We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Joseph Meleparambil On 08-Feb-2021
ആമുഖം
പുതിയനിയമത്തിലെ ഒന്‍പതാമത്തെ പുസ്തകമായി പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന ഗ്രന്ഥമാണ് പൗലോസ് ഗലാത്തിയായിലെ സഭകള്‍ക്ക് എഴുതിയ ലേഖനം. ഈ ഗ്രന്ഥം എക്കാലവും പൗലോസിന്‍റെ ലേഖനങ്ങളുടെ ശേഖരത്തിന്‍റെ ഭാഗമായിരുന്നു. ആദിമസഭാസമൂഹങ്ങളുടെ ചിത്രം, പൗലോസിന്‍റെ വിജാതീയര്‍ക്കായുള്ള സുവിശേഷമറിയിക്കലിനായുള്ള നിയോഗം, യേശു ജീവിതപീഡാനുഭവ-മരണോത്ഥാനങ്ങളിലൂടെയും അരൂപിയുടെ സാന്നിധ്യത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും സംജാതമായ ദൈവപുത്രസ്ഥാനം, വിശ്വാസത്തിലൂടെയുള്ള നീതീകരണം, ദൈവാത്മാവിന്‍റെ നിയന്ത്രണത്തില്‍ കീഴിലുള്ള ക്രിസ്തീയ ജീവിതശൈലി, യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെ അന്തരാര്‍ത്ഥങ്ങള്‍ തുടങ്ങിയ പ്രധാന ദൈവശാസ്ത്രവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സാഹിത്യമികവിന്‍റെ മകുടോദാഹരണവുമായ ലേഖനമാണിത്. ലേഖനഘടനയെ ക്രിയാത്മകമായി ഉപയോഗിക്കുന്നതും ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ അന്തര്‍ധാരകളെ വചനാധിഷ്ഠിതമായും വാഗ്മിത്വത്തിന്‍റെ മികവോടുകൂടിയും കൈമാറുന്നതും ഗലാത്തിയായിലെ സഭകള്‍ക്കെഴുതപ്പെട്ട ലേഖനത്തിന്‍റെ പ്രത്യേകതകളാണ്.
ഗ്രന്ഥകര്‍ത്താവ്
പൗലോസാണ് ഈ ലേഖനത്തിന്‍റെ രചയിതാവ് എന്ന വസ്തുതയ്ക്ക് ലേഖനം തന്നെയാണ് സാക്ഷി (1:2; 5:2). അദ്ദേഹം മാനസാന്തരത്തിന് മുന്‍പ് യഹൂദനായിരുന്നു എന്നും (1:13) വിജാതീയര്‍ക്കായി സുവിശേഷമറിയിക്കുവാന്‍ പ്രത്യേകം നിയോഗിക്കപ്പെട്ടുവെന്നും സ്വജീവിതത്തിലൂടെ സുവിശേഷത്തിന് മാതൃകയായി എന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട് (1:13-17; 1:13-2:21). പൗലോസ് സ്വന്തം വാക്കുകളില്‍ എഴുതിയിരിക്കുന്ന എന്ന സാക്ഷ്യവും (6:11-18) രചനാശൈലിയും, ദൈവശാസ്ത്രചിന്തകളും മുന്നറിയിപ്പുകളും വൈകാരികമായ സമീപനങ്ങളും (3:1-5; 1:6) ലേഖനകര്‍ത്താവ് പൗലോസാണ് എന്നതിന് ഉറപ്പു നല്‍കുന്നു. മറ്റൊരാള്‍ ഇത്രയധികം വൈകാരിക അടുപ്പത്തോടും തീക്ഷ്ണതയോടും ഉറ്റബന്ധത്തിന്‍റെ ശൈലിയിലും ആധികാരികതയോടും അവതരിപ്പിക്കുവാന്‍ പൗലോസ് അനുവദിക്കുവാന്‍ സാധ്യതയില്ല.
മാര്‍സിയോന്‍ (ഏ. ഡി. 140), അത്തനാഗോറസ്, രക്തസാക്ഷിയായ ജസ്റ്റിന്‍ തുടങ്ങിയ ആദ്യകാല ചിന്തകരായ ചരിത്രകാരന്മാരും, പോളികാര്‍പ്പ്, അന്ത്യോക്യയിലെ ഇഗ്നേഷ്യസ് തുടങ്ങിയ സഭാപിതാക്കന്മാരുടെ രചനകളും 180ലെ മുറട്ടോറിയന്‍ കാനനും ഈ ലേഖനം പൗലോസ് രചിച്ചതാണ് എന്ന് സംശയമെന്യേ തെളിയിക്കുന്നു. അതിനാല്‍ ലേഖനം പൗലോസിന്‍റെ തൂലികയില്‍നിന്നും ജന്മംകൊണ്ടതാണ് എന്ന നിലപാടിന് വ്യക്തത ലഭിക്കുന്നു.
സ്വീകര്‍ത്താക്കള്‍, രചനാകാലം
ഗലാത്തിയായിലെ സഭകള്‍ക്കെഴുതുന്നു (1:2; 3:1) എന്നാണ് ലേഖനത്തില്‍ പറയുക. ബഹുവചനത്തിന്‍റെ ഉപയോഗം പല സമൂഹങ്ങളാണ് അതിന്‍റെ സ്വീകര്‍ത്താക്കള്‍ എന്നര്‍ത്ഥമാക്കുന്നു. ആധുനികതുര്‍ക്കിയുടെ ഭാഗമാണ് ഏഷ്യാമൈനറില്‍ ഗലാത്തിയാ എന്നറിയപ്പെട്ടിരുന്ന റോമന്‍ പ്രവിശ്യ. ഇതിലുള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍ രാഷ്ട്രീയവ്യതിയാനങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തങ്ങളായിരുന്നതുകൊണ്ട് പൗലോസിന്‍റെ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഗലാത്തിയ ഏതെന്ന് കൃത്യമായി പറയുക എളുപ്പമല്ല. അത് വടക്കന്‍ ഗലാത്തിയായിലെയോ തെക്കന്‍ഗലാത്തിയായിലെയോ സഭകള്‍ ആകാം എന്നതാണ് സാദ്ധ്യത. നടപടിഗ്രന്ഥത്തിന്‍റെ സാക്ഷ്യമനുസരിച്ച് ഒന്നാം പ്രേഷിതയാത്രയില്‍ പൗലോസ് തെക്കന്‍ ഗലാത്തിയായില്‍ പിസിദിയായിലെ അന്തോക്യായിലും, ഇക്കോണിയത്തിലും ലിസ്ത്രായിലും ദെര്‍ബേയിലും സഭകള്‍ സ്ഥാപിച്ചിരുന്നു (നട 13:14-51; 14:16). രണ്ടാം യാത്രയിലും വീണ്ടും അവരെ സന്ദര്‍ശിക്കുന്നതായി കാണുന്നു (നട 16:1-2). വടക്കന്‍ ഗലാത്തിയായുടെ ഭാഗങ്ങളായ ആന്‍സീറാ, പെസ്സീനുസ്, താവിയും എന്നിവിടങ്ങളില്‍ രണ്ടാം യാത്രയിലും (നട 16:6). മൂന്നാം യാത്രയിലും (നട 18:2) സന്ദര്‍ശനം നടത്തിയതായി കാണുന്നു. ലേഖനത്തില്‍ 4:8; 5:2-3; 6:12-13 എന്നീ വചനങ്ങളെ അടിസ്ഥാനപ്പെടുത്തിയ സൂചനകള്‍ ഗലാത്തിയായിലെ സഭകള്‍ മിക്കവാറും യഹൂദേതര ക്രിസ്ത്യാനികള്‍ അടങ്ങിയതായിരുന്നു എന്ന നിഗമനത്തിലാണ് എത്തിച്ചേരുക. തെക്കന്‍ ഗലാത്തിയായില്‍ പിസിദിയായിലെ അന്ത്യോക്യായിലും, ലിസ്ത്രായിലുമെല്ലാം പ്രധാനമായും യഹൂദര്‍ വസിച്ചിരുന്നതിനാല്‍ വടക്കന്‍ ഗലാത്തിയായില്‍ വസിച്ചിരുന്ന വിജാതീയരില്‍ നിന്നും സുവിശേഷത്തെ സ്വീകരിച്ച് യേശു അനുഗാമികളായിത്തീര്‍ന്നവരും എന്നാല്‍ പിന്നീട് വ്യക്തമായ സ്വാധീനങ്ങളാല്‍ (1:6-10; 3:1-5) അതില്‍ നിന്നും വ്യതിചലിക്കുവാന്‍ കാരണമായിട്ടുള്ളവരുമായിരിക്കണം ലേഖനത്തിന്‍റെ സ്വീകര്‍ത്താക്കള്‍. വിശ്വാസം സ്വീകരിച്ചിട്ട് ഏറെ നാളായിട്ടില്ല എന്നത് 1:6 ല്‍ നിന്നും ലഭിക്കുന്ന ധ്വനിയാണ്.
ചുരുക്കത്തില്‍ വടക്കന്‍ ഗലാത്തിയായിലെ രണ്ടാം സന്ദര്‍ശനത്തിനുശേഷം (നട 18:23) ഈ ലേഖനം എഴുതപ്പെട്ടു (ഗലാ 4:1) എങ്കില്‍ ഏ.ഡി. 54-55 കാലഘട്ടത്തില്‍ എഫേസൂസില്‍ നിന്നും എഴുതിയതായിരിക്കണം. മറിച്ച് തെക്കന്‍ ഗലാത്തിയായിലാണ് ഇവര്‍ വസിച്ചിരുന്നത് എന്ന നിഗമനമെടുത്താല്‍ ഏ.ഡി. 49-50 കാലഘട്ടത്തില്‍ അന്തോക്യയില്‍ നിന്നും എഴുതിയതാണെന്ന് മനസ്സിലാക്കേണ്ടി വരും. കൃത്യവും വ്യക്തവുമായ തീരുമാനമെടുക്കുക ഏറെ ശ്രമകരമാണ്.
ലേഖനത്തിന്‍റെ പശ്ചാത്തലം
ഏ. ഡി. 54ന് മുന്‍പായി പൗലോസ് ഗലാത്തിയാക്കാരുടെ ഇടയില്‍ സുവിശേഷം പ്രസംഗിക്കുകയും സഭാസമൂഹത്തിന് രൂപം നല്‍കുകയും ചെയ്തു. അതിനുശേഷം യഹൂദരില്‍ നിന്നും യേശു അനുഗാമികളായവര്‍ ഗലാത്തിയായില്‍ എത്തിച്ചേരുകയും യഥാര്‍ത്ഥസുവിശേഷത്തില്‍നിന്നും വ്യത്യസ്തമായ മറ്റൊരു സുവിശേഷമറിയിക്കുകയും സഭാസമൂഹത്തിലെ അംഗങ്ങളെ യഥാര്‍ത്ഥ സുവിശേഷത്തില്‍നിന്നും വ്യതിചലിപ്പിക്കുകയും ചെയ്തു. ലേഖനത്തില്‍ ഇവരെക്കുറിച്ച് 1:7 (6-10); 3:1; 4:17; 5:7-12; 6:12-13 എന്നിവിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. അവര്‍ പുറത്തുനിന്ന് വന്നവരും ഗലാത്തിയാക്കാരുടെയിടയില്‍ യഥാര്‍ത്ഥ സുവിശേഷത്തെക്കുറിച്ചുള്ള ധാരണകളില്‍നിന്നും അവ രെ വ്യതിചലിപ്പിക്കുന്നതിന് പങ്കുവഹിച്ചവരുമാണ്. ക്രിസ്തുവിന്‍റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ ഉപേക്ഷിക്കുവാന്‍ തക്കവിധം വ്യത്യസ്തമായ സുവിശേഷമായിരുന്നു (1:6-7). ദൈവം ക്രിസ്തുവിലൂടെ നല്‍കിയ സുവിശേഷത്തെ അവര്‍ വികലമാക്കി. അവര്‍ തന്ത്രശാലികളും കപടനാട്യക്കാരും വഴിതെറ്റിക്കുന്നവരുമാണ്. അവരുടെ ഇടപെടലിനുമുമ്പ് ഗലാത്തിയാക്കാര്‍ സുവിശേഷജീവിതത്തില്‍ വളരുന്നവരുമായിരുന്നു (5:7-12). എന്നാല്‍ എതിരാളികള്‍ അവരെ വശീകരിച്ചതിനാല്‍ നിയമത്തിന്‍റെ ചൊല്‍പ്പടിയില്‍നിന്ന് സ്വതന്ത്രമായ പൗലോസിന്‍റെ സുവിശേഷത്തില്‍ വളരുന്നതിന് തടസ്സമായി എന്നു മാത്രമല്ല അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇവര്‍ ഗലാത്തിയാക്കാരെ ഒറ്റപ്പെടുത്തി വശത്താക്കുവാന്‍ ശ്രമിച്ചിരിക്കണം. യഹൂദവല്‍ക്കരണക്കാര്‍ എന്നിവരെ വിശേഷിപ്പിക്കാറുണ്ട്. യഹൂദരെയും വിജാതീയരെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്ന രക്ഷയെ വിശ്വാസംവഴി സ്വായത്തമാക്കുക എന്ന കാര്യത്തില്‍ പൗലോസും എതിരാളികളും ഒന്നിച്ചിരുന്നു. എന്നാല്‍ മറ്റൊരു സുവിശേഷത്തിന്‍റെ പ്രഘോഷകര്‍ യേശുവിലുള്ള രക്ഷ സ്വന്തമാക്കുന്നതിന് വിശ്വസിക്കുക മാത്രം ചെയ്താല്‍ പോരാ നിയമാനുഷ്ഠാനവും അതുള്‍ക്കൊള്ളുന്ന പരിച്ഛേദനവും പഞ്ചാംഗപ്രകാരമുള്ള ആചരണങ്ങളും തിരുനാളാഘോഷങ്ങളും നടത്തണമെന്നും വാദിച്ചു (ഗലാ 4:10-11). അതിനാല്‍ പൗലോസിന്‍റെ സുവിശേഷഭാഷ്യം (1:11-12; 1:13-2:21) ഭാഗികമാണെന്നും, പൗലോസ് പില്കാലത്തു വന്നവനാണെന്നും, അപ്പസ്തോലന്മാര്‍ എല്ലാവരും പരിച്ഛേദിതരായിരുന്നുവെന്നും അതിനാല്‍ പരിച്ഛേദനവും ഭക്ഷണനിയമങ്ങളുടെ അനുസരണവും രക്ഷയുടെ പാതയില്‍ സാധകമാണെന്നും വാദിച്ചിരിക്കണം. എതിരാളികളുടെ ചിന്തയില്‍ ദൈവം അബ്രാഹത്തിലൂടെ സകലജനതകളെയും അനുഗ്രഹിക്കുകയുണ്ടായി. അത് യേശുക്രിസ്തുവിലൂടെയും അരൂപിയുടെ ദാനത്തിലൂടെയും നല്‍കപ്പെട്ടിരിക്കുന്നു (1:4-7; 5:22-6:10). പക്ഷേ അബ്രാഹവുമായുള്ള ഉടമ്പടി പരിച്ഛേദനകര്‍മ്മവുമായും മറ്റു നിയമാചരണവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൂടാതെ രക്ഷ സാധ്യമല്ല. ഇത്തരം ചിന്താധാരയില്‍നിന്നും അവരെ മോചിപ്പിക്കുവാന്‍വേണ്ടിയാണ് പൗലോസ് ദൈവികമാ യതും തനിക്കു ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ടതും (1:11-12) പൗലോസിന്‍റെ ജീവിതത്തിലൂടെ മാതൃകാപരമായി പ്രാവര്‍ ത്തികമായതും (1:13-2:21) ഗലാത്തിയാക്കാര്‍ പൗലോസില്‍നിന്നും ശ്രവിച്ച് വിശ്വാസിക്ക് അരൂപിയുടെ പ്രവര്‍ത്തനത്തിന്‍ കീഴില്‍ ജീവിച്ചതുമായ (3:1-5; 4:4-7) സുവിശേഷത്തെ ഗാഢമായി ആശ്ലേഷിക്കുവാന്‍ ആഹ്വാനം ചെയ്യുക. ക്രിസ്തു അവരില്‍ രൂപപ്പെടുന്നതുവരെ അവര്‍ക്കായി ഈറ്റുനോവനുഭവിക്കുന്ന പൗലോസാണ് ലേഖനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് (4:19). അരൂപിയുടെ തണലില്‍ ജീവിക്കുവാനും പ്രലോഭിതരാകാതെ ക്രിസ്തുവില്‍ നല്ല സമൂഹമായി വളരുവാനും അഭിലഷിക്കുകയും ന്യായവാദം നടത്തുകയും ചെയ്യുകയാണ് പൗലോസ് ചെയ്യുന്നത് (5:22-6:10). എതിരാളികളുടെ പ്രചരണത്തിനും വശീകരണത്തിനും വിധേയരായവരും വശീകരിക്കപ്പെട്ടവരും വ്യതിചലിക്കപ്പെട്ടവരുമായവരോട് യഥാര്‍ത്ഥ സുവിശേഷത്തിന്‍റെയും (1:11-12) ദൈവപുത്രസ്ഥാനത്തിന്‍റെയും അര്‍ത്ഥവ്യാപ്തികളും പരിണിതഫലങ്ങളും അറിയിക്കുന്നതും ശാസിക്കുന്നതുമായ പശ്ചാത്തലത്തില്‍ (1:6-10) വേണം ലേഖനത്തിന്‍റെ മുഖ്യവിഷയമായ സുവിശേഷത്തെയും അതനുസരിച്ചുള്ള ജീവിതശൈലിയെയും അവലോകനം ചെയ്യുവാന്‍.
ഘടന
പൗലോസിന്‍റെ എല്ലാ ലേഖനങ്ങളിലും കാണുന്ന രൂപഘടന ഗലാത്തിയാക്കാര്‍ക്ക് എഴുതപ്പെട്ട ലേഖനത്തിലും പ്രകടമാണ് യവന- റോമന്‍ കത്തുകള്‍ എഴുതുമ്പോള്‍ സാധാരണയായി ഉപയോഗിച്ചിരുന്ന ഘടനയെ യേശുകേന്ദ്രീകൃതമായ കാഴ്ചപ്പാടിലും ക്രിയാത്മകമായും വിപുലമാക്കി സുവിശേഷമറിയിക്കുന്നതിന് മാദ്ധ്യമമാക്കുകയാണ് അദ്ദേഹം ചെയ്യുക. പഴയനിയമത്തിലും ലേഖനങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ കാണാവുന്നതാണ് (2 സാമു 11:14; 1 രാജാ 21:8; 2 രാജാ 10:1-19:14; ഏശ 37: 14; എസ്രാ 4:27-23; ദിന 30:1). ഇതില്‍നിന്നെല്ലാം രൂപം കൊണ്ടതും എന്നാല്‍ വ്യത്യസ്തവും സാഹചര്യാധിഷ്ഠിതവുമാണ് പൗലോസിന്‍റെ ലേഖനങ്ങള്‍. ഗലാത്തിയാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ അഭിവാദനം, മുഖ്യസന്ദേശം ഉപസംഹാരം (അന്ത്യാഭിവാദനം) എന്നീ ഘടകങ്ങള്‍ വ്യക്തമാണെങ്കിലും സാധാരണ മറ്റു ലേഖനങ്ങളില്‍ കാണുന്ന കൃതജ്ഞതാപ്രകാശനം ഇല്ല. കാരണം യേശുവിന്‍റെ യഥാര്‍ത്ഥ സുവിശേഷത്തില്‍നിന്നും ഗലാത്തിയാക്കാര്‍ വ്യതിചലിച്ചതില്‍ ക്ഷുഭിതനായി ശാസനാഭാവത്തോടെ പ്രശ്നാവതരണം (1:6-10) നടത്തുകയാണ് ചെയ്യുക. കൃതജ്ഞതാപ്രകാശനത്തിനുപകരം ഒറ്റവാചകത്തില്‍ ദൈവത്തിന് മഹത്വമര്‍പ്പിക്കുന്നതായി കാണാം (1:5). ഗ്രീക്കുകാരുടെയും റോമാക്കാരുടെയും പ്രഭാഷണശൈലികളും ന്യായവാദരീതികളും യഹൂദരുടെ വചനവിശകലനപാടവവും, ചിട്ടപ്പെടുത്തപ്പെട്ട ന്യായവാദരീതികളും ഗലാത്തിയാക്കാര്‍ക്കുള്ള ലേഖനത്തില്‍ സമന്വയിക്കപ്പെടുന്നതിനാല്‍ ഈ ലേഖനത്തിന്‍റെ ഘടന വളരെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ദൈവത്താല്‍ പ്രത്യേകം നിയോഗിക്കപ്പെട്ട് വിജാതീയര്‍ക്കായി സുവിശേഷമറിയിക്കുന്ന പ്രക്രിയയില്‍ (1:13-17) ഗലാത്തിയാക്കാര്‍ക്കായി രചിച്ച സുവിശേഷഭാഷ്യം താഴെ പറയുന്ന ഘടന ഉള്‍ക്കൊള്ളുന്നതായി കാണാം.
A. ആമുഖം:
B. പൗലോസിന്‍റെ സുവിശേഷം 1:11-2:21
C. പ്രധാന ന്യായവാദങ്ങള്‍: അനുഭവത്തിന്‍റെയും തിരുലിഖിത ത്തിന്‍റെയും സാക്ഷ്യങ്ങള്‍ 3:1-5:12
D. അരൂപിയില്‍ ജീവിക്കുക 5:13-6:10
E. അന്തിമനിര്‍ദ്ദേശങ്ങള്‍; അഭിവാദനം 6:11-18
സന്ദേശം
ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു എന്ന ലക്ഷ്യത്തെമുന്‍നിര്‍ത്തി, ക്രിസ്തുവിന്‍റെ സുവിശേഷത്തില്‍നിന്നും വ്യതിചലിച്ച (1:6-7) ഗലാത്തിയായിലെ സഭയെ സത്യസുവിശേഷത്തിലേയ്ക്ക് നയിക്കുവാനുള്ള ശ്രമമാണ് ഗലാത്തിയാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ കാണുക. യഥാര്‍ത്ഥ സുവിശേഷത്തില്‍നിന്നും വ്യതിചലിച്ചതിന്‍റെ ആശ്ചര്യവും അമര്‍ഷവും (1:6; 3:1-7) അതിന്‍റെ ആരംഭത്തില്‍തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഉത്ഥിതന്‍റെ സുവിശേഷത്തിലേയ്ക്ക് അവരെ നേടിയെടുക്കുവാനും വളര്‍ത്തുവാനുമുള്ള ശ്രമത്തില്‍ നടത്തുന്ന ന്യായവാദങ്ങളിലാണ് ലേഖനത്തിന്‍റെ സന്ദേശം അടങ്ങിയിരിക്കുക.
ലേഖനം തുടങ്ങുന്നത് ദൈവനിയോഗത്തിലധിഷ്ഠിതമായ പൗലോസിന്‍റെ ജീവിതവും ദൗത്യവും അറിയിച്ചുകൊണ്ടാണ് (1:1). ദൈവത്തില്‍നിന്നാണ് തന്‍റെ അപ്പസ്തോലിക ദൗത്യം ലഭിച്ചിരിക്കുക. ചെറുത്തുനില്ക്കുവാനോ മറുതലിക്കുവാനോ ആവാത്തവിധം (ആമോ 3:8; ജറെ 20:9) ദൈവത്തില്‍നിന്നും ലഭിച്ച നിയോഗവും പ്രവാചകദൗത്യവുമാണദ്ദേഹത്തിന്‍റേത്.ദൈവത്തിന്‍റെ ദാസന്മാരായ പിതാക്കന്മാരുടെയും ന്യായാധിപന്മാരുടെയും പ്രവാചകന്മാരുടെയും (ഏശ 49:1-6; ജറെ 1:4-10; 2രാജാ 18:12; നെഹെ 9:14; സങ്കീ 105:26; ദാനി 9:10) നിരയില്‍ അണിചേര്‍ന്ന് പുതിയ കാലഘട്ടത്തില്‍ ദൈവപുത്രനും കര്‍ത്താവുമായ യേശുവിനെ വിജാതീയര്‍ക്കായി അറിയിക്കുന്നതിന് (1:13-17) പ്രത്യേകം ദൈവത്താല്‍ നിയോഗിക്കപ്പെട്ട അപ്പസ്തോലനാണ് പൗലോസ്. അതിന്‍റെ അടിസ്ഥാനം ദൈവത്തിന്‍റെ പ്രവര്‍ത്തനമാണ്. സന്ദേശത്തിന്‍റെ ഉള്ളടക്കം ഉത്ഥിതനായവനെ കണ്ടുമുട്ടിയ അനുഭവവും വെളിപാടും, ലക്ഷ്യം വിജാതീയരും. ഇതിന്‍റെ നിര്‍വഹണത്തില്‍ സ്നേഹപൂര്‍വകമായ സമീപനവും (4:19-20), ആധികാരികമായ നീക്കങ്ങളും (3:3-5; 5:7) ധര്‍മ്മനിഷ്ഠമായ ധീരതയും (1:8-10; 2:14-16; 4:8-11; 5:14-12), തികഞ്ഞ ശുഭാപ്തിവിശ്വാസവും, ആത്മാവിനെ കാതോ ര്‍ത്തുനില്‍ക്കുന്നവന്‍റെ ദൈവികഭാവവും ലേഖനത്തില്‍ (5:13-6:12) പ്രകടമാണ്.
പൗലോസ് അറിയിക്കുന്ന സുവിശേഷം ക്രിസ്തീയ സന്ദേശത്തിന്‍റെ രത്നച്ചുരുക്കമാണ്. സുവിശേഷം (1:6-7; 2:2-7), ക്രിസ്തുവിന്‍റെ സുവിശേഷം (2:11), സുവിശേഷത്തിന്‍റെ സത്യം (2:5-14) എന്നീ പരാമര്‍ശങ്ങളിലൂടെയാണ് അപ്പസ്തോലന്‍ അറിയിക്കുക. കൂടാതെ സുവിശേഷവും ക്രിസ്തുവും (1:16), സുവിശേഷവും ക്രൂശിക്കപ്പെട്ട ക്രിസ്തുവും എന്നും പറയുന്നതായി കാണാം (3:1). ഉത്ഥിതനെ കണ്ടുമുട്ടിയ (1:16-17; നട 9:1-9) അനുഭവത്തില്‍നിന്ന്, വെളിപാടു വഴിയാണ് അത് ലഭിച്ചത്. യേശു ജീവിത പീഡാനുഭവമരണോത്ഥാനങ്ങളും അരൂപിയുടെ ദാനവുമാണ് അതിന്‍റെ അന്ത:സത്ത (4:4-7; 1:16). അത് പാരമ്പര്യത്തിലധിഷ്ഠിതമാണ്. പൗലോസ് പ്രഘോഷിച്ചതാണ് (3:1-5). ജീവിതത്തിന്‍റെ മാനദണ്ഡവും ദൈവികവാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണവുമാണ് (3:6; 4:4-7). ക്രിസ്തുവിലൂടെ പഠിച്ച വെളിപാടും ആദിമസഭയുടെ പാരമ്പര്യവും അതില്‍ നിര്‍ലീനമായിരിക്കുന്നു. ഇതിന്‍റെ നേട്ടം വിജാതീയര്‍ക്കും ലഭ്യമാണ് (3:26-28). അത് സാര്‍വ്വത്രികമാണ്, ഊര്‍ജ്ജസ്വലമാണ് (3:8; 3:26-28); നിര്‍ണ്ണായകമാണ.് അതിനാല്‍ മറ്റൊരു സുവിശേഷത്തിന് സ്ഥാനമില്ല (1:6-10). അത് അറിയിക്കപ്പെടണം (1:11-12) ചര്‍ച്ചയ്ക്കായി അവതരിപ്പിക്കണം (2:2). മാതൃസഭയുടെ അംഗീകാരവും അതിനുണ്ട് (2:1-10). സുവിശേഷത്തോട് പ്രതികരിക്കുന്ന പ്രക്രിയയില്‍ വിശ്വാസവും പ്രത്യാശയുമുണ്ട്. അതിനാല്‍ നിയമത്തിന്‍റെയും ആചാരാനുഷ്ഠാനങ്ങളുടെയും അധീശത്വം അവസാനിച്ചിരിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് നീതീകരണം സാദ്ധ്യമാക്കുക (2:15-20; 3:6-24). പൗലോസിന്‍റെ ദൈവത്താല്‍ വിജാതീയര്‍ക്കായി നിയോഗിക്കപ്പെട്ടതും, മാതൃസഭയായ ജറുസലേം അംഗീകരിച്ചതുമായ (2:1-10) ജീവിതം അതിന് മാതൃകയാണ് (11:13-2:21).
പാപത്തില്‍നിന്നും നിയമത്തില്‍നിന്നും ശാപത്തില്‍നിന്നും സ്വാതന്ത്ര്യവും പുതുജീവനും നല്‍കിയത് യേശുവാണ് (4:1-7). ക്രിസ്തുവിന്‍റെ മരണോത്ഥാനങ്ങളിലൂടെ സാധിച്ചുതന്ന രക്ഷയെ വിശ്വാസത്തിലൂടെ കരസ്ഥമാക്കുകയും സ്നേഹത്തിന്‍റെ ജീവിതത്തിലൂടെ (5:13-15; 6:2) പ്രാവര്‍ത്തികമാക്കി സ്വന്തമാക്കുകയുമാണ് ചെയ്യേണ്ടത്. ക്രിസ്തുവിലൂടെ നല്‍കപ്പെട്ട രക്ഷയെ വിശ്വാസത്തില്‍ സ്വീകരിച്ച് ദൈവത്തോടുള്ള സമര്‍പ്പണത്തില്‍ പൂര്‍ണ്ണമായി ചേരുമ്പോള്‍ ദൈവം നമ്മെ അംഗീകരിക്കുന്നു. ദൈവത്തിന്‍റെ ഈ അംഗീകാരമാണ് നീതികരണം (2:16-20; 3:8-24). അതിനാല്‍ ക്രിസ്തുവിലായിരിക്കുന്നതുവഴിയാണ് നമ്മള്‍ ദൈവത്തിന്‍റെ മക്കളായിത്തീരുക. ദൈവം നമ്മെ ക്രിസ്തുവഴി അംഗീകരിച്ച്, നീതീകരിച്ച് ദൈവത്തിന്‍റെ മക്കളായി ത്തീര്‍ത്തതിന്‍റെ അടയാളവും പൂര്‍ത്തീകരണവുമാണ് അരൂപിയുടെ ദാനവും സാന്നിദ്ധ്യവും പ്രവര്‍ത്തനവും (3:1-5; 4:4-7; 5:2-6; 13-6:10). തിരുലിഖിതങ്ങളുടെ സാക്ഷ്യവും (3:6-24) ഗലാത്യര്‍ വിശ്വാസത്തിലേക്ക് കടന്നുവന്നതിന്‍റെ അനുഭവവും അതിന് സാക്ഷ്യങ്ങളാണ് (3:1-5). അതിനാല്‍ യഹൂദപക്ഷവാദികളുടെ ആചാരാനുഷ്ഠാനങ്ങളിലധിഷ്ഠിതമായ സുവിശേഷത്തിന് സാധ്യതയില്ല തന്നെ (4:12-20). നിയമത്തിനുണ്ടായിരുന്ന ദൗത്യം മിശിഹാ വരുന്നതുവരെ പരിശീലകന്‍ ആയിരിക്കുക എന്നതായിരുന്നു. യേശു മനുഷ്യകുലത്തെ നിയമത്തിന്‍റെ അടിമത്തത്തില്‍നിന്നും സ്വതന്ത്രമാക്കിയിരിക്കുന്നു (3:10-14). ദൈവത്തിന്‍റെ ക്രിസ്തുവിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട രക്ഷാകരപദ്ധതിയിലൂടെ ദൈവമക്കള്‍ പുത്രന്‍റെ അരൂപിയെ (4:6) സ്വീകരിച്ചിരിക്കുന്നു; ദൈവത്തെ പിതാവേ എന്ന് വിളിക്കുവാന്‍ പ്രാപ്തരായിരിക്കുന്നു. ആത്മാവിനെ സ്വീകരിച്ചവര്‍ ജഡത്തിന്‍റെ വഴികളെ പിന്‍ചെന്നാല്‍ ക്രിസ്തുവിലൂടെ നല്‍കപ്പെട്ട രക്ഷ വിഫലമാകും (3:3-5; 25:26; 6:8). അവര്‍ ക്രിസ്തുവില്‍ ജീവിക്കണം (3:27; 5:26). സ്വന്തം ജീവിതം അസ്തമിച്ചിട്ട് അവന്‍ ക്രിസ്തുവിലും ക്രിസ്തു അവനിലും ജീവിക്കുന്നു (2:20-21). സ്വജീവിതത്തിന്‍റെ സര്‍വഭാവങ്ങളും ഇനി ക്രിസ്തു കേന്ദ്രീകൃതമാകും. ജീവിതത്തിന്‍റെ പ്രേരണയും ശക്തിയും ക്രിസ്തുവാണ്. സകലതിനും മാനദണ്ഡം ക്രിസ്തുഹിതവും.
ക്രിസ്തുവിലായിരിക്കുന്നവര്‍, ആത്മാവിനെ സ്വീകരിച്ചവര്‍, ആത്മാവില്‍ വ്യാപരിക്കേണ്ടവരാണ്. ദൈവത്തിന്‍റെ ആത്മാവിനെ (3:1 -5) പുത്രന്‍റെ ആത്മാവിനെയാണ് (4:6) ദൈവമക്കള്‍ സ്വീകരിക്കുന്നത്. അതിനാല്‍ ആത്മാവിനാല്‍ നയിക്കപ്പെടണം. എങ്കില്‍ ജഡത്തിന്‍റെ നിയമങ്ങള്‍ക്ക് അതീതരാകും. ആത്മാവിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കുക ഇനി കടമയാണ്. (5:22-24). ആത്മാവിന്‍റെ ഫലങ്ങളില്‍ പ്രധാനം സ്നേഹമാണ്. അരൂപിയിലധിഷ്ഠിതമായി സ്നേഹത്തില്‍ വ്യാപരിച്ചുകൊണ്ടാണ് (3:1-5; 4:47) തുടക്കവും വളര്‍ച്ചയും ഫലവത്താക്കേണ്ടത് (5:13-6:10). ചലനാത്മകവും ജീവദായകവുമായ അരൂപിയുടെ, പരിശുദ്ധാത്മാവിന്‍റെ നായകത്വത്തില്‍ കീഴില്‍ ജീവിക്കണം. (5:5). യേശുവിലായിരിക്കുന്ന, അരൂപിയുടെ കീഴില്‍ വ്യാപരിക്കുന്ന, യേശു അനുഗാമി ജഡത്തിന്‍റെ വഴിയെ തിരിയുന്ന, നിയമാനുഷ്ഠാനത്തില്‍ കഴിയുന്ന യഹൂദപക്ഷവാദിയില്‍നിന്ന് വ്യത്യസ്തനാണ്. കാരണം അവന്‍ ആത്മാവിനാല്‍ നയിക്കപ്പെടുന്നു; ക്രിസ്തുവില്‍ ജീവിക്കുന്നു. കൃപയില്‍ ജീവിച്ച് ദൈവത്താല്‍ അംഗീകരിക്കപ്പെടും എന്ന പ്രത്യാശയില്‍ സ്ഥിരതയോടെ ജീവിക്കുന്നു. വിശ്വാസത്തില്‍ ജീവിക്കുന്നവന് ദൈവത്തോടും മനുഷ്യനോടുമുള്ള സ്നേഹം സ്വാഭാവികമായിത്തീരുന്നു. വിശ്വാസജീവിതത്തിന്‍റെ ആരംഭത്തിലും സ്ഥിരമായ വളര്‍ച്ചയിലും ഫലദായകത്വത്തിലും പരിസമാപ്തിയിലേക്കുള്ള പ്രയാണത്തിലും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം നിര്‍ണ്ണായകമാണ് (3:1-5; 4:4-7; 4:29; 5:4-6; 5:15-17; 5:19-23; 6:7-10). അരൂപി ദൈവത്തിന്‍റെ സാന്നിദ്ധ്യവും പ്രവര്‍ത്തനവും പ്രകടമാക്കുന്നു. ക്രിസ്തുവിലൂടെ കരഗതമായ നീതീകരണം പൂര്‍ത്തീകരിക്കുന്നു. നിയമാനുഷ്ഠാനത്തിലൂടെ അസാദ്ധ്യമായിരുന്നതിനെ അരൂപിയുടെ സാന്നിദ്ധ്യവും പ്രവര്‍ത്തനവും സാദ്ധ്യമാക്കുന്നു. ക്രിസ്തുവിലൂടെ നല്‍കപ്പെട്ട രക്ഷ നമ്മെ പുതിയ സൃഷ്ടികളാക്കി. എങ്കില്‍ പിന്നെ ആചാരാനുഷ്ഠാനങ്ങളുടെയും പരിച്ഛേദനത്തിന്‍റെയും വഴികളിലേയ്ക്ക് പിന്തിരിയുന്നതില്‍ അര്‍ത്ഥമില്ല. വ്യക്തിപരമായ ജീവിതത്തിലും (5:18-24), സഭയുടെ ഐക്യം നിലനിറുത്തുന്ന ജീവിതത്തിലും (5:25-6:6), മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും (6:7-10) ആത്മാവിന്‍റെ നായകത്വത്തിന്‍കീഴില്‍, സ്നേഹത്തിന്‍റെ അടിമത്തത്തില്‍ നിന്നുയിര്‍കൊള്ളുന്ന സ്വാതന്ത്ര്യത്തോടെ ജീവിക്കണം (6:7-10:14).
ചുരുക്കത്തില്‍ തിന്മയുടെ കാലഘട്ടത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുവാനായി അത് നമ്മെ പുതിയ സൃഷ്ടിയാക്കുന്നതിന് വേണ്ടിയാണ്. അരൂപിയുടെ പ്രവര്‍ത്തനത്തിലൂടെ ദൈവമക്കളുടെ കുടുംബത്തെ സംജാതമാക്കിക്കൊണ്ടാ ണ് ദൈവം അതുനടപ്പാക്കിയത് (3:26-28; 4:4-7; 6:15). അതിനാല്‍ മോശയുടെ നിയമാനുഷ്ഠാനത്തിലൂടെ നീതികരണം പ്രാപിക്കുക സാദ്ധ്യമല്ല. ഗലാത്തിയായിലെ സഭ ഇത് തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ സുവിശേഷത്തില്‍ നിലനിന്ന് പുതിയ സൃഷ്ടിയുടെ കാലഘട്ടത്തില്‍ ദൈവമക്കളുടെ കുടുംബമായി സ്ഥിരതയോടെ മുന്നേറണം (5:5). അതിന് സ്വന്തം കൈപ്പടയില്‍ കുറിച്ച യഥാര്‍ത്ഥ സുവിശേഷത്തിന്‍റെ ഭൂതവ്യാഖ്യാനവുമാണ് ഗലാത്തിയായിലെ സഭകള്‍ക്കുള്ള ലേഖനം. അത് നവസുവിശേഷവത്ക്കരണത്തിന് ഗലാത്യരെ പ്രാപ്തരാക്കും എന്ന പ്രതീക്ഷയും അഭ്യര്‍ത്ഥനയുമാണ് അന്ത്യാഭിവാദനത്തിലൂടെയും സമാധാനാശംസയിലൂടെയും വ്യക്തമാക്കുക.
ഡോ. ജോസഫ് മലേപ്പറമ്പില്‍
Epistles of Paul Epistle to the Galatians catholic malayalam st. paul Dr. Joseph Meleparambil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206