവിശ്യം മാത്രം ഉപയോഗിച്ചുവരുന്ന പദങ്ങള്‍ വളരെ കൂടുതല്‍ ഈ ലേഖനത്തില്‍ കണ്ടുവരുന്നെങ്കിലും ഏതാണ്ട് അത്രമാത്രം തന്നെ പൗലോസിന്‍റെ നിസ്തര്‍ക്ക ലേഖനങ്ങളിലും അപ്രകാരമുള്ള പദങ്ങള്‍ ഉണ്ടെന്ന് പറയേണ്ടിവരും. എന്നിരുന്നാലും ചില ഗ്രീക്കുപദങ്ങള്‍ ശ്രദ്ധേയമായ രീതിയില്‍ വ്യത്യസ്തമായി നില്ക്കുന്നു. ഉദാഹരണത്തിന് "ഹോയ് ഉറാതോയ്"(സ്വര്‍ഗ്ഗങ്ങള്‍) എന്ന സാധാരണ പദത്തിന്‍റെ സ്ഥാനത്ത് "എപ്പുറനീയ" (സ്വര്‍ ഗ്ഗീയസ്ഥലങ്ങള്‍) എന്ന പദം ആവര്‍ത്തിച്ച് ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നു. (1:3, 20; 2:6; 3:10; 6:12). ഈ ലേഖനത്തില്‍ മാത്രം കണ്ടുവരുന്ന പദങ്ങളില്‍ ഊന്നല്‍ നല്കാതിരുന്നാല്‍പോലും പില്‍ക്കാലത്ത് സഭാപിതാക്കന്‍മാരുടെ കൃതികളില്‍ കണ്ടുവരുന്ന പല പ്രയോഗങ്ങളും പദങ്ങളും ഈ ലേഖനത്തില്‍ കണ്ടുവരുന്നു എന്നത് ഒരു സവിശേഷതയാണ്. അതായത് ആദ്യകാല പദപ്രയോഗങ്ങള്‍ക്കുപരി പില്‍ക്കാല പദപ്രയോഗങ്ങള്‍ക്കാണ് എഫേസോസുകാര്‍ക്കുള്ള ലേഖനത്തില്‍ കൂടുതല്‍ പ്രാധാന്യം എന്ന് കാണാനാവും. മാത്രമല്ല, പൗലോസിന്‍റെ നിസ്തര്‍ക്ക ലേഖനങ്ങളില്‍ കാണുന്നതിനേക്കാള്‍ നീളം കൂടിയ വാചകങ്ങളും (1:3-14; 15-23; 2:17; 3:1-9; 4:1-6; 5:7-13), കൂടുതല്‍ സങ്കീര്‍ണ്ണമായ വാചകഘടനയും (1:3-14; 2:1-7) ഒക്കെ ഇതില്‍ കാണുന്നു. ഇക്കാര്യവും പദപ്രയോഗങ്ങളിലുള്ള വ്യത്യാസവും കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഭാഷാ ശൈലിയില്‍ ഗണ്യമായ വ്യത്യാസം ഇല്ല എന്ന് പറയാനാവില്ല.
C. ദൈവശാസ്ത്ര കാഴ്ചപ്പാട്: നിസ്തര്‍ ക്ക ലേഖനങ്ങളില്‍ സഭ എന്ന സംജ്ഞസൂചിപ്പിച്ചത് ഒരു പ്രത്യേക സ്ഥലത്തെ ക്രൈസ്തവ കൂട്ടായ്മ ആയിരുന്നെങ്കില്‍ (ഉദാ. 1:2; ഗലാ 1:2), ഈ ലേഖനത്തില്‍ സഭ ഒരു സാര്‍വ്വത്രിക പ്രതിഭാസമാണ്; അത് പ്രപഞ്ചത്തില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയും എല്ലാ സൃഷ്ടവസ്തുക്കളെയും സ്പര്‍ശിക്കുകയും ചെയ്യുന്നു. (എഫേ 1:21-23; 3:9-11). ഈ ലേഖന പ്രകാരം സഭ അപ്പസ്തോലന്മാരും പ്രവാചകന്മാരും ആകുന്ന അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ടതാണ്(2:20); അതേസമയം 1 കോറി 3:11 പ്രകാരം യേശുക്രിസ്തുവാണ് ഏക അടിസ്ഥാനം. സഭയാകുന്ന ശരീരത്തിന്‍റെ ശിരസ്സാണ് ക്രിസ്തു (1:22-23; 5:23) എന്നത് 1 കോറി 12:12 രള; റോമ 12:4-8 എന്നീ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ വികാസ പരിണാമ ചിന്തയാണെന്ന് കരുതേണ്ടിയിരിക്കുന്നു. എഫേസ്യലേഖനത്തില്‍ വിജാതീയരെ സഭയിലേക്കു പ്രവേശിപ്പിക്കുന്നതിനെ സംബന്ധിച്ചിട്ടുള്ള വിവാദങ്ങളില്ല. റോമ 11 ല്‍ കാണുന്ന രീതിയില്‍ ഇസ്രായേല്‍ അവസാനം തിരിച്ചുവരും എന്നവിധം ലേഖകന്‍ ചിന്തിക്കുന്നില്ല. എന്തെന്നാല്‍ യഹൂദരും വിജാതീയരും ഒരു ശരീരമെന്നവിധം അനുരജ്ഞിതരായിക്കഴിഞ്ഞിരിക്കുന്നു. (എഫേ 2: 4-16). ഇരുകൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു. (2:16). മാത്രമല്ല ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു (2:14). രണ്ടാംവരവ് ഉടന്‍ നടക്കുവാന്‍ പോകുന്നു എന്ന ചിന്തയും ഈ ലേഖനത്തിലില്ല. ഇപ്പോള്‍ തന്നെ യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പില്‍ വിശ്വാസികള്‍ പങ്കുചേരുന്നതിനെക്കുറിച്ചാണ് ഇവിടെ ഊന്നല്‍. ക്രിസ്തുവിനോടുകൂടെ (ദൈവം) നമ്മെ ജീവിപ്പിച്ചുچ(2:5); യേശുക്രിസ്തുവിനോടുകൂടെ അവിടുന്ന് നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗ്ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തുچ(2:6). എന്നാല്‍ നിസ്തര്‍ക്ക ലേഖനങ്ങളില്‍ യേശു ക്രിസ്തുവിന്‍റെ ഉയിര്‍പ്പിലുള്ള ഭാഗഭാഗിത്വം വിശ്വാസികള്‍ക്ക് ഭാവികാലത്ത് കൈവരുവാനുള്ളതാണ്. (റോമ 6:5; ഫിലി 3:10-11). വിവാഹത്തെ സംബന്ധിച്ച് സമുന്നതമായ ഒരു കാഴ്പ്പാടാണ് ഈ ലേഖനം വച്ചു പുലര്‍ത്തുന്നത്. (എഫേ 5:22-31). കോറി 7:8-9; 25-40 എന്നിവിടങ്ങളില്‍ ആസന്നമായിരിക്കുന്ന വിപത്സന്ധി കണക്കിലെടുത്ത്, അഥവാ രണ്ടാം വരവിന്‍റെ പശ്ചാത്തലത്തില്‍, വിവാഹം അത്യാവശ്യമാണെങ്കില്‍മാത്രം ആകാവുന്ന ഒന്നാണ്.
D. കൊളോസോസുകാര്‍ക്കുള്ള ലേഖനവുമായുള്ള ബന്ധം: ഇക്കാര്യങ്ങള്‍ക്കുപരി എഫേസോസുകാര്‍ക്കുള്ള ലേഖനത്തിന് കൊളോസോസുകാര്‍ക്കുള്ള ലേഖനവുമായിട്ടുള്ള ബന്ധവും അത് പൗലോസിന്‍റെ പക്കല്‍ നിന്നല്ല എന്ന വസ്തുതയ്ക്ക് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൊളോസോസുകാര്‍ക്കെഴുതിയ ലേഖനംതന്നെ പൗലോസ് എഴുതിയതല്ല എന്ന് നല്ലൊരു പക്ഷം വ്യാഖ്യാതാക്കള്‍ ഇന്ന് വിശ്വസിക്കുന്നു. ഘടനാപരമായ സാമ്യവും പദപ്രയോഗസാമ്യവും എടുത്ത് പറയാവുന്നതാണ്. (അഭിവാദനങ്ങള്‍ - എഫേ 1:1-2; കൊളോ 1:1-2; കൃതജ്ഞതാ പ്രകാശനഭാഗം - എഫേ 1:15-17; കൊളോ 1:3-4; 9-10; ഉപസംഹാരം - എഫേ 6:21-22; കൊളോ 4:7-8). തത്വങ്ങള്‍ അവതരിപ്പിക്കുന്നതിലും ഉപദേശങ്ങളിലുമൊക്കെ കൊളോസോസുകാര്‍ക്കുള്ള ലേഖനത്തിലുള്ള ആശയങ്ങളുടെ വിപുലീകരണം ഈ ലേഖനത്തില്‍ നടക്കുന്നതായി കാണാം. ഉദാഹരണത്തിന്, ക്രിസ്തുവുമായുള്ള വിശ്വാസികളുടെ ഉയിര്‍പ്പ് (എഫേ 2:5-6; കൊളോ 2:12-13); പഴയ മനുഷ്യനെ മാറ്റി പുതിയ മനുഷ്യനെധരിക്കുന്നത് (എഫേ 4:17-24; കൊളോ 3:5-15); ആത്മാവിലുള്ള ആരാധന (എഫേ 5:17-20; കൊളോ 3:16-17); څഭവനചട്ടക്രമങ്ങള്‍ (എഫേ 5:22-25; 6:1-9; കൊളോ 3:18-4:1); ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ ആവശ്യകത (എഫേ 6:18; കൊളോ 4:2); ലേഖകനുവേണ്ടി പ്രാര്‍ത്ഥിക്കാവാനുള്ള അഭ്യര്‍ത്ഥന (എഫേ 6:19; കൊളോ 4:3) തുടങ്ങിയവ. ഈ തരത്തിലുള്ള സാമ്യം ഉണ്ടെങ്കിലും രണ്ടുലേഖനങ്ങളിലെയും വിഷയത്തിലുള്ള ഊന്നല്‍ വ്യത്യസ്തമാണെന്നത് വിസ്മരിക്കുവാന്‍ പാടില്ല. കൊളോസ്യ ലേഖനം മുഖ്യമായും ക്രിസ്തുവിജ്ഞാനീയത്തെ അധികരിച്ച് സംസാരിക്കുമ്പോള്‍ എഫേസ്യലേഖനം സഭാവിജ്ഞാനീയത്തെ സംബന്ധിച്ച് സംസാരിക്കുന്നു
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അത്ര എളുപ്പം ഈ ലേഖനത്തിന് പൗലോസിന്‍റെ കര്‍തൃത്വം നല്കുവാനാകില്ല. അതേസമയം നിസ്തര്‍ക്കലേഖനങ്ങളില്‍ കാണുന്ന തികച്ചും പൗലോസിന്‍റേതായ ചിന്തകള്‍ ഈ ലേഖനത്തിലുണ്ട്. ഉദാഹരണത്തിന്, എഫേ 2:8 ഉം റോമ 3:24 ഉം ചേര്‍ന്നുപോകും; അതുപോലെ എഫേ 2:17-18; 3:11-12 ഉം റോമ 5:1-2 ഉം; എഫേ 4:28 ഉം 1 കോറി 4: 12 ഉം; എഫേ 3:14; 4:5 ഉം 1 കോറി 8: 5-6 ഉം. ആകയാല്‍ പൗലോസിന്‍റെ പഠനക്കളരിയില്‍ അഭ്യാസം നേടിയ പൗലോസിന്‍റെ ഒരു ശിഷ്യനായിരിക്കണം ഈ ലേഖനത്തിന്‍റെ കര്‍ത്താവ്.
ലേഖകന്‍ പൗലോസിന്‍റെ നിസ്തര്‍ക്കലേഖനങ്ങളെയും കൊളോസോസുകാര്‍ക്കെഴുതിയ ലേഖനത്തെയും ഉപയോഗപ്പെടുത്തിക്കാണുന്നതിനാല്‍ ഇപ്പറഞ്ഞ ലേഖനങ്ങളുടെ ഒരു സമാഹാരം ഉണ്ടായതിന് ശേഷമായിരിക്കണം എഫേസ്യലേഖനം എഴുതിയത്. അങ്ങനെയെങ്കില്‍ ഏതാണ്ട് എ.ഡി 80 നും 100 നും ഇടയ്ക്കായിരിക്കണം ലേഖനം രചിക്കപ്പെട്ടത്. എഫേസോസുകാര്‍ക്കെഴുതിയ ലേഖനത്തിലെ കൃത്യമായ ഒരു ചരിത്രസാഹചര്യം എന്തായിരുന്നു എന്ന് കണ്ടുപിടിക്കുന്നത് ഇതുവരെ എളുപ്പമായിരുന്നിട്ടില്ല. അത് എഴുതുവാന്‍ ഇടയാക്കിയ പ്രത്യേക സാഹചര്യം എന്തായിരുന്നുവെന്ന് ലേഖനത്തിന്‍റെ ഉള്ളടക്കത്തില്‍ സൂചനകളില്ല. വളരെ പൊതുവായി മാത്രമേ ലേഖന സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാനാവൂ. ഈ ലേഖനത്തിന് പുതിയ നിയമത്തിലെ ലേഖനങ്ങള്‍ക്കു കണ്ടുവരുന്ന പൊതുഘടന ഉണ്ടെങ്കില്‍ത്തന്നെയും മുഖ്യമായും ദൈവശാസ്ത്രപരമായി തത്വങ്ങള്‍ അവതരിപ്പിക്കുന്ന ഒന്നായി നിലനില്‍ക്കുന്നു. ഒരുപക്ഷേ അന്ന് ഏഷ്യാമൈനറിലുണ്ടായിരുന്ന എല്ലാ സഭകള്‍ക്കും വേണ്ടി ചില അടിസ്ഥാന തത്വങ്ങള്‍ അവതരിപ്പിക്കുവാന്‍ വേണ്ടി എഴുതിയതായിരിക്കണം ഈ ലേഖനം. ചില പുരാതന കൈയ്യെഴുത്ത് പ്രതികളില്‍ കത്താരംഭത്തില്‍ (1:1) ആര്‍ക്ക് എഴുതുന്നു എന്നിടത്ത് ڇവിശുദ്ധര്‍ക്ക്ڈ എന്നുമാത്രം കാണുകയും ڇഎഫേസോസിലുള്ളڈڈഎന്നത് ഇല്ലാതിരിക്കുകയും ചെയ്യുന്നത് ഈ വാദത്തിന് ബലം വര്‍ദ്ധിപ്പിക്കുന്നു അനുവാചകര്‍ക്ക് മതപഠനത്തിലൂടെയും ആരാധനയിലൂടെയും പരിചിതമായ കാര്യങ്ങളുടെ ആഴമായ ദൈവശാസ്ത്രവിചിന്തനമാണ് ലേഖകന്‍ നടത്തുന്നത്. څഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള സകല പ്രഭുത്വങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ഉപരിയായി ക്രിസ്തുവും സഭയും നിലകൊള്ളുന്നു, ആകയാല്‍ ഈ രഹസ്യങ്ങള്‍ക്കു ചേര്‍ന്നവിധം വിശ്വാസികള്‍ തങ്ങളുടെ ജീവിതസാഹചര്യം ക്രമപ്പെടുത്തണമെന്ന് ലേഖകന്‍ ഉദ്ബോധിപ്പിക്കുന്നു.
അഭിവാദനങ്ങളും (1:1-2) ആശീര്‍വാദപ്രാര്‍ത്ഥനയും (1:3-14) കൃതജ്ഞതാസ്തോത്രവുമായി (1:15-23) ആരംഭിക്കുന്ന എഫേസോസുകാര്‍ക്കുള്ള ലേഖനം വാര്‍ത്തകളും സമാപനാശീര്‍വ്വാദവുമായി (6:21-24) ഉപസംഹരിക്കപ്പെടുന്നു. ഉള്ളടക്കം മുഖ്യമായും രണ്ടുڅഭാഗങ്ങളായി തിരിക്കാവുന്നതാണ്: ഒന്നാം ഭാഗം, ദൈവശാസ്ത്ര തത്വങ്ങള്‍ (1-3 വരെ അദ്ധ്യായങ്ങള്‍); രണ്ടാം ഭാഗം, സന്മാര്‍ഗ്ഗോപദേശങ്ങള്‍ (4-6 വരെ അദ്ധ്യായങ്ങള്‍). യഹൂദരും വിജാതീയരും ഒരുപോലെ ദൈവത്തിന്‍റെ ദാനങ്ങളില്‍ പങ്കുചേരുന്ന ഒരു നവസമൂഹമായ സഭയെ കേന്ദ്രീകരിച്ചാണ് ഒന്നാം ഭാഗത്തിലെ പഠനം. അപ്രകാരം ആയിത്തീര്‍ന്നവര്‍ ഐക്യത്തില്‍ നിലനില്ക്കണമെന്നും പഴയ ജീവിതശൈലി ഉപേക്ഷിച്ച് സത്യത്തിന്‍റെയും, സ്നേഹത്തിന്‍റെയും ക്ഷമയുടെയും ലൈംഗിക ശുദ്ധതയുടേതുമായ പുതിയ ക്രൈസ്തവ ജീവിതശൈലി ആശ്ലേഷിച്ച് ശരിയായ പക്വതയിലേക്ക് വളരണമെന്നാണ് രണ്ടാം ഭാഗത്തിലെ ആഹ്വാനം.
I. ആമുഖ അഭിവാദനങ്ങള്‍ (1:1-2)
II. ഒന്നാം ഭാഗം: തത്വാവതരണം: ദൈവിക പദ്ധതി വെളിപ്പെടുത്തപ്പെടുകയും സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു (1:3-3:21).
III. രണ്ടാം ഭാഗം: സന്മാര്‍ഗ്ഗോപദേശങ്ങള്‍ (4:1-6:20)
IV. ഉപസംഹാരം: വാര്‍ത്തയും, ആശീര്‍വാദവും (6:21-24).
ഡോ. ജേക്കബ് പ്രസാദ്
Epistles of Paul Ephesians catholic malayalam st. Paul Dr. Jacob Prasad Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206