We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Pamplany On 24-Mar-2022
ബൈബിളിന്‍റെ കാനന്‍
"കാനോന്‍"എന്ന ഗ്രീക്കു പദം ആശാരിമാര്‍ ഉപയോഗിക്കുന്ന അളവുകോലിനെ (മുഴക്കോല്‍) യാണ് സൂചിപ്പിക്കുന്നത്. AD 367-ല്‍ അലക്സാണ്ട്രിയായിലെ ബിഷപ്പായിരുന്ന താസിയൂസ് (AD 293 -373) വി. ഗ്രന്ഥത്തിലെ ദൈവനിവേശിത ഗ്രന്ഥങ്ങളെ വിശേഷിപ്പിക്കാനായി ഈ പദം ആദ്യമായി ഉപയോഗിച്ചു. ദൈവവചനം ക്രിസ്തീയ ജീവിതത്തിന്‍റെ മാനദണ്ഡമാണ് (ഗലാ 6:16; ഫിലി 3:16) എന്ന ചിന്താഗതിയും ഈ പദപ്രയോഗത്തിന് പ്രേരകമായിട്ടുണ്ട്.
പഴയനിയമപുസ്തകങ്ങളുടെ കാനന്‍
1. പല നൂറ്റാണ്ടുകളിലൂടെ സാവകാശവും ക്രമാനുഗതവുമായാണ് പഴയനിയമ കാനന്‍ രൂപം കൊണ്ടിട്ടുള്ളത്. പഴയനിയമ കാനനുകളുടെ രൂപീകരണത്തെക്കുറിച്ചുളള സൂചനകള്‍ പഴയനിയമത്തില്‍തന്നെ നമുക്ക് കണ്ടെത്താനാവും. മരുഭൂമിയാത്രയ്ക്കിടയില്‍ നിയമഗ്രന്ഥങ്ങള്‍ (തോറ) വാഗ്ദാനപേടകത്തില്‍ സൂക്ഷിക്കാന്‍ മോശ ആവശ്യപ്പെടുന്നുണ്ട്. നിയമഗ്രന്ഥങ്ങളും ജോഷ്വായുടെ പുസ്തകവും വാഗ്ദാനപേടകത്തില്‍ സൂക്ഷിച്ചിരുന്നതായും ജറുസലേം ദേവാലയത്തില്‍ നിത്യമായി പ്രതിഷ്ഠിക്കപ്പെട്ടശേഷവും വാഗ്ദാനപേടകത്തില്‍ ഈ പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നതായും ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (നിയ 31:9-26; 2 രാജാ 22:8; ജോഷ്വ 24:26; 1 സാമു 10:25). ജോഷ്വായുടെ കാലം മുതല്‍ ദാവീദിന്‍റെ കാലം വരെയുള്ള ചരിത്രഗ്രന്ഥങ്ങളും ദേവാലയത്തില്‍ സൂക്ഷിച്ചിരുന്നു. ദേവാലയം നിര്‍മ്മിച്ചശേഷം വിശുദ്ധ ഗ്രന്ഥങ്ങളും സോളമന്‍ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു (രാജ 22:8; ഏശ 34:16). കൂടാതെ താന്‍ തന്നെ രചിച്ച വിജ്ഞാന ഗ്രന്ഥങ്ങളെയും സോളമന്‍ വിശുദ്ധ ഗ്രന്ഥങ്ങളായി ദേവാലയത്തില്‍ സൂക്ഷിച്ചു.
ഏശയ്യായുടെ പുസ്തകത്തെക്കുറിച്ച്-"കര്‍ത്താവിന്‍റെ പുസ്തകം" എന്നാണ് ദാനിയേല്‍ സാക്ഷ്യപ്പെടുത്തുന്നത് (ദാനി 9:2). രാജ്യം വിഭജിക്കപ്പെട്ട BC 930-നും ദേവാലയം നശിപ്പിക്കപ്പെട്ട BC 589നും ഇടയില്‍ പ്രവചനം നടത്തിയ പ്രവാചകന്മാരായിരുന്നു യോനാ, ആമോസ്, ഏശയ്യാ, ഹോസിയ, ജോയേല്‍, മിക്കാ, സെഫാനിയാ, ജറെമിയാ, ഒബാദിയാ, ഹബക്കുക്ക് എന്നിവര്‍. ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ ഗ്രന്ഥങ്ങളോട് പ്രവചനഗ്രന്ഥങ്ങളും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ബാബിലോണ്‍ പ്രവാസശേഷം ദേവാലയം പുനരുദ്ധരിക്കപ്പെട്ട BC 520-നോടടുത്ത കാലത്താണ് ഹഗ്ഗായി, സഖറിയാ എന്നിവരുടെ പുസ്തകങ്ങള്‍ രചിക്കപ്പെട്ടത്. ദേവാലയം പുനരുദ്ധരിക്കപ്പെട്ട് ഏകദേശം അമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വി. പുസ്തകങ്ങളുടെ ഒരു ശേഖരം എസ്രാ പുതിയ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു (നെഹെ 8: 2,3,14). സോളമന്‍റെ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന വി. ഗ്രന്ഥങ്ങള്‍ ബാബിലോണ്‍ രാജാവായിരുന്ന നബുക്കദ്നേസറുടെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ടിരുന്നു. അവയ്ക്കുപകരമായാണ് എസ്രാ ഇപ്രകാരം ഒരു പുസ്തകശേഖരം തയ്യാറാക്കിയത് എന്ന് അനുമാനിക്കാം. നെഹെമിയായുടെ കാലത്തും ദാവീദിന്‍റെയും രാജാക്കന്മാരുടെയും പ്രവാചകന്മാരുടെയും നടപടിക്രമങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളുടെ ശേഖരം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിരുന്നതായി ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (2 മക്ക 2:13). ചുരുക്കത്തില്‍ പഴയനിയമ കാനന്‍റെ രൂപീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചത് എസ്രായുടെ നേതൃത്വത്തിലുള്ള ഒരു പ്രവാചകസംഘമാണ്. ഈ പ്രവാചകസംഘത്തെ വലിയ സിനഗോഗ് (The great Synagogue) എന്നാണ് വിശേഷിപ്പിക്കുന്നത്. എസ്രാ, നെഹെമിയാ, ഹഗ്ഗായി, സഖറിയാ, മലാക്കി എന്നീ പ്രവാചകന്മാരാണ് ഈ സംഘത്തിലുണ്ടായിരുന്നത്.
2. പഴയനിയമ കാനനെക്കുറിച്ചുള്ള അന്വേഷണം പഴയനിയമത്തിനു വെളിയിലേക്കും വ്യാപിക്കേണ്ടതുണ്ട്. ഏ.ഡി. 70 നോടടുത്ത് യഹൂദചരിത്രം രചിച്ച ഫ്ളാവിയൂസ് ജോസേഫൂസ് എന്ന ഗ്രന്ഥകാരന്‍ ഇപ്രകാരം എഴുതുന്നു. അര്‍ത്താര്‍ക്കസിന്‍റെ (സൈറസ് രണ്ടാമന്‍) കാലം വരെയുള്ള യഹൂദചരിത്രം ആധികാരികമായി എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനുശേഷം എഴുതപ്പെട്ടവ ആധികാരികമായിരുന്നില്ല. കാരണം, പ്രവാചകരുടെ കാലം അവസാനിച്ചിരുന്നു'. എസ്രായുടെ കാലംവരെയുള്ള യഹൂദചരിത്രം നിയതമായ കാനന്‍റെ ഭാഗമായി ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ജോസേഫൂസ് സാക്ഷ്യപ്പെടുത്തുന്നത്. തുടര്‍ന്നുള്ള യഹൂദചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ അവയുടെ ആധികാരികത സാക്ഷ്യപ്പെടുത്താന്‍ കഴിവുള്ള പ്രവാചകന്മാര്‍ ഇല്ലാതെപോയി എന്നുമാണ് ജോസേഫൂസിന്‍റെ സാക്ഷ്യം.
ജാംനിയാന്‍ സൂനഹദോസ്
3. എ.ഡി. 90-ല്‍ ചേര്‍ന്ന ജാംനിയന്‍ സൂനഹദോസ് പഴയനിയമ കാനന്‍റെ പട്ടിക തയ്യാറാക്കി. 39 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പട്ടികയെയാണ് പാലസ്തീനിയന്‍ കാനന്‍ എന്നുവിളിക്കുന്നത്. ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍ എന്നപേരില്‍ പില്‍കാലത്ത് അറിയപ്പെട്ട ജ്ഞാനം, പ്രഭാഷകന്‍, 1,2, മക്കബായര്‍, യൂദിത്ത്, എസ്തേര്‍, തോബിത്ത് എന്നീ പുസ്തകങ്ങള്‍ ഒഴികെയുള്ള പുസ്തകങ്ങളാണ് പാലസ്തീനിയന്‍ കാനനില്‍ ഇടം കണ്ടെത്തിയത്. പക്ഷേ ലോകമാസകലമുള്ള യഹൂദര്‍ ജാംനിയാ കൗണ്‍സില്‍ അംഗീകരിച്ച കാനന്‍ അംഗീകരിച്ചിരുന്നില്ല. പാലസ്തീനായിലെ യഹൂദര്‍ മാത്രമാണ് 39 പുസ്തകങ്ങുള്ള ഈ കാനന്‍ അംഗീകരിച്ചിരുന്നത്.
അലക്സാണ്ട്രിയന്‍ കാനന്‍
4. പാലസ്തീനായ്ക്കുവെളിയിലുള്ള യഹൂദര്‍ ഉപയോഗിച്ചിരുന്നത് പഴയനിയമത്തിന്‍റെ ഗ്രീക്ക് വിവര്‍ത്തനമാണ്. ബി.സി. 180 നോടടുത്ത് പൂര്‍ത്തിയായ "സപ്തതി" (LXX) വിവര്‍ത്തനം ഗ്രീക്കുഭാഷയിലെ ആദ്യവിവര്‍ത്തനമാണ്. സപ്തതി ബൈബിളില്‍ 46 പുസ്തകങ്ങള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഇത് ഒരു വിവര്‍ത്തനമാകയാല്‍ ഗ്രീക്കുഭാഷയില്‍ മൂലഗ്രന്ഥം രചിക്കപ്പെട്ട ജ്ഞാനം, മക്കബായരുടെ രണ്ടാം പുസ്തകം എന്നിവയൊഴികെയുള്ള 44 ഗ്രന്ഥങ്ങളും വിവര്‍ത്തനത്തിനുപയോഗിച്ച ഹീബ്രു മൂലകൃതിയില്‍ ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. ജാംനിയായിലെ കൗണ്‍സില്‍ പഴയനിയമപുസ്തകങ്ങളുടെ എണ്ണം 39 ആയി നിജപ്പെടുത്തിയെങ്കിലും BC 180 നോടടുത്ത് ഹീബ്രുബൈബിളില്‍ 44 പുസ്തകങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഇതില്‍നിന്നും വ്യക്തമാണ്.
പുതിയനിയമം ഗ്രീക്കുഭാഷയില്‍ എഴുതപ്പെട്ടിരുന്നതിനാലും പുതിയനിയമകാലത്ത് യഹൂദര്‍ ഗ്രീക്കുഭാഷ പ്രധാനമായും ഉപയോഗിച്ചിരുന്നതിനാലും പുതിയനിയമ ഗ്രന്ഥകര്‍ത്താക്കളും ആദിമ ക്രൈസ്തവരും സപ്തതി ബൈബിളിനെയാണ് തങ്ങളുടെ പഴയനിയമമായി കരുതിയിരുന്നത്. പാലസ്തീനായിലെ യഹൂദരുടെ ഇടയില്‍ ആദ്യകാലത്ത് നിലനിന്നിരുന്ന ക്രൈസ്തവ വിദ്വേഷത്തിന്‍റെ ഭാഗമായാണ് ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന സപ്തതിബൈബിളിന്‍റെ ആധികാരികത ജാംനിയന്‍ കൗണ്‍സില്‍ നിരോധിച്ചത്. യേശുവിന്‍റെ നാമം ഉച്ചരിക്കുന്നവരെ സിനഗോഗില്‍ നിന്നു ബഹിഷ്ക്കരിക്കണമെന്ന് കല്‍പന പുറപ്പെടുവിച്ചതും ജാംനിയന്‍ കൗണ്‍സിലാണ്. "ക്രിസ്ത്യന്‍ പഴയനിയമം" എന്ന് അറിയപ്പെട്ടുതുടങ്ങിയ സപ്തതി ബൈബിളിനോട് പാലസ്തീനായിലെ റബ്ബിമാര്‍ക്ക് താല്‍പ്പര്യക്കുറവ് തോന്നുക സ്വാഭാവികമാണല്ലോ. ഈ വസ്തുതകളെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ വ്യക്തമാകുന്ന അനുമാനങ്ങള്‍ മൂന്നാണ്.
(1) യഹൂദബൈബിളില്‍ (പഴയനിയമത്തില്‍) ബി.സി. രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ 46 പുസ്തകങ്ങളുണ്ടായിരുന്നു.
(2) ജാംനിയ കൗണ്‍സില്‍ സപ്തതി ബൈബിളിന്‍റെ ആധികാരികതയെ ചോദ്യം ചെയ്തത് ക്രൈസ്തവ വിദ്വേഷത്തിന്‍റെ ഭാഗമായിട്ടായിരിക്കാം.
(3) പാലസ്തീനായ്ക്കു വെളിയിലുള്ള യഹൂദര്‍ സപ്തതി ബൈബിളിലെ 46 പുസ്തകങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളായി കരുതുന്നു.
വി. ജറോം
5. ബൈബിള്‍ വിജ്ഞാനീയത്തിന്‍റെ പിതാവായി അറിയപ്പെടുന്ന വി. ജറോം ആണ് ലത്തീന്‍ ഭാഷയിലേക്ക് സമ്പൂര്‍ണ്ണബൈബിള്‍ വിവര്‍ത്തനം ചെയ്തത്."വുള്‍ഗാത്ത" എന്ന പേരിലാണ് ജറോമിന്‍റെ വിവര്‍ത്തനം അറിയപ്പെടുന്നത്. പഴയ നിയമഗ്രന്ഥങ്ങള്‍ 46 എണ്ണമുണ്ടെന്ന് ജറോം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍ പാലസ്തീനായിലെ കാനനില്‍ ഇല്ലാത്ത ഏഴുപുസ്തകങ്ങളെക്കുറിച്ച് വ്യത്യസ്ത പരാമര്‍ശങ്ങള്‍ ജറോം നടത്തിയിട്ടുണ്ട്. ആരാധനാക്രമത്തില്‍ വായിക്കാമെങ്കിലും വിശ്വാസസത്യങ്ങളുടെ വിശദീകരണത്തിന് അവ ഉപയുക്തമല്ല എന്ന അഭിപ്രായവും ജറോം പ്രകടിപ്പിച്ചിട്ടുണ്ട്. (cfr.Against Rufinus) എന്നാല്‍, മറ്റുസന്ദര്‍ഭത്തില്‍ യൂദിത്തിന്‍റെ ഗ്രന്ഥത്തെ വിശുദ്ധ ലക്കം എന്നും ജ്ഞാനഗ്രന്ഥത്തെ തിരുലിഖിതം എന്നും പ്രഭാഷക ഗ്രന്ഥത്തെ വിശുദ്ധവചനമെന്നും ജറോം വിശേഷിപ്പിക്കുന്നുണ്ട് (cfr. Cambridge history of the Bible, II. 93). വി. ജറോം 46 പുസ്തകങ്ങളെ പഴയനിയമവിശുദ്ധഗ്രന്ഥമായി വിവര്‍ത്തനം ചെയ്തു എന്നതുതന്നെയാണ് അദ്ദേഹം അവയുടെ ആധികാരികതയെ അംഗീകരിച്ചിരുന്നു എന്നതിന്‍റെ ഏററവും വലിയ തെളിവ്.
ഒരിജന്‍
6. സഭാപിതാക്കന്മാരുടെയിടയിലെ വിശുദ്ധഗ്രന്ഥ വിശാരദന്മാരില്‍ അഗ്രഗണ്യനാണ് ഒരിജന്‍.മൂലഭാഷകളായ ഹീബ്രുവിലും ഗ്രീക്കിലും ഒരിജന് അസാധാരണ പാടവമുണ്ടായിരുന്നു. യഹൂദര്‍ ഉപയോഗിക്കുന്ന ഹീബ്രുബൈബിളും ക്രൈസ്തവര്‍ ഉപയോഗിക്കുന്ന ഗ്രീക്കുപഴയനിയമവും തമ്മില്‍ പല ഭാഗങ്ങളിലും വ്യത്യാസമുണ്ട് എന്ന് ഒരിജന്‍ കണ്ടെത്തി. ഹീബ്രുബൈബിളിലില്ലാത്ത കാര്യങ്ങള്‍ ഗ്രീക്കു ബൈബിളില്‍ ഉണ്ടായത് ദൈവീക പദ്ധതിയുടെ ഭാഗമാണെന്ന് ഒരിജന്‍ വാദിച്ചു. വി. ഗ്രന്ഥമൊന്നാകെ ക്രിസ്തുവിനെ ലക്ഷ്യം വയ്ക്കുന്നതിനാല്‍ ക്രിസ്തുസ്ഥാപിച്ചതും ക്രിസ്തുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതുമായ സഭ ഉപയോഗിക്കുന്ന ബൈബിളാണ് യഥാര്‍ത്ഥ ബൈബിള്‍ എന്ന് ഒരിജന്‍ സമര്‍ത്ഥിച്ചു (cfr. A letter from Orgin to Africanus, Early Church Fathers, Vol. IV). തോബിത്തിന്‍റെയും യൂദിത്തിന്‍റെയും പുസ്തകങ്ങള്‍ പലസ്തീനായിലെ യഹൂദര്‍ ഉപയോഗിക്കുന്നില്ലെങ്കിലും ക്രിസ്തീയ സഭകള്‍ അവയെ വിശുദ്ധ ഗ്രന്ഥമായി ഉപയോഗിക്കുന്നതിനാല്‍ അവ "ദൈവനിവേശിത" മാണെന്ന് ഒരിജന്‍ അഭിപ്രായപ്പെട്ടു.ബൈബിള്‍ കാനോനയുടെ അടിസ്ഥാന മാനദണ്ഡം ക്രിസ്തുസ്ഥാപിച്ച സഭയുടെ അംഗീകാരമാണ് എന്ന സത്യം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച ആദ്യത്തെ സഭാ പിതാവ് ഒരിജനാണ്. വി. ഗ്രന്ഥത്തിന്‍റെ കാനോനയെ സംബന്ധിച്ച് ഒരിജന്‍റെ നിലപാടുകള്‍ കാലാന്തരത്തില്‍ സഭയില്‍ സാര്‍വ്വത്രിക അംഗീകാരം നേടി.
7. "ദൈവനഗരം"(City of God) എന്ന തന്‍റെ വിഖ്യാത ഗ്രന്ഥത്തില്‍ വി. ഗ്രന്ഥപുസ്തകങ്ങളുടെ പട്ടിക നല്‍കുമ്പോള്‍ വി. ആഗസ്തീനോസ് അലക്സാണ്ട്രിയന്‍ കാനനിലെ 46 പുസ്തകങ്ങളും ഉള്‍പ്പെടുത്തി. സപ്തതി ബൈബിളിന്‍റെ രചനയ്ക്കു പിന്നിലെ ദൈവിക പദ്ധതിയെക്കുറിച്ചും ആഗസ്തീനോസ് വിശദീകരിക്കുന്നു. തോബിത്തിന്‍റെ പുസ്തകത്തെ ദൈവനിവേശിത ഗ്രന്ഥമെന്ന നിലയില്‍ വി. സിപ്രിയാനും (Testmonies, 2,5) മക്കബായരുടെ പുസ്തകങ്ങളെ വി. ഹിപ്പോളിറ്റസും തങ്ങളുടെ രചനകളില്‍ ഉദ്ധരിക്കുന്നുണ്ട്. AD 382 ലെ റോമന്‍ പ്രാദേശിക സൂനഹദോസും AD 393 ലെ ഹിപ്പോ സൂനഹദോസും AD 397ലും 419ലും നടന്ന കാര്‍ത്തേജു സൂനഹദോസുകളും പഴയനിയമത്തിലെ 46 പുസ്തകങ്ങളെയും കാനോനിക ഗ്രന്ഥങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. AD 797 ല്‍ നിഖ്യായില്‍ രണ്ടാമതുചേര്‍ന്ന സാര്‍വ്വത്രിക സൂനഹദോസും ഈ പുസ്തകങ്ങളെ കാനോനിക ഗ്രന്ഥങ്ങളായി പ്രഖ്യാപിച്ചിരുന്നു. പ്രൊട്ടസ്റ്റന്‍റു വിപ്ലവകാലത്ത് "ഉത്തര കാനോനിക ഗ്രന്ഥങ്ങള്‍" എന്ന പേരു നല്‍കി ഏഴുപുസ്തകങ്ങളെ ബൈബിളിന്‍റെ ഭാഗമല്ലാതാക്കി മാര്‍ട്ടിന്‍ ലൂഥര്‍ പ്രഖ്യാപനം നടത്തി. എന്നാല്‍ ലൂഥറുടെ പ്രഖ്യാപനത്തെ സഭയുടെ അതുവരെയുള്ള പാരമ്പര്യങ്ങളൊന്നും ന്യായീകരിക്കുന്നില്ല എന്ന് മുകളില്‍ ചേര്‍ത്ത ചരിത്രവിവരണത്തില്‍ നിന്നും വ്യക്തമാണല്ലോ. പാലസ്തീനായിലെ യഹൂദര്‍ ഉപയോഗിച്ചിരുന്ന ഗ്രന്ഥങ്ങള്‍ മാത്രമേ വി. ഗ്രന്ഥമാവുകയുള്ളൂ എന്ന വാദം ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല.
8. "ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍" എന്ന പദപ്രയോഗം തന്നെ കത്തോലിക്കാ വിശ്വാസത്തിന് നിരക്കുന്നതല്ല. പലപ്പോഴും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥങ്ങളില്‍ പോലും "ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍"ഏവ? എന്തുകൊണ്ട് അവയെ അപ്രകാരം വിളിക്കുന്നു? തുടങ്ങിയ ചേദ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും വിചിന്തനകളും കാണാം. "ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍" എന്ന പദത്തെ രണ്ടുതരത്തില്‍ വിഗ്രഹിക്കാം.
1. കാനനു ശേഷമുണ്ടായ ഗ്രന്ഥങ്ങള്‍
2. രണ്ടാം (തരം) കാനോനിക ഗ്രന്ഥങ്ങള്‍
cannon of old testament old testament alexandrian cannon the term canon The great Synagogue Council of Jamnia church fathers on the canon of the Bible Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206