We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jose Vadakkedam On 08-Feb-2021
വായനക്കാരന്‍റെ ജീവിതസാഹചര്യങ്ങള്‍ ബൈബിള്‍ വ്യാഖ്യാനത്തെ സ്വാധീനിക്കാറുണ്ട്. അയാള്‍ തന്‍റെ ജീവിതത്തോട് ബന്ധപ്പെട്ടുകിടക്കുന്ന ചില മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും തന്മൂലം മനഃപൂര്‍വ്വമല്ലെങ്കില്‍ തന്നെയും മറ്റുളളവയെ മറക്കാനും സാധ്യതയുണ്ട്. ഇക്കാരണത്താല്‍ത്തന്നെ ആരെങ്കിലും സന്ദര്‍ഭാധിഷ്ഠിത സമീപനരീതികള്‍കൂടി ഉയര്‍ത്തിക്കൊണ്ടു വരേണ്ടതാണ്. എന്നാല്‍ വിവേചനയോടെ വേണമെന്നു മാത്രം. ഇങ്ങനെയുളള രണ്ടു പ്രധാന സമീപനങ്ങളാണ് വിമോചനസമീപനവും സ്ത്രീപക്ഷസമീപനവും.
വിമോചന ദൈവശാസ്ത്രം അതിസങ്കീര്‍ണ്ണമാണ്. അതിനെ അതിലളിതമായി കണ്ടുകൂടാ. 1970 - കളിലാണ് അത് സ്വരൂപം നേടുന്നത്. ലത്തീനമേരിക്കന്‍ നാടുകളിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളാണ് ഇതിന്‍റെ ആരംഭബിന്ദു എന്ന ചിന്ത പൂര്‍ണ്ണ സത്യമല്ല. രണ്ടു പ്രധാനസംഭവങ്ങള്‍ അതിനു മുന്നോടിയായി നില്‍ക്കുന്നു. "ആനുകാലികമാക്കുക" എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ആരംഭിച്ച രണ്ടാംവത്തിക്കാന്‍ സൂനഹദോസാണ് ഒന്നാമത്. സഭയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ സമകാലിക ലോകത്തിലേക്ക് ഉരുക്കിച്ചേര്‍ക്കുകയെന്നതും സൂനഹദോസിന്‍റെ ദൗത്യമായി സ്വീകരിച്ചിരിക്കുന്നു. ലത്തീനമേരിക്കയിലെ മെത്രാന്മാരുടെ രണ്ടാം പൊതുസമ്മേളനമാണ് മറ്റൊന്ന്. 1968 - ല്‍ മെഡലിനില്‍ നടന്ന പ്രസ്തുതസമ്മേളനം വത്തിക്കാന്‍ സൂനഹദോസിന്‍റെ നയങ്ങള്‍ ലത്തീനമേരിക്കന്‍ നാടുകളില്‍ എങ്ങനെ പ്രയോഗത്തിലെത്തിക്കണമെന്ന് വിലയിരുത്തി. ഇവിടെയാണ് വിമോചനദൈവശാസ്ത്രത്തിന്‍റെ തുടക്കം. പിന്നീട്, ആഫ്രിക്ക, ഏഷ്യ, അമേരിക്കന്‍ ഐക്യനാടുകളിലെ കറുത്തവര്‍ഗ്ഗക്കാരുടെ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഈ പ്രസ്ഥാനം പടരുകയായിരുന്നു.
വിമോചനദൈവശാസ്ത്രത്തില്‍ പല ചിന്താധാരകളും പല ശൈലികളുമുണ്ട്. ബൈബിള്‍ വ്യാഖ്യാനത്തിലെ വിമോചനസമീപനവും ഒരൊറ്റ ശൈലിയില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. അതിനാല്‍ ഈ സമീപനത്തിന്‍റെ പോരിമയും പോരായ്മയും അളക്കുവാന്‍ എളുപ്പമല്ല. വിമോചനദൈവശാസ്ത്രത്തിന് പൊതുശൈലിയില്ലെങ്കിലും തങ്ങളുടെ വിശ്വാസത്തോടൊപ്പം ജീവിതവും പരിപോഷിപ്പിക്കുന്ന തരത്തിലാണ് അവര്‍ ബൈബിള്‍ വായിച്ചെടുക്കുന്നത് എന്നു പറയാം.
ബൈബിള്‍ എഴുതപ്പെട്ട സന്ദര്‍ഭമല്ല, ഇന്ന് ഇവിടെ ബൈബിള്‍ വായിക്കുന്ന ആളുകളുടെ ജീവിതപ്രശ്നങ്ങളുടെ പശ്ചാത്തലമാണ് വിമോചന ദൈവശാസ്ത്രം കണക്കിലെടുക്കുന്നത്. അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങള്‍ക്ക് പോരാട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാനും പ്രത്യാശ പകരാനും പോന്ന വ്യാഖ്യാനമാണ് ഈ സമീപനം മുന്നോട്ടു വെയ്ക്കുന്നത്. ഈ കാലഘട്ടത്തിന്മേല്‍ വചനപ്രകാശം പകരുക എന്ന ധര്‍മ്മമാണ് ഇതിനുളളത്. ഈ പ്രകാശം പ്രവൃത്തിയിലേക്കു പകര്‍ത്തണം. അങ്ങനെ ക്രിസ്ത്യാനിയുടെ ജീവിതം നീതിയുടെയും സ്നേഹത്തിന്‍റെയും പ്രവൃത്തികൊണ്ടു നിറയ്ക്കണം. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള ഉപാധിയായി ദൈവവചനം മാറുന്നു, വിമോചന ദൈവശാസ്ത്രത്തില്‍ ഇതിന്‍റെ തത്വങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
ഈ പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ പാവങ്ങളോടാണ്, ബൈബിള്‍ പ്രധാനമായും സംസാരിക്കുന്നതെന്നു കണക്കാക്കേണ്ടിവരും. ബൈബിള്‍ സമൂഹത്തില്‍ രൂപംകൊണ്ടതായതിനാല്‍ സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍തന്നെ വായിക്കപ്പെടണം. ഈജിപ്തിലെ ദാസ്യത്തില്‍ നിന്നുളള വിമോചനം, അടിച്ചമര്‍ത്തപ്പെട്ടവനെപ്പോലെ മരണത്തില്‍പ്പെട്ട ക്രിസ്തുവിന്‍റെ മഹനീയോത്ഥാനം എന്നീ ബൈബിളിലെ അടിസ്ഥാന സംഭവങ്ങള്‍ രണ്ടും വിമോചനവുമായി ബന്ധപ്പെട്ടതാണ്.
വിമോചനദൈവശാസ്ത്രത്തിന് ധാരാളം നല്ല വശങ്ങളുണ്ട്. ദൈവം രക്ഷ നല്‍കുന്നവനാണെന്ന അവബോധം, സാമൂഹികമാനം, സ്നേഹത്തിനും നീതിക്കും നല്‍കുന്ന സ്ഥാനം നിലനില്‍പ്പിനായുളള ക്ലേശത്തില്‍ പ്രത്യാശ നല്‍കുന്ന ശൈലി ഇവയിലെല്ലാം ഈ നല്ല വശം കാണാം. ഇവയിലൂടെയെല്ലാം ബൈബിളിന് ഇന്നത്തെ ലോകത്തോടു ഉറക്കെ സംസാരിക്കാനുണ്ട്.
വിമോചനദൈവശാസ്ത്രം ഒരു പ്രസ്ഥാനമെന്ന നിലയില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താത്തതിനാല്‍ പോരായ്മകളെ വിലയിരുത്തുന്നത് താല്‍കാലിക മാനത്തിലാണ്. പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയുടെ പാതയില്‍ അവ തിരുത്തപ്പെട്ടേക്കാമെന്നു സാരം. ഈ പോരായ്മകള്‍ താഴെപ്പറയുന്നവയാകാം. പ്രവാചകഗ്രന്ഥങ്ങള്‍ക്കും ജനതയുടെ കഷ്ടതകള്‍ വിവരിക്കുന്ന ഭാഗങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്നു. പാവങ്ങളോട് പക്ഷം പിടിക്കുമ്പോള്‍ ഏകപക്ഷീയമായ വ്യാഖ്യാനമെന്ന അപകടം ഉയര്‍ന്നു വരുന്നു. മാത്രവുമല്ല, സാമൂഹിക - രാഷ്ട്രീയ നടപടികളിലേക്കിറങ്ങുക എന്നത് വ്യാഖ്യാതാവിന്‍റെ നേരിട്ടുളള പദ്ധതിയല്ലാതാനും.
ഭൗതികവാദസിദ്ധാന്തമുപയോഗിച്ച് സമൂഹത്തെ വിലയിരുത്തുന്ന ചില ചിന്താധാരകള്‍ വിമോചന ദൈവശാസ്ത്രത്തിലുമുണ്ട്. വര്‍ഗ്ഗസമരമെന്ന മാര്‍ക്സിന്‍റെ സിദ്ധാന്തമുപയോഗിക്കുന്നത് ഉദാഹരണമാണ്. വര്‍ഗ്ഗസമരത്തെ അടിസ്ഥാന ദര്‍ശനമായി സ്വീകരിച്ച് ബൈബിള്‍ വ്യാഖ്യാനിക്കുന്നത് തീര്‍ത്തും ഉപേക്ഷിക്കേണ്ടതാണ്. വി. ഗ്രന്ഥത്തില്‍ കാണപ്പെടുന്ന പരലോക മോക്ഷമെന്ന യുഗാന്ത്യോന്മുഖ ദര്‍ശനത്തെ തളളിക്കളയുമാറ് ഈ ലോകത്തില്‍ത്തന്നെ മോക്ഷം നേടാമെന്നതരത്തിലുളള നിലപാടും പരിശോധിപ്പിക്കപ്പെടേണ്ടതാണ്.
സമൂഹവും രാഷ്ട്രവും എന്നും പുതുതാവുകയാണ്; അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. സഭയ്ക്കുളളില്‍ ഫലപ്രദമായ ഒരു പ്രസ്ഥാനമായിത്തീരണമെങ്കില്‍ വിമോചന സമീപനം അതിന്‍റെ ശൈലിയെ സഭയുടെ വിശ്വാസത്തോടും പാരമ്പര്യത്തോടും പൊരുത്തപ്പെടുത്തേണ്ടതുണ്ട്.
സ്ത്രീപക്ഷ സമീപനം 19-ാം നൂറ്റാണ്ടില്‍ അമേരിക്കയിലാരംഭിച്ച ഒരു സമീപന രീതിയാണ്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുളള പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഒരു "വനിതാ ബൈബിള്‍" ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ചിരുന്നു (1885,1898). 1970 - കളിലെ വടക്കനമേരിക്കയുടെ പശ്ചാത്തലത്തില്‍ ഈ മുന്നേറ്റം പുതുരൂപം പ്രാപിച്ചു. സ്ത്രീ സമീപനരീതികള്‍ പലതാണെങ്കിലും ഒരു പൊതുവിഷയം അവര്‍ക്കുണ്ട്. സ്ത്രീവിമോചനവും പുരുഷനു തുല്യമായ അവകാശങ്ങള്‍ അവര്‍ക്കു നേടിയെടുക്കലും.
ബൈബിളിന്‍റെ സ്ത്രീപക്ഷസമീപനവ്യാഖ്യാനം മൂന്നുരൂപങ്ങളിലുണ്ട്.
സ്ത്രീപക്ഷസമീപനം ചരിത്രവിമര്‍ശനരീതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഒപ്പം രണ്ടു മാനദണ്ഡങ്ങള്‍കൂടി ഉള്‍പ്പെടുത്തുന്നു.
ഒന്നാമത്തേത്, വിമോചനദൈവശാസ്ത്രത്തോടു ബന്ധപ്പെട്ടതാണ്. വി. ഗ്രന്ഥത്തെ അന്വേഷണച്ചുവയുള്ള സംശയത്തോടെ ദര്‍ശിക്കുക. കാരണം, ചരിത്രസംഭവങ്ങളിലും സമരങ്ങളിലും മേല്‍ക്കൈ നേടിയവരാണ് ചരിത്രമെഴുതി സൂക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. യാഥാര്‍ത്ഥ്യം പൂര്‍ണ്ണതയില്‍ കിട്ടണമെങ്കില്‍ ബൈബിളിനെ വരികള്‍ക്കിടയ്ക്കു വായിക്കണം. വ്യത്യസ്തദര്‍ശനം പുറത്തുവരത്തക്കവിധത്തില്‍ പ്രതീകങ്ങള്‍ കണ്ടെത്തണം.
രണ്ടാമത്തേത്, സാമൂഹ്യസമീപനവുമായി ബന്ധപ്പെട്ടതാണ്. ബൈബിള്‍ രചനയുടെ കാലഘട്ടങ്ങളില്‍ സമൂഹത്തില്‍ സ്ത്രീ കള്‍ക്കു നല്‍കപ്പെട്ടിരുന്ന സ്ഥാനം കണ്ടെത്തുന്നു. പുതിയ നിയമത്തെ അതേപടി സ്വീകരിക്കുന്നതിനെക്കാള്‍ അതിനെ ആധാരമാക്കി രണ്ടു പുരാതന പശ്ചാത്തലങ്ങളെ പുനര്‍നിര്‍മ്മിക്കുവാനാണ് ഈ സമീപനം ഇഷ്ടപ്പെടുന്നത്. യഹൂദരും റോമാക്കാരും ഗ്രീക്കുകാരുമുള്‍പ്പെടുന്ന സമൂഹത്തിന്‍റെ സാമൂഹിക ചിന്തകളുടെ പുനഃസൃഷ്ടിയാണ് ആദ്യത്തേത്. ജാതി, മത, വര്‍ഗ്ഗവ്യത്യാസങ്ങള്‍ നിലനിന്നിരുന്ന സമൂഹമായിരുന്നുവല്ലോ അത്. എല്ലാവരും തുല്യരായി കണക്കാക്കപ്പെടുന്ന ക്രിസ്തീയ സമൂഹം ഈ യഹൂദ - ഗ്രീക്കു - റോമാ സമൂഹത്തിനുള്ളില്‍ വളര്‍ന്നു വന്നു. അതിന്‍റെ പ്രേരക തത്വങ്ങള്‍ പുനഃസൃഷ്ടിച്ചെടുക്കുന്ന പ്രക്രിയയാണ് അടുത്തത്. ഗലാത്തിയാക്കാര്‍ക്കുളള ലേഖനം 3,28 ഇതിന് പ്രചോദനമരുളുന്ന പാഠഭാഗമാണ്: യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാം യേശുക്രിസ്തുവില്‍ ഒന്നാണ്. ഇതിന്‍റെയടിസ്ഥാനത്തില്‍ ആദിമസഭയില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നതും പിന്നീടെപ്പോഴോ മറവിയുടെ കയത്തില്‍ മുങ്ങിപ്പോയതുമായ സ്ഥാനത്തെ പൊക്കിയെടുക്കുകയെന്ന ലക്ഷ്യം ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നു.
സ്ത്രീപക്ഷസമീപനത്തിന് നേട്ടങ്ങളുണ്ട്. സ്ത്രീകള്‍ കൂടുതലായി വ്യാഖ്യാനജോലിയില്‍ ഉള്‍ച്ചേര്‍ന്നു തുടങ്ങിയത് ഒരു പ്രധാന കാര്യമാണ്. വി. ഗ്രന്ഥത്തിലും ആദിമസഭയിലുമുളള പെണ്‍സാന്നിദ്ധ്യം തേടിപ്പിടിക്കാന്‍ പുരുഷന്മാരേക്കാള്‍ എത്രയോ കൂടുതലായി വനിതകള്‍ക്ക് കഴിഞ്ഞു! ലോകത്തെക്കുറിച്ചുളള കാഴ്ചപ്പാട് മാറിവരുന്നതിനനുസരിച്ച് പുതിയ ചോദ്യങ്ങളും പുതിയ ഉത്തരങ്ങളും ആവിര്‍ഭവിക്കുന്നു. വ്യാഖ്യാനത്തില്‍ പുരുഷപ്രാമുഖ്യം കൊണ്ടുണ്ടായിട്ടുളള തെറ്റായ ധാരണകളെ ശരിപ്പെടുത്താനും സ്ത്രീസമീപനം വലിയൊരളവുവരെ സഹായിച്ചിട്ടുണ്ട്.പഴയനിയമത്തിലെ പിതൃരൂപമായ ദൈവത്തിന്‍റെ ചിത്രത്തോട് അമ്മയുടേതുപോലുള്ള സ്നേഹത്തിലും അനുകമ്പയിലും ചാലിച്ചെടുത്ത ചായങ്ങള്‍ ചേര്‍ത്ത് പൂര്‍ണ്ണമാക്കാന്‍ ഈ പഠനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പോരായ്മകളും കുറിക്കേണ്ടതുണ്ട്. ഒരുവശത്തിലൂന്നിയ വ്യാഖ്യാനമെന്നതാണ് ഇതില്‍ പ്രധാനം. അടിസ്ഥാന നയംചോദ്യങ്ങളുംസന്ദേശവുമായതിനാല്‍ ഒരു വ്യാഖ്യാനവും തീര്‍ച്ചപ്പെടുത്തിയെടുക്കാന്‍ ഈ സമീപനത്തിനു കഴിയില്ല. സൂചനകളുപയോഗിച്ചും വരികള്‍ക്കിടയില്‍ വായിച്ചും രൂപീകരിക്കുന്ന വ്യാഖ്യാനത്തിന് നിശ്ചിതമായ നിഗമനത്തിലെത്താന്‍ കഴിയില്ല. വ്യക്തമായ വിവരണങ്ങളെ തഴഞ്ഞുകൊണ്ടാണ് ഒളിഞ്ഞിരിക്കുന്ന വിവരങ്ങള്‍ ചികഞ്ഞെടുക്കുന്നതെന്ന വസ്തുത ഈ സമീപനത്തിന്‍റെ വിലയിടിക്കുന്നു.
സഭയിലെ അധികാരത്തെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും സ്ത്രീപക്ഷ സമീപനം. പ്രസ്തുത ചോദ്യങ്ങളാകട്ടെ ചരിത്രത്തില്‍ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവച്ചിട്ടുള്ളവയാണ്. ഇവിടെ സഭയ്ക്ക് പ്രസ്തുത സമീപനം മുതല്‍ക്കൂട്ടാവണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്: വ്യാഖ്യാനത്തിലെ ഏകപക്ഷീയതയെന്ന പാളിച്ച ഒഴിവാക്കുക. രണ്ട്: അധികാരം സേവനത്തിനുവേണ്ടിയെന്ന സുവിശേഷമൂല്യത്തെക്കുറിച്ച് ബോധ്യമുണ്ടാവുക. ഈ സുവിശേഷ മൂല്യം ആണ്‍ പെണ്‍ വ്യത്യാസം കൂടാതെ ഏവരും പാലിക്കാന്‍ ബാദ്ധ്യസ്ഥരാണ്.
ഡോ. ജോസ് വടക്കേടം
Contextual approaches catholic malayalam bible interpretations mananthavady diocese Dr. Jose Vadakkedam ബൈബിൾ വ്യാഖ്യാനശാസ്ത്രം book no 03 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206