We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. George kudilil On 08-Feb-2021
ആമുഖം
എ. ഡി. ഒന്നാംനൂറ്റാണ്ടിലെ സമ്പര്‍ക്ക മാധ്യമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കത്തുകള്‍. റോമന്‍, യവന സാഹിത്യ ത്തിന്‍റെ ഒരു ഭാഗംതന്നെയായിട്ടാണ് കത്തുകളെ ഇന്നു പരിഗണി ക്കുന്നത്. ഇതിനു പുറമേ വ്യക്തിപരമായ കത്തുകളും അക്കാലത്ത് ധാരാളമായി എഴുതപ്പെട്ടിരുന്നു. കത്തുകള്‍ മേല്‍വിലാസക്കാരന് എത്തിച്ചു കൊടുക്കുവാ നുള്ള സംവിധാനങ്ങള്‍ റോമന്‍ ഭരണകൂടം ചെയ്തിരുന്നത് എഴുത്തുകാര്‍ക്ക് പ്രചോദനമായി. കീഴടക്കിയ പ്രദേശ ങ്ങളിലെല്ലാം നല്ല നിരത്തുകള്‍ പണിയുന്നത് റോമായുടെ പതിവാ യിരുന്നു. ഇത് യാത്രകളെയും കത്തുകളുടെയും ചരക്കുകളുടെയും കൈമാറ്റത്തെയും പ്രോത്സാഹിപ്പിച്ചു. എഴുത്തും വായനയും വശമാ യിരുന്നവര്‍ കുറവായിരുന്നതുകൊണ്ട് ڇഎഴുത്തുകാര്‍ڈ എന്നൊരു തൊഴിലാളി വിഭാഗംതന്നെ വളര്‍ന്നുവന്നു. സന്ദേശം അയക്കേണ്ട ആള്‍ ഉള്ളടക്കം പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു പതിവ്. എഴുത്തു കൂലിയും എഴുതാനുള്ള കടലാസിന്‍റെ ചെലവും (പാപ്പിറസ്, തോല്‍ക്കടലാസ്) വഹിക്കാന്‍ സാധാരണക്കാര്‍ക്കു കഴിയുമായി രുന്നില്ല. ഈ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വി. പൗലോ സിന്‍റെ ലേഖനസാഹിത്യത്തെ അത്ഭുതാദരങ്ങളോടെ മാത്രമേ നമുക്കു നോക്കിക്കാണാന്‍ കഴിയൂ.
ക്രൈസ്തവ ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമാണ് പൗലോ സിന്‍റെ ലേഖനങ്ങള്‍ക്കുള്ളത്. അവയാണ് ഏറ്റവുമാദ്യം രചിക്കപ്പെടുന്ന ക്രൈസ്തവകൃതികള്‍. അതായത് ഈശോയുടെ ഉത്ഥാനത്തിനുശേഷം ഇരുപതു വര്‍ഷത്തിനകം പൗലോസിന്‍റെ ആദ്യലേഖനം എഴുതപ്പെട്ടു. ആദ്യസുവിശേഷം പ്രസിദ്ധീകരിക്കപ്പെടുന്നതിന് മുമ്പുതന്നെ അദ്ദേഹ ത്തിന്‍റെ ഏഴു സുപ്രധാന ലേഖനങ്ങളും ആദ്യ സഭാസമൂഹങ്ങളില്‍ പ്രചാരത്തില്‍ വന്നു. അതുപോലെ വിശുദ്ധഗ്രന്ഥമായി ആദ്യം അംഗീകരിക്കപ്പെടുന്നതും പൗലോസിന്‍റെ ലേഖനങ്ങളാണ്. അതായത് കാനോനികമായ അംഗീകാരം ആദ്യമായി സിദ്ധിച്ച കൃതികള്‍. ദൈവവചനത്തിന്‍റെ സാന്നിധ്യമാണ് ഒരു കൃതിയെ കാനോനികമായി പ്രഖ്യാപിക്കുമ്പോള്‍ അംഗീകരിക്കുന്നത്. ഇരുപതു നൂറ്റാണ്ടുകളായി പൗലോസിന്‍റെ ലേഖനങ്ങളുടെ ആധികാരികത ക്രൈസ്തവലോകം സംശയമെന്യേ ഏറ്റുപറഞ്ഞിട്ടുണ്ട്. സുവിശേഷസന്ദേശത്തിന്‍റെ ആധികാരികമായ വ്യാഖ്യാനങ്ങളാണ് അവ.
പൗലോസിന്‍റേതായി 13 ലേഖനങ്ങളാണ് പുതിയ നിയമത്തിലുള്ളത്. ഇവയില്‍ ഏഴെണ്ണം അദ്ദേഹംതന്നെ എഴുതിയവയാണെന്ന് സംശയ രഹിതമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് (1 തെസലോനിക്കര്‍, ഗലാത്യര്‍, ഫിലിപ്പിയര്‍, ഫിലെമോന്‍, 1 കോറിന്തോസ്, 2 കോറി ന്തോസ്, റോമാക്കാര്‍). മറ്റുള്ള ആറെണ്ണം പൗലോസിന്‍റെ ശിഷ്യന്മാര്‍ എഴുതിയ വയാകണം. ലേഖനത്തില്‍നിന്നുള്ള ആന്തരിക തെളിവുകള്‍ ഉപയോ ഗിച്ചാണ് പണ്ഡിതന്മാര്‍ ഈ നിഗമനങ്ങളില്‍ എത്തുക. ലേഖന ത്തിന്‍റെ രൂപരേഖ, ഭാഷാശൈലി, പദസമ്പത്ത്, ചിന്താധാര (ദൈവശാസ്ത്രം) എന്നിവ കണക്കിലെടുക്കുമ്പോള്‍ മുകളില്‍പ്പറഞ്ഞ രണ്ടുഗണങ്ങളും വേറിട്ടു നില്‍ക്കുന്നതായി കാണാം. ആദ്യഗണത്തില്‍പ്പെട്ട ലേഖനങ്ങളെ പൗലോസിന്‍റെ പ്രാമാണിക ലേഖനങ്ങള്‍ (Authentic/genuine letters of Paul) എന്നോ പൂര്‍വ്വ പോളൈന്‍ ലേഖനങ്ങള്‍ എന്നോ (Proto-Pauline Letters) വിളിക്കുന്നു. രണ്ടാം ഗണത്തില്‍പെട്ടവ ഉത്തരപോളൈന്‍ ലേഖന ങ്ങള്‍ (Deutero - Pauline) എന്നും അറിയപ്പെടുന്നു. ദൈവവചനം എന്ന നിലയില്‍ അവയും ആധികാരിക കൃതികളാണ് എന്നകാര്യത്തില്‍ സംശയമില്ല.
"കത്തുകൾ" ദ്യോതിപ്പിക്കുന്നത് സ്വകാര്യ ആശയവിനിമയത്തെയാണല്ലോ. എഴുത്തു കാരനും അനുവാചകനും തമ്മിലുള്ള സ്വകാര്യമായ സമ്പര്‍ക്കമാധ്യമമാണത്. പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിച്ചുള്ള ഒരെഴു ത്തല്ല അത്. എന്നാല്‍ ലേഖനം (Epistle), പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്, ഒരു ധാര്‍മ്മിക പ്രബോധനം കൈമാറുന്ന വിധത്തില്‍, സാഹിത്യരൂപങ്ങള്‍ ഉപയോഗപ്പെടുത്തി എഴുതുന്ന ഒന്നാണ്. ഈ നിര്‍വചനങ്ങള്‍ നല്‍കിയ എ. ഡൈസ്മന്‍ പൗലോസിന്‍റെ കൃതികളെ കത്തുകള്‍ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ അവ കത്തുകളേ ക്കാള്‍ ലേഖനങ്ങ (Letter - Essays) ളാണെന്നാണ് ആധുനിക പണ്ഡിതന്മാരുടെ നില പാട്. മൂന്ന് തരത്തിലുള്ള കത്തുകള്‍ ഉണ്ടെന്ന് അരിസ്റ്റോട്ടില്‍ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. (1) നിയമപരമായ വാദഗതിയും നിയമലോകത്തെ പദാവലിയും ഉപയോഗിക്കുന്നവ (Forensic / Judicial), പ്രായോഗിക തീരുമാനങ്ങള്‍ എടുക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നവ (Hortatory / Deliberative), പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ളവ (Epideictic / Demonstrative) എന്നിവയാണവ. ഈ മൂന്നു ഗണങ്ങളുടെ പ്രതിനിധികളായി യഥാക്രമം, ഗലാത്യ, കോറിന്തോസ്, റോമാ ലേഖനങ്ങളെ ചൂണ്ടിക്കാണിക്കാറുണ്ട്. പുരാണകാലത്തെ ലേഖനങ്ങള്‍ക്ക് നാലുഭാഗങ്ങളാണ് ഉള്ളത്. ആരംഭവാക്യം (അയക്കുന്ന ആളിന്‍റെ പേര്, സ്വീകര്‍ത്താവിന്‍റെ പേര്, വന്ദനം, ക്ഷേമാശംസ), കൃതജ്ഞതാ പ്രകാശനം, ഉള്ളടക്കം (തുടക്കം, സന്ദേശം, സമാപനം), സമാപനവാക്യം എന്നിവയാണവ. പൗലോസി ന്‍റെ കത്തുകളും ഈ ഘടന അനുവര്‍ത്തിക്കുന്നുണ്ട്.
രചയിതാവ്
ലേഖനാരംഭത്തില്‍തന്നെ രചയിതാവ് സ്വയം പരിചയപ്പെടുത്തുന്നുണ്ട്: "അപ്പസ്തോലനായ പൗലോസ്" (1:1). യഹൂദമതവുമായുള്ള തന്‍റെ ബന്ധം 11:1 ല്‍ അദ്ദേഹം വിശദമാക്കുന്നു: ഇസ്രായേല്‍ക്കാരനും അബ്രാഹത്തിന്‍റെ പരമ്പരയില്‍പ്പെട്ടവനും ബഞ്ചമിന്‍ ഗോത്രജനുമാണ് താന്‍. യഹൂദമതാവലംബിയായ സാവൂള്‍ മാനസാന്തരപ്പെട്ട് ക്രിസ്തു വിശ്വാസിയും അവിടുത്തെ അപ്പസ്തോലനും (ശ്ലീഹാ) ആയിത്തീര്‍ന്ന് പ്രേഷിതാചാര്യനും സഭാസ്ഥാപകനുമായി പ്രവര്‍ത്തിച്ചതിന്‍റെ വിവരണം അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ (നടപടിപുസ്തകം) വായിക്കാമല്ലോ. പൗലോസ്തന്നെയാണ് ഈ ലേഖനം രചിച്ചതെന്ന് ആദിമനൂറ്റാണ്ടില്‍തന്നെ സഭയ്ക്കു ബോധ്യമുണ്ടായിരുന്നു. റോമാലേഖനത്തിന്‍റെ ആധികാരികതതന്നെ പൗലോസിന്‍റെ കര്‍തൃത്വത്തെ ആശ്രയിച്ചാണല്ലോ നിലകൊള്ളുന്നത്. രണ്ടാം നൂറ്റാണ്ടില്‍തന്നെ സഭാപിതാക്കന്മാര്‍ അവരുടെ കൃതികളില്‍ റോമാലേഖനത്തില്‍ നിന്നും ഉദ്ധരിച്ചിരുന്നു (ഉദാ: ക്ലെമന്‍റിന്‍റെ ലേഖനം 32:2; അന്തോക്യായിലെ ഇഗ്നേഷ്യസിന്‍റെ എഫേ സ്യ ലേഖനം (1:1) എന്നിവ കാണുക). അതേ നൂറ്റാണ്ടില്‍തന്നെ മാര്‍സിയോണിന്‍റെ രചനകളിലും മുറത്തോറിയന്‍ രേഖാശകലത്തിലും റോമാലേഖനം രചിച്ചത് പൗലോസ് ശ്ലീഹായാണെന്നു രേഖപ്പെടുത്തി യിട്ടുണ്ട്. അതുപോലെ മൂന്നാം നൂറ്റാണ്ടിലെ ലാവോദീക്യ സൂനഹദോ സ്, അത്തനാസിയോസും അംഫിലിക്കോസും തയ്യാറാക്കിയ കാനോനിക പട്ടികകള്‍ എന്നിവയും അദ്ദേഹത്തിന്‍റെ കര്‍തൃത്വം അംഗീകരിക്കുന്നുണ്ട്.
വി. പൗലോസ് സ്വന്തം കൈകൊണ്ട് എഴുതിയതാണ് റോമാ ലേഖനം എന്നു കരുതാന്‍ വയ്യ. കാരണം 16:22 ല്‍ കാണുന്ന എഴുത്തുകാരനായ തേര്‍സിയൂസിന്‍റെ പ്രസ്താവന തന്നെ: തേര്‍സിയൂസാണ് ഈ കത്തെ ഴുതിയത് എന്ന് ഈ വാക്യം വ്യക്തമാക്കുന്നു. അക്കാലത്തെ സമ്പ്രദായമനുസരിച്ച് ശ്ലീഹാ ഒരെഴുത്തുകാരന്‍റെ സഹായംതേടി എന്നേ ഇതിനര്‍ത്ഥമുള്ളൂ. ലേഖനം മുഴുവനും അദ്ദേഹം പറഞ്ഞു കൊടുത്ത് എഴുതിക്കുകയായിരുന്നോ അതോ പൗലോസ് പറഞ്ഞുകൊടുത്തവ ചുരുക്കത്തില്‍ എഴുതി പിന്നീട് ലേഖനരൂപത്തില്‍ ആക്കുകയായിരുന്നോ എന്ന് നമുക്ക് അറിഞ്ഞുകൂടാ. ആശയങ്ങള്‍ മാത്രം പറഞ്ഞുകൊടുത്ത് തേര്‍സിയൂസിന്‍റെ സ്വന്തം ശൈലിയില്‍ എഴുതാന്‍ പൗലോസ് അനുവദിച്ചു എന്നാണോ അര്‍ത്ഥമാക്കുന്നതെന്നും നമുക്കറിയില്ല. പൗലോസിന്‍റെ കൃത്യമായ രീതികളും വാദഗതികളും വച്ചുനോക്കു മ്പോള്‍ അദ്ദേഹംതന്നെ പറഞ്ഞുകൊടുത്ത് തേര്‍സിയൂസിനെക്കൊണ്ട് എഴുതിച്ചതാകാനാണ് സാധ്യത.
രചനാസ്ഥലവും കാലവും
പൗലോസ് റോമാലേഖനം എഴുതുന്നതും മധ്യധരണ്യാഴിയുടെ കിഴക്കന്‍ തീരപ്രദേശത്തുനിന്ന് ആയിരിക്കാം എന്ന സൂചന ലേഖന ത്തിലുണ്ട് (15:19-23). മാസിഡോണിയയില്‍നിന്നു ശേഖരിച്ച തുകയുമായി ജറുസലേമിനു പോകുന്ന കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ടല്ലോ (15:25-28). ഗ്രീസിലെ മാസിഡോണിയ, അക്കായിയാ പ്രദേശങ്ങള്‍ പൗലോസ് പലപ്പോഴും പരാമര്‍ശിക്കുന്നുണ്ട്. കോറിന്തോസില്‍വച്ചു സ്നാനപ്പെടുത്തിയ ഗായിയൂസിന്‍റെ അതിഥിയാണു താനെന്നു പൗലോസ് പറയുന്നു (16:23; 1 കോറി 1:14 കാണുക). കോറിന്തോസ് പട്ടണത്തിലെ ധനകാര്യ വിചാരിപ്പുകാരനായ എറാസ്റ്റസിന്‍റെ (16:23; 2 തിമോ 4,20 കാണുക) ആശംസ പൗലോസ് അറിയിക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ കോറിന്തോസ് പട്ടണങ്ങളില്‍വച്ചാകാം ഈ ലേഖനം എഴുതപ്പെട്ടത്. കോറിന്തോസിന്‍റെ തുറമുഖമായ കെങ്ക്റേയിലെ സഭയില്‍ ശുശ്രൂഷചെയ്തിരുന്ന ഫോയ്ബയെ 16:1 ല്‍ പരാമര്‍ശിക്കുന്നതും കോറിന്തോസില്‍വച്ച് എഴുതി എന്നതിന് തെളിവാണ്. നടപടി പുസ്തകത്തിലെ വിവരണമനുസരിച്ച് മൂന്നാം പ്രേഷിതയാത്രയുടെ അവസാനം ജറുസലേ മിലേക്കു മടങ്ങുന്നതിനുമുമ്പായി പൗലോസ് മൂന്നുമാസക്കാലം കോറിന്തോസില്‍ താമസിച്ചിരുന്നു (അപ്പ 20:2-3). ഇത് ഏ. ഡി. 57 ന്‍റെ അന്ത്യത്തിലും ഏ. ഡി 58 ന്‍റെ ആരംഭത്തി ലുമായിട്ടാണ്. അക്കാര്യവും കോറിന്തോ സില്‍വച്ച് എഴുതപ്പെട്ടതിനു തെളിവായി എടുക്കാം. ജറുസലേമിലേക്കുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിലാണു താന്‍ എന്നു പൗലോസ് പറയുന്നുണ്ടല്ലോ (റോമ 15:25-28; അപ്പ 24:17; 19:21 കാണുക).
റോമാലേഖനം എന്ന് എഴുതപ്പെട്ടു എന്ന കാര്യത്തെപ്പറ്റി പണ്ഡിത ന്മാരുടെ ഇടയില്‍ അഭിപ്രായൈക്യമില്ല ഏ. ഡി 51 നും 58 നും ഇടയിലുള്ള എന്നെങ്കിലുമായിരിക്കാം എന്നേ പറയാന്‍ കഴിയൂ. അക്കായിയായിലെ ഉപസ്ഥാനപതി (Proconsul) ആയിരുന്ന ഗാള്ളിയോയുടെ മുമ്പില്‍ പൗലോസിനെ ഹാജരാക്കിയത് ഏ. ഡി 52 ന്‍റെ അവസാനമായിരിക്കണം. ഗാള്ളിയോയുടെ പ്രവര്‍ത്തന വര്‍ഷത്തെപ്പറ്റിയുള്ള തെളിവുകള്‍ നടപടി പ്പുസ്തകത്തിലെ വിവരണം ശരിവയ്ക്കുന്നുണ്ട് (18:12-16). ഇത് പൗലോസിന്‍റെ രണ്ടാം പ്രേഷിതയാത്രയുടെ അവസാനഘട്ടത്തിലാണ്. പൗലോസ് പതിനെട്ടു മാസം കോറിന്തോസില്‍ താമസിക്കുകയുണ്ടാ യല്ലോ (ഏ. ഡി 51-52). തുടര്‍ന്ന് ജറുസലെമില്‍ എത്തിയതിനുശേഷം അന്ത്യോക്യാ സന്ദര്‍ശിച്ചു. അവിടെനിന്നാണ് മൂന്നാം പ്രേഷിത യാത്രയുടെ തുടക്കം. എഫേസൂസിലാണ് (1 കോറി 18:8) അദ്ദേഹം ഏറെ നാള്‍ താമസിച്ചത്. ത്രോവാസിലും (2 കോറി 2:12) മാസിഡോണി യായിലും (2 കോറി 12:13; 1 കോറി 16:5) താമസിച്ചതിനുശേഷമാണ് അദ്ദേഹം കോറിന്തോസില്‍ എത്തുന്നത് (2 കോറി 9:4). ഈ യാത്രകള്‍ക്കും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സമയം കണക്കു കൂട്ടുമ്പോള്‍ ഏ. ഡി 57-58 ലെ ശീതകാലത്ത് കോറിന്തോസില്‍വച്ച് ഈ ലേഖനം എഴുതി എന്നുകരുതാവുന്നതാണ്.
സ്വീകര്‍ത്താക്കള്‍
ആരെ ഉദ്ദേശിച്ചാണ് പൗലോസ്ശ്ലീഹാ റോമാലേഖനം എഴുതിയത്? ലേഖനത്തില്‍ "റോമായിലെ" (1:7) എന്ന പ്രയോഗം ചില കയ്യെഴുത്തു പ്രതികളില്‍ കാണുന്നില്ല എന്നതു ശ്രദ്ധേയമാണ്. പക്ഷേ അതൊരു പ്രശ്നമല്ല. കാരണം ലേഖനത്തിന്‍റെ സാര്‍വ്വത്രിക സ്വഭാവം വ്യക്ത മാക്കാന്‍ ചില കയ്യെഴുത്തുകാര്‍ വരുത്തിയ മാറ്റമായിരിക്കാം അത്. റോമായിലെ ക്രൈസ്തവര്‍ക്കാണ് പൗലോസ് ഈ ലേഖനം എഴുതിയത് എന്നകാര്യം നിസ്തര്‍ക്കമാണ്. ആരായിരുന്നു റോമായിലെ ക്രൈസ്തവര്‍ എന്ന കാര്യമാണ് നാം കണ്ടെത്തേണ്ടത്.
റോമാക്കാരുടെ പാരമ്പര്യമനുസരിച്ച് ബി. സി. 753 ലാണ് റോമാപട്ടണത്തിന്‍റെ സ്ഥാപനം. സാമ്രാജ്യതലസ്ഥാനമായിത്തീര്‍ന്ന റോമാതന്നെയായിരുന്നു സാമ്രാജ്യത്തിലെ ഏറ്റവും വലിയ നഗരവും. ബി. സി. ഒന്നാം നൂറ്റാണ്ടില്‍തന്നെ റോമായില്‍ വലിയൊരു യഹൂദ ജനവിഭാഗം താമസമുറപ്പിച്ചിരുന്നു. പല സിനഗോഗുകളിലായി ഏകദേശം അമ്പതി നായിരം യഹൂദര്‍ അക്കാലത്ത് അവിടെ ഉണ്ടായിരുന്നു എന്നു കണക്കാക്കപ്പെടുന്നു. റോമന്‍ സാമ്രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ ജനവിഭാഗങ്ങളും അടിമകളും വ്യാപാരി കളുമെല്ലാമുള്‍പ്പെടുന്ന ഒരു കോസ്മോപോളിറ്റന്‍ നഗരമായിരുന്നു റോമാ. ഒന്നാം നൂറ്റാണ്ടിലെ യഹൂദ എഴുത്തുകാരായ ജോസേഫൂസ്, ഫീലോ എന്നിവര്‍ റോമിലെ യഹൂദസാന്നിദ്ധ്യത്തെപ്പറ്റി പറയുന്നുണ്ട്. റോമായിലെ യഹൂദര്‍ ജറുസലേമുമായി ബന്ധം നിലനിര്‍ത്തിയിരുന്നവരാണ്. ഈ ബന്ധമായിരിക്കാം റോമായില്‍ ക്രിസ്തുമതാരംഭത്തിനു കാരണ മായത്.
നടപടിപ്പുസ്തകത്തിലെ വിവരണമനുസരിച്ച് ആദ്യ പെന്തക്കുസ്താ നാളില്‍ വിവിധ ദേശങ്ങളില്‍ നിന്നെത്തിയ മൂവായിരം യഹൂദരില്‍ (അപ്പ 2:10-11,41) റോമായില്‍നിന്നു വന്നവരും ഉണ്ടായിരുന്നിരിക്കണം. അവരാണ് റോമായിലെ ആദ്യ ക്രൈസ്തവസമൂഹത്തിനു രൂപം കൊടുത്തത്. ഇത് ഏ.ഡി മുപ്പതുകളുടെ ആദ്യവര്‍ഷങ്ങളിലാണ്. യഹൂദ ക്രൈസ്തവരും ദൈവഭക്തരായ വിജാതീയരും ഉള്‍പ്പെട്ട ഒരു സമൂഹമായിരുന്നു അത് (അപ്പ 2:11). റോമായില്‍ ഒരു ക്രൈസ്തവ സമൂഹമുണ്ടായിരുന്നു എന്നതിന്‍റെ ആദ്യത്തെ തെളിവ് വിശുദ്ധപൗലോസ് ശ്ലീഹായുടെ റോമാക്കാര്‍ക്കുള്ള ലേഖനമാണ്. വിശുദ്ധ പൗലോസ് ശ്ലീഹായാണ് റോമായിലെ സഭ സ്ഥാപിച്ചത് എന്ന പാരമ്പര്യം പിന്നീടുണ്ടാ യതാണ്. അദ്ദേഹം എത്തുന്നതിനുമുമ്പുതന്നെ റോമായില്‍ ക്രൈസ്തവര്‍ ഉണ്ടായിരുന്നു എന്നു കരുതുന്നതാണ് യുക്തിസഹം. പത്രോസ് ശ്ലീഹാ അവിടെ പ്രവര്‍ത്തിച്ചതായി പൗലോസ് എഴുതുന്നില്ല. നടപടിപുസ്തക ത്തില്‍ ലൂക്കായും ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല എന്നതും ഓര്‍ക്കേ ണ്ടതാണ്. പിന്നീട് പത്രോസും പൗലോസും റോമായിലെ സഭയുടെ നെടുംതൂണുകളായി മാറുകയുണ്ടായി. അവരുടെ പ്രേഷിതപ്രവര്‍ ത്തനവും രക്തസാക്ഷിത്വവുംകൊണ്ട് റോമാ അനുഗ്രഹിക്കപ്പെട്ടു എന്നാണല്ലോ സഭ വിശ്വസിക്കുന്നത്. അതിന് ചരിത്രപരമായ തെളിവു കളും ഉണ്ട്.
റോമായിലെ ക്രൈസ്തവസാന്നിധ്യം തുടങ്ങുന്നത് പാലസ്തീനായില്‍ നിന്നും മധ്യധരണ്യാഴിയുടെ കിഴക്കന്‍തീരങ്ങളില്‍നിന്നും വന്ന യഹൂദക്രൈസ്തവരും അവരോടു ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിരുന്ന വിജാതീയരും വഴിയാണ്. റോമന്‍ ചക്രവര്‍ത്തിയായ ക്ലോഡിയസ് "ക്രിസ്തുവിന്‍റെ പേരില്‍ ബഹളമുണ്ടാക്കിയ യഹൂദരെ" റോമായില്‍ നിന്നു പുറത്താക്കിയ വസ്തുത റോമന്‍ ചരിത്രകാരനായ സെവുന്തോ ണിയൂസ് ഏ. ഡി. 120 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവം നടക്കുന്നത് ഏ.ഡി 49 ല്‍ ആയിരുന്നെന്നാണു ചരിത്രകാരന്മാരുടെ നിഗമനം. ഏ. ഡി 40 കളുടെ അവസാനത്തില്‍ യഹൂദരും യഹൂദ ക്രൈസ്തവരും തമ്മില്‍ ഈശോ തന്നെയാണോ മിശിഹാ എന്നു തര്‍ക്കിക്കു കയും ബഹളമുണ്ടാക്കുകയും ചെയ്തു കാണണം. റോമില്‍നിന്നും പുറത്താക്കപ്പെട്ട ക്രൈസ്തവരില്‍ രണ്ടുപേരെ കോറിന്തോസില്‍വച്ചു പൗലോസ് കണ്ടുമുട്ടുകയുണ്ടായല്ലോ (അപ്പ 18:2). അതായത് പൗലോസ് റോമാക്കാര്‍ക്ക് എഴുതുന്നതിനു മുമ്പുതന്നെ അവിടെ ഒരു ക്രൈസ്തവസമൂഹം ഉണ്ടായിരുന്നു എന്നു തീര്‍ച്ചയാണ്.
റോമായിലെ ക്രൈസ്തവരില്‍ ഒരു വിഭാഗം തീര്‍ച്ചയായും യഹൂദരില്‍ നിന്നു വന്നവരാണെന്ന് ലേഖനത്തില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ വിജാതീയക്രൈസ്തവരും റോമായില്‍ ഉണ്ടായിരുന്നോ എന്നതാണ് വ്യാഖ്യാതാക്കളെ കുഴക്കുന്ന ഒരു പ്രശ്നം. നിയമാനുഷ്ഠാനംകൂടാതെ വിശ്വാസംവഴി നീതീകരിക്കപ്പെടുമെന്നുള്ളതാണല്ലോ ലേഖനത്തിന്‍റെ മുഖ്യപ്രമേയം. പഴയനിയമത്തില്‍നിന്ന് സമൃദ്ധമായി ഉദ്ധരിച്ചുകൊ ണ്ടാണ് പൗലോസ് തന്‍റെ ആശയം വികസിപ്പിക്കുന്നത്. അനുവാചകര്‍ പഴയനിയമവുമായി അടുത്തുപരിചയിച്ചിട്ടുള്ളവരാണെന്ന് വ്യക്തം. ചില വ്യാഖ്യാതാക്കള്‍ റോമായില്‍ യഹൂദ ക്രൈസ്തവര്‍ മാത്രമേ ഉണ്ടായിരു ന്നുള്ളൂ എന്ന അഭിപ്രായക്കാരാണ്.
എന്നാല്‍ റോമായിലെ സഭയില്‍ ധാരാളം വിജാതീയക്രൈസ്തവരും ഉണ്ടായിരുന്നു എന്നു കരുതുന്ന പണ്ഡിതന്മാരും കുറവല്ല. അവരാ യിരുന്നു ഭൂരിപക്ഷം എന്നാണ് ചിലര്‍ കരുതുന്നതും. പൗലോസ് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് "വിജാതീയരുടെ അപ്പസ്തോലന്" എന്നാണല്ലോ (11:13). വിജാതീയ ക്രൈസ്തവരെ അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട് (1:13 കാ 1:5-6; 15:15-16). ചില ഭാഗങ്ങളില്‍ അദ്ദേഹം വിജാതീയരോട് യഹൂദക്രൈസ്തവരെപ്പറ്റി പറയുന്നതായി തോന്നും (9:3-4; 10:1-2; 11:23,28.31). അനുവാചകരുടെ മുന്‍കാല ജീവിതം ഓര്‍മ്മിപ്പിക്കുന്നത് നോക്കുക (6:17-22). റോമായിലെ ക്രൈസ്തവരുടെ വിജാതീയ പശ്ചാത്തലമാണ് 12:1-2 ലുള്ളത്. "ആദ്യം യഹൂദനും പിന്നീട് ഗ്രീക്കുകാരനും" (11:23,28.31) എന്ന പ്രയോഗം ഇരുകൂട്ടരും ഉള്‍പ്പെട്ടതായിരുന്നു റോമായിലെ ക്രൈസ്തവ സമൂഹം എന്ന സൂചനയാണു തരുന്നത്. അദ്ദേഹം പരാമര്‍ശിക്കുന്ന ദുര്‍ബ്ബലര്‍ (14:1-10) യഹൂദ ക്രൈസ്തവരാകാം. അതുകൊണ്ട് യഹൂദരും വിജാതീയ ക്രൈസ്തവരും ഉള്‍പ്പെട്ട ഒരു ക്രൈസ്തവ സമൂഹമാണ് റോമായില്‍ ഉണ്ടായിരുന്നത് എന്നു കരുതാം.
റോമായിലെ ക്രൈസ്തവസഭയില്‍ യഹൂദ, വിജാതീയ പാരമ്പര്യ ങ്ങളില്‍ നിന്നുവന്നവര്‍ തമ്മില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എന്നാണ് പണ്ഡിതമതം. ഇതിന്‍റെ സൂചനങ്ങള്‍ 1:16 ലും 12:14-13:7 ലും കാണാം. ഒരു കേന്ദ്രനേതൃത്വത്തിന്‍റെ അഭാവം അവിടെ അനുഭവപ്പെട്ടിരുന്നു എന്നു കരുതുന്നവരുണ്ട്. ജറുസലേമില്‍ നിന്നുള്ള യഥാസ്ഥിതികരായ യഹൂദക്രൈസ്തവര്‍ റോമായിലെ സഭയില്‍ അസ്വസ്ഥതകള്‍ ജനിപ്പിച്ചിരുന്നോ എന്ന് ഖണ്ഡിതമായി പറയാനാവില്ല. അവരോടുള്ള തര്‍ക്കമല്ല പൗലോസ് ലേഖനത്തില്‍ നടത്തുന്നത്. പക്ഷേ തന്‍റെ അനുവാചകര്‍ പഴയനിയമത്തില്‍ പരിചയമുള്ളവരാണെന്ന് പൗലോസിനറിയാം. റോമായിലെ ക്രൈസ്തവര്‍ പൗലോ സ് ശ്ലീഹായെ സ്വീകരിക്കാന്‍ വരുന്നകാര്യം ലൂക്കാ രേഖപ്പെടുത്തുന്നുണ്ട് (അപ്പ 28:21 - സഹോദരര്‍ എന്നാണ് ലൂക്കാ അവരെ വിളിക്കുന്നത്).
തലസ്ഥാനനഗരമായ റോമായിലെ ക്രൈസ്തവസഭക്കാണ് പൗലോ സ് എഴുതുന്നത്. അവരില്‍ മുമ്പ് യഹൂദരും വിജാതീയരും ആയിരുന്നവര്‍ ഉണ്ട്. ڇദൈവത്തിന്‍റെ സ്നേഹ ഭാജനങ്ങളാڈണ് അവര്‍ (1:7). അവരുടെ വിശ്വാസം കേള്‍വികേട്ടതാണ് (1:8); പല നന്മകളും നിറഞ്ഞവരുമാണ് അവര്‍ (15:14). തന്‍റെ ജറുസലേം യാത്രക്കും പ്രേഷിത പര്യടന ത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെ ടുന്നുണ്ട്. റോമായിലെ നിരവധി ക്രൈസ്തവരെ പൗലോസിനുനേരിട്ട് അറിയാമായിരുന്നു. അവരെ അദ്ദേഹം 16-ാം അധ്യായത്തില്‍ പേരെടുത്തു പറയുന്നുണ്ട്. ഗ്രീക്ക് പേരുകളാണ് അവരില്‍ 18 പേര്‍ക്ക്. പത്തു പേരുകള്‍ ലത്തീനിലും രണ്ടെണ്ണം ഹീബ്രുവിലുമാണ്. താന്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത സ്ഥലമാണെങ്കിലും ഈ പരിചയക്കാര്‍വഴി പൗലോസിന് റോമാ സഭയെക്കുറിച്ച് ഒരു ധാരണ ലഭിച്ചിരുന്നു എന്നു വിചാരിക്കുന്നതില്‍ അസാംഗത്യമില്ല.
കയ്യെഴുത്തുപ്രതികള്‍
റോമാക്കാര്‍ക്കുള്ള ലേഖനത്തിന്‍റെ ഏറ്റവും പുരാതന കയ്യെഴുത്തു പ്രതി ഏകദേശം ഏ. ഡി. 200-ാമാണ്ടില്‍ എഴുതപ്പെട്ട ഒരു പാപ്പിറസ് ശകലമാണ്. ഇതറിയപ്പെടുന്നത് p46 എന്നാണ്. ഡബ്ലിന്‍ സര്‍വ്വകലാശാ ലയിലെ ചെസ്റ്റര്‍ ബെയാറ്റി ശേഖരത്തില്‍പ്പെടുന്ന ഈ പാപ്പിറസ് കയ്യെഴുത്തുപ്രതിയില്‍ ലേഖനത്തിന്‍റെ കുറേ വാക്യങ്ങള്‍ മാത്രമേ ഉള്ളൂ. മൂന്നാം നൂറ്റാണ്ടില്‍നിന്നുള്ള രണ്ട് പാപ്പിറസ് ശകലങ്ങള്‍, നാലാം നൂറ്റാണ്ടില്‍നിന്നുള്ള ഒരു പാപ്പിറസ് ശകലം, ആറാംനൂറ്റാണ്ടില്‍നിന്നു ള്ള രണ്ട് ശകലങ്ങള്‍, ഏഴാംനൂറ്റാണ്ടില്‍ നിന്നുള്ള രണ്ട് ശകലങ്ങള്‍ എന്നിവയും ഭാഗികമായി റോമാലേഖനം ഉള്‍ക്കൊള്ളുന്നുണ്ട്. ലേഖനത്തിന്‍റെ ബാക്കിഭാഗങ്ങള്‍ കാലപ്പഴക്കംകൊണ്ട് ദ്രവിച്ചുപോയ താണ്. തോല്‍ക്കടലാസില്‍ എഴുതപ്പെട്ടവയില്‍ ഇന്നു ലഭ്യമായ ഏറ്റവും പഴയ കയ്യെഴുത്തുപ്രതി മൂന്നാംനൂറ്റാണ്ടില്‍ നിന്നുള്ള ഒന്നാണ്. ബോസ്റ്റ ണില്‍ സൂക്ഷിക്കപ്പെടുന്ന ഈ രേഖയിലും കുറച്ചുവാക്യങ്ങളേ ഉള്ളൂ. നാലാംനൂറ്റാണ്ടില്‍ നിന്നുള്ള കോഡെക്സ് (ലണ്ടന്‍), കോഡെക്സ് വത്തിക്കാനൂസ് (വത്തിക്കാന്‍) എന്നിവ ലേഖനം മുഴുവന്‍ ഉള്‍ക്കൊള്ളു ന്നവയാണ്. ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ പകര്‍ത്തിയെ ഴുതപ്പെട്ട ഒരു ഡസനിലേറെ തോല്‍ക്കടലാസ് കയ്യെഴുത്തു പ്രതികള്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലായി സംരക്ഷി ക്കപ്പെടുന്നുണ്ട്. റോമാ ലേഖനത്തിന്‍റെ പൂര്‍ണ്ണമായ കയ്യെഴുത്തുപ്രതികള്‍ ഉള്ളതുകൊണ്ട് മൂലലേഖനം ഇന്നും പുനഃസൃഷ്ടിക്കാന്‍ സാധിക്കും.
ചില കയ്യെഴുത്തുപ്രതികളില്‍ 14,15 അധ്യായങ്ങളും മറ്റുചിലവയില്‍ 16 -ാം അധ്യായവും കാണുന്നില്ല എന്നത്, ആ പ്രദേശങ്ങളില്‍ ഈ അധ്യായങ്ങള്‍ കൂടാതെയാണ് ലേഖനം പ്രചരിച്ചിരുന്നത് എന്നതിനു തെളിവാണ്. ലേഖനത്തിന്‍റെ ഏറ്റവും അമൂല്യവും പ്രാചീനവുമായ കയ്യെത്തുപ്രതികളില്‍ ഈ അധ്യായങ്ങള്‍ കാണപ്പെടുന്നുണ്ട്. ലേഖന ത്തിന്‍റെ അവിഭാജ്യഭാഗമായി അവസാനാധ്യായങ്ങളെയും കാണാനാണ് ഭൂരിപക്ഷം പണ്ഡിതന്മാരും ഇന്നു ശ്രമിക്കുന്നത്.
ലേഖനം എഴുതാനുണ്ടായ കാരണം
റോമായിലെ സഭയില്‍ യഹൂദരിലും വിജാതീയരിലുംനിന്നു വന്ന ക്രൈസ്തവര്‍ ഉണ്ടായിരുന്നു എന്നു നാം കണ്ടുകഴിഞ്ഞു. ഈ മിശ്രിതക്രൈസ്തവ സമൂഹത്തിനാണ് പൗലോസ് ശ്ലീഹാ തന്‍റെ ഏറ്റവും താത്വികവും ദൈവശാസ്ത്രപരവുമായ ലേഖനം അയക്കുന്നത്. അദ്ദേഹം മുമ്പുസന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു സഭയാണത്. അപ്പോള്‍ അദ്ദേഹത്തിനും റോമായിലെ സഭക്കും പ്രസക്തമായ ഒരു കത്തായിരിക്കണം അദ്ദേഹം എഴുതുക. അതുകൊണ്ട് എന്തായിരുന്നു ഈ കത്തെഴുതുമ്പോള്‍ പൗലോസിന്‍റെ സാഹചര്യമെന്നും റോമിലെ സഭയുടെ അവസ്ഥയെന്നും നാം പരിചിന്തിക്കേണ്ടതുണ്ട്.
പൗലോസ് ശ്ലീഹായുടെ സാഹചര്യ ങ്ങള്‍: ഏ. ഡി. 57-58 വര്‍ഷങ്ങളിലായി, കോറിന്തില്‍ നിന്നാണ് പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കുള്ള ലേഖനം എഴുതുന്നത് എന്ന് സങ്കല്പിക്കാം. ഗ്രീസിലെ സഭകളില്‍ നിന്നു സമാഹരിച്ച സഹായധനവുമായി അദ്ദേഹം ജറുസലേമിലേക്കു പുറപ്പെടാന്‍ ഒരുങ്ങുകയാണ് (റോമാ 15:25-26; 1 കോറി 16:1-4; 2 കോറി 8:1-9:15; അപ്പ 20:1-4.16; 24:17). മാത്രമല്ല, കിഴക്കന്‍ പ്രദേശങ്ങളിലെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേ ഹം കരുതുന്നു (റോമ 15:17-21). ശേഖരിച്ച തുക ജറുസലേമിലെ സഭയെ ഏല്‍പ്പിച്ചതിനുശേഷം പടിഞ്ഞാറന്‍ നാടുകളില്‍, വിശേഷിച്ചും സ്പെയിനില്‍, (15:24,28) സുവിശേഷം പ്രസംഗിക്കാന്‍ അദ്ദേഹം ഉദ്യുക്തനാണ്. അങ്ങോട്ടുള്ള മാര്‍ഗ്ഗമധ്യേ റോമായില്‍ സന്ദര്‍ശനം നടത്താന്‍ അദ്ദേഹം ആഗ്രഹിക്കു ന്നു. പലപ്പോഴും തടസ്സപ്പെട്ടിട്ടുള്ള ഒരു സന്ദര്‍ശനമാണത് (1:10-15; 15:23-24,28-29,32). തന്‍റെ പ്രേഷിത യത്നങ്ങളുടെ ഒരു ഘട്ടം പൂര്‍ത്തായാവുകയും പുതിയൊരുഘട്ടം ആരംഭിക്കുകയും ചെയ്യുന്ന വേളയിലാണ് ശ്ലീഹാ ഈ ലേഖനം എഴുതുന്നത്.
പൗലോസിന് റോമായിലെ സഭയിലെ കുറേപ്പേരെ നേരിട്ട് അറിയാമായിരുന്നു എന്നതു വാസ്തവമാണ്. പതിനാറാം അധ്യായത്തില്‍ കാണുന്ന നിരവധി പേരുകള്‍ അതാണു സൂചിപ്പിക്കുന്നത്. എന്നാല്‍ ബഹു ഭൂരിപക്ഷംപേരും അദ്ദേഹത്തെ നേരിട്ട് അറിഞ്ഞിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തെപ്പറ്റി പ്രചരിച്ചിരുന്ന കാര്യങ്ങള്‍ മുഴുവന്‍ ശരിയാ യിരിക്കണമെന്നും നിര്‍ബന്ധമില്ല. യഹൂദമതപാരമ്പര്യങ്ങളെപ്പറ്റി പൗലോസ് പുലര്‍ത്തിയിരുന്ന ധാരണകളെ തെറ്റായി വ്യാഖ്യാനിച്ച വരും കുറ്റപ്പെടുത്തിയിരുന്നവരും ഉണ്ടായിരു ന്നല്ലോ (ഗലാ 2:10-15; 5:11; 2 കോറി 10:10-11; റോമ 3:8). റോമായിലെ സഭയില്‍ പൗലോസിന്‍റെ നിലപാടുകളെ ശരിവച്ചവരും കുറ്റപ്പെടുത്തിയവരും ഉണ്ടായിരുന്നു എന്നു കരുതാം. അതുകൊണ്ട് തന്‍റെ ആശയങ്ങള്‍ കൃത്യമായി വിവരിച്ചുകൊടുക്കുവാന്‍ ഈ കത്തിലൂടെ പൗലോസ് ശ്രമിക്കുകയാണ്. മറ്റൊരു സാദ്ധ്യ തകൂടിയുണ്ട്. പടിഞ്ഞാറന്‍ നാടുകളിലേക്കുള്ള പ്രേഷിതയാത്രക്ക് പൗലോസ് ഒരുങ്ങുകയാണല്ലോ. അങ്ങോട്ടുള്ള കവാടമാണ് റോമാ. അവിടെയുള്ള ക്രൈസ്തവരുടെ പിന്തുണയും സഹായവും തന്‍റെ പ്രേഷിത പ്രവര്‍ത്തന ത്തിന് ആവശ്യകമാണെന്ന് പൗലോസിനറിയാം. ആ പിന്തുണ നേടുവാന്‍ വേണ്ടിക്കൂടിയാണ് പൗലോസ് റോമാലേഖനം അയക്കുന്നത്.
റോമായിലെ സഭയുടെ അവസ്ഥ: റോമായിലെ സഭയില്‍ യഹൂദക്രൈസ്തവരും വിജാതീയക്രൈസ്തവരും ഉണ്ടായിരുന്നു. വിജാതീയരില്‍നിന്ന് യഹൂദമതത്തില്‍ ചേര്‍ന്ന വരായിരുന്നു കുറേപ്പേര്‍. ദൈവഭക്തരായ വിജാതീയര്‍ യഹൂദമതത്തോടും ആചാരങ്ങളോടും അനുഭാവം പ്രകടിപ്പിച്ചിരുന്നവരാണ്. അങ്ങനെയുള്ള പലരും ക്രൈസ്തവരായി ത്തീര്‍ന്നിരുന്നു. യഹൂദമതത്തോടുള്ള ബന്ധം റോമായിലെ ക്രൈസ്തവര്‍ക്കും പ്രധാനമായി രുന്നു അക്കാലത്ത്.
റോമാലേഖനത്തില്‍നിന്നു നമുക്കുകിട്ടുന്ന സൂചന അവിടുത്തെ ക്രൈസ്തവര്‍ വ്യത്യ സ്തകുടുംബസഭകളായിട്ടാണ് വളര്‍ന്നു വന്നത് എന്നാണ്. ഈ ഗാര്‍ഹിക സഭാകൂട്ടായ്മകളെയാണ് പൗലോസ് "എക്ലേസിയ" (സഭ) എന്ന പദംകൊണ്ടു വിളിക്കുന്നത് (റോമ 16:5). അവര്‍ ഒന്നിച്ചുവരുന്ന സന്ദര്‍ഭങ്ങള്‍ ഇല്ലാ യിരുന്നു എന്ന് ഇതിനര്‍ത്ഥമില്ല. റോമായിലെ സഭയില്‍ ബഹുഭൂരിപക്ഷവും സമൂഹത്തിന്‍റെ താഴെത്ത ട്ടിലുള്ളവരായിരുന്നു എന്നാണ് അനുമാനം. അടിമകളും സ്വതന്ത്രരാ ക്കപ്പെട്ട അടിമകളുമായിരുന്നു കൂടുതലും. സഭാ കൂട്ടായ്മകളെ ഉള്‍ക്കൊള്ളാന്‍തക്ക വിശാലമായ വീടുകള്‍ ചിലര്‍ക്കൊക്കെ ഉണ്ടാ യിരുന്നു. ധനികരും ഉന്നതകുലജാതരും അവരുടെ സമൂഹത്തില്‍ കുറവായിരുന്നു. മറ്റുസ്ഥല ങ്ങളില്‍നിന്നു കുടിയേറിപ്പാര്‍ത്തവരും ഗ്രീക്കു സംസാരിക്കുന്നവരുമായിരുന്നു അവര്‍.
ക്ലോഡിയസ് ചക്രവര്‍ത്തി യഹൂദരെ റോമായില്‍നിന്നു പുറത്താക്കി ക്കൊണ്ടു പുറപ്പെടുവിച്ച വിളംബരം അവിടുത്തെ പ്രത്യേകസാഹചര്യം വിശദമാക്കുന്നുണ്ട്. യഹൂദക്രൈസ്തവര്‍ എണ്ണത്തില്‍ വര്‍ദ്ധിക്കു കയും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങുകയും ചെയ്തിരുന്നു എന്ന് ഊഹിക്കാം. എന്നാല്‍, വിളംബരത്തിന്‍റെ ഫലമായി വിജാതീയ ക്രൈസ്തവര്‍ സഭാനേതൃത്വത്തിലേക്കു വരാന്‍ തുടങ്ങി. ഏ. ഡി. 54 ല്‍ ക്ലോഡിയസ് മരിച്ചതോടെ യഹൂദക്രൈസ്തവരും തിരിച്ചെത്തിത്തുടങ്ങി. അപ്പോള്‍ സ്വാഭാവികമായും അഭിപ്രായ സംഘട്ടനങ്ങളും ഉണ്ടായി ക്കാണണം എന്നുകരുന്നതില്‍ തെറ്റില്ല. കൂടുതല്‍ യഹൂദരീതിയിലുള്ള ഒരു സഭാജീവിതമാണ് ഒരു കൂട്ടര്‍ പ്രോത്സാഹിപ്പിച്ചതെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് അത് അചിന്ത്യമായിരുന്നു. ഈ സാഹചര്യത്തിലാണ് പൗലോസ് തന്‍റെ കത്ത് അയക്കുന്നത്. ഇരുകൂട്ടരേയും ഒന്നിപ്പിക്കുന്ന സുവിശേഷമാണ് പൗലോസ് അവതരിപ്പിക്കുന്നത്. റോമായിലെ സഭയിലുണ്ടായിരുന്ന "ദുര്‍ബലരും" "ശക്തരും" തമ്മിലുള്ള തര്‍ക്കം പൗലോസിന്‍റെ ചെവിയിലും എത്തിയിരുന്നു. അതു കൊണ്ടാണ് ശക്തര്‍ ദുര്‍ബലനെയും സ്വീകരി ക്കണം എന്നു പൗലോസ് പറയുന്നത്. കോറി ന്തോസിലെ സഭക്ക് എഴുതിയതിനേക്കാള്‍ അല്പംകൂടി ശാന്തമായിട്ടാണ് പൗലോസ് ഇവിടെ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. രൂക്ഷമ ല്ലാതിരുന്ന ഒരു പ്രശ്നമായിരിക്കാം ഇവിടെ.
ഭരണകൂടത്തോട് സഭാംഗങ്ങള്‍ പുലര്‍ത്തേണ്ട നിലപാട് വിശദമാ ക്കുന്ന 13:1-7 ചൂണ്ടിക്കാണിക്കുന്നത് അസംബന്ധമായ ഏതോ പ്രശ്നം റോമായിലെ സഭയിലും സമൂഹത്തിലും ഉണ്ടായിരുന്നു എന്നാണ്. ഏ. ഡി. 58 ല്‍ നീറോ ചക്രവര്‍ത്തി പരോക്ഷനികുതികള്‍ പിന്‍വലിക്കാന്‍ ആലോചിച്ചതും എന്നാല്‍ അതു വേണ്ടെന്നുവച്ചതും റോമന്‍ ചരിത്ര കാരനായ ടാസിറ്റസ് രേഖപ്പെടുത്തിയിട്ടുണ്ട്. നികുതിപിരിവുകാരുടെ അതിക്രമങ്ങള്‍ നിയന്ത്രിക്കുവാനാണ് ഒടുവില്‍ തീരുമാനിച്ചത്. നികുതികളെക്കുറിച്ച് സമൂഹത്തിലുണ്ടായിരുന്ന ചിന്താക്കുഴപ്പവും അസ്വസ്ഥതയും ഈ ഖണ്ഡികയെഴുതുമ്പോള്‍ പൗലോസിന്‍റെ മന സ്സില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം.
റോമായിലെ സഭയുടെ സാഹചര്യവും പൗലോസിന്‍റെ വ്യക്തിപരമായ സാഹചര്യങ്ങ ളും ഈ ലേഖനത്തിന്‍റെ പിന്നിലെ പ്രേരക ഘടകങ്ങളാണ്. ദീര്‍ഘമായ പ്രബോധന ഭാഗവും പിന്നീടുവരുന്ന പ്രായോഗിക ഉപദേ ശങ്ങളും ദീര്‍ഘമായ പരിചിന്തനത്തിന്‍റെ ഫലമാണ്. പൗലോസിന്‍റെ യുക്തിയും പഴയനിയമത്തിലുള്ള അവഗാഹവും സുവിശേത്തിന്‍റെ രക്ഷാകരശക്തിയിലുള്ള ബോധ്യവും ഏറ്റവും വ്യക്തമാക്കുന്ന ലേഖനവുമാണല്ലോ ഇത്.
ലേഖനത്തിന്‍റെ ശൈലി
ആകെ 7094 വാക്കുകളാണ് ലേഖനത്തില്‍ ഉള്ളത്. ഏകദേശം 1100 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന പദാവലിയേ പൗലോസ് ഉപയോഗിക്കു ന്നുള്ളൂ. ഗ്രീക്ക് പഴയനിയമമായ സപ്തതിയും യവനചിന്തയുമായുള്ള പരിചയം ഈ ലേഖനത്തിന്‍റെ പ്രത്യേകതയാണ്. യവനസാഹിത്യ ശൈലിയുമായി പൗലോസിനുള്ള പരിചയം 5:3-5; 8:29-30 എന്നീ ഭാഗങ്ങളില്‍ പ്രത്യേകം കാണാം. ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ യവന സാഹിത്യകാരന്മാര്‍ ഉപയോഗിച്ചിരുന്ന കിയാസം എന്ന ശൈലി (സമാന്തരത്വം) രണ്ടുതവണ ഉപയോഗിച്ചിട്ടുണ്ട് (1:17-18; 2:6-11; 6:3; 11:22; 11:33-36). യവന സാഹിത്യ രൂപങ്ങളുമായി അദ്ദേഹത്തിനു പരിചയമുണ്ടാ യിരുന്നു എന്നതിന്‍റെ മറ്റൊരു അടയാളമാണ് സംവാദം (ദിയാട്രൈബ്). മറ്റൊരു വ്യക്തിയുമായുള്ള സംഭാഷണത്തിന്‍റെ ചട്ടക്കൂട്ടില്‍ സ്വന്തം ആശയങ്ങള്‍ വ്യക്തമാക്കാനുള്ള പരിശ്രമമാണ് സംവാദം.
റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ പൗലോസ് ശക്തവും വ്യക്തവുമായ ഒരു ശൈലിയാണ് അവലംബിക്കുന്നത്. റോമിലെ സഭാംഗങ്ങള്‍ വിദ്യാസമ്പന്നരും പഴയനിയമവുമായി പരിചയമുള്ളവരും ആയിരുന്നു വെന്ന് കരുതാവുന്നതാണ്. പൗലോസിനുമുമ്പേ സഭാസമൂഹങ്ങളില്‍ പ്രചരിച്ചിരുന്ന വിശ്വാസപ്രമാണങ്ങളും സംഹിതകളും ചില വാക്യങ്ങളില്‍ കടന്നുവരുന്നുണ്ട് (1:3-4; 4:25). ഒരു പുരാതന ക്രിസ്തീയ ഗീതം 11:33-36 ന്‍റെ പിന്നിലുണ്ടെന്ന് പണ്ഡിതന്മാര്‍ കരുതുന്നു. ആരാധനക്രമപരമായ ഒരു പ്രസ്താവനയാണ് 3:25 ല്‍ ഉള്ളതെന്നു വിചാരിക്കുന്നവരുണ്ട്. മാമ്മോദീസാ സംബന്ധമായ ഒരു പാരമ്പര്യം 6:4-5 ലും ഒരു വിശ്വാസപ്രഖ്യാപനം 10:9 ലും ഉണ്ടെന്നു കരുതുന്നു. യേശു വചനങ്ങളുടെ സ്വാധീനം 12:14,17; 13:7; 14:13,14 എന്നീ വാക്യങ്ങളില്‍ കാണാം. അതുപോലെ 1:29-31; 12:9-13 എന്നീ വാക്യങ്ങളില്‍ ക്രിസ്തുമത ത്തേക്കാള്‍ പഴക്ക മുള്ള ചില പട്ടികകളാണ് സ്വാധീനിച്ചിട്ടുള്ളതെന്നും വിശ്വസിക്കുന്നവരുണ്ട്. പൗലോസില്‍ ഉണ്ടെന്നു കരുതുന്ന ഈ ബാഹ്യ സ്വാധീനങ്ങള്‍ എത്രമാത്രം യഥാര്‍ത്ഥ്യമാണെന്നു നമുക്കറിഞ്ഞുകൂടാ. ഏതായാലും അദ്ദേഹത്തിന്‍റെ നിശിതമായ യുക്തിയും ബുദ്ധിയും റോമാലേഖനത്തില്‍ വെളിപ്പെടുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.
ലേഖനത്തിന്‍റെ ഘടന
റോമാലേഖനത്തിന്‍റെ ഘടന കണ്ടെത്തുക അത്ര എളുപ്പമല്ല. അധ്യായങ്ങളായിപോലും തിരിക്കാതെയാണല്ലോ പൗലോസ് ലേഖനം എഴുതിയത്. അന്നത്തെ സമ്പ്രദായവും അതായിരുന്നു. ലേഖനാരംഭം മുതല്‍ 11 -ാം അധ്യായംവരെ ഒന്നാംഭാഗവും തുടര്‍ന്ന് രണ്ടാം ഭാഗവും എന്ന ഒരു വിഭജനം മാത്രമേ സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടൂള്ളൂ. ഓരോ വ്യാഖ്യാതാവും ഈ രണ്ടു ഭാഗങ്ങളെ വീണ്ടും വിഭജിക്കുന്നത് വ്യത്യസ്തമായാണ്. ഒരേപോലെ ലേഖനത്തിന്‍റെ ഘടന മനസ്സിലാ ക്കുന്ന രണ്ടു പണ്ഡിതന്മാരെ കണ്ടെത്തുക വിഷമകരമാണ്. ഈ ലേഖകന്‍റെ അഭിപ്രായ ത്തില്‍ ഏറ്റവും യുക്തിസഹവും സ്വീകാര്യ മെന്നു തോന്നുന്ന ഒരു ഘടനയാണ് താഴെ കൊടുക്കുന്നത്. പൗലോസിനെ ക്കുറിച്ച് ധാരാളം പഠിക്കുകയും റോമാലേഖനത്തിന്‍റെ വ്യാഖ്യാനം രചിക്കുകയും ചെയ്ത പീറ്റര്‍ സ്റ്റൂള്‍മാഹര്‍ എന്ന പണ്ഡിതന്‍ നിര്‍ദ്ദേശിച്ച ഘടനയുമായി ഇതിനു സാമ്യമുണ്ട്.
1:1-7 അഭിവാദനം
1:8-17 ലേഖനത്തിന്‍റെ ആമുഖവും പ്രമേയാവതരണവും
(2.1)1:18-3:20 വിജാതീയര്‍ക്കും യഹൂദര്‍ക്കും മേലുള്ള ദൈവക്രോധം
1:18-32 വിജാതീയരുടെ തിന്മയും ദൈവത്തിന്‍റെ ക്രോധവും
2:1-29 ദൈവത്തിന്‍റെ ക്രോധം യഹൂദരുടെ മേല്‍
2:1-11 ദൈവത്തിന്‍റെ വിധി നിഷ്പക്ഷമാണ്
2:12-16 വിധിയുടെ മാനദണ്ഡം
2:17-29 യഹൂദരുടെ പാപം
3:1-8 ദൈവം നീതിരഹിതനോ?
3:9-20 പാപികളായ യഹൂദരും വിജാതീയരും
(2.2) 3:21-5:21 ദൈവത്തിന്‍റെ നീതിയുടെ സ്വഭാവം
3:21-26 ദൈവത്തിന്‍റെ നീതി വെളിപ്പെടുത്തപ്പെട്ട കുരിശുമരണം
3:27-31 നീതീകരണം സകലര്‍ക്കും ആവശ്യമാണ്
4:1-25 അബ്രാഹത്തിനോട് വാഗ്ദാനം ചെയ്യപ്പെട്ട നീതീകരണം
5:1-11 അനുരഞ്ജനം
5:12-21 കൃപ
(2.3) 6:1-8:39 ദൈവത്തിന്‍റെ നീതി പുതു ജീവിതത്തിന്‍റെ അടിസ്ഥാനം
6:1-23 പാപത്തില്‍നിന്നു മോചനം
6:1-14 ജ്ഞാനസ്നാനം
6:15-23 നീതിക്കുവേണ്ടി
7:1-8:17 നിയമമല്ല മേലില്‍ അധികാരി, ആത്മാവ്
7:1-6 നിയമ ഭരണത്തിന്‍റെ അവസാനം
7:7-25 പാപത്തിന്‍റെ ഭരണം
8:1-17 ആത്മാവിലുള്ള ജീവിതം
8:18-39 രക്ഷയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ്
8:18-30 പ്രത്യാശയിലുള്ള സഹനം
8:31-39 ഈശോമിശിഹായിലുള്ള ദൈവത്തിന്‍റെ സ്നേഹം
(3.1) 9:1-5 ഇസ്രായേലിനുവേണ്ടി ഒരു യാചന
(3.2) 9:6-29 ദൈവത്തിന്‍റെ കരുണയും തെരഞ്ഞെടുപ്പും
(3.3) 9:30-10:21 ഇസ്രായേലിന്‍റെ അനുസരണാരാഹിത്യം
9:30-33 ഇസ്രായേലിന്‍റെ പാപം
10:1-13 ഇസ്രായേല്‍ ദൈവനീതി കാണുന്നില്ല
10:14-21 ഇസ്രായേലിന്‍റെ അനുസരണക്കേട്
(3.4) 11:1-32 ദൈവകാരുണ്യത്തിന്‍റെ വഴികള്‍
11:1-10 തെരഞ്ഞെടുക്കപ്പെട്ട ശിഷ്ടഭാഗം
11:11-24 ഇസ്രായേലിന്‍റെ കാഠിന്യം
11:25-32 ഇസ്രായേലിന്‍റെ രക്ഷ - ഒരു രഹസ്യം
(3.5) 11:33-36 ദൈവത്തിന്‍റെ വഴികള്‍ എത്ര അഗ്രാഹ്യം
ദൈവത്തിന്‍റെ നീതി സമൂഹജീവിതത്തില്‍
(4.1) 12:1-10 വിശ്വാസം സമൂഹജീവിതത്തിന്‍റെ മാനദണ്ഡം
(4.2) 12:9-21 സ്നേഹം സമൂഹജീവിതത്തില്‍
(4.3) 13:1-7 ക്രൈസ്തവനും ഭരണകൂടവും
(4.4) 13:11-14 സ്നേഹം നിയമത്തിന്‍റെ പൂര്‍ത്തീകരണം
(4.5) 13:11-14 വരാനിരിക്കുന്ന രക്ഷയും ക്രൈസ്തവനും
(4.6) 14:1-15:13 സമൂഹത്തിലെ പരസ്പരാംഗീകാരം
14:1-12 ഒരേ വിധിയാളന്‍റെ മുമ്പില്‍ ശക്തനും ദുര്‍ബലനും
14:13-23 പരസ്പരബഹുമാനം
15:1-13 ക്രിസ്തീയപെരുമാറ്റരീതികള്‍
(5.1) 15:14-21 വിജാതീയരുടെ ഇടയില്‍ ശ്ലീഹായുടെ പ്രവര്‍ത്തനം
(5.2) 15:22-24 ശ്ലീഹായുടെ പ്രേഷിതയാത്രാ പരിപാടി
(5.3) 15:25-33 ജറൂസലേമിലേക്ക് ധനസഹായവുമായി
(5.4) 16:1-16 ആശംസകള്‍
(5.5) 16:17-20 അബദ്ധ പ്രബോധകരെ സൂക്ഷിക്കുക
(5.6) 16:21-24 സഹപ്രവര്‍ത്തകരുടെ ആശംസ
(5.7) 16:25-27 സമാപന വന്ദനം
വ്യാഖ്യാനം
ലേഖനത്തിന്‍റെ ഘടനയില്‍ കണ്ടതുപോലെ ഉള്ളടക്കം അഞ്ചായി തിരിക്കാം.
ആമുഖത്തിലുള്ള 17 വാക്യങ്ങളെ വീണ്ടും രണ്ടായി തരംതിരിക്കാ വുന്നതാണ്: ആമുഖ വന്ദനവും (1:1-7) ലേഖനത്തിന്‍റെ പ്രമേയാ വതരണവും (1:8-17).
ഡോ. ജോര്‍ജ് കുടിലില്‍
Epistles of Paul Epistle to the Romans catholic malayalam st. paul Dr. George kudilil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206