x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

ബൈബിളിലെ ജ്ഞാനഗ്രന്ഥങ്ങള്‍

Authored by : Rev. Antony Tharekadavil On 03-Feb-2021

ദൈവിക വെളിപാടായി യഹൂദരും ക്രിസ്ത്യാനികളും കരുതുന്ന വി. ഗ്രന്ഥത്തെ (പഴയനിയമം) സാധാരണയായി മൂന്ന് ഭാഗങ്ങളായി തിരിക്കാറുണ്ട്:

1) നിയമം (തോറ), 2) പ്രവാചകന്മാര്‍, 3) ലിഖിതങ്ങള്‍ (ജ്ഞാനഗ്രന്ഥങ്ങള്‍).

പരമ്പരാഗതമായ ഈ വിഭജനം പുതിയനിയമകാലത്തുതന്നെ നിലവിലിരുന്നതാണ്: "അവന്‍ അവരോടു പറഞ്ഞു. മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ" (ലൂക്കാ 24:44);  മത്തായി 5:17; 7:12; 22:40; 23:34; യോഹ 1:45; അപ്പ 26:23; 28:23; റോമ 3:21 മുതലായവയും കാണുക.

നിയമഗ്രന്ഥം അല്ലെങ്കില്‍ പഞ്ചഗ്രന്ഥം എന്നത് ബൈബിളിലെ ആദ്യത്തെ അഞ്ചുപുസ്തകങ്ങളുടെ പേരാണ്: ഉല്‍പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം. പഞ്ചഗ്രന്ഥം ദൈവം ലോകത്തെ സൃഷ്ടിച്ചതെങ്ങനെയാണെന്നും (ഉല്‍പ 1:2), പിന്നീട് പാപംചെയ്തപ്പോള്‍ മനുഷ്യനെ ശിക്ഷിച്ചുവെന്നും (ഉല്‍പ 3-4; 6-8), എന്നാല്‍ തുടര്‍ന്ന് ദൈവം മാനവകുലത്തിന്‍റെ രക്ഷയ്ക്കായി ഒരു മനുഷ്യനെ വിളിച്ചുവെന്നും (അബ്രാഹം) അവനിലൂടെ ഒരു ജനതയ്ക്ക് രൂപം നല്‍കിയെന്നും വിവരിക്കുന്നു (ഉല്‍പ 12-50). ഈ ജനത്തിന്‍റെ അടിമത്തവും, ദൈവം അവരെ അത്ഭുതകരമായി അടിമത്തത്തില്‍ നിന്നും മോചിപ്പിച്ചതും, ആ മോചനത്തിനുശേഷം, അവര്‍ക്ക് തന്‍റെ നിയമം നല്‍കി അവരുമായി ഉടമ്പടിചെയ്ത്, തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനമാക്കിയതും തുടര്‍ന്ന് തന്‍റെ കല്പന ലംഘിച്ച ജനത്തെ 40 വര്‍ഷം മരുഭൂമിയില്‍ അലയാന്‍ അനുവദിച്ചതും എന്നാല്‍ അവസാനം അവരെ വാഗ്ദത്ത ദേശത്തിന്‍റെ അതിര്‍ത്തിയില്‍ എത്തിച്ചതുവരെയുമുള്ള കാര്യങ്ങളാണ് പുറപ്പാട് മുതല്‍ നിയമാവര്‍ത്തനം വരെയുള്ള പഞ്ചഗ്രന്ഥത്തിലെ പുസ്തകങ്ങള്‍ വിവരിക്കുന്നത്. തന്‍റെ ജനം പാലിക്കേണ്ട മതപരവും ആരാധനക്രമപരവുമായ നിയമങ്ങളെല്ലാം ദൈവം ജനത്തിന് മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയില്‍വച്ച് നല്‍കുകയും ചെയ്തു. യഹൂദജനതയുടെ ചരിത്രത്തില്‍ ദൈവം എങ്ങനെ രക്ഷകനായി ഇടപെടുന്നു എന്നതാണ് പഞ്ചഗ്രന്ഥത്തിലെ പ്രധാന ചര്‍ച്ചാവിഷയമെന്ന് പറയാന്‍കഴിയും. ദൈവം വാഗ്ദാനംചെയ്ത ദേശത്ത് (ഉല്‍പ 15:18-21) അവന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനമായി ജീവിക്കാന്‍ അത്യന്താപേക്ഷിതമായ നിയമങ്ങള്‍ നല്‍കുന്നതിനാലാണ് പഞ്ചഗ്രന്ഥത്തെ നിയമഗ്രന്ഥം എന്ന് വിളിക്കുന്നത്. പുറപ്പാട് 19-ാം അധ്യായം മുതല്‍ നിയമാവര്‍ത്തനപുസ്തകത്തിന്‍റെ അവസാനംവരെ, ഇസ്രായേലിന്‍റെ മരുഭൂമിയാത്രയുടെ പശ്ചാത്തലത്തില്‍ നല്കപ്പെടുന്നതായി വിവരിക്കുന്ന ഈ നിയമങ്ങള്‍ ചിതറിക്കിടക്കുന്നു. ഉല്‍പ 1 മുതല്‍ പുറപ്പാട് 18 വരെ ഈ നിയമം നല്കപ്പെടുന്നതിന്‍റെ ചരിത്രപരമായ സാഹചര്യമാണ് ഗ്രന്ഥകാരന്‍ വിവരിക്കുന്നത്.

ബൈബിളിന്‍റെ രണ്ടാംഭാഗമായ പ്രവാചകഗ്രന്ഥങ്ങളെ രണ്ടു ഭാഗങ്ങളായി തിരിക്കാറുണ്ട്: മുന്‍കാല പ്രവാചകന്മാരും പില്‍ക്കാല പ്രവാചകന്മാരും. ജോഷ്വ മുതല്‍ രാജാക്കന്മാര്‍വരെയും, ഏശയ്യ മുതല്‍ മലാക്കിയാസ് വരെയുമുള്ള ഗ്രന്ഥങ്ങളാണവ. പഞ്ചഗ്രന്ഥത്തിലെ ചരിത്രത്തിനുശേഷം രക്ഷാകര ചരിത്രത്തിന്‍റെ തുടര്‍ച്ചയായി എന്തു സംഭവിച്ചു എന്ന ചര്‍ച്ചയാണ് പ്രവാചക ഗ്രന്ഥങ്ങളുടെ ഉള്ളടക്കം. മോശയുടെ നേതൃത്വത്തിലുള്ള 40 വര്‍ഷക്കാലത്തെ മരുഭൂമിയിലൂടെയുള്ള യാത്രയുടെ അവസാനം നേബോ മലയില്‍വച്ച് (ഇസ്രായേല്‍ ജോര്‍ദ്ദാന്‍ നദികടന്ന് വാഗ്ദത്ത ദേശത്ത് പ്രവേശിക്കുന്നതിന് മുമ്പ്) മോശ മരിച്ചു. മോശയ്ക്കുശേഷം അവന്‍റെ പിന്‍ഗാമിയായ ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ജനം വാഗ്ദത്ത ദേശത്ത് പ്രവേശിക്കുന്നതും, ദേശം കാനാന്യരില്‍ നിന്ന് കൈയടക്കുന്നതും, തുടര്‍ന്നുവന്ന ന്യായാധിപന്മാരുടെ കാലവും അതിന്‍റെ അന്ത്യത്തോടെ ഒരു രാജാവിന്‍റെ കീഴില്‍ ജനം അണിനിരക്കുന്നതും, ഒരു രാജ്യമായി വളര്‍ന്നുവന്നതും, ആദ്യരാജാക്കന്മാരായ സാവൂളിന്‍റെയും ദാവീദിന്‍റെയും, സോളമന്‍റെയും കാലശേഷം ഇസ്രായേല്‍, ഇസ്രായേല്‍ യൂദാ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടതും, തുടര്‍ന്ന് ആദ്യം വടക്കന്‍രാജ്യമായ ഇസ്രായേലും (അസ്സീറിയായിലേക്ക്) തുടര്‍ന്ന് തെക്കന്‍രാജ്യമായ യൂദായും (ബാബിലോണിലേയ്ക്ക്) അടിമകളായി പോകുന്നതുമാണ് ഈ പുസ്തകങ്ങളുടെ (മുന്‍കാല പ്രവാചകന്മാര്‍) ഉള്ളടക്കം. ഈ കാലഘട്ടത്തിലും, തുടര്‍ന്ന് ബാബിലോണ്‍ പ്രവാസകാലഘട്ടത്തിലും പ്രവാസത്തിനുശേഷവും മോശയുടെ നിയമം വിശദീകരിച്ച വ്യക്തികളായിരുന്നു പ്രവാചകന്മാര്‍. അവരില്‍ ചിലരുടെ സന്ദേശമാണ് പില്ക്കാല പ്രവാചകന്മാര്‍ എന്നറിയപ്പെടുന്ന പ്രവാചകഗ്രന്ഥങ്ങള്‍ നല്‍കുന്നത്. വാഗ്ദത്ത ദേശത്ത് ജീവിക്കുന്നതിനുള്ള ഉപാധിയായാണ് മോശ നിയമം നല്‍കിയത്. ഈ നിയമം കാലാനുസൃതമായി പ്രവാചകന്മാരും മത-രാഷ്ട്രീയ നേതാക്കന്മാരും വിശദീകരിക്കുന്നതാണ് പ്രവാചകഗ്രന്ഥങ്ങളില്‍ കാണുന്ന പ്രധാന ചര്‍ച്ചാവിഷയം (ജോഷ്വ 1:7-8; 13:1-7; 20:1-9).

നിയമത്തിലും (പഞ്ചഗ്രന്ഥം) പ്രവാചകന്മാരിലും (ജോഷ്വ-മലാക്കി) വെളിവാകുന്ന ഒരു പ്രധാന ആശയം മനുഷ്യനെ തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചതിനു ശേഷം അവന്‍റെ ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ അവനെ തേടിയിറങ്ങുന്ന ദൈവത്തെക്കുറിച്ചുള്ളതാണ്. മനുഷ്യന്‍ പാപംചെയ്ത് തന്നില്‍നിന്നകന്നുപോയപ്പോള്‍ ദൈവം രക്ഷകനായും, വിധികര്‍ത്താവായും അവനെ തേടിവന്നു (ഉല്‍പ 3:8-24; 4: 8-16). മനുഷ്യന്‍ ലോകം മുഴുവന്‍ തിന്മകൊണ്ട് നിറച്ചപ്പോള്‍, ദൈവം ലോകത്തില്‍ നീതിനടത്തുന്ന വിധികര്‍ത്താവായി ഇറങ്ങിവന്നു (6:1-22); അഹങ്കാരത്തിന് അധീനരായവരെ ദൈവം ലോകം മുഴുവന്‍ ചിതറിക്കുകയും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തവിധം അവരുടെ ഭാഷ രൂപാന്തരപ്പെടുത്തുകയും ചെയ്തു (ഉല്‍പ 11:1-9); തുടര്‍ന്ന് ലോകം മുഴുവന്‍ ചിതറിപ്പോയ ജനത്തെ രക്ഷിക്കാന്‍ ദൈവം അബ്രാഹം എന്ന ഒരു മനുഷ്യനെ തിരഞ്ഞെടുക്കുകയും (ഉല്‍പ 12:1-6) അവനിലൂടെ ലോകരക്ഷയ്ക്കായി ഒരു ജനതയ്ക്ക് രൂപംനല്‍കുകയും ചെയ്തു (ഉല്‍പ 17). പിന്നീട് വന്ന ചരിത്രത്തില്‍ ദൈവം താന്‍ രൂപംനല്‍കിയ ജനത്തിന്‍റെ വിധികര്‍ത്താവും രക്ഷകനുമായി കടന്നുവന്നതെങ്ങനെയെന്ന് പഞ്ചഗ്രന്ഥവും മുന്‍കാല പ്രവാചകന്മാരും വിവരിക്കുന്നു. ഈ വിവരണങ്ങളിലെല്ലാം, ഇസ്രായേലിനെ മുഴുവനുംകൂടി ഒരു ജനമായി (വ്യക്തിപരമായല്ല) കാണുകയും ഒരു ജനമെന്ന നിലയില്‍ അവരുടെ ചരിത്രത്തിന് പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നു. ദൈവം ജനത്തിന് രൂപം നല്‍കുന്നു, അവരെ രക്ഷിക്കുന്നു, നയിക്കുന്നു, ശിക്ഷിക്കുന്നു. ദാവീദിനെയും, സാമുവലിനെയും പോലുള്ളവരോടും പ്രവാചകരോടും ദൈവം വ്യക്തിപരമായി ഇടപെടുന്നുണ്ടെങ്കിലും അതെല്ലാം രാജ്യത്തിന്‍റെ (ജനങ്ങളുടെ) ചരിത്രത്തെയാണ് ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത്.

ദൈവം ഘട്ടംഘട്ടമായി ചരിത്രത്തിലുള്ള തന്‍റെ ഇടപെടലുകളിലൂടെ ഇസ്രായേലിന് സ്വയം വെളിപ്പെടുത്തുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഉദാ: ആദാമിനും ഹവ്വായ്ക്കും ദൈവം ന്യായാധിപനും വിധികര്‍ത്താവുമായി സ്വയം വെളിപ്പെടുത്തുന്നു (ഉല്‍പ 3); നോഹയ്ക്ക് നീതിമാന്മാരുടെ രക്ഷകനായും (ഉല്‍പ 6-9), ന്യായാധിപന്മാര്‍ക്ക് രക്ഷകനായും (ന്യായ 3:12-30), മോശയ്ക്ക് പിതാക്കന്മാരുടെ ദൈവമായും (പുറ 3:6), നിയമദാതാവായും (പുറ 19:1-8) അവന്‍ സ്വയം വെളിപ്പെടുത്തുന്നു. രാജാക്കന്മാരുടെ കാലത്ത് രാജാക്കന്മാരെ നിയമിക്കുന്ന ചക്രവര്‍ത്തിയായി ദൈവം സ്വയം വെളിപ്പെടുത്തുന്നു (1സാമു 13:14). മുന്‍പ് സൂചിപ്പിച്ചതുപോലെ മനുഷ്യനെ തന്‍റെ ഛായയില്‍ സൃഷ്ടിക്കുകയും, ലോകത്തിലെ ജനതകളെയെല്ലാം രക്ഷിക്കാനായി ഒരു ജനതയ്ക്ക് രൂപം നല്‍കുകയും ചെയ്തതിന് ശേഷവും മനുഷ്യനെ തേടിയിറങ്ങുന്ന ദൈവത്തെയാണ് നാം ഈ ഗ്രന്ഥങ്ങളില്‍ കാണുന്നത്. ദൈവം മനുഷ്യചരിത്രത്തില്‍ അത്ഭുതകരമായി കടന്നുവരുകയും, വെളിപാടുകളിലൂടെ സ്വയം മനുഷ്യന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ഈ ചരിത്രവിവരണമനുസരിച്ച് ദൈവത്തിന്‍റെ (സ്വയം) വെളിപ്പെടുത്തലുകളോട് നീതിമാന്മാരായ മനുഷ്യര്‍ പ്രതികരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ: ഉദാ: നോഹ (ഉല്‍പ 6:22; 7:5), അബ്രാഹം (ഉല്‍പ 12:4) (22:1-18), മോശ (പുറ 4), ജോഷ്വ (ജോഷ്വ 1; 13), സാമുവല്‍ (1 സാമു 8:15-16). ദൈവത്തിന്‍റെ ഈ ഇടപെടലുകളും, നീതിമാന്മാരായിരുന്നവരുടെ അതിനോടുള്ള പ്രതികരണങ്ങളും ഇസ്രായേല്‍ ജനത്തെമുഴുവനും (ആത്യന്തികമായി മാനവരാശിയെ മുഴുവനും) ബാധിക്കുന്നവയായിരുന്നു. ഉദാ: നോഹയുടെ അനുസരണമാണ് പുതിയ മനുഷ്യകുലത്തിന്‍റെ നിലനില്‍പിനുതന്നെ കാരണമായത് (ഉല്‍പ 6:7-8), സാമുവലിന്‍റെ അനുസരണമാണ് ഇസ്രായേലിനെ രാജഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നത് (1സാമു 8:1-7).

ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യനെ സൃഷ്ടിച്ചതിനുശേഷം, മാനവകുല ചരിത്രത്തിലെ തന്‍റെ ഇടപെടലുകളിലൂടെ മനുഷ്യന് സ്വയം വെളിപ്പെടുത്തുകയും, അവന് വ്യക്തമായ കല്പനകള്‍ നല്‍കുകയും, അവനില്‍ നിന്ന് അനുസരണം ആവശ്യപ്പെടുകയും ചെയ്യുന്ന ദൈവത്തിന്‍റെ ചിത്രമാണ് നിയമ-പ്രവാചക ഗ്രന്ഥങ്ങള്‍ വരച്ചുകാണിക്കുന്നത്. ദൈവം തന്‍റെ വചനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ള നിയമങ്ങള്‍ പൂര്‍ണ്ണമായി അനുസരിച്ചുകൊണ്ട് ദൈവത്തോട് പ്രതികരിക്കുകയാണ് ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍റെ കര്‍ത്തവ്യം.

ഇതുവരെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി, ഇസ്രായേലിലെ വിവേകികളായ ഗുരുക്കന്മാരുടെ അല്ലെങ്കില്‍ ജ്ഞാനികളുടെ മനുഷ്യജീവിതത്തെക്കുറിച്ചുള്ള ധ്യാനത്തില്‍നിന്നുരുത്തിരിഞ്ഞ ചിന്തകളാണ് ബൈബിളിന്‍റെ മൂന്നാംഭാഗമായ ജ്ഞാനഗ്രന്ഥങ്ങളിലുള്ളത്. അനുദിന ജീവിതത്തെ വിജയകരമായി മുന്നോട്ട് നയിക്കുന്നതിനാവശ്യമായ ഉപദേശങ്ങള്‍ നല്കുകയും ജീവിതാനുഭവങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാന്‍ മനുഷ്യനെ പ്രാപ്തനാക്കുകയും ചെയ്യാനാണ് ഗുരുക്കന്മാര്‍ ഈ ഗ്രന്ഥങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഇസ്രായേലില്‍ ജ്ഞാനികള്‍ എന്നറിയപ്പെട്ടിരുന്ന ഒരു ഗണമുണ്ടായിരുന്നുവെന്ന് ഏശയ്യായും (29:14) ജറെമിയായും (8:8) സാക്ഷിക്കുന്നുണ്ട്. ദൈവം പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും പരിപാലകനുമാണെന്ന അടിസ്ഥാന വീക്ഷണത്തിന് ഇവിടെയും വ്യത്യാസമൊന്നുമില്ല. എന്നാല്‍ പഞ്ചഗ്രന്ഥത്തെപ്പോലെ ദൈവം സ്രഷ്ടാവാണെന്ന് ജ്ഞാനഗ്രന്ഥങ്ങള്‍ പറയുന്നുണ്ടെങ്കിലും ദൈവം എങ്ങനെയാണ് ലോകത്തെ സൃഷ്ടിച്ചത് എന്ന് വിവരിക്കുമ്പോള്‍, ജ്ഞാനഗ്രന്ഥങ്ങള്‍ നമുക്ക് സുപരിചിതമായ ഉല്‍പത്തി വിവരണത്തില്‍ നിന്നും വ്യതിചലിക്കുന്നതുപോലെ തോന്നിയേക്കാം. ഉദാഹരണമായി ജ്ഞാനഗ്രന്ഥമായ സുഭാ 8:22-36 -ല്‍ ദൈവം എങ്ങനെയാണ് പ്രപഞ്ചസൃഷ്ടി നടത്തിയതെന്ന് വിവരിക്കുന്നുണ്ട്. തന്‍റെ സൃഷ്ടികര്‍മ്മത്തിന്‍റെ ആരംഭത്തില്‍ തന്നെ ദൈവം ജ്ഞാനത്തെ സൃഷ്ടിച്ചു:

"കര്‍ത്താവ് തന്‍റെ സൃഷ്ടികര്‍മ്മത്തിന്‍റെ ആരംഭത്തില്‍

തന്‍റെ എല്ലാ ആദ്യസൃഷ്ടികളിലും ആദ്യത്തേതായി

എന്നെ സൃഷ്ടിച്ചു.

യുഗങ്ങള്‍ക്കു മുമ്പ്, ഭൂമിയുടെ ആവിര്‍ഭാവത്തിന് മുമ്പ്,

ഒന്നാമതായി ഞാന്‍ സ്ഥാപിക്കപ്പെട്ടു.

സമുദ്രങ്ങള്‍ക്കും ജലസമൃദ്ധമായ അരുവികള്‍ക്കും

മുമ്പുതന്നെ എനിക്ക് ജന്മം കിട്ടി.

പര്‍വ്വതങ്ങള്‍ക്കും, കുന്നുകള്‍ക്കും

രൂപം കിട്ടുന്നതിനു മുമ്പ് ഞാനുണ്ടായി.

ഭൂമിയോ, അതിലെ വയലുകളോ

ആദ്യത്തെ പൂഴിത്തരിയോ നിര്‍മ്മിക്കുന്നതിനും മുമ്പ്

എനിക്ക് ജന്മം നല്‍കപ്പെട്ടു" (സുഭാ 8:22-26).

ജന്മംകൊണ്ടതിനുശേഷം ഒരു വിദഗ്ദ്ധശില്പിയെപ്പോലെ ജ്ഞാനം ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ സഹായിയായി വര്‍ത്തിച്ചു:

"അവിടുന്ന് ആകാശങ്ങള്‍ സ്ഥാപിച്ചപ്പോഴും

സമുദ്രത്തിനുമീതെ ചക്രവാളം നിര്‍മ്മിച്ചപ്പോഴും

ഉയരത്തില്‍ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും

ജലം തന്‍റെ കല്പന ലംഘിക്കാതിരിക്കാന്‍വേണ്ടി

സമുദ്രത്തിന് അതിരിട്ടപ്പോഴും

ഭൂമിയുടെ അടിത്തറ ഉറപ്പിച്ചപ്പോഴും

വിദഗ്ദ്ധനായ ഒരു പണിക്കാരനെപ്പോലെ

ഞാന്‍ അവിടുത്തെ അരികിലുണ്ടായിരുന്നു" (സുഭാ 8:27-30).

സൃഷ്ടിയുടെ രഹസ്യങ്ങള്‍ ജ്ഞാനത്തിനറിയാവുന്നതുകൊണ്ട് മനുഷ്യന്‍ അറിവുള്ളവനാകാന്‍ ജ്ഞാനത്തിന്‍റെ സ്വരം കേള്‍ക്കണം:

"എന്‍റെ പടിവാതില്‍ക്കല്‍ അനുദിനം കാത്തുനിന്ന്,

എന്‍റെ വാതിലുകളില്‍ ദൃഷ്ടിയുറപ്പിച്ച്,

എന്‍റെ വാക്കു കേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍" (സുഭാ 8:34).

ജ്ഞാനത്തിന്‍റെ വാക്കു കേള്‍ക്കുന്നവന്‍ ജീവനെ കണ്ടെത്തുന്നു:

"... എന്നെ കണ്ടെത്തുന്നവന്‍ ജീവനെ കണ്ടെത്തുന്നു

കര്‍ത്താവിന്‍റെ പ്രീതി നേടുകയും ചെയ്യുന്നു" (സുഭാ 8:35).

ജ്ഞാനത്തെ വെറുക്കുന്നവന്‍ മരണത്തെയാണ് സ്നേഹി                ക്കുന്നത:്

"... എന്നെ കൈവിടുന്നവന്‍ തന്നെത്തന്നെ ദ്രോഹിക്കുന്നു

എന്നെ വെറുക്കുന്നവന്‍ മരണത്തെയാണ് സ്നേഹിക്കുന്നത്"

                                                                           (സുഭാ 8:36).

ഉല്‍പത്തിപ്പുസ്തകം, ഏകനായി പ്രപഞ്ചസൃഷ്ടി നടത്തുന്ന ദൈവത്തെയാണ് അടിസ്ഥാനപരമായി ചിത്രീകരിക്കുന്നതെങ്കില്‍ ജ്ഞാനഗ്രന്ഥങ്ങള്‍ ജ്ഞാനത്തെ സൃഷ്ടികര്‍മ്മത്തില്‍ ദൈവത്തിന്‍റെ സഹായിയായി ചിത്രീകരിക്കുന്നു. ഉല്‍പത്തി പുസ്തകമനുസരിച്ച് ദൈവത്തിന്‍റെ ഒന്നാമത്തെ സൃഷ്ടി വെളിച്ചമാണ് (1:2). ജ്ഞാനഗ്രന്ഥങ്ങള്‍ പറയുന്നതനുസരിച്ച് ദൈവം ജ്ഞാനത്തെയാണ് ആദ്യം സൃഷ്ടിച്ചത് (സുഭാ 8:22). ജ്ഞാനത്തെ ദൈവം സൃഷ്ടിച്ചതായി ഉല്‍പത്തിപ്പുസ്തകത്തില്‍ ഒന്നും പറയുന്നില്ല.

ജ്ഞാനത്തിന്‍റെ പുസ്തകം 7:22-8:8 ദൈവത്തിന്‍റെ ആദ്യസൃഷ്ടിയായ ഈ ജ്ഞാനം എന്താണ് എന്ന് കുറച്ചുകൂടെ വ്യക്തമായി പറയുന്നുണ്ട്. ജ്ഞാനം 7:23 ജ്ഞാനത്തെ മാനവീകരിച്ചിരിക്കുകയാണ്; അതായത് ജ്ഞാനത്തെ ഒരു വ്യക്തിയായി കാണുന്നു (സ്ത്രീയായി). അവള്‍ ദൈവശക്തിയുടെ ശ്വാസവും അവന്‍റെ മഹത്വത്തിന്‍റെ നിസ്സരണവുമാണ് (7:25). മലിനമായ ഒന്നിനും അവളില്‍ പ്രവേശനമില്ല. ജ്ഞാനം ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മല ദര്‍പ്പണമാണ് (7:26); ദൈവത്തിന്‍റെ പ്രവൃത്തികളെന്താണെന്നറിയാന്‍ നാം ജ്ഞാനത്തിലേയ്ക്ക് നോക്കണം. ജ്ഞാനത്തിന് ദൈവികമായ ശക്തിയുണ്ട്. അത് ഓരോ തലമുറയിലും വിശുദ്ധ ചേതനകളില്‍ പ്രവേശിച്ച് അവരെ ദൈവമിത്രങ്ങളും പ്രവാചകന്മാരുമാക്കുന്നു (7:27). ദൈവം മറ്റെന്തിനെക്കാളുമുപരി ജ്ഞാനത്തെ സ്നേഹിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള അറിവിന്‍റെ ആദ്യപടി അവളെ അറിയുക എന്നതാണ് (7:28; 8:3, 8). ജ്ഞാനത്തില്‍ ദൈവിക നിയമത്തിന്‍റെ പൂര്‍ത്തീകരണമുണ്ട് എന്നതാണ് ജ്ഞാനഗ്രന്ഥകാരന്മാരുടെ അഭിപ്രായം (പ്രഭാ 19:20). ജ്ഞാനത്തെ സ്വന്തമാക്കുന്നവന്‍ ദൈവനിയമത്തെ സ്വന്തമാക്കുന്നു.

ഇത്രയും പ്രധാനപ്പെട്ട ജ്ഞാനം സ്വന്തമാക്കാന്‍ കഴിയണമെങ്കില്‍ ഒരുവന്‍ ദൈവഭയത്തോടെ (സുഭാ 1:7; 9:10) ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ജ്ഞാനത്തെ സ്നേഹിക്കുകയും ജ്ഞാനത്തെ അന്വേഷിക്കുകയും ചെയ്യണമെന്ന് ജ്ഞാനഗ്രന്ഥകാരന്മാര്‍ പറയുന്നു (ജ്ഞാനം 7:7; 8:21; സുഭാ 8:17). ദൈവത്തിന്‍റെ ആദ്യസൃഷ്ടിയും, ദൈവിക നിയമത്തിന്‍റെ മുഴുവന്‍ പൂര്‍ത്തീകരണവും, ലോകസൃഷ്ടികര്‍മ്മത്തില്‍ ദൈവത്തിന്‍റെ സഹകാരിണിയും, എന്നാല്‍ ഉല്‍പത്തിപുസ്തകത്തിലെ സൃഷ്ടിവിവരണത്തില്‍ പ്രതിപാദിച്ചിട്ടില്ലാത്തതുമായ ജ്ഞാനമെന്തെന്നു വിവരിക്കുകയും അതു സ്വന്തമാക്കാന്‍ കഴിയുന്നതെങ്ങിനെയെന്നു വ്യക്തമാക്കുകയുമാണ് ജ്ഞാനഗ്രന്ഥങ്ങള്‍ ചെയ്യുന്നത്.

ജ്ഞാനഗ്രന്ഥങ്ങളില്‍ വെളിവാകുന്ന മറ്റൊരുകാര്യം ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തെക്കുറിച്ചുള്ള ഉല്‍പത്തിപുസ്തകത്തിലുള്ളതിനെക്കാള്‍ വ്യക്തമായ ഉള്‍ക്കാഴ്ചയാണ്. ദൈവം ആദിയില്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നുപറയുമ്പോള്‍, ദൈവം ക്രമമില്ലാതിരുന്ന അവസ്ഥയ്ക്ക് ക്രമം നല്കിയെന്നാണ് ജ്ഞാനി മനസ്സിലാക്കുന്നത്.

" രൂപരഹിതമായ പദാര്‍ത്ഥത്തില്‍നിന്ന് ലോകം സൃഷ്ടിച്ച അങ്ങയുടെ സര്‍വ്വശക്തമായ കരത്തിന്, കരടികളുടെ കൂട്ടത്തെയോ, ധീരസിംഹങ്ങളെയൊ അവരുടെമേല്‍ അയയ്ക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല" (ജ്ഞാനം 11:17). ദൈവം ഇല്ലായ്മയില്‍ നിന്നും പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നതിനെക്കാള്‍ ക്രമരഹിതമായ അവസ്ഥയ്ക്ക് ക്രമം നല്‍കിക്കൊണ്ട് അതിനെ ഇന്നുകാണുന്ന രീതിയിലാക്കി എന്നാണ് ജ്ഞാനഗ്രന്ഥങ്ങള്‍ മനസ്സിലാക്കുന്നത് (ജ്ഞാനം 11:20). ഉല്‍പ്പത്തിപുസ്തകം ഒന്നാമദ്ധ്യായത്തില്‍ കാണുന്ന സൃഷ്ടിക്കപ്പെടാത്തതും, ക്രമരാഹിത്യത്തിന്‍റെ ഉറവിടവുമായ ആദ്യസമുദ്രം നല്‍കുന്ന അവ്യക്തമായ ആശയവും യഥാര്‍ത്ഥത്തില്‍ ഇതുതന്നെയാണ് (ഉല്‍പ 1:1-2). മറ്റു വാക്കുകളില്‍പറഞ്ഞാല്‍ പ്രപഞ്ചത്തില്‍ ആദിയില്‍ ഉണ്ടായിരുന്നത് ക്രമരഹിതമായ ഒരവസ്ഥയാണ്: "ആദിയില്‍ ദൈവം ആകാശവും, ഭൂമിയും സൃഷ്ടിച്ചപ്പോള്‍ (സൃഷ്ടിക്കാനാരംഭിക്കുമ്പോള്‍) ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്‍റെ ചൈതന്യം വെള്ളത്തിന് മീതെ ചലിച്ചുകൊണ്ടിരുന്നു" (ഉല്‍പ 1:1-2). ഈ ക്രമരഹിതമായ അവസ്ഥയ്ക്ക് അടിസ്ഥാനപരമായ മാറ്റം ദൈവം വരുത്തിയത് പുതിയ സൃഷ്ടിനടത്തിക്കൊണ്ടും അതോ ടൊപ്പം നാമിന്നുകാണുന്ന ക്രമം എല്ലാറ്റിനും നല്‍കിക്കൊണ്ടുമാണ് (ഉല്‍പ 1:3-31). ഉല്‍പ്പത്തിപ്പുസ്തകത്തിന്‍റെ ആരംഭത്തില്‍ അന്ധകാരാവൃതമായ കുഴഞ്ഞുമറിഞ്ഞ ജലസമുദ്രം നിലനിന്നിരുന്നതായി നാം കാണുന്നു. അപ്പോള്‍ ദൈവം പ്രകാശത്തെ സൃഷ്ടിക്കുകയും അതിനെ അന്ധകാരത്തില്‍നിന്ന് വേര്‍തിരിക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രിയും പകലും മാറിമാറിവരണമെന്ന ക്രമം അവിടുന്ന് സ്ഥാപിച്ചു. ഈ ആശയം കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് ജ്ഞാനി ഇങ്ങനെ പറയും:

"മകനേ, ഞാന്‍ പറയുന്നതുകേട്ട് ജ്ഞാനം ആര്‍ജ്ജിക്കുക;

എന്‍റെ വാക്ക് സൂക്ഷ്മമായി മനസ്സിലാക്കുക;

സൂക്ഷ്മതയുള്ള ഉപദേശവും,

ജ്ഞാനവുമാണ് ഞാന്‍ നല്‍കുന്നത്;

ആദിയില്‍ കര്‍ത്താവ് സൃഷ്ടിച്ചപ്പോള്‍

സൃഷ്ടികളുടെ കര്‍മ്മരംഗവും നിര്‍ണയിച്ചു.

ശാശ്വതമായ ക്രമത്തിലാണ് അവയെ സംവിധാനം ചെയ്തത്.

അത് ഭാവിതലമുറകള്‍ക്കും ബാധകമാണ്.

അവയ്ക്ക് വിശപ്പോ ക്ഷീണമോ ഇല്ല,

ഒരിക്കലും അവ കര്‍മ്മത്തില്‍നിന്നും വിരമിക്കുന്നില്ല.

അവ പരസ്പരം തിക്കിത്തിരക്കുന്നില്ല.

അവ ഒരിക്കലും അവിടുത്തെ വാക്ക് ധിക്കരിക്കുന്നില്ല.

കര്‍ത്താവ് ഭൂമിയെ നോക്കുകയും,

തന്‍റെ നന്മകള്‍കൊണ്ട്

അതിനെ നിറയ്ക്കുകയും ചെയ്തു.

എല്ലാവിധ ജീവജാലങ്ങളെയും കൊണ്ട്

അവിടുന്ന് അതിന്‍റെ ഉപരിതലം നിറച്ചു.

അവ മണ്ണിലേയ്ക്ക് മടങ്ങും" (പ്രഭാ 16:24-30).

ഇതുപോലെയാണ് ഓരോ സൃഷ്ടികര്‍മ്മവും. ആദിസമുദ്രത്തെ പിളര്‍ന്ന് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു; ഭൂമിയിലെ വെള്ളം വറ്റിച്ച് കര സൃഷ്ടിച്ചു. കര കരയായും കടല്‍ കടലായും നിലനില്‍ക്കണമെന്ന ക്രമവും അവിടുന്ന് സ്ഥാപിച്ചു. ഈ സൃഷ്ടികര്‍മ്മത്തെക്കുറിച്ചാണ് 148-ാം സങ്കീര്‍ത്തനം ഇപ്രകാരം ഘോഷിക്കുന്നത:്

               "അവിടുന്നു കല്പിച്ചു അവ സൃഷ്ടിക്കപ്പെട്ടു

               അവയെ എന്നേയ്ക്കും അവിടുന്ന് സുസ്ഥിരമാക്കി

               അലംഘനീയമായ അതിര്‍ത്തികള്‍

               അവിടുന്ന് നിശ്ചയിച്ചു" (148: 5,6).

               "സ്വന്തം ശക്തിയാല്‍ അവിടുന്ന്ലക്ഷ്യം പ്രാപിക്കുന്നു;                       

 അവിടുത്തെ വചനത്താല്‍ എല്ലാംനിശ്ചിതമാര്‍ഗത്തില്‍ ചരിക്കുന്നു." (പ്രഭാ 43:26).

ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മവും ക്രമപ്പെടുത്തലുമാണ് 104-ാം സങ്കീര്‍ത്തനത്തിന്‍റെയും ഉള്ളടക്കം:

"... വസ്ത്രമെന്നപോലെ അങ്ങ് പ്രകാശമണിഞ്ഞിരിക്കുന്നു

കൂടാരമെന്നപോലെ അവിടുന്ന് ആകാശത്തെ വിരിച്ചിരിക്കുന്നു

അങ്ങയുടെ മന്ദിരത്തിന്‍റെ തുലാങ്ങള്‍

ജലത്തിന് മേല്‍ സ്ഥാപിച്ചിരിക്കുന്നു

അങ്ങ് വാനമേഘങ്ങളെ രഥമാക്കി

കാറ്റിന്‍റെ ചിറകുകളില്‍ സഞ്ചരിക്കുന്നു."

ദൈവം നല്കിയ ഈ ക്രമം ദൈവം സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനെയാണ് ദൈവപരിപാലന എന്ന് ജ്ഞാനി വിളിക്കുന്നത്. ഒരു ഉദാഹരണംകൊണ്ട് ഇത് വ്യക്തമാക്കാം. എല്ലാദിവസവും സൂര്യനുദിക്കുന്നതായി നാം കാണുന്നു. അപ്പോള്‍ പ്രഭാതമായി; തുടര്‍ന്ന് മദ്ധ്യാഹ്നമായി, സന്ധ്യയായി, രാത്രിയായി. ഇത് നിരന്തരം ആവര്‍ ത്തിക്കപ്പെടുന്നതിനാല്‍ മനുഷ്യനും സസ്യങ്ങള്‍ക്കും ജീവിക്കാനും, ജോലിചെയ്യാനും, വിശ്രമിക്കാനും കഴിയുന്നു. ആധുനികസാങ്കേതിക വളര്‍ച്ചയുടെ ഫലമായി കുറച്ചുകാലത്തേക്ക് ഇരുട്ടുതന്നെ തുടര്‍ന്നാലും മനുഷ്യജീവിതം മുന്നോട്ട് പോയെന്നുവരാം. പക്ഷേ സൂര്യപ്രകാശം ലഭിക്കാത്ത സസ്യങ്ങള്‍ ചത്തൊടുങ്ങാനുള്ള സാധ്യത അപ്പോള്‍ അധികമാണ്. ഒരു പുഴ നിരന്തരമായി ഒഴുകണം. ഒരു വൃക്ഷം വളര്‍ന്ന് ഫലംനല്‍കണം. ഇതിന്‍റെ വിത്തിലൂടെ അടുത്തതലമുറ ജനിക്കണം. മനുഷ്യന്‍ ജനിക്കണം പതിവ്പോലെ വളരണം, മരിക്കണം; അടുത്ത തലമുറ ജനിക്കണം. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഈ ക്രമത്തെ കാത്തുസൂക്ഷിക്കുന്ന ശക്തിയാണ് ദൈവം. എന്ന് പ്രപഞ്ചത്തിന് ഈ ക്രമം നഷ്ടപ്പെടുന്നുവോ അന്ന് അത് ആദിയിലുണ്ടായിരുന്ന ക്രമരഹിതമായ അവസ്ഥയിലേയ്ക്ക് തിരിച്ചുപോവുകയും തുടര്‍ന്ന് ഇല്ലാതാവുകയും ചെയ്യും. നോഹയുടെകാലത്ത് സംഭവിച്ചത് ഈ തിരിച്ചുപോകലാണെന്ന് പറയാന്‍ കഴിയും:

               "കര്‍ത്താവിന്‍റെ കണ്ണുകള്‍ ജ്ഞാനത്തെ കാത്തുസൂക്ഷിക്കുന്നു.

               അവിശ്വസ്തരുടെ പാദങ്ങളെ അവിടുന്ന് തകിടം മറിക്കുന്നു"                (സുഭാ 22:12).

               "ദൈവം തന്‍െറ കല്‍പനകളെമേഘങ്ങളുടെമേല്‍ വച്ച് അതിന്‍െറ മിന്നലുകളെ പ്രകാശിപ്പിക്കുന്നുവെന്ന് നിനക്ക് അറിയാമോ?" (ജോബ് 37:15).

               "അവിടുന്ന് സമസ്തവും അതതിന്‍െറ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു" (സഭാ 3:11).

ദൈവം നല്‍കിയതും എല്ലാ തലമുറകളിലും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഈ ക്രമത്തെക്കുറിച്ചാണ് പ്രഭാഷകന്‍ 16:24-30 ല്‍ പറയുന്നത്.

ദൈവം സൃഷ്ടിച്ചതും, പ്രപഞ്ചത്തില്‍ അന്തര്‍ലീനമാക്കിയിരിക്കുന്നതും, നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതുമായ ഈ ക്രമത്തെയാണ് ഗുരുക്കന്മാര്‍  ജ്ഞാനം എന്ന് വിളിക്കുന്നത് എന്നുപറയാം. ഈ ക്രമമാണ് മനുഷ്യന് ദൈവത്തെക്കുറിച്ചും സൃഷ്ടികര്‍മ്മത്തെക്കുറിച്ചും ഉള്‍ക്കാഴ്ച നല്‍കുന്നത്. പ്രപഞ്ചത്തില്‍ ആവര്‍ത്തിക്കപ്പെടുന്നതെങ്കിലും പലപ്പോഴും ശ്രദ്ധ പതിയാത്തതായ കാര്യങ്ങളെ സൂക്ഷ്മതയോടെ നോക്കുന്ന വ്യക്തിക്ക് ദൈവം സൃഷ്ടിയില്‍ നിക്ഷേപിച്ചിരിക്കുന്ന ക്രമത്തെ കൂടുതല്‍ അറിയാന്‍ കഴിയും. ആ ക്രമം കൂടുതല്‍ മനസ്സിലാക്കുന്നവന്‍ ജ്ഞാനത്തില്‍ വളരുന്നു. അവന്‍ ദൈവത്തെത്തന്നെയാണ് മനസ്സിലാക്കുന്നത്. പ്രകൃതിയിലെ രഹസ്യങ്ങളിലൂടെയും പ്രകൃതിയില്‍ അന്തര്‍ലീനമായിരിക്കുന്ന ക്രമത്തിലൂടെയുമാണ് ദൈവം തന്നെത്തന്നെ മനുഷ്യന് വെളിപ്പെടുത്തുന്നത് എന്നാണ് ജ്ഞാനഗ്രന്ഥകാരന്മാര്‍ കരുതുന്നത്. ഉദാ:

"ആകാശം ദൈവമഹത്ത്വം പ്രഘോഷിക്കുന്നു.

വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.

പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു.

രാത്രി രാത്രിയ്ക്ക് വിജ്ഞാനം പകരുന്നു.

ഭാഷണമില്ല, വാക്കുകളില്ല,

ശബ്ദംപോലും കേള്‍ക്കാനില്ല.

എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യപിക്കുന്നു"

(സങ്കീ 19:1-4).

വി. പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനം (1:20) ഇപ്രകാരമുള്ള ദൈവികവെളിപാടിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്: "ലോകസൃഷ്ടിമുതല്‍ ദൈവത്തിന്‍റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക്  ഒഴികഴിവില്ല." പ്രപഞ്ചത്തെ കണ്ണുതുറന്നു വീക്ഷിക്കുന്നവന് ജ്ഞാനവും തത്ഫലമായി ദൈവദര്‍ശനവുമുണ്ടാകും. കാരണം ദൈവത്തിന്‍റെ ജ്ഞാനം പ്രപഞ്ചത്തില്‍നിന്ന് മനുഷ്യനെ തന്നിലേയ്ക്ക് മാടിവിളിക്കുന്നുണ്ട്. ജ്ഞാനം പറയുന്നു:

"എന്നെ അഭിലഷിക്കുന്നവന്‍ അടുത്തുവന്ന്

തൃപ്തിയാവോളം എന്‍റെ വിഭവങ്ങള്‍ ആസ്വദിക്കട്ടെ!

എന്നെ സ്മരിക്കുന്നത് തേനിനെക്കാളും,

എന്നെ സ്വന്തമാക്കുന്നത് തേന്‍കട്ടയെക്കാളും

മാധുര്യം പകരും;

എന്നെ ഭുജിക്കുന്നവന്‍റെ വിശപ്പ് ശമിക്കുകയില്ല;

പിന്നെയും ആഗ്രഹിക്കും;

എന്നെ പാനം ചെയ്യുന്നവന്‍ വീണ്ടും അഭിലഷിക്കും.

എന്നെ അനുസരിക്കുന്നവന്‍ ലജ്ജിതനാവുകയില്ല.

എന്‍റെ സഹായത്തോടെ അധ്വാനിക്കുന്നവന്‍

പാപത്തില്‍ വീഴുകയില്ല..." (പ്രഭാ 24:19-22).

പ്രപഞ്ചത്തിലൂടെ ദൃശ്യമായി സ്വയം വെളിപ്പെടുത്തുന്ന ദൈവത്തെക്കാണാന്‍ കഴിയാത്തവന്‍ ഭോഷനാണ് എന്നാണ് ജ്ഞാന ഗ്രന്ഥം പറയുന്നത്: "ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷന്മാരാണ്. ദൃഷ്ടിഗോചരമായ നന്മകളില്‍നിന്ന് ഉണ്‍മയായവനെ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ശില്‍പങ്ങളില്‍ ശ്രദ്ധപതിച്ച അവര്‍ ശില്പിയെ തിരിച്ചറിഞ്ഞില്ല. അഗ്നി, വായു, കാറ്റ്, നക്ഷത്രവലയങ്ങള്‍, ക്ഷോഭിച്ച സമുദ്രം, ആകാശതേജസ്സുകള്‍... അവയുടെ ശക്തിയും പ്രവര്‍ത്തനവും മനുഷ്യരെ വിസ്മയിപ്പിച്ചെങ്കില്‍, അവയുടെ സ്രഷ്ടാവ് എത്രയോ കൂടുതല്‍ ശക്തനെന്ന് അവയില്‍നിന്ന് അവര്‍ ധരിക്കട്ടെ. സൃഷ്ടികളുടെ ശക്തിസൗന്ദര്യങ്ങളില്‍നിന്ന് അവയുടെ സ്രഷ്ടാവിന്‍റെ ശക്തിസൗന്ദര്യങ്ങളെക്കുറിച്ച് അറിയാം. ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്താന്‍ ഇച്ഛിക്കുകയും ചെയ്യുമ്പോഴാകാം അവര്‍ വ്യതിചലിക്കുന്നത്. അവരെ തികച്ചും കുറ്റപ്പെടുത്താന്‍ വയ്യ. അവിടുത്തെ സൃഷ്ടികളുടെ മധ്യേ ജീവിച്ച് അവര്‍ അന്വേഷണം തുടരുകയാണ്. ദൃശ്യവസ്തുക്കള്‍ മനോഹരങ്ങളാകയാല്‍ അവര്‍ അതില്‍ പ്രത്യാശയര്‍പ്പിക്കുന്നു. എങ്കിലും അവര്‍ക്ക് ന്യായീകരണമില്ല. ലോകത്തെ ആരാഞ്ഞ് ഇത്രയും അറിയാന്‍ കഴിഞ്ഞെങ്കില്‍ ഇവയുടെയെല്ലാം ഉടയവനെ കണ്ടെത്താന്‍ വൈകുന്നതെന്തുകൊണ്ട്?" (13:1-9). എന്നുപറഞ്ഞാല്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള ധ്യാനത്തിലൂടെ പ്രപഞ്ചസ്രഷ്ടാവിലേയ്ക്ക് എത്തിച്ചേരാന്‍ കഴിയും എന്നാണ് ജ്ഞാനിയുടെ അടിസ്ഥാനപരമായ വീക്ഷണം.

ജ്ഞാനഗ്രന്ഥകാരന്മാര്‍ക്കും, ഗുരുക്കന്മാര്‍ക്കും ഈ വെളിപാട് ലഭിക്കുന്നത് പ്രപഞ്ചത്തെക്കുറിച്ചുള്ള ധ്യാനത്തില്‍നിന്നുതന്നെയാണ്. ലോകത്തില്‍കാണുന്ന എല്ലാറ്റിനും ഒരു ക്രമമുണ്ടെന്ന് അനുഭവം തെളിയിക്കുന്നു. പ്രപഞ്ചത്തിലെ സാധാരണകാര്യങ്ങളെല്ലാം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. സൂര്യന്‍ എല്ലാ ദിവസവും ഉദിക്കുന്നു, അസ്തമിക്കുന്നു. മനുഷ്യന്‍ ഒരു കുഞ്ഞായി ജനിക്കുന്നു, വളരുന്നു, വൃദ്ധനാകുന്നു, മരിക്കുന്നു. വൃക്ഷങ്ങള്‍ വിത്തുതരുന്നു, അവ മുളച്ച് വീണ്ടും മരമാകുന്നു. വീണ്ടും വിത്തു നല്‍കുന്നു... മരം അതിന്‍റെ ജീവിതായുസ്സ് കഴിയുമ്പോള്‍ നശിച്ചുപോകുന്നു. മനുഷ്യന്‍ വിത്തുവിതയ്ക്കുന്നു, അവ വളരുന്നു, കൊയ്യുന്നു... ഇപ്രകാരം എല്ലാം ക്രമമായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ ക്രമം അഭംഗുരം പാലിക്കപ്പെടുന്നതുകൊണ്ടാണ് മനുഷ്യജീവിതം സാധ്യമാകുന്നതുതന്നെ. കര്‍ഷകന്‍ വിത്ത് വിതയ്ക്കുന്നത് അവ വളരും എന്ന പ്രതീക്ഷയിലാണ്. അത് വളര്‍ന്നില്ലെങ്കില്‍ പദ്ധതികള്‍ താളംതെറ്റും. ഇങ്ങനെയാണ് എല്ലാക്കാര്യങ്ങളും. ഏതൊരുക്രമവും പാലിക്കപ്പെടണമെങ്കില്‍ അതിനുപിന്നിലൊരു പ്രേരകശക്തിയുണ്ടായിരിക്കണം. പ്രപഞ്ചത്തിലെ ക്രമംപാലിക്കുന്ന പ്രേരകശക്തിയാണ് ദൈവം. ഈ ക്രമം അഭംഗുരം പാലിക്കുന്ന ആ ദൈവത്തെക്കുറിച്ച് വിവരിക്കുകയാണ് ബൈബിളിലെ ജ്ഞാനഗ്രന്ഥങ്ങള്‍ ചെയ്യുന്നത്.

അനുദിന ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിവായതിനാലും, പ്രപഞ്ചത്തിലൂടെ വെളിവാകുന്ന ദൈവത്തെക്കുറിച്ചുള്ള വെളിപാടായതിനാലും (റോമാ 1:20) ജ്ഞാനസാഹിത്യം ഇസ്രായേലിന്‍റെ മാത്രം പ്രത്യേകത ആയിരുന്നില്ല. പ്രപഞ്ചമെന്നത് ഇസ്രായേലിന്‍റെ രാഷ്ട്രീയ പരിമിതികള്‍ക്കതീതമാകയാലും, മനുഷ്യന്‍റെ ജീവിതാനുഭവമെന്നത് സാര്‍വത്രികമാകയാലും ജീവിതാനുഭവങ്ങളിലൂടെ വെളിവാകുന്ന പ്രപഞ്ചസ്രഷ്ടാവിനെക്കുറിച്ചുള്ള അന്വേഷണം എല്ലാ ജനതകളും നടത്തിയിരുന്നു. ജ്ഞാനം ഇപ്രകാരം ഉദ്ഘോഷിക്കുന്നത് കാണാം:

"അത്യുന്നതന്‍റെ നാവില്‍നിന്ന് പുറപ്പെട്ട്

മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണം ചെയ്തു."

"ആഴികളിലെ അലകളിലും, ഊഴിയിലും

എല്ലാ ജനതകളിലും രാജ്യങ്ങളിലും

എനിക്ക് ആധിപത്യം ലഭിച്ചു" (പ്രഭാ 24:3,6).

വാസ്തവത്തില്‍ ഇസ്രായേലിന്‍റെ അയല്‍രാജ്യങ്ങളില്‍, പ്രത്യേകിച്ചും ഈജിപ്തിലും മെസോപൊട്ടേമിയായിലും, ജ്ഞാനസാഹിത്യഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിരുന്നു. അയല്‍ക്കാരെന്ന നിലയ്ക്ക് അവിടുത്തെ ജ്ഞാനഗ്രന്ഥങ്ങളും ഇസ്രായേലിന്‍റെ ജ്ഞാനഗ്രന്ഥങ്ങളും പല പൊതു ആശയങ്ങളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ യഥാര്‍ത്ഥജ്ഞാനി മാനവകുലത്തെ, അതിരുകള്‍ക്കപ്പുറം, ഒന്നായിക്കാണണമെന്നും മറ്റുജനതകളുടെ ജീവിതാനുഭവങ്ങളില്‍നിന്നും പഠിക്കണമെന്നും ഇസ്രായേലിലെ ജ്ഞാനികള്‍ കരുതിയിരുന്നു:

"അത്യുന്നതന്‍റെ നിയമങ്ങള്‍ പഠിക്കുന്നതില്‍

താല്‍പര്യമുള്ളവന്‍

എല്ലാ പൗരാണിക ജ്ഞാനവും ആരാഞ്ഞ് അറിയുകയും

പ്രവചനങ്ങളില്‍ ഔത്സുക്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

അവന്‍ വിശ്രുതരുടെ വാക്കു വിലമതിക്കുകയും

ഉപമകളുടെ പൊരുള്‍ സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യും.

അവന്‍ ആപ്തവാക്യങ്ങളുടെ ആന്തരാര്‍ത്ഥം തേടുകയും,

ഉപമകളുടെ നിഗൂഢതകളെ സ്വായത്തമാക്കുകയും ചെയ്യുന്നു.

അവന്‍ മഹാന്മാരെ സേവിക്കുന്നു.

ഭരണാധിപന്മാരുടെ മുമ്പിലും

അവന് പ്രവേശനമുണ്ട്.

വിദേശരാജ്യങ്ങളില്‍ അവന്‍ സഞ്ചരിക്കും;

മനുഷ്യരുടെ നന്മതിന്മകള്‍ അവന്‍ വേര്‍തിരിച്ചറിയുന്നു"

(പ്രഭാ 39:1-4).

ബൈബിളിലെ ജ്ഞാനഗ്രന്ഥങ്ങളോട് സാമ്യമുള്ളതും ഈ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതുമായ മറ്റുഗ്രന്ഥങ്ങള്‍ മധ്യപൂര്‍വ്വദേശത്തെ ഇസ്രായേലിന്‍റെ അയല്‍ക്കാരുടെ ഇടയിലുണ്ടായിരുന്നു. ഈ ഗ്രന്ഥങ്ങളെക്കുറിച്ച് ബൈബിളിലെ ഓരോ ഗ്രന്ഥത്തെയുംപറ്റി ചര്‍ച്ചചെയ്യുന്ന അവസരത്തില്‍ ചിന്തിക്കുന്നതാവും കൂടുതല്‍ ഉചിതം.

ഇസ്രായേലില്‍ രാജഭരണമാരംഭിച്ചതോടെ അന്യരാജ്യങ്ങളുമായുള്ള സാമ്പത്തിക-രാഷ്ട്രീയ ഇടപെടലുകള്‍ക്കായി അക്ഷരഭാഷാ ജ്ഞാനമുള്ള വ്യക്തികളെ ആവശ്യമായി വന്നു. തത്ഫലമായി എഴുത്തുവിദ്യ അഭ്യസിക്കാന്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെടുകയോ, ആളുകള്‍ അന്യനാടുകളില്‍ പോയി പഠിക്കുകയോ ചെയ്തു. അങ്ങനെ പഠിച്ച അവസരങ്ങളില്‍ അന്യരാജ്യക്കാരുടെ പുരാണങ്ങളും കഥകളുമായിരുന്നു പരിശീലനത്തിനുപയോഗിച്ചിരുന്നത് (സാഹിത്യകൃതികള്‍). ഉദാഹരണമായി ഇന്ത്യന്‍ സംഗീതം പഠിക്കുന്നവന്‍ സരസ്വതീനാമകീര്‍ത്തനം പാടാറുണ്ടല്ലോ. അയല്‍ രാജ്യക്കാരുടെ സാഹിത്യകൃതികളുടെ സ്വാധീനം ബൈബിളിലുടനീളം കാണാം. ഈ പഠനത്തോടൊപ്പം ആ ജനതകളുടെ ഇടയിലെ ഉന്നത നിലവാരമുള്ള സന്മാര്‍ഗ്ഗചിന്തകളും പാഠങ്ങളും ഇസ്രായേലില്‍ സ്വീകരിക്കപ്പെട്ടു. അതുകൊണ്ടാണ് പലപ്പോഴും ബൈബിളിലെ ജ്ഞാനസൂക്തങ്ങള്‍ രാഷ്ട്രീയ പരിമിതികള്‍ക്ക് അതീതമായ നിലവാരം പുലര്‍ത്തുന്നത്. ഉദാ: ജ്ഞാനികളുടെ ആപ്തവാക്യങ്ങള്‍ എന്നറിയപ്പെടുന്ന സുഭാ 22:17-24;22 ഈജിപ്തിലെ ഫറവോയായ അമെനെമോഫെത്തിന്‍റെ ഉപദേശങ്ങള്‍ക്ക് സമാനമാണെന്നാണ് കരുതപ്പെടുന്നത് (അചഋഠ 421-24 കാണുക).

ബൈബിളിലെ ജ്ഞാനഗ്രന്ഥങ്ങള്‍ മദ്ധ്യപൂര്‍വ്വദേശത്തെ അന്യസംസ്കാരങ്ങളിലെ തത്തുല്യമായ സാഹിത്യശൈലിയുമായി ഒത്തുപോകുന്നതാണെന്നും അതിനാല്‍തന്നെ രാജ്യത്തിന്‍റെ അതിര്‍വരമ്പുകള്‍ക്ക് അതീതമാണെന്നും ആധുനികപഠനങ്ങള്‍ തെളിയിക്കുന്നു. അതിന്‍റെ പ്രധാനകാരണം മനുഷ്യന്‍റെ ജീവിതാനുഭവങ്ങള്‍ ഏത് രാജ്യത്തായിരുന്നാലും അവന്‍ ഏതു ജനതയില്‍പ്പെട്ടിരുന്നവനായാലും അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്നതാണ്. അവന്‍റെ പ്രപഞ്ചത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച അയല്‍ക്കാരനില്‍ നിന്ന് വളരെ വ്യത്യസ്തമാകാന്‍ തരമില്ല. ഇപ്രകാരം ജ്ഞാനചിന്തകള്‍ മാനവരാശിയുടെ പൊതുപൈതൃകത്തിന്‍റെ ഭാഗമായതിനാല്‍ ഇസ്രായേലിന്‍റെ (അതുപോലെ അവരുടെ അയല്‍രാജ്യങ്ങളുടെ) രാഷ്ട്രത്തിന്‍റെ ചരിത്രത്തിനോ അവരുടെ രക്ഷാകരചരിത്രത്തിനോ വലിയ പ്രാധാന്യം ജ്ഞാനഗ്രന്ഥങ്ങള്‍ നല്‍കുന്നില്ല. അതുകൊണ്ട് ഇസ്രായേലിന്‍റെ രക്ഷാകരചരിത്രവുമായി ബന്ധപ്പെട്ടുള്ള ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ജ്ഞാനഗ്രന്ഥങ്ങളില്‍ പൊതുവെ കാണാറില്ല. ജ്ഞാനഗ്രന്ഥങ്ങളിലെ ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള അടിസ്ഥാനപരമായ കാഴ്ചപ്പാടുകള്‍, മാനവകുലവും അതിന്‍റെ സ്രഷ്ടാവായ ദൈവവുമായുള്ള ബന്ധ ത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ബാഹ്യലോകത്തില്‍ നാം ദര്‍ശിക്കുന്നതും അനുഭവിച്ചറിയുന്നതുമായ, ദൈവം സ്ഥാപിച്ച ഒരു ക്രമം ഉണ്ടെന്ന് നാം കണ്ടുകഴിഞ്ഞു (സുഭാ 8:22-30). പ്രപഞ്ചത്തില്‍ ദൈവം സ്ഥാപിച്ചിരിക്കുന്ന ഈ ക്രമം ബാഹ്യലോകത്ത് മാത്രമല്ല മനുഷ്യന്‍റെ ആന്തരിക, ആത്മീയ, ധാര്‍മ്മിക ജീവിതത്തിലും ബാധകമാണെന്ന് ഗുരുക്കന്മാര്‍ കരുതി. ദൈവം നീതിമാനാകയാല്‍ (ജ്ഞാനം 12:14) പ്രപഞ്ചത്തിന്‍റെ നിലനില്‍പിനുവേണ്ടി അവന്‍ പ്രപഞ്ചത്തിലെ സൃഷ്ടികളെന്നപോലെ  മനുഷ്യനും പാലിക്കേണ്ട ഒരു ക്രമം നല്‍കിയിരിക്കുന്നു:

 "കര്‍ത്താവിന്‍റെ കണ്ണുകള്‍

ജ്ഞാനത്തെ കാത്തുസൂക്ഷിക്കുന്നു.

അവിശ്വസ്തരുടെ പാദങ്ങളെ

അവിടുന്ന് തകിടം മറിക്കുന്നു" (സുഭാ 22:12; 6:12-19; 2:8; 3:33;

10:3, 29; 11:1; 14:9; 15:3, 9).

ദൈവദത്തമായ ഈ ആന്തരിക ആത്മീയ ക്രമത്തിന്‍റെ ഫലമായി നന്മ ചെയ്യുന്നവന് ഉയര്‍ച്ചയും മഹത്ത്വവും ഉണ്ടാകുമെന്നും തിന്മചെയ്യുന്നവന് തകര്‍ച്ചയും നാശവുമുണ്ടാകുമെന്നും ജ്ഞാനികള്‍ വിശ്വസിച്ചു: "ധര്‍മ്മമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്‍ സുരക്ഷിതനായിരിക്കും. ദുര്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്‍ കുഴിയില്‍ വീഴും" (സുഭാ 28:18; 14:14,19). ഇസ്രായേലിനു പത്തു പ്രമാണങ്ങള്‍ നല്കപ്പെടുന്നതിനുമുമ്പുമുതല്‍തന്നെ മാനവകുലം മുഴുവനും കാത്തുപോന്നിരുന്ന ധാര്‍മ്മിക നിയമങ്ങള്‍ ഇത്തരുണത്തില്‍ സ്മരിക്കേണ്ടതാണ്. ദൈവം ആത്മീയ-ധാര്‍മ്മിക ജീവിതത്തിന് നല്‍കിയിരിക്കുന്ന ഈ ക്രമത്തെക്കുറിച്ച് (നിയമ-പ്രവാചക ഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമായി) തന്‍റെ വചനത്തിലൂടെയോ വ്യക്തമായ വെളിപാടിലൂടെയോ  ദൈവം മനുഷ്യന് വെളിപ്പെടുത്തിയിട്ടില്ല. മറിച്ച് ബാഹ്യപ്രപഞ്ചത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ക്രമത്തെക്കുറിച്ച് ഒരുവന്‍ അനുഭവങ്ങളിലൂടെ പഠിക്കുന്നതുപോലെ ദൈവം നല്‍കിയിരിക്കുന്ന ധാര്‍മ്മിക നിയമത്തെക്കുറിച്ച് അനുഭവങ്ങളിലൂടെ പഠിച്ച് ഉള്‍ക്കാഴ്ച നേടണം. ദൈവസ്ഥാപിതമായ ഈ ക്രമത്തെക്കുറിച്ച് ഉള്‍ക്കാഴ്ച ലഭിക്കാന്‍ മനുഷ്യന്‍ ജ്ഞാനം സ്വന്തമാക്കണം. അതുകൊണ്ടാണ് ജ്ഞാനി ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത്:

"അങ്ങയുടെ പ്രവൃത്തികള്‍ അറിയുകയും ലോകസൃഷ്ടിയില്‍ അങ്ങയോടൊത്ത് ഉണ്ടാവുകയും ചെയ്ത, അങ്ങേയ്ക്ക് പ്രസാദകരവും അങ്ങയുടെ നിയമം അനുസരിച്ച് ശരിയുമായ കാര്യങ്ങള്‍ അറിയുന്ന ജ്ഞാനം അങ്ങയോടൊത്ത് വാഴുന്നു. വിശുദ്ധ സ്വര്‍ഗ്ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്ത്വത്തിന്‍റെ സിംഹാസനത്തില്‍നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്ത് വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ ഞാന്‍ അങ്ങയുടെ ഹിതം മനസ്സിലാക്കട്ടെ" (ജ്ഞാനം 9:9-10).

തന്‍റെ സൃഷ്ടിയിലൂടെ സ്വയം വെളിപ്പെടുത്താനാഗ്രഹിക്കുന്ന ദൈവം ഓരോ മനുഷ്യന്‍റെയും ജീവിതാനുഭവങ്ങളിലൂടെത്തന്നെ താന്‍ പ്രപഞ്ചത്തിന് നല്‍കാനാഗ്രഹിക്കുന്ന നിയമം അവനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ സംഭവങ്ങളിലും, വ്യക്തികളുടെ അനുഭവങ്ങളിലും ദൈവകല്പിതമായ ധാര്‍മ്മികനിയമങ്ങള്‍ അന്തര്‍ലീനമായിരിക്കുന്നു എന്നര്‍ത്ഥം. വിജ്ഞര്‍ ഈ നിയമങ്ങളെ തീക്ഷ്ണമായി അന്വേഷിക്കുകയും കണ്ടെത്തുകയും അതിനനുസൃതം ജീവിക്കുകയും ചെയ്യുന്നവരാണ് (സുഭാ 8:17; സങ്കീ 19:1-18; പ്രഭാ 6:18-37). കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ ഒരുവന്‍ താന്‍ ചെയ്യുന്ന നന്മപ്രവൃത്തികളെ ദൈവം എങ്ങനെ അനുഗ്രഹിക്കുന്നുവെന്നും തിന്മയെ എങ്ങനെ ശിക്ഷിക്കുന്നുവെന്നും സ്വന്തം അനുഭവത്തെ വിശകലനം ചെയ്ത് പഠിക്കണം. അപ്രകാരം ചെയ്യുന്നവന്‍ ജ്ഞാനിയായിത്തീരുന്നു. അവന്‍ ജ്ഞാനത്തെ സ്വന്തമാക്കുന്നവനാണ്. ദൈവം പ്രപഞ്ചത്തില്‍ നിക്ഷേപിച്ചിരിക്കുന്ന ബാഹ്യവും ആത്മീയവുമായ ക്രമവും അതിനെ നിയന്ത്രിക്കുന്ന ശക്തിയും ആണ് ജ്ഞാനം എന്ന് പറയാന്‍ കഴിയും:

"ഭൂമിയില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ

ജ്ഞാനം സ്വാധീനം ചെലുത്തുന്നു.

അവള്‍ എല്ലാ കാര്യങ്ങളും

നന്നായി ക്രമപ്പെടുത്തുന്നു" (ജ്ഞാനം 8:1; പ്രഭാ 16:26-30).

തന്‍റെ സൃഷ്ടിയുടെ ആരംഭത്തില്‍ ദൈവം എല്ലാം ക്രമീകരിക്കുകയാണ് ചെയ്തത്. കുഴഞ്ഞുമറിഞ്ഞ അന്ധകാരാവൃതമായ അവസ്ഥയെ ദൈവം വാസയോഗ്യമാക്കിത്തീര്‍ത്തത് പ്രപഞ്ചത്തിന് മുഴുവന്‍ ക്രമം നല്‍കിക്കൊണ്ടാണെന്ന് നാം കണ്ടു. ആ ക്രമത്തിന്‍റെ മാനവികഭാവമാണ് ജ്ഞാനം. ലോകത്തില്‍ ദൃശ്യമായ ക്രമവും മനുഷ്യന്‍റെ ജീവിതത്തില്‍ ആവശ്യമായ ക്രമവും, നീതിബോധവും, സത്യസന്ധതയും, ധാര്‍മ്മികതയും എല്ലാം ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യത്തെ 'മാ അത്ത്' എന്നാണ് ഈജിപ്തുകാര്‍ വിളിച്ചത്. മാ അത്ത് എന്നാല്‍ ലോകത്തില്‍ സന്നിഹിതമായിരിക്കുന്ന ദൈവികമായ ക്രമമാണെന്നു പറയാം. ആ ക്രമത്തോട് എത്രമാത്രം പ്രവര്‍ത്തനചിന്താരീതികള്‍ താദാത്മ്യപ്പെടുത്താന്‍ കഴിയുന്നുവോ അത്രമാത്രം മനുഷ്യജീവിതം വിജയകരമായിത്തീരുമെന്ന് ഈജിപ്തിലെ ജ്ഞാനികള്‍ കരുതി. ഈ താദാത്മ്യപ്പെടലിലുണ്ടാകുന്ന പരാജയം ക്രമരാഹിത്യത്തിലേയ്ക്കും പരാജയത്തിലേയ്ക്കും നയിക്കും.

പ്രപഞ്ചത്തില്‍ നിലനില്ക്കുന്ന ക്രമത്തിന്‍റെ (മാ അത്ത്)  മാനവിക ഭാവത്തെ ഒരു ദേവതയായാണ് ഈജിപ്തുകാര്‍ കരുതിയിരുന്നത്. പ്രപഞ്ചത്തെ വിവേകത്തോടെ വീക്ഷിക്കുന്നവന് ഈ ക്രമമെന്തെന്ന് കുറെയൊക്കെ മനസ്സിലാകും; ജീവിതാനുഭവങ്ങളിലൂടെ ഈ ക്രമത്തെ മനസ്സിലാക്കാന്‍ കഴിയും. അതിനായി മനുഷ്യന്‍ തന്‍റെ അനുഭവങ്ങളെ ദൈവവിശ്വാസത്തിന്‍റെ ("ദൈവഭയം അറിവിന്‍റെ ആരംഭം ആണ്": സുഭാ 1:7; 9:10) വെളിച്ചത്തില്‍ വിലയിരുത്തുകയും പഠിക്കുകയും ചെയ്യണം. ജ്ഞാനത്തെ ഗ്രഹിക്കാനാഗ്രഹിച്ചുകൊണ്ട് പ്രപഞ്ചത്തിലെ അനുഭവങ്ങളിലേയ്ക്കും സംഭവങ്ങളിലേയ്ക്കും നോക്കുന്ന മനുഷ്യന് ദൈവം നല്‍കിയിരിക്കുന്നതും മനുഷ്യദൃഷ്ടിക്ക് സാധാരണഗതിയില്‍ അഗോചരവുമായ വലിയ കാര്യങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ സ്വന്തമാക്കാന്‍ കഴിയും (സുഭാ 8:17). പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളിലും, അനുഭവങ്ങളിലും സാധാരണ ദൃശ്യമായിരിക്കുന്ന കാര്യങ്ങള്‍ക്കപ്പുറം ദൈവം അന്തര്‍ ലീനമാക്കിയിരിക്കുന്ന ക്രമം മനസ്സിലാക്കുന്നവന്‍ ദൈവത്തെതന്നെയാണ് മനസ്സിലാക്കുകയും അറിയുകയും ചെയ്യുന്നത്:

"എല്ലാറ്റിന്‍റെയും കര്‍ത്താവ്

അവളെ (ജ്ഞാനത്തെ) സ്നേഹിക്കുന്നു;

ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്‍റെ

ആദ്യപടി അവളാണ്;

അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ കൂട്ടാളിയും" (ജ്ഞാനം 8:3-4).

ജ്ഞാനത്തെ സ്വന്തമാക്കാത്തവന്‍ ദൈവത്തെ അറിയുന്നില്ല. "സ്രഷ്ടാവായ ദൈവം ഈ ക്രമത്തെ തീക്ഷ്ണതയോടെ കാത്തുസൂക്ഷിക്കുന്നു" എന്നാണ് (22:12) സുഭാഷിതങ്ങളില്‍ പറയുന്നത്. "നീതിയെ സ്നേഹിക്കുന്നവന് അവളുടെ പ്രവര്‍ത്തനങ്ങളുടെ ഫലം നന്മയായിരിക്കും. ആത്മനിയന്ത്രണവും, വിവേകവും, നീതിയും, ധൈര്യവും അവള്‍ പരിശീലിപ്പിക്കുന്നു. ജീവിതത്തില്‍ ഇവയേക്കാള്‍ പ്രയോജനകരമായി ഒന്നുമില്ല. വിപുലമായ അനുഭവജ്ഞാനമാണ് നിങ്ങള്‍ ഇച്ഛിക്കുന്നതെങ്കില്‍ അവള്‍ക്ക് ഭൂതവും ഭാവിയും അറിയാം; മൊഴികളുടെ വ്യംഗ്യവും, കടങ്കഥകളുടെ പൊരുളും അവള്‍ക്കറിയാം. അടയാളങ്ങളും, അത്ഭുതങ്ങളും അവള്‍ മുന്‍കൂട്ടി കാണുന്നു. കാലങ്ങളുടെയും ഋതുക്കളുടെയും ഫലം അവള്‍ക്കറിയാം" (ജ്ഞാനം 8:7-8),

"അനുഭവജ്ഞാനമില്ലാത്തവന് അറിവ് കുറയും" (പ്രഭാ 34:10). അതുകൊണ്ട് "ജ്ഞാനത്തോടുള്ള ബന്ധത്തില്‍ അമര്‍ത്യതയും അവളുടെ മൈത്രിയില്‍ നിര്‍മ്മലമായ മോദവും അവളുടെ പ്രവൃത്തികളില്‍ അക്ഷയസമ്പത്തും, സംസര്‍ഗ്ഗത്തില്‍ വിവേകവും, അവളുമായുള്ള സംഭാഷണത്തില്‍ യശസ്സും കുടികൊള്ളുന്നു എന്ന് ചിന്തിച്ച് എങ്ങനെ അവളെ സ്വന്തമാക്കാം എന്ന് തേടി ഞാന്‍ അലഞ്ഞു" (ജ്ഞാനം 8:17-18) എന്നാണ് ജ്ഞാനി സ്വന്തം അനുഭവം വിവരിക്കുന്നത്.

പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളിലും സംഭവങ്ങളിലും സ്വയം വെളിപ്പെടുത്തുന്ന ദൈവത്തെയും അവന്‍റെ ജ്ഞാനത്തെയും ഗ്രഹിക്കാന്‍ മനുഷ്യനെ സഹായിക്കുകയാണ് ജ്ഞാനഗ്രന്ഥങ്ങളുടെ ലക്ഷ്യം. ദൈവം മനുഷ്യനെ സ്വതന്ത്രനായി സൃഷ്ടിച്ചു എന്നും തന്‍റെ സ്വാതന്ത്ര്യം ക്രിയാത്മകമായി ഉപയോഗിച്ചുകൊണ്ട് തന്‍റെ സ്രഷ്ടാവായ ദൈവത്തെ മനുഷ്യന്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യണമെന്നുമാണ് ജ്ഞാനഗ്രന്ഥങ്ങള്‍ അടിസ്ഥാനപരമായി ചിന്തിക്കുന്നത്. അതുകൊണ്ട് ജ്ഞാനഗ്രന്ഥങ്ങളില്‍ വെളിവാകുന്ന ദൈവമനുഷ്യദര്‍ശനങ്ങള്‍ നിയമത്തിലും പ്രവാചകന്മാരിലും വെളിവാകുന്ന ദൈവമനുഷ്യദര്‍ശനങ്ങളില്‍നിന്നും വ്യത്യസ്ഥമാണെന്ന് പറയേണ്ടതില്ലല്ലോ.

നിയമവും പ്രവാചകന്മാരും അവതരിപ്പിക്കുന്നത് മനുഷ്യനെ അന്വേഷിക്കുകയും ഇസ്രായേലിന്‍റെ ചരിത്രത്തില്‍ പ്രത്യേകമായി ഇടപെടുന്നതിലൂടെ സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്‍റെ ചിത്രമാണെങ്കില്‍, ജ്ഞാനഗ്രന്ഥങ്ങള്‍ നല്‍കുന്നത് പ്രപഞ്ചത്തില്‍ മുഴുവനുമുള്ള സൃഷ്ടികളുടെയും സംഭവങ്ങളുടെയും ക്രമീകൃതമായ ചലനങ്ങളിലൂടെ ദൈവത്തെ മനസ്സിലാക്കാനാഗ്രഹിക്കുന്ന മനുഷ്യന് യുക്തിസഹമായ വിധത്തില്‍ സ്വയം മനസ്സിലാക്കികൊടുക്കുന്ന ദൈവത്തിന്‍റെ ചിത്രമാണ്. ഇവിടെ മനുഷ്യന്‍റെ വ്യക്തിപരമായ അനുഭവങ്ങള്‍ക്കും, വിശകലനത്തിനുമാണ് പ്രാധാന്യം. നിയമവും പ്രവാചകന്മാരും രാഷ്ട്രത്തിന്‍റെ (ജനത്തിന്‍റെ) ചരിത്രത്തില്‍ അത്ഭുതകരമായി ഇടപെട്ടുകൊണ്ട് ചരിത്രത്തെ നയിക്കുന്ന ദൈവത്തിന്‍റെ ചിത്രം അവതരിപ്പിക്കുമ്പോള്‍, പ്രപഞ്ചത്തിലെ ക്രമം നിലനിര്‍ത്തുകയും അതിലൂടെ ഓരോ വ്യക്തിയോടും വ്യക്തിപരമായി അവന്‍റെതന്നെ അനുഭവങ്ങളില്‍ ഈ ക്രമം വിശദീകരിച്ചുകൊണ്ട് അവനോട് സംസാരിക്കുകയും, അവന്‍റെ ചരിത്രം മുന്നോട്ട് നയിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ ചിത്രമാണ് ജ്ഞാനഗ്രന്ഥങ്ങള്‍ നല്‍കുന്നത്. ഇതിനെ വിശദീകരിക്കാന്‍ ഒരു താരതമ്യപഠനം സഹായിച്ചേക്കും 19-ാം സങ്കീര്‍ത്തനം 1-8 (ജ്ഞാനഗ്രന്ഥം) വാക്യങ്ങളനുസരിച്ച് പ്രപഞ്ചം മുഴുവന്‍ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്; ഈ വെളിപാടിലൂടെ ദൈവം തന്‍റെ നിയമം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നു പറയുന്നുണ്ട്. വാക്കോ പ്രസംഗമോ ഇല്ലാത്ത വെളിപാടാണത്. പുറപ്പാടിന്‍റെ പുസ്തകം (നിയമം) 19-ാം അധ്യായത്തിലാകട്ടെ ദൈവം അത്ഭുതകരമായി മലയില്‍ ഇറങ്ങിവന്ന് തന്‍റെ മഹത്ത്വം ദൃശ്യമായി കാണിച്ചുകൊണ്ട് ജനത്തിന് നിയമം നല്‍കുന്നത് കാണാം. ഇതാണ് ഈ ഗ്രന്ഥങ്ങളിലുള്ള ദൈവിക വെളിപാടിനെക്കുറിച്ചുള്ള വ്യത്യസ്തമായ വീക്ഷണങ്ങള്‍.

നിയമവും പ്രവാചകന്മാരും മനുഷ്യനെ സൃഷ്ടിക്കുകയും അവനെ തേടിയിറങ്ങുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍, തന്‍റെ സ്രഷ്ടാവിനെത്തേടുന്ന മനുഷ്യന്‍റെ ചിത്രമാണ് ജ്ഞാനഗ്രന്ഥങ്ങള്‍ വരച്ചുകാണിക്കുന്നത്. പ്രപഞ്ചത്തിലെ തന്‍റെ അനുഭവങ്ങളിലൂടെ ഈ ലോകത്തിന്‍റെ മുഴുവന്‍ സ്രഷ്ടാവിന്‍റെ പക്കലേയ്ക്കുയരാന്‍ പരിശ്രമിക്കുകയാണവന്‍ (ജ്ഞാനം 13:1-9).

മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ സീനായ്മലയില്‍വച്ച് ദൈവം ഇസ്രായേലിനെ തന്‍റെ ജനമായി തിരഞ്ഞെടുക്കുകയും അവരുമായി ഉടമ്പടിചെയ്യുകയും അവര്‍ക്ക് നിയമം നല്കുകയും ചെയ്തു. ഈ ദൈവികനിയമം ഇസ്രായേലിന്‍റെ ജീവിതത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും പ്രപഞ്ചത്തില്‍ മുഴുവന്‍ വ്യാപിക്കണമെന്നതാണ് ദൈവികപദ്ധതി. സീനായില്‍ നല്കപ്പെട്ട നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രപഞ്ചത്തെ നോക്കിക്കാണുകയാണ് നിയമവും പ്രവാചകന്മാരും. അതിന്‍റെ അടിസ്ഥാനം സീനായ് ഉടമ്പടിയാണ്.  ജ്ഞാനഗ്രന്ഥങ്ങളാകട്ടെ രാഷ്ട്രീയ പരിമിതികളില്ലാതെ ആദ്യം നോക്കുന്നത് ദൈവത്തിന്‍റെ കരവേലയായ പ്രപഞ്ചത്തിലേയ്ക്കാണ്. ആ പ്രപഞ്ചത്തെ നോക്കി അതിലൂടെ പ്രപഞ്ചസ്രഷ്ടാവിലേയ്ക്ക് നോക്കുകയും ദൈവം തന്‍റെ സൃഷ്ടിയില്‍ അന്തര്‍ലീനമാക്കിയിരിക്കുന്ന നിയമത്തെ ജ്ഞാനി അന്വേഷിക്കുകയും ചെയ്യുന്നു. ഈ അന്വേഷണത്തിന്‍റെ അടിസ്ഥാനം ദൈവം മനുഷ്യകുലം മുഴുവനുമായി ചെയ്തിരിക്കുന്ന ഉടമ്പടിയാണെന്നു പറയാം (നോഹ?).

രക്ഷാകര ചരിത്രത്തെയും ദൈവപ്രമാണങ്ങളെയും മനസ്സിലാക്കാന്‍ നിയമ-പ്രവാചകഗ്രന്ഥങ്ങള്‍ ഒരുവനെ സഹായിക്കുമ്പോള്‍, പ്രപഞ്ചത്തിലൂടെ ഇന്നും സ്വയം വെളിപ്പെടുത്തുന്ന ദൈവത്തെയും അവന്‍റെ പ്രവൃത്തികളെയും ഉള്‍ക്കൊള്ളാനാണ് ജ്ഞാനഗ്രന്ഥങ്ങള്‍ അവനെ സഹായിക്കുന്നത്. ആ അറിവും അതനുസരിച്ചുള്ള ജീവിതവും അവനെ വിജയത്തിലേയ്ക്ക് നയിക്കും.

ജ്ഞാനം ഒരുവന് ലഭിക്കുന്നത് അനുഭവത്തിലൂടെയാണെന്ന് നാം കണ്ടു. എന്നാല്‍ വിശാലമായ ഈ പ്രപഞ്ചത്തിലെ അനുഭവങ്ങള്‍ സങ്കീര്‍ണ്ണങ്ങളും വ്യതിരിക്തങ്ങളും എണ്ണമറ്റവയുമാണ്. മനുഷ്യജീവിതമാകട്ടെ ഹ്രസ്വവും:

"ആദ്യമനുഷ്യന്‍ അവളെ പൂര്‍ണമായി അറിഞ്ഞില്ല;

അവസാനത്തെ മനുഷ്യനും

അവളുടെ ആഴം അളക്കുകയില്ല.

അവളുടെ ചിന്ത സമുദ്രത്തേക്കാള്‍ വിശാലവും

അവളുടെ പ്രബോധനം

അഗാധത്തേക്കാള്‍ ആഴമേറിയതും ആണ്" (പ്രഭാ 24:28-29).

അതിനാല്‍ പ്രപഞ്ചത്തിലുള്ളതിനെയെല്ലാം മനസ്സിലാക്കാന്‍ ഒരുവന്‍റെ പരിമിതമായ ജീവിതാനുഭവങ്ങള്‍കൊണ്ട് മാത്രം സാധ്യമല്ലെന്ന് വ്യക്തം. ആയതിനാല്‍ ഒരുവന്‍ മറ്റുള്ളവരുടെയും അവന് മുമ്പ് കടന്നുപോയവരുടെയും അനുഭവങ്ങളെ വിശകലനംചെയ്ത് പഠിക്കുകയും അവരുടെ അനുഭവത്തിലധിഷ്ഠിതമായ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കുകയും വേണം. അതുകൊണ്ടാണ് ദൈവഭയത്തോടെ ജീവിക്കുകയും, ജീവിതാനുഭവങ്ങളെ വിശകലനം ചെയ്തവരുമായ ഗുരുക്കന്മാരുടെ ഉപദേശങ്ങള്‍ പ്രധാനപ്പെട്ടവയാകുന്നത്:

"ജ്ഞാനികളുടെ വാക്ക് സശ്രദ്ധം കേള്‍ക്കുക;

ഞാന്‍ നല്‍കുന്ന വിജ്ഞാനത്തില്‍ മനസ്സു പതിക്കുക.

അവയെ ഉള്ളില്‍ സംഗ്രഹിക്കുകയും,

അധരങ്ങളില്‍ ഒരുക്കി വയ്ക്കുകയും ചെയ്യുന്നത്

ആഹ്ലാദപ്രദമായിരിക്കും"

(സുഭാ 22:17-18; 1:8-9; 4:1-9, 10, 20; 5:1).

കഴിഞ്ഞ തലമുറയെ ദൈവികജ്ഞാനം സ്വന്തമാക്കാന്‍ സഹായിച്ച അറിവ് യുവതലമുറകള്‍ക്കും പ്രയോജനകരമാകും എന്നതിനാലാണ് ജ്ഞാനഗ്രന്ഥങ്ങള്‍ ഗുരുക്കന്മാരുടെ പ്രബോധനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതും അവ വരുംതലമുറകള്‍ക്കായി എഴുതിവയ്ക്കുന്നതും.

ഇപ്രകാരം പല തലമുറകളിലായി വിരചിതമായ ഗുരുക്കന്മാരുടെ ഉപദേശങ്ങളും, അവരുടെ ജീവിതാനുഭവങ്ങളില്‍ അധിഷ്ഠിതമായ പഠനങ്ങളും, സൃഷ്ടപ്രപഞ്ചത്തില്‍ വെളിവാകുന്ന ദൈവിക വെളിപാടും ജ്ഞാനസമ്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങളും, ജ്ഞാനത്തിന്‍റെ പ്രാധാന്യവുമെല്ലാം വിശദീകരിക്കുന്ന ഏഴു ഗ്രന്ഥങ്ങളാണ് ബൈബിളിലുള്ളത്: ജോബ്, സങ്കീര്‍ത്തനങ്ങള്‍, സുഭാഷിതങ്ങള്‍, സഭാ പ്രസംഗകന്‍, ഉത്തമഗീതം, ജ്ഞാനം, പ്രഭാഷകന്‍. ഈ ഗ്രന്ഥങ്ങളില്‍കാണുന്ന സന്ദേശങ്ങള്‍ക്കുള്ള ചില പൊതു സ്വഭാവവിശേഷങ്ങളാണ് താഴെ സംഗ്രഹിച്ചിരിക്കുന്നത്.

(1)  ഈ ഗ്രന്ഥങ്ങളില്‍ ദൈവത്തിന്‍റെ രക്ഷാകര പ്രവൃത്തികളെക്കുറിച്ച്, നിയമത്തിലും പ്രവാചകന്മാരിലുമുള്ള വിധത്തിലുള്ള ചര്‍ച്ചകളില്ല.

(2)  പ്രകൃതിയിലൂടെ വെളിവാകുന്ന ദൈവദത്തമായ ക്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി അനുദിന ജീവിതപ്രശ്നങ്ങളുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു. വിജ്ഞാനമാഗ്രഹിക്കുന്നവന്‍ തനിക്ക് മനസ്സിലാകാത്ത എല്ലാത്തിന്‍റെയും കാരണമന്വേഷിക്കുന്നു. യുക്തിസഹമായ ഒരുത്തരം കിട്ടുകയാണ് ലക്ഷ്യം.

(3) ജീവിതം എങ്ങനെ വിജയിപ്പിക്കാമെന്നും എങ്ങനെ പ്രപഞ്ചസ്രഷ്ടാവായ ദൈവസന്നിധിയില്‍ കുറ്റമറ്റവരായിരിക്കാമെന്നും ഉപദേശിക്കുന്നു.

(4) മനുഷ്യന്‍റെ അനുഭവങ്ങളെ സാര്‍വ്വത്രികമായി കാണുന്നു. അതിനാല്‍ രാഷ്ട്രത്തിന്‍റെ ചരിത്രത്തെക്കുറിച്ചും, പ്രശ്നങ്ങളെക്കുറിച്ചും പ്രത്യേക താല്‍പര്യങ്ങള്‍ പൊതുവെ ഇല്ല. തലമുറകള്‍ കൈമാറിവരുന്ന ജ്ഞാനം രാഷ്ട്രീയ അതിര്‍വരമ്പുകള്‍കൊണ്ട് പരിമിതപ്പെടുത്താനാവില്ലെന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ ഇസ്രായേലിന്‍റെ രക്ഷാകരചരിത്രത്തിന് പ്രാധാന്യം ലഭിക്കുന്നില്ല.

(5) ദൈവം സ്രഷ്ടാവാണെന്ന് ചിന്തിക്കുകയും, അവന്‍റെ സൃഷ്ടിയുടെ രഹസ്യത്തെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്നു.

ഈ ഗ്രന്ഥങ്ങള്‍ ഓരോന്നിനെക്കുറിച്ചും വിവരിക്കുകയാണ് താഴെവരുന്ന പേജുകളിലൂടെ. നമ്മുടെ ബൈബിളില്‍ നല്കിയിരിക്കുന്ന ജോബ് - സങ്കീര്‍ത്തനങ്ങള്‍ - സുഭാഷിതങ്ങള്‍ എന്ന ക്രമത്തിലായിരിക്കുകയില്ല താഴെവരുന്ന ചര്‍ച്ച മുന്നോട്ട് പോകുന്നത്. സാധ്യമാകുന്നിടത്തോളം ചരിത്രപരമായി ഓരോ പുസ്തകങ്ങളുടെയും പാരമ്പര്യങ്ങള്‍ രൂപംകൊണ്ട ക്രമമനുസരിച്ചായിരിക്കും ഓരോ ഗ്രന്ഥത്തെയും ചര്‍ച്ചാവിഷയമാക്കുന്നത്. കാരണം അപ്പോഴാണ് ഓരോ ഗ്രന്ഥത്തിനും മറ്റുള്ളവയുമായുള്ള ദൈവശാസ്ത്രപരമായ ബന്ധമെന്തെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ എളുപ്പം. സങ്കീര്‍ത്തനപ്പുസ്തകമായിരിക്കും ഏറ്റവും ആദ്യമായി പഠിക്കുക. കാരണം അത് നിയമ-പ്രവാചക ഗ്രന്ഥങ്ങളെയും ജ്ഞാനഗ്രന്ഥങ്ങളെയും ഒരുമിച്ചുചേര്‍ക്കുന്ന ഒരു കണ്ണിയാണെന്ന് പറയാം.

book-of-wisdom-in-bible Rev. Antony Tharekadavil bible bible in malayalam catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message