We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Prasad On 08-Feb-2021
ആമുഖം
പൗലോസിന്‍റെ ലേഖനങ്ങളില്‍ ഏറ്റവും ഹൃദയഹാരിയായ ലേഖനമാണ് ഫിലിപ്പിയക്കാര്‍ക്കുള്ളത്. തന്‍റെ സഹോദരീസഹോദരന്മാരോട് പൗലോസിനുള്ള ഊഷ്മളമായ സ്നേഹം ഈ കത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. സുഹൃദ്ബന്ധത്തിന്‍റെ കാവ്യമീമാംസ സ്പഷ്ടമാണിതില്‍. പുതിയനിയമത്തില്‍ ക്രിസ്തുവിനെക്കുറിച്ച് രചിച്ച ഏറ്റവും പ്രിയം നിറഞ്ഞതും പ്രചുരപ്രചാരം നേടിയതുമായ ഗീതം ഈ ലേഖനത്തിലാണ് കാണുന്നത് (2:6-11). അതേസമയം നാലദ്ധ്യായങ്ങള്‍ മാത്രമുള്ള ഈ ലേഖനത്തിന്‍റെ ഏകതയെ (unit)ക്കുറിച്ചും അത് എപ്പോള്‍ രചിക്കപ്പെട്ടു എന്നതിനെക്കുറിച്ചും വ്യാഖ്യാതാക്കളുടെ ഇടയില്‍ തീരാത്ത തര്‍ക്കങ്ങളുണ്ട്. അങ്ങനെ ഒരുവശത്ത് വളരെ വശ്യമായ ഈ ലേഖനം മറുവശത്ത് പ്രശ്നസങ്കീര്‍ണ്ണമാണ്.
യൂറോപ്പിലെ മക്കദോനിയായിലായിരുന്നു ഫിലിപ്പി നഗരം: ഇന്നത്തെ ഉത്തര ഗ്രീസിലാണിത്. മക്കദോനിയായിലൂടെ കടന്നുപോയ എഗ്നേഷ്യന്‍ റോമന്‍ ഹൈവേയുടെ 15 കിലോമീറ്റര്‍ വടക്ക് സ്ഥിതിചെയ്തിരുന്ന ഒരു നഗരമായിരുന്നു ഫിലിപ്പി. കച്ചവടസംബന്ധമായി പ്രസ്തുത പാത വളരെ പ്രാധാന്യം അര്‍ഹിക്കുന്നതായിരുന്നു. ഫിലിപ്പിയില്‍വച്ചായിരുന്നു ബി.സി. 31-ല്‍ മാര്‍ക്ക് ആന്‍റണി ബ്രൂട്ടസിനെയും കാഷ്യസിനെയും പരാജയപ്പെടുത്തിയത്. അതേത്തുടര്‍ന്ന് റോമാക്കാര്‍ പലരും അവിടെ വാസം ഉറപ്പിച്ചിരുന്നു. ആയതിനാല്‍ രാഷ്ട്രീയപരമായി റോമാക്കാര്‍ക്ക് വളരെയേറെ പ്രാധാന്യമുള്ള നഗരമായിരുന്നു ഫിലിപ്പി.
ഏ.ഡി. 50 -ല്‍ തന്‍റെ രണ്ടാമത്തെ പ്രേഷിതയാത്രയില്‍ പൗലോസ് ഫിലിപ്പിയില്‍ എത്തിച്ചേര്‍ന്നു. അന്നാണ് യൂറോപ്പിലെ ആദ്യസഭ പൗലോസ് സ്ഥാപിച്ചത് (അപ്പ 16:11-15; ഫിലി 4:15). അധികാരികളുടെ ഭാഗത്തുനിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പൗലോസിന്‍റെ ഫിലിപ്പിയിലെ ഹ്രസ്വകാല വാസത്തിനിടയില്‍ യഹൂദരുടെയും വിജാതീയരുടെയും ഇടയില്‍ നിന്ന് കുറച്ചുപേരെ ക്രിസ്ത്യാനികളാക്കുവാന്‍ സാധിച്ചു എന്ന് അപ്പ 16 സാക്ഷ്യപ്പെടുത്തുന്നു. ആദ്യം (അപ്പ 16:13-15) തിയത്തീറാ പട്ടണത്തില്‍നിന്നു വന്ന പട്ടുവസ്ത്ര വില്പനക്കാരിയും ദൈവഭക്തയുമായ ലിദിയായാണ് ക്രിസ്തുമതത്തിലേക്കാകര്‍ഷിക്കപ്പെട്ടവള്‍. അവളും അവളുടെ കുടുംബവും കര്‍ത്താവില്‍ വിശ്വസിക്കുകയും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പൗലോസിനെ അവള്‍ തന്‍റെ ഭവനത്തില്‍ അതിഥിയായി സ്വീകരിച്ചു. ഈ കഥ ഫിലിപ്പിയയിലെ ചില സാമൂഹ്യ പ്രത്യേകതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. അവിടെ സ്ത്രീകള്‍ക്ക് അനല്പ്പമായ പ്രാധാന്യം ഉണ്ടായിരുന്നു. ഫിലി 4:2-3ല്‍ ഉള്ള എവോദിയായെയും സിന്തിക്കെയെയും കുറിച്ചുള്ള സൂചനകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. അവര്‍ തമ്മില്‍ ഇപ്പോള്‍ സ്വരച്ചേര്‍ച്ച ഇല്ലായ്മ ഉണ്ടെങ്കിലും ഒരുകാലത്ത് അവര്‍ പൗലോസിനോടൊപ്പം സുവിശേഷപ്രചാരണത്തില്‍ സഹപ്രവര്‍ത്തകരായിരുന്നു. ഈ സ്ത്രീകളുടെയും എപ്പഫ്രോദിത്തോസിന്‍റെയും (ഫിലി 2:2) ക്ലെമന്‍റിന്‍റെയും (ഫിലി 4:3) നാമങ്ങള്‍, ഫിലിപ്പിയിലെ ക്രൈസ്തവരുടെ ഇടയില്‍ നല്ലൊരു ശതമാനംപേര്‍ വിജാതീയരില്‍നിന്നു വന്നവരാണെന്നു സൂചന നല്‍കുന്നു.
കൂടുതല്‍ മാനസാന്തരങ്ങള്‍ പിന്നീട് ഉണ്ടായി എന്ന് അപ്പ 15:16-40 സാക്ഷ്യപ്പെടുത്തുന്നു. ഫിലിപ്പിയില്‍വച്ച് ഭാവി പ്രവചിക്കുന്ന ആത്മാവ് ബാധിച്ചിരുന്ന ഒരു പെണ്‍കുട്ടിയില്‍ നിന്ന് ആ ആത്മാവിനെ പൗലോസ് പുറത്താക്കിയത് അവളുടെ യജമാനന്മാര്‍ക്ക് ഇഷ്ടപ്പെടാതെ വന്നു. കാരണം അവരുടെ ആദായമാര്‍ഗം ഇല്ലാതായി. അവര്‍ പൗലോസിനെയും സീലാസിനെയും ശല്യക്കാരായ യഹൂദരെന്ന് ചിത്രീകരിച്ച് ന്യായാധിപന്മാരുടെ മുമ്പില്‍ കൊണ്ടുചെന്നു. ന്യായാധിപന്മാരുടെ ഉത്തരവ് പ്രകാരം പൗലോസിനെയും സീലാസിനെയും വസ്ത്രം മാറ്റി പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടയ്ക്കുകയുണ്ടായി. ഇക്കാരണത്താലായിരിക്കണം തന്‍റെ ഫിലിപ്പിയയിലെ താമസത്തെ പരാമര്‍ശിച്ച് പൗലോസ് തെസലോണിയക്കാര്‍ക്ക് എഴുതിയത്: "നിങ്ങള്‍ക്കറിയാവുന്നതുപോലെ ഞങ്ങള്‍ വളരെ പീഡകള്‍ സഹിക്കുകയും ഫിലിപ്പിയില്‍വെച്ച് അപമാനിക്കപ്പെടുകയും ചെയ്തു" (1 തെസ 2:2). കാരാഗൃഹത്തില്‍ പൗലോസും സീലാസും ദൈവസ്തുതികള്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഒരു ഭൂകമ്പം ഉണ്ടാകുകയും അവരുടെ ബന്ധനങ്ങള്‍ നീക്കപ്പെടുകയും കാരാഗൃഹത്തിന്‍റെ വാതില്‍ തുറക്കപ്പെടുകയും ചെയ്തു. പൗലോസും സീലാസും രക്ഷപെടുവാന്‍ വിസമ്മതിക്കുന്നതുകണ്ട്, തടവറ കാവല്‍ക്കാരനും കുടുംബവും മാനസാന്തരപ്പെട്ടു. പിന്നീട് റോമാ പൗരന്മാരോട് മോശമായി പെരുമാറിയതില്‍ ന്യായാധിപന്മാര്‍ പൗലോസിനോടും സീലാസിനോടും മാപ്പപേക്ഷിക്കുകയും അവരോട് നഗരം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവര്‍ അവിടെ നിന്നും എഗ്നേഷ്യന്‍ പാതവഴി തെസലോനിക്കായിലേക്ക് പോയി.
ഫിലിപ്പിയര്‍ക്കുള്ള ഈ ലേഖനം രണ്ടോ മൂന്നോ ലേഖനങ്ങള്‍ ഒരുമിച്ച് ചേര്‍ത്തതാണെന്നുള്ള ചിന്ത ഇന്ന് വ്യാഖ്യാതാക്കളുടെ ഇടയില്‍ പ്രബലമായിട്ടുണ്ട്. ആദ്യം ഈ കത്തുകള്‍ പല സാഹചര്യങ്ങളില്‍ രചിക്കപ്പെട്ടതാണ്. പൗലോസ് ഫിലിപ്പിയര്‍ക്ക് "കത്തുകള്‍" എഴുതിയതായി രണ്ടാം നൂറ്റാണ്ടുകാരനായ പോളിക്കാര്‍പ്പ് സൂചിപ്പിക്കുന്നു. എന്നാല്‍ പോളിക്കാര്‍പ്പിന്‍റെ സൂചന അത്ര വ്യക്തതയുള്ളതല്ല. അതേസമയം ലേഖനത്തിനകത്തു തന്നെ അത് പലതാണെന്നുള്ള സൂചനയുണ്ട്. ഫിലി 3:1 ല്‍ കത്ത് ഏതാണ്ട് ഉപസംഹരിക്കുന്നു എന്ന് തോന്നുന്ന രീതിയില്‍ നാം വായിച്ചുവരുമ്പോള്‍ തൊട്ടടുത്ത വചനത്തില്‍, അതായത് 3,2ല്‍ പൗലോസ് സ്വയം നീതീകരിക്കത്തക്ക രീതിയില്‍ ചില എതിരാളികള്‍ക്കെതിരായി സംസാരിക്കുവാന്‍ തുടങ്ങുന്നു. അത് വളരെ ആശ്ചര്യകരമായി തോന്നുന്നു. അതുപോലെതന്നെ 4:2-9 ഒരു ഉപസംഹാരമാണെന്ന് വായനക്കാരന് തോന്നുമ്പോള്‍ 4:10 ലെ സന്തോഷിക്കുവാനുള്ള ആഹ്വാനം 3:1 നെത്തു ടര്‍ന്ന് നന്നായി ചേരുകയും ചെയ്യും. ഈ കാരണങ്ങളാല്‍ ലേഖനം മൂന്ന് കത്തുകളുടെ സംയോജനമാണെന്ന് പറയാതിരിക്കാന്‍ വയ്യ. (കത്ത് A: 4:10-20 നന്ദിപ്രകാശനക്കത്ത്: കത്ത് B: 1:1-3, 1a: 4:4-7:21-23 ഐക്യത്തിനും ആഹ്ലാദത്തിനും വേണ്ടിയുള്ള ആഹ്വാനക്കത്ത്; കത്ത് C: 3:1b:-4; 3:8-9 വാദപ്രതിവാദപരമായ കത്ത്). യഥാര്‍ത്ഥത്തില്‍ പൗലോസിന്‍റെതന്നെ പശ്ചാത്തലത്തില്‍നിന്നുവേണം ഈ മൂന്നു കത്തുകളുടെയും ആവിര്‍ഭാവത്തിന് കാരണം കണ്ടെത്താന്‍.
A യും B യും കത്തുകളെഴുതുമ്പോള്‍ പൗലോസ് കാരാഗൃഹത്തിലാണെന്നാണ് ധാരണ (അക്കാരണത്താല്‍തന്നെയാണ് പൗലോസിന്‍റെ ലേഖനങ്ങളുടെ പരമ്പരാഗത തരംതിരിക്കലില്‍ ഈ ലേഖനത്തെ കാരാഗൃഹ ലേഖനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്). പരമ്പരാഗതമായി ഇത് അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ പറഞ്ഞിരിക്കുന്ന റോമായില്‍ വച്ചുണ്ടായ (ഏ.ഡി. 61-63) വീട്ടുതടങ്കലാണെന്നാണ് കരുതിവരുന്നത് (അപ്പ 28:16-36). 1,13 ലെ "പ്രത്തോറിയ"ത്തെക്കുറിച്ചും 4:22 ലെ "സീസറിന്‍റെ ഭവന"ത്തെക്കുറിച്ചുമുള്ള സൂചനകള്‍ ഇതിനടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ റോമായില്‍നിന്ന് എഴുതപ്പെട്ടു എന്ന നിഗമനം അത്ര എളുപ്പം അംഗീകരിക്കാവുന്നതല്ല. അതിനുള്ള ചില കാരണങ്ങള്‍ ഇപ്രകാരമാണ്: (1) A യും B യും കത്തുകള്‍ വായിച്ചാല്‍ പൗലോസ് രണ്ടാമതൊരുപ്രാവശ്യം ഫിലിപ്പി സന്ദര്‍ശിച്ചിട്ടില്ല എന്നുതോന്നും. എന്നാല്‍ അപ്പ 20:1-6 പ്രകാരം തടവുകാരനായ പൗലോസ് റോമായിലേക്ക് യാത്ര തിരിക്കുന്നതിനു മുന്‍പായി തന്‍റെ ആദ്യത്തെ ഫിലിപ്പി സന്ദര്‍ശനത്തിനുശേഷം രണ്ടുപ്രാവശ്യം വീണ്ടും അവിടെ എത്തിയിരുന്നു എന്നുകാണാം. (2) ഫിലി 1:26 ഉം 2:24 ഉം പ്രകാരം പൗലോസ് വീണ്ടും ഫിലിപ്പിയക്കാരെ സന്ദര്‍ശിക്കുവാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. എന്നാല്‍ തന്‍റെ റോമിലെ കാരാഗൃഹവാസത്തിന് തൊട്ടുമുമ്പായി രചിക്കപ്പെട്ട റോമാക്കാര്‍ക്കുള്ള ലേഖനപ്രകാരം താന്‍ റോമാസാമ്രാജ്യത്തിലെ കിഴക്കന്‍ പ്രവിശ്യകളിലെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നാണ് പറയുന്നത് (റോമ 15:23-28). (3) ആശയപരമായി ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തിലെ ചിന്തകള്‍ റോമാക്കാര്‍ക്കും കോറിന്തോസുകാര്‍ക്കും എഴുതിയ ലേഖനങ്ങളിലെ ചിന്തകളുമായി, അതായത് പൗലോസിന്‍റെ ആദ്യകാലചിന്തകളുമായി ചേര്‍ന്നു പോകുന്നതാകുന്നു. (4) പൗലോസ് ഈ കത്ത് എഴുതുന്ന സ്ഥലത്തുനിന്ന് സൗകര്യപൂര്‍വം ഫിലിപ്പിയിലേക്ക് പോകുകയും വരുകയും ചെയ്യാമെന്നുള്ള സൂചനമൂലം (ഫിലി 2:19-25. 25-26; 4:10-13) ആ സ്ഥലം റോമ അല്ലെന്നു കരുതേണ്ടിയിരിക്കുന്നു; കാരണം റോമായും ഫിലിപ്പിയും തമ്മിലുള്ള ദൂരം വളരെ കൂടുതലായിരുന്നു.
റോമായിലെ കാരാഗൃഹവാസക്കാലമല്ലെങ്കില്‍ കേസറിയായിലെയും കോറിന്തോസിലെയും കാരാഗൃഹസമയങ്ങളാവാം എന്ന് ചില പണ്ഡിതര്‍ കരുതുന്നു. എന്നാല്‍ ഇന്ന് കൂടുതലായി അംഗീകരിക്കപ്പെടുന്ന കാരാഗൃഹവാസം എഫേസൂസിലേതാണ്. അതിന് മൂന്ന് കാരണങ്ങള്‍ പറയാനാവും: (1) മൂന്നാം പ്രേഷിതയാത്രക്കിടയില്‍ (അപ്പ 19:1-20:1) പൗലോസ് എഫേസൂസില്‍ മൂന്ന് വര്‍ഷം താമസിച്ചിരുന്നു (അപ്പ 20:31). എഫേസൂസില്‍വച്ച് പൗലോസ് എപ്പോഴെങ്കിലും കാരാഗൃഹത്തിലായിരുന്നുവെന്ന് നാം ഒരിടത്തും വായിക്കുന്നില്ല. പക്ഷേ പലവട്ടം കാരാഗൃഹവാസം അ നുഭവിച്ചതായി പൗലോസ് ഓര്‍ക്കുന്നു. (2 കോ റി 11:23); മാത്രമല്ല, ആലങ്കാരികമായിട്ടാണെങ്കില്‍പ്പോലും, "എഫേസൂസില്‍വച്ച് വന്യമൃഗങ്ങളോട് പോരാടി"യതിനെക്കുറിച്ച് (1 കോറി 15:30-32; 2 കോറി 1:8-10 കാണുക) പൗലോസ് പറയുന്നു. (2) എഫേസൂസില്‍ നിന്ന് പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയ ലിഖിതങ്ങളില്‍ "പ്രത്തോറിയ"ത്തെക്കുറിച്ചും "സീസറിന്‍റെ ഭവന"ത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. (3) ഫിലിപ്പി എഫേസൂസില്‍നിന്ന് വളരെ ദൂരെ ആയിരുന്നില്ല.
കത്ത് A, ഫിലി. 4:10-20: ഫിലിപ്പിയക്കാരുടെ പ്രതിനിധിയായ എപ്പഫ്രോദിത്തോസ്വഴി കാരാഗൃഹവാസിയായ പൗലോസിന് ഫിലിപ്പിയക്കാര്‍ ധനസഹായം അയച്ചു കൊടുത്തിരുന്നു. അതിന് ഉടന്‍തന്നെയുള്ള കൃതജ്ഞത രേഖപ്പെടുത്തലാണ് ആദ്യകത്തായ 4:10-20.
കത്ത് B, ഫിലി 1:1-3 1മ; 4:4-7:21-23: കത്ത് A എഴുതിയിട്ട് കുറച്ച് ആഴ്ചകള്‍ കഴിഞ്ഞായിരിക്കണം ഈ രണ്ടാമത്തെ കത്തെഴുതിയത്. എപ്പഫ്രോദിത്തോസിന് സുഖമില്ലാതായിരുന്നു. സുഖം പ്രാപിച്ച എപ്പഫ്രോദിത്തോസിന് ഫിലിപ്പിയിലേക്കു പോകുവാന്‍ തിടുക്കമായി. അപ്പോള്‍ പൗലോസ് ഫിലിപ്പിയിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി അല്‍പംകൂടി വിപുലമായ ഒരു കത്തെഴുതുന്നു. ഫിലിപ്പിയക്കാര്‍ തങ്ങളുടെ സഹപൗരന്മാരില്‍നിന്ന് വലിയ എതിര്‍പ്പനുഭവിക്കാന്‍ തുടങ്ങിയിരുന്നു (1:28-30). അതേസമയം ഫിലിപ്പിയാക്കാരുടെയിടയില്‍തന്നെ ഭിന്നിപ്പുകളും ഉണ്ടായിരുന്നു. എല്ലാത്തരം സ്വാര്‍ത്ഥതയുടെ ലക്ഷണങ്ങളും ഉപേക്ഷിച്ച് കൂട്ടായ്മയില്‍ വളരാന്‍ പൗലോസ് അവരെ ഉദ്ബോധിപ്പിക്കുന്നു. തന്‍റെതന്നെ സാഹചര്യത്തെക്കുറിച്ച് വിചിന്തനം നടത്തുന്ന പൗലോസ് സഹനത്തില്‍ യേശുക്രിസ്തുവിനോട് താദാത്മ്യം പ്രാപിക്കുവാനുള്ള സാധ്യതയെക്കുറിച്ചും അതില്‍നിന്ന് ഉളവാകുന്ന സവിശേഷമായ സന്തോഷത്തെക്കുറിച്ചും പഠിപ്പിക്കുന്നു.
കത്ത് C, ഫിലി 3:1യ-4; 3:8-9; വാദപ്രതിവാദപരമായ ഈ കത്ത് പൗലോസ് കാരാഗൃഹത്തില്‍നിന്ന് ഇറങ്ങിയതിനുശേഷമായിരിക്കണം രചിക്കപ്പെട്ടത്; മാത്രമല്ല അത് ഫിലി. 2:24ല്‍ ആഗ്രഹിച്ച ഫിലിപ്പി സന്ദര്‍ശനത്തിനു ശേഷവുമായിരിക്കാം. മിക്കവാറും അത് കോറിന്തോസില്‍നിന്ന് എഴുതിയതുമാവാം (അപ്പ 20:2-6; റോമ 15:24-26 കാണുക). യഹൂദവല്‍ക്കരണപ്രിയക്കാരായ, ചുറ്റിസഞ്ചരിച്ചിരുന്ന മിഷനറിമാരില്‍നിന്ന് ഫിലിപ്പിയിലെ സമൂഹത്തിന്‍റെ വിശ്വാസത്തിന് വലിയൊരു ഭീഷണി പൗലോസ് മുന്നില്‍ കാണുന്നു. ആയതിനാല്‍ എന്താണ് ക്രിസ്തുവിലേക്ക് മാനസാന്തരപ്പെടുന്നതിന്‍റെ അന്തഃസത്തയെന്ന് പൗലോസ് പഠിപ്പിക്കുന്നു.
A യും B യും കത്തുകള്‍ പൗലോസിന്‍റെ എഫേസൂസിലെ താമസത്തിന്‍റെ അന്ത്യഭാഗത്ത് രചിച്ചവയാകണം (ഏ.ഡി. 54-57); കത്ത് ഇ കുറച്ചു മാസങ്ങള്‍ക്കുശേഷമായിരിക്കണം രചിച്ചത് (ഏ.ഡി. 57-58).
ലേഖനം മൂന്നു കത്തുകളുടെ സമാഹാരമാണെങ്കിലും ഇന്നത്തെ നമ്മുടെ കൈവശമുള്ള ലേഖനത്തിന്‍റെ ഘടന ഇപ്രകാരമാണ്.
ഡോ. ജേക്കബ് പ്രസാദ്
Epistles of Paul Epistle to the Philippians catholic malayalam st. paul Dr. Jacob Prasad Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206