We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 08-Feb-2021
ആമുഖം
ഈ ലേഖനം പൗലോസിന്‍റെ അജപാലന ലേഖനങ്ങളില്‍പ്പെടുന്നു. സഭയുടെ ദൃശ്യഘടനയെ ഏറ്റവും സൂക്ഷ്മമായി അവതരിപ്പിക്കുന്ന പുതിയനിയമഗ്രന്ഥം എന്നനിലയിലാണ് ഈ ഗ്രന്ഥം അറിയപ്പെടുന്നത്.
ലേഖനകര്‍ത്താവ്
പൗലോസാണ് ലേഖനകര്‍ത്താവ് എന്ന് വിശ്വസിച്ചുപോരുന്നു. കാരണം, ലേഖനം ആരംഭിച്ചിരിക്കുന്നതുതന്നെ പൗലോസിന്‍റെ അഭിവാദനത്തോടെയാണ് (1: 1-3). തീത്തോസിനോടുള്ള ബന്ധത്തെപ്പറ്റിയും (വാ.4) അദ്ദേഹത്തിന് ഏല്‍പിച്ചു കൊടുത്ത ദൗത്യത്തെപ്പറ്റിയും (വാ. 5) പൗലോസ് പറയുന്നുണ്ട്. ലേഖനത്തിന്‍റെ അവസാനത്തില്‍ (3:12-13) തന്‍റെ പേരു പൗലോസ് സൂചിപ്പിക്കുന്നുണ്ട്. ലേഖനത്തിലുടനീളം തന്‍റെ വ്യക്തിപരമായ അനുഭവങ്ങള്‍ പൗലോസ് പങ്കുവയ്ക്കുന്നു. എന്നാല്‍, ആധുനിക ബൈബിള്‍ പണ്ഡിതര്‍ ഇന്നു നിലവിലുള്ള ലേഖനത്തെ സംബന്ധിച്ചിടത്തോളം പൗലോസിന്‍റെ കര്‍തൃത്വത്തെ ചോദ്യം ചെയ്യുന്നവരാണ്.
പൗലോസിന്‍റെ 13 ലേഖനങ്ങളില്‍ ഒന്നായ ഇതിന്‍റെ കര്‍ത്താവ് പൗലോസാണെന്ന് ലേഖനത്തിന്‍റെ ശീര്‍ഷകത്തില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ട് (1:1-4). എന്നാല്‍, പൗലോസിന്‍റെ കര്‍തൃത്വത്തെ ചോദ്യംചെയ്യുന്നവര്‍ നിരവധി വാദമുഖങ്ങള്‍ ഉന്നയിക്കാറുണ്ട്.
(1) ഈ ലേഖനത്തിന്‍റെ ഭാഷാശൈലിയും പദാവലിയും പൗലോസിന്‍റെ ഇതരലേഖനങ്ങളില്‍നിന്നും വ്യത്യസ്തമാണ്.
(2) ഈ ലേഖനത്തില്‍ വിഭാവനംചെയ്യുന്ന നിതയമായ രൂപഘടനയോടുകൂടിയ സഭാസംവിധാനം പൗലോസ്ശ്ലീഹായുടെ കാലത്ത് നിലവില്‍വന്നിരിക്കാന്‍ സാധ്യതയില്ല.
(3) പൗലോസ് ക്രേത്തേയില്‍ സുവിശേഷം പ്രസംഗിക്കുന്നതായി (1:5) ഈ ലേഖനത്തില്‍മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ.
മേല്‍പറഞ്ഞ വാദഗതികള്‍ അംഗീകരിക്കുന്നവര്‍ക്കുതന്നെ ഈ ലേഖനത്തിന്‍റെ കര്‍ത്താവ് പൗലോസ് അല്ലായെന്നു സ്ഥാപിക്കാന്‍ അവ അപര്യാപ്തമാണെന്നു സമ്മതിക്കേണ്ടിവരും. ഈ ലേഖനം പൗലോസിന്‍റെ രചനയാണെന്നുകരുതാന്‍ സഹായകമായ ചില ചിന്തകള്‍ ചുവടെ ചേര്‍ക്കുന്നു:
(1) തീത്തോസിനെ തന്‍റെ സഹപ്രവര്‍ത്തകനായി കരുതിക്കൊണ്ടാണ് ലേഖനവിവരണം ലേഖനകര്‍ത്താവ് നടത്തുന്നത്. തീത്തോസ് പൗലോസിന്‍റെ സഹപ്രവര്‍ത്തകനായിരുന്നു എന്നതിനുള്ള തെളിവുകള്‍ ഇതരഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഗലാ 2:1-3; 2 കോറി 7:6-7; 8:6, 16-24; 12:18).
(2) ഈ ലേഖനത്തിലുടനീളം പൗലോസിന്‍റെ ഇതരലേഖനങ്ങളിലെ ആശയങ്ങളും പ്രതീകങ്ങളും അവതരിപ്പിക്കുന്നുണ്ട്:
- സഭ ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരുടെ സമൂഹമാണ് (1:1 = റോമാ 8:33; 16:13)
- കൃപയാല്‍ നീതീകരിക്കപ്പെട്ടവര്‍ എന്ന പൗലോസിന്‍റെ വിഖ്യാതമായ പ്രയോഗം ഈ ലേഖനത്തിലുണ്ട് (3:7 = റോമാ 3:24; 1 കൊറി 6:13).
തന്മൂലം ഈ ലേഖനം പൗലോസിന്‍റെ രചനയല്ലാ എന്ന് കരുതാനുള്ള ന്യായങ്ങള്‍ നിയതമായ അര്‍ത്ഥത്തില്‍ യാതൊന്നുമില്ല. സഭയുടെ ഘടന പൗലോസിന്‍റെ കാലത്ത് ഇല്ലായിരുന്നു എന്നത് കേവലം ഊഹംമാത്രമാണ്. താന്‍ സ്ഥാപിച്ച സഭകളിലെ ഭരണക്രമം എപ്രകാരമായിരിക്കണം എന്ന സ്വപ്നം പൗലോസ് തന്‍റെ സഹപ്രവര്‍ത്തകനായ തീത്തോസിനോടു പങ്കുവയ്ക്കുന്നതായും ഈ ലേഖനത്തില്‍ മനസ്സിലാക്കാം. തന്മൂലം ഈ ലേഖനത്തില്‍ വിഭാവനം ചെയ്യപ്പെടുന്ന സഭാസംവിധാനം ചരിത്രപരമായി നിലവില്‍വന്നിരുന്നില്ല എന്ന് സ്ഥാപിക്കാനായാല്‍പോലും ഈ ലേഖനത്തിന്‍റെ കര്‍ത്താവ് പൗലോസ്ശ്ലീഹാ അല്ലെന്ന് കരുതാനാവില്ല.
സഭാപിതാക്കന്മാരും ഈ ലേഖനത്തിന്‍റെ കത്താവ് പൗലോസ്ശ്ലീഹായാണെന്ന് ഐകകണ്ഠേന സാക്ഷ്യപ്പെടുത്തുന്നുണ്ട്. മൊപ്സുവെസ്ത്യായിലെ തെയൊഡോറും ജോണ്‍ ക്രിസോസ്തോമും ചേര്‍ന്ന് ഈ ലേഖനത്തെക്കുറിച്ച് 6 പ്രസംഗങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്: 1:5-6; 1:12-14; 2:2-5; 2:11-14 എന്നിവയാണ് പ്രസ്തുത പ്രസംഗങ്ങള്‍ക്ക് ആധാരമായ വചനഭാഗങ്ങള്‍. ഈ ലേഖനത്തെക്കുറിച്ച് ഒരിജന്‍ ഒരു വ്യാഖ്യാനംതന്നെ എഴുതിയിട്ടുണ്ട്. ഈ വ്യാഖ്യാനം ഇന്നു ലഭ്യമല്ലെങ്കിലും ഇവയില്‍നിന്നുള്ള ഉദ്ധരണികള്‍ പാംഫീലിയൂസിന്‍റെ കൃതിയില്‍ (Apologia Hyper Origenous). ലഭ്യമാണ്. ഒരിജന്‍റെ ചെല്‍സൂസിനെതിരായ കൃതിയിലും (Contra Cel. 1. 64) ഈ ലേഖനത്തില്‍നിന്നുള്ള ഉദ്ധരണികളുണ്ട്. മാര്‍സിയോണിനെതിരായ പ്രബോധനത്തില്‍ ഈ ലേഖനത്തെ ആലംബമാക്കി തെര്‍ത്തുല്യന്‍ പഠിപ്പിക്കുന്നുണ്ട് (Adv. Marc. 5. 21).
ലത്തീന്‍പാരമ്പര്യത്തില്‍ ജറോമാണ് ഈ ലേഖനത്തെ ഏറ്റവുമധികം അവലംബമാക്കുന്നത് (De Viris Illustribus 135). മനിക്കേയന്‍ പാഷണ്ഡതക്കെതിരായ പ്രബോധനങ്ങളില്‍ ആഗസ്തീനോസ് ഈ ലേഖനത്തെ അവലംബമാക്കുന്നുണ്ട്. ഡൊസേറ്റിസത്തിനെതിരേയും പെലാജിയനിസത്തിനെതിരേയും പൊരുതുമ്പോള്‍ അഗസ്തീനോസ് ഈ ലേഖനത്തില്‍നിന്നും ഉദ്ധരിക്കുന്നുണ്ട് (Epistle 93). തോമസ് അക്വീനാസ് ഈ ലേഖനത്തെക്കുറിച്ച് വിശദമായ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട് എന്നത് മധ്യകാലഘട്ടത്തിലെ ഈ ലേഖനത്തിന്‍റെ സ്വീകാര്യതയ്ക്ക് തെളിവാണ്.
സ്വീകര്‍ത്താവ്
ക്രേത്തേയിലെ ക്രിസ്തീയ സമൂഹത്തിന്‍റെ നേതാവായ തീത്തോസിനാണ് പൗലോസ് ഈ ലേഖനമെഴുതിയത്. പൗലോസിന്‍റെ അജപാലന ലേഖനങ്ങളുടെ സ്വീകര്‍ത്താക്കളായ തിമോത്തേയോസും തീത്തോസും അപ്പസ്തോലന്‍റെ സന്തതസഹചാരികളായിരുന്നു. തീത്തോസ് വിജാതീയരുടെ ഇടയില്‍നിന്നു വിശ്വാസംസ്വീകരിച്ചവരില്‍ ഒരുവനും ജറുസലേംകൗണ്‍സിലില്‍ പൗലോസിനോടൊത്ത് പങ്കെടുത്തവനുമായിരുന്നു. തീത്തോസിനെ പരിച്ഛേദനവിധേയനാക്കാനുള്ള നിര്‍ദ്ദേശത്തെ പൗലോസ് എതിര്‍ക്കുന്നുണ്ട് (ഗലാ 2:1,3-5). പൗലോസും കോറിന്തിലെ സഭയുംതമ്മിലുള്ള ബന്ധം വഷളായപ്പോള്‍ അവര്‍ക്കിടയില്‍ മദ്ധ്യസ്ഥന്‍റെ ഭാഗധേയം വിജയകരമായി നിര്‍വ്വഹിച്ചത് തീത്തോസായിരുന്നു (2 കോറി 2:13; 7:6-7,13-16; 12:18).
രചനാകാലഘട്ടം
ഏ.ഡി. 60 മുതല്‍ 160 വരെയുള്ള കാലഘട്ടം ഈ ലേഖനത്തിന്‍റെ രചനാകാലഘട്ടമായി പരിഗണിക്കപ്പെടുന്നുണ്ട്. പൗലോസിന്‍റെ ലേഖന കര്‍ത്തൃത്വം നിഷേധിക്കുന്നവര്‍ മറ്റ് രണ്ട് അജപാലന ലേഖനങ്ങളും പോലെ, പൗലോസിന്‍റെ മരണശേഷം സഭയില്‍ അന്നുണ്ടായിരുന്ന വിവിധ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ ശിഷ്യന്മാരിലാരോ എഴുതിയതെന്നു വാദിക്കുന്നു. പൗലോസ് തന്നെയാണു ലേഖനകര്‍ത്താവ് എന്നതിനാല്‍ പൗലോസിന്‍റെ റോമിലുള്ള ആദ്യത്തെ കാരാഗൃഹവാസത്തിനു ശേഷമാണ് ഈ ലേഖനം എഴുതപ്പെട്ടതെന്നു കരുതാം. പൗലോസിന്‍റെ അജപാലനലേഖനങ്ങളില്‍ (1,2 തിമോത്തിയോസ്, തീത്തോസ്) ആദ്യമെഴുതപ്പെട്ടത് തീത്തോസിന്‍റെ ലേഖനമായിരിക്കാനാണ് സാധ്യത. കാരണം തിമോത്തിക്കുള്ള രണ്ടാം ലേഖനത്തില്‍ പൗലോസിന്‍റെ മരണം തൊട്ടുമുമ്പിലെത്തിയതിന്‍റെ സൂചനകളുണ്ട് (2 തിമോ 4:6-8). ഈ ലേഖനത്തിന്‍റെ ആശംസ വളരെ സുദീര്‍ഘമാണ്. 65 വാക്കുകളുള്ള ഈ ആശംസയ്ക്കു സമാനമായ ദൈര്‍ഘ്യമുള്ള ആശംസയുള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ റോമാ, ഗലാത്തിയ എന്നിവമാത്രമാണ്. അജപാലനലേഖനങ്ങളില്‍ പ്രഥമസ്ഥാനത്ത് വിവക്ഷിക്കപ്പെട്ടത് തീത്തോസിന്‍റെ ലേഖനമാകയാലാണ് ഇപ്രകാരം സുദീര്‍ഘമായ ഒരു ആശംസ താരതമ്യേന ഹ്രസ്വമായ ഈ ലേഖനത്തിനുള്ളത് എന്നു കരുതുന്നവരുണ്ട് (R,A,Wild,NJBC,p. 891). ഈ ലേഖനം ഏ.ഡി. 60 നോടടുത്തു രചിക്കപ്പെട്ടു എന്നുകരുതാനാണ് കൂടുതല്‍ സാധ്യതകളുള്ളത്.
പൗലോസ് ക്രേത്തേ വിട്ടുപോകുന്നതിനോടനുബന്ധിച്ചാണ് (1:5) ഈ ലേഖനത്തിന്‍റെ രചന നിര്‍വ്വഹിക്കപ്പെടുന്നത്. പൗലോസ് എഫേസോസിലേക്കുള്ള യാത്ര ആരംഭിക്കുന്നതാകാം ഇതിന്‍റെ സന്ദര്‍ഭം. എഫേസോസുകാരനായ തിക്കിക്കോസിനെ പൗലോസ് ദൂതനായി അയയ്ക്കുന്നതില്‍നിന്നും (3:12) പൗലോസ് പോയത് എഫേസോസിലേക്കാണെന്ന് അനുമാനിക്കാം. അപ്പ 20:4; കൊളോ 4:7; 2 തിമോ 4:12 എന്നീ വിവരണങ്ങളും ഈ നിഗമനത്തെ സാധൂകരിക്കുന്നുണ്ട്.
ലേഖനത്തിന്‍റെ ലക്ഷ്യം
ഒരു വ്യക്തിയെ അഭിസംബോധന ചെയ്താണ് ലേഖനമെഴുതിയിരിക്കുന്നതെങ്കിലും വളര്‍ന്നുകൊണ്ടിരിക്കുന്ന ആദിമസഭയെ മുഴുവന്‍ ഈ ലേഖനം വിവക്ഷിക്കുന്നുണ്ട്. ക്രേത്തേയിലെ സഭയില്‍, പരിച്ഛേദനത്തെ ഊന്നിപ്പറഞ്ഞുകൊണ്ടു സമൂഹത്തില്‍ പിളര്‍പ്പു സൃഷ്ടിച്ചവരെ ശാസിക്കാന്‍ പൗലോസ് തീത്തോസിനോട് ആവശ്യപ്പെടുന്നുണ്ട് (1:10,14-15; 3:9). അവര്‍ക്ക് അന്യൂനമായ വിശ്വാസസംഹിതയില്‍ ബോധനം നല്‍കുകയും വേണം (1:9). ക്രിസ്തീയ വിശ്വാസത്തെ അപഗ്രഥിക്കുന്നില്ലെങ്കിലും, ക്രിസ്തുവില്‍ എല്ലാവര്‍ക്കുമുള്ള രക്ഷ, പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം, ക്രിസ്തുവിന്‍റെ ദ്വിതീയാഗമനം എന്നിവയെപ്പറ്റി പൗലോസ് ഈ ലേഖനത്തില്‍ പ്രബോധനങ്ങള്‍ നല്‍കുന്നുണ്ട് (2:11,13; 3:4-7). സുവിശേഷാനുസൃതമായ ജീവിതശൈലി എല്ലാത്തരത്തിലുമുള്ളവര്‍ പിന്‍തുടരാന്‍ പൗലോസ് ആവശ്യപ്പെടുന്നു (2:2-3:11).
ലേഖനഘടന
1:4 അഭിവാദനം.
1:5-6 ഒരു സുസ്ഥാപിത സമൂഹമെന്നനിലയില്‍ സഭയുടെ പ്രശ്നങ്ങള്‍.
1:5-9 ശ്രേഷ്ഠന്മാര്‍ക്കുവേണ്ട ഗുണങ്ങള്‍.
1:10-16 വ്യാജപ്രബോധകര്‍ക്കെതിരേ ശക്തമായി നില്‍ക്കേണ്ട ആവശ്യം.
2:1-10 ജീവിതത്തിന്‍റെ വിവിധ തുറകളില്‍പ്പെട്ടവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.
2:11-15 ക്രിസ്തീയ ജീവിതത്തിനു പ്രേരണ.
3:1-11 ക്രിസ്തീയ ജീവിതചര്യ.
3:12-15 ഉപസംഹാരം, ആശംസകള്‍.
ദൈവശാസ്ത്ര വിചിന്തനങ്ങള്‍
ഈ ലേഖനത്തിലെ ദൈവശാസ്ത്രപ്രമേയങ്ങളില്‍ കേന്ദ്രസ്ഥാനത്തു വര്‍ത്തിക്കുന്നത് സഭാവിജ്ഞാനീയമാണ്. സഭ എന്ന പദം ഒരിക്കല്‍പോലും ഉപയോഗിക്കുന്നില്ലെങ്കിലും സഭ എന്ന സത്യത്തെയും അതിന്‍റെ അര്‍ത്ഥലക്ഷ്യങ്ങളെയും ഏറ്റവും സമഗ്രമായി വിശകലനംചെയ്യാന്‍ ലേഖനകര്‍ത്താവ് ശ്രമിക്കുന്നുണ്ട്. സഭയെ വിശേഷിപ്പിക്കാന്‍ ഗ്രന്ഥകര്‍ത്താവ് ഉപയോഗിക്കുന്ന പ്രതീകങ്ങള്‍തന്നെ ശ്രദ്ധാര്‍ഹങ്ങളാണ്:
- ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ (1:1). സമാനമായ പ്രതീകം 2 തിമോ 2:10 ലും 1 തെസ്സ 1:4 ലും കാണാം.
- സഭ ദൈവജനമാണ് (2:16). രണ്ടാംവത്തിക്കാന്‍കൗണ്‍സില്‍ ഈ സംജ്ഞയെ ഏറ്റവും ആധികാരികമായി അവലംബിക്കുന്നുണ്ട് (LG 9-17).
- സഭയെ മെത്രാന്‍റെ കുടുംബമായാണ് (1:7) ലേഖനകര്‍ത്താവ് വിശേഷിപ്പിക്കുന്നത് (2:1-10 കാണുക). മെത്രാനെകുടുംബകാര്യസ്ഥന്‍ (ഓയിക്കോണോമോസ്) ആയിട്ടാണ് കണക്കാക്കുന്നത്.
ഗ്രേക്കോ റോമന്‍ ലോകത്തെ നിയമസംഹിതകള്‍ക്ക് ക്രിസ്തീയഭാഷ്യം ചമച്ച പുതിയനിയമ എഴുത്തുകാരില്‍ പ്രധാനിയായാണ് ഈ ലേഖനത്തിന്‍റെ കര്‍ത്താവ് കരുതപ്പെടുന്നത്. സമാനമായ നിലപാടുകള്‍ പൗലോസിന്‍റെ ഇതര ലേഖനങ്ങളില്‍ കാണാം (എഫേ 5:22-6:9; കൊളോ 3:18-24; 1 പത്രോ 2:18-3:7). ക്രിസ്തീയഭവനങ്ങള്‍ക്കുള്ള പെരുമാറ്റസംഹിതയായി ഇവിടെ പരാമര്‍ശിക്കപ്പെടുന്ന കാര്യങ്ങള്‍ ഭവനങ്ങളില്‍ സമ്മേളിക്കുന്ന പ്രാദേശികസഭയെ ലക്ഷ്യമാക്കിയുള്ളതാണ് എന്ന് അനുമാനിക്കാം.
സഭയെ സത്യത്തിന്‍റെ നെടുതൂണും കാവലാളുമായി അവതരിപ്പിക്കുന്ന ശൈലിയും ഈ ലേഖനത്തിലുണ്ട് (1:1,14). സമാനമായ ശൈലി 1 തിമോ 2:4; 4:3; 6:5; 2 തിമോ 2:15,18 എന്നീഭാഗങ്ങളില്‍ കാണാം. ശരിയായതും സത്യവുമായ പ്രബോധനങ്ങള്‍ നല്‍കുന്നവളായാണ് സഭയെ ലേഖനകര്‍ത്താവ് കരുതുന്നത് (1:9,13; 2:2,8). പൗലോസിന്‍റെ സുവിശേഷപ്രഘോഷണത്താല്‍ രൂപീകരിക്കപ്പെട്ട സഭകളാണ് ലേഖനത്തില്‍ വിവക്ഷിതം എന്നതിനാല്‍ സത്യപ്രബോധനം എന്നതിലൂടെ പൗലോസ്ശ്ലീഹായുടെ പ്രബോധനങ്ങള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത് എന്ന് അനുമാനിക്കുന്ന വ്യാഖ്യാതാക്കളുണ്ട്. കര്‍ത്താവിന്‍റെ അപ്പസ്തോലന്മാരില്‍ ഏറ്റവും പ്രമുഖനായി അജപാലനലേഖനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത് പൗലോസാണ് എന്നത് ശ്രദ്ധേയമാണ് (തീത്തോ 1:1; 1 തിമോ 1:1; 2 തിമോ 1:1). തന്‍റെ സുവിശേഷംപറയാന്‍ കര്‍ത്താവ് പൗലോസിനെയാണ് ഭരമേല്‍പിച്ചത് എന്നതിനെക്കുറിച്ച് ലേഖനകര്‍ത്താവിന് തെല്ലും ശങ്കയില്ല (1:3).
സഭയെ 'സത്യത്തിന്‍റെ കോട്ട'യായി അവതരിപ്പിക്കുന്നത് വ്യാജപ്രബോധകന്മാരുടെ കടന്നാക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് (1:10-16; 3:8-11). ലേഖനകര്‍ത്താവ് ഇവിടെ വിവക്ഷിക്കുന്ന വ്യാജപ്രബോധകര്‍ ആരാണ് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഒന്നും നമുക്ക് ലഭ്യമല്ല. എന്നാല്‍ തീത്തോ 1:10-16 നെ 1 തിമോ 4:1-5 നോട് താരതമ്യംചെയ്ത് പഠിക്കുമ്പോള്‍ ലേഖനകര്‍ത്താവ് വിവക്ഷിക്കുന്ന വ്യാജപ്രബോധകരെക്കുറിച്ച് ഏകദേശ ധാരണ സ്വരൂപിക്കാവുന്നതാണ്. വിവാഹം, ഭക്ഷണം എന്നിവയെ പാപമായി പ്രഖ്യാപിച്ച് ഇവയില്‍നിന്നകന്ന് കഠിന താപസജീവിതമനുഷ്ഠിക്കാന്‍ സകലരെയും നിര്‍ബന്ധിക്കുന്ന തീവ്രവാദവിഭാഗങ്ങളെയാണ് വ്യാജപ്രബോധകരായി ഇവിടെ അനുമാനിക്കുന്നത് എന്നുകരുതാം.
സഭയുടെ രൂപഘടനയെക്കുറിച്ച് വ്യക്തമായ ചിത്രം നല്കിക്കൊണ്ട് സത്യപ്രബോധനം എപ്രകാരമാണ് സഭയില്‍ സംരക്ഷിക്കേണ്ടത് എന്ന ചിന്ത പങ്കുവയ്ക്കുന്ന തീത്തോസിനുള്ള ഈ ലേഖനം തികച്ചും അജപാലനപരമായ ലേഖനമാണ്.
ഈ ലേഖനത്തിലെ വിവരണങ്ങളെ അവലംബമാക്കി രണ്ടു വാദമുഖങ്ങള്‍ സഭാപിതാക്കന്മാര്‍ അവതരിപ്പിക്കുന്നുണ്ട്:
(1) മെത്രാന്‍റെ കടമകള്‍ എന്തെന്ന് വ്യക്തമാക്കിയത് ഈ ലേഖനമാണ് (1:5-9). തെര്‍ത്തുല്യന്‍ ഈ വാദം ഉന്നയിക്കുന്നുണ്ട് (Adv. Marc. 5. 21).
(2) വ്യാജപ്രബോധകര്‍ക്കെതിരേയുള്ള വ്യക്തമായ പഠനമായി തീത്തോ 13:9-10 സഭയില്‍ ചിരപ്രതിഷ്ഠനേടി. ഇരണേവൂസ് (Adv.Haer. 3.3.4), തെര്‍ത്തുല്യന്‍ (De preser. haer. 6) എന്നിവര്‍ ഈ പഠനത്തെ അവലംബമാക്കി വാദമുഖങ്ങള്‍ നിരത്തിയിട്ടുണ്ട്.
(3) യേശുവിന്‍റെ ദൈവികതയെക്കുറിച്ചുള്ള വ്യക്തമായ പ്രബോധനമായി തീത്തോ 2:13 നെ സഭാപിതാക്കന്മാര്‍ അവതരിപ്പിക്കുന്നുണ്ട് (തെയഡോര്‍, നൈസായിലെ ഗ്രിഗറി).
(4) തീത്തോ 3:5-6 നെ മാമ്മോദീസായെക്കുറിച്ചുള്ള പ്രബോധനക്കുറിപ്പായി സഭാപിതാക്കന്മാര്‍ വ്യാഖ്യാനിക്കുന്നുണ്ട്.
സഭയിലെ പദവികള്‍
ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മെത്രാന്‍, ശ്രേഷ്ഠന്‍, ഡീക്കന്‍ തുടങ്ങിയ പദങ്ങളുടെ നിയതമായ അര്‍ത്ഥം ആദിമസഭയുടെ പശ്ചാത്തലത്തില്‍ മനസ്സിലാക്കാനായെങ്കില്‍മാത്രമേ ഈ ലേഖനത്തിന്‍റെ സഭാവിജ്ഞാനീയത്തെ അതിന്‍റെ സമഗ്രതയില്‍ ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ.
മെത്രാന്‍, ശ്രേഷ്ഠന്‍: മെത്രാന്‍ എന്ന പദത്തിനു തത്തുല്യമായി ഗ്രീക്കില്‍ ഉപയോഗി ച്ചിരിക്കുന്ന 'എപ്പിസ്കോപ്പോസ്' (episkopos) എന്ന പദത്തിന്‍റെ അര്‍ത്ഥം 'മേല്‍നോട്ടക്കാരന്‍' എന്നാണ്. ഒരു പട്ടണത്തിന്‍റെ മേധാവി യാണ് എപ്പിസ്കോപ്പോസ്. പട്ടാളമേധാവി, തൊഴിലാളികളുടെ മേല്‍നോട്ടക്കാര്‍, ഗോത്രാ ധിപന്മാര്‍ എന്നിവരെയും സൂചിപ്പിക്കാന്‍ സപ്തതിബൈബിളില്‍ എപ്പിസ്കോപ്പോസ് എന്ന പദമാണുപയോ ഗിക്കുന്നത്. ശുശ്രൂഷിയുടെ സ്ഥാനത്തെ സൂചിപ്പിക്കാന്‍ അപ്പ 1:20-ല്‍ എപ്പിസ്കോപ്പോസ് ഉപയോഗിച്ചിരിക്കുന്നു. സഭയിലെ അധികാരികളെ മെത്രാന്‍ എന്ന് ശ്ലീഹന്മാരുടെ കാലംമുതല്‍തന്നെ വിളിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ആ സ്ഥാനത്തിന് ഇന്നുള്ള അര്‍ത്ഥമായിരുന്നില്ല. കാരണം, എപ്പിസ്കോപ്പോസ് എന്ന പദവും പ്രെസ്ബിത്തോര്‍ എന്ന പദവും പൗലോസ് ഒരേയര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നുണ്ട് (തീത്തോ 1:5-7). എഫേസോസിലെ ശ്രേഷ്ഠന്മാരെ പൗലോസ് മെത്രാന്മാര്‍ എന്നാണ് വിളിക്കുന്നത് (അപ്പ 20:8). എന്നാല്‍ ഇവര്‍ ഡീക്കന്മാരില്‍നിന്നും വ്യത്യസ്തരായിരുന്നു (ഫിലി 1:1). ഇവിടെയെല്ലാം ശ്രേഷ്ഠന്‍, മെത്രാന്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാല്‍ നിയമി ക്കപ്പെട്ട, അജഗണങ്ങളുടെ നേതൃത്വസ്ഥാനം വഹിക്കുന്നവരെയാണ്. അങ്ങനെയെങ്കില്‍, യേശുവാണ് എറ്റവും വലിയ ആട്ടിടയനും മെത്രാനും (1 പത്രോ 2:25). ഈ നേതൃസ്ഥാനീയരെ (ഹെഗെമൊനോയി) നേതാക്ക ന്മാര്‍ എന്നാണ് ഹെബ്രായര്‍ക്കുളള ലേഖനത്തില്‍ വിളിക്കുന്നത് (ഹെബ്രാ 13:17). ഒരു മെത്രാനുവേണ്ട ഗുണങ്ങള്‍ 1 തിമോ 3:1-8 ലും തീത്തോ 11:6-9 ലും വിവരിക്കുന്നുണ്ട്. തീത്തോ 1-5ല്‍ മെത്രാന്മാരെ ശ്രേഷ്ഠന്മാരെന്നു വിളിച്ചിരിക്കുന്നതിനാല്‍ മെത്രാന്മാരും ശ്രേഷ്ഠന്മാരും തമ്മില്‍ പ്രകടമായ വ്യത്യാസ മൊന്നുമില്ലായിരുന്നുവെന്നു മനസ്സി ലാക്കാം. തീത്തോസിനോട് ക്രേത്തേയിലെ പട്ടണങ്ങളില്‍ ശ്രേഷ്ഠന്മാരെ നിയമിക്കണമെന്ന് പൗലോസ് ആവശ്യപ്പെടുന്നുണ്ട്. ഇതിന്‍റെ അര്‍ത്ഥം ശ്ലീഹന്മാരും ശ്ലീഹന്മാരുടെ പിന്‍ഗാമികളുമാണ് മെത്രാന്മാരെ നിയമിച്ചിരുന്നത് എന്നാണ്. അപ്പ 20:17; തീത്തോ 1:5 എന്നിവയില്‍നിന്ന് മെത്രാന്മാരും ശ്രേഷ്ഠന്മാരുംകൂടി സംഘടിതമായി പ്രവര്‍ത്തിച്ചിരു ന്നതായി അനുമാനിക്കാം. പുതിയനിയമത്തില്‍ ഒരിടത്തും മെത്രാന്‍ ഒരു പ്രദേശത്തെ ക്രൈസ്തവസഭയുടെ പൂര്‍ണ്ണ അധികാരിയായി കാണു ന്നില്ല. ഓരോ സ്ഥലത്തും സഭകള്‍ സ്ഥാപിച്ച അപ്പസ്തോലന്മാരുടെ കീഴില്‍ ഓരോ പട്ടണത്തിലെയും സഭാധികാരികള്‍ മാത്രമായിരുന്നു അവര്‍. അതുപോലെതന്നെ ശ്രേഷ്ഠന്മാരില്‍നിന്നും അവര്‍ കാര്യമായി ഉന്നതരല്ലായിരുന്നുതാനും. അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസിന്‍റെ ഗ്രന്ഥങ്ങളില്‍ മെത്രാന്‍ സ്ഥാനത്തിന്‍റെ വളര്‍ച്ചയെയും അധികാരങ്ങ ളെയുംപറ്റി അറിയുവാന്‍ കഴിയും. അതനുസരിച്ച് മെത്രാന് അധികാരം ലഭിക്കുന്നത് പിതാവായ ദൈവത്തില്‍ നിന്നാണ്. ജ്ഞാന സ്നാനം, കുര്‍ബാന എന്നിവയ്ക്ക് നേതൃത്വം കൊടുത്തിരുന്നത് സ്ഥലത്തെ മെത്രാനായിരുന്നു. ശ്രേഷ്ഠന്മാര്‍ അദ്ദേഹത്തിന്‍റെ ഉപദേശ കരും സഹായികളുമായിരുന്നു. ഒരു സ്ഥലത്ത് അനേകം ശ്രേഷ്ഠന്മാരുണ്ടാ യിരുന്നുവെങ്കിലും മെത്രാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഡീക്കന്മാര്‍ മെത്രാന്‍റെ സഹായികളായിരുന്നു. ചുരുക്കത്തില്‍, മെത്രാന്‍ ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഒരു പ്രദേശത്തിന്‍റെ അധിപനായി മാറി.
ഒരു പ്രദേശത്തെ ജനങ്ങളെല്ലാവരും കൂടിയായിരുന്നു മെത്രാനെ തെരഞ്ഞെടുത്തിരുന്നത്. പ്രാര്‍ത്ഥനയും കൈവയ്പു ശുശ്രൂഷയും വഴിയായിരുന്നു മെത്രാനെ വാഴിച്ചിരുന്നതെന്ന് ആദ്യകാലകൃതികളില്‍ സൂചനകളി ല്ലെങ്കിലും അപ്പസ്തോലന്മാര്‍ക്കുശേഷം അയല്‍പ്രദേശത്തെ മെത്രാന്മാരായിരുന്നു കൈവയ്പു ശുശ്രൂഷ നടത്തിയിരുന്നതെന്ന് ഹിപ്പോളിറ്റസിന്‍റെ കൃതികളില്‍നിന്നും മനസ്സിലാക്കാം.
ഡീക്കന്‍: ഗ്രീക്കിലെ ഡിയാക്കോണെയിന്‍ (diakonein-diakonos) എന്ന ക്രിയയില്‍ നിന്നാണ് ഡീക്കന്‍ എന്ന വാക്കുണ്ടായിരിക്കുന്നത്. ഇതിന്‍റെ അര്‍ത്ഥം ഭക്ഷണമേശയില്‍ ശുശ്രൂഷിക്കുന്നവന്‍ എന്നാണ്. ചില ഗ്രീക്കു പപ്പീറസ് എഴുത്തുകളില്‍ കണക്കുകള്‍ സൂക്ഷിക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട് (അപ്പ 6:2). നാമരൂപമായും ക്രിയാരൂപമായും ഈ പദം പുതിയനിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട് (ലൂക്കാ 10:40; യോഹ 2:5,9; അപ്പ 6:1). ശുശ്രൂഷകന്‍, സേവകന്‍ എന്നീ അര്‍ത്ഥങ്ങളില്‍ പുതിയ ഉടമ്പടിയുടെയും (2 കോറി 3:6) ദൈവത്തിന്‍റെയും (2 കോറി 6:4) നീതിയുടെയും (2 കോറി 11:15) ക്രിസ്തുവിന്‍റെയും (2 കോറി 11:23) സേവകരെന്ന നിലയില്‍ ഈ വാക്ക് ശിഷ്യന്മാരെ സൂചിപ്പിക്കുന്നു. ശുശ്രൂഷകളുടെ വൈവിധ്യത്തെപ്പറ്റിയും (1 കോറി 12:3) പ്രവചനവും പ്രബോധനവുമായി ബന്ധപ്പെട്ട ശുശ്രൂഷയെപ്പറ്റിയും (റോമാ 12:7) പഠിപ്പിക്കുമ്പോള്‍ സഭയിലെ ഔദ്യോഗികശ്രേണിയായാണോ ഡീക്കന്‍ സ്ഥാനം വിവക്ഷിക്കപ്പെടുന്നതെന്ന കാര്യം തര്‍ക്കവിഷയമാണ്.
ഫിലി 1:1 പ്രകാരം ഡീക്കന്‍ എന്നത് ഒരു ഔദ്യോഗിക സ്ഥാനമാണ്. ബിഷപ്പിനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ പ്രതിപാദിച്ചുകഴിഞ്ഞയുടനെ പൗലോസ് ശ്ലീഹാ ഡീക്കനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട് (1 തിമോ 3:8-13). സഭയില്‍ ഡീക്കന്‍റെ ജോലിയെന്താണെന്ന് പുതിയനിയമം വ്യക്തമാക്കുന്നതേയില്ല. ഭക്ഷണമേശയില്‍ ശുശ്രൂഷകരാകാനാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന സൂചനയുണ്ട് (അപ്പ 6:1-6). അവര്‍ ആത്മാവിനാലും ജ്ഞാനത്താലും നിറഞ്ഞവരും (അപ്പ 6:3) വിശ്വാസവും പരിശുദ്ധാത്മാവുള്ളവരും (അപ്പ 6:5) ആയിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. കൈവയ്പുശുശ്രൂഷവഴിയാണ് അവര്‍ ഈ ദൗത്യത്തിനായി നിയുക്തരാകുന്നത് (അപ്പ 6:6). സ്തേഫാനോസും പീലിപ്പോസും ശിഷ്യന്മാരെപ്പോലെതന്നെ പ്രസംഗിക്കുകയും മാമ്മോദീസ നല്കുകയും ചെയ്യുന്നുണ്ട്. ഇതും അവരുടെ ജോലിയായി പിന്നീട് കരുതപ്പെട്ടിരിക്കാം. പക്ഷേ, അപ്പ 6:1-6 ല്‍ പ്രതിപാദിക്കപ്പെടുന്ന ഏഴുപേര്‍ ഒരിക്കലും 'ഡീക്കന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്നില്ല. അതിനാല്‍, എന്തെങ്കിലും ഒരു പ്രത്യേക ജോലിക്കായി നിയോഗിക്കപ്പെട്ടവന്‍ എന്നതിലുപരി മെത്രാന്‍റെ സഹായിയായിട്ടാവും ഡീക്കന്‍ നിയോഗിക്കപ്പെട്ടത്. ഭക്ഷണമേശയിലെ സഹായിയെന്നതിനേക്കാള്‍, ഡീക്കന്‍ കര്‍ത്താവിന്‍റെ മേശയിലെ സഹായിയായിരുന്നിരിക്കണം. കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ഡീക്കന്‍ ബിഷപ്പിനെ സഹായിച്ചിരുന്നിരിക്കണം. സിനഗോഗിലെ ശുശ്രൂഷകയായ ഫോയ്ബെയെപ്പറ്റി പൗലോസ്ശ്ലീഹാ പറയുന്നുണ്ട് (റോമാ 16). പക്ഷേ, ജോലിയെന്നതിലുപരി സഭയ്ക്കു ചെയ്ത സേവനത്തെയാവും ഇവിടെ വിവക്ഷിക്കുന്നത്. സഭയെ ശുശ്രൂഷിക്കുവാനും ഡീക്കന്മാരെ സഹായിക്കുവാനും സ്ത്രീകളുണ്ടായിരുന്നുവെന്ന് 1 തിമോ 3:11 വ്യക്തമാക്കുന്നു.
ഡോ. ജോസഫ് പാംപ്ലാനി
Epistles of Paul Epistle to Titus catholic malayalam st. paul Rev. Dr. Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206