x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. പൗലോസിന്‍റെ ലേഖനങ്ങള്‍, ഫിലെമോന് എഴുതിയ ലേഖനം

Authored by : Dr. Michael Karimattam On 08-Feb-2021

ആമുഖം

വി. പൗലോസിന്‍റേതായി അറിയപ്പെടുന്ന 13 ലേഖനങ്ങളില്‍ ഏറ്റവും ചെറുതാണ് 25 വാക്യങ്ങളും മൂലഭാഷയായ ഗ്രീക്കില്‍ 335 വാക്കുകളും മാത്രമുള്ള ഈ ലേഖനം. ഒളിച്ചോടിയ ഒരടിമയെ അവന്‍റെ യജമാനന്‍റെ അടുക്കലേക്ക് തിരിച്ചയക്കുമ്പോള്‍ കൂടെ കൊടുത്തയക്കുന്ന വ്യക്തിപരമായ ശിപാര്‍ശക്കത്താണിത്. ഇപ്രകാരം ഒരു സ്വകാര്യ കത്ത് എങ്ങനെ ദൈവനിവേശിതവും ബൈബിളിന്‍റെ ഭാഗവുമായി പരിഗണിക്കുന്നു എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍ അടുത്തു പരിശോധിച്ചാല്‍, ഒരടിമയെക്കുറിച്ച് നല്കുന്ന ശിപാര്‍ശയ്ക്കുപരി, വിശ്വാസത്തെയും ധാര്‍മ്മികതയെയും സമൂഹ ഘടനകളെയും സംബന്ധിച്ച നിര്‍ണ്ണായകമായ പല കാര്യങ്ങളും ഈ ലേഖനത്തില്‍ പരാമര്‍ശ വിഷയമാകുന്നുണ്ട് എന്ന് കാണാനാവും.

ഗ്രന്ഥകര്‍ത്താവ് - കാലം

പൗലോസാണ് ഈ ലേഖനം എഴുതിയത് എന്നതില്‍ കാര്യമായ സംശയമൊന്നുമില്ല. ലേഖനം മുഴുവന്‍ പൗലോസ് തന്‍റെ സ്വന്തം കൈകൊണ്ട് എഴുതിയതായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വാക്കുകളുടെ പ്രയോഗവും വാക്യഘടനയും, പ്രകടമാകുന്ന ധാര്‍മ്മിക-ദൈവശാസ്ത്ര ചിന്തകളും എല്ലാം പൗലോസിന്‍റെ തനിമ പ്രകടമാക്കുന്നുണ്ട്.

ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് തര്‍ക്കമില്ലെങ്കിലും എഴുതപ്പെട്ട കാലത്തെയും സ്ഥലത്തെയുംകുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. തടവുകാരനായിരിക്കെയാണ് താന്‍ കത്തെഴുതുന്നത് എന്ന് പൗലോസ് രണ്ടു തവണ എടുത്തുപറയുന്നുണ്ട്. എന്നാല്‍ എവിടെയാണ് ഈ തടവറ എന്നു പറയുന്നില്ല. റോമിലെ തടവറ ജീവിതത്തെക്കുറിച്ചാണ് (എ.ഡി. 61-63) പൊതുവേ അറിയപ്പെടുന്നത്. അതിനാല്‍ അവിടെ നിന്നാണ് പൗലോസ് ഈ കത്തെഴുതിയത് എന്നത്രേ ഇന്നും ഭൂരിപക്ഷാഭിപ്രായം. ഒളിച്ചോടുന്ന അടിമകള്‍ക്ക് അറിയപ്പെടാതെ കഴിയാന്‍ ആ വലിയ നഗരത്തില്‍ എളുപ്പമായിരുന്നതിനാലാവാം ഒനേസിമോസ് എന്ന അടിമ കൊളോസോസില്‍നിന്ന് റോമിലേക്ക് പോയത്.

എന്നാല്‍ ഈ ഭൂരിപക്ഷാഭിപ്രായത്തിന് വിരുദ്ധമായി നില്ക്കുന്ന രണ്ടുരാജ്യങ്ങള്‍ വ്യാഖ്യാതാക്കള്‍ എടുത്തു കാട്ടാറുണ്ട്. റോമിലേക്കുള്ള ദൂരം തന്നെയാണ് പ്രധാന ഘടകം. ഏകദേശം 1500 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരടിമ ഒളിച്ചോടി എന്നു കരുതുന്നതില്‍ അസാധാരണത്വം കാണാം. അതിനും പുറമേ താന്‍ തടവറയില്‍നിന്ന് താമസിയാതെ മോചിതനാകുമെന്നും അപ്പോള്‍ ഫിലെമോനെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിനാല്‍ തനിക്കായി ഒരു മുറി ഒരുക്കണമെന്നും (വാ. 22) ആവശ്യപ്പെടുമ്പോള്‍ താന്‍ അത്ര അകലത്തല്ല എന്ന ഒരു പ്രതീതിയാണ് പൗലോസ് നല്കുക. ഇക്കാരണങ്ങളാല്‍ റോമില്‍ നിന്നായിരിക്കുകയില്ല പൗലോസ് എഴുതിയത് എന്ന് കരുതുന്നവരുണ്ട്.

പൗലോസ് ദീര്‍ഘകാലം തടവില്‍ കിടന്ന രണ്ടാമത്തെ സ്ഥലം പലസ്തീനായിലെ കേസറിയാ ആണ് (58-60). എന്നാല്‍ ഇത് റോമിനേക്കാള്‍ അകലെയാണ്. തന്നെയുമല്ല, ഒളിച്ചോടിയ അടിമ എന്തിന് അവിടെ എത്തി എന്നതിന് വിശ്വസനീയമായ വിശദീകരണവുമില്ല. മൂന്നാമത്തെ സ്ഥലം എഫേസോസാണ്. ഇവിടെ മൂന്ന് വര്‍ഷത്തോളം (54-57) പൗലോസ് പ്രവര്‍ത്തിക്കുകയുണ്ടായി. അവിടെവച്ച് തടവറയിലും കുറച്ചുകാലം കഴിയേണ്ടിവന്നു. അതിനാല്‍ എഫേസോസില്‍ നിന്നായിരിക്കാം ഈ കത്തെഴുതിയത് എന്ന നിഗമനത്തിന് കൂടുതല്‍ സാധ്യതയുണ്ട്. രണ്ടു നഗരങ്ങളും തമ്മില്‍ ഏകദേശം 160 കിലോമീറ്റര്‍ ദൂരമേയുള്ളൂ. എഫേസോസും ഒരു വലിയ നഗരമായിരുന്നു. ഒളിച്ചോടുന്ന അടിമയ്ക്ക് ചെന്നെത്താന്‍ കൂടുതല്‍ എളുപ്പമായിരുന്നു. എന്നാല്‍ ഈ ലേഖനവും കൊളോസോസുകാര്‍ക്കെഴുതിയ ലേഖനവും ഒരേകാലത്ത് ഒരേ സാഹചര്യത്തില്‍ രചിച്ചതായും കൊളോസോസുകാര്‍ക്കുള്ള ലേഖനം പൗലോസിന്‍റെ ജീവിതാന്ത്യത്തോടടുത്ത് എഴുതപ്പെട്ടതായും പൊതുവേ കരുതുന്നതിനാല്‍ ഈ നിഗമനത്തിനും പ്രശ്നങ്ങളുണ്ട്. അതിനാല്‍, എന്ന്, എവിടെവച്ച്, രചിക്കപ്പെട്ടു എന്ന് കണിശമായി നിശ്ചയിക്കുക എളുപ്പമല്ല. റോമില്‍വച്ച് എഴുതി എന്ന ഭൂരിപക്ഷാഭിപ്രായം തള്ളിക്കളയാനാവില്ല.

കാനോനികത

ഫിലെമോന് എഴുതപ്പെട്ട ലേഖനത്തിന്‍റെ കാനോനികത ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഏ.ഡി. 144ല്‍ പാഷണ്ഡതയുടെ പേരില്‍ സഭയില്‍നിന്ന് പുറത്താക്കപ്പെട്ട മാര്‍സിയോണ്‍ രചിച്ചതാണ് ഇന്ന് ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും പുരാതനമായ പുതിയ നിയമ കാനോന്‍. അതില്‍ 1-2 തിമോ, തീത്തോസ് എന്നീ ലേഖനങ്ങളും ഒഴികെ പൗലോസിന്‍റെ പത്ത് ലേഖനങ്ങള്‍ ലൂക്കാ എഴുതിയ സുവിശേഷവുമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് രൂപംകൊണ്ട എല്ലാ പട്ടികകളിലും ഈ ലേഖനമുണ്ട്.

അനുവാചകര്‍

പൗലോസിന്‍റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ഫിലെമോന്‍, അയാളുടെ ഭവനത്തിലെ സഭ, സഹോദരി ആഫിയാ, ആര്‍ക്കിപ്പൂസ് ഇത്രയും പേരെയാണ് ലേഖനം അഭിസംബോധന ചെയ്യുന്നത് (വാ. 2). എവിടെയാണ് അവരുടെ വാസം എന്ന് പറയുന്നില്ല. ലീക്കുസ് നദീതടത്തിലെ ഒരു നഗരമായ കൊളോസോസിലാണ് അവര്‍ വസിച്ചിരുന്നത് എന്ന് പൊതുവേ കരുതപ്പെടുന്നു. ഒനേസിമൂസ് എന്ന അടിമയുടെ ഉടമയാണ് ഫിലെമോന്‍, കൊളോസോസിലെ സഭയ്ക്കെഴുതിയ ലേഖനത്തില്‍ ഒനേസിമൂസിനെ "നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരാള്‍" (കൊളോ 4:9) എന്ന് വിശേഷിപ്പിക്കുന്നതില്‍നിന്ന് ഫിലെമോനും കുടുംബവും ആ നഗരത്തിലാണ് വസിച്ചിരുന്നത് എന്ന് അനുമാനിക്കാന്‍ കഴിയും. ആഫിയാ ഫിലെമോന്‍റെ ഭാര്യയായി കരുതപ്പെടുന്നു. ആര്‍ക്കിപ്പൂസ് അവരുടെ മകനാണ് എന്ന അഭിപ്രായത്തിന് അനേകം വ്യാഖ്യാതാക്കളുടെ പിന്തുണയുണ്ട്. ഇതിനെ ചോദ്യം ചെയ്യുന്നവരും കുറവല്ല. കൊളോസോസിലെ സഭയില്‍ അധികാരമുള്ള ഒരു വ്യക്തിയായിരുന്നു അയാള്‍ (കൊളോ 4:17) എന്നല്ലാതെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.

കൊളോസോസിലെ സഭയുടെ നേതൃനിരയിലുള്ള ഒരാളായിരുന്നു ഫിലെമോന്‍. അയാളുടെ വീട്ടില്‍ ഒരു ക്രൈസ്തവസമൂഹം സമ്മേളിച്ചിരുന്നു. പൗലോസില്‍നിന്നാണ് അയാള്‍ സുവിശേഷവും ജ്ഞാനസ്നാനവും സ്വീകരിച്ച് ക്രിസ്ത്യാനി ആയത് എന്ന സൂചന പൗലോസ് തന്നെ ലേഖനത്തില്‍ നല്കുന്നുണ്ട് (വാ.19). അയാളുടെ അടിമയായി ഒനേസിമോസ്.

ലേഖനത്തിന്‍റെ സാഹചര്യം

തടവറയില്‍ കഴിയുന്ന പൗലോസിന്‍റെ അടുക്കല്‍ ഒണേസിമോസ് വന്നു. ഒളിച്ചോടിവന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നെങ്കിലും അങ്ങനെയൊന്ന് ലേഖനത്തില്‍ പറയുന്നില്ല. തന്‍റെ തടവറയില്‍ വച്ച് പൗലോസ് അയാള്‍ക്ക് പിതാവായി എന്ന ലേഖനത്തിലെ പരാമര്‍ശം (വാ.10) ഒനേസിമോസിന്‍റെ മാനസാന്തരത്തെയും മാമ്മോദീസായെയും സൂചിപ്പിക്കുന്നു. പൗലോസ് അയാളെ പുത്രനെപ്പോലെ സ്നേഹിക്കുകയും തന്‍റെ സുവിശേഷവേലകളില്‍ പങ്കുചേര്‍ക്കുകയും ചെയ്തു. ഈ വേലയില്‍ തുടര്‍ന്നും നിയോഗിക്കാന്‍ താല്പര്യമുണ്ടെങ്കിലും ഉടമയുടെ അനുവാദം കൂടാതെയാകരുത് എന്ന് നിര്‍ബന്ധമുള്ളതിനാല്‍ ഒനേസിമോസിനെ ഉടമയായ ഫിലെമോന്‍റെയടുത്തേക്ക് തിരിച്ചയച്ചു. അയാളെ സഹോദരനായി സ്വീകരിക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നതാണ് പഠനവിഷയമായ ലേഖനം.

ഒനേസിമോസ് തന്‍റെ യജമാനനെ വിട്ടുപോകാനുണ്ടായ കാരണം എന്തെന്ന് ലേഖനം വ്യക്തമാക്കുന്നില്ല. അതിനാലാണ് ഒളിച്ചോടിയതാവാം എന്ന് പൊതുവേ കരുതപ്പെടുന്നത്. യജമാനന്‍റെ വസ്തുവകകളില്‍ എന്തോ മോഷ്ടിച്ചുകൊണ്ടുപോയി എന്ന് കരുതുന്നവരാണധികപങ്കും വ്യാഖ്യാതാക്കള്‍. നഷ്ടപരിഹാരം നല്കിക്കൊള്ളാം എന്ന പൗലോസിന്‍റെ വാഗ്ദാനത്തില്‍നിന്നാണ് (വാ. 18) ഈ നിഗമനം. എന്നാല്‍ അടിമയുടെ ജോലിമുടങ്ങിയത് തന്നെയായിരിക്കും ഇവിടെ വിവക്ഷിക്കുന്ന നഷ്ടം എന്ന് കരുതാനും ന്യായമുണ്ട്. പൗലോസിന്‍റെ കാലത്ത് റോമാസാമ്രാജ്യത്തില്‍ നിലവിലിരുന്ന അടിമത്ത വ്യവസ്ഥിതിയെക്കുറിച്ച് ഒരു ഏകദേശ രൂപമുണ്ടായിരിക്കുന്നത് ഈ ലേഖനം ഉള്‍ക്കൊള്ളുന്ന സന്ദേശം ഗ്രഹിക്കാന്‍ സഹായിക്കും.

അടിമത്തവ്യവസ്ഥിതി

പുരാതനസമൂഹത്തില്‍ പൊതുവേ ചോദ്യം ചെയ്യപ്പെടാതെ, അംഗീകരിക്കപ്പെട്ടിരുന്നതാണ് അടിമത്തവ്യവസ്ഥിതി. പലകാരണങ്ങളാല്‍ ഒരാള്‍ അടിമയാകാം. യുദ്ധത്തില്‍ തോറ്റ് തടവുകാരാകുന്നവരെ അടിമകളായി ലേലം ചെയ്തു വില്ക്കുമായിരുന്നു. അടിമക്കച്ചവടക്കാര്‍ സ്വതന്ത്രരായ മനുഷ്യരെ വേട്ടയാടി പിടിച്ച് വില്ക്കുമായിരുന്നു. ഇത് രണ്ടിനും പുറമെ, കൊടുത്തുവീട്ടാനാവാത്ത കടത്തിന്‍റെ പേരിലും ഒരാള്‍ അടിമയാക്കപ്പെടാം. അടിമയുടെ മക്കളായി ജനിക്കുന്നവര്‍ ജന്മനാ അടിമകളായിത്തീരുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായും അടിമത്തമുണ്ടാകാം. അടിമകളാക്കപ്പെടുന്ന കായികാഭ്യാസികള്‍ പ്രതിയോഗിയുടെ മരണത്തില്‍ കലാശിക്കുന്ന ദ്വന്ദയുദ്ധങ്ങള്‍, മൃഗങ്ങളുമായുള്ള പോരാട്ടങ്ങള്‍ എന്നിങ്ങനെയുള്ള വിനോദങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരുന്നു. ഇതിനെല്ലാം പുറമെ സ്വമനസാ അടിമയായി സ്വയം വില്ക്കുന്നവരുമുണ്ടായിരുന്നു. കാരണം റോമാ സാമ്രാജ്യത്തില്‍ പൊതുവേ അടിമകളുടെ അവസ്ഥ അത്ര ദയനീയമായിരുന്നില്ല - ചില ജോലികള്‍ ഒഴികെ.

ഖനികള്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കപ്പലിലെ തണ്ടുവലി തുടങ്ങിയ ജോലികള്‍ കഠിനമായിരുന്നു. എന്നാല്‍ വീട്ടുവേലയ്ക്കായി നിയുക്തരായിരുന്ന അടിമകളുടെ ജീവിതം പൊതുവെ സുരക്ഷിതവും താരതമ്യേന സുഖപ്രദവുമായിരുന്നു. ആഹാരവും വസ്ത്രവും പാര്‍പ്പിടവും അവര്‍ക്ക് ഉറപ്പായിരുന്നു. പ്രത്യേകിച്ചും ക്ഷാമകാലത്ത് ദരിദ്രരായ സ്വതന്ത്രരുടേതിനേക്കാള്‍ മെച്ചമായിരുന്നു അടിമകളുടെ ജീവിതം. അതിനാലാണ് ചിലപ്പോഴെങ്കിലും മനുഷ്യര്‍ അടിമകളായി സ്വയം വില്ക്കാന്‍ തയ്യാറായത്.

അടിമകള്‍ക്ക് പൊതുവെ സ്വാതന്ത്ര്യം നേടാനുള്ള അവസരമുണ്ടായിരുന്നു. ആരെങ്കിലും വിലകൊടുത്തുവാങ്ങി സ്വാതന്ത്ര്യം നല്കുന്നതാവാം; അല്ലെങ്കില്‍ സ്വയം അധ്വാനിച്ചു മിച്ചം വയ്ക്കുന്ന തുകയിലൂടെ തന്‍റെ മോചനം വിലയ്ക്കുവാങ്ങുന്നതും ആവാം. നല്ല വിദ്യാഭ്യാസവും സമൂഹത്തില്‍ ഉന്നതമായ സ്ഥാനവും ഉള്ള അടിമകളും ഉണ്ടായിരുന്നു. യജമാനന്‍റെ സ്വത്തിനുമേല്‍നോട്ടം വഹിക്കുന്ന അടിമകളും ഉണ്ടായിരുന്നു. ഏതെങ്കിലും കാരണത്താല്‍ യജമാനനും അടിമയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ മൂന്നാതൊരാളുടെ മാദ്ധ്യസ്ഥം തേടാന്‍ അടിമയ്ക്ക് അവകാശവുമുണ്ടായിരുന്നു. യജമാനനുമായി നല്ല ബന്ധവും സ്വാധീനവുമുള്ള ജനസുഹൃത്തിന്‍റെ മാധ്യസ്ഥം തേടുക സാധ്യമായിരുന്നു.

ഈ പശ്ചാത്തലത്തില്‍ ഒണേസിമൂസ് പൗലോസിനെ കാണാന്‍ വന്നതു മനസിലാക്കാന്‍ കൂടുതല്‍ എളുപ്പമുണ്ട്. ഒളിച്ചോടി എന്നതിനേക്കാള്‍, തന്‍റെ യജമാനന്‍ ഏറെ ബഹുമാനിക്കുന്ന പൗലോസിനെ ഒണേസിമൂസ് തേടിയെത്തിയത് മധ്യസ്ഥം യാചിക്കാനായിരിക്കാം. പൗലോസിന്‍റെ മാധ്യസ്ഥം ഫിലെമോന്‍ മാനിക്കും എന്ന വിശ്വാസമായിരിക്കാം ഇപ്രകാരം ഒരു സാഹസത്തിന് അയാള്‍ക്കു കിട്ടിയ പ്രേരണ. യേശുവിന്‍റെ സുവിശേഷം അറിയാനും സഭയില്‍ അംഗമാകാനും തുടര്‍ന്ന് പൗലോസിന്‍റെതന്നെ സഹപ്രവര്‍ത്തകന്‍ എന്ന ഉന്നതപദവിയില്‍ എത്താനും അയാള്‍ക്ക് കഴിഞ്ഞു.

അടിമത്തവ്യവസ്ഥിതിയോട് പൗലോസിന്‍റെ പ്രതികരണം

സമൂഹത്തില്‍ നിലവിലിരുന്ന അനീതി നിറഞ്ഞ അടിമത്ത വ്യവസ്ഥിതിയെ എതിര്‍ത്ത് ഇല്ലായ്മ ചെയ്യുന്നതിന് പകരം അതിനെ അംഗീകരിക്കുകയും ഊട്ടിയുറപ്പിക്കുകയുമാണ് പൗലോസ് ചെയ്തത് എന്ന ആരോപണം ഉന്നയിക്കപ്പെടാറുണ്ട്. പല ലേഖനങ്ങളിലും അപ്പസ്തോലന്‍ അടിമത്തത്തെ ക്കുറിച്ച് പ്രതിപാദിക്കുകയും ക്രൈസ്തവര്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് (കൊളോ 3:22-4:1; എഫേ 6:5-9; 1 കോറി 1:21-22; 1 തിമോ 6:1-2; തീത്തോ 2:9-10). അനുസരണവും വിധേയത്വവുമാണ് അടിമകളില്‍നിന്ന് പൗലോസ് പൊതുവെ ആവശ്യപ്പെടുന്നത്. ഇതേ നിലപാട് 1 പത്രോ 2:18-21 ലും കാണാം.

നിലവിലിരിക്കുന്ന സംവിധാനങ്ങളെ ചോദ്യം ചെയ്യുകയോ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തില്ലാ എന്ന് പറയുന്നത് വലിയൊരളവില്‍ ശരിയാണ്. റോമാ സാമ്രാജ്യത്തിന്‍റെ അടിസ്ഥാനശിലകളില്‍ ഒന്നായിരുന്നു അടിമത്ത സമ്പ്രദായം. അതിനെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് തികച്ചും അപ്രായോഗികവും മൗഢ്യവുമാണെന്ന് സ്പാര്‍ട്ടക്കസ് മുതലായവര്‍ നടത്തി പരാജയപ്പെട്ട അടിമകളുടെ വിപ്ലവത്തില്‍ നിന്നുള്ള പാഠം വ്യക്തമായിരുന്നു. പൊതുസമൂഹത്തിലെ അനീതികളെ തുടച്ചുമാറ്റാന്‍ ശക്തമായിരുന്നില്ല കടുകുമണിപോലെ തുടങ്ങിയ ദൈവരാജ്യത്തിന്‍റെ മുന്നേറ്റം. എന്നാല്‍ ഇത് മാത്രമല്ല അടിമത്തത്തെ സംബന്ധിച്ച പൗലോസിന്‍റെ വീക്ഷണം.

പൊതുസമൂഹത്തില്‍ അടിമത്തം നിലനില്‍ക്കുന്നെങ്കിലും ക്രിസ്തുവിന്‍റെ സഭയില്‍ എല്ലാവരും തുല്യരും തുല്യമഹത്വവും അവകാശങ്ങളും ഉള്ള സഹോദരങ്ങളും ആണെന്നതത്രേ പൗലോസിന്‍റെ അടിസ്ഥാന പ്രബോധനം. "യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ, അടിമയെന്നോ, സ്വതന്ത്രനെന്നോ, പുരുഷനെന്നോ, സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്" (ഗലാ 3:26-28). ബാഹ്യമായ അടിമത്തം നിലനില്ക്കുമ്പോഴും ആന്തരിക സ്വാതന്ത്ര്യം അനുഭവിക്കാന്‍ ക്രൈസ്തവനു സാധിക്കും. "സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ മോചിപ്പിച്ചു... അടിമത്തത്തില്‍ നിന്ന് മോചനം നേടാനും പൗലോസ് ആഹ്വാനം ചെയ്യുന്നുണ്ട്. "സ്വതന്ത്രനാകാന്‍ സാധ്യതയുണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്തിക്കൊള്ളുക" (1 കോറി 7:21); "നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്; നിങ്ങള്‍ മനുഷ്യരുടെ അടിമകളായിത്തീരരുത്" (1 കോറി 7:23).

ഇതില്‍നിന്നെല്ലാം പൗലോസിന്‍റെ വീക്ഷണം വ്യക്തമാണ്. ബലപ്രയോഗത്തിലൂടെ വ്യവസ്ഥിതികളെ പുറമെ നിന്ന് മാറ്റുകയല്ല നേരെമറിച്ച്, മനുഷ്യന്‍റെ ആന്തരിക പരിവര്‍ത്തനത്തിലൂടെ അടിമത്തവ്യവസ്ഥിതിയെ ഉള്ളില്‍ നിന്ന് പൊളിച്ചെഴുതുകയാണ് അപ്പസ്തോലന്‍ നിര്‍ദ്ദേശിക്കുന്ന സുവിശേഷത്തിന്‍റെ മാര്‍ഗം. മനുഷ്യര്‍ എല്ലാവരും ദൈവമക്കളും, അതിനാല്‍ത്തന്നെ പരസ്പരം സഹോദരങ്ങളുമായി അംഗീകരിക്കപ്പെടുന്നിടത്ത് പിന്നെ അടിമയും ഉടമയുമുണ്ടാകില്ല. മനുഷ്യനെ അടിമയാക്കുന്ന സകല സംവിധാനങ്ങള്‍ക്കും അന്ത്യം കുറിക്കുന്ന സമൂലവും സമഗ്രവും രക്തരഹിതവുമായ ഒരു വിപ്ലവമാണ് അപ്പസ്തോലന്‍ വിഭാവനം ചെയ്യുന്നത്. ഇപ്രകാരമൊരു വീക്ഷണത്തിന്‍റെ ഏറ്റം വ്യക്തമായ ഉദാഹരണമാണ് പഠനവിഷയമായ ലേഖനം

വിഭജനം

  1. അഭിവാദനം 1:3
  2. പ്രശംസ, കൃതജ്ഞത 4:7
  3. അഭ്യര്‍ത്ഥന 8:22
  4. ആശംസകള്‍ 23:25

വ്യാഖ്യാനം

വളരെ ചെറുതെങ്കിലും ഏറെ ശ്രദ്ധാപൂര്‍വ്വം രചിച്ച ഒരു ലേഖനമാണിത്. കത്തുകളെ, പ്രത്യേകിച്ചും ശിപാര്‍ശകത്തുകളെ സംബന്ധിച്ച ഗ്രീക്ക് സാഹിത്യ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് രചന നടത്തിയിരിക്കുന്നത്. ആവശ്യപ്പെടുന്ന കാര്യം സാധിക്കാനായി ആദ്യമേ അനുവാചകന്‍റെ താല്പര്യവും ശ്രദ്ധയും പിടിച്ചുപറ്റാന്‍ സാധിക്കുന്ന രീതിയില്‍ അഭിവാദനവും കൃതജ്ഞതയും ആശംസകളും അനുമോദനങ്ങളും അര്‍പ്പിച്ചതിനുശേഷമാണ് ഉദ്ദിഷ്ടകാര്യം നയചാതുരിയോടെ അവതരിപ്പിക്കുന്നത്. യാചനാരൂപത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെങ്കിലും വാക്കുകള്‍ക്കു പിന്നില്‍ അധികാരമുണ്ട്; ആജ്ഞാപിക്കുന്നില്ല എന്ന് പറയുമ്പോഴും ആവശ്യപ്പെടുന്ന കാര്യം ചെയ്തുതരാന്‍ അനുവാചകര്‍ കടപ്പെട്ടിരിക്കുന്നു എന്ന സൂചനയുണ്ട്. സ്നേഹത്തിന്‍റെയും യാചനയുടെയും ഭാഷയിലും ആവശ്യപ്പെടുന്ന കാര്യം തിരസ്കരിക്കാതിരിക്കാന്‍ വേണ്ട നിര്‍ബന്ധവുമുണ്ട്. ക്രിസ്തീയ വിശ്വാസത്തിലുള്ള കൂട്ടായ്മയുടെ അടിസ്ഥാനത്തിലാണ് ലേഖനം രചിച്ചിരിക്കുന്നത്.

 

 

ഡോ. മൈക്കിള്‍ കാരിമറ്റം

Epistles of Paul Epistle to Philemon catholic malayalam st. paul Dr. Michael Karimattam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message