x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. പൗലോസിന്‍റെ ലേഖനങ്ങള്‍, കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനം

Authored by : Dr. Jacob Prasad On 08-Feb-2021

ആമുഖം

പഴയ ഏഷ്യാമൈനറിന്‍റെ (ഇന്നത്തെ തുര്‍ക്കിയുടെ) പശ്ചിമതീരത്തു സ്ഥിതി ചെയ്തിരുന്ന എഫേസൂസില്‍നിന്ന് അതിന്‍റെ തെക്കുകിഴക്കായി സ്ഥിതിചെയ്തിരുന്ന ഇക്കോണിയത്തെയും താര്‍സൂസിനെയും ബന്ധിപ്പിക്കുന്ന, വാണിജ്യപരമായി പ്രാധാന്യമുണ്ടായിരുന്ന ഒരു പാത ഉണ്ടായിരുന്നു. എഫേസൂസില്‍നിന്ന് ഈ റൂട്ടില്‍ ഏതാണ്ട് 200 കിലോമീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ ലിക്കസ് നദിയുടെ തീരത്ത് സ്ഥിതിചെയ്തിരുന്ന ലവൊദീക്യാ പട്ടണത്തിലെത്തുമായിരുന്നു. അവിടെ നിന്ന് 12 കിലോമീറ്റര്‍ വടക്കോട്ട് പോയാല്‍ ഹെയിറാപോളിസും 20 കിലോമീറ്റര്‍ തെക്ക് കിഴക്കോട്ട് പോയാല്‍ കൊളോസോസും പട്ടണങ്ങളായിരുന്നു. തദ്ദേശീയരും യവനരും നല്ലൊരു പക്ഷം യഹൂദരുമായിരുന്നു കൊളോസോസിലെ ജനം. ജൊസേഫൂസ് ഫ്ളാവിയൂസ് നല്‍കുന്ന കണക്കുപ്രകാരം ഏ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ഏതാണ്ട് പതിനായിരത്തോളം യഹൂദര്‍ കൊളോസോസിലുണ്ടായിരുന്നു. എന്നാല്‍ ഈ പട്ടണത്തിലെ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും  വിജാതീയരില്‍നിന്ന് മാനസാന്തരപ്പെട്ടവരായിരിക്കണം (കൊളോ 1:21-27; 2:13 കാണുക). കൊളോസോസുകാരന്‍ തന്നെയായ എപ്പഫ്രാസ് ആയിരിക്കണം ഇവിടുത്തെ സഭ സ്ഥാപിച്ചത് (1:7;4:12). അടിമയായ ഒനേസിമൂസും അവന്‍റെ യജമാനന്‍ ഫിലെമോനും ഈ പട്ടണക്കാരായിരുന്നിരിക്കണം (4:9).

ലേഖനം പൗലോസിന്‍റേതോ?

ഈ ലേഖനം പൗലോസിന്‍റേതാണെന്ന് മാര്‍സിയനും (ഏതാണ്ട് 160 ഏ.ഡി.) ഇറനേവൂസും (ഏതാണ്ട് 180 ഏ.ഡി) ഒക്കെ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ നൂറ്റാണ്ടുകള്‍ മുതലുള്ള ഈ ചിന്തയ്ക്ക് 19-ാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങള്‍ മുതല്‍ കോട്ടമുണ്ടായി. 1883-ല്‍ ഇ.റ്റി. മേയര്‍ഹോഫ് എന്ന വ്യാഖ്യാതാവ് പൗലോസല്ല ഇതിന്‍റെ കര്‍ത്താവ് എന്ന് സമര്‍ഥിച്ചു. അന്നുതുടങ്ങി ലേഖനത്തിന്‍റെ കര്‍ത്തൃത്വത്തെ ചൊല്ലി വിവാദം നിലനില്‍ക്കുന്നു. ഇന്ന് ഏതാണ്ട് 60 ശതമാനം വ്യാഖ്യാതാക്കള്‍ ഇത് പൗലോസ് എഴുതിയതല്ല എന്ന് കരുതുമ്പോള്‍ 40 ശതമാനം പേര്‍ പൗലോസ് തന്നെയാണെന്നതില്‍ ഉറച്ചു നില്‍ക്കുന്നു. ഭാഷയുടെയും, ശൈലിയുടെയും ദൈവശാസ്ത്ര വീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് പൗലോസിന്‍റേതല്ലെന്ന് മേല്‍പറഞ്ഞ വ്യാഖ്യാതാക്കള്‍ പറയുന്നത്.

ഭാഷയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഈ ലേഖനത്തില്‍ പുതിയ നിയമത്തില്‍ മറ്റൊരിടത്തും കാണാത്ത 33 വാക്കുകള്‍ കാണാനാകും. പൗലോസിന്‍റേതാണോ എന്നതിനെക്കുറിച്ച് യാതൊരു തര്‍ക്കവുമില്ലാത്ത ലേഖനങ്ങളില്‍ കാണാത്ത 25 വാക്കുകള്‍ ഈ ലേഖനത്തില്‍ കാണുന്നു. പൗലോസിന്‍റെ കര്‍ത്തൃത്വത്തെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന എഫേസോസുകാര്‍ക്കെഴുതിയ ലേഖനത്തിലും ഇതിലും മാത്രം കാണുന്ന 15 വാക്കുകള്‍ ഉണ്ടുതാനും. മാത്രമല്ല, സവിശേഷമായി പൗലോസിന്‍റേതെന്നു കരുതപ്പെടുന്ന പദങ്ങളായ 'നീതീകരണം', 'നിയമം', 'വിശ്വസിക്കുക,' 'രക്ഷിക്കുക' എന്നീ വാക്കുകള്‍ ഈ ലേഖനത്തില്‍ കാണുന്നില്ല. മാത്രമല്ല പൗലോസ് പലവട്ടം ഉപയോഗിക്കുന്ന, 'സഹോദരരേ,' 'എന്‍റെ സഹോദരരേ,' (റോമ 1:13; 1 കോറി 1:10; 2 കോറി 1:3; ഗലാ 1:11) എന്നീ സംബോധനകളും ഈ ലേഖനത്തില്‍ കാണുന്നില്ല. പരിശുദ്ധാത്മാവിനെക്കുറിച്ചും കാര്യമായ പരാമര്‍ശം ഇതിലില്ല.

അതേസമയം ലേഖനാരംഭത്തിലും കൃതജ്ഞതാ പ്രകാശനഭാഗത്തും ഉപസംഹാരത്തിലുമൊക്കെ പൗലോസിന്‍റേതെന്നു കരുതുന്ന സവിശേഷവാക്കുകള്‍ കാണുകയും ചെയ്യുന്നു. മാത്രമല്ല, ഈ ലേഖനത്തില്‍ മാത്രം കാണുന്നു എന്നുപറയുന്ന വാക്കുകള്‍ സഭയില്‍ അപ്പോള്‍ത്തന്നെ പ്രചാരത്തിലിരുന്നതും അതിനാല്‍ പൗലോസ് എടുത്ത് ഉപയോഗിച്ചു എന്നു കരുതപ്പെടുന്ന ക്രിസ്തുഗീതത്തിലും (1:15-20) എതിരാളികളെ നേരിടുന്ന ഭാഗത്തിലുമാണ് (2:6-23) കാണുന്നത്. അങ്ങനെയെങ്കില്‍ സവിശേഷഭാഷാ പ്രയോഗത്തിന്‍റെ പേരില്‍ പൗലോസിന്‍റെ കര്‍ത്തൃത്വം ലേഖനത്തിന് നിഷേധിക്കാനാവില്ല.

ശൈലിയുടെ കാര്യത്തില്‍ പൗലോസിന്‍റെ തര്‍ക്കമില്ലാത്ത ലേഖനങ്ങളില്‍ കാണുന്ന തര്‍ക്കവാദപരമായ ശൈലിയില്‍ (debatin style) (ഉദാ: റോമ; ഗലാ) നിന്ന് വ്യത്യസ്തമായി ആരാധനാ ക്രമപരവും (liturgical) ഗീതാത്മകവും (hymnic) ആയ ശൈലിയാണ് ഇതില്‍ കാണുന്നത്. പക്ഷേ ഇതിനുകാരണം പൗലോസിന്‍റെ ശൈലിയില്‍ പില്‍ക്കാലത്ത് പരിണാമ വികാസം ഉണ്ടായതാണെന്ന് ലേഖനം പൗലോസിന്‍റേതു തന്നെയാണെന്ന് വാദിക്കുന്നവര്‍ പറയുന്നു.

ദൈവശാസ്ത്രപരമായി ക്രിസ്തുവിജ്ഞാനീയത്തിലും, യുഗാന്ത്യവിജ്ഞാനീയത്തിലും, സഭാവിജ്ഞാനീയത്തിലും വ്യത്യാസങ്ങള്‍ ഉണ്ടെന്ന് പൗലോസിന്‍റെ കര്‍ത്തൃത്വത്തെ ചോദ്യം ചെയ്യുന്നവര്‍ കരുതുന്നു. ലേഖനത്തിന്‍റെ ക്രിസ്തുവിജ്ഞാനീയം മുഖ്യമായും 1:15-20 വരെയുള്ള വചനങ്ങളിലെ ക്രിസ്തുഗീതത്തിന്‍റെ വികാസം ആണ്. എന്നാല്‍ ഈ ക്രിസ്തുഗീതത്തിലെയും മറ്റ് ഭാഗങ്ങളിലെയും ക്രിസ്തുവിജ്ഞാനീയം അവിതര്‍ക്കിത ലേഖനങ്ങളില്‍ കാണുന്നവയില്‍നിന്ന് വ്യത്യസ്തമാണ്. അതേസമയം ദൈവപുത്രനായ ക്രിസ്തുവിലാണ് വിശ്വാസികള്‍ക്ക് വീണ്ടെടുപ്പെന്നും (1:13-14; cf റോമ 3:24), വിശ്വാസികള്‍ ജ്ഞാനസ്നാനത്തില്‍ ക്രിസ്തുവുമായി സംസ്കരിക്കപ്പെട്ടവരായി എന്നും (2:12; cf റോമ 6:4), ഇതര ലേഖനങ്ങളുടെയും ആശയങ്ങളാണ്.

യുഗാന്ത്യദര്‍ശനത്തെ സംബന്ധിച്ചിടത്തോളം പൗലോസിന്‍റെ ഇതര ലേഖനങ്ങളില്‍ കണ്ടുവരുന്ന ഉടന്‍തന്നെ രണ്ടാം വരവ് സംഭവിക്കുമെന്ന ചിന്ത (ഉദാ: 1 തെസ്സ 4:15; 5:23; 1 കോറി 7:26) ഈ ലേഖനത്തില്‍ വ്യക്തമായി കാണുന്നില്ല. ക്രിസ്തു വീണ്ടും വരുമെന്നുള്ള ചിന്ത ഉണ്ടെങ്കില്‍പോലും (കൊളോ 3:4) തല്‍ക്കാലം അവര്‍ ചെയ്യേണ്ടത് ഉന്നതത്തിലുള്ളതിനെക്കുറിച്ച് ശ്രദ്ധിക്കുക (കൊളോ 3:1-2) എന്നത് മാത്രമാണ്. മാത്രമല്ല, ഈ ലേഖനപ്രകാരം ക്രൈസ്തവസമൂഹം ക്രിസ്തുവിനോടുകൂടെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു (2:12; 3:1), എന്നാല്‍ പൗലോസിന്‍റെ അവിതര്‍ക്കിത ലേഖനങ്ങളില്‍ ക്രൈസ്തവരുടെ ഉയിര്‍പ്പ് ഒരു ഭാവികാല യാഥാര്‍ത്ഥ്യമാണ് (1 കോറി 6:14; 2 കോറി 4:14). യുഗാന്ത്യദര്‍ശനത്തിലുള്ള ഈ വ്യത്യാസം ജ്ഞാനസ്നാനത്തെ സംബന്ധിച്ച ദൈവശാസ്ത്രത്തിലും വ്യത്യാസം വരുത്തുന്നു. റോമ 6:1-4 വരെ ജ്ഞാനസ്നാനം ഭാവിയിലേക്കു തിരിഞ്ഞിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി കാണുന്നെങ്കില്‍ കൊളോസ്യര്‍ക്കുള്ള ലേഖ നം ജ്ഞാനസ്നാനത്തെ സമ്പൂര്‍ണ്ണമാക്കപ്പെട്ട രക്ഷയുടെ അടയാളമായി ദര്‍ശിക്കുന്നു. ഈ ലേഖനപ്രകാരം വിശ്വാസികള്‍ ജ്ഞാനസ്നാനത്തില്‍ ക്രിസ്തുവിനോടുകൂടെ മരിക്കുക മാത്രമല്ല ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ വിശ്വാസികളുടെ ഉയിര്‍പ്പ് ഒരു ഭാവികാല യാഥാര്‍ത്ഥ്യമാണ്.

സഭാവിജ്ഞാനീയത്തിലും ഗണ്യമായ വ്യത്യാസം നിഴലിക്കുന്നുണ്ട്. പൗലോസിന്‍റേതെന്ന് തറപ്പിച്ച് പറയപ്പെടുന്ന ലേഖനങ്ങളില്‍ "സഭ" എന്ന സംജ്ഞ ഒരു നിശ്ചിത സ്ഥലത്തെ സമൂഹത്തെ ഉദ്ദേശിച്ചായിരുന്നു പറഞ്ഞുവന്നത്. അതായത് അതിനൊരു മൂര്‍ത്തഭാവം ഉണ്ടായിരുന്നു. എന്നാല്‍ ഈ ലേഖനത്തില്‍ ഈ പദത്തിന് ഒരു അമൂര്‍ത്തഭാവവും സാര്‍വ്വത്രികഭാവവും പല സന്ദര്‍ഭങ്ങളിലും കൈവരുന്നു. ഉദാഹരണത്തിന്, 1:13,24; 2:19 പ്രകാരം സഭ ഒരു ശരീരമാണ്, അതിന്‍റെ ശിരസ്സാണ് ക്രിസ്തു. ആകയാല്‍ ശിരസ്സിനോട് ഒട്ടിച്ചേര്‍ന്നിരിക്കുകയാണ് അംഗങ്ങളുടെ ദൗത്യം (2:19). അതേസമയം ഘടനാപരമായി സഭ രൂപപ്പെട്ടു എന്ന ചിന്തയോ വിവിധങ്ങളായ തസ്തികകള്‍ പേറുന്ന ശുശ്രൂഷകള്‍ സഭയില്‍ ആവിര്‍ഭവിച്ചെന്നോ ഉള്ള ചിന്തകളില്ല. പൗലോസിന് അപ്പസ്തോലന്‍ എന്ന് തന്നെയാണ് പേര്; എപ്പഫ്രാസും തിക്കിക്കോസും "ശുശ്രൂഷകരാ"ണ് (1:7,23; 4:7). അതേസമയം ഒരു പ്രത്യേകസ്ഥലത്തെ സമൂഹം എന്ന അര്‍ത്ഥത്തിലും "സഭ" എന്ന സംജ്ഞ ഉപയോഗിച്ചു കാണുന്നു (4:15-16). അതായത് ലവൊദീക്യായിലെ സഭ.

മുകളില്‍ കണ്ട വാദമുഖങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ലേഖനത്തിന്‍റെ കര്‍ത്തൃത്വം സാകൂതം പൗലോസിന്‍റെമേല്‍ ഉറപ്പിക്കാനാവില്ല എന്ന് വ്യക്തമാണല്ലോ. ഈ പശ്ചാത്തലത്തിലാണ് നല്ലൊരുപങ്ക് വ്യാഖ്യാതാക്കളും ഇത് പൗലോസ് നേരിട്ട് എഴുതിയതല്ല എന്ന് കരുതുന്നത്. ഉദാഹരണത്തിന് ഇ.ലോസേ, ജെ.ഗ്നില്‍ക്കാ, ഇ.കേസേമാന്‍, എ. ലിണ്ടര്‍മാ ന്‍ എന്നിവര്‍ ഈ ലേഖനം പൗലോസ് അല്ല എഴുതിയതെന്ന് വിധി പറയുന്നു. അതേസമയം ആര്‍.പി. മാര്‍ട്ടിന്‍, ജി.ബി. കായിര്‍ഡ്, ജെ.എല്‍. ഹൂള്‍ഡന്‍, സി.എഫ്.ഡി. മ്യൂര്‍ എന്നിവര്‍ പൗലോസിന്‍റെ കര്‍തൃത്ത്വത്തെ പിന്താങ്ങുന്നു. പൗലോസ് എഴുതിയതാണെന്ന് കരുതുന്ന സി. മാസ്സണും പി. ബെന്യായും ഈ ലേഖനത്തില്‍ പില്‍ക്കാലത്ത് ആരോ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എന്ന് അനുമാനിക്കുന്നു. മുകളില്‍പറഞ്ഞ പൗലോസിന്‍റെ കര്‍തൃത്ത്വത്തിന് എതിരായി നില്ക്കുന്ന വാദമുഖങ്ങള്‍ ഓരോന്നായി എടുത്താല്‍ അവയെ ഓരോന്നിനെയും എതിര്‍വാദങ്ങളുന്നയിച്ച് തള്ളിക്കളയാവുന്നതാണ്. എന്നാല്‍ അവയെ എല്ലാം ഒരുമിച്ച് ചേര്‍ത്തു നോക്കുമ്പോള്‍ ഈ ലേഖനം നേരിട്ട് പൗലോസിന്‍റെ പക്കല്‍നിന്ന് വരുന്നു എന്നു കരുതുവാന്‍ ബുദ്ധിമുട്ടുണ്ട്. ആകയാല്‍ പൗലോസിന്‍റെ മരണത്തിനുശേഷം പൗലോസിന്‍റെ ശിഷ്യന്മാരിലൊരാള്‍ ഏതാണ്ട് ഏ.ഡി. 70നും 80നും ഇടയ്ക്ക് രചിച്ചതായിരിക്കണം ഈ കത്ത്. ശാസ്ത്രീയമായ വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍ എത്തിച്ചേരുന്ന ഇപ്രകാരമുള്ള ഒരു നിഗമനം ലേഖനത്തിന്‍റെ ആധികാരികതയെ യാതൊരു തരത്തിലും സ്പര്‍ശിക്കുന്നില്ല എന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ആദിമസഭ ഈ ലേഖനത്തിന് അപ്പസ്തോലിക പാരമ്പര്യം കല്പിച്ച് ഇതിനെ ദൈവനിവേശിതമെന്ന് കരുതി പൗലോസ് അപ്പസ്തോലന്‍റെ പേരില്‍ പുതിയ കാനനില്‍ സ്വീകരിച്ചു എന്നതിനാല്‍ ഇന്നത്തെ ശാസ്ത്രീയ നിഗമനങ്ങള്‍ അല്പം വ്യത്യാസം കണ്ടെത്തുന്നെങ്കില്‍ പോലും അതുവഴിയായി ലേഖനത്തിന്‍റെ ആധികാരികതയ്ക്ക് ഒട്ടും കുറവ് വരുന്നില്ല. മാത്രമല്ല, പൗലോസിന്‍റെ പാരമ്പര്യത്തില്‍ നിന്നുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്‍റെ ശിഷ്യനെന്നു കരുതാവുന്ന ഗ്രന്ഥകര്‍ത്താവ് രചന നടത്തിയത്.

ലേഖന സന്ദര്‍ഭം

കൊളോസോസിലെ സഭാസമൂഹത്തില്‍ വിശ്വാസത്തെ പ്രോജ്ജ്വലിപ്പിക്കുവാനും (1:3-14; 2:2-3) അവരുടെ ഇടയിലുണ്ടായിരുന്ന ചില തെറ്റായ പഠനങ്ങള്‍ തിരുത്തുവാനുമാണ് ലേഖനം ലക്ഷ്യമിടുന്നത് (2:4,8,16,18-22). ഈ തെറ്റായ പഠനം തത്വചിന്താപരവും മാനുഷിക പാരമ്പര്യത്തില്‍ അധിഷ്ഠിതവും പ്രപഞ്ചത്തിന്‍റെ മൂലഭൂതങ്ങളെ സംബന്ധിച്ചതുമാണ് (2:8). മാലാഖമാരെ സംബന്ധിച്ചും (2:18), ഭക്ഷണ സാധനങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ളതും, ആചാരപരമായി ദിനങ്ങള്‍ ആചരിക്കുന്നതും കാര്‍ക്കശ്യമേറിയ ഇന്ദ്രിയനിഗ്രഹവും സംബന്ധിച്ചുള്ളതുമാണ് ഈ അബദ്ധ പഠനം (2:16,20,21,23). ഇക്കാര്യങ്ങളില്‍ നിര്‍ബന്ധം പുലര്‍ത്തുന്നവര്‍ ശിരസ്സിനോട് ഗാഢബന്ധം പുലര്‍ത്താത്തവരാണ് (2:19); ആകയാല്‍ അവര്‍ സഭാസമൂഹത്തില്‍ത്തന്നെ ഉള്ളവരാണ്. യഹൂദമതം, വിജാതീയമതങ്ങള്‍, ക്രൈസ്തവികത, ജ്യോതിഷം, രഹസ്യാത്മകമതങ്ങള്‍ (mysteryreligions) എന്നിവയില്‍ നിന്നും എടുത്ത വിവിധ അംശങ്ങള്‍ ചേര്‍ന്ന തെറ്റായ പഠനമാണിത്. ഈ തരത്തിലുള്ള തെറ്റായ പഠനത്തിന് എന്തുതരം പേര് കൃത്യമായി നല്‍കാനാകും എന്നു പറയാനാവില്ല. രണ്ടാം നൂറ്റാണ്ടില്‍ സഭയെ അലട്ടിയിരുന്ന ജ്ഞാന വാദത്തിന്‍റെ (Gnosticism) ചില അംശങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു എന്നു പറയാനാവുന്നതാണ്. കാരണം, ഇന്ദ്രിയനിഗ്രഹം, ദൈവികപൂര്‍ണ്ണത, ജ്ഞാനം, ദ്വൈതവാദം, ലോക വസ്തുക്കളുടെ തിരസ്കരണം എന്നിവ ജ്ഞാനവാദത്തിന്‍റെ സ്വഭാവത്തോട് ചേര്‍ന്നതായിരുന്നു. എന്നിരുന്നാലും ഇതിനെ ജ്ഞാനവാദമെന്ന് പൂര്‍ണ്ണമായി വിളിക്കാനാവില്ല. കാരണം, അത് രണ്ടാം നൂറ്റാണ്ടിലാണ് സഭയില്‍ പൂര്‍ണ്ണരൂപം പ്രാപിച്ചത്. യഹൂദമതത്തില്‍ അക്കാലത്ത് പൊന്തിവന്നിരുന്നതും ആ കാലഘട്ടത്തിലെ ലിഖിതങ്ങളില്‍ കാണാവുന്നതുമായ ചില തെറ്റായ പഠനങ്ങളാണ് കൂടുതലായും ഇതിന്‍റെ പിന്നിലുള്ളതെന്ന് പല വ്യാഖ്യാതാക്കളും കരുതുന്നു. ചാവുകടലിനടുത്തു നിന്നും കിട്ടിയ ചുരുളുകളിലും (Dead Sea Scrolls) ഈ തരത്തിലുള്ള തെറ്റായ പഠനങ്ങളെക്കുറിച്ചുള്ള സൂചനകള്‍ കാണാവുന്നതാണ്.

ഘടന

ലേഖനം ശ്രദ്ധാപൂര്‍വ്വം രചിക്കപ്പെട്ടതാണ്. ഘടനാപരമായി പൗലോസിന്‍റെ അവിതര്‍ക്കിത ലേഖനങ്ങളുടെ ഘടന തന്നെയാണ് ഇതിനും. പരമ്പരാഗതമായി കൈവന്ന പഠനങ്ങള്‍ (1:15-20); ജ്ഞാനസ്നാനത്തെ സംബന്ധിച്ച പഠനം (2:6-15) പാപ-പുണ്യ പട്ടികകള്‍ (3:15-17); ഭവനചട്ടക്രമം (3:18-4:1) എന്നിവ ലേഖനത്തില്‍ യഥാവിധി ഉള്‍പ്പെടുത്തിയിരിക്കുന്നു.

രൂപഘടന ഇപ്രകാരമാണ്:

I അഭിവാദനം: 1:1-2

II കൃതജ്ഞതാപ്രകാശനവും പ്രാര്‍ത്ഥനയും: 1:3-23

  1. നന്ദി പ്രകാശനം: 1:3-8
  2. പ്രാര്‍ത്ഥന: 1:9-11
  3. ക്രിസ്തുവിന്‍റെ കര്‍തൃസ്ഥാനത്തെ ഓര്‍ത്ത് സ്തുതി: 1:12-23

III പൗലോസിന്‍റെ ശുശ്രൂഷ: 1:24-2:5

IV ക്രിസ്തുവില്‍ ജീവിക്കുന്നതിനെക്കുറിച്ചുള്ള പഠനം: 2:6-3:4

  1. ക്രിസ്തുവിനെ സംബന്ധിച്ച പാരമ്പര്യം: 2:6-15
  2. മാനുഷിക പാരമ്പര്യവും അതിനുള്ള പരിഹാരവും: 2:16-3:4

V ക്രിസ്തുവിലുള്ള ജീവിതചര്യാ നിയമങ്ങള്‍: 3:5-4:6

VI ആശംസകളും ഉപസംഹാരവും: 4:7-18

 

 

ഡോ. ജേക്കബ് പ്രസാദ്

Epistles of Paul Epistle to the Colossians catholic malayalam st. paul Dr. Jacob Prasad Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message