x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

കത്തോലിക്കാ വ്യാഖ്യാനവും പശ്ചാത്തല അറിവുകളും

Authored by : Dr. Jose Vadakkedam On 08-Feb-2021

വ്യാഖ്യാനരീതികളില്‍ ഏതെങ്കിലും ഒന്നിന്‍റെ മാത്രം പ്രചാരകരല്ല കത്തോലിക്കാ വ്യാഖ്യാതാക്കള്‍. ബൈബിള്‍ രചയിതാക്കളുടെ വ്യക്തിപരമായ കഴിവുകളും അവര്‍ ജീവിച്ച കാലഘട്ടവും സാമൂഹ്യ പശ്ചാത്തലവും അവരുടെ രചനകളെ സ്വാധീനിച്ചിട്ടുണ്ട് എന്നത് കത്തോലിക്കാ വ്യാഖ്യാനം അംഗീകരിക്കുന്നു. തത്ഫലമായി വി.ഗ്രന്ഥത്തെ അതിന്‍റെ  സാമൂഹ്യ, സാംസ്കാരിക, മത, ചരിത്ര, ഭാഷാ പശ്ചാത്തലത്തില്‍ മനസിലാക്കാനുതകുന്ന എല്ലാ ശാസ്ത്രീയ സമീപനങ്ങളെയും ശൈലികളെയും കത്തോലിക്കാ വ്യാഖ്യാനം പ്രോത്സാഹിപ്പിക്കുന്നു. പുതിയ രീതികള്‍ ആവിഷ്കരിക്കാന്‍ പരിശ്രമിക്കുന്നുമുണ്ട്.

കത്തോലിക്കാ വ്യാഖ്യാനത്തിന്‍റെ ഒന്നാമത്തെ സവിശേഷത ജീവിക്കുന്ന പാരമ്പര്യത്തിനു നല്‍കുന്ന സ്ഥാനമാണ്. ബൈബിള്‍ മനസിലാക്കുന്നതിന് ചില പശ്ചാത്തല അറിവുകള്‍ വേണമെന്ന് ആധുനിക വ്യാഖ്യാനശാസ്ത്രം സൂചിപ്പിക്കുന്നുണ്ടല്ലോ. കത്തോലിക്കാ വ്യാഖ്യാനത്തെ സംബന്ധിച്ചിടത്തോളം ഇസ്രായേലിന്‍റെ മതസമ്പത്ത്, ബൈബിളിനുള്ളിലെതന്നെ  വ്യാഖ്യാനശൈലി, ആദിമസഭയുടെ, ദൈവാനുഭവം, ഈ ശാസ്ത്രയുഗത്തിന്‍റെ സംസ്ക്കാരം എന്നിവയെ സമന്വയിപ്പിക്കുന്ന ഒരു പശ്ചാത്തലമാണ് മുന്നറിവായി നില്‍ക്കുന്നത്. അതായത്, അന്നു തൊട്ടിന്നോളം ഒരു തുടര്‍ച്ചാബന്ധം നിലനില്‍ക്കുന്നു. ബൈബിളും വ്യാഖ്യാതാവിന്‍റെ ജീവിതവും പരസ്പരം ബന്ധപ്പെട്ടാല്‍ മാത്രമേ ശരിയായ വ്യാഖ്യാനം സാധ്യമാകൂ എന്നുകൂടി തിരിച്ചറിയണം.

ബൈബിള്‍ എഴുതപ്പെട്ടത് അതിനുമുമ്പ് നടന്ന സംഭവങ്ങളില്‍ അറിഞ്ഞോ അറിയാതെയോ നടത്തിയ ചില വ്യാഖ്യാനങ്ങളുടെ ഫലമായാണ്. ഈ വ്യാഖ്യാനാംശങ്ങള്‍ ബൈബിളിലെ ഓരോ പുസ്തകത്തിനും വ്യത്യസ്തമായിരിക്കാമെന്നു മാത്രമേയുള്ളൂ.

ബൈബിള്‍ പാരമ്പര്യത്തിലെ വ്യാഖ്യാനത്തെപ്പറ്റി വിവിധ രീതിയില്‍ ചിന്തിക്കാം. മനുഷ്യന്‍റെ അടിസ്ഥാനാനുഭവങ്ങളെ, വിശേഷിച്ച് ഇസ്രായേലിന്‍റെ ചരിത്രത്തെ, ബൈബിള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാവാം ഇതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലെങ്കില്‍ ലഭ്യമായ വിവിധ ഉറവിടങ്ങളെ -  അവ സ്വന്തം മതത്തിലെയോ അന്യ മതത്തിലെയോ എഴുതപ്പെട്ടതോ വാമൊഴിയായി പ്രചരിക്കപ്പെട്ടതോ ആകട്ടെ - എങ്ങനെ പുനരാഖ്യാനം ചെയ്ത് ബൈബിളില്‍ ഇന്നു കാണപ്പെടുന്ന രൂപത്തിലെത്തിച്ചുവെന്ന് കണ്ടെത്തുന്നതുമാകാം. എന്നാല്‍ ഇവിടെ നാം പരിശോധിക്കുന്നത് ബൈബിളിലെ ഒരു ഭാഗം മറ്റൊരു ഭാഗത്ത് എങ്ങനെ വിശദീകരിക്കപ്പെടുന്നുവെന്നതാണ്.

  1. വീണ്ടുവായന

ബൈബിളിനെ ഒരൊറ്റ പുസ്തകമായി നിലനിര്‍ത്തുന്ന ഒരു പ്രധാന ഘടകം ആദ്യകാലങ്ങളില്‍ രൂപംകൊണ്ട ഭാഗങ്ങളെ പിന്നീടുണ്ടായവ പലതരത്തില്‍ ആശ്രയിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നുവെന്നതാണ്. ചിലപ്പോള്‍ ഉദ്ധരണിയാകാം, സൂചന മാത്രമാകാം, രൂപാന്തരം വരുത്തി ഉപയോഗിക്കുകയാവാം ചെയ്തിട്ടുള്ളത്. ചിലപ്പോള്‍ പ്രകടമായ അര്‍ത്ഥവ്യത്യാസത്തോടെ തന്നെയാവാമിത്. ഉദാഹരണങ്ങള്‍ പലതുണ്ട്.

അബ്രാഹത്തിന്‍റെ സന്താനത്തിനു വാഗ്ദാനം ചെയ്യപ്പെട്ട ദേശം  (ഉല്പ 15,7,18) പിന്നീട് കര്‍ത്താവിന്‍റെ വിശുദ്ധമന്ദിരമെന്നു വിളിക്കപ്പെടുന്നു (പുറ 15,17). ക്രമേണ ദൈവത്തിന്‍റെ വിശ്രമത്തിലുള്ള പങ്കുചേരലായി അതുമാറി (സങ്കീ 132,7-8). വിശ്വസിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്ന വിശ്രമമെന്ന് പിന്നീട് ചില ഭാഗങ്ങള്‍ അതിനെ സൂചിപ്പിച്ചു (സങ്കീ 95, 8-11, ഹെബ്രാ 3,7-4,11). അവസാനം വന്നപ്പോഴാ, അത് സ്വര്‍ഗ്ഗത്തിലെ വിശുദ്ധ സ്ഥലവും (ഹെബ്രാ 6, 12.18-20) നിത്യമായ അവകാശവും  (ഹെബ്രാ 9,15) ആയിത്തീര്‍ന്നു.

ദാവീദിന് നിത്യം നിലനില്‍ക്കുന്ന ഭവനം വാഗ്ദാനം ചെയ്തു, നാഥാന്‍ പ്രവാചകന്‍ (2 സാമു 7, 12-16). പിന്തുടര്‍ച്ചാവകാശിയെപ്പറ്റിയുള്ള ഈ വാഗ്ദാനം പലയിടത്തും ആവര്‍ത്തിക്കപ്പെടുമ്പോള്‍ നേരിയ വ്യത്യാസം കൈവരുന്നുണ്ട്. ഒരവസരത്തില്‍ അടിമത്തം രുചിക്കുന്ന ജനത്തിന്‍റെ വേദന നിറഞ്ഞ പ്രാര്‍ത്ഥനയായി ഇതേ വാഗ്ദാനം മാറുന്നു (സങ്കീ 89,20-38). പ്രവാചകന്മാര്‍ പിന്നീടും  ഇതാവര്‍ത്തിച്ചു പ്രഖ്യാപിച്ചു (ആമോ 9,11; ഏശ 7,13-14). അവരില്‍ ചിലര്‍ ദാവീദിന്‍റെ ഭരണം (രാജ്യം) തിരികെ വരുമെന്നു (സ്ഥാപിക്കപ്പെടും) തന്നെ പ്രവചിച്ചു (ഹോസി 3,5; ജറെ 30,9). ഇത് സാര്‍വത്രിക രാജ്യമെന്ന ആശയമായി വികസിപ്പിക്കുന്നതാണ് പിന്നീട് നാം കാണുന്നത് (ദാനി 2,35; മത്താ 28, 18). ഇത് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിന്‍റെ പരിപൂര്‍ത്തിയായിത്തീരുന്നു (ഉല്പ 1,28; സങ്കീ 8,6-9; ജ്ഞാനം 9,2-3).

ദൈവം ദുഷ്ടനെ ശിക്ഷിക്കുമെന്നും നീതിമാനെ സംരക്ഷിമെന്നും സങ്കീര്‍ത്തനങ്ങളില്‍ ഉറപ്പിച്ചു പറയുന്നു. എന്നാല്‍ നീതിമാന്‍റെ കഷ്ടങ്ങള്‍ ജീവിതാനുഭവമായപ്പോള്‍ അതിനെതിരേയുള്ള മുറുമുറുപ്പും വാദങ്ങളും കാണുന്നു (സങ്കീ 44, ജോബ് 10, 1-7). മെല്ലെമെല്ലെ  സഹനമെന്ന രഹസ്യത്തിന്‍റെ ആഴങ്ങളിലേക്ക് മുങ്ങി മുത്തുകളുമായി പൊങ്ങിവരുന്ന ഒരനുഭവവും വി.ഗ്രന്ഥത്തിലുണ്ട്. (സങ്കീ. 37, ജോബ് 38-42, ജ്ഞാനം 3-5).

യൂദയായും ജറുസലേമും 70 വര്‍ഷം അനുഭവിക്കേണ്ടി വരുന്ന ശിക്ഷണത്തെപ്പറ്റി  ജറെമിയ (25,11-12;29,10) പ്രവചിച്ചിരുന്നു. ഇത് നിവര്‍ത്തിയായതായി ദിനവൃത്താന്ത പുസ്തകത്തിലുണ്ട് (2 ദിന 25,20-23). എന്നിട്ടും ഈ വചനം നിറവേറിക്കഴിഞ്ഞതായി ദാനിയേല്‍ പ്രവാചകനു വിശ്വാസം വരുന്നില്ല. തന്‍റെ കാലഘട്ടത്തില്‍ ഈ പ്രവചനത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടെന്നു തന്നെ അദ്ദേഹം കരുതി (9,24-27). ഇങ്ങനെ വീണ്ടുവായനകള്‍ ബൈബിളില്‍തന്നെ എത്രയേറെ കാണാം.

  1. പഴയനിയമവും പുതിയനിയമവും

പുതിയനിയമഗ്രന്ഥകാരന്മാര്‍ പഴയനിയമത്തെ വേദപുസ്തകമായിത്തന്നെ പരിഗണിച്ചു. പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണം അവര്‍ ക്രിസ്തുവില്‍ കണ്ടെത്തുകയും ചെയ്തു. ഈ വസ്തുത 1 കോറി 15,3-5-ല്‍  വ്യക്തമാണ്. "എഴുതപ്പെട്ടിരിരിക്കുന്നതുപോലെ മിശിഹാ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു..." അപ്പസ്തോലന്മാരുടെ പ്രബോധനത്തിന്‍റെ കേന്ദ്രവും കാതലും ഇതായിരുന്നു.

ഇത് ബാഹ്യമാത്രമായ പൊരുത്തമല്ല, മറിച്ച് പരസ്പരം ഉണര്‍വു പകരുന്നതാണ്. അതായത് വി. ലിഖിതങ്ങള്‍ ക്രിസ്തു സംഭവത്തിന്‍റെ അര്‍ത്ഥം വ്യക്തമാക്കുന്നു. ക്രിസ്തുസംഭവം വി. ലിഖിതത്തിന്‍റെ ആശയം പൂര്‍ത്തിയാക്കുന്നു.

തന്‍റെ ജീവിതകാലത്ത് ഈശോ പഴയനിയമത്തെ തന്‍റേതായ വീക്ഷണകോണിലൂടെ ദര്‍ശിച്ചു. അതാകട്ടെ അക്കാലത്തെ അംഗീകൃത വീക്ഷണത്തില്‍ നിന്നു തികച്ചും വ്യത്യസ്തമത്രെ. തെളിവുകള്‍ എത്ര വേണമെങ്കിലുമുണ്ട് :  പൂര്‍വ്വികരോടു പറയപ്പെട്ടതില്‍ നിന്ന് ഭിന്നമായ കാഴ്ചപ്പാടുകള്‍ നല്‍കുന്ന മലയിലെ പ്രസംഗം, സാബത്താചരണത്തെ സംബന്ധിച്ച് പിന്തുടര്‍ന്ന സുവിശേഷനയം, അനുഷ്ഠാന ശുദ്ധിയെപ്പറ്റിയുള്ള കാര്‍ക്കശ്യം ഉടച്ചില്ലാതാക്കിയത് എന്നിങ്ങനെ. മറുവശത്ത്, അവശ്യം വേണമെന്ന് അവിടുന്ന് നിര്‍ബന്ധം പിടിച്ച ഹൃദയപരമാര്‍ത്ഥത, ചുങ്കക്കാരോടും പാപികളോടുമുള്ള മനോഭാവം ഇവയും പഴയനിയമകാലഘട്ടത്തില്‍ നിന്നുള്ള പുരോഗമനത്തെ സൂചിപ്പിക്കുന്നു. ഇത് നിലവിലിരുന്ന വ്യവസ്ഥിതിയെ അട്ടിമറിക്കാനുള്ള ത്വരയുടെ ഫലമായിരുന്നില്ല. മറിച്ച്, തിരുലിഖിതങ്ങളിലൂടെ വ്യക്തമാക്കപ്പെട്ട ദൈവേഷ്ടത്തിന് വിശ്വസ്തതയോടെ കീഴ്വഴങ്ങുന്നതിന്‍റെ ഭാഗമായിരുന്നു.

യേശുവിന്‍റെ മരണവും ഉത്ഥാനവും അവിടുന്ന് തുടങ്ങി വച്ച വ്യാഖ്യാനത്തിന്‍റെ വികാസത്തിന്‍റെ സൂചനയായിരുന്നു. ചില മേഖലകളില്‍ പഴയതുമായി അമ്പേ അകലുകയും ഒപ്പം പുതിയ മേഖലകള്‍ തുറക്കുകയും ചെയ്തു. "യഹൂദരുടെ രാജാവായ" മിശിഹായുടെ മരണം (മര്‍ക്കോ 15,26) രാജകീര്‍ത്തനങ്ങളെയും മിശിഹാ പ്രവചനങ്ങളെയും ഈ ലോകദൃഷ്ടിയില്‍ മാത്രം വ്യാഖ്യാനിക്കുന്നത് തടസ്സമായിത്തീര്‍ന്നു. അവിടുത്തെ ഉത്ഥാനവും സ്വാര്‍ഗ്ഗാരോഹണവും ഈ കീര്‍ത്തനങ്ങള്‍ക്ക് അതുവരെ അചിന്ത്യമായിരുന്ന അര്‍ത്ഥം ആരോപിച്ചു. അന്നുവരെ അതിശയോക്തി കലര്‍ന്നിരുന്നതായി കരുതപ്പെട്ടിരുന്ന പലകാര്യങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ഉദ്ദേശിക്കപ്പെട്ടതായി മനസിലാക്കിത്തുടങ്ങി.

ഉത്ഥാനത്തിനുശേഷം പുതിയ വെളിച്ചത്തില്‍ പഴയനിയമത്തെ കാണാനും അതിന്‍റെ ആത്മീയ അര്‍ത്ഥം ഗ്രഹിക്കാനും പരിശുദ്ധാത്മാവ് പുതിയനിയമ ഗ്രന്ഥകര്‍ത്താക്കളെ പ്രചോദിപ്പിച്ചു. പൗലോസിന്‍റെ ലേഖനങ്ങളും ഹെബ്രായര്‍ക്കുള്ള ലേഖനങ്ങളും പഴയനിയമത്തെ രക്ഷാപദ്ധതിയുടെ ഭാഗമായി കണ്ടു. അതിലെ നിയമങ്ങള്‍ ഒരു പ്രത്യേക ജനത്തിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണെന്നും, എന്നാല്‍ ദൈവവചനമെന്ന നിലയില്‍ അതുള്‍ക്കൊള്ളുന്ന ആത്മീയ പോഷണം പെസഹാ രഹസ്യത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഏവര്‍ക്കും സഹായകമാണെന്നും അവ വിശദീകരിച്ചു (ലൂക്ക 24:25-27; 44-45 റോമ 1:1-2).

പുതിയനിയമവും പഴയനിയമവും തമ്മിലുള്ള ബന്ധം ലളിതമല്ലെന്നാണിതു സൂചിപ്പിക്കുന്നത്. അതുപോലെ പുതിയനിയമത്തിനുള്ളില്‍തന്നെ വിഭിന്നമായ ആശയങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു വച്ചിരിക്കുന്നതും കാണാം. യേശു ആരാണ്? (യോഹ 8,29; 16,32; മര്‍ക്കോ 15,34) മോശയുടെ നിയമത്തിന്‍റെ മൂല്യമെന്ത്? (മര്‍ക്കോ 5:17-19; റോമ 6,14) നല്ല പ്രവൃത്തികളുടെ ആവശ്യമെന്ത്? (യാക്കോ 2,24; റോമ 3,28; എഫേ 2:8-9) എന്നിവയിലെല്ലാം ഈ ആശയവ്യത്യാസം കാണാം. ബൈബിളിലെ ആശയങ്ങള്‍ അടുക്കിലും ചിട്ടയിലുമല്ല ക്രമീകരിച്ചിരിക്കുന്നത്. ഒരേ സംഭവത്തെപ്പറ്റിയുള്ള ചില വീക്ഷണങ്ങള്‍ ബൈബിളിന്‍റെ താളുകളില്‍ വിശ്രമിക്കുന്നു. വിശാലമായ കാഴ്ചപ്പാടില്‍ വിശുദ്ധഗ്രന്ഥത്തെ വീക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്.

  1. ചില നിഗമനങ്ങള്‍

മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍  ഒരു കാര്യം വ്യക്തമാണ്. വ്യാഖ്യാനരീതി സംബന്ധിച്ച് അനേക സൂചനകളും നിര്‍ദ്ദേശങ്ങളും ബൈബിളില്‍തന്നെയുണ്ട്. ചില കാര്യങ്ങള്‍ സംഗ്രഹിക്കാം. ബൈബിള്‍ അതിന്‍റെ തുടക്കം മുതല്‍തന്നെ വ്യാഖ്യാന ഫലമായി രൂപപ്പെട്ടതാണ്. പഴയ ഉടമ്പടിയിലെയും അപ്പസ്തോലകാലത്തെയും സമൂഹങ്ങള്‍ പൊതുവായ വിശ്വാസത്തിന്‍റെ കളങ്കമറ്റ പ്രഖ്യാപനമായി വി. ഗ്രന്ഥത്തില്‍ എഴുതപ്പെട്ടവയെ അംഗീകരിച്ചിരിക്കുന്നു. ഈ സമൂഹങ്ങളുടെ വ്യാഖ്യാനങ്ങളോടെയും അതിന്‍റെ ഫലമായുമാണ് ഇവ വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഭാഗമായി സ്വീകരിക്കപ്പെട്ടത്. (ഉദാഹരണത്തിന്, ഇസ്രായേലും ദൈവവും തമ്മിലുള്ള ബന്ധത്തെ പരാമര്‍ശിക്കുന്നത് എന്ന നിലയില്‍ വിലയിരുത്തപ്പെട്ടതുമൂലമാണ് ഉത്തമഗീതം വി. ഗ്രന്ഥഭാഗമായത്.) ബൈബിളിന്‍റെ രൂപീകരണ പ്രക്രിയയില്‍, മുമ്പ് അജ്ഞാതമായിരുന്ന പുതിയ സാഹചര്യങ്ങളോട് സംവദിക്കാനുതകുംവിധം പലഭാഗങ്ങളും പുനര്‍വ്യാഖ്യാനിക്കപ്പെടുകയും പുതുക്കി എഴുതപ്പെടുകയും ചെയ്തിട്ടുണ്ട്.

ബൈബിളില്‍തന്നെ അതിലെ ഭാഗങ്ങള്‍ വ്യാഖ്യാന വിധേയമായിട്ടുള്ളതു വ്യക്തമായിരിക്കെ ചില നിരീക്ഷണങ്ങള്‍ പരിശോധിക്കാം.ദൈവം വെളിപ്പെടുത്തിയ വിശ്വാസ സത്യങ്ങളാണ് അവയിലുള്ളത് എന്ന കാര്യത്തില്‍ വിശ്വാസികളുടെ സമൂഹങ്ങള്‍ യോജിച്ചതിന്‍റെ ഫലമായാണ് വി. ഗ്രന്ഥം രൂപപ്പെട്ടതുതന്നെ. ഇത് അര്‍ത്ഥമാക്കുന്നത്, സഭാസമൂഹങ്ങളുടെ സജീവമായ വിശ്വാസത്തിന് വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പരസ്പര ധാരണയുണ്ടാകണം.

വിശ്വാസത്തിന്‍റെ പ്രകരണങ്ങള്‍, എല്ലാവരും അംഗീകരിച്ചിട്ടുള്ളവയും ബൈബിളില്‍ കണ്ടെത്തുന്നവയുള്‍പ്പെടെ, പുതിയ സാഹചര്യങ്ങളോടു പ്രതികരിക്കാന്‍ കാലാകാലങ്ങളില്‍ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കണം എന്നപോലെതന്നെ ബൈബിള്‍ വ്യാഖ്യാനവും പുതുതായികൊണ്ടിരിക്കണം; അതും പുതിയ ചോദ്യങ്ങളെ നേരിട്ടേ പറ്റൂ. എങ്കിലേ ബൈബിളില്‍ അവയുടെ ഉത്തരങ്ങള്‍ കണ്ടെത്താനാകൂ.

വി. ഗ്രന്ഥത്തിലെ വിവിധഭാഗങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ട് എന്നതിനാല്‍ വ്യാഖ്യാനത്തില്‍ ഒരു പരിധിവരെ വൈവിധ്യങ്ങള്‍ അംഗീകരിക്കണം. വ്യാഖ്യാനം അനേക സ്വരങ്ങളുടെ സമന്വയമാണ്; ഒരു വ്യാഖ്യാനത്തിനും ഒരു ബൈബിള്‍ സന്ദേശം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ല. അതുപോലെതന്നെ ഒരു പ്രത്യേകഭാഗത്തിന്‍റെ വ്യാഖ്യാനം മറ്റുഭാഗങ്ങളെ അവഗണിച്ചുകൊണ്ടുള്ളതാകുകയുമരുത്.

വി. ഗ്രന്ഥം എല്ലായ്പ്പോഴും വിശ്വാസികളുടെ സമൂഹങ്ങളോടു സംവദിച്ചുകൊണ്ടാണിരിക്കുന്നത്. വിശ്വാസപാരമ്പര്യങ്ങളില്‍ നിന്നാണത് വന്നിട്ടുള്ളത്. ഈ പാരമ്പര്യങ്ങളോടു ചേര്‍ന്നാണ് അവ രൂപപ്പെട്ടത്; അതുപോലെതന്നെ പാരമ്പര്യങ്ങളുടെ വളര്‍ച്ചക്ക് അവയും കാരണമായിട്ടുണ്ട്. അതായത്, വ്യാഖ്യാനം സഭയുടെ ഹൃദയത്തിലാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നത്; അതിന്‍റെ നാനാത്വത്തിലും ഏകത്വത്തിലും വിശ്വാസ പാരമ്പര്യങ്ങളിലും.

വി.ഗ്രന്ഥ രചയിതാക്കളുടെ രചനകള്‍ വിശ്വാസ പാരമ്പര്യങ്ങളുടെ സജീവ നിറവിലാണ് നടന്നത്. സമൂഹങ്ങളുടെ ആരാധനാജീവിതത്തിലും സാമൂഹിക ജീവിതത്തിലും അവരും പങ്കുചേര്‍ന്നു. അവരുടെ അറിവുകളും സംസ്കാരങ്ങളും ഉയര്‍ച്ച താഴ്ചകളും അവരും പങ്കിട്ടു. ഇതേ രീതിയില്‍ത്തന്നെ ബൈബിള്‍ വ്യാഖ്യാനത്തിലും വ്യാഖ്യാതാക്കള്‍ തങ്ങള്‍ ജീവിക്കുന്ന സമൂഹങ്ങളുടെ ജീവിതത്തോടും വിശ്വാസത്തോടും പങ്കുചേര്‍ന്നേ പറ്റൂ.

വി.ഗ്രന്ഥത്തെ അതിന്‍റെ പൂര്‍ണതയില്‍ കണ്ടെത്തണമെങ്കില്‍ ഇന്നത്തെ തലമുറയുമായി അതിനെ ബന്ധിപ്പിക്കാന്‍ കഴിയണം. മുന്‍കാലങ്ങളിലെ വിശ്വാസലോകത്തെ ഇന്നത്തേതുമായി ഒരുമിച്ചുകൊണ്ടുവരലാണത്. പഴയതും ഇപ്പോഴുള്ളതും തമ്മില്‍ ഒരു തുടര്‍ച്ചയുടെ കണ്ണിയുണ്ടാക്കലാണത്. വ്യത്യാസങ്ങള്‍ അംഗീകരിക്കുകയെന്നതും അതിന്‍റെ ഭാഗമാണ്.

 

ഡോ. ജോസ് വടക്കേടം

Catholic Interpretation and background knowledge bible interpretations catholic malayalam Dr. Jose Vadakkedam ബൈബിൾ വ്യാഖ്യാനശാസ്ത്രം book no 03 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message