x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

ലേവ്യരുടെ പുസ്തകം

Authored by : Dr. Michael Karimattam On 10-Feb-2021

ലേവ്യരുടെ പുസ്തകം

ബൈബിളിലെ മൂന്നാമത്തെ പുസ്തകം ലേവ്യര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ലേവീഗോത്രജ രായ പുരോഹിതന്മാര്‍ അറിഞ്ഞിരിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ നിയമങ്ങളും ആചാരക്രമങ്ങളും അവതരിപ്പിക്കുന്നതിനാല്‍ പുസ്തകത്തിന്‍റെ ഉള്ളടക്കത്തെ സൂചിപ്പിക്കാന്‍ ഈ പേരു സഹായിക്കും. പഴയ നിയമം ഗ്രീക്കു ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തവര്‍ 'ലേവ്യരെ സംബന്ധിക്കുന്നവ' എന്നര്‍ത്ഥമുള്ള ലെവിത്തിക്കോണ്‍ (Leviticon) എന്ന പേരു നല്‍കി.  ലത്തീനില്‍ ഇതിനെ ലെവിത്തിക്കൂസ് (Leviticus  ) എന്നു വിവര്‍ത്തനം ചെയ്തു. ഇംഗ്ലീഷിലും ഇതേ പേരു തന്നെ ഉപയോഗിക്കുന്നു. എന്നാല്‍ മൂലഭാഷയായ ഹീബ്രുവില്‍ പുസ്തകത്തിന്‍റെ ആദ്യവാക്കായ 'വയ്യിഖ്റാ' എന്ന പദം പുസ്തകത്തിന്‍റെ പേരായി ഉപയോഗിക്കുന്നു. 'അവന്‍ വിളിച്ചു' എന്നാണ് ഇതിന്‍റെ അര്‍ത്ഥം. വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണ് തങ്ങള്‍ എന്ന് അനുസ്മരിപ്പിക്കാനും, ഗ്രന്ഥത്തില്‍ വിവരിക്കുന്ന നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് വിശുദ്ധരായി ജീവിക്കാന്‍ പ്രേരിപ്പിക്കാനും ഈ പേര് കൂടുതല്‍ പര്യാപ്തമാണ്.

  1. ഗ്രന്ഥ കര്‍ത്താവ് - കാലം

സീനായ് മലയുടെ അടിവാരത്തു സ്ഥാപിച്ച സാക്ഷ്യകൂടാരത്തില്‍ വച്ച് ദൈവം മോശയ്ക്ക് ഈ നിയമങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തി എന്ന പ്രതീതി ജനിപ്പിക്കുന്ന വിധത്തിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. "കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു" എന്ന പ്രസ്താവന ഒരു പല്ലവിപോലെ ഓരോ അധ്യായത്തിന്‍റെയും ആരംഭത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇസ്രായേലിന്‍റെ നിയമം മുഴുവന്‍ മോശ വഴി ദൈവം നല്‍കിയതാണ് എന്ന വിശ്വാസം ഈ പദപ്രയോഗത്തില്‍ പ്രതിഫലിക്കുന്നു. എന്നാല്‍, ലേവ്യപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെല്ലാം അതേപടി മോശ തന്നെ എഴുതിയതാണ് എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. പുറപ്പാടു പുസ്തകത്തില്‍ ഉടമ്പടിയുടെ നിയമങ്ങളെക്കുറിച്ചു കണ്ട കാര്യങ്ങള്‍ ഇവിടെയും പ്രസക്തമാണ്.

പഞ്ചഗ്രന്ഥത്തിന്‍റെ പിന്നിലുള്ള നാലു പാരമ്പര്യങ്ങളില്‍ ഒന്നായ പുരോഹിതപാരമ്പര്യത്തില്‍പ്പെട്ടതാണ് ലേവ്യപുസ്തകം. ബി.സി. അഞ്ചാം നൂറ്റാണ്ടിലാണ് ഇതിന്‍റെ രചന പൂര്‍ത്തിയായത് എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അനേകം നിയമസംഹിതകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. നൂറ്റാണ്ടുകളിലൂടെ, വ്യത്യസ്ത സാഹചര്യങ്ങളില്‍ രൂപപ്പെട്ട നിയമങ്ങള്‍ ഇവിടെ ഒരുമിച്ചു ചേര്‍ത്തിരിക്കുന്നു.

മരുഭൂമിയിലെ കൂടാരം, സോളമന്‍റെ ദേവാലയം, ജോസിയാ രാജാവിന്‍റെ മതനവീകരണം, ബാബിലോണ്‍ പ്രവാസം, പുതിയ ദേവാലയത്തിലെ ശുശ്രൂഷകള്‍ എന്നിവയുടെയെല്ലാം സ്വാധീനം ഈ നിയമസംഹിതകളില്‍ കാണാം. പ്രവാസികളോടു പ്രസംഗിച്ച പുരോഹിതനും പ്രവാചകനുമായ എസെക്കിയേലും, പ്രവാസത്തിനുശേഷം ഇസ്രായേലില്‍ മതനവീകരണത്തിനു നേതൃത്വം നല്‍കിയ എസ്രാ, നെഹമിയാ മുതലായവരും അവരുടെ ശിഷ്യഗണവും ലേവ്യപുസ്തകത്തിന്‍റെ രചനയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.

  1. പ്രാധാന്യവും പ്രസക്തിയും

നിയമം, പ്രവാചകന്മാര്‍, ലിഖിതങ്ങള്‍ എന്നിങ്ങനെ യഹൂദര്‍ ബൈബിളിനെ മൂന്നു ഭാഗങ്ങളായി തിരിക്കുന്നു.  ഇതില്‍ നിയമം അഥവാ "തോറാ" എന്നു വിളിക്കുന്ന പഞ്ചഗ്രന്ഥത്തിനാണ് അവര്‍ ഏറ്റം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പഞ്ചഗ്രന്ഥത്തിന്‍റെ കേന്ദ്രമാണ് നിയമപുസ്തകമായ ലേവ്യര്‍.  അതിനാല്‍ ബൈബിളിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായി ലേവ്യ പുസ്തകം കരുതപ്പെടുന്നു. ദൈവം തങ്ങള്‍ക്കു നല്‍കിയ ഏറ്റം വലിയ ദാനമായിട്ടാണ് യഹൂദര്‍ നിയമത്തെ പരിഗണിക്കുന്നത്.  ദൈവകൃപയാല്‍ നിലനില്‍ക്കാനും അവിടുത്തെ പ്രീതിക്കര്‍ഹരാകാനും എന്തു ചെയ്യണമെന്ന് നിയമം പഠിപ്പിക്കുന്നു. "ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ നിയമങ്ങളും ചട്ടങ്ങളും മറ്റേത് ശ്രേഷ്ഠജനതയ്ക്കാണുള്ളത്? (നിയ 4,8) എന്ന മോശയുടെ ചോദ്യം നിയമത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. "കര്‍ത്താവ് ഇസ്രായേല്‍ ജനവുമായി മോശ വഴി ഉറപ്പിച്ച ഉടമ്പടിയുടെ നിയമങ്ങളും ചട്ടങ്ങളും പ്രമാണങ്ങളും" (ലേവ്യ 26, 46) എന്ന ഉപസംഹാരം ലേവ്യപുസ്തകത്തിന്‍റെ സ്വഭാവവും പ്രാധാന്യവും എടുത്തുകാട്ടുന്നു.

യഹൂദര്‍ക്ക് ഏറ്റം പ്രധാനപ്പെട്ടതാണ് ലേവ്യപുസ്തകമെങ്കിലും പുതിയ നിയമത്തില്‍ അതിന് എന്തു പ്രസക്തിയുണ്ട് എന്നു ചോദിച്ചേക്കാം. ബലിയര്‍പ്പണത്തെയും പൗരോഹിത്യത്തെയും സംബന്ധിച്ച നിയമങ്ങള്‍ വരാനിരുന്നവയുടെ പ്രതീകങ്ങളായിരുന്നു എന്ന് ഹെബ്രായര്‍ക്കുള്ള ലേഖനം പഠിപ്പിക്കുന്നു (ഹെബ്രാ 9). വി. പൗലോസ് നിയമത്തെയും കൃപയെയും രണ്ടു തട്ടുകളില്‍വച്ചു വിശകലനം ചെയ്തതിനുശേഷം നിയമാനുഷ്ഠാനം വഴിയല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി കൃപയാലാണ് രക്ഷ ലഭിക്കുന്നത് എന്ന് സ്ഥാപിക്കുന്നു (എഫേ 2,8-9). റോമാക്കാര്‍ക്കും ഗലാത്തിയാക്കാര്‍ക്കും എഴുതിയ ലേഖനങ്ങളില്‍ നിയമാനുഷ്ഠാനത്തിലുള്ള അതിരുകടന്ന ആത്മാഭിമാനത്തിനെതിരേ ശക്തമായ താക്കീതുകള്‍ നല്‍കുന്നുണ്ട്. ലേവ്യപുസ്തകവും അതിലെ നിയമ ങ്ങളും കാലഹരണപ്പെട്ടുപോയി എന്ന് ഇതില്‍ നിന്നെല്ലാം അനുമാനിക്കാന്‍ സാധിക്കുമോ?

"നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്" (മത്താ 5,17) എന്ന യേശുവിന്‍റെ പ്രഖ്യാപനം ലേവ്യപുസ്തകത്തെ സംബന്ധിച്ചു പ്രസക്തമാണ്. ആ പുസ്തകത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയമങ്ങള്‍ യേശുവും ശിഷ്യന്മാരും അനുസരിക്കുകയും ചെയ്തിരുന്നു (ലൂക്കാ 2,4.  21-24); മര്‍ക്കോ 1,44; യോഹ 2,13; 7, 10; 12, 1; അപ്പ 21, 16).

യേശുവിന്‍റെയും അപ്പസ്തോലന്മാരുടെയും ജീവിതത്തില്‍ മാത്രമല്ല, ക്രിസ്തുസഭയുടെ വിശ്വാസത്തിലും ജീവിതവീക്ഷണത്തിലും ആചാരങ്ങളിലും ലേവ്യപുസ്തകത്തിന്‍റെ സ്വാധീനം നിര്‍ണ്ണായകമാണ്. അനുഷ്ഠാനവിധികളുടെ വിശദാംശങ്ങളില്‍ തങ്ങിനില്‍ക്കാതെ, പുസ്തകത്തിന്‍റെ പൊതുവായ ചൈതന്യവും ലക്ഷ്യവും ഗ്രഹിക്കാന്‍ ശ്രമിച്ചാലേ ഈ സ്വാധീനം കണ്ടെത്താന്‍ കഴിയൂ. "വിശുദ്ധരായിരിക്കുവിന്‍" എന്ന് അനേകം തവണ ആവര്‍ത്തിക്കപ്പെടുന്ന ആഹ്വാനം എന്നും എല്ലാവര്‍ക്കും പ്രസക്തമാണ്. വിശുദ്ധിയിലേക്കുള്ള വിളിയാണ് ലേവ്യപുസ്തകത്തിന്‍റെ മുഖ്യ സന്ദേശം. ഭക്ഷണം, വസ്ത്രധാരണം, ശാരീരികശുദ്ധി മുതലായ ബാഹ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുമ്പോഴും ദൈവത്തോടും സഹജീവികളോടുമുള്ള ബന്ധത്തില്‍ അവശ്യം പാലിക്കേണ്ട മനോഭാവത്തിന് ലേവ്യപുസ്തകം ഊന്നല്‍ നല്‍കുന്നുണ്ട്.

ദൈവാരാധനയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ദൈവജനമാണ് സഭ എന്ന കാഴ്ചപ്പാടിലും സഭയുടെ ആരാധനക്രമം, കൂദാശകള്‍, തിരുനാളുകള്‍, വിവിധ ജീവിതാന്തസ്സുകള്‍ തുടങ്ങി എല്ലാ മേഖലകളിലും ലേവ്യപുസ്തകത്തിലെ  നിയമങ്ങളുടെ സ്വാധീനം അന്തര്‍ലീനമായിരിക്കുന്നു. "നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക" (മത്താ 22, 39) എന്ന കല്പന ഉദ്ധരിച്ചുകൊണ്ട് (ലേവ്യ 19, 18) യേശുനാഥന്‍ തന്നെ ഈ പുസ്തകത്തിന്‍റെ സനാതന പ്രാധാന്യം എടുത്തുകാട്ടുന്നു.

ബലിയര്‍പ്പണം, ഭക്ഷണം, ശാരീരികശുദ്ധി തുടങ്ങിയവയെ സംബന്ധിക്കുന്ന പല നിയമങ്ങള്‍ക്കും ഇന്ന് പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവ ലക്ഷ്യം വയ്ക്കുന്ന ദൈവാരാധനയും ജീവിതവിശുദ്ധിയും ഒരിക്കലും അപ്രസക്തമായിത്തീരുന്നില്ല. പരിശുദ്ധനായ ദൈവത്തെ ആരാധിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ജനം വിശുദ്ധരായിരിക്കണം എന്ന ലേവ്യപുസ്തകത്തിന്‍റെ മുഖ്യപ്രമേയത്തിന് എന്നും വലിയ പ്രസക്തിയുണ്ട്. ബാഹ്യമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച വിശദമായ നിയമങ്ങള്‍ ജീവിതവിശുദ്ധിയുടെ ആവശ്യകതയെയാണ് ഊന്നി പ്പറയുന്നത്. എന്നാല്‍ ഈ നിയമങ്ങള്‍ പലപ്പോഴും ബാഹ്യമാത്രവും അനുഷ്ഠാനപ്രധാനവുമായ മതജീവിതത്തിന് പ്രേരകമായിത്തീര്‍ന്നിട്ടുണ്ട്. അതിനാല്‍ത്തന്നെ പ്രവാചകന്മാരും (ഏശ 1, 11-20; ജറെ 7,21-23; ആമോ 5,21-24; ഹോസി 6,6) യേശുവും (മത്താ 12, 7; 23, 23-26) ഇപ്രകാരമുള്ള നിയമവ്യാഖ്യാനത്തിനെതിരെ ശക്തമായ താക്കീതുകള്‍ നല്‍കിയിട്ടുണ്ട്. പക്ഷെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു എന്നത് യഥാര്‍ത്ഥനിയമത്തിന്‍റെ സാധുതയെ ഇല്ലാതാക്കുന്നില്ലല്ലോ.

സര്‍വ്വസൃഷ്ടികള്‍ക്കും അതീതനും അവയില്‍ നിന്നെല്ലാം വ്യത്യസ്തനും എന്നാല്‍, എല്ലാറ്റിനും അസ്തിത്വവും ജീവനും നല്‍കുന്നവനുമാണ് ദൈവം.പരിശുദ്ധന്‍ എന്ന വിശേഷണംകൊണ്ട് ഇതാണ് അര്‍ത്ഥമാക്കുക. ദൈവത്തിന്‍റെ പരിശുദ്ധിയെക്കുറിച്ചുള്ള ആഴമേറിയ അവബോധം വിശ്വാസികളില്‍ ഉളവാക്കുകയാണ് ലേവ്യപുസ്തകത്തിന്‍റെ ഒരു ലക്ഷ്യം. പരിശുദ്ധനായ ദൈവത്തോടു രമ്യതയിലെത്താന്‍ പാപിയായ മനുഷ്യനെ സഹായിക്കുകയാണ് ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന നിയമങ്ങളുടെ മുഖ്യമായ ഉദ്ദേശ്യം. ബലിയര്‍പ്പണങ്ങളും ശുദ്ധീകരണകര്‍മ്മങ്ങളും എല്ലാം ഈ ലക്ഷ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അറിവില്ലായ്മയും അശ്രദ്ധയും മൂലം ഉണ്ടാകുന്ന വീഴ്ചകള്‍ക്കാണ് ഇവിടെ ബലിയര്‍പ്പണങ്ങളും നേര്‍ച്ചകാഴ്ചകളും വഴി പരിഹാരം അനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. ഉടമ്പടിയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവമഹത്വത്തിനു വിരുദ്ധമായി മനഃപൂര്‍വ്വം ചെയ്യുന്ന പാപങ്ങള്‍ക്ക് ഇവ പരിഹാരമാവുകയില്ല.

ലേവ്യപുസ്തകത്തിലെ ബലിയര്‍പ്പണങ്ങളും പരിഹാരക്കാഴ്ചകളും എല്ലാം യേശുവില്‍ പൂര്‍ത്തിയാകാനിരുന്ന ഏകബലിയുടെ മുന്നോടികളും പ്രതീകങ്ങളും മാത്രമായിരുന്നു. ആണ്ടുതോറും പരിഹാരബലിയര്‍പ്പിക്കുന്ന പഴയനിയമത്തിലെ പ്രധാന പുരോഹിതന്‍, ഒരിക്കല്‍ മാത്രം അര്‍പ്പിച്ച ആത്മബലിയിലൂടെ ലോകത്തിന്‍റെ പാപങ്ങള്‍ക്കു മുഴുവന്‍ പരിഹാരമനുഷ്ഠിച്ച സാക്ഷാല്‍ പ്രധാന പുരോഹിതനായ യേശുക്രിസ്തുവിന്‍റെ പ്രതീകമായിരുന്നു. ലേവ്യപുസ്തകത്തില്‍ നിര്‍ദ്ദേശിക്കുന്ന അനേകം ബലികളുടെ പശ്ചാത്തലത്തില്‍ ഇന്നു നാം ആചരിക്കുന്ന ബലിയും വിരുന്നുമായ വിശുദ്ധ കുര്‍ബാനയുടെ അര്‍ത്ഥവും പുതുമയും ഗ്രഹിക്കാന്‍ കൂടുതല്‍ എളുപ്പമുണ്ട്.

പുരോഹിതന്മാര്‍ക്ക് ആവശ്യമായ വിശുദ്ധിയെ സംബന്ധിച്ച നിയമങ്ങള്‍ ക്രിസ്തുവിന്‍റെ രാജകീയ പൗരോഹിത്യത്തില്‍ പങ്കുകാരായ സകല വിശ്വാസികള്‍ക്കും ബാധകമാണ്. മാനുഷികബന്ധങ്ങളില്‍ നിലനില്‍ ക്കേണ്ട വിശുദ്ധിയെ സംബന്ധിച്ച നിയമങ്ങള്‍ക്ക് ഒരു കാലത്തും പ്രസക്തി നഷ്ടപ്പെടുന്നില്ല. ജീവനെ മാനിക്കുക, ദാമ്പത്യ ജീവിതത്തിന്‍റെ ഭദ്രത കാത്തു സൂക്ഷിക്കുക, ദരിദ്രര്‍ക്കു പ്രത്യേക സംരക്ഷണം നല്‍കുക, സാമ്പത്തികവും സാമൂഹികവുമായ നീതി ഉറപ്പുവരുത്തുക മുതലായവയെ ലക്ഷ്യമാക്കിക്കൊണ്ടുള്ള നിയമങ്ങള്‍ക്ക് ഇന്നും വലിയ പ്രസക്തിയുണ്ട്. "നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍" (മത്താ 5, 48) എന്ന യേശുവിന്‍റെ വാക്കുകളില്‍ ലേവ്യപുസ്തകത്തിന്‍റെ മുഴുവന്‍ സന്ദേശവും പ്രസക്തിയും സംഗ്രഹിച്ചിരിക്കുന്നു.

  1. ഘടന

ലേവ്യപുസ്തകം രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നു 1-16 അധ്യായങ്ങള്‍ അടങ്ങുന്ന ആദ്യഭാഗം മുഖ്യമായും ദൈവ-മനുഷ്യബന്ധത്തെ ക്രമീകരിക്കുന്ന നിയമങ്ങളാണ് പ്രതിപാദിക്കുന്നത്. 

 

ഡോ. മൈക്കിള്‍ കാരിമറ്റം

Book of Leviticus catholic malayalam theology bible Dr. Michael Karimattam പഞ്ചഗ്രന്ഥത്തിൻറ്റെ ദൈവശാസ്ത്ര൦ no:13 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message