x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

സംഖ്യയുടെ പുസ്തകം

Authored by : Dr. Michael Karimattam On 10-Feb-2021

സംഖ്യയുടെ പുസ്തകം

 ബൈബിളിലെ നാലാമത്തെ പുസ്തകം സംഖ്യ എന്ന പേരില്‍ അറിയപ്പെടുന്നു.  ഹെബ്രായ ഭാഷയില്‍ എഴുതപ്പെട്ട ബൈബിള്‍ ഗ്രീക്കിലേയ്ക്ക് വിവര്‍ത്തനം ചെയ്തവരാണ് ഈ പേരു നല്കിയത്.  അരിത്മോയ് (അൃശവോീശ) എന്ന ഗ്രീക്കു പദമാണ് "സംഖ്യ"(Numbers) എന്നു വിവര്‍ത്തനം ചെയ്യുന്നത്.

പുസ്തകത്തിന്‍റെ ആരംഭത്തിലും (1, 20-46) അവസാനത്തിലും (26, 1-51) ജനസംഖ്യാ കണക്കെടുക്കുന്നതായി വിവരിക്കുന്നതിനാലാണ് "സംഖ്യ"എന്ന പേരു നല്കപ്പെട്ടത്.  ഇതിനു പുറമെ, ലേവ്യരുടെ എണ്ണം (3, 14-51; 26, 57-62), നേതാക്കന്മാരുടെ പട്ടികകള്‍ (1, 5-15), ഗോത്രത്തലവന്മാര്‍ നല്കിയ കാഴ്ചകളുടെ കണക്ക് (7, 10-83), ദേശം ഒറ്റു നോക്കാന്‍ അയച്ച ചാരന്മാരുടെ പേരുവിവരം (13, 4-15), തിരുനാള്‍ ദിവസങ്ങളില്‍ ബലിയര്‍പ്പിക്കുന്ന മൃഗങ്ങളുടെ എണ്ണം (28, 1-23), യുദ്ധത്തില്‍ കൊള്ളയായി ലഭിച്ച മനുഷ്യരുടെയും മൃഗങ്ങളുടെയും അംഗസംഖ്യ (31, 25-52) എന്നിങ്ങനെ കൃത്യമായ എണ്ണത്തിനു പ്രാധാന്യം നല്കുന്ന അനേകം പട്ടികകള്‍ ഈ പുസ്തകത്തില്‍ കാണുന്നതും ڇസംഖ്യڈڈഎന്ന പേരു നല് കുന്നതിന് കാരണമായിട്ടുണ്ടാവും. എന്നാല്‍ ഇതുകൊണ്ടു മാത്രം പുസ്തകത്തിന്‍റെ ഉള്ളടക്കം വ്യക്തമാവുകയില്ല.

ഹീബ്രു ബൈബിളില്‍, പുസ്തകത്തിന്‍റെ ആദ്യവാക്യത്തിലെ അഞ്ചാമത്തെ വാക്കായ "ബ്മിദ്ബാര്‍" എന്ന പദമാണ് പുസ്തകത്തിന്‍റെ പേരായി ഉപയോഗിച്ചിരിക്കുന്നത്.  മരുഭൂമിയില്‍ എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. ഇസ്രായേല്‍ ജനം വാഗ്ദത്തഭൂമി ലക്ഷ്യം വച്ച് മരുഭൂമിയിലൂടെ നടത്തിയ യാത്രയാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത് എന്നു സൂചിപ്പിക്കാന്‍ ഈ പേര് കൂടുതല്‍ പര്യാപ്തമാണ്. എന്നാല്‍ ഇതും ഉള്ളടക്കത്തെ മുഴുവനായി പ്രകടിപ്പിക്കുന്നില്ല എന്നു സമ്മതിക്കണം.

  1. ഗ്രന്ഥകര്‍ത്താവ് - കാലം

പഞ്ചഗ്രന്ഥത്തിലെ മറ്റു പുസ്തകങ്ങളെപ്പോലെ തന്നെ ڇസംഖ്യയും മോശ എഴുതിയതായി കരുതപ്പെട്ടിരുന്നു. ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്ന സംഭവങ്ങളിലെ മുഖ്യനേതാവ് മോശയാണ്. മോശ വഴി ദൈവം നല്കിയ നിയമങ്ങളും ചട്ടങ്ങളുമാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന വിവിധ പാരമ്പര്യങ്ങള്‍ സംയോജിപ്പിച്ച് ഇന്നു ലഭിച്ചിരിക്കുന്ന രീതിയില്‍ പുസ്തകമായി എഴുതപ്പെട്ടത് ബി. സി. അഞ്ചാം നൂറ്റാണ്ടിലായിരിക്കണം.  സംഭവങ്ങളുടെ വിവരണങ്ങള്‍ അധികപങ്കും യാഹ്വിസ്റ്റ് - ഏലോഹിസ്റ്റ് (J-E) രചനയും വിവിധ പട്ടികകള്‍, നിയമസംഹിതകള്‍ മുതലായവ പുരോഹിതരചനയും (P) ആണെന്നു കരുതപ്പെടുന്നു.

  1. ഘടന

ഇസ്രായേല്‍ ജനം മരുഭൂമിയിലൂടെ ചെയ്ത യാത്രയുടെ വിവരണമാണ് സംഖ്യാപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം നാല്പതു വര്‍ഷം ദീര്‍ഘിച്ച ഈ യാത്രയിലെ വിവിധ താവളങ്ങളെ ക്കുറിച്ചു വിവരിക്കുന്നുണ്ടെങ്കിലും കൃത്യമായ ഒരു യാത്രാവിവരണമാണിതെന്നു പറയാനാവില്ല. യാത്രയുമായി ബന്ധപ്പെട്ട ചുരുക്കം സംഭവങ്ങളേ രേഖപ്പെടുത്തിയിട്ടുള്ളൂ. അവതന്നെ യാത്രയുടെ ഏതു ഘട്ടത്തിലാണ് നടന്നതെന്നു വ്യക്തവുമല്ല. സീനായ്, കാദെശ്, മൊവാബ് സമതലം എന്നീ മൂന്നു താവളങ്ങളെ കേന്ദ്രമാക്കിയാണ് വിവരണങ്ങള്‍ നല്കിയിരിക്കുന്നത്. യാത്രാവിവരണങ്ങള്‍ക്കു മധ്യേ വിവിധങ്ങളായ നിര്‍ദ്ദേശങ്ങളും നിയമങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.

ജനസംഖ്യ, പാളയസംവിധാനം, പൗരോഹിത്യം, നേതൃത്വം എന്നിവയെ സംബന്ധിച്ച നിയമങ്ങള്‍ യാത്രാവിവരണത്തിന്‍റെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു പോകുന്നു.  എന്നാല്‍ മറ്റു നിയമങ്ങള്‍ക്ക് വിവരണങ്ങളുമായി പ്രത്യേക ബന്ധമൊന്നുമില്ല. ഇവയില്‍ പലതും പുറപ്പാട്, ലേവ്യര്‍ പുസ്തകങ്ങളില്‍ കണ്ട നിയമങ്ങളുടെ വിശദീകരണങ്ങളോ വ്യത്യസ്തങ്ങളായ അവതരണങ്ങളോ ആണ്.  എന്തുകൊണ്ട് ഈ നിയമനിര്‍ദ്ദേശങ്ങള്‍ യാത്രാവിവരണങ്ങള്‍ക്കു മധ്യേ ചേര്‍ത്തിരിക്കുന്നു എന്നു വ്യക്തമല്ല. യാത്രാവിവരണം സംഭവങ്ങളുടെ വസ്തുനിഷ്ഠവും ക്രമാനുഗതവുമായ ഒരു വിവരണമല്ല.  ഗ്രന്ഥകര്‍ത്താവ് എടുത്തുകാട്ടാന്‍ ആഗ്രഹിക്കുന്ന ചില നിയമങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുകയാണ് ഈ വിവരണങ്ങളുടെ ലക്ഷ്യം എന്നു തോന്നും.

കല്‍ദായരുടെ ഊറില്‍ (ഉല്‍ 11, 31) ആരംഭിച്ച് കാനാന്‍ദേശത്തു ചെന്നവസാനിക്കുന്ന സുദീര്‍ഘമായ യാത്രയുടെ ഒരു ഭാഗം മാത്രമാണ് സംഖ്യാപുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ഈ യാത്രയുടെ പ്രധാന ഘട്ടങ്ങളും അവയില്‍ സംഖ്യാപുസ്തകത്തിലെ വിവരണങ്ങളുടെ സ്ഥാനവും താഴെ കൊടുത്തിരിക്കുന്ന രേഖാചിത്രത്തില്‍ നിന്നും മനസ്സിലാക്കാം.

ബാബേലില്‍ വച്ച് ചിതറിപ്പോയ മനുഷ്യസമൂഹത്തെ വീണ്ടും ഒരുമിച്ചു കൂട്ടാനുള്ള ദൈവികപദ്ധതിയാണ് ഈ യാത്രയിലൂടെ ചുരുളഴിയുന്നത്. ഊര്‍ മുതല്‍ ഈജിപ്തുവരെയുള്ള യാത്രയുടെ ചരിത്രം ഉല്‍പത്തി പുസ്തകത്തില്‍ അവതരിപ്പിച്ചു.  ഈജിപ്തില്‍ നിന്നു പുറപ്പെട്ട് സീനായ് മലയുടെ അടിവാരത്തില്‍ പാളയമടിക്കുന്നതു വരെയുള്ള യാത്ര പുറപ്പാടു പുസ്തകത്തിന്‍റെ ആദ്യഭാഗത്തു വിവരിക്കുന്നു.  പുറപ്പാട് 19-40, ലേവ്യര്‍, സംഖ്യ 1-10 എന്നീ ബൈബിള്‍ ഭാഗങ്ങള്‍ സീനായ്മലയില്‍ വച്ചു ദൈവം നല്കിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുന്നു.  സീനായ്മലയില്‍ നിന്നു പുറപ്പെട്ട ജനം കാദെശിലും പിന്നീട് മൊവാബുസമതലത്തിലും ചെന്നെത്തുന്നതിന്‍റെ ചരിത്രമാണ് സംഖ്യാ പുസ്തകത്തില്‍ വിവരിക്കുന്നത്.  മൊവാബുസമതലത്തില്‍ വച്ചു മോശ ജനത്തോടു ചെയ്ത പ്രസംഗങ്ങള്‍ നിയമാവര്‍ത്തന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മൊവാബില്‍ നിന്നു പുറപ്പെട്ട് കാനാന്‍ദേശം കൈയ്യടക്കുന്നതിന്‍റെ വിവരണം ജോഷ്വായുടെ പുസ്തകത്തില്‍ കാണാം.  ഇസ്രായേല്‍ ജനം കാനാന്‍ദേശം സ്വന്തമാക്കുന്നതോടെയാണ് ദൈവം അബ്രാഹത്തിനു ഭൂമിയെ സംബന്ധിച്ചു നല്കിയ വാഗ്ദാനം പൂര്‍ത്തിയാകുന്നത്.

  1. പ്രധാന ആശയങ്ങള്‍

കണക്കുകൂട്ടലുകളുടെയും നിയമസംഹിതകളുടെയും ബാഹുല്യത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന സംഖ്യാ പുസ്തകത്തിലെ ചില പ്രധാന ആശയങ്ങള്‍ അറിഞ്ഞിരിക്കുന്നത് പുസ്തകത്തിന്‍റെ പൊതുവായ സന്ദേശം ഗ്രഹിക്കാന്‍ സഹായകമാകും.

a. യാത്ര: സംഖ്യാ പുസ്തകത്തിലെ വിവരണങ്ങളെല്ലാം തന്നെ ഒരു യാത്രയുടെ ചട്ടക്കൂട്ടില്‍ ഒതുക്കിയിട്ടിരിക്കുന്നു. ജനസംഖ്യ, പാളയസംവിധാനം, യാത്രയില്‍ പാലിക്കേണ്ട ക്രമങ്ങള്‍ മുതലായവയെ സംബന്ധിച്ച നിയമങ്ങളെല്ലാം സുദീര്‍ഘവും ക്ലേശകരവുമായ ഒരു പടനീക്കത്തിന്‍റെ ശൈലിയില്‍ അവതരിപ്പിക്കുന്നു. വാഗ്ദത്തഭൂമി എന്ന വിശുദ്ധമായ ലക്ഷ്യത്തെ മുന്നില്‍ കണ്ടുകൊണ്ട് ജനം മരുഭൂമിയിലൂടെ നടത്തിയ തീര്‍ത്ഥാടനമാണിത്.

b. ജനത്തിന്‍റെ രൂപീകരണം: മോശയുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ നിന്നു പുറപ്പെട്ടത് വ്യത്യസ്തമായ ആശയങ്ങളും താല്‍പര്യങ്ങളുമുള്ള ഒരു ആള്‍ക്കൂട്ടമായിരുന്നു. യാക്കോബിന്‍റെ സന്തതികളും ഇതര ജനതകളും ആ കൂട്ടത്തിലുണ്ടായിരുന്നു.  വിശ്വാസം, ആചാരങ്ങള്‍, പ്രതീക്ഷകള്‍, സ്വഭാവസവിശേഷതകള്‍ എന്നിവയിലെല്ലാം വൈവിധ്യമാര്‍ന്നതായിരുന്നു ഈ ആള്‍ക്കൂട്ടം. സീനായ്മലയുടെ അടിവാരത്തു വച്ച് ഉടമ്പടിയിലൂടെ അവര്‍ ദൈവജനമായി തിരഞ്ഞെടുക്കപ്പെട്ടു.  വിശുദ്ധജനമായി തുടരാന്‍ ആവശ്യമായ നിയമസംഹിതകള്‍ അവിടെവച്ചു നല്കപ്പെട്ടു.  എപ്രകാരമാണ് അവര്‍ വ്യത്യാസങ്ങളെയും വൈവിധ്യങ്ങളെയും അതിജീവിച്ച് ഒരു ജനമായിത്തീര്‍ന്നത് എന്ന് സംഖ്യാ പുസ്തകത്തില്‍ വിവരിക്കുന്നു. അനേകം പരീക്ഷണങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും കടന്നാണ് അവര്‍ "ദൈവജനം"എന്ന പേരിന് അര്‍ഹരായിത്തീര്‍ന്നത്. 

മരുഭൂമിയുടെ സര്‍വ്വകാഠിന്യവും അവര്‍ അറിഞ്ഞു. വിശപ്പും ദാഹവും അവരെ വലച്ചു. പാര്‍ക്കാന്‍ സ്വന്തമായൊരിടമില്ലാതെ പരദേശികളായി അവര്‍ അലഞ്ഞു. ജനവാസമുള്ള ഇടങ്ങളില്‍ പെരുവഴിയിലൂടെ നടന്നു പോകാന്‍ പോലും അവര്‍ക്ക് അനുവാദം ലഭിച്ചില്ല.  ചെന്നെത്തിയിടത്തെല്ലാം തദ്ദേശവാസികള്‍ അവരെ വെറുത്തു, ആട്ടിയോടിച്ചു. ശക്തമായ സൈന്യങ്ങള്‍ അവരെ പിന്തുടര്‍ന്നു.  ഇങ്ങനെ മരുഭൂമിയില്‍ കഴിയേണ്ടിവന്ന നാല്പതു വര്‍ഷം ഇസ്രായേലിന്‍റെ ശൈശവമായിരുന്നു.  ദൈവജനത്തിന്‍റെ രൂപീകരണത്തിന്‍റെ ആദ്യഘട്ടമായിരുന്നു അത്. ഈ കാലഘട്ടത്തെ അനുസ്മരിച്ചുകൊണ്ടാണ് "ജനിച്ച ദിവസം തന്നെ നീ വെറുക്കപ്പെടുകയും വെളിമ്പ്രദേശത്ത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു" എന്ന് എസെക്കിയേല്‍ പ്രവാചകന്‍ പറയുന്നത് (എസെ 16, 5). അടിമത്തത്തില്‍ നിന്നു തങ്ങളെ മോചിപ്പിച്ച്, നിരന്തരം നയിച്ചുകൊണ്ടിരിക്കുന്ന കര്‍ത്താവായ ദൈവത്തെ വിശ്വസിക്കാനും അവനില്‍ മാത്രം ആശ്രയിക്കാനും ജനത്തെ പരിശീലിപ്പിക്കുന്ന വലിയ പരീക്ഷണങ്ങളായിരുന്നു ഇത്. സ്വാര്‍ത്ഥപരവും ഗോത്രപരവുമായ താല്‍പര്യങ്ങള്‍ വെടിഞ്ഞ് ഒരു ജനതയായി, ദൈവത്തിന്‍റെ സഭയായി വളരുന്നതിന്‍റെ ചിത്രമാണിത്.

ജനത്തിന്‍റെ പിറുപിറുപ്പും ദൈവത്തിന്‍റെ പ്രതികരണവും ശ്രദ്ധേയമാണ്.  അഞ്ചുഘട്ടങ്ങളായിട്ടാണ് ഈ പ്രമേയം അവതരിപ്പിക്കുന്നത്. 1.പിറുപിറുപ്പ്. തങ്ങള്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും ലഭിക്കാതെ വരുമ്പോള്‍ ജനം അസ്വസ്ഥരാവുകയും ദൈവത്തിനും അവിടുന്നു നിയോഗിച്ച നേതാക്കന്മാര്‍ക്കും എതിരേ പ്രതിഷേധിക്കുകയും ചെയ്യുന്നു. 2.ശിക്ഷ.  മുറുമുറുക്കുന്ന ജനത്തെ അഗ്നി, സര്‍പ്പങ്ങള്‍, മഹാമാരികള്‍ മുതലായവ അയച്ച് ദൈവം കഠിനമായി ശിക്ഷിക്കുന്നു.  3.പശ്ചാത്താപം.  ശിക്ഷയനുഭവിക്കുമ്പോള്‍ ജനം മനസ്സു തിരിഞ്ഞ് മാപ്പിരക്കുന്നു. ശിക്ഷ അകറ്റിക്കിട്ടണം എന്നതാണ് അവരുടെ ആവശ്യം. 4.മാധ്യസ്ഥ്യം.  ജനത്തിന്‍റെ ക്ലേശങ്ങളില്‍ മനസ്സലിയുന്ന മോശ ദൈവത്തിന്‍റെ മുമ്പില്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. 5.മാപ്പ്. മോശയുടെ മാധ്യസ്ഥ്യം സ്വീകരിച്ച് ദൈവം ജനത്തോടു ക്ഷമിക്കുകയും ശിക്ഷ പിന്‍വലിക്കുകയും ചെയ്യുന്നു. സംഖ്യാ പുസ്തകത്തില്‍ അനേകം തവണ ആവര്‍ത്തിക്കുന്ന ഈ മാതൃക ബൈബിളിലെ മറ്റു പുസ്തകങ്ങളിലും കാണാം.  (ഉദാ : ന്യായാ. 3, 7-11).  ദൈവമനുഷ്യബന്ധങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രക്രിയയാണിത്.

c. വാഗ്ദത്തഭൂമി: സംഖ്യാ പുസ്തകത്തിലെ മറ്റൊരു പ്രധാന പ്രമേയമാണ് വാഗ്ദത്ത ഭൂമി. പിതാക്കന്മാര്‍ക്കു വാഗ്ദാനം ചെയ്ത കാനാന്‍ ദേശം ദൈവം ജനത്തിനു സൗജന്യമായി നല്കുന്ന ദാനമാണ്. അതില്‍ പ്രവേശിച്ച് സ്ഥിരമായി വസിക്കാന്‍ ദൈവത്തോടു വിശ്വസ്തത പാലിക്കണം; അവിടുത്തെ ഉടമ്പടി അനുസരിച്ചു ജീവിക്കണം. ദൈവത്തിന്‍റെ വാഗ്ദാനത്തില്‍ വിശ്വസിച്ചുകൊണ്ട് ധീരമായി യുദ്ധം ചെയ്യാന്‍ സന്നദ്ധരാകുന്നവര്‍ക്കു മാത്രമേ വാഗ്ദത്തഭൂമിയില്‍ പ്രവേശനമുള്ളൂ. ഭീരുക്കളും അവിശ്വസ്തരും അതില്‍ പ്രവേശിക്കുകയില്ല. ദൈവത്തിന്‍റെ പ്രത്യേക സാന്നിധ്യവും സംരക്ഷണവും വഴി വിശുദ്ധമാക്കപ്പെട്ടതാണ് വാഗ്ദത്തഭൂമി. അവിടെ കര്‍ത്താവായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ.  അന്യ ദൈവ ങ്ങളെ ആരാധിക്കുന്നതും അധാര്‍മ്മികമായി ജീവിക്കുന്നതും വാഗ്ദത്തഭൂമി നഷ്ടപ്പെടാന്‍ ഇടയാക്കും.

d. നേതൃത്വം: യഥാര്‍ത്ഥമായ നേതൃത്വത്തിന്‍റെ വിവിധ വശങ്ങള്‍ മോശയുടെ ചിത്രീകരണത്തില്‍ പ്രകടമാക്കുന്നു. ദൈവം തിരഞ്ഞെടുത്തു നിയോഗിക്കുന്നവനാണ് നേതാവ്. അയാള്‍ ദൈവത്തിനും ജനത്തിനുമിടയില്‍ മധ്യസ്ഥനായി വര്‍ത്തിക്കുന്നു. ദൈവത്തെയും ജനത്തെയും സ്നേഹിക്കുന്നു. ദൈവത്തിന്‍റെ വചനമാണ് അയാള്‍ക്കു മാര്‍ഗ്ഗദര്‍ശി. പ്രതിസന്ധികളും ക്ലേശങ്ങളും മൂലം ജനത്തിന്‍റെ മനസ്സിടിയുകയും അടിമത്തത്തിന്‍റെ സുരക്ഷിതത്വം സ്വാതന്ത്ര്യത്തിന്‍റെ സാഹസികതയെക്കാള്‍ അഭികാമ്യമായി അവര്‍ക്കനുഭവപ്പെടുകയും ചെയ്യുമ്പോഴും, നേതാവ് പതറാതെ, ലക്ഷ്യബോധം നഷ്ടപ്പെടാതെ ഉറച്ചു നില്ക്കുന്നു. ജനം മുഴുവനുമെതിരെ ഒറ്റയ്ക്കു നില്ക്കുകയും അവരെ ശാസിക്കുകയും ശകാരിക്കുകയും ചെയ്യുമ്പോഴും നേതാവ് അവരെ സ്നേഹിക്കുന്നു.  വിനയവും എളിമയുമുള്ളവനാണ് നേതാവ്.  തന്‍റെ നേതൃത്വം നഷ്ടപ്പെട്ടേക്കും എന്ന ഭീതിയല്ല, ജനത്തിനു വാഗ്ദത്തഭൂമി നഷ്ടമാകും എന്ന ബോധ്യമാണ് അവരെ എതിര്‍ക്കാനായി നേതാവിനെ പ്രേരിപ്പിക്കുന്നത്. ജനത്തിന്‍റെ പാപങ്ങള്‍ക്കു മാപ്പിരക്കുകയും പരിഹാരം അനുഷ്ഠിക്കുകയും ചെയ്യുന്നവനാണ് നേതാവ്. വാഗ്ദത്തഭൂമിയില്‍ തനിക്കു പ്രവേശനം നഷ്ടപ്പെട്ടിട്ടും ജനത്തെ അങ്ങോട്ടു നയിക്കാന്‍ തയ്യാറാവുകയും അവര്‍ അവിടെ പ്രവേശിക്കും എന്ന അറിവില്‍ ആനന്ദം കൊള്ളുകയും ചെയ്യുന്നു.

  1. പ്രസക്തി

മൂവായിരത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍ ജനം മരുഭൂമിയിലൂടെ നടത്തിയ ഐതിഹാസികമായ ഒരു യാത്രയുടെ ചരിത്രം വിവരിക്കുക എന്നതല്ല സംഖ്യാ പുസ്തകത്തിന്‍റെ മുഖ്യലക്ഷ്യം. ആ യാത്രയുടെ ചരിത്രം മുഴുവന്‍ ഇവിടെ അവതരിപ്പിക്കുന്നുമില്ല. തിരഞ്ഞെടുത്ത ചില സംഭവങ്ങള്‍ മാത്രമേ പ്രതിപാദ്യവിഷയമാകുന്നുള്ളൂ.  ലോകജനതകള്‍ക്കു മുഴുവന്‍ ആദ്ധ്യാത്മികമായ ആഹാരവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്കുന്നതിനു വേണ്ടിയാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്.  1 കോറി 10, 1-13ല്‍ വി. പൗലോസ് ഇതിനെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. മരുഭൂമിയിലൂടെയുള്ള യാത്ര പ്രതീകാത്മകമായ രണ്ടു തലങ്ങള്‍ ഉള്‍ക്കൊള്ളുന്നു.  a. സഭാത്മകം b. വ്യക്തിപരം.

a. സഭാത്മകപ്രതീകം: മോശയുടെ നേതൃത്വത്തില്‍ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു പുറപ്പെട്ട്, വാഗ്ദത്തഭൂമിയെ ലക്ഷ്യംവച്ച്, മരുഭൂമിയിലൂടെ നീങ്ങുന്ന ഇസ്രായേല്‍ജനം യേശുക്രിസ്തുവിന്‍റെ നേതൃത്വത്തില്‍, പാപത്തില്‍ നിന്നു മോചനം നേടി, ദൈവരാജ്യത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന സഭയുടെ പ്രതീകമാണ്. നിരവധിയായ പ്രലോഭനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും നടുവിലൂടെയുള്ള യാത്ര ഈ ഭൂമുഖം നവീകരിക്കപ്പെടുകയും ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സംജാതമാവുകയും ചെയ്യുന്നതുവരെ തുടരും.

b. വ്യക്തിതലം: സഭാസമൂഹത്തിന്‍റെ മാത്രമല്ല, ഓരോ വ്യക്തിയുടെയും ആദ്ധ്യാത്മികജീവിതവും മരുഭൂമിയിലൂടെയുള്ള ഒരു യാത്രയാണ്. പിതൃഭവനമാകുന്ന വാഗ്ദത്തഭൂമിയില്‍ പ്രവേശിച്ച് നിത്യം വസിക്കാന്‍ വ്യക്തികളെ ഒരുക്കുന്ന അവസരങ്ങളാണ് ക്ലേശങ്ങളും പ്രലോഭനങ്ങളും. ഇസ്രായേല്‍ ജനത്തിന്‍റെ അനുഭവങ്ങള്‍ ഓരോ മനുഷ്യവ്യക്തിക്കും പാഠമാകണം. ഇവിടെ വിവരിക്കുന്ന ഓരോ സംഭവവും വായിച്ചു വിശകലനം ചെയ്യുമ്പോള്‍ ഞാന്‍ എന്ന വ്യക്തിക്കും ഞാന്‍ ഉള്‍പ്പെടുന്ന സഭയ്ക്കും എന്തുപാഠമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ഓരോരുത്തരും ചോദിക്കണം.

പാഠവിഭജനം: പുസ്തകം മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നു 

   1 .യാത്രയ്ക്ക് ഒരുക്കം 1, 1-10,10                                                                 

   2. യാത്ര 10, 11-21,36                                                                                                                                                             

   3. വാഗ്ദത്തഭൂമിയുടെ പടിവാതില്ക്കല്‍ 22,1-36, 13

സീനായ് മലയുടെ അടിവാരത്തുവച്ചുണ്ടായ ശക്തമായ ദൈവാനുഭവത്തില്‍ നിന്നു കരുത്താര്‍ജ്ജിച്ച ജനം വാഗ്ദത്തഭൂമി കൈവശപ്പെടുത്താന്‍ വേണ്ടി പുറപ്പെടുന്നതിനാവശ്യമായ ഒരുക്കങ്ങളാണ് ഈ അധ്യായങ്ങളില്‍ വിവരിക്കുന്നത്. ഈ ഭാഗം മുഴുവന്‍ തന്നെ പുരോഹിത രചനയായി കരുതപ്പെടുന്നു.  രാജ്യം നഷ്ടപ്പെട്ട് ബാബിലോണില്‍ പ്രവാസികളായി കഴിയുന്ന ജനത്തിന് പ്രത്യാശ നല്‍കുകയാണ് പുരോഹിതഗ്രന്ഥകാരന്‍റെ പ്രധാന ലക്ഷ്യം. വാഗ്ദത്തഭൂമിയിലേക്കു യാത്ര ചെയ്യുന്ന ഇസ്രായേല്‍ ജനം മരുഭൂമിയില്‍ കഴിയുന്നതുപോലെയാണ് പ്രവാസികള്‍ ബാബിലോണില്‍ കഴിയുന്നത്. മരുഭൂമിയിലെ കൂടാരത്തില്‍ വസിക്കുകയും ജനത്തിനു വഴികാട്ടുകയും ചെയ്ത ദൈവം പ്രവാസികളുടെ മധ്യേ വസിക്കുന്നുണ്ടെന്നും അവിടുന്നുതന്നെ അവരെ വീണ്ടും വാഗ്ദത്ത ഭൂമിയിലേക്കു നയിക്കുമെന്നും ഈ വിവരണങ്ങളിലൂടെ ഉറപ്പു നല്‍കുന്നു.

                                                                  ഡോ. മൈക്കിള്‍ കാരിമറ്റം

Book of Numbers catholic malayalam bible Dr. Michael Karimattam പഞ്ചഗ്രന്ഥത്തിൻറ്റെ ദൈവശാസ്ത്ര൦ no:13 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message