x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

സഭാപ്രസംഗകന്‍

Authored by : Rev. Antony Tharekadavil On 03-Feb-2021

സഭാപ്രസംഗകന്‍

ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടിലെ ഏതോ ഒരു തത്ത്വ ചിന്തകന്‍ സഭാപ്രസംഗകന്‍ രചിച്ചുവെന്ന് കരുതപ്പെടുന്നു. ഗ്രന്ഥത്തിലുള്ള ഗ്രീക്കുഭാഷയുടെ സ്വാധീനമാണ് ഇപ്രകാരം ചിന്തിക്കാന്‍ കാരണം. ദാവീദിന്‍റെ പുത്രനും ജറുസലേമിന്‍റെ രാജാവുമാണ് താനെന്ന് (1:1) ഗ്രന്ഥകാരന്‍ തന്നെക്കുറിച്ചുതന്നെ പറയുന്നുണ്ടെങ്കിലും, 4:13-16; 7:19-22; 8:2-9; 8:16-18 മുതലായ വാക്യങ്ങള്‍ രാജാവിന്‍റെതിനെക്കാള്‍ ഒരു പ്രജയുടേതാണ്.

ജ്ഞാനം സ്വന്തമാക്കിയാല്‍ സന്തോഷവും ജീവിതവിജയവും ഉറപ്പാകും എന്ന സുഭാഷിതങ്ങളിലെ ചിന്തയെ  സൈദ്ധാന്തീകരിച്ചതിനെതിരെയും അതോടൊപ്പം "പ്രവൃത്തികള്‍ക്കനുസരിച്ച് ദൈവം എപ്പോഴും പ്രതിഫലം നല്കും" എന്ന അപക്വമായ ചിന്തയ്ക്കെതിരെയുമുള്ള പക്വമതിയായ ഒരു ഗുരുവിന്‍റെ, ജോബിനോട് സമാനമായ മറ്റൊരു പ്രതികരണമാണ് ഈ ഗ്രന്ഥമെന്ന് താഴെ വരുന്ന ഉദാഹരണങ്ങള്‍ വ്യക്തമാക്കും.

"ജറുസലേമില്‍ എനിക്ക് മുമ്പുണ്ടായിരുന്ന എല്ലാ രാജാക്കന്മാരെയുംകാള്‍ അധികം ജ്ഞാനം ഞാന്‍ സമ്പാദിച്ചു; ജ്ഞാനത്തിന്‍റെയും അറിവിന്‍റെയും യഥാര്‍ത്ഥരൂപം അനുഭവിച്ചറിഞ്ഞു എന്ന് ഞാന്‍ വിചാരിച്ചു. ജ്ഞാനത്തെയും അറിവിനെയും ഉന്മത്തതയെയും ഭോഷത്തത്തെയും വിവേചിച്ചറിയാന്‍ ഞാന്‍ ഉദ്യമിച്ചു. ഇത് പാഴ് വേലയാണെന്ന് ഞാന്‍ കണ്ടു. കാരണം ജ്ഞാനമേറുമ്പോള്‍ ദുഃഖവും ഏറുന്നു; അറിവ് വര്‍ദ്ധിക്കുമ്പോള്‍ വ്യസനവും വര്‍ദ്ധിക്കുന്നു" (1:16-18). അറിവ് സ്വന്തമാക്കിക്കൊണ്ട് ജീവിതം സന്തോഷകരമാക്കാമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ് എന്നര്‍ത്ഥം.

"നീതിമാനെയും ജ്ഞാനിയെയും അവരുടെ പ്രവൃത്തികളെയും ദൈവം നിയന്ത്രിക്കുന്നുവെന്ന് ഞാന്‍ ആഴത്തില്‍ ചിന്തിച്ചറിഞ്ഞു. അത് സ്നേഹപൂര്‍ണമോ ദ്വേഷപൂര്‍ണമോ എന്ന് മനുഷ്യന്‍ അറിയുന്നില്ല. അവന്‍റെ മുന്‍പിലുള്ളതെല്ലാം മിഥ്യയാണ്. എന്തെന്നാല്‍ നീതിമാനും നീചനും, സന്മാര്‍ഗിക്കും ദുര്‍മാര്‍ഗ്ഗിക്കും, ശുദ്ധനും അശുദ്ധനും, ബലിയര്‍പ്പിക്കുന്നവനും അര്‍പ്പിക്കാത്തവനും, നല്ലവനും ദുഷ്ടനും, ശപഥം ചെയ്യുന്നവനും ചെയ്യാത്തവനും ഗതി ഒന്നുതന്നെ. എല്ലാവര്‍ക്കും ഒരേ ഗതി വന്നു ചേരുന്നത് സൂര്യന്കീഴെ എല്ലാ പ്രവൃത്തികളിലും അടങ്ങിയിരിക്കുന്ന തിന്മയാണ്" (9:1-3). പ്രവൃത്തികള്‍ക്ക് തക്ക പ്രതിഫലമാണ് എപ്പോഴും നല്കപ്പെടുന്നത് എന്ന് ചിന്തിക്കരുത്. കാരണം ദൈവത്തിന്‍റെ പ്രവൃത്തികള്‍ മനുഷ്യന് അഗ്രാഹ്യമാണ്:

"ജ്ഞാനത്തെ അറിയാനും മനുഷ്യന്‍റെ വ്യാപാരങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ രാപകല്‍ വിശ്രമമെന്നിയേ പരിശ്രമിച്ചു. അപ്പോള്‍ കണ്ടത് ദൈവത്തിന്‍റെ കരവേലകളാണ്; സൂര്യനുകീഴെ നടക്കുന്ന പ്രവൃത്തികളെല്ലാം കണ്ടുപിടിക്കാന്‍ മനുഷ്യന് സാധ്യമല്ലെന്നാണ്. എത്ര ബുദ്ധിമുട്ടി അന്വേഷിച്ചാലും അത് കണ്ടെത്തുകയില്ല. അതു കണ്ടുപിടിച്ചുവെന്ന് ബുദ്ധിമാന്‍ അവകാശപ്പെട്ടാലും അത് അവന് അതീതമത്രേ" (8:16-17).

അനുദിന ജീവിതാനുഭവങ്ങള്‍ക്ക് പൂര്‍ണമായും വിശദീകരിക്കാന്‍ കഴിയാത്ത തത്ത്വങ്ങളെ സൈദ്ധാന്തീകരിച്ചതിനെതിരെ പ്രതികരിക്കുകയും, മനുഷ്യന്‍റെ കഴിവുകള്‍ക്ക് പരിധിയുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതോടൊപ്പം ജീവിതം സന്തോഷപ്രദമാക്കാന്‍ മനുഷ്യന് ഏറ്റവും ആവശ്യമായിരിക്കുന്നത് മിതത്വമെന്ന പുണ്യമാണെന്ന് (7:15-18) പഠിപ്പിക്കുകയാണ് സഭാപ്രസംഗകന്‍:

"എന്‍റെ വ്യര്‍ത്ഥജീവിതത്തില്‍ ഞാന്‍ സകലതും കണ്ടു. തിന്മ ചെയ്തിട്ടും ദീര്‍ഘായുസ്സ് ലഭിക്കുന്ന ദുഷ്ടന്മാരുണ്ട്. അമിത നീതിയോ അമിത ജ്ഞാനമോ അരുത്. നീ എന്തിന് നിന്നെത്തന്നെ നശിപ്പിക്കുന്നു? പരമദുഷ്ടനോ മൂഢനോ ആകരുത്. കാലമെത്താതെ നീ മരിക്കുന്നതെന്തിന്? ഒന്നില്‍ പിടിമുറുക്കുമ്പോള്‍ മറ്റേതില്‍ നിന്ന് പിടിവിടാതെ സൂക്ഷിക്കണം. ദൈവത്തെ ഭയപ്പെടുന്നവന് രണ്ടിലും വിജയം കിട്ടും" (7:15-18). "ഒരിക്കലും പാപം ചെയ്യാതെ നന്മമാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല" (7:20).

സഭാപ്രസംഗകന്‍റെ ചിന്തകളെ മനസ്സിലാക്കാന്‍ ജ്ഞാനപാരമ്പര്യത്തിന്‍റെ പൊതുചരിത്ര പശ്ചാത്തലംകൂടി ഓര്‍മ്മയില്‍ വയ്ക്കേണ്ടതാണ്. കാരണം സഭാപ്രസംഗകന്‍റെ കാലത്ത് ഇസ്രായേല്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിരുന്നില്ല: "എല്ലാവര്‍ക്കും ഒരേഗതി വന്നുചേരുന്നത് സൂര്യനുകീഴെ എല്ലാ പ്രവൃത്തികളിലും അടങ്ങിയിരിക്കുന്ന തിന്മയാണ്. മനുഷ്യഹൃദയം തിന്മകൊണ്ട് നിറഞ്ഞിരിക്കുന്നു; ജീവിതകാലം മുഴുവന്‍ അവര്‍ ഭ്രാന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനുശേഷം അവര്‍ മൃതലോകത്തില്‍ എത്തുന്നു. എന്നാല്‍ ജീവിക്കുന്നവരോടൊപ്പം എണ്ണപ്പെടുന്നവന് എന്നിട്ടും പ്രത്യാശയുണ്ട്. ജീവനുള്ള നായ ചത്ത സിംഹത്തെക്കാള്‍ ഭേദമാണല്ലോ. കാരണം ജീവിക്കുന്നവര്‍ക്കറിയാം തങ്ങള്‍ മരിക്കുമെന്ന്. മരിച്ചവരാകട്ടെ ഒന്നും അറിയുന്നില്ല. അവര്‍ക്ക് ഒരു പ്രതിഫലവും ഇനിയില്ല" (9:3-5); "... മനുഷ്യമക്കളുടെയും മൃഗങ്ങളുടെയും ഗതി ഒന്നുതന്നെ; ഒന്നു ചാകുന്നതുപോലെ മറ്റേതും ചാകുന്നു. എല്ലാറ്റിനും ഒരേ ശ്വാസമാണുള്ളത്; മനുഷ്യന് മൃഗത്തേക്കാള്‍ യാതൊരു മേന്മയുമില്ല... എല്ലാം പൊടിയില്‍നിന്നുണ്ടായി, പൊടിയിലേയ്ക്ക് മടങ്ങുന്നു. മനുഷ്യന്‍റെ പ്രാണന്‍ മേല്‍പ്പോട്ടും മൃഗത്തിന്‍റെതു താഴെ മണ്ണിലേയ്ക്കും പോകുന്നുവോ? ആര്‍ക്കറിയാം" (3:19-21). എങ്കിലും ദൈവമുണ്ടെന്നും ദൈവം മനുഷ്യനെ വിധിക്കുമെന്നും സഭാപ്രസംഗകന്‍ വിശ്വസിച്ചു. ആ വിശ്വാസത്തിലുറച്ചുനിന്നുകൊണ്ട് മനുഷ്യന് ഭൂമിയില്‍ നല്കപ്പെടുന്ന കൊച്ചുജീവിതം എപ്രകാരം സന്തോഷകരമാക്കാമെന്നാണ് സഭാപ്രസംഗകന്‍ ചിന്തിക്കുന്നത്.

പ്രവൃത്തികള്‍ക്കു തക്കപ്രതിഫലം എന്ന തത്ത്വത്തിന്‍റെ സൈദ്ധാന്തീകരണത്തെ എതിര്‍ത്തെങ്കിലും ദൈവം നീതിമാനാണെന്നും അവന്‍ മനുഷ്യന് തക്കപ്രതിഫലം നല്കുമെന്നും സഭാപ്രസംഗകന്‍വിശ്വസിച്ചു (8:10-13). എങ്കിലും ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യബുദ്ധിയ്ക്ക് അഗ്രാഹ്യമാണ്. അതാണ് അനുഭവം തെളിയിക്കുന്നത്. മനുഷ്യന്‍റെ ജ്ഞാനത്തിനുവേണ്ടിയുള്ള അന്വേഷണം, ദൈവത്തിന്‍റെ കരവേലയെ ഒന്നൊന്നായി വെളിപ്പെടുത്തുമെങ്കിലും ദൈവത്തിന്‍റെ പ്രവൃത്തികളെല്ലാം ഉള്‍ക്കൊള്ളാന്‍ മാത്രം അല്‍പായുസ്സുകാരനായ മനുഷ്യചേതനയ്ക്ക് കഴിവില്ലെന്ന് ജ്ഞാനി കണ്ടെത്തി.

"ദൈവത്തിന്‍റെ പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കൂ: അവിടുന്ന് വളഞ്ഞതായി നിര്‍മ്മിച്ചത് നേരെയാക്കാന്‍ ആര്‍ക്കുസാധിക്കും? സുഭിക്ഷതയില്‍ സന്തോഷിക്കുക; വിപത്തില്‍ പര്യാലോചിക്കുക; രണ്ടും ഒരുക്കിയത് ദൈവമാണ്. എന്താണ് വരാന്‍ പോകുന്നതെന്ന് മനുഷ്യന്‍ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്" (7:13-14). എങ്കിലും "ജ്ഞാനം പിതൃസ്വത്തുപോലെ ശ്രേഷ്ഠമാണ്. ജീവിക്കുന്നവര്‍ക്ക് അതുപകരിക്കും" (7:11).

"സൂര്യന്കീഴേ ഓട്ടം വേഗമുള്ളവനോ യുദ്ധം ശക്തിയുള്ളവനോ അപ്പം ജ്ഞാനിക്കോ ധനം ബുദ്ധിമാനോ അനുഗ്രഹം സമര്‍ത്ഥനോ അല്ല ലഭിച്ചിരിക്കുന്നതെന്ന് ഞാന്‍ കണ്ടു; എല്ലാം യാദൃശ്ചികമായി സംഭവിക്കുന്നതാണ്. തന്‍റെ സമയം മനുഷ്യന് അജ്ഞാതമാണ്. മത്സ്യം വലയില്‍പെടുന്നതുപോലെയും പക്ഷികള്‍ കെണിയില്‍ കുടുങ്ങുന്നതുപോലെയും കഷ്ടകാലം വിചാരിക്കാത്ത നേരത്ത് മനുഷ്യമക്കളെ കുടുക്കുന്നു" (9:11-12).

എത്ര പരിശ്രമിച്ചാലും ഭാവിയില്‍ വിജയമാണോ, പരാജയമാണോ എന്നറിയാനോ ദൈവത്തിന്‍റെ പദ്ധതികള്‍ മുഴുവന്‍ മനസ്സിലാക്കാനോ മനുഷ്യന് കഴിവില്ല: "ഭാവി അവന് അജ്ഞാതമാണ്. അത് എങ്ങനെയിരിക്കുമെന്ന് പറയാന്‍ ആര്‍ക്കു കഴിയും? പ്രാണനെ പിടിച്ചു നിര്‍ത്താനോ, മരണസമയം നിശ്ചയിക്കാനോ ആര്‍ക്കു കഴിയും? യുദ്ധസേവനത്തില്‍നിന്ന് വിടുതല്‍ ഇല്ല ദുഷ്ടതയ്ക്ക് അടിമയായവരെ അത് മോചിപ്പിക്കുകയില്ല" (8:7-8). അതിനാല്‍ "കണ്‍മുന്‍പിലുള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതാണ് സങ്കല്പങ്ങളില്‍ അലയുന്നതിനേക്കാള്‍ നല്ലത്. ഇതും മിഥ്യയും പാഴ്വേലയുമാണ്" (6:9).

പ്രപഞ്ചത്തിലുള്ളതെല്ലാം കൃത്യമായി നിര്‍വ്വചിക്കാന്‍ സാധിക്കാത്തതുകൊണ്ടും, എല്ലാറ്റിനെക്കുറിച്ചും അറിയാന്‍ മനുഷ്യന് കഴിയാത്തതുകൊണ്ടും മനുഷ്യന് കരണീയമായിട്ടുള്ളത് സ്രഷ്ടാവായ ദൈവം നല്കുന്ന ജീവിതം അതായിരിക്കുന്നവിധത്തില്‍ സ്വീകരിക്കുകയും അവിടുന്ന് നല്കുന്ന സന്തോഷങ്ങള്‍ ആസ്വദിക്കുകയുമാണ് (3:22). മനുഷ്യന് ജീവന്‍ നല്കുന്ന ദൈവം അവന്‍റെ ജീവിതത്തില്‍ എല്ലാറ്റിനും ഒരു സമയവും നിശ്ചയിച്ചിട്ടുണ്ട് (3:1-8). ദൈവം മനുഷ്യമനസ്സില്‍ കാലത്തിന്‍റെ സമഗ്രതയെക്കുറിച്ച് ബോധ്യവും നല്കിയിട്ടുണ്ട് (3:11). ദൈവം നല്കുന്നതെന്തായാലും അത് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുക, ദൈവം സന്തോഷം നല്കുമ്പോള്‍ അതില്‍ സന്തോഷിക്കുക, ദുഃഖമാണെങ്കില്‍ അതിനെയോര്‍ത്ത് നിലവിളിക്കാതിരിക്കുക. ദൈവം നല്കുന്ന സന്തോഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നതുകൊണ്ടോ ദൈവം നല്കുന്ന വേദനകളില്‍ കഠിനമായി വിലപിക്കുന്നതുകൊണ്ടോ പ്രയോജനമില്ല.

ഒരുവന്‍റെ ജീവിതകാലത്തുണ്ടാകുന്ന മുഴുന്‍ അനുഭവങ്ങളുടേയും വെളിച്ചത്തില്‍ ജ്ഞാനതത്ത്വങ്ങളെ വിശകലനം ചെയ്യാനാണ് സഭാപ്രസംഗകന്‍ ശ്രമിക്കുന്നത്. അതിന്‍റെ ഫലമായി ചോദ്യം ചെയ്യപ്പെടാതെ അംഗീകരിച്ചുപോന്ന പല തത്ത്വങ്ങളെയും അദ്ദേഹം ചോദ്യംചെയ്തു. സന്തോഷത്തിനാവശ്യം സമചിത്തതയും മിതത്വവുമാണെന്ന് വിശ്വസിച്ച സഭാപ്രസംഗകന്‍ ജ്ഞാനം സ്വന്തമാക്കിയത് തന്‍റെ ചുറ്റിലുമുള്ള എല്ലാവരുടെയും അനുഭവം വിശകലനം ചെയ്തുകൊണ്ടായിരുന്നു. പ്രവൃത്തികള്‍ക്ക് തക്കപ്രതിഫലമെന്ന സൈദ്ധാന്തീകരിച്ച തത്ത്വത്തെ എതിര്‍ത്തതുപോലെതന്നെ, ആ തത്ത്വത്തെ പൂര്‍ണമായി ത്യജിക്കുന്ന ചിന്താരീതിയും സമചിത്തതയോടെ സഭാപ്രസംഗകന്‍ തള്ളിക്കളഞ്ഞു: "നീചന് നന്മ കൈവരികയില്ല. നീതിമാന്മാര്‍ക്ക് നീചന്മാരുടെ പ്രവൃത്തികള്‍ക്കുയോജിച്ച അനുഭവവും നീചന്മാര്‍ക്ക് നീതിമാന്മാരുടെ പ്രവൃത്തികള്‍ക്കുയോജിച്ച അനുഭവവും ഉണ്ടാകും എന്നത് ഭൂമിയിലുള്ള ഒരു മിഥ്യയാണ്. ഇതും മിഥ്യയാണെന്ന് ഞാന്‍ പറഞ്ഞു" (8:13-14).

ജീവിതത്തിന്‍റെ ഓരോ മേഖലയിലും അത്യദ്ധ്വാനം ചെയ്യുന്നവരെ അദ്ദേഹം വീക്ഷിച്ചു: എപ്പോഴും ജ്ഞാനമന്വേഷിക്കുന്നവരെയും (1:16-17), ധനസമ്പാദനത്തിനുവേണ്ടി അതികഠിനമായി അദ്ധ്വാനിക്കുന്നവരെയും (4:6-8; 5:10-13), നീതിപാലിക്കുന്നു എന്നു കാണിക്കാന്‍ സ്വയം നശിക്കുന്നവരെയും (7:15-16), ദൈവസന്നിധിയില്‍ അമിതഭക്തിയും തിടുക്കവും കാണിക്കുന്നവരെയും (5:1-4), അധികാരം കൈയ്യാളുന്നതിന്‍റെ പിന്‍ബലത്തില്‍ അനീതിപ്രവര്‍ത്തിക്കുന്നവരെയും (5:8-9), ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം നേടിയിട്ടും അതൊന്നും ആസ്വദിക്കാന്‍ കഴിയാത്തവരെയും (6:1-2),  തങ്ങള്‍ ശരിയെന്ന് കരുതുന്ന ആശയങ്ങള്‍ക്കുവേണ്ടി ജീവാര്‍പ്പണം ചെയ്യുന്നവരെയും (7:15-18; 8:1-5), അവിവേകികളായ സ്ത്രീകളുടെ കെണിയില്‍പ്പെട്ടവരെയും (7:26-29), ഭോഷന്മാരെയും ജ്ഞാനികളെയും (9:13-17), ജ്ഞാനികളെങ്കിലും തങ്ങളുടെതന്നെ ഭോഷത്തംവഴി നശിച്ചുപോകുന്നവരെയും (10:1-3) സഭാപ്രസംഗകന്‍ വീക്ഷിച്ചു. അവരുടെ അനുഭവങ്ങളെ അവര്‍ക്കു നല്കപ്പെട്ട ചെറിയജീവിത പശ്ചാത്തലത്തില്‍ വിലയിരുത്തിയ സഭാപ്രസംഗകന്‍ എല്ലാറ്റിലും മിതത്വവും സമചിത്തതയുമാണ് ഏറ്റവും അഭികാമ്യമെന്ന നിഗമനത്തിലെത്തി. കാരണം ജീവിതം മുഴുവനും അന്വേഷിച്ചാലും പൂര്‍ണജ്ഞാനിയാകാനോ (1:12-18; 5:13-14; 6:2), അമിത അദ്ധ്വാനം ചെയ്തുണ്ടാക്കിയവ മുഴുവനും ആസ്വദിക്കാനോ (2:21), നീതിയ്ക്കുവേണ്ടി തീവ്രപരിശ്രമം ചെയ്യുന്നതുകൊണ്ട് വിജയിക്കാനോ (7:15), ദൈവസന്നിധിയില്‍ അമിത ഭക്തികാണിക്കുന്നതുകൊണ്ട് ഉയര്‍ച്ചനേടാനോ (5:4), അധികാരദുര്‍വിനിയോഗംകൊണ്ട് ഉയര്‍ച്ച കൈവരിക്കാനോ (5:8), എല്ലാം ഉള്ളതുകൊണ്ട് സംതൃപ്തിയും സുഖവും ആസ്വദിക്കാനോ (6:2), തത്ത്വങ്ങള്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കുന്നതുകൊണ്ട് സത്യപ്രഘോഷകരാകാനോ (8:17), മനുഷ്യന് സാധ്യമല്ല. അതുകൊണ്ട് ഏറ്റം കരണീയമായിട്ടുള്ളത് ദൈവം നല്കുന്ന സന്തോഷങ്ങള്‍ ആസ്വദിക്കുകയെന്നതാണ് (2:24; 3:12; 8:15; 11:9): "ദൈവദത്തമായ ഈ ഹ്രസ്വജീവിതം മനുഷ്യന്‍ തിന്നും കുടിച്ചും അദ്ധ്വാനഫലം ആസ്വദിച്ചും കഴിയുന്നതാണ് ഉത്തമവും യോഗ്യവുമായി ഞാന്‍ കണ്ടിട്ടുള്ളത്. ഇതാണ് അവന്‍റെ ഗതി. സമ്പത്തും സമൃദ്ധിയും അത് അനുഭവിക്കാനുള്ള കഴിവും നല്കി ദൈവം അനുഗ്രഹിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്‍റെ ഈ അവസ്ഥയെ മാനിക്കുകയും അദ്ധ്വാനഫലം ആസ്വദിക്കുകയും ചെയ്യേണ്ടതാണ്. ഇത് ദൈവത്തിന്‍റെ ദാനമാണ്" (5:18-19); "സൂര്യനുകീഴെ ദൈവം നിനക്ക് നല്കിയിരിക്കുന്ന വ്യര്‍ത്ഥമായ ജീവിതം നീ സ്നേഹിക്കുന്ന ഭാര്യ യോടൊത്ത് ആസ്വദിക്കുക. കാരണം അത് നിന്‍റെ ജീവിതത്തിന്‍റെയും സൂര്യനുകീഴെ നാം ചെയ്യുന്ന പ്രയത്നത്തിന്‍റെയും ഓഹരിയാണ്" (9:6-9).

സമൂഹത്തില്‍ അനീതിയും അക്രമവും നടമാടുകയും (3:16; 4:1; 8:1-3), സാധാരണ മനുഷ്യര്‍ക്ക് ഇതിനെതിരെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാതിരിക്കുകയും, ഈ ജീവിതത്തിനപ്പുറത്ത് മറ്റൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നല്കപ്പെട്ട ജീവിതം ആസ്വദിക്കുകയെന്നതാണ് കരണീയമായതെന്ന് സഭാപ്രസംഗകന്‍ കരുതി. ഈ ചിന്ത ജഡമോഹത്തില്‍നിന്നോ ഭൗതികവാദത്തില്‍നിന്നോ ഉയരുന്നതല്ല. മറിച്ച് ദൈവഭയത്തില്‍നിന്നുളവാകുന്നതാണ്. കാരണം തന്‍റെ ഉപദേശങ്ങളിലുടനീളം ദൈവത്തെ ഭയപ്പെടുക എന്ന് സഭാപ്രസംഗകന്‍ ഉദ്ബോധിപ്പിക്കുന്നുണ്ട് (3:14; 5:7; 7:18; 8:12; 12:14). മനുഷ്യന്‍ ദൈവത്തെ ഭയപ്പെടുകയും ഒപ്പം ജീവിതം ആസ്വദിക്കുകയും ചെയ്യുക എന്ന് ഉപദേശിക്കുന്നതിന്‍റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്: "ജീവിതകാലം മുഴുവന്‍ ആനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതിനെക്കാള്‍ കാമ്യമായി മനുഷ്യര്‍ക്ക് യാതൊന്നുമില്ലെന്ന് ഞാനറിയുന്നു. എല്ലാ മനുഷ്യരും ഭക്ഷിക്കുകയും പാനം ചെയ്യുകയും അദ്ധ്വാനഫലം ആസ്വദിക്കുകയും ചെയ്യുകയെന്നത് ദൈവത്തിന്‍റെ ദാനമാണെന്നും ഞാനറിയുന്നു. ദൈവത്തിന്‍റെ പ്രവൃത്തികളെല്ലാം ശാശ്വതമാണെന്നു ഞാനറിയുന്നു; അതിനോട് എന്തെങ്കിലും കൂട്ടാനോ അതില്‍നിന്ന് എന്തെങ്കിലും കുറയ്ക്കാനോ സാധ്യമല്ല; ദൈവം അപ്രകാരം ചെയ്തിരിക്കുന്നത് മനുഷ്യര്‍ തന്നെ ഭയപ്പെടുന്നതിനാണ്" (3:12-14). മനുഷ്യര്‍ സന്തോഷിക്കുകയും ഒപ്പം തന്നെ ഭയപ്പെടുകയും ചെയ്യണമെന്നാണ് നല്ലവനായ ദൈവം ആഗ്രഹിക്കുന്നത്.

മനുഷ്യനെ ഒരു സമൂഹജീവിയായാണ് സഭാപ്രസംഗകന്‍ വിഭാവനം ചെയ്തത് എന്ന് കരുതാം. കാരണം സമൂഹജീവിതത്തിലാണല്ലോ എല്ലാവിധത്തിലുമുള്ള സമചിത്തതയും മിതത്വവും ഫലം പുറപ്പെടുവിക്കുന്നത്. സമൂഹജീവിയായതിനാല്‍ ഓരോ മനുഷ്യന്‍റെയും സന്തോഷവും ദുഃഖവും അവന്‍റെ ചുറ്റുമുള്ളവരെയും ബാധിക്കുമെന്ന് തീര്‍ച്ച. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ആവശ്യത്തിലധികം അതിശയോക്തി കലര്‍ത്തുന്നത് സമൂഹജീവിതത്തില്‍ അസ്വസ്ഥത വിതയ്ക്കാനേ ഉപകരിക്കുകയുള്ളൂ.

തന്‍റെ മുമ്പില്‍ ഉപദേശമന്വേഷിച്ചുവന്ന യുവാവിനോട് ജീവിതസായാഹ്നത്തിലെത്തിയിരിക്കുന്ന ഗുരു തന്‍റെയും മറ്റുള്ളവരുടെയും ജീവിതം വിശകലനം ചെയതതിനുശേഷം പറയുന്നതിപ്രകാരമാണ്: "യുവാവേ, യുവത്വത്തില്‍ നീ സന്തോഷിക്കുക; യൗവ്വനത്തിന്‍റെ നാളുകളില്‍ നിന്‍റെ ഹൃദയം നിന്നെ ആഹ്ലാദിപ്പിക്കട്ടെ; ഹൃദയത്തിന്‍റെ പ്രേരണകളെയും കണ്ണിന്‍റെ അഭിലാഷങ്ങളെയും പിന്‍ചെല്ലുക; എന്നാല്‍ ഓര്‍മ്മിച്ചുകൊളളുക ഇവയ്ക്കെല്ലാം ദൈവം നിന്നെ ന്യായവിധിയ്ക്കായി വിളിക്കും. മനസ്സില്‍നിന്ന് ആകുലത അകറ്റുക. ശരീരത്തില്‍നിന്ന് വേദന ദുരീകരിക്കുക. യുവത്വവും ജീവിതത്തിന്‍റെ പ്രഭാതവും മിഥ്യയാണ്. ഒന്നിനും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിയ്ക്കുംമുമ്പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക" (11:9-12:1).

ഇപ്രകാരം ജീവിതത്തെക്കുറിച്ച് ആഴമേറിയതും സമചിത്തതയോടുകൂടിയതുമായ വീക്ഷണങ്ങള്‍ നല്കുന്നതോടൊപ്പം അനുദിനജീവിത വിജയത്തിനാവശ്യമായ പല ചെറിയ പ്രായോഗിക ഉപദേശങ്ങളും അദ്ദേഹം കൈമാറുന്നുണ്ട്: "കുഴികുഴിക്കുന്നവന്‍ അതില്‍ വീഴും" (10:8); "രാജാവ് കോപിച്ചാല്‍ സ്ഥലംവിടാതെ അവിടെത്തന്നെ നില്ക്കണം" (10:4); "തനിക്ക് ശേഷം എന്തു സംഭവിക്കുമെന്ന് പറയാന്‍ ആര്‍ക്കും സാധിക്കുകയില്ല" (10:14); "ഉടമസ്ഥന്‍ അശ്രദ്ധനായാല്‍ പുരചോരും" (10:18); "ധൂളി അതിന്‍റെ ഉറവിടമായ മണ്ണിലേയ്ക്ക് മടങ്ങും" (12:7).

മരണാനന്തര ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് സാമൂഹ്യജീവിതം ഇന്നത്തേതിനെക്കാള്‍ മോശമായിരുന്ന അക്കാലത്ത് ഇത്രമാത്രം പക്വമായും ദൈവഭയത്തോടെയും ചിന്തിക്കാന്‍ കഴിഞ്ഞ സഭാപ്രസംഗകന്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്ന ആധുനിക വിശ്വാസികളുടെ മുമ്പില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മനുഷ്യന്‍ തന്‍റെ എല്ലാ പ്രവര്‍ത്തികള്‍ക്കും ദൈവസന്നിധിയില്‍ കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്ന് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്ന (12:14) സഭാപ്രസംഗകന്‍ വിശ്വാസികളുടെ കണ്ണു തുറപ്പിക്കണം. ദൈവം സൃഷ്ടിച്ച ലോകത്തില്‍ മനുഷ്യരാരും ഏകരല്ല. അവര്‍ സമൂഹജീവികളാണ്. ഓരോമനുഷ്യന്‍റെയും സന്തോഷവും ദുഃഖവും അഭിവാഞ്ചകളും, ആഗ്രഹങ്ങളും, അദ്ധ്വാനവും, തത്ത്വശാസ്ത്രങ്ങളും മറ്റുള്ളവരെയും ബാധിക്കുകയും അവരുടെ സന്തോഷത്തിനും ദുഃഖത്തിനും കാരണമാവുകയും ചെയ്യും. അതുകൊണ്ട് ദൈവഭയത്തോടെ മിതത്വം പാലിക്കുകയാണഭികാമ്യം. ജീവിതത്തില്‍ നല്കപ്പെടുന്ന അവസരങ്ങള്‍ ദൈവീക പദ്ധതിക്കനുസൃതമായി ഫലപ്രദമായി ചിലവഴിക്കാന്‍ സഭാപ്രസംഗകന്‍ ഉദ്ബോധിപ്പിക്കുന്നു.

ജോബ് - സഭാപ്രസംഗകന്‍ ഉപസംഹാരം

ജോബും സഭാപ്രസംഗകനും പരസ്പരപൂരകങ്ങളായ ആശയങ്ങളാണ് അവതരിപ്പിക്കുന്നത്. ഒന്ന് മറ്റേതിലെ സന്ദേശത്തെ പൂര്‍ത്തീകരിക്കുന്നു. ദൈവം സ്രഷ്ടാവാകയാല്‍ അവന്‍ തന്‍റെ സൃഷ്ടിയായ മനുഷ്യന് നല്കുന്ന ജീവിതാനുഭവങ്ങള്‍ എത്ര ക്ലേശ പൂരിതമായാലും (40:9-41:34) അത് സമചിത്തതയോടും വിശ്വാസത്തോടുംകൂടി സ്വീകരിക്കുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി എന്ന് ജോബും, ദൈവം എല്ലാറ്റിനും സമയം നല്കിയിരിക്കുന്നതുകൊണ്ട് അവിടുന്ന് ജീവിതത്തില്‍ നല്കുന്ന സന്തോഷങ്ങള്‍ കൃതജ്ഞതയോടെ സ്വീകരിക്കാനും ആസ്വദിക്കാനും സഭാപ്രസംഗകനും ആഹ്വാനംചെയ്യുന്നു. ജ്ഞാനപാരമ്പര്യത്തിലെ പൊതുവെ അംഗീകരിക്കപ്പെട്ടിരുന്ന ആശയങ്ങളെ ഈ ഗ്രന്ഥങ്ങള്‍ വിമര്‍ശനബുദ്ധിയോടെയാണ് നോക്കിക്കാണുന്നത്. ദൈവവും അവന്‍റെ പ്രവര്‍ത്തനങ്ങളും അല്പായുസ്സുകാരനായ മനുഷ്യന് അഗ്രാഹ്യങ്ങളാണ്. അതുകൊണ്ടുതന്നെ മനുഷ്യന് നേടാന്‍കഴിയുന്ന വിജ്ഞാനവും പരിമിതമാണ്. മനുഷ്യന് അഗ്രാഹ്യനായ ദൈവം ഒരിക്കല്‍ ഒരുവിധത്തിലും മറ്റൊരിക്കല്‍ മറ്റൊരുവിധത്തിലും തന്‍റെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും (ജോബ് 33:14). അതുകൊണ്ട് തന്‍റെ ബുദ്ധികൊണ്ട് എല്ലാം അറിയാന്‍ കഴിയുമെന്ന് മനുഷ്യന്‍ കരുതരുത്. ദൈവം നല്കുന്നതെല്ലാം നന്മയ്ക്കാണെന്നു കരുതി സ്വീകരിക്കുകയും സമചിത്തത പാലിക്കുകയും ചെയ്യുക.

Ecclesiastes Rev. Antony Tharekadavil bible malayalam catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message